ആദിവാസികളും തിരഞ്ഞെടുപ്പ് കമ്മ്യൂണിസവും

ഒരു സംസ്ഥാനത്തിന്‍റെ രാഷ്ട്രീയ ഭൂമികയില്‍ ഒരു സമൂഹത്തിന് അവരെ അടയാളപ്പെടുത്തുവാന്‍ ഒരു രീതിശാസ്ത്രം തടസ്സമാണെങ്കില്‍ അതൊരു സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നമാണ്. കേരളത്തിലെ ആദിവാസികൾ നേരിടുന്ന ഈ പ്രശ്നത്തെ സവിശേഷമായി വിശകലനം ചെയ്യുന്ന പുസ്തകമാണ് ലൂസിയ സ്റ്റെയറിന്റെ ‘Indigenist Mobilization: Confronting Electoral Communism and Precarious Livelihoods in Post-Reform Kerala’. പുസ്തകത്തെ കുറിച്ച് രാജേഷ് കോമത്ത് എഴുതുന്നു.

കേരളത്തിന്‍റെ സാമൂഹിക വിശകലനത്തില്‍ വര്‍ഗ സിദ്ധാന്തത്തിനുള്ള പങ്ക് ചെറുതല്ല. കേരളം  സംസ്ഥാനമായി രൂപവത്കരിപ്പെട്ടതിനു ശേഷം കേരളത്തിന്റെ ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്യപ്പെട്ടത് വര്‍ഗ വീക്ഷണത്തിലൂടെയായിരുന്നു. കേരളത്തിനു മാര്‍ക്സിസ്റ്റ് ചരിത്രവും മാര്‍ക്സിസത്തിന്‍റെ സങ്കല്‍പ്പനങ്ങള്‍ ഉപയോഗിച്ചു വികലനം ചെയ്യുന്ന വര്‍ത്തമാനവും നിര്‍മിക്കുന്നതില്‍ ഇഎംഎസ് വിജയിച്ചു. അദ്ദേഹം ഒരു പ്രൊഫഷണല്‍ ചരിത്രകാരനല്ലെങ്കിലും അക്കാദമിക പണ്ഡിതന്മാരും ചരിത്ര രചയിതാക്കളും, പില്‍ക്കാലങ്ങളില്‍ അദ്ദേഹത്തിന്‍റെ പാത പിന്‍പറ്റിയുള്ള വിശകലനങ്ങള്‍ വിപുലപ്പെടുത്തുകയാണു  ചെയ്തത്. ചട്ടമ്പിസ്വാമികളെയും പി.കെ.ബാലകൃഷ്ണനെയും പോലുള്ളവരുടെ ചരിത്രഭാഷ്യം കണ്ടില്ലെന്നു നടിക്കാനും ഈ മാര്‍ക്സിസ്റ്റ് വിശകലനം അവരെ സഹായിച്ചു.

കേരളീയര്‍ക്കു തീര്‍ത്തും അന്യമായിരുന്ന വര്‍ഗസിദ്ധാന്തം മലയാളി മനസ്സിനെ ഹരം പിടിപ്പിച്ചതെങ്ങനെയാണെന്നത് അന്വേഷിക്കേണ്ടുന്ന വിഷയമാണ്. എന്നാല്‍, കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രം വിവരിക്കുകയല്ല ഈ കുറുപ്പിന്റെ ഉദ്ദേശ്യം. തൊഴില്‍ രൂപങ്ങളുടെ വളര്‍ച്ചയിലൂടെ വ്യത്യസ്ത തൊഴില്‍ക്കൂട്ടങ്ങള്‍ ഉണ്ടായി വരുന്നെന്നും അങ്ങനെ വളര്‍ന്നുവന്ന തൊഴില്‍ക്കൂട്ടങ്ങള്‍,  തൊഴില്‍ ചെയ്യിപ്പിക്കുന്നവര്‍ അധ്വാനത്തെയാണു ചൂഷണം ചെയ്യുന്നതെന്നും മനസ്സിലാക്കുന്നിടത്താണ് രണ്ടു സാമൂഹിക വര്‍ഗങ്ങള്‍ ഉണ്ടാകുന്നത്. അതായത്, ഉള്ളവനും ഇല്ലാത്തവനും അല്ലെങ്കില്‍ മുതലാളിയും തൊഴിലാളിയും എന്ന വർഗങ്ങൾ. ഈ ബന്ധമാണ് സാമൂഹിക ബന്ധമായി രൂപപ്പെടുന്നതെന്നും ഇതാണു സമൂഹത്തിന്‍റെ ഘടനയെ നിര്‍മിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതെന്നും മാര്‍ക്സിസം നമ്മെ പഠിപ്പിച്ചു. തീര്‍ത്തും സാമ്പത്തിക രൂപങ്ങളെ മാത്രമേ വിശകലനത്തിനായി മാര്‍ക്സിസം ഉപദാനങ്ങളായി സ്വീകരിക്കുന്നുള്ളൂ. ഈ വിശകലനത്തില്‍, തൊഴിലാളികള്‍ക്കിടയിലെ ജാതി വിവേചനങ്ങളോ മത വിവേചനങ്ങളോ പ്രാദേശിക വിവേചനങ്ങളോ ലിംഗവിവേചനങ്ങളോ അത്ര പ്രസക്തമല്ല. ആദിവാസികളുടെ ഗോത്രജീവിത രീതികളും ആചാരങ്ങളും പാരമ്പര്യങ്ങളും ഒക്കെ ഈ വിശകലനത്തിനു പുറത്താണ്. അതുകൊണ്ട് സാമ്പത്തികേതര സങ്കേതങ്ങളായ ജാതി, ഗോത്രം, ആദിവാസി, സ്ത്രീ, പുരുഷന്‍, ഭാഷ, പാരമ്പര്യം എന്നിവ പരിഗണിക്കപ്പെടാതെ പോയി. അതൊരു രീതിശാസ്ത്ര പ്രശ്നമാണെങ്കിലും മാറ്റി നിര്‍ത്തപ്പെടുക എന്നത് ആദിവാസികളുടെയും ദലിതരുടെയും സ്ത്രീകളടെയും ഭിന്നലിംഗക്കാരുടെയും നിത്യജീവിതത്തില്‍ നിലനില്‍ക്കുന്നതായതിനാല്‍ അവര്‍ക്കിതൊരു പുതിയ പ്രതിസന്ധിയല്ല. എന്നാല്‍, ഒരു സംസ്ഥാനത്തിന്‍റെ രാഷ്ട്രീയ ഭൂമികയില്‍ ഒരു സമൂഹത്തിന് അവരെ അടയാളപ്പെടുത്തുവാന്‍ ഒരു രീതിശാസ്ത്രം തടസ്സമാണെങ്കില്‍ അതൊരു സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നമാണ്. ഈ പ്രശ്നത്തെ സവിശേഷമായി വിശകലനം ചെയ്യുന്ന പുസ്തകമാണ് ‘Indigenist Mobilization: Confronting Electoral Communism and Precarious Livelihoods in Post-Reform Kerala’. ഈ ഗ്രന്ഥത്തിന്‍റെ രചയിതാവ് ലൂസിയ സ്റ്റെയര്‍ ആണ്. ഗ്രന്ഥത്തിന്‍റെ  പ്രസാധകര്‍ ഓറിയന്‍റ് ബ്ലാക്സ്വാനാണ് (2017).

 

കേരളത്തില്‍ ആദിവാസി ഗോത്ര പ്രസ്ഥാനം രൂപം കൊള്ളാനുള്ള കാരണമെന്താണ്? എന്തു കൊണ്ടായിരിക്കാം ആദ്യകാല കമ്മ്യൂണിസ്റ്റ്– സിപിഐ(എം), സി.പിഐ(എംഎല്‍) പ്രവര്‍ത്തകര്‍ വര്‍ഗവിശകലന വീക്ഷണ സിദ്ധാന്തത്തില്‍ നിന്ന് തൻമയും സംസ്കാരവും ഉയര്‍ത്തിപ്പിടിക്കുന്ന ആദിവാസി ഗോത്ര രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലേക്കു പോയത്? എന്തുകൊണ്ടാണ് സി.പി.എം. പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ആദിവാസി പ്രശ്നം ഗൗരവമായി പരിഹരിക്കാന്‍ കഴിയാത്തത്? മറിച്ച് എന്തുകൊണ്ടാണ് സി.പി.എം. ആദിവാസി ഗോത്ര പ്രസ്ഥാനത്തിന്‍റെ മുഖ്യശത്രുക്കളായി വരുന്നത്? ഈ രാഷ്ട്രീയ വേര്‍തിരിവ് ആദിവാസികളുടെ ജീവിതം ദുഃസ്സഹമാക്കുന്നതെങ്ങനെ? ഇത്തരം താത്വിക ചോദ്യങ്ങള്‍ക്കുള്ള വിശദീകരണം ആദിവാസികളുടെ വാക്കുകളില്‍ തന്നെ ഈ പുസ്തകത്തില്‍ വിശകലനം ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ രണ്ടു പ്രധാന ചോദ്യമാണ് ഇവിടെ ഗ്രന്ഥകാരി ചോദിക്കുന്നത്: ആരാണ് ആദിവാസി? ആദിവാസിയായിരിക്കുക എന്നതിന്‍റെ പ്രസക്തി എന്താണ്?

തങ്ങളുടെ ആദിവാസി അവസ്ഥ/ തന്‍മ പുത്തന്‍ കമ്പോളത്തിന്‍റെ വരവിലൂടെ ഇല്ലാതായിപ്പോകുന്നു എങ്കില്‍ ആ ജനതയെ ആദിവാസി എന്ന് മുതലാളിത്ത കാലത്ത് നമുക്കു വിശേഷിപ്പിക്കാം. ആദിവാസി മേഖലയില്‍ പുതിയ തരത്തിലുള്ള ഉല്‍ഖനനവും ക്വാറികളുടെ പ്രവര്‍ത്തനവും ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്നു പറിച്ചു പുറത്തേക്കെറിയുന്നുണ്ട്. അത്തരം ആളുകളാണോ ആദിവാസികള്‍? ആഗോള കമ്പോള വികാസത്തിന്‍റെ ഭാഗമായി മുന്നോട്ടുവരുന്ന ഇത്തരം സാമ്പത്തിക സംരംഭങ്ങള്‍ ആദിവാസികളെ ഒന്നുമല്ലാത്തവരാക്കി മാറ്റുന്നുണ്ട്. ഇതിനെ ‘accumcation of dispossesion’ എന്നു പറയാറുണ്ട്. പുതിയ ഡാമുകള്‍ നിര്‍മ്മിക്കുമ്പോള്‍, ഖനനങ്ങള്‍ നടത്തുമ്പോള്‍ ആദിവാസികളെ അവിടെനിന്ന് മൂലധനശക്തികള്‍ പാടേ പറിച്ചെറിയുന്നു. അങ്ങനെ ഇല്ലാതാക്കപ്പെടുന്ന വിഭാഗത്തെ ആദിവാസി എന്നു വിളിക്കാന്‍ പറ്റുമോ? ഏതായാലും അത്തരത്തിലുള്ള സംജ്ഞയല്ല കേരളത്തിലെ ആദിവാസികള്‍.

കൊളോണിയല്‍ കാലത്തെ നരവംശ ശാസ്ത്രജ്ഞരുടെയും ഭരണകര്‍ത്താക്കളുടെയും ഭാഷ്യത്തില്‍ ആദിവാസികൾ ‘ചുണ്ടു തടിച്ചവരും കുറിയവരും ചുരുണ്ട മുടിയുള്ളവരുമായ’ മനുഷ്യരാണ്. ഇത്തരം എഴുത്തുകള്‍ ആദിവാസികളെ പറ്റിയുള്ള സാമാന്യ ചിത്രം നല്‍കുകയുണ്ടായി. ആദിവാസി എന്നത് ഒരു പൗരനാണോ പൗരയാണോ എന്നൊന്നും നമ്മുടെ ചര്‍ച്ചകളില്‍ വരാറില്ല.

ആദിവാസികളെ നമ്മുടെ സാംസ്കാരിക അപരന്‍മാരായാണ് (Other) നാം കാണുന്നത്. ‘കേരളത്തിലെ ആഫ്രിക്ക’ തുടങ്ങിയ പ്രയോഗങ്ങള്‍ ഇത്തരം മനസ്സിലാക്കലിന്‍റെ ഭാഗമാണ്. എന്നാല്‍ എന്താണ്  ആദിവാസികളെ സാംസ്കാരികമായി മാറ്റി നിര്‍ത്തുന്ന ഘടകങ്ങളെന്നോ അതിലൂടെ ആദിവാസി ആരാണെന്നോ മനസ്സിലാക്കാനുള്ള ശ്രമമൊന്നും നമുക്കിടയില്‍ നടന്നിട്ടില്ല. എന്തായാലും ആദിവാസികളെ ‘തൊഴിലാളികളായി’ മാത്രം കാണാന്‍ പറ്റില്ലെന്ന കാര്യം ഏറെക്കുറെ നാം മനസ്സിലാക്കിതുടങ്ങിയിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥിതിയിലോ മറ്റേതെങ്കിലും വ്യവസ്ഥിതിയിലോ പോലും ആദിവാസികള്‍ക്ക്‌ അവരുടേതായ പാരമ്പര്യത്തിലും മൂപ്പന്‍ കൈയാളുന്ന അധികാര ഘടനയിലും നിലനില്‍ക്കുന്ന സാംസ്കാരിക ഭൂമി ശാസ്ത്രവും സംസ്കാരവും ഉണ്ടെന്ന് ആദിവാസികള്‍ തന്നെ പറഞ്ഞു തുടങ്ങിയപ്പോള്‍ കേരള പൊതു സമൂഹം ആദിവാസി എന്ന തന്‍മ/ സ്വത്വത്തെക്കുറിച്ചും അതുയര്‍ത്തുന്ന രാഷ്ട്രീയത്തെക്കുറിച്ചും ചിന്തിക്കാനിടവന്നു. അങ്ങനെ ആദിവാസി പ്രശ്നം രാഷ്ട്രീയ പ്രശ്നമായി മാറിയത് ഈ അടുത്ത കാലത്താണ്. അതുവരെ അവരുടെ പ്രശ്നങ്ങള്‍– ഭൂമിയില്ലായ്മ, തൊഴിലില്ലായ്മ, പാര്‍പ്പിടം, ദൈനംദിന ജീവിതം, ദാരിദ്ര്യം, വിവാഹിതരല്ലാത്ത അമ്മമാര്‍, അവരുടെ കുട്ടികള്‍, വിദ്യാഭ്യാസം എന്നിവയൊക്കെ പരിഹരിക്കാനുള്ള ഇടപെടലുകള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ രക്ഷാകര്‍തൃത്വ സമീപനത്തോടെയാണു കണ്ടത്. മാര്‍ക്സിസ്റ്റ് പ്രത്യയ ശാസ്ത്രത്തില്‍ നിന്ന് (വര്‍ഗ വീക്ഷണത്തില്‍ നിന്ന്) ആദിവാസികള്‍ ‘ആദിവാസിഗോത്ര പ്രസ്ഥാനത്തിലേക്കു’ മാറി തങ്ങളുടെ ജീവിതത്തെ സ്വയം നോക്കിക്കാണാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെട്ടു പോയത് എല്ലാ പ്രശ്നങ്ങള്‍ക്കും ഒറ്റമൂലിയായി കണ്ടിരുന്ന വര്‍ഗസിദ്ധാന്തത്തിലൂന്നിയ പ്രത്യയശാസ്ത്രമാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ആദിവാസി ഗോത്രപ്രസ്ഥാനത്തിന്‍റെ മുഖ്യശത്രുക്കളായി സിപിഐ(എം) പോലുള്ള സംഘടനകള്‍ പരിണമിച്ചു.

സി.കെ.ജാനു

ആദിവാസി ഗോത്രമഹാസഭയുടെ മുന്‍നിര പ്രവര്‍ത്തകയായിരുന്ന സി.കെ.ജാനുവിന്‍റെ ജീവിതചരിത്രം ആദിവാസികള്‍ എന്തുകൊണ്ടു വര്‍ഗാടിസ്ഥാനത്തിലുള്ള സംഘടനാ സംവിധാനത്തില്‍നിന്നു ഗോത്രസംസ്കൃതിയുണര്‍ത്തുന്ന പ്രസ്ഥാനത്തിലേയ്ക്ക് അണിചേര്‍ന്നുവെന്നു വരച്ചു കാട്ടുന്നു. സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകയായിരുന്നു ജാനു. പാർട്ടിയുടെ പരിമിതികള്‍ മനസ്സിലാക്കിയും ആദിവാസികളെ തങ്ങളുടെ വോട്ടു മാത്രമായി കാണുന്ന ചൂഷണ രൂപത്തെ തിരിച്ചറിഞ്ഞു കൊണ്ട് ഗോത്ര സംസ്കൃതിയിലൂന്നിയ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കുകയും ചെയ്തു. ഞാന്‍ ‘അടിയനാണ്’, ‘പണിയനാണ്, ‘കാട്ടുനായ്ക്കനാണ്’ ആണ് എന്നൊക്കെ പറഞ്ഞിരുന്ന ആദിവാസി വിഭാഗങ്ങള്‍ ഞാന്‍ ആദിവാസിയാണെന്നു അഭിമാനത്തോടെ പറയുന്ന രാഷ്ട്രീയം നിര്‍മിക്കാന്‍ ആദിവാസി ഗോത്രമഹാസഭയ്ക്കു കഴിഞ്ഞു. ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങള്‍ പൂര്‍ണമായും വിജയിച്ചുവെന്നു പറയാന്‍ കഴിയില്ലെങ്കിലും ആദിവാസി എന്ന രാഷ്ട്രീയ സങ്കല്‍പ്പം കേരളത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ പ്രസ്ഥാനത്തിനു കഴിഞ്ഞത് ചെറിയ കാര്യമല്ല.

ആദിവാസി സമൂഹത്തെ വെറും തൊഴില്‍ക്കൂട്ടമായി കണ്ടാല്‍പ്പോലും അവരുടെ പ്രധാന പ്രശ്നങ്ങളായി ഭൂമി, തൊഴിലില്ലായ്മ, വിദ്യാഭ്യാസം എന്നിവ പരിഹരിക്കാന്‍ ഇടതു- വലതു ഭരണകൂടങ്ങള്‍ക്കു കഴിഞ്ഞില്ലയെന്നത് ഭരണകൂടത്തിന്‍റെ സ്വഭാവം എന്നും ആദിവാസി വിരുദ്ധമായതുകൊണ്ടാണ്. ആദിവാസികളെ ചൂഷണം ചെയ്യുകയും അവരെ  വോട്ടു ബാങ്ക് മാത്രമായി കാണുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണഘടന ആദിവാസി വിഭാഗങ്ങള്‍ക്കു നല്‍കുന്ന അവകാശങ്ങള്‍ പോലും നിഷേധിക്കുന്നവരായി മാറുന്നു.

ആറാം പട്ടികയില്‍ ഉള്‍പ്പെടുത്തി ആദിവാസികള്‍ക്ക്‌ സ്വയംഭരണ സംവിധാനം നല്‍കാമെന്നിരിക്കെ, ശക്തമായ നിയമം ഭരണഘടന അനുശാസിക്കുമ്പോഴും അതു നടപ്പിലാക്കാന്‍ ആദിവാസി പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ഭരണകൂടം തയ്യാറാകുന്നില്ലെന്നത് തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ കഴിയുന്ന വിധത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തരാണെന്നുള്ളതിനു തെളിവാണ്.

സി.കെ.ജാനുവിന്‍റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ ആദിവാസി ഭൂപ്രശ്നങ്ങളെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു. ആദിവാസി അത്രിക്രമങ്ങള്‍ക്കെതിരെയും, ഭൂസംരക്ഷണത്തിന്‍റെയും ആവശ്യകത ആദിവാസി ഭൂനിയമത്തിന്‍റെ പിന്‍ബലത്തോട ഭരണകൂടവുമായി സംവദിക്കുകയാണ് ജാനു ചെയ്തത്. 1994 ആഗസ്റ്റ് മാസം ഗോത്ര വിഭാഗങ്ങളുടെ അന്താരാഷ്ട്ര പ്രവര്‍ത്തക യോഗത്തില്‍ പങ്കെടുക്കുന്നതിനു സി.കെ.ജാനു ജനീവയില്‍ പങ്കെടുത്തത് പത്രങ്ങള്‍ സാമാന്യം ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ പ്രസിദ്ധീകരിച്ചു. 1994 നവംബറില്‍ കേരള സര്‍ക്കാര്‍ ജാനുവിനു ‘മികച്ച ആദിവാസി സാമൂഹിക പ്രവര്‍ത്തക’ അവാര്‍ഡ് പ്രഖ്യാപിച്ചു. എന്നാല്‍ അവാര്‍ഡ് സ്വീകരിക്കുന്നതിനു ജാനു ചില ഉപാധികള്‍ മുന്നോട്ടുവെച്ചു.

1.ആദിവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ പട്ടികജാതി- വര്‍ഗ മന്ത്രി അടിയന്തിരമായി ഇടപെടണം.

2.ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഭൂമി നല്‍കണം.

3.കൂടാതെ,  Adivasi Land Restoration Act നടപ്പിലാക്കണം.

4.പട്ടികജാതി- പട്ടികവര്‍ഗ അതിക്രമനിരോധനനിയമം (1989) പൂര്‍ണഅര്‍ഥത്തില്‍ നടപ്പിലാക്കണം.

5.അവിവാഹിതരായ ആദിവാസി അമ്മന്മാരുടെ കുഞ്ഞുങ്ങളുടെ അച്ഛനെ കണ്ടെത്താന്‍ ഡി.എന്‍.എ പരിശോധന നടത്തണം.

ഈ ആവശ്യങ്ങളോട് മുഖം തിരിച്ച സര്‍ക്കാരിന് അവാര്‍ഡ് തുക തിരിച്ചു നല്‍കി സി.കെ.ജാനു വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ജാനു അവാര്‍ഡ് തിരിച്ചു നല്‍കുന്നത് കേരളത്തില്‍ ഉയര്‍ന്നു വരുന്ന ആദിവാസി ഗോത്ര പ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ നിര്‍ണായകമായിരുന്നു. സി.കെ.ജാനു വിദേശപണം സ്വീകരിക്കുന്നു എന്നതായിരുന്നു ഭരണകൂടത്തിന്‍റെ ആക്ഷേപം. 1996 ഒക്ടോബറില്‍ ആദിവാസി മേഖലയില്‍ കുടിയേറി പാര്‍ത്തവര്‍ക്ക് അനുകൂലമായ നിയമനിര്‍മാണം സിപിഐ(എം) നയിക്കുന്ന ഭരണകൂടം നടത്തിയപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തുകൊണ്ട് ദലിത് പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വന്നു. 1997 ആഗസ്റ്റില്‍ കെ.എം.സലിംകുമാറിന്‍റെ അധ്യക്ഷതയില്‍ ആദിവാസി ഏകോപന സമിതി ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമല്ലെന്നും അന്ന് ‘ചതിയുടെ ദിവസമായി’ ആചരിക്കണമെന്നും ആഹ്വാനം ചെയ്തു. ഇത്തരത്തില്‍ ആദിവാസികളുടെ തന്‍മയെ മുന്‍നിര്‍ത്തിയുള്ള വിവിധ സമരങ്ങളിലൂടെ ഉയര്‍ന്നുവന്നതാണ് ‘ആദിവാസി’ എന്ന രാഷ്ട്രീയ സങ്കല്‍പ്പം. ദലിതുകള്‍ നടത്തിയ കുറിച്ചി സമരവും. കണ്ടല സമരവും ആദിവാസി സമരങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി. അതോടെ ദലിത് കോളനികളിലെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യാന്‍ ഈ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു. കുറിച്ചി സമരത്തില്‍ രക്തസാക്ഷിത്വം വരിച്ച ശ്രീധരന്‍റെ ഓര്‍മ്മ സി.കെ.ജാനുവാണ് ‘ദലിത് രക്തസാക്ഷി’ മണ്ഡപമാക്കി സമൂഹത്തിനു തുറന്നുകൊടുത്തത്. അങ്ങനെ ആദിവാസി ദലിത് പ്രവര്‍ത്തകര്‍ ഒന്നിച്ച് കേരളത്തിലെ ആദിവാസി ഗോത്രരാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ചലനങ്ങള്‍ക്ക് ചാലകശക്തിയായി മാറി. മുത്തങ്ങ സമരം പരാജയമായിരുന്നുവെന്നു പൊതുവില്‍ പറയുമെങ്കിലും ആദിവാസികളുടെ ഭൂപ്രശ്നങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാക്കാന്‍ ഈ സമരത്തിനു കഴിഞ്ഞു. ഗോത്രമഹാസഭയുടെ ആവിര്‍ഭാവത്തിനുശേഷമാണ് സിപിഐ(എം)ല്‍ ആദിവാസി ക്ഷേമസമിതിയെന്ന വിഭാഗം ഉണ്ടാവുന്നത്. മുത്തങ്ങ സമരത്തോടെ ആദിവാസി ഗോത്രമഹാസഭ കേരളത്തിന്‍റെ രാഷ്ട്രീയ ഭൂപടത്തില്‍ അവരുടെ തനതു രാഷ്ട്രീയം വരച്ചു ചേര്‍ത്തു. ‘ആദിവാസി’ മുത്തങ്ങ സമരത്തോടെയാണ് ‘രാഷ്ട്രീയ ആദിവാസി’യായി മാറിയത്. ഈ മാറ്റമാണ് കേരളത്തിലെ ദലിത്- ആദിവാസി രാഷ്ട്രീയത്തിന്‍റെ ശക്തമായ വായനയ്ക്കു സഹായകമായതും. ആദിവാസി ഗോത്രവര്‍ഗരാഷ്ട്രീയം കേരളത്തില്‍ ശക്തിയാര്‍ജിച്ചു വന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വലിയ പങ്കുണ്ട്. ആദിവാസി തന്‍മാ രാഷ്ട്രീയത്തെ വിഭാവനം ചെയ്തവരില്‍ ഏറിയപേരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. സിപിഐ(എം)ന്‍റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂന്നിയ കമ്മ്യൂണിസം ആദിവാസി- ദലിത് ജനതയ്ക്ക് ഒന്നും പ്രദാനം ചെയ്യുന്നില്ലെന്നു മനസ്സിലാക്കിയവരാണ് ആദിവാസി  രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപവും ഊര്‍ജ്ജവും നല്‍കിയത്. ഇത്തരത്തില്‍ കേരള സമൂഹത്തില്‍ പ്രവര്‍ത്തിച്ച വ്യക്തികളുടെ ആത്മകഥാശകലങ്ങളിലൂടെ എങ്ങനെയാണ് ആദിവാസി രാഷ്ട്രീയം ഉയര്‍ന്നു വന്നതെന്ന് ഈ പുസ്തകം പരിശോധിക്കുന്നു.

മുത്തങ്ങയിലെ പോലീസ് അതിക്രമം

വയനാട്ടിലെ അടിയാ കുടുംബത്തിലാണ് കാളന്‍ ജനിച്ചത്. കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തെ കമ്മ്യൂണിസം സ്വാധീനിച്ചിരുന്നു. സമത്വത്തിലധിഷ്ഠിതമായ ഒരു സാമൂഹ്യ വ്യവസ്ഥ നിര്‍മിക്കലാണ് കമ്മ്യൂണിസത്തിന്‍റെ ലക്ഷ്യമെന്ന് മനസ്സിലാക്കിയതിനാലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. പാര്‍ട്ടി ക്ലാസ്സുകളില്‍ പങ്കാളിയായിക്കൊണ്ട് വര്‍ഗരഹിത സമൂഹത്തിനായി അദ്ദേഹം പ്രയത്നിച്ചു. കമ്മ്യൂണിസം ജനങ്ങളെ മനുഷ്യനാക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. സി.കെ.ജാനുവിന്‍റെ അമ്മാവാനാണ് പി.കെ.കാളന്‍. സി.കെ.ജാനുവിന്‍റെ ആദിവാസി ഗോത്രരാഷ്ട്രീയത്തോട് അദ്ദേഹത്തിനു വിയോജിപ്പായിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിപിഐ(എം) ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനു മുന്നേ ശക്തമായ പോരാട്ടം ഈ മേഖലയില്‍ നടത്തിയിരുന്നത് സിപിഐ(എംഎൽ) എന്ന തീവ്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. എന്നാല്‍ ആ പ്രവര്‍ത്തനവും ആശാവഹമായതൊന്നും ആദിവാസി ജീവിതങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. എന്നാല്‍ സവര്‍ണ- ഭൂവുടമകളുടെ ആക്രമണത്തില്‍ നിന്നും ആദിവാസി ഗോത്രവിഭാഗങ്ങളെ സംരക്ഷിക്കുന്നതില്‍ രക്ത കലുഷിതമായ അവരുടെ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ട്. അത്തരം രാഷ്ട്രീയത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന എ.വാസു പറയുന്നത് കേള്‍ക്കൂ: സിപിഐ(എം)പോലും വര്‍ണ്ണ അവര്‍ണ്ണ ബോധങ്ങളാല്‍ നിറഞ്ഞിരുന്നു.’ എന്നാല്‍ 1964ല്‍ സിപിഐ(എം)മായി യോജിച്ച് പ്രവര്‍ത്തിച്ച വാസു പിന്നീട് മാവോയുടെ ചിന്തകളാല്‍ സിപിഐ(എംഎൽ)ല്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. കുന്നിക്കല്‍ നാരായണന്‍റെ നേതൃത്വത്തില്‍ ഈ പ്രസ്ഥാനം അന്ന് സജീവമായിരുന്നു. വയനാട് മേഖലയില്‍ ആദിവാസികളുടെ ഇടയില്‍ വാസു തന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തി.

സി.കെ.ജാനുവിന്‍റെ പ്രദേശവും അടിയാ വിഭാഗവും നന്നായി അറിയാമായിരുന്ന എ.വാസു അത്ഭുതത്തോടെയാണ് സി.കെ.ജാനുവിന്‍റെ പ്രവര്‍ത്തനങ്ങളെ നോക്കിക്കണ്ടത്. 1990കളില്‍ ഏതാണ്ട് എഴുപതോളം ആദിവാസി സ്ത്രീകളുമായി കോഴിക്കോട് ഒരു സമരത്തിന് വന്നത് ‘എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന സമയത്ത് ഇത്രമാത്രം ഭയന്നിരുന്ന, പ്രവര്‍ത്തന രഹിതതരായിരുന്ന അടിയാ വിഭാഗം തങ്ങളുടെ അവകാശങ്ങള്‍ക്കായി മുന്നോട്ട് വരുന്നത് അത്രമേല്‍ ഉണ്ടായിത്തീര്‍ന്ന മാറ്റത്തെയാണ് വിശദീകരിക്കുന്നത്. കമ്മ്യൂണിസ്റ്റാനന്തര വെല്ലുവിളികളാണ് പിന്നീട് എം.ഗീതാനന്ദനും, സി.കെ.ജാനുവും ആദിവാസി- ഗോത്ര രാഷ്ട്രീയത്തിലൂടെ വികസിപ്പിച്ചെടുത്തത്. അത് സവിശേഷമായി സംസ്കാരത്തെയും, ജാതിയെയും പ്രശ്നവല്‍ക്കരിക്കാന്‍ തയ്യാറായതോടെയാണ് ആദിവാസി ഗോത്ര രാഷ്ട്രീയം നേരിട്ട്  കേരളത്തില്‍ സംവദിക്കാന്‍ തുടങ്ങിയത്. ജാനു പ്രസംഗിക്കുന്നത് ഇങ്ങിനെയാണ്: “കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നമ്മെ അവരുടെ ജാഥയ്ക്ക് നീളം കൂട്ടാനും, അവര്‍ക്ക് വോട്ടു ചെയ്യാനും മാത്രമാണ് ഉപയോഗിക്കുന്നത്. അങ്ങിനെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും പാര്‍ട്ടിയുമായി ആദിവാസി-ദലിത് ജീവിതം, രാഷ്ട്രീയം ഒരുതരത്തിലും തിരിച്ചറിയാന്‍ കഴിയില്ലെന്ന രാഷ്ട്രീയ യഥാര്‍ത്ഥ്യം ഈ നേതാക്കള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനചരിത്രത്തിലൂടെയും വര്‍ത്തമാന ആദിവാസി- ദലിത് പ്രശ്നങ്ങളുടെയും പശ്ചാത്തലത്തില്‍ ബലപ്പെട്ടു. ആദിവാസി, ദലിത് രാഷ്ട്രീയ സംജ്ഞ, കൊട്ടിഘോഷിക്കപ്പെട്ട ‘കേരളവികസന മാതൃകയെ’ ചോദ്യം ചെയ്യുന്ന ഒന്നായി മാറി. സാമൂഹ്യമായും സാമ്പത്തികമായും മുന്നോട്ട് പോയിട്ടുള്ള വ്യക്തികള്‍ക്കുപോലും ജാതിയില്‍ നിന്നോ ആദിവാസി എന്ന തൻമയില്‍ നിന്നോ പൂര്‍ണ്ണമായും വിടുതല്‍ വാങ്ങി പൂര്‍ണ ആധുനിക വ്യക്തിയെന്ന അംഗീകാരം കേരള സമൂഹം കൊടുക്കുന്നില്ല എന്നത് ജാതിയും ജാതിയുടെ രാഷ്ട്രീയവും എത്രമാത്രം രൂഢമൂലമാണ് കേരളത്തിലെന്ന് നമ്മെ പഠിപ്പിക്കുന്നു.

സര്‍ക്കാര്‍ ജോലിയില്‍ വ്യാപൃതരാവുന്ന കീഴാള ജാതിയിലെ ജനം സമ്പാദിക്കാനല്ല ജോലിയില്‍ തുടരുന്നത്. മറിച്ച് അത് ‘അന്തസ്സി’ന്‍റെ പ്രശ്നമായിട്ടാണ് കാണുന്നത്. സമൂഹത്തിലെ ‘അന്തസ്സ്’ തങ്ങളുടെ കുലത്തൊഴിലില്‍ നിന്നുള്ള വിടുതലിലൂടെ കഴിയുമെന്നതു കൊണ്ടാണ് കീഴാളനായിക്കൊണ്ടു തന്നെ സര്‍ക്കാര്‍ ജോലിയില്‍ ഈ ജനം തുടരുന്നത്. ഈ അഭിപ്രായത്തെ സ്വന്തം ജീവിതകഥയാല്‍ വിവരിക്കുകയാണ് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ സണ്ണി.എം.കപിക്കാട്. ഹ്രസ്വമായ അദ്ദേഹത്തിന്‍റെ ജീവിതകഥയിലൂടെ മേല്‍പ്പറഞ്ഞ വാദം വിപലീകരിക്കാന്‍ ഈ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്. പരമ്പരാഗത ജോലികള്‍ തൊഴിലെടുപ്പിക്കുന്നവരുടെ വീട്ടുകാര്‍തന്നെ ചെയ്യട്ടേയെന്നും അതിന് ഞങ്ങളെ ലഭിക്കില്ലെന്നുമുള്ള പ്രഖ്യാപനം ആദിവാസി സ്ത്രീകളും, ദളിതരും പ്രഖ്യാപിക്കുന്നതോടെ പരമ്പരാഗത സാമൂഹ്യ ജാത്യാധികാരബന്ധത്തെ നിലനിര്‍ത്താന്‍ നാം തയ്യാറെല്ലെന്ന രാഷ്ട്രീയ തിരിച്ചറിവാണ് വെളിവാക്കുന്നത്. സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്വന്തം രാഷ്ട്രീയഭാവന നിര്‍മ്മിക്കാന്‍, മനുഷ്യാന്തസ്സ് നിലനിര്‍ത്താന്‍ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു.  സ്വന്തമായി ഭൂമി ലഭിക്കാനായി ആദിവാസി- ദലിത് ജനവിഭാഗം നിരന്തരം സമരത്തില്‍ ഇടപെടുന്നത്, ‘ഭൂമി’ അന്തസ്സിന്‍റെ രാഷ്ട്രീയത്തെയാണ് മുന്നോട്ട് വെയ്ക്കുന്നത്. അതുകൊണ്ടാണ് വിഭവാധികാരത്തിന്‍റെ രാഷ്ട്രീയം പ്രസക്തമാകുന്നത്.

 

ആദിവാസി ഗോത്ര മഹാസഭയുടെയും ദലിത്- പിന്നോക്ക വിഭാഗങ്ങളുടെയും രാഷ്ട്രീയവല്‍ക്കരണ പ്രക്രിയ കമ്മ്യൂണിസ്റ്റ് ചിന്താധാരയെ പാടെ തള്ളിക്കളഞ്ഞുകൊണ്ട് നിര്‍മ്മിതമായ ഒന്നാണ്. വര്‍ഗ്ഗാടിസ്ഥാനത്തിലുള്ള മനസ്സിലാക്കല്‍ ആദിവാസി- ദലിത് ജനവിഭാഗത്തെ പുറംതള്ളാനല്ലാതെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രാഷ്ട്രീയ ആലോചനയല്ലെന്ന് ജീവിതാനുഭവങ്ങളിലൂടെയും സമരത്തിലൂടെയും ആദിവാസി ദലിത് വിഭാഗം കേരളത്തില്‍ ചോദ്യം ചെയ്യാനാവാത്ത വിധം ഉയര്‍ത്തിക്കൊണ്ട് വന്നതാണ് ‘ആദിവാസി ദലിത് രാഷ്ട്രീയ മുന്നേറ്റം’. അത് ‘വര്‍ഗ’മെന്ന കമ്മ്യൂണിസ്റ്റ് സങ്കല്‍പ്പത്തെ തള്ളിമാറ്റിക്കണ്ട് മാത്രമേ കഴിയുകയുള്ളൂ എന്ന രാഷ്ട്രീയ തിരിച്ചറിവും ഉണ്ടാവുന്നതിലൂടെ തൻമാടിസ്ഥാനത്തിലുള്ള രാഷ്ട്രീയം കേരള സമൂഹത്തിനുമുന്നില്‍ മുന്നോട്ട് വെച്ചതിന്‍റെ ചരിത്രമാണ് ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നത്. ചരിത്രത്തിന്‍റെയും നരവംശശാസ്ത്രത്തിന്‍റെയും രീതിശാസ്ത്രം ഉപയോഗിച്ചുകൊണ്ട് വിശകലനാടിസ്ഥാനത്തില്‍ ആദിവാസി ദലിത് രാഷ്ട്രീയത്തിന്‍റെ വളര്‍ച്ചയെക്കുറിച്ച് സമഗ്രമായി വിലയിരുത്തുന്ന ഈ പുസ്തകം കേരളത്തിന്‍റെ സാമൂഹ്യ- രാഷ്ട്രീയ വായനകളില്‍ പുതിയ ഭാവനകളെ മുന്നോട്ടു വെക്കുന്നു.

Top