അനുഭവവും സിദ്ധാന്തവും : ഇസ്‌ലാമും ലിംഗ രാഷ്ട്രീയവും 9/11 നു ശേഷം

9/11 നു ശേഷം പ്രസിദ്ധീകരിക്കപ്പെട്ട ‘പള്‍പ്പ് ഫിക്ഷനുകള്‍’ യാതൊരു വിധ സാഹിത്യ മൂല്യമോ സാമൂഹ്യ പഠനങ്ങളുടെ പിൻബലമോ ഇല്ലാതിരുന്നിട്ടും എന്തുകൊണ്ട് കേരളത്തില്‍ സ്വീകരിക്കപ്പെട്ടു?. മുസ്‌ലിം സ്ത്രീയെ പറ്റി പുറത്തുവന്ന ഇസ്‌ലാമോഫോബിക്ക് ആയ ഈ പുസ്തകങ്ങള്‍ മാത്രം ഇവിടെ വിപണിയുടെ ഭാഗമാവുകയും സാമ്രാജ്യത്വ വിരുദ്ധ സ്വഭാവമുള്ള മുസ്‌ലിം സ്ത്രീ പഠനങ്ങള്‍ വായനയുടെയും വിപണിയുടെയും പുറത്തു നിറുത്തപ്പെടുകയും ചെയ്തു. കേരളം പോലെ ഇടതുപക്ഷ രാഷ്ട്രീയത്തിനു സ്വീകാര്യതയുള്ള ഒരു സ്ഥലത്ത്, മുസ്‌ലിം സ്ത്രീകളെ പറ്റിയുള്ള സാമ്രാജ്യത്വ വായനകള്‍ എളുപ്പം സ്വീകരിക്കപ്പെടുന്നത് കേരളത്തില്‍ പ്രബലമായ ‘അടിച്ചമര്‍ത്തപെട്ട മുസ്‌ലിം സ്ത്രീ’ എന്ന വാര്‍പ്പ്മാതൃകയെ ആഗോള ഭാവനയായി സ്വയം വികസിപ്പിച്ചുകൊണ്ടാണ്. ഇത് 9/11നു ശേഷമുള്ള അധിനിവേശ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. ഉമ്മുൽ ഫായിസ എഴുതുന്നു.

മുസ്‌ലിം സ്ത്രീ അനുഭവങ്ങളെ വായിക്കേണ്ടത് എങ്ങനെയാണ്?  9/11 നു ശേഷം ഇസ്‌ലാമുമായി ബന്ധപ്പെട്ടു ലോകമെമ്പാടും ഉന്നയിക്കപ്പെട്ട പ്രധാന പ്രശ്നമായിരുന്നു ഇത്. ലോകത്തിന്‍റെ വിവിധ ഭാഗത്തുള്ള  മുസ്‌ലിം സമൂഹങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ഗാര്‍ഹിക പീഡനങ്ങള്‍, ശൈശവ വിവാഹം, സ്ത്രീ ചേലാകര്‍മം, ദുരഭിമാന കൊല, വംശീയ വിദ്വേഷം  തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ-ലിംഗ പ്രശ്നങ്ങള്‍ അക്കാലത്ത് വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇതിന്‍റെയൊക്കെ ബഹുവിധ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആഖ്യാനങ്ങള്‍  ലിബറല്‍/മുതലാളിത്ത സ്വഭാവമുള്ള മുഖ്യധാരാ മാധ്യമങ്ങളിലൂടെയും പ്രസാധന വ്യവസായത്തിലൂടെയും പ്രചരിപ്പിക്കപ്പെട്ടു. ആ മേഖലയില്‍ വലിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കിയത്  മുസ്‌ലിം സ്ത്രീകളുടെ അനുഭവ എഴുത്തുകളാണ്. ഈ അനുഭവമെഴുത്തിന്‍റെ വികാസമുണ്ടാക്കിയ സൈദ്ധാന്തിക സമസ്യകളുടെ ചില സാധ്യതകളാണ്  ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.

ദോറ അഹ്മദ്

ദോറ അഹ്മദ്

പള്‍പ്പ് ഫിക്ഷന്‍  

വളരെ നാളായി വിവര്‍ത്തന കൃതികള്‍ ധാരാളം വായിക്കുന്ന കേരളം പോലുള്ള സ്ഥലത്ത് മുസ്‌ലിം സ്ത്രീയുടെ അനുഭവമെഴുത്തിന്‍റെ വിവര്‍ത്തനം പുതിയ സാഹിത്യ ശാഖയായി തന്നെ വികസിച്ചു വന്നു. നോര്‍മ ഖൂറിയുടെ ഫൊര്‍ബിഡൻ ലവ് എ ഹാരോയിങ് സ്റ്റോറി ഒഫ് ലവ് ആൻഡ് റിവെഞ്ജ്  ഇൻ ജോര്‍ദൻ(Forbidden Love: A Harrowing Story of Love and Revenge in Jordan), അസര്‍ നഫീസിയുടെ  റീഡിങ് ലോലിത ഇൻ തെഹ്റാൻ (Reading Lolita in Tehran), കാര്‍മന്‍ ബിന്‍ ലാദന്‍റെ മൈ ലൈഫ് ഇൻ സൗദി അറേബ്യ (My Life in Saudi Arabia), ഇര്‍ഷാദ് മഞ്ചിയുടെ ട്രബ്ൾ വിത് ഇസ്ലാം (Trouble with Islam), അയാന്‍ ഹിര്‍സി അലിയുടെ  കെയ്ജ്ഡ് വിര്‍ജിൻ (Caged Virgin), ഇൻഫി‍ഡൽ ( Infidel) തുടങ്ങിയ പുസ്തകങ്ങള്‍ മലയാളികള്‍ ഇംഗ്ലീഷിലും മലയാളത്തിലും വായിച്ചിട്ടുണ്ട്. ഇതൊക്കെ കേരളത്തില്‍ എത്തുന്നതിനു മുന്‍പു തന്നെ ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിച്ചു കൊണ്ട് ആഗോള തലത്തില്‍  ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയിരുന്നു. അതിന്‍റെ ആഗോള പ്രതിഫലനമായാണ് കേരളത്തിലും ഇത്തരം പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായത്. പല പുസ്തകങ്ങളുടെയും നിരൂപണങ്ങള്‍ മുഖ്യധാര ആനുകാലികങ്ങളില്‍ അച്ചടിച്ചു വരികയും ചെയ്തു.   ഇറാഖ്–അഫ്ഗാന്‍  അധിനിവേശ രാഷ്ട്രീയത്തെ പ്രത്യക്ഷമായിത്തന്നെ പിന്തുണച്ച, സാമ്രാജ്യത്വവാദികളായ അസര്‍ നഫീസിയും അയാന്‍ ഹിര്‍സി അലിയും ഇര്‍ഷാദ് മഞ്ചിയും വഫ സുല്‍ത്താനയും കേരളത്തില്‍ ഏറെ ആഹ്ലാദത്തോടെയാണു സ്വീകരിക്കപ്പെട്ടത്. അഫ്ഗാനില്‍ സ്ത്രീ വിമോചനത്തിന്‍റെ പേരില്‍ നടന്ന അമേരിക്കന്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരില്‍ എഴുപത്തഞ്ചു ശതമാനം സ്ത്രീകളും കുട്ടികളുമാണെന്ന വസ്തുത വിസ്മരിച്ചു കൊണ്ടായിരുന്നു ഇത്.

മലയാളത്തില്‍ ഏറെ ആഘോഷിക്കപെട്ട അനുഭവമെഴുത്താണ് യുറോപ്പിലെയും അമേരിക്കയിലെയും ഇസ്‌ലാമോഫോബിയ വ്യവസായികളുടെയും സാമ്രാജ്യത്വ ചിന്തകരുടെയും  ഇഷ്ടഭാജനമായ അയാന്‍ ഹിര്‍സി അലിയുടേത്. എന്നാല്‍ അസര്‍ നഫീസിയുടെ Reading Lolita in Tehran, അയാന്‍ ഹിര്‍സി അലിയുടെ Caged Virgin തുടങ്ങിയ പുസ്തകങ്ങളെ  ഫെമിനിസ്റ്റ് സാഹിത്യ ഗവേഷകയായ  ദോറ അഹ്മദ് ‘പള്‍പ്പ് ഫിക്ഷന്‍’ എന്നു വിശേഷിപ്പിക്കുന്നുണ്ട്. രണ്ടു പ്രധാന വിമര്‍ശനം ദോറ അഹ്മദ് ഉന്നയിച്ചു. ഒന്ന്,  ഈ ആഖ്യാനങ്ങള്‍ ഇസ്‌ലാമിക ലോകത്തെ, സ്ത്രീ വിവേചനവും പീഡനങ്ങളും നിറഞ്ഞ ഏകപക്ഷീയ ഇടങ്ങളായി കേവലാര്‍ഥത്തില്‍ ചിത്രീകരിക്കുന്നതില്‍ ശ്രദ്ധയൂന്നുന്നു. രണ്ട്,  ഈ വിവരണങ്ങള്‍ അവ പ്രതിനിധാനം ചെയ്യുന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ, ഒരു ജീവിതാസക്തിയും അവശേഷിക്കാത്ത നരകതുല്യമായ ഇടങ്ങളായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ നവ ലിബറല്‍ ശക്ത്തികള്‍ക്ക്  രാഷ്ട്രീയമായി കൊല്ലപ്പെടാനും സാമ്പത്തികമായി പീഡിപ്പിക്കപ്പെടാനും പാകമായ ജനസമൂഹങ്ങളെ ഒരുക്കുകയും ചെയ്യുന്നു.

സ്ത്രീവിരുദ്ധരും നവ യാഥാസ്ഥികരും അധിനിവേശത്തെ പിന്തുണയ്ക്കുന്നവരുമായ പുരുഷ/വലതുപക്ഷ രാഷ്ട്രീയക്കാരുമായുള്ള അയാന്‍ ഹിര്‍സി അലിയുടെയൊക്കെ ബന്ധത്തെ ഈജിപ്ഷ്യന്‍ ചരിത്രകാരിയായ ലൈല അഹ്മദും പാകിസ്ഥാനി–അമേരിക്കന്‍  നരവംശ

സബ മഹ്മൂദ്

സബ മഹ്മൂദ്

ശാസ്ത്രജ്ഞയായ സബ മഹ്മൂദും പ്രശ്നവത്ക്കരിക്കുന്നുണ്ട്. ഹോളണ്ടിലും അമേരിക്കയിലുമുള്ള സ്ത്രീപക്ഷ മുന്നേറ്റങ്ങളെയും കുടിയേറ്റ/വംശീയ ന്യൂനപക്ഷ സമുദായത്തിലെ  സ്ത്രീകളെയും നിഷ്കരുണം എതിര്‍ക്കുകയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് അയാന്‍ ഹിര്‍സി അലിയെ പിന്തുണക്കുന്നതും സ്പോണ്‍സര്‍ ചെയ്യുന്നതും. അതായത് സ്ത്രീകളുടെ വോട്ടവകാശത്തെപ്പോലും നിരാകരിക്കുന്നവരുമായാണ് അയാന്‍ ഹിര്‍സി അലി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും സഹകരിക്കുകയും ചെയ്യുന്നത്. ഇത് ‘സ്ത്രീ അനുഭവം’ എന്ന മറ ഉപയോഗിച്ചു കൊണ്ട് മുസ്‌ലിം സമൂഹങ്ങളെ അധിനിവേശം ചെയ്യാനും രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്ന പുത്തന്‍ അധിനിവേശ താത്പര്യത്തെ വ്യക്തമായി തുറന്നു കാട്ടുന്നുണ്ടെന്ന് ലൈല  അഹ്മദും സബ മഹ്മൂദും വിലയിരുത്തുന്നു.

ഇസ്‌ലാമിക ഫെമിനിസം,  ക്രിട്ടിക്കല്‍ തിയറി, പോസ്റ്റ്‌ കൊളോണിയല്‍ ഫെമിനിസ്റ്റ് ആന്ത്രോപോളജി ഇവയുടെ മേഖലകളില്‍ മുസ്‌ലിം സ്ത്രീപഠനങ്ങള്‍ വമ്പിച്ച മുന്നേറ്റം കാഴ്ചവെക്കുമ്പോഴാണ് ഈ അജ്ഞത മലയാളി വായനക്കാര്‍ സ്വയം അറിഞ്ഞുകൊണ്ടുതന്നെ ആഘോഷിച്ചത്. മുസ്‌ലിം സ്ത്രീകളെപ്പറ്റിയുള്ള ഗഹനമായ പഠനങ്ങള്‍ ഒന്നും തന്നെ ഗൗരവമായി വായിക്കാത്ത മലയാളികള്‍ തന്നെയാണ് ദോറ അഹമദ് സൂചിപ്പിച്ച പള്‍പ്പ് ഫിക്ഷന്‍റെ വായനക്കാരായി തങ്ങളുടെ മുസ്‌ലിം സ്ത്രീ ആകാംക്ഷകളെ പൂര്‍ത്തീകരിച്ചത്. ഇന്നിപ്പോള്‍ തങ്ങള്‍ വായിച്ച ആഗോള മുസ്‌ലിം സ്ത്രീ അനുഭവങ്ങള്‍ക്കു സമാനമായി കേരളത്തിലും സമാനമായ  അനുഭവങ്ങള്‍ കണ്ടെടുക്കാന്‍ മലയാളികളില്‍ ചിലരെങ്കിലും ശ്രമിക്കുന്നത് സൂക്ഷ്മ വായനയില്‍ നമുക്കു കാണാന്‍ കഴിയുന്നുണ്ട്. (അതെങ്ങനെ സാധ്യമായി എന്ന ചര്‍ച്ച മറ്റൊരു അവസരത്തിലേക്കു മാറ്റിവെക്കുകയാണ്).

ലൈല അബു-ലുഗോദും ലൈല അഹ്മദും    

മുസ്‌ലിം സ്ത്രീകളുടെ അനുഭവങ്ങളായോ അനുഭവം മുന്‍നിറുത്തിയുള്ള  ജീവിത കഥകളായോ നോവലുകളായോ ആണ് മുകളില്‍ സൂചിപ്പിച്ച ചില എഴുത്തുകള്‍ മാര്‍ക്കറ്റുകളില്‍ എത്തുന്നത്. ഉപരിപ്ലവ  വായനകള്‍ മാത്രമായി ആ അര്‍ഥത്തില്‍ മുസ്‌ലിം സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണം മാറ്റപ്പെടുന്നു. ഈ പഠനങ്ങള്‍ പലപ്പോഴും നേരിട്ടു തന്നെ സാമ്രാജ്യത്വ/അധിനിവേശ, വംശീയ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതായാണ് അനുഭവപ്പെടുന്നത്. എന്നാല്‍ വളരെ സ്വതന്ത്രമായ ഫെമിനിസ്റ്റ് അന്വേഷണങ്ങള്‍ ഈ സംസ്കാര വ്യവസായത്തിന്‍റെ തിക്കിനും തിരക്കിനുമിടയില്‍ വായനക്കാരുടെ കണ്ണില്‍പ്പെടാതെ പോയി. മുസ്‌ലിം സ്ത്രീക്കെതിരായ പൊതുബോധത്തെ മുറിച്ചു കടക്കാന്‍ താല്പര്യമുള്ളവര്‍ മാത്രമാണ് മാധ്യമ കേന്ദ്രീകൃതമായ ഈ വായനയെ മറികടന്നത്. ഈ മേഖലയില്‍ പുറത്തുവന്ന പ്രധാനപെട്ട ചില കൃതികള്‍ പുതിയ പോസ്റ്റ്‌കൊളോണിയല്‍ സ്ത്രീ രാഷ്ട്രീയത്തിന്‍റെ ഭാഗമാവേണ്ടതുണ്ട്.

സാമ്രാജ്യത്വ രാഷ്ട്രീയത്തെ അറിഞ്ഞോ അറിയാതെയോ പിന്തുണയ്ക്കുന്ന മുസ്‌ലിം അനുഭവമെഴുത്തിന്‍റെ ഉള്ളടക്കത്തെയും അതിന്‍റെ രാഷ്ട്രീയത്തെയും  മുസ്‌ലിം സ്ത്രീയുടെ പേരില്‍ നടക്കുന്ന മനുഷ്യാവകാശ കാമ്പയിനുകളെയും വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്നതാണ് ഫെമിനിസ്റ്റ് നരവംശശാസ്ത്രത്തിലെ പ്രധാന ശബ്ദമായ  ലൈല അബു ലുഗോദിന്‍റെ  ഡു മുസ്ലിം നീഡ് സേവിങ് ? (Do Muslim Women Need Saving?) എന്ന പുസ്തകം. 2013 നവംബറിലാണു പുസ്തകം

ഫാത്തിമ കേശവർസ്

ഫാത്തിമ കേശവർസ്

പുറത്തിറങ്ങിയത്. 9/11 നു ശേഷമുള്ള മുസ്‌ലിം അനുഭവമെഴുത്തിന്‍റെ രാഷ്ട്രീയം വിമര്‍ശനാത്മകമായി പരിശോധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പഠനമാണിത്. ഫെമിനിസ്റ്റ് അന്ത്രോപോളജിയിലെ പ്രധാന ശബ്ദമായ ലുഗോദ് അതുകൊണ്ടു തന്നെ ശ്രമകരമായ  ദൗത്യമാണ് ഏറ്റെടുക്കുന്നത്. ഇതിനു മുന്‍പ് സബ മഹ്മൂദ്, ഹാമിദ് ദബാശി തുടങ്ങിയവരുടെ പഠനങ്ങളിലാണ് ഇത്രയും വിപുലമായി സാഹിത്യത്തിലെയും അനുഭവാഖ്യാനങ്ങളുടെയും മേഖലയിലെ മുസ്‌ലിം സ്ത്രീ പ്രതിനിധാനങ്ങളിലെ ഇസ്‌ലാമോഫോബിയയെ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍  കടന്നുവന്നിരുന്നത്. മുസ്‌ലിം സ്ത്രീ അനുഭവങ്ങളെ വായിക്കുമ്പോഴും അടയാളപ്പെടുത്തുമ്പോഴും മാധ്യമങ്ങളും നയ രൂപവത്കരണ വിദഗ്ധരും ചെയ്യുന്ന  വിശകലനപരമായ ചില അട്ടിമറികള്‍ ലുഗോദ് തുറന്നു കാട്ടുന്നുണ്ട്.

സമാനമായി 2011- ല്‍  ലൈല അഹ്മദ് The Quite Revolution: The Veils’s Resurgence, from Middle East to America  എന്ന പുസ്തകത്തിലൂടെ  അറബ് സെക്കുലര്‍ ഫെമിനിസ്റ്റ് എന്ന നിലയില്‍, വിശ്വാസിനികളായ മുസ്‌ലിം സ്ത്രീകളുമായുള്ള ആശയ വിനിമയത്തിന്‍റെ അനുഭവങ്ങള്‍ തുറന്നു പറയുന്നുണ്ട്. ഇസ്‌ലാമോഫോബിയക്കെതിരായും അതേസമയം പോസ്റ്റ്‌-സെക്കുലര്‍ ഫെമിനിസത്തിന്‍റെയും സാധ്യതകളാണ്  അഹ്മദ് നല്‍കുന്നത്. ഈജിപ്തിലെ അറബ് സെക്കുലര്‍/ലിബറല്‍ ഫെമിനിസത്തിന്‍റെ കൊളോണിയല്‍ വേരുകള്‍ വിമര്‍ശിക്കുന്നുണ്ട് ലൈല അഹ്മദ്. എന്നാല്‍ ഇതേ ഫെമിനിസ്റ്റ് മൂല്യങ്ങള്‍ – വേറെ രീതിയിലാണെങ്കിലും- ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലെ സ്ത്രീകളില്‍ ഉണ്ടാക്കിയ മാറ്റങ്ങളും അവര്‍  അടയാളപ്പെടുത്തുന്നു. ഇന്നത്തെ ലോക സാഹചര്യത്തില്‍ ഇസ്‌ലാമിന്‍റെ അപരത്വത്തെ കാണാനുള്ള ഫെമിനിസത്തിന്‍റെ സാധ്യതയെത്തന്നെയാണ് ലൈല അഹ്മദ് വെളിവാക്കുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ വിശ്വാസം, മതം ഇവയെക്കുറിച്ചുള്ള സെക്കുലര്‍- ലിബറല്‍- ഫെമിനിസ്റ്റ് നിര്‍ണയങ്ങളെ അവര്‍ പുന:പരിശോധിക്കുകയും ചെയ്യുന്നു.

ഈ രണ്ടു പഠനങ്ങളിലും അറബ് ലോകത്തെയും മുസ്‌ലിം സമൂഹങ്ങളിലെയും സ്ത്രീ ജീവിതത്തെക്കുറിച്ചുള്ള ഒറിയന്‍റലിസ്റ്റ്/കൊളോണിയല്‍ ആകാംക്ഷകളെ തിരുത്തുന്നതു കാണാന്‍ കഴിയും. അതോടൊപ്പം തന്നെ ഫെമിനിസ്റ്റ് രീതിശാസ്ത്രത്തെ കയ്യൊഴിയാതെ തന്നെ സാമ്രാജ്യത്വ അനുകൂലമായതും നിര്‍ണയവാദപരവുമായ സ്ത്രീ ആഖ്യാനങ്ങളെയും അനുഭവ വിവരണങ്ങളെയും അവര്‍ വിമര്‍ശിക്കുന്നുമുണ്ട്.

അനുഭവവും ആഖ്യാനവും  

മേല്‍ സുചിപ്പിച്ച പഠനങ്ങളില്‍ മുസ്‌ലിം സ്ത്രീ അനുഭവത്തെ വായിക്കുമ്പോള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാണുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇസ്‌ലാമിനെക്കുറിച്ചുള്ള നിര്‍ണയ വാദങ്ങള്‍ മുസ്‌ലിം സ്ത്രീ അനുഭവവായനയുടെ മുഖ്യ പരിമിതിയായി ഈ പഠനങ്ങള്‍ തിരിച്ചറിയുന്നു.

ഉദാഹരണത്തിന്, ബംഗ്ലാദേശില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ആസിഡ് ആക്രമണത്തെക്കുറിച്ചുള്ള യൂറോപ്യന്‍ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ ലുഗോദ് വിശകലനം ചെയ്യുന്നുണ്ട്. ഇത് ബംഗ്ലാദേശി സ്ത്രീകളെക്കുറിച്ചുള്ള ഉത്കണ്ഠ എന്നതിലുപരി, യുറോപ്പിലെ തന്നെ കുടിയേറ്റ മുസ്‌ലിംകളായ ബംഗ്ലാദേശികളെക്കുറിച്ചുള്ള ഉത്കണ്ഠയായാണു പ്രാഥമികമായി മനസ്സിലാക്കേണ്ടത്. സ്വന്തം നാട്ടില്‍ നടക്കുന്ന ആസിഡ് ആക്രമണത്തിനെതിരെ നിരവധി ബംഗ്ലാദേശി സ്ത്രീ സംഘടനകള്‍ കുറേ നാളുകളായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എന്നാല്‍ പല യുറോപ്യന്‍ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതു പോലെ ഏതെങ്കിലും ഇസ്‌ലാമിക മൂല്യങ്ങളല്ല, മറിച്ച് ലൈംഗിക/പ്രണയ താല്‍പര്യങ്ങളെ നിരസിക്കുന്നതോ ഭൂമിയുടെ അവകാശ തര്‍ക്കങ്ങളോ ആണ് ഇത്തരം ആക്രമണങ്ങള്‍ക്കു കാരണമെന്ന് ബംഗ്ലാദേശി എഴുത്തുകാരിയായ എലോറ ചൗധരി വിവരിക്കുന്നു. മതവും രാഷ്ട്രീയവും സാമ്പത്തിക ഘടകങ്ങളും ഒക്കെ കൂടിച്ചേര്‍ന്ന ഈ സ്ത്രീവിരുദ്ധ ഹിംസകളെ ഇസ്‌ലാമിലേക്കു മാത്രം ചുരുക്കുന്നതിന്‍റെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ വിശകലനപരമായ അര്‍ഥത്തില്‍ അങ്ങേയറ്റം ഫെമിനിസ്റ്റ് വിരുദ്ധമായ സത്താവാദം കാണാവുന്നതാണ്.

ലൈല അബൂ-ലുഗോദ്

ലൈല അബൂ-ലുഗോദ്

ഇതിനെതിരെ ബംഗ്ലാദേശില്‍ നടക്കുന്ന  പ്രാദേശിക കാമ്പയിനുകള്‍ക്ക് ആഗോള തലത്തിലും സ്വീകാര്യത ലഭിക്കുന്നുണ്ടായിരുന്നു. പിന്നീട് ഇതിനെക്കുറിച്ചുള്ള  ടി.വി ഡോക്യുമെന്ററി ഒരു അമേരിക്കന്‍ പ്രൊഡക്ഷന്‍ കമ്പനി പുറത്തിറക്കി. ആഗോള മനുഷ്യാവകാശ സംഘടനയായ ‘ആംനസ്റ്റി ഇന്‍റര്‍നാഷണല്‍’ ഈ ഡോക്യുമെന്‍ററിക്കു് അവാര്‍ഡ് നല്‍കുകയും ചെയ്തു. ഇതിലൂടെ, അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിം സ്ത്രീകള്‍ക്കു പുതു ജീവിതം നല്‍കിയത് ‘നാഗരികരായ പാശ്ചാത്യരാണെന്നു’ പ്രചരിപ്പിക്കപ്പെട്ടു. അത് ബംഗ്ലാദേശില്‍ നടക്കുന്ന  പ്രാദേശിക കാമ്പയിനുകളുടെ സങ്കീര്‍ണതയെയും അതിനെതിരായി പോരാട്ടം നടത്തുന്ന മുസ്‌ലിം സ്ത്രീകളുടെ മതജീവിതത്തെയും കുറച്ചു കാട്ടിയെന്നു ചൗധരി വിമര്‍ശിക്കുന്നു.

പലപ്പോഴും ഒരു പ്രാദേശിക സാഹചര്യത്തില്‍ മുസ്‌ലിം സ്ത്രീക്കെതിരെ നടക്കുന്ന അക്രമത്തിനു് ബഹുവിധ സാഹചര്യങ്ങള്‍ ഉണ്ടെന്നാണു ലുഗോദ് പറയുന്നത്. അതിന്‍റെ കാരണം ഇസ്‌ലാമിലേക്കു മാത്രം എന്ന രീതിയില്‍ ചുരുക്കുന്നതിനു് രാഷ്ട്രാന്തര അധിനിവേശ രാഷ്ട്രീയത്തിനും പുതിയ കാലത്തെ ഇസ്‌ലാമോഫോബിയക്കും നല്ല പങ്കുണ്ടെന്നും അവര്‍ വാദിക്കുന്നു.

പലപ്പോഴും ഒരു പ്രാദേശിക സാഹചര്യത്തില്‍ മുസ്‌ലിം സ്ത്രീക്കെതിരെ നടക്കുന്ന അക്രമത്തിനു് ബഹുവിധ സാഹചര്യങ്ങള്‍ ഉണ്ടെന്നാണു ലുഗോദ് പറയുന്നത്. അതിന്‍റെ കാരണം ഇസ്‌ലാമിലേക്കു മാത്രം എന്ന രീതിയില്‍ ചുരുക്കുന്നതിനു് രാഷ്ട്രാന്തര അധിനിവേശ രാഷ്ട്രീയത്തിനും പുതിയ കാലത്തെ ഇസ്‌ലാമോഫോബിയക്കും നല്ല പങ്കുണ്ടെന്നും അവര്‍ വാദിക്കുന്നു

ഈ അനുഭവ വായനയുടെ സൈദ്ധാന്തിക പ്രശ്നങ്ങള്‍ ലൈല അബു ലുഗോദ് തിരിച്ചറിയുന്നുണ്ട്. എല്ലാം ഒരു പ്രത്യേക മാതൃകാ സ്ത്രീയവസ്ഥയെ മുന്‍നിറുത്തി മാത്രം മനസ്സിലാക്കുന്നത് സാംസ്കാരികമായ ഫ്രെയിമിങ് (cultural framing) ആണെന്നാണു ലുഗോദ് കരുതുന്നത്. അതില്‍ നിന്നു വ്യത്യസ്തമായി സ്ത്രീയവസ്ഥകളെ മനസ്സിലാക്കേണ്ടത് അവിടുത്തെ സാമൂഹിക- രാഷ്ട്രീയ- ചരിത്ര പശ്ചാത്തലങ്ങളുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ട് മതത്തെയും സംസ്കാരത്തെയും മാത്രം ഒറ്റതിരിച്ചു പ്രശ്നവത്കരിക്കുന്നതു ഗൗരവമായ സമീപനമല്ല. സംസ്കാരിക വ്യത്യാസത്തെ (cultural difference) സൂക്ഷ്മമായി അറിയാനും ഇടപെടാനുമുള്ള ശ്രമങ്ങള്‍ പ്രധാനമാണെന്നും അവര്‍  കരുതുന്നു.

രണ്ടു ഫെമിനിസ്റ്റ് സമീപനങ്ങള്‍

ഈ അര്‍ഥത്തില്‍ രണ്ടു തരം  ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ ഇന്നത്തെ ആഗോള മുസ്‌ലിം അനുഭവമെഴുത്തിന്‍റെ മേഖലയില്‍ കാണാം. ഒന്ന് പോസ്റ്റ്‌ കൊളോണിയല്‍ ഫെമിനിസ്റ്റ് സമീപനവും മറ്റൊന്ന് സാമ്രാജ്യത്വ ഫെമിനിസ്റ്റ് സമീപനവുമാണ്.

ലൈല അഹമ്മദ്

ലൈല അഹമ്മദ്

പോസ്റ്റ്‌ കൊളോണിയല്‍ ഫെമിനിസ്റ്റ് സമീപനം ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്, മറ്റു സ്ത്രീകളെ പോലെ മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും വ്യത്യസ്തമായ കാരണങ്ങളുണ്ട്. അതില്‍ ചിലതു മാത്രമാണ് സംസ്കാരത്തിന്‍റെയോ പാരമ്പര്യത്തിന്‍റെയോ മതത്തിന്‍റെയോ ഭാഗമായി നടക്കുന്നത്. രണ്ടാമതായി, വ്യത്യസ്ത സമൂഹങ്ങളിലും ചരിത്ര പശ്ചാത്തലങ്ങളിലും ജീവിക്കുന്നവരുടെ അവസരങ്ങളും സാധ്യതകളും അവകാശങ്ങള്‍, സമത്വം, സുരക്ഷ, ആദരവ്, തിരഞ്ഞെടുപ്പ് എന്നിവയുമായി വളരെ വ്യതസ്തമായി ബന്ധപ്പെട്ടാണു കിടക്കുന്നതെന്ന് അറിയേണ്ടതുണ്ട്. മൂന്നാമതായി, ഇന്നത്തെ നിയോ-കൊളോണിയല്‍ അധിനിവേശ കാലത്തു്  മാധ്യമങ്ങള്‍ നല്‍കുന്ന, മുസ്‌ലിംകളുടെ മനുഷ്യത്വമില്ലായ്മയെ കുറിച്ച വാര്‍ത്തകളെ കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. ലൈല അബു-ലുഗോദും ലൈല അഹമ്മദും ഈ ഫെമിനിസ്റ്റ് സമീപനത്തെ ഉയര്‍ത്തിപ്പിടിക്കുന്നു.

സാമ്രാജ്യത്വ ഫെമിനിസത്തിന്‍റെ സമീപനം വളരെ വ്യത്യസ്തമാണ്. കോളനിവത്കരണ കാലത്ത് കൊളോണിയല്‍ ഭരണകൂടം തങ്ങളുടെ അധിനിവേശത്തെ ന്യായീകരിക്കാന്‍ വേണ്ടി ഉണ്ടാക്കിയ  കാഴ്ചപ്പാടാണിത്. വിവിധ ഏഷ്യന്‍- ആഫ്രിക്കന്‍ രാജ്യങ്ങളിലെ സ്ത്രീകളെ, അവരുടെ പുരുഷന്മാരുടെ അടിച്ചമര്‍ത്തലില്‍ നിന്നു മോചിപ്പിക്കാന്‍ വേണ്ടിയാണു തങ്ങള്‍ അധിനിവേശം നടത്തുന്നതെന്ന് ഇവര്‍ പ്രചരിപ്പിച്ചിരുന്നു. അതേസമയം സ്വന്തം നാടുകളിലെ സ്ത്രീ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ അവര്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

അഫ്ഗാന്‍ അധിനിവേശകാലത്ത് ജോര്‍ജ് ബുഷിന്‍റെ ഭാര്യയായ ലോറ ബുഷ്‌ പറഞ്ഞത് അധിനിവേശം അഫ്ഗാനിലെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ വിമോചനത്തിനു വേണ്ടിയാണ് എന്നാണ്. പക്ഷേ, പതിനായിരക്കണക്കിനു സ്ത്രീകളുടെ മരണത്തിനു കാരണമായിത്തീരുകയായിരുന്നു അഫ്ഗാനിലെ ലോറ ബുഷിന്‍റെ സാമ്രാജ്യത്വ ഫെമിനിസ്റ്റ് ദൗത്യം.

അഫ്ഗാന്‍ അധിനിവേശകാലത്ത് ജോര്‍ജ് ബുഷിന്‍റെ ഭാര്യയായ ലോറ ബുഷ്‌ പറഞ്ഞത് അധിനിവേശം അഫ്ഗാനിലെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ വിമോചനത്തിനു വേണ്ടിയാണ് എന്നാണ്. പക്ഷേ, പതിനായിരക്കണക്കിനു സ്ത്രീകളുടെ മരണത്തിനു കാരണമായിത്തീരുകയായിരുന്നു അഫ്ഗാനിലെ ലോറ ബുഷിന്‍റെ സാമ്രാജ്യത്വ ഫെമിനിസ്റ്റ് ദൗത്യം. ഇന്നും തുടരുന്ന  ആധുനിക വികസിത രാഷ്ട്രങ്ങിലെ കരുത്തരായ സ്ത്രീകള്‍ നടത്തുന്ന, പ്രത്യക്ഷത്തില്‍ ഫെമിനിസ്റ്റ് സ്വഭാവമുള്ള ഇടപെടലുകള്‍ പലപ്പോഴും അധിനിവേശ/വംശീയ താല്‍പര്യങ്ങളുടെ ഭാഗമാണ് എന്നാണു മനസ്സിലാകുന്നത്‌. ഈ അര്‍ഥത്തില്‍ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്‍റെ സാമ്രാജ്യത്വ അനുകൂല ഉപയോഗത്തെ ‘സാമ്രാജ്യത്വ/അധിനിവേശ ഫെമിനിസം’ എന്നു ലൈല അഹ്മദിനെ പോലുള്ള ഫെമിനിസ്റ്റ് ഗവേഷകര്‍ വിശേഷിപ്പിച്ചതു കാണാന്‍ കഴിയും.

മുസ്‌ലിം അനുഭവമെഴുത്തിന്‍റെ മേഖലയില്‍ നടക്കുന്ന സാമ്രാജ്യത്വ ഇടപെടലിനെ വളരെ മുന്‍പേ തുറന്നുകാണിച്ച ഇറാനിയന്‍-അമേരിക്കന്‍  ഫെമിനിസ്റ്റ് ചിന്തകയാണു ഫാത്തിമ കെശാവസ്. 2007-ല്‍ പുറത്തിറങ്ങിയ Jasmine and Stars: Reading More Than Lolita in Tehran എന്ന കൃതിയിലൂടെ സാമ്രാജ്യത്വ/അധിനിവേശ ഫെമിനിസ്റ്റ് യുക്തിയുടെ പകര്‍പ്പാണ് ‘നവ-ഓറിയന്റലിസ്റ്റ് വിവരണങ്ങള്‍’ നിറഞ്ഞ സാഹിത്യങ്ങളുടെയും അനുഭവമെഴുത്തിന്‍റെയും പ്രചരണം എന്നവര്‍ നിരീക്ഷിച്ചു.  ജന്മംകൊണ്ടു വിദേശികളായ പഴയ പൗരസ്ത്യ എഴുത്തുകാരുടെ, തദ്ദേശീയരായ ആളുകളെക്കുറിച്ചുള്ള വിവരണങ്ങളില്‍ നിന്നു് നവ പൗരസ്ത്യ വിവരണങ്ങള്‍ വ്യത്യസ്തമാകുന്നത് ഒരു കാര്യത്തിലാണ്. തദ്ദേശീയരായ സാക്ഷിയുടെ ആധികാരികത ഉണ്ട് എന്നതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണത്. മുസ്‌ലിംകളുടെ രാഷ്ട്രീയ അവകാശങ്ങള്‍ നിഷേധിക്കാനുള്ള പഴുതായി ഈ അകം സാക്ഷ്യങ്ങള്‍ മാറുന്നു. ഈ അര്‍ഥത്തില്‍ ഇന്നത്തെ ഏറെ പ്രചാരം നേടിയ പല മുസ്‌ലിം സ്ത്രീ അനുഭവമെഴുത്തുകളും കൊളോണിയല്‍ താല്പര്യത്തിന്‍റെ സംരക്ഷണം ലക്ഷ്യമിടുന്നുവെന്നു ഫാത്തിമ കെശാവെസ് തുറന്നു കാണിക്കുന്നു. മുസ്‌ലിം സ്ത്രീ അനുഭവത്തിന്‍റെ രാഷ്ട്രീയ ഉപകരണപരമായ  ഉപയോഗം ഈ അര്‍ഥത്തില്‍ പ്രശ്നാത്മകമാണ് എന്ന തിരിച്ചറിവ് വളരെ അത്യാവശ്യമാണെന്നു തോന്നുന്നു.

എന്തുകൊണ്ടു മലയാളികള്‍?     

അവസാനമായി ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ. 9/11 നു ശേഷം പ്രസിദ്ധീകരിക്കപ്പെട്ട ഈ ‘പള്‍പ്പ് ഫിക്ഷനുകള്‍’, യാതൊരുവിധ സാഹിത്യമൂല്യമോ സാമൂഹിക പഠനങ്ങളുടെ പിന്‍ബലമോ ഇല്ലാതിരുന്നിട്ടും എന്തുകൊണ്ടു കേരളത്തില്‍ സ്വീകരിക്കപ്പെട്ടു എന്ന ചോദ്യം വളരെ പ്രസക്തമാണ്. മുസ്‌ലിം സ്ത്രീയെപ്പറ്റി പുറത്തുവന്ന ഇസ്‌ലാമോഫോബിക് ആയ ഈ പുസ്തകങ്ങള്‍ മാത്രം ഇവിടെ വിപണിയുടെ ഭാഗമാവുകയും എന്നാല്‍ സാമ്രാജ്യത്വ വിരുദ്ധ സ്വഭാവമുള്ള മുസ്‌ലിം സ്ത്രീ പഠനങ്ങള്‍ വായനയുടെയും  വിപണിയുടെയും പുറത്തു നിറുത്തപ്പെടുകയും ചെയ്തു. കേരളം പോലെ ഇടതുപക്ഷ രാഷ്ട്രീയത്തിനു സ്വീകാര്യതയുള്ള  സ്ഥലത്ത്, മുസ്‌ലിം സ്ത്രീകളെ പറ്റിയുള്ള സാമ്രാജ്യത്വ വായനകള്‍ എളുപ്പം സ്വീകരിക്കപ്പെടുന്നു എന്നു കാണാം. അതായത് 9/11 നു ശേഷം ആഗോള തലത്തില്‍ വ്യാപകമായ ഇസ്‌ലാമോഫോബിക് സാഹിത്യങ്ങളുടെ വലിയ ശേഖരം മലയാളത്തിലും ലഭ്യമാണ്. അതു സാധ്യമാകുന്നത് കേരളത്തില്‍ പ്രബലമായ അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിം സ്ത്രീ എന്ന വാര്‍പ്പു മാതൃകയെ ആഗോള ഭാവനയായി സ്വയം വികസിപ്പിച്ചുകൊണ്ടാണ്. ഇത് 9/11 നു ശേഷമുള്ള അധിനിവേശ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. ഈ തിരിച്ചറിവ് പുതിയൊരു പോസ്റ്റ്‌ കൊളോണിയല്‍ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്‍റെ വികാസത്തിന് അത്യാവശ്യമാണ്.

കടപ്പാട്: സംഘടിത മാസിക (2018 മാർച്ച് ലക്കം)

  • ദോറ അഹ്മദ്. 2009. "Not Yet Beyond the Veil: Muslim Women in American Popular Literature". Social Text 27, no.99: 105-131.
  • എലോറ ചൗധരി. 2011. Transnationalism Reversed: Women Organising Against Gendered Violence in Bangladesh. Albany: State University of New York Press.
  • ഫാത്തിമ കേശവർസ്. 2007. Jasmin and Stars: Reading More Than Lolita in Tehran. New York: University of North Carolina Press.
  • ഹാമിദ് ദബാശി. 2012. The Arab Spring: The End of Post colonialism. London: Pluto Press.
  • ലൈല അഹ്മദ്. 2011. A Quiet Revolution: The Veil's Resurgence, from MiddleEast to America. New Haven: Yale University Press.
  • ലൈല അബു ലുഗോദ്. 2013. Do Muslim Women Need Saving? New York: Harvard University Press.
  • സബ മഹ്മൂദ്. 2009. “Feminism, Democracy and Empire: Islam and the War of Terror". In, Gendering Religion and Politics, edited by Hanna Herzog & Ann Braude. New York: Palgrave Macmillan.
Top