വെന്‍ഡി റോസുമായി ലോറാ കോള്‍ടെല്ലി നടത്തിയ

അഭിമുഖത്തില്‍ നിന്ന് 

കാലിഫോര്‍ണിയയിലെ ഓക് ലാന്‍ഡില്‍ 1948 മേയ് ഏഴാം തീയതി ജനിച്ചു. അമേരിന്ത്യന്‍ വംശജയായ എഴുത്തുകാരിയും, ചിത്രകാരിയും. കൌമാരത്തില്‍ സ്കൂളുപേക്ഷിച്ച് സാന്‍ഫ്രാന്‍സിസ്കോയിലെ ബൊഹീമിയന്‍ വൃത്തങ്ങളുമായി ബന്ധപ്പെട്ടു. പിന്നീട് പഠിച്ച് നരവംശശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. അമേരിക്കന്‍ ഇന്ത്യന്‍ സാഹിത്യ വൃത്തങ്ങളില്‍ സജീവം. വൈറ്റ് ഷമാനിസത്തിന്റെ വിമര്‍ശകയും ചെറു സാഹിത്യത്തിന്റെ ആദ്യകാല പ്രയോക്താക്കളിലൊരാളും.

Hopi Roadrunner Dancing(1973), What Happened When the Hopi Hit Newyork (1982), The Half-breed Chronicles And Other Poems(1985), Long Division: A Tribal History(1976), Going To War With All My Relations(1993), Bone Dance: New And Selected Poems(1994).
തുടങ്ങി നിരവധി കൃതികളുടെ കര്‍ത്താവ്.

 

 

 

 

ചോ: “ മൂന്നാം പെണ്ണ് ” എന്ന രചനയില്‍ നിങ്ങള്‍ എഴുതിയിട്ടുണ്ട് “ എന്റെ ഏറ്റവും വലിയ പ്രതീക്ഷ-ഒരു പക്ഷേ നടന്നേക്കാന്‍ ഇടയില്ലാത്തത്- അമേരിക്കന്‍ സാഹിത്യത്തില്‍ വംശീയ ന്യൂനപക്ഷങ്ങളായ ഞങ്ങളോടൊക്കെയുള്ള വിവേചനം എന്നെങ്കിലും അവസാനിക്കും എന്നതാണ് ” എന്ന്. അതൊന്ന് വിശദീകരിക്കാമോ ?

റോസ്: അമേരിക്കയിലെവിടെയും നിങ്ങള്‍ അമേരിക്കന്‍ സാഹിത്യത്തിന്റെ ഒരു സര്‍വ്വകലാശാലാ തല കോഴ്സ്, വിശേഷിച്ചും സാഹിത്യവുമായോ കലയുമായോ ബന്ധപ്പെട്ടത് പഠിച്ചാല്‍, അതിലുണ്ടാവുക യൂറോ അമേരിക്കന്‍ പാരമ്പര്യത്തില്‍ നിന്നു വരുന്ന, അതില്‍ തന്നെ വടക്കന്‍ യൂറോപ്യന്‍ കലയും സാഹിത്യവുമാവും. ഞങ്ങളൊന്നും ആ പുസ്തകങ്ങളില്‍ എവിടേയുമില്ല. കറുത്തവര്‍ ഇല്ല, തവിട്ടുനിറക്കാര്‍ ഇല്ല, റെഡ് ഇന്ത്യന്‍ വംശജരില്ല. അമേരിക്കന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ കടന്നു പോയാല്‍ നിങ്ങള്‍ക്കു കിട്ടുന്ന ധാരണ ഒരൊറ്റ ജനതയേയുള്ളു, അത് വെള്ളക്കാരാണ് എന്നാവും. ഇത് കേവലം ഒരു സാംസ്കാരിക കാര്യമല്ല, ഇതൊരു രാഷ്ട്രീയകാര്യവുമാണ്. അമേരിക്കയ്ക്കുള്ളത്ര സാഹിത്യപരവും സാങ്കേതികവുമായ ശേഷികളുള്ള ഒരു സമൂഹം അങ്ങിനെയായിരിക്കുന്നതിനു തക്കതായ കാരണങ്ങളുണ്ട്. ആളുകള്‍ ഇത്ര തിരിച്ചറിവില്ലാത്തവരാകുന്നതിന് ഒരു ന്യായീകരണവും ഇല്ല, അവര്‍ അങ്ങിനെ കണ്ണു മൂടിക്കെട്ടിയിരിക്കുന്നു എന്നതൊഴിച്ചാല്‍. അതു സംഭവിക്കാനുള്ള ഒരേയൊരു സാധ്യമായ കാരണം അതൊരു യാദൃശ്ചികതയല്ല എന്നുള്ളതാണ്, അത് ഒരു പദ്ധതിയുടെ ഭാഗമാണ്. അമേരിക്കക്കാര്‍ക്ക് യൂറോപ്യനല്ലാത്ത അമേരിക്കക്കാര്‍ എന്തു ചെയ്യുന്നു, എന്തു ചെയ്തിട്ടുണ്ട്, യൂറോപ്പുകാര്‍ അവരോടെന്തു ചെയ്തു എന്നതേക്കുറിച്ചെല്ലാമുള്ള അജ്ഞത നിലനിര്‍ത്തുന്നതുകൊണ്ട് ആര്‍ക്കോ പ്രയോജനമുണ്ട്. ജനങ്ങളെ അജ്ഞതയില്‍ നിര്‍ത്തുന്നതുകൊണ്ട് ആര്‍ക്കോ പ്രയോജനം കിട്ടുന്നുണ്ട്.

ചോ: കാലിഫോര്‍ണിയയില്‍ നിന്ന് ആരിസോണയിലേക്കുള്ള നിങ്ങളുടെ യാത്രയെക്കുറിച്ചുള്ള വിവരണത്തില്‍ നിങ്ങളെഴുതുന്നത് “ഒരു സങ്കരവംശക്കാരി ഒരു പാതിവീട്ടില്‍ നിന്ന് മറ്റൊന്നിലേക്കു പോകുന്നു എന്നാണ്. നിങ്ങളുടെ മിശ്ര സ്വത്വത്തെക്കുറിച്ചു പറയാമോ?

റോസ്: എന്റെ അച്ഛന്‍ ആരിസോണയില്‍ നിന്നുള്ള കറതീര്‍ന്ന ഹോപ്പി വംശജനായിരുന്നു. അദ്ദേഹം ഒരു റിസര്‍വ്വേഷനിലാണ് താമസിക്കുന്നത്. എന്റെ അമ്മയാവട്ടെ ഏറിയ പങ്കും സ്കോട്ട്, ഐറിഷ് വംശജയാണ്, മിവോക് -അത് കാലിഫോര്‍ണ്ണിയയിലെ യോസമൈറ്റ് ദേശീയ പാര്‍ക്കിനടുത്തുനിന്നുള്ള ഒരിന്ത്യന്‍ ഗോത്രമാണ്- രക്തവുമുണ്ട് അവരില്‍. ഒരു മിശ്രവംശജ ആയാണു ഞാനെപ്പോഴും സ്വയം കണ്ടിട്ടുള്ളത്. കാരണം അങ്ങിനെയാണു രണ്ടുവഴിക്കുമുള്ള ബന്ധുക്കള്‍ എന്നെ പരിഗണിച്ചത്. എന്റെ കുടുംബത്തിലെ
വെള്ളക്കാരായ ആളുകള്‍ക്ക് ഞാനുമായി ഒരടുപ്പവും വേണ്ടെന്നായിരുന്നു, എന്നോട് മാത്രമല്ല, എന്റെയമ്മ ഒരു വെല്‍ഷ് പശ്ചാത്തലമുള്ളയാളെ വിവാഹം കഴിച്ചതു പോലും അവരെ ദേഷ്യം പിടിപ്പിച്ചു. ഒരു വെല്‍ഷുകാരന്‍ പോലും അവരുടെ നോട്ടത്തില്‍ വന്യനായിരുന്നു.

കുടുംബത്തിലെ ഹോപ്പി ഭാഗത്തിന് എന്റെയവസ്ഥയോട് കുറേക്കൂടി അനുഭാവം ഉണ്ടായിരുന്നു, എന്നാല്‍ ഞങ്ങളുടെ പിന്തുടര്‍ച്ച അമ്മ വഴിക്കുള്ളതാണ്, അതു കൊണ്ട് ഒരു ഹോപ്പി അച്ഛനാണ് എനിക്കുള്ളതെന്നതിനാല്‍ ഹോപ്പി സമൂഹത്തില്‍ എനിക്കൊരു വ്യക്തമായ സ്ഥാനമില്ല താനും. ജീവശാസ്ത്രപരമായി ഞാനാ വംശത്തില്‍ പെട്ടയാളാണ്, ആത്മീയ തലത്തില്‍ അങ്ങിനെയാണെന്നു ഞാന്‍ കരുതുന്നു, വൈകാരികമായി തീര്‍ച്ചയായും അതേ, പക്ഷേ സാംസ്കാരികമായി ഞാന്‍ വളരെ നാഗരികയാണ്, ഞാനൊരു നാഗരികയായ വിശാല ഇന്ത്യന്‍ വ്യക്തിയാണ്. രാജ്യത്തെല്ലായിടത്തു നിന്നുമുള്ള റെഡ് ഇന്ത്യന്‍ ജനതകളോടൊപ്പമാണ് ഞാന്‍ വളര്‍ന്നത്, വിവിധ ഗോത്രങ്ങളിലുള്ളവരുമൊത്ത്. അവരില്‍ ചിലര്‍ റിസര്‍വ്വേഷനുകളില്‍ ജീവിച്ചു, മറ്റു ചിലരാവട്ടെ ജീവിതകാലമത്രയും നഗരങ്ങളിലാണു ചിലവഴിച്ചത്. ഞാന്‍ ജനിച്ചത് ഓക്ക്ലാന്‍ഡിലാണ്, ഒരു വലിയ നഗരത്തില്‍. അതുകൊണ്ട് ഒരു വിഭാഗത്തോടും കാര്യമായ ബന്ധമില്ലാത്ത ഒരവസ്ഥ ഉണ്ടായിരുന്നു. പല റെഡ് ഇന്ത്യനെഴുത്തുകാരും അതേക്കുറിച്ച് എഴുതിയിട്ടുണ്ട്. ജയിംസ് വെല്‍ച്ച് അതയാളുടെ ഒരു നോവലില്‍ ചര്‍ച്ച ചെയ്തതായി ഞാനോര്‍ക്കുന്നു: ഒരു മിശ്രവംശജനായതുകൊണ്ട് നിങ്ങള്‍ക്കു രണ്ടു വിഭാഗത്തെക്കുറിച്ചും പ്രത്യേക ഉള്‍ക്കാഴ്ചകളും രണ്ടിടത്തും പ്രത്യേക അധികാരങ്ങളുമുണ്ടോ എന്ന് അതിലെ നായകനോടു ചോദിക്കുന്നുണ്ട്, ഒരുകൂട്ടരുടേതും നിങ്ങള്‍ക്ക് മതിയാവോളം ഇല്ല എന്നാണതിനര്‍ത്ഥം എന്നോ മറ്റോ ആയിരുന്നു അയാളുടെ മറുപടി. എനിക്കത് മനസ്സിലാവും, അദ്ദേഹം അര്‍ത്ഥമാക്കുന്നതെന്താണ് എന്ന് എനിക്കറിയാം.

ചോ:“ ഹോപ്പി ന്യൂയോര്‍ക്കിലെത്തിയപ്പോള്‍ എന്തു സംഭവിച്ചു ” നിങ്ങള്‍ വിവിധ പ്രദേശങ്ങളിലൂടെ നടത്തിയ യാത്രകളുടെ രേഖയാണല്ലോ. അതില്‍ നിങ്ങള്‍ “ഇന്ത്യന്‍ അദൃശ്യത” എന്നു വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?

റോസ്: അതിലേക്ക് രണ്ടു വിധത്തില്‍ നോക്കാം. ഒന്ന് ഇന്‍ഡ്യന്‍ വംശജര്‍ക്കു മേല്‍ അടിച്ചേല്പിക്കപ്പെട്ട അദൃശ്യതയാണ്. അതിനെക്കുറിച്ചു പറയുമ്പോള്‍ അമേരിക്കന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കു തിരികെയെത്തേണ്ടി വരും, അത് റെഡ് ഇന്ത്യന്‍ വംശജരെ എങ്ങിനെ അദൃശ്യരാക്കുന്നു എന്നതിലേക്ക്, സ്വന്തം സംസ്കാരവും, മതാചാരങ്ങളുമെല്ലാം പാലിക്കുന്ന, റിസര്‍വ്വേഷന്‍ ഭൂമിയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരാല്‍ ചുറ്റപ്പെട്ടു ജീവിക്കുന്ന ആളുകള്‍ക്കു പോലും അവരെക്കുറിച്ച് അറിയില്ല എന്ന അവസ്ഥ. റെഡ് ഇന്‍ഡ്യന്‍ വംശജരല്ലാത്തവര്‍ അതിനേക്കുറിച്ചൊന്നും അറിയുന്നില്ല എന്നത് ഒരുതരം അദൃശ്യതയാണ്. മറ്റൊരുതരം അദൃശ്യത ഇന്ത്യന്‍ വംശജരായ ആളുകള്‍ സ്വയം അടിച്ചേല്പിക്കുന്നതാണ്: വിശേഷിച്ചും സംഘര്‍ഷ സന്ദര്‍ഭങ്ങളില്‍, ഒരു തര്‍ക്കമോ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമോ നിലനില്‍ക്കുമ്പോള്‍ ഒരു ഇന്ത്യന്‍ വംശജന്‍ പൂച്ചട്ടിയിലെ ചെടിയായി മാറാറുണ്ട്, ഞാനര്‍ത്ഥമാക്കുന്നതെന്തെന്ന് നിങ്ങള്‍ക്കു മനസ്സിലാവുമെങ്കില്‍. ഒരിന്ത്യന്‍ വംശജന്‍ ഉള്‍വലിഞ്ഞ് വീട്ടുപകരണങ്ങളുടെയോ ഭിത്തിയുടെയോ ഭാഗമായി മാറും. അതും ഒരു തരം അദൃശ്യതയാണ്. രക്ഷാതന്ത്രമെന്ന നിലയില്‍ ഉപയോഗിക്കുന്ന നിറംമാറാനുള്ള ശേഷിയാണത്, ഒരു പ്രച്ഛന്ന വേഷം. അതൊരു അതിജീവന തന്ത്രമാണ്.

Winged Words:American Indian Writers Speak, Laura Coltelli,1990, എന്ന പുസ്തകത്തില്‍ നിന്നും.)

Read Wendi Rose Poem: ഇന്ത്യനാവണമെന്നുള്ള വെള്ളക്കാരായ കവികള്‍ക്ക്

 

Top