ഐഐടി മദ്രാസ്: ഫാത്തിമ ലത്തീഫ് ഉയർത്തുന്ന ചോദ്യങ്ങൾ

കീഴാള വിദ്യാർഥികളുടെ സ്വതന്ത്ര രാഷ്ട്രീയ സംഘാടനത്തിന്റെ അഭാവമാണ് ഐഐടികൾ പോലുള്ള സ്ഥാപനങ്ങളിലെ വിവേചനങ്ങളെ ചോദ്യം ചെയ്യാൻ വിലങ്ങുതടിയാകുന്നത്. സംവരണത്തിലും പ്രാതിനിധ്യത്തിലും ഊന്നിയ പുതിയൊരു രാഷ്ട്രീയ പ്രതിരോധ നിര ഐഐടികൾ കേന്ദ്രീകരിച്ച് ഉയർന്നു വരേണ്ടതുണ്ട്. ഫാത്തിമാ ലത്തീഫിന്റെ സ്ഥാപനവൽകൃത കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മുഹമ്മദ് ഹിഷാം എഴുതുന്നു.

നരേന്ദ്ര മോദിയുടെ അധികാരാരോഹണത്തിനു ശേഷം സംഘപരിവാർ രാഷ്ട്രീയത്തെ ആശയപരമായിത്തന്നെ വെല്ലുവിളിച്ച ഒന്നായിരുന്നു  ഹൈദരാബാദ് സർവകലാശാലയിലെ ദലിത് വിദ്യാർഥി രോഹിത് വെമുലയുടെ ജീവത്യാഗത്തിനു ശേഷം രാജ്യമൊട്ടാകെ അലയടിച്ച ജാതി വിരുദ്ധ സമരങ്ങൾ. ഇതേതുടർന്ന് ഇൻഡ്യയിൽ ഉയർന്നു വന്നിട്ടുള്ള പ്രധാനപ്പെട്ട ചർച്ചയായിരുന്നു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കീഴാള വിദ്യാർഥികൾ അനുഭവിക്കുന്ന പ്രതിസന്ധികൾ. സ്‌കൂൾ തലത്തിലെ പ്രശ്നങ്ങളിൽ  തുടങ്ങി കേന്ദ്ര സർവ്വകലാശാലകളിൽ വരെ കീഴാള വിദ്യാർഥികൾ അനുഭവിക്കുന്ന വിവേചനങ്ങൾ വരെ ഇതേ തുടർന്ന് ചർച്ചയായിരുന്നു.

ഈ ചർച്ചകളിൽ വലിയ രീതിയിൽ സ്ഥാനം ലഭിക്കാത്തവയായിരുന്നു ‘ഏറ്റവും ക്ഷമതയുള്ള  ഇൻഡ്യക്കാരെ വാർത്തെടുക്കുന്നു’ എന്നവകാശപ്പെടാറുള്ള ഐഐടികളിലെ വിവേചനങ്ങൾ. കേരളത്തിൽ നിന്നുള്ള മുസ്‌ലിം വിദ്യാർഥി ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയോടു കൂടി ഐഐടികളിലെ വിവേചനങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ പൊതുസമൂഹത്തിൽ ചർച്ചയായിരിക്കുകയാണ്.

ഫാത്തിമാ ലത്തീഫ്

ആദ്യം നമ്മൾ ഈ വിഷയത്തിൽ അറിയേണ്ടത് ഫാത്തിമാ ലത്തീഫ് എന്ന വിദ്യാർഥിനിയെ കുറിച്ചാണ്. പ്ലസ്‌ടുവിനുശേഷം പഠനത്തിന് തിരഞ്ഞെടുത്ത ബനാറസ് സർവകലാശാലയിൽ ഉമ്മ വിലക്കിയപ്പോൾ ഫാത്തിമ തിരഞ്ഞെടുത്ത സ്ഥാപനമാണ് മദ്രാസ് ഐഐടി. താൻ  ഇഷ്ടപ്പെട്ട ഡെവലപ്മെന്റ് സ്റ്റഡീസിൽ എംഎക്ക് പഠിക്കാനും, ശേഷം വിദേശത്തു ഉപരിപഠനത്തിന് പോവാനും തീരുമാനിച്ച മുസ്‌ലിം വിദ്യാർഥിനി. പഠനം തുടങ്ങി മൂന്ന് മാസത്തിനകം ഒന്നാം സെമസ്റ്റർ പരീക്ഷ നടക്കുന്നതിനും മുൻപാണ് ഫാത്തിമ ഐഐടിയുടെ ഹോസ്റ്റൽ മുറിയിൽ തന്റെ ജീവിതം അവസാനിപ്പിച്ചത്. ഫാത്തിമയുടെ മൃതദേഹം ഏറ്റുവാങ്ങാൻ മദ്രാസിൽ എത്തിയ സഹോദരി ആയിഷയാണ് അലക്ഷ്യമായി കിടക്കുന്ന തന്റെ സഹോദരിയുടെ ഫോൺ കാണുകയും ഫാത്തിമ അതിൽ ഉണ്ടായിരുന്ന ഫാത്തിമയുടെ ആത്മഹത്യ കുറിപ്പടക്കമുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്തത്.

ഫാത്തിമ തൻ്റെ  ഫോണിൽ തയ്യാറാക്കിയ കുറിപ്പുകളിലെ ”Sudarshan Padmanabhan is the cause of my death” എന്ന ആദ്യ വാചകം കാരണമാണ് മുമ്പ് നിരന്തരം വിദ്യാർഥികൾ ആത്മഹത്യ ചെയ്‌ത സംഭവങ്ങളുണ്ടായിട്ടും ഒരിക്കൽ പോലും പൊതുസമൂഹം ചർച്ച ചെയ്യാതിരുന്ന ഐഐടികളുടെ, വിശിഷ്യാ മദ്രാസ് ഐഐടിയിലെ സ്ഥാപനവൽകൃത കൊലകൾ പൊടുന്നനെ ദേശീയ ശ്രദ്ധയാകർഷിച്ചത്. കഴിഞ്ഞ ഒരു മാസമായി ദുഃഖിതയായി കാണപ്പെട്ട തന്റെ മകൾ, സുദർശൻ പദ്മനാഭൻ എന്ന അധ്യാപകൻ നൽകിയ ഇന്റേണൽ മാർക്കിലെ കുറവ് ചോദ്യം ചെയ്ത് അർഹമായ മാർക്ക് തന്റെ ഡിപ്പാർട്ടമെന്റ് തലം വഴി നേടിയെങ്കിലും പ്രസ്തുത മാർക്ക് ഷീറ്റ് അധ്യാപകനിൽ നിന്നും വാങ്ങാൻ പോവുന്നതിനു മുൻപു തന്നെ ആത്മഹത്യ ചെയ്തു എന്നാണ് പിതാവ് അബ്ദുൽ ലത്തീഫ് അറിയിക്കുന്നത്. സുദർശൻ പദ്മനാഭൻ എന്ന അധ്യാപകനെ കൂടാതെ സർവകലാശാലയിലെ  മറ്റു അധ്യാപകർ തുടങ്ങി ഏതാനും വിദ്യാർഥികളുടെ അടക്കം പേരുകൾ ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പുകളിൽ നിന്നും കണ്ടെടുത്തതായി ലത്തീഫ് പറഞ്ഞിട്ടുണ്ട്.

കേസിൽ പ്രധാന പങ്കുവഹിച്ചവരാണ് മാധ്യമങ്ങൾ. ഫാത്തിമ മരിച്ച നവംബർ 9ന് ഹിന്ദുസ്ഥാൻ ടൈംസ്, ഇൻഡ്യാ ടുഡേ പോലുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്  ചെയ്‌തത്‌ മാർക്ക് കുറഞ്ഞത് മൂലം ആത്മഹത്യ ചെയ്ത ഐഐടി വിദ്യാർഥിനിയെക്കുറിച്ചാണ്. ഹോം സിക്നെസ്, മാർക്കിലുള്ള കുറവ് തുടങ്ങിയവ ആത്മഹത്യയിലേക്ക് നയിച്ചു എന്ന കൊട്ടൂർപുരം പോലീസ് സ്റ്റേഷനിലെ ഓഫീസറുടെ പ്രസ്താവനയും മാധ്യമങ്ങൾ കൂടെ ചേർത്തിട്ടുണ്ട്. ഫാത്തിമയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചില്ലായിരുന്നുവെങ്കിൽ ഈ വാർത്തയിൽ അവസാനിക്കേണ്ട വിഷയമായിരുന്നു ഇത്. മലയാള ചാനലുകൾ ആദ്യം റിപ്പോർട്ട്  ചെയ്ത ആത്മഹത്യ കുറിപ്പ് തുടർന്ന് ഇംഗ്ലീഷ്, ഹിന്ദി, തമിഴ് വാർത്താ മാധ്യമങ്ങളിൽ വരികയായിരുന്നു .

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മദ്രാസ് ഐഐടിയിൽ  ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കണക്ക് പരിശോധിക്കുമ്പോൾ മനസിലാകുന്ന കാര്യം അവരാരും സവർണ പശ്ചാത്തലത്തിൽ നിന്നുള്ളവരായിരുന്നില്ല എന്നതാണ്. സഹൽ എന്ന മലപ്പുറം സ്വദേശിയായ എഞ്ചിനീയറിങ് ഒമ്പതാം സെമസ്റ്റർ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കാരണം പത്രറിപ്പോർട്ടുകളിൽ പറയുന്നത് അറ്റൻഡൻസിന്റെ കുറവ് മൂലം പരീക്ഷ എഴുതാൻ കഴിയില്ലെന്ന പേടിയായിരുന്നു എന്നാണ്. ഏതു പ്രശ്നവും സ്വയം  പരിഹരിക്കാൻ കെൽപുള്ള, ആത്മവിശ്വാസമുള്ള വിദ്യാർഥിയായിരുന്നു സഹൽ എന്നും ചില മാധ്യമങ്ങൾ റിപ്പോർട് ചെയ്തതായി കാണാം.

യുപിയിൽ നിന്നുള്ള എംടെക് ഒന്നാം സെമസ്റ്റർ വിദ്യാർഥിയായിരുന്ന ഗോപാൽ ബാബുവും, ജാർഖണ്ഡ് സ്വദേശിയായ പിഎച്ച്ഡി ഗവേഷക രഞ്ജന കുമാരിയുമാണ് ആത്മഹത്യ ചെയ്ത മറ്റു വിദ്യാർഥികൾ. ഈ മൂന്നു കേസുകളിലും ആത്മഹത്യ കുറിപ്പുൾപ്പെടെ മരണകാരണങ്ങൾ അറിയാൻ കഴിയുന്ന രേഖകളോ വാർത്തകളോ ലഭ്യമല്ലെങ്കിലും കൊട്ടൂർപുരം പോലീസ് ഉദ്യോഗസ്ഥർക്ക്  ആത്മഹത്യയ്ക്ക് ഡിപ്രഷനും ഒരു കാരണമാകാമെന്ന് ചില കേസുകളിലെങ്കിലും അഭിപ്രായമുണ്ട്.

ഐഐടി മദ്രാസ്

തങ്ങൾ ഫാത്തിമയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ഐഐടിയിൽ പോയപ്പോഴുള്ള അനുഭവങ്ങളെ കുറിച്ച് ഫാത്തിമയുടെ സഹോദരി ആയിഷ പറഞ്ഞത്, ഒട്ടും ആശാവഹമല്ലാത്ത രീതിയിലുള്ള പെരുമാറ്റമാണ് ഐഐടി അധികൃതരിൽ നിന്നും പോലീസിൽ നിന്നും ഉണ്ടായത് എന്നാണ്. ഫാത്തിമയുടെ മരണം കുടുംബത്തെ അറിയിച്ചത് ഹോസ്റ്റൽ വാർഡനാണ് എന്നതിൽ തുടങ്ങി സ്ഥാപനത്തിലെ ഏതെങ്കിലും വിദ്യാർഥിയോ അധ്യാപകരോ തങ്ങളെ ബന്ധപ്പെടാനോ സംസാരിക്കാനോ തയ്യാറായില്ലെന്ന് ആയിഷ ആരോപിക്കുന്നുണ്ട്. കേസിലെ പ്രധാനപ്പെട്ട ഭാഗമാണ് ലത്തീഫ് പറഞ്ഞ കൊട്ടൂർപുരം പോലീസ് സ്റ്റേഷൻ. ആത്മഹത്യയാണ്, എല്ലായ്‌പോഴും നടക്കുന്നതാണ് എന്ന് ചിരിച്ചു കൊണ്ട്, ലാഘവത്തോടെ പോലീസ് സംഭവത്തെ കുറിച്ച് പറഞ്ഞതായി ലത്തീഫ് അവകാശപ്പെടുന്നുണ്ട്. ഓരോ വർഷവും ഐഐടികളിൽ ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുമായി ബന്ധപ്പെട്ട തുടർനടപടികൾക്ക് അവരുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത് തിരികെ വീട്ടിൽ എത്തിക്കുക എന്നതിന്  ഐഐടി തന്നെ തയ്യാറാക്കിയ ഒരു സ്ഥിരം സംവിധാനത്തിന്റെ ഒരു കണ്ണിയാണ് കൊട്ടൂർപുരം പോലീസ് സ്റ്റേഷൻ എന്നത് ലത്തീഫിന്റെ വിവരണത്തിൽ നിന്ന് വ്യക്തമാണ്.

ഫാത്തിമയുടെ പേരു പോലും പറയാത്ത അനുശോചനക്കുറിപ്പ് അടക്കം ആദ്യം ഇറക്കിയ ഐഐടി എന്തു കൊണ്ട് ഒരു വിദ്യാർഥിയുടെ മരണത്തോട് ഈ രീതിയിൽ പെരുമാറുന്നു എന്നറിയാൻ നാം മദ്രാസ് ഐഐടിയുടെ ചരിത്രം മനസിലാക്കേണ്ടതുണ്ട്. കൊളോണിയൽ കാലഘട്ടത്തിൽ 19ആം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇൻഡ്യയിലെ മദ്രാസ് പ്രെസിഡൻസിയിൽ യൂറോപ്യൻമാരായ എഞ്ചിനീയർമാരുടെ അഭാവം അന്ന് ബ്രിട്ടീഷുകാർ പരിഹരിച്ചത് ഇന്നത്തെ തമിഴ്നാട് ദേശത്തിന്റെ മൂന്നു ശതമാനത്തോളം ജനസംഖ്യ മാത്രമുണ്ടായിരുന്ന തമിഴ് ബ്രാഹ്‌മണ സമുദായത്തിലെ എഞ്ചിനീയർമാരെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു.

സ്വാതന്ത്രത്തിനു മുൻപു തന്നെ കീഴാളർക്ക് തമിഴ്നാട്ടിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ വലിയ തോതിൽ സംവരണമുണ്ടായിരുന്നു. എന്നാൽ കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തിനു കീഴിൽ വന്ന ഐഐടിയിൽ ജാതി സംവരണം നടപ്പാക്കാത്തത്, ശാരീരികാധ്വാനത്തെക്കാൾ തങ്ങൾ ചെയ്യേണ്ടത് ബുദ്ധിപരമായ ജോലികളാണ് എന്ന ചിന്തയുണ്ടായിരുന്ന തമിഴ് ബ്രാഹ്മണ സമുദായത്തിന് വലിയ അനുഗ്രഹമായിരുന്നു. ഐഐടിയൻ എന്നു പറഞ്ഞാൽ അയ്യർ അല്ലെങ്കിൽ അയ്യങ്കാർ വിഭാഗത്തിൽ പെട്ട ബ്രാഹ്മണർ മാത്രം പഠിക്കുന്നയിടം എന്ന പൊതുബോധം ചുരുങ്ങിയത് അന്ന് ഐഐടിക്കുള്ളിലെങ്കിലും പ്രകടമായിരുന്നെന്ന് മദ്രാസ് ഐഐടിക്കുള്ളിലെ ജാതിയെ കുറിച്ചുള്ള പ്രബന്ധാവതരണത്തിൽ ഹാർവാർഡ് ഗവേഷക അജന്ത സുബ്രഹ്മണ്യം സൂചിപ്പിക്കുന്നുണ്ട്.

ശ്രദ്ധേയമായ രണ്ട് സംഭവങ്ങൾ ഇതോടനുബന്ധിച്ച് സുബ്രഹ്മണ്യം പറയുന്നുണ്ട്. ഒന്നാമത്തെ സംഭവം മദ്രാസ് ഐഐടിയിൽ പ്രവേശിച്ച ഒരു കീഴാള പശ്ചാത്തലത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ അനുഭവമാണ്. താൻ  വസ്ത്രം മാറുമ്പോൾ പൂണൂൽ ധരിച്ചിട്ടില്ല എന്നു കണ്ട റൂംമേറ്റായ ബ്രാഹ്മണ സുഹൃത്ത് നീ പൂണൂൽ ധരിക്കാത്തത് ലിബറൽ ബ്രാഹ്മണ കുടുംബ പശ്ചാത്തലത്തിൽ നിന്നും വരുന്ന ആളായതുകൊണ്ടാണോ എന്ന് ചോദിച്ചതായി ഈ വിദ്യാർഥി പറയുന്നുണ്ട്. അപ്പോൾ പോലും താനൊരു കീഴാള വിഭാഗത്തിൽ നിന്നും വന്നവനാകാമെന്ന ചിന്ത തന്റെ സുഹൃത്തിനു ഉണ്ടായില്ലെന്ന് ആ വിദ്യാർഥി പറയുന്നു.

സുദർശൻ പത്മനാഭൻ

മറ്റൊരു സന്ദർഭം 2006 യുപിഎ സർക്കാർ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ഐഐടി, ഐഐഎം, എയിംസ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കാൻ തീരുമാനിച്ച സന്ദർഭത്തിൽ സിലിക്കൺ വാലിയിലെ ഐഐടി അലുംനികൾ ഈ നീക്കത്തിനെതിരെ ‘ഇൻഡ്യൻസ് ഫോർ ഇക്വാളിറ്റി’ എന്ന പേരിൽ  അവിടെ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന്റെ ഭാഗമായാണ്. പ്രതിഷേധത്തിൽ പങ്കെടുത്ത ഒരാൾ ഒരു ഇൻഡ്യൻ മാധ്യമ പ്രവർത്തകനോട് പറഞ്ഞത് “അർജുൻ സിങിനോട് (കേന്ദ്ര മാനവ വിഭവശേഷി മന്ത്രി) മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ എന്ത് വേണമെങ്കിലും ചെയ്യാൻ പറയൂ, ഐഐടികൾ  കാരണമാണ് ഇൻഡ്യക്കാർ പാശ്ചാത്യ രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ടത്. ബ്രാൻഡ് ഇൻഡ്യ എന്നാൽ ബ്രാൻഡ് ഐഐടി എന്നാണ്”. മറ്റുള്ള സ്ഥാപനങ്ങളിൽ വേണമെങ്കിൽ സംവരണം കൊണ്ട് വന്നോളു ഐഐടികൾ ഞങ്ങൾക്ക് വിട്ടു നൽകൂ എന്ന ഈ അഭ്യർഥനയിൽ നിന്നും വ്യക്തമാണ് ഐഐടികളും സവർണ വിഭാഗങ്ങളും തമ്മിലുള്ള ബന്ധം. ദലിത് ആദിവാസി വിഭാഗങ്ങൾക്ക് 22.5 ശതമാനം സംവരണം നൽകിയ 1973ലെ എസ്.സി എസ്.റ്റി ആക്ടും ഓബിസി വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം നൽകിയ ഓബിസി ആക്ടും നടപ്പിലാക്കിയതിനു ശേഷമാണു ഈ സമുദായങ്ങളിൽ പെട്ട വിദ്യാർഥികൾ ചെറിയ തോതിലെങ്കിലും ഐഐടികളിലെത്തുന്നത്.

ഫാത്തിമയുടെ ആത്മഹത്യയെ തുടർന്ന് മദ്രാസ് ഐഐടി മുൻ  പ്രഫസറായിരുന്ന വസന്ത കന്തസ്വാമി നക്കീരൻ ടിവിയിൽ കൊടുത്ത ഒരു അഭിമുഖത്തിൽ പറയുന്നത് ഐഐടി ഒരു ജാതിക്കോട്ടയാണെന്നാണ്. സ്വന്തം സ്വത്വം മറച്ചു വെച്ചതു കൊണ്ടാണ് തനിക്ക് അവിടെ പ്രഫസർഷിപ് ലഭിച്ചതെന്നും അല്ലാത്ത പക്ഷം കീഴാള വിഭാഗങ്ങളിലുള്ളവർക്ക് പ്രഫസർഷിപ് നൽകാറില്ലെന്നും കന്തസ്വാമി അഭിമുഖത്തിൽ പറയുന്നുണ്ട്. താൻ അധ്യാപിക  ആയിരുന്ന കാലത്ത് മുസ്‌ലിം വിദ്യാർഥികളുടെ എണ്ണം വളരെ കുറവായിരുന്നുവെന്ന് കന്തസ്വാമി അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. എന്താണ് നടക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകാത്ത വിധത്തിൽ നിഗൂഢതയുള്ള ഇടമാണ് ഐഐടി മദ്രാസ് എന്നാണ് ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ ഈ സംഭവത്തിൽ പ്രതികരിച്ചത്.

ഇസ്‌ലാമോഫോബിയയും മുസ്‌ലിം ചോദ്യങ്ങളും

ഐഐടിയിലെ  ഒരു അധ്യാപകന്റെ പേരെഴുതിവെച്ച് ആത്മഹത്യ ചെയ്തു എന്നതു പോലെ പ്രധാനമാണ് ഫാത്തിമയുടെ  മുസ്‌ലിം സ്വത്വം. ഓബിസി വിഭാഗത്തിൽ പെട്ട വിദ്യാർഥിയാണ് ഫാത്തിമ. എന്റെ മുഴുവൻ പേര് സുദർശൻ പദ്മനാഭൻ എന്ന അധ്യാപകൻ പറയാറില്ല എന്നതിൽ തുടങ്ങി കേരളത്തിന്റെ പുറത്തു ഫാത്തിമ ലത്തീഫ് എന്ന പേരൊക്കെ പ്രശ്നമാണല്ലേ എന്നൊക്കെ മകൾ ചോദിച്ചിരുന്നതായി ലത്തീഫ് പല ചാനലുകളിലും പറയുന്നുണ്ട്. ഫാത്തിമ ലത്തീഫ് എന്ന പേര് പല ലിസ്റ്റുകളിലും ഒന്നാമത് വരുന്നത് ഇഷ്ടപ്പെടാത്തവർ ഉണ്ടായിരുന്നു എന്ന്  ലത്തീഫ് അവകാശപ്പെട്ടിട്ടുണ്ട്. താൻ അനുഭവിച്ച പ്രശ്നങ്ങൾ ഒരിക്കലും വീട്ടുകാരോട് പറഞ്ഞില്ലെങ്കിലും ഫാത്തിമക്ക് ഉണ്ടായ ദുരനുഭവങ്ങളിൽ അവളുടെ മത സ്വത്വത്തിനും പങ്കുണ്ട് എന്നത് ലത്തീഫിന്റെ വിവരണത്തിൽ വ്യക്തമാണ്. ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങൾ മുതൽ വിഷയം ലോകസഭയിൽ ഉന്നയിച്ച എംപിമാരടക്കം ഈയൊരു കാര്യം പരാമർശിക്കുന്നുണ്ട്.

ഈ സന്ദർഭത്തിലാണ് ഐഐടികളിലെ ഇസ്‌ലാമോഫോബിയയുമായി  ബന്ധപ്പെട്ട് രാജ്യവ്യാപകമായി മുസ്‌ലിം സംഘടനകളടക്കം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. വിഷയം ചർച്ചയായതിനെ തുടർന്ന് ആദ്യമായി ഐഐടിയിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥി സംഘടന ക്യാമ്പസ് ഫ്രണ്ടായിരുന്നു. രാജ്യവ്യാപകമായി വിവിധ സർവകലാശാലകളിൽ പ്രതിഷേധം നടത്തിയതിൽ എംഎസ്എഫ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് തുടങ്ങിയ സംഘടനകൾ പ്രധാന പങ്കുവഹിച്ചട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമുള്ള വിവിധ രാഷ്ട്രീയ സംഘടനകൾ ഈ വിഷയം ഏറ്റെടുത്ത് പ്രതികരിച്ചിട്ടുണ്ടെങ്കിലും മുസ്‌ലിം സംഘടനകൾ വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിലും ചോദ്യം ചെയ്യുന്നതിലും മുന്നിലുണ്ടായിരുന്നു എന്നത് നിഷേധിക്കാനാവാത്തതാണ്.

ഈയൊരു സാഹചര്യത്തിലാണ് ചില മലയാള ചാനലുകളും ഇടതുപക്ഷ ആഭിമുഖ്യമുള്ള ഐഐടികളിലെ തന്നെ ചില വിദ്യാർഥികളും വിഷയത്തിലെ മുസ്‌ലിം ചോദ്യം ഉയർന്നത് മുതൽ ഇസ്‌ലാമോഫോബിയ എന്ന വിമർശനത്തെ തമസ്കരിക്കാൻ ശ്രമിച്ചത്. പ്രതികരണങ്ങളിൽ ചിലത് സിലിക്കൺ വാലിയിലെ പ്രതിഷേധകനെ പോലെ “മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇസ്‌ലാമോഫോബിയ ഉണ്ടാവാം എന്നാൽ അറിവിന്റെ ശ്രീകോവിലായ ഐഐടികളെ കുറിച്ച് സംസാരിക്കുന്നത് സൂക്ഷിച്ച് വേണം, അങ്ങനെയുണ്ടെന്ന് ഉന്നയിക്കുന്നതിന് തെളിവ് വേണം” എന്ന രീതിയിലാവുമ്പോൾ, രണ്ടാമത്തെ വിഭാഗത്തിൽ പെട്ട പല മലയാള ചാനലുകളും വിഷയത്തിലെ ഇസ്‌ലാമോഫോബിയയെ തിരുത്താൻ ഫാത്തിമയുടെ ഉപ്പയോട് അദ്ദേഹം നേരത്തെ തന്നെ വ്യക്തമായി പറഞ്ഞ ഫാത്തിമയുടെ സ്വത്വത്തെ കുറിച്ച് നിരന്തരം ചോദിച്ച് ആശയ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്നത് കാണാം.

ഈ വിഷയം അവരെ സംബന്ധിച്ചിടത്തോളം തൽപര കക്ഷികൾ (മുസ്‌ലിം സംഘടനകൾ) തങ്ങളുടെ സൗകര്യത്തിന് ഉപയോഗിക്കാൻ ശ്രമിക്കുന്ന ഒന്നാണ്. മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തോടുള്ള ഭയമാണ് ഇൻഡ്യൻ സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയ എന്ന് പല മുസ്‌ലിം ചിന്തകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. രണ്ടാം മണ്ഡൽ എന്നറിയപ്പെടുന്ന മണ്ഡൽ  കമ്മീഷന്റെ ഓബിസി വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനുള്ള സംവരണത്തിന് ശേഷം കാണപ്പെടുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുസ്‌ലിം വിദ്യാർഥികളുടെ വർധിച്ചു വരുന്ന സാന്നിധ്യത്തെയും അതിനെ തുടർന്നുള്ള അവരുടെ രാഷ്ട്രീയ സംഘാടനത്തെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ് ഇതുപോലുള്ള പ്രചാരണങ്ങൾ.

കീഴാള വിദ്യാർഥികളുടെയും അധ്യാപകരുടെയും സാന്നിധ്യം മൂലം പല സർവകലാശാലകളിലെയും വിവേചനങ്ങൾ ചോദ്യം ചെയ്യപ്പെട്ടപ്പോൾ, കീഴാളരുടെ അഭാവമാണ് ഐഐടികൾ പോലുള്ള സ്ഥാപനങ്ങളിലെ വിവേചനങ്ങളെ ചോദ്യം ചെയ്യുന്നതിന് വിലങ്ങുതടിയാകുന്നത്. ഐഐടികളിലെ കീഴാള വിഭാഗത്തിൽ പെട്ടവരായ അധ്യാപകരുടെയും വിദ്യാർഥികളുടെയും അഭാവത്തെ സൂചിപ്പിക്കുന്ന നിരവധി റിപ്പോർട്ടുകൾ വാർത്താ മാധ്യമങ്ങളിൽ ലഭ്യമാണ്. ജെഎൻയുവിൽ മൂന്നു വര്‍ഷം മുൻപ് സംഭവിച്ച മുസ്‌ലിം വിദ്യാർഥിയായ നജീബ് അഹമ്മദിന്റെ നിർബന്ധിത തിരോധാനത്തെ തുടർന്ന് ഉന്നയിച്ച മുസ്‌ലിം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട്, അത് രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും, അതൊരു മുസ്‌ലിം വിഷയമായി കാണാതെ കേവലം വിദ്യാർഥി വിഷയമായി കാണണമെന്നും പല ഇടതു സംഘടനകളും തുടക്കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് മുസ്‌ലിം സംഘടനകളുടെ ഇടപെടൽ മൂലം അതൊരു മുസ്‌ലിം വിഷയമായി അംഗീകരിക്കാൻ അവർ നിർബന്ധിക്കപ്പെട്ടിട്ടുണ്ട്.

രോഹിത് വെമുല സംഭവുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങൾ ഈ വിഷയകമായി നടത്താവുന്നതാണ്. രാജ്യവ്യാപകമായ പ്രക്ഷോഭം നടന്നിട്ടും രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദികളായ സർവകലാശാല വിസി അപ്പാറാവു, കേന്ദ്ര മന്ത്രിമാരായ ബന്ദാരു ദത്ത്രേയ, സ്‌മൃതി ഇറാനി തുടങ്ങിയവർക്ക് ഒരു നിയമ നടപടികളും നേരിടേണ്ടി വന്നിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് അവസാനം കൊടുത്ത കലക്ടറുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത് രോഹിത് ദലിതനല്ല ഓബിസി വിഭാഗത്തിൽ പെട്ട ആളാണെന്നാണ്. അമ്മയും സഹോദരനുമടങ്ങുന്ന രോഹിത് വെമുലയുടെ  കുടുംബം ജീവിച്ചത് ഒരു ദലിത് ജീവിതമാണെന്ന് അനുഭവസാക്ഷ്യം നിലനിൽക്കുമ്പോഴാണ് ഇതുപോലെയൊരു അന്വേഷണ റിപ്പോർട്ട് കേസിലെ ദലിത് ചോദ്യത്തെ അട്ടിമറിക്കാൻ ഉപയോഗിച്ചത്. എന്നാൽ ഇതിനെയെല്ലാം മറികടന്നു കൊണ്ട് ജാതിയെ കുറിച്ച് രോഹിത് വെമുല ഉയർത്തിയ ചോദ്യങ്ങൾ ഇൻഡ്യയൊട്ടാകെ ചർച്ച ചെയ്യപ്പെട്ടു.

ഐഐടി എൻട്രൻസ് പരീക്ഷയിൽ ഒന്നാം സ്ഥാനക്കാരിയായി സ്ഥാപനത്തിൽ പ്രവേശിച്ച് പഠന കാലയളവിൽ ഉടനീളം മികച്ച അക്കാദമിക നിലവാരം കാഴ്ച വെച്ച ഫാത്തിമക്ക് സംഘപരിവാർ രാഷ്ട്രീയമുള്ള ഒരു അധ്യാപകനിൽ നിന്നും നേരിട്ട മതപരമായ വിവേചനത്തിന് ഇനിയും തെളിവ് ആവശ്യപ്പെടുന്നവരും അന്വേഷണം തീർന്നതിന് ശേഷം ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട ചർച്ച തുടങ്ങിയാൽ മതി എന്ന തീർപ്പ് കൽപിക്കുന്നവരും ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ് ഇത്. രോഹിത് വെമുലയുടെ നീതിക്ക് വേണ്ടി നടന്ന സമരത്തിന് കുറ്റവാളികളെ ശിക്ഷിക്കാനോ സമരക്കാരുടെ ആവശ്യം പോലെ രോഹിത് ആക്ട് നടപ്പിൽ വരുത്താനോ സാധിച്ചില്ലെങ്കിലും, സാങ്കേതികമായ തെളിവുകളുടെ അഭാവമുണ്ടായിരുന്നിട്ടും ജാതി വിവേചനത്തിന്റെ സാന്നിധ്യം നിഷേധിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. അതിന്റെ ഭാഗമായാണ് കേരളത്തിലടക്കം ഒരിക്കൽ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ഹർത്താലുകൾ ഊരും പേരുമില്ലാത്ത ഹർത്താലുകളായി വിളിക്കപ്പെടുന്നതിൽ നിന്ന് ദലിത് ചോദ്യങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും പ്രാധാന്യം ലഭിക്കുന്നതിലേക്ക് മാറിയത്.

ഫാത്തിമ ഏത് സമുദായത്തിൽ നിന്നും വരുന്നു എന്നത് ശ്രദ്ധയർഹിക്കുന്ന വിഷയമാണ്. വിഭജനത്തിന് ശേഷമുള്ള ചരിത്രം പരിശോധിച്ചാൽ തങ്ങളിൽ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായി മൂലധനമുള്ള മുസ്‌ലിംകളിൽ വലിയൊരു വിഭാഗം പാകിസ്താനിലേക്ക് ചേക്കേറിയപ്പോൾ എല്ലാ രീതിയിലും അരക്ഷിതരായി അവശേഷിച്ച മുസ്‌ലിം സമുദായത്തിന്റെ അതിജീവനം ഒരു ചോദ്യചിഹ്നമായിരുന്നു എന്ന് മനസിലാകും. ഉർദു ഭാഷയുടെ തമസ്കരണത്തിൽ തുടങ്ങി നിരവധി സർക്കാർ നയങ്ങളും വിഭജനത്തിന് ശേഷം കോൺഗ്രസ് സർക്കാറും, ഗുജറാത്ത് കലാപത്തിന് ശേഷം ബിജെപി സർക്കാർ ഏർപ്പെടുത്തിയ മുസ്‌ലിംകളുടെ സ്വത്തുക്കൾ വിൽക്കുന്നതിന് തടയിടുന്ന നിയമങ്ങളിൽ തുടങ്ങി 1980കളിൽ  ആരംഭിച്ച് 1992ൽ ബാബരി മസ്ജിദിന്റെ പതനത്തിൽ അവസാനിച്ച രാമജന്മ ഭൂമി പ്രക്ഷോഭത്തിന്റെ പ്രത്യാഘാതങ്ങളടക്കം മുസ്‌ലിം പാർശ്വവൽക്കരണത്തിന് കാരണങ്ങൾ നിരവധിയാണ്. പടിപടിയായി സംഭവിച്ച ഈ മുസ്‌ലിം പാർശ്വവൽക്കരണത്തിന്റെ നേർചിത്രം വരച്ചുകാണിക്കുന്നതായിരുന്നു 2006ൽ സമർപ്പിക്കപ്പെട്ട സച്ചാർ കമ്മിറ്റി റിപ്പോർട്ട്.

ഫാത്തിമയുടെ ഉപ്പ അബ്ദുൽ ലത്തീഫ്

മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഈയിടെ പുറത്തു വന്ന ഇൻഡ്യൻ എക്സ്പ്രസ്സ് പത്രം പ്രസിദ്ധീകരിച്ച കണക്കെടുപ്പിൽ ക്രിസ്റ്റോഫ് ജാഫർലോട്ടടക്കമുള്ളവർ അഭിപ്രായപ്പെട്ടത് ഇൻഡ്യയിൽ മറ്റു സംവരണ വിഭാഗങ്ങളെക്കാൾ പിന്നിലാണ് മുസ്‌ലിംകളുടെ സ്ഥാനം എന്നാണ്. സാം അഷർ ഇതേ ലേഖനത്തിൽ നിരീക്ഷിക്കുന്നത്, പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർ ഇൻഡ്യൻ വിദ്യാഭ്യാസത്തിലേക്ക് അടുക്കുമ്പോൾ മുസ്‌ലിംകൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ  നിന്നും പുറന്തള്ളപ്പെടുന്നു എന്നതാണ്. ഭരണകൂടം നൽകുന്ന തുല്യ പൗരത്വത്തിന്റെ കാര്യത്തിൽ അടക്കം ഭീഷണി നേരിടുന്ന ഒരു ഘട്ടത്തിൽ മുസ്ലിം സമുദായത്തിന്റെ അതിജീവനശ്രമങ്ങളുടെ മേലുള്ള ഒരു തിരിച്ചടി കൂടിയാണ് ഫാത്തിമ ലത്തീഫിന്റെയും നജീബ് അഹമ്മദിന്റെയും അനുഭവങ്ങൾ.

തന്റെ സഹോദരിയെ നഷ്ടപ്പെട്ട് ദിവസങ്ങൾ കഴിയുന്നതിന് മുൻപേ ആയിഷക്ക് മാധ്യമങ്ങളുടെ മുമ്പിൽ തന്റെ ഉമ്മ ചാനലുകളോട് ഫാത്തിമ തട്ടം ധരിക്കുന്നതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം പൂർണ ബോധത്തോടെയല്ല പറഞ്ഞത് എന്ന് പറയേണ്ടി വന്നത്, ‘തീവ്രവാദിയാണെങ്കിൽ മകന്റെ മയ്യത്ത് കാണണ്ട’ എന്ന കേരളത്തിലെ മറ്റൊരു ഉമ്മ മുമ്പ് പറയേണ്ടി വന്നതിനെ ഓർമിപ്പിക്കുന്നതാണ്. മുസ്‌ലിം ചോദ്യങ്ങളെ, ഇസ്‌ലാമോഫോബിയയുടെ പ്രശ്നങ്ങളെ ഒരു തരിമ്പും അഭിമുഖീകരിക്കാൻ തയ്യാറാവാത്ത മലയാള മാധ്യമ ശീലങ്ങൾ ഇനിയെങ്കിലും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

എന്റെ മകൾക്ക് നീതി കിട്ടിയില്ലെങ്കിൽ എന്നെ മദ്രാസ് ഐഐടിയുടെ  മുറ്റത്ത് കുഴിച്ചിട്ടാൽ മതി എന്ന് പറയുന്ന, നീതിക്കുവേണ്ടി അക്ഷീണം പൊരുതുന്ന അബ്ദുൽ ലത്തീഫ് എന്ന പിതാവിന്റെ നീതിബോധമാണ് എല്ലാത്തിനുമുപരി ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക. ‘മുസ്‌ലിം പേരൊക്കെ ഒരു പ്രശ്നമാണല്ലേ ഉപ്പാ’ എന്ന് ചോദിക്കുന്ന മുസ്‌ലിം വിദ്യാർഥികളും, ‘പ്രശ്നമാണെങ്കിൽ നമുക്കാ പേര് മാറ്റാം’ എന്നു പറയേണ്ട ഗതികേട് വരുന്ന ഉപ്പമാരും ഉണ്ടാവുന്നിടത്തോളം കാലം ഇസ്‌ലാമോഫോബിയയെ കുറിച്ചും മുസ്‌ലിം സ്വത്വത്തെ കുറിച്ചും ഉച്ചത്തിൽ സംസാരിക്കേണ്ടത് അനിവാര്യമാണ്.

(ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ് ലേഖകൻ)

Top