ഫാഷിസം, പ്രതിരോധം, ധാർമിക പ്രചോദനങ്ങൾ: കെ.ഇ.എൻ സംസാരിക്കുന്നു (ഭാഗം ഒന്ന്)
മതം, വര്‍ഗീയത, ജാതി, ദേശീയത, മാര്‍ക്‌സിസം, മുതലാളിത്തം… സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ-സാംസ്‌കാരിക വ്യവഹാരങ്ങളെ കുറിച്ച്, മാതൃഭൂമി ആഴ്ചപ്പതിപ്പിലെ അഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ കെ.ഇ.എന്നുമായി ബി.എസ് ബാബുരാജും അംബികയും നടത്തിയ അഭിമുഖ സംഭാഷണം.
ഓരോ മനുഷ്യരും ‘സ്വന്ത’ത്തോടു സത്യസന്ധരാവുമ്പോള്‍ സര്‍വ വ്യത്യസ്ത സ്വന്തങ്ങള്‍ക്കും പരസ്പര സൗഹൃദം പങ്കുവെക്കാന്‍ കഴിയും. ‘സ്വന്തം’ എന്നുള്ളത്, ഒരു നിരന്തര നവീകരണ പ്രക്രിയയുടെ ന്യൂക്ലിയസാണ്. അശാന്തമായ അന്വേഷണങ്ങളാണു മനുഷ്യരെ സര്‍ഗാത്മകമായ സ്വസ്ഥതകളിലേക്കു നയിക്കുന്നത്. ”നിങ്ങളെന്നെ എങ്ങനെ വേണമെങ്കിലും നിന്ദിച്ചോളൂ, പക്ഷേ ഞാനൊരാളെയും നിന്ദിക്കുകയില്ല” എന്ന് ഓരോരുത്തരും ഉള്ളില്‍ തട്ടി പറയുമ്പോള്‍, നമ്മുടെ സംവാദങ്ങള്‍ക്ക് ഒരു സൂര്യശക്തി സാമൂഹ്യജീവിതത്തിലാകെ പ്രസരിപ്പിക്കാന്‍ കഴിയും. വ്യക്തികള്‍ സ്വന്തം ജീവിതത്തില്‍ ഒരനുഭൂതിപോലെ സ്വയമനുഭവിക്കുന്ന ആഴത്തിലുള്ള സത്യസന്ധത, തത്ത്വചിന്താപരമായ വ്യത്യസ്തതകള്‍ നിലനില്‍ക്കെത്തന്നെ പരസ്പരം ആകര്‍ഷിക്കും. സ്വന്തം തത്ത്വചിന്താപരമായ നിലപാടുകളില്‍ അടിയുറച്ചു നിന്നുകൊണ്ടുതന്നെ മനുഷ്യര്‍ക്ക് അപ്പോള്‍, സര്‍വ തത്ത്വചിന്തകള്‍ക്കുമപ്പുറത്തേക്കു ശിരസ്സുയര്‍ത്താന്‍ കഴിയും. ഗാന്ധിയനല്ലാത്ത വൈലോപ്പിള്ളി അഹിംസയെ ആഘോഷിക്കുന്ന ‘എണ്ണ പുഴുക്കള്‍’ പോലുള്ള കവിതകള്‍ എഴുതും. മാര്‍ക്‌സിസ്റ്റല്ലാത്ത ഇടശ്ശേരി അഹിംസയെ പ്രതിക്കൂട്ടിലേറ്റുന്ന ‘ബുദ്ധനും ഞാനും നരിയും’ എഴുതിപ്പോകും. (സംസ്‌കാരത്തിന്റെ സംഘര്‍ഷങ്ങള്‍, കെ ഇ എന്‍)
ഇന്ത്യന്‍ അവസ്ഥ അത്യന്തം ഭീതിജനകമാണ്. യു.പിയിലെ തവാങ്ങില്‍ ഒരു ഖാലിദ് മുഹമ്മദിനു മര്‍ദ്ദനമേറ്റതു തൊട്ടടുത്ത വീട്ടിലെ പശുവിനെ തുറിച്ചു നോക്കി എന്നാരോപിച്ചാണ്. ഭാരത് മാതാ കി ജയ് എന്ന് എഴുതിയില്ലെങ്കില്‍ ഗുജറാത്തിലെ അമ്രേലിയിലെ ശ്രീപട്ടേലിന്റെ ആശ്രമം ട്രസ്റ്റിന്റെ സ്കൂളില്‍ കുട്ടികള്‍ക്കു പ്രവേശനം ലഭിക്കില്ല! നാടിന്റെ കാര്യപരിപാടി ഞങ്ങള്‍ തീരുമാനിക്കും എന്നാണു ഫാഷിസ്റ്റ് സംഘടനകള്‍ ആക്രോശിക്കുന്നത്. സ്വാതന്ത്ര്യാനന്തരം മൂലധനശക്തികള്‍ തുടരുന്ന ചൂഷണം മുന്‍പില്ലാത്തവിധം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പേരിനെങ്കിലും വ്യത്യസ്ത തൊഴിലാളി സംഘടനകള്‍ക്ക് ഇതിനെതിരെ ഐക്യപ്പെടാന്‍ കഴിയുന്നുണ്ട്. അതേറെ ആവശ്യവും ആവേശജനകവുമാണ്. മൂലധന സര്‍വാധിപത്യത്തിനു മുന്‍പില്‍ ഐക്യപ്പെടുന്നവര്‍ക്കു പക്ഷേ, സംഘപരിവാര്‍ സാംസ്‌കാരികഭീകരതയ്ക്കുമുന്നില്‍ ഐക്യപ്പെടാനാവുന്നില്ല. സംഘപരിവാര്‍ തൊഴിലാളി സംഘടനയ്ക്കും സംഘപരിവാര ഫാഷിസത്തെ എതിര്‍ക്കുന്നവര്‍ക്കും സാമ്പത്തിക ഭീകരതകള്‍ക്കെതിരെ പരിമിതമായെങ്കിലും ഒന്നിക്കാനാവുമ്പോള്‍ പോലും സാംസ്‌കാരിക ഭീകരതയ്‌ക്കെതിരെ ഒന്നിക്കാന്‍ അവര്‍ക്കുപോലും കഴിയുന്നില്ല. ഗുജറാത്ത് വംശഹത്യ, കന്ധമാല്‍ വംശഹത്യ, മുസഫര്‍ നഗര്‍ കലാപം, തുടര്‍ച്ചയായി നടക്കുന്ന ആള്‍ക്കൂട്ടക്കൊലകള്‍, കഠാവയിലടക്കം നടന്ന ബലാല്‍ക്കാരങ്ങള്‍ ഇവയ്‌ക്കെതിരേയൊന്നും കാലം ആവശ്യപ്പെടും വിധമുള്ള തൊഴിലാളി ഐക്യം ഉണ്ടായിവരുന്നില്ല. തങ്ങളെ ബാധിക്കുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലാണു പൊതു ഐക്യം കാണുന്നത്. അത്രയും നല്ലതാണ്. എന്നാല്‍ ‘ഭൗതിക പ്രചോദന’ത്തില്‍ നിന്നും സമരത്തിന്റെ കേന്ദ്രം ‘ധാര്‍മിക പ്രചോദന’ത്തിലേക്ക് ഒരല്‍പംപോലും നീങ്ങുന്നില്ലെങ്കില്‍ ജനാധിപത്യം പേടിക്കണം. എല്ലാവരെയും പ്രത്യക്ഷത്തില്‍ ബാധിക്കുന്ന ഭയത്തിന്റെ അന്തരീക്ഷങ്ങളെ ഇല്ലാതാക്കാന്‍ കഴിയുന്നില്ലെങ്കില്‍, അതിനെ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുവിധ ഊര്‍ജവും നല്‍കാനാവുന്നില്ലെങ്കില്‍, മറ്റെല്ലാ സമരങ്ങളെയും ഇടപെടലുകളെയും അത് ഏറെ പ്രതികൂലമായി ബാധിക്കും.
മാതൃഭൂമിയില്‍ വന്ന അഭിമുഖത്തിന്റെ ഫോക്കസ് അതായിരുന്നു. പ്രധാനമായും അതിലെ ചോദ്യങ്ങളും പ്രതികരണങ്ങളും നമ്മുടെ നാട്ടില്‍ നടക്കുന്ന ‘സാംസ്‌കാരിക ഭീകരത’ സംബന്ധിച്ചായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാമെങ്കിലും അതിനപ്പുറം പരസ്പരം യോജിക്കാനാവുന്നൊരു പശ്ചാത്തലത്തിലാണ് ആ അഭിമുഖം ശ്രദ്ധിച്ചിരുന്നത്. കഠ്‌വയിലെ ബലാല്‍സംഗക്കൊല സൃഷ്ടിച്ച നടുക്കം നിലനില്‍ക്കെയായിരുന്നു ആ അഭിമുഖം. അതുകൊണ്ടുതന്നെ അഭിമുഖത്തിലെ പ്രധാന പ്രശ്‌നം അതായിരുന്നു. രണ്ടാമത് അവതരിപ്പിക്കാന്‍ ശ്രമിച്ചതു മതരഹിതര്‍ക്കു മതരഹിതരായിരിക്കാന്‍ കഴിയണമെങ്കില്‍ അവര്‍ ബദല്‍ ജീവിതം അല്ലെങ്കില്‍ ഒരു മതരഹിതസ്വത്വം ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്ന നിലപാടാണ്. മതവിശ്വാസികള്‍ക്കു മതവിശ്വാസികളായി അവരുടെ ജീവിതം ആവിഷ്‌കരിക്കാനും, മതരഹിതര്‍ക്കു മതരഹിതമായ അവരുടെ ജീവിതം ആവിഷ്‌കരിക്കാനും രണ്ടു വ്യത്യസ്ത ജീവിതമാതൃകകള്‍ തമ്മില്‍ അനിവാര്യമായ ആശയസംവാദം ആരോഗ്യകരമായി നടക്കേണ്ടതുണ്ടെന്നും ആ അഭിമുഖത്തില്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിരുന്നു. വ്യക്തികളുടെ ‘പേര്’ മുതല്‍ ആചാരാനുഷ്ഠാനങ്ങള്‍ വരെ വിശകലന വിധേയമായത് അതുകൊണ്ടാണ്.
മനുസ്മൃതി ഇന്ത്യന്‍ ഭരണഘടനയ്ക്കു മുകളില്‍ ഭീഷണിയുയര്‍ത്തുന്നൊരു പശ്ചാത്തലത്തില്‍, ഭക്ഷണം മുതല്‍ വായന വരെ അരിച്ചുപെറുക്കുന്നൊരവസ്ഥയില്‍, സവര്‍ണപ്രത്യയശാസ്ത്രം ‘സ്വാഭാവികത’യായി സ്വയം അവരോധിതമാവും വിധം ഭരണകൂടത്തിന്റെ സാംസ്‌കാരിക അടിച്ചമര്‍ത്തല്‍ ഭീകരവും സൂക്ഷ്മവുമാവുന്നൊരു സന്ദര്‍ഭത്തിലെ സംഘര്‍ഷങ്ങളാണ് ആ അഭിമുഖം പങ്കുവയ്ക്കാന്‍ ശ്രമിച്ചത്. ലിബറല്‍ സെക്കുലറിസ്റ്റുകളടക്കം സര്‍വരും ഐക്യപ്പെടേണ്ടൊരു പശ്ചാത്തലമാണ് ഇന്നുള്ളതെന്നു സര്‍വര്‍ക്കും അറിയാവുന്ന, അറിയേണ്ട കാര്യം ഓര്‍മിപ്പിക്കുക മാത്രമായിരുന്നു. പക്ഷേ, അഭിമുഖത്തോടുള്ള പ്രതികരണങ്ങള്‍ പലതും ഇതുമായി നമ്മുടെ ‘ആര്‍.എസ്.എസ് സന്ദര്‍ഭത്തില്‍’ നിര്‍ബന്ധമായും ബന്ധപ്പെടേണ്ടതില്ലാത്ത പല പ്രശ്‌നങ്ങളിലേക്കും വഴുക്കുകയാണുണ്ടായത്. മറുവാക്കിലെ എം ദിവാകരന്‍-എം വി കരുണാകരന്‍ സംഭാഷണവും സംവാദമാക്കേണ്ട ചില പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോഴും, എന്റെ അഭിമുഖത്തിലെ ഇന്ത്യയെയാകെ പിടികൂടിയ പേടിയില്‍ നിന്ന് എങ്ങനെ നമുക്കു പുറത്തുകടക്കാനാവും എന്ന കാര്യത്തില്‍ നിന്നും അകന്നുപോവുകയാണുണ്ടായത്. ചരിത്രത്തിന്റെ ചാലകശക്തിയെകുറിച്ചാണ് ആ അഭിമുഖം സംസാരിക്കുന്നത്. ഇന്ത്യന്‍ ജീവിതത്തെ നിശ്ചലമാക്കും വിധം നട്ടെല്ലിലേക്കു വരെ ഭീതി ഇരച്ചുകയറുന്നൊരവസ്ഥയെക്കുറിച്ചാണ് എന്റെ അഭിമുഖം പറയുന്നത്. മതം, ദേശീയത, ജാതി എന്നിവ ചരിത്രത്തിന്റെ ചാലകശക്തിയാണോ അല്ലയോ എന്നുള്ളതല്ല, മറിച്ച് ഇന്നത്തെ ആര്‍എസ്എസ് കാലത്ത് ഇന്ത്യയിലിപ്പോള്‍ ജാതി, മതം, ദേശീയത എന്നിവ സൃഷ്ടിക്കുന്ന സാംസ്‌കാരികഭീകരത എന്തുമാത്രം മാരകമാണെന്നാണ് ആലോചിക്കേണ്ടത്. വിവിധ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയോ ലിബറലുകളുടെയോ ഇന്ത്യന്‍ ഭരണകൂടം സംബന്ധിച്ച സംവാദങ്ങളില്‍ പങ്കെടുത്തുകൊണ്ട്, ഇന്ത്യന്‍ ഭരണവര്‍ഗം കോംബ്രദോര്‍ ആണോ, വന്‍കിട ബൂര്‍ഷ്വാസിയാണോ, ദേശീയ ബൂര്‍ഷ്വാസിയാണോ അതോ ബഹുവര്‍ഗമുന്നണിയാണോ തുടങ്ങിയ കാര്യങ്ങളായിരുന്നില്ല എന്റെ അഭിമുഖത്തിലെ വിഷയം.
ഇന്ത്യയിലിപ്പോള്‍ മുന്‍പില്ലാത്തവിധം ജാതി-മതാടിസ്ഥാനത്തില്‍ മനുഷ്യര്‍ ആക്രമിക്കപ്പെടുന്നു, തീവ്ര അസഹിഷ്ണുതയും അതിന്റെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണവും സംഘപരിവാര്‍ സര്‍ക്കാറിന്റെ ഔദ്യോഗിക നയമായി മാറിയിരിക്കുന്നു. ഇതിനെ, മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും തല്‍ക്കാലം മാറ്റിവച്ച് എങ്ങനെ പ്രതിരോധിക്കാനാവും എന്നാണ് ഒരു മതനിരപേക്ഷ സാംസ്‌കാരിക നിലപാടില്‍ നിന്നുകൊണ്ടു പരിശോധിക്കാന്‍ ശ്രമിച്ചത്. വൈരുദ്ധ്യാത്മക വിചിന്തനത്തിന്റെ ജീവന്‍, ലെനിന്‍ വ്യക്തമാക്കിയതുപോലെ സമൂര്‍ത്ത സാഹചര്യങ്ങളുടെ സമൂര്‍ത്ത വിശകലനത്തിലാണു നിലകൊള്ളുന്നത്. തത്ത്വങ്ങളില്‍ നിന്നു ജീവിതത്തിലേക്കല്ല, ജീവിതത്തില്‍ നിന്നു തത്ത്വങ്ങളിലേക്ക് എന്നതാണ് അതിന്റെ തത്ത്വശാസ്ത്രം. സ്വന്തം ജീവിതയാഥാര്‍ഥ്യങ്ങളെ തിരിച്ചറിയാന്‍ തടസ്സമാവുന്ന ഒരു തത്ത്വത്തെയും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം മാര്‍ക്‌സിസ്റ്റുകള്‍ക്കില്ല. സംഭവങ്ങളാണു ചരിത്രത്തിന്റെ യഥാര്‍ഥ വൈരുദ്ധ്യാത്മകത എന്നും അതെല്ലാ വിധിതീര്‍പ്പുകളെയും അഭിലാഷ ചിന്തകളെയും അതിജീവിക്കുമെന്നും ഗ്രാംഷി. പ്രശ്‌നം കേവലം തര്‍ക്കങ്ങളല്ല, അതിനെയെല്ലാം റദ്ദു ചെയ്യുന്ന ഭയപ്പെടുത്തും വിധമുള്ളൊരു ജീവിതാവസ്ഥയാണ്. മീര നന്ദ വ്യക്തമാക്കിയതുപോലെ ഇവിടെ ഇപ്പോഴുള്ളത് ഒരു ബ്രാഹ്മണിക്കല്‍ -കോര്‍പറേറ്റ് സമുച്ചയ (State Temple corporate complex) മാണ്. പ്രബുദ്ധമെന്നു കരുതപ്പെടുന്ന കേരളീയ സമൂഹത്തിന്റെ ബോധത്തിലേക്കു വരെ ഫാഷിസ്റ്റ് വൈറസ് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ തത്ത്വചിന്ത ഒരുപരിധിവരെ ‘ഇടതുപക്ഷ തത്ത്വചിന്ത’യായി വേറിട്ടു നില്‍ക്കുമ്പോള്‍, വലതുപക്ഷ തത്ത്വചിന്ത ‘സാമാന്യബോധ’മായി ജനജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നു മുന്നേറുന്നതാണു നാം കാണുന്നത്. ഒരു തത്ത്വചിന്ത ‘തത്ത്വചിന്ത’ മാത്രമായിരിക്കുമ്പോള്‍ തോല്‍ക്കുകയാണെന്നും അതു ജനങ്ങളുടെ സാമാന്യബോധമായി മാറുമ്പോഴാണു തത്ത്വചിന്ത എന്ന നിലയില്‍ വിജയിക്കുന്നതെന്നും മറ്റാരു മറന്നാലും ഇടതുപക്ഷം മറക്കരുത്. മതനിരപേക്ഷ രാഷ്ട്രീയത്തിനും സവര്‍ണ പ്രത്യയശാസ്ത്രത്തിനും സംഘര്‍ഷരഹിതമായി ഒരുമിച്ചു നില്‍ക്കാന്‍ ചിലപ്പോഴെങ്കിലും കഴിയുന്നു എന്നതു നടുക്കമുണ്ടാക്കണം. ആ അശ്ലീല ഒരുമയില്‍ വിള്ളലുണ്ടാക്കും വിധമുള്ള വിശകലനങ്ങള്‍ സാധ്യമാവണമെങ്കില്‍ ഫാഷിസ്റ്റ് വിമര്‍ശനങ്ങളില്‍ വെള്ളം ചേര്‍ക്കും വിധമുള്ള സമവാക്യശ്രമങ്ങള്‍ ഉപേക്ഷിക്കുക തന്നെ വേണം.
ബ്രിട്ടനു മുന്നില്‍ മാപ്പുപറഞ്ഞ, ഗാന്ധിവധത്തില്‍ ആശയ സ്രോതസ്സായ സവര്‍ക്കര്‍, അതേ ഗാന്ധിജിക്കുമുന്നില്‍ ഇന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദരണീയനായിരിക്കുമ്പോള്‍ സമവാക്യത്തൂക്കമൊപ്പിക്കാന്‍ സമാനസ്വഭാവമുള്ള മറ്റു വിഭാഗങ്ങളിലെ ഒരു വര്‍ഗീയവാദിയുടെ പടം കൂടി തൂക്കാന്‍ ‘സമവാക്യ ചിന്തകരാ’രും ആവശ്യപ്പെടുന്നേയില്ല. 2003ലാണ് പാര്‍ലമെന്റില്‍ സവര്‍ക്കറുടെ പടംതൂങ്ങിയത്. എന്നാല്‍ 2008ല്‍ യാദൃഛികമായി ഒരു രാജ്യസഭാംഗത്തിന്റെ പേരിനൊടുവില്‍ ‘ജിന്ന’ എന്നുണ്ടായിപ്പോയതുകൊണ്ട് അയാളനുഭവിച്ച പൊല്ലാപ്പ് ചില്ലറയായിരുന്നില്ല.
നവ ഉദാരവല്‍ക്കരണത്തിന്റേയും ആര്‍എസ്എസ് ആശയങ്ങളുടെയും ഉരുകിയൊന്നിക്കലാണു വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നതെന്നു യെച്ചൂരി. പ്രഭാത് പട്‌നായ്ക്, കെ എന്‍ പണിക്കര്‍, ഇര്‍ഫാന്‍ ഹബീബ്, റൊമീല ഥാപ്പര്‍ തുടങ്ങിയ മതനിരപേക്ഷ പ്രതിഭകള്‍ വര്‍ഗീയ വിദ്വേഷം പരത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവരാണെന്നു സംഘപരിവാര്‍ പ്രചാരകര്‍. സംഘപരിവാറുകാരല്ലാത്തവര്‍ ‘സംഘപരിവാര്‍ ഭാഷ’ സംസാരിക്കുമ്പോള്‍, ജനാധിപത്യവാദികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഒരു ഭീകരപ്രവര്‍ത്തനം നടന്നാല്‍, അതും ഭരണകൂടത്തിന്റെ തന്നെ തണലില്‍ നടന്നാല്‍, അതിനോടു പ്രതികരിക്കുന്നു എന്ന നാട്യത്തില്‍, അതിനു മുന്‍പു നടന്ന മറ്റൊരു ഭീകരസംഭവത്തെ ആദ്യത്തേതിനോടു കൃത്രിമമായി ചേര്‍ത്തുകെട്ടുന്ന വിശകലന സൂത്രവിദ്യകളെ അലസമായി അവഗണിക്കരുത്. മറ്റെല്ലാ ആക്രമണങ്ങളെയും അപലപിക്കുമ്പോഴും, ഭരണകൂട മാധ്യമികതയിലൂടെയുള്ള ആക്രമണമാണ് ഒരു പൗരസമൂഹത്തെ ഏറ്റവും നിസ്സഹായമാക്കുന്നതെന്നു നൂറാവര്‍ത്തി പറയാനായില്ലെങ്കില്‍, ഫാഷിസത്തിനു മുന്‍പില്‍ പിടിച്ചു നില്‍ക്കാനാവാതെ ജനാധിപത്യവാദികള്‍ നിസ്സഹായരാവും. ബ്രിട്ടനു മുന്നില്‍ മാപ്പുപറഞ്ഞ, ഗാന്ധിവധത്തില്‍ ആശയ സ്രോതസ്സായ സവര്‍ക്കര്‍, അതേ ഗാന്ധിജിക്കുമുന്നില്‍ ഇന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദരണീയനായിരിക്കുമ്പോള്‍ സമവാക്യത്തൂക്കമൊപ്പിക്കാന്‍ സമാനസ്വഭാവമുള്ള മറ്റു വിഭാഗങ്ങളിലെ ഒരു വര്‍ഗീയവാദിയുടെ പടം കൂടി തൂക്കാന്‍ ‘സമവാക്യ ചിന്തകരാ’രും ആവശ്യപ്പെടുന്നേയില്ല. 2003ലാണ് പാര്‍ലമെന്റില്‍ സവര്‍ക്കറുടെ പടംതൂങ്ങിയത്. എന്നാല്‍ 2008ല്‍ യാദൃഛികമായി ഒരു രാജ്യസഭാംഗത്തിന്റെ പേരിനൊടുവില്‍ ‘ജിന്ന’ എന്നുണ്ടായിപ്പോയതുകൊണ്ട് അയാളനുഭവിച്ച പൊല്ലാപ്പ് ചില്ലറയായിരുന്നില്ല. തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്കു ഡിഎംകെ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട അമീര്‍ അലി ജിന്നയാണ്, പ്രബുദ്ധമായ പാര്‍ലമെന്റില്‍ സ്വന്തം പേരിനൊടുവിലെ ‘ജിന്ന’ നിമിത്തം വല്ലാതെ സങ്കടത്തിലായത്. ഒടുവില്‍ എന്റെ പേര് ഒരു തര്‍ക്കപ്രശ്‌നമാക്കല്ലേ എന്ന് അദ്ദേഹം കെഞ്ചുകയായിരുന്നു. ഷേക്‌സ്പിയറുടെ ജൂലിയസ് സീസറിലെ കവിയായ സിന്നയെ ഗൂഢാലോചനക്കാരനായ സിന്നയാണെന്നു കരുതിയാണ് ആള്‍ക്കൂട്ടം കൊന്നത്. ഞാനാ സിന്നയല്ലെന്നു നിലവിളിച്ചപ്പോള്‍, ‘നീയാരായാലും ഒരു സിന്നയാണല്ലോ’ എന്നു പറഞ്ഞാണവര്‍ കൊന്നു കളഞ്ഞത്. അതേ ആള്‍ക്കൂട്ടമാണ് ഇന്ത്യയില്‍ ചില സ്ഥലങ്ങളിലെങ്കിലും ഇളകിമറിയുന്നത്. അതിനു തടയിടാന്‍ ഒരു വാക്കെങ്കില്‍ ഒരു വാക്ക്, അല്ലെങ്കില്‍ ഒരു തുള്ളി കണ്ണീരെങ്കിലും.
അഭിവാദ്യങ്ങള്‍ പകരുന്നത് മാനവികതയും ആത്മബോധവും
ഏതു മനുഷ്യബന്ധങ്ങളിലും ഏറ്റവും പ്രാഥമികമായ കാര്യങ്ങളിലൊന്നു പരസ്പരമുള്ള അഭിവാദ്യമാണ്. ഔപചാരിക രൂപമുണ്ട് അഭിവാദ്യത്തിന്. അതേസമയം അതിനൊരു അനൗപചാരിക ഉള്ളടക്കവുമുണ്ട്. രണ്ടാളുകള്‍ പരസ്പരം കണ്ണുതുറിപ്പിച്ചു നില്‍ക്കുകയാണെങ്കില്‍ അടിയുണ്ടാവുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെയും പാകിസ്താന്റെയും അതിര്‍ത്തിയിലുള്ളവര്‍ പരസ്പരം കണ്ണുതുറിച്ചു നോക്കി നിന്നാല്‍ ഇന്ത്യ-പാക് യുദ്ധമുണ്ടാവാന്‍ മറ്റൊരു കാരണവും വേണ്ട. പക്ഷേ, അവരങ്ങനെ കണ്ണുതുറുപ്പിച്ചു നില്‍ക്കാറില്ല. പകരം സംസാരിക്കുകയും ഭക്ഷണം കൈമാറുകയും ചെയ്യുന്നു. പരസ്പരം അഭിവാദ്യം ചെയ്യുന്നു.
അഭിവാദ്യം എന്നതുകൊണ്ടു വിവക്ഷിക്കുന്നത് അപരിചിതരായവരോ വേണ്ടത്ര പരിചിതരല്ലാത്തവരോ പോലും അന്യരല്ല എന്ന ആഴത്തിലുള്ള തിരിച്ചറിവാണ്. രണ്ടു പേര്‍ ഷെയ്ക്ഹാന്‍ഡ് ചെയ്യുമ്പോള്‍, അല്ലെങ്കില്‍ കയ്യൊന്നു നെഞ്ചത്തു വയ്ക്കുമ്പോള്‍, തല കുനിക്കുമ്പോള്‍, ‘നമസ്‌തേ’യോ ‘നമസ്‌കാര’മോ ‘അസ്സലാമു അലൈക്കു’മോ പറയുമ്പോള്‍ ഒക്കെ ഈ പാരസ്പര്യമുണ്ട്. ‘അസ്സലാമു അലൈക്കും’ പറഞ്ഞാല്‍ ‘വ അലൈക്കുമുസ്സലാം’ എന്നു പ്രത്യഭിവാദ്യം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചുവെന്നതു കേരളത്തില്‍ ഒരു വിവാദമായി. ആര്‍എസ്എസുകാരാണു വിവാദമാക്കിയിരുന്നതെങ്കില്‍ വലിയ വിഷയമല്ല. കാരണം ‘എന്ത് അസ്സലാമു അലൈക്കും’ എന്നു പറയാനുള്ള അവകാശം അവര്‍ക്കുണ്ട്. പക്ഷേ, ജനാധിപത്യവാദികള്‍, അതും മതനിരപേക്ഷവാദികളായ ഇടതുപക്ഷക്കാരാണു കൂടുതല്‍ പ്രകോപിതരായത്. കാര്യങ്ങളെ തലനാരിഴ കീറി സൈദ്ധാന്തിക വിശകലനത്തിനു വിധേയമാക്കുന്നവര്‍ പോലും നിസ്സാരമായ പ്രത്യഭിവാദ്യത്തിനു മേല്‍ തട്ടി വീണുപോവുകയാണുണ്ടായത്.
ഞാനിങ്ങനെ പറയാന്‍ കാരണമുണ്ട്. നമ്മള്‍ കാര്യങ്ങളെ ചരിത്രപരമായാണു വിശകലനം ചെയ്യേണ്ടത്. അതിനു വളരെയൊന്നും പിറകോട്ടു പോവേണ്ടതില്ല. പഴയ കാലത്തു മനുഷ്യര്‍ ജാതി-മത മതിലുകള്‍ക്കുള്ളിലായിരുന്നു കഴിഞ്ഞിരുന്നത്. അവര്‍ക്കു പരസ്പരം വേണ്ടവിധം കാണാനോ കേള്‍ക്കാനോ അറിയാനോ പാരസ്പര്യം അനുഭവിക്കാനോ കഴിഞ്ഞിരുന്നില്ല. അവരുടെ മനസ്സും ശരീരവും തടവിലായിരുന്നു. ശരീരം തടവിലായതു കൊണ്ടാണു ഭൂരിപക്ഷം വരുന്ന അധഃസ്ഥിതരെ സംബന്ധിച്ചേടത്തോളം അവര്‍ക്കു തല ഉയര്‍ത്തി നില്‍ക്കാന്‍ കഴിയാതിരുന്നത്. അവര്‍ എല്ലായ്‌പ്പോഴും കുനിഞ്ഞിരിക്കണം. ജന്‍മിയുടെ മുഖം ഒരിക്കലും ശരിക്കു കണ്ടിട്ടില്ലാത്ത അധഃസ്ഥിത കഥാപാത്രങ്ങളെ മുകുന്ദന്‍ ‘പുലയപ്പാട്ടി’ല്‍ അവതരിപ്പിക്കുന്നുണ്ട്. അവര്‍ ജന്‍മിയെ മസസ്സിലാക്കുന്നതും തിരിച്ചറിയുന്നതും അവരുടെ കാലുകളിലൂടെയാണ്; രോമമില്ലാത്ത കാല്, രോമമുള്ള കാല്, മൊരി പിടിച്ച കാല്… ‘ഇതു മേനോക്കി ജാതിയുടെതാണ്’, ‘ഇതു മറ്റെ നായര്‍ ജന്‍മിയുടെതാണ്’ എന്നൊക്കെ അവര്‍ തിരിച്ചറിയുന്നു.
‘അസ്സലാമു അലൈക്കും’ പറഞ്ഞാല്‍ ‘വ അലൈക്കുമുസ്സലാം’ എന്നു പ്രത്യഭിവാദ്യം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചുവെന്നതു കേരളത്തില്‍ ഒരു വിവാദമായി. ആര്‍എസ്എസുകാരാണു വിവാദമാക്കിയിരുന്നതെങ്കില്‍ വലിയ വിഷയമല്ല. കാരണം ‘എന്ത് അസ്സലാമു അലൈക്കും’ എന്നു പറയാനുള്ള അവകാശം അവര്‍ക്കുണ്ട്. പക്ഷേ, ജനാധിപത്യവാദികള്‍, അതും മതനിരപേക്ഷവാദികളായ ഇടതുപക്ഷക്കാരാണു കൂടുതല്‍ പ്രകോപിതരായത്. കാര്യങ്ങളെ തലനാരിഴ കീറി സൈദ്ധാന്തിക വിശകലനത്തിനു വിധേയമാക്കുന്നവര്‍ പോലും നിസ്സാരമായ പ്രത്യഭിവാദ്യത്തിനു മേല്‍ തട്ടി വീണുപോവുകയാണുണ്ടായത്.
അതേസമയം അഭിവാദ്യം രൂപപ്പെട്ടുവരുന്നതു മനുഷ്യന്റെ ആത്മബോധം വികസിച്ചുവരുന്ന കാലത്താണ്. അതിനു നിമിത്തമായ പല സംഭവങ്ങളും കാണാന്‍ കഴിയും. കുനിഞ്ഞുനിന്ന്, അരയില്‍ മുണ്ടു കെട്ടി ഇങ്ക്വിലാബ് വിളിക്കാനാവില്ല. ഇങ്ക്വിലാബ് വിളിക്കുമ്പോള്‍ ശരീരം മാറും. മുഷ്ടി ശരീരത്തിന്റെ അതിര്‍ത്തി ഭേദിച്ച് ആകാശത്തെ സ്വപ്‌നം കാണണം. അപ്പോള്‍ ശരീരം നിവരും. അങ്ങനെ നിവര്‍ന്ന മനുഷ്യനാണ് അഭിവാദ്യത്തിന്റെ ലോകത്തേക്കു കടന്നുവരുന്നത്. കുനിഞ്ഞ മനുഷ്യന് അഭിവാദ്യത്തിന്റെ പ്രശ്‌നമില്ല. ആത്മബോധവും അടുപ്പവുമാണ് അഭിവാദ്യത്തിലൂടെ വ്യക്തമാവുന്നത്.
നിലനില്‍ക്കുന്ന ചരിത്ര പരിമിതികള്‍ക്കകത്താണ് അഭിവാദ്യങ്ങള്‍ രൂപപ്പെടുന്നത്. രണ്ടു തൊഴിലാളികള്‍ പരസ്പരം കാണുമ്പോള്‍, രണ്ടു കുടിയാന്‍മാര്‍ കാണുമ്പോള്‍, രണ്ടു ജന്‍മിമാര്‍ കാണുമ്പോള്‍ ഉണ്ടാവുന്ന അഭിവാദ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. വ്യത്യസ്ത മതത്തിലുള്ളവര്‍ കാണുമ്പോഴുള്ള അഭിവാദ്യവും വ്യത്യസ്തമായിരിക്കും. ഞാന്‍ കുട്ടിയായിരുന്ന കാലത്തു മുസ്‌ലിം മതപ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ മുസ്‌ലിംകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. പിന്നെ രണ്ടാം ഘട്ടമെത്തുമ്പോഴാണു ‘മുസ്‌ലിം സഹോദരന്‍മാര്‍ക്ക് അസ്സലാമു അലേക്കും ഹിന്ദുക്കള്‍ക്കു നമസ്‌കാരം’ എന്നു മൗലവിമാര്‍ പറയാന്‍ തുടങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ അമുസ്‌ലിം സഹോദരങ്ങള്‍ ഈ മതപ്രഭാഷണങ്ങളുടെ ഭാഗമല്ല. അവരും ഭാഗമായി മാറുന്ന രണ്ടാം ഘട്ടത്തില്‍ മതപ്രഭാഷണത്തിന്റെ ഉള്ളടക്കത്തിലും വ്യത്യാസം വരുന്നുണ്ട്.
ആദ്യ ഘട്ട മതപ്രഭാഷണങ്ങളില്‍ മതത്തിന്റെ ചരിത്രവും മതവുമായി ബന്ധപ്പെട്ട കാര്യങ്ങളും മാത്രമാണു പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ആശാന്റെയും വള്ളത്തോളിന്റെയും കവിതകളും പിന്നെ ചില പുരാണകഥകളുമൊക്കെ ഇസ്‌ലാം മതപ്രചാരണങ്ങളുടെ ഭാഗമായി. ഒന്നാം ഘട്ടത്തെ അപേക്ഷിച്ചു രണ്ടാം ഘട്ടത്തില്‍ മനുഷ്യരുടെ പാരസ്പര്യം കൂടുതലാണ്. ആ ഘട്ടത്തിലാണ് ‘അമുസ്‌ലിംകള്‍ക്കു നമസ്‌കാരം, മുസ്‌ലികള്‍ക്കു സലാം’ കടന്നുവരുന്നത്. അത്രയും അതു ബഹുസ്വരതയാണ്.
ഈ ഘട്ടത്തിലും പാരസ്പര്യം വീടുകളുടെ അകത്തേക്കു കടന്നിട്ടില്ല. ഉദാഹരണമായി നോമ്പുകാലത്തു നോമ്പെടുത്തവരെ മാത്രമേ വീട്ടിലേക്കു വിളിക്കുകയുള്ളൂ. നോമ്പെടുക്കാത്ത മുസ്‌ലിംകളെ പോലും നോമ്പുതുറയ്ക്കു വിളിക്കില്ല. ഈ ഘട്ടത്തില്‍ നിന്നു നമ്മളൊരു ചാട്ടംചാടിയാല്‍ മൂന്നാം ഘട്ടമെന്നോ നാലാം ഘട്ടമെന്നോ പറയുന്ന അവസ്ഥയിലെത്തുമ്പോള്‍ നോമ്പെടുക്കാത്ത മുസ്‌ലിംകളെ മാത്രമല്ല, നോമ്പു ജീവിതത്തിലൊരിക്കലും എടുക്കാത്ത ഇതര മതസ്ഥരെയും നോമ്പുതുറയ്ക്കു വിളിക്കുമെന്നായി. മറ്റൊരര്‍ഥത്തില്‍ ബഹുസ്വരമായ ഒരന്തരീക്ഷം സമൂഹത്തില്‍ രൂപപ്പെട്ടുവന്നു. മാത്രമല്ല, മുസ്‌ലിം-അമുസ്‌ലിം വിഭജനം നിലനില്‍ക്കെ തന്നെ ആ മതവിഭജനത്തെ മുറിച്ചുകടക്കുന്ന വിധത്തില്‍ പലതരം ബന്ധങ്ങള്‍ സമൂഹത്തില്‍ വ്യാപിച്ചു. പള്ളികള്‍ക്കകത്തേക്കു മറ്റു മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്കു ചില പ്രത്യേക ഘട്ടത്തില്‍ പ്രവേശിക്കാവുന്നതാണ് എന്ന അഭിപ്രായവും ഇക്കാലത്തുണ്ടായി.
അഭിവാദ്യങ്ങളുമായി ബന്ധപ്പെട്ടു മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. അമ്പതുകളില്‍ മുല്‍ക്ക്‌രാജ് ആനന്ദ് അംബേഡ്കറെ കാണുന്നുണ്ട്. അദ്ദേഹം ‘നമസ്‌തേ’ എന്നു പറഞ്ഞപ്പോള്‍ അംബേഡ്കര്‍ തിരുത്തി, ‘നമസ്‌തേ’ എന്നല്ല ‘ഓം മാനി പത്മായെ’, അതായതു പ്രബുദ്ധതയുടെ താമര വിരിയട്ടെ എന്നാണു പറയേണ്ടത്. അതാണു ബുദ്ധ അഭിവാദ്യ രീതി. ഹൈന്ദവ അഭിവാദ്യ രീതിയുമായി വളരെ പരിചയമുണ്ടായിരുന്ന അംബേഡ്കര്‍ ഈയൊരു അഭിവാദ്യ രീതി നിരാകരിക്കണമെന്നു പറയുന്നതു തത്ത്വചിന്താപരമായ പശ്ചാത്തലത്തിലാണ്. പ്രബുദ്ധതയാണ്, നീ നിന്റെ വെളിച്ചമാവുക എന്ന ഉള്ളടക്കമാണ് അഭിവാദ്യത്തിലുണ്ടാവേണ്ടത് എന്ന ദാര്‍ശനികമായ നിലപാടാണത്. ഒപ്പം മതപരിവര്‍ത്തനത്തിന്റെ വീറും.
എന്നാല്‍, പ്രായോഗിക ജീവിതത്തില്‍ ആളുകള്‍ തമ്മിലുള്ള അഭിവാദ്യങ്ങള്‍ മറ്റൊരു രീതിയിലാണു നിലനിന്നിരുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ എല്ലാവര്‍ക്കും എല്ലാവരോടും ‘സലാം’ ചൊല്ലാന്‍ കഴിഞ്ഞിരുന്നില്ല. നാട്ടിലെ പ്രമാണിയായ ഒരാളോടു പാവപ്പെട്ട മുസ്‌ല്യാര്‍ സലാം പറഞ്ഞപ്പോള്‍ അയാളെ അടിക്കുകയും ചവിട്ടുകയും ചെയ്തതിനെ കുറിച്ചു കെ മൊയ്തു മൗലവിയുടെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. അടിക്കുന്നതു കണ്ടപ്പോള്‍ നാട്ടുകാര്‍ കാര്യമന്വേഷിച്ചു. ഇവന്‍ എന്നോടു സലാം പറഞ്ഞുവെന്നായിരുന്നു മറുപടി. ഇതുകേട്ടു കൂടിനിന്നവരും പറഞ്ഞത് അവന്‍ മര്യാദകേടു കാണിച്ചുവെന്നാണ്. വലിയ പ്രമാണിയോടാണ് അഭിവാദ്യം പറഞ്ഞത്. ആ അഭിവാദ്യത്തില്‍ സമത്വത്തിന്റെ ഒരു പ്രശ്‌നമുണ്ടെന്നതാണു പ്രമാണിയെ ക്ഷോഭിപ്പിച്ചത്. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകള്‍ അഭിവാദ്യത്തെ പരിഗണിക്കേണ്ടതു ചരിത്രപശ്ചാത്തലത്തിലാണ്.
മത മതിലുകള്‍ക്ക് അപ്പുറത്തേക്കു മനുഷ്യബന്ധം വളരുന്നു. മതപരമായി കരുതപ്പെട്ടിരുന്ന ഇടങ്ങളിലേക്കു പോലും മതബന്ധമില്ലാത്തവരെ ക്ഷണിക്കുന്നു, അവരൊക്കെ ഒത്തുചേരുന്നു. ഇങ്ങനെ വളര്‍ന്നുവന്ന ഈ ബഹുസ്വരതയ്ക്കു സംഭാവന നല്‍കാന്‍ സഹായകമാണ് എന്റെ വിവാദ വിധേയമായ സലാം പ്രത്യഭിവാദ്യം എന്നു ശരിയായി തിരിച്ചറിയേണ്ടതു മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടു പുലര്‍ത്തുന്നവരായിരുന്നു. പക്ഷേ, അവരാണ് ഇതിനെതിരെ പ്രതികരിക്കുന്നത്. അവര്‍ ഇതിനെ വിശ്വാസത്തിന്റെ പ്രശ്‌നമായാണു നോക്കിക്കാണുന്നത്. ‘ഗുഡ്‌മോണിങ്’ പറയുമ്പോഴും ‘ഹലോ’ പറയുമ്പോഴും ‘നമസ്‌തേ’ പറയുമ്പോഴും ‘നമസ്‌കാരം’ പറയുമ്പോഴും ഇല്ലാത്ത എന്തോ ഒരു പ്രശ്‌നം, അപകടം ഇതില്‍ അടങ്ങിയിരിക്കുന്നു എന്നാണവര്‍ വിചാരിക്കുന്നത്. ബഹുസ്വരതയെ തത്ത്വത്തില്‍ അംഗീകരിക്കുമ്പോഴും പ്രയോഗത്തില്‍ വരുമ്പോള്‍ അവര്‍ പരിഭ്രമിക്കുന്നു. ഈ പരിഭ്രമം മുറിച്ചുകടക്കാന്‍ ജനാധിപത്യവാദികള്‍ കരുത്തരാവുക എന്നതാണു പ്രധാനം.
(അവസാനിക്കുന്നില്ല)