ഫാദർ സ്റ്റാൻ സ്വാമി: ജനതയുടെ പ്രശ്നങ്ങളാണ് തന്റെ മതമെന്ന് പ്രഖ്യാപിച്ച പുരോഹിതൻ

ഭീമ കൊറേഗാവ്-എൽഗാർ പരിഷത് കേസിൽ അറസ്റ്റിലായ എൺപത്തിമൂന്നുകാരനായ ജെസ്യൂട്ട് സഭാ വൈദികനാണ് സ്റ്റാൻ സ്വാമി. ജാർഖണ്ഡിലെ റാഞ്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അദ്ദേഹം പ്രസ്തുത കേസിൽ അറസ്റ്റിലാവുന്ന പതിനഞ്ചാമനാണ്. ഹിന്ദുത്വ ഭരണകൂട ഭാഷ്യങ്ങൾക്കപ്പുറമാണ് സ്റ്റാൻ സ്വാമിയുടെ ഇടപെടലുകൾ. ആദിവാസി അവകാശ രാഷ്ട്രീയത്തിന്റെ മേഖലയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഫാദർ സ്റ്റാൻ സ്വാമിയുടെ ജീവിതത്തെയും പോരാട്ടത്തെയും കുറിച്ച് സിറ്റിസൻസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് പുറത്തിറക്കിയ ജീവിതരേഖ.

ആഗസ്റ്റ് 28ലെ പ്രഭാതം, കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴക്ക് ശേഷമുള്ള തെളിഞ്ഞ ആകാശം കണ്ട് ഉറക്കമുണര്‍ന്ന റാഞ്ചി നഗരവാസികള്‍ വീട്ടുജോലികളില്‍ മുഴുകവെ പെട്ടെന്ന്, നഗരത്തിലെ മുതിർന്ന സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ വീട്ടില്‍ നടന്ന അപ്രതീക്ഷിത റെയ്ഡിന്റെ വാര്‍ത്ത കേട്ട് സ്തബ്ധരായി. മഹാരാഷ്ട്ര, ജാർഖണ്ഡ് പോലീസ് ഡിപ്പാർട്മെന്റുകൾ സംയുക്തമായി ‘ബഗയ്ച ക്യാമ്പസിൽ’ (ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ താമസ സ്ഥലം കൂടിയാണത്) രാവിലെ ആറു മണിക്ക് എത്തുകയും മണിക്കൂറുകളോളം റെയ്ഡ് നടത്തുകയും ചെയ്തു. ഫാദര്‍ സ്റ്റാൻ സ്വാമിയുടെ മൊബൈൽ, ലാപ്‌ടോപ്പ്, കുറച്ച് ഓഡിയോ കാസറ്റുകൾ, സി.ഡികൾ, ലൈംഗിക ഹിംസക്കും ഭരണകൂട അടിച്ചമര്‍ത്തലിനുമെതിരെ സ്ത്രീകള്‍ നയിക്കുന്ന ‘പതല്‍ഗുഡി മൂവ്‌മെന്റിന്റെ’ പത്രക്കുറിപ്പുകൾ എന്നിവ പോലീസ് കണ്ടുകെട്ടി. തനിക്കെതിരായ കേസുകളെ കുറിച്ച് ഫാദര്‍ സ്റ്റാനെ അവർ അറിയിച്ചിരുന്നില്ല. പോലീസ് എല്ലാ കാര്യങ്ങളും വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.

ഫാദര്‍ സ്റ്റാനുൾപ്പെടെ സാമൂഹിക പ്രവര്‍ത്തകരും, പത്രപ്രവര്‍ത്തകരും, ചിന്തകരുമായ 20 പേര്‍ക്കെതിരെ ജാർഖണ്ഡ് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ആഴ്ച്ചകൾക്കകമാണ് അദ്ദേഹത്തിന്റെ താമസസ്ഥലം റെയ്ഡ് ചെയ്യപ്പെടുന്നത്. കുന്തിയിലെ പതല്‍ഗുഡി മൂവ്‌മെന്റിനെ കുറിച്ചുള്ള അവരുടെ ഫെയ്‌സ്ബുക് പോസ്റ്റുകളാണ് പോലീസ് അറസ്റ്റിന് തെളിവായി നിരത്തിയത്. സുപ്രീംകോടതി 2015ല്‍ പിന്‍വലിച്ച 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റിന്റെ 66എ വകുപ്പും അവര്‍ക്കെതിരായി ചാര്‍ത്തിയിരുന്നു!

ഫാദർ സ്റ്റാൻ സ്വാമി

ജാർഖണ്ഡിലെ വ്യവസായവത്കരണം

ജാർഖണ്ഡിന്റെ തലസ്ഥാന നഗരമായ റാഞ്ചി, വികസന താല്‍പര്യങ്ങളുള്ള (Developmental aspirations) നഗരമാണ്. 2000ല്‍ ജാർഖണ്ഡ് സംസ്ഥാനം സ്ഥാപിതമായതു മുതല്‍, അതിന്റെ തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ട നഗരത്തിന്റെ സ്വഭാവത്തിൽ പതിയെ രൂപമാറ്റം സംഭവിക്കുന്നതായി കാണാം. ഇൻഡ്യയുടെ ധാതുക്കളില്‍ (Minerals) 40 ശതമാനത്തിലധികം അവിടെ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍, സംസ്ഥാനത്തെ 39.1 ശതമാനം ആളുകളും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരാണ്. അതോടൊപ്പം അഞ്ചു വയസ്സില്‍ താഴെയുള്ള 19.6 ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് നേരിടുന്നു. ഘടനാപരമായിത്തന്നെ ഉള്‍പ്രദേശങ്ങൾ അധികമായുള്ള സംസ്ഥാനത്ത്, 24 ശതമാനം ആളുകള്‍ മാത്രമാണ് നഗരങ്ങളില്‍ ജീവിക്കുന്നത്.

ആദിവാസികളുടെ താല്‍പര്യങ്ങള്‍ ഇതുവരെ കണക്കിലെടുക്കാത്ത സംസ്ഥാനത്ത്, അസ്ഥിരവും അഴിമതി നിറഞ്ഞതുമായ നിരവധി സര്‍ക്കാരുകള്‍ ഭരണം നടത്തിയിട്ടുണ്ട്. എന്നാല്‍, കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലേറിയ 2014 മുതല്‍ ആദിവാസികളോടുള്ള വർധിച്ച ചൂഷണവും വ്യവസായവത്കരണത്തോടുള്ള താല്‍പര്യവും, അതിനുശേഷമുള്ള സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ കടുത്ത തീരുമാനങ്ങള്‍ക്ക് വഴിവെച്ചു.

2017ല്‍ റാഞ്ചിയില്‍ വെച്ചു നടന്ന ഒരു നിക്ഷേപക സമ്മിറ്റിന്റെ ഭാഗമായി, മൂന്ന് ലക്ഷം കോടി വരുന്ന 209ഓളം പദ്ധതികൾക്കാണ് കഴിഞ്ഞ വര്‍ഷം മാത്രം ഒപ്പിട്ടത്. ഭൂമിയില്‍ അവകാശം സ്ഥാപിക്കപ്പെടുകയും കൈയ്യൂക്ക് കൊണ്ടോ കളവിലൂടെയോ, നിയമപരമായോ അല്ലാതെയോ ധാതുക്കള്‍ കവര്‍ന്നെടുക്കപ്പെടുന്നതുമാണ് പെട്ടെന്നുള്ള വ്യവസായവത്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സംസാരങ്ങള്‍ക്കും പരിഹാര നിര്‍ദേശങ്ങള്‍ക്കും പകരം കായബലം കൊണ്ട് ജനങ്ങളെ നേരിടുകയും, തദ്ഫലമായി കൃത്യമായ നഷ്ടപരിഹാരമോ പുനരധിവാസമോ ഇല്ലാതെ ആയിരക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ വാസസ്ഥലം നഷ്ടമാവുകയും ചെയ്യുന്നു. ‘ഭൂമിയുടെ ഉടമകൾ അതിലുള്ള ധാതുക്കളുടെയും ഉടമകളാണ്’ എന്ന സുപ്രീംകോടതി ഉത്തരവില്‍ (SC: Civil Appeal No 4549 of 2000], അതിനെ അധികരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “എല്ലാ ധാതുക്കളുടെയും അവകാശം സ്റ്റേറ്റിനാണ് എന്ന നിയമത്തില്‍ കഴമ്പില്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം. മറിച്ച്, മണ്ണിന്റെയും/ധാതുക്കളുടെയും അവകാശം, നിയമപ്രകാരം ആ ഭൂമി നഷ്‌ടമാകുന്നതു വരെ ഭൂവുടമക്ക് തന്നെയാണ്. ഗവൺമെന്റ് ഒപ്പിട്ട പദ്ധതികളെ തുടർന്ന് ആദിവാസികളുടെ കൈവശമുണ്ടായിരുന്ന, ഖനികളാൽ സമ്പന്നമായ ഭൂപ്രദേശങ്ങൾ അവർക്ക് നഷ്ടമാവാൻ തുടങ്ങി. രാജ്യത്തെ 219 ഖനികളില്‍ 214 എണ്ണവും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയാണെന്നും, അവ എത്രയും പെട്ടെന്ന് അടച്ചുപൂട്ടണമെന്നും പിഴയടക്കണമെന്നും സുപ്രീംകോടതി വിധിച്ചു. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ നിയമവിരുദ്ധ ഖനികള്‍ നിയമവിധേയമാക്കാനുള്ള നടപടികൾ ഉടനടി ആരംഭിച്ചു.

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍

ഈ സാഹചര്യത്തിലാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി ജാർഖണ്ഡിലെ ആദിവാസികള്‍ക്കു വേണ്ടി ആത്മാർഥമായ പ്രവർത്തനങ്ങൾ ആരംഭിച്ചത്.96ല്‍ യുറേനിയം കോര്‍പറേഷന്‍ ഇൻഡ്യ ലിമിറ്റഡിനെതിരെ, ‘ജാർഖണ്ഡ് ഓര്‍ഗനൈസേഷന്‍ എഗയ്ന്‍സ്റ്റ് യുറേനിയം റേഡിയേഷന്‍ (ജെ.ഒ.എ.ആർ) എന്ന പേരില്‍ നടത്തപ്പെട്ട ക്യാമ്പയിനിൽ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

പ്രധാന മുന്നേറ്റങ്ങളിൽ ഒന്ന്.

ചായ്ബാസയില്‍ നിര്‍മിക്കാനിരുന്ന ടെയ്‌ലിംഗ് ഡാമിന്റെ നിര്‍മാണം നിര്‍ത്താന്‍ ആ ക്യാമ്പയിന് സാധിച്ചു. ഡാം നിര്‍മിക്കപ്പെട്ടിരുന്നെങ്കില്‍, ജഡുഗോദയിലെ ചാട്ടികൊച പ്രദേശത്തെ ആദിവാസികളുടെ കിടപ്പാടം നഷ്ടമാവുന്നതിന് അത് കാരണമാകുമായിരുന്നു. ഇത്തരം വിഷയങ്ങള്‍ ശക്തമായി ഉന്നയിച്ചതിന് ശേഷം, അദ്ദേഹം ബുകാരോ, സന്താള്‍ പര്‍ഗാനാ, കോദര്‍മ തുടങ്ങിയ പ്രദേശങ്ങളിലെ വീട് നഷ്ടപ്പെട്ട ആളുകള്‍ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.

വിചാരണത്തടവും ജാര്‍ഗണ്ഡിലെ കെട്ടിച്ചമക്കപ്പെട്ട അറസ്റ്റുകളും

2010ല്‍, നക്‌സല്‍ പ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുകൊണ്ട് ഗോത്രവര്‍ഗക്കാരായ യുവാക്കളെ നിയമവിരുദ്ധമായി അറസ്റ്റു ചെയ്യുന്നത് തുറന്നുകാട്ടിക്കൊണ്ട്, ‘ജയില്‍ മേന്‍ ബന്ദ് ഖൈദിയോന്‍ കാ സച്ച്’ എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. 97 ശതമാനം കേസുകളിലും അറസ്റ്റു ചെയ്യപ്പെടുന്ന യുവാക്കളുടെ കുടുംബ വരുമാനം 5000ല്‍ താഴെയാണെന്നും, അവര്‍ക്ക് തങ്ങളുടെ കേസ് വാദിക്കാൻ വക്കീലുമാരെ പോലും ഏര്‍പ്പെടുത്താന്‍ കഴിയുന്നില്ലെന്നും പുസ്തകത്തില്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടി.2014ല്‍ അറസ്റ്റു ചെയ്യപ്പെട്ട യുവാക്കളുടെ അവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടു കൂടി ഫാദര്‍ സ്റ്റാന്‍ ഭരണകൂടത്തിന്റെ റഡാറില്‍ അകപ്പെട്ടു. റിപ്പോര്‍ട്ട് പ്രകാരം അറസ്റ്റു ചെയ്യപ്പെട്ട 3000 പേരില്‍ 98 ശതമാനം ആളുകളുടെയും കേസുകള്‍ കെട്ടിച്ചമക്കപ്പെട്ടതാണെന്നും, അവര്‍ക്ക് നക്‌സല്‍ പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാണ്. അവരില്‍ പലരും വിചാരണ പോലുമില്ലാതെ വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞു. ഫാദര്‍ സ്റ്റാന്‍ യുവാക്കളുടെ ജാമ്യത്തിനു വേണ്ടിയും കേസ് വാദിക്കാനുള്ള വക്കീലുമാരെ ഏര്‍പ്പെടുത്താനുമായി വലിയൊരു സംഖ്യ ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്.

ഭീമാ കൊറെഗാവ് പ്രക്ഷോഭം

അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങള്‍

ആദിവാസികളുടെ പുരോഗതിക്കും വികസനത്തിനും ആവശ്യമായ കാര്യങ്ങള്‍ സര്‍ക്കാറിന് നിര്‍ദേശിക്കാനായി ആദിവാസികള്‍ മാത്രം അംഗങ്ങളായ ‘ട്രൈബല്‍ അഡ്‌വൈസറി കൗണ്‍സില്‍’ രൂപീകരിക്കണമെന്ന ഭരണഘടനയിലെ അഞ്ചാം ഷെഡ്യൂളിലെ അനുശാസനം നടപ്പിലാക്കാത്തതിനെ ഫാദര്‍ സ്റ്റാന്‍ സ്വാമി ചോദ്യംചെയ്യുന്നു. ഭരണഘടന നിലവില്‍ വന്ന് ഏഴു പതിറ്റാണ്ടായിട്ടും ഒരൊറ്റ ഗവര്‍ണര്‍ (ഈ കൗണ്‍സിലുകളുടെ അധ്യക്ഷ പദവി വഹിക്കുന്നവര്‍) പോലും ആദിവാസികളിലേക്ക് എത്തിപ്പെടാനോ അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനോ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വാദിക്കുന്നു. 1996ലെ (പട്ടിക വര്‍ഗ പ്രദേശങ്ങളിലെ) പഞ്ചായത്ത് നിയമം (പെസ) എങ്ങനെയാണ് ‘വ്യവസ്ഥാപിതമായി അവഗണിക്കപ്പെട്ടതെന്നും’, ഒന്‍പത് സംസ്ഥാനങ്ങളിലും നടപ്പിലാക്കാതെ ഒഴിവാക്കിയതെന്നും ഫാദര്‍ വ്യക്തമാക്കുന്നു. ആദിവാസി സമുദായങ്ങള്‍ക്ക് ഗ്രാമസഭകളിലൂടെയുള്ള സ്വയംഭരണത്തിന്റേതായ വലിയ സാമൂഹിക-സാംസ്‌കാരിക പാരമ്പര്യമുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് ഈ നിയമമാണ്. തങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി അദ്ദേഹം നിരന്തരം ആദിവാസികളെ സംഘടിപ്പിക്കുകയും സമരം നടത്തുകയും ചെയ്തു. പിന്നീടത് 2017ലെ പതല്‍ഗുഡി പ്രസ്ഥാനമായി രൂപം പ്രാപിച്ചു. പെസ നടപ്പില്‍ വരുത്തുന്നതിനെ വ്യവസ്ഥാപിതമായി തടഞ്ഞുനിര്‍ത്തിയ സ്റ്റേറ്റ് ഗവണ്‍മെന്റുകളെ തുറന്നുകാട്ടുന്നതില്‍ പതല്‍ഗുഡി പ്രസ്ഥാനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. പതൽഗുഡി പ്രസ്ഥാനത്തെ കുറിച്ച് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു: “പതല്‍ഗുഡി വിഷയത്തില്‍ എന്തിന് ആദിവാസികള്‍ ഇത് ചെയ്യുന്നു എന്ന ചോദ്യം ഞാന്‍ ചോദിച്ചു. സഹിഷ്ണുതയുടെ പേരുപറഞ്ഞ് അവര്‍ ചൂഷണം ചെയ്യപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നതായി ഞാന്‍ വിശ്വസിക്കുന്നു. അവരുടെ ഭൂമിയില്‍ നിന്നും കുഴിച്ചെടുക്കുന്ന വിലപിടിച്ച ധാതുക്കള്‍ പുറത്തുള്ള വ്യവസായികളെയും കച്ചവടക്കാരെയും സമ്പന്നരാക്കുന്നു. അതേസമയം അത് ആദിവാസികളെ ദരിദ്രരാക്കുകയും പട്ടിണി മരണങ്ങളിലേക്ക് തള്ളിയിടുകയും ചെയ്യുന്നു”.

തങ്ങളുടെ ഭൂമിയിലെ ഖനനത്തിനു മേലുള്ള കൈകാര്യ കര്‍തൃത്വവും അതുമൂലം സ്വയംപര്യാപ്തതയും ആദിവാസികള്‍ക്ക് കല്‍പ്പിച്ചു നല്‍കുന്ന സുപ്രീംകോടതിയുടെ 1997ലെ ‘സമാത വിധി’ നടപ്പിലാക്കുന്നതിലെ സര്‍ക്കാരിന്റെ മൗനത്തെയും ഫാദര്‍ സ്റ്റാന്‍ ചോദ്യംചെയ്തു. ആഗോളവത്കരണം, ഉദാരവത്കരണം, സ്വകാര്യവത്കരണം എന്നിവയുടെ ഫലമായി ദേശീയ-അന്തര്‍ദേശീയ കുത്തകകള്‍ രാജ്യത്ത് വിഹരിക്കുകയും, പ്രത്യേകിച്ച് മധ്യ ഇൻഡ്യയിലെ ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഖനനത്തിനായി നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഈ വിധി പ്രസ്താവിക്കുന്നത്. ഇതുകൂടാതെ, 2006ലെ ഫോറസ്റ്റ് റൈറ്റ് ആക്റ്റ് (എഫ്.ആർ.എ) നടപ്പില്‍ വരുത്തുന്നതിലെ അപാകതകൾക്കെതിരെയും അദ്ദേഹം ചോദ്യമുയർത്തി.

ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധിക്കുന്നവർ

അദ്ദേഹത്തിന്റെ അന്വേഷണത്തില്‍, 2006നും 2011നും ഇടക്ക് പട്ടയം ലഭിക്കാന്‍ മാത്രമായി ഏകദേശം 30 ലക്ഷം അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അതില്‍ 11 ലക്ഷം അപേക്ഷകര്‍ക്ക് പട്ടയം നല്‍കുകയും 14 ലക്ഷം അപേക്ഷകള്‍ തള്ളിക്കളയുകയും അഞ്ചു ലക്ഷം ഇപ്പോഴും തീര്‍പ്പാകാതെ നില്‍ക്കുകയും ചെയ്യുന്നു. അതോടൊപ്പം, വ്യവസായ ആവശ്യത്തിനായി വനപ്രദേശം കൈയ്യടക്കുന്ന വിഷയത്തില്‍ ജാര്‍ഗണ്ഡ് സര്‍ക്കാര്‍ ഗ്രാമസഭകളെ മറികടന്നു പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം കണ്ടെത്തി. ഈയടുത്ത്, 2013ലെ ലാന്റ് അക്വിസിഷന്‍ ആക്റ്റ് ഭേദഗതി ചെയ്ത ജാര്‍ഗണ്ഡ് സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം ചോദ്യംചെയ്തു. ആദിവാസികളുടെ ‘മരണമണി’ എന്നാണ് ആ തീരുമാനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. പരിസ്ഥിതി, സാമൂഹിക ബന്ധങ്ങള്‍, സാംസ്‌കാരിക മൂല്യങ്ങള്‍ തുടങ്ങിയവയെ സംരക്ഷിക്കുന്ന ‘സാമൂഹിക ഫല നിര്‍ണയത്തിന്റെ’ (Social impact Assessment) നിര്‍ദേശങ്ങളെ അത് ലംഘിക്കുന്നതായി അദ്ദേഹം ആരോപിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഏറ്റവും ഗൗരവപ്പെട്ട കാര്യമെന്തെന്നാല്‍, ഏതൊരു കൃഷിഭൂമിയും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഗവണ്‍മെന്റിന് അനുവാദം നല്‍കാന്‍ കഴിയും എന്നുള്ളതാണ്. ആദിവാസികളെ ഇല്ലാതാക്കാനുള്ള ഏറ്റവും പുതിയ നയമായ ‘ലാന്റ് ബാങ്കിനെയും’ അദ്ദേഹം ചോദ്യംചെയ്യുന്നു.

മരുപ്പച്ച തേടിയുള്ള പ്രവർത്തനങ്ങൾ

അരികുവത്കരിക്കപ്പെട്ടവരും അക്രമിക്കപ്പെട്ടവരുമായ ആളുകള്‍ക്ക് വേണ്ടിയുള്ള ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ പരിശ്രമങ്ങളുടെ ഫലമായി, ജാർഖണ്ഡിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തീര്‍ത്തും അവഗണിച്ച അക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വെളിച്ചം കണ്ടുതുടങ്ങി. കാര്യങ്ങള്‍ രേഖാമൂലം അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അതുല്യമായ കഴിവും, മറ്റു മനുഷ്യാവകാശ സംഘടനകളുമായി ശൃംഖലകളുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ പാടവവും ചേരുന്നതോടെ ജാർഖണ്ഡ് പോലുള്ള ഒരു സംസ്ഥാനത്തിന്റെ യഥാര്‍ഥ വികസനത്തിനാവശ്യമായ പല പദ്ധതികളും ആവിഷ്‌കരിക്കപ്പെടുന്നു. തന്റെ ജീവിതത്തെ ആദിവാസികളുമായും അവരുടെ ആത്മാഭിമാനവുമായും ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എഴുത്തുകാരനെന്ന നിലക്ക്, പല ഗവണ്‍മെന്റ് പോളിസികള്‍ക്കുമെതിരെ കൃത്യമായ വിമര്‍ശനങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചു. അതുമാത്രമല്ല, അദ്ദേഹത്തിന്റെ കൃത്യവും ശാന്തവുമായ പ്രവര്‍ത്തനങ്ങളും സ്വഭാവത്തിലെ ലാളിത്യവും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കി.

ഈയടുത്ത് ഒരു വിഭാഗം സാമൂഹിക പ്രവര്‍ത്തകര്‍ ഇറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ കാണാം: “ഭൂ നിയമങ്ങളും കുടിയേറ്റ നിയമങ്ങളും ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ ഉറക്കെ വിമര്‍ശിച്ച വ്യക്തിയായിരുന്നു സ്റ്റാന്‍. വനാവകാശ നിയമം, പെസ തുടങ്ങിയ നിയമങ്ങളുടെ കടുത്ത സംരക്ഷകനുമായിരുന്നു. സൗമ്യതയും സത്യസന്ധതയും സാമൂഹിക ബോധവുമുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് നമുക്കറിയാം. അദ്ദേഹത്തോടും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോടും നമുക്ക് വലിയ ബഹുമാനമുണ്ട്”.

അറസ്റ്റും വിചാരണയും

ഫാദര്‍ സ്റ്റാന്‍ വെറും കുറ്റാരോപിതന്‍ മാത്രമാണെന്നും കുറ്റക്കാരനല്ലെന്നുമുള്ള 2018ലെ ബോംബെ ഹൈകോടതിക്ക് മുമ്പാകെയുള്ള ബോധ്യപ്പെടുത്തലിനെ വകവെക്കാതെ, ഒക്‌ടോബര്‍ 8ആം തിയതി ഫാദര്‍ സ്റ്റാനെ റാഞ്ചിയിലെ ബഗിച്ചയിലുള്ള വീട്ടില്‍ നിന്നും എൻ.ഐ.എ അറസ്റ്റു ചെയ്തു.2020 ജൂലൈ 27, 28, 29, 30, ആഗസ്റ്റ്‌ ആറ് എന്നീ തിയതികളിൽ നടന്ന 15 മണിക്കൂര്‍ ചോദ്യംചെയ്യലില്‍ അദ്ദേഹം പൂര്‍ണമായും സഹകരിച്ചതിനെ വകവെക്കാതെയാണ് ഇത് നടന്നത്. അറസ്റ്റിന് രണ്ടു ദിവസം മുൻപ്, ഫാദര്‍ സ്റ്റാന്‍ ഒരു പ്രസ്താവനയിറക്കി. അത് ഇങ്ങനെയാണ്: “അഞ്ചു ദിവസങ്ങളിലായി പതിനഞ്ചു മണിക്കൂറോളം എൻ.ഐ.എ എന്നെ ചോദ്യംചെയ്തു. എന്റെ ബയോഡാറ്റക്കും മറ്റു ചില ഡാറ്റകള്‍ക്കും പുറമേ, എനിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തെളിയിക്കാനായി നേരത്തെ പദ്ധതിയിട്ടത് പ്രകാരം എന്തൊക്കെയോ കാര്യങ്ങള്‍ അവര്‍ എന്റെ കംപ്യൂട്ടറില്‍ നിന്നും എടുത്തുകൊണ്ടുപോയി. ഇവയെല്ലാം കെട്ടിച്ചമച്ചതാണെന്നും, അതെല്ലാം ആരോ ഞാന്‍ അറിയാതെ എന്റെ കംപ്യൂട്ടറില്‍ കയറ്റിവെച്ചതാണെന്നും ഞാന്‍ അവരോട് പറഞ്ഞു. ആരോപണങ്ങളെല്ലാം ഞാന്‍ തള്ളിക്കളഞ്ഞു. ഞാന്‍ കുറ്റാരോപിതനായ ഭീമ-കൊറേഗാവ് കേസുമായി യാതൊരു ബന്ധവുമില്ലാത്തതു പോലെയാണ് ഇപ്പോഴത്തെ എൻ.ഐ.എ അന്വേഷണം മുന്നോട്ടുപോവുന്നത്. ആ കേസില്‍ രണ്ടു വട്ടം (2018 ആഗസ്റ്റ് 28, 2019 ജൂണ്‍ 12) അവര്‍ റെയ്ഡ് നടത്തിയതുമാണ്. എന്നാല്‍, മറ്റു ചില കാര്യങ്ങള്‍ സ്ഥാപിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഒന്ന്, വ്യക്തിപരമായി ഞാൻ തീവ്ര ഇടതു ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നു. രണ്ട്, ഞാന്‍ വഴി ബഗിച്ചയും മാവോയിസ്റ്റുകളുമായി ബന്ധമുള്ള സ്ഥാപനമാണ്. ഈ രണ്ട് ആരോപണങ്ങളും ഞാൻ ശക്തമായി നിരാകരിക്കുന്നു. ആറാഴ്ച്ചത്തെ നിശബ്ദതക്ക് ശേഷം, മുംബൈയിലെ എൻ.ഐ.എ ഓഫീസില്‍ ഹാജറാവാന്‍ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഞാന്‍ അവരെ താഴെപ്പറയുന്ന കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്.

ഒന്ന്, ഇപ്പോള്‍ തന്നെ പതിനഞ്ചു  മണിക്കൂറോളം എന്നെ ചോദ്യംചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇനിയും എന്തിനാണ് ചോദ്യംചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല.

രണ്ട്, എന്റെ പ്രായവും രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗവും കണക്കിലെടുത്താല്‍ ഒരു ദീര്‍ഘദൂര യാത്രക്ക് പറ്റിയ അവസ്ഥയിലല്ല ഞാനുള്ളത്. അതിനുപുറമേ, 65നു മുകളില്‍ പ്രായമായ വൃദ്ധര്‍ ലോക്ഡൗണ്‍ കാലത്ത് പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുതെന്ന് ജാർഖണ്ഡ് സർക്കാർ അറിയിച്ചിട്ടുണ്ട്.

മൂന്ന്, അന്വേഷണ ഏജന്‍സിക്ക് ഇനിയും ചോദ്യംചെയ്യല്‍ ആവശ്യമാണെങ്കില്‍ അത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചെയ്യാവുന്നതാണ്.

എൻ.ഐ.എ എന്റെ അഭ്യര്‍ഥന തള്ളുകയും ഞാന്‍ മുംബൈയിലെത്തണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുകയാണെങ്കില്‍, മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ അത് സാധ്യമല്ലെന്ന് ഞാന്‍ പറയും. ‘മനുഷ്യത്വം’ അതിജീവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇല്ലെങ്കില്‍ ഞാന്‍/നമ്മള്‍ അതിന്റെ അനന്തരഫലം അഭിമുഖീകരിക്കാന്‍ തയ്യാറാണ്. ഈ കാലയളവിൽ എനിക്കായി നിലകൊണ്ട ആളുകളോട് നന്ദി അറിയിക്കുന്നു”. ജനങ്ങളെ തന്റെ മതമാക്കിയ ഈ പുരോഹിതനോട്‌ സ്റ്റേറ്റ് കാണിക്കുന്ന അനീതി ദൗര്‍ഭാഗ്യകരവും അതിക്രമവുമാണ്.

Top