ജനാധിപത്യം പുറംതള്ളലല്ല; ഉൾകൊള്ളലാണ്

December 19, 2019

ജനാധിപത്യം പുറംതളളലല്ല ഉൾക്കൊള്ളലാണ് എന്ന തലക്കെട്ടിൽ ഉത്തരകാലം 2019 ഡിസംബർ 21ന് രാവിലെ 09.30 മുതൽ രാത്രി 08.30 വരെ കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് ‘ജനാധിപത്യത്തിന്റെ മറുവിചാരം’ ചർച്ചാ സംഘടിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി ഉത്തരകാലം പ്രസിദ്ധീകരിക്കുന്ന ചർച്ചാ കുറിപ്പ്.

ആഗോള തലത്തിൽ തന്നെ, ജനാധിപത്യ വ്യവസ്ഥയിലുള്ള ഭരണകൂടങ്ങള്‍ പുതിയ രീതിയിലുള്ള ഫാസിസ്റ്റ് കക്ഷികളുടെ കൈയിലേക്കു മാറുന്ന കാലമാണിത്; ഇൻഡ്യയും വ്യത്യസ്തമല്ല. ജനാധിപത്യത്തിനു വേണ്ടിയുള്ള സമരങ്ങളെ സൈനിക-പോലീസ് ശക്തി ഉപയോഗിച്ചു നേരിടുന്നതില്‍, ലിബറല്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ തന്നെ വലിയ ഉത്സാഹം കാണിക്കുന്നു.

അതേ സമയം തന്നെ, ജനാധിപത്യത്തിന്റെ വര്‍ത്തമാനം പുതിയ രീതിയില്‍ അന്വേഷിക്കാനുള്ള ശ്രമങ്ങള്‍ ലോകവ്യാപകമായി നടക്കുന്നുമുണ്ട്. ഇൻഡ്യന്‍ സാഹചര്യത്തിലാണെങ്കിൽ, മോദിയുടെ അധികാരാരോഹണം, പുതിയ പ്രതിസന്ധികളെ ജനാധിപത്യ രാഷ്ട്രീയ മണ്ഡലത്തില്‍ സാധ്യമാക്കിയിട്ടുണ്ട്. ഈ പ്രവണതകളെ അറിയാനും അതനുസരിച്ചുള്ള രാഷ്ട്രീയ മുന്നേറ്റങ്ങള്‍ രൂപപ്പെടുത്താനും പുതിയ സാമൂഹിക/രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാവുകയും ചെയ്യുന്നുമുണ്ട്.

കുടിയേറ്റ വിരുദ്ധതയുടെയും ദേശീയ പരമാധികാരത്തിന്റെയും അടിസ്ഥാനത്തിൽ യൂറോപ്പിലും അമേരിക്കയിലും ഇൻഡ്യയിലും വികസിച്ചിട്ടുള്ള, വംശീയ-വലതുപക്ഷ സ്വഭാവമുള്ള ജനമുന്നേറ്റങ്ങൾ, ഇന്നത്തെ ആഗോള, ലിബറൽ-മുതലാളിത്ത-നവലോക ക്രമത്തിലുണ്ടായിട്ടുള്ള പുതിയ രാഷ്ട്രീയമാറ്റത്തിന്റെ ഭാഗമാണ്.

ഡൊണാള്‍ഡ് ട്രംപിലൂടെ അമേരിക്കയിലും ഇറ്റലിയിലും ഫ്രാൻസിലും ഇംഗ്ലണ്ടിലും ഉൾപ്പെടെ യൂറോപ്പിലും വികസിച്ച യൂറോപ്യൻ-വെള്ള-വംശീയ-വലതുപക്ഷത്തിന്റെ ദേശീയ പരമാധികാരത്തിന്റെ വികാസ ഘട്ടം വൻതോതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇൻഡ്യയിലാവട്ടെ, സംഘപരിവാർ ഉൾക്കൊള്ളുന്ന ദേശീയ പരമാധികാരത്തിന്റെയും അപര വെറുപ്പിന്റെയും ക്രമബദ്ധമായ വികാസത്തെയാണ് നരേന്ദ്ര മോദിയുടെ രണ്ടാം വരവ് അടയാളപ്പെടുത്തുന്നത്.

അതിശക്തമായ കോർപ്പറേറ്റ് പിന്തുണ, വൻകിട ദേശീയ-പ്രാദേശിക മാധ്യമങ്ങളുടെ സഹായം, ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗം, സൈന്യം പോലുള്ള ഘടകങ്ങളുടെ രാഷ്ട്രീയവൽക്കരണം, മണി-മസിൽ പവർ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ട് സംഘ് പരിവാർ നിയന്ത്രണത്തിൽ നടത്തുന്ന ചിട്ടയായ പ്രവർത്തനങ്ങൾ ഇവ മൂലമാണ് മോദി വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയത്. മോദി തരംഗം ഇല്ലെങ്കിലും മോദി എന്ന പിതൃരക്ഷാ ബിംബത്തിനപ്പുറം മറ്റൊന്നുമില്ലെന്ന് സാധാരണ ജനങ്ങളെ വിശ്വസിപ്പിക്കാൻ ഈ പ്രചാരണങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ, ‘നാനാത്വത്തിൽ ഏകത്വ’മെന്ന ദേശീയവാദ കാഴ്ചപ്പാടിന്റെ അസ്തമയത്തിനൊപ്പം, ‘അഖണ്ഡത’, മാതൃഭൂമിയുടെ സുരക്ഷ പോലുള്ള ഹിന്ദുത്വ അജണ്ടകൾക്കു പിന്നിലൊളിപ്പിച്ചുവെച്ചിരിക്കുന്ന ആക്രമണ/പുരുഷ ദേശീയതയുടെയും കീഴാള-മുസ്‌ലിം വെറുപ്പിന്റെയും കൂടുതൽ ഉയർന്ന ഘട്ടമാണ് മോദിയുടെ രണ്ടാം വരവിലൂടെ അരങ്ങേറിയിരിക്കുന്നത്.

ജാതിവ്യവസ്ഥിതിയേയും സവർണാധിപത്യത്തെയും എതിർക്കുന്ന കീഴാളരെ താക്കീതു ചെയ്യുന്നതിനൊപ്പം തന്നെ, ആക്രമണകാരികൾക്കു സമ്പൂർണ സുരക്ഷിതത്വം ഉണ്ടെന്ന സന്ദേശവും മോദി സർക്കാർ നൽകുന്നു. മോദി ഭരണമെന്നത് രാഷ്ട്രീയമായി മാത്രം നിർവചിക്കേണ്ട ഫാഷിസമല്ലെന്നും അതിന്റെ സാമൂഹിക വശം കൂടി കണക്കിലെടുക്കണമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ഫാഷിസത്തിനു ചില മുന്നുപാധികൾ തീർച്ചയായും ഉണ്ടായിരിക്കണം: ചോദ്യം ചെയ്യാനോ സംവാദം നടത്താനോ പറ്റാത്ത നേത്യത്വം, ആക്രമണങ്ങൾ നടത്താൻ ശേഷിയുള്ള സംഘടന, എത്ര വലിയ നുണയാണെങ്കിലും ബഹുജനങ്ങളെ വിശ്വസിപ്പിക്കാൻ കഴിയുന്ന പ്രചാരണ തന്ത്രങ്ങൾ, പിന്തിരിപ്പൻ ബുദ്ധിജീവികളുടെയും ബ്യൂറോക്രാറ്റുകളുടെയും പിന്തുണ, വംശീയതയിലും പുരുഷാധിപത്യത്തിലും യുദ്ധോത്സുകതയിലും അടിയുറച്ച പ്രത്യയശാസ്ത്രം എന്നിവയാണവ. മേൽപ്പറഞ്ഞവയെല്ലാം സംഘ്പരിവാറിനുണ്ടെന്നു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ലിബറൽ ജനാധിപത്യത്തിലുള്ള ജനങ്ങളുടെ പ്രതീക്ഷകളെ മുതലെടുത്തുകൊണ്ടാണ് തങ്ങളുടെ സാമാജ്യം അവർ വികസിപ്പിക്കുന്നത്.

ആ സാമ്രാജ്യം വികസിക്കുന്നതിനൊപ്പം, പ്രാതിനിധ്യ ജനാധിപത്യത്തിൽ നിന്ന് മുസ്‌ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ പുറത്താവുന്നു എന്നതാണ് ഫാഷിസത്തിന്റെ ആദ്യ സൂചന. പൗരത്വ പ്രശ്നം, കശ്മീർ അധിനിവേശം, ബാബരി മസ്ജിദ് വിധി, മതപരിവർത്തന ചർച്ച, ഏകസിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമങ്ങൾ ഇവയൊക്കെ പുതിയ മാറ്റങ്ങളുടെ ഭാഗമാണ്.

ദലിത്-പിന്നാക്ക-ആദിവാസി ജനതകളുടെ സാംസ്കാരികവും രാഷ്ട്രീയവുമായ ഈടുവെപ്പുകൾ തകർക്കപ്പെടുകയും അവരെ ഹൈന്ദവവൽക്കരിക്കുകയും ചെയ്യുന്നു എന്നതാണു രണ്ടാമത്തെ സൂചന. രവിദാസ് ക്ഷേത്രത്തിനു നേരെ നടന്ന കയ്യേറ്റങ്ങൾ, ദലിത് സ്ത്രീകൾക്കു നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ, ദലിത് പ്രസ്ഥാനങ്ങളെ അടിച്ചമർത്തുന്ന രീതികൾ ഒക്കെ ഉദാഹരണം.

വർത്തമാനകാല വിജ്ഞാനത്തിനു പകരം, മരവിച്ച ബ്രാഹ്മണ ജ്ഞാനം പാഠ്യപദ്ധതിയിലൂടെയും മറ്റും അടിച്ചേല്പിക്കപ്പെടുന്നു എന്നതാണ് മൂന്നാമത്തെ സൂചന. ജാമിഅ മില്ലിയ ഇസ്‌ലാമിയ, ഇഫ്‌ലു, എച്സിയു, ജെഎൻയു, ചെന്നൈ ഐഐടി, എഎംയു തുടങ്ങിയ കാമ്പസുകളിൽ നടക്കുന്ന വിദ്യാർഥി മുന്നേറ്റങ്ങൾ നൽകുന്ന പാഠം ഇതാണ്.

സെപ്റ്റംബർ പതിനൊന്നിനു ശേഷം, ദേശീയ സുരക്ഷയെ ദേശരാഷ്ട്രങ്ങൾ മുഖ്യപ്രമേയമായി മാറ്റിയതിലൂടെ വിമത പ്രവർത്തനങ്ങളും വിമർശന സ്വരങ്ങളും ആഗോള വ്യാപകമായിത്തന്നെ ദേശവിരുദ്ധതയുടെ പട്ടികയിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ജനക്ഷേമം, സേവനം തുടങ്ങിയ ലിബറല്‍ ജനാധിപത്യ രാഷ്ട്രത്തിന്റെ സ്വയം പ്രഖ്യാപിത അജണ്ടകളില്‍ നിന്നു ഭരണകൂടം പൂര്‍ണമായും പിന്‍വാങ്ങുന്നത് ശീതയുദ്ധത്തിനു ശേഷമുള്ള രാഷ്ട്രീയ മാറ്റങ്ങളോടെയാണ്. ലിബറല്‍ ദേശരാഷ്ട്രങ്ങള്‍ക്കുള്ളില്‍ 9/11 നു ശേഷമുള്ള സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളുടെ ചുവടുപിടിച്ചാണ് സുരക്ഷാഭരണകൂടത്തിന്റെ സമകാലീന രൂപം വികസിക്കുന്നത്.

ഭീകരതക്കെതിരായ യുദ്ധം (war on terror) എന്ന നവ-സാമ്രാജ്യത്വ യുദ്ധമാണ് അതിന്റെ അടിയന്തിര സാഹചര്യം. എന്നാല്‍ ഉരുക്കു മുഷ്ടിയുള്ള ഒരു പോലീസ് സ്റ്റേറ്റ് എന്ന രീതിയില്‍ പരിമിതമല്ല ഈ സുരക്ഷാ ഭരണകൂടം. കൂടുതല്‍ ഉദാരമായ സാമൂഹിക വീക്ഷണം വെച്ചുപുലര്‍ത്തുന്ന ജൈവരാഷ്ട്രീയത്തിന്റെ ഭാഗമാണു സുരക്ഷാഭരണകൂടം. അതാവട്ടെ, ഫാസിസ്റ്റ് കക്ഷികളുടെ തിരഞ്ഞെടുപ്പു വിജയങ്ങളുടെ ഭാഗമായി കൂടുതല്‍ ഭയാനകമായി മാറുന്നു.

ഇൻഡ്യന്‍ സാഹചര്യത്തില്‍, ബഹുജൻ-ന്യൂനപക്ഷ കേന്ദ്രീകൃതമായ രാഷ്ട്രീയ പ്രവർത്തനങ്ങളെയും വിമതസ്വരങ്ങളെയും ഇനി ദേശവിരുദ്ധതയായി കാണാനാണു സാധ്യത. ഇൻഡ്യയിൽ ജാതിരാഷ്ട്രീയം അവസാനിച്ചിരിക്കുന്നു എന്ന മോദിയുടെ പ്രഖ്യാപനം അതിലേക്കാണു വിരൽ ചൂണ്ടുന്നത്. ഒപ്പം, സ്വത്രന്ത ശബ്ദങ്ങളെയും നീതിയുടെ സ്വരങ്ങളെയും ഇല്ലായ്മ ചെയ്യുന്നതിൽ ഭരണകൂടം ശ്രദ്ധ ചെലുത്തും.

ഇതൊക്കെ സൂചിപ്പിക്കുന്നത് ജനാധിപത്യമെന്ന സൂചകം ആഗോള സാഹചര്യത്തിലും ഇന്ത്യന്‍ സാഹചര്യത്തിലും നിരവധി രാഷ്ട്രീയ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട് എന്നാണ്. ഈ അര്‍ഥത്തില്‍, ജനാധിപത്യത്തെപ്പറ്റി വ്യത്യസ്തമായി അന്വേഷിക്കേണ്ടത് പുതിയ കീഴാള രാഷ്ട്രീയ കർതൃത്വത്തിന്റെ വിപുലീകരണത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. കേവലമായ പാർലമെന്ററി പ്രവർത്തനങ്ങളായിട്ടല്ല, മറിച്ച് ഫാഷിസം മൂലം വിഭജിക്കപ്പെട്ട ജനങ്ങളുടെ സ്വയം വീണ്ടെടുപ്പിന്റെ ഇടർച്ചകളും തുടർച്ചകളുമായിട്ടാണ് ഇൻഡ്യന്‍ സാഹചര്യത്തില്‍ ഈ അന്വേഷണങ്ങളെ കാണേണ്ടത്.

ഈ സാഹചര്യത്തിലാണ് ഉത്തരകാലം 2019 ഡിസംബർ 21ന് രാവിലെ 09.30 മുതൽ രാത്രി 08.30 വരെ കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് ‘ജനാധിപത്യത്തിന്റെ മറുവിചാരം’ എന്ന സംവാദ സദസ്സ് സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള രാഷ്ട്രീയ പ്രവർത്തകർ, പൗരാവകാശ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, എഴുത്തുകാർ, ബുദ്ധിജീവികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതാണ്. ഇതിലേക്ക് സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ പഠനങ്ങളിലും അന്വേഷണങ്ങളിലും ചർച്ചകളിലും താൽപര്യമുള്ള എല്ലാവരെയും ക്ഷണിക്കുന്നു.

ഫീച്ചർ ചിത്രത്തിന് കടപ്പാട്: ശബരി

Top