വി.ഡി ജോണും ദലിത് ക്രൈസ്തവ സമരങ്ങളും

ക്രിസ്തുമത സ്വീകരണത്തിന്റെ പേരില്‍ ഭൗതിക നേട്ടങ്ങളും സര്‍ക്കാര്‍ ആനുകൂല്യങ്ങളും നഷ്ടപ്പെട്ട ദലിത് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കായി പോരാടിയ വി.ഡി. ജോണിന്റെ ജീവിതത്തിനു സമമായി മറ്റൊരു ദലിത് സ്‌നേഹിയെയും നമുക്കു ചരിത്രത്തില്‍ കാണാന്‍ കഴിയുകയില്ല. പ്രത്യേകിച്ച് ദലിത് ക്രിസ്ത്യാനികള്‍ വിദ്യാഭ്യാസ മേഖലയില്‍ നേരിട്ടിരുന്ന സര്‍ക്കാര്‍വക അസമത്വത്തെ നിയമപരമായി ഇല്ലാതാക്കിയതില്‍ മുഖ്യപങ്കു വഹിച്ചത് വി.ഡി. ജോണാണ്. ഇദ്ദേഹത്തിന്റെ ജീവിതസമരത്തെ അടുത്തറിയാനുള്ള ശ്രമമാണിതില്‍ നടത്തുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ദലിതര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ സാധിക്കുകയില്ലെന്നുള്ളതിന്റെ സൂചകമാണ് ദലിത് ക്രൈസ്തവരും അവരുടെ അവകാശ സമരങ്ങളും. കോളനി കാലത്തു് ക്രിസ്തുമതം സ്വീകരിച്ച ദലിത്-ആദിവാസി വിഭാഗത്തിന് യൂറോപ്യന്‍ മിഷനറിമാരുടെ അധികാര-സമ്പത്തു പിന്തുടര്‍ച്ചയില്‍ യാതൊരു സ്ഥാനവും ലഭിച്ചിരുന്നില്ല. എന്നാല്‍ ആദിവാസി ക്രിസ്ത്യാനികളെ  പട്ടികവര്‍ഗ പദവി നല്‍കി ഗവണ്‍മെന്റ് സംരക്ഷിക്കുകയും ദലിത് ക്രിസ്ത്യാനികളെ പട്ടികജാതി പദവിയില്‍ ഉള്‍പ്പെടുത്താതെ നിലനിര്‍ത്തുകയുമാണു ചെയ്തത്. ആദിവാസി വിഭാഗത്തിന് അവര്‍ തെരഞ്ഞെടുക്കുന്ന മതത്തില്‍ എല്ലാവിധ ഗവണ്‍മെന്റ് ആനുകൂല്യങ്ങളോടും കൂടി ജീവിക്കാനുള്ള അവകാശം നിയമപരമായി നല്‍കുന്ന ഗവണ്‍മെന്‍റ് ദലിതരുടെ മതത്തിന്റെ തിരഞ്ഞെടുപ്പിനെ നിയമപരമായി വേര്‍തിരിച്ചിരിക്കുകയാണ്. ഈ അനീതിക്കെതിരെ ദലിത് ക്രൈസ്തവര്‍ക്കിടയില്‍ നിന്നു നിരവധി പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരുകയും അവയിലൂടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സാമൂഹിക സ്‌നേഹികളുടെ  വലിയ നിര തന്നെ രൂപം കൊള്ളുകയും ചെയ്തു. പക്ഷേ ഈ അവകാശങ്ങള്‍ക്കു ദിശാബോധം നല്‍കുകയും കാലാനുസൃതമായി എല്ലാവരെയും സ്വാധീനിക്കുകയും ചെയ്തവരുടെ എണ്ണം ചുരുക്കമായിരുന്നു. അവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തിയാണ് ആലപ്പുഴക്കാരനായ വി.ഡി ജോണ്‍ (1921-2010).

ദലിത് ക്രിസ്ത്യാനികളും കോളനികാല വിദ്യാഭ്യാസവും

കോട്ടയത്തെ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായ മലയാളമിത്രം മാസികയില്‍ 1892ല്‍, രണ്ടാം വാല്യത്തില്‍, 58-ാം പേജില്‍ കൊര്‍ണലിയോസ് ഹൂട്ടന്റെ ആത്മകഥ പ്രസിദ്ധീകരിച്ചു. ആത്മകഥയുടെ ചുരുക്കം ഇങ്ങനെയാണ്: ‘താനൊരു പുലയ സമുദായ അംഗമാണ്. സ്വദേശം ചാലക്കുടിയായിരുന്നു. അടിമഭാരം മൂലം മാതാപിതാക്കള്‍ സ്വദേശം വിട്ടു കൊച്ചിയില്‍ വന്നു. വൈറ്റ് ഹൗസ് (1852-1860) സായിപ്പിനാല്‍ സ്‌നാനമേറ്റു. സുറിയാനി ക്രിസ്ത്യാനി സമുദായത്തിന്റെ അകല്‍ച്ചയാല്‍ ഒരു പുലയക്കുട്ടിയെപ്പോലും ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ പ്രധാന പള്ളിക്കൂടങ്ങളില്‍ പഠിപ്പിച്ചിട്ടില്ല. ചില മിഷണറിമാരുടെ കരുണയാല്‍ ആംഗ്ലിക്കന്‍ സഭാമേധാവികള്‍ ഏതാനും പുലയക്കുട്ടികളെ റിച്ചാര്‍ഡ് കോളിന്‍സ് സായിപ്പിന്റെ കാലത്ത് (1856-1865) കോട്ടയത്തെ കിഴക്കേ സെമിനാരിയില്‍ (CMS College & School) ചേര്‍ത്തു.” താന്‍ അതിലൊരംഗമായിരുന്നെന്നും തന്‍മൂലം വലിയ ക്ഷോഭമുണ്ടായിയെന്നും മേല്‍ജാതി സഹപാഠികളുടെ ഉപദ്രവം സഹിക്കവയ്യാതെ രാത്രി, കിഴക്കേ സെമിനാരിയില്‍ നിന്നു് ഓടിപ്പോന്ന തനിക്കു് മൂന്നുമാസം മാത്രമാണു കോട്ടയത്തു താമസിച്ചു പഠിക്കാന്‍ സാധിച്ചതെന്നും അതിനുശേഷം മലബാറിലെ ജര്‍മന്‍ മിഷന്‍ സ്‌കൂളില്‍ ചേര്‍ന്നു പഠിച്ചെന്നും കോട്ടയത്തെ ബേക്കര്‍ പള്ളിക്കൂടത്തിലെ വിദ്യാര്‍ഥിയെയാണു താന്‍ വിവാഹം കഴിച്ചതെന്നുമൊക്കെ അതിൽ വിവരിക്കുന്നുണ്ട്. “ബാസല്‍ മിഷന്‍ സ്‌കൂള്‍ പഠനശേഷം 1886 നവംബര്‍ 21-ാം തീയതി കോഴിക്കോട് ബാസല്‍ മിഷന്‍ പള്ളിയില്‍ ക്‌നോബോക്ക് സായിപ്പിന്റെയും വേറെ രണ്ടു സായിപ്പന്‍മാരുടെയും ബോധക ഹസ്തദര്‍പ്പണത്താല്‍ എന്നെ ചൊവ്വാസഭയിലെ ബോധകനാക്കി തീര്‍ത്തു.”

വി.ഡി.ജോൺ

 

ഹൂട്ടന്‍ ബോധകനായ ദിവസം എഴുതി വായിച്ച ആത്മകഥ പല പുസ്തകങ്ങളിലും പിന്നീടു പരാമര്‍ശിക്കപ്പെട്ടു (David 1930). കേരളത്തിലെ ദലിതരുടെ സ്‌കൂള്‍ ജീവിതം, അല്ലെങ്കില്‍ എഴുത്തിന്റെ മേഖലയിലേക്കുള്ള അവരുടെ പ്രവേശന ചരിത്രം, പല തലങ്ങളില്‍ അരങ്ങേറിയ ഒന്നായിരുന്നു. മലബാറില്‍ നിന്നു് ഹൂട്ടന്‍ 1886ല്‍ ആത്മകഥ എഴുതി വായിക്കുമ്പോള്‍ മധ്യകേരളത്തില്‍ പൂവന്‍ പോള്‍ എന്ന പുലയ ഉപദേശി എഴുതിയ റിപ്പോര്‍ട്ട് റിച്ചാര്‍ഡ് എന്ന മിഷണറി പരിഭാഷപ്പെടുത്തിയെന്ന സൂചന മാത്രമാണ് സി.എം.എസ് മിഷനില്‍ നിന്നു നമുക്കു ലഭിക്കുന്നത് (Ommen 1997). ആദ്യ ദലിത് ക്രൈസ്തവ പുരോഹിതനായ ഇ.ജെ.ഐസക്ക് സ്ഥാനമേല്‍ക്കുന്നത് 1929ല്‍ ചര്‍ച്ച് മിഷനിലെ 83-ാംമത്തെ പട്ടക്കാരനായിട്ടാണ്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ 1816ല്‍ വേദമാണിക്യം എന്ന പറയ ക്രിസ്ത്യാനി ആദ്യ പ്രൊട്ടസ്റ്റന്റ് പുരോഹിതനായി. കേരളത്തിലെ ദലിത് ക്രൈസ്തവരുടെ ചരിത്രം രേഖീയമായി പറയാന്‍ കഴിയുന്ന ഒന്നല്ലായിരുന്നു. ദലിതരുടെ വിദ്യാഭ്യാസമേഖലയുടെ അവസ്ഥയും ഇത്തരത്തില്‍ വൈരുധ്യം നിറഞ്ഞതായിരുന്നു.

മലബാറില്‍ അടിമത്തം നിരോധിച്ചതിനു ശേഷം ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്താല്‍ 1844ല്‍ കോഴിക്കോടും തലശ്ശേരിയിലും പാലക്കാടും അടിമ സ്‌കൂളുകള്‍ ആരംഭിച്ചു (Hjejle 1967). പിന്നീട് ഇതു ബാസല്‍ മിഷന്‍ ഏറ്റെടുത്തു. തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും മിഷണറിമാര്‍ 1850-കള്‍ക്കു ശേഷം പള്ളിയും പള്ളിക്കൂടവും (രണ്ടാം ക്ലാസ്സ്) ആരംഭിച്ചു. 1851 ല്‍ ലൂയിസ് ബിഡോലഫ് എന്ന പറയ സ്ത്രീയെ കല്യാണം കഴിച്ചു എന്ന കാരണത്താല്‍ ലണ്ടന്‍ മിഷനില്‍ നിന്നു പുറത്താക്കപ്പെട്ട ചാള്‍സ് മിഡ് എന്ന യൂറോപ്യന്‍ മിഷണറിയും ഡര്‍ബാര്‍ ഡോക്ടറായിരുന്ന വാറിങ്ങും കൂടിച്ചേര്‍ന്നു് 1861 ല്‍ തിരുവനന്തപുരത്ത് പുലയര്‍ക്കു വേണ്ടി, പുലയ ചാരിറ്റി സ്‌കൂള്‍ ആരംഭിച്ചു (Hacker 1908). ഉച്ചക്കഞ്ഞിക്കുള്ള അരി ഗ്രാന്‍റായി കൊടുത്തുകൊണ്ട് തിരുവിതാംകൂര്‍ സര്‍ക്കാര്‍ പിന്തുണയും പ്രഖ്യാപിച്ചു.
മധ്യകേരളത്തിലെ അവസ്ഥയായിരുന്നു കൂടുതല്‍ സംഘര്‍ഷഭരിതമായിരുന്നത്. കോട്ടയത്തെ ചര്‍ച്ച് മിഷണറിമാരുടെ എല്ലാ സ്ഥാപനങ്ങളില്‍ നിന്നും ദലിതര്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. 1872ല്‍ കോട്ടയത്തെ സി.എം.എസ് സ്ഥാപനങ്ങളില്‍ 128 വിദ്യാര്‍ഥികള്‍ ഉള്ളതില്‍ 126 പേരും സുറിയാനി ക്രിസ്ത്യാനി വിഭാഗത്തില്‍ നിന്നായിരുന്നു. 1892-ല്‍ ഹൂട്ടന്റെ ആത്മകഥ വന്നതിനുശേഷം, 1893ല്‍, കോട്ടയത്തെ സ്‌കൂളില്‍ ചില പുലയക്കുട്ടികളെ വീണ്ടും പ്രവേശിപ്പിച്ചു. അതു വലിയ കോലാഹലങ്ങളിലേക്കാണു ചെന്നെത്തിയത് (Mohan 2015). എന്നാല്‍ ഈ കാലത്ത് മദ്രാസില്‍ നിന്നു് താഴ്ന്ന ജാതിയുടെ വിദ്യാഭ്യാസത്തിനായി സമ്മര്‍ദം വന്നുകൊണ്ടേയിരുന്നു. ആദ്യ നീക്കം എന്ന നിലയില്‍ 1895ലെ ഗ്രാന്റ് ഇന്‍ എയ്ഡ് കോഡ് ആണ് രംഗത്തെത്തിയത്. ‘1898ല്‍ തിരുവല്ലയിലെ രണ്ടു ദലിത് പെണ്‍കുട്ടികള്‍ മദ്രാസ് പ്രൈമറി എക്‌സാമിനേഷന്‍ പാസായി എന്നും ഇതു തിരുവിതാംകൂറിലെ ആദ്യ സംഭവമാണെന്നും 1898ലെ ഒരു മിഷണറി പ്രസിദ്ധീകരണം പറയുന്നു’.

1904 വരെ, ഹിന്ദുക്കളെന്നോ ക്രിസ്ത്യാനികളെന്നോ വ്യത്യാസമില്ലാതെ, താഴ്ന്ന ജാതിക്കാർ പഠിക്കുന്ന സ്‌കൂളിനെല്ലാം തിരുവിതാംകൂര്‍ ഗവണ്‍മെന്റ് ഗ്രാന്റ് നല്‍കിയിരുന്നു. 1904ല്‍, ക്രിസ്ത്യാനികളായവരെ പിന്നാക്കക്കാരായി കാണരുതെന്നു നിയമം കൊണ്ടുവന്നു. ഈ നിയമത്തിനെ മിഷണറിമാര്‍ ശക്തമായി എതിര്‍ത്തുനോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. പിന്നാക്കവിഭാഗക്കാര്‍ക്കായി 1905ല്‍ 20 സ്‌കൂളുകള്‍ സ്ഥാപിച്ചു. 1906-07ല്‍ സ്‌കൂളില്‍ എത്തിയ പിന്നാക്കവിഭാഗം കുട്ടികള്‍ ആറായിരത്തിനു മുകളിലായിരുന്നു. 1907-08-ലാകട്ടെ അതു പതിനഞ്ചായിരം ആയി വര്‍ധിച്ചു (Gladstone 1984). 1910ല്‍ പുതിയ എഡ്യൂക്കേഷന്‍ കോഡ് പ്രാബല്യത്തില്‍ വന്നു. ഇതിനെതിരെ, പ്രത്യേകിച്ചു പുലയക്കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിനെ, നായന്‍മാര്‍ പ്രാദേശിക തലങ്ങളില്‍ എതിര്‍പ്പുമായി രംഗത്തുവന്നു. ഇതിനെ ശക്തമായി എതിര്‍ത്തു തോല്‍പ്പിച്ചത് അയ്യൻകാളി ഒരാള്‍ മാത്രമാണ്.

പേരു മാറുകയാണെങ്കില്‍, ഹിന്ദുമതം സ്വീകരിക്കുകയാണെങ്കില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കാം എന്നതായിരുന്നു തിരുവിതാംകൂര്‍ സര്‍ക്കാര്‍ നയം. താഴ്ന്ന ജാതിയില്‍ നിന്നു സ്വതന്ത്രമായി ഒരു മതം തിരഞ്ഞെടുത്തു എന്ന കാരണത്താല്‍ പീഡനങ്ങളുടെ പരമ്പര തന്നെയാണ് ഗവണ്‍മെന്റ് അഴിച്ചുവിട്ടത്. ഇന്ത്യ സ്വതന്ത്രമായതിനു ശേഷവും ഇത്തരം അനിശ്ചിതത്വം തുടര്‍ന്നു വന്നിരുന്നു. ദലിത് ക്രൈസ്തവര്‍ വിദ്യാഭ്യാസ മേഖലയില്‍ നേരിട്ടിരുന്ന ഈ വിവേചനത്തിനു തടയിടുന്നതു് ദലിത് ക്രൈസ്തവ സമരങ്ങളുടെ നായകന്മാരായ വി.ഡി. ജോണിന്റെയും റവ.എന്‍. സ്റ്റീഫന്റെയും നേതൃത്വത്തില്‍ സംഘടിച്ച ഒരുകൂട്ടം ദലിത് ക്രൈസ്തവരുടെ പ്രയത്‌നങ്ങളാണ്.

ക്രിസ്തുമതം സ്വീകരിച്ച ദലിതരുടെ വിദ്യാഭ്യാസമായിരുന്നു കൂടുതലും പ്രതിസന്ധി നേരിട്ടത്. 1931ലെ സെന്‍സസ് പ്രകാരം 15% ദലിത് ക്രിസ്ത്യാനികള്‍ സാക്ഷരരാണ് എന്ന കാരണത്താല്‍, നിലവില്‍ അവര്‍ക്കുണ്ടായിരുന്ന എല്ലാവിധ ആനുകൂല്യങ്ങളും പിന്‍വലിച്ചു. 1936ലെ, സ്‌കൂള്‍ കെട്ടിടങ്ങളെക്കുറിച്ചുള്ള ഗവണ്‍മെന്റ് വിജ്ഞാപന പ്രകാരം സ്‌കൂള്‍ കെട്ടിടം ആരാധനയ്ക്കു് ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം വന്നു. ഒരു കെട്ടിടം പള്ളിയ്ക്കും പള്ളിക്കൂടത്തിനുമായി ഉപയോഗിച്ചിരുന്നതു ദലിത് സഭകളില്‍ മാത്രമായിരുന്നു (Gladstone 1984). ഈ നിയമപ്രകാരം ദലിത് ക്രിസ്ത്യാനികള്‍ക്കു ലഭ്യമായിരുന്ന പ്രാഥമിക വിദ്യാഭ്യാസം എന്നന്നേക്കുമായി നിലച്ചു.പേരു മാറുകയാണെങ്കില്‍, ഹിന്ദുമതം സ്വീകരിക്കുകയാണെങ്കില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കാം എന്നതായിരുന്നു തിരുവിതാംകൂര്‍ സര്‍ക്കാര്‍ നയം. താഴ്ന്ന ജാതിയില്‍ നിന്നു സ്വതന്ത്രമായി ഒരു മതം തിരഞ്ഞെടുത്തു എന്ന കാരണത്താല്‍ പീഡനങ്ങളുടെ പരമ്പര തന്നെയാണ് ഗവണ്‍മെന്റ് അഴിച്ചുവിട്ടത്. ഇന്ത്യ സ്വതന്ത്രമായതിനു ശേഷവും ഇത്തരം അനിശ്ചിതത്വം തുടര്‍ന്നു വന്നിരുന്നു. ദലിത് ക്രൈസ്തവര്‍ വിദ്യാഭ്യാസ മേഖലയില്‍ നേരിട്ടിരുന്ന ഈ വിവേചനത്തിനു തടയിടുന്നതു് ദലിത് ക്രൈസ്തവ സമരങ്ങളുടെ നായകന്മാരായ വി.ഡി. ജോണിന്റെയും റവ.എന്‍. സ്റ്റീഫന്റെയും നേതൃത്വത്തില്‍ സംഘടിച്ച ഒരുകൂട്ടം ദലിത് ക്രൈസ്തവരുടെ പ്രയത്‌നങ്ങളാണ്. ബി.സി.സി.എഫ് എന്ന സംഘടനയുടെ സ്ഥാപകനായ വി.ഡി. ജോണിന്റെ ജീവിതത്തിലൂടെ, ദലിത് ക്രൈസ്തവ സമരങ്ങളുടെ ആഴം മനസ്സിലാക്കാം.

ആരംഭം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നു്

കേവലം ക്രിസ്തീയ സഭകളുടെ വേലിക്കെട്ടിനുളളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ദലിത് ക്രിസ്ത്യന്‍ അവകാശ സമരങ്ങളെ ശക്തമായി, പൊതുജനമധ്യത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ നേതാവാണു വി.ഡി ജോണ്‍. ദലിത് ക്രിസ്ത്യന്‍ പ്രശ്‌നങ്ങളെന്നാല്‍ കേവലം ക്രിസ്തീയ സഭയിലെ പ്രശ്‌നമല്ലെന്നും അതിനു സാമൂഹിക കാരണങ്ങളുണ്ടെന്നും കേരളസമൂഹത്തിനെ ബോധ്യപ്പെടുത്തിയതു വി.ഡി.ജോണാണ്. ആലപ്പുഴ ജില്ലയിലെ തെക്കനാര്യാട് എന്ന സ്ഥലത്ത് ദേവസ്യാ, അച്ചാമ്മ ദമ്പതികളുടെ മകനായി 1921 നവംബര്‍ 23നാണു വി.ഡി. ജോണ്‍ ജനിച്ചത്. സഹോദരന്‍ അയ്യപ്പന്റെ ആരാധികയായിരുന്ന സി.എന്‍. കല്ല്യാണി ടീച്ചറുടെ വീട്ടില്‍ നടത്തിയിരുന്ന വിദ്യാലയത്തില്‍ നിന്നുമാണ് അക്ഷരങ്ങളുടെ അടുത്തേയ്ക്കു വി.ഡി. ജോണ്‍ എത്തിപ്പെട്ടത്. കല്ല്യാണി ടീച്ചറുടെ പഠിപ്പിക്കലില്‍ താന്‍ സഹോദര പ്രസ്ഥാനത്തിന്റെ ആശയങ്ങളിലേക്ക് ആകൃഷ്ടനായി എന്നു ജോണ്‍, അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്റെ ജീവിതവും കാലവും’ എന്ന പുസ്തകത്തില്‍ പറയുന്നു. ചര്‍ച്ച് മിഷന്‍ സഭാംഗമായ ജോണ്‍, കോട്ടയത്തെ മിഷണറി സ്ഥാപനങ്ങളിലും മറ്റു ചില സ്‌കൂളുകളിലുമെല്ലാം ചേര്‍ന്നാണു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ആര്യാടുള്ള സി.എം.എസ് പള്ളിയില്‍ നടന്ന  മാനസാന്തര യോഗമാണ് തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചതെന്നു ജോണ്‍ രേഖപ്പെടുത്തിയിരിക്കുന്നു. പാപങ്ങള്‍ രണ്ടു തരമുണ്ട്; ജന്മപാപവും കര്‍മപാപവും. ഇതില്‍ കൂടുതലും കര്‍മപാപമാണ്. ഈ കര്‍മപാപത്തിനു് അറുതി വരണമെങ്കില്‍ സാമൂഹികവും സാമ്പത്തികവുമായ മാറ്റം വരണം എന്ന ചിന്തയിലാണ് ജോണ്‍ കമ്യൂണിസ്റ്റ് ആശയങ്ങളിലേക്കു തിരിയുന്നത്. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ ആരംഭം മുതലേ ജോണ്‍ അതിന്റെ പ്രവര്‍ത്തകനായിരുന്നു. കുട്ടനാട്ടിലെ ആദ്യ അഞ്ചു് മുഴുവന്‍ സമയ കര്‍ഷകത്തൊഴിലാളി പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു വി ഡി ജോണ്‍. ക്ലാസ്സുകള്‍ സജ്ജമാക്കുകയും കര്‍ഷകത്തൊഴിലാളികളെ കൂട്ടിവരുത്തിയും ജോണ്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സജീവമായി. ഇതിനുശേഷം കോട്ടയം ഭാഗത്തെ വിവിധ സ്ഥലങ്ങളില്‍ തൊഴിലാളികളെ സംഘടിപ്പിച്ചു. കോട്ടയം പാറമ്പുഴയില്‍ അലക്കുതൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, തെങ്ങുകയറ്റത്തൊഴിലാളികള്‍ എന്നിവരെ സംഘടിപ്പിക്കുകയും സ്റ്റഡിക്ലാസ്സുകള്‍ നടത്തുകയും ചെയ്തിരുന്നു. കോട്ടയം, കുമരകം, കിളിരൂര്‍, തിരുവഞ്ചൂര്‍ തുടങ്ങി ഒരുപാടു സ്ഥലങ്ങളില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. പുന്നപ്ര -വയലാര്‍ സമരവുമായി ബന്ധപ്പെട്ട് ഒളിവിലിരുന്ന കാലത്ത് കുമരംകരിയിലും മറ്റു പല സ്ഥലങ്ങളിലും സ്ത്രീ തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു മുഖ്യ പ്രവര്‍ത്തനം. പിന്നീട് ആലപ്പുഴയിലെ  തീവെപ്പു കേസുമായി ബന്ധപ്പെട്ട് ഒളിവിലിരിക്കെ 1951ല്‍ ജോണിനെ അറസ്റ്റു ചെയ്തു.

ജയിലില്‍ കിടന്ന സമയത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റി ജോൺ പുനരാലോചന നടത്തുകയുണ്ടായി. ”ജാതി സമ്പ്രദായം മാറ്റുന്നതിനുവേണ്ടി പാര്‍ട്ടിക്കു ഒരു പരിപാടിയുമില്ല. അധഃസ്ഥിതരായ ഭൂരിപക്ഷം പേര്‍ക്കും ഉയര്‍ന്നുവരുവാനുള്ള ഒരു കര്‍മ്മപദ്ധതിയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ല. അധഃസ്ഥിതരില്‍ നിന്നും എന്തെങ്കിലും അവകാശം ഉയര്‍ന്നു വന്നാല്‍ തന്നെ ജാതി പറയുകയാണെന്നു പറഞ്ഞ് അതിനെ നിരുത്സാഹപ്പെടുത്തുകയാണു ചെയ്തുവന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഉച്ചനീചത്വം ഉള്ളതായിട്ടാണ് അനുഭവപ്പെട്ടത്. കൂലി വര്‍ധിപ്പിച്ചതു കൊണ്ട് സാമൂഹ്യമാറ്റം ഉണ്ടാകില്ല. എല്ലാ മേഖലയില്‍ നിന്നും പുറന്തള്ളപ്പെട്ട ജനങ്ങള്‍ ജാത്യാധിഷ്ഠിതമായ ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥ തകര്‍ക്കുക തന്നെ വേണം, അതല്ലാതെ അവര്‍ക്കു മോചനമില്ല. ഈ വ്യവസ്ഥ തകര്‍ക്കുന്നതിനു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരിക്കലും കഴിയുകയില്ല”

ഒരുവര്‍ഷത്തോളം ഇദ്ദേഹം മാവേലിക്കര ജയിലില്‍ കിടന്നു. ജയിലില്‍ കിടന്ന സമയത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റി ഒരു പുനരാലോചന നടത്തുകയുണ്ടായി. ”ജാതി സമ്പ്രദായം മാറ്റുന്നതിനുവേണ്ടി പാര്‍ട്ടിക്കു ഒരു പരിപാടിയുമില്ല. അധഃസ്ഥിതരായ ഭൂരിപക്ഷം പേര്‍ക്കും ഉയര്‍ന്നുവരുവാനുള്ള ഒരു കര്‍മ്മപദ്ധതിയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ല. അധഃസ്ഥിതരില്‍ നിന്നും എന്തെങ്കിലും അവകാശം ഉയര്‍ന്നു വന്നാല്‍ തന്നെ ജാതി പറയുകയാണെന്നു പറഞ്ഞ് അതിനെ നിരുത്സാഹപ്പെടുത്തുകയാണു ചെയ്തുവന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഉച്ചനീചത്വം ഉള്ളതായിട്ടാണ് അനുഭവപ്പെട്ടത്. കൂലി വര്‍ധിപ്പിച്ചതു കൊണ്ട് സാമൂഹ്യമാറ്റം ഉണ്ടാകില്ല. എല്ലാ മേഖലയില്‍ നിന്നും പുറന്തള്ളപ്പെട്ട ജനങ്ങള്‍ ജാത്യാധിഷ്ഠിതമായ ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥ തകര്‍ക്കുക തന്നെ വേണം, അതല്ലാതെ അവര്‍ക്കു മോചനമില്ല. ഈ വ്യവസ്ഥ തകര്‍ക്കുന്നതിനു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരിക്കലും കഴിയുകയില്ല (John 2014)”. ഇങ്ങനെയുള്ള ചിന്തകളുമായി 1951 അവസാനം ജോണ്‍ ജയില്‍ മോചിതനായി. ക്രിസ്തുമതം തിരഞ്ഞെടുത്തു എന്ന കാരണത്താല്‍ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പാട് അനുഭവിക്കുന്ന ദലിത് ക്രൈസ്തവരെ സംഘടിപ്പിക്കുന്നതിനുള്ള കടുത്ത തീരുമാനവുമായിട്ടാണു ജോണ്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. ദലിത് ക്രൈസ്തവര്‍ പിശാചിനും കടലിനും ഇടയിലെന്ന സ്ഥിതിയിലായിരുന്നു. കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ആരും തന്നെ അവരെ മാനിച്ചിരുന്നില്ല. ദലിത് ക്രൈസ്തവരെ സംഘടിപ്പിക്കാനും രാഷ്ട്രീയമായി സമ്മര്‍ദ വിഭാഗമാക്കി പരിവര്‍ത്തിപ്പിക്കാനുമായിരുന്നു പിന്നീടു ജോണിന്റെ ശ്രമം.

ബി.സി.സി.എഫിന്റെ രൂപവത്കരണം

കേരളത്തില്‍ നിലവിലുണ്ടായിരുന്ന ദലിത് ക്രിസ്ത്യന്‍ സംഘടനകളെ എല്ലാം ഒരുമിപ്പിച്ചു് ഒറ്റ സംഘടനയാക്കുക എന്ന ലക്ഷ്യവുമായിട്ടാണു ജോണ്‍ ആലോചനാ യോഗങ്ങള്‍ നടത്തിയിരുന്നത്. ആലപ്പുഴയിലും കോട്ടയത്തുമായി പല ദിവസങ്ങളില്‍ മീറ്റിങ്ങുകള്‍ നടത്തി. അതില്‍ ഒരുപാട് ദലിത് ക്രിസ്ത്യന്‍ സംഘടനാ പ്രവര്‍ത്തകര്‍ സജീവ സാന്നിധ്യവുമായിരുന്നു. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നു് ദലിത് ക്രിസ്ത്യാനികള്‍ക്കു രക്ഷ ഉണ്ടാകില്ലെന്ന ആശയത്തിലാണ് ഇവരെല്ലാവരും ഒത്തുചേരാന്‍ തീരുമാനിച്ചത്. 1952 മാര്‍ച്ച് 24-ാം തീയതി കോട്ടയത്തു ചേര്‍ന്ന സമ്മേളനത്തില്‍ ബാക്ക് വേര്‍ഡ് ക്ലാസ് ക്രിസ്ത്യന്‍ ഫെഡറേഷന്‍ (ബി.സി.സി.എഫ്) എന്ന സംഘടനയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നെല്‍ക്കതിരും കുരിശും അടയാളമുളള ചുവന്ന കൊടിയും അംഗീകരിച്ചു. ചാത്തന്‍ മാസ്റ്ററാണു യോഗം ഉദ്ഘാടനം നടത്തിയത് (John 2014). രാഷ്ട്രീയ പാര്‍ട്ടികളുമായി യോജിച്ചു പോകേണ്ടതില്ലെന്നും അവരെ നമ്മുടെ രാഷ്ട്രീയത്തിനായി ഉപയോഗിക്കണമെന്നുമാണു ചര്‍ച്ച ചെയ്തു തീരുമാനിച്ചത്. കത്തോലിക്കാ വിഭാഗത്തിലെ ദലിത് ക്രൈസ്തവര്‍ക്ക് സ്ഥാനങ്ങള്‍ ഒന്നും ലഭിച്ചില്ല എന്ന കാരണത്താല്‍ തുടക്കത്തില്‍ത്തന്നെ ഒരു വിഭാഗം കത്തോലിക്കര്‍ ഇതിനോടു വിയോജിപ്പു കാണിച്ചു പ്രസ്ഥാനത്തില്‍ നിന്നു വിട്ടുമാറി (Kozhuvanal 2000).

ബി.സി.സി.എഫിനു മുന്‍പുണ്ടായിരുന്ന ദലിത് ക്രിസ്ത്യന്‍ സംഘടനകള്‍ എല്ലാം തന്നെ മെമ്മോറാണ്ടം സമര്‍പ്പണത്തില്‍ കവിഞ്ഞു പ്രവര്‍ത്തന ശൈലിയിലുള്ളവയായിരുന്നില്ല. എന്നാല്‍ വി.ഡി. ജോണിന്റെ പ്രവര്‍ത്തന ശൈലി ഗവണ്‍മെന്റുമായി നേരിട്ട് ഇടപെടലുകള്‍ നടത്തുക എന്ന രീതിയായിരുന്നു. റവ.എന്‍. സ്റ്റീഫനായിരുന്നു ഇതിന്റെ പ്രസിഡന്റായിരുന്നത്. വളരെ വേഗത്തില്‍ ജോണ്‍-സ്റ്റീഫന്‍ കൂട്ടുകെട്ട് ജനകീയമായി മാറി. 1957ല്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍, ദലിത് ക്രൈസ്തവര്‍ ഇത:പര്യന്തം നടത്തിയിട്ടുള്ള അവകാശ സമരങ്ങളില്‍ വച്ച് ഏറ്റവും ഐതിഹാസികമായ സമരം 1957ല്‍ പൊട്ടിപ്പുറപ്പെട്ടു. ദലിത് ക്രൈസ്തവരുടെ അവകാശ സമരമായിരുന്നു അത്. പട്ടികജാതിക്കാര്‍ക്കുള്ള സകല അവകാശങ്ങളും അതേപടി ദലിത് ക്രിസ്ത്യാനികള്‍ക്കും നല്‍കണമെന്നതായിരുന്നു സമരാവശ്യം (Chirakarodu 2000). സമരം സംഘടിപ്പിക്കുന്നതിനും കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാനുമുള്ള അധികാരത്തോടു കൂടി 35 അംഗ സമിതിയേയും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളായി എ.സി. ജോസഫ്, ഈ നോസ്, റവ.എന്‍. സ്റ്റീഫന്‍ എന്നിവരെയും തിരഞ്ഞെടുത്തു. 1957 ജൂലൈ 15 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യാഗ്രഹ സമരം ആരംഭിച്ചു. മൂന്നാഴ്ചയ്ക്കു ശേഷം പിക്കറ്റിങ്ങും. തുടര്‍ന്നു് ഇ.എം.എസ് ഒരു മറുപടി അയച്ചു, ‘സത്യാഗ്രഹവും പിക്കറ്റിങ്ങും നിര്‍ത്തണമെന്നും അതു നിങ്ങള്‍ക്ക് ഒരു തരത്തിലും പ്രയോജനം ചെയ്യില്ലെന്നും ഉപദേശ രൂപേണയായിരുന്നു മറുപടി (John 2014).’

കേരളത്തിന്റെ പല ഭാഗങ്ങളിലും ദലിത് ക്രൈസ്തവര്‍ അവകാശസമരത്തിനോട് ഐക്യപ്പെട്ടുകൊണ്ട് മീറ്റിങ്ങുകള്‍ നടത്തിക്കൊണ്ടേയിരുന്നു. റവ.എന്‍.സ്റ്റീഫനായിരുന്നു സമരത്തിലെ ഏറ്റവും പ്രധാന വ്യക്തിയായി തീര്‍ന്നത്. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിനെ വിമര്‍ശിച്ചുകൊണ്ട് ധാരാളം പ്രസംഗങ്ങള്‍ അദ്ദേഹം ചെയ്യുകയുണ്ടായി. ”ഇ.എം.എസ് അദ്ദേഹം ഒരു നമ്പൂതിരി ബ്രാഹ്മണനാണ്. രണ്ടാമത് ഹിന്ദുവാണ്. അതുകൊണ്ട് അദ്ദേഹത്തിന് കേരളോല്‍പ്പത്തിക്കഥകള്‍ എന്ന കുഴല്‍ക്കണ്ണാടിയില്‍ക്കൂടി മാത്രമേ എല്ലാത്തിനെയും കാണാന്‍ കഴിയുകയുള്ളൂവെന്ന് എന്‍.സ്റ്റീഫന്‍ പറയുകയുണ്ടായി (Manaveli 1998)’. ഇതേ സമയം ദലിത് ക്രൈസ്തവ സമരം ഒരുപാട് അപവാദങ്ങള്‍ക്ക് ഇരയായിരുന്നു. ഇക്കാലമത്രയും അവകാശസമരങ്ങള്‍ക്കായി ഇറങ്ങാത്തവര്‍ കമ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കുന്നതിനായി സുറിയാനി ക്രിസ്ത്യാനികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നതാണ് എന്നുള്ളതായിരുന്നു മുഖ്യ പരിഹാസം. സമരം ചെയ്യേണ്ടത് സഭയ്‌ക്കെതിരായിട്ടാണ് എന്നുള്ളതായിരുന്നു മറ്റൊരു വാദം. അതേ സമയം കത്തോലിക്കാ സഭാ നേതൃത്വം, ദലിത് കത്തോലിക്കരെ ഈ സമരത്തില്‍ നിന്നു വിലക്കുകയും ചെയ്തു. ഇത്തരം അപവാദങ്ങള്‍ക്കും കള്ളപ്രചരണങ്ങള്‍ക്കും ഇടയില്‍ സമരം ശക്തമായി വളര്‍ന്നുകൊണ്ടിരുന്നു. സമരത്തിന്റെ ഗതി മാറുകയും മന്ത്രിമാരെ റോഡുകളില്‍ തടയാൻ തുടങ്ങുകയും ചെയ്തു. ഇതിന്റെ ഫലമായി 1957 ഒക്‌ടോബര്‍ മാസത്തില്‍ കോളേജില്‍ ദലിത് ക്രൈസ്തവര്‍ക്ക് പകുതി ലംപ്‌സ്ഗ്രാന്റിനു പുറമേ 25 രൂപ പ്രതിമാസ സ്റ്റൈപ്പന്‍റും ഹരിജന്‍ അഡ്വൈസറി ബോര്‍ഡിലും ജില്ലാ ബോര്‍ഡുകളിലും പ്രാതിനിധ്യവും ഒരു ശതമാനം ജോലിസംവരണവും അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായി (John 2014). എന്നാല്‍ പകുതി എന്ന അപ്പക്കഷണത്താല്‍ സമരം അവസാനിപ്പിക്കാന്‍ ആരും തന്നെ തയ്യാറായില്ല. കുറച്ചുകാലം സമരങ്ങളില്‍ നിന്നു വിട്ടുനിന്നെങ്കിലും 1969ല്‍ വീണ്ടും സമരം ആരംഭിച്ചു. ഭാഗികമായ സ്റ്റൈപ്പന്റിനു പകരം പട്ടികജാതിക്കാര്‍ക്കു ലഭിക്കുന്നതിനു തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ദലിത് ക്രൈസ്തവര്‍ക്കും നല്‍കണമെന്നു വാദിച്ചു. പട്ടം താണു പിള്ള ഇത് അംഗീകരിക്കുകയും ദലിത് ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്ക് എല്ലാ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും ആനുകൂല്യം നല്‍കണമെന്ന ഉത്തരവ് ഇറക്കുകയും ചെയ്തു.

ദലിത് ക്രൈസ്തവര്‍ സമ്മര്‍ദ ഗ്രൂപ്പാകണം

വി.ഡി. ജോണിന്റെ നേതൃത്വത്തില്‍ ബി.സി.സി.എഫ് 1957 മുതല്‍ 1981 വരെ തുടര്‍ച്ചയായി സമരത്തിലായിരുന്നു. കാല്‍ നൂറ്റാണ്ട് സമയം സമരം ചെയ്യേണ്ട അവസ്ഥ ദലിത് ക്രൈസ്തവര്‍ക്കല്ലാതെ വേറെ ഒരു സമുദായത്തിനോ, രാഷ്ട്രീയ പാര്‍ട്ടിക്കോ ഇതുവരെ വന്നിട്ടില്ല. വിദ്യാഭ്യാസ മേഖലയിലെ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനായിരുന്നു കൂടുതല്‍ സമരങ്ങളും. ദലിത് ക്രൈസ്തവര്‍ക്ക് പബ്ലിക് സര്‍വ്വീസിലും പ്രൊഫഷണല്‍ കോളേജുകളിലും ഒരു ശതമാനം സീറ്റുസംവരണം നേടിയെടുത്തത് ബി.സി.സി.എഫ് എന്ന പ്രസ്ഥാനത്തിന്റെ കഴിവ് ഒന്നുകൊണ്ടുമാത്രമാണ്. അതുപോലെ ദലിത് കോളനികളില്‍ 5% ദലിത് ക്രിസ്ത്യാനികള്‍ക്ക് വീട് അനുവദിച്ചു കിട്ടിയതും വി.ഡി ജോണ്‍ നേതൃത്വം നല്‍കിയ സമരസമിതിയുടെ പ്രവര്‍ത്തനഫലമായാണ്. ദലിത് ക്രിസ്ത്യാനികള്‍ക്കു സഭയില്‍ നിന്നും നേരിടേണ്ടി വന്ന ചില പ്രശ്‌നങ്ങളില്‍ ഇടപെട്ടു കൊണ്ടും വി.ഡി. ജോണ്‍ രംഗത്തു വന്നിട്ടുണ്ട്. കോട്ടയം ജില്ലയിലെ സുറിയാനി ക്രിസ്ത്യാനി കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം പള്ളിയില്‍ 1990 ഏപ്രില്‍ 12 ന് ഒരു പുലയ ക്രിസ്ത്യാനിയുടെ ശവം സഭയുടെ സെമിത്തേരിയില്‍ അടക്കം ചെയ്യുകയും അടുത്ത ദിവസം മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുക്കുകയും മറ്റൊരു സ്ഥലത്ത് കുഴിച്ചിടുകയും ചെയ്തു. സഭയുടെ പൊതു കല്ലറയുടെ സെല്ലില്‍ ഒരു സുറിയാനി ക്രിസ്ത്യാനിയുടെ മുകളില്‍ പുലയ ക്രിസ്ത്യനിയെ മറവു ചെയ്തതാണ് ഇങ്ങനെ ചെയ്യാനുള്ള കാരണം. എന്തുതന്നെയായാലും ഈ ജാതിപ്രശ്‌നം വളരെ വേഗത്തില്‍ ശ്രദ്ധേയമായി, സമരങ്ങള്‍ ആരംഭിച്ചു. വി ഡി ജോണ്‍ വളരെ വേഗത്തില്‍ ഇതിന്റെ മുന്നണി പോരാളിയായി മാറി. ‘തൊട്ടുകൂടായ്മയുടെയും അന്തവിശ്വാസത്തിന്റെയും മഞ്ഞുപാളികള്‍ ഹിന്ദുമതത്തില്‍ ഉരുകിക്കൊണ്ടിരിക്കുമ്പോള്‍ അതു ക്രിസ്തുമതത്തില്‍ ഘനീഭവിച്ചുകൊണ്ടിരിക്കുന്നു’ എന്ന വി ഡി ജോണിന്റെ പ്രസ്താവനയോടു കൂടി ഒരു വാര്‍ത്ത 1990 മെയ് 12 ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്നത് ദേശീയ ശ്രദ്ധ നേടുകയുണ്ടായി. ഈ സമരവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രശ്‌നവത്കരിച്ചത് ”കേരളത്തിന്റെ സര്‍ക്കാരിന്റെ മൗനം എന്നതിനെയായിരുന്നു. ദലിതരുടെ സാമൂഹ്യാവസ്ഥയുടെ സൂചകമാണ് ദലിത് ക്രൈസ്തവ പ്രശ്‌നം, അവര്‍ നേരിടുന്ന വിവേചനത്തിന്റെ കാരണം ജാതിയാണ്. അതു നിയമപരമായി പരിഹരിക്കേണ്ടത് സര്‍ക്കാരും നിയമങ്ങളുമാണ് എന്നതായിരുന്നു ഇതിനൊടനുബന്ധിച്ച് വി ഡി ജോണ്‍ മുന്നോട്ടുവച്ച വാദം.’ എന്നാല്‍ അതേ സമയം മതം എന്ന ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് ദലിതരുടെ അവകാശങ്ങള്‍ നേടിയെടുക്കുക, സംരക്ഷിക്കുക എന്ന പദ്ധതിയാണ് അദ്ദേഹം നടപ്പിലാക്കാന്‍ ശ്രമിച്ചത്.

ദലിത് ക്രിസ്ത്യാനികളുടെ അവകാശങ്ങള്‍, പ്രത്യേകിച്ച് ഗവണ്‍മെന്റുമായിട്ടുള്ള തര്‍ക്കങ്ങള്‍ മാത്രമാണ് ദലിത് ക്രിസ്ത്യാനിയെ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദ ഗ്രൂപ്പായി നിലനിര്‍ത്താന്‍ സഹായിക്കു എന്ന് അദ്ദേഹം വാദിച്ചു. വോട്ടിനെ എങ്ങനെ ഉപയോഗിക്കാം, അധികാരത്തിലെത്തുന്നവരെ എങ്ങനെ സ്വാധീനിക്കാം, ദലിത് ക്രൈസ്തവ നിയമങ്ങള്‍ എങ്ങനെയെല്ലാം സംരക്ഷിച്ചു നിര്‍ത്താം തുടങ്ങിയ ലക്ഷ്യങ്ങള്‍ മാത്രമാണ് വി.ഡി. ജോണ്‍ മുറുകെ പിടിച്ചത്. പല രാഷ്ട്രീയ, സാമുദായിക നേതാക്കളുമായി ചര്‍ച്ച ചെയ്യുകയും, ചില മുന്നണികള്‍ രൂപം കൊടുക്കുകയും ചെയ്തിരുന്നു. മഅ്ദനിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതായി വി.ഡി ജോണ്‍ പറയുന്നു. ദലിത് ക്രൈസ്തവരെ ഒരു രാഷ്ട്രീയ സമ്മര്‍ദ്ദഗ്രൂപ്പായി രൂപാന്തരപ്പെടുത്താന്‍ വി.ഡി.ജോണ്‍ ശ്രമിച്ചതുപോലെ വേറെ ഒരു ദലിത് ക്രൈസ്തവനേതാവും ശ്രമിച്ചിട്ടില്ല.

ദലിത് ക്രൈസ്തവര്‍ക്കുവേണ്ടി നിയമപരമായി സമരങ്ങള്‍ നടത്തിയത് വി.ഡി.ജോണും, ബി.സി.സി.എഫും കൂടിച്ചേര്‍ന്നായിരുന്നു. ഇവര്‍ നേടിയെടുത്ത ആനുകൂല്യങ്ങള്‍ നിരവധിയായിരുന്നു. ഇതില്‍ പലതും പിന്നീടു പിന്‍വലിക്കുകയുമുണ്ടായിട്ടുണ്ട്. പലിശ ഇല്ലാത്ത ഭവന നിര്‍മ്മാണ വായ്പ, ഭൂവിതരണത്തില്‍ തുല്യപങ്കാളിത്തം, പ്രായപരിധി ഇളവ്, തൊഴില്‍ പരിശീലനം ലഭിച്ചവര്‍ക്ക് തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്യുക തുടങ്ങി കുറേ അധികം ആനുകൂല്യങ്ങള്‍ നേടിയെടുത്തത് വി.ഡി.ജോണിന്റെ നേതൃത്വത്തിലായിരുന്നു. കര്‍ഷകതൊഴിലാളികള്‍ക്കു വ്യവസായ നിയമത്തിന്റെ പരിരക്ഷ ലഭിക്കണം, അതിനു ഒരു നിയമ നിര്‍മ്മാണം ആവശ്യമാണ് എന്ന അജണ്ട ബി.സി.സി.എഫ് മുന്നോട്ടുവെച്ചു. ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്താണ് ഈ സമരം ആരംഭിക്കുന്നത്. കുറച്ചുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇതു നിയമമായി ഇറങ്ങിയത് (John 2014). ദലിത് ക്രിസ്ത്യാനികള്‍ക്കു സംരക്ഷണവും പരിരക്ഷയും നല്‍കേണ്ടത് ഗവണ്‍മെന്റാണ് എന്നതായിരുന്നു വി.ഡി. ജോണ്‍ മുന്‍പോട്ടുവെച്ച പ്രധാന ആശയം. ഇദ്ദേഹത്തിന്റെ കാലത്ത് കേരളത്തിലെ പല സഭകളിലും ദലിത് ക്രൈസ്തവര്‍ സമരങ്ങളും അവകാശപോരാട്ടങ്ങളും നടത്തിയിരുന്നു. എന്നാല്‍ അതിനൊന്നും തന്നെ ജോണ്‍ പ്രാധാന്യം കൊടുത്തിരുന്നില്ല. ദലിത് ക്രിസ്ത്യാനികളുടെ അവകാശങ്ങള്‍, പ്രത്യേകിച്ച് ഗവണ്‍മെന്റുമായിട്ടുള്ള തര്‍ക്കങ്ങള്‍ മാത്രമാണ് ദലിത് ക്രിസ്ത്യാനിയെ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദ ഗ്രൂപ്പായി നിലനിര്‍ത്താന്‍ സഹായിക്കു എന്ന് അദ്ദേഹം വാദിച്ചു. വോട്ടിനെ എങ്ങനെ ഉപയോഗിക്കാം, അധികാരത്തിലെത്തുന്നവരെ എങ്ങനെ സ്വാധീനിക്കാം, ദലിത് ക്രൈസ്തവ നിയമങ്ങള്‍ എങ്ങനെയെല്ലാം സംരക്ഷിച്ചു നിര്‍ത്താം തുടങ്ങിയ ലക്ഷ്യങ്ങള്‍ മാത്രമാണ് വി.ഡി. ജോണ്‍ മുറുകെ പിടിച്ചത്. പല രാഷ്ട്രീയ, സാമുദായിക നേതാക്കളുമായി ചര്‍ച്ച ചെയ്യുകയും, ചില മുന്നണികള്‍ക്കു രൂപം കൊടുക്കുകയും ചെയ്തിരുന്നു. മഅ്ദനിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതായി വി.ഡി ജോണ്‍ പറയുന്നു. ദലിത് ക്രൈസ്തവരെ ഒരു രാഷ്ട്രീയ സമ്മര്‍ദ്ദഗ്രൂപ്പായി രൂപാന്തരപ്പെടുത്താന്‍ വി.ഡി.ജോണ്‍ ശ്രമിച്ചതുപോലെ വേറെ ഒരു ദലിത് ക്രൈസ്തവനേതാവും ശ്രമിച്ചിട്ടില്ല.

എന്റെ ജീവിതവും കാലവും

2014 ഡിസംബറില്‍ പ്രൊഫസര്‍ ടി.എം. യേശുദാസന്‍ എഡിറ്റ് ചെയ്ത വി.ഡി ജോണിന്റെ ‘എന്റെ ജീവിതവും കാലവും’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് ‘വി.ഡി.ജോണ്‍ ദര്‍ശന കേന്ദ്ര’മാണ്. 1921 മുതല്‍ 2010 വരെ ജീവിച്ചിരുന്ന ഈ ദലിത് ക്രൈസ്തവ നേതാവിന്റെ ആത്മകഥയുടെ രചനാവേളയില്‍ ഇദ്ദേഹത്തിനെ സഹായിച്ചിരുന്നത് എം.ഭാസ്‌കരന്‍ ആചാരി എന്ന സുഹൃത്തായിരുന്നു. ജോണിന്റെ മരണശേഷമാണ് ഇതു പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത്. സമരങ്ങളുടെ ആത്മകഥയാണിത്. ഒരുപക്ഷേ ജീവിതസമരം എന്ന തലക്കെട്ടായിരിക്കും ഇതിനു കൂടുതല്‍ യോജിക്കുക. ഒരു ദലിത് ക്രിസ്ത്യാനി നേതാവിന്റെ സമരങ്ങളുടെ ജീവിതം മാത്രമാണ് ഈ ആത്മകഥയിലുള്ളത്. ഇദ്ദേഹത്തിന്റെ കുടുംബ ജീവിതത്തിനെക്കുറിച്ചുപോലും അതില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. കേരളം രൂപംകൊണ്ടതിനുശേഷമുള്ള ദലിത്‌ക്രൈസ്തവന്റെ സാമൂഹ്യ അവസ്ഥയും രാഷ്ട്രീയപാര്‍ട്ടികള്‍ ഇവരെ ഉപയോഗിച്ചതും, മറ്റുള്ളവര്‍ നോക്കി കണ്ടതുമായ ചരിത്രങ്ങള്‍ അടങ്ങിയ ഒരു ആത്മകഥയാണ് എന്റെ ജീവിതവും കാലവും. നിലവിലെ ദലിത് ക്രൈസ്തവ ചരിത്രങ്ങളും ഓര്‍മ്മക്കുറിപ്പുകളും കേവലം സഭയുടെ വൃത്തത്തിനുള്ളില്‍ ഭ്രമണം ചെയ്യുന്നതായിട്ടാണു നമുക്കു കാണാന്‍ കഴിയുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ദലിത് ക്രൈസ്തവന്റെ സാമൂഹ്യഅവകാശങ്ങളെയും, അതിന്റെ ആവശ്യകതയെയും കൂടുതല്‍ പ്രകാശിതമാക്കി കാണിക്കുന്ന ഒന്നാണ് ഇദ്ദേഹത്തിന്റെ ആത്മകഥ. ഇത് കേരള രാഷ്ട്രീയ ചരിത്രമാണു ചര്‍ച്ച ചെയ്യുന്നത്, അതോടൊപ്പം ഒരു ദലിത് ക്രിസ്ത്യാനിയുടെ സമരങ്ങളുടെ ചരിത്രം കൂടിയാണ്. കേരള രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യം അറിയിച്ചിരുന്ന ഒട്ടുമുക്കാല്‍ പ്രശസ്തരും ഇതില്‍ കഥാപാത്രങ്ങളാകുന്നുണ്ട്. ദലിത് ക്രൈസ്തവ വിഭാഗം മുറുകെ പിടിക്കുന്ന വിശ്വാസത്തിന്റെ തലത്തിനെയോ, വിമോചനം സാധ്യമാക്കുന്ന തിയോളജിയുടെ പിന്തുണയോ ഒന്നും ഇല്ലാതെ പച്ചയായ ജീവിതത്തിനെയാണ് ഈ പുസ്തകത്തില്‍ കാണാന്‍ സാധിക്കുന്നത്. ഉപജാതിവാദമോ, ചേരമര്‍ പ്രത്യയശാസ്ത്രമോ, സഭാതര്‍ക്കമോ തുടങ്ങിയ കാര്യങ്ങള്‍ ഒന്നുംതന്നെ ഇദ്ദേഹത്തിനെ ബാധിച്ചിരുന്നില്ല എന്നു നമുക്കു വ്യക്തമാണ്. സാമൂഹ്യഅനീതികളെ ചെറുക്കുക, തുല്യനീതി എന്നീ രണ്ടു കാര്യങ്ങള്‍ക്കായിട്ടാണ് വി.ഡി.ജോണ്‍ ജീവിച്ചത്. ദലിത് ക്രൈസ്തവരുടെ വിദ്യാഭ്യാസമേഖലയില്‍ നിലനിന്നിരുന്ന അനശ്ചിതത്വം മിഷണറികാലം മുതലെ തുടര്‍ന്നിരുന്നതിനെ മുറിച്ചു മാറ്റി വിദ്യാഭ്യാസ മേഖലയിലെ അസമത്വം പരിഹരിച്ചത് വി.ഡി.ജോണിന്റെ മുഖ്യ മേല്‍നോട്ടത്തില്‍ തന്നെയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദം എന്ന തന്ത്രത്തിനായിട്ടാണ് പല സഖ്യങ്ങളിലും അദ്ദേഹം ചേര്‍ന്നത്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍, പ്രത്യേകിച്ചു കുട്ടനാടും കര്‍ഷകതൊഴിലാളി

വിനിൽ പോൾ

പ്രസ്ഥാനങ്ങളുടെ ചരിത്രപഠിതാക്കള്‍ക്ക് ഇദ്ദേഹത്തിന്റെ ആത്മകഥ ഒരു മുഖ്യ ഉപാദാനം കൂടിയാണ്. കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകനായ വി.ഡി ജോണ്‍ പ്രശസ്ത ഇടതുപക്ഷ ചരിത്രകാരനായ എന്‍.കെ. കമലാസനന്റെ കുട്ടനാടന്‍ ചരിത്രരചനയെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ആര്‍ക്കോ വേണ്ടി കെട്ടിച്ചമച്ചതും, സത്യവുമായി പുലബന്ധംപോലും ഇല്ലാത്തതുമായ പലതും കമലാസനന്‍ എഴുതി ചേര്‍ത്തിരിക്കുന്നു എന്നു വി.ഡി. ജോണ്‍ വിമര്‍ശിക്കുന്നു. കമലാസനന്റെ മോശമായ ചരിത്രത്തിനെ ജോണ്‍ അക്കമിട്ട് നിരത്തി കാണിക്കുന്നുണ്ട്. സാമ്പ്രദായിക ചരിത്രരചയിതാക്കള്‍ക്കു വഴങ്ങിക്കൊടുക്കാത്ത കുന്തക്കാരന്‍ പത്രോസും, വി.ഡി. ജോണുമെല്ലാം കുട്ടനാട്ടിലെ കര്‍ഷകതൊഴിലാളി ചരിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനു പിന്നില്‍  ദലിത് ക്രൈസ്തവരായിരുന്നു എന്ന ഒറ്റകാരണം മാത്രമാണ് ഉള്ളത്.

ദലിത് ക്രൈസ്തവ ചരിത്രത്തിനു് ഒരു ദിശാമാറ്റം, വിശേഷിച്ച് ഗവണ്‍മെന്റിലേക്കു തിരിച്ചുവിട്ടത് വി.ഡി.ജോണിന്റെ കടന്നുവരവിലൂടെ മാത്രമാണ്. പാമ്പാടി ജോണ്‍ ജോസഫ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച നിവേദനം പോലും കേവലം സഭ എന്ന കുറ്റിക്കുള്ളില്‍ കിടന്നു കറങ്ങുന്നതു മാത്രമായിരുന്നു. കോളനിക്കാലത്ത് വിശ്വാസത്തിന്റെ കാരണത്താല്‍ ഭൗതിക നേട്ടങ്ങള്‍ വേണ്ടെന്നുവെച്ച വിഭാഗമായ ദലിത് ക്രൈസ്തവരാണ് എക്കാലത്തും ഗവണ്‍മെന്റില്‍ നിന്നു് അകറ്റിനിര്‍ത്തപ്പെട്ടവര്‍. സാമ്പ്രദായിക ചരിത്രരചനയില്‍ ജാതിപീഡനത്തില്‍ നിന്നു രക്ഷപ്പെടാന്‍ ക്രിസ്തുമതം സ്വീകരിച്ചവര്‍ എന്ന് യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെയാണ് എല്ലാവരും ഒരുപോലെ മോശം ചരിത്രം ഇവരുടെമേല്‍ ആരോപിക്കുന്നത്. ഇത്തരത്തില്‍ അകറ്റിനിര്‍ത്തപ്പെട്ട  ജനവിഭാഗത്തിനുവേണ്ടി ജീവിതം മുഴുവന്‍ സമരം ചെയ്ത വി.ഡി.ജോണിനെപ്പോലെ ഒരു നേതാവിനെ കേരള ചരിത്രത്തില്‍ നമുക്കു കാണാന്‍ കഴിയില്ല.

കെടാവിളക്ക്, ബി.പി.ഡി.സി, സി.എസ്.എസ്.സി., കൊടുങ്ങല്ലൂര്‍ മീഡിയ ഡയലോഗ് സെന്റര്‍, ഉത്തരകാലം എന്നിവര്‍ സംയുക്തമായി ‘വീണ്ടെടുപ്പ് പുനര്‍വായന’, എന്ന തലക്കെട്ടില്‍ 2018 ഡിസംബര്‍ ശനിയാഴ്ച കോട്ടയത്തു നടന്ന സെമിനാറില്‍ അവതരിപ്പിച്ച പേപ്പര്‍.

  • David, V T. (1930) Thiruvithamkoor Kochi Angaleya Sabha Charithram.
  • Gladstone, J. W. (1984) Protestant Christianity and People's Movements in Kerala.
  • Hacker, I H. (1908) A Hundred Years in Travancore 1806- 1906.
  • Hjejle, Bendicte. (1967) Slavery and Agricultural Bondage in South India in the Nineteenth Century.
  • Kozhuvanal, Kunjukutty. (2000) dalith kraisthavarude avakasa porattam.
  • Manavelil, Peter J. (1998) Mahanaya Stephen Achan.
  • Mohan, P Sanal. (2015) Modernity of Slavery.
  • Ommen, George. (1997) Strength of Tradition and Weakness of Communication- Central Kerala Dalit Conversion.
  • John, V D (2014) Enta Jeevithavum Kaalavum.
Top