പ്രളയവും പരിസ്ഥിതിയുടെ തകർച്ചയും: ഡോ. കെ.കെ.ജോർജ് സംസാരിക്കുന്നു
അനിയന്ത്രിതമായ നിർമാണ പ്രവർത്തനങ്ങളും ഡാം നടത്തിപ്പിലെ അലംഭാവവും തുടർച്ചയായി പ്രളയങ്ങൾ ഉണ്ടാവുന്നതിന് പ്രധാന കാരണങ്ങളാണ്. പ്രളയത്തിന് മുൻപോ ശേഷമോ കൃത്യമായ രൂപരേഖയില്ലാത്ത ദുരന്തനിവാരണ പ്രവർത്തനങ്ങളും ആഘാതം വർധിപ്പിക്കുന്നുണ്ട്.
കേന്ദ്ര പ്ലാനിങ് കമ്മീഷന്റെ ധന വിനിയോഗ നയരൂപീകരണ ഗ്രൂപ്പിലെ അംഗവും കുസാറ്റിലെ സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടറുമായിരുന്ന ഡോ.കെ.കെ.ജോർജുമായി ഫായിസ് എ.എച് നടത്തിയ അഭിമുഖം.
രണ്ടു വർഷങ്ങളിൽ തുടർച്ചയായി പ്രളയം സംഭവിക്കുന്നു. ഇത് സംഭവിക്കാനുള്ള കാരണങ്ങൾ (പൊടുന്നനെയുണ്ടാവുന്നതും, ദീർഘകാലമായി സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ) എന്തെല്ലാമാണ്?
നമ്മൾ മലകളിലുള്ള മരങ്ങളൊക്കെ നശിപ്പിച്ചു. അത്തരം മേഖലകളിൽ പലതരം കൃഷികൾ ആരംഭിച്ചു. ഞാൻ പ്രളയത്തിന്റെ നേരിട്ടുള്ള ഇരയാണ്. കഴിഞ്ഞ വർഷം വീടിനകത്ത് ഒരാൾപൊക്കം വരെ വെള്ളം പൊങ്ങി. ഈ വർഷം വീടിനടുത്തു വരെ വെള്ളം കയറി. രണ്ടു വർഷങ്ങളിലെയും പ്രളയം വ്യത്യസ്തമാണ്. ആദ്യത്തേത് മനുഷ്യ നിർമിതമായിരുന്നു. ഇടുക്കി അണക്കെട്ടിൽ നിന്ന് പരമാവധി വൈദ്യുതി ലഭിക്കാൻ നോക്കി. മുല്ലപ്പെരിയാറിൽ വെള്ളം വർധിച്ച്, അത് ഇടുക്കി ഡാമിലെത്തി കവിഞ്ഞൊഴുകാൻ തുടങ്ങി. ആ സമയത്തു കേരളത്തിലുള്ള എല്ലാ നദികളിലും അവിടന്നുള്ള വെള്ളം കുത്തിയൊഴുകി. 1924ലാണ് ഇതുപോലെ ഒരു പ്രളയം വന്നത്.
ഈ കൊല്ലത്തെ പ്രളയം പെയ്ത്തുവെള്ളം കാരണമാണ്. ഒപ്പം ഡാമുകളൊക്കെ പെട്ടെന്ന് തുറന്നു വിട്ടത് മൂലവും. പെരിയാറിലുള്ള എല്ലാ ഡാമുകളും ഒരു ഘട്ടം കഴിഞ്ഞപ്പോൾ, കഴിഞ്ഞ വർഷത്തെ പേടി കാരണം തുറന്നുവിട്ടു.
ഓരോ പുഴക്കും അതിന്റെ ഫ്ലഡ് പ്ലെയ്ൻ (flood plain) ഉണ്ട്. നമ്മൾ അത് കയ്യേറി നിർമാണ പ്രവർത്തനങ്ങൾ നടത്തി. കാരണം 1924ലെ വെള്ളപ്പൊക്കത്തിന് ശേഷം ഇതുപോലൊരു പ്രളയം ഉണ്ടാകുമെന്ന് നാം കരുതിയില്ല, പ്രതീക്ഷിച്ചില്ല.
ഇക്കൊല്ലത്തെ പ്രളയത്തെ മനസ്സിലാക്കുമ്പോൾ മണ്ണിടിച്ചിൽ അനേകം സ്ഥലങ്ങളിൽ ഉണ്ടായി. എണ്ണമറ്റ പ്രദേശങ്ങളിൽ ഉരുൾപൊട്ടി. ഇതിന്റെയൊക്കെ കാരണങ്ങൾ എന്താണ്?
പ്രധാനമായും കാണാനാവുന്നത് രണ്ട് കാരണങ്ങളാണ്. ഒന്ന്, ആളുകൾ അനവധി കുന്നുകൾ ഇടിച്ച് ബിൽഡിങ്ങുകൾ പണിതു. നമ്മുടെ ചുറ്റിലും കാണുന്ന ബിൽഡിങ്ങുകൾ ഒക്കെ അങ്ങനെ പണിതതാണ്. രണ്ടാമതായി, പാറ പൊട്ടിക്കൽ. പാറ പൊട്ടിക്കുമ്പോൾ ശക്തമായ പ്രകമ്പനം ഉണ്ടാകും. അത് അപകടം ചെയ്യും.
ഡാമുകൾ നിർമിക്കുന്നതിലെ അശാസ്ത്രീയത, ഡാമുകളുടെ കാലപ്പഴക്കം, ഡാമുകൾ സ്വയം തന്നെ പരിസ്ഥിതിക്ക് ദോഷം വരുത്തുന്നു തുടങ്ങിയ കാര്യങ്ങളെ എങ്ങനെ കാണുന്നു.
അതിൽ രണ്ടു കാര്യങ്ങൾ സൂചിപ്പിക്കേണ്ടതുണ്ട്. ഒന്ന്, ഏത് ഡാമിലും എല്ലായ്പ്പോഴും പരിമിതമായ അളവിൽ വെള്ളം ഒഴുക്കി വിടണം. ഡാമിന്റെ താഴ്ഭാഗങ്ങളിൽ ഒരുപാട് പേർ അതിനെ ആശ്രയിച്ചു കഴിയുന്നവരുണ്ടാകും. നമ്മളത് ചെയ്യില്ല. മാത്രവുമല്ല, ഡാമിന്റെ മുകളിൽ ഇഷ്ടം പോലെ വെള്ളമുണ്ടാവും. അതു വെട്ടിയെടുത്ത് കനാൽ വഴി പല ഭാഗങ്ങളിലേക്ക് വിടുന്നു. ഡാമിന്റെ താഴ്ഭാഗത്ത് ജീവിക്കുന്നവരെ കുറിച്ച് നമുക്ക് ഒട്ടും ആധിയോ ആശങ്കയോ ഇല്ല.
ഡാമിനെ കുറിച്ച് നാം പറയുന്നത് ഡാമുകൾ വെള്ളപൊക്കം തടയുമെന്നാണ്. പക്ഷേ പെരിയാറിലെ പോലെ അനേകം ഡാമുകൾ പണിയുന്നത് പ്രളയത്തിന്റെ ആഘാതം വർധിപ്പിക്കുകയല്ലേ യഥാർഥത്തിൽ ചെയ്യുന്നത്?
പല ഡാമുകളിലൂടെ തടഞ്ഞു തടഞ്ഞാണ് വെള്ളം വരുന്നത്. അതില്ലാതെ ഇടുക്കി ഡാം മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ സാഹചര്യം ഒന്നുകൂടെ അപകടകരമാവുകയാണ് ചെയ്യുക.
രണ്ടാമതായി, പുതിയ ഡാമുകൾ പണിയുന്നു എന്നല്ലാതെ പഴയ ഡാമുകളിൽ അറ്റകുറ്റപ്പണികൾ നാം നടത്തുന്നില്ല. കാരണം നമ്മുടെ ഒരു രാഷ്ട്രീയ കാഴ്ചപ്പാടിലും പ്ലാനിങ് പ്രൊജക്റ്റ് കളിലും പഴയവക്ക് അറ്റകുറ്റപ്പണി നടത്തുന്നതിന് ഒട്ടും പ്രസക്തിയില്ലല്ലോ. പുതിയ പദ്ധതികൾക്കും നിർമാണങ്ങൾക്കും മാത്രമാണ് പ്രാമുഖ്യമുള്ളത്. പഴയവയുടെ നോക്കിനടത്തിപ്പിനെ (maintenance) കുറിച്ച് ആർക്കും (പ്രത്യേകിച്ച് രാഷ്ട്രീയ നേതൃത്വത്തിന്) ഒട്ടും ആശങ്കയില്ല.
സാധാരണ ഗതിയിൽ, എല്ലാ ഡാമിനും ഒരു സിൽറ്റിങ് പ്രോസസ്സ് ഉണ്ട്. അത് നമുക്ക് തടയാൻ പറ്റില്ല. പക്ഷേ ഇവിടെ കൂടുതലായി സിൽറ്റിങ് ഉണ്ടായിട്ടുണ്ട്. കാരണം അതിന്റെ വെള്ളം തങ്ങിനിൽക്കുന്ന സ്ഥലത്ത് (catchment area) മണ്ണിളക്കുന്ന വിധത്തിലുള്ള കൃഷി സമ്പ്രദായമുണ്ട്. അവിടെ കപ്പകൃഷി, വാഴകൃഷി ഒക്കെ നടത്തുന്നു. അവിടെ മഴ പെയ്യുമ്പോൾ എളുപ്പത്തിൽ മണ്ണ് ഡാമിലേക്ക് എത്തുന്നു.
ഡാം എന്ന സംവിധാനത്തിൽ മുഴുക്കെ അശാസ്ത്രീയത നിലനിൽക്കുന്നു എന്നാണോ പറയുന്നത്?
അല്ല, ഡാമുകൾ കൊണ്ട് അനേകം പ്രയോജനങ്ങളുണ്ട്. പുഴയിലൊക്കെ അനേകം തടയിണകൾ ഉണ്ട്. ഇല്ലേൽ കടലിലെ ഉപ്പുവെള്ളം എല്ലായിടത്തും വ്യാപിച്ചു വെള്ളം കിട്ടാനില്ലാതെയാകും. പക്ഷേ നമ്മൾ അറ്റകുറ്റപ്പണികളിൽ ശ്രദ്ധ കാണിക്കുന്നില്ല. വെള്ളം ആവശ്യാനുസരണം താഴോട്ട് ഒഴുക്കി വിടുന്നില്ല. അതാണ് പ്രധാന പ്രശ്‌നം. ഒരു സമഗ്രതയിൽ (totality) നിന്ന് നാം കാര്യങ്ങൾ ചെയ്യുന്നില്ല. വിദേശത്തൊക്കെ നിശ്ചിതകാലം കഴിഞ്ഞാൽ ഡാമുകൾ ഒക്കെ ഡീകമ്മീഷൻ (decommission) ചെയ്യും. അതിലെ ചളിയൊക്കെ എടുത്ത് പുറത്തു കളയും. ഡാമുകൾക്ക് ആഴം കൂട്ടും.
ഡാമുകൾ, ക്വാറികൾ ഇവയൊന്നും പാടെ ഒഴിവാക്കാൻ ഒരിക്കലും കഴിയില്ല. അപ്പോൾ ഈ പ്രശ്നത്തെ നാം എങ്ങനെ മറികടക്കും?
ഇതിൽ മനസ്സിലാക്കേണ്ട കാര്യം, കെട്ടിടങ്ങൾ പണിയാൻ സാധനങ്ങൾ ആവശ്യമാണ്. ആ ആവശ്യത്തിന്റെ തോതിൽ ഉപയോഗിക്കാനുള്ള അവകാശം മാത്രമേ നമുക്കുള്ളൂ. ആവശ്യത്തിനുള്ള സ്പേസ് മാത്രം കണ്ട്, നിർമാണ പ്രവർത്തനങ്ങൾ നടത്തണം. പ്രത്യേകിച്ച് വീടുകളൊക്കെ. മറ്റൊന്ന്, അവക്ക് സമാന്തരമായി പുതിയ ടെക്നോളജി ഉപയോഗപ്പെടുത്തണം. ലോകത്ത് വ്യത്യസ്ത സംവിധാനങ്ങൾ ഉണ്ട്. എല്ലാവരും കരിങ്കൽ ക്വാറികളല്ല ഉപയോഗിക്കുന്നത്. മണൽ, പാറ എന്നിവക്ക് പകരം ബദൽ സംവിധാനങ്ങൾ കണ്ടെത്തണം.
കഴിഞ്ഞ വർഷം ഇടുക്കിയിൽ ഉരുൾപൊട്ടൽ ഉണ്ടായി. ഈ വർഷം മലപ്പുറത്തിന്റെയും വയനാടിന്റെയും പല ഭാഗങ്ങളിലും. ഇവ തമ്മിൽ വല്ല സാമ്യതകളും ഉണ്ടോ? ഒന്ന് ഒന്നിന് തുടർച്ചയായിട്ടാണോ സംഭവിക്കുന്നത്. ഇങ്ങനെ തുടർച്ചയായി ഇനിയും ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടോ?
എനിക്ക് അതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. വേരുകളാണല്ലോ മണ്ണിനെ പിടിച്ചു നിർത്തുന്നത്. വന നശീകരണം സംഭവിക്കുന്നു, കുന്നുകൾ നിരത്തപ്പെടുന്നു. അതോടെ മണ്ണിനെ പിടിച്ചുനിർത്തുന്ന വേരുകളുടെ ശൃഖല ഇല്ലാതാവുന്നു. അപ്പോൾ പെട്ടെന്ന് വെള്ളവും മണ്ണുമെല്ലാം ഒഴുകാനുള്ള പ്രവണത ഉണ്ടാവുന്നു. അതാണ് നമ്മൾ ഈ കാണുന്നത്.
ഭരണ സംവിധാനം എന്ന നിലയിൽ ഗവൺമെന്റ് എന്തെല്ലാം ചെയ്യേണ്ടതുണ്ട്? എന്തെല്ലാം ചെയ്യാൻ സാധിക്കും? ഇതുവരെ എടുത്ത നിലപാടുകളിൽ വല്ല പാളിച്ചയും സംഭവിച്ചിട്ടുണ്ടോ?
ക്വാറികൾ ധാരാളം വേണം, വനം കയ്യേറാം തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമിതികൾ ഇപ്പോൾ നിൽനിൽക്കുന്നുണ്ടല്ലോ. കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ട് എല്ലാം നിരസിക്കപ്പെട്ടു. രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം ഭാവിയേക്കാൾ അവർക്ക് പ്രധാനം വർത്തമാനം ആണ്. നാളെയേക്കാൾ ഇന്നിനാണ് പ്രസക്തി. പലരും റെസിസ്റ്റ് ചെയ്യും. ആ പ്രഷറിനെ അതിജയിക്കാനുള്ള ധൈര്യം സർക്കാർ കാണിക്കണം. അതിപ്പോ ഇല്ല. മാധ്യമങ്ങളൊക്കെ ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുന്നത് ഇപ്പോഴാണ്.
പശ്ചിമഘട്ടത്തെ ഭീകരമായി ചൂഷണം ചെയ്തു. അപകടങ്ങൾ ഉണ്ടായി. സർക്കാർ ധനസഹായം പ്രഖ്യാപിക്കുന്നു. അത് കിട്ടുന്നവർ ഉണ്ടാകും, ഇല്ലാത്തവരുമുണ്ടാകും. അതിനപ്പുറം ദീർഘകാലാടിസ്ഥാനത്തിൽ ഉള്ള ഒരു പ്ലാൻ / പദ്ധതി രൂപീകരിക്കാനോ, നടപ്പിലാക്കാനോ അവർക്ക് കഴിഞ്ഞിട്ടില്ല.
സർവീസ് സെക്ടറിനെ അവലമ്പിക്കുന്ന സാമ്പത്തിക രംഗം ആണ് നമ്മുടേത്. മാത്രമല്ല നിയോ ലിബറൽ ചായ്‌വുള്ള നിലപാടുകൾ കൈക്കൊള്ളുന്ന സർക്കാരും. സ്വാഭാവികമാണ്, നിർമാണ പരിപാടികൾ വേണ്ടിവരും, ദേശീയപാത പോലെയുള്ള പദ്ധതികൾ. അതിന് ലോകബാങ്കിൽ നിന്ന് വായ്പയെടുത്ത് കാര്യങ്ങൾ നടപ്പിലാക്കും. അതാകട്ടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും. നമുക്കാക്കട്ടെ അതില്ലാതെ മുന്നോട്ട് പോകാൻ കഴിയുകയുമില്ല. എന്താണ് പരിഹാരം?
ഒരു തിരിച്ചുപോക്ക് അസാധ്യമാണ്. ഇന്ന് നോക്കൂ, എല്ലാവർക്കും രണ്ടും മൂന്നും കാറുകൾ, അതിനൊത്ത റോഡുകൾ ഉണ്ടാക്കണമെന്ന ആവശ്യം. അത് പറ്റില്ല.
സത്യത്തിൽ ഇത് നമ്മുടെ ഉപഭോഗ സംസ്കാരത്തിന്റെ പ്രശ്നം ആണ്. ഉപഭോക്താക്കളുടെ സമ്മർദ്ദം. സർക്കാരുകളും അതിനനുസരിച്ച് മാറി. ഇനിയുള്ള വഴി, പരിസ്ഥിതി പ്രശ്നങ്ങൾ ഒക്കെ ഉയർത്താൻ ഗവണ്‍മെന്റ് ഇതര സന്നദ്ധ സംഘടനകൾ ഉണ്ടാവണം. നിലവിൽ അത്ര ശക്തമായി നിലപാട് എടുക്കാൻ തക്ക ശേഷിയുള്ള സംഘടനകളോ, കൂട്ടായ്മകളോ ഇല്ല എന്നതാണ് സത്യം.
പ്രവാസികളുടെ റവന്യൂ, നമ്മുടെ കടം തീർക്കാൻ വേണ്ടി മാത്രം ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് നാം എത്തുന്നു. സാമ്പത്തിക സ്ഥിതി ഇങ്ങനെ തുടർന്നാൽ നാം കൊട്ടിഘോഷിക്കുന്ന സഹായങ്ങൾ നൽകാനുള്ള ശേഷി പോലും നഷ്ടപ്പെടും.
നമ്മുടെ ജനസംഖ്യാ വളർച്ച തളർന്നു കൊണ്ടിരിക്കുകയാണ്. പുറത്തേക്ക് വലിയ അളവിൽ കുടിയേറ്റം നടക്കുന്നുണ്ട്. മലയാളിയുടെ മാതൃഭൂമി എന്ന സങ്കൽപം ഒക്കെ വേഗം അപ്രസക്തമായിത്തീരും. ഇവിടെയിപ്പോ യുവ തലമുറയില്ല. കേരളം വേഗത്തിൽ ഒരു ഓൾഡ് ഏജ് സൊസൈറ്റിയായി മാറിക്കൊണ്ടിരിക്കുന്നു.
Silt Sedimentation അടക്കമുള്ള വിഷയങ്ങൾ കുറച്ചു കൂടി കഴിഞ്ഞാൽ രൂക്ഷമാകില്ലേ. കാരണം, വളരെ ചെറിയ മഴയിൽ തന്നെ ഡാമുകൾ നിറയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
ശരിയാണ്. കാരണം ഡീ സിൽറ്റിങ് (de silting) എന്ന സംഗതി നടക്കുന്നില്ല. പണ്ട് തോമസ് ഐസക് മലമ്പുഴയിൽ ഡീ സിൽറ്റിങ് നടത്തി അതിൽ നിന്ന് മണൽ വാരാൻ പദ്ധതി കണ്ടിരുന്നു. അത് അപ്രായിഗികമാണെന്ന് തെളിഞ്ഞു കഴിഞ്ഞു.
ഡാമുകളിൽ ഡീ സിൽറ്റിങ് അനിവാര്യമാണ്. അല്ലെങ്കിൽ ജലനിരപ്പ് ഉയരും. പ്രളയം എളുപ്പത്തിൽ ഉണ്ടാകും. അതിനൊക്കെ സാങ്കേതിക പരിഹാരം ഉണ്ടാകും. കഴിഞ്ഞ വർഷം നമ്മൾ പരമാവധി വൈദ്യുതി ഉണ്ടാക്കാൻ നോക്കിയപ്പോഴാണ് പ്രശ്നം രൂക്ഷമായത്.
സാമ്പത്തിക രംഗത്ത്, ടൂറിസവും, സർവീസ് സെക്ടറുമാണ് ഇപ്പോൾ നമ്മുടെ പ്രധാന വരുമാന മാർഗം. എന്നാൽ ഏറെക്കുറെ എല്ലാ ടൂറിസ്റ്റ് പ്രദേശങ്ങളും ഒഴിഞ്ഞു കിടപ്പാണ്. ആളുകൾ ഇല്ല. ചിലയിടങ്ങളിൽ എത്തിപ്പെടാൻ പറ്റുന്നില്ല. കൂടാതെ പേടിയും. ഇത് സാമ്പത്തിക രംഗത്തെ ദോഷകരമായി ബാധിക്കില്ലേ?
തീർച്ചയായും ദോഷകരമായി ബാധിക്കും. പത്രം വായിക്കുന്ന ആളുകളല്ലേ ഈ വരുന്നവരൊക്കെ. എല്ലാവർക്കും കാര്യങ്ങൾ അറിയാം. റിസോർട്ടുകൾ ഒഴിഞ്ഞു കിടക്കും. നല്ല ടൂറിസ്റ്റ് സ്ഥലങ്ങൾ ഒക്കെ വലിയ രീതിയിൽ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും ഒരു വലിയ പ്രശ്നം ആണ്. മൂന്നാർ ഒക്കെ പോലെ.
ഒരു സാമ്പത്തിക വിദഗ്‌ധൻ എന്ന നിലയിൽ മുന്നോട്ടു വെക്കുന്ന പരിഹാരങ്ങൾ എന്തെല്ലാമാണ്?
നമുക്ക് ഒരു ഭൂവിനിയോഗ മാതൃക (land use pattern map) വേണം. നിർമാണ പ്രവർത്തനങ്ങൾ ഒക്കെ അതിനനുസരിച്ച് ക്രമീകരിക്കണം. ഫ്ലഡ് പ്ലെയ്നിൽ കെട്ടിടങ്ങൾ അനുവദിക്കരുത്. അമിത ആത്മവിശ്വാസത്തിന്റെ പുറത്താണ് നാം അവിടെയൊക്കെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഇപ്പോള്‍ അപകടങ്ങളിൽ നിന്ന് പാഠം പഠിച്ചു തുടങ്ങിയിട്ടുണ്ട്. അറ്റകുറ്റപ്പണികൾ കാര്യക്ഷമമായി നടക്കേണ്ടതുണ്ട്. പ്രധാന പ്രശ്നം കൃത്യമായ പ്ലാൻ ഇല്ലാത്തതാണ്.
ഗാഡ്ഗിൽ റിപ്പോർട്ടിൽ അനവധി നിർദ്ദേശങ്ങൾ ഉണ്ട്. പല സോണുകളായി പ്രദേശത്തെ തിരിക്കുന്നുണ്ട്. ചില സോണുകളിൽ മനുഷ്യർ പ്രവേശിക്കാൻ പോലും പാടില്ലെന്ന് പറയുന്നുണ്ട്. ഇത് എന്തായാലും സാമ്പത്തിക രംഗത്തെ ബാധിക്കുകയില്ലേ?
അത് നമുക്കു മുന്നിലുള്ള ചോയ്സ് ആണ്. നിരന്തര പ്രളയത്തെയും കെടുതികളെയും ഉരുൾപൊട്ടലുകളെയും തെരെഞ്ഞെടുക്കണോ, അതോ സാധ്യമായ രീതിയിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണണോ. നമുക്ക് തെരഞ്ഞെടുക്കാം.