മുസ്‌ലിം സ്ത്രീയും ശിരോവസ്ത്രവും: കാതറിന്‍ ബുള്ളോക്കിന്റെ പഠനം

April 21, 2020

മുസ്‌ലിം സുഹൃത്തുക്കളിൽ നിന്നും വാർത്തകളിൽ നിന്നുമായി അറിഞ്ഞ ഹിജാബനുഭവങ്ങളും വിവേചനങ്ങളും വിശദമായി ചർച്ചക്കെടുക്കുന്നതിലൂടെ യൂറോപ്പിലും അമേരിക്കയിലും ഹിജാബിനെ സംബന്ധിച്ചു നിലനിൽക്കുന്ന ചർച്ചകളുടെ ഏകദേശ രൂപം കാതറിൻ ബുള്ളോക്ക് നമുക്ക് തരുന്നു. ‘മുസ്‌ലിം പെണ്ണും മുഖപടവും: പൊതുബോധത്തെ പുനരാലോചിക്കുമ്പോൾ’ എന്ന പുസ്തകത്തെ കുറിച്ച് സഫ പി എഴുതുന്നു.

ഹിജാബിനെയും നിഖാബിനെയും കുറിച്ചുള്ള മാധ്യമ സംവാദങ്ങൾക്കും അക്കാദമിക വ്യവഹാരങ്ങൾക്കും മുസ്‌ലിം സ്ത്രീയുടെ ശബ്ദത്തിലൂടെ  പുതിയൊരു മാനം നൽകിയ പുസ്തകമാണ് കാതറിൻ ബുള്ളോക്കിന്റെ Rethinking Muslim Women and the Veil: Challenging Historical and Modern Stereotypes. അവർ ടോറന്റോ യൂണിവേഴ്‌സിറ്റിയിൽ പൊളിറ്റിക്കൽ സയന്‍സ് അധ്യാപികയും Islamic Society of North America എന്ന പ്രസ്ഥാനത്തിന്റെ കാനഡയിലെ ആദ്യത്തെ വനിതാ ചെയറുമാണ്. 2002ൽ  അമേരിക്കയിലെ The International Institute of Islamic Thought ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ ‘മുസ്‌ലിം പെണ്ണും മുഖപടവും: പൊതുബോധത്തെ പുനരാലോചിക്കുമ്പോൾ’ എന്ന തലക്കെട്ടിൽ 2018ൽ അദർ ബുക്ക്സ് പുറത്തിറക്കുകയുണ്ടായി. എ.പി. മുഹമ്മദ് അഫ്സൽ, ശ്രീജ എം.പി, പി.കെ. അബ്‌ദുറഹ്‌മാൻ എന്നിവരാണ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ  ബുള്ളോക്കിന്റെ പഠനത്തെ മലയാളി വായനക്കാർക്ക് മുമ്പിൽ പരിചയപ്പെടുത്തുന്നതിനാണ് ഈ കുറിപ്പ്.

ആസ്ട്രേലിയയിലെ ഒരു ക്രൈസ്തവ ആംഗ്ലിക്കൻ കുടുംബത്തിൽ ജനിച്ച ബുള്ളോക്ക് 1994 ൽ കാനഡയിലെ തന്റെ പഠന കാലത്ത് ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുകയുണ്ടായി. വ്യത്യസ്ത മതങ്ങളെ കുറിച്ച ബുള്ളോക്കിന്റെ പഠന ഗവേഷണമാണ് ഈ മാറ്റത്തിലേക്ക് നയിച്ചത്. ആ കാലഘട്ടത്തിൽ ഇസ്‌ലാമിലേക്കുള്ള  മതപരിവർത്തനവും ഹിജാബ് ധരിക്കാൻ തുടങ്ങിയതും അവർക്ക് ചില പ്രത്യേക അനുഭവങ്ങൾ നേരിടാൻ കാരണമായി.

വ്യക്തിപരമായി നേരിട്ട അനുഭവങ്ങളും ഹിജാബിനെ കുറിച്ച് നിലനിന്നിരുന്ന വാർപ്പുമാതൃകകളുമാണ് തന്റെ പിഎച്ച്ഡി ഗവേഷണത്തിനായി ഹിജാബുമായി ബന്ധപ്പെട്ട വിഷയം തിരഞ്ഞെടുക്കാൻ ബുള്ളോക്കിനെ പ്രേരിപ്പിച്ചത്. 1999ൽ പൂർത്തിയാക്കിയ ഈ ഗവേഷണമാണ് പിന്നീട് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച പഠനങ്ങളിൽ പൊതുവിൽ കാണപ്പെടുന്ന രീതിശാസ്ത്ര പ്രശ്നങ്ങളെ ഈ കൃതി വിശദമായി ചർച്ച ചെയ്യുന്നു.

ഹിജാബുമായി ബന്ധപ്പെട്ട കൊളോണിയൽ ചരിത്രം, അനുഭവവും കാഴ്ചപ്പാടുകളും, ബഹുവിധ മാനങ്ങൾ, ഫാത്തിമ മെർനീസിയുടെ അടക്കമുള്ള ഇസ്‌ലാമിക ഫെമിനിസ്റ്റ് കാഴ്ചപ്പാട്,  ഹിജാബിനെക്കുറിച്ചുള്ള വ്യത്യസ്ത സിദ്ധാന്തങ്ങൾ തുടങ്ങിയവ അഞ്ച് അദ്ധ്യായങ്ങളിലായി ബുള്ളോക്ക് വിശകലനം ചെയ്യുന്നു.

കൊളോണിയല്‍ രാഷ്ട്രീയം 

ഹിജാബ് കോളനിയുഗത്തിൽ എന്ന തലക്കെട്ടോടു കൂടിയ ഒന്നാം ആധ്യായത്തിൽ  യൂറോപ്പ് മധ്യപൗരസ്ത്യ രാജ്യങ്ങളുടെ മേൽ രാഷ്ട്രീയവും സാംസ്കാരികവുമായ അധീശത്വം സ്ഥാപിക്കുന്നതിന്റെ ചരിത്രം നല്‍കുന്നു. അതിലൂടെ  എങ്ങനെയാണ് ഹിജാബ് സ്ത്രീവിരുദ്ധമാണെന്നുള്ള യൂറോപ്യൻ വ്യവഹാരം മുഖ്യധാരാ ചർച്ചകളിലിടം പിടിച്ചതെന്നും കോളനിയാനന്തര കാലഘട്ടത്തിലും ഇതേ പാശ്ചാത്യ-ഉദാരവാദ സങ്കൽപങ്ങൾ ഫെമിനിസ്റ്റുകളടക്കമുള്ള ചിന്തകർ എങ്ങനെയാണ് പുനരുൽപാദിപ്പിക്കുന്നതെന്നും ചരിത്രവസ്തുതകളിലൂടെ ബുള്ളോക്ക് പുറത്തുകൊണ്ടുവരുന്നു. “സ്ത്രീ അനുഭവിക്കുന്ന ദുരിതം ഖുർആന്റെ സൃഷ്ടിയാണ്, ഖുർആനെ വിശ്വാസ പ്രമാണമായി അംഗീകരിക്കുന്നിടത്തോളം ഈ ദുരന്ത ജീവിതം സ്വീകരിക്കുകയല്ലാതെ വഴിയില്ല” എന്ന പാശ്ചാത്യൻ വാദം ക്രൈസ്തവ മിഷനറിമാർ മാത്രമല്ല, മധ്യ പൗരസ്ത്യ ദേശങ്ങളിലെ  രാഷ്ട്രീയ അധീശത്വം പ്രയോഗവൽക്കരിക്കാനായും കൊളോണിയൽ ശക്തികൾ ഉപയോഗിച്ചു. തദ്ദേശീയരായ വരേണ്യ വർഗവും ഈ യൂറോപ്യൻ വാദം അതേപടി സ്വീകരിക്കുകയും തരം താണവരായ തങ്ങളുടെ സ്ത്രീകളുടെ പദവി യൂറോപ്യൻ മാതൃകയിലേക്ക് മാത്രമേ ഉയർത്താനാവൂ എന്ന ധാരണ പ്രചരിപ്പിക്കുകയും ചെയ്തതോടെ മുഖപടം ഒരു രാജ്യത്തിന്റെ പിന്നോക്കാവസ്ഥയെ കുറിക്കുന്ന ചിഹ്നമായി. മാത്രമല്ല മുസ്‌ലിം ദേശങ്ങളിലെ ജനങ്ങൾക്കിടയിൽ ഈ വ്യവഹാരം ആഭ്യന്തരമായി ഭിന്നിപ്പുണ്ടാക്കുകയും ചെയ്തു. അങ്ങിനെ കൊളോണിയലിസത്തിന്റെ ഉപഭോക്താക്കളായ വരേണ്യ വർഗവും പാശ്ചാത്യ മാതൃകകളോട് യോജിക്കാത്ത കീഴാള വർഗ-പാരമ്പര്യ മുസ്‌ലിംകളും എന്ന രണ്ടു സാമൂഹിക ശ്രേണികൾ രൂപപ്പെട്ടതായി ഗ്രന്ഥകാരി നിരീക്ഷിക്കുന്നു. പാശ്ചാത്യർക്ക് മുഖപടത്തോട് തോന്നുന്ന അസഹിഷ്ണുത അത് ചൂഴ്ന്നുനോട്ടത്തെ തടസപ്പെടുത്തുന്നു എന്നതും ‘സ്വയം കാഴ്ച വസ്തുവാകാതെ മറ്റുള്ളവരെ കാണുക’ എന്ന യൂറോപ്യൻ അധികാര വ്യവസ്ഥയെ കീഴ്മേൽ മറിക്കുകയും ചെയ്യുന്നു എന്ന കാരണത്താലുമാണെന്ന് ബുള്ളോക്ക് ഈ അധ്യായത്തിൽ ചൂണ്ടിക്കാട്ടുന്നു. പൗരസ്ത്യ ദേശത്തെ മൂടുപടമണിഞ്ഞ സുന്ദരിയെ തടവറയിലിടപ്പെട്ടവളായും രക്ഷകനായ യൂറോപ്യൻ പുരുഷനെ കാത്തിരിക്കുന്നവളായും വിഭാവനം ചെയ്തു. മുസ്‌ലിം സ്ത്രീകളുടെ രക്ഷകരായി  സ്വയം പ്രതിഷ്ഠിക്കുന്ന അവർ മനുഷ്യകുലത്തിന്റെ ആനന്ദത്തിനു വേണ്ടി സൃഷ്ടിച്ച പെണ്ണിനെ കാണുന്നതിനെ വിലക്കുന്ന അസൂയാലുവായ ഭർത്താവിന്റെ രൂപകൽപനയായാണ് മുഖപടത്തെ കണ്ടത്. 

ഇത്തരത്തിൽ അൾജീരിയയിൽ ഫ്രഞ്ചുകാർ നടത്തിയ സംസ്കാരികമായ വഞ്ചന ബുള്ളോക്ക് ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു. മുഖം മറച്ച അൾജീരിയൻ സ്ത്രീകൾ തങ്ങൾക്ക് വഴങ്ങാത്തതിൽ അസ്വസ്ഥരായ ഇക്കൂട്ടർ ലൈംഗിക തൊഴിലാളികളില്‍ നിന്നും മോഡലുകളെ തിരഞ്ഞെടുക്കുകയും അവരുടെ മുഖം മറച്ചോ നിഖാബ് ധരിപ്പിച്ചോ എന്നാൽ മാറിടങ്ങൾ തുറന്നിട്ട് കൊണ്ട് ഇരുമ്പഴിക്കുള്ളിലാക്കി ഇരുണ്ട നിറങ്ങൾ നൽകി ഫോട്ടോകളെടുക്കുകയും ഛായാചിത്രങ്ങൾ വരക്കുകയും പോസ്റ്റുകാർഡുകൾ നിർമിക്കുകയും വലിയ തോതിൽ പാശ്ചാത്യ ലോകത്തു പ്രചരിപ്പിക്കുകയും ചെയ്തു. “വേണ്ടി വന്നാൽ ബലപ്രയോഗത്തിലൂടെ നാഗരികവൽക്കരിക്കണം” എന്ന ലോർഡ് ക്രൊമറിന്റെ ആശയത്തെ പ്രായോഗവൽക്കരിക്കാനായി പല മുസ്‌ലിം  രാജ്യങ്ങളിലെയും സ്ത്രീകളുടെ മുഖപടം പാശ്ചാത്യർ വലിച്ചൂരിയെറിഞ്ഞതും കോളനിയുഗത്തിന് ശേഷമുള്ള ആധുനികവൽക്കരണത്തിന്റെ പ്രയോക്താക്കളായ ഭരണാധികാരികൾ ഇതേ തത്വം തന്നെ നടപ്പിലാക്കിയതും പുസ്തകത്തിൽ ചർച്ച ചെയ്തിട്ടുണ്ട്. 

കാതറിൻ ബുള്ളോക്ക്

മുഖപട ചർച്ചകളിലെല്ലാം പ്രാമാണികമായി ഉദ്ധരിക്കപ്പെടാറുള്ള ഫാത്തിമ മെർനീസിയുടെതടക്കമുള്ള മുഖ്യധാരാ ഫെമിനിസ്റ്റ്-നവ ഉദാരവാദ-ഇടതു-നവ ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങളൊക്കെത്തന്നെ ഈ കൊളോണിയൽ മാതൃകയെ പുനരുൽപാദിപ്പിക്കുകയും വികസിപ്പിക്കുകയുമാണ് ചെയ്തതെന്ന് ബുള്ളോക്ക്  ആരോപിക്കുന്നു.

സമകാലിക സാഹചര്യങ്ങളിലെ പല അടിച്ചേൽപിക്കലിനെയും പ്രതിരോധിക്കുന്ന ഉദാരവാദികളും സ്ത്രീവാദികളും മുഖപടത്തിനെതിരെ പല ഭരണകൂടങ്ങളും സ്വീകരിക്കുന്ന വിവേചനപരമായ നിയന്ത്രണങ്ങളെ കാണാൻ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, അവയെ സഹായിക്കുക കൂടി ചെയ്യുന്നതായും അവർ ആരോപിക്കുന്നു. മുഖപടത്തിനെതിരായ വീക്ഷണങ്ങൾ സ്ത്രീകൾ തുടങ്ങിയതല്ല എന്ന ലൈല അഹമ്മദിന്റെ വാദത്തെ വ്യത്യസ്ത ഭരണകൂട മെഷിനറികളെയും  പുരുഷകേന്ദ്രീകൃത ഇടപെടലുകളെയും പ്രതിചേർത്ത് ബുള്ളോക്ക് സമർഥിക്കുന്നു.

പുതിയ വിവേചനാനുഭവങ്ങള്‍ 

ടോറന്റോയിൽ ഹിജാബ് ധരിക്കാനാരംഭിച്ചതു മുതൽ തന്റെ ചുറ്റുപാടിലും സഹപ്രവർത്തകരിലുമുണ്ടായ മാറ്റങ്ങളെയും അവരിൽ നിന്ന് അഭിമുഖീകരിക്കേണ്ടി വന്ന ചോദ്യശരങ്ങളെയും കാതറിൻ ബുള്ളോക്ക് വിശദീകരിക്കുന്നു. മുസ്‌ലിം സുഹൃത്തുക്കളിൽ നിന്നും വാർത്തകളിൽ നിന്നുമായി അറിഞ്ഞ ഹിജാബനുഭവങ്ങളും വിവേചനവും ജോലിയിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള പിരിച്ചു വിടലുകളും വിശദമായി ചർച്ചക്കെടുക്കുന്നതിലൂടെ യൂറോപ്പിലും അമേരിക്കയിലും ഹിജാബിനെ സംബന്ധിച്ചു ഇന്നും നിലനിൽക്കുന്ന സജീവമായ ചർച്ചകളുടെയെല്ലാം ഒരേകദേശ രൂപം നമുക്ക് തരുന്നു. ഏറ്റവും പ്രധാനമായി ഈ ചർച്ചകളിൽ നിന്നും മാറ്റിനിർത്തപ്പെട്ട, സ്വന്തം അസ്തിത്വത്തെയും വേഷത്തെയും പ്രതിനിധാനത്തെയും സംബന്ധിച്ച മുസ്‌ലിം സ്ത്രീയുടെ അഭിപ്രായങ്ങൾക്കും ആത്മവിശകലനങ്ങൾക്കും ശബ്ദം നൽകിയിരിക്കുന്നു എന്നതാണ് ഈ അദ്ധ്യായത്തെയും ഈ  പുസ്തകത്തെയും വ്യത്യസ്തമാക്കുന്നത്. 

മുസ്‌ലിം സ്ത്രീകൾ തങ്ങൾക്ക്  നേരിടേണ്ടി വന്ന വിവേചനങ്ങളെക്കുറിച്ച്‌ വൈകാരികമായ പ്രതികരണങ്ങൾ നടത്തുന്ന വാർത്തകൾ എഴുത്തുകല എന്നതിൽ നിന്ന് വ്യത്യസ്തമായി,  തികച്ചും അക്കാദമിക പരിസരത്തു നിന്നു കൊണ്ടുള്ള സമീപനങ്ങൾ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് കാതറിൻ ബുള്ളോക്ക് ഈ ഉദ്യമത്തിനു മുതിർന്നത്.

ഹിജാബിനെയും നിഖാബിനെയും സംബന്ധിച്ച പാശ്ചാത്യ ലിബറൽ ആഖ്യാനങ്ങളും ആകുലതകളും ഇസ്‌ലാമോഫോബിക് വ്യവഹാരങ്ങളും മുസ്‌ലിം സ്ത്രീയുടെ കാര്യത്തിൽ ഇടതു-ഉദാരവാദ കേന്ദ്രങ്ങളും,  ഫെമിനിസ്റ്റുകൾ പോലും വെച്ചുപുലർത്തുന്ന സങ്കുചിതത്വവും തിരഞ്ഞെടുക്കാനുള്ള സ്വതന്ത്രത്തിന്റെ നിഷേധവും ഇരുപത് വർഷം മുൻപ് ഈ പുസ്തകത്തിന് വേണ്ടി ഗ്രന്ഥകർത്താവ് അഭിമുഖം നടത്തുമ്പോഴെന്ന പോലെ ഇന്നും പ്രസക്തമാണ്. കാനഡയിൽ ജീവിക്കുന്ന വ്യത്യസ്ത പ്രൊഫഷനുകളിലും പ്രായഘടനയിലുമുള്ള പതിനാറ് സ്ത്രീകളെ അഭിമുഖം നടത്തി ക്രോഡീകരിച്ച വിശദമായ റിപ്പോർട്ടിൽ ഹിജാബ് തെരഞ്ഞെടുക്കാൻ ഓരോ സ്ത്രീകൾക്കും വ്യത്യസ്തങ്ങളായ കാരണങ്ങളാണ് ഉള്ളതെന്നും എളുപ്പത്തിലുള്ള സാമാന്യവൽക്കരണങ്ങൾ സാധ്യമല്ല എന്നും അവർ സമർഥിക്കുന്നു. ഹിജാബിന്റെ ഗുണാത്മക വശങ്ങളെയും  സമ്മർദത്തിന്റേതല്ലാത്ത സാമൂഹികവൽക്കരണത്തിന്റെ മാനങ്ങളെയും ഹിജാബ് നിർണയിക്കുന്ന തുല്യതയെയും സ്വാതന്ത്രത്തെയും വ്യത്യസ്ത സമൂഹത്തിലെ ഹിജാബിനോടുള്ള നിലപാടുകളെയും ഈ അധ്യായത്തിൽ ചർച്ചക്കെടുക്കുന്നു. പാശ്ചാത്യ ശ്രോതാക്കൾക്കു സുഗ്രാഹ്യമാകും വിധം മുഖപടത്തിനുള്ളിലെ മുസ്‌ലിം സ്ത്രീകളുടെ കാഴ്ചപ്പാടുകളെ വിശകലനത്തിനായി അവതരിപ്പിക്കുകയാണ് തന്റെ ദൗത്യം എന്ന് കാതറിൻ ബുള്ളോക്ക് വിശദീകരിക്കുന്നു. 

ഫാത്തിമ മെർനീസിയുടെ വിമര്‍ശനം 

ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത ഫാത്തിമ മെർനീസിയുടെ എഴുത്തുകളെ വളരെ വിശാലമായി വിമർശന വിധേയമാകുന്നു എന്നതാണ്. മൂടുപടത്തിനപ്പുറം, മൂടുപടവും ആൺപ്രമാണിമാരും എന്നീ മെർനീസിയുടെ രണ്ട് കൃതികളെയും രീതിശാസ്ത്രമടക്കം മുഴുവൻ വാദഗതികളെയും  മെർനീസി തന്നെ മുഖപട ചർച്ചകൾക്ക് അവലംബമാക്കിയ കൃതികളുടെയും സാമൂഹിക സാഹചര്യങ്ങളുടെയും വെളിച്ചത്തിൽ ബുള്ളോക്ക് വിമർശന വിധേയമാക്കുന്നുണ്ട്. മൊറോക്കൻ സമൂഹത്തിൽ ജീവിച്ച മെർനീസിക്ക് തന്റെ കുട്ടിക്കാലത്തു നേരിടേണ്ടി വന്ന മുഖപടവുമായും ഹിജാബുമായും ബന്ധപ്പെട്ട ദുരനുഭങ്ങളെ അംഗീകരിക്കുന്നതോടൊപ്പം തന്നെ ഒരു പ്രത്യേക സമൂഹത്തിലെ  നാട്ടാചാരങ്ങളുടെയോ ഭരണകൂട താൽപര്യങ്ങളുടെയോ ഭാഗമായി നിലനിൽക്കുന്ന വിവേചനങ്ങളെ സാമാന്യവൽക്കരിച്ചു കൊണ്ട് പൊതു സിദ്ധാന്തങ്ങൾ അതരിപ്പിക്കുന്നതിനെ ബുള്ളോക്ക് പ്രശ്നവൽക്കരിക്കുന്നു. 

ഫാത്തിമ മെർനീസി

അവസാനമായി, നരവംശ ശാസ്ത്രത്തിലും സാമൂഹികശാസ്ത്രത്തിലും കേന്ദ്രീകരിച്ച സമീപനം മുന്നോട്ടു വെക്കുന്ന ബുള്ളോക്ക് മുഖപടത്തെ സംബന്ധിച്ച ഒരു ബദൽ സിദ്ധാന്തം ആവിഷ്കരിക്കുകയാണ് ചെയ്യുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഉപഭോഗ മുതലാളിത്ത സംസ്കാരത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ അടയാളമായാണ് ഹിജാബ് പ്രവർത്തിക്കുന്നത് എന്നാണു ബുള്ളോക്ക് വാദിക്കുന്നത്. ഇത് ഹിജാബിനെ കുറിച്ച വാർപ്പുമാതൃകകളിൽ നിന്ന് വ്യത്യസ്തമായ ഒരു വായന മുന്നോട്ടു വെക്കുന്നുണ്ട്. വിപ്ലവകരമായ ചെറുത്തുനിൽപ്പ്, രാഷ്ട്രീയപരമായ പ്രതിഷേധം, മതപരം, പൊതുമണ്ഡലത്തിലേക്കു പ്രവേശിക്കാനുള്ള മാർഗ്ഗം, വ്യക്തിത്വത്തിന്റെ പ്രസ്താവന, ആചാരം, രാഷ്ട്ര നിയമം തുടങ്ങി ഹിജാബുമായി ബന്ധപ്പെടുത്തി ബഹുവിധ മാനങ്ങൾ ബുള്ളോക്ക് വികസിപ്പിക്കുന്നുണ്ട്.

ജെന്‍എൻയുവിൽ എം.എ സോഷ്യോളജി വിദ്യാർഥിനിയാണ് ലേഖിക. 

Top