കാമ്പസുകളിലെ ഹിംസ: ഇടതുപക്ഷ ഇസ്‌ലാമോഫോബിയയുടെ മറവികൾ

അഭിമന്യു വിഷയവും പതിവുപോലെ പ്രബുദ്ധകേരളം മറ്റൊരു ആംഗിളിലാണു ചര്‍ച്ച ചെയ്യുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകനെ സി.എഫ്.ഐക്കാര്‍ വധിച്ചു എന്നതിനു പകരം ആദിവാസി വിദ്യാര്‍ഥിയെ മുസ്‌ലിംകള്‍ കൊന്നു എന്ന രീതിയില്‍ പ്രചരിപ്പിച്ച് ഇടതു-ഹിന്ദുത്വ-മതേതര-ലിബറലുകള്‍ ഈ അവസരം മുതലെടുക്കുന്നുണ്ട്. ലക്കും ലഗാനുമില്ലാതെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ കയറ്റി പൊതുവിടങ്ങളില്‍നിന്നു മുസ്‌ലിം പ്രശ്നങ്ങളെ അദൃശ്യമാക്കാനുള്ള ശ്രമമാണു നടക്കുന്നത്. പി.എഫ്.ഐയെ മുന്‍നിര്‍ത്തി മുസ്‌ലിംകളിൽ അപകര്‍ഷത സൃഷ്ടിച്ചു നിശ്ശബ്ദരാക്കാനുള്ള ആസൂത്രിത പദ്ധതിയാണ് ഇതിലൂടെ തെളിഞ്ഞു വരുന്നത്.

‘സത്യവിശ്വാസിക്ക് ഒരു മാളത്തില്‍ നിന്നു രണ്ടു പ്രാവശ്യം കടിയേല്‍ക്കില്ല’ എന്നൊരു പ്രവാചക വചനമുണ്ട്. അതായത് അനുഭവങ്ങളില്‍ നിന്നു പാഠം ഉള്‍ക്കൊളളണമെന്നു സാരം. എന്നാല്‍ പി.എഫ്.ഐക്കാര്‍ക്ക് അതു മനസ്സിലായിട്ടില്ല.

2010 ജൂലൈ 4 നാണ് അവര്‍ക്ക് ആദ്യമായി മാളത്തില്‍ നിന്നു കടിയേറ്റത്. പ്രവാചകനിന്ദ നടത്തിയ പ്രൊഫസർ ജോസഫിനെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായവരും ശിക്ഷിക്കപ്പെട്ടവരൂം പി.എഫ്.ഐക്കാരായിരുന്നു. പി.എഫ്.ഐ മുന്നോട്ടുവെച്ച എല്ലാ ആശയങ്ങളെയും റദ്ദു ചെയ്ത സംഭവമായിരുന്നു അത്.

കൃത്യം എട്ടു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ 2018 ജൂലൈ 2 ന് ഇതാ വീണ്ടും അവര്‍ അതേ മാളത്തില്‍ കൈവെച്ചു കടി വാങ്ങിയിരിക്കുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ ആദിവാസി വിദ്യാര്‍ഥി അഭിമന്യു കുത്തേറ്റു മരിച്ച സംഭവത്തിലും ആരോപണ വിധേയരായിരിക്കുന്നത് അവരുടെ വിദ്യാര്‍ഥി വിഭാഗമായ സി.എഫ്.ഐ ആണ്.

പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്നു വളര്‍ന്നുവന്ന അഭിമന്യു ശാസ്ത്രജ്ഞനാവാന്‍ മോഹിച്ച വിദ്യാര്‍ഥിയായിരുന്നു. ആ കുരുന്നു ജീവന്‍ അപഹരിച്ചവര്‍ ആരായാലും അക്ഷന്തവ്യമായ അപരാധമാണു ചെയ്തത്.

പുത്രന്‍ മുജ്ജന്‍മ ശത്രു എന്നു പറയും പോലെ, വകതിരിവില്ലാത്ത അണികള്‍ സംഘടനയ്ക്കു ബാധ്യതയാണ്. അതു ചിലപ്പോള്‍ പാരയായി മാറുകയും സംഘടനയുടെ നിലനില്‍പ്പു തന്നെ അപകടത്തിലാക്കുകയും ചെയ്യും. ദേശീയ തലത്തില്‍ രൂപപ്പെട്ടുവരുന്ന മര്‍ദിത ജനവിഭാഗങ്ങളുടെ ഏകീകരണ ശ്രമങ്ങളെ ഇത്തരം സംഭവങ്ങള്‍ പിന്നോട്ടടിപ്പിക്കാനും കാരണമാകുമെന്ന് തിരിച്ചറിവുള്ള പി.എഫ്.ഐ നേതാക്കൾ മനസ്സിലാക്കണം .

പൊതുചർച്ചകളുടെ രാഷ്ട്രീയം

പതിവുപോലെ പ്രബുദ്ധകേരളം വിഷയത്തെ മറ്റൊരു ആംഗിളിലാണു ചര്‍ച്ച ചെയ്യുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകനെ സി.എഫ്.ഐക്കാര്‍ വധിച്ചു എന്നതിനു പകരം ആദിവാസി വിദ്യാര്‍ഥിയെ മുസ്‌ലിംകള്‍ കൊന്നു എന്ന രീതിയല്‍ പ്രചരിപ്പിച്ച് ഇടതു-ഹിന്ദുത്വ-മതേതര-ലിബറലുകള്‍ ഈ അവസരം മുതലെടുക്കുന്നുണ്ട്. ലക്കും ലഗാനുമില്ലാതെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ കയറ്റി പൊതുവിടങ്ങളില്‍നിന്നു മുസ്‌ലിം പ്രശ്നങ്ങളെ അദൃശ്യമാക്കാനുള്ള ശ്രമമാണു നടക്കുന്നത്.

പ്രമുഖ മലയാളം വാരികയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു: ‘ഹിന്ദുത്വയുടെ ബിനാമികളാണു മൗദൂദിസ്റ്റുകളും. മതരാഷ്ട്രീയം കാമ്പസില്‍ വേണ്ട. മതവാദികളോടു ജനാധിപത്യവുമില്ല, സംവാദവുമില്ല’. പി.എഫ്.ഐയെ മുന്‍നിര്‍ത്തി മുസ്‌ലിംകളിൽ അപകര്‍ഷത സൃഷ്ടിച്ചു നിശ്ശബ്ദരാക്കാനുള്ള ആസൂത്രിത പദ്ധതിയാണ് ഇതിലൂടെ തെളിഞ്ഞു വരുന്നത്.

ചുവപ്പുകോട്ടകളിലെ ആടുജീവിതം

1980 / 1990 കളില്‍ മഹാരാജാസ് കാമ്പസില്‍ ദലിത് വിദ്യാര്‍ഥികളെ നിരന്തരമായി എസ്.എഫ്.ഐ മര്‍ദിച്ച് ഒതുക്കിയിരുന്നു. മഹാരാജാസിന്‍െറ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ദലിത് വിദ്യാര്‍ഥികളില്‍ പലരും മര്‍ദനം സഹിക്കവയ്യാതെ പഠനമുപേക്ഷിച്ചു പോയിട്ടുണ്ട്. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ അംബേഡ്കര്‍ ആശയങ്ങളും ദലിത് ചിന്തകളും എസ്.എഫ്.ഐയെ എന്നും അലോസരപ്പെടുത്തിയിരുന്നു. അക്കാലത്ത് കാമ്പസില്‍ ആകെ എസ്.എഫ്.ഐ മാത്രമേയുള്ളൂ. തെരഞ്ഞടുപ്പടുക്കുമ്പോള്‍ മാത്രം വരുന്ന കെ.എസ്.യു തെരഞ്ഞെടുപ്പോടെ ഒടുങ്ങും. പിന്നെ എസ്.എഫ്.ഐ യുടെ പരാക്രമം മുഴുവന്‍ ദലിത് വിദ്യാര്‍ഥികള്‍ക്കു നേരെയാണ്. പോസ്റ്റര്‍ ഒട്ടിക്കാന്‍ പാടില്ല, പ്രകടനം നടത്താന്‍ പാടില്ല, തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാടില്ല, നോമിഷന്‍ കൊടുക്കാന്‍ പാടില്ല. കൊടുത്താല്‍ അധ്യാപക സംഘടനയെ ഉപയോഗിച്ച് സാങ്കേതികത്വം പറഞ്ഞു തള്ളിക്കും. അതിനെയും അതിജീവിക്കുന്നവരെ മര്‍ദിച്ചൊതുക്കും. അതുകൊണ്ടാണ് എ.കെ വാസുവിനെ പോലുള്ള ദലിത് രാഷ്ട്രീയ ബോധമുള്ളവർ തല്ലുകൊണ്ടു പൊറുതി മുട്ടിയപ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ പോയിക്കണ്ട് കൊന്നുതരണമെന്ന് അപേക്ഷിച്ചത്. (അടുത്തകാലത്ത് പ്രിന്‍സിപ്പലിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ റെയ്ഡില്‍ മാരകായുധങ്ങള്‍ പിടിച്ചെടുത്തത് അധ്യാപകരുടെ ഹോസ്റ്റലില്‍ നിന്നായിരുന്നു. പിന്നീട് അതു കെട്ടിടനിര്‍മാണ സമാഗ്രികളായി മാറി). അക്കാലത്ത് മഹാരാജാസില്‍ നിലനിന്നിരുന്ന എസ്.എഫ്.ഐയുടെ സബ് കമ്മിറ്റികളായിരുന്നു കാമ്പസ് ക്ളീനിങ്ങും (സദാചാരപോലീസ്) ഡീലിങ് കമ്മിറ്റിയും (ഗുണ്ടാ സംഘം). അത് ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇന്നത്തെ സര്‍വകലാശാലാ അധ്യാപകര്‍, സാഹിത്യ നിരൂപകര്‍, ഫാഷിസ്റ്റ് വിരുദ്ധ പ്രഭാഷകര്‍, പ്രശസ്ത ഛായാഗ്രഹകര്‍, സിനിമാ സംവിധായകര്‍ ഒക്കെയാണ് അക്കാലത്ത് ഈ സബ് കമ്മിറ്റികളെ നയിച്ചിരുന്നത്.

അക്കാലത്ത് മഹാരാജാസില്‍ നിലനിന്നിരുന്ന എസ്.എഫ്.ഐയുടെ സബ് കമ്മിറ്റികളായിരുന്നു കാമ്പസ് ക്ളീനിങ്ങും (സദാചാരപോലീസ്) ഡീലിങ് കമ്മിറ്റിയും (ഗുണ്ടാ സംഘം). അത് ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇന്നത്തെ സര്‍വകലാശാലാ അധ്യാപകര്‍, സാഹിത്യ നിരൂപകര്‍, ഫാഷിസ്റ്റ് വിരുദ്ധ പ്രഭാഷകര്‍, പ്രശസ്ത ഛായാഗ്രഹകര്‍, സിനിമാ സംവിധായകര്‍ ഒക്കെയാണ് അക്കാലത്ത് ഈ സബ് കമ്മിറ്റികളെ നയിച്ചിരുന്നത്.

ഞാനവിടെ പഠിച്ചിരുന്നപ്പോൾ മുസ്‌ലിം വിദ്യാർഥി രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. കമ്പിപ്പാരയുമായി പിന്നാലെ പാഞ്ഞുവരുന്ന എസ്.എഫ്.ഐക്കാരില്‍ നിന്നു രക്ഷപ്പെടാന്‍ ഹോസ്പിറ്റല്‍ റോഡിലൂടെയും പാര്‍ക്ക് അവന്യൂവിലൂടെയും എത്രവട്ടം മരണപ്പാച്ചില്‍ നടത്തിയിരുന്നു.

ഇതു മഹാരാജാസിലെ മാത്രം അനുഭവമല്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, മടപ്പള്ളി കോളേജ്, പാലയാട് കാമ്പസ്, കാലടി സംസ്കൃത സര്‍വകലാശല, എം ജി സര്‍വകലാശാല , നാട്ടകം, കണ്ണൂര്‍ പോളി ടെക്നിക്കുകള്‍ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. തിരുവനന്തപുരം എം.ജി കോളേജില്‍ എസ്.എഫ്.ഐക്കു പകരം എ.ബി.വി.പിയാണെന്നു മാത്രം.

എറണാകുളത്തു നടന്ന മനുഷ്യ സംഗമത്തിന്‍െറ നയരേഖാ പ്രകാശന വേദിയല്‍ സണ്ണി എം കപിക്കാടും രേഖാ രാജും, ‘കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല’ എന്ന സി.പി.എം മുദ്രാവക്യം ‘ഞങ്ങള്‍ തോറ്റു തരാം; പക്ഷേ കൊല്ലരുത്’ എന്നു പരിഹസിച്ചുകൊണ്ട് എസ്.എഫ്.ഐയുടെ കാമ്പസുകളിലെ സോഷ്യല്‍ ഫാഷിസത്തെ പ്രശ്നവല്‍കരിച്ചിരുന്നു. പിറ്റേദിവസം സഖാവ് എം.എ ബേബി പ്രസംഗിക്കുമ്പോള്‍ ആര്‍.എം.പി പ്രവര്‍ത്തകര്‍ ടി.പി ചന്ദ്രശേഖരന്‍െറ ചിത്രവുമായി വേദിയിലെത്തി പ്രതീകാത്മക പ്രതിഷേധം നടത്തിയതും ഓർക്കാവുന്നതാണ് .

അല്‍പം ഫ്ളാഷ് ബാക്ക്

1994 ജനുവരി 25 : കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ ആര്‍.എസ്.എസുകാരനായ സി സദാനന്ദന്‍ മാസ്റ്റര്‍ കവലയിലൂടെ നടന്നുവരുന്നു. ഇരുളിന്‍െറ മറവില്‍ നിന്ന് സി.പി.എം കൊലയാളി സംഘം സദാനന്ദന്‍ മാസ്റ്ററുടെ മേല്‍ ചാടിവീണ് നിലത്തു കമിഴ്ത്തിക്കിടത്തി രണ്ടു കാലുകളും വെട്ടിമാറ്റുന്നു. തൊട്ടടുത്ത ദിവസം, 1994 ജനുവരി 26ന് കണ്ണൂര്‍ ജില്ലയിലെ തൊക്കിലങ്ങാടിയില്‍ എസ്.എഫ്.ഐയുടെ സംസ്ഥാന ജോയന്‍റ്  സെക്രട്ടറി കെ.വി സുധീഷിനെ മാതാപിതാക്കളുടെ കണ്‍മുന്നിലിട്ട് ആര്‍.എസ്.എസ് കൊലയാളി സംഘം വെട്ടിക്കൊന്നു പ്രതികാരം ചെയ്തു. ആകെ മൊത്തം 37 വെട്ടുണ്ടായിരുന്നുവെന്നു ദൃക്സാക്ഷിയായിരുന്ന, ചിത്രകാരനും സിനിമാ സംവിധായകനുമായ ദീപേഷ് ഓര്‍ക്കുന്നു. അപ്പോള്‍ ഒരുസംശയം; കൈ വെട്ടിയതാണോ രണ്ടു കാലും വെട്ടിയെറിഞ്ഞതാണോ തീവ്രവാദ സ്വഭാവമുള്ള ആക്രമണം?

1996 സെപ്റ്റംബര്‍ 16 : പത്തനംതിട്ട പരുമല ദേവസ്വം ബോര്‍ഡ് കോളേജില്‍ എസ്.എഫ്.ഐയും എ.ബി.വി.പിയും തമ്മില്‍ വിദ്യാര്‍ഥി സംഘട്ടനം. അടികൊണ്ടോടിയ എ.ബി.വി.പിക്കാര്‍ കോളേജിനു സമീപത്തുകൂടി ഒഴുകുന്ന പമ്പയാറ്റില്‍ ചാടി രക്ഷപ്പെടാനൊരുങ്ങുന്നു. മുങ്ങിത്താഴുന്ന കിം കരുണാകരന്‍, സുജിത്, അനു പി.എസ്. ഈ വിദ്യാര്‍ഥികളെ ചുറ്റും കൂടിനിന്ന എസ്.എഫ്.ഐക്കാര്‍ കല്ലെറിഞ്ഞ് മുക്കികൊല്ലുന്നു.

1992 ഫെബ്രുവരി 29 : തൃശൂരില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇന്‍റര്‍സോണ്‍ കലോല്‍സവം നടക്കുന്ന വേദിയില്‍, കുട്ടനല്ലൂര്‍ ഗവ. കോളേജ് യൂണിയന്‍ സെക്രട്ടറിയായ ആര്‍.കെ കൊച്ചനിയനെ കെ.എസ്.യുക്കാര്‍ വെട്ടിക്കൊല്ലുന്നു.

2015 ജനുവരി 22 : കോഴിക്കോട് വടകര തൂണേരിയിലെ എസ്.എഫ്.ഐ /ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ എം.എസ്.എഫ് / യൂത്ത് ലീഗുകാര്‍ കുത്തികൊല്ലുന്നു.

2008 ജൂലൈ 20: അരീക്കോട് വാലില്ലാപുഴ എ.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിനെ മുസ്‌ലിം യൂത്ത് ലീഗുകാര്‍ ചവിട്ടിക്കൊല്ലുന്നു. ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠം ടെക്സ്റ്റ് ബുക്കില്‍ നിന്നു പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ സമരത്തിന്‍െറ ഭാഗമായിരുന്നു തീവ്രവാദ സ്വഭാവം തീരെയില്ലാത്ത ഈ ചവിട്ടിക്കൊല. ‘ഗുരുനിന്ദ’ എന്ന പേരിലാണ് എസ്.എഫ്.ഐ അതിനെതിരെ ക്യാമ്പയിൻ നടത്തിയത്.

2011 ഫെബ്രവരി 27: കോഴിക്കോട് നാദാപുരം നരിക്കാട്ടേരിയില്‍ റിയാസ്, സമീര്‍, റഫീക്ക്, ഷമീല്‍, ഷബീര്‍ അഞ്ചു മുസ്‌ലിം യൂത്ത് ലീഗുകാര്‍ ചിതറിത്തെറിച്ചു മരിക്കുന്നു. എട്ടുപേര്‍ക്കു പരിക്കേല്‍ക്കുന്നു. അവര്‍, മുസ്‌ലിം ലീഗിന്റെ സൗജന്യ വീടു നിർമാണ പദ്ധതിയായ ‘ബൈത്തുറഹ്മ’കളുടെ (കാരുണ്യവീട് ) നിര്‍മാണത്തിനു കല്ലും മണ്ണും ചുമക്കുകയായിരുന്നില്ല; ബോംബ് ഉണ്ടാക്കുകയായിരുന്നു.

ഇതുപോലെ സി.പി.എമ്മിന്‍െറയും ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്‍െറയും കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ആര്‍മമെന്‍റ് ഡിപ്പോകളില്‍ സ്ഫോടനങ്ങള്‍ നടക്കുകയും നിരവധി പേര്‍ മരിക്കുകയും അംഗഭംഗം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

2006 ഒക്ടേബര്‍ 22: ഫസല്‍ എന്ന ചെറുപ്പക്കാരനെ സി.പി.എം കൊല്ലുന്നു. കേസന്വേഷണം യഥാര്‍ഥ പ്രതികളിലേക്കെത്തിയപ്പോള്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണ സംഘത്തലവന്‍ ഡി.വൈ.എസ്.പി രാധാകൃഷ്ണനോടാവശ്യപ്പെടുന്നു.

2008 ജൂണ്‍ 23: കണ്ണൂര്‍ കക്കയങ്ങാട് സൈനുദ്ദീന്‍ എന്ന എന്‍.ഡി.എഫ് പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ വെട്ടിക്കൊല്ലുന്നു.

2018 ഫെബ്രുവരി 12: കണ്ണൂര്‍ എടയന്നൂരില്‍ ശുഹൈബ് എന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ സംഘം വെട്ടിക്കൊലപ്പെടുത്തുന്നു. പരിശീലനം സിദ്ധിക്കാത്ത അമച്വര്‍ കൊലയാളികളായിരുന്നതിനാലാകണം, ചറപറ വെട്ടിക്കളഞ്ഞു.

2012 ഫെബ്രുവരി 20: എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കുറിനെ സി.പി.എം സംഘം, വിചാരണ നടത്തി കൊലപ്പെടുത്തുന്നു. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ തുടങ്ങിയവര്‍ സഞ്ചരിച്ച കാറിനു കല്ലെറിഞ്ഞു എന്നതായിരുന്നു ചുമത്തപ്പെട്ട കുറ്റം.

1999 ഡിസംബര്‍ 1: കണ്ണൂര്‍ ഈസ്റ്റ് പാനൂര്‍ യു.പി സ്കൂള്‍ അധ്യാപകനും യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററെ ക്ളാസ് മുറിയില്‍ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് സി.പി.എം കൊലയാളി സംഘം വെട്ടിക്കൊന്നു.

മാധ്യമ / ഇടത് /ഹിന്ദുത്വ / മതേതര ലിബറലുകളുടെ മുൻവിധികൾ

ഈ കൊലപാതക ചരിത്രം മുഴുവൻ മറപ്പിച്ച് ഇപ്പോൾ മഹാരാജാസിൽ നടന്നതു മാത്രമാണ് അത്യപൂർവ സംഭവമെന്നു പ്രചരിപ്പിക്കാനാണ് ഇടതു മതേതര ലിബറലുകളിൽ ഒരു വിഭാഗം ശ്രമിക്കുന്നത്. ഒരു കൊലപാതകം മതേതരമാവുന്നതും മതപരമാവുന്നതും നിർണയിക്കാൻ കഴിയുന്ന ഏജൻസികളായി ഇവർ മാറിയിരിക്കുന്നു. മനുഷ്യരക്തം അളക്കുന്ന ഈ ഏർപ്പാട് തുറന്നു കാട്ടപ്പെടേണ്ടതുണ്ട്. ഇതാവട്ടെ, ഇടതു സർക്കാറും പോലീസും നടത്താൻ ആഗ്രഹിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കും ജനാധിപത്യവിരുദ്ധതക്കും മറയിടാൻ മാത്രമാണ്.

ഈ കൊലപാതക ചരിത്രം മുഴുവൻ മറപ്പിച്ച് ഇപ്പോൾ മഹാരാജാസിൽ നടന്നതു മാത്രമാണ് അത്യപൂർവ സംഭവമെന്നു പ്രചരിപ്പിക്കാനാണ് ഇടതു മതേതര ലിബറലുകളിൽ ഒരു വിഭാഗം ശ്രമിക്കുന്നത്. ഒരു കൊലപാതകം മതേതരമാവുന്നതും മതപരമാവുന്നതും നിർണയിക്കാൻ കഴിയുന്ന ഏജൻസികളായി ഇവർ മാറിയിരിക്കുന്നു. മനുഷ്യരക്തം അളക്കുന്ന ഈ ഏർപ്പാട് തുറന്നു കാട്ടപ്പെടേണ്ടതുണ്ട്.

കേന്ദ്ര സംസ്ഥാന ഭരണത്തില്‍ പങ്കാളികളായ സിപി.എം, മുസ്‌ലിം ലീഗ്, ബി.ജെ.പി, കോണ്‍ഗ്രസ്സ് പാര്‍ട്ടികളുടെ മുന്‍കൈയില്‍ നടന്ന കൊലപാതകങ്ങളും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുമാണു മേല്‍പറഞ്ഞത്. എന്തുകൊണ്ട് ഒറ്റപ്പെട്ട രണ്ടു സംഭവങ്ങള്‍ മാത്രം ചര്‍ച്ചയാവുകയും നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന കൊലപാതകങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും, മാധ്യമങ്ങളും ഭരണകൂടവും സാമൂഹിക പ്രവര്‍ത്തകരും അവഗണിക്കുകയും ചെയ്യുന്നു? ഇതു യാദൃഛികമല്ല. മുകളില്‍ പരാമര്‍ശിച്ച മുഴുവന്‍ സംഭവങ്ങളെയും രാഷ്ട്രീയ കൊലകള്‍ എന്ന പേരില്‍ തളളിക്കളയാം.

2015 ജൂലൈ 10ന് എട്ടു വയസ്സുകാരനായ ഫഹദ് എന്ന മൂന്നാം ക്ളാസ്സ് വിദ്യാര്‍ഥി, 2016 നവംബര്‍ 19ന് കൊടിഞ്ഞിയിലെ അനില്‍കുമാര്‍ എന്ന ഫൈസല്‍, 2017 മാര്‍ച്ച് 25ന് കാസര്‍കോട് ചുരിയിലെ റിയാസ് മൗലവി ഇവരെ ആര്‍.എസ്.എസ് / ബി.ജെ.പി പ്രവര്‍ത്തകര്‍ കൊന്നു.

ഈ ഫാഷിസ്റ്റ് ഹിംസകളുടെ നിഷ്ഠൂരതയെ അപലപിക്കാനോ ചര്‍ച്ച ചെയ്യാനോ പ്രബുദ്ധ കേരളം തയാറായില്ല. എന്നാല്‍ പ്രതിസ്ഥാനത്തു മുസ്‌ലിം വന്നാല്‍ അതിന്‍െറ ഡയമെന്‍ഷന്‍ മാറുകയാണ്. അവരോടു ജനാധിപത്യവുമില്ല, സംവാദവുമില്ല. അമിതാധികാര പ്രയോഗവും സാമൂഹിക ബഹിഷ്കരണവുമാണ് ഏക പ്രതികരണമെന്നു വരുന്നു.

മാറുന്ന മുസ്‌ലിം രാഷ്ട്രീയം

ഏതൊരു ന്യൂനപക്ഷ സമൂഹവും വിദ്യാഭ്യാസപരമായും സാമൂഹികമായും സാംസ്കാരികമായും സാമ്പത്തികമായും രാഷ്ട്രീയമായും ശാക്തീകരിക്കപ്പെടുന്നതിനെ മേധാവിത്ത ശക്തികള്‍ ഇഷ്ടപ്പെടുന്നില്ല. ന്യൂനപക്ഷ-അധസ്ഥിത-പിന്നോക്ക വിഭാഗങ്ങളുടെ തന്ത ചമയാനുള്ള അവസരം അതോടെ ഇല്ലാതാവുമെന്നതിനാലാണ്.

അടുത്തകാലം വരെ ഒരു മുസ്‌ലിമിന് തന്നെ പ്രകാശിപ്പിക്കണമെങ്കില്‍ മതത്തിന്‍െറ പുറന്തോടു പൊളിച്ചു പുറത്തുവന്ന് ഏതെങ്കിലും സെക്കുലർ ലിബറല്‍ ചേരിയില്‍ നിലയുറപ്പിക്കണമായിരുന്നു.

എന്നാല്‍ മുസ്‌ലിം സമുദായം നിരന്തരമായി നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലം വളരെ വ്യത്യസ്തമാണ്. ഏതുതരം ആശയങ്ങളുമായും സംവദിക്കാന്‍ പാകത്തിന് മതത്തിന്‍െറ ആന്തരിക പരിസരം വികസ്വരവും ബൗദ്ധികമായി നവീകരികരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

വിശ്വാസപരമായ വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ടു തന്നെ, മുസ്‌ലിം പെണ്‍കുട്ടികളടക്കം വിദേശ/ദേശീയ സര്‍വകലാശാലകളിലും മറ്റും പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നു. ദേശീയ തലത്തില്‍ നടക്കുന്ന സമരങ്ങളിലും പ്രക്ഷോഭങ്ങളിലും സമാന മനസ്കരുമായി കൈകോര്‍ക്കുന്നു. മുഖ്യധാരാ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പ്രസക്തി പോലും ചോദ്യം ചെയ്യപ്പെടുന്ന രീതിയിലുളള നിലപാടുകളിലൂടെ ശ്രദ്ധേയരാകുന്നു. ജെ.എന്‍.യുവിലും എച്ച്.സി.യുവിലും ഇഫ്‌ലുവിലും ഡി.യുവിലും പാര്‍ശ്വവത്കൃത വിദ്യാര്‍ഥികളുടെ സംഘടനകളുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കി മല്‍സരിച്ചു ജയിക്കുന്നു. മുസ്‌ലിംകള്‍ക്ക് ഇതു വഴി വിദ്യാഭ്യാസവും തൊഴിലും രാഷ്ട്രീയ പ്രവര്‍ത്തനവും സാമൂഹിക ശാക്തീകരണവും അതുവഴി അതിജീവനവും ആയി മാറിക്കഴിഞ്ഞു.

ഒറ്റപ്പെട്ട സംഭവങ്ങളെ ഇസ്‌ലാം, ഖുര്‍ആന്‍, ശിരോവസ്ത്രം, ഐ.എസ്, ആടുമേയ്ക്കല്‍ തുടങ്ങിയവയുമായി ബന്ധിപ്പിച്ചു ഭീതി പരത്തുക. ആഗോള ഇസ്‌ലാമോഫോബിയയുടെ കേരളരീതികൾ വികസിപ്പിക്കുകയാണിവിടെ ചെയ്യുന്നത്.

ഇത്രയും സർഗാത്മകമായ സാമുദായിക ജീവിതത്തെ അഭിസംബോധന ചെയ്യാൻ കഴിയാതെ ഉഴറുകയാണ് പരമ്പരാഗത ലിബറൽ- സെക്കുലർ ഇടതുബോധം. അപ്പോള്‍പ്പിന്നെ ഹേറ്റ് കാമ്പയിനിങ്ങിലൂടെ പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കലല്ലാതെ മറ്റു മാര്‍ഗമില്ല. ഒറ്റപ്പെട്ട സംഭവങ്ങളെ ഇസ്‌ലാം, ഖുര്‍ആന്‍, ശിരോവസ്ത്രം, ഐ.എസ്, ആടുമേയ്ക്കല്‍ തുടങ്ങിയവയുമായി ബന്ധിപ്പിച്ചു ഭീതി പരത്തുക. ആഗോള ഇസ്‌ലാമോഫോബിയയുടെ കേരളരീതികൾ വികസിപ്പിക്കുകയാണിവിടെ ചെയ്യുന്നത്.

കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകളില്‍ ശിരോവസ്ത്രം ധരിച്ച പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതിനെയും മുസ്‌ലിം വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ മുറികളില്‍ നമസ്കരിക്കുന്നതിനെയും മതമൗലികവാദത്തിന്‍െറ വളര്‍ച്ചയായി വിലയിരുത്തുന്ന ഇടത്-ഹിന്ദുത്വ-മതേതര ലിബറലുകളാണ് ഇത്തരം ഹേറ്റ് കാമ്പയിനിങ്ങിനു ചുക്കാന്‍ പിടിക്കുന്നത്.

പി.എഫ്.ഐയും സമുദായവും

മുസ്‌ലിം സമുദായം സമചിത്തതയോടെ കാര്യങ്ങള്‍ വിലയിരുത്താനും നിലപാടെടുക്കാനും പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കരുവാന്‍െറ തൊടിയിലെ മുയലിനെപ്പോലെ, എവിടെ ശബ്ദം കേട്ടാലും ഞെട്ടിവിറക്കേണ്ട കാര്യം സമുദായത്തിനില്ല.

പി.എഫ്.ഐയെ മുസ്‌ലിം സമുദായത്തിന്‍െറ കുത്തകാവകാശം ഏല്‍പ്പിച്ചു കൊടുത്തിട്ടില്ല. മൂവാറ്റുപുഴയിലെ അധ്യാപകനെതിരായ ആക്രമണവും അഭിമന്യുവിന്‍െറ കൊലപാതകവും ലോ ആന്‍റ് ഓര്‍ഡര്‍ പ്രശ്നമായതിനാല്‍ അതന്വേഷിക്കാന്‍ പോലിസും കോടതിയുമുണ്ട്. കാര്യങ്ങള്‍ നിയമപരമായി പ്രോപ്പര്‍ ചാനലില്‍ മുന്നോട്ടു പോകാൻ സമുദായം ജാഗ്രത കാണിക്കണം. നീതി, മർദകന്റെയും മർദിതന്‍റെയും പൊതു ആവശ്യമാണ് എന്നതാണു ഖുർആന്റെ പാഠം.

ചില വ്യക്തികളുടെ ചെയ്തിക്ക് ഉത്തരവാദിത്തമേറ്റെടുത്തു മാപ്പു പറയാനും വിട്ടുവീഴ്ച ചെയ്യാനും മുസ്‌ലിംകൾക്കു ബാധ്യതയില്ല. ഇക്കാരണത്താല്‍ മുസ്‌ലിംകളെ വിരട്ടാനും നിശബ്ദരാക്കാനും ആരും ശ്രമിക്കേണ്ടതില്ലെന്നും മുസ്‌ലിംകളുടെ ദേശക്കൂറിനും മതേതര പ്രതിബദ്ധതക്കും ബെഞ്ച്മാര്‍ക്ക് നിശ്ചയിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആത്മവിശ്വാസത്തോടെ പറയാന്‍ മുസ്‌ലിം നേതൃത്വം ആര്‍ജവം കാണിക്കേണ്ടതുണ്ട് .

വിശ്വാസപൂർവ്വം മൻസൂർ

പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ‘വിശ്വാസപൂര്‍വം മന്‍സൂര്‍’ എന്ന സിനിമയില്‍ ദാമോദരന്‍ സഖാവും (വി.കെ ശ്രീരാമന്‍ ) ജയരാജ് സഖാവും (സന്തോഷ് കീഴാറ്റൂര്‍)തമ്മിലുള്ള സംഭാഷണം ഈ സാഹചര്യത്തിൽ ഒന്നു കൂടി നോക്കാം.

“ദാമോദരന്‍ : ഞാന്‍ ജയരാജനോട് ഒരുകാര്യം പറയാം. ഞങ്ങള്‍ ജില്ലാകമ്മിറ്റി അത് അനൗപചാരികമായി ചര്‍ച്ച ചെയ്തു. നാട്ടില്‍ ഈ കോലാഹലമൊക്കെ നടക്കുമ്പോള്‍ പാര്‍ട്ടിക്ക് ഒഴിഞ്ഞു നില്‍ക്കാന്‍ പറ്റില്ലല്ലോ.

ജയരാജന്‍: സഖാവ് എന്താ ഉദ്ദേശിക്കുന്നത്?

ദാമോദരന്‍: ജയരാജന്‍ സഖാവ് മന്‍സൂറുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കണം, അതു തനിക്കു ദോഷമേ ചെയ്യൂ. ‘ഓരെ ഒന്നും വിശ്വസിക്കാന്‍ പറ്റൂല്ലഡോ’

ജയരാജന്‍: സഖാവ് ‘ഓരെ’എന്നുദ്ദേശിച്ചത് ആരെയാണ്?

ദാമോദരന്‍: മുസ്‌ലിംകളില്‍ ഒരുവിഭാഗത്തിന് തീവ്രവാദി ബന്ധമുണ്ട്, എല്ലാവരും ആണെന്നല്ല ഞാന്‍ പറയുന്നത്. അത്തരക്കാരുമായി കൂട്ടുകൂടുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണം, ശ്രദ്ധിക്കണം.

ജയരാജന്‍: സഖാവ് പറയുന്നത് തികച്ചും മാര്‍ക്സിസ്റ്റ് വിരുദ്ധമാണ്, ഒരു കമ്മ്യൂണിസ്റ്റുകാരന് ഒരിക്കലും ഇങ്ങനെ ഒരു കാഴ്ചപ്പാട് പാടില്ല. മന്‍സൂറിനെ കുട്ടിക്കാലം മുതലേ എനിക്കറിയാം. അവനെപ്പോലെ സത്യസന്ധതയും രാജ്യസ്നേഹവും മാനവികതയുമുള്ള ചെറുപ്പക്കാര്‍ വളരെ കുറവാണ്”.

ചാനലുകളില്‍ വന്നിരുന്ന് മുസ്‌ലിംകളോട് അനുഭാവമുളള പൊതു പ്രവര്‍ത്തകരോട് ഇടതു-ഹിന്ദുത്വ-മതേതര-ലിബറലുകള്‍ പറയുന്നതും സമാനമായ രീതിയിലാണ്. അവരോടു പറയാനുള്ളത് സിനിമയുടെ അവസാന സീനില്‍ മന്‍സൂര്‍ പറഞ്ഞതു തന്നെയാണ് :

“ഈ ഭൂമി നമ്മുടേതാണ്. നമുക്കും ഇവിടെ ഒരു ഇടമുണ്ട്. നമ്മള്‍ എങ്ങോട്ടും പോകുന്നില്ല. ഇവിടെത്തന്നെ ജീവിച്ചു മരിക്കും”.

പിൻകുറി:
മുകളിൽ എടുത്തു പറഞ്ഞിട്ടുള്ള കൊലപാതകങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍, അഭിമന്യുവിന്‍െറ കൊലയെ സാധൂകരിക്കാനുളള ന്യായങ്ങളല്ല; മാധ്യമ- ഇടത്- ഹിന്ദുത്വ- മതേതര ലിബറലുകളുടെ കാപട്യം തുറന്നു കാണിക്കാന്‍ വേണ്ടി മാത്രം.

Top