പുരുഷന്‍ ഒരേസമയം കുടുംബനാഥനും പരിത്യാഗിയും ആവുമ്പോള്‍-2

ശബരിമല തീര്‍ഥാടനം പരസ്പര വിരുദ്ധങ്ങളായ രണ്ടു സങ്കല്‍പ്പങ്ങളുടെ ഐക്യപ്പെടലാണെന്നു പറയാം. അതില്‍ വിവാഹത്തിനു വിസമ്മതിക്കുന്ന അയ്യപ്പന്റെ ഉന്നത പൗരുഷത്തിന്റെ രഹസ്യം കൂടി മറഞ്ഞുകിടപ്പുണ്ട്. സാമൂഹിക ബന്ധങ്ങളില്‍ നിന്ന് ഒരു നേരത്തേക്കു പരിത്യാഗിയായി മാറുന്ന പുരുഷനായ കുടംബനാഥന്റെ വിജയ നിദാനവും അയ്യപ്പനാണ്. ഭക്തജനങ്ങള്‍ നിരന്തരം ആശിര്‍വാദങ്ങളും അനുഗ്രഹങ്ങളും നേടാന്‍ അയ്യപ്പനെ സമീപിക്കുമ്പോള്‍ വാസ്തവത്തില്‍ ശക്തിപ്പെടുന്നത് ആണത്തത്തിന്റെ അധികാരമേഖലയാണ്. കൂടാതെ ഉത്തമപൗരുഷത്തിന്റെ ആവിഷ്‌കാരമായ അയ്യപ്പനും വര്‍ധിതവീര്യത്തോടെ ഊര്‍ജം സംഭരിക്കുന്നുണ്ട്. സമൂഹം, ബന്ധം എന്നീ തലങ്ങളില്‍ മാത്രം ഒതുങ്ങുന്ന വിഷയമാണ് എന്നു പറയുന്നതിനപ്പുറം ശാരീരിക ജീവിതത്തെ അല്ലെങ്കില്‍ വ്യക്തിപരമായ ജീവിതത്തെ പ്രബലമാക്കുന്നതായാണു ശബരിമല തീര്‍ഥാടനത്തെക്കുറിച്ചു നാം മനസ്സിലാക്കുന്നത്.

നാം നേരത്തെ പരാമര്‍ശിച്ചതു പോലെ, പുരുഷന്‍ എങ്ങനെ തന്റെ ബന്ധങ്ങളുടെ ലോകത്തില്‍ സ്ത്രീയെയും ഇതര പുരുഷനെയും സമീപിക്കുന്നു എന്നതു് ശബരിമല തീര്‍ഥാടനത്തിന്റെ സവിശേഷ ഉള്ളടക്കമാണ്. അതുകൊണ്ടു് ദക്ഷിണേന്ത്യന്‍ സാമൂഹിക പഠനങ്ങളിലെ സുദീര്‍ഘ പ്രശ്‌നമായി ഉന്നയിക്കുന്ന, ഗൃഹനായകന്‍, പരിത്യാഗി ഈ സങ്കല്‍പ്പങ്ങള്‍ ശബരിമല ദര്‍ശനത്തിലെ പുരുഷ-സ്ത്രീ ബന്ധങ്ങളിലെ പ്രധാന ഘടകമാണെന്നു നമ്മെ ബോധ്യപ്പെടുത്തുന്നു.

ഹൈന്ദവ സാമൂഹിക ജീവിതത്തിലെ വൈരുധ്യം നിറഞ്ഞ അടരുകളെ പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞനായ ലൂയി ഡുമോന്റ് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഗൃഹനായകനായ പുരുഷന്റെ ജാതിയും അവന്റെ ആത്മീയബോധവും എങ്ങനെ പരിത്യാഗസങ്കല്‍പ്പവുമായി ബന്ധപ്പെടുത്തി വളര്‍ന്നുവരുന്നുവെന്നാണു് ലൂയി തന്റെ ഹോമോ ഹിയറാര്‍കീകസ് (HOMO HIERARCHICUS) എന്ന പഠനത്തില്‍ പരിശോധിക്കുന്നത്. പ്രസ്തുത ഗ്രന്ഥത്തില്‍ത്തന്നെ അദ്ദേഹം, ഹൈന്ദവ മതാചാരങ്ങളെ ക്രമീകരിച്ച് അവയെ, ലോകത്തിനകത്തു ജീവിക്കുന്ന പുരുഷന്‍, ലോകത്തിനു പുറത്തു ജീവിക്കുന്ന പുരുഷന്‍ ഈ ദ്വന്ദങ്ങളിൽ വീക്ഷിക്കുന്നതു കാണാം. ഏതായാലും ഈ രണ്ട് ഇനങ്ങളുടെ വൈരുധ്യാത്മക ബന്ധങ്ങള്‍ ദക്ഷിണേന്ത്യന്‍ അക്കാദമിക് ചര്‍ച്ചകളില്‍ സജീവമാണ്. ഉദാഹരണത്തിന് പരിത്യാഗ മനോഭാവത്തോടു് ബുദ്ധസമൂഹവും ബ്രാഹ്മണരും സ്വീകരിക്കുന്ന നിലപാടുകളെ, താമ്പിയ സൂക്ഷ്മമായി വിശദീകരിക്കുന്നുണ്ട്. പരിത്യാഗിയുടെ ജീവിതത്തോട് ഏതാണ്ട് അസംതൃപ്തി പുലര്‍ത്തുന്ന നിലപാടാണു ബ്രാഹ്മണ വിഭാഗത്തിനുള്ളത്. മാത്രമല്ല ഗൃഹനായകന്‍ കാത്തുസൂക്ഷിക്കേണ്ട എല്ലാ ബാധ്യതകളും പൂര്‍ത്തിയായതിനു ശേഷം ജീവിതത്തിന്റെ അന്തിമഘട്ടത്തില്‍ മാത്രം സ്വീകരിക്കേണ്ട മാര്‍ഗമായിട്ടാണു് പരത്യാഗസങ്കല്‍പ്പത്തെ/പരിവ്രാജകത്തെ ബ്രാഹ്മണര്‍ കാണുന്നത്. എന്നാല്‍ ബുദ്ധിസം പറയുന്നത് ‘സാധാരാണ ഗൃഹനായകന്റെ മൗലികമായ ഉണ്മ ഉറപ്പിക്കപ്പെടുന്നതു് പരിത്യാഗിയുടെ നിലനില്‍പ്പിലൂടെ മാത്രമാണ്; അവനുമേലാണ് അവന്‍ ഭൗതികമായി അവലംബം തേടുന്നതെ’ന്നാണ്.

ബൗദ്ധ- ജൈന -ഹൈന്ദവ ചിന്തകളിലെ പ്രസ്തുത വൈപരീത്യത്തെ ചരിത്രപരതയുടെ ഭാഗമായി സംസാരിക്കാനും അവയിലെ സാംസ്‌കാരിക ഇടപെടലുകള്‍, പരിത്യാഗിയായ ഗൃഹനായകന്‍ എന്ന വേദ സങ്കല്‍പ്പത്തെ എങ്ങനെ സാധൂകരിക്കുന്നുവെന്ന് റോമില ഥാപ്പര്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ഹൈന്ദവ ജീവിതത്തിലെ ചതുര്‍ഘട്ടങ്ങളില്‍ (ആശ്രമ കാലഘട്ടങ്ങള്‍) എങ്ങനെ പരിത്യാഗിയായ കുടുംബനാഥന്‍ എന്ന സങ്കല്‍പ്പം ഉള്‍കൊള്ളിക്കാം എന്ന ചരിത്രപരമായ ആലോചനകളെ ഭീഷണിയായിട്ടാണു റോമില ഥാപ്പര്‍ വീക്ഷിക്കുന്നത്.

റോമിലെ ഥാപ്പർ
റോമില ഥാപ്പർ

പക്വതയെത്തിയ പുരുഷന്മാര്‍ക്കിടയില്‍ ഗൃഹനായകന്‍ എന്ന സങ്കല്‍പ്പം പ്രബലമായ ഓറിയന്റേഷന്റെ ഭാഗമായി വളര്‍ന്നതു കൊണ്ടു തന്നെ, പരിത്യാഗി, ഗൃഹനായകന്‍ സങ്കല്‍പ്പങ്ങള്‍ക്കു് ദക്ഷിണേന്ത്യന്‍ സമൂഹപാരമ്പര്യത്തില്‍ വിവിധ വ്യാഖ്യാനങ്ങളുള്ളതായി കാണാം. അതുകൊണ്ടു തന്നെ അവ രണ്ടും തമ്മിലുള്ള വൈപരീത്യം പലപ്പോഴും ഉപയോഗപ്രദമാവുകയും ചെയ്യുന്നു. ബുദ്ധിസത്തെ വെറുക്കാനും അതിനെ ചെറുത്തുതോല്‍പ്പിക്കുന്നതിലേക്കും എത്തിക്കുന്ന ശ്രമങ്ങള്‍ എത്‌നോഗ്രഫിക് പഠനങ്ങള്‍ നടക്കുന്ന വര്‍ത്തമാന കാലത്തില്‍ വരെ കാണപ്പെടുന്നതു് പ്രസ്തുത വൈരുധ്യത്തിന്റെ ഭാഗമായാണ്. പരിവ്രാജകരായ ആളുകളെ നേരിട്ടു കാണുമ്പോള്‍ ബഹുമാനം ലഭിക്കുമെങ്കിലും പൊതുവായി അവരെക്കുറിച്ചു നടത്തുന്ന സംഭാഷണങ്ങളില്‍ ശകാരവും പരിഹാസവുമാണു പ്രത്യക്ഷപ്പെടുന്നത്. പരിത്യാഗത്തോടു പുലര്‍ത്തുന്ന മറഞ്ഞുകിടക്കുന്ന വെറുപ്പാണതെന്നു പറഞ്ഞ ഡൂമോയുടെ നിലപാട് ഏറെ ശരിയാണ്.

ബൗദ്ധ ജൈന ഹൈന്ദവ ചിന്തകളിലെ പ്രസ്തുത വൈപരീത്യത്തെ ചരിത്രപരതയുടെ ഭാഗമായി സംസാരിക്കാനും അവയിലെ സാംസ്‌കാരിക ഇടപെടലുകള്‍ പരിത്യാഗിയായ ഗൃഹനായകന്‍ എന്ന വേദ സങ്കല്‍പ്പത്തെ എങ്ങനെ സാധൂകരിക്കുന്നുവെന്നും റോമില ഥാപ്പര്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ഹൈന്ദവ ജീവിതത്തിലെ ചതുര്‍ഘട്ടങ്ങളില്‍ (ആശ്രമ കാലഘട്ടങ്ങള്‍) എങ്ങനെ പരിത്യാഗിയായ കുടുംബനാഥന്‍ എന്ന സങ്കല്‍പ്പം ഉള്‍കൊള്ളിക്കാം എന്ന ചരിത്രപരമായ ആലോചനകളെ ഭീഷണിയായിട്ടാണു റോമില ഥാപ്പര്‍ വീക്ഷിക്കുന്നത്.

അതേസമയം ടി.എന്‍ മദന്‍ പരാമര്‍ശിക്കുന്നത് ഇപ്രകാരമാണ്, ‘ഗൃഹനായകന്‍ തന്റെ കുടുംബജീവതം നന്മ നിറഞ്ഞതാക്കുന്നതു് പരിത്യാഗത്തിന്റെ അന്തസ്സത്തയായ ആസ്വാദനത്തെ ഒഴിവാക്കുക എന്ന സങ്കല്‍പ്പത്തിലൂടെയാണ്’. ഈ ലോകത്തു ജീവിക്കുന്ന മനുഷ്യന്റെ മൂല്യങ്ങളെ ഉറപ്പിക്കാനും അവയെ തനിക്കു ലഭിച്ച എത്‌നോഗ്രഫിക് വിജ്ഞാനവുമായി ബാലന്‍സ് ചെയ്തു സംസാരിക്കാനുമാണു മദന്‍ ശ്രമിക്കുന്നത്. ഏതായാലും രണ്ടു വൈരുധ്യം നിറഞ്ഞ മൂല്യവ്യവസ്ഥകള്‍ വേറിട്ടു നില്‍ക്കാനും വ്യത്യസ്ത മണ്ഡലത്തില്‍ ജീവിക്കാനും വിസമ്മതിക്കുന്നുവെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. അഥവാ പരിത്യാഗമില്ലാത്ത ഭൗതിക ജീവിതം മെച്ചപ്പെടുത്താന്‍ പരിത്യാഗത്തിലൂടെ മൂല്യങ്ങളുടെ നിര്‍മാണം ഗൃഹനായകന് അനിവാര്യമാണെന്ന് ഉറപ്പിച്ചുപറയുന്നു.

ബര്‍ഗാര്‍ട്ട് അദ്ദേഹത്തിന്റെ പ്രധാന ലേഖനത്തില്‍, പരിത്യാഗിയുടെ കാഴ്ചപ്പാടിലൂടെ പ്രസ്തുത വിഷയത്തെ എങ്ങനെ വീക്ഷിക്കാമെന്ന് എത്‌നോഗ്രഫിക്ക് വിവരശേഖരണം മുന്നില്‍വെച്ചു സംസാരിക്കുന്നുണ്ട്. സംമ്പ്രദായാസ് എന്ന് അറിയപ്പെട്ട സവിശേഷ സന്ന്യാസ വിഭാഗത്തിന്റെ കല്‍പനകളെ ആധാരമാക്കിയുള്ളതാണ് അദ്ദേഹത്തിന്റെ വിവരണം. നശ്വരമായ ലോകത്തെ തിരസ്‌കരിക്കല്‍ സാമൂഹിക ജീവിതത്തെ തിരസ്‌കരിക്കുന്നതു പോലയല്ല. അഥവാ പരിത്യാഗം വ്യക്തിമാഹാത്മ്യവാദത്തേയോ മറ്റുള്ളവരുമായി ഇടപെടുന്നതിനെ തിരസ്‌കരിക്കുന്നതിനേയോ ജാതിയുടെ ലോകത്തില്‍ നിന്നു പിന്‍വാങ്ങുന്നതിനേയോ അര്‍ഥമാക്കുന്നില്ല. പിന്നീടു വന്ന പഠനങ്ങളൊക്കെ പരിത്യാഗം സാമൂഹികബന്ധങ്ങള്‍ക്ക് അറുതിവരുത്തുന്നില്ല എന്ന ബര്‍ഗാര്‍ട്ടിന്റെ വാദത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. ബ്രാഹ്മണനായ ഗൃഹനായകനൊപ്പം ഭാഗികമായി ചേര്‍ക്കപ്പെട്ടതാണു പരിത്യാഗിയുടെ ബോധം എന്നു വാദിച്ചു കൊണ്ടു ബ്രാഹ്മണന്‍ ഒരു സര്‍വ്വസംഗപരിത്യാഗിയാണെന്നു ഫുള്ളര്‍ വാദിക്കുന്നുണ്ട്. ബ്രാഹമണ്യശുദ്ധി ബ്രാഹ്മണന്റെ ഭാര്യയുടെ നിലനില്‍പ്പിലും താഴ്ന്ന വിഭാഗക്കാര്‍ നല്‍ക്കുന്ന സേവനങ്ങളിലുമാണ് എന്നു വിശ്വസിച്ചാലും, ആദര്‍ശപരമായി താഴ്ന്ന വിഭാഗങ്ങളുടെ സേവനം അവര്‍ക്ക് അനുവദിക്കപ്പെട്ടതല്ല.

മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, പരിത്യാഗത്തിലൂന്നിയ തിരസ്‌കാരബോധത്തെപ്പോലെ താഴ്ന്നജാതിയുമായുളള അധികാരബന്ധങ്ങളാണു ബ്രാഹ്മണ്യത്തിന്റെ അനുഷ്ഠാനാധിപത്യത്തെ നിയന്ത്രിക്കുന്നത്. അതേസമയം സാര്‍വത്രികമായ ഹൈന്ദവ ഭക്തി ചിന്തയില്‍ പരിത്യാഗം എല്ലാവര്‍ക്കും അനുഭവിക്കാവുന്ന ഘടകമായി മാറുന്നു. ആധികാരശ്രേണിയുടേയും ജാതിയുടേയും ലോകത്തില്‍ ഒരിക്കലും വേര്‍പ്പെട്ടതല്ല സന്യാസ വിഭാഗക്കാരുടെ ജീവിതമെന്നു വാല്‍ ഡെര്‍ വീര്‍ സൂചിപ്പിക്കുന്നുണ്ട്. കുടുംബമൂല്യങ്ങള്‍ നിര്‍വഹിക്കുന്ന പങ്കില്‍ നിന്നു വ്യതിചലിക്കുന്നവരായിരുന്നില്ല ബുദ്ധഭിക്ഷുക്കള്‍ എന്നു മില്‍ പറയുന്നു. വിട്ടുപോയ കുടുംബത്തോടും ഗ്രാമത്തോടും നിരന്തരം ബന്ധം പുലര്‍ത്തുന്ന സന്യാസിമാരുടെ എത്‌നോഗ്രഫി ജീവിതങ്ങളെക്കുറിച്ചു ശ്രീവാസ്തവ പറയുന്നുണ്ട്. ചുരുക്കത്തില്‍ ഇവയെല്ലാം അര്‍ഥമാക്കുന്നതു പ്രധാനമായും രണ്ടു കാര്യങ്ങളെയാണ്. ഒന്ന്, യഥാര്‍ഥ സന്യാസം എന്നു ഡുമോന്റ് വിശേഷിപ്പിക്കുന്നതിനെ വ്യക്തിമഹാത്മ്യവാദം, സാമൂഹികബന്ധങ്ങളുടെ രാഹിത്യം, ജാതിയെ വെറുക്കല്‍ തുടങ്ങിയ സവിശേഷതകളുമായി കൂട്ടിവായിക്കാം. രണ്ടാമത്തേത്, ബര്‍ഗാര്‍ട്ട് അവതരിപ്പിച്ച രണ്ട് ആശയ മണ്ഡലങ്ങള്‍ മാറ്റിനിര്‍ത്തികൊണ്ടുതന്നെ സാമൂഹികമായും പ്രത്യയശാസ്ത്രപരമായും ഉള്ള ബന്ധങ്ങളെ ബന്ധിച്ചുനിര്‍ത്തുന്നതല്ല ഗൃഹനായകന്‍, പരിത്യാഗി സങ്കല്‍പ്പങ്ങള്‍. ശബരിമല തീര്‍ഥാടനവും അവ തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണു പ്രകടമാക്കുന്നത്. കൊണ്ടും കൊടുത്തും നിറവേറ്റപ്പെടുന്ന ശക്തിയാര്‍ജിക്കലും ശക്തിസമ്പാദനവും തീര്‍ഥാടനത്തില്‍ കാണുന്നതു കൊണ്ട്, വിഭിന്നമായ സാമൂഹിക-സാംസ്‌കാരിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവ സഹായകമാവുന്നു. ഈ ലോകത്തു ജീവിക്കുന്ന മനുഷ്യന് ഒരു ഗൃഹനായകനാവണമെങ്കില്‍ അവന്‍ സന്യാസജീവിതത്തിന്റെ ചില ഘടകങ്ങള്‍ സ്വായത്തമാക്കുകയോ, അല്ലെങ്കില്‍ ബ്രഹ്മചാരിയായ അയ്യപ്പനെപ്പോലെ ഇഹപരമനുഷ്യനായോ ജീവിക്കേണ്ടതാണ് എന്നു ശബരിമല നമ്മെ ബോധ്യപ്പെടുത്തുന്നു. തീര്‍ഥാടനം എന്ന കര്‍മത്തോടെ ഗൃഹനായകന്‍ സന്യാസിയായി മാറുന്നു. ശേഷം ആണ്‍സന്യാസിമാരുടെ വലിയ കൂട്ടത്തിലേക്ക് അവന്‍ കൂടിച്ചേരുന്നു. എന്നാല്‍ കന്നിസ്വാമിമാര്‍ സന്ദര്‍ശിക്കാത്ത ദിവസവും കാത്തു കഴിയുകയാണ് അയ്യപ്പന്‍. അന്ന് അയ്യപ്പന്‍ മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കുകയും ഗൃഹനായകനാവുകയും ചെയ്യും. ഇന്നും മാളികപ്പുറത്തമ്മ അയ്യപ്പനെ കാത്തുനില്‍കുകയാണ്. ഏതായാലും അയ്യപ്പനെക്കുറിച്ചുള്ള മിത്തുകള്‍ ഇതോടെ അവസാനിക്കുന്നതല്ല, മറിച്ച് ഓരോ വര്‍ഷവും ശബരിമല ദര്‍ശനസമയം വരുമ്പോള്‍ പ്രസ്തുത ദമ്പതിമാരെയും അവരുടെ വിവാഹപ്രതിജ്ഞയെയും അകാലപ്രശ്‌നമായി പുനരവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ടു ഗൃഹനായകന്‍, സന്യാസി എന്നീ സങ്കല്‍പ്പങ്ങള്‍ പരസ്പരം വിരുദ്ധമായി നിലനില്‍ക്കുന്നതല്ലെന്നും അവ നിരന്തരം ഒന്നിനു മീതെ മറ്റൊന്നായി വരുന്ന (പരസ്പര ബന്ധിതവും പരിണാമങ്ങള്‍ക്കു വിധേയവുമായ) ഒന്നാണെന്നും ശബരിമല നമ്മെ ബോധ്യപ്പെടുത്തുന്നു.

ലൂയിസ് ടുമോൻ
ലൂയിസ് ടുമോൻ

ചുരുക്കത്തില്‍, ശബരിമല തീര്‍ഥാടനം നാം വിശദീകരിച്ച പരസ്പര വിരുദ്ധങ്ങളായ രണ്ടു സങ്കല്‍പ്പങ്ങളുടെ ഐക്യപ്പെടലാണെന്നു പറയാം. അതില്‍ വിവാഹത്തിനു വിസമ്മതിക്കുന്ന അയ്യപ്പന്റെ ഉന്നത പൗരുഷത്തിന്റെ രഹസ്യം കൂടി മറഞ്ഞുകിടപ്പുണ്ട്. സാമൂഹിക ബന്ധങ്ങളില്‍ നിന്ന് ഒരു നേരത്തേക്കു പരിത്യാഗിയായി മാറുന്ന പുരുഷനായ കുടംബനാഥന്റെ വിജയ നിദാനവും അയ്യപ്പനാണ്. ഭക്തജനങ്ങള്‍ നിരന്തരം ആശിര്‍വാദങ്ങളും അനുഗ്രഹങ്ങളും നേടാന്‍ അയ്യപ്പനെ സമീപിക്കുമ്പോള്‍ വാസ്തവത്തില്‍ ശക്തിപ്പെടുന്നത് ആണത്തത്തിന്റെ അധികാരമേഖലയാണ്. കൂടാതെ ഉത്തമപൗരുഷത്തിന്റെ ആവിഷ്‌കാരമായ അയ്യപ്പനും വര്‍ധിതവീര്യത്തോടെ ഊര്‍ജം സംഭരിക്കുന്നുണ്ട്. സമൂഹം, ബന്ധം എന്നീ തലങ്ങളില്‍ മാത്രം ഒതുങ്ങുന്ന വിഷയമാണ് എന്നു പറയുന്നതിനപ്പുറം ശാരീരിക ജീവിതത്തെ അല്ലെങ്കില്‍ വ്യക്തിപരമായ ജീവിതത്തെ പ്രബലമാക്കുന്നതായാണു ശബരിമല തീര്‍ഥാടനത്തെക്കുറിച്ചു നാം മനസ്സിലാക്കുന്നത്. എങ്കിലും വ്യക്തിപരമായ താല്‍പര്യങ്ങളെ (ഓരോ വ്യക്തിയുടേയും സ്വത്വ താല്‍പര്യങ്ങളെ) നിരാകരിക്കുന്ന ഘടകങ്ങള്‍ മലയാളിപുരുഷന്മാര്‍ക്കിടയില്‍ സജീവമാണ്. അവര്‍ അത്തരം ഘടകങ്ങളെ സാമൂഹിക വിരുദ്ധം എന്ന രീതിയിലാണു പരിചയപ്പെടുത്തുന്നത്. അതുകൊണ്ട് ഇന്ത്യയില്‍ വ്യക്തിസ്വാതന്ത്ര്യവാദം തികച്ചും അംഗീകരിച്ചുവരുന്ന നല്ല ബോധമായി മാറാത്തതു കൊണ്ടു തന്നെ വ്യക്തിയെ (self) മറികടന്ന് എല്ലായിടങ്ങളിലും കൂട്ടങ്ങള്‍/സമൂഹങ്ങള്‍ മേല്‍കോയ്മ നേടുകയാണ്. ഇനി അഥവാ സെല്‍ഫ് ഉണ്ടെന്നു പറഞ്ഞാല്‍ തന്നെ അതിലും അധികാരകൂട്ടത്തിന്റെ ബോധം മറഞ്ഞിരിപ്പുണ്ട് എന്നാണു മനസ്സിലാക്കുന്നത്. കുര്‍ത്സ് അതിനെ വിളിക്കുന്നത് Ego of Whole എന്നാണ്. അതുകൊണ്ടു പെണ്‍ എന്ന സെല്‍ഫിനെ പുറംതള്ളി ആണ്‍കൂട്ടങ്ങളുടെ ആയിരക്കണക്കിനു കൂട്ടങ്ങളിലേക്ക് അയ്യപ്പന്‍ എന്ന പുരുഷാധികാരത്തിന്റെ ഊര്‍ജം ലയിക്കുന്നതോടെ, ലിംഗപരമായ അധികാരവ്യത്യാസങ്ങള്‍ പ്രകടമാകുന്നതായികാണാം. കൂടാതെ പ്രസ്തുത വിഷയം സമകാലിക രാഷ്ട്രീയത്തില്‍ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി പ്രത്യക്ഷപ്പെടുന്ന സാഹചര്യവും നമുക്കു കാണാം.

അഹിന്ദുകള്‍ പ്രവേശിക്കുകയും മുസ്‌ലിം ഔലിയ/പരിത്യാഗി സഹായിയായും ഉണ്ടായിരുന്ന വര്‍ഗീയമുക്ത മതാന്തരീക്ഷമാണു കേരളത്തിലേതെന്നു നിരന്തരം മലയാളികള്‍ അവകാശപ്പെടാറുമുണ്ട്. എന്നാല്‍ മലയാളിയുടെ സര്‍വ്വ സമത്വമനോഭാവത്തെ പകരം വെക്കുന്നതാണു നാം നേരത്തെ ഉന്നയിച്ച ഹൈന്ദവ ആണാവിഷ്‌കാരത്തിന്റെ മുഖങ്ങള്‍. പൊതു വ്യവഹാരത്തിലും സ്വകാര്യ സംഭാഷണങ്ങളിലും അത്തരം ധാരണക്കു വേരോട്ടം ലഭിക്കുകയും അയ്യപ്പനു സഹായിയായി നിന്ന മുസ്‌ലിം പരിത്യാഗിയെ പോലെ അഹിന്ദുക്കളായ ജനതയും ഹൈന്ദവ ആണാവിഷ്‌കാരത്തിന്റെ പുനഃനിര്‍മാണ കൂട്ടായ്മയിലേക്കു ലയിക്കുന്നുവെന്നാണു സൂചിപ്പിക്കുന്നത്.

1990കള്‍ മുതല്‍ സജീവമായ ഹിന്ദുത്വ മുന്നേറ്റങ്ങളെക്കുറിച്ച് എഴുതപ്പെട്ട ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു; ‘പുരുഷാധികാരത്തിന്റെ ഊര്‍ജം സംഭരിക്കാനുള്ള തെരഞ്ഞെടുക്കപ്പെട്ട വഴിയാണു ബ്രഹ്മചര്യം’. ഹൈന്ദവ ആണ്‍കോയ്മയെക്കുറിച്ചുള്ള വ്യവഹാരങ്ങളില്‍, പ്രസ്തുത ആണധികാരം ബുദ്ധസമൂഹം വിഭാവനം ചെയ്ത ബ്രഹ്മചര്യത്തെ നിരാകരിക്കുന്നതായി കാണാം. പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ നിര്‍മ്മാതാവായ കമല ഹാസന്‍ സംവിധാനം ചെയ്ത ‘ഹേറാം’ എന്ന സിനിമയുടെ വിശകലനത്തില്‍ സിനിമാചരിത്രകാരനായ രവി വാസുദേവന്‍ നടത്തിയ പരാമര്‍ശവും ഇതിനു സമാനമാണ്. ഹൈന്ദവ ദേശീയതയെ പ്രശ്‌നവത്കരിക്കുന്ന സിനിമയില്‍ ഹൈന്ദവ പുരുഷ മേല്‍കോയ്മ പരിത്യാഗത്തിലൂടെ രാഷ്ട്രീയ ഊര്‍ജം നേടുന്നുവെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. മുസ്‌ലിം ഹിംസയിലൂടെ ഉണര്‍ന്നെണീക്കുന്ന ഹൈന്ദവ ആണധികാരം പരിപൂര്‍ണനായ ഗൃഹനായകനെ തീവ്രനിലപാടു സ്വീകരിക്കുന്ന പരിത്യാഗിയുടെ വേഷത്തിലേക്കു മാറ്റാന്‍ പ്രാപ്തമാക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പാസീവായ/നിസ്സംഗമായ നിലപാടു സ്വീകരിക്കുന്നതില്‍ അകലം പാലിച്ച് അധികാര പ്രയോഗവും വെട്ടിപിടിക്കലുകളും ഹൈന്ദവ ആണത്വത്തിന്റെ പ്രതിജ്ഞയായി അവര്‍ കൊണ്ടുനടക്കുന്നു. ഭൂരിപക്ഷം അയ്യപ്പഭക്തര്‍ താമസിക്കുന്ന വലിയഗ്രാമം എന്ന സ്ഥലം ഹിന്ദുതീവ്രവാദസംഘടനയായ ആര്‍.എസ്.എസിന്റെ താവളമാണ്. ശബരിമലയാത്രക്കു മുന്‍പ് അവിടെ അഗ്നിക്കു മുകളിലൂടെ നടക്കുന്ന അഭ്യാസം കാണിച്ച ഒരു വ്യക്തി റൗഡിയെന്നാണു പരക്കെ അറിയപ്പെടുന്നത്. കൂടാതെ അവിടത്തെ ദലിതരെ നിരന്തരം ഭീഷണിക്കു വിധേയമാക്കുന്ന വ്യക്തിയുമായിരുന്നു ആ മനുഷ്യന്‍. അയ്യപ്പ ഭക്തരുമായി അതീവ ബന്ധം പുലര്‍ത്തുന്ന കേരളത്തിലെ രണ്ടു പ്രധാന ക്ഷേത്രങ്ങള്‍ ഹിന്ദുത്വയുടെ ഹിംസാത്മക രാഷ്ട്രീയത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായാണ് എണ്ണപ്പെടുന്നത്. അതായത്, തീര്‍ഥാടനം എന്ന പേരില്‍ ഹൈന്ദവ മതത്തിന്റെ മിക്കസംരംഭങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ പ്രസ്തുത തീവ്രഹൈന്ദവതയുടെ ഭാഗമാണെന്നതാണു വാസ്തവം. 2002ല്‍ വലിയഗ്രാമത്തിലുള്ള മിക്ക ക്ഷേത്രകമ്മിറ്റിയിലും ആര്‍.എസ്.എസ് അംഗത്വമുള്ളവരായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ ദക്ഷിണേന്ത്യന്‍ പാരമ്പര്യത്തില്‍ മുസ്‌ലിം ഔലിയാക്കളുടെ സഹായത്തോടെ ഹിന്ദു ദൈവങ്ങള്‍ നിലനില്‍ക്കുന്നത് ഒരു അസാധാരണ കാര്യമൊന്നുമല്ല. ഇതര മതവിശ്വാസാചാരങ്ങളുമായി കൂടിചേര്‍ന്ന മുസ്‌ലിം പരിത്യാഗികളുടെ ജീവിതവും ഇന്ത്യന്‍ ചരിത്രത്തില്‍ അത്യപൂര്‍വ്വമല്ല എന്നു കാണാം. അതുകൊണ്ടു കേരളത്തിന്റെ പുരോഗമനചിന്തയുടെ അടയാളമായിട്ടാണു പലരും ശബരിമലയെ ഉദ്ധരിക്കാറുള്ളത്. അഹിന്ദുകള്‍ പ്രവേശിക്കുകയും മുസ്‌ലിം ഔലിയ/പരിത്യാഗി സഹായിയായും ഉണ്ടായിരുന്ന വര്‍ഗീയമുക്ത മതാന്തരീക്ഷമാണു കേരളത്തിലേതെന്നു നിരന്തരം മലയാളികള്‍ അവകാശപ്പെടാറുമുണ്ട്. എന്നാല്‍ മലയാളിയുടെ സര്‍വ്വ സമത്വമനോഭാവത്തെ പകരം വെക്കുന്നതാണു നാം നേരത്തെ ഉന്നയിച്ച ഹൈന്ദവ ആണാവിഷ്‌കാരത്തിന്റെ മുഖങ്ങള്‍. പൊതു വ്യവഹാരത്തിലും സ്വകാര്യ സംഭാഷണങ്ങളിലും അത്തരം ധാരണക്കു വേരോട്ടം ലഭിക്കുകയും അയ്യപ്പനു സഹായിയായി നിന്ന മുസ്‌ലിം പരിത്യാഗിയെ പോലെ അഹിന്ദുക്കളായ ജനതയും ഹൈന്ദവ ആണാവിഷ്‌കാരത്തിന്റെ പുനഃനിര്‍മാണ കൂട്ടായ്മയിലേക്കു ലയിക്കുന്നുവെന്നാണു സൂചിപ്പിക്കുന്നത്.

 

(പ്രമുഖ സാമൂഹിക നരവംശ ശാസ്ത്രജ്ഞരായ ഫിലിപ്പോ ഒസല്ലയും കരോലിന ഒസല്ലയും ചേര്‍ന്ന് എഴുതിയ Ayyappan Saranam: Masculinity and Shabarimala Pilgrimage in Kerala എന്ന പ്രബന്ധത്തിന്റെ ചുരുക്കവിവര്‍ത്തനമാണ് ഇത്. മുപ്പത് വര്‍ഷക്കാലം ഇന്ത്യയിലെ ജനങ്ങളെയും പ്രത്യേകിച്ച് കേരളത്തിലെ മലബാര്‍ പ്രദേശങ്ങളിലുള്ള കുടിയേറ്റം,പ്രവാസം,മുസ്‌ലിം സംസ്‌കാരം, ആദര്‍ശ സംവാദങ്ങള്‍ എന്നീ സാമൂഹിക പ്രതലങ്ങളെ ആഴത്തില്‍ പഠിക്കുകയും അവയെ വിമര്‍ശനാത്മകമായി സമൂഹപഠനങ്ങളില്‍ പ്രയോഗിക്കുകയും ചെയ്ത ഗവേഷക കൂടിയാണ് കരോലിന ഒസല്ല. 2018ല്‍ ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ ഗവേഷണം കഴിഞ്ഞതിനുശേഷം സസക്‌സ് യൂണിവേഴ്‌സിറ്റിയില്‍ റിസേഴ്ച്ച് അസോസിയേറ്റായി തുടരുന്നു. കേരളത്തില്‍ കാണപ്പെടുന്ന സാമൂഹിക നിര്‍മ്മിതികള്‍ എങ്ങനെ ജാതി,വര്‍ഗ, വംശ, ലിംഗ വേര്‍തിരിവുകള്‍ ഉണ്ടാക്കുന്നുവെന്നും അവയിലെ കാലാനുസൃതമായ മാറ്റങ്ങളെ പ്രശ്‌നവത്കരിക്കുന്നതാണ് കരോലിന നടത്തുന്ന ഗവേഷണത്തിന്റെ ഉള്ളടക്കം.
ഫിലിപ്പോ ഒസല്ല ഇരുപത് വര്‍ഷക്കാലമായി കേരളത്തിലെ മുസ്‌ലിം നവോത്ഥാന മുന്നേറ്റങ്ങളെക്കുറിച്ചും അവയുടെ മതപരമായ സ്വത്വം, ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റം എന്നീ വിഷയങ്ങളെ ആഴത്തില്‍ ഗവേഷണം നടത്തിയിട്ടുണ്ട്. Men and Masculinities in South India,Social Mobility in Kerala :Modernity and Identity in Conflict എന്നീ രണ്ട് കൃതികളും ഫിലിപ്പോയും കരോലിനയും ചേര്‍ന്ന് രചിച്ചതാണ്.)

Top