സംസ്‌കൃതം ഒരു ഭാഷ മാത്രമല്ല

അധികാര സ്ഥാപനത്തിന് മാർഗവും ഉപകരണവും ആയുധവുമായി സവർണബ്രാഹ്മണ്യം ഭാഷയെ ഉപയോഗിക്കുന്നുണ്ട്. അതോടൊപ്പം വ്യവഹാരഭാഷയുടെ അധീശപ്രത്യയശാസ്ത്രത്തെ സൂക്ഷ്മതലത്തിൽ പ്രയോഗിച്ചുകൊണ്ട് ഇൻഡ്യൻ സമൂഹത്തിനുമേൽ അധികാരം സഥാപിക്കുവാനും  ബ്രാഹ്മണിസത്തിനു കഴിഞ്ഞിരിക്കുന്നു. ഈ അധീശത്വസംസ്ഥാപനത്തിന് വഴിയും ആയുധവുമായി സംസ്‌കൃതഭാഷ ഉപയോഗിക്കപ്പെട്ടത് എങ്ങനെ എന്ന് പഠിക്കേണ്ടതുണ്ട്. ഡോ.ജമീൽ അഹ്‌മദ്‌ എഴുതുന്നു.

ഭാഷ അധികാരപ്രയോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധവും ഉപകരണവും മാർഗവുമാണ്. വംശീയമായ അക്രമങ്ങളെ പ്രവൃത്തിപഥത്തിൽ എത്തിക്കാൻ ഭാഷയോളം പ്രാപ്തിയുള്ള മറ്റൊന്നുമില്ല. രണ്ടു രീതിയിലാണ് ഈ ഭാഷാധികാരം പ്രവർത്തിക്കുന്നത്. ഭാഷയെ നേരിട്ട് ആയുധമാക്കി സാംസ്‌കാരികാധികാരം സ്ഥാപിക്കുകയാണ് അതിലൊന്ന്. അധികാരം ജനസമൂഹങ്ങൾക്കുമേൽ പ്രവർത്തനനിരതമാകുന്ന ഏതു സന്ദർഭത്തിലും അതിന്റെ അടിയൊഴുക്കായി വർത്തിക്കുന്ന ഭാഷയാണ് രണ്ടാമത്തേത്. ആദ്യത്തേത് ബാഹ്യവും രണ്ടാമത്തേത് ഏറക്കുറെ സൂക്ഷ്മവുമാണ്. ആദ്യത്തേതിനെക്കാൾ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണ് രണ്ടാമത്തേത് എന്നുമാത്രം. പ്രത്യക്ഷമായ അധികാരത്തെക്കാൾ ബലവത്തായതും അപകടകരവും പരോക്ഷമായ അധികാരമാണല്ലോ.

ഇൻഡ്യയിൽ മതത്തിലും രാഷ്ട്രീയത്തിലും നൂറ്റാണ്ടുകളായി അധികാരം കൈയാളുന്ന സവർണബ്രാഹ്മണ്യത്തിന്റെ സമകാലികരൂപമാണ് സംഘ്പരിവാർ. ഈ അധികാര സ്ഥാപനത്തിന് മാർഗവും ഉപകരണവും ആയുധവുമായി നേരത്തെ പറഞ്ഞ രണ്ടു രീതിയിലും  അവർ ഭാഷയെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇൻഡ്യയുടെ ചരിത്രത്തിലെന്നും എങ്ങും അത് ഉപയോഗിക്കുകയും ചെയ്തിരുന്നു. ദ്രാവിഡ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുവാനും മറാത്തിയല്ലാത്തതിനെയൊക്കെ മഹാരാഷ്ട്രയിൽനിന്ന് പുറത്താക്കാനും സംസ്‌കൃതത്തെ വേദഭാഷയായി പ്രതിഷ്ഠിക്കുവാനുമുള്ള രാഷ്ട്രീയ ശ്രമങ്ങളാണ് അതിൽ ഒന്നാമത്തേതിന് തെളിവുകൾ. അതോടൊപ്പം വ്യവഹാരഭാഷയുടെ അധീശപ്രത്യയശാസ്ത്രത്തെ സൂക്ഷ്മതലത്തിൽ പ്രയോഗിച്ചുകൊണ്ട് ഇൻഡ്യൻ സമൂഹത്തിനുമേൽ അധികാരം സഥാപിക്കുവാനും  ബ്രാഹ്മണിസത്തിനു കഴിഞ്ഞിരിക്കുന്നു. പലപ്പോഴും നിഷ്‌കളങ്ക മനസ്സുകൾ ആ ഭാഷാധികാരത്തെ അറിയാതെ ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്. ഈ അധീശത്വസംസ്ഥാപനത്തിന് വഴിയും ആയുധവുമായി സംസ്‌കൃതഭാഷ ഉപയോഗിക്കപ്പെട്ടത് എങ്ങനെ എന്ന് പഠിക്കേണ്ടതുണ്ട്.

അയ്യായിരം വർഷത്തെ ചരിത്രം സംസ്‌കൃതത്തിനുണ്ട് എന്നത് ശരിയാണെങ്കിലും യുഗങ്ങൾക്കപ്പുറത്തെ ദേവലോക ഭാഷയാണ് അതെന്ന് ചില മഹാപണ്ഡിതർ പോലും വിശ്വസിക്കുന്നു. ദേവഭാഷ, വേദഭാഷ, ഗീർവാണി, അമരവാണി എന്നൊക്കെയാണ് സംസ്‌കൃതത്തിന്റെ പര്യായപദങ്ങൾ. എല്ലാം ആ ദിവ്യപദവിയെ സൂചിപ്പിക്കുന്നവ.

“നമ്മുടെ പരമ്പരാഗത സംസ്‌കാരത്തിന്റെ ഏറ്റവും വലിയ കലവറയും മഹനീയ പൈതൃകത്തിന്റെ താക്കോലും സംസ്‌കൃതം തന്നെ” (കെ. എം ജോർജ്. പേജ് 8.) എന്നതുപോലുള്ള പ്രസ്താവനകളിൽ ആ വിശ്വാസമുണ്ട്. ഇൻഡോ- യൂറോപ്യൻ ഭാഷാകുടുംബത്തിലെ പ്രധാനപ്പെട്ട അംഗഭാഷയാണ് സംസ്‌കൃതം. ദേവനാഗരി ലിപിയിലാണ് അതിന്റെ എഴുത്ത്. പഴയ ഇൻഡോ- ഇറാനിയൻ ഭാഷാ കുടുംബത്തിൽനിന്നാണ് സംസ്‌കൃതം വികസിച്ചുവന്നത് എന്ന് ആധുനിക ഭാഷാജ്ഞാനികൾ അഭിപ്രായപ്പെടുന്നു. ആര്യന്മാരാണ് ഇൻഡ്യയിൽ സംസ്‌കൃതത്തെ പ്രചരിപ്പിച്ചത് എന്നതും പ്രമുഖ ഭാഷാസിദ്ധാന്തംതന്നെ. മന്ത്രങ്ങളും വേദങ്ങളും എഴുതപ്പെട്ട സംസ്‌കൃതത്തെ വൈദിക സംസ്‌കൃതമെന്നും കാവ്യങ്ങളും നാടകങ്ങളും രചിക്കപ്പെട്ട സംസ്‌കൃതത്തെ ലൗകിക സംസ്‌കൃതമെന്നും വിളിച്ചു.

സംസ്‌കൃതം: രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ ലക്ഷ്യവും മാർഗവും

ഏതൊരു ഭാഷാനാമത്തെയും പോലെ സംസ്‌കൃതം എന്ന സംജ്ഞയും ഒരു ഭാഷയുടെ പേര് മാത്രമല്ല, ഒരു ദാർശനിക ലോകത്തെക്കൂടി ഉൾക്കൊള്ളുന്നതാണ്. ആ ഭാഷയിലെ തത്വശാസ്ത്രം, സാഹിത്യം, വൈജ്ഞാനികസമ്പത്ത്, മത-ജാതിബന്ധങ്ങൾ എന്നിവയുടെ പ്രതിനിധാനവും സംസ്‌കൃതം വഹിക്കുന്നുണ്ട്. ഇൻഡ്യയിൽ സംസ്‌കൃത പുനരുദ്ധാരണ ശ്രമങ്ങൾ ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലാണ് ആരംഭിക്കുന്നത്. 1784ൽ ആയിരുന്നു ഇത്.  ബ്രിട്ടീഷ് ജഡ്ജിയായ സർ വില്യം ജോൺസ് കൽക്കത്തയിലെ ബംഗാൾ ഏഷ്യാറ്റിക് സൊസൈറ്റി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഗ്രീക്ക്, ലാറ്റിൻ, ജർമൻ ഭാഷകൾക്ക് തുല്യമാണ് സംസ്‌കൃതം എന്ന് ലോകത്തോട് ആദ്യമായി വിളിച്ചുപറയുന്നത്. “നൂറ്റാണ്ടുകളായുള്ള വൈദേശിക ഭരണങ്ങളുടെ അതിഭാരം നിമിത്തം നിശ്ചലാവസ്ഥയിലായിപ്പോയ വേദഭാഷ വീണ്ടും ചലനാത്മകമാകാൻ തുടങ്ങിയത് ആ വർഷം മുതലാണ്” എന്നാണ് ക്ലാസ്സിക്കൽ ഭാഷ എന്ന പുസ്തകത്തിൽ വർക്കല ഗോപാലകൃഷ്ണൻ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. ഇൻഡ്യയിലെ ബ്രിട്ടീഷുകാർക്കുമുമ്പുള്ള വൈദേശികഭരണം കൊണ്ട് സൂചിതമാകുന്നത് മുസ്‌ലിംകൾ തന്നെ. വേദഭാഷ എന്നത് സംസ്‌കൃതവും. സംസ്‌കൃതനവോത്ഥാനം എന്ന ആശയം ആരെയാണ് എതിർപക്ഷത്തുനിർത്തുന്നത് എന്നതിലേക്കുള്ള സൂചന ആ വിശേഷണത്തിലുണ്ട്.

വില്യം ജോൺസിന്റെ പ്രബന്ധാവതരണത്തെ തുടർന്ന് സംസ്‌കൃതത്തെ ആഗോള സമ്രാജ്യത്വ ശക്തികൾ ഏറ്റെടുക്കുന്നത് കാണാം. 1803ൽ ജർമൻ പണ്ഡിതനും പാരമ്പര്യവാദിയുമായ ഷ്‌ളെഗൽ (Karl Friedrich von Schlegel) പാരീസിൽ സംസ്‌കൃത പഠനങ്ങൾ ആരംഭിക്കുന്നു, 1822ൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിതമാകുന്നു, 1824ൽ അമേരിക്കൻ ഓറിയന്റൽ സൊസൈറ്റി സ്ഥാപിതമാകുന്നു, 1850ൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സംസ്‌കൃത സാഹിത്യ പഠന വകുപ്പ് രൂപംകൊള്ളുന്നു, 1887ൽ ഓട്ടോ വൊൻ ബോട്‌ലിൻ (Otto von Böhtlingk)  സംസ്‌കൃതവ്യാകരണ ഗ്രന്ഥമായ പാണിനീയം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നു,  1856ൽ മാക്‌സ് മുള്ളർ (Friedrich Max Müller) ഋഗ്വേദം ഇംഗ്ലീഷിലേക്കും ജർമനിലേക്കും പകർത്തുന്നു, 1887ൽ റഷ്യൻ ഓറിയന്റലിസ്റ്റായ  സേർജി ഓൾഡൻബഗ് (Sergey Fyodorovich Oldenburg) വിദ്യാർഥികൾക്ക് സംസ്‌കൃത പഠനസഹായി രചിക്കുന്നു. തുടർന്ന് ഒട്ടേറെ സംസ്‌കൃത കൃതികൾ ജർമനി, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. ഇൻഡോളജി, ഇൻഡോളജിസ്റ്റ് തുടങ്ങിയ പഠനമേഖലകൾക്ക് അതോടെ പ്രസക്തി വർധിച്ചു. അങ്ങനെ ഇൻഡോ- യൂറോപ്യൻ ഭാഷകളുടെ കേന്ദ്രമായി മധ്യേഷ്യയും ആര്യൻ എന്ന സങ്കൽപവും ലോകത്ത് ഉറപ്പിക്കപ്പെടുകയും ചെയ്തു.

സംസ്‌കൃതത്തെ ഭാഷകളുടെ മാതാവായി പ്രതിഷ്ഠിക്കാനുള്ള ഹിന്ദുത്വവാദികളുടെ ഉദ്യമം ആഗോള ഹൈന്ദവംഎന്ന സങ്കല്പനത്തിനു സമാന്തരമായാണ് വർത്തിക്കുന്നത്. സകലമാന ഭാഷകളും സംസ്‌കൃതം എന്ന ദൈവഭാഷയുടെ (God – Language) സുഗന്ധ സമൃദ്ധിയിൽനിന്ന് നറുമണം സ്വീകരിച്ചവയാണെന്നാണ് വിചാരധാരയിൽ ഗോൾവാൾക്കർ സിദ്ധാന്തിക്കുന്നത്. ഭാരതീയ സംസ്‌കാരത്തിന്റെ നട്ടെല്ലായ ഈ ഭാഷ ഇവിടെ ഭരിച്ച വിദേശികളുടെ കൈക്കടത്തലുകളാലാണ് പ്രചാരംകെട്ടുപോയതെന്നും അദ്ദേഹം ആരോപിക്കുന്നു (പേജ് 101). സംസ്‌കൃതത്തിൽനിന്ന് നേരിട്ട് ഊർജം സ്വീകരിച്ച് വളർന്ന ആധുനിക ഭൂരിപക്ഷ ഭാഷയാകയാലാണ് ഹിന്ദിയെ ഹിന്ദുരാജ്യത്തിന്റെ ഒന്നാംഭാഷയായി പരിഗണിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു (പേജ് 102). യാഗം മുതൽ യോഗവരെയുള്ള ഹൈന്ദവവൽകൃത ആശയങ്ങളുടെ ആഗോളപ്രചാരണത്തിനു പിന്നിലുള്ള ഹിന്ദുത്വ അജണ്ട പക്ഷേ, ലോകം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ മറവിലുള്ള കോടിക്കണക്കിന് ഡോളറുകളുടെ മുതൽമുടക്കിനെക്കുറിച്ച് പലരും ആശങ്കിക്കുന്നു. സാമ്പത്തിക താൽപര്യങ്ങളെക്കാളും ഭയക്കേണ്ടത് ഇക്കാര്യത്തിലുള്ള സംഘ്പരിവാർ രാഷ്ട്രീയ താല്പര്യങ്ങളെയാണ്. ഹിന്ദി, സംസ്‌കൃതം ഭാഷകളെ ഇന്ത്യയുടെ ഏകഭാഷകളായി മാറ്റുക എന്ന ആർഎസ്എസ് അജണ്ട നടപ്പിലാക്കാനുള്ള ഏറ്റവും അനുകൂലമായ സാഹചര്യം വിദ്യാഭ്യാസത്തിലായിരുന്നതു കൊണ്ടുതന്നെ ബിജെപി സർക്കാറുകൾ ഏറ്റവുമധികം കൈവെച്ചത് ആ മേഖലയിൽതന്നെയായിരുന്നു. വിവിധ രാഷ്ട്രീയ സാഹചര്യങ്ങളിൽ ആർഎസ്എസ് പുറത്തിറക്കിയ പ്രമേയങ്ങളിൽ ഈ ഭാഷാനയം അവർ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നതു കാണാം. 1958 മാർച്ചിൽ പ്രഖ്യാപിച്ച ദേശീയഭാഷാ നയത്തെക്കുറിച്ചുള്ള പ്രമേയത്തിൽ സംസ്‌കൃതം ലോകഭാഷകളുടെ അടിസ്ഥാനമാണെന്നും അത് പഠിപ്പിക്കുന്നത് വിദ്യാലയങ്ങളിൽ നിർബന്ധമാക്കണമെന്നും ആവശ്യപ്പെടുന്നു. (RSS Resolves. page: 11). ദേശീയതയെ കുറിക്കുന്ന ഓരോ പ്രമേയത്തിലും ഭാഷാപരമായ നിലപാടിലെ ഈ സൂക്ഷ്മത പ്രസ്തുത പ്രമേയങ്ങളിൽ ആവർത്തിക്കുന്നത് കാണാം.  

ആ സംഘ്പരിവാർ നിലപാടുകൾ പ്രായോഗികരൂപം ആർജിക്കുന്നതാണ്, 2014ലെ കേന്ദ്രസർക്കാർ അധികാരത്തിലേറിയ ശേഷം പഠനമാധ്യമം മുതൽ സിലബസ്സിൽ വരെ ഹിന്ദുത്വ അജണ്ടകൾ തിരുകി കയറ്റുന്നതിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ ഏറെയും പ്രാഥമികവിദ്യാലയം തൊട്ടുള്ള നിർബന്ധിത സംസ്‌കൃത പഠനമായിരുന്നു എന്നും പ്രസ്താവ്യമാണ്. 2010 ജനുവരിയിൽ ഉത്തരാഘണ്ഡ് സർക്കാർ ആ സംസ്ഥാനത്തിലെ ഒന്നാം ഔദ്യോഗികഭാഷയായി ഹിന്ദിയെയും രണ്ടാം ഔദ്യോഗിക ഭാഷയായി സംസ്‌കൃതത്തെയും പ്രഖ്യാപിച്ചു. മുൻ ആർഎസ്എസ് കാര്യവാഹക് ആയിരുന്ന അന്നത്തെ ഉത്തരാഘണ്ഡ് മുഖ്യമന്ത്രി രമേഷ് പോഖ്രിയാൽ, ഭരണഘടനയുടെ 345 ഖണ്ഡികയിലെ നിർദേശത്തെ ആദ്യമായി നടപ്പിൽ വരുത്തുന്ന സംസ്ഥാനമാണ് തങ്ങളുടേത് എന്നാണ് ഈ പ്രഖ്യാപനത്തോടനുബന്ധിച്ച് അവകാശപ്പെട്ടത്. ഒന്നാംതരം മുതൽ സംസ്‌കൃതം നിർബന്ധിത പഠനഭാഷയായ ആദ്യ സംസ്ഥാനവും ഉത്തരാഘണ്ഡ് ആണ്. 2019ലെ സംഘ്പരിവാർ മൃഗീയഭൂരിപക്ഷം നേടിയ കേന്ദ്ര സർക്കാരിൽ മാനവവിഭവശേഷി മന്ത്രിയായ ഇദ്ദേഹം അവതരിപ്പിച്ച ദേശീയ വിദ്യാഭ്യാസനയത്തിൽ നിർബന്ധിത ഹിന്ദി- സംസ്കൃത പഠനത്തിനു നിർദേശിക്കുന്നുണ്ട്. ജ്യോതിഷമാണ് ലോകത്തിലെ ഏറ്റവും ശാസ്ത്രീയമായ അറിവെന്നും ലോകത്തെ ആദ്യത്തെ പ്ലാസ്റ്റിക് സർജറി ഗണപതിയുടെ തലയിൽ നടത്തിയ രാഷ്ട്രമാണ് ഭാരതമെന്നും ഒരു ലക്ഷം വർഷം മുമ്പ് കണാദമഹർഷി ഇൻഡ്യയിൽ ന്യൂക്ലിയർ പരീക്ഷണം നടത്തിയിട്ടുണ്ട് എന്നുമൊക്കെ തട്ടിവിട്ട് പ്രശസ്തനായ ഒരാളാണ് ഈ വിദ്യാഭ്യാസമന്ത്രി എന്നുകൂടി നാം ഓർക്കണം.

രമേശ് പോഖ്രിയാൽ

രമേഷ് പൊഖ്രിയാൽ ഉത്തരാഖണ്ഡിൽ സംസ്കൃതത്തെ നിർബന്ധിത പഠനഭാഷയാക്കി മാറ്റിയപ്പോൾ, ഇൻഡ്യൻ ഭരണഘടനയുടെ 350 എ അനുഛേദത്തിൽ, ഓരോ പ്രാദേശികഭാഷകളെയും സംരക്ഷിക്കാനും വളർത്താനുമുള്ള സംസ്ഥാന സർക്കാറുകളുടെ ചുമതലകളെക്കുറിച്ച ഭാഗം വിസ്മരിക്കപ്പെടുകയാണ് ചെയ്തത് എന്ന് ആസ്‌ത്രേലിയൻ ചിന്തകനായ പാട്രിക് മാക്കാർട്‌നി (Patrick Mccartney) സൂചിപ്പിക്കുന്നുണ്ട്. യോഗ, ജ്യോതിഷം,  സംസ്‌കൃതം തുടങ്ങിയ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനു പിന്നിലെ മൂലധനലക്ഷ്യങ്ങളെക്കുറിച്ചും സംഘ്പരിവാർ അജണ്ടകളെക്കുറിച്ചും മികച്ച പഠനങ്ങൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇൻഡ്യയിലെ ഹയർസെക്കണ്ടറി ക്ലാസ്സുകളിൽ സംസ്‌കൃതം നിർബന്ധ പഠനവിഷയമാകാനുള്ള ശിപാർശയാണ് ഈ ഇനത്തിൽ മുമ്പുണ്ടായ മറ്റൊരു നീക്കം. ആർഎസ്എസിന്റെ അനുബന്ധസംഘമായ ഭാരതീയ ശിക്ഷൺ മണ്ഡൽ പുതിയ വിദ്യാഭ്യാസ നയത്തിലേക്ക് നൽകിയ ശിപാർശകളിലാണ് ഈ നിർദേശമുള്ളത്.  ഭാരതീയ പാരമ്പര്യത്തോടുള്ള കൂറ്, സാംസ്‌കാരിക വിദ്യാഭ്യാസം, ധാർമികശിക്ഷണം തുടങ്ങിയ മേമ്പൊടികളോടെയാണ് ഹിന്ദുത്വ അജണ്ടകൾ വിദ്യാഭ്യാസത്തിലേക്ക് കടത്തിവിട്ടു കൊണ്ടിരിക്കുന്നത് എന്നതാണ് ആശങ്കാജനകം.

ഭാഷാ സിദ്ധാന്തങ്ങളും അധികാരവും

ഭാഷയുടെ ഗുപ്തമായ അധികാരസ്ഥാപനം ഭാഷാ സിദ്ധാന്തങ്ങളുടെ പ്രമാണവൽകരണത്തിലൂടെയാണ് ഏറ്റവുമധികം സാധ്യമാവുക. ഭാഷാബോധം, ഭാഷാമനോഭാവം എന്നിവ നിർമിച്ചെടുക്കുന്നതും നിലനിറുത്തുന്നതും സിദ്ധാന്തങ്ങളും സങ്കൽപനങ്ങളുമാണ്. സിദ്ധാന്തങ്ങൾ രൂപപ്പെടുത്തുന്ന കേന്ദ്രങ്ങൾ ചെലുത്തുന്ന രാഷ്ട്രീയലക്ഷ്യങ്ങൾ അതിന്റെ ജനപ്രിയതയെയും പ്രചാരണത്തെയും സ്വാധീനിക്കും.  

മാതൃഭാഷ, നല്ലഭാഷ, ശുദ്ധഭാഷ, ദേശീയഭാഷ, ഏകഭാഷ തുടങ്ങിയ പരികൽപനങ്ങളിൽ ഇന്ത്യൻ ഭാഷാസിദ്ധാന്തങ്ങൾ ചുട്ടെടുക്കുന്ന അക്കാദമികവും അല്ലാത്തതുമായ സ്ഥാപനങ്ങളിൽ സംസ്‌കൃതത്തിനു ലഭിച്ച അനർഹമായ മേൽക്കൈ വിമർശനാത്മകമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരു മുതൽ സിലബസ് വരെയുള്ള കാര്യങ്ങൾ ഈ വിമർശന ബുദ്ധിയോടെ വിശകലനങ്ങൾക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട്.

ഇൻഡ്യയുടെ മാതൃഭാഷ എന്നാണ് തങ്ങളുടെ എല്ലാ രേഖകളിലും സംഘ്പരിവാർ സംസ്‌കൃതത്തെ വിശേഷിപ്പിക്കുന്നത്. എല്ലാ ഇൻഡ്യൻ ഭാഷകളുടെയും മൂലഭാഷയാണ് സംസ്‌കൃതം എന്ന വാദം ചരിത്രപരമായോ ഭാഷാശാസ്ത്രപരമായോ സാധൂകരണമില്ലാത്തതാണ്. പരസ്പരമുള്ള സാംസ്‌കാരികവും പ്രാദേശികവുമായ കൊള്ളക്കൊടുക്കലുകളിലൂടെ, സങ്കീർണമായ പരിണാമദശകളിലൂടെ രൂപപ്പെടുകയും വികസിക്കുകയും ചെയ്തതാണ് എല്ലാ ഇൻഡ്യൻ പ്രാദേശികഭാഷകളും. പൗരാണിക ഇൻഡ്യയിൽ അധികാരം കൈയാളിയിരുന്ന സവർണശ്രേണിയുടെ മാത്രം സാഹിത്യ ഭാഷയായിരുന്നു സംസ്‌കൃതം. കണിശമായ വ്യാകരണ നിയമങ്ങളും ഏകശിലാത്മകമായ ഭാഷാഘടനയുമാണ് ഇന്നും അതിനുള്ളത്. നൂറ്റാണ്ടുകളോളം കാര്യമായ പരിവർത്തനങ്ങളില്ലാത്ത സാഹിത്യഭാഷയായി നിലനിന്നതുകൊണ്ട് ലോകോത്തരമായ എണ്ണമറ്റ കൃതികളുടെ ഭാഷയായി സംസ്‌കൃതം മാറി. അതുകൊണ്ടുതന്നെ പല പ്രാദേശികഭാഷകളിലും, അതിൽ ഇടപെട്ട സവർണ സംസ്‌കൃതിയെപ്പോലെ സവർണ സംസ്‌കൃതവും വലിയ അളവിൽ സ്വാധീനംചെലുത്തിയിട്ടുണ്ട് എന്നത് ശരിയാണ്. ഒരു ഭാഷ എന്ന നിലക്ക് സംസ്‌കൃതം പഠിക്കാനോ വായിക്കാനോ ദലിത് വിഭാഗങ്ങൾക്ക് അർഹതയും സാഹചര്യവുമുണ്ടായിരുന്നില്ല എന്ന സത്യവും ഉണ്ട്. മേലധികാര സമുദായങ്ങൾക്കിടയിൽ പോലും ഒരുകാലത്തും സംസ്‌കൃതം സാധാരണ സംസാരഭാഷയായി പരിചരിക്കപ്പെട്ടിട്ടില്ല എന്നതാണ് കാരണം. ഒരു പൊതുവ്യവഹാരഭാഷയായി മാറാനാകും വിധത്തിലുളള്ള സാമൂഹിക പശ്ചാത്തലം സംസ്‌കൃതത്തിനില്ല. കുറേക്കൂടി വൈവിധ്യപൂർണമായ ലിപികളും വ്യവഹാര മാതൃകകളുമുള്ള പ്രാകൃതമാണ് സംസ്‌കൃത്തെക്കാൾ ജനകീയമായിരുന്ന പൗരാണിക ഇൻഡ്യൻ ഭാഷ.

സംസ്‌കൃതത്തിൽ രചിക്കപ്പെട്ട വേദസൂക്തങ്ങൾ ശുദ്രൻമാർ കേട്ടുപോകരുതെന്നുപോലും മനുസ്മൃതിതാക്കീതു ചെയ്തിട്ടുണ്ട്. ശുദ്രരെക്കാളും കീഴാളരായ ദലിത് വിഭാഗത്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. ഭാഷാചരിത്രത്തിലും ഇൻഡ്യൻ ചരിത്രത്തിലും പൊതുവെ സാധാരണക്കാർഎന്ന് സൂചിപ്പിക്കുന്നവരിൽപോലും ദലിത് വിഭാഗങ്ങൾ ഉൾപ്പെട്ടിട്ടില്ലായിരുന്നു, അവർ എണ്ണത്തിൽ ഭൂരിപക്ഷമായിരുന്നിട്ടുപോലും. ശുദ്ധം/ പ്രാകൃതം തുടങ്ങിയ നിർദേശങ്ങളിൽ സംസ്‌കൃതമാണ് ഏറ്റവും ശുദ്ധമായത് എന്നാണ് പാരമ്പര്യ പണ്ഡിതർ വാദിച്ചത്. ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ ദിവ്യ കഥാപാത്രങ്ങൾക്കു സംസ്‌കൃതവും മനുഷ്യ കഥാപാത്രങ്ങൾക്ക് അർധസംസ്‌കൃതവുമാണ് നിർദേശിക്കുന്നത്. സംസ്‌കൃതവും നാട്ടുമൊഴിയും ഇടകലർത്തിയ സങ്കരഭാഷയാണ് അർധസംസ്‌കൃതം. ഇൻഡ്യയിലെ ബുദ്ധമതക്കാരുടെ വ്യവഹാര ഭാഷയും ഇത്തരം അർധസംസ്‌കൃതം തന്നെയായിരുന്നു. ഗാഥാഭാഷ, ബൗദ്ധമിശ്ര സംസ്‌കൃതം എന്നെല്ലാമായിരുന്നു അതിനു പേര്. ഒരുപക്ഷേ, ദക്ഷിണേൻഡ്യയിലെ ആര്യാധിനിവേശം തകർത്തുകളഞ്ഞ ബുദ്ധ/ ജൈന സംസ്‌കൃതികളുടെ അവശിഷ്ടങ്ങൾക്കിടയിൽ ബാക്കിയായ ആ ഭാഷയായിരിക്കണം മണിപ്രവാളമായി രൂപംകൊണ്ടത് എന്ന് കെ.ഉണ്ണിക്കിടാവ് നിരൂപിക്കുന്നുണ്ട്. (കലാകേളി. പേജ് 41. 1985)

മാക്‌സ് മുള്ളർ

ബിസി 2500ൽ മധ്യേഷ്യയിൽനിന്ന് ആര്യന്മാർ ഇൻഡ്യയിലേക്കെത്തി എന്ന സിദ്ധാന്തം മാക്‌സ് മുള്ളർ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആവിഷ്‌കരിച്ചതോടെ സംസ്‌കൃതഭാഷ അതിശ്രേഷ്ഠമായ ഭാഷയാണെന്നും സംസ്‌കൃതത്തിന്റെ യജമാനന്മാരായ ആര്യന്മാർ അതിശ്രേഷ്ഠരാണെന്നുമുള്ള വാദം സ്ഥാപിക്കപ്പെട്ടു. ജർമനിയിലും ഇറ്റലിയിലും ആര്യൻ മേൽക്കോയ്മാ വാദം അപകടകരമായ നിലയിൽ ശക്തിപ്രാപിക്കുന്നതും ഇതേ കാലത്തുതന്നെയാണ് എന്നോർക്കണം. സംസ്‌കൃതത്തെ ഹിന്ദുമതത്തിന്റെ പ്രാമാണിക ഭാഷയാക്കുന്നതിൽ ആര്യന്മാർ വിജയിച്ചു. ശിവൻ നൃത്തത്തിന്റെയും നടനത്തിന്റെയും എന്നപോലെ വ്യാകരണത്തിന്റെയും ദേവനായാണ് സങ്കൽപ്പിക്കപ്പെട്ടത്. കാളപ്പുറത്ത് സഞ്ചരിക്കുന്ന പശുപതിയെ പാണിനി, പതഞ്ജലി, ഭർതൃഹരി എന്നീ സംസ്‌കൃത പ്രാമാണിക വൈയാകരണന്മാരെല്ലാം പിൻപറ്റുന്നുണ്ട് (ടി.പവിത്രൻ. പേ. 35). സംസ്‌കൃത വ്യാകരണ നിയമങ്ങളുടെ ഓരോ ഘട്ടത്തിലും ഹൈന്ദവ ദൈവസങ്കൽപനങ്ങളെ ചേർക്കുന്നതും വൈയാകരണന്മാരുടെ പതിവാണ്. മഹേശ്വരവർണങ്ങളായ 14 വർണങ്ങൾ ശിവൻ പതിനാലു തവണ ഇടയ്ക്ക കൊട്ടിയപ്പോഴുണ്ടായ ശബ്ദവ്യത്യാസങ്ങളാണെന്നും നാമം, ക്രിയ, ഉപസർഗം, നിപാതം എന്നിവ നാലു കൊമ്പുള്ള കാളയാണെന്നും അകാരം ബ്രഹ്മമാണെന്നും ഇ മായയാണെന്നും ഉ ഈശ്വരനാണെന്നും വൈയാകരണന്മാർ സ്ഥാപിക്കുന്നു. വ്യാകരണത്തെ ഹൈന്ദവ വിശ്വാസങ്ങളുമായി ചേർത്തുറപ്പിക്കുന്ന ഈ സവർണരീതി പിന്തുടരുകയാണ് മലയാള വൈയാകരണന്മാർ പോലും പിന്തുടർന്നത് എന്നു കാണാം. എന്തിന്, എ.ആർ.രാജരാജവർമ ലഘുപാണിനീയം എന്ന സംസ്‌കൃത വ്യാകരണഗ്രന്ഥം ആരംഭിക്കുന്നതുതന്നെ പാണിനിയെ ശിവനായി സങ്കൽപ്പിച്ച് സ്തുതിച്ചുകൊണ്ടാണ്.

യുക്തിരഹിതവും ഭാഷാ സിദ്ധാന്തങ്ങളെ കീഴ്‌മേൽ മറിക്കുന്നതുമായ ഒട്ടേറെ മിത്തുകളെ സത്യമെന്ന രീതിയിൽ സംസ്‌കൃതത്തിലേക്ക് ചേർത്താണ് കേരളത്തിലടക്കം ചില വ്യാകരണ പണ്ഡിതർ ഇക്കാലത്തുപോലും കൈകാര്യം ചെയ്യുന്നത്. “ഇംഗ്ലണ്ടിലെ ചില സ്‌കൂളുകളിൽ രാവിലെ സംസ്‌കൃതഭാഷയിലുള്ള പ്രാർഥന അധ്യാപകർ ചൊല്ലി വിദ്യാർഥികളെക്കൊണ്ട് ഏറ്റു ചൊല്ലിക്കാറുണ്ടെന്ന് യൂട്യൂബ് (വീഡിയോകൾ) വെളിവാക്കാൻ തുടങ്ങിയിട്ട് നാളുകളായി. അങ്ങനെ ചൊല്ലുമ്പോഴുണ്ടാകുന്ന ശബ്ദതരംഗങ്ങൾ വിദ്യാർഥികളെ സമാധാനചിത്തരും പ്രശാന്തരുമാക്കിത്തീർക്കുമെന്ന് അവർ പരീക്ഷിച്ച് ഫലപ്പെടുത്തിക്കഴിഞ്ഞു. മറ്റ് ഭാഷകളിലെ പ്രാർഥനകൾക്ക് ഇമ്മാതിരി തരംഗങ്ങൾ പുറത്തേക്കയക്കാൻ കഴിവില്ലെന്നും അവർ തിരിച്ചറിയുന്നു.” (വർക്കല ഗോപാലകൃഷ്ണൻ. പേജ് 23)

മലയാളവും സംസ്‌കൃതാധിനിവേശവും

“വൈദിക സംസ്‌കൃതിയുടെ വ്യാപനത്തിനു മുമ്പേ ബുദ്ധ, ജൈന സംസ്‌കാരങ്ങളിലൂടെ സംസ്‌കൃതം കേരളത്തിൽ എത്തിച്ചേർന്നിരിക്കാൻ ഇടയുണ്ട്. ക്രിസ്തുവർഷം ആറാം നൂറ്റാണ്ടിനുമുമ്പ് കേരളത്തിൽ സംസ്‌കൃത ഗ്രന്ഥങ്ങളോ ഗ്രന്ഥകാരന്മാരോ ഉണ്ടായിരുന്നതിനെ സംബന്ധിച്ച് വ്യക്തമായ അറിവു ലഭിച്ചിട്ടില്ല.” (പി.വി.നാരായണൻ. പേജ് 27). എട്ടാം നൂറ്റാണ്ടിൽ അദ്വൈത വേദാന്തിയായ ശങ്കരനാണ് കേരളത്തിൽ വൈദികസംസ്‌കൃതത്തെ സ്ഥാപിച്ചത്. പത്താം നൂറ്റാണ്ടിൽ കുലശേഖരന്മാരുടെ കാലത്ത് ബ്രാഹ്മണ്യവും സംസ്‌കൃതവും ഒരുപോലെ മലയാളത്തിനു മേൽ അധികാരം ഏറ്റെടുത്തു. കേവലം ഒരു ഭാഷാ പ്രക്രിയ എന്ന നിലക്കല്ല, സാമൂഹിക മേൽക്കോയ്മ എന്ന നിലക്കുതന്നെ കേരളീയ സംസ്‌കാരത്തിൽ സംസ്‌കൃതവൽക്കരണം സംഭവിച്ചത് അതിനെത്തുടർന്നാണ്.

ഒരു സമുദായത്തെ സമുദായമായി നിലനിറുത്തുന്ന പ്രധാന ഘടകം ഭാഷയാണ്. ഓർമകളുടെയും പുരാവൃത്തങ്ങളുടെയും ആഖ്യാനമാണ് അവരുടെ സ്വത്വനിർണയത്തിന്റെ അടിസ്ഥാനം. ഒരു ഭാഷ അടിച്ചേൽപ്പിക്കുന്നത് ഒരു ആധിപത്യത്തെ അടിച്ചേൽപ്പിക്കുക മാത്രമല്ല, ഒരു സംസ്‌കാരത്തെ സ്ഥാപിക്കുക കൂടിയാണ്.

മേൽക്കോയ്മയുടെ ആയുധം എന്ന നിലക്ക് സംസ്‌കൃതം, ഹിന്ദി എന്നീ ഭാഷകളുടെ അടിച്ചേൽപ്പിക്കൽ ഇൻഡ്യയുടെ ചരിത്രത്തിലുടനീളം നടന്നിട്ടുണ്ട്. മാത്രമല്ല ഉത്തരേൻഡ്യയിലെ ബഹുഭാഷാ സംസ്‌കാരത്തിൽ സംസ്‌കൃതീകൃതമായ ഹിന്ദി ഉപഭാഷകളുടെ അധിനിവേശംമൂലം ധാരാളം പ്രാദേശിക വാമൊഴിരൂപങ്ങൾ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. ഉത്തരാഘണ്ഡിലെയും ഹിമാലയ താഴ്‌വാരങ്ങളിലെയും മധ്യപഹാരി ഭാഷകളായ ഘഠ്‌വാലി, കുമാഓംനി തുടങ്ങിയ പ്രാദേശികമൊഴികൾ രണ്ടു തലമുറകൾക്കുശേഷം തീർത്തും ഇല്ലാതാകുമെന്ന് ഭാഷാഗവേഷകർ വിധിയെഴുതിക്കഴിഞ്ഞു. ഈ ഭാഷകൾ സംസാരിച്ചിരുന്ന ഉത്തരഘണ്ഡിലെ ബന്ദോൾ, കിമോഡ തുടങ്ങിയ ഗ്രാമങ്ങളെയാണ് സംസ്‌കൃതം മാത്രം സംസാരിക്കുന്ന ഗ്രാമങ്ങളായി മാറുന്നു എന്ന പ്രചാരണത്തോടെ സംഘ്പരിവാർ പൊതുവിജ്ഞാന പുസ്തകങ്ങളിലേക്ക് സംഭാവനചെയ്തുകൊണ്ടിരിക്കുന്നത്. കർണാടകയിലെ മാത്തൂർ എന്ന ബ്രാഹ്മണ അഗ്രഹാരത്തിൽ സംസ്‌കൃതം മാത്രമേ സംസാരിക്കുന്നുള്ളൂ എന്ന സംഘ്പരിവാർ പ്രചാരണത്തിനു പിന്നിലെ യാഥാർഥ്യം ഈയിടെ തുറന്നുകാട്ടപ്പെട്ടിരുന്നു. ആ ഗ്രാമത്തിലെ ഉന്നതകുലജാതരായ ബ്രാഹ്മണർക്കിടയിൽ നടന്ന കാമ്പയിനിന്റെ ഭാഗംമാത്രമായിരുന്നു ആ സംസ്കൃത വർത്തമാനം.

ഒരുവശത്ത് വേദഭാഷയായ സംസ്‌കൃതം, മറുവശത്ത് ദേശഭാഷയായി പുരോഗതി പ്രാപിച്ച തമിഴ്. ഇതിനിടയിൽ ആദ്യത്തെ പൊതു ഭാഷയായ ദലിത് ഭാഷ പുറന്തള്ളപ്പെട്ടു. ബ്രാഹ്മണർ തമിഴിൽ കസർത്തുകളി നടത്തി തുടങ്ങിയതോടെ തമിഴും സംസ്‌കൃതവും തമ്മിലായി ചങ്ങാത്തം. സംസ്‌കൃതക്കാർ മുമ്പൻമാരായി നിന്ന് തമിഴിനെ മലീമസമാക്കി.” (കവിയൂർ മുരളി: പേജ് 33) എന്ന ചരിത്രവസ്തുതയെയാണ് പരിഗണിക്കേണ്ടത്. വടക്കൻ ദേശത്തുനിന്ന് വിന്ധ്യാ പർവ്വതം കടന്ന് തെക്കൻ ദേശത്തത്തിയ അഗസ്ത്യമുനിയാണ് അതുവരെ വ്യാകരണമില്ലാതിരുന്ന തമിഴിന് ഇലക്കണം രചിച്ചത് എന്ന കഥയാണ്, കേരളം നിർമിച്ചത് പരശുരാമനാണ് എന്നതുപോലെ ദ്രാവിഡ ദേശത്ത് പ്രചരിപ്പിക്കപ്പെട്ടത്. അഗസ്ത്യന്റെ ശിഷ്യനായിരുന്നുവത്രേ തൊൽക്കാപ്പിയർ. തൊൽക്കാപ്പിയത്തിൽ ഭാഷയെ നാലായി തിരിക്കുന്നു. ഇചൈചൊൽ (നാടൻ വ്യവഹാരഭാഷ), തിരിചൊൽ  (കാവ്യഭാഷ), തിചൈചൊൽ (ദേശ്യഭാഷ), വടചൊൽ (സംസ്‌കൃതം). വടഎന്നത് തമിഴിൽ വടക്കുദിക്കിനെയും കുറിക്കുന്ന വാക്കാണ്. വടക്കേ ഇൻഡ്യയിൽ നിന്ന് അധിനിവേശം നടത്തിയ വിദേശികളുടെ ഭാഷ എന്ന നിലക്കാണ് സംസ്‌കൃതത്തെ തൊൽക്കാപ്പിയം പരിചയപ്പെടുത്തുന്നത്.

ദക്ഷിണേൻഡ്യയിൽ വൈഷ്ണവമതം പ്രചരിപ്പിക്കാനുള്ള എളുപ്പവഴിയായാണ് ദ്രാവിഡ ഭാഷയിലെ സംസ്‌കൃതാധിനിവേശത്തെ ബ്രാഹ്മണ്യം പ്രോത്സാഹിപ്പിച്ചത്. സംസ്‌കൃത സാഹിത്യത്തിന്റെയും സാഹിത്യ സിദ്ധാന്തങ്ങളുടെയും വമ്പിച്ച സാംസ്‌കാരികഭാരം കാട്ടി കൊതിപ്പിച്ച് തങ്ങൾക്കു താഴെയുള്ള സമുദായങ്ങളെ പാട്ടിലാക്കി ബ്രാഹ്മണാധികാരം ദക്ഷിണേൻഡ്യയിൽ സ്വീകാര്യത നേടിയെടുത്തു.

ലോകചരിത്രത്തിൽ തന്നെ മതപ്രചാരണത്തിന്റെ ചരിത്രം തന്നെയാണല്ലോ ഭാഷാ ചരിത്രവും. ബ്രാഹ്മണവിശ്വാസപ്രകാരം ജന്മം കൊണ്ട് ഹീനരായ ചില മധ്യമ സമുദായങ്ങൾക്കു പോലും സംസ്‌കൃതാഭ്യാസം കൊണ്ട് അങ്ങനെ ജാതി ശ്രേഷ്ഠത കൈവന്നു. തമിഴ്‌നാട്ടിലെ പല്ലവരുടെ ചരിത്രവും കേരളത്തിലെ നായർസമുദായ ചരിത്രവും ഇതിന് ഉദാഹരണമാണ്. പുതിയ ജാതികളുടെയും അയിത്തത്തിന്റെയും ഉദ്ഭവത്തിലെ അടിസ്ഥാന ഘടകങ്ങളിൽ ഒന്ന് ഭാഷയായിരുന്നു. ശ്രേഷ്ഠഭാഷ, ഉത്തമഭാഷ, ശുദ്ധഭാഷ, നീചഭാഷ തുടങ്ങിയ സങ്കൽപനങ്ങൾപോലും ചാതുർവർണ്യ സിദ്ധാന്തത്തിന്റെ ഉപോൽപ്പന്നമാണ്. ഈ സംസ്കൃതവൽക്കരണം വൈവിധ്യപൂർണമായ ദേശസംസ്‌കൃതിക്കുമേൽ ഏകശിലാത്മകമായ ജ്ഞാനാധികാരം സ്ഥാപിച്ചു. വൈദികസംസ്‌കൃതത്തിലുള്ള പ്രാവീണ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ബൗദ്ധിക നിലവാരവും അംഗീകാരവും കരസ്ഥമാവുകയും അത് ചില ജാതിവിഭാഗങ്ങൾക്കുമാത്രം ലഭ്യമാവുകയും ചെയ്തു. സംസ്‌കൃതമറിയാത്തത് കൊണ്ടുമാത്രം തോലൻ അരക്കവിയാകുന്നതും സംസ്‌കൃതമറിയാവുന്നതുകൊണ്ടുമാത്രം എഴുത്തച്ഛൻ ഭാഷാപിതാവാകുന്നതും അങ്ങനെയാണ്.

ആധുനിക കാലത്തുപോലും, ജാതിപരമായി വിവേചനമനുഭവിക്കുന്ന മധ്യമസമുദായങ്ങൾ തങ്ങളുടെ സാമൂഹികമായ അധികാരസ്ഥാപനത്തിന് സംസ്‌കൃതത്തെ തന്നെ ആശ്രയിക്കേണ്ടി വന്നു എന്നതിന് കേരളത്തിലെ ഏറ്റവും ശക്തമായ ഉദാഹരണം നാരായണ ഗുരുവാണ്. സംസ്‌കൃതത്തിലും വേദത്തിലുമുള്ള ജ്ഞാനാധികാരത്തെയാണ് ബ്രാഹ്മണ്യത്തിനെതിരെയും ജാതിക്കെതിരെയും പോരാടാൻ അദ്ദേഹത്തിന് ഊർജവും സാധുതയും നൽകിയത്. ചട്ടമ്പിസ്വാമി, ബ്രഹ്മാനന്ദ ശിവയോഗി, വാഗ്ഭടാനന്ദൻ, ആഗമാനന്ദ സ്വാമി എന്നിവരും സംസ്‌കൃതപാണ്ഡിത്യം നൽകുന്ന സാമൂഹിക പദവി ഉപയോഗപ്പെടുത്തി സമുദായാധികാരം സ്ഥാപിച്ചവരാണ്. ഈ ചരിത്രസത്യത്തെ പുനപ്പരിശോധിക്കുമ്പോൾ, സംസ്‌കൃതം ഒരു ഭാഷ എന്ന നിലക്ക് മധ്യമ ജാതിവിഭാഗങ്ങളെക്കൂടി വൈദികബ്രാഹമണ്യത്തിന്റെ ഭാഷാ സംസ്‌കാരത്തിലേക്ക്  പ്രവേശിപ്പിക്കാനും കേരളത്തിന്റെ സ്വച്ഛവും വൈവിധ്യവുമായ പ്രാദേശിക സംസ്‌കാരത്തിൽ സംസ്‌കൃതസ്വാധീനം വർധിപ്പിക്കുവാനുമാണ് ഭാഷാനവോത്ഥാനശ്രമങ്ങൾ സഹായിച്ചത് എന്ന് മനസ്സിലാകും. അതോടൊപ്പം പട്ടാമ്പിയിലെ പുന്നശ്ശേരിക്കളരി, കൊടുങ്ങല്ലൂർ കോവിലകത്തെ സംസ്‌കൃതപാഠശാല തുടങ്ങിയവയിൽ ജാതിമതഭേദമന്യേ സംസ്‌കൃതംപഠിക്കാൻ ആളുകളെ ചേർത്തിരുന്നു എന്ന പുതിയൊരു മിത്തും സൃഷ്ടിക്കപ്പെട്ടു. കേരളീയ നവോത്ഥാന സ്തുതിയുടെ ഭാഗമായ ഈ ജാതിനിർമൂലനപ്രക്രിയഎത്ര ദലിതരെയും മുസ്‌ലിംകളെയുമാണ് സംസ്‌കൃതപണ്ഡിതരാക്കി മാറ്റിയത് എന്ന സത്യം അന്വേഷിച്ചുറപ്പിക്കേണ്ടതുണ്ട്. മാത്രമല്ല, ദലിതരും മുസ്‌ലിംകളും സംസ്‌കൃതം പഠിച്ചതുകൊണ്ട് കേരളത്തിലെ ജാതിവിവേചനം അവസാനിച്ചുവെന്നും ജാതിനിർമൂലനം അത്രയും ലളിതമായ ഒരു പ്രക്രിയയാണെന്നും തോന്നാനേ അത് ഉപകരിച്ചതുള്ളൂ. ക്ഷേത്രപ്രവേശന സമരത്തെത്തുടർന്ന് നിയമിക്കപ്പെട്ട അന്വേഷണക്കമീഷൻ അംഗമെന്ന നിലയിൽ പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ അവർണർക്ക് ക്ഷേത്രപ്രവേശനം കൊടുക്കരുത്എന്ന നിലപാടിൽ ഉറച്ചുനിന്ന ആളായിരുന്നു (ഭാസ്‌കരനുണ്ണി: പേജ് 1271)  എന്ന ചരിത്രസത്യം  ഈ വിപ്ലവാവേശത്തിനിടയിൽ മറന്നുപോകരുതല്ലോ.  

മലയാളത്തിന്റെ ആദികാവ്യം എന്നു വിശേഷിപ്പിക്കാവുന്ന രാമചരിതം രചിക്കപ്പെട്ടത് പന്ത്രണ്ടാം ശതകത്തിലാണ് എന്ന് കരുതപ്പെടുന്നു. പതിനാലാം നൂറ്റാണ്ടിലുണ്ടായ കണ്ണശ്ശപ്പണിക്കരുടെ കൃതികൾ കുറേക്കൂടി നല്ല മലയാള കാവ്യഭാഷയെ എഴുതുന്നുണ്ട്. അതിനും ഒരു നൂറ്റാണ്ടുശേഷമുണ്ടായ ചെറുശ്ശേരിയാണ് ഏറ്റവും തെളിമയുള്ള മലയാളത്തെ അവതരിപ്പിച്ചത്. അതിനും ഒരു നൂറ്റാണ്ടോളം കഴിഞ്ഞ് (പതിനാറാം ശതകം) എഴുതപ്പെട്ട അധ്യാത്മ രാമായണ, മഹാഭാരത തർജമകളുടെ പേരിൽ എഴുത്തച്ഛനാണ് ഭാഷാപിതാവ് എന്ന വ്യാജ സിദ്ധാന്തം വ്യാപകമായി പ്രചരിപ്പിച്ചുറപ്പിച്ചു. യഥാർഥത്തിൽ സംസ്‌കൃതസാഹിത്യത്തെ ജനകീയമായ രീതിയിൽ പ്രാദേശികഭാഷയിൽ പുനരവതരിപ്പിച്ച മുൻകാല കവികളെ തിരസ്‌കരിച്ച് വർണാശ്രമധർമത്തെ അംഗീകരിച്ച എഴുത്തച്ഛന് ആ പദവി കൽപിച്ചുകൊടുത്തതിനു പിന്നിലുള്ള ഭാഷാസിദ്ധാന്ത തന്ത്രങ്ങൾ വെളിച്ചപ്പെടേണ്ടതുണ്ട്. കേരളമുണ്ടായത് പരശുരാമൻ എറിഞ്ഞ മഴുവിൽ നിന്നാണെന്നപോലെ മലയാളം ഉരുവം കൊണ്ടത് സംസ്‌കൃതത്തിൽ നിന്നാണെന്ന സിദ്ധാന്തവും ഇപ്പോഴും ആധികാരികമായി മലയാളഭാഷയുടെ ഉയർന്ന ക്ലാസ്സ്മുറികളിൽ പരിചരിക്കപ്പെടുന്നുണ്ട് എന്ന വസ്തുത നിസ്സാരമല്ല.

കേരളപാണിനിക്കുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട മലയാളവ്യാകരണ ഗ്രന്ഥമായ കേരളകൗമുദീ (1878)യുടെ ആമുഖത്തിൽ രചയിതാവായ ടി.എൻ.കോവുണ്ണി നെടുങ്ങാടിയാണ് ഈ സിദ്ധാന്തത്തിലേക്ക് ആദ്യസൂചന നൽകുന്നത്. കേരളത്തെ (കേരളത്തിലെ) പരശുരാമനോടു നീർക്കൊണ്ടു കുടികൊണ്ടവരായ നമ്പൂതിരിമാർ ആര്യാവർത്തത്തിലെ ആര്യബ്രാഹ്മണരും ശുദ്രാദികൾ അയൽദേശങ്ങളിലെ തമിഴരും ആകുന്നു. ആര്യന്മാരുടെ പൂർവഭാഷ സംസ്‌കൃതവും മറ്റേവരുടെ തമിഴും ആകുന്നു” (അവതാരികാപഞ്ചകം) എന്ന സങ്കല്പം ഉറപ്പിച്ചുകൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത്. സംസ്‌കൃതഹിമഗിരിഗളിത /ദ്രാവിഡവാണീ കളിന്ദജാമിളിത/ കേരളഭാഷാ ഗംഗാ…” (സാക്ഷാൽ സംസ്‌കൃതമായ ഹിമാലയത്തിൽനിന്ന് പുറപ്പെട്ട്, ദ്രാവിഡഭാഷയാകുന്ന കാളിന്ദിയോട് ചേർന്ന്, മലയാളഭാഷയാകുന്ന ഗംഗ…)  എന്ന് തുടക്കത്തിലേ സ്ഥാപിക്കുന്ന പദ്യത്തിലെ  ഭാഷാസിദ്ധാന്ത സമർഥനവും ഹിമാലയം, ഗംഗ, കാളിന്ദി തുടങ്ങിയ കാവ്യബിംബങ്ങളും ഒരേ സവർണബോധത്തിന്റെ പ്രകാശനങ്ങളാണ്. ആധുനിക ഭാഷാപണ്ഡിതനായ സി.വി.വാസുദേവ ഭട്ടത്തിരിയെപ്പോലുള്ളവർ ഈ അയുക്ത സിദ്ധാന്തത്തിനു ആധികാരികത നൽകാനാണ് പരിശ്രമിച്ചത്.

പ്രൊഫസർ എം.എൻ.ശ്രീനിവാസൻ സംസ്‌കൃതവൽക്കരണം‘ (സാൻസ്‌ക്രിറ്റൈസേഷൻ) എന്നു പേരിട്ടുവിളിച്ച ഇന്ത്യൻ സാമൂഹികമാറ്റം ആസൂത്രിതമായി നടപ്പാക്കാൻ സംഘ്പരിവാർ ആധാരമായി സ്വീകരിച്ചത് സംസ്‌കൃതഭാഷയെത്തന്നെയാണ് എന്നാണ് ഈ വസ്തുതതകൾ തെളിയിക്കുന്നത്.  പ്രാദേശിക ഭാഷകൾക്കുമേൽ ഹിന്ദി അടിച്ചേൽപ്പിക്കുവാനുള്ള അവരുടെ രാഷ്ട്രീയശ്രമങ്ങൾപോലും വേദഭാഷയായ സംസ്‌കൃതത്തെ സ്ഥാപിക്കുവാനായിരുന്നു. കീഴാള ജനവിഭാഗങ്ങൾ മേലാള സംസ്‌കാരത്തെയും ജീവിതരീതിയെയും അനുകരിക്കുന്ന പ്രവണതയെക്കുറിക്കാനാണ് ഡോ.ശ്രീനിവാസൻ സംസ്‌കൃതവൽക്കരണം എന്ന സംജ്ഞ ഉപയോഗിച്ചതെങ്കിലും, സംസ്‌കൃതഭാഷ പഠിക്കുന്നവരോടും അറിയുന്നവരോടും കേരളത്തിലടക്കം മുസ്‌ലിം, ദലിത് വിഭാഗങ്ങൾക്ക് തോന്നുന്ന ബഹുമാനവും അഭിമാനവും ഒരുതരത്തിൽ സംസ്‌കൃതവൽക്കരണത്തിന്റെ ഭാഗം തന്നെയാണ്. സംസ്കൃതവാക്കുകൾ കുത്തിച്ചെലുത്തിയ സാഹിത്യമാണ് യഥാർഥ സാഹിത്യമെന്ന് വിശ്വസിക്കുന്നവരാണല്ലോ ഇപ്പോഴും സാമാന്യമലയാളികൾ.

സംസ്‌കൃതവും സംസ്കൃതാഭിമുഖ്യമുള്ള സിദ്ധാന്തങ്ങളും പൊതുവിദ്യാഭ്യാസത്തിൽ നിർബന്ധമാക്കുന്നതോടുകൂടി മുമ്പേ സംസ്‌കൃതത്തോട് അടുപ്പമുള്ള മേൽജാതി വിഭാഗക്കാർക്ക് കൂടുതൽ ഭാഷാധികാരം ലഭിക്കുകയാണ് ചെയ്യുക. സർക്കാർ മാധ്യമങ്ങളും പൊതു ദൃശ്യശ്രവ്യോപാധികളും മാനകമലയാളമെന്ന പേരിൽ കൂടുതൽ കൂടുതൽ സംസ്‌കൃതവൽക്കരിക്കപ്പെട്ട പ്രാദേശികഭാഷകളെത്തന്നെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ സംഭവിക്കുന്ന സാമൂഹിക ദുരന്തങ്ങൾ പലതാണ്:

1. ദലിത് – ന്യൂനപക്ഷ സമുദായങ്ങൾക്ക് ഉണ്ടാകേണ്ട സാമൂഹികമായ അധികാര പങ്കാളിത്തം നഷ്ടപ്പെടുന്നു.

2. ദലിത് – ന്യൂനപക്ഷ വിഭാഗങ്ങളുടെ വൈവിധ്യപൂർണമായ ഭാഷകളുടെ സാംസ്‌കാരികമായ അധികാര പങ്കാളിത്തം ഇല്ലാതാകുന്നു.

3. ശുദ്ധ സമുദായം/ അശുദ്ധ സമുദായം എന്ന് സമൂഹം വിഭജിക്കപ്പെടുകയും  സംസ്‌കൃതമറിയാത്ത ദലിത്, ആദിവാസി, ന്യൂനപക്ഷ സമുദായങ്ങൾ ശുദ്ധസമുദായങ്ങൾക്ക് പുറത്താവുകയും ചെയ്യുന്നു.

4. സംസ്‌കൃതഭാഷയിലെ വമ്പിച്ച സാഹിത്യസമ്പത്ത് മുഴുവൻ ഒരർഥത്തിൽ ഹിന്ദുമതത്തിന്റെ വിശ്വാസ/ ആചാര/ ചരിത്ര/ പുരാണ/ ഇതിഹാസ സമാഹാരങ്ങളാണ്. മഹാഭാരതം മുതൽ മനുസ്മൃതി വരെയുള്ള ആ സാഹിത്യശേഖരത്തിൽ നിന്നാണ് സംസ്‌കൃതം പഠിച്ചെടുക്കേണ്ടത്. ഫലത്തിൽ ഇത് ഒരു ഭാഷയുടെ മാത്രമല്ല ഒരു മതത്തിന്റെകൂടി അടിച്ചേൽപ്പിക്കലായി മാറുന്നു.

(മലപ്പുറം ഗവൺമെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)

  • RSS Resolves. Full text of resolutions from 1950 to 1983. Prakashan Vibhag. Rashtriya Swayam Sewak Sangh, Karnataka. (1983)
  • Golwalkar M S. Bunch of Thoughts. Third Edition. (E Book).
  • കോവുണ്ണി നെടുങ്ങാടി. കേരളകൗമുദീ കൂനമ്മാവുങ്കൽ അച്ചുകൂടത്തിൽ 1878 ൽ പ്രസിദ്ധീകരിച്ചതിന്റെ പി ഡി എഫ് പതിപ്പ്.
  • ഗോപാലകൃഷ്ണൻ വർക്കല. ക്ലാസ്സിക്കൽ ഭാഷ. വിതരണം: മലയാളശാല ആറ്റിങ്ങൽ. 2014
  • ജോർജ്. കെ.എം. ഡോ. ഭാരതീയ സാഹിത്യ സമീക്ഷ, കേരള ഭാഷാ ഇൻസ്റ്റിട്ട്യൂട്ട് 1994
  • നാരായണൻ പി വി. സംസ്‌കൃതം കേരളത്തിന്റെ നവോത്ഥാന പ്രക്രിയയിൽ. (മലയാളിയുടെ സംസ്‌കൃതവഴികൾ എന്ന പുസ്തകത്തിലെ ലേഖനം). എഡി.: എൻ. വി. പി ഉണിത്തിരി. വിദ്യാർഥി പബ്ലിക്കേഷൻസ്. 2015
  • പവിത്രൻ. ടി. ഡോ. ഭാഷാമലയാളം. ലിപി പബ്ലിക്കേഷൻസ്. 2012
  • ബിനീഷ് പുതുപ്പണം. ജ്ഞാനനിർമിതിയുടെ വെളിപാടുകൾ. വിദ്യാർഥി പബ്ലിക്കേഷൻസ്. 2011
  • ഭാസ്‌കരനുണ്ണി. പി. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം. കേരള സാഹിത്യ അക്കാദമി. 2012
  • മുരളി കവിയൂർ. ദലിത് ഭാഷ. കറന്റ് ബുക്‌സ് കോട്ടയം. 1997
Top