പാട്ടിന്റെ തലയാഴി: കെ. രാഘവനും കേരള സംഗീതവും

അജയ് ശേഖര്‍

ഒരേ സമയം നാടോടിയും നവീനവും നവ്യവുമാകുന്ന കീഴാളമായ കലര്‍പ്പാണ് കെ. രാഘവന്റെ കടലാഴം. അടിത്തട്ടിന്റെ ജീവതാളങ്ങളേയും മണ്ണിന്റെ ഈണങ്ങളേയും കേരള സംഗീതത്തില്‍ സര്‍ഗാത്മകമായി കുടിയിരുത്തിയ അനശ്വരനായ കീഴാള സംഗീത പ്രതിഭയായിട്ടായിരിക്കും ഭാവിയില്‍ രാഘവന്‍ മാസ്റ്റര്‍ ജീവിക്കുക, നമ്മെ കൂടുതല്‍ ജീവോന്മുഖരാക്കുക. തലായി കടപ്പുറം മൂകമാകുന്നില്ല… തലയെടുപ്പും തലമൂപ്പും കൂടിയ തലയാഴിതന്നെയാണ് തലായി… തലമൂത്ത കടലാണത്… ആദ്യത്തെ ആഴി… അതു പാട്ടിന്റെ തലയാഴിയാണ്… തലയാഴിയെന്ന തലായി പാടിക്കൊണ്ടേയിരിക്കുന്നു… മന്ദ്രമധുരമായും… പിന്നെ ഘനഗംഭീരമായും… മാനത്തെ കായലില്‍ ആ കളിത്തോണിയുടെ തണ്ടുവീഴുകയായി…

കേരളതീരത്തെ ശേരികളില്‍ തലമൂത്ത ശേരിയാണ് തലശേരി. കേരളത്തിലെ പള്ളികളില്‍ തലപ്പള്ളിയെന്നതു പോലെ തന്നെ. പള്ളിയും ശേരിയും പാലി വാക്കുകളാണുതാനും. ബുദ്ധപാരമ്പര്യമുള്ള അവര്‍ണജനതകളുടെ വാസസ്ഥലത്തെയാണ് ചേരി സൂചിപ്പിക്കുന്നത്. തലശേരിയിലെ തലായി കടപ്പുറത്ത് 1913ല്‍ പിറന്ന കറുത്ത മുത്തായ രാഘവന്‍ മാസ്റ്റര്‍ 2013 ല്‍ ഒരു നൂറ്റാണ്ടോളം നീണ്ട ഘനഗംഭീരമായ സ്വരസഞ്ചാരം അനശ്വരമാക്കി ഓര്‍മകളുടെ ആഴങ്ങളിലേക്ക് പോയിരിക്കുന്നു.
കെ. രാഘവന്‍ തന്റെ മണ്ണിന്റേയും മനുഷ്യരുടേയും ഈണങ്ങളും താളങ്ങളും മൗലികവും വ്യതിരിക്തവുമായ സംഗീത രചനകളിലൂടെ കൈരളിക്കും ലോകസംഗീതത്തിനും സമര്‍പ്പിച്ചു കടന്നു പോയി. തമിഴ്, ഹിന്ദി ഗാനങ്ങളുടെ അനുകരണ മാതൃകകളില്‍ നിന്നും അദ്ദേഹം കേരള ജനസംഗീതത്തെ മോചിപ്പിച്ചു, കലാകാരന്റേയും സംഗീതകാരന്റേയും മൗലികതയും വേറിട്ട സര്‍ഗാത്മകതയും വ്യതിരിക്തമായി കേള്‍പ്പിച്ചു, ജനതതിയെ ആ ആഴക്കടലില്‍ പള്ളിയാറാടിച്ച് ആവോളം രസിപ്പിച്ചു, ബോധിപ്പിച്ചു.
തലശേരിയിലെ നാണുഗുരു വന്നുകയറിയ ശരവണയില്‍ നിന്നും മുഴങ്ങിയ ആ പാട്ടിന്റെ കടല്‍ കേരളത്തിലെ നാടക, സിനിമാ സംഗീത ശാഖകളുടെ ഊടും പാവും മാറ്റിയെഴുതി. കേരള നവോത്ഥാനം മലബാറിലേക്കു കടന്നുകയറിയ ജഗന്നാഥക്ഷേത്രം രാഘവന്മാഷിന്റെ അയല്‍പക്കമാണ്. നാടന്‍ ശീലുകളും മണ്ണിന്റെ ഹൃദയതാളങ്ങളും മാനവികവും ജനകീയവുമായ ഈണങ്ങളും കലാകൗശലത്തോടെ രാഘവന്‍ മാഷിന്റെ രചനകളില്‍ മേളിച്ചു. ആലാപനത്തിലും ആ ശബ്ദവും ഊര്‍ജവും ജനഹൃദയങ്ങളെ ആനന്ദിപ്പിച്ചു. കേവലാനന്ദത്തിനപ്പുറത്തുള്ള കലയുടെ സാംസ്‌കാരികവും ആത്മീയവും നൈതികവും ബോധോദയപരവും ജനായത്തപരവുമായ സാമൂഹ്യ തലങ്ങളെ രാഘവന്‍ മാഷിന്റെ പാട്ടുകള്‍ ബഹുജന ചേതനയില്‍ ഉണര്‍ത്തിയെടുത്തു.
കേരളത്തിലെ ജനസംഗീതത്തിന്റെ ആധാരഭൂതന്മാരായ അവര്‍ണ സംഗീതജ്ഞന്മാര്‍ ദേവരാജനും ബാബുരാജിനും ഒപ്പം എക്കാലത്തും ഓര്‍മിക്കപ്പെടുന്ന വിമോചന സര്‍ഗകര്‍തൃത്വമായി കെ. രാഘവന്‍ കേരള ജനതയുടെ സാംസ്‌കാരിക ബോധാബോധങ്ങളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അക്ഷരത്തേയും സ്വരത്തേയും കുത്തകവല്‍ക്കരിച്ച് ജനങ്ങള്‍ക്ക് ആയിരത്താണ്ടുകളോളം നീതിയും മനുഷ്യാവകാശങ്ങളും നിഷേധിച്ച പൗരോഹിത്യ ആണ്‍കോയ്മയുടെ കിരാതമായ സനാതന വര്‍ണവ്യവസ്ഥയെ തകിടം മറിക്കുന്നതായിരുന്നു ഈ അവര്‍ണ സംഗീതകാരന്മാരുടെ ഇരുപതാം നൂറ്റാണ്ടിലെ ആദ്യപാതിയിലുള്ള കലാപരമായ രാഷ്ട്രീയ ഇടപെടല്‍. ബ്രാഹ്മണികമായ ഹിന്ദുമതബോധത്തിന്റെ ചാതുര്‍വര്‍ണ്യ ചതിക്കുഴികള്‍ക്കു കുറുകേ ധീരമായി തങ്ങളുടെ തോണികളിറക്കാനും കാറ്റിനെതിരേ പായിക്കാനും ബഹുജനസംഗീതത്തിലേക്ക് ആത്മാര്‍പ്പണത്തോടെ സര്‍ഗനിക്ഷേപം ചെയ്ത ഈ അവര്‍ണ ബഹിഷ്‌കൃത വിഷയികള്‍ക്കായി. കറുപ്പന്‍ മാഷിന്റെ കവിതയില്‍ തണ്ടുചാണ്ടലും മീന്‍മണവും കണ്ടുപിടിച്ച കെ. രാമകൃഷ്ണപിള്ളയെ പോലുള്ള പത്രപ്രഭൂക്കളും സംസ്‌കാരവിഹീനരായ നഗ്നനായകന്മാരും അരങ്ങുവാണ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് ഈ അവര്‍ണ കീഴാള കലാകാരന്മാര്‍ രംഗത്തു വരുന്നതെന്നതു ശ്രദ്ധേയമാണ്. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പോരാട്ടവും സാംസ്‌കാരിക രാഷ്ട്രീയ പോരാട്ടങ്ങളും സമാന്തരവും പരസ്പര ബന്ധിതവുമാണ്. ജീവിതസമരവും കലാകലാപവും വേറല്ല എന്നാണ് കേരളവിമോചന ചരിത്രവും വ്യക്തമാക്കുന്നത്.

___________________________________
ചതിക്കുഴികള്‍ക്കു കുറുകേ ധീരമായി തങ്ങളുടെ തോണികളിറക്കാനും കാറ്റിനെതിരേ പായിക്കാനും ബഹുജനസംഗീതത്തിലേക്ക് ആത്മാര്‍പ്പണത്തോടെ സര്‍ഗനിക്ഷേപം ചെയ്ത ഈ അവര്‍ണ ബഹിഷ്‌കൃത വിഷയികള്‍ക്കായി. കറുപ്പന്‍ മാഷിന്റെ കവിതയില്‍ തണ്ടുചാണ്ടലും മീന്‍മണവും കണ്ടുപിടിച്ച കെ. രാമകൃഷ്ണപിള്ളയെ പോലുള്ള പത്രപ്രഭൂക്കളും സംസ്‌കാരവിഹീനരായ നഗ്നനായകന്മാരും അരങ്ങുവാണ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് ഈ അവര്‍ണ കീഴാള കലാകാരന്മാര്‍ രംഗത്തു വരുന്നതെന്നതു ശ്രദ്ധേയമാണ്. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പോരാട്ടവും സാംസ്‌കാരിക രാഷ്ട്രീയ പോരാട്ടങ്ങളും സമാന്തരവും പരസ്പര ബന്ധിതവുമാണ്. ജീവിതസമരവും കലാകലാപവും വേറല്ല എന്നാണ് കേരളവിമോചന ചരിത്രവും വ്യക്തമാക്കുന്നത്.
___________________________________

തലായി കടപ്പുറത്തെ തോണിയും വലയും തണ്ടും വലിക്കുന്ന കടലിന്റെ മക്കളുടെ വിശപ്പും വേദനയും അരികുജീവിതവും മുറ്റിയ ഓരികളും ഈണങ്ങളും തേങ്ങലുകളും, തലശേരി തണ്ണീര്‍ത്തടങ്ങളിലേയും
കയ്പ്പാടു വയലേലകളിലേയും മുണ്ടേരികളിലേയും എല്ലുമുറിയെ മണ്ണില്‍പ്പണിയുന്ന ചെറുമക്കളുടെ ഞാറ്റുപാട്ടുകളും ചേറ്റുപാട്ടുകളും, വെള്ളാട്ടത്തിന്റേയും തിറയുടേയും തോറ്റങ്ങളും ചാറ്റുപാട്ടുകളും, മലബാറിന്റെ ചരിത്രാതീത പാരമ്പര്യമായ മിശ്രസംഗീതരൂപമായ മാപ്പിളപ്പാട്ടുകളും ഉത്തരേന്ത്യയില്‍ നിന്നുള്ള മിശ്രസംഗീതമായ സൂഫി ഖവ്വാലികളും ഖയാലുകളും, വടക്കന്‍പാട്ടുകളുടെ നാടോടി സംസ്‌കാരവും, തെന്നിന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ രാഗപദ്ധതികളുമെല്ലാം കലരുന്നതാണ് രാഘവന്‍ മാഷിന്റെ സവിശേഷവും സങ്കരവുമായ കേരള സംഗീതം. കേരള ജനതയുടെ താളബോധത്തേയും ഈണബോധത്തേയും ശ്രുതിബോധത്തേയും മാനവികാര്‍ജവത്തേയും ജനപ്രിയ സംഗീത ശാഖകളിലൂടെ സംബോധന ചെയ്യുകയും നവീകരിക്കുകയും ചെയ്യുന്നു എന്ന നിലയിലാണ് അതു കേരളീയ സംഗീതമായി മാറുന്നത്. ലളിതമായ ഉപകരണ സംഗീത മേളനത്തിലൂടെ മനുഷ്യശബ്ദത്തെ പ്രാഥമികവും പ്രധാനവുമാക്കി അവതരിപ്പിക്കുന്നതായിരുന്നു രാഘവ സംഗീതത്തിന്റെ കാതല്‍. അദ്ദേഹം സ്വയം പാടിയ ‘കായലരികത്തു…’ പോലുള്ള പാട്ടുകളില്‍ ഈ മാനവികമായ സംസ്‌കാര രാഷ്ട്രീയം സുവ്യക്തമാണ്. ഏതാണ്ട് 60 സിനിമകളിലായി 400ലധികം ചലച്ചിത്രഗാനങ്ങള്‍ അദ്ദേഹം സംഗീതം ചെയ്തവയായുണ്ട്. കെ. പി. എ. സിക്കു വേണ്ടിയും മറ്റും ചെയ്തിട്ടുള്ള നാടക ഗാനങ്ങളും ലളിതഗാനങ്ങളും മറ്റും ഇനിയും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പി. ഭാസ്‌കരനുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദവും ഉദയഭാനു, ബ്രഹ്മാനന്ദന്‍, ജയച്ചന്ദ്രന്‍ തുടങ്ങിയ ഗായകരുടെ കണ്ടെടുക്കലും കേരള ജനസംഗീതത്തിനു സവിശേഷമായ പുതിയ തലങ്ങള്‍ സാധ്യമാക്കി.
ഭാഷയും എഴുത്തും പോലെ തന്നെ സംഗീതവും സംസ്‌കാരത്തിന്റെ അടിത്തറകളിലൊന്നാണ്. ജനതയുടെ സ്വത്വബോധത്തേയും സംസ്‌കാരത്തേയും നിര്‍ണയിക്കുന്നതും സാമൂഹ്യ ഭാവനകളേയും കാമനാഭിലാഷലോകത്തേയും അബോധത്തേയും നിര്‍ണയിക്കുന്നതും പരിവര്‍ത്തിപ്പിക്കുന്നതും അക്ഷരങ്ങളും വര്‍ണങ്ങളും പോലെ തന്നെ സ്വരങ്ങളും കൂടിയാണ്. ഈ സവിശേഷമായ സംസ്‌കാര സ്വത്വനിര്‍മിതിയുടെ സൂക്ഷ്മരാഷ്ട്രീയത്തിലാണ് കെ. രാഘവന്റെ സംഗീതത്തിന്റെ പ്രസക്തി. ക്ലാസിക്കല്‍ അഭിരതികളും സവര്‍ണവുകത്വവും ക്ലാസിക്കല്‍ ഭാഷാഭിമാനവാദം പോലെ തന്നെ സംഗീതരംഗത്തും പ്രബലമായി നില്‍ക്കുന്ന ഒരധീശ ധാരയാണ്. മലയാള സവര്‍ണതയുടെ ഭൂതാഭിനിവേശങ്ങളേയും ദുരധികാരരതിയേയും തന്നെയാണ് ഈ ശുദ്ധസംഗീത ക്ലാസിക്കല്‍ ഫെറ്റിഷിസം പുനരാനയിക്കുന്നത്. ഭാരതീയ ഹൈന്ദവ സംസ്‌കാരദേശീയതയുടെ വരേണ്യ സംസ്‌കാര ബൃഹദാഖ്യാനത്തിനുള്ളില്‍ ഇടംകൊള്ളുന്ന അനുഭൂതി ലാവണ്യങ്ങളുടെ സനാതന സൗന്ദര്യ മൗലികവാദവും ഈ വചനവംശകേന്ദ്രിത ലിംഗാധീശ ബോധത്തിന്റെ വികസിതമായ ഒരു വിരാടരൂപം തന്നെ. സംഗീതത്തേയാണ് ശുദ്ധാശുദ്ധിവാദങ്ങളുടെ പ്രകടനാത്മകമായ പ്രകരണായി സംസ്‌കാര വരേണ്യത നിരന്തരം ഉയര്‍ത്തിക്കാട്ടുന്നത്. ശുദ്ധസംഗീതത്തിന്റേയും രാഗമാത്ര സംഗീതത്തിന്റേയും മേന്മാവാദവും പഴക്കവാദവും വംശീയവും സാംസ്‌കാരികവുമായ വരേണ്യവാദങ്ങളോടൊപ്പം കേരള സമൂഹത്തിലും കോയ്മയിലാണ്. ഈ വരേണ്യവും ആഭിജാതവും കുലീനവുമായ സംസ്‌കാര മേന്മാവാദങ്ങളുടേയും സംഗീത ശുദ്ധിവാദങ്ങളുടേയും സമഗ്രാധിപത്യ പരിസരത്താണ് കേരള ജനസംഗീതത്തിന്റെ ആധാരങ്ങളിലൊന്നായ കെ. രാഘവന്റെ കീഴാളമായ സങ്കരസംഗീതവും കലര്‍പ്പിന്റെ സംസ്‌കാര രാഷ്ട്രീയവും വിമോചനാത്മകവും അധീശവിരുദ്ധവുമാകുന്നത്. കേരള ജനകീയ സംഗീതത്തിനു നിസ്തുലമായ സംഭാവനകള്‍ നല്‍കിയ ദേവരാജന്‍ മാസ്റ്ററുടെ പാട്ടില്‍ പോലും രാഗസംഗീതത്തിന്റെ അതിപ്രസരവും ചിട്ടയും വിമര്‍ശാത്മകമായി വ്യവഛേദിച്ചു കാണാവുന്നതാണ്. കേരള ജനപ്രിയ സംഗീത ചക്രവര്‍ത്തിയായ ബാബുരാജിന്റെ സംഗീതത്തില്‍ ഖയാല്‍ -ഗസല്‍ പ്രഭാവത്തിന്റെ ഹിന്ദുസ്ഥാനി സ്വാധീനം അമിതമാണെന്നും വിമര്‍ശിക്കാവുന്നതാണ്. എന്നാല്‍ കെ. രാഘവന്റെ പാട്ടുകളില്‍ കേരള മണ്ണിന്റേയും അടിത്തട്ടിന്റേയും ജനസംസ്‌കാരവും ഈണങ്ങളും താളങ്ങളും തുടിച്ചു നില്‍ക്കുന്നു. ഒരേ സമയം നാടോടിയും നവീനവും നവ്യവുമാകുന്ന കീഴാളമായ കലര്‍പ്പാണ് കെ. രാഘവന്റെ കടലാഴം. അടിത്തട്ടിന്റെ ജീവതാളങ്ങളേയും മണ്ണിന്റെ ഈണങ്ങളേയും കേരള സംഗീതത്തില്‍ സര്‍ഗാത്മകമായി കുടിയിരുത്തിയ അനശ്വരനായ കീഴാള സംഗീത പ്രതിഭയായിട്ടായിരിക്കും ഭാവിയില്‍ രാഘവന്‍ മാസ്റ്റര്‍ ജീവിക്കുക, നമ്മെ കൂടുതല്‍ ജീവോന്മുഖരാക്കുക. തലായി കടപ്പുറം മൂകമാകുന്നില്ല… തലയെടുപ്പും തലമൂപ്പും കൂടിയ തലയാഴിതന്നെയാണ് തലായി… തലമൂത്ത കടലാണത്… ആദ്യത്തെ ആഴി… അതു പാട്ടിന്റെ തലയാഴിയാണ്… തലയാഴിയെന്ന തലായി പാടിക്കൊണ്ടേയിരിക്കുന്നു… മന്ദ്രമധുരമായും… പിന്നെ ഘനഗംഭീരമായും… മാനത്തെ കായലില്‍ ആ കളിത്തോണിയുടെ തണ്ടുവീഴുകയായി…
_______________________

Dr Ajay Sekher, Assistant Professor of English, Sanskrit University Tirur centre,

 

 

Top