സിദ്ദിഖ് കാപ്പൻ എന്ന മുസ്‌ലിം പത്രപ്രവർത്തകൻ 

ദൽഹി കെയുഡബ്ലിയുജെയുടെ സെക്രട്ടറിയായ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തിട്ട് എന്തുകൊണ്ടാണ് കേരളത്തിൽ അതൊരു വലിയ വിഷയമായി ഉയരാത്തതും ഉയർത്താത്തതും? അദ്ദേഹം അഞ്ചു നേരം നിസ്‌ക്കരിക്കുന്ന മുസ്‌ലിം ആയതിനാലാണ് ഇങ്ങനെ. മുസ്‌ലിം ആയിരിക്കുക എന്നത് ഫാഷിസ്റ്റ്  ഇൻഡ്യയിൽ കാപ്പന്റെ നില കൂടുതൽ പ്രശ്‌നകരമാക്കുന്നു. റെനി ഐലിൻ എഴുതുന്നു.

ഹിന്ദുത്വ ഫാഷിസ്റ്റ് ഇൻഡ്യയിലെ ഏറ്റവും വലിയ ഭീകര സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശിലെ ദലിത് ബലാൽസംഗം റിപ്പോർട്ട് ചെയ്യാൻ പോയ ഒരു മുസ്‌ലിം പത്രപ്രവർത്തകൻ ഭീകര പ്രവർത്തനത്തിന് അറസ്റ്റിലായതിൽ സാധാരണ വകതിരിവുള്ള ആർക്കും അത്ഭുതമൊന്നും ഉണ്ടാകില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ചില മാധ്യമങ്ങളിൽ ഒരു വാർത്ത ഇടയ്ക്കിടെ വന്നു പോയിരുന്നു. “ഹിന്ദുത്വയ്ക്കു വേഗത പോരാ, യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രിയാക്കണം എന്ന് ആവശ്യപ്പെടുന്നു” ഇതായിരുന്നു വാർത്ത. ഒരു ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അമ്പേ പരാജയപ്പെട്ട ഒരു സർക്കാരാണ് യോഗിയുടേത്. അതിന്റെ ഏറ്റവും വലിയ ഉദാഹരങ്ങളാണ് ശിശു മരണങ്ങളും തുടർക്കഥയാകുന്ന ദലിത് മാനഭ൦ഗങ്ങളും.

സിദ്ദീഖ് കാപ്പൻ

സിഎഎ സമരത്തിന്റെ സമയത്ത് ഏറ്റവും കൂടുതൽ മുസ്‌ലിംകളെ വെടിവച്ചു കൊന്ന നാടാണ് യുപി. ലോകത്തിൽ മറ്റെവിടെയെങ്കിലും നമ്മൾ കേട്ടിട്ടുണ്ടോ ടിവി ചാനലുകാരെ വിളിച്ച്  ലൈവായി വ്യാജ ഏറ്റുമുട്ടൽ കൊല നടത്തിയതിനെ കുറിച്ച്? അതിന്റെഖ്യാതിഅവകാശപ്പെടുന്ന നാടാണത്. ഇനി പത്രക്കാരുടെ കാര്യം എടുത്താൽ സ്ഥിതി വളരെ ക്രൂരമാണ്. ഷാംലി എന്ന സ്ഥലത്തു റിപ്പോർട്ടിങിന് പോയ ഒരു പത്രപ്രവർത്തകനെ പോലീസ് നിലത്തിട്ടു ചവിട്ടിയതിനു ശേഷം വായിലേക്ക് മൂത്രം ഒഴിച്ച വാർത്ത മാധ്യമങ്ങളിലെല്ലാം വന്നതാണ്. ക്വാറന്റൈൻ സെന്ററിന്റെ ശോചനീയാവസ്ഥ പുറത്തറിയിച്ചതിന് മറ്റൊരു പത്രപ്രവര്‍ത്തകനെതിരെയും പീഡനം നടന്നു. ഹിന്ദു ദിനപത്രത്തിന്റെ ഒമര്‍ റഷീദിന് പോലീസ് സ്റ്റേഷനിൽ വച്ചുണ്ടായ പീഡനങ്ങളുടെ പ്രധാന കാരണo അദ്ദേഹം മുസ്‌ലിംമായതുകൊണ്ടു കൂടിയാണ്. യോഗിക്കെതിരെ ട്വിറ്റർ പരാമർശം നടത്തിയ പ്രശാന്ത് ജെ. കനോജിയ എന്ന പത്രപ്രവർത്തകനെ സുപ്രീംകോടതി ഇടപെട്ടാണ് തടവിൽ നിന്ന് മോചിപ്പിച്ചത്. ഇത്തരത്തിൽ മാധ്യമ വിരുദ്ധ ഭീകരത നിലനിൽക്കുന്ന ഒരു നാട്ടിലാണ് തന്റെ ജീവനെ പോലും അവഗണിച്ചുകൊണ്ട് ഒരു ദലിത് സ്ത്രീയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്ന സംഭവം റിപ്പോർട്ട് ചെയ്യാൻ പോയതെന്ന് ഓര്‍മ വേണം

ആദ്യം തേജസ് പത്രത്തിൽ ജോലി ചെയ്തുവെങ്കിലും പത്രം പിന്നീട് അടച്ചുപൂട്ടി. രണ്ടാമത് ജോലി ചെയ്ത തത്സമയം എന്ന സായാഹ്ന പത്രവും അടിച്ചുപൂട്ടി. ഉത്തർപ്രദേശ് പോലീസ് പിടികൂടുന്ന സമയം സിദ്ദീഖ്‌ അഴിമുഖം വെബ് പോർട്ടലിനു വേണ്ടി ജോലി ചെയ്യുകയായിരുന്നു. സ്വാഭാവികമായും ഒരു സാധാരണ വെബ് പോർട്ടലിൽ ജോലി ചെയുന്ന വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന് കിട്ടിയിരുന്ന പ്രതിഫലം അത്ര മികച്ചതൊന്നും അല്ലായിരുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന് ഹഥ്രാസിൽ പോകുന്നതിന് മറ്റൊരു വാഹനം ആശ്രയിക്കേണ്ടി വന്നത്. ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ പത്രപ്രവർത്തകർ മറ്റു വാഹന സൗകര്യങ്ങൾ ഉപയോഗിക്കുന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. പോലീസ് പിടികൂടിയ മറ്റു രണ്ടു പേരായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന വിദ്യാർഥി പ്രസ്ഥാനത്തിന്റെ  നേതാക്കളായ അതീഖുർ റഹ്മാൻ ദേശീയ ഖജാൻജിയും മസൂദ് അഹമ്മദ് ദൽഹി സംസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയുമാണ്. വാടകയ്ക്ക് എടുത്ത കാറിന്റെ ഡ്രൈവറിനെയാണ് മറ്റൊരു തീവ്രവാദിയായി ചിത്രീകരിച്ചിരിക്കുന്നത്. കാമ്പസ് ഫ്രണ്ട് ഒരു നിരോധിത സംഘടന അല്ല എന്ന് ഏതൊരു സംഘപരിവാർ അനുകൂലിക്കും അറിയാമെങ്കിലും ഫാഷിസത്തിനെതിരായ  അവരുടെ നിലപാടിൽ വിട്ടുവീഴ്ച ഇല്ലാത്തതിനാൽ സ്വാഭാവികമായും അത് സിദ്ദീഖിനെതിരായ ഒരു ആയുധമാക്കി.

ദൽഹി കെയുഡബ്ലിയുജെയുടെ സെക്രട്ടറിയായ സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തിട്ട് എന്തുകൊണ്ടാണ് കേരളത്തിൽ അതൊരു വലിയ വിഷയമായി ഉയരാത്തതും ഉയർത്താത്തതും? അദ്ദേഹം അഞ്ചു നേരം നിസ്ക്കരിക്കുന്ന മുസ്‌ലിം ആയതിനാലാണ് ഇങ്ങനെ. മുസ്‌ലിം ആയിരിക്കുക എന്നത് ഫാഷിസ്റ്റ്  ഇൻഡ്യയിൽ കാപ്പന്റെ നില കൂടുതൽ പ്രശ്നകരമാക്കുന്നു. പത്ത് കൊല്ലം മുൻപ് കെ.കെ. ഷാഹിനയ്ക്കെതിരെ കർണാടക പോലീസ് യുഎപിഎ ചാർത്തിയപ്പോൾ ഉണ്ടായ ബഹളം ഞാനോർക്കുന്നുണ്ട്. അവരുടെ മതനിരാസ ജീവിതവും ഇടതുപക്ഷ രാഷ്ട്രീയവുമായി ചേർന്നുള്ള യാത്രയും ഒരു പരിധിവരെയെങ്കിലും പിന്തുണയും പ്രചരണവും ലഭിക്കുന്നതിന് സഹായിച്ചു. എന്നിട്ടും കേരള സമൂഹത്തിൽ നിന്നു ആവശ്യമായ പിന്തുണ അവർക്ക് ലഭിച്ചോ എന്ന കാര്യം സംശയമാണ്. കാരണം കെ.കെ ഷാഹിന അന്വേഷിക്കാൻ പോയത് അബ്ദുന്നാസർ മഅദനി എന്ന മനുഷ്യന്റെ കേസിനെക്കുറിച്ചാണ്. അത് പലർക്കും ഒട്ടും ഉൾക്കൊള്ളാൻ പറ്റില്ല. കാരണം മഅദനി ഒരുഭീകരൻആണല്ലോ. കെ.കെ. ഷാഹിന നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ പച്ച ബ്ലൗസ് എന്ന പുസ്തകത്തിൽ ജി.പി.രാമചന്ദ്രൻ വിവരിക്കുന്നുണ്ട്. കുറിപ്പ് എഴുതുമ്പോൾ സംഘപരിവാർ മുഖപത്രമായ ജന്മഭൂമി എഴുതിയിരിക്കുന്നത് പത്രപ്രവർത്തകരിൽ ഒരു വിഭാഗം ഡൽഹിയിൽ കാപ്പന് വേണ്ടി നടന്ന പ്രതിഷേധ പരിപാടി ബഹിഷ്ക്കരിച്ചതാണ്. അന്വേഷിച്ചപ്പോൾ അത് സത്യവുമാണ്. മുഖ്യധാരാ പത്രമാധ്യമങ്ങൾ ഇന്ന് സംഘപരിവാറിനെതിരെ ശബ്ദിക്കുന്ന കാലഘട്ടം കഴിഞ്ഞിരിക്കുകയാണ്. പത്ര ലോകത്ത് ഇത്തരം പ്രതിസന്ധികൾ ദിനംപ്രതി  വർധിച്ചുകൊണ്ടിരിക്കുന്നു. മാധ്യമ പ്രവർത്തനം അപകടകരമായ ഒരു ജോലിയായി സംഘപരിവാർ കാലഘട്ടത്തിൽ പരിണമിക്കപ്പെട്ടു കഴിഞ്ഞു. സിദ്ദീഖ് കാപ്പൻ ഒരു വെബ്സൈറ്റ് തുടങ്ങി അതിലൂടെ പണം പിരിക്കാൻ ശ്രമിച്ചു എന്നൊക്കെയാണ് പോലീസ് ഭാഷ്യം. ജീവിക്കാൻ നെട്ടോട്ടമോടിയ മനുഷ്യന്റെ കോടികളുടെ കണക്കറിയാൻ ഇതിനിടെ എൻഫോഴ്മെന്റ് വിഭാഗം ചോദ്യം ചെയ്തു കഴിഞ്ഞു. വളരെ നിസാര വകുപ്പുകൾ ചേർത്ത ആദ്യത്തെ  എഫ്ഐആർ ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും ഭീകര കുറ്റങ്ങൾ ചാർത്തിയ പുതിയ എഫ്ഐറാക്കി. കോടതിയിൽ കമാൻഡോ അകമ്പടിയോടുകൂടി ഹാജാരാക്കി ലോകത്തിനു മുന്നിൽ വലിയ ഒരു ഭീകരവാദിയാക്കി ചിത്രീകരിക്കുന്നു. എല്ലാറ്റിനുമുപരി യുഎപിഎ കുറ്റം ഉണ്ടെന്ന കാര്യം പ്രത്യേകം പരാമർശിക്കേണ്ട കാര്യമില്ലല്ലോ. ഏറ്റവുമൊടുവിൽ ദൽഹി കലാപത്തിന്റെ പേരിലും കുറ്റം ചാർത്തി. കലാപം നടത്തിയവർ നിരപരാധികളും, ഇരകളും അനീതിക്കെതിരെ ശബ്ദിച്ചവരും കുറ്റക്കാരും ആകുകയാണ്

ഫാഷിസത്തിന്റെ ഭീകര കാലഘട്ടത്തിൽ സത്യം വിളിച്ചു പറയാൻ ഏതൊരു മനുഷ്യ സ്നേഹിക്കും കടമയുണ്ട്. ഒരു പത്രപ്രവത്തകൻ എന്ന നിലയിൽ തന്റെ തൊഴിൽ ചെയ്യാൻ പോയ സിദ്ദീഖ് കാപ്പനാണ് ജയിലിലടയ്ക്കപ്പെട്ടത്. അനീതിക്കെതിരെ  മൗനം കനത്തു വരുമ്പോൾ രാജ്യം വളരെ വേഗത്തിൽ ദുരന്തത്തിലേക്ക് കുതിക്കുന്നു. പക്ഷേ നിശബ്ദതയെ ഇല്ലാതാക്കിയേ മതിയാകൂ.    

Top