പോളിമർ ന്യൂസ് ചാനലിന് ഒരു ട്രാൻസ് പുരുഷന്റെ തുറന്ന കത്ത്

പോളിമർ ടെലിവിഷനോടും മറ്റു പത്രപ്രവർത്തകരോടും ഞങ്ങൾക്ക് പറയാനുള്ളത് ഇത്രമാത്രമാണ്: ട്രാൻസ് വ്യക്തികളെ കുറിച്ച് വാർത്ത പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നതിനു മുൻപ് ഞങ്ങളുടെ ജീവിത സ്ഥിതി, സാഹചര്യങ്ങൾ എന്നിവയെ പറ്റി പൂർണമായ ധാരണയുണ്ടാക്കിയെടുക്കുക, നിങ്ങളുടെ ഇരുട്ടു മുറികളിൽ ഇരുന്നുകൊണ്ട് ഞങ്ങളെ കുറിച്ച് നുണ കഥകൾ കെട്ടിച്ചമക്കാതിരിക്കുക. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം? കുഞ്ഞുങ്ങൾക്കുപോലും മാനുഷിക പരിഗണനയില്ലാത്ത നിങ്ങളുടെ ലോകത്തിൽ, ഞങ്ങൾക്കെന്ത് പ്രതീക്ഷ?

എന്റെ പേര് ചാരുപ്രിയൻ, ഞാൻ ഒരു ട്രാൻസ് പുരുഷനാണ്.

സ്നേഹത്തോടും ബഹുമാനത്തോടും എന്നെ ‘അണ്ണ’ എന്നു വിളിച്ച, തന്റെ ജീവിതത്തിലെ പല കാര്യങ്ങളും എന്നോടോപ്പും പങ്കുവച്ച, എന്റെ സഹോദരനും സുഹൃത്തുമായ അക്ഷയ് ദേവ് (Akshay  Dev) ഇന്നു നമ്മുടെ കൂടെ ഇല്ല.

എന്റെ സുഹൃത്തിന്റെ ജീവിതം നിങ്ങൾ മനസിലാക്കണം, വകതിരിവോടെ പരിശോധിക്കണം. പക്ഷേ, മീഡിയയും പത്രക്കാരും അതല്ല ചെയ്തത്. മറിച്ച്, അസത്യങ്ങൾ പ്രചരിപ്പിച്ചും അവന്റെ ജെൻഡർ ഐഡന്റിറ്റിയെ നിന്ദിച്ചും  അവന്റെ സത്യത്തെ  അടിച്ചമർത്തുകയാണവർ, ഇപ്പോഴും. അവന്റെ അണ്ണൻ എന്ന വകയിൽ ഈ കെട്ടുകഥകളെ ഞാൻ ശക്തമായി എതിർക്കുന്നു, കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഞാൻ അവനിലൂടെ അറിഞ്ഞ സത്യങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.

എനിക്കു പറയാനുള്ളതു നിങ്ങൾ ശ്രദ്ധിച്ചു കേൾക്കണം.

ജനന സമയത്തെ ‘ലിംഗ/ ജെൻഡർ  നിർണയം’ എന്ന കെണിയിൽ അകപ്പെട്ട അക്ഷയ്, അപ്രിയവും തന്റേതല്ലാത്തതുമായ ശരീരത്തിൽനിന്നും അടിച്ചേല്പിക്കപ്പെട്ട ജെൻഡറിൽനിന്നും സ്വതന്ത്രനാകാൻ, സർജറിയിലൂടെ അവന്റെ സ്വയം നിശ്ചിത ജെൻഡർ ഉറപ്പിക്കുകയായിരുന്നു. അവന്റെ മാതാപിതാക്കൾ അവനെ പൂർണമനസ്സോടെ സ്വീകരിക്കുകയും പിന്തുണക്കുകയും ചെയ്തു.

ശേഷം, ദേവ്, ഇളവരശി എന്ന സ്ത്രീയെ പരിചയപ്പെട്ടു, പ്രണയിച്ചു. തന്റെ മനസിലെ സ്നേഹം മാത്രമല്ല, സർജറി അടക്കമുള്ള തന്റെ സ്വത്വത്തിന്റെ എല്ലാ സത്യങ്ങളും അവൻ അവളുമായി പങ്കുവച്ചു. മറുപടിയായി ഇളവരശിയും അവനോടുള്ള ഇഷ്ടം അംഗീകരിച്ചു. ശേഷം ഇരുകുടുംബങ്ങളുടെ അനുവാദത്തോടുകൂടി അവർ വിവാഹിതരായി. ഒന്നറിയണം, കല്യാണത്തിനു മുൻപുതന്നെ ദേവ് അവളുടെ മാതാപിതാക്കളോട് എല്ലാം തുറന്നു പറഞ്ഞിരുന്നു; തന്റെ ഐഡന്റിറ്റിയെക്കുറിച്ചും ഇളവരശിയോടുള്ള സ്നേഹത്തെക്കുറിച്ചും ഇനിയുള്ള ജീവിതത്തോട് തനിക്കുള്ള ആത്മവിശ്വാസപരമായ സമീപനത്തെക്കുറിച്ചുമെല്ലാം. എല്ലാ സത്യങ്ങളും മനസിലാക്കി, ശുഭാശംസകളും നേർന്നാണ് ഇരു കുടുംബങ്ങളും അവരുടെ വിവാഹം നടത്തിയത്.

ദാമ്പത്യത്തിന്റെ ആദ്യനാളുകൾ ആനന്ദകരം ആയിരുന്നു. ഇളവരശി അമ്മയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, മാതാപിതാക്കളുമായി സംവദിച്ച്,  അവർ IVF-ന്റെ (കൃത്രിമ ഗർഭധാരണത്തിന്റെ) മാർഗം സ്വീകരിച്ചു. ഈ കാലയളവിൽ ദേവ് പോണ്ടിച്ചേരിയിലെ മഹാത്മാ ഗാന്ധി ഹോസ്പിറ്റലിൽ ജോലി ചെയ്തു കുടുംബം പുലർത്തി. കുറച്ചു നാള്‍ കഴിഞ്ഞപ്പോൾ അവൾ ഗർഭിണിയായി. നിർഭാഗ്യവശാൽ മൂന്നാം മാസത്തിനുള്ളിൽ തന്നെ ഗർഭഛിദ്രം സംഭവിച്ചു. ഒരുപക്ഷേ മാതാപിതാക്കളുടെ വീട്ടിലേക്കുള്ള കൂടെക്കൂടെയുള്ള അവളുടെ യാത്രകൾ ആയിരുന്നേക്കാം അതിനു കാരണം.

ദേവിന്റെയും ഇളവരശിയുടെയും ജീവിതത്തിൽ ദുഃഖവും വേദനയും നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നു അത്. വിശ്രമം ആവശ്യമായതിനാൽ മാതാപിതാക്കളുടെ വീട്ടിൽ ചെന്ന ഇളവരശിയെ തക്കം നോക്കി അവർ സ്വാധീനിക്കാൻ ശ്രമിച്ചു. “നീ ഒരു ട്രാൻസ് പുരുഷന്റെ കൂടെയാണു താമസിക്കുന്നത്. സമൂഹം നിന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്യും നിന്നെ വന്ധ്യ എന്നു വിളിക്കും നിന്നെ പാർശ്വവൽക്കരിക്കും. ആലോചിച്ചു നോക്ക്, ഇങ്ങനെ ജീവിച്ചാൽ മതിയോ?” ഇത്തരം വാദങ്ങൾ അവൾക്കു മേല്‍ അടിച്ചേല്‍പ്പിച്ച്, അവർ അവളെ ആശയക്കുഴപ്പത്തിലാക്കി.

തന്റെ മാതാപിതാക്കളാണു ശരിയെന്നു ഇളവരശി തീരുമാനിച്ചു. അതുകൊണ്ടുതന്നെ ദേവില്‍ നിന്നു സത്യം മറച്ചുകൊണ്ട്, എന്നാൽ അവളുടെ മാതാപിതാക്കളുടെ അറിവോടും സമ്മതത്തോടും കൂടി, അവൾ മുന്‍കാല കാമുകനുമായുളള ബന്ധം പുനരാരംഭിച്ചു. അതേസമയം ദേവിന്റെ വീട്ടിൽ പോവുകയും പഴയപോലെ അവന്റെ കൂടെ ഇടപഴകുകയും ചെയ്തു. കാലക്രമേണ ഇളവരശിയുടെ പെരുമാറ്റത്തിൽ ഏറെ മാറ്റങ്ങളുണ്ടായെങ്കിലും പഴയപോലെ തന്നെ ദേവ് അവളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു.

അവസാനം ഒരു ദിവസം അവളുടെ മൊബൈൽ ഫോണിൽ അവനറിയാത്ത ഏതോ നമ്പറിലെ വ്യക്തിയുമായി മണിക്കൂറുകളോളം അവൾ സംസാരിച്ചതായി കണ്ടപ്പോൾ അവൻ അവളെ ചോദ്യം ചെയ്തു. ആദ്യം കള്ളം പറഞ്ഞെങ്കിലും, അവനുമായുള്ള വാക്കുതര്‍ക്കത്തിന്‍റെ അവസാനം അവൾ സത്യം സമ്മതിക്കുകയും ബന്ധത്തിൽ സംഭവിച്ച വിള്ളല്‍ മനസ്സിലാക്കി അവർ വേര്‍പിരിയുകയും ചെയ്തു.

ദേവിന്റെ മാതാപിതാക്കൾ ഇളവരശിയെ ഉപദേശിക്കാൻ ശ്രമിച്ചു, ദേവിന്റെ വീട്ടിലേക്കു തിരിച്ചുചെല്ലാൻ അപേക്ഷിച്ചു. പക്ഷേ ഇളവരശിക്ക് അതിനു താത്പര്യമുണ്ടായിരുന്നില്ല. ഇളവരശിയുടെ ബന്ധുക്കളുടെ സംസാരമാണു ദേവിനെ ഏറെ വേദനിപ്പിച്ചതും, അവസാനം പോണ്ടിച്ചേരി വിടാൻ പ്രേരിപ്പിച്ചതും. ദേവ് ഒരു പുരുഷൻ തന്നെയാണോ എന്നവർ ചോദിച്ചു, അവനെ ക്രൂരമായി അപമാനിച്ചു, വാക്കുകൾകൊണ്ടു പീഡിപ്പിച്ചു. വസ്ത്രമഴിച്ചു ‘പുരുഷാവയവങ്ങൾ’ കാണിക്കാൻ വരെ പറഞ്ഞുവത്രേ!

പോണ്ടിച്ചേരി വിട്ട ദേവ് മൂന്നു മാസത്തോളം ചെന്നൈയിൽ ഒരു സുഹൃത്തിന്റെ കൂടെ താമസിച്ചു. തിരിച്ചു പോയാൽ ഇളവരശിയുടെ ഓർമകൾ അവനെ അലട്ടുമെന്നു കരുതി ചെന്നൈയിൽത്തന്നെ തൽകാലം തുടരാം എന്നവൻ തീരുമാനിച്ചു.

ജൂൺ 8, 2018: അവരുടെ വിവാഹവാർഷികം. ദേവ് ഇളവരശിയെ കാണാൻ പോണ്ടിച്ചേരിയിൽ അവൾ ജോലി ചെയ്തിരുന്ന ബ്യൂട്ടി പാർലറിലേക്കു പോയി. തിരികെ വരാൻ അപേക്ഷിച്ചെങ്കിലും മനസലിയാത്ത ഇളവരശി അവളുടെ താൽപര്യക്കുറവ് അവനെ അറിയിക്കുകയും ഇനി അവളെ കാണാൻ വരരുതെന്നു പറയുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് പെട്രോള്‍ ദേഹത്തൊഴിച്ച് സ്വന്തം ജീവൻ അവസാനിപ്പിക്കാൻ എന്‍റെ സുഹൃത്തു തീരുമാനിച്ചത്. ഇളവരശി അവിടെനിന്നു് ഓടിക്കളഞ്ഞു. അവളുടെ സഹപ്രവർത്തകർ പോലീസിനെ വിളിച്ചു.

ദേവിന്റെ മരണ ശേഷം സംഭവിച്ചത് എല്ലാവർക്കും അറിയാം. പക്ഷേ എനിക്കു ചോദിക്കാനുള്ളത് ഇതാണ്:

പുരുഷനായി തന്റെ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ട്രാൻസ് സമുദായത്തിലെ അംഗങ്ങൾ എന്തു തെറ്റാണ് ഈ ലോകത്തോടു ചെയ്യുന്നത്? ഞങ്ങളുടെ ജീവിതത്തെ വിമർശിക്കാനോ വിചാരണക്കു വിധേയമാക്കനോ നിങ്ങൾക്ക് അധികാരം ഇല്ല! ഞങ്ങളുടെ ജീവിതം എങ്ങനെ നയിക്കണം എന്നു ഞങ്ങളാണു തീരുമാനിക്കുന്നത്, നിങ്ങളല്ല. ഞങ്ങളുടെ അവകാശങ്ങളെ അട്ടിമറിക്കാനോ ഞങ്ങളുടെ അനുഭവങ്ങളെ നിന്ദിക്കാനോ കളങ്കപ്പെടുത്താനോ ആർക്കും അധികാരമില്ല.

പുരുഷനായി തന്റെ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ട്രാൻസ് സമുദായത്തിലെ അംഗങ്ങൾ എന്തു തെറ്റാണ് ഈ ലോകത്തോടു ചെയ്യുന്നത്? ഞങ്ങളുടെ ജീവിതത്തെ വിമർശിക്കാനോ വിചാരണക്കു വിധേയമാക്കനോ നിങ്ങൾക്ക് അധികാരം ഇല്ല! ഞങ്ങളുടെ ജീവിതം എങ്ങനെ നയിക്കണം എന്നു ഞങ്ങളാണു തീരുമാനിക്കുന്നത്, നിങ്ങളല്ല. ഞങ്ങളുടെ അവകാശങ്ങളെ അട്ടിമറിക്കാനോ ഞങ്ങളുടെ അനുഭവങ്ങളെ നിന്ദിക്കാനോ കളങ്കപ്പെടുത്താനോ ആർക്കും അധികാരമില്ല.

പുരുഷൻ, സ്ത്രീ എന്നതിനപ്പുറത്തു് തന്റെ ഐഡന്റിറ്റി രൂപപ്പെടുത്തുന്നവർക്ക് ഈ സമൂഹത്തിൽ ജീവിക്കാൻ അവകാശമില്ലേ? ട്രാൻസ് വ്യക്തികൾക്ക് നിങ്ങളുടെ സമൂഹത്തിൽ ഇടമില്ല എന്നാണോ നിങ്ങൾ പറയുന്നത്? നിങ്ങളുടെ ഇടുങ്ങിയ വ്യവസ്ഥകളുമായി യോജിച്ചു പോകാൻ ആഗ്രഹിക്കാത്തതു കൊണ്ടു് ഞങ്ങൾ ഈ രാഷ്ട്രത്തിലെ തുല്യാവകാശങ്ങളുള്ള പൗരന്മാർ അല്ല എന്നാണോ?

ഒരു വ്യക്തിയുടെ സ്വത്വം തീരുമാനിക്കാനുള്ള അവകാശം ആരുടേതാണ് – ആ വ്യക്തിയുടെയോ അതോ സമൂഹത്തിന്റെയോ? ഒരു കാര്യം ഉറപ്പിക്കട്ടെ, ഞങ്ങളുടെ ഐഡന്റിറ്റി ഉപേക്ഷിക്കാൻ ഞങ്ങൾ ഒരു കാരണവശാലും തയ്യാറല്ല. മറിച്ച്, മറ്റുള്ളവരെ മുറിവേൽപ്പിക്കാത്തതും പീഡിപ്പിക്കാത്തതുമായ മനുഷ്യന്റെ എല്ലാ ചെയ്തികളും അനുഭവങ്ങളും തുല്യ പരിഗണന അർഹിക്കുന്നവയാണ് എന്ന സത്യം നിങ്ങളാണു മനസിലാക്കേണ്ടത്.

പോളിമർ ടെലിവിഷനോടും മറ്റു പത്രപ്രവർത്തകരോടും ഞങ്ങൾക്കു പറയാനുള്ളത് ഇത്രമാത്രമാണ്: ട്രാൻസ് വ്യക്തികളെക്കുറിച്ചു വാർത്ത പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നതിനു മുൻപ് ഞങ്ങളുടെ ജീവിത സ്ഥിതി, സാഹചര്യങ്ങൾ എന്നിവയെപ്പറ്റി പൂർണമായ ധാരണയുണ്ടാക്കിയെടുക്കുക, നിങ്ങളുടെ ഇരുട്ടു മുറികളിൽ ഇരുന്നുകൊണ്ട് ഞങ്ങളെക്കുറിച്ചു നുണ കഥകൾ കെട്ടിച്ചമക്കാതിരിക്കുക. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം? കുഞ്ഞുങ്ങൾക്കുപോലും മാനുഷിക പരിഗണനയില്ലാത്ത നിങ്ങളുടെ ലോകത്തിൽ, ഞങ്ങൾക്കെന്തു പ്രതീക്ഷ?

സ്ത്രീകളെ വശീകരിക്കുക/വഞ്ചിക്കുക എന്നതല്ല ഞങ്ങളുടെ ശരീരങ്ങളുടെയോ ജീവിതങ്ങളുടെയോ ലക്ഷ്യം. ട്രാൻസ് പുരുഷന്മാർ (trans men) എന്ന ഐഡന്റിറ്റിയും ജീവിതാനുഭവങ്ങളുമാണു ഞങ്ങളുടെ സത്യം; ഈ സത്യമാണു ഞങ്ങളുടെ സന്തോഷങ്ങളുടെ തുടക്കവും, തുടർച്ചയും.

സ്ത്രീകളെ വശീകരിക്കുക/വഞ്ചിക്കുക എന്നതല്ല ഞങ്ങളുടെ ശരീരങ്ങളുടെയോ ജീവിതങ്ങളുടെയോ ലക്ഷ്യം. ട്രാൻസ് പുരുഷന്മാർ (trans men) എന്ന ഐഡന്റിറ്റിയും ജീവിതാനുഭവങ്ങളുമാണു ഞങ്ങളുടെ സത്യം; ഈ സത്യമാണു ഞങ്ങളുടെ സന്തോഷങ്ങളുടെ തുടക്കവും, തുടർച്ചയും.

അക്ഷയ് ദേവ് ഇനി ഞങ്ങളുടെ കൂടെ ഇല്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ശ്രമിക്കുന്ന സമയത്ത്, അവന്റെ ജീവിതത്തെ തെറ്റായി വ്യാഖ്യാനിച്ച്, എല്ലാ ട്രാൻസ് വ്യക്തികളുടെ ജീവിതങ്ങളും അസ്വാഭാവികമാണെന്നു വരുത്തിത്തീർക്കാനുമുള്ള പോളിമർ ടെലിവിഷനിന്റെ ശ്രമം അസാന്മാർഗികമായ ഒന്നാണ്. സ്വന്തം ചാനലിന്റെ TRP റേറ്റിങ് കൂട്ടുന്നതിനും സൈറ്റില്‍ കൂടുതൽ ക്ലിക്ക് ലഭിക്കുന്നതിനും വേണ്ടിയാണ് നിങ്ങളിതു ചെയ്തത്. പക്ഷേ ഒന്നോർക്കുക, നിങ്ങളുടെ അഹങ്കാരവും മീഡിയ കരുത്തും ഉപയോഗിച്ച് ട്രാൻസ് സമുദായങ്ങളെ എന്നെന്നേക്കും അടിച്ചമർത്താമെന്നു വ്യാമോഹിക്കണ്ട. കാലാകാലങ്ങളായി അടിച്ചമർത്തപ്പെട്ട എല്ലാ ജനങ്ങളും ഒരുമിച്ചുവരുമ്പോൾ ആ ശക്തിയെ പരാജയപ്പെടുത്താൻ നിങ്ങൾക്കാവില്ല.

ഇരുട്ടു മാത്രമുള്ള നിങ്ങളുടെ ബോധത്തിൽ ഈ വാക്കുകൾ വെളിച്ചം വീശുമോ എന്നറിയില്ല. പക്ഷേ നിങ്ങൾ ഓരോരുത്തരും ഇതു കേൾക്കണം, പൂർണ ബോധത്തോടെ അറിയണം: നിങ്ങൾ സത്യം – സത്യം മാത്രം – പ്രസിദ്ധീകരിക്കുമ്പോൾ അസത്യങ്ങളുടെ ഇരുട്ടിൽ ബന്ധിക്കപ്പെട്ട ലോകജനതയുടെ വിധി തന്നെയാണു തിരുത്തി എഴുതപ്പെടുന്നത്.

പകരം, അക്ഷയ് ദേവിന്റെ യാഥാർഥ്യങ്ങളെ – അവന്റെ അനുഭവങ്ങൾ, അവകാശങ്ങൾ, സ്വത്വം – എല്ലാം ദഹിപ്പിക്കുക,  എന്നിട്ട് ആ തീയിൽ സ്വയം ഉന്മേഷം നേടുക, ഇതായിരുന്നു നിങ്ങളുടെ ശ്രമം. ഞങ്ങൾ അടങ്ങിയിരിക്കുമെന്നു കരുതരുത്. അസത്യങ്ങൾ മറികടന്ന്, നിങ്ങൾക്കു തോല്പിക്കാൻപറ്റാത്ത ശക്തിയായി  ഞങ്ങൾ ഉയർന്നുവരും. ഈ ലോകം ഞങ്ങളുടേതാണ്.

ക്രൂരമായ ബഹിഷ്കരണങ്ങൾ നിറഞ്ഞ ഈ ലോകത്തിൽ ട്രാൻസ് പുരുഷന്മാരായി ഞങ്ങൾ ജീവിക്കുന്നു എന്നതിൽ എനിക്ക് ആത്മാഭിമാനവും സന്തോഷവുമാണുള്ളത്.

വിശ്വസ്തതയോടെ,

ചാരുപ്രിയൻ

ഇവൻ , ഒരു ട്രാൻസ് മെൻ കൂട്ടം

Top