

അമിതാവ് ഘോഷും ഇന്ത്യന്‍ വരേണ്യ നോട്ടങ്ങളും
സംഭാഷണത്തിലുടനീളം ഘോഷ് “നമ്മൾ” എന്നുപയോഗിക്കുകയുണ്ടായി. ഘോഷ് ആർക്കു വേണ്ടിയാണോ സംസാരിച്ചുകൊണ്ടിരുന്നത്, അത്തരത്തിലുള്ള അനേക ഗണങ്ങൾ ഉൾപ്പെട്ടതാണ് ഈ ഞങ്ങളെന്നത്. അധിനിവേശത്തിലാണ്ടുപോയവർ, ഗ്ലോബൽ സൗത്തിലെ ആളുകൾ, അധിനിവേശത്തിന്റെ നീണ്ട രാത്രികളിൽ നിന്ന് ഇപ്പോൾ എഴുന്നേറ്റുകൊണ്ടിരിക്കുന്നവർ, ഇവർക്കൊക്കെ വേണ്ടി സംസാരിച്ചത് അമിതാവ് ഘോഷായിരുന്നു. ഇത്തരം അനേകങ്ങളെ “ഞങ്ങൾ” എന്ന പേരിൽ ഉള്‍ക്കൊള്ളുന്നതിനിടയിൽ ഘോഷ് പ്രതിനിധീകരിക്കുന്നത് എന്താണ്? മുൻകാലത്ത് കോളനികളാക്കപ്പെട്ട സ്ഥലങ്ങളിലെ വരേണ്യതയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.
രണ്ടായിരത്തി പതിനൊന്നിൽ ഗോർണിക്ക മാഗസിന്റെ ലീലാ അസം സാങ്‌ദേശ്, ഗോവയിൽ താമസിക്കുന്ന എഴുത്തുകാരൻ അമിതാവ് ഘോഷുമായി നടത്തിയ അഭിമുഖ സംഭാഷണം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ആ സംഭാഷണത്തിൽ ഘോഷ് പ്രതിപാദിച്ച ഒരു കാര്യമിതായിരുന്നു, ഇന്ത്യയെ ഏറ്റവുമധികം സ്വാതന്ത്രമാക്കുന്ന വസ്തുത എന്തെന്നാൽ, നാമെന്താകണമെന്നാഗ്രഹിക്കുന്നോ അങ്ങനെയായിരിക്കാൻ ഇന്ത്യ നമ്മെ അനുവദിക്കുന്നു എന്നാണ്. എന്തുകൊണ്ടാണ് ഇതിത്രത്തോളം ഒച്ചപ്പാട് ഉണ്ടാക്കിയതെന്ന് ഈ പ്രസ്താവനയിൽ നിന്നുതന്നെ വ്യക്തമാണ്.
ഒരു ദലിത് സുഹൃത്ത് ഇതിനോടു പ്രതികരിച്ചത് നിങ്ങളിതൊരു ദലിതനോടു പറഞ്ഞു നോക്കൂവെന്നാണ്. എങ്ങനെയാണ് ഇന്ത്യയുടെ പലഭാഗങ്ങളിലും ദിനവും ആളുകൾ ( തീർച്ചയായും ദലിതുകൾ മാത്രമല്ല) അവരെന്താകാനാണോ ആഗ്രഹിക്കുന്നത് അതാകാൻ കഴിയാതെ പോകുന്നതെന്ന വസ്തുത എങ്ങനെയാണ് ഒരാൾക്കു മറക്കാനാകുക. ദലിതർക്ക് ഈ രാജ്യത്ത് അവരാഗ്രഹിക്കുന്നവരെ വിവാഹം കഴിക്കാനാകുന്നില്ല, ഇഷ്ടപ്പെടുന്ന വസ്ത്രം ധരിക്കാനാകുന്നില്ല. ആഗ്രഹിക്കുന്നിടത്തു ജീവിക്കാനും കഴിയുന്നില്ല. എന്തിനധികം പറയുന്നു, സ്വന്തം ആഗ്രഹങ്ങൾ തെരഞ്ഞെടുക്കുന്നവർ കൊല്ലപ്പെടുകയും ചെയ്യുന്നു.
ഘോഷിന്റെ വിവരണത്തിൽ നിന്നും സ്വാതന്ത്രത്തെ അദ്ദേഹം പ്രധാന്യപൂർവം കാണുന്നുവെന്നു മനസ്സിലാക്കാം. തന്റെ അറിവിൽ ഭൂരിപക്ഷം പേർക്കും ഭൂഖണ്ഡങ്ങൾ തമ്മിലും ദേശ രാഷ്ട്രങ്ങൾ തമ്മിലുമുള്ള നിരന്തര ചലനത്തിന്റെ ഭാഗമാണു സ്വാതന്ത്ര്യമെന്നു അദ്ദേഹം പറയുന്നു. ഈ പറച്ചിലിന്റെ പ്രശ്‌നം എന്തെന്നാൽ ഘോഷ് പറയുന്നതുപോലെ രാജ്യങ്ങൾക്കിടയിലെ സഞ്ചാര സ്വാതന്ത്ര്യം അത്ര എളുപ്പമല്ല. അന്താരാഷ്ട്ര യാത്രകൾക്കു വിസ നേടേണ്ടതുണ്ട്. അതു വളരെ പ്രത്യേകതയുള്ളതും കാഠിന്യം നിറഞ്ഞതുമായ ഒരു പ്രക്രിയയാണ്. ഇത്തരം യാത്രകൾ നടത്താൻ സാധിക്കുന്നവർക്കു പോലും അപമാനകരമാണ് അതിന്റെ തയ്യാറെടുപ്പ്. ഒരു വരേണ്യമായ പ്രക്രിയയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാൻ അനുവദിക്കപ്പെട്ട ഒരു കൂട്ടം ആളുകളെ തെരഞ്ഞെടുക്കുന്നു. ഇത്തരത്തിൽ സഞ്ചാരം ഏറെ നിബന്ധനകളോടെ പാലിക്കപ്പെടുന്ന ഒരു ലോകത്ത്, ഘോഷിന്റെ സഞ്ചാരത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള സങ്കൽപം ഏറെ വരേണ്യമാണ്. ഇതാണു ലോകത്തെ എല്ലാവർക്കും എന്ന രീതിയിൽ ഘോഷ് പറഞ്ഞു വച്ചത്.
“ഇൻ ആൻ ആന്റിക് ലാൻഡ്” എന്ന പുസ്തകത്തിലൂടെയാണു ഞാൻ ഘോഷിന്റെ ലോലമായ ഗദ്യം ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് ആ പുസ്തകത്തിന്റെ പതിപ്പുകൾ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും കൊടുക്കുകയും ഘോഷിന്റെ മറ്റു രചനകൾ തേടിപ്പിടിക്കയും വായിക്കുകയും ചെയ്തു. അധിനിവേശാനന്തര സിദ്ധാന്തങ്ങളിൽ വേരുറപ്പിച്ച എഴുത്തുകളെ ആർത്തിയോടെ വായിക്കുകയും ഞാൻ പഠിപ്പിച്ചുകൊണ്ടിരുന്ന പല കോഴ്സുകളിലും ഘോഷിന്റെ പല പുസ്തകങ്ങളും നിർദേശിക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്നുയർന്നു വന്നുകൊണ്ടിരുന്ന വിമര്‍ശനാത്മകമായ ആഖ്യാനമായിരുന്നു ഘോഷിന്റെ ശബ്ദം. അത് ഇന്ത്യൻ ഭാവനയെ തടവിലാക്കിയിരുന്ന ദേശീയ അതിർവരമ്പുകളെ അതിജീവിക്കുകയും നമ്മളോട് അഗാധമായ ബന്ധം പുലർത്തുന്നതും നിരവധി ചരിത്രങ്ങളുള്ള ഈജിപ്ത്, ബംഗ്ലാദേശ്, ബർമ എന്നിയവിൽ നിന്നു തുടങ്ങി അമേരിക്ക, ബ്രിട്ടൻ, ഇൻഡോ-ചൈന തുടങ്ങി ബഹുവിധമായ സൂക്ഷ്മ ലോകങ്ങളെ വീണ്ടും നമുക്കു പരിചയപ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും, പലപ്പോഴും ഇന്ത്യൻ ദേശീയതയുടെ ബന്ധനത്തിലാണ്ടുപോയ ഒരു ഭാവനയെ സ്ഥാപിക്കുകയാണു ഘോഷ് തന്റെ രാഷ്ട്രീയ പ്രസ്താവനകളിലൂടെ ചെയ്തത്.
സംഭാഷണത്തിലുടനീളം ഘോഷ് “നമ്മൾ” എന്നുപയോഗിക്കുകയുണ്ടായി. ഘോഷ് ആർക്കു വേണ്ടിയാണോ സംസാരിച്ചുകൊണ്ടിരുന്നത്, അത്തരത്തിലുള്ള അനേക ഗണങ്ങൾ ഉൾപ്പെട്ടതാണ് ഈ ഞങ്ങളെന്നത്. അധിനിവേശത്തിലാണ്ടുപോയവർ, ഗ്ലോബൽ സൗത്തിലെ ആളുകൾ, അധിനിവേശത്തിന്റെ നീണ്ട രാത്രികളിൽ നിന്ന് ഇപ്പോൾ എഴുന്നേറ്റുകൊണ്ടിരിക്കുന്നവർ, ഇവർക്കൊക്കെ വേണ്ടി സംസാരിച്ചത് അമിതാവ് ഘോഷായിരുന്നു. ഇത്തരം അനേകങ്ങളെ “ഞങ്ങൾ” എന്ന പേരിൽ ഉള്‍ക്കൊള്ളുന്നതിനിടയിൽ ഘോഷ് പ്രതിനിധീകരിക്കുന്നത് എന്താണ്? മുൻകാലത്ത് കോളനികളാക്കപ്പെട്ട സ്ഥലങ്ങളിലെ വരേണ്യതയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. പാശ്ചാത്യരുടേതിൽ നിന്നു വ്യത്യസ്തമായ ഒരു ലോകവീക്ഷണം അവകാശപ്പെടുക എന്നതാണ് അമിതാവ് ഘോഷിന്റെ വരേണ്യത. ഘോഷ് ഇന്ത്യൻ കണ്ണുകളിലൂടെ ലോകത്തെ കാണുകയാണ്. ശേഷം അദ്ദേഹത്തിന്റെ ആഖ്യാനം അനേകങ്ങൾക്കു വേണ്ടി സംസാരിക്കാനുദ്ദേശിക്കുന്നു. ഒരു കൂട്ടത്തിന്റെ ആഖ്യാനമാണ് അദ്ദേഹം പറയുന്നത്. തീർച്ചയായും അതു സുന്ദരവും സങ്കീർണവും ആയിരിക്കും. അത്തരം കഥകൾക്ക് അനേകം സൂക്ഷമ ലോകങ്ങൾ ഉണ്ടായിരിക്കും. അതുപക്ഷേ വൈവിധ്യങ്ങളെ ഇല്ലാതാക്കുന്ന ഞങ്ങൾ എന്ന പ്രതിനിധാന ഹിംസയുടെ ഭാഗമാണ്.
ഇന്ത്യൻ ദേശീയതയുടെ ബന്ധനത്തിലാണ്ടുപോയ ഒരു ഭാവനയെ സ്ഥാപിക്കുകയാണു ഘോഷ് തന്റെ രാഷ്ട്രീയ പ്രസ്താവനകളിലൂടെ ചെയ്തത്.
ഘോഷ് പറയുന്ന ഈ കാഴ്ചപ്പാട് ഉരുത്തിരിഞ്ഞതു മഹത്തായ ആത്മവിശ്വാസമുള്ള രാജ്യമായ ഇന്ത്യ എന്നതിൽ നിന്നാണ്. എന്നിരുന്നാലും ഈ ആത്മവിശ്വാസമെന്നത് ഇന്ത്യയെ നിരന്തരമായി വേട്ടയാടുന്ന പല പ്രശ്നങ്ങളിലേക്കുമുള്ള ശ്രദ്ധ തിരിക്കൽ കൂടി ഉൾപ്പെട്ടതാണ്. എന്നാൽ ഘോഷ് ആകെ പറയുന്നത് ഇന്ത്യ തിളങ്ങുന്നുവെന്നാണ്. ഘോഷിന്റെ പരാജയം മറ്റുള്ളവരെപ്പോലെ അദ്ദേഹവും ഇന്ത്യൻ വരേണ്യതയുടെ ഭാഗമാണ് എന്നതാണ്. ഘോഷ് പറയുന്നതിങ്ങനെ, നാമിന്ന് കാണുന്നത്, ദേശ രാഷ്ട്രം (നേഷൻ-സ്റ്റേറ്റ്) എന്നതു മാഞ്ഞുപോകുകയും ഒട്ടനവധി ചിതറിത്തെറിച്ച സംസ്കാരങ്ങൾ അവയെ പുനഃസ്ഥാപിക്കുന്നതുമാണ്. ഇന്ത്യ അതിലൊന്നാണ്, അപ്രകാരം തന്നെയാണു ചൈനയും ഇംഗ്ലണ്ടും ഫ്രാൻസും. ശരിക്കും പറയുകയാണെങ്കില്‍, നേഷൻ-സ്റ്റേറ്റ് എന്ന ഘടനയെ ആശ്ലേഷിക്കുന്ന രാജ്യങ്ങൾ കൂടുതൽ സങ്കുചിതമാകുകയാണ്. അമേരിക്കയാണ് ഇതിലേറ്റവും മോശം. പക്ഷേ അമേരിക്ക മോശപ്പെട്ടതാകാനുള്ള പ്രാഥമികമായ കാരണം ഇന്ത്യ ആകാനാഗ്രഹിക്കുന്ന അധിനിവേശത്തിന്റെ കേന്ദ്രമിന്നവരാണ് എന്നതുകൊണ്ടാണ്. ഒപ്പം ലോകത്തിലെ തങ്ങളുടെ സ്ഥാനത്തിന് അമേരിക്കന്‍ അംഗീകാരത്തിനായുള്ള ഇന്ത്യൻ പരിഭ്രമവും ഈ വരേണ്യ വായനയിലുണ്ട്. അമേരിക്കൻ അംഗീകാരത്തിനായുള്ള ഘോഷിന്റെ അമിത വ്യഗ്രത അദ്ദേഹത്തിന്റെ മേൽ സൂചിപ്പിച്ച അഭിമുഖത്തിൽ കാണാവുന്നതാണ്.
ബ്രിട്ടൺ (യഥാർഥത്തിൽ ഫ്രാൻസും) വലിയ പ്രശ്നമല്ലെന്നു നമുക്കിനറിയാം. ഇവരൊക്കെയും പ്രാധാന്യമുള്ള ശക്തികളാണെന്നിരിക്കെയും അമേരിക്കയുമായുള്ള ബന്ധം നിലനിർത്തുന്നതു വഴി ഇന്ത്യൻ വരേണ്യർ സ്വയം പ്രാധാന്യമുള്ളവരായി ചമയുന്നു. അതേസമയം അമേരിക്കയ്ക്കും അവരുടേതായ പ്രശ്നങ്ങളുണ്ട്. അവർ ഇന്ത്യൻ സമൂഹത്തെക്കാളും സങ്കീർണമാണ്. വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിൽ നിന്നും ഇന്ത്യക്കകത്തു വെറുപ്പിന്റെ പ്രചാരണത്തിനായി വലിയ തോതിൽ സാമ്പത്തിക സഹായം എത്തുന്നുണ്ട് എന്നതു നമുക്കെങ്ങനെ മറക്കാനാകും? ഇന്ത്യയുടെ ഔദ്യോഗിക വീക്ഷണം ഇതിനെ ഒരുപക്ഷേ വിദേശ പൗരത്വം കൊണ്ടുള്ള ഗുണങ്ങളായോ അല്ലെങ്കിൽ പ്രവാസ സംസ്കാര രൂപീകരണമെന്ന മരീചികയായോ അവതരിപ്പിക്കാം. എന്തുതന്നെയായാലും നാം മറക്കാൻ പാടില്ലാത്ത കാര്യമെന്തെന്നാൽ ഈ ദേശീയ സങ്കല്‍പ്പമാണു കശ്മീരിൽ യുക്തിക്കു നിരക്കാത്തതും അക്രമാസക്തവുമായ ഇന്ത്യൻ ദേശീയതയുടെ നിലനിൽപ്പ് ഉറപ്പാക്കുന്നത്. അധീശ ഇന്ത്യയുടെ അധിനിവേശ ആഗ്രഹങ്ങളാണു സമാനമായ സാഹചര്യങ്ങൾ നോർത്ത് ഈസ്റ്റിലും സെൻട്രൽ ഇന്ത്യയിലും സൃഷ്ടിക്കുന്നത്. വരേണ്യ ഇന്ത്യൻ ഭാവനക്കു പുറത്തു നില്‍ക്കുന്നവർക്ക് ഈ ദേശീയത ഒരിടത്തേക്കും എത്തുന്നതായി കാണുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ഈ ഇന്ത്യൻ വരേണ്യ വ്യവഹാരം പരിഹാരമല്ല, പ്രശ്നമാണ്. സൗത്ത് ഏഷ്യൻ എന്നുപയോഗിക്കേണ്ട പല സ്ഥലങ്ങളിലും ഘോഷ് “ഇന്ത്യൻ” എന്നുപയോഗിക്കുന്നതിന്റെ കാരണവും ഈ വരേണ്യതയുടെ അഭിനിവേശമാണ്. ഈ വാക്കിന്റെ ഉപയോഗം പ്രതിനിധീകരിക്കുന്നത്, ഭാരതം എന്ന ബ്രിട്ടീഷ് രാജ് കൈമാറ്റം ചെയ്യാൻ വിസമ്മതിച്ച മേൽക്കോയ്മ എല്ലാത്തരത്തിലും കൈവശപ്പെടുത്താനുള്ള ഇന്ത്യൻ വരേണ്യ വർഗത്തിന്റെ പ്രവൃത്തികളെയാണ്.
ഘോഷിന്റെ ശ്രമങ്ങൾ നിർദോഷപരമല്ല, മറ്റുള്ളവർ സൗത്ത് ഏഷ്യ എന്നു വ്യക്തമായി ഉപയോഗിക്കുന്ന ഇടങ്ങളിൽ ഘോഷ് ഇന്ത്യൻ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. എന്തുകൊണ്ടാണത്? ലോകം മുഴുവൻ വ്യാപിച്ച ഈ വരേണ്യ വർഗത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ ലോക സംസ്ക്കാരത്തിന്റെ ഉത്ഭവമായി സ്ഥാപിക്കേണ്ടതുണ്ടായി. ഘോഷ് തന്റെ അവകാശങ്ങൾ ഈസോപ്പ് കഥകളിലും അറേബ്യൻ രാത്രികളിലുമായി ചുരുക്കിയിട്ടുണ്ട്. ബൗദ്ധിക ഉല്‍പാദനത്തിന്റെ സമുന്നതത്വം സ്ഥാപിച്ചെടുക്കാനുള്ള നീണ്ട ശ്രമങ്ങളാണ് ഇത്. “ഇരുണ്ട നിറക്കാരുടെ പരിഷ്‌കാരം” എന്ന ഉപയോഗിച്ചു പഴകിയ അധിനിവേശശക്തികളുടെ മുനയൊടിഞ്ഞ വാദത്തിൽ നിന്ന് ഇതെത്രത്തോളം വ്യത്യസ്തമാണ്? ഒരാൾ അധിനിവേശവത്കരിക്കപ്പെട്ട ലോകത്തിനു വേണ്ടി യഥാർഥത്തിൽ സംസാരിക്കണമെന്ന് ആഗ്രഹിക്കുകയാണെകിൽ, ലോക സംസ്കാരത്തിലെ പങ്കാളിത്ത ഉത്പാദനത്തെ അംഗീകരിക്കുന്നതും സാമ്യങ്ങൾ സ്ഥാപിച്ചെടുക്കുന്നതുമല്ലേ, തനിക്കുമാത്രമായി സാംസ്‌കാരിക ഉല്പാദനത്തിൽ മേൽക്കോയ്മ അവകാശപ്പെടുന്നതിലും നല്ലത്.
ഘോഷ് ആകെ പറയുന്നത് ഇന്ത്യ തിളങ്ങുന്നുവെന്നാണ്. ഘോഷിന്റെ പരാജയം മറ്റുള്ളവരെപ്പോലെ അദ്ദേഹവും ഇന്ത്യൻ വരേണ്യതയുടെ ഭാഗമാണ് എന്നതാണ്.
മുകളിൽ പറഞ്ഞവയൊന്നും തന്നെ ഘോഷിന്റെ രചനകളെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടുള്ളതല്ല. അദ്ദേഹത്തിന്റെ രചനകൾ സുന്ദരവും പ്രാധാന്യമേറിയതുമാണ്. ഗോർണികക്കു വേണ്ടി ഘോഷ് നൽകിയ അഭിമുഖത്തിനും അപ്പുറം വായിക്കേണ്ടതാണവയൊക്കെ. അതിലുമുപരി വരേണ്യവർഗത്തിന്റെ മനസ്സുകളെ അധീശപ്പെടുത്തുന്ന പ്രശ്നങ്ങളെ ഘോഷ് ആവർത്തിച്ചു ശ്രദ്ധാപൂർവം പ്രതിപാദിക്കുന്നുമുണ്ട്. നൈപോളിന്റെ നിർമിതികളിൽ കാണാവുന്നതുപോലെ മുസ്‌ലിം വിഭാഗത്തെ കുറിച്ചുള്ള തരംതാണ മുൻവിധികളെ അദ്ദേഹം നിരാകരിക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. എങ്കിലും ഘോഷിന്റെ രചനകളിൽ മുസ്‌ലിം എന്ന ഫിഗറിന് പ്രശ്നഭരിതമായ സ്ഥാനമുണ്ട് .
ഘോഷിനെക്കുറിച്ചുള്ള ഈ ചർച്ചയിൽ വിമർശനാത്മകമായ കാര്യങ്ങളുണ്ട്. ആദ്യത്തേത്, പുതിയ ഇന്ത്യൻ രചനകൾ നിഷ്കളങ്കമല്ല. അവ സ്വാതന്ത്ര്യം അവകാശപ്പെടുന്നവയാകാം. എങ്കിലും അവ വ്യത്യസ്തമാണ്. ഒപ്പം തന്നെ സാമ്രാജ്യത്വത്തെ ചിറകിലേറ്റുന്നതുമാണ്. അതു വെറും ഇന്ത്യൻ സാമ്രജ്യത്വമല്ല, മറിച്ച് മുൻപത്തെ അധിനിവേശത്തിനടിമപ്പെട്ടവർക്കിടയിലെ പ്രബലരെയും വരേണ്യരെയും ഉൾക്കൊള്ളുന്നതു കൂടിയാണ്. പ്രാഥമിക സാമ്രാജ്യത്വത്തിന്റെ രണ്ടാമതായി, അതെന്തെന്നാൽ ഒളിച്ചുവയ്ക്കപ്പെട്ട ഈ രാജ്യത്തെ വരേണ്യവർഗം അവരുടെ വെല്ലുവിളികളെ മതനിരപേക്ഷതയുടെ പൂർത്തീകരണത്തിന്റെ പ്രശ്നമായി അവതരിപ്പിക്കുകയും അങ്ങനെ ആധിപത്യം നേടാൻ ഉപയോഗിക്കുകയാണ്. അവരുടെ മതനിരപേക്ഷത വ്യത്യസ്‌തതയുടെ ഇടമല്ല. ഇന്ത്യൻ ദേശീയവാദത്തിനകത്തും പുറത്തുമായി ആധിപത്യം സ്ഥാപിക്കാൻ നീണ്ടകാലമായി നടക്കുന്ന മത്സരത്തിന്റെ അടയാളം മാത്രമാണ് അമിതാവ് ഘോഷ് അടക്കമുള്ളവര്‍ ആഘോഷിക്കുന്ന ഈ മതനിരപേക്ഷത.
മൊഴിമാറ്റം: ഹസീന. ടി
അവലംബം: roundtableindia. https://goo.gl/mzeUjG