ഹാനി ബാബുവിന്റെ അറസ്റ്റ് നൽകുന്ന പാഠങ്ങൾ

പ്രൊഫസർ ഹാനി ബാബുവിനെ ഭീമാ കൊറേഗാവ് കേസിന്റെ പേരിൽ എൻഐഎ അന്യായമായി അറസ്റ്റു ചെയ്തിരിക്കുന്നു. അദ്ദേഹത്തോട് ഐക്യദാർഢ്യപ്പെട്ടും അറസ്റ്റിൽ പ്രതിഷേധിച്ചും കെ.കെ.ബാബുരാജ്, ശ്രീജിത് പൈതലേൻ, രൂപേഷ് കുമാർ എന്നിവർ എഴുതിയ കുറിപ്പുകൾ.

കീഴാള ബൗദ്ധിക സമൂഹത്തെ തകർക്കാനുള്ള ശ്രമം

– കെ.കെ.ബാബുരാജ്

കെ.കെ. ബാബുരാജ്

2001 സെപ്റ്റംബർ പതിനൊന്നിന് ശേഷം ലോകരാഷ്ട്രങ്ങൾ നടപ്പിലാക്കുന്ന ഭീകരവാദവിരുദ്ധ നിയമങ്ങൾ, സ്വതന്ത്ര നിലപാടുള്ളവരെയും ബഹുജന രാഷ്ട്രീയം ഉൾകൊള്ളുന്നവരെയും ദേശവിരുദ്ധരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ചുള്ളതാണെന്ന്‌ പോൾ ഗിൽറോയ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രൊഫസർ ഹാനി ബാബുവിനെപ്പോലുള്ള സമുന്നതനായ ഒരു സ്കോളർ ആക്റ്റിവിസ്റ്റിന്റെ പ്രവർത്തന മണ്ഡലം പ്രധാനമായും സംവരണം, മനുഷ്യാവകാശങ്ങൾ, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവയാണ്. ഇൻഡ്യയിലെ ലെഫ്റ്റ് റാഡിക്കലിസവുമായി ആശയപരമായും രാഷ്ട്രീയമായും വിയോജിച്ചുകൊണ്ടുള്ള നിലപാടാണ് അദ്ദേഹത്തിനുള്ളത്. 

എന്നിട്ടും, അദ്ദേഹത്തെ സംശയത്തിന്റെ നിഴലിൽ നിറുത്തി ദേശീയ സുരക്ഷ ഏജൻസി അറസ്റ്റു ചെയ്തിരിക്കുകയാണ്. ഇതിലൂടെ അവർ ലക്ഷ്യം വെക്കുന്നത്, ഇൻഡ്യയിൽ വികസിച്ചു വരുന്ന കീഴാള ബൗദ്ധിക സമൂഹത്തെയും അതിന്റെ പ്രവർത്തന മണ്ഡലങ്ങളെയും തകർക്കുക എന്നു തന്നെയാണ്.

ഇൻഡ്യയിലെ പുത്തൻ ബ്രാഹ്മണിസ്റ്റു മേൽക്കോയ്മയെ കണിശമായി വെല്ലുവിളിക്കുന്നത് മണ്ഡൽ-മസ്‌ജിദാനന്തരം ഉയർന്നു വന്ന ബഹുജൻ രാഷ്ട്രീയം ആണെന്നു അവർക്കറിയാം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥികളെയും യുവജനങ്ങളെയും, കോവിഡ് മഹാമാരിയുടെ നിശബ്‌ദത മറയാക്കി ഹിന്ദുത്വ ഭരണകൂടം അറസ്റ്റു ചെയ്യുകയും തടവറയിൽ അടക്കുകയും ചെയ്യുകയാണ്. ഇതിന്റെ തുടർച്ചയിലാണ് ഹാനി ബാബുവിന്റെ അറസ്റ്റിനെയും കാണേണ്ടത്.

പ്രൊഫസർ ഹാനി ബാബുവിന്റെ അന്യായമായ അറസ്റ്റിലും ഭരണകൂട ഭീകരതയിലും പ്രതിഷേധിക്കുന്ന എല്ലാവരുടേയും ഒപ്പം പങ്കുചേരുന്നു. 

◆◆◆

ആക്ടിവിസ്റ്റുകളെന്നാൽ തീവ്രവാദികൾ എന്നല്ല അർഥം

– ശ്രീജിത് പൈതലേൻ

ശ്രീജിത് പൈതലേൻ

എന്താണ് പ്രൊഫസർ ഹാനി ബാബു ചെയ്ത കുറ്റം?

ജനാധിപത്യ രാജ്യമായ ഇൻഡ്യയിലെ കീഴാള-മതന്യൂനപക്ഷ വിഭാഗങ്ങളുടെ പൗരാവകാശ പ്രസ്ഥാനങ്ങളെ സഹായിക്കാൻ താൻ വിദ്യാഭ്യാസത്തിലൂടെ ആർജ്ജിച്ച അറിവും പാണ്ഡിത്യവും വിനിയോഗിച്ചതോ?

സമകാലിക ഇൻഡ്യൻ സമൂഹത്തിൽ നടക്കുന്ന ഹിന്ദി/ഹിന്ദുവൽക്കരണ പ്രൊജക്റ്റിനെ അക്കാദമിക സമൂഹത്തിൽ സൈദ്ധാന്തികമായി പ്രതിരോധിച്ചതോ?

ഈ രണ്ട് കാര്യങ്ങൾ ബിജെപി സർക്കാരിനെ സംബന്ധിച്ച് കുറ്റകരമാണ്. അതുകൊണ്ട് അദ്ദേഹത്തെ നിശ്ശബ്ദനാക്കണം.

അതിനവർ അദ്ദേഹം സഹായിച്ച സംഘടനകളുടെയും അവരെ സഹായിച്ച മറ്റുള്ളവരുടെയും ചരിത്രവും രാഷ്ട്രീയവും പ്രത്യയശാസ്ത്രങ്ങളും അതിന്റെ മുഴുവൻ ബാധ്യതകളും പ്രൊഫസർ ഹാനിയുടെ തലയിൽ കെട്ടിവെച്ച് തെളിവ് കണ്ടെത്താൻ ശ്രമിക്കുകയാണ്. ഹാനിയുടെ ഭാര്യ, ചിന്തകയും എഴുത്തുകാരിയുമായ ജെനി റൊവീന അത് വ്യക്തമാക്കിയിട്ടുണ്ട്.

വേറിട്ടതും സ്വതന്ത്രവുമായ കാഴ്ചപ്പാടുകളുള്ള ഒരാളാണ് പ്രൊഫസർ ഹാനി ബാബുവെന്ന് അദ്ദേഹത്തെ നേരിട്ട് പരിചയമുള്ളവർക്കെല്ലാം അറിയാവുന്ന കാര്യമാണ്. അത് അക്കാദമികവും ജനാധിപത്യപരവുമാണ്. അതുകൊണ്ട് തന്നെ പ്രൊഫസർ ഹാനിയുടെ സുരക്ഷയും സ്വാതന്ത്ര്യവും ഇൻഡ്യൻ അക്കാദമിക് സമൂഹത്തിന്റെയും കീഴാള ബഹുജന രാഷ്ട്രീയത്തിന്റെയും ആവശ്യം കൂടിയാണ്. പ്രൊഫസർ ഹാനി ബാബുവിനെ നിരുപാധികം വിട്ടയക്കുക.

ആക്ടിവിസ്റ്റുകൾ എന്നാൽ തീവ്രവാദികൾ എന്നല്ല അർഥം.

◆◆◆

ക്രിമിനൽവൽക്കരണത്തിലെ വംശീയ യുക്തി

– രൂപേഷ് കുമാർ

രൂപേഷ് കുമാർ

ഇൻഡ്യന്‍ ലിബറല്‍ ഹിന്ദുത്വത്തിന്റെ വംശീയമായ അടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന വളരെ നിഗൂഢമാണെന്ന് അവര്‍ കരുതുന്നുവെങ്കിലും വിസിബിളായ ടൂളാണ് ‘ക്രിമിനല്‍വല്‍ക്കരണം’. ഭൂരിഭാഗവും ജാതി ബോധത്തിലും മുസ്‌ലിം വിരുദ്ധതയിലും നിലനില്‍ക്കുന്ന രാഷ്ട്രീയ അധികാര ഇടമായ ഇൻഡ്യന്‍ അക്കാദമീഷ്യയുടെ സ്പേസില്‍ നിന്നാണ് പ്രൊഫസർ ഹാനി ബാബു മുസ്‌ലിംകൾക്കും കീഴാളര്‍ക്കും എതിരെയുള്ള വംശീയതക്കെതിരെ ഇടപെട്ടത്. മുസ്‌ലിം വിരുദ്ധമായ/കീഴാള വിരുദ്ധമായ, നിരന്തരം കുറ്റവാളികള്‍ക്ക് ‘ജയില്‍ ശിക്ഷ വിധിക്കണം’, എന്നു അലറി വിളിക്കുന്ന ആക്ടിവിസ്റ്റ് മൊറാലിറ്റി സ്പെസുകളുള്ള ഇൻഡ്യന്‍ പൊതുബോധത്തില്‍ ഹാനി ബാബുവിനെ പോലുള്ളവരെ ഇല്ലാതാക്കാന്‍ ഈ കുറ്റവാളി സ്പേസിലേക്ക് ചേര്‍ത്തു വെക്കുക എന്ന സാമൂഹിക ഭരണകൂട തന്ത്രമാണ് എന്‍ഐഎ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ആ തന്ത്രത്തിന് ഇൻഡ്യന്‍ ലിബറല്‍ സമൂഹം പെട്ടെന്നു കയ്യടിച്ചു ആര്‍പ്പു വിളിക്കുകയും ചെയ്യും. അതിനു ഏറ്റവും എളുപ്പം ചെയ്യാവുന്നതാണ് മാവോയിസവുമായി ഹാനി ബാബുവിനെ ചേര്‍ത്തു വെക്കുക എന്നത്.

അതേപോലെ ഭരണകൂടം ഉപയോഗിക്കുന്ന മറ്റൊരു സെമിയോട്ടിക്സാണ് ലാപ്പ്ടോപ്പിലെ ‘ഹിഡണ്‍ ഫോള്‍ഡര്‍’ എന്നത്. മുസ്‌ലിം തൊപ്പി കാണുമ്പോള്‍ നേരെ പ്രാകൃതത്വത്തിലേക്കും ഭീകരതയിലേക്കും ലിബറല്‍ പൊതുബോധം ചിന്തിച്ചെടുക്കുന്നത് പോലെയുള്ള ഒരു പുകമറ തന്നെയാണ് ഹിഡണ്‍ ഫോള്‍ഡറും മാവോയിസവും ഹാനിബാബുവിന്റെ ദുരൂഹതയിലേക്കും തുടര്‍ന്നുള്ള കുറ്റവാളിത്വത്തിലേക്കും ചേര്‍ത്തുള്ള അദ്ദേഹത്തിന്റെ അറസ്റ്റും. ‘തുര്‍ക്കിയിലെ ഹാഗിയ സോഫിയ എന്ന ക്രിസ്ത്യന്‍ ചർച്ച് മുസ്‌ലിം പള്ളി ആകുന്നു’ എന്നു ഇവിടത്തെ ഇടതുപക്ഷ പൊതുബോധം അലറി വിളിക്കുന്നതും അതേസമയം ചൈനയിലെ ഉയ്ഗൂര്‍ പ്രവിശ്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം മുസ്‌ലിം സമൂഹങ്ങളെ ദശാബ്ദങ്ങളായി വംശീയ ഉന്മൂലനത്തിന് വിവിധവും ക്രൂരവുമായ വഴികള്‍ തേടുന്നതും മിണ്ടാതെ പോകുന്നതുമായ ഒരു കോടിയേരി ബാലകൃഷ്ണ സമൂഹം കൂടിയാണിത്. അതുപോലെ തന്നെ വളരെ പാരഡോക്സിക്കലായി ഹാനി ബാബുവിനെ അറസ്റ്റ് ചെയ്ത അതേ ഇന്നലെത്തന്നെയാണ് ശിവശങ്കരന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഐഎ വിട്ടയച്ചതും. ഇവിടത്തെ ലിബറല്‍ പൊതുബോധം കഴിഞ്ഞ ആഴ്ച മുഴുവന്‍ ആര്‍ത്തു വിളിച്ചതും എന്‍ഐഎ വരട്ടെ അന്വേഷിക്കട്ടെ എന്നായിരുന്നു. അപ്പോള്‍ ഇതാണ് അന്വേഷണം എന്നതാണവസ്ഥ. ഇൻഡ്യന്‍ ലിബറല്‍ ബോധത്തിന് തൃപ്തിപ്പെടുന്ന രീതിയില്‍ ഇങ്ങനെയാണ് ഭരണകൂട അന്വേഷണങ്ങള്‍ വേണ്ടതും എന്നര്‍ഥം.

അതായത് ഇൻഡ്യന്‍ ഭരണകൂട വംശീയതക്കെതിരെ, അതിന്റെ കീഴാള വിരുദ്ധതക്കെതിരെ, മുസ്‌ലിം വിരുദ്ധതക്കെതിരെ സംസാരിച്ചാല്‍ ആ ഭരണകൂടവും അതിനു ഓശാന പാടുന്ന ലിബറല്‍ സമൂഹവും ഹാനി ബാബുവിനെ പോലുള്ളവരെ കൃത്യമായി കുറ്റവാളിത്വത്തിന്റെ ചാപ്പ ചാര്‍ത്തിക്കൊടുക്കും. ആസ് സിമ്പിള്‍ ആസ് ദാറ്റ്. എപ്പോഴും തള്ളി മറിക്കുന്നതു പോലെ അവസാനം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടിവരും എന്നൊക്കെ പറയുന്നതു വെറുതെയാണ്. അവസാനവും ആദ്യവും അവര്‍ പ്രൊഫസര്‍ ഹാനി ബാബുവിനെ പോലുള്ളവരെ വേട്ടയാടുന്നതിന്റെ തിരക്കിലായിരിക്കും.

Top