പ്രത്യാശയുടെയും പാഠങ്ങളുടെയും ലോങ് മാര്‍ച്ച്

മാര്‍ക്‌സിസ്റ്റ് കാഴ്ച്ചപ്പാടനുസരിച്ചുള്ള ഒരു ശുദ്ധതൊഴിലാളി വര്‍ഗമല്ല ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. തൊഴില്‍രംഗത്തെ ജാതീയത എന്ന യാഥാര്‍ത്ഥ്യത്തെ അഭിസംബോധന ചെയ്യുന്നതില്‍ എന്നും പരാജയപ്പെട്ടിട്ടുള്ള കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കൊടിയടയാളങ്ങളാണ് കര്‍ഷകര്‍ കിലോമീറ്ററുകളോളം നടന്നു നടത്തിയ കിസാന്‍ ലോങ് മാര്‍ച്ചിലും കാണാന്‍ കഴിഞ്ഞത്. കിസാന്‍ ലോങ് മാര്‍ച്ചിന്റെ വിജയം മുന്‍നിര്‍ത്തി പഠിക്കേണ്ട രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പാഠങ്ങളെ കുറിച്ച് പ്രദീപ് കുളങ്ങര എഴുതുന്നു.

2018 മാര്‍ച്ച് 6 മുതല്‍ 12 വരെ മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നു മുംബൈയിലേക്ക് 180 കിലോമീറ്റര്‍ ദൂരം നടന്നെത്തിയ കര്‍ഷക ലോങ് മാര്‍ച്ച്, പ്രതീക്ഷകളും അനവധി പാഠങ്ങളും നല്കുന്ന ഒന്നായിരുന്നു. പരാജയങ്ങളില്‍ നിന്നുമാത്രമല്ല വിജയങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കേണ്ടതാണ്. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ ഓരോ വിധത്തിലായതിനാല്‍ ഒരിടത്തു വിജയിച്ചതു മറ്റൊരിടത്തു വിജയിക്കണമെന്നില്ല. സാമ്പത്തികമായി വിജയിച്ചതു രാഷ്ട്രീയമായി വിജയിക്കണമെന്നില്ല. അതുകൊണ്ടുതന്നെ വിജയിച്ചതെങ്കിലും ഈ കര്‍ഷക ലോങ് മാര്‍ച്ചിനെപ്പറ്റി ചില പാഠങ്ങള്‍ നാം പഠിക്കേണ്ടതുണ്ട്.

സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ച് മഹാരാഷ്ട്രയില്‍ മാത്രം പ്രതിമാസം ശരാശരി 240 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. പ്രതിവര്‍ഷം ഇന്ത്യയില്‍ 12,000 (പന്തീരായിരം) കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണു കണക്ക്. മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക കടം എഴുതിത്തള്ളാന്‍ തുടയങ്ങിയതിനു ശേഷവും 1700-ല്‍പ്പരം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. സംസ്ഥാനത്ത് 34,022 കോടി രൂപ 56 ലക്ഷം കര്‍ഷകര്‍ക്കായി ഇളവ് ഇനത്തില്‍ വിതരണം ചെയ്തു എന്നാണു സര്‍ക്കാര്‍ കണക്ക്. ആധാര്‍ കാര്‍ഡും ബയോമെട്രിക് പരിശോധനയും കാരണം 30 ലക്ഷം കര്‍ഷകര്‍ക്ക് കടം എഴുതിത്തള്ളുന്നതിന്‍റെ ആനുകൂല്യം ലഭിക്കാതെ പോയി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ വരണ്ടുണങ്ങിയ തങ്ങളുടെ മണ്ണില്‍ നിന്നു് ഗ്രാമവാസികള്‍ ഒന്നടങ്കം പലായനം ചെയ്യേണ്ടി വന്ന നിരാശാഭരിതമായ അവസ്ഥയും ഉണ്ടായി. ഇതിനെല്ലാം പുറമേയാണു കൊട്ടിഗ്ഘോഷിച്ച നോട്ട് നിരോധനപ്രതിസന്ധിയും ഉണ്ടായത്. കച്ചവട മേഖലയില്‍ ഉണ്ടായ മാന്ദ്യവും പുതിയ നോട്ട് ലഭ്യമല്ലാതായ അന്നത്തെ അവസ്ഥയും അവരുടെ ജീവിത പ്രതീക്ഷകളെ തകര്‍ത്തിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒന്നുകില്‍ മരണം അല്ലെങ്കില്‍ സമരം എന്നൊരു പ്രശ്നം അവരുടെ മുന്‍പില്‍ വെല്ലുവിളിയെന്നോണം ഉയര്‍ന്നു വന്നു. ഈ ആത്മസംഘര്‍ഷത്തെ മറികടന്നാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ തങ്ങളുടെ ജീവിത പ്രശ്നങ്ങളുന്നയിച്ച് ലോങ് മാര്‍ച്ചിലേക്ക് എത്തുന്നത്. തങ്ങളുടെ മുൻപില്‍ എത്തുന്ന ഏതു പിടിവള്ളിയിലും എത്തിപ്പിടിക്കുന്ന സാഹചര്യമാണിത്.

ഒന്നല്ല നൂറ്റമ്പതോളം സംഘടനകള്‍ ഈ ലോങ് മാര്‍ച്ചില്‍ പങ്കെടുക്കുകയുണ്ടായി. എങ്കിലും പ്രധാന സംഘടന ‘അഖില ഭാരതീയ കിസാന്‍ സഭ’ എന്ന സി.പി.എം-ന്‍റെ പോഷകസംഘടനയായിരുന്നു. ലോങ് മാര്‍ച്ചിലെ കര്‍ഷകരുടെ ആവശ്യങ്ങളില്‍ പ്രധാനപ്പെട്ട ചിലത് ഇവയാണ്:
(1) വനാവകാശ നിയമം നടപ്പാക്കുക. (2) കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക. (3) വിളകള്‍ക്കു വിലയുറപ്പാക്കുക. (4) കര്‍ഷകത്തൊഴിലിനു പെന്‍ഷന്‍ നല്കുക. (5) താങ്ങുവില സംബന്ധിച്ച സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക. (6) നോട്ടുനിരോധനം മൂലമുണ്ടായ നഷ്ടം പരിഹരിക്കുക. ഏതൊരു സമരത്തെയും വിലയിരുത്തുന്നത് അതിലെ ഡിമാൻഡിന്‍റെ അടിസ്ഥാനത്തിലാണ്. ഈ അര്‍ത്ഥത്തില്‍ ലോങ് മാര്‍ച്ചിനെയും വിലയിരുത്താവുന്നതാണ്. സാമ്പത്തിക ആവശ്യം ഉന്നയിക്കുന്ന സമരം ആയിരുന്നു ഇതെന്നുള്ളതാണ് ഒരു വശം. വളരെ അടിയന്തര പ്രാധാന്യമുള്ളതും ജീവിതാശ്വാസം നല്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്നുള്ളതുതന്നെയായിരുന്നു അവിടുത്തെ സാഹചര്യവും. അതില്‍ കക്ഷിരാഷ്ട്രീയം കലര്‍ത്താതിരുന്നതും വിവിധ സംഘടനകളെ സഹകരിപ്പിച്ചതും ലോങ് മാര്‍ച്ചിലുടനീളം പാലിച്ച മര്യാദകളുമെല്ലാം ഒരു സമൂഹത്തില്‍ പാലിക്കേണ്ടതായ ജനാധിപത്യ മൂല്യബോധത്തിന്‍റേതുതന്നെ ആയിരുന്നു. ഇതു മറ്റു സംഘടനകള്‍ക്കും മാതൃകയാക്കാവുന്നതാണ്. മാര്‍ച്ച് 12-ന് മഹാരാഷ്ട്രയില്‍ നടക്കുന്ന എസ്.എസ്.സി പരീക്ഷ എഴുതാന്‍ കുട്ടികള്‍ക്കു യാത്രാബുദ്ധിമുട്ടുണ്ടാകും എന്നതിനാല്‍, അതുണ്ടാകാത്ത വിധം രാത്രി രണ്ടു മണിക്കെണീറ്റ് മണിക്കൂറുകള്‍ നടന്ന് വെളുപ്പായപ്പോഴേക്കും ആസാദ് മൈതാനത്തു കര്‍ഷകര്‍ എത്തി എന്നതുമാത്രം മതി ഈ സമരത്തിന്‍റെ ത്യാഗത്തെയും ജനാധിപത്യ മര്യാദയേയും അളക്കാന്‍. തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഏതൊരു വിഭാഗവും സമരം നടത്തുന്നതിന് ഇതൊരു ശോഭയുള്ള മാതൃക തന്നെയാണ്. മറ്റു സംഘടനകളുടെ അനുഭാവങ്ങളോ നേതാക്കളുടെ സഹകരണങ്ങളോ നിഷേധിക്കാതിരുന്നതും ജനാധിപത്യ മര്യാദയുടെ ഭാഗം തന്നെയാണ്. സര്‍ക്കാര്‍, കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവശ്യമായ ജനകീയ പിന്തുണ അതുകൊണ്ടു തന്നെ നേടുകയും സര്‍ക്കാരിന് അത് അംഗീകരിക്കേണ്ടതായും വന്നു. ഈ സമരം വിജയിച്ച സമരം തന്നെ ആയിരുന്നു.

എന്നാല്‍ ഈ വിജയത്തില്‍ നിന്നു പഠിക്കേണ്ടതായ പാഠങ്ങളെന്തെല്ലാമാണ്? മുഖ്യമായും ഇതൊരു സാമ്പത്തിക സമരമായിരുന്നുവെങ്കില്‍ത്തന്നെ, ഇതില്‍ നിന്നു് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ എന്തെങ്കിലും പഠിക്കേണ്ടതുണ്ടോ? ചില കാര്യങ്ങളെങ്കിലും നാം ഓര്‍ക്കേണ്ടതുണ്ട്. ഇന്ത്യ ഒരു വ്യവസായിക യൂണിറ്റാണോ അതോ കാര്‍ഷിക ദേശമാണോ എന്ന ചോദ്യത്തില്‍ വ്യാവസായികമായി പൂര്‍ണമായും വികസിച്ചിട്ടില്ലാത്ത  ദേശമായേ നമുക്കു വിലയിരുത്താന്‍ കഴിയൂ. കാറല്‍ മാര്‍ക്സ് ചൂണ്ടിക്കാണിച്ച ഫാക്ടറി തൊഴിലാളിവര്‍ഗമെന്ന ശുദ്ധതൊഴിലാളിവര്‍ഗ കാഴ്ചപ്പാട്, മറ്റു പലരാജ്യങ്ങള്‍ക്കുമെന്നപോലെ ഇന്ത്യയ്ക്കും സ്യൂട്ടല്ല എന്നാണര്‍ത്ഥം. ഫാക്ടറിതൊഴിലാളി വര്‍ഗവും കര്‍ഷകവര്‍ഗവും കര്‍ഷകതൊഴിലാളി വര്‍ഗവും മറ്റ് അസംഘടിത തൊഴിലാളികളും അടങ്ങുന്ന വിശാല തൊഴിലാളി വര്‍ഗ ജനാധിപത്യ കാഴ്ചപ്പാടാണ് ഇന്ത്യയ്ക്ക് ഉചിതമായത്. അതില്ലാതിരുന്നതു കാരണം, മുന്‍പു മഹാരാഷ്ട്രയിലെ തന്നെ ഫാക്ടറി തൊഴിലാളി വര്‍ഗത്തെ സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് സംഘടനയുടെ അനുഭവമെന്തായി എന്നു പരിശോധിക്കേണ്ടതുണ്ട്.

എസ്.എ.ഡാങ്ഗേ

ബോംബേയിലെ കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ.ഡാങ്ഗേ നേതൃത്വം കൊടുത്തുകൊണ്ട് 70,000 തുണിമില്‍ തൊഴിലാളികളെ സംഘടിപ്പിച്ച്‌ ‘ഗിര്‍ണികാംഗര്‍’ എന്നൊരു ട്രേഡ് യൂണിയന്‍ രൂപവത്കരിച്ചു. 1928-ല്‍ വലിയ പണിമുടക്കുകള്‍ നടത്താനും ആ സംഘടനയ്ക്കു സാധിച്ചു. ഒരേ ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് ഒരേ ജീവിത സാഹചര്യവും ഒരേ ജീവിതപ്രശ്നവുമാണുണ്ടാവുക എന്നതിനാല്‍ തൊഴിലാളി വര്‍ഗബോധം ഉണ്ടാകാനുള്ള സ്വഭാവികമായ ഭൗതിക സാഹചര്യവും സാധ്യതയുമുണ്ടെന്നും ഈ വര്‍ഗബോധം വിപ്ലവബോധത്തിലേക്കു വളര്‍ത്തുവാന്‍ കഴിയുമെന്നുമാണല്ലോ വര്‍ഗസിദ്ധാന്തവും കമ്മ്യൂണിസ്റ്റ് സിദ്ധാന്തവും പറയുന്നത്. എന്നാല്‍ ഇന്ത്യയിലെ വലിയ വ്യവസായ കേന്ദ്രമായ ബോംബേയിലെ ട്രേഡ് യൂണിയനുകള്‍ വിപ്ലവബോധത്തിലേക്കു വളര്‍ന്നില്ല എന്നു പ്രത്യേകം പറയേണ്ടതില്ല. അതിനു കഴിയണമെങ്കില്‍ അവരെ ഒന്നിപ്പിക്കുന്ന പ്രത്യേക പദ്ധതി തന്നെ ആവശ്യമാണ് എന്ന സവിശേഷമായ കാഴ്ചപ്പാട് അംബേഡ്കര്‍ മുന്നോട്ട് വയ്ക്കുകയുണ്ടായി.

അവകാശ സമരത്തോടൊപ്പം, തൊഴിലാളികള്‍ക്കിടയിലെ ഈ അസമത്വങ്ങള്‍ പരിഹരിക്കുന്ന സമത്വവും പ്രധാന പദ്ധതി ആയിരിക്കണം എന്ന ആവശ്യമാണ് അംബേഡ്കര്‍ എസ്.എ.ഡാങ്ഗേയ്ക്കു മുൻപില്‍ അവതരിപ്പിച്ചത്. എന്നാല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വം അതംഗീകരിച്ചില്ല. അംബേഡ്കര്‍ പിന്നീട് അകന്നുപോകുകയാണുണ്ടായത്. ഒരു പക്ഷേ ഇന്ത്യന്‍ സാഹചര്യത്തിലെ ജാതിപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്‍റെ (ഇന്നത്തെയും) പരിമിതി തന്നെയാവണം ഇങ്ങനെ സംഭവിക്കാനുള്ള കാരണം. തൊഴിലാളികളുടെ ഇടയിലെ അസമത്വ പ്രശ്നങ്ങള്‍ പരിഹരിക്കാനോ മറ്റു കാര്‍ഷിക ,ദരിദ്ര ജനതയോടു ജനാധിപത്യപരമായി സഹകരിക്കുവാനോ അന്നു കഴിഞ്ഞില്ല. ഇപ്പോള്‍ പ്രസ്തുത സംഘടനയെ നയിക്കുന്നതു ബോംബെയിലെ ശിവസേനയുമാണ്. ഹിന്ദു വര്‍ഗീയവാദികളുടെ കൈയിലായി എന്നു പറയാം. ഇതു ദയനീയമായ  പതനം തന്നെയാണ്.

അന്നത്തെ തുണിമില്‍ തൊഴിലുകളില്‍ കൂടുതലും ഏര്‍പ്പെട്ടിരുന്നത് മഹറുകൾ എന്ന തൊട്ടുകൂടാത്തവരായിരുന്നു. ശംബളം കുറവുള്ള ജോലികളിലാണ് അവരെ നിയമിച്ചിരുന്നത്. വായില്‍ നൂല്ചേര്‍ത്തു കടിക്കുന്നതിനാല്‍ ഉമിനീരു പുരണ്ട് അശുദ്ധമാകുമെന്ന അയിത്തം കല്പിച്ച് മഹറുകളെ ശംബളം കൂടുതലുള്ള നെയ്ത്തിനു നിയോഗിച്ചിരുന്നില്ല. ഒരേ ഫാക്ടറിയിലെ തൊഴിലാളികള്‍ ഒന്നിക്കുന്നതില്‍ ഈ അയിത്തം വലിയ തടസ്സമായാണ് അംബേഡ്കര്‍ കണ്ടത്. അവകാശ സമരത്തോടൊപ്പം, തൊഴിലാളികള്‍ക്കിടയിലെ ഈ അസമത്വങ്ങള്‍ പരിഹരിക്കുന്ന സമത്വവും പ്രധാന പദ്ധതി ആയിരിക്കണം എന്ന ആവശ്യമാണ് അംബേഡ്കര്‍ എസ്.എ.ഡാങ്ഗേയ്ക്കു മുൻപില്‍ അവതരിപ്പിച്ചത്. എന്നാല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വം അതംഗീകരിച്ചില്ല. അംബേഡ്കര്‍ പിന്നീട് അകന്നുപോകുകയാണുണ്ടായത്. ഒരു പക്ഷേ ഇന്ത്യന്‍ സാഹചര്യത്തിലെ ജാതിപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്‍റെ (ഇന്നത്തെയും) പരിമിതി തന്നെയാവണം ഇങ്ങനെ സംഭവിക്കാനുള്ള കാരണം. തൊഴിലാളികളുടെ ഇടയിലെ അസമത്വ പ്രശ്നങ്ങള്‍ പരിഹരിക്കാനോ മറ്റു കാര്‍ഷിക ,ദരിദ്ര ജനതയോടു ജനാധിപത്യപരമായി സഹകരിക്കുവാനോ അന്നു കഴിഞ്ഞില്ല. ഇപ്പോള്‍ പ്രസ്തുത സംഘടനയെ നയിക്കുന്നതു ബോംബെയിലെ ശിവസേനയുമാണ്. ഹിന്ദു വര്‍ഗീയവാദികളുടെ കൈയിലായി എന്നു പറയാം. ഇതു ദയനീയമായ  പതനം തന്നെയാണ്. ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന വിഖ്യാതമായ കൃതിയെയാണ് ഈ സാഹചര്യത്തില്‍ ഓര്‍മ വരുന്നത്. ‘അടിയത്തുങ്ങള്‍ വാഴനടും, തമ്പ്രാക്കള്‍ കുലവെട്ടും.’ വാഴപ്പഴം തിന്നാന്‍ മധുരസ്വപ്നം കണ്ടുനടന്ന കുട്ടികള്‍ ഇതുകണ്ടു നിലവിളിച്ചു. അവരോട് അച്ഛന്‍ പറയുകയാണ് ‘പോകട്ടെ മക്കളെ ഇനിയൊരു വാഴ വേറെ വയ്ക്കാം.’

ചങ്ങമ്പുഴ

ചങ്ങമ്പുഴയെ ശരിവെയ്ക്കുന്നതാണു പിന്നീടു സംഭവിച്ചത്. 1936 ആയപ്പോഴേക്കും മറ്റൊരു സംഘടന ഉണ്ടായി. അതാണ് ‘അഖില ഭാരതീയ കിസാന്‍സഭ’. ബോംബെയിലെ തുണിമില്‍ പണിമുടക്കു നടന്ന 1928-ല്‍ നിന്നു് 90 വര്‍ഷത്തിനുശേഷം, 2018-ല്‍ എത്തുമ്പോള്‍ ബോംബെയിലെ തന്നെ കര്‍ഷകരെ അഭിസംബോധന ചെയ്യേണ്ടി വന്നതില്‍ തൊഴിലാളി വര്‍ഗ പ്രത്യയശാസ്ത്രത്തിന്‍റെ എന്തുപാഠത്തില്‍ നിന്നാണ് എന്ന് ഇന്നാരും മിണ്ടുന്നതേ ഇല്ല. ഫാക്ടറി തൊഴിലാളിവര്‍ഗത്തെ സംഘടിപ്പിച്ച് തൊഴിലാളി വര്‍ഗ ജനാധിപത്യവും കമ്മ്യൂണിസവും സ്വപ്നം കണ്ടതിന് എന്തു സംഭവിച്ചു? അംബേഡ്കര്‍ ഉന്നയിച്ച പ്രശ്നം പിന്നെയും അവശേഷിക്കുകയാണ്. ഇന്ത്യയിലെ ദരിദ്ര ജനതകളും തൊഴിലാളികളും ആദിവാസികളും ദലിതരുമെല്ലാം ജാതി പീഡനത്താല്‍ ഇന്നും അമര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വംശഹത്യയ്ക്കു വിധേയമാകുന്നുണ്ട് . ഏതു പുരോഗമന കക്ഷി അധികാരത്തില്‍ വന്നാലും ഇന്ത്യയിലെ സാമൂഹ്യ അനുഭവം അതാണ്. ജാതിയും ജാതിപീഡനവും ഉഷ്ണ ലായനി പോലെ ഒഴുകുകയാണ്. ജാതികളുടെ ആത്മാഭിമാനവും അഭിമാനക്കൊലയും ഖാപ് പഞ്ചായത്തും തുടരുകയാണ്. കേരളത്തില്‍ പോലും വ്യത്യസ്ഥമല്ല സ്ഥിതി. ഇതിനെതിരെ ദലിതരും ആദിവാസികളും ഉണര്‍ന്നെണീക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ നാം കര്‍ഷക മാര്‍ച്ചിന്‍റെ മറ്റൊരു മുദ്രാവാക്യമായ ‘വനാവകാശ’ നിയമം നടപ്പാക്കുക എന്നതിലേക്ക് ഒന്നു ശ്രദ്ധിക്കുന്നത് ആവശ്യമായിരിക്കുന്നു. 2008 ജനുവരി 1 ന് ഇന്ത്യന്‍ വനാവകാശ നിയമം നിലവില്‍ വന്നു. പരമ്പരാഗതമായി കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങള്‍ നിലനിര്‍ത്തുവാനും അവിടെ പ്രകൃതിയുമായുള്ള ആത്മീയബന്ധം സ്ഥാപിക്കുവാനുള്ള ആദിവാസികളുടെ അവകാശത്തെപ്പറ്റിയും വനാവകാശ നിയമത്തില്‍ പറയുന്നു. വെറും പട്ടയ അവകാശത്തിനപ്പുറം ‘വനാവകാശവും സംരക്ഷണവും’ ആദിവാസികളില്‍ നിക്ഷിപ്തമാക്കുന്നതാണ് ഈ നിയമം. വന ഉടമസ്ഥതയില്‍ സര്‍ക്കാരും ആദിവാസികളും മാത്രമായി മാറുന്നു ഇതിലൂടെ. മറ്റൊരു വിധത്തില്‍ നോക്കിക്കണ്ടാല്‍ വനാവകാശ നിയമത്തിലൂടെ സര്‍ക്കാരുമായി നേരിട്ടു സ്ഥാനപ്പെടുത്തുകയാണ് ആദിവാസികളെ. ഇടയില്‍ മറ്റാരുമില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിലൂടെ വന്ന് ആദിവാസികളെ സംരക്ഷിക്കുന്നു എന്ന നാടകത്തിന് വനാവകാശ നിയമത്തില്‍ ഇടമില്ല. ഭരണഘടനാചുമതലകളുള്ള കമ്മീഷനുകളെപ്പോലെയല്ലെങ്കിലും സ്വയംഭരണ സ്വഭാവം ഇതിനുണ്ട്. ആദിവാസി സമൂഹം ഇതു തിരിച്ചറിഞ്ഞാല്‍ അവരെ രാഷ്ട്രീയ വട്ടംതിരിക്കലിനു വിധേയമാക്കാന്‍ കഴിയാതെ വരും. അധികാര വികേന്ദ്രീകരണത്തിന്‍റെ അഥവാ ജനാധിപത്യത്തിന്‍റെ അതിജീവനത്തിന്‍റെ പ്രശ്നമെല്ലാം ഇതിലുണ്ട്. ഇതു വെറും സാമ്പത്തിക മുദ്രാവാക്യത്തില്‍ ഒതുക്കാവുന്നതല്ല. ഇവിടെയാണ് മഹാരാഷ്ട്രയിലെ ലോങ് മാര്‍ച്ചില്‍ വനാവകാശ നിയമം നടപ്പാക്കുക എന്ന മുദ്രാവാക്യം ഉള്‍പ്പെടുത്തിയതിന്‍റെ പൊരുത്തക്കേടു മനസിലാക്കേണ്ടത്. ഒരുപക്ഷേ ഇന്ത്യയിലെ ആദിവാസികളുടെ മുന്നേറ്റ സാഹചര്യത്തില്‍ അവരുടെ വ്യാപകമായ സഹകരണം ഉറപ്പാക്കിയെടുത്ത് ഒരു കാര്‍ഷിക പ്രശ്നമായി ഇതിനെ ചുരുക്കി എന്നും വിലയിരുത്താവുന്നതാണ്. അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിനെ ഇക്കാര്യത്തില്‍  സംശയിക്കേണ്ടിയിരിക്കുന്നു. അതല്ല നാളിതുവരെയുള്ള ഇന്ത്യന്‍ അനുഭവത്തിന്‍റെ പാഠങ്ങളില്‍ നിന്നാണു കിസാന്‍സഭ ഇത്തരമൊരു മുദ്രാവാക്യത്തെ ഇതിലുള്‍പ്പെടുത്തിയതെന്നും വാദിക്കാം. അങ്ങനെയെങ്കില്‍ ഈ സമരത്തിന്‍റെ മുന്‍നിരയില്‍ അംബേഡ്കറിന്‍റെയും കൊടിയടയാളങ്ങള്‍ കാണുമായിരുന്നു. അതില്ലായിരുന്നു എന്നു മാത്രമല്ല സമരത്തില്‍ പങ്കെടുത്ത വിവിധ സംഘടനകളെക്കൊണ്ട് കമ്മ്യൂണിസ്റ്റ് കൊടിമാത്രം പിടിപ്പിക്കുകയും ചെയ്തു.

ഇവിടെയാണ് മഹാരാഷ്ട്രയിലെ ലോങ് മാര്‍ച്ചില്‍ വനാവകാശ നിയമം നടപ്പാക്കുക എന്ന മുദ്രാവാക്യം ഉള്‍പ്പെടുത്തിയതിന്‍റെ പൊരുത്തക്കേടു മനസിലാക്കേണ്ടത്. ഒരുപക്ഷേ ഇന്ത്യയിലെ ആദിവാസികളുടെ മുന്നേറ്റ സാഹചര്യത്തില്‍ അവരുടെ വ്യാപകമായ സഹകരണം ഉറപ്പാക്കിയെടുത്ത് ഒരു കാര്‍ഷിക പ്രശ്നമായി ഇതിനെ ചുരുക്കി എന്നും വിലയിരുത്താവുന്നതാണ്. അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിനെ ഇക്കാര്യത്തില്‍  സംശയിക്കേണ്ടിയിരിക്കുന്നു. അതല്ല നാളിതുവരെയുള്ള ഇന്ത്യന്‍ അനുഭവത്തിന്‍റെ പാഠങ്ങളില്‍ നിന്നാണു കിസാന്‍സഭ ഇത്തരമൊരു മുദ്രാവാക്യത്തെ ഇതിലുള്‍പ്പെടുത്തിയതെന്നും വാദിക്കാം. അങ്ങനെയെങ്കില്‍ ഈ സമരത്തിന്‍റെ മുന്‍നിരയില്‍ അംബേഡ്കറിന്‍റെയും കൊടിയടയാളങ്ങള്‍ കാണുമായിരുന്നു. അതില്ലായിരുന്നു എന്നു മാത്രമല്ല സമരത്തില്‍ പങ്കെടുത്ത വിവിധ സംഘടനകളെക്കൊണ്ട് കമ്മ്യൂണിസ്റ്റ് കൊടിമാത്രം പിടിപ്പിക്കുകയും ചെയ്തു.

ഇവയെല്ലാം നല്കുന്ന പാഠം 1928 ലെ തൊഴിലാളിവര്‍ഗ സമരത്തില്‍ നിന്നു് 2018 ലെ കര്‍ഷക സമരത്തിലേക്ക് എത്തിയതിന്റെ ഒരു ഗുണവും മണവുമില്ലെന്നു മാത്രമല്ല ആദിവാസികളുടെ ജീവിത പ്രശ്നവുമായി ബന്ധപ്പെട്ട അധികാര വികേന്ദ്രീകരണത്തിന്‍റെ ഒരു കാര്യവും ഈ സമരം മുന്നോട്ടു വയ്ക്കുന്നുമില്ല. ചരിത്രപരമായ പാഠം പഠിക്കാത്തതും അധികാര വികേന്ദ്രീകരണമെന്ന, ജനാധിപത്യത്തെ മുന്നോട്ടു വയ്ക്കാത്തതുമായ  സമരമായിരുന്നു പ്രസ്തുത ലോങ് മാര്‍ച്ച്. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഫാസിസത്തിന് ഈ സമരം ബദലാകുന്നില്ല. ഫാസിസത്തിന്‍ കീഴില്‍, സംഘടിക്കുന്നതും സമരം നടത്താന്‍ കഴിയുന്നതും പ്രത്യാശ നല്കുന്ന കാര്യമാണെന്നു തൃപ്തിപ്പെടാവുന്നതാണ്. ഒടുവില്‍ കീഴാറ്റൂരിലെ കര്‍ഷകരുടെ സമരം അനാവശ്യമാണെന്നു കിസാന്‍ സഭയുടെ പ്രസ്താവന കൂടി വന്നതോടെ കൃഷിയും വികസനവും പുതിയ പരിപ്രേക്ഷത്തില്‍ കാണാനുള്ള ശേഷിയും അതിനില്ല എന്നാണു കാണിക്കുന്നത്. ചുരുക്കത്തില്‍ മഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ച് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും ജനാധിപത്യപരവുമായ ഒരു പ്രഛന്ന സംതൃപ്തി മാത്രമാണു നല്കുന്നത്. ഒന്നുകില്‍ മരണം അല്ലെങ്കില്‍ സമരം എന്ന കര്‍ഷകരുടെ അവസ്ഥയില്‍, ജീവിതത്തിന് സമരത്തിന്‍റെ പാത തിരഞ്ഞെടുത്ത ജീവിതസമര മനോഭാവത്തെ അഭിനന്ദിക്കുന്നതോടൊപ്പം പുതിയ പാഠങ്ങളും പഠിക്കേണ്ടതുണ്ട്. ഇന്ത്യയിലെ തൊഴിലാളിവര്‍ഗവും കര്‍ഷക ജനതയും കര്‍ഷകത്തൊഴിലാളികളും ദലിതരും ആദിവാസികളുമെല്ലാം അടങ്ങുന്ന വൈവിധ്യപൂര്‍ണമായ ദേശത്ത് സര്‍വ്വാധിപത്യമല്ല, ജനാധിപത്യവും തുറന്ന സമീപനവുമാണു വേണ്ടത്. വ്യത്യസ്ത ജീവിത നിലവാരവും സാഹചര്യ വൈവിദ്ധ്യങ്ങളുടെ പ്രതിപ്രവര്‍ത്തനവും നിമിത്തം കാര്യങ്ങള്‍ എങ്ങനെ പരിണമിക്കും എന്ന മുന്‍പ്രഖ്യാപനവും അസാദ്ധ്യമാക്കുന്നുണ്ട്. ഇത്തരം സവിശേഷ പാഠവും ഇതു നല്‍കുന്നു. മുന്നോട്ടു പോകണമെന്നുള്ളവര്‍ക്ക് പാഠങ്ങള്‍ പഠിച്ചേ മതിയാകൂ. ഇല്ലെങ്കില്‍ പാപം ചെയ്യുക, ചാരത്തില്‍ ഉരുളുക എന്ന ബൈബിള്‍ കഥപോലെയാകും ഈ സമരവും തുടരവസ്ഥയും.

Top