ആപല്‍ക്കരമായി കര്‍മം ചെയ്ത ഒരാള്‍
“കഥ” വളരെ കുറവുള്ള ആത്മകഥയാണു കെ.കെ.കൊച്ചിന്‍റേത്. ഒരു ദലിത് പൊതുവ്യക്തിത്വമായി അറിയപ്പെടുന്നതിനു മുൻപു തന്നെ അദ്ദേഹം കേരളത്തില്‍, ‘എഴുത്തുകാരന്‍’ എന്ന നിലയില്‍ വായിക്കപ്പെടുകയും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകനായി അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഈ പുസ്തകത്തിന്‍റെ സവിശേഷതയെന്നു പറയാവുന്നത് സ്വന്തമായ ആഖ്യാനപരതയില്‍ നിന്നുകൊണ്ട് ഒരു ദലിത് പൊതുവ്യക്തിത്വം മലയാളത്തില്‍ എഴുതിയ ആദ്യത്തെ ആത്മകഥയാണ് എന്നതാണ്.
This was not a story to pass on
Tony Morrison
“ആപല്‍ക്കരമായി ജീവിക്കുക” എന്നു പറഞ്ഞത് നീത്ഷേയാണ്. തത്ത്വചിന്തയുടെ ചരിത്രത്തില്‍ ഇന്നു കാണുന്ന പല പ്രധാനപ്പെട്ട പേരുകളും മാഞ്ഞുപോയേക്കാം; എന്നാല്‍ ഏറ്റവുമൊടുവില്‍ വിസ്മരിക്കപ്പെടാന്‍ സാധ്യതയുളള പേരുകളില്‍ ഒന്നാണു നീത്ഷേയുടേത് എന്നു തോന്നുന്നു. വ്യവസ്ഥാപിതത്വത്തില്‍ നിന്നു മുഴുവനായി പിടിവിട്ട ചിന്തകനാണ് അദ്ദേഹം എന്നതാണ് ഇതിനു കാരണമായി പറയാവുന്നത്. നീത്ഷേയുടെ ഈ വചനത്തെ ചെറിയ മാറ്റം വരുത്തി, “ആപല്‍ക്കരമായി കര്‍മം ചെയ്യുക”¹ എന്ന പ്രമേയമായി അവതരിപ്പിച്ചുകൊണ്ടു് ഒരു ലേഖനം 1986 ല്‍ കെ.കെ. കൊച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘മനുഷ്യവംശത്തിന്‍റെ ശൈശവം’ എന്ന സങ്കല്പം വലിയൊരു സാന്ത്വനമായി തത്ത്വചിന്തയിലും സാഹിത്യത്തിലും കാണാം. വ്യവസ്ഥയില്‍നിന്നു പിടിവിടുക എന്ന പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോഴാണ് വലിയ ചിന്തകര്‍ പോലും ഇത്തരം സങ്കല്പങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നതെന്നു പറയാം.
മാര്‍ക്സ്, മനുഷ്യവംശത്തിന്‍റെ ശൈശവമായാണ് ഇതിഹാസങ്ങളെ കണ്ടത്. വര്‍ത്തമാനകാലത്തെ ജ്ഞാനപരമായ പിളര്‍പ്പുകള്‍ക്കൊപ്പം ഒറ്റപ്പെടലും രാഷ്ട്രീയമായ പ്രതിസന്ധികളുമെല്ലാം ഉള്‍ച്ചേര്‍ന്നിരുന്ന തന്‍റെ ജീവിതത്തില്‍, യവന ഇതിഹാസങ്ങളുടെയും ഷേക്സ്പിയറിന്‍റെയും ഗൊയ്ഥെയുടെയുമെല്ലാം കൃതികളുടെ വായന വലിയ സാന്ത്വനമായിരുന്നു എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.
ക്ലാസിക്കുകളെ, മനുഷ്യവംശത്തിന്‍റെ ശിശുത്വമായി കണ്ണിചേര്‍ക്കുന്നതും അവയുടെ വായനയിലൂടെ വര്‍ത്തമാനകാല പ്രതിസന്ധികളെ അതിജീവിക്കാന്‍ ശ്രമിക്കുന്നതും അത്ര നിഷ്ക്കളങ്കമല്ലെന്ന് സമകാലീനമായ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.² ഇത്തരം സാന്ത്വനങ്ങള്‍ മിക്കപ്പോഴും സംസ്കാരത്തിന്‍റെ മേലടരുകളെ മാത്രമാണു സ്ഥിരീകരിക്കുന്നതെന്നും അധീശത്വപരമായ ബോധങ്ങളും ചോദനകളും അവയുടെ ആസ്വാദനത്തില്‍ മാത്രമല്ല തിരഞ്ഞെടുപ്പുകളിലും ഉണ്ടെന്നതു വാസ്തവമാണ്.
സ്വന്തം ജീവിതത്തിലെ ശൈശവമടക്കമുള്ള സന്ദര്‍ഭങ്ങളെ ഒരാള്‍ കഥയായി പറയാന്‍ ശ്രമിക്കുമ്പോള്‍, ആ അവസ്ഥകളെ ആ വ്യക്തി സാന്ത്വനമായി ആഘോഷിക്കുകയാണോ ചെയ്യുന്നത്? അതോ അയാള്‍/അവള്‍ സ്വന്തം മഹത്വം വര്‍ണിക്കുകയാണോ ചെയ്യുന്നത്? മഹത്തായ ഭൂതകാല ഓര്‍മകള്‍ അയവിറക്കിത്തീരാത്തതിനാല്‍ മാത്രമല്ല, മാതൃഭൂമി പോലുള്ള ആനുകാലികങ്ങളിലൂടെ അവ വായിക്കാനായി പ്രതീക്ഷയോടെ കാത്തിരുന്ന ആസ്വാദകരും ഉണ്ടായതിനാലാണ് പി.കുഞ്ഞിരാമന്‍ നായരെപ്പോലുള്ളവര്‍ നിരവധി ആത്മകഥകള്‍ എഴുതിയതെന്നു തോന്നുന്നു. കഥയെഴുത്ത് അവസാനിപ്പിക്കാന്‍ കഴിയാത്തതു മൂലമാകണം, വൈക്കം മുഹമ്മദ് ബഷീര്‍ അന്ത്യം വരെയും ആത്മകഥകള്‍ എഴുതുകയും പറഞ്ഞെഴുതിപ്പിക്കുകയും ചെയ്തതെന്നു കരുതാവുന്നതാണ്.
“കഥ” വളരെ കുറവുള്ള ആത്മകഥയാണു കെ.കെ.കൊച്ചിന്‍റേത്. ഒരു ദലിത് പൊതുവ്യക്തിത്വമായി അറിയപ്പെടുന്നതിനു മുൻപു തന്നെ അദ്ദേഹം കേരളത്തില്‍, ‘എഴുത്തുകാരന്‍’ എന്ന നിലയില്‍ വായിക്കപ്പെടുകയും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകനായി അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഈ പുസ്തകത്തിന്‍റെ സവിശേഷതയെന്നു പറയാവുന്നത് സ്വന്തമായ ആഖ്യാനപരതയില്‍ നിന്നുകൊണ്ട് ഒരു ദലിത് പൊതുവ്യക്തിത്വം മലയാളത്തില്‍ എഴുതിയ ആദ്യത്തെ ആത്മകഥയാണ് എന്നതാണ്. കല്ലേൻ പൊക്കുടനും സി.കെ.ജാനുവും സെലിന പ്രക്കാനവും വി.ഡി.ജോണുമെല്ലാം ആത്മകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം മറ്റുള്ളവര്‍ പകര്‍ത്തിയെഴുതിയവ ആയിരുന്നു. ഇതില്‍ വി.ഡി ജോണിന്‍റെ ആത്മകഥ, കേരളത്തില്‍ ഇനിയും ശക്തമായി സ്ഥാപിക്കപ്പെടേണ്ട ദലിത് ക്രൈസ്തവ വ്യവഹാരങ്ങള്‍ക്കു മുന്നോടിയായി, ആ സമുദായത്തിലെ സുപ്രധാന വ്യക്തികള്‍ ഉയര്‍ത്തിക്കൊണ്ടു വന്നതാണ്. കല്ലേൻ പൊക്കുടന്‍റെ ആത്മകഥ കേരളത്തിലെ പ്രകൃതിവാദ സമരങ്ങളുമായി കണ്ണിചേര്‍ന്നു മാധ്യമശ്രദ്ധ നേടുകയും വിവിധ യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ഥികള്‍ക്കു പഠനവിഷയമായിട്ടുള്ളതുമാണ്.
സി.കെ.ജാനുവിന്‍റെയും സെലീന പ്രക്കാനത്തിന്‍റെയും ആത്മകഥകള്‍, കേരളത്തിലെ ദലിത്-ആദിവാസി ജനതയുടെ സാമുദായിക-രാഷ്ട്രീയ വിഷയങ്ങളെ ഭൂമി/വിഭവാധികാര കേന്ദ്രമായി വ്യാഖ്യാനിക്കുക എന്ന അജണ്ടയുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. അവയ്ക്ക് ആ ജനതയുടെ ജീവിതാവസ്ഥകളിലേക്ക് മുഖ്യധാരയില്‍ നിന്നുള്ള കൗതുകനേട്ടം എന്നതിനപ്പുറം കടന്നു് എത്രമാത്രം പോകാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതു ചിന്തനീയമാണ്.
അതേ സമയം, കെ.കെ.കൊച്ചിന്‍റെ ആത്മകഥയുടെ പ്രസക്തി നിര്‍ണയിക്കപ്പെടുക, ദലിത് ജീവിതത്തിലേക്കുള്ള മുഖ്യധാരയുടെ കൗതുക നോട്ടം എന്ന നിലയിലോ ഏതെങ്കിലും ഒറ്റ അജണ്ട കേന്ദ്രീകരിച്ചുള്ള മാധ്യമവല്‍ക്കരണത്തിന്‍റെ ഭാഗമായോ അല്ലെന്നു പറയാവുന്നതാണ്. മുൻപേ സൂചിപ്പിച്ചതു പോലെ, മുഖ്യധാരയില്‍ സ്വന്തമായി ഇടമുണ്ടാവുകയും അവിടെ നിന്നുകൊണ്ടുതന്നെ ദലിത് പൊതുവ്യക്തിത്വമായി മാറുകയും ചെയ്ത ഒരാളാണ് ഇവിടെ ആത്മകഥ എഴുതിയിട്ടുള്ളത്. തന്മൂലം, അദ്ദേഹം ബോധപൂര്‍വം തിരഞ്ഞെടുത്തു നടത്തിയ സാമുദായിക പ്രവര്‍ത്തനത്തിന്‍റെ പ്രതിപാദനങ്ങളും ഓര്‍മകളും, ദൈനംദിന ചരിത്രാനുഭവമെന്ന നിലയില്‍ കൂടുതല്‍ തെളിമയുള്ളതായി മാറുന്നു. മാത്രമല്ല സമകാലീന ചരിത്രത്തിലെ മാഞ്ഞും മറഞ്ഞുംപോയ, ശകലിതങ്ങളെന്നു വിളിക്കാവുന്ന നിരവധി സംഭവങ്ങളും സമരങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളും ആശയലോകങ്ങളും ഇതിലൂടെ പുനരാവിഷ്കരിക്കപ്പെടുന്നുമുണ്ട്. ഇതിനര്‍ഥം, ദലിത് സമുദായമെന്ന സവിശേഷ ഇടത്തെയോ പൊതുവിടത്തെയോ അല്ല, നിരവധി ചെറുയിടങ്ങളെയാണ് ഈ ആത്മകഥ സന്നിഹിതമാക്കുന്നതെന്നാണ്. അതിനാല്‍ത്തന്നെ, സമകാലീന ചരിത്രത്തിലെ കീഴ് അടരുകളുടെ റിക്കാര്‍ഡെന്നും പുതുകാല മുന്നേറ്റങ്ങളെ പ്രചോദിപ്പിക്കുന്ന പുസ്തകമെന്നുമുള്ള തുടര്‍ ജീവിതമായിരിക്കും ഇതിനുണ്ടാവുകയെന്ന് അനുമാനിക്കാവുന്നതാണ്.
കേരളത്തില്‍ ദലിത് വാദമെന്നോ അംബേഡ്കറിസമെന്നോ വിളിക്കപ്പെടുന്ന വ്യവഹാരം വ്യത്യസ്ത ധാരകളും ഒട്ടേറെ സമുന്നത വ്യക്തികളും അടങ്ങുന്നതാണ്. അവര്‍ക്കിടയില്‍ കെ.കെ.കൊച്ചിന്‍റെ സ്ഥാനം എന്താണെന്നു കണ്ടെത്തുന്നതിനുപരി, അദ്ദേഹത്തിന്‍റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും മറ്റുള്ളവരില്‍ നിന്നു് എങ്ങനെയാണു വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് അന്വേഷിക്കുന്നതാണ് ഇത്തരമൊരു ആമുഖത്തിന്‍റെ പ്രസക്തിയെന്നു തോന്നുന്നു.
അതിനുമുൻപ്, ദലിതരെപ്പോലുള്ള അരികുവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നു വരുന്നവരുടെ ആത്മകഥകളില്‍ പൊതുവായി കാണപ്പെടുന്നവ എന്താണെന്നു നോക്കേണ്ടതുണ്ട്. അത്തരം ആത്മകഥകള്‍ ഉണ്ടാവാന്‍ തുടങ്ങിയതോടെ ചരിത്രത്തിലെ സ്ഥിരീകരിക്കപ്പെട്ട ഏക ഭാഷകവ്യവസ്ഥയ്ക്കു വിള്ളലേല്‍ക്കുന്നതും പൊതുബോധം സംഘര്‍ഷ ഭരിതമായി മാറുന്നതും നമുക്കു കാണാന്‍ കഴിയും. ഇവയില്‍ മേലാളരോട്, അധികാരികളോട്, ആണുങ്ങളോട് ഒക്കെയുള്ള തര്‍ക്കങ്ങളുണ്ട്. ആരില്‍ നിന്നും ഒട്ടും കുറഞ്ഞവരല്ല തങ്ങളെന്ന അവകാശ ബോധമുണ്ട്. തങ്ങളുടെ അതേ സ്ഥിതിയിലുള്ളവരോടു കാണിക്കുന്ന പാരസ്പര്യമുണ്ട്. തീവ്രവും വൈകാരികവുമായ സ്നേഹപ്രകടനങ്ങളുണ്ട്.³ ചുരുക്കത്തില്‍, നിലനില്‍ക്കുന്ന സമയബോധത്തില്‍ മറ്റൊരു സമയം തുറന്നിടുന്നവയാണു കീഴാളരുടെ ആത്മകഥകള്‍.
ലഘുലേഖകള്‍; സമരങ്ങള്‍
പാട്രീഷ്യ ഹില്‍ കോളിന്‍സ് എഴുതിയ ‘കറുത്ത ഫെമിനിസ്റ്റ് ചിന്ത’ എന്ന പുസ്തകത്തെപ്പറ്റി ഫാറ ഗ്രിഫിന്‍ എഴുതിയ റിവ്യൂവില്‍ “കറുത്ത സ്ത്രീകളുടെ വിഷയങ്ങള്‍ ഉന്നയിക്കുന്നതില്‍ വെളുത്ത സ്ത്രീകള്‍ക്കും കറുത്ത ആണുങ്ങള്‍ക്കും ഉണ്ടായ വീഴ്ചകളെയും അലംഭാവങ്ങളെയും പറ്റി പറഞ്ഞു പരിതപിക്കുകയല്ല, മറിച്ച് കറുത്ത സ്ത്രീവാദ ചിന്തയെ മറ്റൊരു വിതാനത്തിലേക്കു മാറ്റുകയായിരുന്നു കോളിന്‍സ്”4 എന്നു വിശദീകരിക്കുന്നുണ്ട്.
ഈ സൂചന കെ.കെ. കൊച്ചിന്‍റെ ജീവിതത്തെയും എഴുത്തടക്കമുള്ള ആക്ടിവിസങ്ങളെയും വിശകലനം ചെയ്യാന്‍ കുറെയൊക്കെ സഹായകരമാണ്. അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടിയതുപോലെ, കേരളത്തിലെ ദലിതര്‍ക്കിടയില്‍ ജാതീയതയുടെ വിഭജനങ്ങള്‍ ഇപ്പോഴും ശക്തമാണ്. ഇത്, ആശയങ്ങളെയും പരികല്പനകളെയും ഉള്‍ക്കൊള്ളാനും അധികാരത്തോടു പ്രതിപ്രവര്‍ത്തിക്കാനും ആ സമുദായത്തെ തടസപ്പെടുത്തുകയും വസ്തുതാപരതയിലും അനുഭവപരതയിലും തളം കെട്ടി നില്‍ക്കാൻ നിര്‍ബന്ധിതമാക്കുകയും ചെയ്യുന്നു.
ഈ പ്രശ്നസ്ഥലിയിൽ നിന്നുകൊണ്ട് തങ്ങളുടെ സാമൂഹിക നിലയെപ്പറ്റി (Social Location) ആശങ്കപ്പെടുന്നതിനൊപ്പം, സവര്‍ണരെ പഴി പറയുകയും അവരില്‍ നിന്നു് അനുതാപം രൂപപ്പെടുത്തി ദൃശ്യതയും അംഗീകാരവും നേടാന്‍ ശ്രമിക്കുന്നതാണ് പരമ്പരാഗത ദലിത് ജാതിവാദം. കൂടാതെ, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ജാതിയെ അഭിസംബോധന ചെയ്തിട്ടില്ലെന്നു പരാതി പറയുകയും അവയുടെ പൊളിറ്റ് ബ്യൂറോകളില്‍ കീഴാളര്‍ക്ക് ഇടമില്ലാത്തതില്‍ കുണ്ഠിതപ്പെടുകയും പതിവാണ്.
ഈ സാമ്പ്രദായിക ദലിത് ജാതി അവബോധത്തില്‍ നിന്നു കെ.കെ. കൊച്ച് വിട്ടുമാറിയെന്നു നിസ്സംശയം പറയാം. ഇതിലൂടെ ദലിത് വാദം തന്നെ മറ്റൊരു വിതാനത്തിലേക്കു (level) മാറിയെന്നതാണു വസ്തുത. അതായത്, സവര്‍ണരെയും കമ്യൂണിസ്റ്റുകളെയും പഴിപറയുകയും അവരുടെ അനുതാപം കിട്ടാന്‍ ദലിതരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതിനു പകരം, അവര്‍ കയ്യാളുന്ന അധികാര വ്യവസ്ഥയെ അപനിര്‍മിച്ചുകൊണ്ടുള്ള പാഠങ്ങളും പ്രക്ഷോഭണങ്ങളും പ്രസ്ഥാനങ്ങളും രൂപപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. കൂടാതെ, കീഴാളരെ പിന്നിലേക്കു വലിക്കുന്ന ‘വിഭവാധികാരം’ പോലുള്ള സങ്കല്പനങ്ങളോടു വിട പറഞ്ഞുകൊണ്ട് സമകാലീന ചരിത്രത്തില്‍ അവരുടെ കര്‍തൃത്വം ഉന്നയിക്കുന്ന സന്ദിഗ്ധതകളെക്കുറിച്ചു പ്രതിപാദിക്കുകയും സ്വത്ത്, പദവി, അറിവ്, അധികാരം മുതലായ എല്ലാ മേഖലകളിലും സാന്നിധ്യമുണ്ടാകണമെന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പൊളിറ്റ് ബ്യൂറോകളില്‍ കീഴാളര്‍ക്കു പ്രവേശനം കിട്ടിയാലും ഇല്ലെങ്കിലും ആ പാര്‍ട്ടികളുടെ ഘടനാപരമായ നിര്‍മിതിയില്‍ ബ്രാഹ്മണ്യം പിടിമുറുക്കിയിട്ടുണ്ടെന്നതു സ്പഷ്ടമാണ്. കാതലിന്‍ ഗഫ് എന്ന അമേരിക്കന്‍ ഗവേഷക 1969 ല്‍ എഴുതിയ പ്രബന്ധവും മറ്റനവധി രേഖകളും സ്വന്തം സാമുദായിക-സമരാനുഭവങ്ങളും വെച്ചുകൊണ്ട് കേരളത്തിലെയും ഇൻഡ്യയിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിത്തറ സവര്‍ണ-മധ്യമ ജാതികളാണെന്ന കാര്യം വെളിപ്പെടുത്തിക്കൊണ്ടു പ്രസിദ്ധീകരിച്ച ലഘുലേഖയെപ്പറ്റി ഈ ആത്മകഥയില്‍ വിശദീകരിച്ചിട്ടുണ്ട്.
കേരളത്തിലെ ഭൂപരിഷ്കരണം, വാരക്കാരെയും പാട്ടക്കാരെയും മാത്രമേ ഉള്‍ക്കൊള്ളുന്നുവെന്നും കുടികിടപ്പുകാരായ ദലിതര്‍ ഈ പരിധിക്കു പുറത്തായതിനാല്‍ അവര്‍ക്കു ഭൂപരിഷ്കരണത്തിന്‍റെ ഫലങ്ങള്‍ കിട്ടിയില്ലെന്ന കണ്ടെത്തല്‍ പുറത്തുവരുന്നത് 1985 ല്‍ കെ കെ കൊച്ച് സ്വന്തമായി അച്ചടിച്ചു വിതരണം ചെയ്ത ലഘുലേഖയിലൂടെയാണ്. ഇപ്രകാരം ഭൂപരിഷ്കരണത്തില്‍ നിന്നു പുറന്തള്ളപ്പെട്ടവരെ അധിവസിപ്പിക്കാന്‍ ഉണ്ടായവയാണ് ഇന്നത്തെ ആയിരക്കണക്കിനു കോളനികള്‍. ദേശീയവാദികളുടെ ‘ഹരിജനം’, കമ്മ്യൂണിസ്റ്റുകളുടെ ‘കര്‍ഷകത്തൊഴിലാളി’, നക്സലൈറ്റുകളുടെ ‘ഭൂരഹിത കര്‍ഷകര്‍’ മുതലായ നിര്‍വചനങ്ങളെ നിഷേധിച്ചുകൊണ്ട് ദലിതര്‍ സ്വതന്ത്ര സമുദായമാണെന്ന സങ്കല്പം ആദ്യമായി ഉന്നയിച്ചതും ഇതേ ലഘുലേഖയിലൂടെയാണ്. അയ്യൻകാളിയെ ‘പുലയരാജാവ്, ‘കാര്‍ഷിക സമര നേതാവ്’ മുതലായ വിശേഷണങ്ങളില്‍ നിന്നു മാറ്റിക്കൊണ്ട് കേരളത്തിലെ സാമൂഹിക നവോത്ഥാന നേതൃത്വ നിരയിലേക്ക് ഉയര്‍ത്തിയതും ഇതിലൂടെയാണ്.
ഇന്നത്തെ ദലിത് പ്രസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട വിമര്‍ശനമാണ് കമ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ ബില്ലിന്‍റെ ഫലമായി ജാതി/മത മേധാവിത്വ ശക്തികള്‍ ശക്തിപ്പെട്ടു എന്നതും കീഴാള ജനതയുടെ സംവരണമടക്കമുള്ള അവകാശങ്ങള്‍ അട്ടിമറിക്കപ്പെട്ടു എന്നതും. ഇതിനെപ്പറ്റിയുള്ള പ്രാഥമിക സൂചനകളും ഇതേ ലഘുലേഖയില്‍ ഉണ്ടായിരുന്നു. സമാനമായ മറ്റൊരു ലഘുലേഖയിൽ, വയനാട്ടിലെ ആദിവാസി ജനതയുടെ അന്യാധീനപ്പെട്ട ഭൂമിയുടെ പ്രശ്നവും കുടിയേറ്റ-കയ്യേറ്റങ്ങള്‍ക്കു വിധേയമായ ആ സമുദായത്തിന്‍റെ പുറന്തള്ളലും സാമൂഹിക വിഷയമാക്കി മാറ്റാന്‍ ശ്രമിച്ചതിനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
ഭൂമി, തൊഴില്‍, പാര്‍പ്പിടം, വിദ്യാഭ്യാസം മുതലായ ജീവിതോപാധികള്‍ക്കു വേണ്ടി നിരന്തരം വാദിക്കുകയും തങ്ങളുടെ ഇല്ലായ്മകളെയും വല്ലായ്മകളെയും പറ്റി ഏതവസരത്തിലും ഓര്‍ക്കുകയും മറ്റുള്ളവരെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നതാണു ദലിത് നേതൃത്വങ്ങളും ബുദ്ധിജീവികളും എന്ന പൊതുബോധമാണു പ്രചാരത്തിലുള്ളത്. അങ്ങനെയുള്ള സാമാന്യവല്‍ക്കരണങ്ങള്‍ക്കു വഴങ്ങാതെ, ചലനാത്മകവും ആഖ്യാനപരവുമായ എല്ലാ ഇടങ്ങളിലും ഇടപെടുകയും എല്ലായ്പ്പോഴും പ്രക്ഷോഭങ്ങള്‍ക്കും കലഹങ്ങള്‍ക്കും വിജ്ഞാനത്തിനും ചിന്തക്കും പ്രാധാന്യം കൊടുക്കുകയുമാണ് അദ്ദേഹം ചെയ്തതെന്ന് ഈ ആത്മകഥ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലെ മുഖ്യധാരയില്‍പ്പോലും അദ്ദേഹം ഇടപെട്ടതിനു സമാനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്ത വ്യക്തികള്‍ കുറവാണെന്നു തോന്നുന്നു.
ചരിത്രം, സാമൂഹിക ശാസ്ത്രം, സാഹിത്യ നിരൂപണം, ഭാഷാശാസ്ത്രം, മാര്‍ക്സിസം, അംബേഡ്കറിസം, ഗാന്ധിസം, ഭരണഘടന, ന്യൂനപക്ഷ പ്രശ്നങ്ങള്‍, ഫെമിനിസം, സിനിമ മുതലായ ഒട്ടേറെ മേഖലകളില്‍ നിര്‍ണായകമായ വിലയിരുത്തലുകള്‍ അദ്ദേഹത്തിന്‍റേതായുണ്ട്.
പൊതുപ്രവര്‍ത്തകന്‍, ദലിത് ആക്റ്റിവിസ്റ്റ്, പത്രാധിപര്‍, പ്രസാധകന്‍ മുതലായ സ്ഥാനങ്ങള്‍ക്കൊപ്പം ഒട്ടേറെ പ്രസ്ഥാനങ്ങളില്‍, നേതൃത്വപരമായി പ്രവര്‍ത്തിക്കുകയോ സ്വന്തമായി സംഘടനകള്‍ രൂപവത്കരിക്കുകയോ ചെയ്തിട്ടുണ്ടു കെ കെ കൊച്ച്. താന്‍ പ്രവര്‍ത്തിച്ചിരുന്ന ദലിത് സംഘടനയുടെ നേതൃത്വത്തിലും കമ്മിറ്റികളിലും സവര്‍ണരടക്കമുള്ള വ്യത്യസ്ത സമുദായങ്ങളെ ഉള്‍ക്കൊള്ളിക്കുന്നതില്‍ മുന്‍കൈയെടുത്തതായും ഇതിലുണ്ട്.
‘ടി സി സുകുമാരന്‍ ഐ.എ. എസിന്‍റെ കൊലപപാതകം സി.ബി.ഐ അന്വേഷിക്കുക’ എന്ന ആവശ്യമുയര്‍ത്തി അദ്ദേഹം നേതൃത്വം കൊടുത്തു നടത്തിയ സമരം, കേരളത്തിലെ ദലിത് സമരങ്ങളിൽ പുതിയൊരു ബഹുജന പങ്കാളിത്തവും രാഷ്ട്രീയ ശ്രദ്ധയും ഉണ്ടാക്കിയതെന്നു് ആത്മകഥ വിശദീകരിക്കുന്നുണ്ട്. കല്ലറ സുകുമാരന്‍, പോള്‍ ചിറക്കരോട്, ഡോ.കെ.കെ.മന്മഥന്‍ മുതലായ മുന്‍കാല ദലിത് നേതൃത്വങ്ങള്‍ വലിയ വിജ്ഞാന സമ്പത്ത് ഉള്ളവരും ത്യാഗനിര്‍ഭരമായി പ്രവര്‍ത്തിച്ചവരുമാണ്. എങ്കിലും ദലിത് വാദത്തിലൂടെ ഒരു ജ്ഞാനമണ്ഡലം വികസിച്ചതും പൊതുമണ്ഡലത്തില്‍ അപ്രതിരോധ്യമായ സ്ഥാനം നേടിയതും കെ.കെ.കൊച്ചിന്‍റെ ബഹുമുഖമായ ഇടപെടലുകളിലൂടെയാണെന്നു കാണാം. മാര്‍ക്സിസത്തില്‍ നിന്നപ്പോഴും അംബേഡ്കറൈറ്റായി മാറിയപ്പോഴും, മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായി അദ്ദേഹത്തിനുണ്ടായിരുന്ന, വിമര്‍ശാനാത്മകമായ ചിന്തയും നിലപാടുകളുമാണ് ഇതിനു കാരണമായത്.
അയ്യൻകാളി പ്രസ്ഥാനം ജൂബിലിക്കൂട്ടമായി മാറുകയും പതുക്കെ രംഗത്തുനിന്നു നിഷ്ക്രമിക്കുകയും ചെയ്തതിനു സമാനമായ നിശ്ശബ്ദതയാണ് കല്ലറ സുകുമാരന്‍റെയും ഡോ.കെ.കെ.മന്മഥന്‍റെയും തിരോധാനത്തോടെ കേരളത്തിലെ ദലിതര്‍ക്കിടയില്‍ ഉണ്ടായത്. ഈ സമയത്ത് സാംസ്കാരിക രംഗത്തും ഭാഷയുടെ അധികാര കേന്ദ്രീകരണത്തിലും വലിയ പൊളിച്ചെഴുത്തുകളും വീണ്ടെടുപ്പുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിക്കൊണ്ട് മുഖ്യധാരാ സവര്‍ണ ഭാവുകത്വത്തിനു കനത്ത ആഘാതമാണ് അദ്ദേഹം ഏല്‍പ്പിച്ചത്. ‘ഭാഷയും വര്‍ണവും’ എന്ന ഐതിഹാസികമായ പ്രബന്ധത്തിലൂടെ മലയാള ഭാഷയുടെ വര്‍ണസ്വഭാവത്തെ പുനഃപരിശോധിച്ചതും തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയിലെ വര്‍ഗ ഘടനയെ അപനിര്‍മിച്ചതും പോത്തേരി കുഞ്ഞമ്പുവിന്‍റെ ‘സരസ്വതീ വിജയം’ എന്ന കൃതിയെ വീണ്ടെടുത്തതും എടുത്തു പറയേണ്ടതാണ്.
കെ.കെ.കൊച്ചിന്‍റെ, അടയാളപ്പെടുത്താവുന്ന സൈദ്ധാന്തിക പ്രമേയങ്ങളില്‍ പ്രധാനപ്പെട്ടതായി തോന്നുന്നത് ‘സമുദായം’ എന്ന സംജ്ഞയെ അദ്ദേഹം പരികല്പനാപരമായി പുതുക്കി വ്യാഖ്യാനിച്ചു എന്നതാണ്.
ബാബാസാഹേബ് അംബേഡ്കര്‍, ഒരു കാറ്റഗറി എന്ന നിലയില്‍ ജാതിയെ റദ്ദാക്കുകയും വര്‍ഗത്തെ സംശയിക്കുകയും ജ്ഞാനോല്‍പ്പാദനത്തിനും സഹജീവനത്തിനുമുള്ള സാധ്യതയായി ബുദ്ധമതത്തെ പ്രതിഷ്ഠിക്കുകയുമാണു ചെയ്തത്. അദ്ദേഹത്തിന്‍റെ പരികല്പനകള്‍ രൂപപ്പെടുമ്പോള്‍ ഹിന്ദു സാമൂഹിക ഘടനയില്‍ പിന്നാക്ക ധ്രൂവീകരണം ശക്തമായിരുന്നില്ല. ക്ഷേമരാഷ്ട്ര സങ്കല്പത്തിനും സോഷ്യലിസ്റ്റ് പാതയെ സംബന്ധിച്ച വരേണ്യവാദ ആശയങ്ങള്‍ക്കും നല്ല പിന്തുണയും ലഭിച്ചിരുന്നു. ഈ പുരോഗമന ഉട്ടോപ്യകള്‍ ദുര്‍ബലപ്പെടുകയും പൊതുബോധത്തില്‍ അപരങ്ങളോടുള്ള ശത്രുത ശക്തിപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ‘മത’ത്തെ പിന്തള്ളിക്കൊണ്ട് ‘സമുദായം’ പ്രസക്തമാകുന്നത്. സമുദായത്തിനു രാഷ്ട്രീയാധികാരം, മൂലധന ഉടമസ്ഥത, വ്യത്യസ്തതകളോടുളള സഹവര്‍ത്തിത്വം എന്നിവ സാധ്യമാണെന്ന് എം.ടി.അന്‍സാരിയുടെ ‘ദേശീയതയുടെ ഇടപാടുകള്‍’ എന്ന പുസ്തകത്തിനു് എഴുതിയ ആമുഖത്തില്‍ കൊച്ച് സൂചിപ്പിച്ചിട്ടുണ്ട്. സമുദായം എന്ന സങ്കല്പത്തിന് ബുദ്ധിസത്തിലെ സഭയോടും ഡോ.അംബേഡ്കര്‍ വിഭാവന ചെയ്ത സഹജീവന വ്യവസ്ഥയോടും ബന്ധമുണ്ടെന്നു് ‘ബുദ്ധനിലേക്കുള്ള ദൂരം’ എന്ന പുസ്തകത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. ഇന്നത്തെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വങ്ങള്‍ വരെ, ദേശരാഷ്ട്രത്തോടു വിലപേശാനും പൗരത്വത്തിനും തുല്യതയ്ക്കും വേണ്ടി വാദിക്കാനും കഴിയുന്ന സംജ്ഞയായി സമുദായത്തെ സ്വീകരിക്കുന്നതിലൂടെ ഉത്തരാധുനികമായ പരികല്പനയാണതെന്നു തെളിയുകയാണ്.
‘വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം’ എന്ന പരികല്പനയാണു മറ്റൊന്ന്. മുന്‍കാല ദേശീയ പ്രസ്ഥാനം ഹൈന്ദവ പരിഷ്കരണ അടിത്തറയില്‍ നിന്നുകൊണ്ടു തന്നെയാണെങ്കിലും ബഹുവംശ പ്രദേശ ഭാവനയായി വികസിച്ചത് ‘നാനാത്വത്തില്‍ ഏകത്വം’ എന്ന പ്ലൂറലിസ്റ്റ് കാഴ്ചപ്പാടു സ്വീകരിച്ചതു മൂലമാണ്. പില്‍ക്കാലത്ത് ദേശരാഷ്ട്രം ശക്തിപ്പെടുകയും ലിബറല്‍ ജനാധിപത്യം ദുര്‍ബലവുമായപ്പോള്‍, ഭരണവര്‍ഗം, “ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത”, ‘അഖണ്ഡ ദേശീയത’ മുതലായ നിലപാടുകളിലൂടെ പ്ലൂരലിസത്തെ ശിഥിലമാക്കി. അതേസമയം, ഹിന്ദുത്വശക്തികള്‍ക്ക് സാംസ്കാരിക ദേശീയവാദത്തിലൂടെ എല്ലാ വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും നിഷേധിച്ചുകൊണ്ട് അക്രമാസക്തമായി മുന്നേറാനും കഴിഞ്ഞു. ഈ പരിസ്ഥിതിയിലാണ് ബഹുത്വങ്ങളെയും വ്യത്യസ്തതകളെയും ഉള്‍ക്കൊള്ളുന്ന, ‘വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം’ പ്രസക്തമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ‘കലാപവും സംസ്കാരവും’ എന്ന ആദ്യപുസ്തകത്തില്‍ അതിന്‍റെ സൂചനകളുണ്ടെങ്കിലും ‘ആദിയാര്‍ദീപം’ മാസികയുടെ രണ്ടായിരമാണ്ട് തുടക്കത്തിലെ വാര്‍ഷികപ്പതിപ്പില്‍ അതേ തലക്കെട്ടിലെഴുതിയ ലേഖനത്തിലൂടെയാണ് ആ പരികല്പന മുന്നോട്ടു വെക്കപ്പെട്ടത്.
സാമുവല്‍ ഹണ്ടിങ്ടനെ പോലുള്ളവര്‍ ഉന്നയിച്ച ‘സംസ്കാരങ്ങളുടെ സംഘര്‍ഷം’ മുതലായ സംജ്ഞകള്‍, ഭരണവര്‍ഗ പിന്തുണയോടെ വംശീയ/വിദ്വേഷ രാഷ്ട്രീയമായി പരിവര്‍ത്തനപ്പെടുന്ന സമകാലീനാവസ്ഥയില്‍, ‘വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം’ ‘വ്യത്യസ്തതകളുടെ സഹജീവനം’ എന്നീ പരികല്പനകള്‍, പുത്തന്‍ കീഴാള ലോക ബോധമായി പരിവര്‍ത്തനപ്പെടുകയാണെന്നു കാണാം.
ഈ ആത്മകഥയിലൂടെ കടന്നുപോകുമ്പോള്‍ ശ്രദ്ധേയമായി തോന്നിയ മറ്റു ചില കാര്യങ്ങളും കൂടെ പ്രതിപാദിക്കാം. കേരളത്തിലെ സാമൂഹിക വിപ്ലവത്തെ വെറുമൊരു പരിഷ്ക്കരണ പ്രസ്ഥാനം എന്നതിനുപരി ഒരു ജ്ഞാനമണ്ഡലത്തിന്‍റെ സാന്നിധ്യമായി അടയാളപ്പെടുത്തുന്നു എന്നതാണു പ്രധാനം. ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍, അയ്യൻകാളി, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ് മുതലായവരെ, രാഷ്ട്രീയമായും വൈജ്ഞാനികമായും ഉള്‍ക്കൊള്ളാനാണു ശ്രമിച്ചിട്ടുള്ളത്. ഇന്നത്തെ പൊയ്കയില്‍ അപ്പച്ചന്‍, കീഴാള വ്യവഹാരമണ്ഡലത്തില്‍ സവിശേഷ സ്ഥാനം നേടിയത് അദ്ദേഹം പത്രാധിപരായിരുന്ന സൂചകം മാസികയുടെ ഇടപെടലുകളിലൂടെയാണ്. പി.ആര്‍.ഡി.എസ് പ്രസ്ഥാനത്തിലെ വിമതവിഭാഗവും കെ.കെ. കൊച്ചിന്‍റെ നേതൃത്വത്തിലുള്ള വിമര്‍ശനാത്മക/റാഡിക്കല്‍ ദലിത് ബുദ്ധിജീവികളും ഒത്തുചേര്‍ന്ന സന്ദര്‍ഭത്തിലാണ് പൊയ്കയില്‍ അപ്പച്ചന്‍ എന്ന രൂപകം അഴിച്ചുമാറ്റലിനു വിധേയമായത്.
ദൃശ്യത; അംഗീകാരം
കേരളത്തെ സംബന്ധിച്ചിടത്തോളം ദലിത് വ്യവഹാരങ്ങള്‍ ഇപ്പോഴും പരിഗണിക്കപ്പെടുന്നത് പൊതുധാരയുടെ ഔദാര്യമോ കുറ്റബോധമോ ആയിട്ടാണ്. ഇതിന്‍റെ സമ്മര്‍ദ ഫലമായി ചില സമരങ്ങളുടെയും നേതാക്കന്മാരുടെയും ദൃശ്യതയും സാമൂഹികമായ അംഗീകാരവും മാനദണ്ഡമായി മാറുന്നു എന്നതിനപ്പുറം സമുദായത്തിന്‍റെ അവസ്ഥ സങ്കീര്‍ണമായിത്തന്നെ തുടരുകയാണ്. ഇതിന്‍റെ മറുപുറം എന്തെന്നാല്‍, ജാതീയമായ എസെന്‍ഷ്യലിസ്റ്റ് ഘടകങ്ങള്‍ക്കു പൊതുസ്വീകാര്യത കിട്ടുകയും അവയെ മധ്യസ്ഥ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ട് പ്രതിനിധാനങ്ങളെയും സംവാദപരതയെയും പുറന്തള്ളുകയും ചെയ്യുന്നു എന്നതാണ്. കീഴാളര്‍ക്കു കിട്ടുന്ന ദൃശ്യതയും അംഗീകാരവും കുഴപ്പമായി എന്നല്ല ഇതിനര്‍ത്ഥം. മറിച്ച് അവയെ നിരന്തരം പ്രശ്നവല്‍ക്കരിച്ചുകൊണ്ട് വ്യവസ്ഥയോടുള്ള കലഹങ്ങള്‍ വര്‍ധിപ്പിക്കാന്‍ കീഴാളപക്ഷത്തുനിന്നു ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നാണു സൂചിപ്പിക്കുന്നത്.
കെ.കെ.കൊച്ചിന്‍റെ ഇടപെടലുകളും ജീവിതവും സമീപകാല കേരളീയ പൊതുമണ്ഡലത്തില്‍ കുറെയൊക്കെ ദൃശ്യതയും അംഗീകാരവും നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹം നടത്തിയ പൊളിച്ചെഴുത്തുകളെ സമയപരമായി അടയാളപ്പെടുത്താതെയും ‘പൊതു’വിനോടെന്ന പോലെ ‘സവിശേഷത’യോടും അദ്ദേഹമെങ്ങനെ കലഹങ്ങള്‍ സാധ്യമാക്കി എന്നതിനെ അഭിസംബോധന ചെയ്യാതെ, കേവലം ദൃശ്യതയിലും അംഗീകാരത്തിലും ഊന്നുന്നതു ലഘൂകരണമാണ്.
പൊതുവിനോടെന്ന പോലെ സവിശേഷതകളോടും കലഹങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പൊതുബോധത്താല്‍ അസ്വീകാര്യമാവുന്നതു സ്വാഭാവികമാണ്5. ഇൻഡ്യയില്‍ സാമൂഹിക വിപ്ലവത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ അനഭിമതരാകുന്നതിനെക്കുറിച്ച് ഡോ.ബി.ആര്‍ അംബേഡ്കര്‍ സൂചിപ്പിച്ചിട്ടുണ്ട്. പൊതുസ്വീകാര്യമായ സവര്‍ണ ഉട്ടോപ്യകളോടു വിയോജിക്കുന്നതിന്‍റെ ഫലമായിട്ടാണ് ഈ അസ്വീകാര്യത രൂപപ്പെടുന്നത്. ഈ സൂചനകളിലൂടെ നോക്കുമ്പോള്‍, ദൃശ്യതയേക്കാൾ കൂടുതല്‍ അദൃശ്യതയിലേക്കും സ്വീകാര്യതയേക്കാളധികം അസ്വീകാര്യതയിലേക്കും ചാഞ്ചാടികൊണ്ടിരിക്കുന്ന പ്രതിനിധാനമാണ് കെ.കെ.കൊച്ചിന്‍റേത് എന്നു പറയാം. ഇതാകട്ടെ ‘ആപല്‍ക്കരമായി കര്‍മം ചെയ്തും വ്യവസ്ഥയില്‍നിന്നു പിടിവിട്ടു’മാണ് അദ്ദേഹം അതിജീവിച്ചതെന്നു കരുതാം.
ചെറുപ്പം മുതലേ പൊതുരംഗത്തു പ്രവര്‍ത്തിക്കുകയും എഴുത്തും വായനയും കൊണ്ട് അനേകം പേരെ സ്വാധീനിക്കുകയും ചെയ്തിട്ടും അംഗീകാരത്തിലും കൂടുതല്‍ പുറംതള്ളലാണു കിട്ടുന്നതെന്നതിനു കാരണം അദ്ദേഹത്തിന്‍റ ജാതി മാത്രമാണെന്നു പറയാന്‍ പറ്റില്ല. പൊതുസമൂഹത്തിലും സ്വസമുദായത്തിലും അദ്ദേഹം ഉന്നയിച്ച പല വിയോജിപ്പുകളും അതിനു കാരണമായിട്ടുണ്ട്.
അവയിലേറ്റവും പ്രധാനപ്പെട്ടതായി തോന്നുന്നത് നക്സല്‍ മൂവ്മെന്‍റുമായുള്ള കെ കെ കൊച്ചിന്റെ വിയോജിപ്പാണ്. മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കോളേജ് വിദ്യാഭ്യാസ കാലത്തു തന്നെ അദ്ദേഹം തെറ്റിപ്പിരിഞ്ഞിരുന്നു. എന്നാല്‍ നക്സലിസവുമായി, അതിന്‍റെ ജനകീയ ശരീരമായിരുന്ന ജനകീയ സാംസ്കാരിക വേദിയോടു വിയോജിക്കുന്ന സന്ദര്‍ഭം ശ്രദ്ധേയമാണ്. വയനാട്ടില്‍ നടന്ന ഒരു സാംസ്കാരിക പരിപാടിയിലൂടെ, പഴശ്ശിരാജയെ, ‘സാമ്രാജ്യത്വ വിരുദ്ധ പോരാളിയും ആദിവാസി വിമോചകനു’മാക്കിയ ഇടതുപക്ഷ തീവ്രവാദ പ്രചാരണം, ഹിന്ദുത്വത്തിലേക്കും മുഖ്യധാരാ ദേശീയതയിലേക്കുമുള്ള പിന്‍മടക്കമായിരിക്കുമെന്ന് സൂചനകളിലൂടെ വായിച്ചുകൊണ്ടാണു് വിയോജിപ്പിന്‍റെ സ്വരം അദ്ദേഹം ഉയര്‍ത്തിയത്. പിന്നീട് സി.പി.ഐ (എം.എല്‍) പ്രസ്ഥാനം കേരള ദേശീയവാദം മുന്നോട്ടുവച്ചപ്പോള്‍ അതിനെ, സവര്‍ണ മേധാവിത്വവാദമെന്നു വിലയിരുത്തിക്കൊണ്ടാണ് വിയോജിപ്പു പൂര്‍ത്തീകരിച്ചത്. അതേസമയം, നക്സലൈറ്റ് പ്രവര്‍ത്തകരുടെ ആത്മത്യാഗങ്ങളെയും അക്കാലത്തെ ദേശീയ-സാര്‍വദേശീയ പരിസ്ഥിതികളെയും കേവലമായി നിരാകരിച്ചുകൊണ്ടല്ല വിയോജിച്ചതെന്നും എടുത്തുപറയേണ്ടതുണ്ട്.
മാര്‍ക്സിസത്തോടു് പ്രായോഗികമായും സൈദ്ധാന്തികമായും വേറിട്ടുകൊണ്ട് പുതുവഴി തേടിയ അദ്ദേഹം ജാതിപ്രശ്നങ്ങളിലേക്കും കീഴാള മൂവ്മെന്‍റുകളിലേക്കുമാണ് എത്തിയത്. അവിടെയും കലഹിക്കുകയും സംഘടനയില്‍ നിന്നു പുറത്താക്കപ്പെടുകയുമായിരുന്നു ഫലം.
മുഖ്യമായും മൂന്നു വിഷയങ്ങളില്‍ വിമര്‍ശനാത്മക നിലപാടു വെച്ചതിന്‍റെ പേരിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന ദലിത് മൂവ്മെന്‍റില്‍ നിന്നു പുറത്തായത്. ഒന്ന്, സംവരണത്തെ രാഷ്ട്രീയാവകാശമായി കാണുന്ന ദലിത് മൂവ്മെന്‍റുകള്‍ ഇടതുപക്ഷ-തീവ്ര ഇടതുപക്ഷ നിലപാടുകള്‍ യാന്ത്രികമായി ആവര്‍ത്തിക്കുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. അതു് ഉപേക്ഷിക്കണമെന്നും ഇന്ത്യയൊട്ടാകെ ബാധകമായ ദലിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യം എന്ന പ്ലാറ്റ്ഫോമില്‍ അണിനിരക്കണമെന്നും അദ്ദേഹം വാദിച്ചതു പ്രശ്നമായി. രണ്ട്, ശരീയത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, ന്യൂനപക്ഷാവകാശങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കണമെന്ന പേരില്‍ മുസ്ലീം വ്യക്തി നിയമത്തിനെതിരെ യുക്തിവാദ കാഴ്ചപ്പാടു വെച്ച സംഘടനാ നേതൃത്വത്തോടു കലഹിച്ചുകൊണ്ട്, ന്യൂനപക്ഷ വിഷയങ്ങളില്‍ ഡോ.ബി.ആര്‍ അംബേഡ്കറിന്‍റെ രാഷ്ട്രീയ ചിന്തകള്‍ ഉയര്‍ത്തിപ്പിടിച്ചു. മൂന്ന്, ദലിത് ക്രൈസ്തവ ജനതയുടെ സംവരണാവകാശവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍, നിഷ്ക്രിയമായ സംഘടനാ നേതൃത്വത്തില്‍ നിന്നു മാറി, വിവിധ ദലിത്-ദലിത് ക്രൈസ്തവ പ്രസ്ഥാനങ്ങളും ബുദ്ധിജീവികളുമായി ചര്‍ച്ച ചെയ്തു് മറ്റൊരു നിലപാടു വെക്കാന്‍ ശ്രമിച്ചു.
സംഘടനയില്‍ നിന്നു പുറത്താക്കപ്പെട്ടതിനു ശേഷം ദലിത് മേഖലയില്‍ നടന്ന ചില സമരങ്ങളെപ്പറ്റി വേറിട്ട അഭിപ്രായം പറഞ്ഞതിലൂടെ പൊതുബോധത്തിലും അനഭിമതനായി. ഇവയില്‍ പ്രധാനം, കുറിച്ചി ശ്രീധരന്‍, ‘അയ്യൻകാളിക്കു ശേഷമുള്ള ദലിത് പ്രതിനിധാന’മാണെന്നു പ്രഖ്യാപിച്ച എസെന്‍ഷ്യലിസ്റ്റ് വാദങ്ങളെ നിരാകരിച്ചതാണ്. മറ്റൊന്ന്, കേരളത്തില്‍ ഏറ്റവുമധികം മാധ്യമവല്‍ക്കരിക്കപ്പെട്ട ‘കുടില്‍കെട്ടല്‍സമരം’, ആദിവാസി നിയമത്തെ അട്ടിമറിക്കാനായി, കയ്യേറ്റ/ഭരണകൂട ശക്തികളുടെ ഒത്താശയോടെ നടന്ന വിഭാഗീയ സമരമെന്നു വിലയിരുത്തിയതാണ്.
അതേ സമയം, കലഹങ്ങളും വ്യവസ്ഥയില്‍നിന്നു പിടിവിട്ടുള്ള ചിന്തയും അദ്ദേഹത്തിന്‍റെ ആശയങ്ങളെ വിഭാഗീയതയില്‍ നിന്നു മോചിപ്പിക്കുകയും അവയ്ക്ക് “ഉഭയ സ്വഭാവം” കൈവരുകയും ചെയ്തു. ജാതിക്കെതിരെയുള്ള സമരത്തെ പരമപ്രധാനമായി കരുതുമ്പോഴും ദാരിദ്ര്യത്തിനെതിരെയുള്ള സമരത്തെ ഒട്ടും കുറച്ചു കാണുന്നില്ല എന്നത് അദ്ദേഹത്തിന്‍റെ വിമര്‍ശന ചിന്തയുടെ ഉഭയസ്വഭാവത്തെയാണു വെളിപ്പെടുത്തുന്നത്. സാമൂഹികമായ പുറംതള്ളലുകളും വേര്‍തിരിവുകളും അവസാനിക്കാന്‍ ജാതിവ്യവസ്ഥിതി തകരേണ്ടതുണ്ട്. എന്നാല്‍ വ്യക്തികള്‍ക്ക് ആത്മാഭിമാനം നിലനിര്‍ത്താനും അവര്‍ക്കു ബഹുമാനിതരായി മാറാനും ദാരിദ്ര്യവും ഇല്ലാതാകേണ്ടതുണ്ടെന്ന് ആത്മകഥ സാക്ഷ്യപ്പെടുത്തുന്നു.
ദലിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള സമരങ്ങള്‍ക്കു പകരം, പ്രത്യേക ലിസ്റ്റിനു വേണ്ടി നിലകൊള്ളണമെന്ന അഭിപ്രായത്തിലും ഇതേ ഉഭയസ്വഭാവം കാണാം. ഈ വാദം ഉന്നയിച്ചത് അദ്ദേഹമെല്ലെങ്കിലും അതിന്‍റെ പേരില്‍ പഴി മുഴുവന്‍ കേട്ടത് അദ്ദേഹമാണ്. ഒരു പക്ഷേ, ദലിത്/ദലിത് ക്രൈസ്തവ മേഖലയിലെ വലിയ സംഘര്‍ഷവും ആത്മീയമായ അകല്‍ച്ചയും ഒഴിവാക്കാനും, ഇനിയുള്ള കാലം, കേരളത്തിലെന്നല്ല, ഇന്ത്യയൊട്ടാകെയുള്ള പ്രസ്ഥാനങ്ങള്‍ക്കു് ഇതിലേക്കെത്താനേ കഴിയൂ എന്ന വിധത്തിലുള്ള ഗതിമാറ്റമാണ് ഈ അഭിപ്രായം ഉണ്ടാക്കിയത്.
കേവല സ്വത്വബോധത്തിലും വസ്തുതാപരതകളിലും അനുഭവവാദത്തിലും തപ്പിത്തടഞ്ഞു നില്‍ക്കുന്ന സാമ്പ്രദായിക ദലിത് വാദങ്ങള്‍ക്ക് ജാതിയെ തലതിരിച്ചു പിടിക്കുക എന്ന ഹെഗേലിയന്‍ പദ്ധതിക്കപ്പുറം കടക്കാന്‍ പറ്റുന്നില്ലെന്നതു യാഥാര്‍ഥ്യമാണ്. ഈ അവസ്ഥയില്‍, ശ്രീബുദ്ധനും ബാബാസാഹേബ് അംബേഡ്കറുമൊക്കെ ചൂണ്ടിക്കാണിച്ച വഴികളിലൂടെ സഞ്ചരിച്ചുകൊണ്ട് ചിന്തയിലും ജീവിതാവബോധത്തിലും വലിയ കുതിച്ചുചാട്ടമാണ് കെ.കെ.കൊച്ചിനെപ്പോലുള്ളവര്‍ നടത്തിയിട്ടുള്ളതെന്നു പറയാതിരിക്കാനാവില്ല. അതിനെ ഉള്‍ക്കൊള്ളാന്‍ കീഴാളരും മറ്റുള്ളവരും തയ്യാറാകേണ്ടതുണ്ട്.
ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന കെ.കെ.കൊച്ചിന്‍റെ ആത്മകഥയുടെ ആമുഖം
- കലാപവും സംസ്ക്കാരവും : കെ.കെ.കൊച്ച്, നവംബര്‍ ബുക്സ്, തൃശ്ശൂര്‍, 1989
- Whites skins/Black masks: Gail Chings - Liang Low, Routledge - 1996
- Autobiography : Linda Anderson, Routledge, 2001
- Feminisms - Edited Robyn R. Warhol and Diane Prince Herndl- Prenceston University Press, 1996
- സമ്പൂര്‍ണ്ണകൃതികള്‍: ഡോ. ബി. ആര്‍ അംബേദ്കര്‍, വോളിയം 1,കേരളഭാഷാ ഇന്‍സ്റ്റിസ്റ്റ്യൂട്ട്, 1996