പൊന്തന്‍മാട-ശരീരഭാഷയുടെ രാഷ്ട്രീയം

രാജുക്കുട്ടന്‍ പി.ജി.
____________________________________

 ‘പൊന്തന്‍മാട’ എന്ന ചലച്ചിത്രത്തിലെ പൊന്തന്‍മാടയുടെ ചലനങ്ങള്‍ എല്ലാം ഒരുവിധേയന്റെ എന്നതിലുപരി ഒരു അടിമയുടേതാണ്. ചില അവസരങ്ങളില്‍ ഒരു കുരങ്ങിന്റേതാണോ ആ ചലനങ്ങള്‍ എന്നുപോലും സംശയിച്ചു പോകും. അതിനുകാരണം ജന്തുക്കളുടെ തലത്തിലുള്ള മാനസിക വളര്‍ച്ചയാണ് സംവിധായകന്‍ മാടയ്ക്ക് നല്‍കുന്നത്. അതിനു തെളിവായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന പോത്തുകളോടൊപ്പം (സീന്‍ 14, 61) മാട പ്രത്യക്ഷപ്പെടുന്നുണ്ട്. അടികൊണ്ട് എല്ലാ അടിമപ്പണിയും ചെയ്യുക എന്നതാണല്ലോ പോത്തുകളുടെ സവിശേഷത. ആ പ്രത്യേകത തന്നെയാണ് മാടയ്ക്കും ഉള്ളത്. പോത്തിനാണെങ്കില്‍ പരസ്പരം പോരടിക്കാനെങ്കിലും തോന്നും അതുപോലുമില്ലാത്ത വിധേയനാണ് മാട.

________________________________________

വ്യക്തിയുടെ ചലനങ്ങളില്‍ നിന്ന് അയാളുടെ മാനസികനില ഏകദേശം കണ്ടെത്താമെന്നത് ഒരു പുതിയ അറിവല്ല എന്നാല്‍ ആ ചലനങ്ങളെ നിരീക്ഷിച്ച് വ്യക്തിയെ ആഴത്തില്‍ മനസ്സിലാക്കാമെന്നത് പുതിയകാല സാമൂഹിക പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ‘മനുഷ്യന്‍ അവന്റെ ശരീരം കൊണ്ട് വിനിമയം ചെയ്യുന്ന ആശയങ്ങളാണ് ശരീരഭാഷയെന്ന് പറയുന്നത്.’1 ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത ‘പൊന്തന്‍മാട’ എന്ന ചലച്ചിത്രത്തിലെ പൊന്തന്‍മാടയുടെ ചലനങ്ങള്‍ എല്ലാം ഒരുവിധേയന്റെ എന്നതിലുപരി ഒരു അടിമയുടേതാണ്. ചില അവസരങ്ങളില്‍ ഒരു കുരങ്ങിന്റേതാണോ ആ ചലനങ്ങള്‍ എന്നുപോലും സംശയിച്ചു പോകും. അതിനുകാരണം ജന്തുക്കളുടെ തലത്തിലുള്ള മാനസിക വളര്‍ച്ചയാണ് സംവിധായകന്‍ മാടയ്ക്ക് നല്‍കുന്നത്. അതിനു തെളിവായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന പോത്തുകളോടൊപ്പം (സീന്‍ 14, 61) മാട പ്രത്യക്ഷപ്പെടുന്നുണ്ട്. അടികൊണ്ട് എല്ലാ അടിമപ്പണിയും ചെയ്യുക എന്നതാണല്ലോ പോത്തുകളുടെ സവിശേഷത. ആ പ്രത്യേകത തന്നെയാണ് മാടയ്ക്കും ഉള്ളത്. പോത്തിനാണെങ്കില്‍ പരസ്പരം പോരടിക്കാനെങ്കിലും തോന്നും അതുപോലുമില്ലാത്ത വിധേയനാണ് മാട.
ആഭ്യന്തരവും ബാഹ്യവുമായ ഘടകങ്ങളുടെ സാഹചര്യാനുസരണമുള്ള പ്രവര്‍ത്തനമോ തുടര്‍ച്ചയായി നടക്കുന്ന പ്രവര്‍ത്തനങ്ങളോ ആണ് ശരീരഭാഷ സൃഷ്ടിക്കുന്നതെന്നു പറയാം.2 ഈ പ്രസ്താവനയെ മാടയുടെ ശരീരഭാഷ ശരിവയ്ക്കുന്നുണ്ട്. മുന്നോട്ടു വളഞ്ഞുള്ള മാടയുടെ നടത്തം എല്ലാ അധികാരങ്ങളെയും ശിരസ്സാവഹിക്കുന്നതാണ്. സമൂഹം അത് ആവശ്യപ്പെടുന്നുണ്ട്. ദലിത്കഥാപാത്രമായ മാട ഇപ്രകാരമായിരിക്കണം എന്ന വിചാരവും സംവിധായകനുണ്ട് കാരണം മാട യൗവ്വനത്തിലും വാര്‍ദ്ധക്യത്തിലും ഒരുപോലെ വിധേയനായ കഥാപാത്രമായാണ് സിനിമയിലുടനീളം പ്രത്യക്ഷപ്പെടുന്നത്. ഒരവസരത്തിലും അയാള്‍ക്ക് തന്റെ വിധേയത്വശരീരഭാഷയില്‍ നിന്നോ ഭാഷണത്തില്‍ നിന്നോ മോചനമില്ല. ഇത് ഉറപ്പിക്കുന്ന പേരാണ് കഥാപാത്രത്തിന് ചലച്ചിത്രത്തില്‍ ടി.വി. ചന്ദ്രന്‍ നല്‍കിയിരിക്കുന്നത്. പൊന്തന്‍ എന്ന വാക്കിനര്‍ത്ഥം വിഢ്ഢിയെന്നാണ.് വിഢ്ഢിയായ മാട എന്നാണ് കഥാപാത്രത്തിന്റെ പേര്. തന്റെ ശരീരഭാഷകൊണ്ടാണ് പൊന്തനാണെന്ന കാര്യം മാട സ്ഥാപിച്ചെടുത്തത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അയാളൊരു വിഡ്ഢിയല്ല തന്റെ ഭാര്യയെ മാടമ്പിയായ നായര്‍ ലൈംഗികമായി ഉപയോഗപ്പെടുത്തുന്നത് അയാള്‍ക്ക് മനസ്സിലാവുന്നുണ്ട്. അതുപോലെ ശീമതമ്പുരാനെ അയാള്‍ ചതുരംഗത്തില്‍ തോല്‍പ്പിക്കുന്നു. ഇതെല്ലാം അയാളൊരു വിഡ്ഢിയല്ല എന്നു തെളിയിക്കുന്നുണ്ട്.
മാടയുടെ ബാഹ്യശരീരം പതുങ്ങിയാണ് നടക്കുന്നത്. എല്ലാ സമയത്തും അയാള്‍ ആരെയൊക്കെയോ ഭയപ്പെട്ടാണ് ജീവിക്കുന്നത്. അയാള്‍ കുടുംബവും ബന്ധങ്ങളുമില്ലാത്തയാളായതുകൊണ്ട് ആരെയും സംരക്ഷിക്കേണ്ട ബാധ്യതയില്‍ നിന്നുണ്ടാവുന്ന പരുങ്ങലല്ല ഇത്. താന്‍ ഒരടിമയാണെന്ന പരുങ്ങലാണ് അയാളുടെ ശരീരഭാഷയിലുള്ളത.് തന്റെ യൗവ്വനകാലത്ത് കര്‍ഷകത്തൊഴിലാളികള്‍ക്കിടയിലുണ്ടായ സ്‌ഫോടനാത്മകമായ മാറ്റങ്ങളൊന്നും തന്നെ മാട അറിയുന്നില്ല. ശീമത്തമ്പുരാന്റെ പിന്നാലെയും കാര്‍ത്തുവിന്റെ പിന്നാലെയും ഒരു വിധേയനായി അയാള്‍ പരുങ്ങി നടക്കുന്നു. പൊന്തന്‍മാടയുടെ നില്‍പ്പാണെങ്കില്‍ ഒരു വിധേയന്റെ എല്ലാ ബാഹ്യലക്ഷണങ്ങളും തികഞ്ഞ ഒന്നാണ്. രണ്ടുകൈകളും നെഞ്ചില്‍ പിണച്ചുവച്ച് ശരീരം മുമ്പോട്ട് വളച്ച് തലകുമ്പിട്ട് കണ്ണുകള്‍ അതിശ്രദ്ധയോടെ തന്റെ അധികാരിയിലേക്ക് തുറന്നുവച്ചാണ് മാട നില്‍ക്കുന്നത്.

______________________________________________
ദലിത്കഥാപാത്രമായ മാട ഇപ്രകാരമായിരിക്കണം എന്ന വിചാരവും സംവിധായകനുണ്ട് കാരണം മാട യൗവ്വനത്തിലും വാര്‍ദ്ധക്യത്തിലും ഒരുപോലെ വിധേയനായ കഥാപാത്രമായാണ് സിനിമയിലുടനീളം പ്രത്യക്ഷപ്പെടുന്നത്. ഒരവസരത്തിലും അയാള്‍ക്ക് തന്റെ വിധേയത്വശരീരഭാഷയില്‍ നിന്നോ ഭാഷണത്തില്‍ നിന്നോ മോചനമില്ല. ഇത് ഉറപ്പിക്കുന്ന പേരാണ് കഥാപാത്രത്തിന് ചലച്ചിത്രത്തില്‍ ടി.വി. ചന്ദ്രന്‍ നല്‍കിയിരിക്കുന്നത്. പൊന്തന്‍ എന്ന വാക്കിനര്‍ത്ഥം വിഢ്ഢിയെന്നാണന്ന്. വിഢ്ഢിയായ മാട എന്നാണ് കഥാപാത്രത്തിന്റെ പേര്. തന്റെ ശരീരഭാഷകൊണ്ടാണ് പൊന്തനാണെന്ന കാര്യം മാട സ്ഥാപിച്ചെടുത്തത്.
______________________________________________ 

എന്നോട് കല്‍പ്പിക്കൂ എന്ന ദയനീയ ഭാവം ആ നില്‍പ്പ് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. നടത്തമാണെങ്കില്‍ കൈകള്‍ അനുസരണയോടെ അല്പം വളച്ചുപിടിച്ചും ശരീരം മുന്നോട്ടുവളച്ചും കാലുകള്‍ നിലത്തുറക്കാതെയുമാണ്. ഓരോ അടിവക്കുമ്പോഴും ഇത് തന്റെ മണ്ണല്ല എന്ന ബോധം മാടക്ക് ഉള്ളതുപോലെയാണ് ആ നടത്തം. പാടത്ത് കായികാദ്ധ്വാനം ചെയ്യുമ്പോഴും അയാളുടെ നടത്തത്തിന് യാതൊരു വ്യത്യാസവും വരുന്നില്ല. അത്രയേറെ ആന്തരികമായി അയാള്‍ക്ക് വിധേയത്വം ഉറച്ച് പോയി എന്ന് കാണാന്‍ കഴിയും. ഇതുകൊണ്ടു തന്നെ ശീമതമ്പുരാനേക്കാള്‍ അതികായനായ മാട അയാള്‍ക്കു മുന്നില്‍ ചുരുങ്ങി പോകുകയും കാഴ്ച്ചയില്‍ ശീമതമ്പുരാനേക്കാള്‍ ചെറുതാകുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ശീമതമ്പുരാനേക്കാള്‍ ഉയരവും ദൃഢതയുമുള്ള ശരീരം മാടക്കുണ്ട്.
വിധേയത്വം കലര്‍ന്ന ഭാഷണം മാടയുടെ ശരീരഭാഷക്ക് അലങ്കാരമാകുന്നുണ്ട്. ശീമതമ്പുരാനോട് മാത്രമല്ല കാര്‍ത്തുവിനോടും കൂടെ ജോലി ചെയ്യുന്നവരോടും അയാള്‍ വിധേയന്റെ ഭാഷയാണ് ഉപയോഗിക്കുന്നത്. അതാണെങ്കില്‍ ഒരു നിലവിളിയുടെ അടുത്തു വരുന്ന ഒന്നാണ്. ഈ ഭാഷ അയാളില്‍ അധികാരം സ്ഥാപിക്കാന്‍ കാര്‍ത്തുവിനേയും കൂടെ ജോലി ചെയ്യുന്ന മറ്റു സ്ത്രീകളെപ്പോലും പ്രേരിപ്പിക്കുന്നുണ്ട്. സമൂഹത്തില്‍ സ്ത്രീകള്‍ക്കും താഴെയായി അയാളുടെ ഇടം സ്ഥാപിക്കപ്പെടുന്നുണ്ട്. അപൂര്‍വ്വമായി മാത്രം ചിരിക്കുന്ന മാട തന്റെ ചിരിയിലൂടെ തന്റെ ദൈന്യതയും നിരാലംബതയും പ്രദര്‍ശിപ്പിക്കുന്നു. കാര്‍ത്തുവിനോടൊപ്പം ചന്തയില്‍ പോകുമ്പോള്‍ അവിടെ കാലി വില്‍പ്പനക്കാരന്‍ മാടിനെ എന്ന വ്യാജേന കാര്‍ത്തുവിനെ കമന്റടിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടില്‍ അയാളോട് മാട ചിരിച്ചു നില്‍ക്കുന്നു. നായരുടെ പീടികയില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അയാള്‍ ഔദാര്യമായി കാര്‍ത്തുവിന് സാധനങ്ങള്‍ കൊടുക്കുമ്പോഴും മാടയില്‍ അടിമയുടെ നിസ്സഹായതയാണ് കാണാന്‍ കഴിയുന്നത്. തിരിച്ചുപോരുമ്പോള്‍ ‘നീ ഒരാണാ….. ആരെന്ത് പറഞ്ഞാലും ഇളിച്ചോണ്ട് നില്‍ക്കും’3 എന്ന് കാര്‍ത്തു മാടയോട് ചോദിക്കുന്നുണ്ട്. കാര്‍ത്തുവിന്റെ അടുത്തേക്ക് പതുങ്ങിയുള്ള മാടയുടെ വരവ് അടിമത്വം ബാധിച്ച പുരുഷന്റെ ശരീരഭാഷയെ വെളിപ്പെടുത്തുന്നുണ്ട്. ആദ്യരാത്രിയില്‍ കാര്‍ത്തു വിളക്കണച്ചപ്പോള്‍ ഇരുട്ടില്‍ തപ്പിതടയുന്ന മാടയും മാടയുടെ പരിഭ്രമം കണ്ട് ചിരിക്കുന്ന കാര്‍ത്തുവും ഉള്‍പ്പെടുന്ന (സീന്‍ 53) മാടയുടെ സ്വകാര്യതകളില്‍പ്പോലും അടിമയുടെ ശരീരവും മനസ്സും മാറ്റങ്ങളില്ലാതെ നിലകൊള്ളുന്നു എന്ന് വ്യക്തമാകുന്നു.
ഇങ്ങനെ ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ ദലിതര്‍ വിധേയരായിരിക്കണം എന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്താനും കഥാപാത്രത്തെ ജനപ്രിയമാക്കാന്‍ വേണ്ടിയും സംവിധായകന്‍ ഇത്തരത്തില്‍ മാടയെ ആവിഷ്‌ക്കരിച്ചിരിക്കുന്നു. മമ്മൂട്ടിയുടെ താരശരീരത്തില്‍ മാട എന്ന ദലിത് കര്‍ഷകതൊഴിലാളിയുടെ ശരീരം ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. ചലനം, ഭാവപ്രകടനം, സംസാരം തുടങ്ങിയവ ശരീരം കൊണ്ട് നേരിട്ടു സൃഷ്ടിക്കുന്നതില്‍ മമ്മൂട്ടി വിജയിക്കുകയും ചെയ്തു.
പഞ്ചാംഗം വില്‍ക്കാന്‍ വരുന്ന കമ്മാള്‍ രാത്രി മാടയുടെ വീട്ടില്‍ താമസിച്ച് ഭാര്യയെ പീഢിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും മാടക്ക് വിനയാകുന്നത് തമ്പുരാനുമായുള്ള അടിമ-ഉടമ ബന്ധമാണ്. ഉടമയുടെ അനുവാദം കിട്ടിയിട്ടുവേണം മാടക്ക് തന്റെ ഭാര്യയെ പീഢിപ്പിക്കാന്‍ ശ്രമിച്ച കമ്മാളുടെ മുഖത്തു നോക്കി എന്തെങ്കിലും പറയാന്‍.
കാര്‍ത്തുവിനെ ഓര്‍ത്ത് മാട ദു:ഖിതനാകുമ്പോള്‍ തെയ്യം കാണുന്നതിനിടയില്‍ മാട മദ്യപിക്കുന്നു. മദ്യത്തിന്റെ ലഹരിയില്‍ ഭാര്യയെ കൊണ്ടുപോയ നായരെ കുത്തുമലര്‍ത്തുന്നതായി മാടക്ക് സങ്കല്‍പ്പിക്കാനാകുന്നു. തന്റെ വിധേയത്വബോധത്തിന്റെ, അടിമബോധത്തിന്റെ പിടിവിട്ട് സ്വാതന്ത്ര്യത്തിന്റെ മാനസിക തലം ഉടലെടുക്കാന്‍ തുടങ്ങുന്ന ആ സമയത്ത് ശീമതമ്പുരാനില്‍ നിന്ന് അയാള്‍ക്ക് അടി കിട്ടുന്നുണ്ട്. ആ അടിയുടെ കാരണം മദ്യപാനമാണെമെങ്കിലും ഒരു ആഘോഷ വേളയില്‍ പോലും യാതൊരു ഭാവഭേദവും ഇല്ലാതെ മാട വിധേയനായിരിക്കണം എന്ന ശീമതമ്പുരാന്റെ നിര്‍ബന്ധമാണ് ഈ അടിക്കു കാരണം. ഈ അടി കിട്ടിയതിനു ശേഷം പിന്നീട് ഒരിക്കലും മദ്യപിച്ചിട്ടില്ലെന്ന് വിധേയത്വത്തോടെ മാട പറയുന്നു.
വൃദ്ധനായ മാടയെ സിനിമ അവതരിപ്പിക്കുന്ന കാലം 1940 കളാണ് അയാളുടെ യൗവ്വന കാലത്ത് അധ:സ്ഥിതരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും വിദ്യാലയ പ്രവേശനത്തിനും സ്ത്രീകളുടെ കല്ലുമാല പൊട്ടിച്ചെറിയാനും മാറുമറക്കാനുമുള്ള അവകാശങ്ങള്‍ക്കുവേണ്ടി അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ (1907) ഇവിടെ സമരങ്ങള്‍ നടന്നിരുന്നു. ഇതൊന്നും മാട എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലോ ഭാഷയിലോ ശരീര ഭാഷയിലോ പ്രതിഫലിക്കുന്നില്ല എന്നത് കൗതുകകരമാണ്. നീണ്ടു നിവര്‍ന്നു നില്‍ക്കാനോ നടക്കാനോ പോലും ടി. വി ചന്ദ്രന്‍ ആവിഷ്‌ക്കരിക്കുന്ന കഥാപാത്രത്തിന് സാധിക്കുന്നില്ല.
മാട എന്ന കഥാപാത്രത്തിന്റെ കാലം 1940 കളാണ്. സാതന്ത്ര്യത്തിനു മുമ്പുള്ള ഈ കാലഘട്ടത്തില്‍ തൊഴിലാളികള്‍ അവരുടെ നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടി പോരാടിയിരുന്നു എന്ന വസ്തുത സിനിമയില്‍ തെളിയുന്നുണ്ട്. മാട പാടത്ത് പണിയെടുത്തുകൊണ്ടിരിക്കെ ബ്രിട്ടീഷ് പോലീസ് ഒരു കര്‍ഷകതൊഴിലാളിയെ സമരത്തില്‍ പങ്കെടുത്തതിനും അക്കാലത്തെ സര്‍ക്കാരിനെതിരായി പ്രവര്‍ത്തിച്ചതുകൊണ്ടും പിടികൂടാനായി പാടത്തിനു നടുവിലൂടെ ഒടിക്കുന്നു (സീന്‍ 37) ഇത് കാണിക്കുന്നത് സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി മാടയെപ്പോലുള്ളവര്‍ ശബ്ദമുയര്‍ത്തിയിരുന്നു എന്നുള്ളതാണ്. എന്നാല്‍ മാട തന്റെ യൗവ്വനത്തിലും വാര്‍ദ്ധക്യത്തിലും ഒരു ശബ്ദവും ഉയര്‍ത്താത്ത നിരന്തരം വിധേയനായി ജീവിക്കുന്ന മനുഷ്യനാണ്, അയാള്‍ക്ക് ആ സമൂഹത്തിലെ സ്ത്രീകളുടെ പോലും അധികാരം ഭാഷയിലോ ശരീരഭാഷയിലോ ഇല്ല. കാര്‍ത്തു തനിക്കുനേരെ വരുന്ന പീഢനങ്ങള്‍ക്കും ഉപയോഗപ്പെടുത്തലിനും നേരെ പ്രതികരിക്കുന്നതുകണ്ടാല്‍ ഇത് മനസ്സിലാക്കാം.
കാര്‍ത്തുവിനെ വിവാഹം കഴിക്കാന്‍വേണ്ടി തന്റെ യജമാനനായ ശീമതമ്പുരാന്റെ അടുത്ത് വന്ന് നില്‍ക്കുമ്പോള്‍ മാട ഭയപ്പെടുന്നു, എന്നാല്‍ കാര്‍ത്തു ഭയമൊന്നുമില്ലാതെ ഒരു കാരണവും കൂടാതെ തന്നെ ഉപേക്ഷിച്ച മുന്‍ഭര്‍ത്താവിനെതിരെയും സമൂഹത്തിനെതിരെയും പ്രതികരിക്കുന്നു. ശീമതമ്പുരാന്റെ അമ്മ ഇതുകേട്ട് ‘ഇത് കണ്ടോടാ മാടേ ഇവളുടെ ധൈര്യം’ എന്ന് പരുങ്ങി നില്‍ക്കുന്ന അയാളോട് പറയുന്നുണ്ട്. ഇത് സമൂഹത്തിലെ സ്ത്രീകളുടെ പദവിയേക്കാള്‍ താഴ്ന്ന ഒരു പദവിയാണ് മാടക്കുള്ളത് എന്ന് വ്യക്തമാക്കുന്നുണ്ട്.

_____________________________________________
1940 കളില്‍ കേരളത്തിലെ ദലിതുകള്‍ കുറേയേറെ രാഷ്ട്രീയ സാക്ഷരത നേടുകയും സ്വന്തമായി ഭൂമി ഉണ്ടാകേണ്ടതിനെക്കുറിച്ചും വ്യക്തി എന്ന നിലക്ക് സമൂഹത്തില്‍ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുറേയൊക്കെ ബോധവാനായി തീര്‍ന്നിരുന്നു. അക്കാലത്ത് ദലിതുകള്‍ അടിമബോധത്തില്‍ നിന്ന് മുക്തരായി ജന്മിമാരില്‍ നിന്നകന്ന് സ്വതന്ത്രമായ ഒരു ജീവിതം നയിക്കാന്‍ തുടങ്ങിയിരുന്നു. അവരുടെ ശരീര ഭാഷാ വിധേയത്വം കുറേയേറെ ഒഴിവായി കഴിഞ്ഞിട്ടുണ്ടായിരുന്നു. അവരില്‍ നിന്ന് അടിമബോധം കുറച്ചെങ്കിലും വിട്ടു പോയിരുന്നു. എന്നാല്‍ ടി. വി ചന്ദ്രന്‍ അവതിരിപ്പിക്കുന്ന ‘മാട’ നൂറു ശതമാനവും അടിമയായ മാനസികമായി യാതൊരു പുരോഗതിയും കാഴ്ചവക്കാത്ത ശരീരഭാഷകൊണ്ട് മുഴുവന്‍ വിധേയനായ ഒരു ദലിത് സ്വത്വത്തെയാണ് അവതരിപ്പിക്കുന്നത്.  
_____________________________________________

‘മമ്മൂട്ടി എന്ന നടന്‍ മാടയുടെ ശരീര ഭാഷ അഭിനയിച്ച് ഫലിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള അക്കാലത്തെ ഒരു ദലിത് സ്വത്വത്തെ ഉള്‍ക്കൊണ്ട് അവരുടെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് മാനുഷിക വിക്ഷോഭങ്ങളിലേക്ക് മാടയെ ആവിഷ്‌ക്കരിക്കാന്‍ ടി. വി. ചന്ദ്രന് കഴിഞ്ഞിട്ടില്ല. ദലിതര്‍ എന്നും വിധേയരായിരിക്കണം എന്ന സമൂഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് മാടയെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ദലിത് പ്രശ്‌ന പരിസരങ്ങളില്‍ നിന്ന് സംവിധായകന്‍ ഒഴിഞ്ഞ് മാറുകയാണ് ചെയ്യുന്നത്. ഒരു തുണ്ട് ഭൂമി പോലും മാടക്ക് സ്വന്തമായി ഇല്ല എന്ന് സിനിമയുടെ അവസാന സീനില്‍ പറയുന്നുണ്ട്. ഇതിനു പകരമായി മാട തന്നെ കച്ചേരിയില്‍ എന്റെ പേര്‍ക്ക് ഭൂമിയൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നേയുള്ളൂ ഈ കാണുന്ന ഭൂമിയെല്ലാം എന്റേതാ ഈ ഭൂമി കരയുന്നത് എനിക്ക് കേള്‍ക്കാനാകുന്നുണ്ട് എന്ന് മാടയെ കൊണ്ട് കാല്‍പ്പനികമായി പറയിപ്പിച്ച് സംവിധായകന്‍ ദലിത് പ്രശ്‌ന പരിസരങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നു.
1940 കളില്‍ കേരളത്തിലെ ദലിതുകള്‍ കുറേയേറെ രാഷ്ട്രീയ സാക്ഷരത നേടുകയും സ്വന്തമായി ഭൂമി ഉണ്ടാകേണ്ടതിനെക്കുറിച്ചും വ്യക്തി എന്ന നിലക്ക് സമൂഹത്തില്‍ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുറേയൊക്കെ ബോധവാനായി തീര്‍ന്നിരുന്നു. അക്കാലത്ത് ദലിതുകള്‍ അടിമബോധത്തില്‍ നിന്ന് മുക്തരായി ജന്മിമാരില്‍ നിന്നകന്ന് സ്വതന്ത്രമായ ഒരു ജീവിതം നയിക്കാന്‍ തുടങ്ങിയിരുന്നു. അവരുടെ ശരീര ഭാഷാ വിധേയത്വം കുറേയേറെ ഒഴിവായി കഴിഞ്ഞിട്ടുണ്ടായിരുന്നു. അവരില്‍ നിന്ന് അടിമബോധം കുറച്ചെങ്കിലും വിട്ടു പോയിരുന്നു. എന്നാല്‍ ടി. വി ചന്ദ്രന്‍ അവതിരിപ്പിക്കുന്ന ‘മാട’ നൂറു ശതമാനവും അടിമയായ മാനസികമായി യാതൊരു പുരോഗതിയും കാഴ്ചവക്കാത്ത ശരീരഭാഷകൊണ്ട് മുഴുവന്‍ വിധേയനായ ഒരു ദലിത് സ്വത്വത്തെയാണ് അവതരിപ്പിക്കുന്നത്. ഇത് പൊതുവായ ദലിത് ജീവിത്തിന് അപവാദമാണ് എന്നു വേണം കരുതാന്‍. ജനകീയ സിനിമയുടെ രൂപം നിര്‍മ്മിക്കാനും മമ്മൂട്ടി എന്ന നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രം സ്വീകരിക്കപ്പെടാനും വേണ്ടിയാണ് മാടയെ ശീമതമ്പുരാന് പിന്നില്‍ അടങ്ങിയൊതുങ്ങിനില്‍ക്കുന്ന ഒരു വാലാക്കി മാറ്റിയിട്ടുള്ളത്. സമൂഹത്തിലെ മാടമ്പികളില്‍ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചതുകൊണ്ടും വിദേശത്ത് ഒരു പാടുകാലം താമസിച്ചതുകൊണ്ടും സ്വകാര്യ ഇടങ്ങളില്‍മാത്രം മാടയോട് മാടമ്പിത്തം കാണിക്കാത്ത കഥാപാത്രമാണ് ശീമത്തമ്പുരാന്റേത്. സിനിമയില്‍ സമൂഹത്തിലെ മറ്റ് ആളുകളോടെല്ലാം ശീമതമ്പുരാന്‍ തന്റെ കേമത്തം ഊട്ടിയുറപ്പിക്കുന്നുണ്ട്. മാടയുടെ ശരീരഭാഷയും വിധേയത്വവും ഏതുകാലത്തും മാട ശീമതമ്പുരാന് വിധേയനായിരിക്കും എന്ന ധൈര്യം കൊണ്ടാണ് അയാള്‍ മാടയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നതും അധികാരത്തില്‍ അയവ് വരുത്തുന്നതും. അല്ലാതെ ശീമതമ്പുരാന്‍ ലോക പരിചയം കൊണ്ട് മനുഷ്യനെ മനുഷ്യനായി കാണുന്നതുകൊണ്ടല്ല.
മാട പഞ്ചപുച്ഛമടക്കി നില്‍ക്കുന്നതിനു കാരണം അയാള്‍ നിലനില്‍ക്കുന്ന വ്യവസ്ഥ അത്തരം ഒരു രൂപപ്പെടുത്തലിന് അയാളെ വിധേയമാക്കിയിട്ടുള്ളതുകൊണ്ടാണ്. മാടയാണെങ്കില്‍ അയാള്‍ക്ക് സമൂഹത്തില്‍ ആവശ്യമായ സ്ഥാനത്തെക്കുറിച്ചോ ഇടത്തെക്കുറിച്ചോ ഒന്നും തന്നെ മനസ്സിലാക്കിയിട്ടില്ലാത്ത കഥാപാത്രമാണ്. നിന്റെ കിടപ്പൊക്കെ എങ്ങനെയുണ്ട് മാടേ എന്ന ശീമതമ്പരാന്റെ ചോദ്യത്തിന് ഉത്തരമായി (കാലിത്തൊഴുത്തിന്റെ അരമതിലില്‍ കിടക്കുന്നതാണ് കാണിക്കുന്നത്, സീന്‍ 48) ‘സുഖാണേ’ എന്നാണ് പറയുന്നത്. നാല്‍ക്കാലികളോടൊപ്പം ഇരുട്ടില്‍ ദുര്‍ഗന്ധം ശ്വസിച്ച് കൊതുകുകളുടെ കടിയേറ്റ് ഒറ്റക്കാണ് മാടയുടെ കിടപ്പ്. ഇതുപോലും സുഖമാണ് എന്ന ബോധമാണ് മാടയുടെ സ്വാതന്ത്ര്യ ബോധം.
കുറിപ്പുകള്‍
1. ജോസഫ് കെ മാനുവല്‍ , ഡോ. സിനിമയിലെ ശരീരഭാഷ, ഡി.സി ബുക്‌സ് കോട്ടയം, പുറം. 12 (ആമുഖം – കമല്‍) 2005 ഡിസംബര്‍.
2. അതേ പുസ്തകം, പുറം 31, 2005 ഡിസംബര്‍.
3. ചന്ദ്രന്‍. ടി .വി പൊന്തന്‍മാട (തിരക്കഥ) ഒലിവ് പബ്ലിക്കേഷന്‍സ്, രണ്ടാം പതിപ്പ്, പുറം. 68, 2009.
(കോഴിക്കോട്‌സര്‍വ്വകലാശാലയിലെ മലയാളം വിഭാഗത്തില്‍ ഗവേഷകനാണ് ലേഖകന്‍)

 

Top