ഒരു സർവകലാശാലാ അധ്യാപകൻ എന്ന നിലയിൽ ഞാനെന്തുകൊണ്ട് വേട്ടയാടപ്പെടുന്നു?: പ്രൊഫ. ഹാനി ബാബു
രാജ്യത്തുടനീളം അക്കാഡമിക വിദഗ്ധര്‍ക്കെതിരെ നടക്കുന്ന അക്രമണത്തിന്റെ ഈ സന്ദര്‍ഭത്തില്‍ ഭീമാ കാെറെഗാവ്, എൽഗർ പരിഷത്ത് സംഭവുമായി ബന്ധപ്പെട്ട് തൻ്റെ വീട്ടിൽ നടന്ന റെയ്ഡിനെക്കുറിച്ചും അതിനോടുള്ള രാഷ്ട്രീയ പ്രതികരണങ്ങളെ കുറിച്ചും ഡൽഹി സർവകലാശാല അസോസിയേറ്റ് പ്രഫസർ ഹാനി ബാബു സംസാരിക്കുന്നു. പ്രഫ.ഹാനി ബാബുവിൻ്റെ അനുഭവം, രാഷ്ട്രീയം, സാമൂഹിക ജീവിതം, അക്കാഡമിക്സ് എന്നിവയെ മുൻനിർത്തി കാരവൻ മാസികയിലെ മള്‍ട്ടിമീഡിയ, ബുക്ക് എഡിറ്റര്‍മാരായ ഷഹീന്‍ അഹമ്മദ്, മായ പലിത് എന്നിവർ നടത്തിയ അഭിമുഖം.
2019 സെപ്റ്റംബര്‍ 10ന് പുലര്‍ച്ചെ, പൂണെ പൊലീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘം ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് അസോസിയേറ്റ് പ്രൊഫസറായ ഹാനി ബാബുവിന്റെ പടിവാതില്‍ക്കല്‍ എത്തുന്നു. നോയിഡയിലെ അദ്ദേഹത്തിന്റെ അപ്പാർട്ട്മെൻ്റിൽ റെയ്ഡ് നടത്തുകയും, ലാപ്ടോപ്, മൊബൈല്‍ ഫോൺ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയും രണ്ട് പുസ്തകങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. ആറ് മണിക്കൂറോളം നീണ്ടുനിന്ന റെയ്ഡിന് അപ്പോൾ ഔദ്യോഗിക സെര്‍ച്ച് വാറന്റ് ഇല്ലായിരുന്നുവെന്ന് പ്രൊഫസര്‍ പറയുന്നു. എല്‍ഗര്‍ പരിഷത്ത്, ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ടാണ് തിരച്ചില്‍ നടന്നതെന്നാണ് പോലീസ് അദ്ദേഹത്തെ അറിയിച്ചത്. 2018 ജനുവരി 1ന് മഹാരാഷ്ട്രയിലെ ഭീമാ കൊറെഗാവില്‍ സംഭവിച്ച ജാതി അധിഷ്ഠിത അക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന നിരവധി പൗരാവകാശ പ്രവര്‍ത്തകരെയും അഭിഭാഷകരെയും അറസ്റ്റു ചെയ്തതിനെക്കുറിച്ചും എല്‍ഗാര്‍ പരിഷത്ത് സംഘടിപ്പിച്ച മീറ്റിങ്ങിനെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിന്‍ ലാങ്ഗ്വേജസ് യൂണിവേഴ്സിറ്റി കാമ്പസിലെ കെ.സത്യനാരായണന്‍, പുരോഹിതനും ആദിവാസി അവകാശ പ്രവര്‍ത്തകനുമായ സ്റ്റാന്‍ സ്വാമി എന്നിവരുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പോലീസ് ഉദ്യോഗസ്ഥര്‍ സമാനമായ റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്.
കാരവൻ മാസികയിലെ മള്‍ട്ടിമീഡിയ, ബുക്ക് എഡിറ്റര്‍മാരായ ഷഹീന്‍ അഹമ്മദ്, മായ പലിത് എന്നിവര്‍ ബാബുവിനോട് വീട്ടില്‍ നടന്ന റെയ്ഡിനെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെ കുറിച്ചും സംസാരിക്കുന്നു. ജാതി വിരുദ്ധ പ്രസ്ഥാനങ്ങളിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജയിലില്‍ കിടക്കുന്ന പ്രൊഫസര്‍ ജി.എന്‍.സായിബാബ സംരക്ഷണ സമിതിയിലെ (ഡല്‍ഹി സർവകലാശാല പ്രൊഫസറായിരുന്ന ജി.എൻ സായിബാബയെ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2014 മെയ് മാസത്തില്‍ അറസ്റ്റു ചെയ്തു. മൂന്ന് വർഷത്തിനുശേഷം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു) അദ്ദേഹത്തിന്റെ പങ്കാളിത്തത്തെ കുറിച്ചും സംസാരിക്കുന്നു. “ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഞാന്‍ കരുതുന്നു, കാരണം സാമൂഹിക – രാഷട്രീയ രംഗങ്ങളിൽ സജീവമായവർക്കെതിരെയുള്ള ഇത്തരം പ്രചാരങ്ങൾ കാലങ്ങളായി ഇവിടെ നടന്നു വരുന്നുണ്ട്” രാജ്യത്തുടനീളം അക്കാഡമിക വിദഗ്ധര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തിന്റെ സന്ദര്‍ഭത്തില്‍ തന്റെ വീട്ടില്‍ നടന്ന റെയ്ഡ് ചൂണ്ടികാണിച്ചു കൊണ്ട് ബാബു പറയുന്നു.
ഷഹീന്‍ അഹമ്മദ്: എന്താണ് കഴിഞ്ഞ സെപ്റ്റംബറിൽ നിങ്ങളുടെ വീട്ടിൽ സംഭവിച്ചത്? ഇത്തരത്തിലെന്തെങ്കിലും സംഭവിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ?
സെപ്റ്റംബര്‍ 10ന് അതിരാവിലെ തന്നെ ഒരു കൂട്ടം പോലീസുകാര്‍ വീട്ടിലെത്തി എന്നെ ഉണർത്തി. അവരുടെ കൂടെ പൂണെയില്‍ നിന്നുള്ള ഓഫീസർമാർ ഉണ്ടെന്നും പൂണെയില്‍ രജിസ്‌റ്റർ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ട് വീട് സെര്‍ച്ച് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. എല്‍ഗാര്‍ പരിഷത്തിന്റെ ഭീമാ കൊറെഗാവ് കേസുമായി ബന്ധപ്പെട്ടായിരുന്നു അത്. ആ കേസിനെ കുറിച്ച് എനിക്ക് അറിയുമോ എന്ന് ചോദിച്ചു, അതിനെ കുറിച്ച് എനിക്ക് നേരിട്ട് അറിവൊന്നുമില്ലെന്നും കുറച്ച് പേര്‍ അറസ്റ്റിലായതായി അറിയാമെന്നും ഞാന്‍ അവരോട് പറഞ്ഞു. ശേഷം അവര്‍ എന്റെ വീട്ടിൽ സെര്‍ച്ച് ചെയ്യാന്‍ ആരംഭിച്ചു. അടച്ചു വെച്ച ഷെല്‍ഫുകള്‍, ബാഗുകള്‍ എന്നിവയൊക്കെ തിരയുന്ന തരത്തിലുള്ള സെര്‍ച്ചൊന്നുമല്ലായിരുന്നു. അവർ പ്രധാനമായും പരിശോധിച്ചത് പുസ്തകങ്ങളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലുമായിരുന്നു. എല്ലാ പുസ്തകങ്ങളുടെയും പേരുകള്‍ പരതിക്കൊണ്ടിരുന്നു, ലാപ്‌ടോപ്, മൊബൈല്‍, അവിടെയുണ്ടായിരുന്ന മുഴുവന്‍ പെന്‍ഡ്രൈവുകള്‍ എന്നിവയെല്ലാം അവര്‍ കണ്ടെടുത്തു. എന്റെ ഇമെയിലും അവരെടുത്തു. ഷെൽഫിൽ നിന്ന് മാറ്റിവെച്ച പുസ്തകങ്ങള്‍ പ്രത്യേക സ്വഭാവത്തിലുള്ളവയായിരുന്നു. പ്രൊഫ. ജി.എന്‍.സായിബാബയെ ജയിലിൽ നിന്ന് പുറത്തിറക്കാനുള്ള പ്രചരണാര്‍ഥം പുറത്തിറക്കിയ ലഘുലേഖകൾ, എ.എന്‍ വേണുഗോപാലിന്റെ അണ്ടർസ്റ്റാൻഡിങ് മാവോയിസ്റ്റ്, വര്‍ണ ടു ജാതി, നവീന്‍ ബാബുവിന്റെ പൊളിറ്റിക്കല്‍ എകണോമി ഓഫ് കാസ്റ്റ് ഇന്‍ ഇൻഡ്യ എന്നിവയായിരുന്നവ. വിശാലവും വിപുലവുമായ എന്റെ ബുക്ക് ഷെല്‍ഫില്‍ നിന്നും അവര്‍ തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ കണ്ടപ്പോള്‍ അവരുടെ ഉദ്ദേശം എനിക്ക് കൃത്യമായി മനസ്സിലായി. നവീന്‍ ബാബുവിനെ പോലുള്ള പ്രശസ്തമായ ഒരാളുടെ പേരിനോട് എന്റെ പേര് ചേര്‍ത്ത് അവരുദ്ദേശിക്കുന്ന തിരക്കഥ മനസിലായപ്പോൾ എനിക്ക് ദേഷ്യം വന്നു. അതുകൊണ്ട് തന്നെ ഞാനതിനെ എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. എന്തുകൊണ്ടാണ് ഇവിടെയുള്ള മുഴുവന്‍ പുസ്തകങ്ങളുടെയും ഫോട്ടോ എടുക്കാതെ ഈ പുസ്തകങ്ങള്‍ മാത്രമെടുക്കുന്നതെന്നും നിരോധിക്കപ്പെടാത്ത അവയല്ലാം മാർക്കറ്റിൽ ലഭ്യമാണല്ലോ എന്നും ഞാനവരോട് ചോദിച്ചു. അവര്‍ക്ക് കൃത്യമായ പദ്ധതിയുണ്ടെന്ന് എനിക്കതില്‍ നിന്ന് വ്യക്തമായിരുന്നു.
മായാ പലിത്: നിങ്ങളെ മനഃപൂര്‍വ്വം ഉന്നംവെക്കുകയാണെന്ന് നിങ്ങള്‍ക്ക് തോന്നാന്‍ കാരണം എന്താണ്, അതിന് നിങ്ങളുടെ മുന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടോ, പ്രൊഫ. ജി.എന്‍ സായിബാബയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത് കൊണ്ടാണോ?
എനിക്കിതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് തോന്നുന്നില്ല, ഇത്തരത്തിലുള്ള ആദ്യത്തെ സംഭവവുമല്ല. ഇത്തരത്തില്‍ രാഷ്ട്രീയ-സാമൂഹിക കാര്യങ്ങളില്‍ ഇടപെടുന്നവരെയും ചില പ്രത്യേക പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരെയും ലക്ഷ്യം വെച്ച് മോശം പ്രചാരണങ്ങൾ നടത്തുകയും അവര്‍ക്കെതിരെ കേസുകള്‍ കെട്ടിച്ചമക്കുകയും ചെയ്യാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. തീര്‍ച്ചയായും ഇത് വ്യക്തമായ കടന്നുകയറ്റമാണ്. ഞാനവരോട് പറഞ്ഞിരുന്നു, നിങ്ങള്‍ക്ക് ഞാനെന്താണ് ചെയ്യുതെന്ന് അറിയാനുള്ള താല്‍പര്യമാണെങ്കില്‍ അതിനാവശ്യമായ നിരീക്ഷണ ഉപാധികളൊക്കെ തന്നെ നിങ്ങള്‍ക്കുണ്ട്. ‘പെഗാസസ്’ പുറത്തു വരുന്നതിന് മുമ്പായിരുന്നു ഈ പറഞ്ഞത് (സര്‍ക്കാര്‍ ഏജന്‍സികളുമായും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമായും മാത്രം ഇടപെടുന്ന ഇസ്രായേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് ഇൻഡ്യയിലെ മാധ്യമപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിരീക്ഷിക്കുന്നതിന് പെഗാസസ് എന്നൊരു സ്‌പൈവെയര്‍ ഉപകരണം വാട്സാപ്പിൽ ഉപയോഗിച്ചതായി ഒക്ടോബര്‍ അവസാനത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു). നിങ്ങള്‍ എന്റെ ലാപ്ടോപും മൊബൈല്‍ ഫോണും പിടിച്ചെടുക്കുകയാണെങ്കില്‍, അത് കൂടുതല്‍ ഭയപ്പെടുത്തുന്നതാണെന്ന് ഞാന്‍ പറയും. കാരണം അക്കാഡമിക മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയെ എങ്ങനെ തകര്‍ക്കണമെന്ന് അവര്‍ക്കറിയാം എന്നതിനാലാണിത്. കഴിഞ്ഞ രണ്ടുമൂന്ന് മാസമായി അധ്യാപനത്തിലേക്കോ ഗവേഷണ സാമഗ്രികളിലേക്കോ പ്രവേശനമില്ലാതെ, ഞാന്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ തടവിലാക്കപ്പെടുതിനേക്കാള്‍ മോശമാണ്. ഒന്നോ രണ്ടോ ആഴ്ചയോ ഒരു മാസമോ എന്നെ അകത്തിട്ട് പരിശോധിക്കുന്നതായിരുന്നു ഇതിലും ഭേദം.
അവര്‍ അക്കാഡമിക മേഖലകളിൽ പ്രവർത്തിക്കുന്നവരെ വേട്ടയാടുകയാണെന്നത് വളരെ വ്യക്തമാണ്. ആളുകളെ ഭയപ്പെടുത്തുന്നതിനും നിശബ്ദമാക്കുന്നതിനുമുള്ള ഒരു പദ്ധതി കൃത്യമായി നടക്കുന്നുണ്ട്. ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുമായി വ്യക്തമായ ബന്ധമുണ്ട്. അവര്‍ ആളുകളെ അലസമായി തിരഞ്ഞെടുക്കുകയല്ല. എന്റെ പ്രവർത്തനങ്ങളിൽ അധികവും സാമൂഹിക വിവേചനം, സാമൂഹിക നീതി, സംവരണം എന്നീ മേഖലകളിലായിരുന്നു. എന്നാൽ അത് മാത്രമാണ് ഇതിലേക്ക് നയിച്ചതെന്ന് എനിക്ക് തോന്നുന്നില്ല, ഇതെല്ലാം വ്യക്തമായ സന്ദേശവും ഭയവും സമൂഹത്തിലേക്ക് നല്‍കാന്‍ ഉദ്ദേശിച്ചു തന്നെയാണ്. നിങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണമെന്ന സന്ദേശം.
സംവരണത്തിനു പുറമെ, വിദ്യാഭ്യാസ നയത്തിന്റെ മാറ്റങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പഠിച്ചുകൊണ്ടിരിക്കുന്നതും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നതും. ഡൽഹി സര്‍വകലാശാലയില്‍ നാലുവര്‍ഷത്തെ ബിരുദ പ്രോഗ്രാം ആരംഭിക്കാനുള്ള ശ്രമം നടന്നപ്പോള്‍ ഞങ്ങളില്‍ ചിലര്‍ അതിനെ വളരെ സജീവമായി എതിര്‍ത്തിരുന്നു. ഞങ്ങള്‍ അതില്‍ വിജയിച്ചു. അതിനാല്‍ എന്റെ ഒരുപാട് സുഹൃത്തുക്കള്‍ക്കും ഇതുതന്നെയാണ് തോന്നുന്നത്: വിദ്യാഭ്യാസ നയം മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട് – സംസ്ഥാന സര്‍വ്വകലാശാലകളെ മാറ്റിനിര്‍ത്തൽ, വിദ്യാഭ്യാസ വ്യവഹാരങ്ങളെ തളർത്തൽ, സംവരണം തടസപ്പെടുത്തൽ ഇവയെല്ലാം തന്നെ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ്. വിദ്യാഭ്യാസ മേഖലയിൽ വളരെയധികം മാറ്റങ്ങള്‍ വരാന്‍ പോകുന്നുണ്ട്. അതിനാല്‍ ഇത് ഇപ്പോള്‍ അക്കാഡമിക മേഖലയില്‍ ഉള്ളവര്‍ക്ക് സൂചന കൂടിയാകാം. ആയതിനാൽ ഇത് എന്നെ മാത്രം ഉദ്ദേശിച്ചുള്ള ആക്രമണമാണെന്ന് ഞാന്‍ പറയുന്നില്ല. നിങ്ങള്‍ ഒരു സര്‍വകലാശാലയിലാണെങ്കില്‍, ഏതെങ്കിലും വിധത്തില്‍ ഭരണകൂട നയത്തെ എതിര്‍ക്കുകയാണെങ്കില്‍, നിങ്ങള്‍ ടാര്‍ഗറ്റു ചെയ്യപ്പെടും.
ഇപ്പോള്‍ എനിക്കത് കൃത്യമായി കാണാന്‍ സാധിക്കും. എന്തെങ്കിലും സംഭവിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ പോലും എന്റെ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും രണ്ടു വട്ടം ആലോചിക്കുന്നു. നേരത്തെ ഭരണകൂട നയങ്ങള്‍ക്കെതിരെ സ്വതന്ത്രമായി സംസാരിക്കുകയും എന്തെങ്കിലും മാറ്റമുണ്ടാകുമ്പോള്‍ അതിനോട് പരസ്യമായി പ്രതികരിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ വിചാരിക്കുന്നത്, “എല്ലാത്തിനുമുപരി, ഞങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരാണല്ലോ എന്നാണ്”. സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന ഈ ആശയം സര്‍വകലാശാലാ അധ്യാപകര്‍ക്കുണ്ടായിരുന്നില്ല. അതേസമയം ഇപ്പോള്‍ അധ്യാപകര്‍ ചിന്തിക്കുന്നത് “ഞങ്ങള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കഴിയുമോ?” എന്നൊക്കെയാണ്. സിവില്‍ സര്‍വീസ് (സി.സി.എസ്) നിയമങ്ങള്‍ ഉപയോഗിച്ച് സിവില്‍ സര്‍വന്റ്‌സിനെ നിയന്ത്രിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്, എന്നാല്‍ യഥാര്‍ഥത്തില്‍, സര്‍വകലാശാലാ അധ്യാപകര്‍ക്ക് അത് ബാധകമല്ല. അടിസ്ഥാനപരമായി നിങ്ങള്‍ക്ക് ഭരണകൂടത്തെ എതിര്‍ക്കാന്‍ കഴിയില്ലെന്നാണ് ഇതൊക്കെ അര്‍ഥമാക്കുന്നത്.
ഇപ്പോള്‍ നടന്ന ഈ റെയ്ഡ് എല്‍ഗര്‍ പരിഷത്തിനെക്കുറിച്ചോ ഭീമാ കൊറെഗാവിനെക്കുറിച്ചോ ആണെങ്കില്‍, ആ മീറ്റിങ് നടക്കുമ്പോഴോ മീറ്റിങ്ങിന് തയ്യാറെടുക്കുമ്പോഴോ മീറ്റിങ്ങിന് ശേഷമോ ഞാന്‍ ചിത്രത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഞാന്‍ ഒരു മീറ്റിങ്ങിലും പങ്കെടുത്തിട്ടില്ല, ആരുമായും കത്തിടപാടുകള്‍ നടത്തിയിട്ടുമില്ല. ഇവിടെ വന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതൊക്കെ നന്നായി അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. എനിക്കതുമായി ഞാന്‍ കാണുന്ന ഒരേയൊരു ബന്ധം സായിബാബ നിയമസഹായ സമിതിയിലെ എന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്, ഇപ്പോള്‍ അറസ്റ്റിലായ ചില ആളുകളുമായുള്ള സമിതിയിലെ എന്റെ ബന്ധമാണ്. അതുകൊണ്ടാണ് മനഃപൂർവം അവരെന്നോട് ചോദിച്ചത്, “നിങ്ങള്‍ക്ക് സുരേന്ദ്ര ഗാഡ്ലിങ്ങിനെ അറിയാമോ?” ഇപ്പോള്‍ അറസ്റ്റിലായ ഒരു വ്യക്തിയാണ് സുരേന്ദ്ര ഗാഡ്ലിങ്, നാഗ്പൂരിലെ സായിബാബയുടെ കേസിന്റെ ചുമതലയുള്ള അഭിഭാഷകന്‍ കൂടിയാണ് അദ്ദേഹം. നിയമസഹായ സമിതിയുടെ ഭാഗമായതിനാല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്, രണ്ട് തവണ വിളിക്കുകയും ചെയ്തു. നാഗ്പൂരില്‍ വെച്ച് ഒന്നോ രണ്ടോ തവണ ഞാൻ അദ്ദേഹത്തെ കണ്ടു. ഇത് ഞാന്‍ അവരോട് പറഞ്ഞു. അടുത്തത് “നിങ്ങള്‍ക്ക് റോണ വില്‍സനെ അറിയാമോ?” എന്നായിരുന്നു. അദ്ദേഹത്തെയും ഒരു സുഹൃത്ത് എന്ന നിലയില്‍ എനിക്കറിയാം. ഞാന്‍ പറഞ്ഞു, ”അതെ, എനിക്ക് അദ്ദേഹത്തെ അറിയാം. അതുകൊണ്ടെന്താ?”. അതിനുശേഷം അവര്‍ ഒന്നും പറഞ്ഞില്ല. അവരെ അറിഞ്ഞാല്‍ മതി. അവരെ അറിയുന്നതിലൂടെ, അവരുമായുള്ള നിങ്ങളുടെ സഹവാസത്തിലൂടെ, നിങ്ങള്‍ സംശയിക്കപ്പെടേണ്ട ഒരാള്‍ ആയിത്തീരുന്നു.
അവരുടെ കയ്യില്‍ ചില മെറ്റീരിയലുകളുണ്ടെന്നും അവര്‍ എന്നോട് പറഞ്ഞു. അത് എന്തു തരത്തിലുള്ള മെറ്റീരിയലുകളാണെന്ന് ഞാന്‍ അവരോട് ചോദിച്ചു കൊണ്ടിരുന്നു, “കുറഞ്ഞത് ഏത് തരത്തിലുള്ള മെറ്റീരിയലാണ് എന്നെങ്കിലും പറയുക, ഞാന്‍ അതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?” എന്നാെക്കെ ഞാന്‍ അവരോട് ചോദിച്ചു. അവര്‍ പറഞ്ഞു, “ഞങ്ങളുടെ അടുത്ത് കുറച്ച് മെറ്റീരിയല്‍ ഉണ്ട്, ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ രേഖകളിലും പുസ്തകങ്ങളിലുെമെല്ലാം എല്ലാം പരിശോധിച്ച് അതിന് സ്ഥിതീകരണമുണ്ടോയെന്ന് പരിശോധിക്കും. സ്ഥിരീകരണമുണ്ടെങ്കില്‍, ഞങ്ങള്‍ക്ക് നിങ്ങളെ അറസ്റ്റ് ചെയ്യേണ്ടി വരും. ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളെ അറസ്റ്റ് ചെയ്യുന്നില്ല, ഇപ്പോള്‍ നിങ്ങളുടെ മേലുള്ളത് ഒരു സംശയം മാത്രമാണ്, നിങ്ങള്‍ ഒരു പ്രതിയല്ല.” അതിനാല്‍ ഇത് കൂടുതലായും ബന്ധങ്ങളുടെ മേലുള്ള കുറ്റബോധമാണുണ്ടാക്കുന്നത്. നിയമത്തിന്റെ നിലപാട് വളരെ വ്യക്തമാണ്, നിയമത്തിന്റെ കര്‍മ്മശാസ്ത്രത്തില്‍ ബന്ധങ്ങള്‍ കൊണ്ടുള്ള കുറ്റങ്ങള്‍ പോലെയൊന്നുമില്ല. അതേസമയം അന്വേഷണ ഏജന്‍സികളെ സംബന്ധിച്ചിടത്തോളം അവര്‍ ഇതുമായി പ്രവര്‍ത്തിക്കുന്നു. എന്നെ ശിക്ഷിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് എനിക്ക് ഒരു പകര്‍പ്പെങ്കിലും നല്‍കാം, അല്ലെങ്കില്‍ മെറ്റീരിയലിന്റെ ഒരു പകര്‍പ്പ് എടുക്കാന്‍ എന്നെ അനുവദിക്കുകയെങ്കിലും ചെയ്യാം. എന്റെ ലാപ്ടോപ്പ് കണ്ടുകെട്ടാന്‍ അവർക്ക് അനുവാദമുണ്ട്, എന്നാല്‍ എന്തുകൊണ്ടാണ് അവര്‍ക്ക് മെറ്റീരിയലിന്റെ ഒരു പകര്‍പ്പെങ്കിലും ലഭ്യമാക്കാന്‍ കഴിയാത്തത്. സുതാര്യമായി കാര്യങ്ങൾ ചെയ്യാൻ അവരാഗ്രഹിക്കുന്നില്ല. രണ്ട് മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് മെറ്റീരിയല്‍ ലഭിക്കുമെന്നാണ് അവര്‍ പിന്നെയും പറഞ്ഞത്. രണ്ട് മാസം ഇതിനകം കഴിഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ എനിക്ക് അത് ലഭിക്കുകയാണെങ്കില്‍, ഞാന്‍ ഭാഗ്യവാനാണെന്ന് ഞാന്‍ കരുതുന്നു.
മായാ പലിത്: നിങ്ങളുടെ മെറ്റീരിയല്‍ തിരികെ ലഭിക്കുമ്പോള്‍ അവര്‍ അതില്‍ ചില തെളിവുകള്‍ നട്ടു പിടിപ്പിക്കുമെന്ന ഭയമുണ്ടോ? അത്തരമൊരു ആശങ്ക നിങ്ങൾക്കുണ്ടോ?
തീര്‍ച്ചയായും, ആദ്യ ദിവസം മുതൽ തന്നെ അത്തരമൊരു ഭയമെനിക്കുണ്ട്. അന്വേഷണ ഏജന്‍സികള്‍ ഇത് ചെയ്യുമെന്ന് എൻ്റെ സുഹൃത്തുക്കളും പറയുന്നു. അവർ കൂട്ടിച്ചേർത്തവ എൻ്റേതല്ലെന്ന് തെളിയിക്കേണ്ടത് എൻ്റെ ബാധ്യതയാവും. മാത്രമല്ല, അത് തെളിയിക്കുന്നത് തന്നെ ശിക്ഷയായി മാറും, വർഷങ്ങളോളം ഞാൻ അതിന് പിന്നാലെ പോവേണ്ടി വരും.
പിടിച്ചെടുത്ത മെറ്റീരിയലുകളെല്ലാം അവർ സീൽ ചെയ്ത് വെക്കും. അവര്‍ എനിക്ക് ‘ഹാഷ് വാല്യു’ നല്‍കിയില്ലെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത് (ഡാറ്റയിലെ മാറ്റങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു സംഖ്യാ മൂല്യമാണ് ഹാഷ് വാല്യു). ഡാറ്റയിലെ ഏത് മാറ്റവും അതിന്റെ ഹാഷ് വാല്യുവില്‍ പ്രതിഫലിക്കും. ആ സമയത്ത് എനിക്കത് അറിയില്ലായിരുന്നു, പക്ഷേ പിന്നീട് ഞാന്‍ സുഹൃത്തുക്കളുമായും അഭിഭാഷകരുമായും സംസാരിക്കുമ്പോള്‍ അവര്‍ എനിക്ക് ഹാഷ് വാല്യു തന്നിട്ടുണ്ടോ എന്ന് ചോദിച്ചു. ഹാഷ് വാല്യു ഏതെങ്കിലും തരത്തില്‍ തകരാറിലായോ എന്ന് കാണിക്കുമെന്ന് അവരെന്നോട് പറഞ്ഞു. അവര്‍ ഇതിനകം അതില്‍ എന്തെങ്കിലും നട്ടുപിടിപ്പിക്കുകയും നിങ്ങളുടെ ഉപകരണത്തില്‍ ഇത് ഉണ്ടായിരുന്നുവെന്ന് പറയുകയും ചെയ്താലോ? എനിക്ക് ആ സാധ്യത തള്ളിക്കളയാനാവില്ല. അതായിരിക്കും ഏറ്റവും മോശം അവസ്ഥ.
അടുത്ത കൊലപാതക കത്ത് എന്റെ കമ്പ്യൂട്ടറില്‍ നിന്ന് വന്നാല്‍ നിങ്ങള്‍ അതിശയിക്കേണ്ടതില്ലെന്ന് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പാതി തമാശയായി പറയാറുണ്ട്. ഒരുപക്ഷേ ഞാന്‍ ഇപ്പോള്‍ ആയുധങ്ങള്‍ ശേഖരിക്കുകയാണെന്ന് വരെ അവര്‍ പറഞ്ഞേക്കാം.
ഷഹീൻ അഹമ്മദ്: കയ്യില്‍ മെറ്റീരിയലുകള്‍ ഒന്നുമില്ലാതെ വര്‍ക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് താങ്കള്‍ പരാമര്‍ശിച്ചു, ഈ സംഭവത്തിന് ശേഷം നിങ്ങളുടെ സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും പ്രതികരണങ്ങള്‍ എങ്ങനെയായിരുന്നു? ഏതൊക്കെ തരത്തിലാണ് അവർ ഇതിനോട് പ്രതികരിച്ചത്?
സംഭവം നടന്നയുടനെ തന്നെ വിദ്യാര്‍ഥികളുടെയും സഹപ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്ന് ഞാന്‍ പ്രതീക്ഷിച്ചതിലധികം പിന്തുണയുണ്ടായിരുന്നു. ഇത് സംഭവിച്ചയുടനെ ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് എന്റെ പാഠ്യ സാമഗ്രികൾ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. വര്‍ക്ക് ഷീറ്റുകൾ പോലും കയ്യിലില്ല. ചിലര്‍ എനിക്ക് വേണ്ടി മുന്‍ ബാച്ചുകളില്‍ നിന്നുള്ള ആളുകളുമായി ബന്ധപ്പെട്ട് അവരുടെ കൈവശമുള്ള പകര്‍പ്പുകള്‍ എത്തിച്ചുതന്നു. ആ പിന്തുണ വളരെ വലുതാണ്. അടുത്ത ദിവസം ഞാന്‍ ഇവിടെ ഇരുന്ന് വന്നവരോടൊക്കെ സംസാരിക്കുകയായിരുന്നു. പെട്ടെന്നാണ് വിദ്യാർഥികൾ പിന്തുണയുമായി വരുന്ന കാര്യം ഞാനറിയുന്നത്. അത്തരത്തിലൊരു കാര്യം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ഡിപ്പാർട്ട്മെൻ്റിൽ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ ഒരു തരത്തിലുള്ള മോശം പ്രതികരണവും അനുഭവപ്പെട്ടില്ല. എന്നാല്‍ ചില പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന, പ്രത്യേകിച്ച് വലതുപക്ഷ ഗ്രൂപ്പുകളില്‍ നിന്നുള്ള ചില അധ്യാപകര്‍ പത്രക്കുറിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഞാന്‍ അറിഞ്ഞു. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ സിലബസ് തീവ്ര ഇടതുപക്ഷ ചായ്‌വുള്ളതാണെന്ന് ഒരു വിഭാഗം അധ്യാപകർ പറയുന്നതായി ചില റിപ്പോർട്ടുകൾ ഹിന്ദി പത്രങ്ങളിൽ വന്നിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അതിന് കാരണം ജാതി സംബന്ധിച്ച് ഒരു പേപ്പര്‍ ഉണ്ടായിരുന്നു എന്നതാണ്.
എന്നാല്‍ ആ പേപ്പര്‍ പോലും പിന്നീട് മാറ്റേണ്ടി വന്നു. അവരതിന് ഞങ്ങളെ നിർബന്ധിച്ചു. ജാതീയതയെ കുറിച്ച് പഠിപ്പിക്കുന്ന ഈ പേപ്പര്‍ ഇംഗ്ലീഷ് ടീച്ചര്‍ ബോഡിയും, കോഴ്‌സുകള്‍ പാസ്സാക്കുന്ന കൗൺസിലും എല്ലാം പാസാക്കിയിരുന്നു. മാത്രമല്ല അക്കാഡമിക് കൗൺസില്‍ പോലും ഇത് പാസാക്കിയിരിക്കുന്നു. എന്നാല്‍ ഇത് പാസാക്കിയതിന് ശേഷം എബിവിപി പ്രവർത്തകർ ഞങ്ങളുടെ മേധാവിയെ ഘൊരാവോ ചെയ്തു നിർത്തി, ആ പേപ്പർ പിൻവലിക്കുമെന്ന് ഞങ്ങളില്‍ നിന്ന് ഉറപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. ഇത് ശാരീരിക ഭീഷണിപ്പെടുത്തല്‍ പോലെയായിരുന്നു അദ്ദേഹം ആക്രമിക്കപ്പെടുമായിരുന്നു. അതിനാല്‍, അക്കാഡമിക് കൗൺസിൽ പാസായതിനു ശേഷവും അത് മാറ്റേണ്ടി വന്നു. ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായി ഒടുക്കം അതൊരു എലക്ടീവ് പേപ്പറായി മാറി. എന്താണ് സംഭവിക്കുതെന്ന് വളരെ വ്യക്തമാണ്. ഇത് തീരുമാനിക്കുന്നത് നിയമപരമായ സ്ഥാപനങ്ങളല്ല, ശാരീരിക ശക്തിയാണ്, അല്ലെങ്കില്‍ എന്താണ് പഠിപ്പിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് ഗുണ്ടകളാണോ? ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിലും ചരിത്ര വിഭാഗത്തിലും ഇത് സംഭവിച്ചു. പാസാക്കിയ രണ്ട് ഡിപ്പാർട്ട്മെൻ്റ് സിലബസുകള്‍ മാറ്റേണ്ടതായി വന്നു. ഇത്തരത്തിലുള്ള അക്കാഡമിക ഗ്രൂപ്പുകളും സ്റ്റേറ്റ് ഏജന്‍സികളും തമ്മിലുള്ള ബന്ധം വളരെ വ്യക്തമാണ്. ബ്രാഹ്മണിക്കൽ ചിന്ത ചാേദ്യം ചെയ്യപ്പെടില്ലെന്ന് ഉറപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.
ഈ റെയ്ഡിന് ശേഷം ഭീമാ കൊറെഗാവ് സംഭവത്തെ കുറിച്ചുള്ള എല്ലാം വായിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു, ആ കേസിന്റെ ചാര്‍ജ് ഷീറ്റ് ഞാന്‍ ശ്രദ്ധിച്ചു, ഭീമാ കൊറെഗാവ് സംഭവം ദലിത്-ഇടതുപക്ഷങ്ങളുടെ ലയനമാണെന്നും അത് ഒരു ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പോലീസ് പറയുന്നു. കാര്യം ഇത്തരത്തിലൊന്ന് ആണെങ്കിൽ അതൊരു നല്ല കാര്യമാണ്. എന്നാൽ ഇതിനെ നമ്മുടെ ഭരണകൂടം ഒരു ഭീഷണിയായാണ് വീക്ഷിക്കുന്നത്. ഈ സംഭവത്തിന് ശേഷം രണ്ട് കാര്യങ്ങളാണ് വിജയിച്ചത്, അക്കാഡമിക ഇടങ്ങളില്‍ ഉള്ള സജീവമായി സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നവരെ ഭയപ്പെടുത്താന്‍ സാധിച്ചു, മറ്റൊന്ന് ദലിത്, മുസ്‌ലിം, ഇടതുപക്ഷ ഗ്രൂപ്പുകള്‍ക്കിടയില്‍ സാധ്യമായേക്കാമായിരുന്ന എല്ലാ തരത്തിലുള്ള ഐക്യ പ്രവര്‍ത്തനങ്ങളും അപകടത്തിലായി. അതായത് കശ്മീരിനെ കുറിച്ചുള്ള ഒരു മീറ്റീങ്ങില്‍ പങ്കെടുത്താല്‍ നിങ്ങള്‍ അപകടത്തിലായി. തുടർന്ന് ഏത് സമയത്തും നിങ്ങള്‍ ഇത്തരത്തില്‍ ആക്രമണത്തിന് വിധേയമാകും.
ആത്യന്തികമായി, അക്കാഡമിക മേഖലയില്‍ മിക്ക ആളുകളും, തെരുവിലിറങ്ങുന്നതിനേക്കാള്‍ അവരുടെ പഠനമുറികളുടെ സമാധാനപരവും ശാന്തവുമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതിലാണ് സന്തോഷിക്കുന്നതെന്ന് ഞാൻ കരുതുന്നു. എന്റെ സുഹൃത്ത് ഈയിടെ എന്നോട് പറഞ്ഞു, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ബുദ്ധിജീവികള്‍ ഇടപെടാത്തതില്‍ ഇന്ദിരാഗാന്ധി അത്ഭുതപ്പെട്ടുവത്രേ. അവര്‍ ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുമുണ്ട്.
അതുപോലെ, അക്കാഡമിക വിദഗ്ധര്‍ സാധാരണയായി പുറത്തുവന്ന് തെരുവുകളില്‍ നില്‍ക്കാറില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ അക്കാഡമിക ശബ്ദം പുറപ്പെടുവിക്കുന്നത് നിങ്ങള്‍ക്ക് കാണാം, കാരണം നിങ്ങള്‍ക്ക് ചുറ്റും കാണുന്ന അനീതികള്‍ വർധിച്ചു വരികയാണ്. എന്നാല്‍ ഇപ്പോള്‍, ആളുകള്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയിരിക്കുന്നു: “നമ്മളെന്തിന് അത്തരം കാര്യങ്ങളിൽ ഇടപെടണം, നമുക്ക് അക്കാഡമിക ജോലികളിലേക്ക് മടങ്ങാം”. സ്വതന്ത്ര്യ ചിന്തയില്ലാതെ പിന്നെ എന്ത് അക്കാഡമിക്സ് ആണുള്ളത്? ചിന്തകളെ മാറ്റിനിർത്തി നമുക്കെങ്ങനെയാണ് അക്കാഡമിക ജോലികളിൽ വ്യാപൃതരാവാൻ കഴിയുക. അത്തരമാെരു സങ്കടകരമായ അവസ്ഥയിലേക്കാണ് നമ്മളിപ്പോൾ പോയിക്കാെണ്ടിരിക്കുന്നത്.
ഷഹീൻ അഹമ്മദ്: വിമര്‍ശനങ്ങള്‍ക്കും, പ്രതിഷേധങ്ങള്‍ക്കും പുറമെ ഇത്തരത്തില്‍ സിവില്‍ ആക്ടിവിസ്റ്റുകള്‍ക്ക് നേരെയുളള അടിച്ചമര്‍ത്തലുകള്‍ക്കും അറസ്റ്റുകള്‍ക്കും എതിരെ സമരങ്ങള്‍ ഒന്നും തന്നെയില്ല. ആളുകളെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നതിൻ്റെ വ്യക്തമായ സൂചനയാണോ ഇത്?
രണ്ടോ മൂന്നാേ മീറ്റിങ്ങുകൾ പാര്‍ലമെന്റ് സ്ട്രീറ്റിലും ജന്തര്‍ മന്തറിലും നടന്നിട്ടുണ്ട്. ഒരു ബഹുജന മുന്നേറ്റമോ നിരന്തരമായ സമരങ്ങളാേ നടന്നിട്ടില്ല എന്നത് തന്നെയാണ് സത്യം. എന്റെ വീട്ടില്‍ നടന്ന റെയ്ഡിന് ശേഷവും, ഇതിനെക്കുറിച്ച് ആര്‍ട്‌സ് ഫാക്കല്‍റ്റിക്കുള്ളില്‍ മീറ്റിങ്ങുകള്‍ നടന്നിട്ടുണ്ട്, കൂടാതെ മറ്റ് വിദ്യാര്‍ഥി ഗ്രൂപ്പുകളും
വിവിധ പരിപാടികള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴും ആളുകള്‍ ഉണ്ട്. ഞങ്ങളുടെ സുഹൃത്തുക്കൾ അറസ്റ്റിലാവുമ്പോൾ അടുത്തത് ആരാണെന്ന് ഞങ്ങള്‍ പരസ്പരം ചാേദിക്കുന്ന സമയമുണ്ടായിരുന്നു. എന്റെ വീട് റെയ്ഡ് ചെയ്ത് ശേഷം ‘അടുത്തത് ഞങ്ങളാകാം’ എന്നാണ് എൻ്റെ പല സുഹൃത്തുക്കളും പറയുന്നത്. അത്തരം ഒരു തോന്നല്‍ ഉണ്ടെങ്കിലും ആളുകള്‍ ഉപേക്ഷിച്ചു എന്നല്ല ഇതിനര്‍ഥം. ഇപ്പോഴും ശബ്ദങ്ങളുണ്ട്, ചെറുത്തുനിൽപ്പിൻ്റെ ബാേധ്യങ്ങളുണ്ട്, പക്ഷേ ഭയം അപകടകരമാം വിധം വർദ്ധിച്ച് കാെണ്ടിരിക്കുന്നു.
ഷഹീൻ അഹമ്മദ്: സാമൂഹിക പ്രവര്‍ത്തകരെ നിശബ്ദമാക്കാനും അവരെ ഭീകരരാക്കാനും വേണ്ടി പല തരത്തിലുള്ള പദാവലികളാണ് ഭരണകൂടം ഉപയോഗിച്ച് വരുന്നത്. അര്‍ബന്‍ നക്‌സല്‍, ആന്റി നാഷണല്‍ എന്നീ പ്രയോഗങ്ങളെ കുറിച്ച് എന്താണ് കരുതുന്നത്?
ആളുകളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഏറ്റവും എളുപ്പമുള്ള വഴി പേരുകളിടുകയാണ്. ചില സമയങ്ങളില്‍ കോടതി വിധിന്യായങ്ങളില്‍ “ദേശവിരുദ്ധന്‍” എന്ന പദങ്ങള്‍ നിങ്ങള്‍ കാണുന്നു, “ദേശവിരുദ്ധന്‍” എന്നതില്‍ അത്തരം കുറ്റകൃത്യങ്ങളൊന്നുമില്ലെങ്കിലും. ഐപിസി സെക്ഷനോ ഇൻഡ്യന്‍ പീനല്‍ കോഡോ അല്ലെങ്കില്‍ ദേശവിരുദ്ധരെക്കുറിച്ച് സംസാരിക്കുന്ന മറ്റേതെങ്കിലുമോ ഇല്ല. ദേശീയഗാനം ആലപിക്കുമ്പോള്‍ നിങ്ങള്‍ എഴുന്നേറ്റു നില്‍ക്കുന്നില്ലെങ്കിൽ നിങ്ങളെ ദേശവിരുദ്ധൻ എന്ന് വിളിക്കുന്നു. വ്യക്തമായും ഇത് ഒരു തരത്തിലുള്ള ഫലമുണ്ടാക്കുന്നു, പ്രത്യേകിച്ചും ആളുകള്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ “ഞാന്‍ ഇത് പറഞ്ഞാല്‍ എന്നെ ദേശവിരുദ്ധന്‍ എന്ന് വിളിക്കപ്പെടുമോ?” എന്നവർ ആലോചിക്കുന്നു. ഇത് വിളിക്കുന്ന ആളുകള്‍ക്ക് എന്താണ് ദേശവിരുദ്ധതെയെന്നാേ എന്ത് കൊണ്ടാണവർ ദേശ വിരുദ്ധരായതെന്നോ യുക്തിപരമായി അറിയുകയുമില്ല. ആളുകള്‍ ഇത് പറയുന്നത് ഇതെന്താണ് എന്ന് മനസിലാവാതെയാണ്.
ഒരാളെ നിങ്ങള്‍ ദേശവിരുദ്ധന്‍ എന്ന് വിളിക്കുമ്പോള്‍ നിങ്ങള്‍ അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? ചില കാര്യങ്ങള്‍ ചോദ്യം ചെയ്യുമ്പോഴാണാേ നിങ്ങള്‍ ദേശവിരുദ്ധരാവുന്നത്? ആരാണ് ദേശത്തെ നിര്‍ണയിക്കുന്നത്? ഇതെല്ലാം തന്നെ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ്. എന്നാൽ, ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയെന്നതാണ് ഉദ്ദേശം. വ്യത്യസ്ത തരത്തിലുള്ള ചിന്തകളെ തടയുന്നതിനുള്ള എളുപ്പവഴിയാണിതെന്ന് അവര്‍ കരുതുന്നു. നമ്മൾ ഇത്തരം ചാേദ്യങ്ങൾ ചാേദിക്കേണ്ടതുണ്ട്. കാരണം നമ്മൾ ദേശീയവാദിയാകാന്‍ ബാധ്യസ്ഥപ്പെട്ടവരല്ല, രാജ്യത്തിനകത്ത് നിൽക്കുമ്പോൾ തന്നെ ദേശീയതയുടെ ഒരു പ്രത്യേക നിര്‍വചനത്തോട് വിയോജിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ട്.
ബ്രാഹ്മണാധിപത്യത്തില്‍ അധിഷ്ഠിതമായ ഒരു ജനതയെ പ്രോത്സാഹിപ്പിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇത് അനുയോജ്യമായ കാര്യമല്ല എന്നാണ് അവർ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഞാന്‍ കരുതുന്നു. ഇതാണ് നാം ചുറ്റിലും കാണുന്നത്. ഭരണഘടന ഒരിക്കലും ആരോടും അടിമകളാകാന്‍ ആവശ്യപ്പെടുന്നില്ല. അത് ആളുകളെ സ്വതന്ത്ര ചിന്താഗതിക്ക് പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വതന്ത്ര ചിന്തയെന്നാല്‍ പൂര്‍ണ അരാജകത്വമല്ല. ഭരണഘടനയെ ബഹുമാനിച്ച് കൊണ്ട് തന്നെ അതിനപ്പുറം പോകാന്‍ ഭരണഘടന നമ്മെ അനുവദിക്കുന്നുണ്ട്.
മായ പലിത്: ലെഫ്റ്റ് മൂവ്‌മെന്റിന്റെയും ദലിത് വിഭാഗങ്ങളുടെയും ഐക്യത്തിന്റെ ഇടയില്‍ വളരുന്ന ഭയത്തിന്റെ കാര്യം നിങ്ങള്‍ പരാമര്‍ശിച്ചു, ഭീമാ കൊറെഗാവ് സംഭവത്തെ തുടര്‍ന്ന് ഉണ്ടായ സംഭവവികാസങ്ങള്‍ ജാതീയതക്കെതിരായ സമരങ്ങളെ ബാധിച്ചിട്ടുണ്ടാേ?
ഞാന്‍ വിശാലമായ സഖ്യങ്ങളെ കുറിച്ച് ചിന്തിക്കുന്ന ഒരാളാണ്. ഇടതുപക്ഷവും ദലിത്-ബഹുജന്‍ വിഭാഗവും ന്യൂനപക്ഷ മുസ്‌ലിം പ്രസ്ഥാനങ്ങള്‍ പോലും ഒത്തുചേരുന്ന ഒരു പ്രത്യേക സംഭവം രോഹിത് വെമുല സംഭവത്തിനകത്തുണ്ട്, ഭരണകൂട ഇടപെടലില്ലാതെ. അത് എങ്ങനെ മുന്നോട്ട് പോകുമെന്നതില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത്തരത്തിലുള്ള വലിയ ഐക്യദാര്‍ഢ്യം കെട്ടിപ്പടുക്കുമ്പോള്‍ അതില്‍ ഭരണകൂടത്തിന് വ്യക്തമായ ഭീഷണി ഉണ്ടായിരുന്നു. കാരണം, എബിവിപിയും ബിജെപിയും ഒഴികെയുള്ളവരെല്ലാം രാജ്യത്തിന് ഭീഷണിയാണെന്ന തരത്തിലുള്ള കത്തുകളും ചാർജ് ഷീറ്റുകളുമാണ് അവർ നിർമിക്കുന്നത്. അതാണ് അവര്‍ വിഭാവനം ചെയ്യുന്ന ചിത്രം.
ഇതില്‍ തീര്‍ച്ചയായും ഭരണകൂടത്തിന് ഒരു ഭീഷണി അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതേസമയം തന്നെ ഐക്യപ്പെടുകയെന്നത് അത്ര ഈസിയായ കാര്യമായി ഞാന്‍ കരുതുന്നില്ല. കാരണം ഇത്തരത്തിലുള്ള ശക്തികള്‍ ഒരുമിച്ച് ചേരുമ്പോഴും അടിസ്ഥാനപരമായി ഇവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ വിഭിന്നമാണ് എന്നത് തന്നെയാണത്. ഇപ്പോഴത്തെ അവസ്ഥയില്‍ ജാതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്ന ഗ്രൂപ്പുകള്‍ക്ക് അവരുടെ പ്രാഥമിക ആവശ്യമായ തുല്യത അപ്രാപ്യമായി തന്നെ നില്‍ക്കുകയാണ്. തൊഴില്‍, വിദ്യാഭ്യാസം, എന്നിവക്ക് വിവേചനമില്ലാതെ തുല്യ അവസരങ്ങള്‍ നേടുക എന്നതാണ് ന്യൂനപക്ഷ, ദലിത്-ബഹുജന്‍ വിഭാഗങ്ങള്‍ക്കായുള്ള ഏറ്റവും വലിയ പോരാട്ടമെങ്കിൽ, ഉയര്‍ന്ന ജാതി ശക്തികളാല്‍ നയിക്കപ്പെടുന്ന ഇടതുപക്ഷ ഗ്രൂപ്പുകളെ സംബന്ധിച്ചിടത്തോളം അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള കാര്യങ്ങൾ വലിയ പ്രശ്‌നമാണ്. അവിടെയാണ് രോഹിത് വെമുല സംഭവം അല്‍പം വ്യത്യസ്തമെന്ന് ഞാന്‍ കരുതുന്നത്. കാരണം ഇവിടെ, ദലിത്-ബഹുജന്‍ വിദ്യാര്‍ത്ഥി സംഘം യഥാര്‍ഥത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും അതുപോലുള്ള കാര്യങ്ങള്‍ക്കുമായി നിലകാെണ്ടിട്ടും രാജ്യവ്യാപകമായി ഒരു വിദ്യാര്‍ഥി പ്രസ്ഥാനമായി അത് വികസിച്ചില്ല. ഇത് ഒരു പരിധി വരെ വളര്‍ന്നു, എന്നാല്‍ ഉടന്‍ തന്നെ അതിനകത്തെ വിള്ളലുകള്‍ പ്രകടമായി തുടങ്ങി.
ഞാന്‍ ഐക്യപ്പെടലുകള്‍ക്ക് വേണ്ടി അന്വേഷണങ്ങൾ നടത്താറുണ്ട്, എന്നാല്‍ അത് സംഭവിക്കണമെങ്കില്‍ ചിന്താഗതികളില്‍ വലിയ രൂപത്തിലുള്ള മാറ്റങ്ങള്‍ ആവശ്യമാണ്. ഇവിടെയാണ് ഞാന്‍ എന്റെ പല സുഹൃത്തുക്കളില്‍ നിന്നും വ്യത്യസ്തമാവുന്നതെന്നാണ് എനിക്ക് തോന്നുന്നത്. മിക്കപ്പോഴും, ഞാന്‍ സംവരണ അനുകൂല യോഗങ്ങളിലും രാഷ്ട്രീയ തടവുകാരുമായോ കശ്മീരുമായോ ബന്ധപ്പെട്ട പോരാട്ടങ്ങള്‍ക്ക് പോകാറുണ്ടായിരുന്നു. ഈ വ്യത്യസ്ത ഗ്രൂപ്പുകളില്‍ എനിക്ക് വ്യത്യസ്ത തരം ചങ്ങാതിമാരുണ്ട്. ചിലപ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്, ഞാന്‍ എന്നെത്തന്നെ എവിടെ പ്ലേസ് ചെയ്യണമെന്ന്? രോഹിത് വെമുല സംഭവത്തിന് ശേഷമുള്ള മീറ്റിംഗുകളിലാണ് ആളുകള്‍ ഒരുമിച്ച് വരുന്നത് ഞാന്‍ ആദ്യമായി കണ്ടത്. വീണ്ടും, എല്‍ഗര്‍ പരിഷത്തിനൊപ്പം ഞാന്‍ കാണുന്നു, ജാതി വിരുദ്ധ ഗ്രൂപ്പുകള്‍ മറ്റ് ഗ്രൂപ്പുകളെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്നു: “ഞങ്ങള്‍ അവിടെ പോയാല്‍ ഞങ്ങളെ ദേശവിരുദ്ധര്‍ അല്ലെങ്കില്‍ നക്‌സലുകള്‍ അല്ലെങ്കില്‍ അതുപോലുള്ള കാര്യങ്ങള്‍ എന്നും വിളിക്കും”. ഇത് ഒരു വലിയ പ്രശ്‌നമാണ്.
പക്ഷേ ഇത് വ്യക്തമായും ഭരണകൂട ഇടപെടല്‍ മൂലമല്ല. ഭരണകൂടം ഒരു ഉത്തേജകമായി പ്രവര്‍ത്തിച്ചിട്ടുണ്ട്, എന്നാല്‍ അതിനു മുൻപുതന്നെ വിള്ളലുകളും വ്യത്യാസങ്ങളും ഉണ്ടായിരുന്നു. നമുക്ക് എല്ലായ്‌പ്പോഴും ഐക്യദാര്‍ഢ്യത്തിനായി പോരാടാം. വലിയ ഐക്യദാര്‍ഢ്യമില്ലാതെ, വിശാലമായ ചലനങ്ങള്‍ സാധ്യമല്ലെന്ന് ഞാന്‍ കരുതുന്നു. അല്ലാത്തപക്ഷം ഓരോ ഗ്രൂപ്പും സ്വന്തം കള്ളികളില്‍ ബുദ്ധിമുട്ടുന്നു. അതിനാല്‍, ഒരാള്‍ വലിയ ഐക്യദാര്‍ഢ്യം സൃഷ്ടിക്കേണ്ടതുണ്ട്. ഇതാണ് ഇനി ഉണ്ടാവേണ്ട പ്രധാന പ്രക്രിയയെന്ന് ഞാൻ കരുതുന്നു.
കടപ്പാട് : ദി കാരവൻ മാഗസിൻ
മൊഴിമാറ്റം: ജാസ്മിൻ പി.കെ