രാഹുൽ ഈശ്വരന്മാരുടെ രാഷ്ട്രീയം

ശബരിമലയുടെ അവകാശം കയ്യിലുള്ള താഴമൺ കുടുംബത്തിലെ പുതുതലമുറക്കാരനായ രാഹുൽ ഈശ്വർ നിലവിലെ കലാപസമാനമായ കേരളത്തിൽ പ്രസക്തനാവുന്നത് അയാളുടെ വ്യക്തിത്വം കൊണ്ടല്ല, മറിച്ച് അയാള്‍ മുന്നോട്ടു വെക്കുന്ന സവര്‍ണ ആശയങ്ങളും രാഹുൽ ഈശ്വർ പോലെയുള്ള സവര്‍ണ പുരുഷാധിപത്യ ബിംബ മാതൃകകളെ പുനര്‍നിര്‍മിച്ചു കൊണ്ടേയിരിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയും കൊണ്ടാണ്. രാഹുല്‍ ഈശ്വര്‍ ഒരു ബിംബം ആണ്. ഒരു ആധുനിക സവര്‍ണ മാടമ്പിത്തരത്തിന്റെ ഉത്തമ ബിംബം. ഇന്ത്യന്‍ പതാക നെഞ്ചില്‍ കുത്തി, നെഞ്ചിനുള്ളിലെ അയ്യപ്പ സ്വാമിയാണേ സത്യം എന്നെല്ലാം ആണയിടുമ്പോഴും, അയാള്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച ഒരു വിധി ന്യായത്തിനു നേരെ പല്ലിളിക്കുന്ന ഒരു പുതുതലമുറ സവര്‍ണ മാടമ്പി മാത്രമാണ്.

ജനാധിപത്യവും ഇസ്‌ലാമും ഒരുമിച്ചു പ്രവർത്തിക്കുമോ എന്ന ചോദ്യത്തിനു ചുറ്റും ധാരാളം ചർച്ചകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. എന്നാൽ ബ്രാഹ്മണതയും ജനാധിപത്യവും എന്ന വിരോധോക്തിയെ പറ്റി കാര്യമായ ചർച്ചകൾ ചുരുങ്ങിയ അക്കാഡമിക് മേഖലകൾക്കപ്പുറം നടന്നിട്ടില്ല. ഈ വിരോധോക്തിയെ ഏറ്റവും ആഴത്തിൽ മനസിലാക്കിയത് ഡോ. ബി ആർ അംബേഡ്കർ ആണെന്നതിലും സംശയമില്ല. അതിന്റെ പ്രതിഫലനമെന്നോണമാണ് ഇന്ത്യയുടെ ഭരണഘടനക്ക് തനതായ സവിശേഷരൂപം കൈവരുന്നത്. പ്രത്യയശാസ്‌ത്രപരമായി ഇന്ത്യൻ ഭരണഘടന മുന്നോട്ടു വെക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ബ്രാഹ്മണവാദത്തിനെതിരെയാണ്. ഭരണഘടനയുടെ ആത്മാവറിഞ്ഞു ഭരണകൂടം പ്രവർത്തിച്ചിരുന്നുവെങ്കില്‍ കാലക്രമേണ ബ്രാഹ്മണ്യത്തിന്റെ ശക്തികൾ കുറഞ്ഞു വരേണ്ടതായിരുന്നു. എന്നാല്‍ അതു സംഭവിച്ചില്ല എന്നു മാത്രമല്ല ഹിന്ദു എന്ന വിവേചന ആശയത്തിന്റെ ശക്തി സ്രോതസുകളായ ശങ്കരാചാര്യ മഠങ്ങളും ആചാരങ്ങളും നിലനിന്നു പോരുകയും ചെയ്തു. അതിന്റെ മറ്റു മുഖങ്ങളായ താഴമണ്‍, തരണനെല്ലൂര്‍ പോലുള്ള സ്ഥാപനവൽക്കരിച്ച സമ്പ്രദായങ്ങള്‍ വന്നുചേർന്ന ബ്രാഹ്മണ കുടുംബങ്ങൾ കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥയിലും ഹൈന്ദവ ആരാധനാലയങ്ങളിലും തങ്ങളുടെ ആധിപത്യം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ശബരിമലയുടെ അവകാശം കൈയിലുള്ള താഴമൺ കുടുംബത്തിലെ പുതുതലമുറക്കാരനായ രാഹുൽ ഈശ്വർ നിലവിലെ കലാപസമാനമായ കേരളത്തിൽ പ്രസക്തനാവുന്നത് അയാളുടെ വ്യക്തിത്വം കൊണ്ടല്ല, മറിച്ച് അയാള്‍ മുന്നോട്ടു വെക്കുന്ന സവര്‍ണ ആശയങ്ങളും രാഹുൽ ഈശ്വർ പോലെയുള്ള സവര്‍ണ പുരുഷാധിപത്യ ബിംബ മാതൃകകളെ പുനര്‍നിര്‍മിച്ചു കൊണ്ടേയിരിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയും കൊണ്ടാണ്. അതുകൊണ്ടു തന്നെ രാഹുൽ ഈശ്വറിനെ പറ്റി സംസാരിക്കുന്നത് നമ്മൾ ഉൾപ്പെടുന്ന ബ്രാഹ്മണ വ്യവസ്ഥിതിയെ പറ്റി സംസാരിക്കുന്നതിനു സമാനമാണ്. പറഞ്ഞു വരുന്നത് അയാൾ എന്താണ് എന്നതല്ല, മറിച്ച് അയാൾ എങ്ങനെ അതാണ് എന്നുള്ളതിനെ കുറിച്ചാണ് നാം ചിന്തിക്കേണ്ടത് എന്നാണ്. രാഹുല്‍ ഈശ്വര്‍ ഒരു ബിംബം ആണ്. ഒരു ആധുനിക സവര്‍ണ മാടമ്പിത്തരത്തിന്റെ ഉത്തമ ബിംബം. ഇന്ത്യന്‍ പതാക നെഞ്ചില്‍ കുത്തി, നെഞ്ചിനുള്ളിലെ അയ്യപ്പ സ്വാമിയാണേ സത്യം എന്നെല്ലാം ആണയിടുമ്പോഴും, അയാള്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച ഒരു വിധി ന്യായത്തിനു നേരെ പല്ലിളിക്കുന്ന ഒരു പുതുതലമുറ സവര്‍ണ മാടമ്പി മാത്രമാണ്.

ഒരു കാര്യം ശ്രദ്ധിക്കുക. രാഹുൽ ഈശ്വറിന്റെ വെബ്‌സൈറ്റിലും വിക്കിപീഡിയ പേജിലുമെല്ലാം പറയുന്നത് അയാൾ ഒരു ആക്ടിവിസ്റ്റ് ആണെന്നാണ്. ആക്ടിവിസ്റ്റ് എന്നതിന് യോഗ്യതയായി എല്ലായിടത്തും എഴുതിയിരിക്കുന്നത് ദേശീയ ചാനലുകളിൽ ഉൾപ്പെടെ അനേകം ചാനല്‍ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട് എന്നാണ്. സാധാരണഗതിയിൽ എന്തെങ്കിലും പ്രാധാന്യമുള്ള വ്യക്തികളാണ് ചർച്ചകളിൽ പങ്കെടുക്കുക. മറിച്ചു ചർച്ചകളിൽ പങ്കെടുക്കുന്നത് മാത്രം പ്രാധാന്യമായി ഉള്ള ആളാണ് രാഹുൽ. സമൂഹവും മാധ്യമങ്ങളും കൂടാതെ സ്വയം കല്‍പിക്കുന്നതുമായ ഈ പ്രാധാന്യം മറ്റൊന്നുമല്ല, ബ്രാഹ്മണ്യം നൽകുന്ന സാമൂഹിക മൂലധനം (social capital) മാത്രമാണ്.

രാഹുല്‍ ഈശ്വര്‍

രാഹുല്‍ ഈശ്വര്‍

ഉദാഹരണത്തിന്, ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കുവാനാണ് രാഹുൽ ഈശ്വർ കൂടുതലായും ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു ബി.ജെ.പി പ്രവർത്തകനോ മറ്റു സംഘടനാ നേതാവോ ഒന്നുമല്ലാത്ത ഇയാൾ എങ്ങനെയാണ് ഹിന്ദുക്കളുടെ ശബ്ദമാകുന്നത്. ഹിന്ദുക്കൾക്കു വേണ്ടി സംസാരിക്കാൻ ഒരിക്കലും വെള്ളാപ്പള്ളിയേയോ പുന്നല ശ്രീകുമാറിനെയോ വിളിച്ചിട്ടില്ല. എന്തിനധികം പറയുന്നു സുകുമാരൻ നായർ പോലും അവരവരുടെ സാമുദായിക നേതാവ് മാത്രമാണ്. പറഞ്ഞു വരുന്നത്, ബ്രാഹ്മണൻ ആയി ജനിച്ചു എന്ന ഭേദകമാണ് രാഹുൽ ഈശ്വറിൻറെ ഏറ്റവും വലിയ യോഗ്യത. ഇതു മനസിലാകാതെയാണ് ആയിരക്കണക്കിന് അവര്‍ണ വിഭാഗങ്ങൾ രാഹുൽ ഈശ്വറിന്റെ പുറകെ പോകുന്നത്.  ഇതുകൊണ്ടു കൂടിയാണ് ബി.ജെ.പിയെ മാറ്റി നിർത്തണം എന്ന് ബോധ്യമായേക്കാവുന്ന ആളുകൾക്കു പോലും രാഹുൽ ഈശ്വർ പ്രശ്നമല്ലാതാകുന്നത്. ഒന്നാലോചിച്ചു നോക്കിയാൽ രാഹുൽ ഈശ്വർ ശശികലയിൽ നിന്നും എത്ര വ്യത്യസ്തമാണ്? അയാളെ ശശികലക്കും മുകളിൽ നിർത്തുന്നത് ബ്രാഹ്മണ്യം മാത്രമാണ്.

രാഹുൽ ഈശ്വറിന്റെ രാഷ്ട്രീയത്തെ പറ്റി ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഏറ്റവും വ്യക്തമായി പറഞ്ഞത് അയാൾ തന്നെ ആണ്: “ഞാൻ ഒരു ബ്രാഹ്മണരാഷ്ട്രീയത്തിന്റെ, സവർണരാഷ്ട്രീയത്തിന്റെ വക്താവാണ്”. എന്നാൽ ഇതേ വാക്കുക്കൾ ഒരു ഇരുണ്ട ശരീരം ഉള്ള താഴ്ന്ന ജാതിക്കാരനായ ഒരാൾ അത്തരം സന്ദർഭത്തിൽ പറയുമെന്ന് തോന്നുന്നുണ്ടോ, അതേ രാഷ്ട്രീയ വാദം സംസാരിക്കുന്ന ഒരു ആര്‍.എസ്.എസ്സുകാരനാണെങ്കിൽ പോലും? ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര മുഖമായ ആര്‍.എസ്.എസ്സിനും ഉള്ളതിനേക്കാൾ പ്രാമാണ്യമാണ് രാഹുൽ ഈശ്വറിന് എന്ന് പറയുന്നതില്‍ തെറ്റില്ല. കേരളത്തിലെ കൊട്ടിഘോഷിക്കുന്ന ലിബറൽ മണ്ഡലത്തിനകത്തും പുറത്തും സ്വീകാര്യത ഉണ്ടാക്കിയെടുക്കാൻ അയാള്‍ക്ക് സാധിക്കുന്നത് ബ്രാഹ്മണ്യം എന്നാൽ ഇപ്പോഴും ശുദ്ധവും ബഹുമാനമുളവാക്കുന്നതും ആണെന്നുള്ള സ്വാഭാവികമെന്നു നമ്മൾ കരുതുന്ന, എന്നാൽ അങ്ങിനെ അല്ലാത്ത, ചിന്തയാണ്.

രാഹുൽ ഈശ്വറിന്റെ രാഷ്ട്രീയത്തെ പറ്റി ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഏറ്റവും വ്യക്തമായി പറഞ്ഞത് അയാൾ തന്നെ ആണ്: “ഞാൻ ഒരു ബ്രാഹ്മണരാഷ്ട്രീയത്തിന്റെ, സവർണരാഷ്ട്രീയത്തിന്റെ വക്താവാണ്”.

രാഹുല്‍ ഈശ്വരിനെ പോലുള്ളവര്‍ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തിനെ നാം മനസിലാക്കേണ്ടത് നമ്മുടെ സമൂഹത്തില്‍ നിലകൊള്ളുന്ന ജാതി, മത, കുടുംബ, ലിംഗ രാഷ്ട്രീയ ബോധ്യങ്ങള്‍ക്കും നിര്‍മിതികള്‍ക്കും, അവക്കുള്ളില്‍ ഉടനീളം തെളിഞ്ഞു കിടക്കുന്ന സവര്‍ണ അല്ലെങ്കില്‍ ബ്രാഹ്മണിക്കല്‍ പുരുഷ ആധിപത്യത്തിനും,  അവ എങ്ങിനെ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും മുതലെടുപ്പുകള്‍ക്കും ഉപയോഗിക്കപ്പെടുന്നു എന്നതിലൂടെയായിരിക്കണം. കാരണം, വിശ്വാസവും അതിനെ ചുറ്റിപറ്റിയുള്ള അവകാശങ്ങളും അധികാരവും ഗര്‍വും ആഘോഷങ്ങളും ആക്രോശങ്ങളും സംഘട്ടനങ്ങളും എല്ലാം ഇവയിലൂടെയാണ് സംജാതമാകുന്നത്. ഇവയെ ഇന്ത്യയൊട്ടാകെയും അതോടൊപ്പം കേരളം എന്ന സവിശേഷ ഭൂപ്രദേശത്തേയും ഉള്‍ക്കൊള്ളുന്ന വിശാല ദൃശ്യങ്ങളിലൂടെ കാണേണ്ടതുണ്ട്. അവിടെ കേവല വികാരവിക്ഷോഭങ്ങള്‍ക്ക് അപ്പുറത്തുള്ള ചിന്തകളും വിവേചനബുദ്ധിയും നാം ഓരോരുത്തരും കാണിക്കേണ്ടതുണ്ട്. വിശ്വാസവും വിശ്വാസികളുടെ വികാരവും മാത്രം കണക്കിലെടുത്തു കൊണ്ട് നാം ഈ വിഷയം മനസിലാക്കിയാല്‍ മതിയോ എന്നതാണ് ഒരു സുപ്രധാന ചോദ്യം. ഇത്തരത്തിലുള്ള ഹൈന്ദവ സംസ്കാര-വിശ്വാസ സംരക്ഷണ കുതുകികളുടെ സംരക്ഷണ യജ്ഞങ്ങള്‍, അവയുടെ നേട്ടങ്ങള്‍, കോട്ടങ്ങള്‍ എല്ലാം തന്നെ നാം വളരെ വിശാലമായ സാമൂഹ്യ സാഹചര്യങ്ങളില്‍ കാണേണ്ടിയിരിക്കുന്നു. അതിനെ കേവല ക്ഷേത്ര ആരാധനയുടെ പശ്ചാത്തലത്തില്‍ വെച്ചു മാത്രം നമുക്ക് സമീപിക്കാന്‍ കഴിയില്ല. ക്ഷേത്ര ആരാധനയെ, അതിനെ നിര്‍മിച്ചിരിക്കുന്ന കൊട്ടാര-കുടുംബ-ജാതി വ്യവസ്ഥകളിലും ലിംഗ ബോധത്തിലും അധികാര ശ്രേണികളിലും കാലനുസൃതമായി ഓരോ ക്ഷേത്രങ്ങളോട് അനുബന്ധിച്ച വിശ്വാസങ്ങളിലും ആചാര-അനുഷ്ഠാനങ്ങളിലും വന്നുചേര്‍ന്നിട്ടുള്ള മാറ്റങ്ങള്‍ക്കും കൂട്ടിചേര്‍ക്കലുകള്‍ക്കും മായ്ച്ചു കളയലുകള്‍ക്കും അനുസൃതമായിട്ടായിരിക്കണം സമീപിക്കേണ്ടത്.

അതിലുപരി, നിലവിലെ സാഹചര്യത്തില്‍ ഒരു തികഞ്ഞ തീവ്രഹിന്ദു രാഷ്ട്രമാക്കി ഇന്ത്യയെ പുനര്‍നിര്‍മിക്കാന്‍ അവസരം കാത്തിരിക്കുന്ന തീവ്ര വലതുപക്ഷത്തെ കൂടി നാം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ബി.ജെ.പി പ്രവർത്തകൻ അല്ലെങ്കിലും രാഹുലിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയം പരസ്പര പൂരകങ്ങൾ ആണ്. ബി.ജെ.പി മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തിനു വേണ്ടി പ്രത്യക്ഷത്തിൽ മുന്നോട്ടു വന്നില്ലെങ്കിൽ പോലും അയാൾ കേരളത്തിൽ നടത്തുന്ന എല്ലാ നീക്കങ്ങളുടെയും പരിണതഗുണം നേടുന്നത് ബി.ജെ.പി ആണ്. സുപ്രീം കോടതി വിധി വന്നതിനു ശേഷം ആർ.എസ്.എസ്സും ബി.ജെ.പിയും കോൺഗ്രസ്സും ഉൾപ്പെടെയുള്ള കക്ഷികൾ വിധിക്കെതിരെ പ്രത്യക്ഷമായ നിഷേധം അറിയിച്ചിരുന്നില്ല. രണ്ടു തോണിയിലും കാലു വെക്കുകയാണ് അവർ ചെയ്തത്. വിധിക്കെതിരെ ആദ്യമായി രംഗത്തു വന്നതും ആളുകളെ കൂട്ടി കലാപ സമാനമായ സ്ഥിതിക്ക് ആഹ്വാനം ചെയ്തതും രാഹുൽ ഈശ്വർ ആണ്. ഇപ്പോൾ സംഘ പരിവാർ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിന് വിത്തുപാകി കൊയ്യാൻ പാകത്തിനാക്കി നൽകിയത് ഈ തന്ത്രി കുടുംബാംഗമാണ്.  

മറ്റൊരു കാര്യം, രാഹുല്‍ ഈശ്വരിന്റെ സവര്‍ണ രാഷ്ട്രീയവും ശബരിമലയിലെ സ്ത്രീ പ്രവേശന പ്രശ്നത്തില്‍ അയാളുടെ ഇടപെടലും വാദമുഖങ്ങളും നാം അതിന്റെ സവിശേഷതകളോടും അതോടൊപ്പം കേരളത്തിലെ അവര്‍ണ വിഭാഗങ്ങളുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും ബ്രാഹ്മണിക്കല്‍ വിശ്വാസ അധിനിവേശങ്ങള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ കൂടി പരിഗണിച്ചു കൊണ്ടു വേണം സമീപിക്കുവാന്‍. ഹൈന്ദവത എങ്ങനെയാണ് ഒരു പ്രദേശത്തെ ഹൈന്ദവ ഇതര അല്ലെങ്കില്‍ അവര്‍ണ വിഭാഗങ്ങളുടെ വിശ്വാസങ്ങള്‍ക്കു മേല്‍ മേല്‍ക്കോയ്മ നേടി എന്നത് രേഖപ്പെടുത്താതെ പോയ ചരിത്രമാണ്. കൂട്ടിചേര്‍ക്കലുകളോട് ഇത്രയും ധാര്‍ഷ്ട്യം കാണിക്കുന്ന രാഹുല്‍ ഈശ്വറിനെ പോലുള്ളവര്‍, ചരിത്രം രേഖപ്പെടുത്താതെ പോയ അത്തരം കൂട്ടി ചേര്‍ക്കലുകളും മായ്ച്ചു കളയലുകളും അറിയാത്തവരോ, അതോ അറിഞ്ഞിട്ടും അറിഞ്ഞ ഭാവം കാണിക്കാത്തവരോ ആണ്. തീവ്ര വലതു ഹൈന്ദവ രാഷ്ട്രീയ ശക്തികളും ബ്രാഹ്മണ്യവും കൈയ്യേറ്റം നടത്തുന്ന ക്ഷേത്രങ്ങളില്‍, അവിടെ മുന്‍കാലങ്ങളില്‍ ആദിവാസികളും മറ്റും അനുഭവിച്ചു വന്നിരുന്ന പല ആചാര-അനുഷ്ഠാനങ്ങളും അവര്‍ക്ക് അന്യമാകുന്നു എന്ന പരാതി ഇവിടെ ഏറെ പ്രസക്തമാണ്. വനാന്തരങ്ങളില്‍ ജീവിക്കുന്ന വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കു വിവിധ കാലഘട്ടങ്ങളില്‍ എന്തു സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നു നാം ചിന്തിക്കേണ്ടതുണ്ട്. കേരളത്തിലെ പല അവര്‍ണ വിഭാഗങ്ങള്‍ക്കും ഒരുപക്ഷേ അത്തരം കഥകള്‍ ഇപ്പോഴും പറയാനുണ്ടായിരിക്കും; ചരിത്രം അവയെ രേഖപ്പെടുത്താതെ പോയെങ്കിലും.

ഹൈന്ദവത എങ്ങനെയാണ് ഒരു പ്രദേശത്തെ ഹൈന്ദവ ഇതര അല്ലെങ്കില്‍ അവര്‍ണ വിഭാഗങ്ങളുടെ വിശ്വാസങ്ങള്‍ക്കു മേല്‍ മേല്‍ക്കോയ്മ നേടി എന്നത് രേഖപ്പെടുത്താതെ പോയ ചരിത്രമാണ്.

വള്ളിയൂര്‍കാവ് ക്ഷേത്രം ഇന്നത്തെ രൂപം കൈകൊള്ളുന്നതിനു മുന്‍പ് ആദിവാസി വിഭാഗങ്ങള്‍ അവിടെ പൂജ ചെയ്തിരുന്നതായി ആദിവാസി വാമൊഴികളില്‍ പറയപ്പെടുന്നു എന്നത് ഒരു ഉദാഹരണം മാത്രം. ആദിവാസി അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്ന, വിശാല ഹിന്ദു ഐക്യം എന്നൊക്കെ രോമാഞ്ചം കൊള്ളുന്ന സവര്‍ണ ബ്രാഹ്മണിക്കല്‍ ആക്ടിവിസ്റ്റുകള്‍, എത്രത്തോളം അവരുടെ വിശ്വാസങ്ങളും ആരാധന ഇടങ്ങളും ഹൈന്ദവവല്‍ക്കരിക്കുന്നതില്‍ ബ്രാഹ്മണ-സവര്‍ണ ശക്തികളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് എന്നതു കൂടി ചരിത്രപരമായി മനസിലാക്കേണ്ടിയിരിക്കുന്നു, അംഗീകരിക്കേണ്ടിയിരിക്കുന്നു. കാരണം ആദിവാസികളുടെയോ മറ്റു അവര്‍ണ വിഭാഗങ്ങളുടെയോ അവകാശനിഷേധങ്ങള്‍ ഒന്നും തന്നെ യാദൃഛികമോ സമീപകാലത്ത്  മാത്രം സംഭവിച്ചതോ അല്ല. അതിനു പുറകില്‍ നൂറ്റാണ്ടുകളിലൂടെ കടന്നു പോയ ആശയപരമായും അല്ലാതെയുമുള്ള ബ്രാഹ്മണവാദത്തിന്റെ അധിനിവേശവും ആധിപത്യവും ഉണ്ട്. അതിന്റെ നവവക്താക്കളും ഉപകരണങ്ങളും ആയി നമ്മുടെ ദേവസ്വം ബോര്‍ഡുകളും കൊട്ടാര അധിപതികളും ഹിന്ദു സംരക്ഷകരും പൊതുജനങ്ങളും സംരക്ഷണ-സേവ സമിതികളും ചിലപ്പോഴെല്ലാം ഗവണ്‍മെന്‍റും ആയി മാറ്റപെട്ടിരിക്കാം.

രാഹുല്‍ ഈശ്വറിനെ പോലുള്ള ആക്ടിവിസ്റ്റുകള്‍, ശബരിമലയില്‍ ആദിവാസികള്‍ക്കും മറ്റും ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന നിയമയുദ്ധങ്ങളില്‍ പങ്കെടുക്കുമ്പോഴും ചരിത്രപരമായ സത്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവുമോ എന്നു കൂടി ചിന്തിച്ചു പോകുന്നു. ആശയപരമായും സാംസ്കാരികമായും ഭൗതികമായും ബ്രാഹ്മണിസം അവര്‍ണ വിശ്വാസധാരകളുടെയും ചരിത്രത്തിന്റെയും വേരുകള്‍ എങ്ങനെ അറുക്കുന്നു എന്നതു ചര്‍ച്ച ചെയ്യാതെയും സ്വന്തം സവര്‍ണ സ്വത്വത്തോടു വിമര്‍ശനാത്മക സമീപനം പുലര്‍ത്താതെയും ഈ പറയുന്ന പുതുതലമുറ ബ്രാഹ്മണ വക്താക്കളും ഹിന്ദുസംരക്ഷകരും എല്ലാം ഹൈന്ദവ വിശ്വാസങ്ങളെ ഭക്തിയോടെ സമീപിച്ച അവര്‍ണ വിഭാഗങ്ങളിലെ വിശ്വാസികളുടെ വിശ്വാസ, ആചാര സംരക്ഷണം എത്രത്തോളം ധാര്‍മികമായും ജനാധിപത്യപരമായും ഉറപ്പു വരുത്തും? അങ്ങനെ നോക്കിയാല്‍, സ്ത്രീ പ്രവേശനത്തിന്റെ പേരും പറഞ്ഞ് അക്രമം അഴിച്ചുവിട്ടു ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനു പകരം വരും തലമുറയെ  ജാതിഭ്രാന്തില്‍ നിന്നും മതഭ്രാന്തില്‍ നിന്നും മുന്നോട്ടു നയിച്ച്‌ അവര്‍ക്ക് ആവശ്യമായ പുരോഗമനാത്മകമായ ഒരു ജനാധിപത്യ ചിന്താ-പ്രവര്‍ത്തന മണ്ഡലങ്ങള്‍ നിര്‍മിക്കുന്നതിനു ആവശ്യമായ ക്രിയാത്മകമായ ഉടച്ചു വാര്‍ക്കലുകള്‍ക്ക് രാഹുല്‍ ഈശ്വര്‍ ഒരു സാധ്യത അല്ല, മറിച്ച് അതിനു തുരങ്കം വെയ്ക്കുന്ന ഒരു ബാധ്യത മാത്രമാണ് എന്ന് മനസിലാക്കാം.

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു ഘോരഘോരം പ്രസംഗിക്കുന്ന രാഹുല്‍ ഈശ്വരന്മാര്‍ ചെയ്യുന്നത് പാരമ്പര്യ സവര്‍ണ ചിന്താഗതികളുടെ പുനഃരുല്‍പ്പാദനം മാത്രമാണ്. വിഷയം സ്ത്രീ പ്രവേശനത്തിലേക്ക് വരുമ്പോള്‍ അതിനുള്ളില്‍ കാണുന്നത് കാലഹരണപ്പെട്ടു തുടങ്ങിയ ആര്‍ത്തവ അശുദ്ധിയുടെ നാറ്റം മാത്രമാണ്. ആര്‍ത്തവം ഉള്ള സ്ത്രീ ശരീരം അശുദ്ധമാണ് എന്ന പഴഞ്ചന്‍ ബ്രാഹ്മണിക്കല്‍ പുരുഷ മേധാവിത്ത അടിച്ചേല്‍പ്പിക്കലില്‍ നിന്നും പുറത്തു കടക്കാന്‍ തീവ്ര സവര്‍ണ ചിന്താബോധം പേറുന്ന വ്യക്തികള്‍ക്ക് ലിംഗഭേദമന്യേ ഒരുപക്ഷേ ബുദ്ധിമുട്ടായിരിക്കും. എങ്കിലും, പുരോഗമനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ മുന്നിട്ടു നില്‍കുന്ന നമ്മുടെ സംസ്ഥാനത്ത് ചുരുക്കം ചിലരെങ്കിലും തങ്ങളുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്ന ഇത്തരം ശുദ്ധി-അശുദ്ധി നിയമങ്ങളും മറ്റും ചോദ്യം ചെയ്യുമ്പോള്‍ അതിന്റെ കാലിക പ്രസക്തി തിരിച്ചറിയേണ്ടതുണ്ട്. വിശിഷ്യാ നമ്മുടെ നീതിപീഠം തന്നെ ഏറെ വര്‍ഷങ്ങള്‍ എടുത്ത് സമഗ്രമായ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കുമ്പോള്‍, അതിന്റെ ചരിത്രപരവും കാലികവുമായ പ്രസക്തിയും വ്യാപ്തിയും അര്‍ഥവും നാം ആഴത്തില്‍ ഗ്രഹിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും കേരളത്തിലെ സ്ത്രീ സമൂഹം അതിലടങ്ങിയിരിക്കുന്ന സാമൂഹ്യ പുരോഗതിയും വ്യക്തി സ്വാതന്ത്ര്യവും അവകാശങ്ങളും തിരിച്ചറിയേണ്ടതും അംഗീകരിക്കേണ്ടതുമുണ്ട്.

സമയം മുന്നോട്ടു പോകുമ്പോള്‍, പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും പേരു പറഞ്ഞ് പോയ നൂറ്റാണ്ടുകളില്‍ നാം എന്തിനു ജീവിക്കണംഈ സമരത്തില്‍ പങ്കെടുത്തു കൊണ്ട്, തങ്ങളുടെ വിശ്വാസങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതിനെ കുറിച്ച് വാഗ്വാദത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍, അതേ പഴഞ്ചന്‍ അടിച്ചേല്‍പ്പിക്കലുകളില്‍ നിന്നും പുറത്തു കടക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവരാണ് എന്ന് മനസിലാക്കേണ്ടി വരും. അയ്യപ്പസ്വാമിയുടെ ബ്രഹ്മചര്യ സംരക്ഷണത്തിന്റെ മറവില്‍ രാഹുല്‍ ഈശ്വരും കൂട്ടരും സ്ത്രീകളില്‍ വീണ്ടും സമര്‍ഥമായി അടിച്ചേല്‍പ്പിക്കുന്നത്, കേവല ആര്‍ത്തവ ദിനങ്ങള്‍ എന്നതിലുപരി സജീവ ആര്‍ത്തവ കാലഘട്ടത്തിലുള്ള സ്ത്രീകളെല്ലാം അശുദ്ധരാണ് എന്ന ഒരു സവര്‍ണ പുരുഷാധിപത്യ സിദ്ധാന്തം തന്നെയാണ്. വിശ്വാസത്തിന്റെ മറവില്‍ അതങ്ങനെ ഒളിഞ്ഞിരിക്കുന്നു എന്നു മാത്രം. അത്തരത്തിലുള്ള ഒരു ആണധികാര താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ വളരെ വിദഗ്ധമായി സ്ത്രീകളെ തന്നെ ഉപകരണങ്ങളാക്കുന്നു എന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ നാമജപ ഘോഷയാത്രകളിലും വാഹന പരിശോധനകളിലും ആത്മഹത്യാ ഭീഷണികളിലും തെളിഞ്ഞു കണ്ട സ്ത്രീ പങ്കാളിത്തം.

വി.ടി ഭട്ടതിരിപ്പാടിനെ പോലുള്ളവര്‍ സമരം ചെയ്തു നേടിയെടുത്ത പല പുരോഗമന സാധ്യതകളില്‍ നിന്നും ഒത്തിരി ദൂരം പുറകോട്ടാണോ രാഹുല്‍ ഈശ്വരിന്റെ സവര്‍ണ ആക്ടിവിസ്റ്റ് സഞ്ചാരപഥം? ദുരാചാരങ്ങളുടെ ക്ലാവു പിടിച്ചു പോയ അറുപഴഞ്ചന്‍ ബ്രാഹ്മണിക്കല്‍ പുരുഷമേധാവിത്ത കീഴ്വഴക്കങ്ങളില്‍ നിന്നും സവര്‍ണ സ്ത്രീകളെ വിദ്യാഭ്യാസത്തിലേക്കും പൊതുസമൂഹത്തിലേക്കും കൊണ്ടുവന്ന അദ്ദേഹത്തിനെ പോലുള്ളവരുടെ പ്രയത്നങ്ങള്‍ക്കു മുന്നില്‍ രാഹുല്‍ ഈശ്വരിന്റെ സവര്‍ണ രാഷ്ട്രീയവും ആക്ടിവിസവുമെല്ലാം നമുക്ക് എന്താണ് കാണിച്ചു തരുന്നത് ? അയാള്‍ പ്രതിനിധീകരിക്കുന്നത് സമാന രീതിയില്‍ അല്ലെങ്കില്‍ അയാള്‍ക്കും മീതെ, വിശ്വാസത്തിന്റെ അല്ലെങ്കില്‍ അതിന്റെ സംരക്ഷണമെന്ന വ്യാജേന നമ്മുടെ രാജ്യത്തിന്റെ പരമോന്നത കോടതി വിധിക്കും നമ്മുടെ ഭരണഘടന അനുവദിച്ചു നല്‍കുന്ന അവകാശങ്ങള്‍ക്കും നേരെ കയ്യൂക്കിന്റെ ധാര്‍ഷ്ട്യം കാണിക്കുന്ന സവര്‍ണ അക്രമികളെയാണ്. അല്ലാതെ സാമൂഹ്യ പുരോഗതിയും ജനാധിപത്യ മര്യാദകളും അവകാശങ്ങളും ലക്ഷ്യം വെച്ചുള്ള നിര്‍ലോഭമായ സാമൂഹ്യ സേവനം ഒന്നുമല്ല എന്നു കൂടി ചിന്തികേണ്ടി വരും.

ബ്രാഹ്മണിസം ശുദ്ധവും സംപൂജ്യവും മഹത്തരവും ആണെന്ന മണ്ടത്തരം നമ്മളില്‍ പലരും ഇന്നും അന്ധമായി വിശ്വസിക്കുന്നു എന്നതാണ് നമ്മുടെ എക്കാലത്തേയും വന്‍പരാജയം. ജാതി വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും കൂടി ചേര്‍ന്ന് സൃഷ്ടിക്കുന്ന ഒരു തരം അധമബോധം, എങ്ങനെയെങ്കിലും ബ്രാഹ്മണ ആചാരങ്ങളോടും വിശ്വാസങ്ങളോടും വിധേയത്വം പ്രാപിക്കാന്‍ ആണ് നമ്മളെ പ്രേരിപ്പിക്കുന്നത്.

ശബരിമലയിലെ അയ്യപ്പപ്രതിഷ്ഠയുടെ ബ്രഹ്മചര്യം സംരക്ഷിക്കപ്പെടേണ്ടത് വിശ്വാസികളുടെ ആവശ്യം ആയിരിക്കാം. വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരിക്കും. പക്ഷേ അന്ധമായ വിശ്വാസത്തിന്‍റെ മറവില്‍ നാം അക്രമങ്ങള്‍ക്കും രാഹുല്‍ ഈശ്വറിനെ പോലുള്ള ചിലരുടെ സങ്കുചിത താല്പര്യങ്ങള്‍ക്കും ചിന്തകള്‍ക്കും അടിമപ്പെടുകയും ഇരയാക്കപ്പെടുകയും, അതിലൂടെ മറ്റു വിശ്വാസികളുടെ സമാധാന പൂര്‍ണമായ ആരാധനകള്‍ക്കും സാമൂഹ്യ സുരക്ഷയ്ക്കും വിഘാതം സൃഷ്ടിക്കുന്നത് അതീവ ഗുരുതരമായ സാമൂഹ്യ അവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. ബ്രാഹ്മണിസം ശുദ്ധവും സംപൂജ്യവും മഹത്തരവും ആണെന്ന മണ്ടത്തരം നമ്മളില്‍ പലരും ഇന്നും അന്ധമായി വിശ്വസിക്കുന്നു എന്നതാണ് നമ്മുടെ എക്കാലത്തേയും വന്‍പരാജയം. ജാതി വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും കൂടി ചേര്‍ന്ന് സൃഷ്ടിക്കുന്ന ഒരു തരം അധമബോധം, എങ്ങനെയെങ്കിലും ബ്രാഹ്മണ ആചാരങ്ങളോടും വിശ്വാസങ്ങളോടും വിധേയത്വം പ്രാപിക്കാന്‍ ആണ് നമ്മളെ പ്രേരിപ്പിക്കുന്നത്. അതിനോടുള്ള ഭയ- ഭക്തി- ബഹുമാന- ആരാധന വികാരങ്ങള്‍ തങ്ങളെ എത്രത്തോളം ഒരു ബ്രാഹ്മണിക്കല്‍ സംവിധാനത്തിന് കീഴില്‍ തളച്ചിടുന്നു എന്ന് പലപ്പോഴും പലരും അറിയാറില്ല. അറിവില്ലായ്മയും വിധേയത്വവും പേറുന്നവര്‍ക്ക് മേല്‍ എറിയപ്പെടുന്ന ചൂണ്ടക്കൊളുത്താണ് പലപ്പോഴും വിശ്വാസത്തെ മുന്‍നിര്‍ത്തിയുള്ള അസത്യ പ്രചാരണങ്ങളും സംഘട്ടനങ്ങളും. ആ ചൂണ്ടക്കൊളുത്തില്‍ വീണു പോകുന്നവരാണ് മുന്നും പിന്നും നോക്കാതെ അക്രമത്തിനും ആത്മഹത്യാ ഭീഷണി മുഴക്കാനും ഇറങ്ങി തിരിക്കുന്നത്.

അഖിൽ വാസുദേവൻ

അഖിൽ വാസുദേവൻ

ബിജിത ഭാമിനി

ബിജിത ഭാമിനി

ഇതുകൂടി പരിഗണിക്കുമ്പോളാണ് ബ്രാഹ്മണിക്കല്‍ അധിനിവേശം അവര്‍ണരെ സംബന്ധിച്ചിടത്തോളം മാത്രമല്ല, മറിച്ചു ഒരു പുരോഗമനാത്മകമായ ജനാധിപത്യ വ്യവസ്ഥക്കും സാമൂഹ്യസുരക്ഷക്കും തന്നെ എത്രത്തോളം ആപല്‍കരമാണ് എന്ന് തെളിയുന്നത്. നമ്മുടെ സാമൂഹ്യപരിഷ്കര്‍ത്താക്കളായ അയ്യന്‍കാളി, ശ്രീ നാരായണ ഗുരു തുടങ്ങിയ മഹാരഥന്മാര്‍ നമുക്കു നേടി തന്ന സ്വാതന്ത്ര്യത്തിന്റെ മേല്‍ കത്തി വെക്കുന്നവരാണ് വിശ്വാസത്തിന്റെ പേരില്‍ അക്രമം കാണിച്ചവരെന്ന് ഒരു ജനാധിപത്യ വ്യവസ്ഥയില്‍ വിശ്വസിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മനസിലാകും.സവര്‍ണ ആരാധനയോടും അതിന്റെ നടത്തിപ്പുകാരോടും ഉള്ള വിധേയത്വത്തിലെ അന്തസാരശൂന്യതയും ചൂഷണവും നാം എന്നാണ് തിരിച്ചറിയുക? ഇന്ത്യയുടെ ചരിത്രം എന്നു പറയുന്നത് ബുദ്ധിസവും ബ്രാഹ്മണ്യവും തമ്മിലുള്ള ധർമ്മയുദ്ധം ആണെന്ന് അംബേഡ്കർ പറഞ്ഞിട്ടുണ്ട്. ആധുനിക ഇന്ത്യയിൽ നിലവിലെ വിരോധാഭാസം ജനാധിപത്യവും ബ്രാഹ്മണ്യവും തമ്മിലാണ്. അതിന്റെ ഏറ്റവും ലളിതമായ കാരണം ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാനം അസമത്വം ആണെന്നുള്ളതാണ്. എല്ലാവര്‍ക്കും സമത്വം ഉറപ്പുവരുത്തുന്ന ഭരണഘടന നിലവിലുള്ള ഈ രാജ്യത്ത് അതിനാൽ തന്നെ ബ്രാഹ്മണ്യത്തിന്ന് പ്രത്യയശാസ്‌ത്രപരമായി സ്ഥാനമില്ല എന്നാണ് മനസിലാക്കേണ്ടത്.

ഈ വിധി വന്നതിനു ശേഷം പല പുരോഗമന കോണുകളിൽ നിന്നും വിധിയെ അനുകൂലിച്ചു കൊണ്ട് ആളുകൾ മുന്നോട്ടു വന്നിട്ടുണ്ട്. എന്നാൽ ആശയപരമായി ഈ വിധിയുടെ അനന്തരസംഭവങ്ങള്‍ പൂർണമായി മനസിലാക്കാൻ സാധിച്ചോ എന്നതൊരു ചോദ്യമാണ്. അതുകൊണ്ടാണ് സമരത്തിനിറങ്ങിയ ദലിത്, ആദിവാസി സ്ത്രീകൾക്കെതിരെ ‘പുരോഗമനപരമായ’ ഇന്‍റർനെറ്റ് ട്രോളുകൾ ഒഴുകിയത്. പ്രത്യക്ഷമായി സമരത്തിൽ ഇറങ്ങിയിരിക്കുന്ന അവര്‍ണ വിഭാഗങ്ങൾ അല്ല, മറിച്ച് അതിനു പിന്നിൽ പ്രവർത്തിക്കുന്ന ആശയമാണ് ചോദ്യം ചെയ്യപ്പെടേണ്ടത് എന്ന് പലരും മറന്നു. സ്ത്രീ പ്രവേശനത്തിനെതിരെയുള്ള പ്രതിരോധത്തിന് പിന്നിലുള്ള പ്രത്യയശാസ്‌ത്രമല്ല, മറിച്ചു ശരീരങ്ങളാണ് ഇവിടെ കൂടുതലും വിമർശന വിധേയമായത്. ഒരുപക്ഷേ ബ്രാഹ്മണ്യത്തിന്റെ ഏറ്റവും വലിയ സവിശേഷതയും ഇതു തന്നെയാണ്.

 

ബിജിത ഭാമിനി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ഗവേഷകയാണ്.

അഖില്‍ വാസുദേവന്‍ മുംബൈയിൽ മാധ്യമപ്രവർത്തകനാണ്. കോതമംഗലം സ്വദേശി.

Top