വിപ്ലവകാരികളുടെ പിറവി, മുല ചുരത്തുന്ന വളര്‍ത്തച്ഛന്മാര്‍, ചെറു ലൈംഗികതകള്‍ – ഒരു മാവോയിസ്റ്റ് നോവലിനെക്കുറിച്ചുള്ള പരിചിന്തകൾ

മാവോയിസത്തിന്‍റെ ജീനിയോളജിയെ പറ്റി പുതുവിഷയികളില്‍ നിന്നും ഉയര്‍ന്നുവരുന്ന ചോദ്യങ്ങളെ കാല്‍പനികത കൊണ്ടു വഴിതിരിച്ചുവിടാം എന്ന വിചാരമാണു രൂപേഷിനുള്ളതെന്നു തോന്നുന്നു. ഇതിനു വേണ്ടി പടിഞ്ഞാറും കിഴക്കുമുള്ള അധിനിവേശ സങ്കല്‍പങ്ങളെ അറിഞ്ഞോ അറിയാതെയോ തന്‍റെ എഴുത്തില്‍ സന്നിവേശിപ്പിക്കുന്നതിനൊപ്പം വ്യത്യസ്ത ജനവിഭാഗങ്ങളുടെ ചരിത്രാനുഭവങ്ങളെ മാറ്റിമറിച്ച് അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. മാവോയിസ്റ്റ് എന്ന നോവലിനെ കുറിച്ച് കെ.കെ.ബാബുരാജ് എഴുതുന്നു.

കാൽപനികത എന്ന സാഹിത്യ ഭാവുകത്വത്തെ, സ്ഥലപരമായും സാമുദായികമായും അടയാളപ്പെടുത്തുന്നതില്‍ നിന്നു മലയാള വിമര്‍ശകര്‍ പൊതുവേ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നു കാണാം. 18 -19 നൂറ്റാണ്ടുകളില്‍, പ്രദേശപരമായി യൂറോപ്പിലും സാമുദായികമായി വെള്ളക്കാരായ കുലീനരിലും വേരോട്ടമുണ്ടായ ഈ സാഹിത്യ ഭാവുകത്വത്തെ എം.പി.പോളും മുണ്ടശ്ശേരിയും സുകുമാര്‍ അഴീക്കോടും അടക്കമുള്ള മുന്‍കാല നിരൂപകര്‍ ഏറെക്കുറെ മഹത്വവല്‍ക്കരിച്ചാണു പ്രതിപാദിച്ചിട്ടുള്ളത്. പ്രമുഖ ആധുനികതാവാദ നിരൂപകനായ കെ.പി.അപ്പന്‍ സാഹിത്യത്തിന്‍റെ ‘അധരസിന്ദൂര’മായി അതിനെ വിശേഷിപ്പിച്ചു. പാരമ്പര്യത്തിനും ആധുനികതയ്ക്കും എതിര്‍നിന്നവരായി അവകാശപ്പെടുന്ന മാര്‍ക്സിസ്റ്റ് നിരൂപകരാകട്ടെ, അടിത്തട്ടിന്‍റെ സാംസ്കാരിക രൂപവത്കരണമായി അതിനെ കണ്ടു.

യൂറോപ്പില്‍, ഭാവഗാന ശാഖയുടെ തിരോധാനത്തോടൊപ്പം കാൽപനികതയും ചരിത്രപരമായി പിന്‍തള്ളപ്പെടുകയാണുണ്ടായത്. എങ്കിലും സാമ്രാജ്യത്വ വികാസത്തിന്‍റെ പശ്ചാത്തലത്തില്‍ ബ്രിട്ടണില്‍ പ്രചാരം നേടിയ റൊമാന്‍സ് നോവലുകളിലൂടെ അതു വീണ്ടും പുതുക്കപ്പെട്ടു. കൊളോണിയലിസ്റ്റുകളുടെ ഔദ്യോഗിക രേഖകള്‍, യാത്രാ വിവരണങ്ങള്‍, യുദ്ധസ്മരണകള്‍, വിദൂരദേശങ്ങളെയും അപരജനതകളെയും കുറിച്ചുള്ള മായികമായ വര്‍ണനകള്‍ എന്നിവയ്ക്കൊപ്പം ജനപ്രീതി നേടിയ റൊമാന്‍സുകള്‍ അധിനിവേശത്തെ പുതിയൊരു മിഥോളജിയാക്കി മാറ്റുന്നതില്‍ വലിയ പങ്കാണു വഹിച്ചത്.

വമ്പിച്ച നിലയില്‍ വായനക്കാരെ ആകര്‍ഷിച്ചെങ്കിലും ബഹുജനങ്ങളുടെ തിരസ്കൃതമായ ജീവിതാവസ്ഥകളെ നോവലില്‍ കൊണ്ടുവന്നതു റൊമാന്‍സ് എഴുത്തുകാരല്ല. സാഹിത്യത്തിലെ നാച്ച്വറലിസത്തിന്‍റെ വികാസത്തിന്‍റെ ഭാഗമായാണ് പുറന്തള്ളപ്പെട്ടവരുടെ വ്യക്തി / സമുദായ അനുഭവങ്ങള്‍ നോവലില്‍ എത്തുന്നത്. അതേസമയം, ബല്‍സാക്കിന്‍റെയും എമിലി സോളയുടെയും മറ്റും ഇത്തരം നോവലുകള്‍ ഫ്രഞ്ചില്‍ നിന്ന് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയപ്പോള്‍ റൊമാന്‍സ് എഴുത്തുകാരും അതിന്‍റെ വായനക്കാരും വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ‘ഇറക്കുമതി ചെയ്യപ്പെട്ടത്’, ‘അരാജകത്വം വളര്‍ത്തുന്നത്’, ‘ബ്രിട്ടീഷ് ദേശീയതയുടെ മൂല്യങ്ങളെ തകര്‍ക്കുന്നത്’ എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ കൊണ്ടാണ് അവര്‍ നോവലിന്‍റെ പുതുദിശയെ എതിര്‍ത്തത്. ഈ കാര്യങ്ങള്‍ ഇവിടെ എഴുതുന്നത് നോവല്‍ എന്ന വ്യവഹാരത്തിന്‍റെ പ്രധാന വശം തന്നെ, കാൽപനികതയോടുള്ള വിയോജിപ്പാണെന്ന് ഓര്‍മിപ്പിക്കാനാണ്. എന്നാല്‍ ഈ വസ്തുതയോടു മുഖം തിരിച്ചുനില്‍ക്കുന്ന, ഏറ്റവും പ്രശ്നകരമായ ഒന്നാണ് രൂപേഷ് എഴുതിയ മാവോയിസ്റ്റ് എന്ന നോവല്‍. 

മാവോയിസത്തിന്‍റെ ജീനിയോളജിയെപ്പറ്റി പുതുവിഷയികളില്‍ നിന്നു് ഉയര്‍ന്നുവരുന്ന ചോദ്യങ്ങളെ കാല്‍പനികത കൊണ്ടു വഴിതിരിച്ചുവിടാം എന്ന വിചാരമാണു രൂപേഷിനുള്ളതെന്നു തോന്നുന്നു. ഇതിനു വേണ്ടി പടിഞ്ഞാറും കിഴക്കുമുള്ള അധിനിവേശ സങ്കല്‍പങ്ങളെ അറിഞ്ഞോ അറിയാതെയോ തന്‍റെ എഴുത്തില്‍ സന്നിവേശിപ്പിക്കുന്നതിനൊപ്പം വ്യത്യസ്ത ജനവിഭാഗങ്ങളുടെ ചരിത്രാനുഭവങ്ങളെ മാറ്റിമറിച്ച് അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. മാത്രമല്ല, അസ്വസ്ഥകരമായ ഒരു ‘അതിദേശീയത’യാണ് ഇതിലുള്ളതെന്നും പറയേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളെ ഇപ്പോഴേ പുറത്തെടുത്തു വിമര്‍ശിക്കുകയാണ് രൂപേഷിനോടും അദ്ദേഹത്തോടൊപ്പമുള്ള ചെറുസംഘത്തോടും ചെയ്യാവുന്ന നീതിബോധമെന്നു ഞാന്‍ കരുതുന്നു.

വിപ്ലവകാരികളുടെ പിറവി

ഈ നോവലിന്‍റെ ഉടല്‍ രാഷ്ട്രീയം പരിശോധിക്കുകയാണെങ്കില്‍ അത് ഒരു മധ്യമ, ജാതി ഹിന്ദു, ആണിന്‍റേതാണെന്നു വെളിപ്പെടും. എന്നാല്‍ അയാള്‍ അപൂര്‍വമായ അവസരങ്ങളിലേ രംഗത്തു വരുന്നുള്ളൂ. അതേസമയം, അയാളുടെ പകരക്കാരായി സംസാരിക്കുന്നതും ഇടപാടുകള്‍ നടത്തുന്നതും (speak and act) രണ്ടു പെണ്ണുങ്ങളാണ്. ഷെറിന്‍ മാത്യു എന്ന സവര്‍ണ ക്രൈസ്തവ പെണ്ണും ഇന്ദിരക്കുട്ടിയെന്ന ദലിത് പെണ്ണുമാണ് അവര്‍. ആഖ്യാന പുരുഷന്‍ മറവില്‍ നിന്നുകൊണ്ട് രണ്ടു പെണ്ണുങ്ങളുടെ മേല്‍ നടത്തുന്ന ഉടല്‍പ്പകര്‍ച്ച തന്നെയാണു പ്രശ്നകരം. ഒരുപക്ഷേ ഈ നോവലിന്‍റെ ആന്തരികതയെ സൂക്ഷ്മമായി വായിക്കേണ്ടി വരുന്നതും ഇക്കാരണത്താലാണ്.

ഇന്ത്യയിലെ സവര്‍ണ ആണത്ത അധികാര വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന, പുതുവിഷയികളുടെ സാന്നിധ്യത്തെയാണു് സമകാലീനമായ, കീഴാള – ന്യൂനപക്ഷ സാമൂഹിക ചലനങ്ങളും വിവിധ സ്ത്രീവാദങ്ങളും അടയാളപ്പെടുത്തുന്നത്. മാവോയിസം പോലുള്ള മൂവ്മെന്‍റുകളോടു് ഇവ പ്രത്യക്ഷത്തില്‍ത്തന്നെ  വിയോജിക്കുന്നവയുമാണ്. ഈ വസ്തുതയെ ഇരുട്ടില്‍ നിര്‍ത്താനാണു  ഷെറിന്‍ മാത്യുവിന്‍റെയും ഇന്ദിരക്കുട്ടിയുടെയും പേരുകള്‍ വെച്ചുള്ള ഉടല്‍പ്പകര്‍ച്ചകള്‍ വേണ്ടിവരുന്നതെന്നു കരുതാം. ഇന്നത്തെ ബഹുത്വങ്ങളുടെയും വൈവിധ്യങ്ങളുടെയും പ്രശ്ന പരിസരങ്ങളില്‍ മാവോയിസത്തിന് ‘ഐഡിയോളജി’യുടെ ദൗര്‍ബല്യം മാത്രമല്ല, ഏതെങ്കിലും സാമൂഹിക വിഭാഗത്തിന്‍റെ പ്രതിനിധാനവും ഇല്ലെന്ന വസ്തുതയും ഈ ഉടല്‍മാറ്റം സൂചിപ്പിക്കുന്നുണ്ട്.

ഇന്ദിരക്കുട്ടിയുടെ ഓര്‍മകളിലൂടെയാണ് ആഖ്യാനം നിര്‍വഹിക്കപ്പെടുന്നതെങ്കിലും നോവലിലെ മുഖ്യ കഥാപാത്രം ഷെറിന്‍ മാത്യുവാണ്. ഷെറിനടക്കം ഇതിലെ വിപ്ലവകാരികളായ മുഴുവന്‍ പേരും “സായുധ സമര പാത”യില്‍ എത്തുന്നത് തങ്ങളുടെ കുടുംബങ്ങളുടെ തകര്‍ച്ചയുടെ ഫലമായിട്ടാണ്. കുടുംബ ശൈഥില്യവും അതിലൂടെ, വ്യക്തികളിലുണ്ടാവുന്ന ഏകാന്തതയുമാണു വിപ്ലവകാരികളെ രൂപപ്പെടുത്തുന്നതെന്ന സങ്കല്‍പം മലയാളത്തിലെ മുഖ്യധാരാ സിനിമകളിലെ സ്ഥിരം വാര്‍പ്പു മാതൃകയാണ്. ഈ ഫോര്‍മുല എന്തുകൊണ്ടാണു രൂപേഷും പിന്തുടരുന്നത്? ഇതിനുത്തരം, നോവലിലെ മാവോയിസ്റ്റ് ലീഡറായ ആനന്ദിന്‍റെ പെൺ പതിപ്പായ ഷെറിന് ഏംഗല്‍സിനോടുള്ള സവിശേഷമായ ഭക്തിയില്‍ നിന്നു കണ്ടെത്താനാവും. ഏംഗല്‍സിന്‍റെ കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉദ്ഭവവും വളര്‍ച്ചയും എന്ന പുസ്തകമാണ് അവളുടെ സ്വകാര്യ ബൈബിള്‍. അതു പ്രകാരം കുടുംബമാണു  സാമൂഹിക മര്‍ദനത്തിന്‍റെ ആദിമ രൂപം.

മതസ്ഥാപനങ്ങള്‍ക്കും ഭരണകൂട വ്യവസ്ഥകള്‍ക്കും മാത്രമല്ല, ബലപ്രയോഗത്തിലൂടെയുള്ള അധികാര രൂപവത്കരണത്തെ മുഖ്യമായി കാണുന്ന, മാര്‍ക്സിസം അടക്കമുള്ള പ്രത്യയശാസ്ത്രങ്ങള്‍ക്കും മെരുങ്ങാത്ത “കീഴ്നില”കളാണു കുടുംബം, വിശ്വാസം, സമുദായം മുതലായവ. ഇവയെ എസന്‍ഷ്യലൈസ് ചെയ്തു കാണുകയോ ഇവയ്ക്കു മര്‍ദക സ്വഭാവമില്ലെന്നോ അല്ല പറയാന്‍ ഉദ്ദേശിക്കുന്നത്. മറിച്ച് മേല്‍പ്പറഞ്ഞ ഘടകങ്ങളെ പ്രതിപാദിക്കുന്നതില്‍ മാര്‍ക്സും എംഗല്‍സും ഉപയോഗിച്ച മുന്‍ഗണനകള്‍ തത്ത്വചിന്തയുടെ ഉച്ച ഘടകങ്ങളും പാശ്ചാത്യ കേന്ദ്രീകൃത ബദല്‍ പുരുഷ ഭാവനകളുമായിരുന്നു എന്നാണു സൂചിപ്പിക്കുന്നത്. കേരളത്തില്‍ മാര്‍ക്സിന്‍റെയും ഏംഗല്‍സിന്‍റെയും  വീക്ഷണങ്ങള്‍ വാര്‍പ്പു മാതൃകളായാണു നിലനില്‍ക്കുന്നത്. അവയെ അങ്ങനെ തന്നെ ഉള്‍ക്കൊള്ളുന്നതു മൂലമാണ് മലയാളത്തിലെ തട്ടിക്കൂട്ടു സിനിമാക്കാരും രൂപേഷിനെപ്പോലുള്ളവരും ഒരേപോലെ, വിപ്ലവകാരികളുടെ പിറവിക്കു കാരണം കുടുംബ ശൈഥില്യമാണെന്നു കരുതുന്നത്. കുടുംബത്തോടുള്ള വെറുപ്പും മതത്തോടുള്ള വിയോജിപ്പുമാണ് വിപ്ലവകാരികള്‍ക്കു പിറവി നല്‍കുന്നതെന്ന സാമാന്യ യുക്തിയെ എഴുത്തുകാരന്‍ പുനരാനയിക്കുമ്പോള്‍ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. സവര്‍ണ ക്രൈസ്തവത നല്‍കുന്ന, പ്രതീകാത്മകവും അല്ലാത്തതുമായ മൂലധനങ്ങളെ അദൃശ്യമാക്കിയാണു ഷെറിന്‍, പിതൃാധിപത്യത്തോടും കുടുംബ സംവിധാനത്തോടുമുള്ള വെറുപ്പു പ്രകടിപ്പിക്കുന്നത് എന്നതാണത്.

സവര്‍ണ മത – ജാതിസ്ഥാനങ്ങളില്‍ നിന്നു വന്നിട്ടുള്ളവരാണ് ഇൻഡ്യയിലെ കമ്യൂണിസ്റ്റ് നേതാക്കളില്‍ ഏറെപ്പേരും. ഇവര്‍ ഒരുവശത്ത് തങ്ങള്‍ക്ക് അതിലൂടെ കിട്ടുന്ന സാമൂഹികമായ അംഗീകാരങ്ങളില്‍ സംതൃപ്തി അനുഭവിക്കുന്നവരാണ്. മറുവശത്ത് സ്വയം ജാതിക്കും മതത്തിനും പിതൃാധിപത്യ കുടുംബസംവിധാനങ്ങള്‍ക്കും എതിരാണെന്നും അതീതരാണെന്നും പ്രചരിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളെ ഡീ-ക്ലാസ്സിങ് എന്നൊക്കെയുള്ള പ്രതീതികള്‍കൊണ്ടു മറയ്ക്കാമെങ്കിലും അടിസ്ഥാനപരമായും സവര്‍ണതയെ വര്‍ഗപരമായ ചലനത്തിലൂടെ (Class Mobility) ഇരട്ടിപ്പിക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്‌. എന്നാല്‍ കീഴാളര്‍ക്കും കീഴാളസ്ത്രീകള്‍ക്കും വര്‍ഗപരമായ ചലനം കിട്ടുകയില്ലെന്ന് ഓര്‍ക്കണം.

അവര്‍ പാര്‍ട്ടിയുടെ/പ്രത്യയശാസ്ത്രത്തിന്‍റെ  ‘വണ്ടിക്കാളകളോ’ വിപ്ലവത്തിന്‍റെ ‘ചലമോ’ ‘ചളിയോ’ ആയി ഒടുങ്ങാന്‍ വിധിക്കപ്പെട്ടവരാകുന്നു. തന്ന്മൂലമാണ് ഷെറിനും സുഭാഷും നേതാക്കളായിരുന്ന “വിപ്ലവ വിദ്യാര്‍ഥി സംഘടന”യിലെ മേല്‍ജാതിക്കാരും മധ്യവര്‍ഗക്കാരുമായ സഖാക്കള്‍ പില്‍ക്കാലത്തു വലിയ സമ്പന്നരും പ്രശസ്തിയും സ്വാധീനമുള്ളവരുമായപ്പോള്‍ തുരുത്തിലെ കീഴാളസഖാക്കള്‍ സമ്പൂര്‍ണമായി പാപ്പരീകരിക്കപ്പെടുകയും അവരുടെ പ്രദേശം പോലും അപ്രത്യക്ഷമാവുകയും ചെയ്തത്. 

കമ്യൂണിസ്റ്റ് വാര്‍പ്പു മാതൃകകളോടുള്ള എഴുത്തുകാരന്‍റെ അന്ധമായ അഭിനിവേശത്തില്‍ നിന്നു പിറവിയെടുത്ത ഫാന്‍റസിയല്ല ഷെറിന്‍റെ, കുടുംബമെന്ന പിന്തിരിപ്പന്‍ സ്ഥാപനവും മര്‍ദ്ദകനായ പിതാവും എന്നുതന്നെ വെക്കുക. യഥാര്‍ഥത്തില്‍, അവളുടെ കുടുംബം ഒരു നരകം തന്നെയാണെന്നും  അതിനോടുള്ള കലഹമാണ് അവളെ റെബലാക്കിയതെന്നും കരുതുക. അപ്പോള്‍പ്പോലും ഭൂരിപക്ഷ സമുദായത്തിനു  വെളിയിലുള്ള സ്ത്രീയെന്ന നിലയില്‍ അവളുടെ മതവിശ്വാസത്തിലുണ്ടായ മാറ്റങ്ങള്‍, മാവോയിസം പോലെ അതീവ ഹൈന്ദവ കേന്ദ്രീകരണമുള്ള പാര്‍ട്ടിയില്‍ എത്തുന്നതിനു മുൻപും ശേഷവും ഉണ്ടായ ജ്ഞാനാര്‍ജിതങ്ങള്‍ എന്നിവയുടെ സൂചനകളെങ്കിലും നോവലില്‍ കാണേണ്ടതാണ്. എഴുത്തുകാരന്‍ / കാരിയുടെ ആത്മചിത്രത്തില്‍നിന്നു വിട്ടു മാറി നോവല്‍ എന്ന വ്യവഹാരം സ്വതന്ത്രമാകുന്നത് ഇത്തരം ഉപപാഠങ്ങളുടെ വിനിമയ ശേഷിയിലൂടെയാണ്. 

ഏതായാലും കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്ന പുസ്തകത്തിലൂടെ ഏംഗല്‍സ് സാധൂകരിച്ച “പ്രാകൃത കമ്മ്യൂണിസ”മെന്ന സുവര്‍ണ ഭൂതകാലവും  അതിന്‍റെ തിരുപ്പിറവിയായ മനുഷ്യവംശത്തിനു വരാനിരിക്കുന്ന വസന്ത കാലമെന്ന സ്വപ്നവും ലോകത്തിലെ ഏതെങ്കിലും പീഡിത ജനതയുടെ വിമോചനതൃഷ്ണയില്‍ നിന്നു രൂപപ്പെട്ടതല്ലെന്ന് ഇന്നു തിരിച്ചറിയപ്പെട്ടിട്ടുണ്ട്. മറിച്ച് യൂറോപ്പിലെ വെള്ളക്കാരായ കുലീനര്‍ തങ്ങളുടെ പൂര്‍വ ദേശീയതയായി കാണുന്ന “ആട്ടിടയ സമുദായത്തിന്‍റെ സ്വഛന്ദ ജീവിതത്തിന്‍റെ” തിരിച്ചുപിടുത്തമായി ആ സ്വപ്നം ഇന്നു വായിക്കപ്പെടുന്നു. ഇപ്രകാരത്തിലുള്ള ഏതോ ഒരു പൂര്‍വകാലത്തെ തിരിച്ചുപിടിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച ഈ നോവലിലെ ഏംഗല്‍സ് ഭക്തയായ വിപ്ലവകാരിയും, കുടുംബത്തെ മാത്രമല്ല, നിലവിലുള്ള സിവില്‍ സംവിധാനങ്ങളെ അപ്പാടെ നരകമായി കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.  

ദലിത് സ്ത്രീയും അതിദേശീയതയും

വെള്ളക്കാരോ മേല്‍ജാതിക്കാരോ ആയ നായികാ നായകന്മാരെ ഓര്‍മിപ്പിക്കുന്ന തരത്തിലാണു ഷെറിന്‍റെയും സുഭാഷിന്‍റെയും ജീവിതവും വിപ്ലവ പ്രവര്‍ത്തനങ്ങളും വര്‍ണിക്കപ്പെടുന്നത്. വരേണ്യമായ കുടുംബങ്ങളുടെ തകര്‍ച്ചയുടെ ഫലമായിട്ടാണ് ഇവര്‍ സായുധ സമരപാത  സ്വീകരിച്ചതെന്നു മുന്‍പേ സൂചിപ്പിച്ചിരുന്നു. കോളെജ് വിദ്യാഭ്യാസ കാലത്ത് ഇവരുടെ സുഹൃത്തായിരുന്ന ഇന്ദിരക്കുട്ടിയടക്കം എല്ലാവര്‍ക്കും ഈ വിപ്ലവകാരികളോടുള്ള അടുപ്പം ഭക്തിയും വിധേയത്വവും നിറഞ്ഞതാണ്. അതു പ്രകടിപ്പിക്കാന്‍ നോവലിസ്റ്റ് ഉപയോഗിക്കുന്ന വാക്കുകളാവട്ടെ, ഹിന്ദു പുരാണങ്ങളിലെ അത്യുക്തികള്‍ക്കു സമാനമാണ്. സമത്വചിന്തയോ സാഹോദര്യബോധമോ അല്ല; എഡ്വേഡ് സെയ്ദ്‌ വിശദീകരിച്ചതുപോലെ, പുതിയ തരത്തിലുള്ള അയഞ്ഞ ഒരു മേലാളിത്ത പദവിയാണ് (Flexible Positional Superiority) ഇവര്‍ക്കു കല്പിച്ചിട്ടുളളത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മാര്‍ക്സിസ്റ്റ് മിഥോളജിയില്‍  നിന്നു പിറവിയെടുത്ത ആറാംതമ്പുരാക്കന്‍മാരും തമ്പുരാട്ടിമാരുമായിട്ടാണ് ഈ ഹീറോ-ഹീറോയ്ന്‍മാര്‍ രംഗത്തു വന്നിരിക്കുന്നത്. ഇടതുപക്ഷ പൊതുബോധത്തിന്‍റെ ചിന്താപരമായ മരവിപ്പാണ് ഇവര്‍ക്കു താങ്ങും തണലുമായിട്ടുള്ളത്.  

ഇവരുടെ പുത്തന്‍ മേലാളിത്ത പദവിക്കു സ്വരൂപം ഉണ്ടാക്കാനുള്ള വസ്തുവഹകളായിട്ടാണു ദലിതര്‍, കീഴാളസ്ത്രീകള്‍, മുസ്ലീങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, വിവിധ ബഹുജന സമര മുന്നണികള്‍, ഗവണ്‍മെന്‍റ് ഇതര സംഘടനകള്‍ മുതലായവ പ്രതിപാദിക്കപ്പെടുന്നത്. ഏറ്റവും കൂടുതല്‍ വസ്തുവല്‍ക്കരിക്കപ്പെടുന്നത് ഇന്ദിരക്കുട്ടിയെന്ന  ദലിത് വനിതാ കളക്ടറാണ്. ആകെ രണ്ടോ മൂന്നോ കൊല്ലം കോളേജ് ഹോസ്റ്റലില്‍ ഒന്നിച്ചു താമസിക്കുകയും ഷെറിന്‍റെയും കൂട്ടരുടെയും വിപ്ലവ പ്രവര്‍ത്തനത്തെ കൗതുകത്തോടെ നോക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് ഇന്ദിരക്കുട്ടിക്ക് ഇവരോടുള്ള ബന്ധം.

രൂപേഷ്

ഇന്ദിരക്കുട്ടി ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിച്ചതും അതിനുവേണ്ടി  പ്രയത്നിച്ചതും അവളുടെ അപകര്‍ഷതാ മനോഭാവം മൂലമാണെന്നു നോവല്‍  സ്ഥാപിക്കുന്നു. വെളുത്ത വംശീയാധികാരത്തിന്‍റെ വ്യാപനത്തിനൊപ്പം ലോകത്തിലെ ‘അപര ജനത’കളെ മനുഷ്യപദവികളില്‍ നിന്നു വലിച്ചിറക്കാനായി, കൊളോണിയല്‍ ലബോറട്ടറികളില്‍ തയ്യാര്‍ ചെയ്ത വര്‍ഗീകരണ സംജ്ഞകളില്‍ ഒന്നാണ് അപകര്‍ഷതാ മനോഭാവമെന്നത്. സോഷ്യലിസ്റ്റ് സാമൂഹികതയുടെ പക്ഷത്തുള്ളവര്‍ പണ്ടേ പൊളിച്ചടുക്കിയ ഇത്തരം വംശീയ മനഃശാസ്ത്ര പദങ്ങള്‍ക്ക് ഇന്നു പുനര്‍ജീവന്‍ നല്‍കുന്നതു കോര്‍പ്പറേറ്റ് ഗുരുക്കന്‍മാരും നവ മുതലാളിത്ത – നവ ബ്രാഹ്മണ്യ ചാണക്യന്‍മാരുമാണെന്നതാണു  വസ്തുത. 

ആധുനികതയിലെ അധീശത്വശക്തികള്‍ അപരങ്ങളെ തന്നിലേയ്ക്കു തന്നെ വലിച്ചെടുത്തുകൊണ്ടാണു  സ്വയം വികസിച്ചത്. എന്നാല്‍, ഈ നോവലിലെ അപരങ്ങള്‍ സംവഹിക്കപ്പെടുകയല്ല; മറിച്ച് ; അവയെ പുറത്തുതന്നെ നിറുത്തി നിര്‍ജീവമാക്കി മാറ്റുകയോ ഉരുകിയൊലിപ്പിക്കുകയോ ചെയ്യുന്നു. ഇതിനര്‍ഥം, ആധുനികതയ്ക്കും മുൻപുള്ള ജാതിവ്യവസ്ഥിതിയുടെ അനക്കമില്ലായ്മയാണ് ഈ നോവലില്‍ ഉള്ളടങ്ങുന്നതെന്നതാണ്. അപരത്തെ പുറത്തു നിറുത്തി നിര്‍ജീവമാക്കുന്ന ഒരു സന്ദര്‍ഭം ശ്രദ്ധിക്കുക. വര്‍ഷങ്ങള്‍ക്കു ശേഷം, എറണാകുളം ജില്ലാ കളക്ടറായി നിയമിക്കപ്പെട്ടിട്ടുള്ള ഇന്ദിരക്കുട്ടിയില്‍ നിന്നു ചില സഹായങ്ങള്‍ നേടാനായി ഷെറിന്‍ എത്തുന്നു. അവര്‍ വരാന്‍ വൈകിയ നേരം കൊണ്ട് സെക്രട്ടറിയായ സുമംഗലയേയും  വീട്ടുജോലിക്കാരിയായ കാര്‍ത്ത്യാനിയമ്മയേയും കൈയിലെടുക്കുകയാണു ഷെറിന്‍. ബുദ്ധിശക്തിയെ എടുത്തു കാണിക്കുന്ന വരേണ്യ ശരീരഭാഷയാണു സുമംഗലയെ ആകര്‍ഷിച്ചതെങ്കില്‍ തന്‍റെ ഒപ്പം രണ്ടുമൂന്നു സീരിയലുകളും ‘സ്റ്റാര്‍ സിങ്ങര്‍’ റിയാലിറ്റി ഷോയും കണ്ടതാണു കാര്‍ത്ത്യായനിയമ്മയെ വശീകരിച്ചത്. ഇതോടെ ഇന്ദിരക്കുട്ടി അവരോടു പുലര്‍ത്തിയിരുന്ന സൗമ്യതയും സഹഭാവവുമെല്ലാം തരം താഴ്ത്തപ്പെടുകയും ഷെറിന്‍റെ ഫ്ളെക്സിബിലിറ്റി ഉദാരതയായി അനുഭവപ്പെടുകയും ചെയ്യുന്നു. “മാഡത്തിനെപ്പോലെയല്ല കേട്ടോ, മാഡത്തിന്‍റെ ചങ്ങാതി”എന്നു കാര്‍ത്ത്യായനിയമ്മ കളക്ടറോടു പറയുന്നത്രയും മേലാളിത്തം ഷെറിനില്‍ പെട്ടെന്നു വന്നു ചേരുകയാണ്. ഇന്ദിരക്കുട്ടിയെ ജാതികൊണ്ടു മാത്രമല്ല കര്‍മം കൊണ്ടും നിര്‍ജീവമാക്കാന്‍ ഇത്തരം സുപ്പീരിയര്‍ പൊസിഷനിങ് കൊണ്ടു സാധിക്കുന്നുവെന്നു സാരം.

ഷെറിന്‍റെ ശരീരത്തിന്‍റെ മണം ശ്വസിക്കണമെന്ന അടക്കാനാവാത്ത ജീവശാസ്ത്ര കാമനയാണ്  ഇന്ദിരക്കുട്ടി പ്രകടിപ്പിക്കുന്നത്. നേരിട്ടു സംസാരിക്കാതെ യജമാനത്തിയുടെ വാക്കുകള്‍ക്കു വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്ന പരിചാരികയെപ്പോലെയാണ് അവള്‍ പെരുമാറുന്നത്. തന്‍റെ കളക്ടറുദ്യോഗം ഷെറിന്‍റെ വിരല്‍ഞൊടി കേള്‍ക്കുന്ന മാത്രയില്‍ ഉപേക്ഷിക്കാന്‍ സര്‍വസന്നദ്ധയാണവള്‍.

മുറുകെ വായിച്ചാല്‍, ഇന്ദിരക്കുട്ടിയുടെ പത്രാസുകള്‍ വെറും പുകപടലം മാത്രമാണെന്നു മനസ്സിലാവും. ഒരു ദലിത് സ്ത്രീ പിഴച്ചു പെറ്റ, അവളുടെ ഇന്ദിര എന്ന പേരു പോലും ഒരു പ്രതികാര നിര്‍വഹണത്തിന്‍റെ ഭാഗമാണ്. ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത, വിഷയലമ്പടനായ  സവര്‍ണനായിരുന്നു അവളുടെ അച്ഛന്‍. കാമുകനും ഭര്‍ത്താവാകുമെന്നു പ്രതീക്ഷിച്ച ആളും അങ്ങനെ തന്നെ. അവളെ ഉമ്മിണി വല്യ ഉദ്യോഗസ്ഥയും ജനപ്രിയതാരവുമാക്കി ചിത്രീകരിക്കുന്നത് അവളുടെ അസ്വാതന്ത്ര്യത്തിനു മിഴിവു കിട്ടാനാണ്.

ഇതിലൂടെ, വിപ്ലവപാത തിരഞ്ഞെടുക്കാതെ, കരിയര്‍ മോഹത്തിനടിപ്പെട്ട അവളുടെ  അധഃപതനം എത്ര വലുതും കുറ്റബോധം എത്ര തീക്ഷ്ണവുമാണെന്നു വെളിപ്പെടുത്തുകയുകയാണു നോവലിന്‍റെ ലക്ഷ്യം. അവളുടെ ബുദ്ധിശക്തി അപകര്‍ഷതയുടെ മറുപുറമാണെങ്കില്‍, അവശേഷിക്കുന്ന സവിശേഷതയായ അല്പം വെളുത്ത നിറം ‘ഇഡിപ്പല്‍ സങ്കടമായി’ അവളെ സര്‍പ്പം പോലെ ചുറ്റിവളഞ്ഞിരിക്കുകയാണ്.    

എന്തുകൊണ്ടാണ് ഇന്ദിരക്കുട്ടിയെ വലിയ പദവികളില്‍ പ്രതിഷ്ഠിക്കുകയും എന്നാല്‍ അവളില്‍ ഇല്ലായ്മകളും വല്ലായ്മകളുമാണ് ഉള്ളതെന്നു സ്ഥാപിക്കുകയും ചെയ്യുന്നത്?. ദേശരാഷ്ട്രത്തില്‍ നടക്കുന്ന സാമൂഹിക ചലനങ്ങളിലെ, കീഴാളരുടെയും  സ്ത്രീകളുടെയും ഏജന്‍സിയെ നിരസിക്കുന്നതിന്‍റെ പ്രതിഫലനമാണ് ഇതെന്ന് ഒറ്റവാക്കില്‍ പറയാവുന്നതാണ്. എന്നാല്‍, അതും കടന്ന് ഫാഷിസ്റ്റ് ദുസ്സൂചനകള്‍ തെളിയുന്ന, ആഴത്തിലുള്ള സ്വത്വനിരാസങ്ങളിലാണു നോവല്‍ ഊന്നുന്നതെന്ന കാര്യമാണു ശ്രദ്ധിക്കേണ്ടത്. അവയെന്താണെന്നു നോക്കാം. 

ഇതിലെ ക്രിസ്ത്യാനികളും മുസ്‌ലിംകളുമായ കഥാപാത്രങ്ങള്‍ മതത്തെയോ  വിശ്വാസത്തെയോ അഭിമുഖീകരിച്ചു കൊണ്ടുള്ള സംഘര്‍ഷങ്ങള്‍ അനുഭവിച്ചിട്ടുള്ളതായി സൂചനയില്ല. ന്യൂനപക്ഷ മതസ്ഥാനത്തുള്ളവരുടെ വിശ്വാസം, സദാചാര കല്‍പനകള്‍, കൂട്ടായ്മകള്‍ എന്നിവ ഒരു പ്രമേയമോ സൂചന പോലുമോ ആകാതിരിക്കുമ്പോള്‍ സംഭവിക്കുന്നതെന്താണ് ? നോവലിലെ കേന്ദ്ര സ്ഥാനത്തു നിന്നുകൊണ്ട് മറ്റുള്ളവരെ നിര്‍വചിക്കുകയും അവരുടെ  പ്രവൃത്തികളെയും പറച്ചിലുകളെയും നിയന്ത്രിക്കുകയും ചെയ്യുന്ന മധ്യമ ജാതിക്കാരനായ “ഹിന്ദു പുരുഷന്‍റെ അഹം” സര്‍വവ്യാപിയായി വികസിക്കുന്നു. ഹിന്ദു മഹാഖ്യാനങ്ങള്‍ക്കു തുല്യമായി മാര്‍ക്സിസ്റ്റ് ആഖ്യാനങ്ങളെ ഐതീഹ്യവല്‍ക്കരിച്ചുകൊണ്ടാണ് ഈ വികാസം നടത്തുന്നത്. സമാന്തരമായി കീഴാള സ്ത്രീകളെ അവരുടെ സ്വതന്ത്രമായ സാംസ്ക്കാരിക – ധാര്‍മിക ബോധ മണ്ഡലത്തില്‍നിന്നു വിട്ടകന്നവരായും ചിത്രീകരിക്കുന്നു. ഇതിലൂടെ നവോത്ഥാനത്തിലും ആധുനികതയിലും ഇടപെട്ടുകൊണ്ട് അവര്‍ നേടിയ സ്വാശ്രിതത്വത്തെ വിലയില്ലാതാക്കുകയാണു ചെയ്യുന്നത്. മാത്രമല്ല, നിലനില്‍ക്കുന്ന അവസ്ഥയില്‍ കീഴാള സ്ത്രീകള്‍ക്കു സാധ്യതകള്‍ ഒന്നുമില്ലെന്നു വരുത്തുകയുമാണ് ഉദ്ദേശ്യം. ഈ സ്വത്വനിരാസങ്ങള്‍ ജ്ഞാനശാസ്ത്രപരമായി എങ്ങനെയാണു പ്രതിനിധാനപ്പെടുന്നതെന്നു പരിശോധിച്ചു നോക്കാം. 

ഒരു വശത്ത് വിശ്വാസം, ‘മതം’ എന്നിവയില്‍ നിന്നു പറിച്ചെറിയപ്പെട്ടവരായി പ്രത്യക്ഷപ്പെടുന്ന ന്യൂനപക്ഷങ്ങളെയും സ്വാശ്രിതത്വം ,’സാധ്യതകള്‍’ എന്നിവയില്‍ നിന്നു് അകറ്റിമാറ്റപ്പെട്ടവരായ കീഴാള സ്ത്രീകളെയും; പിതാവ് എന്ന മര്‍ദകന്‍റെ ഇരകളായും മറുവശത്ത്, ദേശരാഷ്ട്രത്തിലെ ഭരണാധികാരി വര്‍ഗത്തിന്‍റെ കരുക്കളായും നോവല്‍ ഭാവന ചെയ്യുന്നു. കര്‍ത്തൃത്വം ഭാരമായ ഇവര്‍ പിതാവിനെ കൊന്നുകൊണ്ട് (കൊല്ലുകയല്ലാതെ മറ്റൊരു വഴിയുമില്ല) മാവോയിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്കും അതിന്‍റെ നടത്തിപ്പുകാരായ “വളര്‍ത്തച്ഛന്മാരുടെ” അടുത്തേയ്ക്കും രക്ഷ തേടിയെത്താന്‍ നോവല്‍ ആഹ്വാനം ചെയ്യുന്നു. ഈ വളര്‍ത്തച്ഛന്മാര്‍ ഉള്‍ക്കൊള്ളുന്ന ‘അതി ദേശീയത’ പഴയ സവര്‍ണമേധാവിത്വത്തിന്‍റെ പരമാധികാരം തന്നെയാണെന്ന് നോവല്‍ നിരവധി ചിഹ്നങ്ങളിലൂടെ സ്ഥാപിച്ചുറപ്പിച്ചിട്ടുണ്ട്. 

മുലചുരത്തുന്ന വളര്‍ത്തച്ഛന്മാർ

പഴയ കൊളോണിയലിസ്റ്റുകള്‍, എല്ലാവരുടെയും വളര്‍ത്തച്ഛന്മാരാണു തങ്ങളെന്നു പ്രഖ്യാപിച്ചവരായിരുന്നു. അവരുടെ ആണത്തത്തിന്‍റെ മുലപ്പാല്‍ കുടിച്ചാണത്രേ പ്രജാരാജ്യത്തെ മുഴുവന്‍ പേരും സംസ്കാരത്തിലേക്കും ബുദ്ധിശക്തിയിലേക്കും വികസിച്ചത്. സമാനമായ വിധത്തിലുള്ള അവകാശവാദമാണ് ഇന്ദിരക്കുട്ടിയുടെ പേരില്‍ മാവോവാദികള്‍ ഉന്നയിക്കുന്നത്. അവളുടെ അക്ഷീണ പരിശ്രമവും അമ്മയുടെ അധ്വാനവും സംവരണ നയവും കൊണ്ടായിരുന്നില്ല അവള്‍ മുന്നേറിയത്. മറിച്ച്, സഖാക്കള്‍ അവളെ വളര്‍ത്തിയെടുക്കുകയായിരുന്നത്രേ. 

ദേശരാഷ്ട്രത്തിന്‍റെ തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം സ്ഥാനമുറപ്പിച്ചിട്ടുള്ള, മാവോയിസ്റ്റ് അനുഭാവികളായ സവര്‍ണ ബ്യൂറോക്രാറ്റുകള്‍ നടത്തിയ ഇടപാടുകളിലൂടെയാണ് ഇന്ദിരക്കുട്ടി ജെഎന്‍യുവിലെത്തിയതും തുടര്‍ന്ന് ഐഎഎസ് എഴുതി മേടിച്ചതെന്നും ഷെറിന്‍ അവളെ ഉല്‍ബോധിപ്പിക്കുന്നു. അവളെയോ അവളുടെ അമ്മയേയോ അറിയിക്കാതെ പരമ രഹസ്യമായിട്ടായിരുന്നു ഈ വളര്‍ത്തച്ഛന്മാര്‍ അവരുടെ മുലപ്പാല്‍ ചുരത്തികൊടുത്തതെന്നു മാത്രം. അതു കേട്ടതോടെ, “കോളേജില്‍ ആദ്യദിവസം എത്തിയപ്പോള്‍ ഷെറിനോടു തോന്നിയ വിധേയത്വം തനിക്ക് ഉണ്ടായി” എന്നാണ് ഇന്ദിരക്കുട്ടി പറയുന്നത്. അവളുടെ അമ്മയുടെ സിരകളിലൂടെ ഒഴുകുന്നതും ഇതേ മുലപ്പാല്‍ തന്നെയാണെന്നും ഷെറിന്‍ അടിവരയിട്ടു പറയുന്നു. അതിനാല്‍ മാവോയിസ്റ്റുകളുടെ വിളി വരുന്നതു വരെയും തന്‍റെ ഉദ്യോഗത്തെ പുച്ഛിച്ചും കരിയര്‍ മോഹത്തില്‍ പശ്ചാത്തപിച്ചും കഴിഞ്ഞു കൂടുകയാണു ദലിത് സ്ത്രീയെന്ന നിലയില്‍ ഇന്ദിരക്കുട്ടിക്കു ചെയ്യാവുന്ന ഒരേയൊരു കാര്യം എന്നു നോവല്‍ തീര്‍പ്പാക്കുന്നു. തല്‍ക്കാലം, സര്‍ക്കാരിന്‍റെ കയ്യിലകപ്പെട്ടുപോയ അവളുടെ കടിഞ്ഞാണ്‍ തിരികെ മേടിക്കാനാണു മാവോയിസ്റ്റ് യജമാനത്തിയായ ഷെറിന്‍, വരേണ്യ ബുദ്ധിജീവിയുടെ വേഷത്തില്‍ വന്നിരിക്കുന്നതെന്നും വായിക്കാം.

വിലക്കുകളും അതിര്‍ത്തികളും മറികടന്നു സ്വാശ്രിതത്വത്തിലേക്ക്  ഉയരുകയും സാമൂഹികമായ ബഹുമാനിത്വം നേടിയെടുക്കുകയും ചെയ്ത ഒരു ദലിത് സ്ത്രീയെ ഇപ്രകാരം കര്‍ത്തൃത്വം ഭാരമായി ചുമന്നു നടക്കുന്നവളായി ചിത്രീകരിക്കുന്ന ആഖ്യാനത്തെ ഇന്ന് ആരും വിപ്ലവകരമായി കാണാന്‍ പോകുന്നില്ല. നേരെ മറിച്ച് കീഴാളരുടെ സാമൂഹികമായ ചലനത്തെയും കീഴാള-ന്യൂനപക്ഷ സ്ത്രീകളുടെ ബൗദ്ധികമായ വികാസത്തെയും  മരവിപ്പിച്ചു നിറുത്താന്‍ ആഗ്രഹിക്കുന്ന സാംസ്കാരിക പരാന്നഭോജിത്വ ചിന്തകളാണ് ഇത്തരം പ്രതിപാദനങ്ങളില്‍ ഉള്ളതെന്ന വസ്തുതയാണു ബോധ്യപ്പെടുക.  

അപരത്തെ നിര്‍ജീവമാക്കാനായി നോവല്‍ കണ്ടെത്തുന്ന ഉപാധികള്‍ കീഴാള സ്ത്രീകളിലും മുസ്‌ലിം പുരുഷന്മാരിലും ഏറെക്കുറെ സമാനമായിട്ടാണു പ്രയോഗിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഷെറിനും ഇന്ദിരക്കുട്ടിയുമായി ഉണ്ടെന്നു പറയുന്ന കൃത്രിമമായ അടുപ്പം (bond) ഊട്ടിയുറപ്പിക്കപ്പെടുന്നത് ഇക്ബാല്‍ എന്ന മുസ്‌ലിം ആണിനെ അകറ്റിമാറ്റുന്നതിലൂടെയാണ്. സമകാലീന ഹിന്ദുത്വം അധികാരത്തിലേറാനായി കൃത്രിമമായി ഉണ്ടാക്കിയ സവര്‍ണ-അവര്‍ണ ഐക്യവും മുസ്‌ലിം അപരത്വവുമെന്ന രാഷ്ട്രീയ  നിര്‍മിതി കൃത്യമായി പുനരാവിഷ്കരിക്കപ്പെടുകയാണിവിടെ. ഇതിലൂടെ, ഇന്ത്യയിലെ ലെഫ്റ്റ് റാഡിക്കലിസത്തിന്‍റെ നിശ്ചലമായ മുഖമാണു മാവോയിസമെന്നും അതിനെ സബാള്‍ട്ടേന്‍ സാമൂഹിക വിപ്ലവ ധാരകളുമായി കണ്ണിചേര്‍ക്കാന്‍ കഴിയില്ലെന്നും വെളിപ്പെടുകയാണ്. കീഴാളരുടെ ജീവിതപ്രതിസന്ധികളിലൂടെ വേരുകള്‍ പടര്‍ത്താമെന്നതും മാര്‍ക്സിസ്റ്റ് മിഥോളജിയുടെ സഹായത്തോടെയും പത്ര-ചാനല്‍ തലക്കെട്ടുകളിലൂടെയും നിലനില്‍ക്കാന്‍ കഴിയുന്നതുമാണ് ഇതിനെ പ്രഹേളിക സ്വഭാവമുള്ളതാക്കുന്നത്. നോവലിന്‍റെ അവസാനത്തിൽ, ‘ഒറ്റുകാര’നെന്ന മാവോയിസ്റ്റ് അന്ത്യവിധി കിട്ടുന്നത് സിറാജ് എന്ന മുസ്‌ലിം അപരനാകുന്നത് ഇതേ പ്രഹേളികയുടെ സ്വാഭാവികത മൂലമാണ്.

ജോൺ എബ്രഹാം

സോഷ്യലിസത്തിന്‍റെയും ദേശീയതയുടെയും സമരപശ്ചാത്തലങ്ങളില്‍ പൊട്ടിമുളച്ച, വരേണ്യതയുടെ എക്സെന്‍ട്രിസങ്ങളെയാണ് ഹിറ്റ്ലറും മുസ്സോളിനിയുമൊക്കെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. ഇവ ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിച്ചപ്പോഴുണ്ടായ ദുരന്തം എല്ലാവര്‍ക്കും ഓര്‍മയുള്ളതാണ്. അതേ പോലെ ‘മാര്‍ക്സിസം’, ‘ഭരണകൂട വിരുദ്ധത’ മുതലായ പ്രമേയങ്ങള്‍ക്കിടയില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള  സവര്‍ണ എക്സെന്‍ട്രിസമായിട്ടാണു രൂപേഷിന്‍റെ നോവലിലെ രാഷ്ട്രീയ ഭാവനകളും മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള പ്രതിപാദനങ്ങളും നില്‍ക്കുന്നതെന്നു പറയാതെ വയ്യ. പ്രധാനപ്പെട്ട പല കീഴാള ജ്ഞാനധാരകളും അതിനോടു സംവദിക്കുന്ന നിരവധി സാമൂഹിക ഏജന്‍സികളും ഇവിടെയുള്ളതിനാല്‍ ഇവയ്ക്ക് ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കാന്‍ സാധ്യത കുറവാണെന്നുമാത്രം.

‘ചെറുലൈംഗികത’കളും സിദ്ധാന്തപ്പേടിയും

ഇന്ദിരക്കുട്ടിയും ഷെറിനുമായി ഹോസ്റ്റല്‍ മുറിയില്‍ വെച്ചു നടത്തിയ സ്വവര്‍ഗ ലൈംഗിക വേഴ്ചയെപ്പറ്റിയുള്ള വര്‍ണനയുണ്ട് നോവലില്‍. ചെറു ലൈംഗിക വിഷയത്തില്‍ ഇതര കമ്യൂണിസ്റ്റുകളെ അപേക്ഷിച്ചു തങ്ങള്‍ക്കുള്ള തുറന്ന സമീപനത്തെ ഇതു സാക്ഷ്യപ്പെടുത്തുന്നതായി മാവോയിസ്റ്റ് സാംസ്കാരിക പ്രവര്‍ത്തകര്‍ കരുതുന്നു. എന്നാല്‍ വസ്തുതയെന്താണ്? ഷെറിനോടുള്ള ഇന്ദിരക്കുട്ടിയുടെ ഭയവും ഭക്തിയും ഹോസ്റ്റല്‍ സഹവാസത്തിനിടെ കാമപരതയായി രൂപാന്തരപ്പെട്ടു. അതിന്‍റെ പൂരണത്തിനായി ഷെറിന്‍ അവളോടു സഹകരിച്ചു. അതും ചിക്കന്‍പോക്സ് പിടിച്ച ഇന്ദിരക്കുട്ടിയെ ശുശ്രൂഷിക്കാനെന്ന പേരില്‍ നടത്തിയ പരുവപ്പെടുത്തലിനു ശേഷം. “അരുതായ്മയുടെ” ഈ കറ തന്‍റെ ആത്മാവിനെയും ശരീരത്തെയും സ്പര്‍ശിക്കാതിരിക്കാന്‍ വലിയൊരു ഉദ്ബോധന പ്രസംഗം നടത്തുക മാത്രമല്ല, “തുരുത്തിലേയ്ക്ക്” ഒരു തീര്‍ഥയാത്ര പോവുകയുമാണു ഷെറിന്‍ പിന്നീടു ചെയ്തത്. ഓര്‍ക്കേണ്ടത്, സ്വവര്‍ഗ ലൈംഗികത പോലുള്ള വിഷയങ്ങള്‍ സൈദ്ധാന്തികമല്ലെന്ന് തന്‍റെ ഉദ്ബോധന പ്രസംഗത്തില്‍ ഷെറിന്‍ ആവര്‍ത്തിച്ചു പറയുന്നതാണ്. 

വരേണ്യമായ ശരീരഭാഷകള്‍ക്കും കൂലീനമായ കാമനകള്‍ക്കുമപ്പുറം ചെറു ലൈംഗികതകള്‍ അവയുടെ  സ്വാതന്ത്ര്യമുറപ്പിച്ചത് സിദ്ധാന്തപരമായിട്ടു തന്നെയാണെന്നതു വേറെ കാര്യം. ഒരു കാര്യം ഉറപ്പാണ്; ഇന്ദിരക്കുട്ടിയുമായി ഉണ്ടായ ശാരീരിക വേഴ്ച ഷെറിനെ എത്തിച്ചത് സദാചാരപ്പേടിയിലും വലിയ ‘സിദ്ധാന്തപ്പേടി’യിലുമാണ്. ഇതിന്‍റെ ഫലമായി തന്‍റെ “ഹീറോയിന്‍ സ്ഥാനത്തിന്‍റെ ഏകാന്ത വിശുദ്ധി” കളഞ്ഞു തുലയ്ക്കാതെയുള്ള, നിര്‍മമായ (non-affinity)  അനുഷ്ഠാനമായി സ്വവര്‍ഗ ലൈംഗികതയെ ഉള്‍ക്കൊള്ളാന്‍ അവള്‍ നിര്‍ബന്ധിതയായി. ഇതേ അനുഷ്ഠാനപരതയാണ് ഇക്ബാലിനോടുള്ള പ്രണയത്തിലും ഷെറിന്‍ കാണിച്ചത്. പ്രേമിക്കാന്‍ വേണ്ടിമാത്രം അവള്‍ ഇക്ബാലിനെ പ്രേമിച്ചു. ഗര്‍ഭിണിയാകാന്‍ വേണ്ടി മാത്രം ഗര്‍ഭിണിയായി. പിന്നീട് പുരുഷ സഹായമില്ലാതെ ഗര്‍ഭമലസിപ്പിച്ചു “സ്ത്രീവാദി”യായി. ഉടന്‍തന്നെ പ്രേമത്തില്‍ നിന്നു തല്ലിപ്പിരിഞ്ഞു തലയൂരി. ഇതെല്ലാം നടക്കുന്നത് “ഏകാന്തത, നിര്‍മമത, സാഹസികത” എന്നിങ്ങനെയുള്ള ഹീറോമാരുടെ വംശഗുണങ്ങളുടെ അകമ്പടിയോടെയാണ്. ഇതേ സമയം, സവര്‍ണനായ സുഭാഷിനെ കല്യാണം കഴിക്കുമ്പോള്‍ ഇക്ബാലിനോടുണ്ടായ തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും ഉണ്ടായില്ലെന്നും ഓര്‍ക്കണം. ഇവിടെ ഹീറോയ്ക്ക് അനുഗുണയായ ഹീറോയ്ന്‍റെ സഹനവും സമര്‍പ്പണവും പ്രേമപരതയുമാണ് അവള്‍ കാണിച്ചത്. 

പഴയ കമ്യൂണിസ്റ്റുകളില്‍ നിന്നു പുതിയ മാവോയിസ്റ്റുകളിലേക്കുളള ദൂരം സദാചാര കാര്‍ക്കശ്യത്തില്‍ നിന്നു്  ലൈംഗികതയോടുള്ള തുറന്ന സമീപനത്തിലേക്ക് എത്തിച്ചേര്‍ന്നതാണെന്നു വരുത്താനുള്ള ശ്രമവും നോവലിലുണ്ട്. കണാരേട്ടന്‍ എന്ന പഴയ കമ്യൂണിസ്റ്റിനെ ഷെറിന്‍ നിര്‍ബന്ധിച്ചു് ‘കാമില്ല’ എന്ന സിനിമ കാണിക്കാന്‍ കൊണ്ടുപോയി. ദീര്‍ഘമായൊരു ചുംബനം സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ സദാചാരബോധത്തിനു വിള്ളലേറ്റ കണാരന്‍ ദൂരേക്കു മാറിയിരുന്നു. മറ്റൊരു സഖാവ്, വേറൊരാളുടെ അണ്ടര്‍ വെയര്‍ കടം മേടിച്ചുകൊണ്ടു പാര്‍ട്ടി കമ്മറ്റിക്കു പോയി. രമേശന്‍ എന്നൊരു എസ്എഫ്ഐക്കാരന്‍റെ അരയില്‍ സൂക്ഷിച്ച മുളകുപൊടിയുടെ കൂടു പൊട്ടി ഗുഹ്യഭാഗത്തു നീറ്റലുണ്ടായി. ഇന്ദിരക്കുട്ടിയുടെ തുള വീണ പാന്‍റീസ്, വലയുണ്ടാക്കാനായി ഷെറിന്‍ മീന്‍പിടുത്തക്കാര്‍ക്കു കൊടുത്തു. ഇങ്ങനെ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും അണ്ടര്‍വെയറുകളെയും പാന്‍റീസുകളെയും കേന്ദ്രീകരിച്ചുള്ള കൊച്ചുവര്‍ത്തമാനങ്ങളിലൂടെയാണ് ഈ നോവലിലെ ‘ലൈംഗിക വിപ്ലവം’ പൂത്തുലയുന്നത്. 

കൗതുക കാഴ്ചകളിലൂടെ പൊടിപടലം ഉയര്‍ത്തുകയും കൊച്ചുവര്‍ത്തമാനങ്ങള്‍ പറയുകയും ചെയ്യുന്നതിനപ്പുറം ലൈംഗികത ഉയര്‍ത്തുന്ന പുത്തന്‍ അജണ്ടകളെ അഭിമുഖീകരിക്കാനുള്ള യാതൊരു നിക്ഷേപവും ഈ കൃതിയില്‍ ഇല്ലെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഇതേ സമയം, ചെറുലൈംഗികതകള്‍ക്കു മേല്‍ തൃഷ്ണാപരമായ വലയം നിര്‍മിച്ചുകൊണ്ട് അവയെ കോളനീകരിക്കന്‍ ശ്രമിക്കുന്ന സവര്‍ണ മേധാവിത്വത്തോടുള്ള ആശ്രിതത്വം നോവലിലെ ഓരോ വാക്കിലും തുടിച്ചു നില്‍പ്പുണ്ട്. തന്മൂലമാണ് ഏംഗല്‍സ് കഴിഞ്ഞാല്‍ ഷെറിനു ഭക്തിയുള്ളത് വി.കെ.എന്നിനോടാവുന്നത്. 

ജെഎന്‍യു മുതലായ സ്ഥാപനങ്ങളോടു വല്ലാത്ത ആസക്തി കാണിക്കുക, ജോണ്‍ എബ്രഹാം പോലുള്ളവരുടെ ജീവിതത്തെപ്പറ്റി പഴഞ്ചന്‍ നക്സല്‍ ധാരണകള്‍ പ്രചരിപ്പിക്കുക, കോളേജ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഒരടിപിടിയേയോ വാക്കു തര്‍ക്കത്തെയോ ‘നവംബര്‍ വിപ്ലവം’, ‘ഡിസംബര്‍ വിപ്ലവം’ മുതലായ മാര്‍ക്സിസ്റ്റ് ടെര്‍മിനോളജികൊണ്ട് അടയാളപ്പെടുത്തുക.. ചുരുക്കത്തില്‍; കമ്യൂണിസ്റ്റ് വെള്ളിവെളിച്ചം പ്രസരിക്കുന്നതിനായി പഴയ മാര്‍ക്സിസ്റ്റുകള്‍ക്കു തോന്നിയ സമയങ്ങളെയും  ചിഹ്നങ്ങളെയും അങ്ങനെ തന്നെ പുനര്‍വിന്യസിച്ചുകൊണ്ട് തങ്ങള്‍ യാന്ത്രികവാദികള്‍ മാത്രമല്ല വര്‍ത്തമാനകാലത്തെ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെട്ടവരും കൂടിയാണെന്ന ഇരട്ട പ്രഖ്യാപനമാണ് “സിദ്ധാന്തപ്പേടി”കളും “കൊച്ചുവര്‍ത്തമാന”ങ്ങളുമായി പുറത്തുചാടുന്നത്.

തുരുത്തും മാനസാന്തര യാത്രകളും

നോവലിന്‍റെ അവസാന ഭാഗം വായിക്കപ്പെടുന്നത് ഇങ്ങനെയാണ്. കോളേജ് വിദ്യാഭ്യാസ കാലത്തെ എടുത്തുചാട്ടങ്ങളെല്ലാം ഒഴിവാക്കി ഒരു പ്രൊഫഷണല്‍ വിപ്ലവകാരിയായി ഷെറിന്‍ വികസിച്ചു. അന്നു റൊമാന്‍റിക് പയ്യന്‍റെ പരിവേഷമുണ്ടായിരുന്ന, വീണാ മേനോന്‍ എന്ന കാമുകിയുടെ ജാതീയ മേന്മ സംരക്ഷിക്കാനായി തന്‍റെ വിദ്യാര്‍ഥി സഖാക്കളുമായി അവളെ ബന്ധിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്ന സുഭാഷ് ഇന്ന് ആനന്ദ് എന്ന പേരില്‍ മാവോയിസ്റ്റ് സംഘടനയുടെ തലപ്പത്ത് എത്തിയിരിക്കുകയാണ്. അയാളുടെ ഭാര്യയായി മാറിയ ഷെറിന്‍, ഇന്ദിരക്കുട്ടിയുടെ ഔദ്യോഗിക പദവി ഉപയോഗിച്ച് പാര്‍വതി എന്ന വ്യാജ ഐഡന്‍റിറ്റിയും താമസ സൗകര്യവും നേടിയെടുത്തുകൊണ്ട് നഗരത്തില്‍ ഒളിപ്പോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനിടയില്‍ ഷെറിനുമായി വിവരങ്ങള്‍ കൈമാറിയതിലുണ്ടായ വീഴ്ച മുതലാക്കി ഭരണകൂടവും പൊലീസ് അധികാരികളും വ്യാജ ഏറ്റുമുട്ടലിലൂടെ ആനന്ദിനെയും രണ്ട് അനുയായികളെയും കൊലപ്പെടുത്തി. ആനന്ദിനെപ്പോലുള്ളവര്‍ നിരന്തരം ആഹ്വാനം നടത്തിയിട്ടും സായുധ വിപ്ലവ പാത തിരഞ്ഞെടുക്കാതെ ഉന്നതവിദ്യാഭ്യാസം നേടുകയും കളക്ടറായി അധഃപതിക്കുകയും ചെയ്തതില്‍ കുറ്റബോധം കൊണ്ടു നീറിയിരുന്ന ഇന്ദിരക്കുട്ടി ഇതോടെ മാവോയിസ്റ്റാകാന്‍ തീരുമാനിക്കുന്നു. “അവര്‍ക്ക് പൂക്കളെ ഇറുത്തുമാറ്റം,  വസന്തത്തെ തടയാനാവുമോ” എന്ന ഷെറിന്‍റെ വചനം ഓര്‍ത്തുകൊണ്ട് അവള്‍ അജ്ഞാത സഖാവിന്‍റെ അടയാളവാക്യത്തിനായി കാത്തിരിപ്പ് ആരംഭിച്ചു.

എന്‍.എസ്.മാധവനൊക്കെ വ്യാമോഹിച്ചുപോയ ഈ വരികളില്‍ വെച്ചു വായന നിറുത്തേണ്ടതില്ല. ചിലര്‍ക്ക് കുറഞ്ഞ മുതല്‍മുടക്കും പെരുത്ത ലാഭവുമായ ഏര്‍പ്പാടായിരിക്കാം നക്സല്‍ പരിവേഷം. എന്നാല്‍ ഇതുമൂലം ബലാല്‍സംഗ ഗര്‍ഭം ധരിച്ച് അനാഥക്കുട്ടികളെ പ്രസവിച്ച ആദിവാസി അമ്മമാരും ഇന്നും മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യേണ്ടിവരുന്ന ദലിത് അമ്മമാരുമുണ്ട്. അവര്‍ക്കു വേണ്ടിയും കൂടി വായന തുടരേണ്ടതുണ്ട്. അതിനാല്‍, ഈ നോവലിലെ തുരുത്ത് എന്ന പ്രദേശത്തെയും അതിലേയ്ക്കുള്ള വിപ്ലവകാരികളുടെ മാനസാന്തര യാത്രകളെപ്പറ്റിയും ചിന്തിക്കേണ്ടതായുണ്ട്. ഇതിലൂടെ, നോവല്‍ വിഭാവന ചെയ്യുന്ന വിപ്ലവപരതയുടെ യഥാര്‍ഥ മുഖം വെളിപ്പെടുന്നതാണ്. വ്യക്തിപരമായി ചില കുഴമറിച്ചിലുകള്‍ ഉണ്ടാകുമ്പോള്‍ ഷെറിന്‍ ആരോടും പറയാതെ പെട്ടെന്ന്  അപ്രത്യക്ഷയാകും. പാവപ്പെട്ട മീന്‍പിടുത്തക്കാരും കക്കാവാരുകാരും പാര്‍ക്കുന്ന തുരുത്തിലേക്കാണ് അവൾ പോകുന്നത്. യയാതിക്കു യൗവനം തിരിച്ചുകിട്ടുന്നതിനോ മിഡാസിന്‍റെ ശരീരം പഴയതുപോലെയാകുന്നതിനോ സമാനമായ സ്വയം പുതുക്കലാണ് തുരുത്ത് സന്ദര്‍ശനത്തിലൂടെ അവള്‍ നേടുന്നത്. ഇതോടെ പ്രശ്നങ്ങളെല്ലാം അവസാനിച്ച് ഉറച്ച തീരുമാനങ്ങളും വിപ്ലവ പ്രസരിപ്പുമായി അവള്‍ വീണ്ടും വരുന്നു.

എൻ.എസ്.മാധവൻ

തുരുത്തിലെ കീഴാളരായ ആള്‍ക്കാര്‍, ഷെറിന്‍റെ നോട്ടത്തിനും സാമീപ്യത്തിനും മുൻപില്‍ പൊട്ടിയ കണ്ണാടിയിലെന്ന പോലെ ചിതറിയവരായി നമുക്കു മനസിലാകുന്നു. അവര്‍, കാലിബാന്‍റെ നാട്ടുകാരെപ്പോലെ എക്കാലവും ശിശുത്വം വിട്ടുമാറാത്തവരായി ചരിത്രത്തിനു പുറത്തു  നില്‍ക്കുമ്പോള്‍ സന്ദര്‍ശക മാത്രം, മാറ്റങ്ങള്‍ക്കും മനസ്താപങ്ങള്‍ക്കും വിധേയയായി ചരിത്രത്തിലൂടെ ജീവിക്കുന്നു. ഇത്തരമൊരു അധിനിവേശ കൽപനയാണ് തുരുത്ത് എന്ന സ്ഥല രൂപകം പ്രതിഫലിപ്പിക്കുന്നത്. തുരുത്തിലെ സമുദായബാഹ്യരും ചരിത്രരഹിതരുമായ ജനങ്ങള്‍ക്കിടയിലേയ്ക്കാണ് ഷെറിന്‍ മാനസാന്തര യാത്ര പോകുന്നതെങ്കില്‍, തന്‍റെ ചെറുപ്പത്തിലെ കളിക്കൂട്ടുകാരിയായിരുന്ന പാലയെന്ന ആദിവാസി സ്ത്രീയുടെ ഊരിലേയ്ക്കു മടങ്ങിയാണ് ഇന്ദിരക്കുട്ടി അവളെ തനിയാവര്‍ത്തിക്കുന്നത്. സ്വവര്‍ഗ ലൈംഗികതയുടെ ഫലമായി ഷെറിനുമായുള്ള ബന്ധത്തിലുണ്ടായ വിള്ളല്‍ മാറ്റി പഴയ ദാസ്യ മനോഭാവത്തെ പുനഃസ്ഥാപിക്കാനാണ്  തന്‍റെ ബാല്യത്തിലേക്കും അതിനോടു തുലനം ചെയ്യാവുന്ന ആദിവാസി ജീവിതങ്ങള്‍ക്കിടയിലേയ്ക്കും ഇന്ദിരക്കുട്ടിയ്ക്കു മടക്കയാത്ര വേണ്ടി വരുന്നത്.

സാമുദായികമായ സംഘര്‍ഷങ്ങളില്ലാത്ത കീഴാളരുടെ ഇടയിലേക്കാണു ഷെറിന്‍ മാനസാന്തരയാത്ര നടത്തുന്നത് എന്നതിനര്‍ഥം, ജാതീയ ഭൂതകാലത്തിലേക്കു തന്നെയാണ് അവള്‍ പോകുന്നതെന്നും അവിടെ നിന്നാണ് പുത്തനുണര്‍വു നേടുന്നതെന്നുമാണ്  ഇപ്രകാരം ജാതീയ ഭൂതകാലത്തെ പുനര്‍നിര്‍മിച്ചുകൊണ്ടു മടങ്ങിവരുന്നത് പഴയ സവര്‍ണ കമ്യൂണിസം തന്നെയാണ് മാവോയിസത്തിന്‍റെയും ആസ്തി എന്ന വസ്തുതയെ പ്രച്ഛന്നമാക്കാനാണ് (masquarade). അതായത്, വിഷയലമ്പടനും മേലാളര്‍ക്കുപോലും വേണ്ടാത്തയാളുമായിരുന്ന  മാധവന്‍ നമ്പ്യാരാണ് വിപ്ലവനായകനായ സുഭാഷ് എന്ന ആനന്ദിന്‍റെ പ്രച്ഛന്നവേഷത്തിലൂടെ പുനരവതരിക്കപ്പെട്ടിരിക്കുന്നതെന്ന യാഥാര്‍ഥ്യമാണ് തുരുത്ത് സന്ദര്‍ശനത്തിന്‍റെ മറുപുറമായ ജാതീയ ഭൂതകാലത്തിന്‍റെ പുനര്‍നിര്‍മിതി വെളിപ്പെടുത്തുന്നത്. അയാള്‍ക്കൊപ്പം വീണാ മേനോനാണ് ഷെറിനായി പുനരവതരിപ്പിച്ചിട്ടുള്ളത്. ഇതിനര്‍ഥം, നാല്പതുകളിലെ കമ്യൂണിസ്റ്റ് ഗൃഹാതുരത്വത്തെ ഒരു മാറ്റവുമില്ലാതെ ഇനിയും കീഴാളരും സ്ത്രീകളും ചുമക്കുമെന്ന മിഥ്യാധാരണയാണു നോവലിസ്റ്റിന് ഉള്ളതെന്നതാണ്. 

സാമൂഹിക – രാഷ്ട്രീയ മാറ്റങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്നത്തെ ഏതെങ്കിലും പ്രസ്ഥാനത്തിനോ  സമരമുന്നണികള്‍ക്കോ വേണ്ടാത്ത മേല്‍പ്പറഞ്ഞ തരം ‘വിപ്ലവകാരികളെ’ ബഹുജനങ്ങളുടെ തലയില്‍ കെട്ടിവെക്കാനായി വിദഗ്ധമായി ചമച്ച അസത്യമാണ് ഈ നോവലിലെ വിപ്ലവപരതയെന്നു ചുരുക്കം. വിപ്ലവ നേതാവായ സുഭാഷിന്‍റെ / ആനന്ദിന്‍റെ വൈയക്തിക ഘടന തന്നെ നോക്കുക. ഇന്ത്യയിലെ സാമൂഹിക വിപ്ലവധാരയെ പ്രതിനിധാനം ചെയ്യുന്ന എന്തെങ്കിലും വിചാരമോ ഓര്‍മയോ അയാള്‍ക്ക് ഉള്ളതായി പോലും സൂചനയില്ല. കേരളത്തിലെ നക്സല്‍ പ്രവര്‍ത്തനത്തെക്കുറിച്ച് തലവെട്ടികൾ എന്ന പേരില്‍ ഉണ്ടായിരുന്ന സാമാന്യബോധത്തെ  വിചിത്രമായി ഫെറ്റിഷ്വല്‍ക്കരിച്ചു പുനഃസ്ഥാപിക്കുക എന്നതാണ് അയാളുടെ പരിപാടി. 

വയനാട് ജില്ലയില്‍നിന്നു പത്താം തരത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി, നഗരത്തിലെ കോളെജിലെത്തിയ ഇന്ദിരക്കുട്ടിയെന്ന ദലിത് പെണ്‍കുട്ടിയോട് സുഭാഷിന്‍റെ നേതൃത്വത്തിലുള്ള വിപ്ലവ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്യുന്നത് വര്‍ഗീസിന്‍റെ കൊലപാതകത്തിനു  പ്രതികാരം നിര്‍വഹിക്കണമെന്നാണ്. വീട്ടിലെ സാഹചര്യം വെച്ചു നോക്കുമ്പോള്‍ വിപ്ലവപാത തിരഞ്ഞെടുക്കേണ്ടത് ഇന്ദിരക്കുട്ടിയാണെങ്കിലും അവളെ അതിനു കൂടുതല്‍ നിര്‍ബന്ധിക്കാതെ പഠിക്കാന്‍ അനുവദിച്ചത് സുഭാഷും ഷെറിനും കനിഞ്ഞു നല്‍കിയ ഔദാര്യമായിട്ടാണു നോവല്‍ കാണുന്നത്. എന്നാല്‍ അവളെ ഒപ്പം കൂട്ടാതെ മാവോയിസ്റ്റ് പരീക്ഷണ മൃഗമാക്കി നിലനിറുത്തുന്നതാണു തങ്ങളുടെ ഹീറോയിസത്തിനു കൂടുതല്‍ ഗുണം ചെയ്യുകയെന്ന ഉപകരണ യുക്തിയാണ് ഈ ഔദാര്യത്തിനു പിന്നിലുള്ളതെന്നതാണു വാസ്തവം. 

കോളേജ് വിദ്യാഭ്യാസ കാലത്ത് തല്ലുണ്ടാക്കുന്നതില്‍ മുൻപനും ഫാഷന്‍ ഭ്രമക്കാരനും അടിപൊളി ജീവിതം നയിച്ചവനുമായിരുന്ന സുഭാഷിന്‍റെ ഭാവനകളെ കുട്ടിത്തവും ദുശ്ശാഠ്യവും  കലര്‍ന്ന അത്ഭുതങ്ങളായിട്ടാണു നോവല്‍ വര്‍ണിക്കുന്നത്. അയാളുടെ സാമീപ്യത്തെ ചിത്രീകരിക്കുമ്പോള്‍ സവിശേഷമായി ഊന്നിപ്പറയുന്ന, തോക്കുകള്‍, തിരകള്‍ എന്നിവ സമൂര്‍ത്തമായ വിപ്ലവ സാഹചര്യത്തിനുപരി, അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയെയാണു ചിഹ്നവല്‍ക്കരിക്കുന്നത്. ഇവയ്ക്കൊപ്പം ഏംഗല്‍സ് ഭക്തിയും കുടുംബ ബന്ധങ്ങളോടും  സിവില്‍ ജീവിതത്തോടുമുള്ള വെറുപ്പുമൊക്കെ, സ്ത്രീ ലൈംഗികതയെ പുരുഷ കോളനിയായി കാണുന്നതിന്‍റെ പ്രതിഫലനമായിട്ടാണു തിരിച്ചറിയേണ്ടത്. ഒട്ടും സുതാര്യമല്ലാത്ത രാഷ്ട്രീയ സങ്കല്പങ്ങളെയും സ്വകാര്യമായ ലൈംഗിക തൃഷ്ണകളെയും വിപ്ലവത്തിന്‍റെ ചെലവില്‍ വരവു വെക്കാനുള്ള തന്ത്രപ്പാടാണ് ഈ നോവലിന്‍റെ ആകത്തുകയെന്നു പറയാം. 

എഴുപതുകളുടെ തുടക്കത്തില്‍, സവര്‍ണ ഗൃഹാതുരത്വം കൈമുതലായ ചിലര്‍ക്ക് “നഗരവല്‍ക്കരണ”ത്തോടുള്ള ഭയം കലശലായിട്ടുണ്ടായിരുന്നു. അതിന്‍റെ തുടര്‍ച്ചയായി, പുത്തന്‍ സാങ്കേതിക വിദ്യയോടും ഭരണകൂടത്തിന്‍റെ സര്‍വൈലെന്‍സിനോടുമുള്ള ഭയമാണു നോവല്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതേ സമയം, ഭരണകൂടത്തെ അട്ടിമറിക്കാനായി ഇതിലെ വിപ്ലവകാരികള്‍ ഉപയോഗിക്കുന്ന ആയുധങ്ങളാകട്ടെ, യുഎസ്ബി മോഡവും വ്യാജ ഐഡി പ്രൂഫുകളും പഴയ തലമുറ തോക്കുകളും ഒലിവ് പച്ച നിറത്തിലുളള യൂണിഫോമുകളുമാണ്. നഗരത്തില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാവുക, കിംവദന്തികള്‍ പരക്കുക, ബ്രെയ്ക്കിങ് ന്യൂസുകളും ചാനല്‍ ചര്‍ച്ചകളും നടക്കുക, ഇതര സംസ്ഥാന തൊഴിലാളികള്‍ പണിമുടക്കുക, അപ്രതീക്ഷിതമായി ചില സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം തടിച്ചുകൂടുകയും അതിനിടയില്‍ ആയുധധാരികള്‍ ഉണ്ടാവുകയും ചെയ്യുക മുതലായ ‘അപാരതകളെ’യാണ്  വിപ്ലാന്തരീക്ഷമായി നോവല്‍ ഭാവന ചെയ്യുന്നത്.

മാവോയിസ്റ്റുകള്‍ക്കൊപ്പം ആയുധമെടുത്ത് അണിചേരാന്‍ ബഹുജനങ്ങളോട് ആനന്ദ് / സുഭാഷ് ആഹ്വാനം ചെയ്യുന്ന പ്രസ്താവന നോക്കുക. ആദ്യം ആയുധമെടുത്തതും ചോര വീഴ്ത്തിയതും ഭരണകൂടമാണെന്നും അതുകൊണ്ട് രക്തപ്പുഴക്കെല്ലാം ഉത്തരവാദി സര്‍ക്കാരാണെന്നും വിശദീകരിച്ച പ്രസ്താവന, കഴിഞ്ഞ അറുപതു വര്‍ഷമായി ഭരണവര്‍ഗം ആദിവാസികളെയും ദലിതുകളെയും കര്‍ഷകരെയും തൊഴിലാളികളെയുമൊക്കെ കൂടുതല്‍ ദുരിതപൂര്‍ണമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നുവെന്നും ഇക്കാലയളവിലെ സാമ്പ്രദായികമായ പ്രതിരോധ സമരങ്ങളൊന്നും ഈ സാഹചര്യത്തിനു തരിമ്പും മാറ്റം വരുത്തിയില്ലെന്നും വിലയിരുത്തുന്നു. ജനകീയമായ ചെറുപ്പുനില്‍പ്പു സമരങ്ങള്‍ സാധ്യമായ ഒരു ജനാധിപത്യ ഇടം നിലനില്‍ക്കുന്നില്ലെന്നും സായുധസമരത്തിലൂടെ അധികാരം പിടിച്ചടക്കിക്കൊണ്ടു മാത്രമേ ഈ അവസ്ഥയ്ക്കു പരിഹാരം കാണാനാവു  എന്നും വ്യക്തമാക്കുന്നു (പേജ് 14).

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലെ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളും തൊഴിലാളി- കര്‍ഷക ജനതകളും നടത്തിയ സമരങ്ങളെല്ലാം നിഷ്പ്രയോജനകരമായിരുന്നെന്നും വ്യവസ്ഥയ്ക്കുള്ളില്‍ അവരുടെ ജീവിതം തരിമ്പും മാറിയിട്ടില്ലെന്നുമാണല്ലോ ഈ പ്രസ്താവനയുടെ അര്‍ഥം. കോളനിയാനന്തര ഘട്ടത്തിലെ ഓരോ ഇരുപതു വര്‍ഷങ്ങള്‍ വീതം എടുത്തു നോക്കിയാല്‍, മേല്‍പ്പറഞ്ഞ ജനവിഭാഗങ്ങളുടെ ജീവിതത്തിലും കാഴ്ചപ്പാടുകളിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുള്ളതായി കാണാം. ഇതില്‍ത്തന്നെ ദലിതരുടെ മൊബിലിറ്റിയും സ്ത്രീകളുടെ സ്വാശ്രിതത്വവും വലുതാണ്. ഇവയിലൊന്നും ജനാധിപത്യം കാണാതെ, ബര്‍ത്തലോമിയുടെ സഞ്ചാര കൃതികളിലെപ്പോലെ അടിത്തട്ടിലെ  ജനങ്ങള്‍ ചലനമറ്റും നിഷ്പ്രയോജനകരവുമായി നിലനില്‍ക്കുകയാണെന്നും മാവോയിസ്റ്റുകളുടെ തോക്കും വിപ്ലവച്ചൂരും അവരെ വിമോചിപ്പിക്കുമെന്നും പറയുമ്പോള്‍ ഓര്‍മ വരിക, പഴയ കോളനിമേധാവികളെ തന്നെയാണ്. അപരനാടുകളിലെ മണ്ണും പെണ്ണും തങ്ങളാല്‍ കന്യാകാത്വം ഭേദിക്കപ്പെടാനായി കാത്തുകിടക്കുകയായിരുന്നു എന്നാണല്ലോ അവര്‍ പ്രചരിപ്പിച്ചത്. 

ആദിവാസികള്‍ക്കിടയില്‍ സഹോദര ഹത്യകള്‍ കുത്തിപ്പൊക്കിയും ഇതര  സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ നിഷേധിച്ചും വ്യവസ്ഥാപിത കമ്യൂണിസ്റ്റുകളുടെ പാര്‍ട്ടി ഗ്രാമങ്ങളിലും ഭീകരമായ ചില സേച്ഛാധിപത്യ സംവിധാനങ്ങൾ, ദണ്ഡകാരണ്യ പ്രദേശങ്ങളില്‍ മാവോയിസ്റ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നതു വസ്തുതയാണ്.

ഭരണകൂടത്തെ സായുധമായി അട്ടിമറിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമമാണ് ഏറ്റവും മുന്തിയ രാഷ്ട്രീയ പ്രവര്‍ത്തനമെന്നുള്ള വാദം വളരെ യൂറോസെന്‍ട്രിക് ആയ മിഥ്യയാണ്. ഇവ ഉല്‍പ്പാദിപ്പിക്കുന്ന, പാശ്ചാത്യരായ, വരേണ്യ മാര്‍ക്സിസ്റ്റുകളും ലിബറല്‍ പുരുഷന്മാരും സ്വന്തം നാടുകളിലെ ഭരണകൂടങ്ങളെ സായുധവിപ്ലവത്തിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കാറില്ല. ഇത്തരം കാര്യങ്ങളെ പാശ്ചാത്യേതരുടെ  എടുത്തുചാട്ടമായും ഭീകരവാദവുമായി കാണുന്ന അവര്‍ സ്വന്തം നാടുകളിലെ മഹനീയമായ ജനാധിപത്യ പ്രതിഷേധങ്ങളില്‍ മാത്രമേ അണിചേരാറുള്ളൂ. ഇതേ കാര്യത്തെ ഏറ്റുവിളിക്കുന്നതില്‍ മിടുക്കുകാണിക്കുന്നവരാണ് ഇന്ത്യയിലെ വരേണ്യ ബ്രാഹ്മണ ബുദ്ധിജീവികള്‍.

എന്നാല്‍ അവര്‍ സ്വന്തം അഗ്രഹാരങ്ങളിലോ നാഗരിക ഇടങ്ങളിലോ മാവോയിസ്റ്റുകളുടെ ബോംബുകള്‍ പൊട്ടണമെന്നു പറയുകയില്ല. അത്തരം ഏര്‍പ്പാടുകളെല്ലാം ആദിവാസികളുടെയും മറ്റ് അപരിഷ്കൃതരുടെയും പ്രദേശങ്ങളില്‍ മാത്രം നാട്ടുനടപ്പായതിനാല്‍ സംതൃപ്തരാണവര്‍. ജനാധിപത്യം ഒരു ജീവിതക്രമമായിപ്പോലും നിലനില്‍ക്കുക സാധ്യമല്ലെന്ന തന്‍റെ യാന്ത്രിക വിശ്വാസം ഉറപ്പിക്കുന്നതിനൊപ്പം, ലിബറല്‍ ഡെമോക്രസിയോടു പഴയ സവര്‍ണ റാഡിക്കലുകളുടെ വെറുപ്പിനെ തനിയാവര്‍ത്തിക്കുക മാത്രമാണു രൂപേഷ് ചെയ്യുന്നതെന്നാണു മനസ്സിലാക്കേണ്ടത്.

എഴുപതുകളിലും എണ്‍പതുകളിലും ഇടതുപക്ഷ തീവ്രവാദ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ സായുധ സംഘര്‍ഷങ്ങള്‍ രൂപപ്പെട്ട എല്ലാ നാടുകളിലും ഭരണകൂടങ്ങള്‍  കൂടുതല്‍ സേച്ഛാധിപത്യപരമായി മാറുകയാണു ചെയ്തത്. അതേ സമയം, ഇത്തരം രൂപവത്കരണങ്ങളെ ജനങ്ങള്‍ കൈയൊഴിയുകയും പുത്തന്‍ രാഷ്ട്രീയ സമുദായങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തപ്പോഴാണ് ഈ നാടുകളിലെ ഭരണകൂടങ്ങള്‍ വിചാരണ ചെയ്യപ്പെടാനും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും വിലമതിക്കപ്പെടാനും തുടങ്ങിയത്. ചരിത്രപരമായ ഈ യാഥാര്‍ഥ്യത്തോടൊപ്പം നില്‍ക്കുന്ന ഇന്ത്യയിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളും ബഹുജനങ്ങളും ഭരണകൂടത്തോടും ഭരണവര്‍ഗങ്ങളോടുമുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. എന്നാല്‍, സ്വന്തം കൈകാലുകള്‍ മുറിച്ചുകളയുന്നതിനു സമാനമായ വിധത്തിലുള്ള രാഷ്ട്രീയ അസംബന്ധങ്ങളായി അവതരിക്കപ്പെടുന്ന ഈ നോവലിലെ ഏകഭാഷണങ്ങളെ അവര്‍ പിന്തുണയ്ക്കാന്‍ സാധ്യതയില്ല.

  • മാവോയിസ്റ്റ് (നോവല്‍) - രൂപേഷ് (ഡി. സി. ബുക്സ്  കോട്ടയം 2013) 
  • White Skins / Black Masks - Gail Ching - Liang Low (Routledge - 1996)
  • The Culture and Imperialism - Edward Said- Vintage Books (1994)
  • Post Colonialisms Ethical (Re)Turn - An Interview with Simon Gikandi - David Jefferess- Post Colonial Text, Vol. 2 No. 1 (2006)
  • Liberal Democracy in India and the Dalit Critique- Gopal Guru (Social Research Vol, 78, No.1 Spring (2011).
Top