മുള്‍വഴികള്‍: സാന്‍ഡില്യ ഥൊയര്‍ക്കോഫിന്റെ സൃഷ്ടികള്‍

പലതരം മുള്ളുകളുടെ വിദഗ്ധമായ സമ്മേളനത്തിലൂടെ നാമിന്നുവരെ അവഗണിച്ചുപോന്ന പ്രകൃതിയുടെ നിഗൂഢചാരുതകളെ അവയുടെ യഥാര്‍ഥരൂപത്തില്‍, സത്യസന്ധമായി നമുക്ക് മുന്നില്‍ അവതരിപ്പിക്കുവാനാണ് സാന്‍ഡില്യ ഥൊയര്‍ക്കോഫ് ശ്രമിക്കുന്നത്. പ്രകൃതിയിലെ ജീവജാലങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അനേകം അദൃശ്യബന്ധങ്ങളില്‍ അത്തരം പാര്‍ശ്വവൽകരിക്കപ്പെട്ട വര്‍ഗങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും കൂടിയാണത്. രാം അനന്തരാമൻ എഴുതുന്നു.

മുള്ളുകള്‍. അവ അതിരുകള്‍ നിര്‍വചിക്കുന്നു, പ്രവേശനം നിഷേധിക്കുന്നു, ചുറ്റുപാടില്‍ നിന്ന്‌ ചെടികളെയും മരങ്ങളെയും സംരക്ഷിക്കുക എന്നതാണ് അവയുടെ കര്‍ത്തവ്യം. മൂര്‍ച്ച കൊണ്ടു മാത്രം സുരക്ഷയുടെ സ്വകാര്യ ഇടങ്ങള്‍ തീര്‍ത്ത് ചെടികള്‍ക്ക് ആത്മരക്ഷയ്ക്കുള്ള കവചം നിര്‍മിക്കുകയാണ് അവ ചെയ്യുന്നത്. പൊതുവേ പ്രകൃതിയില്‍ ആരുടെയും കണ്ണില്‍ പെടാതെ ഇലകള്‍ക്കും കൊമ്പുകള്‍ക്കും ഇടയില്‍ മറഞ്ഞിരിക്കുകയാവും ഈ മുള്ളുകള്‍. ഒരു ശല്യമാകുന്നത് വരെ മനുഷ്യര്‍ അവയെ ശ്രദ്ധിക്കുക പോലും ഇല്ല. തടസ്സം സൃഷ്ടിക്കപ്പെടുമ്പോള്‍ എങ്ങനെയെങ്കിലും ഒഴിവാക്കാനായിരിക്കും നമ്മുടെ ശ്രമം. അപ്രകാരം ചെയ്യുന്ന അവസരത്തില്‍ ചിലപ്പോള്‍ ചെറിയ മുറിവുകള്‍ ഉണ്ടാകാം, ഇത്തിരി ചോര പൊടിഞ്ഞെന്നു വരാം, പക്ഷേ അൽപം കഴിയുമ്പോള്‍ അവ നമ്മുടെ മനസില്‍ നിന്ന്‌ മാഞ്ഞിരിക്കും.

മുള്ളുകളുടെ ജീവശാസ്ത്രപരമായ പ്രാധാന്യം നാം ഒരുപക്ഷേ പഠനവിഷയമാക്കിയെന്നു വരാം, പക്ഷേ അതിനുമപ്പുറം അവയെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ആര്‍ക്കാണ് താൽപര്യം ഉണ്ടാവുക? കൂര്‍ത്ത മുനകളാല്‍ നമ്മെ കുത്തി മുറിവേല്പിക്കുന്ന അവയുടെ വന്യമായ സൗന്ദര്യത്തെ ആസ്വദിക്കാനുള്ള സംവേദനക്ഷമത ആരിലാണ് ഉണ്ടായിരിക്കുക?

പ്രകൃതിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചുറ്റിലുമുള്ള സജീവവും നിര്‍ജ്ജീവവുമായ സകലചരാചരങ്ങളെയും നിരീക്ഷിക്കുന്നതില്‍ വര്‍ഷങ്ങള്‍ നീണ്ട കഠിനപരിശീലനം അനുഷ്ഠിക്കുകയും ചെയ്ത ഒരു വ്യക്തിക്ക് മാത്രമേ അത്തരത്തില്‍ ആഴത്തിലുള്ള ജിജ്ഞാസയും ശിശുസഹജമായ കൗതുകവും നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ആ നിരീക്ഷണത്തില്‍ ഒരു വിധത്തിലുള്ള വിവേചനവും ഉണ്ടാവുകയില്ല. ഈ വസ്തുത പൂര്‍ണമായി മനസിലാക്കുകയും അതിന് അനിവാര്യമായ ജാഗ്രതയും കരുതലും സൂക്ഷ്മാവബോധവും നിറഞ്ഞ ജീവിതം നയിച്ചുവരികയും ചെയ്യുന്ന ഒരു യുവകലാകാരനാണ് സാന്‍ഡില്യ ഥൊയര്‍ക്കോഫ് (Sandilya Theuerkauf).

സാന്‍ഡില്യ ഥൊയര്‍ക്കോഫ്

സാന്‍ഡില്യയുടെ അപ്രകാരമുള്ള ദീര്‍ഘകാലത്തെ സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും പരിണിതഫലമായ കലാസൃഷ്ടികളുടെ പ്രദര്‍ശനമാണ് ബെംഗളൂരുവിലെ കിന്‍കിനി ആര്‍ട്ട് ഗാലറിയുടെ ആഭിമുഖ്യത്തില്‍ 2020 ഫെബ്രുവരി 15 മുതല്‍ 20 വരെ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ അരങ്ങേറിയത്. തെക്കേ ഇൻഡ്യയിലെ കുറ്റിക്കാടുകളിലും മുള്‍പ്പടര്‍പ്പുകളിലും നിന്ന്‌ സംഭരിച്ച പല വ്യത്യസ്തതരം മുള്ളുകളും മരക്കഷണങ്ങളും കൊണ്ട് അഞ്ച് വര്‍ഷത്തിലേറെക്കാലം സമയമെടുത്ത് നിര്‍മിച്ച, വലുതും ചെറുതും വലുപ്പമുള്ള പതിനെട്ട് അത്യപൂര്‍വ സൃഷ്ടികളാണ് എ ട്രയൽ ഓഫ് തോർണ്സ് എന്ന പേരിലുള്ള പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചിരുന്നത്. കല്ലന്‍മുള (Dendrocalamus Strictus), കാട്ടീന്തല്‍ (Phoenix Sylvestris), കരിവേലം (Acacia Nilotica) തുടങ്ങിയ പലതരം കുറ്റിച്ചെടികളില്‍ നിന്നും വൃക്ഷങ്ങളില്‍ നിന്നും ശേഖരിച്ച മുള്ളുകള്‍ കൊണ്ടാണ് അവ നിര്‍മിച്ചിട്ടുള്ളത്.

നമ്മുടെ കണ്‍മുന്നില്‍ തന്നെ അദൃശ്യമായി നിലകൊള്ളുന്ന മുള്ളുകള്‍ പലതിനെയും ബിംബവൽകരിക്കുന്നുണ്ട്. ഒരു രീതിയില്‍ നമ്മുടെ സമൂഹത്തിലെ തിരസ്കൃതവര്‍ഗത്തെ മുഴുവനും അവ പ്രതിനിധീകരിക്കുന്നതായി സങ്കല്‍പിക്കാം. അപ്രകാരം അരികുകളില്‍ അകറ്റിനിറുത്തപ്പെടുന്ന മനുഷ്യരുള്‍പടെയുള്ള പ്രകൃതിയിലെ സര്‍വ്വചരാചരങ്ങളുടെയും സൗന്ദര്യത്തിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധയെ ആകര്‍ഷിക്കുക എന്ന ദൗത്യമാണ് ഈ കലാസൃഷ്ടികള്‍ ഏറ്റെടുക്കുന്നത്.

പ്രകൃതിയിലെ ജീവജാലങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അനേകം അദൃശ്യബന്ധങ്ങളില്‍ അത്തരം പാര്‍ശ്വവൽകരിക്കപ്പെട്ട വര്‍ഗങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും കൂടിയാണത്. പലതരം മുള്ളുകളുടെ വിദഗ്ധമായ സമ്മേളനത്തിലൂടെ നാമിന്നുവരെ അവഗണിച്ചുപോന്ന പ്രകൃതിയുടെ നിഗൂഢചാരുതകളെ അവയുടെ യഥാര്‍ഥരൂപത്തില്‍, സത്യസന്ധമായി നമുക്ക് മുന്നില്‍ അവതരിപ്പിക്കുവാനാണ് സാന്‍ഡില്യ ശ്രമിക്കുന്നത്. കൈകള്‍ കോര്‍ത്തിണക്കിയും വൃത്തത്തില്‍ നൃത്തം ചവുട്ടിയുമൊക്കെ ഈ ആദിമരൂപങ്ങള്‍ ഒരുക്കുന്ന ദൃശ്യസംഗമം കാണികളെ അത്ഭുതപ്പെടുത്തുന്നതോടൊപ്പം നിലവിലുള്ള നമ്മുടെ വ്യവസ്ഥാപിത ലാവണ്യബോധത്തെ ചോദ്യം ചെയ്യുകയും ഒരു പരിധിവരെ കീഴ്മേല്‍ മറിക്കുകയും ചെയ്യുന്നു. മുള്ളുകളുടെ ഭാഷയിലൂടെ സ്ഥലത്തിന്റെയും കാലത്തിന്റെയും, പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും കഥകള്‍ പറഞ്ഞുകൊണ്ട് സാന്‍ഡില്യ നമ്മെ മെല്ലെ പ്രകൃതിയിലെ കാണാത്ത ഇടങ്ങളിലേക്ക് നയിച്ചുകൊണ്ട് പോവുകയാണ്. അതിനുള്ളില്‍ നിന്നുകൊണ്ട് നമ്മുടെ ദൈനംദിന അനുഭവങ്ങള്‍ക്ക് പുറത്തുള്ള തികച്ചും അപരിചിതമായ കാഴ്ചകള്‍ കാട്ടിത്തരുന്നു, അതോടൊപ്പം മനുഷ്യനും പ്രകൃതിയും തമ്മില്‍ ഉണ്ടായിരിക്കേണ്ട പാരസ്പര്യത്തെക്കുറിച്ച് കൂടുതല്‍ വിശാലമായ പരിപ്രേക്ഷ്യങ്ങള്‍ മുന്നോട്ടു വയ്ക്കുകയും അവയുമായി ഇടവിടാതുള്ള സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ ക്ഷണിക്കുകയും ചെയ്യുന്നു. 

ഈ കലാസൃഷ്ടികള്‍ക്കൊപ്പം, മാനുഷ് ജോണ്‍ എന്ന യുവസംവിധായകന്റെ എ ട്രയൽ ഓഫ് തോർണ്സ്  എന്ന പേരില്‍ തന്നെയുള്ള ഒരു ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനവും ഗാലറിയില്‍ നടന്നിരുന്നു. മുള്ളുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള തന്റെ സൃഷ്ടികള്‍ക്ക് പിന്നിലെ പ്രചോദനത്തെക്കുറിച്ചും അവയുടെ നിര്‍മാണപ്രക്രിയയുടെ വിശദാംശങ്ങളെക്കുറിച്ചും സാന്‍ഡില്യ നല്‍കുന്ന ദീര്‍ഘമായ വിവരണത്തോടൊപ്പം അവയുടെ സാക്ഷാൽക്കാരത്തിന്റെ വിവിധ ഘട്ടങ്ങളുടെ മനോഹരമായ രംഗാവതരണവും ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഡോക്യൂമെന്ററി കലാകാരന്റെ താത്വികമായ സൂക്ഷ്മാന്വേഷണങ്ങളിലേക്കും ധ്യാനാത്മകമായ തിരിച്ചറിവുകളിലേക്കും വെളിച്ചം വീശുന്നുണ്ട്.

പ്രദർശനത്തിൽ നിന്ന്

മഴക്കാടുകളും അരുവികളും വന്യമൃഗങ്ങളും നിറഞ്ഞ വയനാട്ടിലെ ഒരുള്‍ഗ്രാമത്തിലാണ് സാന്‍ഡില്യ തന്റെ ബാല്യം ചിലവിട്ടത്, ആ ലോകത്തില്‍ നിന്നുതന്നെയാണ് അയാള്‍ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും സൃഷ്ടികള്‍ക്കുള്ള പ്രേരണകളും രൂപപ്പെടുത്തിയിട്ടുള്ളത്. “കുട്ടിക്കാലം മുതല്‍ക്ക് തന്നെ ഇതാണ് കല എന്ന് സ്വയം തിരിച്ചറിഞ്ഞ തരത്തിലുള്ള കാര്യങ്ങളാണ് ഞാന്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. എനിക്കു ചുറ്റും സമൃദ്ധമായി നിറഞ്ഞു നില്‍ക്കുന്ന ഭൂപ്രകൃതിയില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ച് എന്തെങ്കിലും ചെയ്യണം എന്ന ഉള്‍പ്രേരണ എന്നില്‍ എന്നും ഉണ്ടായിരുന്നു – കല്ല്‌, മണ്ണ്, മരം, മുളക്കമ്പുകള്‍, ജലം, പൂക്കള്‍, തൂവലുകള്‍ തുടങ്ങി എന്തുമാകാം അത്. ഞാന്‍ അധിവസിക്കുന്ന ഭൂമിയുമായി എന്റെ മുഴുവന്‍ ശരീരവും ഉപയോഗപ്പെടുത്തിക്കൊണ്ട് ഇടപെടുമ്പോഴാണ് എനിക്ക് സംതൃപ്തി ലഭിക്കുന്നത്. പല ദൂരങ്ങള്‍ നടന്നും, കുന്നുകളും പാറകളും മരങ്ങളുമൊക്കെ കയറിയുമിറങ്ങിയും പുഴകള്‍ നീന്തിയും ചുറ്റുമുള്ള കാഴ്ചകളും ശബ്ദങ്ങളും കണ്ടും കേട്ടുമൊക്കെ എന്റെ കൈകള്‍ കൊണ്ട് എന്തെങ്കിലും സൃഷ്ടിച്ചുകൊണ്ടിരിക്കുക എന്നതിലാണ് ഞാന്‍ ആനന്ദം കണ്ടെത്തുന്നത്. അറിവു നേടാനായി ഞാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളാണ് അവയെല്ലാം. ആ രീതിയില്‍ ഞാന്‍ നേടുന്ന അറിവ്, എന്റെ ശരീരത്തെ ഞാന്‍ ജീവിച്ച സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന ശാശ്വതമായ ഓര്‍മ്മകളാണ്. അത് എന്നോടൊപ്പം എന്നുമുണ്ടാകമെന്ന് ഞാന്‍ വിശ്വസിക്കുന്നു.”

ബെംഗളൂരുവിന് സമീപം പ്രവര്‍ത്തിച്ചുവരുന്ന സെന്റര്‍ ഫോര്‍ ലേണിംഗ് (CFL) എന്ന അനൗപചാരിക വിദ്യാലയത്തില്‍ കുട്ടികളുടെ പ്രകൃതിപഠന പരിപാടിക്ക് നേതൃത്വം നല്‍കുകയാണ് സാന്‍ഡില്യ ഇപ്പോള്‍. ഈ കലാകാരനെ സംബന്ധിച്ചിടത്തോളം സൃഷ്ടിയുടെ ഒരു സുപ്രധാന ഘട്ടം അതിനാവശ്യമായ മുള്ളുകള്‍ ശേഖരിക്കുക എന്നതായിരുന്നു. ശേഖരണത്തിന്റെ ഭാഗമായി പല സ്ഥലരാശികളിലൂടെ നടന്നു സഞ്ചരിക്കുവാനും അവിടുത്തെ ഭൂമിയോട് ചേര്‍ന്ന്‌ വളരുന്ന പലതരം ചെടികളെയും വൃക്ഷങ്ങളെയും സമഗ്രമായി പഠിക്കുവാനുമുള്ള അവസരം സാന്‍ഡില്യക്ക് ലഭിച്ചു. ആദ്യവീക്ഷണം കൂടുതല്‍ സൂക്ഷ്മമായ നിരീക്ഷണത്തിലേക്ക് നയിക്കും, പിന്നീട് അതൊരു തുടര്‍ച്ചയായി മാറും. അപ്പോള്‍ നാം എന്നും കാണുന്ന പ്രകൃതി നമുക്ക് മുന്നില്‍ പുതിയ വാതിലുകള്‍ തുറന്നിടും, അതിനുള്ളില്‍ മറഞ്ഞിരിക്കുന്ന അനേകം കഥകള്‍ അനാവൃതമാകും. 

ഹ്രസ്വചിത്രത്തിന്റെ സംവിധായകനായ മാനുഷ് ജോണിന്റെ വാക്കുകളില്‍: “ഈ സൃഷ്ടികള്‍ക്ക് നമ്മെ തെറ്റിദ്ധരിപ്പിക്കാന്‍ പോന്ന വിധത്തിലുള്ള ഒരു ലാളിത്യമുണ്ട്‌, എന്നെ സംബന്ധിച്ചിടത്തോളം അതിലാണ് അവയുടെ സങ്കീര്‍ണമായ വശ്യത നിലകൊള്ളുന്നത്. പരിചിതമായ ജ്യാമിതീയ മാതൃകകള്‍ക്കും മുള്ളുകള്‍ കൊണ്ട് അവ നെയ്തെടുക്കുന്നതിനിടയില്‍ ചിന്തപ്പെട്ട ചോരയ്ക്കുമുപരിയായി എന്റെ ശ്രദ്ധയെ ആകര്‍ഷിക്കുന്നത് ഈ സൃഷ്ടികള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന ആ അന്വേഷണത്വരയാണ്. കൂടുതല്‍ നിരീക്ഷിക്കുംതോറും ഈ മരപ്പലകളില്‍ പുതിയ ലോകങ്ങള്‍ തെളിഞ്ഞുവരുന്നത് കാണാം. പ്രകൃതിയില്‍ നിന്ന്‌ കലാകാരന്‍ ഉള്‍ക്കൊള്ളുന്ന ഡിസൈന്‍ ആശയങ്ങളും അയാളുടെ സ്വന്തം സൗന്ദര്യശാസ്ത്ര പരീക്ഷണങ്ങളും തമ്മിലുള്ള ഒരു കൊടുക്കല്‍ വാങ്ങലായാണ് ഞാന്‍ ഈ സൃഷ്ടികളെ വീക്ഷിക്കുന്നത്. കാലങ്ങളായി നിലനില്‍ക്കുന്ന ഭാവുകത്വങ്ങളുടെയും മുന്‍വിധികളുടെയും ബാദ്ധ്യതകളില്‍ നിന്ന്‌ അവ തികച്ചും സ്വതന്ത്രമാകുന്നത് അങ്ങനെയാണ്. തന്റെ സ്വന്തം നേരനുഭവങ്ങളോടാണ് അയാള്‍ വ്യവഹരിക്കുന്നത്. പ്രശസ്ത ബ്രിട്ടീഷ് ശില്പി ആന്റണി ഗോംലെ (Antony Gormley) പറയുന്നത് പോലെ, “നിങ്ങള്‍ വെറുതെ ഒരിടത്തിരുന്ന് സ്വന്തം സജീവാവസ്ഥയില്‍ ശ്രദ്ധ അര്‍പ്പിച്ചാല്‍ മാത്രം മതി, നിങ്ങള്‍ക്ക് സത്യത്തെ കണ്ടെത്താനാകും.” തനിക്ക് ചുറ്റിലുമുള്ള എല്ലാറ്റിനെയും അതേപടി അംഗീകരിക്കുകയും അതിനോട് സത്യസന്ധമായി എങ്ങനെ പ്രതികരിക്കാനാകും എന്ന്‌ അന്വേഷിക്കുകയും ചെയ്യുന്നതിന്റെ അനന്തരഫലമായി ഈ സൃഷ്ടികളെ ഞാന്‍ വിലയിരുത്തുന്നു.”

മറ്റൊരു തലത്തില്‍ നിന്ന്‌ നോക്കുമ്പോള്‍, പരിസ്ഥിതിയുടെ രാഷ്ട്രീയവുമായും ഈ കലാസൃഷ്ടികള്‍ക്ക് വളരെ അടുത്ത ബന്ധമുണ്ടെന്ന് കാണാം. ആധുനിക വികസനസങ്കല്പങ്ങളും സാങ്കേതിക പുരോഗതിയും പ്രകൃതിക്കും ജീവരാശിക്കും മീതെ നടത്തുന്ന അന്ധവും അത്യന്തം വിനാശകരവുമായ ചൂഷണത്തിനും കയ്യേറ്റങ്ങള്‍ക്കും എതിരെ ഭൂമി എങ്ങനെയൊക്കെ പ്രതിരോധിക്കുന്നു എന്നതിന്റെ ദൃശ്യവൽക്കരണമായി മുള്ളുകള്‍ കൊണ്ടുള്ള ഈ സൃഷ്ടികളെ അടയാളപ്പെടുത്താം.

മനുഷ്യനും പ്രകൃതിയും തമ്മില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന അകല്‍ച്ചയെക്കുറിച്ചുള്ള കലാകാരന്റെ ആശങ്കയും അവയിലൂടെ പ്രതിഫലിക്കുന്നു. നാം യഥാര്‍ഥത്തില്‍ ഈ ഭൂമിയുടെ ഭാഗമാണെന്നും, നാം വസിക്കുന്ന ഭൂപ്രദേശത്തെയും അവിടെയുള്ള സകല ജീവജാലങ്ങളെയും  കരുതലോടെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും, അതിനുള്ള ബോധപൂര്‍വമായ ശ്രമം നമ്മുടെ ഭാഗത്ത് നിന്ന്‌ ഉണ്ടാകണമെന്നുമൊക്കെ ഈ രചനകള്‍ നമ്മോട് നിശ്ശബ്ദമായി പറയാന്‍ ശ്രമിക്കുന്നുണ്ട്.

സാന്‍ഡില്യ ഇപ്രകാരം പറഞ്ഞു നിറുത്തുന്നു: “ഈ സൃഷ്ടികള്‍ മനോഹരമായ നമ്മുടെ പ്രകൃതിയുടെ സൗന്ദര്യത്തിലേക്ക് ഒരു എത്തിനോട്ടം മാത്രമാണ്. അതിന്റെയുള്ളില്‍ ഉണര്‍ന്നു പ്രസരിക്കുന്ന ജീവന്റെ മധ്യത്തില്‍ നില്‍ക്കുമ്പോള്‍ ആ സൗന്ദര്യത്തിനു കീഴ്പെടാതിരിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ആ അനുഭവത്തിലൂടെ നിങ്ങളും നമ്മുടെ ഭൂമിയെ അതിന്റെ സമഗ്രസൗന്ദര്യത്തില്‍ ദര്‍ശിച്ചു തുടങ്ങും, അതിനെ സംരക്ഷിക്കാനും ആഘോഷിക്കാനും തയ്യാറാകും. ഗാലറിയുടെ വെള്ളച്ചുമരുകള്‍ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന നമ്മുടെ ഭൂമിയുടെ വശ്യഭംഗിയിലേക്കുള്ള എന്റെ വിനീതമായ ക്ഷണമായി ഈ സൃഷ്ടികളെ കരുതുക.”

 

ചിത്രങ്ങൾക്ക് കടപ്പാട്: മാനുഷ് ജോണ്‍

Top