ദലിത്- പിന്നാക്ക – ന്യൂനപക്ഷ ഐക്യം എന്തുകൊണ്ട്? ഡോ. എം. കുഞ്ഞാമനു മറുപടി

ആദിവാസി, ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ ഐക്യം സാധ്യമാണെന്നാണ് ആധുനിക ഇന്ത്യയുടെ ചരിത്രം വ്യക്തമാക്കുന്നത്. ഇന്ത്യ അഭിമുഖീകരിക്കുന്ന വൈരുധ്യങ്ങളെ/സംഘര്‍ഷങ്ങളെ അനുഭവവാദപരമായി പെരുപ്പിച്ചെടുക്കുന്നതിലൂടെ, പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയമായ സ്വത്വനിര്‍മിതിയെ അവഗണിക്കുകയാണു കുഞ്ഞാമന്‍ ചെയ്യുന്നതെന്ന് കെ.കെ കൊച്ച് നിരീക്ഷിക്കുന്നു.

ആദിവാസികള്‍, ദലിതര്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ സഖ്യത്തെ ദേശീയ രാഷ്ട്രീയ പ്രശ്നമായി ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നതിനാലാണ് “ആദിവാസി പ്രശ്നം ദളിത് പ്രശ്നങ്ങളില്‍നിന്നും വ്യത്യസ്തമാണ്. പിന്നാക്ക വിഭാഗക്കാരുടെ പ്രശ്നം ദളിത് പ്രശ്നങ്ങലില്‍ നിന്ന് വ്യത്യസ്തമാണ്. ഈ വിഭാഗങ്ങളെ ചേര്‍ത്തുകൊണ്ടുള്ള ഐക്യം ഇന്‍ഡ്യയില്‍ പ്രയാസമാണ്.” (മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 96, ലക്കം 6) എന്ന് എം.കുഞ്ഞാമന്‍ അഭിപ്രായപ്പെടുന്നത്. അല്ലെന്നാണ് ആധുനിക ഇൻഡ്യയുടെ രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്നത്.

ഒരു ബ്രിട്ടീഷുകാരന്‍ രൂപവത്കരിച്ച ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ദേശീയ സ്വാതന്ത്ര്യസമര കാലത്തു് നേതൃസ്ഥാനം വഹിക്കാനും തുടര്‍ന്നു ദീര്‍ഘകാലം ഭരണമേധാവിത്വം വഹിക്കാനും സാധിച്ചത് വ്യത്യസ്ത വര്‍ഗങ്ങളെയും മത-സമുദായങ്ങളെയും ഐക്യപ്പെടുത്താന്‍ കഴിഞ്ഞതുകൊണ്ടാണ്. ഇതിന്നാധാരമായത് മുന്‍ചൊന്ന വിഭാഗങ്ങളുടെ അവകാശങ്ങള്‍ അംഗീകരിച്ചും ഭരണഘടനയിലൂടെ വ്യവസ്ഥാപിതമാക്കിയുമാണ്. അതുകൊണ്ടാണ് കുഞ്ഞാമന്‍ ചൂണ്ടിക്കാണിക്കുന്ന വിഭാഗങ്ങള്‍ ചില ആഫ്രിക്കന്‍ നാടുകളിലെന്നപോലെ, വംശഹിംസകളിലേക്കു വ്യതിചലിക്കാതെ സാമൂഹികാവകാശങ്ങളെ വികസിപ്പിക്കാന്‍ ജനാധിപത്യമാര്‍ഗങ്ങളിലൂടെ സമരം തുടരുന്നത്.

കാന്‍ഷിറാം

ഇനി, മറ്റൊരു കാര്യം പരിശോധിക്കുക. ആദിവാസി, ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ സാമുദായികാവകാശങ്ങളെ കണക്കിലെടുക്കാതെ, വര്‍ഗപരമായ പരികല്‍പ്പനകളിലൂടെ, കേരളമടക്കം ചില പ്രദേശങ്ങളില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്കു ദീര്‍ഘകാലമായി നിലനില്‍ക്കാന്‍ കഴിയുന്നില്ലേ?

ഡോ. എം. കുഞ്ഞാമന്‍

ഇൻഡ്യയഭിമുഖീകരിക്കുന്ന വൈരുധ്യങ്ങളെ /സംഘര്‍ഷങ്ങളെ അനുഭവവാദപരമായി പെരുപ്പിച്ചെടുക്കുന്നതിലൂടെ, പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയമായ സ്വത്വനിര്‍മിതിയെ അവഗണിക്കുകയാണു കുഞ്ഞാമന്‍ ചെയ്യുന്നത്. ദേശീയ സ്വാതന്ത്ര്യസമരത്തിലെയും കമ്യൂണിസ്റ്റുപാര്‍ട്ടിയിലെയും പ്രതിനിധാനങ്ങളിലൂടെയാണു പിന്നാക്ക വിഭാഗങ്ങള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണപങ്കാളിത്തം കൈവരിക്കുന്നത്. ഈ ഭരണപങ്കാളിത്തത്തിലെ സാമുദായിക പ്രാതിനിധ്യത്തിന്‍റെ അഭാവമാണു് ഭരണഘടനയുടെ 340-ാം വകുപ്പ് ,പിന്നാക്കവിഭാഗങ്ങളുടെ [ഭരണഘടനയുടെ നിര്‍വചന പ്രകാരം, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമായ വിഭാഗങ്ങൾ- Socially Educationally backward classes] സാമൂഹികാവശതകള്‍ കണ്ടെത്താനും പരിഹാരം നിര്‍ദേശിക്കാനും കമ്മീഷനെ നിയോഗിക്കണമെന്നു വ്യവസ്ഥ ചെയ്തത്. ഇതിന്‍റെയടിസ്ഥാനത്തില്‍, കാകാസാഹേബ് കാലേക്കര്‍ ചെയര്‍മാനായുള്ള ഒന്നാം പിന്നാക്ക വര്‍ഗ കമീഷന്‍ 1953 ജനുവരി 29 നു രൂപവത്കരിക്കപ്പെട്ടു. 1955 മെയ് 30 ന് ഈ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളപ്പെട്ടതോടെയാണു ബി.പി മണ്ഡല്‍ ചെയര്‍മാനായുള്ള രണ്ടാം പിന്നാക്ക വര്‍ഗ കമീഷന്‍ 1978 ഡിസംബര്‍ 20 നു രൂപവത്കൃതമാകുന്നത്. കമീഷന്‍റെ നിര്‍ദേശങ്ങള്‍ ദീര്‍ഘകാലം നടപ്പാക്കാതിരുന്നതിനെത്തുടര്‍ന്ന്, 1984 ല്‍ കാന്‍ഷിറാമിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായാണ്, 1990 ഓഗസ്റ്റ് 7 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്, മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് ഭാഗികമായി അംഗീകരിച്ചത്. ഈ നടപടിക്കെതിരെ, സാമ്പത്തിക സംവരണ വാദമുന്നയിച്ച് ബി.ജെ.പി മുതല്‍ കമ്യൂണിസ്റ്റു് പാര്‍ട്ടികള്‍ വരെ പ്രതിരോധം സൃഷ്ടിക്കുകയും രാജ്യത്തുടനീളം സവര്‍ണ യുവാക്കള്‍ ആത്മാഹുതിയടക്കമുള്ള സമരങ്ങള്‍ നടത്തുകയും ചെയ്തു. എന്നിരുന്നാലും ഗവണ്‍മെന്‍റ് പിന്മാറാന്‍ വിസമ്മതിച്ചതിനു കാരണം, ഭരണഘടനാ നിര്‍ദേശം ഉള്‍ക്കൊണ്ടിരുന്നതിനാലാണ്. ഇതേ കാരണം കൊണ്ടുതന്നെയാണു് പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളെ ദലിത്- ആദിവാസികളടക്കമുള്ള സമുദായങ്ങള്‍ അംഗീകരിക്കുന്നത്.

1984 ല്‍ കാന്‍ഷിറാമിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായാണ്, 1990 ഓഗസ്റ്റ് 7 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്, മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് ഭാഗികമായി അംഗീകരിച്ചത്. ഈ നടപടിക്കെതിരെ, സാമ്പത്തിക സംവരണ വാദമുന്നയിച്ച് ബി.ജെ.പി മുതല്‍ കമ്യൂണിസ്റ്റു് പാര്‍ട്ടികള്‍ വരെ പ്രതിരോധം സൃഷ്ടിക്കുകയും രാജ്യത്തുടനീളം സവര്‍ണ യുവാക്കള്‍ ആത്മാഹുതിയടക്കമുള്ള സമരങ്ങള്‍ നടത്തുകയും ചെയ്തു. എന്നിരുന്നാലും ഗവണ്‍മെന്‍റ് പിന്മാറാന്‍ വിസമ്മതിച്ചതിനു കാരണം, ഭരണഘടനാ നിര്‍ദേശം ഉള്‍ക്കൊണ്ടിരുന്നതിനാലാണ്. ഇതേ കാരണം കൊണ്ടുതന്നെയാണു് പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളെ ദലിത്- ആദിവാസികളടക്കമുള്ള സമുദായങ്ങള്‍ അംഗീകരിക്കുന്നത്.

മണ്ഡല്‍ കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയതിലൂടെ ഹിന്ദു സമൂഹത്തില്‍ രൂപം കൊണ്ട, ജാതീയവും സാമുദായികവുമായ പിളര്‍പ്പുകളാണു് കോണ്‍ഗ്രസിലും സോഷ്യലിസ്റ്റു് പാര്‍ട്ടികളിലും നിലനിന്ന പിന്നാക്ക സമുദായ നേതൃത്വങ്ങളെ, സ്വത്വാവബോധത്തോടെ, പുതിയ രാഷ്ട്രീയ രംഗത്തെത്താന്‍ സഹായിച്ചത്. തന്മൂലമാണ് ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ പിന്നാക്ക സമുദായ നേതൃത്വങ്ങള്‍ ഭരണത്തിലെത്തിച്ചേര്‍ന്നത്. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായ ഈ മാറ്റം, മുന്‍ചൊന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല, രാജ്യത്താകമാനം പിന്നാക്ക സമുദായങ്ങളെ സാമ്പത്തികമായും രാഷ്ട്രീയവുമായി ശാക്തീകരിച്ചിട്ടുണ്ട്. എന്നാൽ, ഭരണ നിര്‍വഹണത്തിന്‍റെ ഭാഗമായി മാറിയ രാഷ്ട്രീയ നേതൃത്വം, ഭൂപരിഷ്കരണം നടപ്പാക്കുക, ഗ്രാമീണ സമ്പദ്ഘടനയെ പുനഃസംഘടിപ്പിക്കുക, സ്ത്രീശാക്തീകരണത്തിനു മുന്‍ഗണന നല്‍കുക തുടങ്ങിയ മണ്ഡല്‍ കമീഷന്‍ ശിപാർശകൾ കൈയൊഴിയുകയാണുണ്ടായത്. മാത്രമല്ല, ബ്രാഹ്മണിസത്തെ നിഷേധിക്കാതിരുന്നതിനാൽ ദലിതരുമായി സംഘര്‍ഷത്തിലേക്കും നീങ്ങി.

മായാവതി

മണ്ഡലാനന്തര കാലം, ദലിതരെയും ശാക്തീകരിച്ചതിന്‍റെ ഫലമായാണ് ഉത്തര്‍പ്രദേശില്‍ മായാവതിക്കു മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ കഴിഞ്ഞത്. പക്ഷേ, അവരുടെ നേതൃത്വത്തിലുള്ള ഭരണ നിർവഹണ വിഭാഗവും പിന്നാക്ക രാഷ്ട്രീയ നേതൃത്വത്തിന്‍റെ പാത പിന്തുടര്‍ന്നുകൊണ്ട് അപചയത്തിനു വിധേയമായി. എങ്കിലും രാജ്യമാസകലം രൂപപ്പെട്ട സാമൂഹിക-രാഷ്ട്രീയ പ്രാതിനിധ്യമാണ്, ദലിത് സംരംഭകരായ കോടിപതികളുടെ ഡിക്കി (Dalit Indian Chamber of Commerce and Industry) ) യെ സാധ്യമാക്കിയത്. ഇപ്രകാരമൊരു പരിവര്‍ത്തന ഘട്ടത്തിലും ബ്രാഹ്മണിസത്തെ നിഷേധിക്കാന്‍ കഴിയാതിരുന്നതിനാലാണ് ദലിത് സ്വത്വാവബോധത്തോടെ, ദേശീയ രാഷ്ട്രീയത്തിന്‍റെ മുന്‍നിരയിലെത്തിയ രാംവിലാസ് പസ്വാനും ഉദിത് രാജും സംഘ്പരിവാര്‍ പാളയത്തിലെത്തിച്ചേർന്നത്.

സവര്‍ണ മേധവിത്വമെന്ന വിനാശകാരിയായ പൊതുശത്രുവിനെതിരായ മുന്നേറ്റത്തിലെ കര്‍ത്തൃത്വത്തെ വായിക്കാന്‍ വിസമ്മതിക്കുന്നതുകൊണ്ടാണ് “ഒരു സാമ്പത്തിക പരിപാടിയുമായി ഒരു പ്രസ്ഥാനം വരേണ്ടിയിരിക്കുന്നു. കമ്മ്യൂണിസ്റ്റു് പാര്‍ട്ടികള്‍ക്കേ അത്തരം പരിപാടി മുന്നോട്ടു വയ്ക്കാന്‍ കഴിയൂ. എന്നാല്‍ അവരും അത് ചെയ്യുന്നില്ല.” എന്നെല്ലാം അദ്ദേഹം പറയുന്നത്. ഈ വിലാപത്തിന്‍റെ മറുപുറം ഇങ്ങനെയാണ് : കുഞ്ഞാമന്‍ കരുതുന്നതുപോലെ, കമ്യൂണിസ്റ്റുകള്‍ക്കു വരാനാവില്ല. അഥവാ, വന്നാല്‍ത്തന്നെ, വര്‍ഗപരികല്‍പ്പനകളെ മറികടന്ന് , “സമ്പന്നരാകൂ, ശക്തരാകൂ” എന്ന മുദ്രാവാക്യത്തിനു കീഴില്‍ ആദിവാസി-ദലിത് ജനവിഭാഗങ്ങളെ അണിനിരത്താനാവില്ല. ഇത്തരമൊരു സന്ദിഗ്ധാവസ്ഥയില്‍ ഉരുത്തിരിഞ്ഞുവരേണ്ടത് വ്യത്യസ്തമായ ദേശീയ രാഷ്ട്രീയമാണ്.

കാര്യങ്ങള്‍ മുകളില്‍ പറഞ്ഞ പോലാണെങ്കിലും ചരിത്രത്തിന്‍റെ വര്‍ത്തമാനകാലം, ദേശീയരാഷ്ട്രീയത്തില്‍ ദലിത്- പിന്നാക്ക-ന്യൂനപക്ഷ രാഷ്ട്രീയ ഐക്യം അനിവാര്യമാക്കിയിരിക്കുന്നതാണ്. ഗുജറാത്തിലെ തെരഞ്ഞെടുപ്പു മാത്രമല്ല, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പു ഫലങ്ങളും തെളിയിക്കുന്നത് അതാണ്. സവര്‍ണ മേധവിത്വമെന്ന വിനാശകാരിയായ പൊതുശത്രുവിനെതിരായ മുന്നേറ്റത്തിലെ കര്‍തൃത്വത്തെ വായിക്കാന്‍ വിസമ്മതിക്കുന്നതുകൊണ്ടാണ് “ഒരു സാമ്പത്തിക പരിപാടിയുമായി ഒരു പ്രസ്ഥാനം വരേണ്ടിയിരിക്കുന്നു. കമ്മ്യൂണിസ്റ്റു് പാര്‍ട്ടികള്‍ക്കേ അത്തരം പരിപാടി മുന്നോട്ടു വയ്ക്കാന്‍ കഴിയൂ. എന്നാല്‍ അവരും അത് ചെയ്യുന്നില്ല.” എന്നെല്ലാം അദ്ദേഹം പറയുന്നത്. ഈ വിലാപത്തിന്‍റെ മറുപുറം ഇങ്ങനെയാണ് : കുഞ്ഞാമന്‍ കരുതുന്നതുപോലെ, കമ്യൂണിസ്റ്റുകള്‍ക്കു വരാനാവില്ല. അഥവാ, വന്നാല്‍ത്തന്നെ, വര്‍ഗപരികല്‍പ്പനകളെ മറികടന്ന് , “സമ്പന്നരാകൂ, ശക്തരാകൂ” എന്ന മുദ്രാവാക്യത്തിനു കീഴില്‍ ആദിവാസി-ദലിത് ജനവിഭാഗങ്ങളെ അണിനിരത്താനാവില്ല. ഇത്തരമൊരു സന്ദിഗ്ധാവസ്ഥയില്‍ ഉരുത്തിരിഞ്ഞുവരേണ്ടത് വ്യത്യസ്തമായ ദേശീയ രാഷ്ട്രീയമാണ്.

(കടപ്പാട് : മാതൃഭൂമി ആഴ്ചപ്പതിപ്പ് 2018 മെയ് 6-12 ലക്കം)

Top