പ്ലസ് വണ്‍ പ്രവേശനം : വിവേചനപൂര്‍ണമായ വികസനത്തിന്റെ മലപ്പുറം മോഡല്‍

പ്രതിഷേധങ്ങൾ ഉയരുമ്പോൾ വിദ്യാർഥികളുടെയും രക്ഷിതാക്കളെയും കണ്ണിൽ പൊടിയിടാൻ സീറ്റ് വർദ്ധിപ്പിക്കൽ നാടകം നടത്തിയാൽ തീരുന്നതല്ല മലബാറിലെ, പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ പ്ലസ്ടു പ്രതിസന്ധിയെന്ന് വകുപ്പിനും മന്ത്രിക്കും നന്നായി അറിയാം. എന്നിട്ടും ക്രൂരമായ വിവേചനം തുടരുന്നു. ഇങ്ങനെയൊരു പ്രശ്നമില്ല എന്ന് സമർഥിക്കാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്. തെക്കൻ കേരളത്തിൽ അധികമുള്ളതും ഒഴിഞ്ഞുകിടക്കുന്നതുമായ സീറ്റുകളുടെ കണക്ക് പറഞ്ഞാണ് അവർ മലബാറിലെ വിദ്യാർഥികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നത്. ഇടതും വലതും മാറിമാറി ഭരിച്ച കേരളത്തിലെ കാഴ്ചയാണിത്. നമ്മുടെ വികസന മാതൃക തീർത്തും വിവേചനപൂർണമാണ് എന്ന തിരിച്ചറിവിലാണ് ഇതേക്കുറിച്ച കൂടുതൽ അന്വേഷണങ്ങൾ നമ്മെ എത്തിക്കുക. വിദ്യാഭ്യാസ മേഖലയിൽ അത് ഏറ്റവും പ്രകടവും രൂക്ഷവുമാണ് എന്നേയുള്ളൂ.

വര്‍ഷാവര്‍ഷവും നടക്കുന്നതു പോലെ പ്ലസ് വണ്‍ പ്രവേശനംവിശേഷിച്ചു മലബാറിലും കൂടുതല്‍ മലപ്പുറത്തും വീണ്ടുമൊരു ചര്‍ച്ചയ്ക്കു വിധേയമായിരിക്കുന്നു. പതിവുപോലെ സീറ്റുകള്‍ ആവശ്യത്തിനുണ്ടെന്നു പറഞ്ഞു സര്‍ക്കാറും ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു. സീറ്റില്ലാതെ പതിനായിരങ്ങള്‍ ഇത്തവണയും പുറത്തുതന്നെ! ഉള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി കഷ്ടപ്പെട്ടു പഠിച്ചു വിജയിച്ച വിദ്യാര്‍ഥികളെ ആദരിക്കാനും അതു തങ്ങളുടെ ഭരണനേട്ടമായി കാണിക്കാനുമുള്ള ആവേശം ആ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ നമ്മുടെ ജനപ്രതിനിധികള്‍ക്ക് ഇല്ലാതെ പോയി.

കഴിഞ്ഞ ദിവസം മലപ്പുറം മണ്ഡലം എം.എല്‍.എ പി. ഉബൈദുള്ള സമര്‍പ്പിച്ച സബ്മിഷനു മറുപടിയായി വിദ്യാഭ്യാസ മന്ത്രി ചില കണക്കുകള്‍ അവതരിപ്പിച്ചു നിയമസഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്‌. സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം വര്‍ദ്ധിപ്പിച്ച 20 ശതമാനം അധിക സീറ്റുകളുടെ കണക്കുകളെല്ലാം നിരത്തി വലിയ സംഭവമായി നിയമസഭയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണു മന്ത്രി ചെയ്തത്. ആരുടെ കണ്ണില്‍ പൊടിയിടാനാണു വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നത്. സംസ്ഥാനത്ത് എത്ര സ്‌കൂളുകളില്‍ ഈ വര്‍ദ്ധിപ്പിച്ച സീറ്റുകള്‍ നടപ്പിലാക്കിയിട്ടുണ്ട് എന്നതു പോലും അന്വേഷിക്കാത്ത വകുപ്പ് മന്ത്രി തീര്‍ത്തും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുക തന്നെയാണു ചെയ്തത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെയുള്ള ഹയര്‍സെക്കണ്ടറി സീറ്റുകള്‍ 422910 ആയിരുന്നു. ഈ വര്‍ഷം സൈറ്റിലെ തന്നെ കണക്കു പ്രകാരം അതു 422853 ആണ്അതായതു 57 സീറ്റുകള്‍ കുറവ്. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ ഈ വര്‍ഷം അധികരിപ്പിച്ച 20 ശതമാനം അധിക സീറ്റുകള്‍ എവിടെയാണെന്നു പറയാന്‍ വിദ്യാഭ്യാസ മന്ത്രിക്കു ബാധ്യതയുണ്ട്. പുതിയ ബാച്ചുകള്‍ പ്രഖ്യാപനത്തില്‍ മാത്രമാണു നടപടികളില്‍ ആയിട്ടില്ല എന്നത് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ പാവപ്പെട്ട വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കണ്ണില്‍ പൊടിയിടാന്‍ ഈ സീറ്റ് വര്‍ദ്ധിപ്പിക്കല്‍ നാടകം നടത്തിയാല്‍ തീരുന്നതല്ല മലബാറിലെ, പ്രത്യേകിച്ചു മലപ്പുറം ജില്ലയിലെ സീറ്റില്ലാത്ത പ്രതിസന്ധിയെന്നു മറ്റെല്ലാവരെക്കാളും കൂടുതല്‍ വകുപ്പിനും വകുപ്പ് മന്ത്രിക്കും നന്നായി അറിയാം. എന്നിട്ടും ക്രൂരമായ വിവേചനം തുടരുന്നു.

ഇവിടെ പ്രശ്‌നം നിലനില്‍ക്കുന്നത് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന അധിക സീറ്റുകള്‍ സ്‌കൂളുകള്‍ നടപ്പിലാക്കുന്നില്ല എന്നിടത്താണ്. സീറ്റുകള്‍ പ്രഖ്യാപിക്കാന്‍ കാണിച്ച ആവേശം അതു നടപ്പിലാക്കുന്ന കാര്യത്തില്‍ വകുപ്പിനും സര്‍ക്കാറിനും ഇല്ലാതെപോയി. ഇതില്‍ എല്ലാ സ്‌കൂളുകളെയും കുറ്റപ്പെടുത്തിയിട്ടു കാര്യവുമില്ല. പല സ്‌കൂളുകളിലും സൗകര്യമില്ല എന്നതു വസ്തുതയാണ്. അങ്ങനെയെങ്കില്‍ തന്നെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രതിസന്ധി എന്ന നിലക്ക് സ്‌കൂളുകള്‍ക്ക് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണ്?

കഴിഞ്ഞതിന്റെ മുമ്പത്തെ വര്‍ഷം, കൃത്യമായി പറഞ്ഞാല്‍ 2016 ജൂണ്‍ 11 ന് പി. ഉബൈദുള്ള തന്നെ അവതരിപ്പിച്ച സബ്മിഷന് ഇതേ മറുപടി തന്നെയാണ് അന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്. സീറ്റില്ലാത്ത പ്രശ്‌നം ഉണ്ടെങ്കില്‍ അപ്പോള്‍ പരിഹരിക്കാമെന്ന്. എന്നിട്ടും പതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കണ്ടറി പഠനം സ്വപ്‌നം മാത്രമായി ബാക്കിയായി. സീറ്റ് പ്രതിസന്ധി രൂക്ഷമാകുമ്പോള്‍, കിട്ടിയ താത്കാലിക കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്കെല്ലാം ചേര്‍ന്ന് ഫീസടച്ചതിന് ശേഷം സീറ്റ് പ്രഖ്യാപിച്ചിട്ട് സീറ്റുകള്‍ ബാക്കിയാണ് എന്നൊക്കെ പറഞ്ഞു കൈ കഴുകുകയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ മാറി മാറി വന്ന സര്‍ക്കാറുകള്‍ ചെയ്തത്.

സീറ്റുകളുണ്ടെന്ന് സമര്‍ത്ഥിക്കാന്‍ ചില കണക്കുകള്‍ കൂടി പറയുന്നുണ്ട് സര്‍ക്കാര്‍. അതിലും പൊരുത്തക്കേടുകള്‍ കൂടുതലാണ്. കേരളത്തില്‍ ആകെ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ എണ്ണവും ആകെയുള്ള സീറ്റുകളും കണക്കെടുത്തു നോക്കി കേരളത്തില്‍ വിദ്യാര്‍ഥികള്‍ക്കാനുപാതികമായി സീറ്റുകളുണ്ട് എന്ന് സമര്‍ത്ഥിക്കാനാണ് വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നത്. സ്‌പോര്‍ട്‌സ് ക്വാട്ട അപ്ലികേഷനുകളടക്കം 517122 അപേക്ഷകളാണ് ഈ വര്‍ഷം വന്നത്. ഇതില്‍ 510667 അപേക്ഷകള്‍ സ്‌കൂളുകള്‍ വഴി വെരിഫൈ ചെയ്തു. എന്നാല്‍ സര്‍ക്കാറിന്റെ തന്നെ കണക്ക് പ്രകാരം (വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്) 422853 സീറ്റുകളാണ് കേരളത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഉള്ളത്. ഇതില്‍ ഗവണ്‍മെന്റ്‌, എയിഡഡ്, അണ്‍ എയിഡഡ് സീറ്റുകള്‍ ഉള്‍പ്പെടും. ബാക്കിയുള്ള 87814 പേര്‍ക്ക് ഹയര്‍സെക്കണ്ടറി പഠനം അസാധ്യമാകും. ഇതിനെ പോളിടെക്‌നിക്ക്, .ടി.ഐ സീറ്റുകളൊക്കെ വെച്ച് മറികടക്കാനാണ് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നത്. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ തന്നെയുള്ള കണക്കുകള്‍ ഇതായിരിക്കെ സീറ്റുകളുണ്ട് എന്ന് സമര്‍ത്ഥിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നറിയാന്‍ താല്‍പര്യമുണ്ട്. മാത്രവുമല്ല തെക്കന്‍ കേരളത്തില്‍ ചില ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയും കൂടി ചെയ്യുന്നതോടെ ആ ഭാരം കൂടി മലബാറിലെ വിദ്യാര്‍ഥികളാണ് അനുഭവിക്കുന്നത്. സ്വന്തം ശക്തി ഉപയോഗിച്ച് സമ്മര്‍ദ്ധ ശക്തിയായി മാണിയും ജോസഫുമൊക്കെ അവരുടെ അവകാശം ചോദിച്ച് വാങ്ങിയപ്പോള്‍ മലപ്പുറത്തെ ജനപ്രതിനിധികള്‍ എന്തെടുക്കുകയായിരുന്നു? അതിന്റെ ദുരന്തമാണ് മലപ്പുറത്തെ മക്കള്‍ ഇന്ന് പേറുന്നത് എന്നത് മലപ്പുറത്തെ ജനപ്രതിനിധികളുടെ ഓര്‍മ്മയിലുണ്ടാകുമെന്ന് കരുതട്ടെ.

പി. ഉബൈദുല്ല

ഇനി മലപ്പുറത്തേക്ക് വരാം. സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം സ്‌പോര്‍ട്‌സ്‌ ക്വാട്ടയടക്കം 84003 അപേക്ഷകള്‍ ലഭിച്ചു. ഇതിന് മലപ്പുറത്തുള്ളത് ഗവണ്‍മെന്റ് മേഖലയില്‍ 26100 സീറ്റും എയിഡഡ് മേഖലയില്‍ 23340 ഉം അണ്‍ എയിഡഡ് മേഖലയില്‍ 11400 (ഉയര്‍ന്ന ഫീസ് നല്‍കി മാത്രമേ പഠിക്കാന്‍ കഴിയൂ) സീറ്റുമുള്‍പ്പെടെ 60695 സീറ്റുകളാണുള്ളത്. 23308 കുട്ടികള്‍ക്ക് മലപ്പുറത്ത് ഹയര്‍ സെക്കണ്ടറി സീറ്റുകളില്ല (ഈ കണക്കുകള്‍ എല്ലാ സീറ്റുകളും അലോട്ട് ആയാലുള്ള കണക്കുകളാണ്. സ്‌കൂളിന്റെ സൗകര്യക്കുറവനുസരിച്ച് ചില സീറ്റുകള്‍ കുറക്കാറുണ്ട് പല സ്‌കൂളുകളും, അങ്ങനെയെങ്കില്‍ കുട്ടികളുടെ എണ്ണം ഇനിയും കൂടും) ഇനി മറ്റു സാധ്യതകള്‍ തേടിയാലും 2325 വി.എച്ച്.എസ്.ഇ സീറ്റുകളും 2350 പോളിടെക്‌നിക് സീറ്റുകളും 970 ഐ.ടി.ഐ സീറ്റുകളും പരിഗണിച്ചാല്‍ തന്നെ 17663 കുട്ടികള്‍ക്ക് ഉപരിപഠന സാധ്യത അസാധ്യമാകും. കഴിഞ്ഞ വര്‍ഷങ്ങളിലും ഇതൊക്കെ തന്നെയായിരുന്നു മലപ്പുറത്തെ അവസ്ഥ. സര്‍ക്കാറിന്റെ തന്നെ കണക്കുകള്‍ ഇതായിരിക്കെ ഇതു പരിഹരിക്കാന്‍ ഇനി അലോട്ട്‌മെന്റ് നടപടികള്‍ തീരുന്നത്‌ വരെ എന്തിനാണ് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി കാത്തിരിക്കുന്നത്. മലപ്പുറത്തെ ഒന്നും രണ്ടും കുട്ടികളല്ല, കാല്‍ലക്ഷത്തോളം കുട്ടികളാണ് പ്ലസ് വണ്ണിന് സീറ്റില്ലാതിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കാന്‍ ഭരണഘടനാപരമായി ബാധ്യതയുള്ള സര്‍ക്കാര്‍ ഇങ്ങനെ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെയുള്ള നിലപാടുമായി മുന്നോട്ട് പോവുന്നത് പ്രതിഷേധാര്‍ഹമാണ്.

ഇനി അലോട്ട്‌മെന്റ് കഴിഞ്ഞു നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ നില്‍ക്കുന്നവരോട് പറയാനുള്ളത്. 2016 ജൂലൈ 17-ാം തിയ്യതി, വ്യക്തമായി പറഞ്ഞാല്‍ കഴിഞ്ഞതിന്റെ മുന്‍പത്തെ അക്കാദമിക വര്‍ഷം തുടക്കത്തില്‍ പി.ഉബൈദുള്ള എം.എല്‍.എ നിയമസഭയില്‍ ഇതേ വിഷയമുന്നയിച്ച് അവതരിപ്പിച്ച സബ്മിഷന് മറുപടിയായി നമ്മുടെ വിദ്യാഭ്യാസ മന്ത്രി അന്നും പറഞ്ഞിരുന്നത്അലോട്ട്‌മെന്റിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം വസ്തുകള്‍ വിലയിരുത്തി വേണ്ട നടപടി സ്വീകരിക്കാംഎന്നായിരുന്നു. എന്നാല്‍ എല്ലാ വര്‍ഷത്തെയും പോലെതന്നെ പതിനായിരങ്ങള്‍ പുറത്തിരിക്കുന്ന ദാരുണമായ അവസ്ഥ തന്നെയാണ് നമുക്ക് കാണാന്‍ സാധിച്ചത്. എല്ലാ ജില്ലകളിലെയും പോലെ ഒരുപക്ഷേ മലപ്പുറത്ത് സീറ്റില്ലാത്ത പ്രശ്‌നം ഒരു സുപ്രഭാതത്തില്‍ പരിഹരിക്കാനാകില്ലെന്നത് ഒരുപക്ഷേ നമ്മളേക്കാള്‍ കൂടുതല്‍ അറിയുന്നത് നമ്മുടെ വകുപ്പ് മന്ത്രിക്കും ജില്ലയിലെ ജനപ്രതിനിധികള്‍ക്കും തന്നെയാകും. എന്നിട്ടും, മലപ്പുറത്ത് സീറ്റില്ലാതെ കാല്‍ലക്ഷം കുട്ടികള്‍ പുറത്തിരിക്കുമ്പോഴും അതിനോട് പുറംതിരിഞ്ഞ് അലോട്ട്‌മെന്റ് നടപടികള്‍ അവസാനിക്കാന്‍ കാത്തുനില്‍ക്കുന്ന വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും ഇനിയും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. കടുത്ത വിവേചനം പകല്‍ വെളിച്ചം പോലെ വ്യക്തമായിട്ടും എന്തെടുക്കുകയാണ് തിരഞ്ഞെടുത്തയച്ച ജനപ്രതിനിധികള്‍? മറുപടി പറയാന്‍ ബാധ്യതയുണ്ട് ജില്ലയിലെ 16 ജനപ്രതിനിധികള്‍ക്കും, ഇല്ലെങ്കില്‍ മറുപടി പറയിപ്പിക്കാന്‍ ജനങ്ങള്‍ ഇനിയെങ്കിലും മുന്നിട്ടിറങ്ങിയില്ല എങ്കില്‍ പ്രതിസന്ധികള്‍ ഇതിലും രൂക്ഷമാകുമെന്നത് തീര്‍ച്ചയാണ്.

മലപ്പുറത്തെ ഒന്നും രണ്ടും കുട്ടികളല്ല, കാല്‍ലക്ഷത്തോളം കുട്ടികളാണ് പ്ലസ് വണ്ണിന് സീറ്റില്ലാതിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കാന്‍ ഭരണഘടനാപരമായി ബാധ്യതയുള്ള സര്‍ക്കാര്‍ ഇങ്ങനെ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെയുള്ള നിലപാടുമായി മുന്നോട്ട് പോവുന്നത് പ്രതിഷേധാര്‍ഹമാണ്.

ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഇതിനോട് ചേര്‍ത്ത് ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം കൂടിയുണ്ട്. പതിമൂന്നാം നിയമസഭയുടെ 6-ാം നമ്പര്‍ സബ്ജക്ട് കമ്മിറ്റിസര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ‘ 2015 ജൂണ്‍ 30-ാം തിയ്യതി കേരള നിയമസഭയുടെ നടപടി ക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചര്‍ച്ചകളിലെ ചട്ടം 235 () പ്രകാരം ചര്‍ച്ച ചെയ്തു ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ അബ്ദു റബ്ബ് ചെയര്‍മാനും കെ.സി ജോസഫ് എക്‌സ്ഒഫീഷ്യോ അംഗമായും എം.എല്‍.മാരായ എം.എ ബേബി, .ചന്ദ്രശേഖരന്‍, എന്‍.ജയരാജ്, ഡോ.കെ.ടി ജലീല്‍, ജോസഫ് വാഴക്കല്‍, ടി.വി രാജേഷ്, ഷാഫി പറമ്പില്‍, എം.ഉമ്മര്‍, പി.സ് വിഷ്ണുനാഥ് എന്നിവര്‍ കമ്മിറ്റി അംഗങ്ങങ്ങളായും വളരെ വിശദമായ റിപ്പോര്‍ട്ട് അന്ന് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ ഒരു തുടര്‍നടപടികളും പിന്നീട് ഉണ്ടായിട്ടില്ല. നിലവില്‍ പല സ്‌കൂളുകളും മതിയായ സൗകര്യങ്ങളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അത് ആദ്യം പരിഹരിച്ചാല്‍ മാത്രമെ പുതിയ ബാച്ചുകള്‍ അനുവദിക്കുകയോ, സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യാനോ സാധിക്കുകയുള്ളു. മലപ്പുറം ജില്ലയെ വെച്ച് നോക്കുമ്പോള്‍ ഇതിനുള്ള പരിഹാരം ഒരുപക്ഷേ സീറ്റുകളുടെ വര്‍ധനവിന് കാരണമാകുമെന്ന് നിഗമനങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകേണ്ടതുണ്ട്.

തെക്കന്‍ കേരളത്തില്‍ അധികമുള്ളതും ഒഴിഞ്ഞുകിടക്കുന്നതുമായ സീറ്റുകളുടെ കണക്ക് പറഞ്ഞാണ് അവര്‍ മലബാറിലെ വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നത്. ഈ കൊടിയ വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായേ മതിയാവൂ. അനീതിയും വിവേചനവും അധികനാള്‍ ഒരു ജനതയും സഹിക്കില്ല.

മലപ്പുറത്തെ ഈ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയില്‍ സി.പി.എമ്മിനും മുസ്‌ലിം ലീഗിനും ചെറുതല്ലാത്ത പങ്കുണ്ട്. മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലക്കും കൂടുതല്‍ തവണ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത വിഭാഗം എന്ന നിലക്കും മുസ്‌ലിം ലീഗിന് ഉത്തരവാദിത്തം കൂടുതലുമാണ്. കാലങ്ങളായുള്ള ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാന്‍ സാധിക്കാത്തതു ലീഗിന്റെ കഴിവ് കേട് കൊണ്ട് മാത്രമാണ്. കൊടി വെച്ച കാറും നാലര മന്ത്രി കസേരയും കിട്ടിയാല്‍ വായടക്കുന്ന ലീഗിനെയാണ് നമ്മള്‍ കഴിഞ്ഞ കാലങ്ങളില്‍ കണ്ടത്, വര്‍ഗീയ ജ്വരം ബാധിച്ച ചില ഉദ്യോഗസ്ഥ കൂട്ടങ്ങള്‍ക്കിടയില്‍ നേരും നെറിയുമുള്ള ഉദ്യോഗസ്ഥരെ പോലും ഉണ്ടാക്കി എടുക്കാന്‍ ലീഗിന് നട്ടെല്ലില്ലാതെ പോയതിന്റെ പരിണിത ഫലമാണ് ഇന്നവര്‍ അനുഭവിക്കുന്നത്, അതുകൊണ്ടാണ് പലപ്പോഴും വിവാദങ്ങളുടെ ഹോള്‍സെയില്‍ പി.കെ അബ്ദു റബ്ബിന് മേല്‍ വന്നതും ഇന്ന് പ്രൊഫസര്‍ രവീന്ദ്രനാഥിനെതിരെ അതില്ലാതെ പോയതും, ഭരണം കിട്ടുമ്പോള്‍ സമൂഹത്തിനോടും സമുദായത്തിനോടും കൂറുള്ള ഉദ്യോഗസ്ഥരെ കൂടി ഉണ്ടാക്കാന്‍ ലീഗ് ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.

ഈ വിവേചനം ഈ വര്‍ഷം മാത്രമുള്ള പ്രതിഭാസമാണെന്ന് കരുതരുത്. ഇടതും വലതും മാറിമാറി ഭരിച്ച കേരളത്തിലെ കാഴ്ചയാണിത്. നമ്മുടെ വികസന മോഡല്‍ തീര്‍ത്തും വിവേചനപൂര്‍ണമായ ഒന്നായിരുന്നു എന്ന തിരിച്ചറിവിലാണ് ഇതേക്കുറിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ നമ്മെ എത്തിക്കുക. വിദ്യാഭ്യാസ മേഖലയില്‍ അത് ഏറ്റവും പ്രകടവും രൂക്ഷവുമാണ് എന്നേയുള്ളൂ. ഈ കൊടിയ വിവേചനത്തിനെതിരെ വിവിധ സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ പല സന്ദര്‍ഭങ്ങളായി നടത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ചില പൊടിക്കൈകള്‍ സര്‍ക്കാറുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശാശ്വത പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറുകള്‍ സന്നദ്ധമായിട്ടില്ല. എന്നല്ല, ഇപ്പോള്‍ ഇങ്ങനെയൊരു പ്രശ്‌നമില്ല എന്ന് സമര്‍ഥിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തെക്കന്‍ കേരളത്തില്‍ അധികമുള്ളതും ഒഴിഞ്ഞുകിടക്കുന്നതുമായ സീറ്റുകളുടെ കണക്ക് പറഞ്ഞാണ് അവര്‍ മലബാറിലെ വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നത്. ഈ കൊടിയ വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായേ മതിയാവൂ. അനീതിയും വിവേചനവും അധികനാള്‍ ഒരു ജനതയും സഹിക്കില്ല.

(ലേഖകൻ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ സമിതിയംഗമാണ്)

Top