വംശഹത്യയുടെ മുന്നൊരുക്കം: പൗരത്വ ബില്ലും റജിസ്റ്ററും തള്ളിക്കയുന്നതെന്തുകൊണ്ട്?

സിറ്റിസൺഷിപ്പ് അമെന്റ്മെന്റ് ബില്ലും നാഷനൽ രജിസ്റ്റർ ഓഫ് സിറ്റിസൻഷിപ്പും ഇൻഡ്യൻ ഭരണകൂടത്തിന്റെ വംശഹത്യാ രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്നു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ, പൗരത്വ വിവേചനത്തിൽ നിന്നു പൗരത്വ നിഷേധത്തിലേക്ക് എത്തിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ മാറ്റം. എൻആർസിയും പൗരത്വ ബില്ലും മതത്തിന്റെ പേരിൽ മുസ്‍ലിംകളെ സ്വന്തം നാട്ടിൽ അഭയാർഥികളാക്കുക മാത്രമല്ല ചെയ്യുന്നത്. പൗരത്വ നിഷേധം, വംശഹത്യാ പ്രത്യയശാസ്ത്രമുള്ള ആർഎസ്എസിന്റെ ഉൻമൂലന അജണ്ടയിലേക്കാണു വിരൽ ചൂണ്ടുന്നത്. ഉമ്മുല്‍ ഫായിസ എഴുതുന്നു.

സിറ്റിസെൻഷിപ്പ് അമെന്റ്മെന്റ് ബില്ലും നാഷനൽ രജിസ്റ്റർ ഓഫ് സിറ്റിസെൻഷിപ്പും ഇൻഡ്യൻ ഭരണകൂടത്തിന്റെ വംശഹത്യാ രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്നു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ പൗരത്വ വിവേചനത്തിൽ നിന്നു പൗരത്വ നിഷേധത്തിലേക്ക് എത്തിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ മാറ്റം.

എൻആർസിയും പൗരത്വ ബില്ലും മതത്തിന്റെ പേരിൽ മുസ്‌ലിംകളെ സ്വന്തം നാട്ടിൽ അഭയാർഥികളാക്കുക മാത്രമല്ല ചെയ്യുന്നത്. പൗരത്വ നിഷേധം കേവലം അഭയാർഥിവൽക്കരണത്തിൽ ഒതുങ്ങുമെന്നു കരുതേണ്ടതില്ല. പൗരത്വ നിഷേധം വംശഹത്യാ പ്രത്യയശാസ്ത്രമുള്ള ആർഎസ്എസിന്റെ ഉൻമൂലന അജണ്ടയിലേക്കാണു വിരൽ ചൂണ്ടുന്നത്.

പക്ഷേ ഒരു കാര്യം തീർച്ചയാണ്: പുതിയ പൗരത്വ ബിൽ, ബാബരി മസ്ജിദ് വിധി, കശ്മീരിന്റെ ഭരണഘടനാ സംരക്ഷണം ഇല്ലാതാക്കൽ തുടങ്ങിയവയെല്ലാം മുസ്‌ലിംകൾ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ പ്രക്ഷോഭ വഴിയിലെത്തിച്ചിരിക്കുന്നു. എന്നാൽ ഈ പ്രക്ഷോഭങ്ങൾ വലിയ രീതിയിൽ ഏറ്റെടുക്കാൻ പ്രതിപക്ഷ കക്ഷികളോ സിവിൽ സമൂഹമോ തയ്യാറാവുന്നില്ല എന്നതു ഖേദകകരമാണ്. പുതിയ പൗരത്വ ബിൽ നാസി മാതൃകയിലുള്ള വംശഹത്യയിലേക്കു നയിക്കുമെന്നാണു മുസ്‌ലിം മത ന്യൂനപക്ഷ പ്രക്ഷോഭങ്ങൾ നൽകുന്ന പ്രാഥമിക സൂചനകൾ.

പൗരത്വം, ദേശരാഷ്ട്രം, മനുഷ്യപദവി

ആധുനിക ദേശരാഷ്ട്രങ്ങളിലെ മനുഷ്യ പദവി നിശ്ചയിക്കപ്പെട്ടത് പൗരത്വത്തിലൂടെയാണ്. വ്യത്യസ്തതകളും വിസമ്മതങ്ങളും പൗരത്വത്തിന്റെ ഭാഷയിലാണു പ്രകടിപ്പിക്കാറുള്ളത്. സാധുതയുള്ള രാഷ്ട്രീയത്തിന്റെ ഭാഷ തന്നെ തീരുമാനിക്കുന്നത് പൗരത്വമാണ്. പൗരനല്ലാതെ നിങ്ങളുടെ ഒരു സംസാരവും ആരും കേൾക്കില്ല എന്നതാണു വസ്തുത. ആവിഷ്കാര സ്വാതന്ത്ര്യം പോലും ലിബറൽ പൗരത്വത്തിന്റെ ഉപാധിയിലൂടെയാണു നിലനിൽക്കുന്നത്.

പൗരനായാലേ അവകാശമുള്ളൂ. പൗരത്വമാണ് അവകാശം ഉണ്ടാവാനുള്ള അവകാശം നൽകുന്നതെന്നു് ഹന്ന ആരെന്റ് പറയുന്നുണ്ട്. അവകാശം ഉണ്ടാവാനുള്ള അവകാശം കൈവരണമെങ്കിൽ പൗരത്വം എന്ന ഐഡന്റിറ്റി ഉണ്ടാവേണ്ടതുണ്ട്. അവകാശം ഉള്ളയാൾക്കു മാത്രമേ അധികാരവും പദവിയും ഉള്ളൂ. പൗരത്വത്തിനായുള്ള പ്രക്ഷോഭം അവകാശം ഉണ്ടാകാനുള്ള അവകാശത്തിനായുള്ള പ്രക്ഷോഭമാണ്. മറ്റൊരു പ്രശ്നം എന്നത്, അവകാശമുണ്ടായാലേ മനുഷ്യനാവൂ എന്നതാണ്. പൗരത്വവും അവകാശവും ലഭിച്ചാൽ മാത്രമേ നിങ്ങൾ മനുഷ്യരായി പരിഗണിക്കപ്പെടുകയുള്ളൂ. ഏതെങ്കിലും രാജ്യം നിങ്ങളെ പൗര രഹിതരായി പ്രഖ്യാപിച്ചാൽ നിങ്ങൾക്ക് അപ്പീൽ ചെയ്യാവുന്ന മറ്റൊരു സംവിധാനം ഇല്ല. മനുഷ്യ പദവി,  ആധുനിക ദേശരാഷ്ട്രം നിർവഹിക്കുന്ന ഘടനയിൽക്കൂടി മാത്രമാണു സാധ്യമാകുന്നത്.

പൗരനായി ജനിച്ചാൽ മാത്രമേ മനുഷ്യനായി ജീവിക്കാൻ പറ്റുകയുള്ളൂ. മനുഷ്യനായി ജനിച്ചാൽ ആധുനിക ദേശരാഷ്ട്ര വ്യവസ്ഥയിൽ അവകാശം ഉണ്ടാവണമെന്നില്ല. ആ അർഥത്തിൽ അവകാശം എന്നത് ആധുനിക ദേശരാഷ്ട്ര വ്യവസ്ഥയിൽ ജന്മാവകാശം ഒന്നുമല്ല. അത് പൗരത്വത്തിന് അർഹതയുള്ളവർക്കു മാത്രം ലഭിക്കുന്ന ഒന്നാണ്. അതിനാലാണ് ആധുനിക ജനാധിപത്യ ക്രമത്തിൽ പൗരത്വം മുഖ്യ രാഷ്ട്രീയ പ്രശ്നമായി മാറുന്നത്.

ന്യൂനപക്ഷവും പൗരത്വവും

ദേശരാഷ്ട്രത്തിന്റെ ഘടനയാണു പൗരത്വത്തെ തീരുമാനിക്കുന്നത്. ദേശം എന്നതു ഭൂരിപക്ഷാധികാരമാവുകയും രാഷ്ട്രം എന്നതു ഭൂരിപക്ഷാധികാരത്തിന്റെ നിയമരൂപം ആവുകയും ചെയ്യുമ്പോഴാണു ന്യൂനപക്ഷങ്ങൾ രാഷ്ട്ര രഹിതരാവുന്നത്. ഉദാഹരണമായി, ഇൻഡ്യ പോലുള്ള രാജ്യങ്ങൾ വ്യത്യസ്ത ദേശങ്ങളുടെ കൂട്ടായ്മയാണ്. വ്യത്യസ്ത ദേശങ്ങൾ എന്നത് മത, ജാതി, ഭാഷാ, പ്രദേശ കൂട്ടായ്മകളെ സൂചിപ്പിക്കുന്നു. ഇവയിലേതെങ്കിലും ഒന്നിനു മറ്റൊന്നിനേക്കാള്‍ പ്രാമുഖ്യം നൽകാതെ, നിയമപരമായ തുല്യത നൽകുന്ന രാഷ്ട്രത്തിലാണു നീതിയുക്തമായ പൗരത്വം നിലനിൽക്കുന്നത്.

മത / ഭാഷാ / ലിംഗ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് പൗരത്വം, അവകാശം എന്നത് ഒരേസമയം ദേശരാഷ്ട്രത്തിൽ നിന്നും അതിന്റെ ഭൂരിപക്ഷാധികാരത്തിൽ നിന്നും വേറിട്ടു നിൽക്കാനും സംരക്ഷണം കിട്ടാനും അത്യാവശ്യമാണ്. പക്ഷേ, ഇൻഡ്യൻ സാഹചര്യത്തിൽ മുസ്ലിം ന്യൂനപക്ഷാവകാശങ്ങൾ, പ്രാതിനിധ്യം എന്നതിനേക്കൾ നഷ്ടപരിഹാരം എന്നതിൽ അധിഷ്ഠിതമായിരുന്നുവെന്നതാണു ചരിത്രാനുഭവം. ഈ പരിമിതി, പിൽക്കാലത്ത് ന്യൂനപക്ഷാവകാശങ്ങളെ വിലയിരുത്തുന്നതിൽ പ്രതിഫലിച്ചു.

അതായത്, ലിബറൽ പൗരത്വം എന്നു പറയുന്ന പൗരത്വ സങ്കൽപത്തിന് അതതു ദേശ രാഷ്ട്രങ്ങളുടെ സാമൂഹിക ചരിത്രവുമായി ബന്ധമുണ്ട്. ഒരു ശുദ്ധ സ്ഥലത്ത് ഉണ്ടായതല്ല ലിബറൽ വ്യക്തി പൗരത്വം എന്നത്. ലിബറലിസത്തിനു പുറത്തുള്ള പല സമീപനങ്ങളുമായും സംവാദത്തിലേർപ്പെട്ടാണ് ലിബറൽ പൗരത്വം വികസിക്കുന്നത്. ഇൻഡ്യൻ സാഹചര്യത്തിൽ സവർണ ഹിന്ദു താൽപര്യങ്ങൾ ഏറെ നിലനിന്ന ഭരണഘടനാ അസംബ്ലി, ന്യൂനപക്ഷാവകാശങ്ങളെ പരിമിതപ്പെടുത്തിയെന്നു് ഷെഫാലി ത്ഥാ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയിൽ വാഗ്ദാനം ചെയ്യപ്പെട്ട സമ്പൂർണ പൗരത്വം എത്രത്തോളം സമ്പൂർണമാണെന്ന പ്രശ്നം മതപരിവർത്തന ബില്ലിലടക്കം നാം അന്വേഷിച്ചിട്ടുണ്ട്. അതിന്റെ പ്രായോഗിക അനുഭവങ്ങൾ, നിരവധി വൈരുധ്യങ്ങളുടെ മണ്ഡലമാണ്.

വേറൊരു രീതിയിൽ ആലോചിച്ചാൽ, ഇന്ത്യയിലെ തുല്യ പൗരത്വവും രാഷ്ട്രീയവകാശങ്ങളും ഭരണഘടനാ പരിരക്ഷയും സാമൂഹിക കരാർ എന്ന നിലയിൽ ഭരണഘടനാ സംവാദത്തിൽ മുസ്‌ലിംകൾ കൂടി ഇടപെട്ടു നേടിയെടുത്തതാണ്. കൊളോണിയൽ ബ്രിട്ടീഷ് ഭരണകൂടത്തിലെ മുസ്‌ലിം ഇടപെടൽ, ഭരണഘടനാ അസംബ്ലിയിലെ മുസ്‌ലിം ന്യൂനപക്ഷ പ്രതിനിധികളുടെ ഇടപെടൽ ഒക്കെ, ആ അർഥത്തിൽ പ്രധാനമാണ്. പൗരത്വം, അവകാശം, ഭരണഘടന തുടങ്ങിയവയ്ക്ക് ഇൻഡ്യയിൽ കൊടുക്കുന്ന അർഥത്തെ – പല രാജ്യങ്ങളിൽ ഇതിനു പല അർഥങ്ങൾ ഉണ്ട് – സാധ്യമാക്കുന്നതിൽ മുസ്‌ലിംകളും പങ്കുവഹിച്ചിട്ടുണ്ടെന്നു സാരം. അതിനാലാണ് നിരവധി ഒത്തുതീർപ്പുകൾക്കു വഴങ്ങിയാണെങ്കിലും ഇൻഡ്യൻ സാഹചര്യത്തിൽ ന്യൂനപക്ഷാവകാശങ്ങൾ പരിമിതികളോടെ നിലനിന്നത്. പക്ഷേ, ഇപ്പോൾ നടക്കുന്ന മാറ്റങ്ങൾ കുറെക്കൂടി വ്യത്യസ്തമാണ്. അതിന്റെ രാഷ്ട്രീയം ഒന്നുകൂടി വിശദീകരിക്കേണ്ടതുണ്ട്.

പൗരത്വ വിവേചനമല്ല; പൗരത്വ നിഷേധം

ഇൻഡ്യൻ ഫാസിസ്റ്റുകൾ മുസ്‌ലിംകൾക്കു മേലെ നടത്തുന്ന പൗരത്വം, മനുഷ്യ പദവി നിഷേധിക്കുന്നതിന്റെ മറ്റൊരു രീതിയാണ്. പൗരൻമാരെ അടയാളപ്പെടുത്തി വിവേചനം നടത്തുന്നത് അത്ര ലളിതമായ കാര്യമല്ല. അതു് പഴയ ന്യൂനപക്ഷാവകാശങ്ങളുടെ ചരിത്രത്തിന്റെ തുടർച്ചയായി മാത്രം വിലയിരുത്താൻ കഴിയില്ല.

പൗരത്വ വിവേചനവും പൗരത്വ നിഷേധവും രണ്ടാണെന്ന കാര്യം ഈ സാഹചര്യത്തിൽ പ്രത്യേകം ഓർക്കണം. ഇൻഡ്യൻ സാഹചര്യത്തിൽ പൗരത്വം എന്നത് നേരത്തെ തന്നെ വിവേചനത്തിലധിഷ്ഠിതമാണ്. ഉപേന്ദ്ര ബക്ഷി തന്റെ പ്രശസ്തമായ പഠനത്തിൽ പലതരം വിവേചന ഭീകരതകൾ പൗരത്വത്തിന്റെ കാര്യത്തിൽ ഇൻഡ്യയിൽ നിലനിൽക്കുന്നുവെന്നു പറയുന്നുണ്ട്. നിയമത്തിനു പുറത്തുള്ള സൂപ്പർ പൗരൻ, നിയമത്തോട് ഒത്തു തീർപ്പിലൂടെ ജീവിക്കുന്ന പൗരൻ, നിയമത്തെ പേടിച്ച് പ്രജകളെപ്പോലെ ജീവിക്കുന്ന പൗരൻ, നിയമം അതിന്റെ ശക്തി നിരന്തരം പ്രകടിപ്പിക്കുന്ന ഇൻസെർജന്‍റ് പൗരത്വം, സ്ത്രീകൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന ലിംഗവൽകരിക്കപ്പെട്ട പൗരത്വം, വികസന പദ്ധതികളുടെ ഇരകൾ അനുഭവിക്കുന്ന വികസന വിവേചന പൗരത്വം തുടങ്ങിയ നിരവധി ഉദാഹരണങ്ങൾ സൂചിപ്പിക്കുന്നത് പൗരത്വം എന്ന നിയമപരമായ സംവിധാനത്തിന്റെ അകത്തു നിൽക്കുന്ന വിവേചന പൗരത്വത്തിന്റെ പ്രശ്നങ്ങളാണ്.

പക്ഷേ ഈ സാഹചര്യങ്ങളിൽ വിവേചനം നടക്കുമ്പോഴും പൗരത്വം നിഷേധിക്കപ്പെടുന്നില്ല. ഇവിടെ മുസ്‌ലിംകളുടെ കാര്യത്തിൽ സംഭവിക്കുന്നതു മറ്റൊന്നാണ്. ആർഎസ്എസിന്റെ ഉന്മൂലന അജണ്ടയുടെ ഭാഗമായി പൗരത്വം നിഷേധിക്കപ്പെടുകയാണ്. പൗരത്വ വിവേചനം ലിബറൽ ജനാധിപത്യ ദേശരാഷ്ട്രത്തിന്റെ ആന്തരിക പ്രതിസന്ധിയാണ്. എന്നാൽ പൗരത്വ നിഷേധം ലിബറൽ ജനാധിപത്യ ദേശരാഷ്ട്രത്തിന്റെ തന്നെ ഘടനകൾ ഒരു ജനസമൂഹത്തിനു നിഷേധിക്കലാണ്. പൗരത്വ നിഷേധം എന്നത് അതിനാൽത്തന്നെ, അവകാശങ്ങളും നിയമ പരിരക്ഷയും നിഷേധിക്കുന്നു. അവകാശങ്ങളില്ലാത്ത മനുഷ്യന് നിയമ പരിരക്ഷ ഇല്ലാതെ, മനുഷ്യ പദവി ഇല്ലാതാവുന്നു. അവരിലേക്ക് മൃഗങ്ങൾക്കു മാത്രം കൊടുക്കുന്ന ഉന്മൂലന സന്ദേശങ്ങൾ എത്തിത്തുടങ്ങുന്നു.

നേരത്തെ സൂചിപ്പിച്ച പോലെ, പൗരത്വത്തിന്റെ സുരക്ഷയില്ലെങ്കിൽ നിങ്ങളുടെ മനുഷ്യ പദവി അങ്ങേയറ്റം അപകടത്തിലാണ്. അതിനാലാണ് പൗരത്വനിഷേധവും വംശഹത്യയും തമ്മിലുള്ള ദൂരം വളരെ കുറവാണെന്നു പറയേണ്ടി വരുന്നത്. പ്രതീകാത്മകമായ വംശഹത്യ തന്നെയാണു പൗരത്വ നിഷേധം. ഇൻഡ്യയിൽ സ്ഥാപിതമായ ആർഎസ്എസിന്റെ വംശഹത്യാ പ്രത്യയശാസ്ത്രം മുസ്‌ലിംകൾക്കു മേല്‍ നടപ്പിലാക്കാൻ പോകുന്നത് പൗരത്വ വിവേചനമല്ല, മറിച്ച് പൗരത്വ നിഷേധമാണ്. പൗരത്വ നിഷേധത്തിലൂടെ മുസ്‌ലിംകളുടെ നിയമ പരിരക്ഷ എടുത്തു കളഞ്ഞ് അർദ്ധ മനുഷ്യരാക്കിയും മൃഗവൽകരിച്ചും നടത്തുന്ന ഹിംസ, ലക്ഷണമൊത്ത ഉൻമൂലന രാഷ്ട്രീയ പരിപാടിയാണ്. പൗരത്വ നിഷേധം ആധുനിക ദേശരാഷ്ട്രങ്ങളിൽ വികസിച്ചത് വംശഹത്യക്കു മുന്നോടിയായാണ് എന്ന ചരിത്രപാഠം നാം വിസ്മരിക്കരുത്.

വംശഹത്യയെ ചെറുക്കാൻ അതിനാൽ, പൗരത്വ നിഷേധത്തിലേക്കു നയിക്കുന്ന എല്ലാ നടപടികളും പ്രതിരോധിക്കണം. മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കു പൗരത്വം നിഷേധിക്കുന്ന എൻആർസിയും പൗരത്വ ബില്ലും തള്ളിക്കളയുന്നത് അതിന്റെ ആദ്യത്തെ ചുവടുവെപ്പാണ്.

  • G Aloysius. 1997. Nationalism Without a Nation in India. Oxford University Press.
  • Hannah Arendt. 2017. The Origins of Totalitarianism. Penguin UK.
  • Shefali Jha. 2008. 'Rights versus Representation: Defending Minority Interests in the Constituent Assembly', in Rajeev Bhargava, Politics and Ethics of the Indian Constitution. Oxford University Press
Top