യുഎപിഎ, ഭീകരത, യുദ്ധം: ചില നിരീക്ഷണങ്ങള്‍

ഭീകരതക്കെതിരായ യുദ്ധം (War on Terror) എന്ന പേരിൽ നടക്കുന്ന, അനന്തമായി നീളുന്ന ഭരണകൂട ഹിംസ ലോകത്തെ പ്രധാന ജനാധിപത്യ രാഷ്ട്രങ്ങളിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. ആഗോള മാതൃകകൾ പിന്തുടർന്ന് ടാഡയും പോട്ടയും യുഎപിഎയും ഘട്ടം ഘട്ടമായി അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന രാജ്യമാണ് ഇൻഡ്യ. മിക്ക ദേശരാഷ്ട്രങ്ങളിലെയും പോലെ ഇവിടെയും ന്യൂനപക്ഷ വിഭാഗമാണ്‌ ഭീകരതെക്കെതിരായ യുദ്ധത്തിന്റെ പ്രാഥമിക ഇരകൾ‍. ഉമ്മുൽ ഫായിസ എഴുതുന്നു.

ഇന്നത്തെ ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍ സമ്പൂർണ യുദ്ധം (total war) ഉണ്ടാവാനുള്ള സാധ്യതകള്‍ അപൂർവമാണ്. കാരണം ഭരണകൂട കേന്ദ്രീകൃതവും ഭരണഘടനാപരവുമായ ദേശീയ യുദ്ധമെന്ന ഹിംസക്ക് അനുയോജ്യമായ പൊതുസമ്മതി നേടിയെടുക്കാൻ തൽക്കാലം ഭരണകൂടങ്ങൾക്ക് കഴിയുന്നില്ല. പക്ഷേ യുദ്ധം പുതിയ രീതിയില്‍ ജന ജീവിതത്തിന്റെ ഭാഗമാണ്. യുദ്ധം തന്നെ രാഷ്ട്രീയമായി മാറിയിരിക്കുന്നു.

ഭീകരതക്കെതിരായ യുദ്ധം (War on Terror) എന്ന പേരിൽ നടക്കുന്ന, അനന്തമായി നീളുന്ന ഹിംസ, ലോകത്തെ പ്രധാന ജനാധിപത്യ രാഷ്ട്രങ്ങളിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. ശീതയുദ്ധാനന്തര ലോകത്തിന്റെ പ്രത്യേകതയായിരുന്നു ഇത്.

ഭരണകൂടങ്ങള്‍ പറയുന്ന ഭീകരത എന്ന വികേന്ദ്രീകൃത ഹിംസയെ എതിർക്കാൻ യുദ്ധം എന്ന കേന്ദ്രീകൃത ഹിംസ വേണമെന്ന മറുന്യായം ഏതായാലും അഹിംസയുടെ ഉത്തമ താൽപര്യത്തിന്റെ ഭാഗമല്ല. ദേശ രാഷ്ട്രവും ഈ പറയപ്പെടുന്ന ഭീകരരും തമ്മിലുള്ള തർക്കം ഹിംസയുടെ ഏജൻസിയിലാണ്. അല്ലാതെ ഹിംസയുടെ സാനിധ്യത്തിന്റെ കാര്യത്തിലല്ല.

ശീതയുദ്ധത്തിന്റെ പാരമ്പര്യമായി വികസിച്ച ദുഷിച്ച യുദ്ധം (dirty war) എന്നു പറയാവുന്ന ഹിംസ ഇന്നും സാമൂഹിക/രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെതിരെ നടക്കുന്നു. ദുഷിച്ച യുദ്ധം എന്ന പ്രയോഗം വികസിച്ചത് എഴുപതുകളില്‍ അർജന്റീനയിൽ ഏകാധിപത്യം നിലനിന്ന കാലത്താണ്. വ്യത്യസ്ത പ്രത്യയശാസ്ത്ര വിഭാഗങ്ങളെ ഒരിക്കലും ഉയർന്നു വരാൻ കഴിയാത്ത രീതിയിൽ ഇല്ലാതാക്കിയായിരുന്നു അർജൻറീനയിലെ ദുഷിച്ച യുദ്ധം വളർന്നു വികസിച്ചത്. ഇന്നത്തെ ഭീകരവേട്ട സമ്പൂർണ യുദ്ധത്തിന്റെ ഭാഗമല്ല. എന്നാല്‍ ദുഷിച്ച യുദ്ധത്തിന്റെ ഭാഗമാണ് എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്.

അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, യുഎഇ, സുഊദി അറേബ്യ തുടങ്ങിയ സമാധാന പ്രേമികളും സഹിഷ്ണുത, ജനാധിപത്യം, ലോകസമാധാനം ഇവയുടെ പേരിൽ വീമ്പടിക്കുന്ന രാജ്യങ്ങളും മതേതര ജനാധിപത്യ ദേശ രാഷ്ട്രങ്ങളും പല കാരണങ്ങൾ പറഞ്ഞ് ഇറാഖിലും (മരണ സംഖ്യ: 461000) സിറിയയിലും (മരണ സംഖ്യ: 570000) ഒടുവിൽ യമനിലും (മരണ സംഖ്യ: 233000) മാത്രം [ഏകദേശ കണക്കാണ്] കൊന്നു തള്ളിയത് പതിനൊന്നര ലക്ഷം ജനങ്ങളെയാണ്. ആയുധക്കച്ചവടം നടത്തിയും ഉപരോധങ്ങൾ ഏർപ്പെടുത്തിയും വൻകിട ദേശ രാഷ്ട്രങ്ങൾ നടത്തുന്ന ഭീകരവേട്ട ശരിക്കും ലോക സമാധാനത്തിനു ഭീഷണിയാണ്. ഈ കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷം മുസ്‌ലിംകളുമാണ്. 

എന്നിട്ടും ഭരണകൂടേതര ഹിംസകളുടെ വക്താക്കളുടെ കാര്യത്തിലുള്ള ആവലാതിയോ ഭീതിയോ ജാഗ്രതയോ ആഗോള അധികാരക്രമത്തെക്കുറിച്ച് ലിബറല്‍ അഹിംസാവാദികൾക്കില്ല. മാധ്യമങ്ങളും ആസ്ഥാന സമാധാന പ്രേമികളും അറിയപ്പെടുന്ന സാമ്രാജ്യത്വ വിരുദ്ധരും ഈ വിഷയങ്ങളിൽ പുലർത്തുന്ന മൗനം ഗതികേടുകൊണ്ടായിരിക്കും. ഭരണകൂടേതര ഹിംസയെ അപലപിക്കുന്ന സുഖം ഭരണകൂട/വ്യവസ്ഥാപിത ഹിംസയെ എതിർക്കുമ്പോൾ ഉണ്ടാവില്ല. അത്രയ്ക്ക് ആഴമേ നമ്മുടെ അഹിംസാ പ്രേമത്തിനുള്ളൂവെന്നു ചുരുക്കം. 

ഭീകരതയുടെ നിര്‍മാണവും നാസി മാതൃകകളും

ജർമനി പൂർണമായും നാസിസത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തിൽ യൂറോപ്പിൽ തന്നെ വ്യക്തികളായ ജൂതൻമാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളെ (അല്ലെങ്കിൽ കുറ്റം തെറ്റായി ആരോപിച്ചു കൊണ്ടും) ഒരു സമുദായത്തിന്റെ കളക്റ്റീവ് ബിഹേവിയറായി ചിത്രീകരിച്ച അനവധി സംഭവങ്ങളുണ്ട്.

ഫ്രാൻസിൽ ആൽഫ്രഡ് ഡ്രെയ്ഫ്യൂസ് എന്ന ജൂതനായ പട്ടാളക്കാരനു സംഭവിച്ചതു മുതൽ തുടങ്ങുന്ന നിരവധി വ്യക്തി ചരിത്രങ്ങളുണ്ട്. ഹെർഷൽ ഗ്രീൻ സ്പാൻ എന്ന പതിനേഴുകാരനായ പാരീസിലെ ഒരു ജർമൻ എംബസി ഉദ്യോസ്ഥനെ വെടിവെച്ചതിനു ശേഷം അയാളെ രണ്ടാം ലോകയുദ്ധത്തിന്റെ കാരണക്കാരനായ തീവ്രവാദിയായാണ് ഹിറ്റ്ലറും ഗീബൽസും വിശേഷിപ്പിച്ചത്. 

രണ്ടാം ലോകയുദ്ധം കഴിഞ്ഞതിനു വർഷങ്ങൾക്കു ശേഷം റിവിഷനിസ്റ്റ് ചരിത്രകാരൻമാർ ജൂത വ്യക്തികൾ ഉൾപ്പെട്ടതോ അവർക്കു മേൽ കെട്ടിയേൽപിച്ചതോ ആയ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തേക്ക് കൊണ്ടുവന്നിരുന്നു. അത് ഭീകരവാദ കേസുകളിൽ വെറുതെ വിടുന്ന മുസ്‌ലിം യുവാക്കളുടെ കഥ പോലെ പലരും വായിച്ചു തള്ളാറാണ് പതിവ്. മിഷേൽ ഫൂക്കോ ഭരണകൂട വംശീയത (state racism) എന്നൊക്കെ വിശേഷിപ്പിച്ച രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി വ്യക്തികൾ തന്നെ സമുദായമായി മാറുന്ന നാസി സാമൂഹ്യ വീക്ഷണം പക്ഷേ ഇൻഡ്യയിലെയും കേരളത്തിലെയും പൊതു വ്യവഹാരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും കാണുന്നുണ്ട്. വ്യക്തികളായ മുസ്‌ലിംകൾ ഉൾപ്പെട്ട രാഷ്ട്രീയ സംഭവങ്ങളെ പോലും ഒരു സംഘ ഗൂഢാലോചനയാക്കി മാത്രം മനസിലാക്കുന്ന തരത്തിൽ പൊതുവ്യവഹാരം പൂർണമായും മാറിയിരിക്കുന്നുവെന്നാണ് തോന്നുന്നത്. 

ന്യൂനപക്ഷാനുഭവം

ഫ്യൂഡൽ രീതിയിലുള്ള മർദനങ്ങളോടൊപ്പം തന്നെ ആഗോള ലിബറൽ മാതൃകകൾ പിന്തുടർന്ന് ടാഡയും പോട്ടയും യുഎപിഎയും ഘട്ടം ഘട്ടമായി അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന രാജ്യമാണ് ഇൻഡ്യ. യുഎസിലെ പാട്രിയോട്ടിക് ആക്റ്റിന്റെ മുൻ/പിൻ അവതാരങ്ങളാണ് ഇവയൊക്കെ. പുതിയ സാമൂഹിക നിയന്ത്രണ വ്യവസ്ഥ നിരന്തരം പുതിയ രീതിയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു സാരം. അതിനാലാവട്ടെ ചെറുത്തുനിൽപ്പിന്റെ പുതിയ രീതികൾ വികസിച്ചു വരാൻ ഒരുപാട് പ്രയാസപ്പെടും. അതാവട്ടെ ഭരണവർഗത്തിനും അതിന്റെ ഉപകരണങ്ങൾക്കും കൂടുതൽ ഹിംസകൾ നടത്താൻ സഹായകമാവുന്നു. ഇൻഡ്യന്‍ സാഹചര്യത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വിമത ചിന്തകര്‍, ഭരണകൂടത്തോട് പല കാരണങ്ങളാൽ പോരാടുന്ന ദേശീയ സമൂഹങ്ങള്‍, ദലിത്, ആദിവാസി വിഭാഗങ്ങള്‍, മുസ്‌ലിംകള്‍ അടക്കമുള്ള രാഷ്ട്രീയ/സാമുദായിക ന്യൂനപക്ഷത്തെ വേട്ടയാടാന്‍ ഇപ്പോള്‍ യുഎപിഎ അടക്കമുള്ള നിയമങ്ങള്‍ ശ്രമിക്കുന്നത്. 

മിക്ക ദേശരാഷ്ട്രങ്ങളിലെയും ന്യൂനപക്ഷ വിഭാഗമാണ്‌ ഭീകരതെക്കെതിരായ യുദ്ധത്തിന്റെ പ്രാഥമിക ഇരകള്‍. അമേരിക്കൻ ഐക്യനാടുകളിലെ ന്യൂനപക്ഷങ്ങൾ വിശിഷ്യ ആഫ്രോ അമേരിക്കൻ സമൂഹം അനുഭവിക്കുന്ന കൂട്ടത്തടവിനെപറ്റി പഠിക്കുമ്പോൾ മിഷേൽ അലക്സാണ്ടർ New Jimcrow: Mass Incarceration in the Age of Colorblindness എന്ന പ്രധാനപ്പെട്ടൊരു പുസ്തകത്തിൽ നിരീക്ഷിച്ച ചില കാര്യങ്ങൾ 9/11നു ശേഷമുള്ള നിരവധി കീഴാള യുവാക്കളുടെ ജീവിതത്തെ മനസിലാക്കുമ്പോൾ ആലോചിക്കേണ്ടതുണ്ട്. 

തടവുജീവിതം ഒരു വ്യക്തി അനുഭവമായി നോർമലൈസ് ചെയ്യപ്പെട്ടാണ് പൊതുവെ മനസിലാക്കുക. ഭീകരത അടക്കമുള്ള കേസുകളിൽ പലപ്പോഴും സോഷ്യൽ ബോയ്കോട്ടിങ് അടക്കം സാധ്യമാക്കുന്ന നോർമലൈസിങ് പ്രക്രിയയാണ് വികസിക്കുക. സകരിയയുടെ ഉമ്മ ബീയുമ്മക്ക് മകൻ ജയിലിലായതിനു ശേഷം സ്വന്തം നാടു വിട്ടു പോവേണ്ടി വന്നുവെന്ന് വായിച്ചതോർക്കുന്നു. കുട്ടികൾ, സ്ത്രീകൾ അടക്കമുള്ള ബന്ധു ജനങ്ങൾ കടന്നു പോവുന്ന ട്രോമ ഈ മാറ്റത്തിന്റെ ഭാഗമാണ്. സമാനമായ അനുഭവങ്ങൾ ധാരാളമുണ്ട്. 

ഭയം എന്നത് നോർമലൈസ് ചെയ്യപ്പെട്ട കാലമാണിത്. ഭരണകൂടത്തിനു എന്തിന്റെ പേരിലും ആരെയും ഏതു രീതിയിലും വേട്ടയാടാം എന്നാണ് നില. രാഷ്ട്രീയം എന്നത് ഭയത്തിനു വഴിമാറുന്ന പോസ്റ്റ് – പൊളിറ്റിക്കൽ ബയോപൊളിറ്റിക്സാണ് ഈ കാലത്തിന്റെ പ്രത്യേകത. അങ്ങനെ ഒരു നോർമലൈസിങ് സമൂഹത്തിന്റെ അകവും പുറവും നിർമിക്കുകയും അപര സമൂഹങ്ങളിലെ വ്യക്തികളെ അതിന്റെ പുറത്തേക്കാനയിച്ചുമാണ് സ്വയം സാധൂകരണം കണ്ടെത്തുന്നത്. ദേശ രാഷ്ട്രം നോർമൽ പൗരത്വം ഉണ്ടാക്കുന്ന സവിശേഷ രീതികളുടെ രാഷ്ട്രീയമാണിത്. 

മിഷേൽ അലക്സാണ്ടറുടെ പുസ്തകം ന്യൂനപക്ഷ സമുദായങ്ങളിലെ വിശിഷ്യ കീഴാള പുരുഷൻമാരുടെ തടവുജീവിതത്തിന്റെ സാമൂഹിക/രാഷ്ട്രീയ അധികാര മാനങ്ങളെ നോർമൽ രാഷ്ട്രീയത്തിനപ്പുറത്ത് ചർച്ച ചെയ്യുന്നതിൽ വിജയിച്ചിരുന്നു. സിവിൽ റൈറ്റ്സ് പ്രസ്ഥാനത്തോടുള്ള അസഹിഷ്ണുതയാണ് അമേരിക്കൻ വെള്ള ഭരണവർഗത്തെ ആഫ്രോ അമേരിക്കൻ യുവാക്കളെ വാർ ഓൺ ഡ്രഗ്സിന്റെ പേരിൽ ഇല്ലാത്ത കഥകൾ മെനഞ്ഞ് ജയിലിലിടാൻ പ്രേരിപ്പിച്ചത്. ഇതാണ് ഇതൊരു പുതിയ ജിംക്രോ നയമെന്ന് അലക്സാണ്ടർ വിളിക്കപ്പെടാൻ കാരണം. മയക്കുമരുന്ന് വേട്ടയുടെ പേരിൽ ന്യൂനപക്ഷങ്ങളെയാണ് വേട്ടയാടിയത്. 

ഉദാഹരണമായി, മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം, ബാബരി മസ്ജിദിന്റെ തകർച്ചയ്ക്കും ഗുജറാത്ത് വംശഹത്യക്കും ശേഷം സാധ്യമായ മുസ്‌ലിം രാഷ്ട്രീയ ചലനങ്ങളെയും പരീക്ഷണങ്ങളെയും പ്രതിരോധിക്കാനാണ് വാർ ഓൺ ടെററിന്റെ പേരിൽ കള്ളക്കേസുകൾ മെനഞ്ഞും വ്യാജ ആരോപണങ്ങൾ പൊതുബോധമാക്കി പരിവർത്തിപ്പിച്ചും ഇത്രയധികം രാഷ്ട്രീയ ബോധമുള്ള യുവാക്കളെയും രാഷ്ട്രീയ നേതാക്കളെയും ഭരണവർഗം തടവിലിട്ടത്.

പാനായിക്കുളം അടക്കമുള്ള കേസുകള്‍ പഠിച്ചാല്‍ വാർ ഓൺ ടെററിന്റെ പേരിൽ ഇവിടെ ഭീകരതയെയല്ല, ന്യൂനപക്ഷ സമുദായത്തിലെ വിദ്യാസമ്പന്നരായ യുവാക്കളെയാണ് പോലീസും മാധ്യമങ്ങളും ചേർന്ന് ലക്ഷ്യം വെച്ചത് എന്ന് മനസിലാകും. വ്യക്തികളായ ഉദ്യോഗസ്ഥരുടെ സാഡിസമായി ഇതിനെ ചുരുക്കാൻ കഴിയുമെന്നു തോന്നുന്നില്ല. പക്ഷേ ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം എങ്ങനെയാണ് വംശീയവും കീഴാള വിരുദ്ധവുമായതെന്നു ചർച്ച ചെയ്യണം. നീതിയുടെയും നിയമത്തിന്റെയും കാര്യത്തിലുള്ള ഈ വിവേചനത്തെപ്പറ്റി കൂടുതൽ പഠിക്കേണ്ടതുണ്ട്. 

അമേരിക്കയിൽ ഇതൊരു വംശീയ ജാതി വ്യവസ്ഥയെത്തന്നെ (racial caste system) വീണ്ടും സാധ്യമാക്കിയെന്നു അലക്സാണ്ടർ നിരീക്ഷിക്കുന്നു. പുനരുൽപാദിക്കപ്പെടുന്ന ഒരു മർദക വ്യവസ്ഥയാണ് ഇത്. അതായത് ന്യൂനപക്ഷങ്ങളെ സവിശേഷമായി തരം താഴ്ന്നവരായി പരിഗണിച്ച്, വംശീയവൽക്കരിച്ച്, സാമൂഹികമായി നിയന്ത്രിക്കാനുള്ള ഉപാധികളുടെ ആവർത്തനമാണ് ഈ അന്യായ തടവുകൾ. പഴയ രീതിയിലുള്ള അടിച്ചമർത്തൽ വ്യവസ്ഥയായല്ല ഇതൊന്നും നിലനിൽക്കുന്നത്. ഓരോ ഘട്ടത്തിലും പുതിയ പേരിൽ നിരന്തരം പുറത്തു വരുന്നു.

കേരളവും മർദക നിയമങ്ങളും 

അലൻ ശുഐബ്, താഹാ ഫസൽ എന്ന രണ്ട് ഇടതുപക്ഷ പ്രവർത്തകരുടെ അറസ്റ്റിന്റെ സാഹചര്യത്തിൽ ഭരണകൂട ചിന്തയുടെ പ്രശ്നങ്ങളുടെ മേലെ പുതിയ ചർച്ചകൾ നടക്കേണ്ടതുണ്ട്. ഏറെ ജാഗ്രതയുണ്ടെന്നു സ്വയം അവകാശപ്പെടുന്ന സിപിഎം ഈ ഭൗമരാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രകടിപ്പിക്കുന്ന അജ്ഞതയും അവഗണനയും ഭാവനാശൂന്യതയും ഒരു ഒഴിവുകഴിവല്ല. ഇന്നത്തെ സാഹചര്യത്തിൽ കക്ഷി രാഷ്ട്രീയത്തിന്റെ യുക്തിയിൽ ഇതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. മിക്കവാറും കോണ്‍ഗ്രസ് അടക്കമുള്ള പ്രബല രാഷ്ട്രീയ കക്ഷികൾക്ക് ഇന്ന് യുഎപിഎ പോലുള്ള നിയമത്തിന്റെ കാര്യത്തിൽ ഒരേ നിലപാടാണുള്ളത്. 

സകരിയയും ഉമ്മ ബീയുമ്മയും

ഈ ചര്‍ച്ചയില്‍ മുസ്‌ലിം പ്രശ്നത്തിന്റെ ചില വ്യത്യാസങ്ങള്‍ കൂടി പറയേണ്ടതുണ്ട്. കേരളത്തിലെ മുഖ്യധാരാ യുഎപിഎ വിരുദ്ധ ആഖ്യാനങ്ങളോട് “അപ്പീൽ” ചെയ്താണ് സക്കരിയയാലും തസ്ലീമായാലും അൻസാർ നദ്‌വിയായാലും ഷിബിലിയായാലും ശാദുലിയായാലും (ലിസ്റ്റ് അപൂർണം) പൊതു വ്യവഹാരങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. മുഖ്യധാരാ യുഎപിഎ ആഖ്യാനങ്ങളുടെ അനുബന്ധമായി മാത്രമേ അവരുടെയൊക്കെ ജീവിതം മനസിലാക്കപ്പെടുന്നുള്ളൂ. രാഷ്ട്രീയ/സമുദായ മുസ്‌ലിം നാമധാരികളുടെ അപരത്വത്തിന്റെ പ്രത്യേകതയാണത്.

ഭീകരവേട്ടയുടെ പേരിൽ മുസ്‌ലിംകൾ അടക്കമുള്ള ന്യൂന വിഷയികളുടെ മേലെ സാധ്യമാകുന്ന ഭരണകൂട വംശീയത മനസിലാക്കാൻ ഇന്നത്തെ സാഹചര്യത്തിൽ ഇൻഡ്യയിലെ മിക്ക വ്യവസ്ഥാപിത ഇടതുകക്ഷികളും പരാജയപ്പെട്ടിരിക്കുന്നു. ബാക്കിയുള്ള പ്രതിരോധ ഇടങ്ങളെ അർബൻ മാവോയിസ്റ്റുകളുമാക്കി ഭരണകൂടം ഒതുക്കിയിരിക്കുന്നു. 

യുഎപിഎ അടക്കമുള്ള പ്രശ്നങ്ങള്‍ ആധുനിക അധികാരത്തിന്റെ പ്രശ്നമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഈ പ്രശ്നം വേറൊരു രീതിയില്‍ ആലോചിക്കാം. നിങ്ങൾക്കിഷ്ടമുള്ള പുസ്തകമോ ലഘുലേഖയോ കൈയിൽ വെക്കാനോ വായിക്കാനോ ആശയ പ്രചാരണം നടത്താനോ ചുരുക്കി പറഞ്ഞാൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു ഇവിടെ തടസം നിൽക്കുന്നത് ഏതെങ്കിലും മുസ്‌ലിം മതസംഘടനകളോ അവർ ജീവിക്കുന്ന ഇടങ്ങളോ അല്ല. ആയിരുന്നേൽ ആ സ്ഥലത്തു പോയി ഗാനസംഗമം, പ്രമുഖ പ്രസാധകരെക്കൊണ്ട് സ്പെഷ്യൽ പതിപ്പ് ഇറക്കൽ, എല്ലാ വാർഡിലും ഒപ്പുമരം, നാടാകെ ചുവരെഴുത്ത്, പ്രസ്തുത സ്ഥാപനത്തിലേക്ക് മാർച്ച് ഒക്കെ നടത്തി പ്രഹസനമാക്കിയേനെ.

ഇതിപ്പോൾ മതേതര പോലീസായിപ്പോയി. ഇടതു ഭരണകൂടവും ആയിപ്പോയി. ഭീകരത എന്ന ഒരിക്കലും ചോദ്യം ചെയ്യാൻ കഴിയാത്ത ആധുനിക യുക്തിയായിപ്പോയി. ശരിക്കും ശിക്ഷക്കും രക്ഷക്കും അധികാരമുള്ള യുഎപിഎ എന്ന ഭരണകൂട നിയമമായിപ്പോയി. യൂറോപ്പും അമേരിക്കയും പോലുള്ള പരിഷ്കൃതരുടെ പിന്തുണയുമുണ്ട്. ആരും വിരലനക്കാൻ രണ്ടു വട്ടം ആലോചിക്കുന്ന ആധുനിക അധികാരമാണ് ഇവിടെ പ്രവർത്തിക്കുന്നത്.

ഉത്തരാധുനികരെയോ സ്വത്വവാദികളെയോ തീവ്ര ഇടതു രാഷ്ട്രീയത്തെയോ ചില മുസ്‌ലിം സാമൂഹ്യ പ്രസ്ഥാനങ്ങളെയോ അതുമിതും പറഞ്ഞാലൊന്നും ഈ പ്രതിസന്ധി മറികടക്കാൻ കഴിയില്ല. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ വ്യത്യസ്തമായ ഒരു ജനാധിപത്യ രാഷ്ട്രീയ സംവാദം ഈ വിഷയത്തിൽ ഉയർന്നു വരേണ്ടതുണ്ട്.

Top