ഫെമിനിസ്റ്റ് ‘ഐക്കണു’കളും അപരസ്ത്രീകളും
കേരളത്തിൽ സമീപകാലത്തുണ്ടായ സ്ത്രീവാദ വ്യവഹാരങ്ങളുടെ പ്രത്യേകതകൾ വിശകലനം ചെയ്യുന്ന ലേഖനം. ഫെമിനിസ്റ്റ് രാഷ്ട്രീയത്തിലെ അധികാരപക്ഷം എങ്ങിനെയാണ് അപര സ്ത്രീകളെക്കുറിച്ച് സംസാരിക്കുന്നതെന്ന് അന്വേഷിക്കുന്നു. സവർണ ഫാഷിസത്തിന്റെ കാലത്തെ മുസ്ലിം സ്ത്രീ പ്രതിനിധാനത്തിന്റെ സങ്കീർണതകളെ ലേഖനം അഴിച്ചെടുത്തു പരിശോധിക്കുന്നു.
പ്രമുഖ നടിയെ അക്രമിച്ച പ്രശ്നവും അതോടനുബന്ധിച്ചുണ്ടായ ‘വിമന്‍സ് കലക്ടീവ് ഇന്‍ സിനിമ‘ എന്ന സംഘടനയും അതിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളുമാണ് നിലവിലെ ‘ജനപ്രിയ ഫെമിനിസ്റ്റ്’ ചർച്ചകൾക്കു തുടക്കമിട്ടത്. മലയാളികളുടെ ആരാധ്യ പുരുഷന്മാരായ സൂപ്പർ താരങ്ങളടക്കം, സ്ത്രീവിരുദ്ധതയെ അറിഞ്ഞംഗീകരിക്കുകയും അതിനെ ആഘോഷമാക്കുകയും ചെയ്യുന്ന സിനിമകളുടെ ഭാഗമാകുമ്പോള്‍ത്തന്നെയാണ് ആന്തരിക പരിഷ്കരണത്തിനു വേണ്ടിയുള്ള ഈ മുറവിളികള്‍ ഉയർന്നത്. സിനിമാസമുദായത്തിന്റെ അകത്തു സാധ്യമായ ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ അര്‍ഥത്തിലുള്ള ആന്തരിക വിമര്‍ശനങ്ങള്‍. എന്നിരുന്നാലും സിനിമാമേഖലയുടെ അകത്തു പ്രവര്‍ത്തിക്കുന്ന ഇവര്‍ മൊത്തം സിനിമാ വ്യവസായത്തിന്റെ വംശീയ രാഷ്ട്രീയത്തെ വെല്ലുവിളിക്കുന്ന ഒന്നും പ്രത്യേകിച്ചു പറയുന്നില്ലെന്നോർക്കണം. സിനിമക്കകത്തെ വരേണ്യതയും ലൈംഗിക പീഡനങ്ങളും സഹിച്ചും അതിനെപ്പറ്റി ചെറിയ തോതില്‍ മാത്രം വിമര്‍ശനം ഉന്നയിച്ചുമാണ് എല്ലാ രാഷ്ട്രീയത്തിനും സ്വീകാര്യമായ സിനിമ എന്ന ലിബറല്‍ ജീവിത ലോകവും അതിലെ സ്ത്രീകളും നിലനില്ക്കുന്നത്.
ഫെമിനിസ്റ്റ് ‘ഐക്കണു‘കളും അപരസ്ത്രീകളും
ഈയടുത്ത് രണ്ടു ഫെമിനിസ്റ്റ് പ്രതികരണങ്ങള്‍ സവിശേഷമായ പൊതു ശ്രദ്ധ പിടിച്ചുപറ്റി. വിമൻസ്കളക്ടീവ്ഇൻ സിനിമയുടെ ഭാഗമായ നടി പാർവതി നടത്തിയ വിമർശനവും അതുണ്ടാക്കിയ വിവാദങ്ങളുമാണ് ഒന്ന്. പെണ്‍കുട്ടിയായതുകൊണ്ട് കുട്ടിക്കാലത്തു മീൻപൊരിച്ചതു കിട്ടാത്തത് തന്നിൽ ഫെമിനിസത്തിന്റ ആദ്യ പ്രതികരണങ്ങള്‍ ഉണ്ടാക്കി എന്ന് വിമൻസ് കളക്ടീവ് ഇൻ സിനിമ യിലെ തന്നെ വ്യത്യസ്ത ശബ്ദമായ റീമ കല്ലിങ്കലിന്റെ സംസാരവും അതിനെത്തുടര്‍ന്നുണ്ടായ ചര്‍ച്ചകളും ആണു രണ്ടാമത്തേത്.
ഈ സാഹചര്യത്തില്‍, ഇന്നത്തെ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ ആഘോഷം ഉത്പാദിപ്പിക്കുന്ന അധികാരം എന്താണെന്ന ചോദ്യം അത്യാവശ്യമാണ്. അതോടൊപ്പം പലതരം സ്ത്രീ പ്രതിനിധാനങ്ങളെ ആഘോഷിക്കുകയും അങ്ങനെ അധികാരത്തിലേറുകയും ചെയ്യുന്ന ഫെമിനിസം എങ്ങനെയാണ് മറ്റു സ്ത്രീകളെയും അവരുടെ സാമുദായിക ജീവിതത്തെയും അഭിസംബോധന ചെയ്യുന്നതെന്ന ചോദ്യവും ആവർത്തിക്കേണ്ടതുണ്ട്. ഫെമിനിസം അധികാര പക്ഷമാവുമ്പോള്‍ സ്വീകരിക്കേണ്ട വളരെ പ്രധാനപെട്ട പൊസിഷനാണിത്. ഈ പ്രതികരണങ്ങള്‍, നേരത്തെയുള്ള ചില പ്രവണതകളുടെ തുടർച്ചയാണെന്നാണു ഞാൻ വാദിക്കുക.
വമ്പിച്ച ‘പബ്ലിക് റിലേഷന്‍ പരിപാടി’കളോടെ രംഗത്തുവന്ന മഞ്‌ജു വാരിയര്‍ യാതൊരു പോരാട്ടത്തിന്റെയും പിന്‍ബലമില്ലാതെ കേരളത്തിൽ ഒരു ഫെമിനിസ്റ്റ് ഐക്കണായി പെട്ടെന്നു മാറുന്നതു നാം കണ്ടതാണ്. മാത്രമല്ല, പുതിയ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ ഈ ജനപ്രിയ ലേബല്‍ ഉപയോഗിച്ചു് പല സര്‍ക്കാര്‍ പദ്ധതികളുടെയും അംബാസഡര്‍ ആയി അവരെ അവരോധിക്കുകയും ചെയ്യുന്നു. സി പി എം, മഞ്‌ജുവിനെ ലോകസഭാ സ്ഥാനാർഥിയാക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകളും ഒരുവേള വന്നിരുന്നു. ഈ അര്‍ഥത്തിൽ, വളരെ സമര്‍ഥമായി തങ്ങളുടെ വ്യക്തിപരമായ വളര്‍ച്ചക്ക് ഫെമിനിസ്റ്റ് ലേബലുകള്‍ ഉപയോഗിക്കാന്‍, അധികാരത്തിലിരിക്കുന്ന ഈ സ്ത്രീകള്‍ക്കു സാധിക്കുന്നുണ്ട്. ഫെമിനിസ്റ്റ് രാഷ്ട്രീയത്തിനു മേലെ ഇത്തരം ഐക്കണുകള്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഈ സാഹചര്യത്തിലാണു പുനപ്പരിശോധിക്കേണ്ടത്.
ഈ ആധുനിക വിമോചന പദവിയും അധികാര സ്ഥാനവും വിമോചിത സ്ത്രീകളെന്ന പരിവേഷവും ഇവര്‍ക്കു ലഭ്യമാകുന്നത് മറ്റനേകം അപര സമുദായങ്ങളുടെ നിര്‍മിതിയിലൂടെയാണെന്നാണ് ഇതിന്റെ മറുപുറം. അപര സമുദായങ്ങളിലെ സ്ത്രീജീവിതത്തെ പല അര്‍ഥത്തില്‍ ആവിഷ്ക്കരിച്ചും നിര്‍മിച്ചും പിളര്‍ത്തിയും സാധ്യമാകുന്ന നായികാ പദവിയാണത്. അതിന്റെ വ്യത്യസ്തമായ രീതികള്‍ കേരളത്തില്‍ ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു.
ആരുടെ ഉദാഹരണങ്ങള്‍?
നിത്യജീവിതത്തിലെ ലളിതമായ ഉദാഹരണമാണു റീമ കല്ലിങ്കൽ പറഞ്ഞത്. മീന്‍ തന്നെ മലയാളസിനിമയില്‍ മോശം അർഥത്തിലാണു പലപ്പോഴും ഉപയോഗിക്കാറുള്ളത്. ‘മീന്‍ നാറ്റം’ അടക്കമുള്ള ചില മീൻ പ്രയോഗങ്ങള്‍ സിനിമക്കകത്ത് അപര വംശീയ സൂചനകളോടെ ധാരാളം വട്ടം ഉപയോഗിച്ച ചിഹ്നമാണ്. അത്തരം അനുഭവത്തിൽനിന്നു വ്യത്യസ്തമായാണു റീമയുടെ മീന്‍ അനുഭവങ്ങള്‍ ആളുകള്‍ വായിച്ചത്. ആ ഉദാഹരണത്തിനു നല്ല ശക്തിയുണ്ടായിരുന്നു. ഇതോടെ സാമൂഹിക മാധ്യമങ്ങളിൽ, ലിബറല്‍ പ്രത്യയശാസ്ത്രത്തിന്റെ വിളികേട്ടുണര്‍ന്നവരുടെ തിക്കും തിരക്കും വർധിച്ചു. പൊരിച്ച മീൻ നിഷേധിക്കപ്പെട്ടതിന്റെ കഥകളും കദനങ്ങളും അതിനെത്തുടർന്നുള്ള അനുഭങ്ങളും കൊണ്ട് സാമൂഹിക മാധ്യമങ്ങള്‍ നിറഞ്ഞതും നാം കണ്ടു.
മുസ്ലിം സ്ത്രീയെ സംബന്ധിച്ചടത്തോളം ഈ ഉദാഹരണത്തിന്റെ രാഷ്ട്രീയം മറ്റൊരു തരത്തിലാണു മനസിലാക്കാൻ സാധിക്കുന്നതെന്നായിരുന്നു എന്റെ ആദ്യ പ്രതികരണം. അതായത്, ഇസ്ലാമിനെ പ്രധാനമായി കാണുന്ന മുസ്ലിം സ്ത്രീയെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് എന്നത് അവളുടെ വിശ്വാസവുമായി ചേർന്നു നില്‍ക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ, തന്റെ വിശ്വാസപരമായ തിരഞ്ഞെടുപ്പുകൾ ഫെമിനിസത്തിന്റെ തിരഞ്ഞെടുപ്പ് (choice) എന്ന നിര്‍ണയനം ഉണ്ടാക്കുന്ന അതിരിനോട് എപ്പോഴും കലഹിക്കുന്നുണ്ട് .
ഇസ്ലാം തിരഞ്ഞെടുത്ത ഹാദിയയുടെ വ്യത്യസ്തമായ തിരഞ്ഞെടുപ്പിന്റെ ഉദാഹരണം ഈ അധികാര ഫെമിനിസത്തിന്റെ ആഘോഷ ചര്‍ച്ചകളില്‍ ഒന്നും വരുന്നില്ലല്ലോ. അതുപോലെ ഹിജാബ് ഉപേക്ഷിക്കാനുള്ള മുസ്ലിം പെണ്ണിന്റെ അവകാശത്തെക്കുറിച്ചു സംസാരിക്കുന്ന ഫെമിനിസം അത് ഉപയോഗിക്കാനുള്ള മുസ്ലിം സ്ത്രീയുടെ അവകാശം ലംഘിക്കപ്പെടുമ്പോഴെല്ലാം നിശ്ശബ്ദമാകുന്നു എന്നതും നമ്മുടെ അനുഭവമാണ്. ഒരു തരത്തിലും, വിശ്വാസികളായ മുസ്ലിം സ്ത്രീകളുടെ ഈ സംഘര്‍ഷങ്ങള്‍ ഒന്നും ഉദാഹരണമായി ആരും പറയാറില്ല. അതൊക്കെ നേരത്തെ സൂചിപ്പിച്ച അധികാര ഫെമിനിസ്റ്റ് വ്യാകരണത്തിനു പുറത്താണ്. അതുകൊണ്ടാണ് റീമ ഉന്നയിച്ച ഈ ഫെമിനിസ ഉദാഹരണങ്ങള്‍ ഇന്നത്തെ മലയാളിയെ നിര്‍മിച്ച മേല്‍കോയ്മയുടെ ഭാഗമായ രാഷ്ട്രീയമാവുന്നത് എന്നു പ്രതികരിക്കേണ്ടി വന്നത്.
സ്ത്രീരാഷ്ട്രീയത്തിലെ സ്ത്രീ ആരാണ്?
നടി പാർവതി ഉന്നയിച്ച, സിനിമയിലെ സൂപ്പർതാരങ്ങൾ സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാകുന്നു എന്ന വിമർശനം ഒരു ഫെമിനിസ്റ്റ് ചോദ്യമായായിട്ടാണു പൊതുവെ സ്വീകരിക്കപ്പെട്ടത് . അതുകൊണ്ടുതന്നെ സിനിമ എന്ന ജനപ്രിയ മാധ്യമത്തിനകത്തെ അനവധി സ്ത്രീ പ്രതിനിധാനങ്ങളെ, ഏതു രീതിയിലാണു പാര്‍വതിയുടെ ഫെമിനിസം അഭിസംബോധന ചെയ്യുക എന്ന ആകാംക്ഷ എനിക്കുമുണ്ടായി. കാരണം, മേൽജാതി ഹിന്ദു സമുദായത്തിലെ സ്ത്രീയെപ്പോലെയല്ല ദലിത് ബഹുജന്‍ പിന്നാക്ക വിഭാഗത്തിലെ സ്ത്രീ മലയാള സിനിമയില്‍ കാണിക്കപ്പെട്ടിട്ടുള്ളത്. പാര്‍വതി തന്നെ വേഷമിട്ട ‘ടേക്ക്ഓഫി’ലെ മുസ്ലിം സ്ത്രീയുടെ പ്രത്യേകതകളും ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയവും വളരെ വ്യത്യസ്തമായ അനുഭവതലമാണു പങ്കുവെക്കുന്നത്.
അതിനാൽ, ഏറെ പ്രാധാന്യമുള്ള ഒന്നാണ് , ‘ഫെമിനിസ്റ്റ് രാഷ്ട്രീയത്തിലെ സ്ത്രീ ആരാണ്’ എന്ന ചോദ്യം? ഇതിനുത്തരം നല്‍കാതെ, വളരെയെളുപ്പം സന്ദര്‍ഭവും സാഹചര്യവും സാമൂഹിക/രാഷ്ട്രീയ സ്വത്വവും ബാധകമാകാത്ത സ്ത്രീയെ സങ്കല്പിക്കാനും അങ്ങനെ നിരവധി അധികാര വ്യത്യാസങ്ങളെ ഒറ്റയടിക്കു മറയ്ക്കാനും പാര്‍വതിയെപ്പോലുള്ളവര്‍ ഉന്നയിക്കുന്ന സ്ത്രീ രാഷ്ട്രീയത്തിനു സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ ഫെമിനിസം ആധിപത്യ അധികാരത്തിന്റെ ആവിഷ്കാരമായി മാറുന്നത്. അതിലൂടെ നിശ്ശബ്ദ്മാവുന്ന അനേകം സ്ത്രീയവസ്ഥകളെ അടയാളപ്പെടുത്താന്‍ കുറേക്കൂടി വ്യത്യസ്തമായ രാഷ്ട്രീയ സങ്കല്പനങ്ങള്‍ ആവശ്യമാണ്. വളരെ എളുപ്പം പരിഹരിക്കാന്‍ കഴിയുന്ന, എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയുന്ന, പാര്‍വതിയെപ്പോലുള്ളവരുടെ വിമത നീക്കങ്ങള്‍ മറ്റനേകം രാഷ്ട്രീയ സാഹചര്യങ്ങളിലുള്ള സ്ത്രീകളെ കാണാതിരിക്കാനുള്ള വഴിയായി മാറുന്നതും അങ്ങനെത്തന്നെ. അതുകൊണ്ടാണ് സവര്‍ണ മതേതര ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ വ്യാകരണത്തിനു് ഒട്ടും ഉലച്ചില്‍ തട്ടിക്കാതെ, അധീശസ്ഥാനത്ത് ഈ ഫെമിനിസ്റ്റ് ഇടപാടുകള്‍ ഇപ്പോള്‍ പ്രചാരം നേടുന്നത്. അതിന്റെ സ്വീകരണ സ്ഥലങ്ങള്‍ ആ അര്‍ഥത്തില്‍ പരിശോധന അര്‍ഹിക്കുന്നതാണ്.
മറന്നുപോകുന്ന ഫെമിനിസ്റ്റ് പാഠങ്ങള്‍
ചില നിര്‍ണായക ഫെമിനിസ്റ്റ് പാഠങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍ക്കണം. ഇന്‍ഡ്യയിലെ വ്യത്യസ്തങ്ങളായ സാമൂഹികാധികാരങ്ങളാൽ നിര്‍മിക്കപ്പെടുന്ന സ്ത്രീകളെ മനസിലാക്കാനും അത്തരം സ്ത്രീ ജീവിതങ്ങളുടെ ഇടയിൽ നിന്നുണ്ടാകുന്ന രാഷ്‌ട്രീയ ഉണർവുകളെ ഉൾക്കൊള്ളാനും മുഖ്യധാരാ ഫെമിനിസത്തിനു പൊതുവെ സാധിക്കാറില്ല എന്ന് അനേകം സംവാദങ്ങള്‍ മുന്‍പു തെളിയിച്ചതാണ്. ഉന്നതജാതി/ കുല സ്ത്രീകളുടെ ആകുലതകളും അവർക്കുള്ളിലെ ആന്തരിക സംഘർഷങ്ങളും സ്ത്രീകളുടെ മൊത്തം പ്രശ്‌നമാകുകയും അതിനു വലിയ സാംസ്‌കാരിക സ്വീകാര്യത നേടുകയും ചെയ്യുന്നത് അനവധി വിമർശനങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതാണ്.
ദില്ലിയിലെ നിര്‍ഭയക്കുവേണ്ടിയുള്ള സമരം, ലിബറല്‍ പുരുഷ/സ്ത്രീ വാദികളുടെ മുസ്ലിം സ്ത്രീ രക്ഷകവ്യവഹാരങ്ങൾ, കാമ്പസുകളില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ദലിത് ഫെമിനിസത്തിന്റെ അനേകം ധാരകള്‍ നടത്തുന്ന ചെറുത്തുനില്പുകളോടുള്ള സവര്‍ണ ഫെമിനിസ്റ്റുകളുടെ അവജ്ഞ കലര്‍ന്ന വിമർശനങ്ങൾ എന്നിവയൊക്കെ മേൽജാതി ഹിന്ദു ആകാംക്ഷകളെ സ്ത്രീ രാഷ്ട്രീയാധികാരത്തിന്റെ ഭാഗമായി നിർമിക്കുന്നവയാണ് എന്ന വിമര്‍ശനം ശക്തമാണ്.
ലിബറല്‍ സ്ത്രീകളുടെ പൊതുഇടത്തിലെ ഇപ്പോള്‍ ശക്തമാകുന്ന ദൃശ്യത തന്നെ ഈ അര്‍ഥത്തിലുള്ള രാഷ്ട്രീയ മാറ്റങ്ങളോടുള്ള പ്രതികരണമായി വിലയിരുത്തണം. ജെനി റോവിന നിരീക്ഷിച്ചപോലെ, ചുംബന സമരം മണ്ഡൽ-അനന്തര രാഷ്ട്രീയത്തോടുള്ള പ്രതികരണം എന്ന നിലയില്‍ രൂപപ്പെട്ടതിനു സമാനമാണ് ഇപ്പോഴത്തെ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിലെ ഈ നായികാ ഭ്രമം. നായികാ പദവിയുള്ള ഈ ഫെമിനിസ്റ്റ് ഐക്കണുകള്‍ ഇപ്പോള്‍ സൈദ്ധാന്തികമായി പിന്നാക്കം പോയ സവര്‍ണ സ്ത്രീസ്ഥാനത്തിന്റെ തിരിച്ചുവരവിനു വളരെ അത്യാവശ്യമായിരിക്കാം. ആ അര്‍ത്ഥത്തില്‍ എന്താണ് ഇപ്പോള്‍ സവര്‍ണ സാമൂഹിക സ്ഥാനത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രതിസന്ധിയെന്നു പരിശോധിക്കേണ്ടതുണ്ട്.
സവര്‍ണ സ്ത്രീകളുടെ സമുദായ രാഷ്ട്രീയം
സവിശേഷമായ ശരീരഭാഷയുള്ള സവര്‍ണസ്ത്രീകള്‍ മാത്രമാണ് ഇപ്പോഴത്തെ പൊതു ചര്‍ച്ചകളില്‍ ‘പൊതു സ്ത്രീ’യായി വരുന്നത്. അവരുടെ വ്യക്തിരാഷ്ട്രീയത്തിന്റെ സവിശേഷതകൾ പരിശോധിക്കപ്പെടണം. മാത്രമല്ല ഇത്തരം വ്യക്തിസ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന നായികാ രാഷ്ട്രീയത്തിലേക്കു മാറാന്‍ തയ്യാറുള്ളവർ മാത്രമാണ് ഇതര രാഷ്ട്രീയങ്ങളുടെ ഭാഗമായ സ്ത്രീകളിൽ നിന്നുതന്നെയും പൊതുവേദികളിൽ സ്വീകരിക്കപ്പെടുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലിബറല്‍ ഭാഷ സംസാരിക്കുകയും സവർണ സ്ത്രീകളുടെ ബാഹ്യ ചേഷ്ടകൾ അനുകരിക്കുകയും ചെയ്യുന്ന ഇതര സമുദായത്തിലെ സ്ത്രീകൾ മാത്രമേ അപരരെ ഉള്‍ക്കൊള്ളുക എന്ന ലേബലില്‍ സ്വീകരിക്കപ്പെടുകയുള്ളൂ. വ്യത്യസ്തമായ വ്യാകരണം ആവശ്യമുള്ള സ്ത്രീ രാഷ്ട്രീയ അനുഭവങ്ങള്‍ അങ്ങനെ നിഷേധിക്കപ്പെടുന്നു. സമകാലിക ലോകത്ത് ആഘോഷിക്കപ്പെട്ട മലയാളി മുസ്ലിം സ്ത്രീ അനുഭവങ്ങളെ അടുത്തുനിന്നു വായിച്ചാല്‍ മനസ്സിലാകുന്നത് ഇതാണ്.
ഇനി ഈ ‘പൊതുസ്ത്രീ’യെ ഏതെങ്കിലുമര്‍ഥത്തില്‍ മറികടക്കാൻ ശ്രമിക്കുന്ന ഇതര സ്ത്രീകളാകട്ടെ, ‘സവിശേഷ’ പ്രശ്നം ഉന്നയിക്കുന തരത്തില്‍ മാറേണ്ടിവരുന്ന കാഴ്ചയാണു മറ്റൊന്ന്. സ്ത്രീ എന്ന സാര്‍വലൌകിക സംവര്‍ഗത്തെ അധിനിവേശം ചെയ്ത സ്ത്രീ ആരാണെന്ന് ഈ സംവാദങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരം അധിനിവേശ യുക്തിയുടെ ഭാഗമായി മാറുന്നതു കൊണ്ടല്ലേ മറ്റനേകം സമരങ്ങൾക്കിടയിലും മഞ്ജു വാരിയരും പാർവതിയും റീമ കല്ലിങ്ങലും ഒക്കെ എടുക്കുന്ന ആഴം കുറഞ്ഞ രാഷ്ട്രീയ സമീപനം വമ്പിച്ച പൊതു ശ്രദ്ധ നേടുന്നത് എന്ന സംശയം സാധുവാണ്.
ഈ രാഷ്ട്രീയ നീക്കത്തിനു് സവര്‍ണ-ഹിന്ദു-ലിബറല്‍-പരിഷ്കരണവാദി പുരുഷന്മാരുടെ കൂടി പിന്തുണ കിട്ടുന്നതായാണ് അനുഭവം. സവര്‍ണ-മലയാളി-ആണത്ത സിനിമയുടെ പ്രധാന വക്താവായ ഉണ്ണി. ആർ ആണ് അപര സ്ത്രീ ആകാംക്ഷകൾ ഏറെ പങ്കുവെക്കുന്നവരിൽ ഒരാൾ. അതിന്റെ സാമൂഹിക ബലതന്ത്രം ആലോചിക്കേണ്ട കാര്യം തന്നെയാണ്. സ്വന്തം സിനിമകളിലും കഥകളിലും സാധ്യമാക്കാത്ത സ്ത്രീ/പുരുഷ രാഷ്ട്രീയം മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിന്റെ പൊതു ജീവിതത്തില്‍ വേണമെന്ന ദുർവാശി ഒരു മുൻ സംഘപരിവാര്‍ പ്രവര്‍ത്തകന്റെ, ഇനിയും കുടഞ്ഞുകളയാന്‍ കഴിയാത്ത ബാലചാപല്യം മാത്രമല്ലേ?
ബൈനറികളുടെ ഫെമിനിസം
ഈ അധികാര ഫെമിനിസം ഉണ്ടാക്കുന്ന മറ്റൊരു ബൈനറിയാണ് സ്ത്രീ/ പുരുഷനെന്ന രീതിയില്‍ പിളരുന്ന അധികാര പോരാട്ടം. ജാതി, മതം, ദേശം തുടങ്ങി നിരവധി ഘടനകളുടെ പ്രശ്നത്തെ കേവല സ്ത്രീ/പുരുഷ ദ്വന്ദ്വത്തിലേക്കു ചുരുക്കുന്ന ഈ സമീപനം രാഷ്ട്രീയമായോ സൈദ്ധാന്തികമായോ നിലനില്പില്ലാത്തതാണ്. വാസ്തവത്തില്‍ ഇന്‍ഡ്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ പ്രധാന ഫെമിനിസ്റ്റ് ചിന്തകര്‍ നിരാകരിച്ച ഈ സമീപനം അപര സ്ത്രീകളുടെയും പുരുഷന്മാരുടെയും രാഷ്ട്രീയത്തെ ഒട്ടും കാണാതെയാണു മുന്നോട്ടു പോകുന്നത്. എന്നാല്‍, സവര്‍ണ സമുദായത്തിലെ സ്ത്രീകൾക്ക് സ്വന്തം സമുദായത്തിലെ പുര്‍ഷന്മാരുടെ പിന്തുണ ഇത്തരം ബൈനറിക്കുള്ളില്‍ നിലനിന്നുകൊണ്ടുതന്നെ, വളരെ തന്ത്രപൂര്‍വം ആര്‍ജിച്ചെടുക്കാന്‍ സാധ്യമാവുന്നുമുണ്ട്.
കേരളത്തില്‍ വര്‍ഷം തോറും നടക്കുന്ന സാഹിത്യ മേളകളില്‍ (കേരള ലിറ്ററി ഫെസ്റ്റിവല്‍ ആയാലും മാതൃഭൂമി സാഹിത്യ ഫെസ്റ്റിവല്‍ ആയാലും തുഞ്ചന്‍ ഉത്സവമായാലും) സവര്‍ണ സമുദായത്തിലെ സ്ത്രീകള്‍ മിക്ക വേദികളും കയ്യടക്കുമ്പോള്‍ത്തന്നെ, നടത്തിപ്പുകാരുടെ അധികാരം അംഗീകരിക്കുന്ന അപര സ്ത്രീകളെയും അവ സാമാന്യമായി ഉൾക്കൊള്ളുന്നുണ്ട് എന്നു നിരീക്ഷിച്ചാലറിയാം. ബഹുഭൂരിപക്ഷം വരുന്ന (സവര്‍ണവല്‍കരിക്കപെട്ട) പുരുഷന്മാരായ സംഘാടകരുമായി ഒത്തുതീര്‍പ്പുകളില്‍ എത്താനും ഒരേ തരത്തില്‍ സവര്‍ണ സ്ത്രീകള്‍ മാത്രമുള്ള സംവാദ പാനലുകള്‍ ഉണ്ടാക്കാനും അവര്‍ക്കു കഴിയുന്നുണ്ട്. ഇതു മിക്ക സാഹിത്യ/സിനിമ/ രാഷ്ട്രീയ മേളകളുടെയും രീതിയായി മാറിയിട്ടുണ്ട്. സവര്‍ണ സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് ഒരേ സമയം ലിബറല്‍ ആവാനും അതേസമയം ആ രാഷ്ട്രീയത്തിന്റെ മറവില്‍ സാധ്യമാകുന്ന മത-സാമുദായിക ജീവിതം പിന്തുടരാനും എളുപ്പം കഴിയും. ഇങ്ങനെ വ്യക്തിയായും സമുദായമായും ഇരട്ട റോളുകളില്‍ നില്‍ക്കാനും അവർക്കു സൌകര്യങ്ങളുണ്ട്. എന്നാല്‍ ഈ ഇരട്ട അധികാരത്തെ അദൃശ്യമാക്കി വെക്കാനും കൂടി കഴിയുമ്പോഴാണ് അവരുടെ പ്രിവിലേജ് പൂര്‍ണമാവുന്നത്. ഈ ഇരട്ട ജീവിതം വളരെ മികവോടെ നിലനിറുത്തുന്ന പ്രത്യയശാസ്ത്രമായി ഇന്നത്തെ മലയാളി ഫെമിനിസത്തിലെ പ്രബല ധാരകള്‍ മാറിയിട്ടുണ്ട്.
പലപ്പോഴും ഈ അര്‍ഥത്തിലുള്ള ബൈനറികളുടെ ഫെമിനിസം എന്നത് സവര്‍ണ സ്ത്രീകളും പുരുഷന്മാരും നടത്തുന്ന ഒത്തുതീര്‍പ്പുകളാണ്. അതിനു് സ്വന്തം സമുദായത്തിലെ ആഭ്യന്തര വൈരുധ്യത്തിനു പുറത്തു വേരുകള്‍ ഇല്ലായെന്നത് വളരെ വ്യക്തമാണ്. ഇതുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ ചില്ലറയല്ല. അതുകൊണ്ടുതന്നെ വളരെയെളുപ്പം ഈ പ്രശ്നങ്ങളെയും പ്രയാസങ്ങളെയും മറികടക്കാന്‍ സ്വാഭാവികമായും ഒരു അപര സമുദായം ആവശ്യമായി വരുന്നു.
അങ്ങനെ മുസ്ലിംങ്ങള്‍ അടക്കമുള്ള അപര സമൂഹങ്ങളുടെ മേല്‍ സ്ത്രീ /പുരുഷ ദ്വന്ദ്വം അടിച്ചേല്പിച്ചുകൊണ്ട് സ്വന്തം ജാതിസ്ഥാനത്തിന്റെ ആനുകൂല്യങ്ങള്‍ മറക്കാന്‍ ഇവര്‍ക്കു കഴിയുന്നു. അപ്പോള്‍ മുസ്ലിം പുരുഷനെ നിത്യഹരിത വില്ലനായും മുസ്ലിം സ്ത്രീയെ ഇരയായും പ്രതിഷ്ഠിച്ചുകൊണ്ടു മാത്രമേ, മുന്‍പേ ഇരട്ട ജീവിത സൌകര്യങ്ങളുള്ള സവര്‍ണ ഫെമിനിസ്റ്റുകള്‍ പോലും സംസാരിക്കുകയുള്ളൂ. അപരത്വത്തെക്കുറിച്ചു സമീപനങ്ങൾ ഇല്ലാത്ത ഈ രാഷ്ട്രീയം സ്വാഭാവികമായും ന്യൂനപക്ഷ സമുദായങ്ങളുടെ ആന്തരികതയെ അരിച്ചുമാറ്റുന്നന്നതില്‍ പങ്കു ചേരുന്നുണ്ട്. മാത്രമല്ല സാമുദായിക ജീവിതത്തെ സിനിമയിലും സാഹിത്യത്തിലും സ്വസമുദായത്തിന്റെ പ്ലാറ്റ്ഫോമിലും അംഗീകരിക്കുന്ന, അതിന്റെ ബലതന്ത്രങ്ങളോടു സൂക്ഷ്മമായി നീക്കുപോക്കുകള്‍ നടത്തുന്ന ഈ ലിബറല്‍ സവര്‍ണ സ്ത്രീ രാഷ്ട്രീയം പക്ഷേ മുസ്ലിം സമുദായത്തിന്റെ അപര ജീവിതത്തെ ഹിംസിക്കുന്നതില്‍ യാതൊരു പിശുക്കും കാണിക്കാറില്ല. ഇനി പ്രതിനിധാനപരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാല്‍ത്തന്നെ ടോക്കണ്‍ പ്രതിനിധാനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് കൃത്രിമമായ ബഹുസ്വരത നിലനിറുത്താനും ശ്രമിക്കുന്നു. ഇതിനു് എല്ലാ സമുദായത്തിലും പെട്ട ലിബറല്‍ പരിഷ്കരണവാദികളുടെ പിന്തുണ ഈ സവര്‍ണ സമുദായ ആവിഷ്കാരം ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഈ വിമര്‍ശനത്തിന്റെ മറ്റൊരു ഫലമാണ് അപര സമുദായങ്ങളിലെ പ്രതി- നായികമാര്‍. ഇതു മുസ്ലിം സ്ത്രീകളോടുള്ള ഫെമിനിസ്റ്റ് ഇടപാടുകളുടെ പൊതുരീതിയായി തീര്‍ന്നിരിക്കുന്നു.
വ്യത്യസ്തമായ നായികപദവികള്‍
സവര്‍ണ സ്ത്രീകളുടെ നായികപദവിയില്‍നിന്നു വളരെ വ്യത്യസ്തമാണ് അപരസ്ത്രീകളുടെ നായിക പദവികള്‍. ന്യായമായ വ്യക്ത്യാനുഭവങ്ങള്‍ മുന്‍നിറുത്തി ചില മുസ്ലിം സ്ത്രീകള്‍ നടത്തുന്ന പ്രസ്താവനകളെയും മത–സമുദായ വിമര്‍ശനത്തെയും മൊത്തം മുസ്ലിം സ്ത്രീകളുടെ വിശ്വാസപരമായ ഇടപാടായി ചിത്രീകരിക്കുന്ന ലിബറല്‍ രാഷ്ട്രീയ തന്ത്രം ലോകവ്യാപകമായി ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയമാണെന്ന വസ്തുത ഫെമിനിസ്റ്റ് ഗവേഷകര്‍ തന്നെ തിരിച്ചറിഞ്ഞതാണ്. ആ അര്‍ത്ഥത്തില്‍ ഇസ്ലാമോ മുസ്ലിംകളോ പ്രവര്‍ത്തിക്കുന്ന ഇടങ്ങളുടെ വ്യത്യാസത്തെ ഒട്ടും കാണാതെയും ഇസ്ലാമിക വിശ്വാസത്തോടും വ്യാവഹാരിക പാരമ്പര്യത്തോടും ഒരര്‍ഥത്തിലും ഗൌരവമായ ഇടപാടുകള്‍ സാധ്യമാകാതെയും ഉണർത്തപ്പെടുന്ന ഈ വ്യക്തിഗത ആക്ടിവിസത്തിന്റേതായ സ്ത്രീരാഷ്ട്രീയത്തെ നേരെത്തെ സൂചിപ്പിച്ച ഫെമിനിസ്റ്റ് ഐക്കണുകളുടെ തലത്തിലേക്ക് ഉയര്‍ത്തുകയാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നുണ്ട്.
ഈ പ്രതി-നായികമാര്‍ എപ്പോഴും മുസ്ലിംങ്ങള്‍ പോലെയുള്ള അപര സമുദായത്തിന്റെ ചെലവിലേക്ക് സ്ത്രീവാദ ചര്‍ച്ചകളിലെ ആണ്‍കോയ്മയുടെ പ്രശ്നത്തെ ചുരുക്കിനിറുത്താന്‍ സവര്‍ണ പൊതുമണ്ഡലത്തിനു രാഷ്ട്രീയമായി സഹായംചെയ്യുന്നു. അങ്ങനെ സ്ത്രീപ്രശ്നം എന്നത് പൊതുവായി മാറാതെ അത് ഒരു മുസ്ലിം സ്ത്രീ പ്രശ്നമായി മാറുകയും ചെയ്യുന്നു. നേരത്തെ സൂചിപ്പിച്ച പോലെ വിശ്വാസത്തെ ഗൌരവമായി കാണുന്ന മുസ്ലിം സ്ത്രീകളുമായി ആശയ വിനിമയം നടത്താന്‍ പോലും ശേഷിയില്ലാതെ, ഏതാനും ചില വ്യക്തികളുടെ ഇടപാടായി ഈ ഫെമിനിസ്റ്റ് നായികാ വ്യവഹാരങ്ങള്‍ മാറുന്നു. അതിനു കിട്ടുന്ന മാധ്യമ പിന്തുണ മുസ്ലിം സമുദായത്തിലെ ലക്ഷക്കണക്കിന്ു സ്ത്രീകള്‍ നടത്തുന്ന വലിയ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ഒരിക്കലും കിട്ടുന്നില്ലെന്ന സത്യം വിസ്മരിക്കരുത്. പ്രതി-നായികമാരുടെ നിര്‍മാണം ഈ ആവശ്യത്തിനു കൂടി ഉപകാരപ്പെടുന്ന രീതിയിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വിശ്വാസവും ഫെമിനിസവും
ഇന്നത്തെ സാഹചര്യത്തില്‍ അപര സ്ത്രീകളുടെ മേല്‍ സവര്‍ണ സാമുദായിക നായികമാർ അടിച്ചേൽപ്പിക്കുന്ന ബിംബനിര്‍മിതിയുടെ സൌകര്യത്തിലേക്ക് ചില മുസ്ലിം സ്ത്രീകള്‍ കടന്നുവരുന്നുണ്ട്. അതിലൂടെ, ആയിരക്കണക്കിനു മുസ്‌ലിം സ്ത്രീകള്‍ അണിനിരക്കുന്ന സ്ത്രീപ്രസ്ഥാനങ്ങള്‍ അപ്രസക്തമാവുകയും ആ സ്ത്രീകളുടെ, ഇസ്ലാമുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ അസന്നിഹിതമാവുകയും ചെയ്യുന്നു. സവര്‍ണ ഹിന്ദു വ്യാകരണമുള്ള മലയാളി ഫെമിനിസത്തിനു സ്വീകാര്യമായ വിശ്വാസമല്ല ഇസ്ലാം. പ്രത്യേകമായി മെരുക്കപ്പെട്ട ഇസ്ലാം മാത്രമാണ് അവിടെ സ്വീകാര്യമാകുക. നേരത്തെ സൂചിപ്പിച്ച സവര്‍ണ സ്ത്രീ ബിംബങ്ങളുടെയും പ്രതിച്ഛായാ നിര്‍മാണ സംരംഭങ്ങളുടെയും അധികാരത്തെ നിലനിറുത്താന്‍ മാത്രം റോളുകള്‍ അനുവദിക്കപെട്ടതാണ് ബദല്‍ മുസ്ലിം സ്ത്രീ നായികമാര്‍. ഒരു കാലത്ത് സാരി അണിഞ്ഞ ഈ പ്രതി-നായികാ രാഷ്ട്രീയം, വിശ്വാസത്തെ മറികടക്കാന്‍ കഴിയാതെ ഇപ്പോള്‍ ഹിജാബിനെത്തന്നെ ആയുധമാക്കുന്നുവന്നു മാത്രം. അതിനു പുറത്തുള്ള മുസ്ലിം സ്ത്രീയുടെ വൈജ്ഞാനികതയോടും രാഷ്ട്രീയത്തോടും ഇടപെടുന്നത് വളരെ കുറഞ്ഞ എണ്ണം ഫെമിനിസ്റ്റുകള്‍ മാത്രമാണ്.
ഈയർഥത്തില്‍, യുക്തിവാദികളും സംഘപരിവാറും ഉയര്‍ത്തിക്കൊണ്ടുവന്ന ജാമിദ ടീച്ചർ വെള്ളിയാഴ്ചയിലെ സാമൂഹിക നമസ്കാരത്തിനു (ജുമുഅ) നേതൃത്വം കൊടുത്തതിനെ ലിബറൽ മതേതരവാദികളും അവരുടെ ഓൺലൈൻ മാധ്യമങ്ങളും മുസ്ലിം സമുദായത്തിന്റെ സ്ത്രീയോടുള്ള സമീപനത്തെക്കുറിച്ചുള്ള തങ്ങളുടെ വിമർശനത്തെ ശക്തമാക്കാനാണ് ഉപയോഗിച്ചത്. ജാമിദ ടീച്ചർ ഹിന്ദുത്വ അജണ്ടയുടെ പിന്തുണയിൽ നടത്തുന്ന ജുമുഅ നമസ്കാരമാണ് എന്ന രാഷ്ട്രീയ പ്രശ്നം മതേതര ലിബറലുകൾക്ക് ഒരു തടസ്സമായിരുന്നില്ല എന്നത് ഇതിനോടനുബന്ധിച്ചാണു മനസ്സിലാക്കേണ്ടത്. നേരത്തെ മുത്തലാഖ് വിധിയുടെ ഭാഗമായി രംഗത്തുവന്ന ഇശ്രത് ജഹാന്‍ ബി. ജെ. പിയില്‍ ചേര്‍ന്നത് ഹിന്ദു സെക്കുലര്‍ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലല്ലോ. മുസ്ലിം സമുദായത്തെ അതിന്റെ സാമുദായികമായ അസ്തിത്വം നിരാകരിക്കുന്നതില്‍ ഹിന്ദുജാതികളിലെ വിവിധ സ്ത്രീകളുടെ ഫെമിനിസവും രാജ്യം ഭരിക്കുന്ന സംഘപരിവാരവും പങ്കിടുന്ന പൊതുസ്ഥലമാണിത്.
ഇസ്ലാം /മുസ്ലിം /മുസ്ലിം സ്ത്രീ തുടങ്ങിയവയോടുള്ള ലിബറൽ മതേതര വിമർശനങ്ങൾ ഹുന്ദുത്വ അജണ്ടയോടു ചേർന്നുനിന്നു നിർവഹിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജാമിദ ടീച്ചറുടെ ജുമുഅ നേതൃത്വ നിസ്കാരത്തിലൂടെ കണ്ടത്. മുസ്ലിം സാമൂഹിക ജീവിതത്തോടുള്ള ലിബറൽ മതേതര സമീപനവും ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമീപനവും ഒന്നാകുന്നത്തിന്റെ രാഷ്‌ട്രീയ സാഹചര്യം മനസിലാക്കേണ്ടതുണ്ട്.
ഈ വിഷയത്തിലും ഒരു ന്യൂനപക്ഷ സമുദായം എന്ന നിലയില്‍ വളരെ കരുതലോടെയാണു മുസ്ലിംകള്‍ ഇടപെട്ടത്. ജാമിദ ടീച്ചറുടെ രാഷ്‌ട്രീയത്തിനോടുള്ള എതിർപ്പ് എന്ന നിലയിൽ മാത്രമായിരുന്നില്ല മുസ്ലിം സമുദായം അതിനെ സമീപിച്ചത്. ഇസ്ലാമിന്റെ കര്‍മശാസ്ത്രപരമായ ഇടപെടലും അതിലെ തന്നെ അഭിപ്രായ വൈവിധ്യങ്ങളുടെ സാധ്യതകളും ജാമിദ ടീച്ചറുടെ ജുമുഅ നേതൃത്വവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉണ്ടായിരുന്നു. പക്ഷേ മുസ്‌ലിം സമുദായത്തിനുള്ളിൽത്തന്നെ കര്‍മശാസ്ത്രപരമായ അഭിപ്രായ വൈവിധ്യങ്ങളും നിലപാടുകളും വിശ്വാസപരമായിത്തന്നെ ഉണ്ട് എന്നതിനെ കാണാൻ സാധിക്കാതെയുള്ള സമീപനമാണു ലിബറൽ മതേതരപക്ഷത്ത് ഉണ്ടായത്. മതപരമായ കർമങ്ങൾ അതിന്റെ കര്‍മശാസ്ത്രപരമായ അഭിപ്രായ വൈവിധ്യങ്ങളെ പരിഗണിച്ചുകൊണ്ടുതന്നെ അനുഷ്ഠിക്കുന്നവരാണു മുസ്ലിം സമുദായം. ഒരു സ്ത്രീയുടെ ജുമുഅ നമസ്കാര നേതൃത്വം മതത്തിനകത്ത് ആന്തരികമായ അനവധി ചർച്ചകൾക്കു വഴിയൊരുക്കും എന്നതിൽ സംശയമില്ല. ഇസ്ലാമിക കര്‍മശാസ്ത്രം വികസിക്കുന്നതും അപ്രകാരമാണ്. അതുകൊണ്ടുതന്നെയാണ്, ഒരുവിഭാഗം മുസ്ലിംകൾ ജാമിദ ടീച്ചറുടെ വിഷയത്തിൽ ,അതു ഗുരുതരമായ ഒരു രാഷ്ട്രീയ പ്രശ്നമായിട്ടുപോലും, അതിൽ കർമശാസ്ത്രപരമായ സംവാദങ്ങൾ നടത്തിയത്. പക്ഷേ, ജാമിദ ടീച്ചറുടെ ജുമുഅ നേതൃത്വം വിശ്വാസത്തിന്റെ ആന്തരിക പ്രശ്നം എന്നതിനപ്പുറം നേരത്തെ സൂചിപ്പിച്ച ഫെമിനിസ്റ്റ് ഐക്കണുകളുടെതന്നെ രാഷ്‌ട്രീയമായ അനവധി താല്പര്യങ്ങളുടെ ഭാഗമാണ്. ആ അര്‍ത്ഥത്തില്‍ രാഷ്ട്രീയമായി അതിനെ കാണാനും പ്രതികരിക്കാനും മുസ്‌ലിം രാഷ്ട്രീയത്തിലെ വലിയൊരു വിഭാഗം ജാഗ്രത കാണിച്ചു എന്നതാണു പ്രധാനം.
നേരത്തെ സൂചിപ്പിച്ച ബൈനറികളുടെ ഈ ഫെമിനിസം സ്ത്രീപ്രശ്നത്തെ കേവല പുരുഷ വായനയുടെ തലത്തിലേക്കു ചുരുക്കുകയും അതിലൂടെ മുസ്ലിംങ്ങള്‍ ഇന്ത്യയിൽ ദേശീയമായി അനുഭവിക്കുന്ന പ്രശ്നങ്ങളെ ഒട്ടും അഭിസംബോധന ചെയ്യാന്‍ കഴിയാതെ ഇരിക്കുകയും ചെയ്യുന്നുണ്ട്. അത്തരം ഹിന്ദു കൊളോണിയല്‍ താല്പര്യങ്ങള്‍ക്ക് ഒട്ടും ഇളക്കം തട്ടാത്ത ഒരു പൊസിഷന്‍ സ്വീകരിക്കുന്നതിനാലാണ് ജാമിദ ടീച്ചര്‍ ഇപ്പോള്‍ രംഗത്തുള്ള അധികാര ഫെമിനിസത്തിനു സ്വീകാര്യമായി മാറുന്നത്. മാത്രമല്ല എല്ലാ അധികാരവുമുള്ള സവര്‍ണസ്ത്രീ ഐകണുകളില്‍നിന്നു വ്യത്യസ്തമായി അവര്‍ നടത്തുന്ന ഇടപാടുകള്‍ സമുദായം, വ്യക്തി, മതം, തുടങ്ങിയ അധികാരങ്ങളോടു് ഒത്തുതീര്‍പ്പിന്റെ ഇടങ്ങള്‍ ഒട്ടും അവശേഷിപ്പിക്കുന്നില്ല എന്നതും കാണേണ്ടതുണ്ട്.
ജാമിദ ടീച്ചർ ഹിന്ദുത്വ അജണ്ടയുടെ പിന്തുണയിൽ നടത്തുന്ന ജുമുഅ നമസ്കാരമാണ് എന്ന രാഷ്ട്രീയപ്രശ്നം മതേതര ലിബറലുകൾക്ക് ഒരു തടസ്സമായിരുന്നില്ല എന്നത് ഇതിനോടനുബന്ധിച്ചാണ് മനസ്സിലാക്കേണ്ടത്. നേരത്തെ മുത്തലാഖ് വിധിയുടെ ഭാഗമായി രംഗത്തുവന്ന സൈറാബാനു ബി. ജെ. പിയില്‍ ചേര്‍ന്നത് ഹിന്ദു സെക്കുലര്‍ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലല്ലോ. മുസ്ലിം സമുദായത്തെ അതിന്റെ സാമുദായികമായ അസ്തിത്വം നിരാകരിക്കുന്നതില്‍ ഹിന്ദുജാതികളിലെ വിവിധ സ്ത്രീകളുടെ ഫെമിനിസവും രാജ്യം ഭരിക്കുന്ന സംഘപരിവാരവും പങ്കിടുന്ന പൊതുസ്ഥലമാണിത്.
വിലക്കുകളും സ്ത്രീകളും
അവസാനമായി, സ്ത്രീസ്വാതന്ത്ര്യം പോലുള്ള സങ്കല്‍പ്പങ്ങള്‍, വിലക്കുകളെ മതത്തിന്റെയും സമുദായത്തിന്റെയും മാത്രം ഒരു പ്രശ്നമായി കാണുന്നതു വിശകലനം ചെയ്യേണ്ടതുണ്ട്. വിശ്വാസത്തെ കാണാന്‍ കഴിയാത്ത ഈ ഫെമിനിസ്റ്റ് രാഷ്ട്രീയം ഉണ്ടാകുന്നതു തന്നെ വിലക്കിനെക്കുറിച്ചുള്ള ലളിത വായന കൊണ്ടാണ്. മുസ്ലിം സമുദായത്തെ വിലക്കിന്റെ കേന്ദ്രമാക്കുന്ന ഈ സ്ത്രീ രാഷ്ട്രീയം പക്ഷേ, ഓരോ സന്ദര്‍ഭങ്ങളിലും ലിബറല്‍ വിലക്കിന്റെയും അതിനോടുള്ള നീക്കുപോക്കുകളുടെയും രാഷ്ട്രീയമാണു മുന്നോട്ടുവെക്കുന്നതെന്നു റീമ കല്ലിങ്കലും പാര്‍വതിയും നേരിടുന്ന വിലക്കുകളും അതിനോട് അവര്‍ നടത്തുന്ന നീക്കുപോക്കുകളും ശ്രദ്ധിച്ചാല്‍ മനസ്സിലാകും. സിനിമ അടക്കമുള്ള ലിബറല്‍ ഇടങ്ങളില്‍ നടക്കുന്ന വിലക്കുകളെ മറികടക്കാന്‍ കഴിയാതെ അവർ അവിടെ തന്ത്രവും നീക്കുപോക്കും വ്യത്യസ്തമായ രാഷ്ട്രീയജീവിതവും ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഉൾക്കൊള്ളുന്നുവെന്നാണു വാദിക്കപ്പെടാറുള്ളത്. അത് അംഗീകരിക്കാമെങ്കിൽ അവർ ബഹുഭൂരിപക്ഷം മുസ്ലിം സ്ത്രീകളുടെയും വിശ്വാസപരമായ ജീവിതത്തെ ഉള്‍ക്കൊള്ളാനും കൂടി തയ്യാറാകണമെന്നു മാത്രം.
മുസ്ലിം സ്ത്രീകള്‍ക്കും, പലതരം വിലക്കുകളെയും ഉള്‍കൊള്ളാനുള്ള ശേഷിയും രാഷ്ട്രീയവുമുണ്ട്. വിശ്വാസപരമായ സ്ത്രീജീവിതത്തിന്റെ ഈ മാനം ലിബറല്‍ സെക്കുലര്‍ ഫെമിനിസത്തിനു പക്ഷേ, മനസ്സിലാകണം എന്നില്ല. അതുകൊണ്ടാണ് ഫെമിനിസ്റ്റ് ഐക്കണുകളുടെ അവതരണവും ഇതര സമുദായങ്ങളിലെ സ്ത്രീകളുടെ വ്യക്തിവാദ രാഷ്ട്രീയവും അടിസ്ഥാനപരമായി ഒരേസമയം അപരവിദ്വേഷത്തിനും മേല്‍ജാതി ഹിന്ദുരാഷ്ട്രീയത്തിന്റെ പൊതുതാല്പര്യത്തിനും ഒത്തുപോകുന്ന ഒന്നായി മാറുന്നത്. അതുണ്ടാക്കുന്ന അധികാര ഫെമിനിസം ന്യൂനപക്ഷ സമുദായത്തിലെ വിശ്വാസികളായ സ്ത്രീകളുടെ മുന്‍ഗണനകളെ അഭിസംബോധന ചെയ്യാന്‍ തീരെ പര്യാപ്തമല്ല.
(ജെനി റോവിന, ജമീല്‍ അഹമദ്, അജയ് ശേഖര്‍, ഉമ്മുല്‍ ഫായിസ തുടങ്ങിയവരുടെ ഇടപെടലുകളോട് ഈ ലേഖനം കടപ്പെട്ടിരിക്കുന്നു)