മാജിദ് മജീദിയുടെ സ്വർണമീനുകൾ

December 10, 2018

ഇറാനിയൻ സംവിധായകൻ മാജീദ് മജീദിയുടെ ആദ്യകാല ചലച്ചിത്രങ്ങളായ കളർ ഓഫ് പാരഡൈസ്, ചിൽഡ്രൻ ഓഫ് ഹെവൻ, ബാരാൻ, സോങ് ഓഫ് സ്‌പാരോസ്, വില്ലോ ട്രീ എന്നിവയെ മുൻനിർത്തി മജീദിയുടെ സിനിമകളിലെ ആത്മീയതയെ അന്വേഷിക്കുകയാണ് എം. നൗഷാദ്.

സാധിച്ചെടുക്കാവുന്നതില്‍ ഏറ്റവും ഉന്നതമായ മാനസിക നിലകളിലൊന്ന് നിഷ്കളങ്കതയാണ്. നമ്മിലെല്ലാം നിസ്സീമം നിക്ഷിപ്തമായിരുന്ന ആ മഹത്വത്തെ ഗുപ്തകാപട്യങ്ങളും ദുഷ്ടവഞ്ചനകളും കൊണ്ടു നമ്മള്‍ മറികടന്നു. അനുമോദനാര്‍ഹമായ എന്തെങ്കിലും നിഷ്കളങ്കതയിലുണ്ടെന്നു നാഗരികതയുടെ വേഗങ്ങള്‍ നമ്മെ പഠിപ്പിച്ചില്ല. സാമര്‍ഥ്യമെന്നാല്‍, കാര്യക്ഷമതയെന്നാല്‍ നിരന്തരം മല്‍സരോന്‍മുഖമായ ഒരു ലോകത്തെ സംബന്ധിച്ചു നിഷ്കളങ്കരല്ലാതാവുക എന്നതാണ്. പോഴത്തക്കാര്‍ എന്നു പരിഹസിച്ചൊഴിവാക്കാനാവുന്ന ശുദ്ധമനസ്കരായ സാധാരണക്കാരോടു വലിയ സൂഫികള്‍ പ്രാര്‍ഥിക്കാന്‍ ഏല്‍പ്പിക്കാറുണ്ടായിരുന്നുവത്രെ. മറ്റാരെക്കാളും ദൈവത്തോടു സഹജമായും അടുത്താണവര്‍. മറ്റെന്തിനേക്കാളും അവരുടെ നിസ്വമോഹങ്ങള്‍ കൊണ്ടാണു പറുദീസകള്‍ പണിയപ്പെട്ടിരിക്കുന്നത്. അവരാണ് ഈ ലോകത്തെ അലിവിന്‍െറ തൂണുകളില്‍ താങ്ങിനിര്‍ത്തുന്നത്.

ഇറാനിയന്‍ സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട കുട്ടികള്‍ മാജിദ് മജീദിയുടെ കുട്ടികളാണ്. അവരുടെ നിഷ്കളങ്കതകള്‍, അതിനു പശ്ചാത്തലമാകുന്ന ജീവിതത്തിന്‍െറ കുറവുകളും തികവുകളും സഹിതം ലോകം കണ്ടിരുന്നിട്ടുണ്ട്. മാജിദിയുടെ മിക്കവാറും സിനിമകളിലെ കഥാപശ്ചാത്തലങ്ങള്‍ ദാരിദ്ര്യത്തിന്‍േറതാണ്. ഇല്ലായ്മയില്‍ പൂക്കുന്ന ബന്ധങ്ങളെക്കുറിച്ചാണ് അദ്ദേഹം തന്റെ തിരക്കഥാകൃത്തുക്കളോടൊപ്പം അധികവും ആലോചിച്ചിരിക്കുക. ഭൗതികമായ ദാരിദ്ര്യവും ഭൗതികേതരമായ സമ്പന്നതയും മാജിദിയുടെ ജീവിതവീക്ഷണത്തിലേക്കും സൗന്ദര്യശാസ്ത്ര ദര്‍ശനങ്ങളിലേക്കുമുള്ള ഒരു പ്രവേശികയായി കരുതാം. സ്നേഹമാണ് ഏറ്റവും വലിയ സ്വത്തെന്നും കരുണയാണ് ഏറ്റവും വലിയ സമ്മാനമെന്നും ഉള്ളിനുള്ളില്‍ അറിയുന്ന കുട്ടികളെയും ഉമ്മമാരെയും ഈ മനുഷ്യന്‍ നമുക്കു നിരന്തരം കാണിച്ചുതരുന്നു.

ചെളിയിൽ ആണ്ടുപോകുന്ന സമ്മാനം

‘കളര്‍ ഓഫ് പാരഡൈസി’ലെ കുഞ്ഞുമോൻ മുഹമ്മദ് തന്‍െറ ഭൗതികമായ അന്ധതയെ ആഴത്തിൽ മറികടക്കുന്നുണ്ട്. സ്നേഹം കൊണ്ടും വിനീതവും നിസ്സഹായവുമായ ജീവിതസംതൃപ്തി കൊണ്ടും മാത്രമാണ് ഈ ലോകത്തിന്റെ ദുരിതങ്ങൾക്കപ്പുറത്തേക്കു പോകാനാവുക എന്നല്ലേ അവൻ നമ്മോടു പറയാതെ പറയുന്നത്. വേണമെങ്കിൽ സ്വാര്‍ഥനെന്നു പറയാവുന്ന, പലതരം മോഹങ്ങളാൽ നിരന്തരം പ്രചോദിതനാകുന്ന, അവന്‍െറ പിതാവിന്‍െറ മാനസികമായ അന്ധതക്കുമുന്നില്‍ മുഹമ്മദിന്‍െറ ഭൗതികമായ അന്ധത എത്ര ചെറുതാണ് (ഒന്നോര്‍ത്താല്‍ അനാഥനായി വളരുകയും യൗവനത്തിലേ ഭാര്യ മരിച്ചുപോവുകയും ചെയ്ത അവന്‍റെ പിതാവും എത്ര പാവമാണ്!). മുഹമ്മദ് തന്‍െറ സഹോദരിമാര്‍ക്കും വല്യുമ്മക്കും കൊണ്ടുവരുന്ന ചെറിയ സമ്മാനങ്ങളില്‍ വിപണിയോടുള്ള നിഷ്കളങ്കവും ലളിതവുമായ നിരാസമുണ്ട്. സ്നേഹമെന്നത് ഒരുല്‍പ്പന്നത്തിന്‍െറയും പിന്തുണ ആവശ്യമില്ലാത്ത വികാരമാണെങ്കിലും, ദുര്‍ബലരായ മനുഷ്യര്‍ക്കു സ്നേഹം പ്രകടിപ്പിക്കുവാന്‍ വസ്‌തുക്കളുടെ സഹായം വേണ്ടിവരാറുണ്ട്.

അന്ധനായ മുഹമ്മദിനെ അവന്‍െറ ഇഷ്ടത്തിനു വിരുദ്ധമായി വീട്ടിലാരോടും ചര്‍ച്ചചെയ്യാതെ, ദൂരെയുള്ള മരപ്പണിശാലയില്‍ കൊണ്ടുപോയാക്കിയതില്‍ പ്രതിഷേധിച്ചാണ് ‘കളര്‍ ഓഫ് പാരഡൈസി’ലെ വലിയുമ്മ മകനോടു പിണങ്ങി വീടുവിട്ടിറങ്ങുന്നത്. മഴ നിര്‍ത്താതെ പെയ്യുന്ന ആ സന്ധ്യയില്‍ പോകാന്‍ പ്രത്യേകിച്ചൊരിടവുമില്ലാത്ത സാത്വികയായ ആ വൃദ്ധ, സ്നേഹത്തിന്‍റ ഏതഭയത്തിലക്കാവും തീര്‍ഥയാത്രക്കൊരുങ്ങിയിരിക്കുക? ക്രൂരത ദുര്‍ബലരുടെ ആയുധമാണ്, കരുണ കരുത്തരുടേയും. മഴയത്തു വഴി തെറ്റിവന്നു കരയ്ക്കു കയറി പിടയുന്ന ഒരു മല്‍സ്യത്തെ മഹാവാല്‍സല്യത്തോടെയെടുത്തു തോട്ടിലേക്കു വിടുന്ന ഉപേക്ഷിതയായ ആ മാതാവ് അനേകം പ്രേക്ഷകരുടെ അതിജീവനങ്ങളെ സഹായിക്കാതിരിക്കില്ല. ഏറ്റവും ചെറിയ, ഏറ്റവും സാധാരണമായ പ്രവൃത്തികളാണു പലപ്പോഴും ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത്. ആ മീനിനെ വെള്ളത്തില്‍ വിട്ടെഴുന്നേല്‍ക്കുന്നതിനിടെ, മുഹമ്മദ് അവധിക്കു നാട്ടില്‍വന്നപ്പോള്‍ കൊണ്ടുവന്നു തന്ന ആ കുഞ്ഞുസമ്മാനം വെള്ളത്തില്‍ വീണ് ആണ്ടുപോവുന്നു. ചെളിയില്‍ പൂണ്ടു വീണ്ടെുക്കാനാവാതെ പോവുന്ന ആ സമ്മാനത്തെയും വേണ്ടെന്നുവെച്ച് ആ സ്ത്രീ മുന്നോട്ടു നടക്കുകയാണ്. ‘ ബാരാനിലെ’ പ്രണയ പരവശനായ നായകന്‍ ഒടുവില്‍ തൊപ്പി മറന്നുവെച്ചു പോവുന്നിടത്തും ആത്മീയമായ പക്വതക്ക് അനിവാര്യമായും ആവശ്യമുള്ള പരിത്യാഗമെന്ന മൂല്യത്തിലേക്കുള്ള സൂചനകള്‍ കാണാം.

ക്രൂരത ദുര്‍ബലരുടെ ആയുധമാണ്, കരുണ കരുത്തരുടേയും. മഴയത്തു വഴി തെറ്റിവന്നു കരയ്ക്കു കയറി പിടയുന്ന ഒരു മല്‍സ്യത്തെ മഹാവാല്‍സല്യത്തോടെയെടുത്തു തോട്ടിലേക്കു വിടുന്ന ഉപേക്ഷിതയായ ആ മാതാവ് അനേകം പ്രേക്ഷകരുടെ അതിജീവനങ്ങളെ സഹായിക്കാതിരിക്കില്ല. 

പിന്നീടു മകനാല്‍ നിര്‍ബന്ധപൂര്‍വം വീട്ടിലേക്കു തിരിച്ചുകൊണ്ടുവരപ്പെട്ട, നിശബ്ദമായ പ്രാര്‍ഥനകളോടെ വീട്ടിനകത്തു കഴിയുന്ന രോഗിയായ മാതാവിനോട് ‘ ഉമ്മാക്കിത്ര വിഷമമായെങ്കില്‍ ഞാന്‍ മുഹമ്മദിനെ തിരിച്ചുകൊണ്ടുവരാം’ എന്ന് അവന്‍റെ ഉപ്പ പറയുന്നുണ്ട്. എനിക്കു മുഹമ്മദിനെ ഓര്‍ത്തിട്ടല്ല, നിന്നെ ഓര്‍ത്തിട്ടാണു സങ്കടം എന്നാണ് അവരുടെ മറുപടി. അതില്‍ ഉമ്മയുടെ കരുതലും പരോക്ഷമായ ഗുണദോഷിക്കലുമുണ്ട്. മകന്‍െറ തെറ്റു പൊറുത്തുകൊടുത്തിട്ടും, തന്‍െറ സമ്പാദ്യം മുഴുവന്‍ അവന്‍െറ വരാന്‍ പോകുന്ന പെണ്ണിനുവേണ്ടി നല്‍കിയിട്ടും ബഹുതലമാനങ്ങളുള്ള അയാളുടെ ദുര്‍വിധിയെച്ചൊല്ലി ആ പാവം ഉമ്മ സങ്കടപ്പെടുന്നു. പിന്നീടൊരിക്കലും വലിയുമ്മയും മുഹമ്മദും തമ്മില്‍ കാണുന്നില്ല.


സ്വർണമീനുകൾ ചുംബിക്കുന്ന കാലുകൾ

ആകെയുള്ള ഒരൊറ്റ ജോടി ഷൂ പങ്കുവെച്ചു ജീവിക്കുന്ന അലിയുടെയും സഹ്റയുടെയും സാഹോദര്യത്തിന്റെ കഥയാണു ‘ചിൽഡ്രൻ ഓഫ് ഹെവൻ’. ഒരു വലിയ ഓട്ടമല്‍സരത്തിനു മൂന്നാം സമ്മാനമായി കിട്ടാനിടയുള്ള ഒരു ജോടി ഷൂ മോഹിച്ച്, അതു കിട്ടിയാല്‍ തന്‍െറ കുഞ്ഞുപെങ്ങളുടെ സ്കൂള്‍ ദുരിതങ്ങള്‍ തീരുമെന്നു സ്വപ്നം കണ്ട് ഓട്ടമല്‍സരത്തില്‍ അക്കണ്ട ദൂരമത്രയും ഓടിക്കിതക്കുന്ന അലി അവസാനം തോല്‍ക്കുകയാണോ ജയിക്കുകയാണോ ചെയ്തത്? മൂന്നാം സമ്മാനമായ ഒരു ജോടി ഷൂവാണ് അവനു വേണ്ടത്. അതാണ് അവന്‍െറയും പെങ്ങളുടെയും ജീവിതത്തിന്‍െറ നിത്യമായ ഓട്ടങ്ങളെ ഇല്ലാതാക്കുക. അവര്‍ക്കിരുവര്‍ക്കും സ്വാസ്ഥ്യത്തോടെ സ്കൂളിലേക്കും തിരിച്ചും വരാനാവുക ആ ഷൂ കിട്ടിയാലാണ്. ഫിനിഷിങ് ലൈന്‍ കടന്നു കിതച്ചു വീഴുന്ന നേരത്തു വാരിയെടുക്കാനെത്തുന്ന അധ്യാപകനോട് അവന്‍ ചോദിക്കുന്നത് ‘എനിക്കു മൂന്നാം സ്ഥാനമില്ലേ’ എന്നാണ്. ഒരു പ്രതിഭക്ക് ഒന്നാമതല്ലാതാവുക എന്നതാണു വെല്ലുവിളിയെന്ന് അവനപ്പോള്‍ അറിഞ്ഞുകാണണം. ഒന്നാമന്‍െറ പീഠത്തില്‍ കണ്ണീരണിഞ്ഞുനില്‍ക്കുന്ന അലിയുടെ സ്നേഹത്തില്‍, വേദനയില്‍, വിപണി മൂല്യങ്ങള്‍ നമ്മിലേല്‍പ്പിച്ച സാഹോദര്യവിനഷ്ടങ്ങളുടെ പരിഹാരം നാമറിയുന്നു. വീട്ടിലെത്തി അപ്പോഴേക്കം പൂര്‍ണമായും പൊളിഞ്ഞു കഴിഞ്ഞ ഷൂ – രണ്ടുപേര്‍ക്കും കൂടി ആകെയുള്ളതായിരുന്നു – തറയിലേക്കു നിസ്സംഗം വലിച്ചെറിഞ്ഞ്, മൂന്നാം സമ്മാനമായ ഷൂവിനു കാത്തിരിക്കുന്ന സഹ്റയുടെ മുന്നില്‍ പരാജിതനായി നില്‍ക്കുന്ന അലിയില്‍ സ്നേഹത്തിനു വേണ്ടി പടവെട്ടിത്തോറ്റു മടങ്ങിയെത്തുന്ന എല്ലാ ഇതിഹാസ മനുഷ്യരുടെയും ഛായ നമുക്കു കാണാം. സ്നേഹത്തിനു വേണ്ടിയുള്ളതല്ലാത്ത ജയങ്ങള്‍ക്ക് അര്‍ഥമില്ല എന്നു നാമറിയുന്നു. എന്‍െറ സഹോദരിയുടെ, സഹോദരന്‍െറ ദുരിതം കുറക്കാനാവാതെ എനിക്കു കിട്ടുന്ന പട്ടങ്ങളില്‍ ആഹ്ളാദിക്കാനെന്തിരിക്കുന്നു?

ഓടിപ്പതംവന്നു പൊള്ളിയ അവന്‍െറ കാലുകളില്‍ മുറ്റത്തെ കുളത്തിലെ സ്വര്‍ണമീനുകള്‍ വന്നു ചുംബിക്കുമ്പോഴാണു സിനിമ അവസാനിക്കുന്നത്. മാജിദ് മജീദിയുടെ മിക്കവാറും സിനിമകളില്‍ ഈ കുളവും സ്വര്‍ണ മല്‍സ്യങ്ങളുമുണ്ട്. പ്രതീകപരമായ പ്രാധാന്യത്തോടെ, അന്ത്യരംഗങ്ങളിലാണ് അവ കടന്നുവരിക എന്നതും ശ്രദ്ധേയമാണ്.

നേരിനെക്കാൾ പവിത്രമായ നുണ

അന്ധത, ബധിരത, നിശബ്ദത എന്നിവ മജീദിയുടെ പല സിനിമകളിലായി വരുന്ന സൂഫിരൂപകങ്ങളാണ്. ‘ദ സോങ് ഓഫ് ദ സ്പാരോസിലെ’ പെണ്‍കുട്ടി ഹാനിയ ബധിരയാണ്. അവളുടെ ശ്രവണ സഹായി കേടുവന്നുപോയെങ്കിലും, അതവള്‍ മറച്ചുവെക്കുകയും തനിക്കു കേള്‍ക്കാമെന്നു നുണ പറയുകയും ചെയ്യുന്നതു പിതാവിന്‍െറ ദാരിദ്ര്യം അവള്‍ക്കറിയുന്നതു കൊണ്ടാണ്. പുതിയൊരു ശ്രവണസഹായി വാങ്ങിത്തരാൻ തന്റെ പാവം ഉപ്പാക്കു കഴിയില്ലെന്ന് ആ കുട്ടിക്കറിയാം. നേരിനേക്കാള്‍ പവിത്രമാണ് ചില നുണകള്‍. മറുവശത്ത് അഫ്ഗാനി പെണ്‍കുട്ടി ഒരു വാക്കുപോലും ഉരിയാടുന്നില്ല. നിശബ്ദത കൊണ്ടാണ് അവള്‍ പറയുന്നതത്രയും. എന്നിട്ടും അഭയാര്‍ഥി അതിജീവനങ്ങള്‍ക്കു വേണ്ട പാരുഷ്യങ്ങളെല്ലാം കൈവശമുള്ള ലത്തീഫിനെ അവള്‍ ലളിതമോഹനമായി കീഴ്പ്പെടുത്തുന്നു. ഒരേസമയം പല അടരുകളില്‍ വായിക്കാനാവുന്നതാണ് അവളുടെ ജീവിതം; അവരുടെ ഒരിക്കലും ഉച്ചരിക്കപ്പെടാത്ത, എന്നിട്ടുമെപ്പോഴും പ്രകാശിതമാവുന്ന പ്രണയം പോലെ.

മാനവികതയുടെ നിലനില്‍പ്പിനുവേണ്ട സാഹോദര്യബോധത്തെ, നിഷ്കളങ്ക സ്നേഹത്തെ, പ്രകൃതിയുമായുള്ള അധീശത്വപരമല്ലാത്ത പാരസ്പര്യത്തെ ഒക്കെ ഈ സൂഫി ചലച്ചിത്രകാരന്‍ നിരന്തരം അടയാളപ്പെടുത്തുന്നു. ‘ഫാദര്‍’, ‘കളര്‍ ഓഫ് പാരഡൈസ്’, ‘സോങ് ഓഫ് ദ സ്പാരോസ്’ എന്നീ ചിത്രങ്ങളില്‍, പ്രകൃതിയുടെ നിറഞ്ഞ സാന്നിധ്യമുണ്ട്. ഒട്ടകപ്പക്ഷി, കുരുവി, സ്വര്‍ണമല്‍സ്യം തുടങ്ങിയവയുടെ സ്വതന്ത്ര ലോകങ്ങളെ ഊന്നിപ്പറയുന്നു ‘ സോങ് ഓഫ് സ്പാരോസ്’.

മാനവികതയുടെ നിലനില്‍പ്പിനുവേണ്ട സാഹോദര്യബോധത്തെ, നിഷ്കളങ്ക സ്നേഹത്തെ, പ്രകൃതിയുമായുള്ള അധീശത്വപരമല്ലാത്ത പാരസ്പര്യത്തെ ഒക്കെ ഈ സൂഫി ചലച്ചിത്രകാരന്‍ നിരന്തരം അടയാളപ്പെടുത്തുന്നു.

നമുക്കു മാത്രമായി നിലനില്‍ക്കുക സാധ്യമല്ലാത്ത ഒരു ലോകത്തെപ്പറ്റിയുള്ള നിഷ്കളങ്ക ബോധ്യത്താലാണ് ആ കുട്ടികള്‍, പാടുപെട്ടു വാങ്ങിയ വളര്‍ത്തുമല്‍സ്യങ്ങളെ, പാതിവഴിക്കു പൊട്ടിപ്പോയ വീപ്പയില്‍നിന്നു, തെരുവില്‍ ചിതറിപ്പോയിട്ടും ചത്തുപോവാതിരിക്കാന്‍ മാത്രം, തോട്ടിലെ വെള്ളത്തിലേക്ക് ഒഴുക്കിവിടുന്നത്. അവിചാരിതമായി വീപ്പപൊട്ടി വഴിയില്‍ ചിതറിയ സ്വര്‍ണ മീനുകളെ, എങ്ങനെ വീട്ടിലെ കുളത്തിലെത്തിക്കുമെന്നൊരു പിടിയുമില്ലാതെ ഏതാനും നിമിഷങ്ങള്‍ അന്തംവിട്ടു നിന്ന ശേഷം അവര്‍ കണ്ണീരോടെ തൊട്ടടുത്ത തോട്ടിലേക്കൊഴുക്കി വിടുന്നു. എന്നിട്ട് ഒരു മീനിനെ മാത്രം പ്ളാസ്റ്റിക് കവറിലാക്കി കൊണ്ടുപോയി, അനേകം മീനുകള്‍ക്കു പെരുകാന്‍ വേണ്ടി അവര്‍ തയ്യാറാക്കിവെച്ച കുളത്തിലേക്കിടുന്നു. നഷ്ടങ്ങളുടെ മടക്കയാത്രയില്‍ അതുവരെ പരുക്കനായിരുന്ന, മാജിദ് മജീദിയുടെ പ്രിയപ്പെട്ട നടന്‍, റൈസാ നാജി കുട്ടികളിലൊരാളുടെ മുറിവു തൂവാല കീറി കെട്ടിക്കൊടുത്തശേഷം ഒരു പാട്ടു പാടുന്നുണ്ട്: ‘ഈ ലോകം ഒരു വലിയ നുണയാണ്, ഈ ലോകം ഒരു പാവം കിനാവാണ്’ എന്ന്.

മറഞ്ഞുകിടക്കുന്ന നിധി

സെപ്തംബര്‍ 11നുശേഷം അഭയാര്‍ഥികളും ഭീകരവാദികളുമായി മാത്രം കാണപ്പെട്ട ഒരു ജനസഞ്ചയത്തിന്‍െറ ദുരിതമയവും അഗാധവുമായ നിശബ്ദതയാണ് ‘ബാരാനി’ലെ റഹ്മത്തിന്‍േറത്. സൂഫി പാരമ്പര്യങ്ങളുടെ വീക്ഷണകോണില്‍ വ്യാഖ്യാനിച്ചാല്‍, അവള്‍ മറഞ്ഞു കിടക്കുന്ന നിധിയാണ്. വേഷപ്രച്ഛന്നയായ ഗുരുവാണ്. സ്നേഹത്തിന്‍െറ പൊരുളിലേക്കു നയിക്കുകയും അതുവഴി ഒരു മനുഷ്യനെ, ഒരു ആവാസവ്യവസ്ഥയെ സമൂലം നവീകരിക്കുകയും ചെയ്യുന്ന ആത്മജ്ഞാനമാണ്. അതു സമർപ്പണത്തിൽ മാത്രമേ വെളിപ്പെടൂ. അല്ലാത്ത കാലത്തോളം അതൊളിഞ്ഞിരിക്കും. അവളിലെ അവളെ തിരിച്ചറിയുന്നതിനു മുന്‍പു കോപാകുലനായി അവന്‍ എറിഞ്ഞുടച്ച പാത്രങ്ങളാല്‍ വികലമായ ആ ചെറിയ അടുക്കളയെ എത്ര സ്വാസ്ഥ്യത്തോടെയും ശാന്തിയോടെയുമാണ് അവള്‍ പുതുക്കിപ്പണിയുന്നത്. ഏതു വീട്ടിൽ നിന്നും എപ്പോൾ വേണമെങ്കിലും കുടിയിറക്കപ്പെടാം എന്ന് എപ്പോഴുമറിയുന്ന അഭയാര്‍ഥിയായ ഒരുവൾക്കു സഹജമായും കഴിയുന്ന വേദനയോടെ, അതിന്റെ വശ്യതയോടെ.

എന്നിട്ടോ, ജീവിതത്തിന്, ഉണര്‍വിന്, സ്നേഹത്തിന് ഒരു പുതിയ സാധ്യത തുറന്നുകൊടുത്ത് അവള്‍ അപ്രത്യക്ഷയാവുന്നു. തുടര്‍ന്ന് അവളെ അന്വേഷിച്ചുള്ള ലത്തീഫിന്‍െറ യാത്രകള്‍ അവളെ അന്വേഷിച്ചുള്ളതു മാത്രമാണോ? സ്നേഹത്തിനു പിന്നാലെ നിസ്വമായും നിസ്സഹായമായും പായുമ്പോൾ മാത്രമല്ലേ നാം നമ്മിലേക്കു തന്നെ ആഴത്തിൽ നോക്കുന്നത്? അതുവരെ കാണാതിരുന്നതൊക്കെ വെളിപ്പെടുന്നത്. അവളുടെയും പരിക്കേറ്റു കഴിയുന്ന പിതാവിന്‍െറയും ക്ഷേമത്തിനുവേണ്ടി അയാള്‍ വില്‍ക്കുന്ന ഐഡന്‍റിറ്റി കാര്‍ഡ് രാഷ്ട്രീയാര്‍ഥത്തിലുള്ള ഒരു രേഖയല്ലെന്നും പറയാം. ‘അഹ’ത്തെ, സ്വന്തം അസ്തിത്വത്തെ ഉപേക്ഷിക്കുന്ന, മറ്റൊരാൾക്കു വേണ്ടി പരമമായി സമര്‍പ്പിക്കുന്ന ദിവ്യാനുരാഗത്തിന്‍െറ, വിലയനത്തിന്റെ ഓളങ്ങള്‍ ഇവിടെ അലതല്ലുന്നുണ്ട്. സ്വന്തം കഷ്ടപ്പാടുകളുടെ സമ്പാദ്യമത്രയും, ജോലിദാതാവിന്‍െറ വകയാണെന്നു തെറ്റിദ്ധരിപ്പിച്ച്, തന്നോടുള്ള കടപ്പാടോ സ്നേഹത്തിന്‍െറ ഏതെങ്കിലും രീതിയിലുള്ള തിരിച്ചുകിട്ടലോ പ്രതീക്ഷിക്കാതെ, എന്നേക്കുമായി പിരിഞ്ഞുപോകുന്ന, അതിർത്തി കടന്നു അജ്ഞാതദേശത്തേക്കു മടങ്ങിപ്പോകുന്ന ഒരുവളുടെ കുടുംബത്തിനു കൊടുക്കുന്ന പ്രവൃത്തിയെ ഏതു യുക്തികൊണ്ടളന്നാലാണു നമുക്കു മനസ്സിലാവുക? സ്നേഹത്തില്‍ നിന്ന്, കൊടുക്കലിൽ നിന്നു മാത്രം സിദ്ധിക്കുന്ന ആന്തരിക വിശുദ്ധിയെ, വളര്‍ച്ചയെ അനേകം ബിംബകല്‍പ്പനകളിലൂടെ മാജിദ് മജീദി ധ്വനിപ്പിക്കുന്നതു വാക്കുകള്‍ക്കു പറയാവുന്നതിലധികമാണ്.

നിന്‍െറ കണ്ണുകള്‍ ഈ ലോകത്തിന്‍െറ കാഴ്ചകൾ കണ്ടു മതിയായോ?

മജീദിയുടെ കഥാപാത്രങ്ങള്‍ വലിയ വാല്‍സല്യത്തിന്‍െറയും വിവേകത്തിന്‍െറയും ഉറവുകളാണ്. ‘ഫാദറി’ല്‍ തന്‍െറ പുതിയ ഭാര്യയോടു കേവല അഹംബോധത്താല്‍ തര്‍ക്കിക്കുന്ന മകനോടുള്ള വിധവയായ ഉമ്മയുടെ സമീപനം ഓര്‍ക്കുക. ‘വില്ലോ ട്രീ’യിലെ അന്ധനായ പ്രൊഫസറുടെ ഉമ്മയെ നോക്കുക. മകന്‍െറ ഭാഗ്യനിര്‍ഭാഗ്യങ്ങളെ, ബാഹ്യാര്‍ഥത്തിനപ്പുറത്തേക്കു തിരിച്ചറിയുന്ന ഉള്‍ക്കണ്ണ് അവരിലുമുണ്ട്. അന്ധതയെ ഒരു രൂപകം എന്ന അര്‍ഥത്തില്‍ മാജിദി ഏറ്റവും സാര്‍ഥകമായി ഉപയോഗിച്ചത് ‘വില്ലോ ട്രീ’യിലാണ്. റൂമി കവിതകള്‍ പഠിപ്പിക്കുന്ന പ്രൊഫസര്‍ പാരീസിലെ ശസ്ത്രക്രിയക്കുശേഷം കാഴ്ച കിട്ടി നാട്ടിലെത്തുന്ന ആ ഒരൊറ്റരംഗം അയാളുടെ നിരാശയെ, ആശയക്കുഴപ്പങ്ങളെ, ധര്‍മസങ്കടങ്ങളെ, വാചാലമായി പ്രതിഫലിപ്പിക്കുന്നു. ഇല്ലാതിരുന്ന കാഴ്ച ഒരു നാള്‍ കൈവരുന്നതിനേക്കാളും നിരാശപ്പെടുത്തുന്ന എന്തനുഭവമാണ് ലോകത്തുള്ളത്? അതുവരെ ഉള്ളിലുണ്ടായിരുന്ന നിറങ്ങള്‍, കാഴ്ചകള്‍, രൂപങ്ങൾ, സൗന്ദര്യങ്ങള്‍ വെളിച്ചത്തിന്‍െറ വരവോടെ എത്ര ന്യൂനീകരിക്കപ്പെട്ടുപോവുന്നു. വെറുതെയാവില്ലല്ലോ സൂഫികള്‍ അവരുടെ സ്നേഹപാരമ്യങ്ങളില്‍ അന്ധതക്കുവേണ്ടി പ്രാര്‍ഥിച്ചത്. ദൈവത്തെ കാണാനാവാത്ത കണ്ണെന്തിനാണെന്ന്, പരമസൗന്ദര്യത്തെ നോക്കുന്നതില്‍നിന്നു തടയുന്ന ശുഷ്കസൗന്ദര്യങ്ങളെന്തിനെന്നു പശ്ചാത്താപത്തിന്‍െറ അനാഥത്വത്തില്‍ നമ്മുടെ പ്രൊഫസറും തിരിച്ചറിയുന്നുണ്ട്. അതിനും മുന്‍പ് എന്തെന്ത് സൗന്ദര്യങ്ങളാണ് അയാളെ നിരന്തരം പ്രലോഭിപ്പിക്കുന്നത്. അയാള്‍ കാണുന്നതു മുഴുവന്‍ ലോകത്തിന്‍െറ കുടിലതകളും വഞ്ചനകളും പതിയെപ്പതിയെ മടുപ്പുതോന്നുന്ന കേവലലാവണ്യങ്ങളും മാത്രം. റൂമിയെ പഠിപ്പിക്കുന്നവനായിട്ടു കൂടി അയാള്‍ അവയിലൊക്കെ അഭിരമിക്കുന്നു. കാലുതെറ്റിവീണു മലിനനാകുന്നു. ദൈവവുമായി അനന്തകാലം തൊട്ടേ നടത്തിവന്നിരുന്ന അയാളുടെ ആത്മസംഭാഷണങ്ങള്‍ അതോടെ അസ്തമിക്കുന്നു. ഭാര്യയും മകളും മാതാവും അകലാന്‍ മാത്രം അയാള്‍ കളങ്കിതനാവുന്നു.

‘സ്നേഹത്തിനു പിന്നാലെ നിസ്വമായും നിസ്സഹായമായും പായുമ്പോൾ മാത്രമല്ലേ നാം നമ്മിലേക്കു തന്നെ ആഴത്തിൽ നോക്കുന്നത്? അതുവരെ കാണാതിരുന്നതൊക്കെ വെളിപ്പെടുന്നത്.’

എയര്‍പോര്‍ട്ടില്‍ തന്നെ സ്വീകരിക്കുന്നതിനായി തറയിലേക്കു വന്നു വീഴുന്ന അനേകം പൂക്കള്‍ക്കിടയിലൂടെ കാഴ്ച കിട്ടിയ പ്രൊഫസര്‍ തിരിച്ചത്തുന്ന വേളയില്‍ അയാളുടെ സഹപ്രവര്‍ത്തകയും ശിഷ്യരും ഗ്ളാസിനിപ്പുറംകൂടി ആഹ്ളാദപൂര്‍വം എതിരേല്‍ക്കുമ്പോള്‍ ഇതിലോരോരുത്തരും ആരൊക്കെയാണെന്ന് തിരിച്ചറിയാതെ, വിഡ്ഢിയെപ്പോലെ നിസ്സാരനായി നില്‍ക്കുന്ന പ്രൊഫസറുടെ കണ്ണുകള്‍ സുന്ദരികളായ പെണ്ണുങ്ങളുടെ ചിരികളില്‍ തങ്ങിനിന്നുപോവുന്നുണ്ട്. ഭാര്യയെ, ഉമ്മയെ, മകളെ, അയാള്‍ കണ്ടത്തെിയെടുക്കാന്‍ ശ്രമിക്കുന്നു. അവിടെ സങ്കടം നിറഞ്ഞ മുഖവുമായാണ് അയാളുടെ ഉമ്മ നില്‍ക്കുന്നത് എന്നത് ഏറെ അര്‍ഥവത്താണ്. ആ ചിരിക്കൂട്ടത്തിനിടയില്‍ ഏതൊരാളും മറ്റെങ്ങിനെയാണു സ്വന്തം ഗര്‍ഭപാത്രത്തെ തിരിച്ചറിയുക?

അവിവേകവും അതിമോഹവും കൊണ്ട് ഏറ്റവും പ്രിയപ്പെട്ടതൊക്കെയും ഏറ്റവും സ്ഥായിയാതൊക്കെയും പിരിഞ്ഞുപോയിക്കഴിഞ്ഞശേഷം അയാള്‍ക്കു പാരീസിലെ ആശുപത്രിയില്‍വെച്ചു പരിചയപ്പെട്ട സുഹൃത്തിന്‍െറ ഒരു കത്തു വരുന്നുണ്ട്. ‘നിന്‍െറ കണ്ണുകള്‍ ഈ ലോകത്തിന്‍െറ കാഴ്ചകൾ കണ്ടു മതിയായോ?’ എന്നാണതിലെ കാതലായ അന്വേഷണം. കാഴ്ച നഷ്ടപ്പെട്ടുകഴിഞ്ഞപ്പോഴാണ് അതുവരെ കണ്ടതിനപ്പുറത്തേക്കു തനിക്കു കാഴ്ച കിട്ടിയെതെന്നു സുഹൃത്ത് എഴുതുന്നു. പ്രൊഫസര്‍ക്കും കാഴ്ച നഷ്ടപ്പെടുകയും അയാള്‍ ദൈവവുമായുള്ള തന്‍െറ സംഭാഷണങ്ങള്‍ പുനരാരംഭിക്കുയും ചെയ്യുന്നിടത്തു സിനിമ തല്‍ക്കാലം തീരുന്നു. തന്‍െറ സിനിമകളില്‍ ദൃശ്യപരമായ ബിംബകവനങ്ങള്‍ക്കു മസ്നവിയെയും ഇതര പേര്‍ഷ്യന്‍ മിസ്റ്റിക് കാവ്യങ്ങളെയും പ്രചോദനമായി കാണുന്ന മജീദി ‘വില്ലോ ട്രീ’യില്‍ മസ്നവിയെ നേരിട്ടു പരാമര്‍ശിക്കുന്നു എന്നതു ശ്രദ്ധേയമാണ്.

ഓരോ സിനിമയും അവസാനിക്കുമ്പോള്‍ മാജിദി പങ്കുവെക്കുന്ന ശുഭാപ്തി വിശ്വാസം അയാളുടെ കലാദര്‍ശനത്തിന്‍െറ കൂടി ഭാഗമാണ്. തോല്‍ക്കുമ്പോഴും നഷ്ടപ്പെടുമ്പോഴും പിരിഞ്ഞുപോകുമ്പോഴും ബാക്കി കിട്ടുന്ന ഒരു നേരിനെ, സ്നേഹത്തെ, പ്രതീക്ഷയെ, കിനാവിനെ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യന്‍െറ ആന്തരിക പരിവര്‍ത്തനങ്ങളുടെ കഥയാണു മാജിദിയുടെ ഏതാണ്ടെല്ലാ സിനിമകളും. മജീദിയോടൊപ്പം അദ്ദേഹത്തിനു വേണ്ടി തിരക്കഥയെഴുതിയ പ്രതിഭാശാലികളോടും ഈ അനുഭവങ്ങൾക്കു നാം കടപ്പെട്ടിരിക്കുന്നു.

(2012ല്‍ ‘നാലാമിടം’ വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ലേഖനം. http://www.nalamidam.com/archives/13163)

Top