ശരീരത്തിന് അതിരിടുമ്പോൾ

കോവിഡ് വ്യാപനത്തോടെ ‘ശാരീരിക അകലം’ എന്നത് പൊതുവെ അംഗീകൃതവും ഫലപ്രദവുമായ രോഗപ്രതിരോധ മാർഗമാകുമ്പോൾ ശരീരത്തിന്റെ സമ്മേളനവും രാഷ്ട്രീയവും അസാധ്യമാവുകയല്ലേ? അപ്പോഴും രോഗവ്യാപന  ഭീഷണിപോലും വകവെയ്ക്കാതെ വിലക്ക് ലംഘിച്ചു പുറത്തിറങ്ങുന്ന ശരീരങ്ങൾ അതിന്റെ നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയത്തെ സംബന്ധിച്ച നിർണായക ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. സുനിൽ കുമാർ എഴുതുന്നു.

‘We, the people of India’. ഇതാണ് ഇൻഡ്യൻ ഭരണഘടനയുടെ ആമുഖ വാചകം. ഇൻഡ്യയിൽ ഒരു മത വിഭാഗത്തിന്റെ പൗരത്വവും, നിലനിൽപ്പും തന്നെ പൗരത്വനിയമഭേദഗതിയിലൂടെ ചോദ്യംചെയ്യപ്പെട്ടപ്പോൾ ജനത തെരുവിൽ  ഇറങ്ങുകയും സംഘടിക്കുകയും വലതുപക്ഷ ഹിന്ദുത്വ ഭരണകൂടത്തിനെതിരെ ശക്തമായ സമരപരമ്പരകളിലൂടെ പ്രതിരോധം തീർക്കുകയുമുണ്ടായി.

പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ പ്രതിഷേധമുയർത്തി സംഘടിച്ച ‘ജനങ്ങൾ’ കോവിഡ് വ്യാപനത്തിന് തൊട്ടുമുൻപുവരെ തെരുവുകളിൽ സ്ഥിരം സമരസാന്നിധ്യമായിരുന്നെങ്കിലും രോഗവ്യാപനഭീതി മൂലം അനിവാര്യമായും അവർക്ക് പിരിഞ്ഞു പോകേണ്ടി വന്നു. ജൂഡിത് ബട്ലറുടെ ഭാഷയിൽ ‘ജനത’ മുൻകൂർ സ്ഥാപിതമായ ഒന്നല്ല മറിച്ച് എണ്ണമറ്റ കൂട്ടംചേരലുകളിലൂടെയും സമരങ്ങളിലൂടെയും  സൃഷ്ടിക്കപ്പെടുകയാണ്. അങ്ങനെ നോക്കിയാൽ ‘കൂട്ടംകൂടൽ’ (assembly) ജനതയുടെ നിലനിൽപ്പിന്റെ അനിവാര്യതയും രാഷ്ട്രീയത്തിന്റെ തന്നെ മുന്നുപാധിയുമാണ്.

ജനാധിപത്യത്തിൽ ജനതയ്ക്കുള്ള പരമാധികാരം (popular sovereignty) തെരഞ്ഞെടുപ്പിലൂടെ ഭരണാധികാരികളെ തിരഞ്ഞെടുക്കാൻ മാത്രമുള്ളതല്ല, അങ്ങനെ തിരഞ്ഞെടുക്കുന്ന ഭരണകൂടങ്ങളെ തിരുത്താനും അധികാര ഭ്രഷ്ടരാക്കാനും പ്രഹരശേഷിയുള്ള ഒന്നാണ്.

ഒരു ജനതയും തെരഞ്ഞെടുപ്പുകളിലൂടെ ജനഹിതം പൂർണമായും പ്രകടിപ്പിക്കുകയോ തങ്ങളുടെ പരമാധികാരവും, പ്രാതിനിധ്യവും പരിപൂർണമായും ജനപ്രതിനിധികൾക്കും ഭരണകർത്താക്കൾക്കും കൈമാറുകയോ ചെയ്യുന്നില്ല. ജനത ഒരേസമയം ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുകയും ഭരണകൂടങ്ങളിൽനിന്നും ഭരണകർത്താക്കളിൽനിന്നും അകന്ന് അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ പൂർണമായും കൈമാറിക്കിട്ടിയിട്ടില്ലാത്ത ‘ജനാധികാരം’ ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്ന ഒന്നാണ്. പാർലമെന്റേതരം എന്ന് വിളിക്കാവുന്ന ഈ ‘ജനശക്തി’യുടെ പിന്തുണ ആർജിക്കാതെ ഒരു പാർലമെന്റിനും പ്രവർത്തിക്കാൻ സാധിക്കില്ല. ജനതയ്ക്കുള്ള ഈ ‘അനാർക്കിക്ക്’ ഊർജത്തെപ്പറ്റി ബട്ലർ പറയുക ‘permanent principal of revolution within democratic order ‘ എന്നാണ്.

ജൂഡിത് ബട്ലർ

തെരഞ്ഞെടുപ്പിലൂടെ ഇൻഡ്യയിൽ ഹിന്ദുത്വശക്തികൾ അധികാരം കൈയ്യേറുകയും തുടർന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ  നടപ്പിലാക്കിയ മുസ്‌ലിം വിരുദ്ധമായ ‘പൗരത്വ ഭേദഗതിനിയമവും ദേശീയ പൗരത്വപട്ടികയും പ്രസിദ്ധീകരിക്കാനുള്ള നീക്കത്തെയും ‘ജനം’ തെരുവിൽ സംഘടിച്ചു നേരിടുന്നതിന് ഇൻഡ്യയാകെ സാക്ഷ്യം വഹിക്കുകയുണ്ടായി. സ്വദ്‌രി ഖിയാരിയെ പോലുള്ളവർ ഫ്രഞ്ച് ജനതയെക്കുറിച്ചു പറഞ്ഞത് ഒരുപക്ഷേ അതിലേറെ ഇൻഡ്യയിലും ബാധകമാണെന്ന് തോന്നുന്നു; ഇൻഡ്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ ഭരണകൂടത്താൽ അംഗീകരിക്കപ്പെകയും അതിന്റെ ഭാഗമായി സ്വയംതിരിച്ചറിയുകയും ചെയ്തുവെങ്കിൽ ന്യൂനപക്ഷമായ മുസ്‌ലിം ജനസാമാന്യം ഹിന്ദുത്വ ഭരണകൂടത്തിൽനിന്നും വിവേചനം അനുഭവിക്കുകയും ഒരിക്കലും അതിനോട് ചേർന്നുപോകാൻ കഴിയാത്ത അരക്ഷിതാവസ്ഥയിൽ ജീവിതം നയിക്കുകയുമായിരുന്നു. ഇവിടെ ആരാണ് ‘ജനത’ എന്നതുപോലെ സുപ്രധാനമാണ് ‘ആർക്കെതിരെയാണ് ജനത നിർമിതമായിരിക്കുന്നത്’ (against whom are the people constituted) എന്നതും.

ഭരണഘടന ഉയർത്തിപ്പിടിച്ചു തെരുവിൽ ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്ന ജനത പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരത്തിലെ ഒരു സ്ഥിരം കാഴ്ചയാണ്. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന ‘ഇൻഡ്യൻ ജനത’ എന്ന അവകാശമാണ് അവരുടെ നിലപാടുകൾക്ക് ആധാരം. തീർച്ചയായും ഷഹീൻബാഗിലെ തിങ്ങിനിറഞ്ഞ ജനാവലിയും ജാമിഅയിലെയും ജെഎൻയുവിലെയും മറ്റ് കലാലയങ്ങളിലെയും സമരം ചെയ്യുന്ന വിദ്യാർഥി സമൂഹവും ‘ഇൻഡ്യൻ ജനതയെ’ (We, the people of India) പൂർണമായും പ്രതിനിധാനം ചെയ്യുന്നുണ്ടോ എന്ന ചോദ്യം ഉയർന്നേക്കാം. ബട്ലറുടെ ചുവടുപിടിച്ച് ആലോചിച്ചാൽ ജനപ്രതിനിധികൾക്ക് തിരഞ്ഞെടുപ്പ് വിജയം ജനതയെ പ്രതിനിധാനം ചെയ്യാനുള്ള  നിയമാനുസൃതമായ വഴിയാണെങ്കിൽ  തെരുവിൽ ഭരണകൂടത്തിന് എതിരെ സമരം ചെയ്യുന്ന ജനത ആരെയും പ്രതിനിധാനം ചെയ്യുകയല്ല,  മറിച്ച് അവർ ഒരു ജനതയെ സൃഷ്ടിക്കുകയാണ്.

“….they constitute themselves as the people, and this act of self making or self-constitution is not the same as any form of representation” (Butler)

ഭരണകൂടത്തിൽ നിന്നും അതിന്റെ പ്രതിനിധാന യുക്തിയിൽ നിന്നും അകന്നുനിൽക്കുമ്പോൾ മാത്രം സാധ്യമാകുന്നതാണ് ഇത്തരം ആത്മപ്രതിഫലനത്തിലൂന്നിയ സ്വയനിർമിതികൾ; അത് പ്രതിനിധാനത്തിൽനിന്നും വിഭിന്നമാണ്. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന ‘ജനത’ അതിന്റെ തുടർച്ചയെന്നോളം, തെരുവിൽ ഒത്തുകൂടുകയും  മുഷ്ടിചുരുട്ടുകയും മുദ്രാവാക്യം വിളിക്കുകയും പാട്ടുപാടുകയും ചെയ്യുന്നതടക്കമുള്ള അനേകം നിർവഹണങ്ങൾക്കുള്ള സാധ്യത ഒരുക്കുക കൂടിയാണ്. എല്ലാ ഭാഷണവൃത്തികളും (speech act) അതിൽത്തന്നെ ശരീരവും രാഷ്ട്രീയവുമാകുന്നു എന്നതിനപ്പുറം നിരവധിയായ ശരീരങ്ങളുടെ സമ്മേളനത്തിനും ‘ശരീര രാഷ്ട്രീയത്തിനും’ (body politic) വഴിമരുന്നിടുന്ന ഒന്നാണ്. ഭരണഘടനയിൽ ‘നമ്മൾ, ഇൻഡ്യൻ ജനത’ എന്ന് ഉച്ചരിക്കുമ്പോൾ, എഴുതുമ്പോൾ അത് സാധ്യമാക്കുന്ന ഒരു ‘ജനത’യും അതിന്റെ സമാഗമനവും ഉണ്ട്. അവിടെ ’ജനത’ പ്രത്യേക ആവശ്യങ്ങൾ ഒന്നും ഉന്നയിക്കുന്നില്ല, പക്ഷേ അതിന്റെ തുടർച്ചയെന്നോണം ‘ജനങ്ങൾ’ പലയിടങ്ങളിലും കാലത്തിലുമായി വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടിക്കുകയും സമരം ചെയ്യുകയും ചെയ്യുമ്പോൾ പുതിയ ‘നമ്മൾ’ (We, the people) സൃഷ്ടിക്കപ്പെടുകയാണ്. പക്ഷേ ജനതയുടെ നിർമിതി ഒരിക്കലും പൂർത്തിയാകുന്നില്ല.

രാഷ്ട്രീയം അത് സാധ്യമാക്കുന്ന ഇടങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ആളുകൾക്ക് പൊതുവിടങ്ങളിൽ സംഘടിക്കാനും സമരം ചെയ്യാനും കഴിയാതെ വരുമ്പോൾ ‘രാഷ്ട്രീയം’ തന്നെ അസാധ്യമാകുന്നുണ്ട്. പക്ഷേ ‘ശരീര രാഷ്ട്രീയ’ത്തിന്റെ തലത്തിൽ ആലോചിച്ചാൽ ശരീരത്തിന്റെ സ്വതന്ത്രമായ ചലനങ്ങളും ആവിഷ്കാരങ്ങളും നിഷേധിക്കപ്പെടുമ്പോൾ ശരീരം നടത്തുന്ന ചെറുത്തുനിൽപ്പും കുതറിമാറലും അതിൽത്തന്നെ രാഷ്ട്രീയമായി കണക്കാക്കണം, കേവലം ഇടം നിഷേധിക്കപ്പെടുന്ന വിഷയം മാത്രമല്ല അത്.

ശരീരം അതിർത്തി നിശ്ചയിക്കപ്പെട്ട, പണിതീർന്ന ഒന്നല്ല, അതൊരു ബന്ധസാകല്യമാണ്. ശരീരം പ്രതിഷേധിക്കുകയും കുതറിമാറുകയും ചെയ്യുന്നതോടൊപ്പം, അത് മറ്റുള്ളവരുടെ സാമീപ്യവും പിന്തുണയും ആവശ്യപ്പെടുന്നുമുണ്ട്. ശരീരത്തിന് നിൽക്കാൻ മറ്റ് മനുഷ്യരുടെയും വസ്തുക്കളുടെയും സാങ്കേതികവിദ്യയുടെയും സഹായം ആവശ്യമുണ്ട് എന്നതല്ല, ശരീരം തന്നെ ഒരു ‘നീട്ടൽ’ (extension) ആണെന്ന് വരുന്നു. 

തെരുവിൽ സംഘടിക്കുന്ന ജനത സ്വയം ഒരേസമയം വെളിവാക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. മുമ്പ് അനധികൃതമായി കൂട്ടം ചേർന്നതിന്റെ പേരിലോ, ദേശദ്രോഹകുറ്റം ചുമത്തിയോ ആണ് ആളുകളെ തടവിൽ ആക്കിയിരുന്നതെങ്കിൽ ഇന്ന് കോവിഡ് രോഗവ്യാപനസാധ്യത മുൻനിർത്തി കൂടുതൽ കർശനമായും അത് തടയാനുള്ള നിയമാനുസൃതവും ‘ധാർമിക’വുമായ കരുത്ത് ഭരണകൂടങ്ങൾ ആർജിച്ചിട്ടുണ്ട്.

എറിൻ മാനിങ്

സംഘടിക്കുകയും കൂട്ടംചേരുകയും ചെയ്യുന്നത് പ്രതിനിധാനമായല്ല അതിൽത്തന്നെ ‘ആവിഷ്കാരമായി’ കണക്കാക്കണം. “The world doesn’t exist outside of its expression” എന്ന്  ബ്രയാൻ മസുമിയെപ്പോലുള്ള ചിന്തകർ എഴുതും. ഇത്തരം ആവിഷ്കാരങ്ങൾ ശരീരത്തിൽ ഇടനിലകൾ ഇല്ലാതെ പൊടുന്നനെ പ്രവർത്തനക്ഷമമാകുന്ന ഒന്നാകയാൽ അത് ശരീരത്തെത്തന്നെ മറ്റൊന്നാക്കി  മാറ്റിത്തീർക്കുന്നു.

‘സ്പർശിക്കപ്പെടുന്നതിലെ ഭയത്തെ’ പറ്റി (the fear of being touched) – പ്രധാനമായും അപരിചിതമായ സ്പർശനങ്ങളിൽനിന്നും ഉടലെടുക്കുന്ന ഭയത്തെയും അരക്ഷിതാവസ്ഥയെയും പറ്റി എലിയാസ് കനേറ്റി ക്രൗഡ്സ് ആൻഡ് പവർ  എന്ന പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. മനുഷ്യർക്കിടയൽ പരസ്പരം സൂക്ഷിക്കുന്ന അകലം ഇത്തരം സ്പർശനഭയത്തിൽനിന്നും ഉടലെടുക്കുന്നതാണ്. ആൾക്കൂട്ടത്തിൽ മാത്രമാണ് ആളുകൾ സ്പർശനഭയത്തിൽ നിന്നും മുക്തരാകുന്നത്. കനേറ്റിയുടെ ഭാഷ കടമെടുത്താൽ, ‘suddenly it is as though everything were happening in one and the same body’. ആൾകൂട്ടത്തിന്റേത്  ഭയത്തിന് നേരെ എതിരായ ഒരു വികാരമാണ്. സ്വന്തം ശരീരത്തിന്റെ അതിർത്തികൾ ഭേദിക്കാനും മറ്റുശരീരങ്ങളെ സ്പർശിക്കാനുമുള്ള ആഗ്രഹം. തെരുവിൽ സംഘടിച്ചു ഹിന്ദുത്വഭരണകൂടത്തിനെതിരെ ഒരേസമയം പ്രതിരോധിക്കുകയും ആഹ്ലാദിക്കുകയുമൊക്കെ ചെയ്യുന്ന ശരീരങ്ങൾ മുന്നോട്ടു വയ്ക്കുന്നത് ‘സ്പർശനത്തിന്റെ രാഷ്ട്രീയ’മാണ് (politics of touch), പക്ഷേ സ്പർശനത്തിന്റെ രാഷ്ട്രീയം അതിലേക്ക് മാത്രം ചുരുക്കാവുന്നതുമല്ല.

മറുഭാഗത്ത് ആർഎസ്എസും സംഘപരിവാറും ആൾക്കൂട്ടത്തെ ഉപയോഗിച്ചാണ് ദലിത്-ന്യൂനപക്ഷ വേട്ട നടത്തുന്നത് എന്ന് നമുക്കറിയാം. അക്രമണോൽസുക ഹിന്ദുത്വം സ്വയം സംഘടിക്കുന്നത് അപരവിദ്വേഷത്തിൽ ഊന്നിയാണ്. ഇൻഡ്യയിലെ ന്യൂനപക്ഷങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന സമത്വപൂർണമായ ഒരു സമൂഹ സൃഷ്ടിയാണ് സ്വപ്നം കാണുന്നതെങ്കിൽ വലതുപക്ഷ ഫാസിസ്റ്റുകളുടെ ലക്ഷ്യം ഉന്മൂലനവും വംശഹത്യയുമാണ്. ഒരേ കാലത്തിൽ, ഒരു നേതാവിന് കീഴിൽ യൂണിഫോമിട്ടു അനുസരണയോടെ മാർച്ച് ചെയ്യുന്ന ഫാസിസ്റ്റു സംഘാടനത്തിൽ നിന്നും ഭിന്നമാണ് വൈവിധ്യമാർന്നതും ചിതറിയതുമായ അതിജീവനത്തിനായി പൊരുതുന്ന ജനതയുടെ കൂട്ടായ്മ.

എന്താണ് സ്പർശനത്തിന്റെ രാഷ്ട്രീയം? അതൊരിക്കലും ‘പണിതീർന്ന’ ഒന്നല്ല, അത് ‘വരാനിരിക്കുന്നതിന്റെ’ (politics to come) രാഷ്ട്രീയ സാധ്യതയാണ്.  ‘അന്തിമമായ വിധിതീർപ്പ്’ ഇല്ലാതെ എല്ലാം സംവാദങ്ങൾക്കും പുനരാലോചനകൾക്കും മാറ്റിവയ്ക്കലിനും വിധേയമാകുമ്പോൾ ജനാധിപത്യത്തിന്റെ പുതിയ തുറസ്സുകൾ സാധ്യമാകുന്നു.

സ്പർശനം അപരിചിതമായ ഒന്നിലേക്കുള്ള വഴിതുറക്കലാണ്, ശരീരത്തിന്റെ അതിർത്തികൾക്ക് കുറുകെ നടക്കുന്ന നിശബ്ദവിനിമയങ്ങളാണ്. ഇവിടെ കാലം, ഇടം തുടങ്ങിയ സങ്കൽപങ്ങൾ മറ്റൊന്നാണ്. സാമാന്യബോധത്തിൽ അടിയുറച്ച ഒരു മാതൃകയിൽ സ്ഥല-കാലങ്ങൾ അനക്കമറ്റ സൂചകങ്ങളും അതിലേക്ക് ശരീരം പ്രവേശിക്കുകയുമാണെങ്കിൽ ഇവിടെ ശരീരത്തിന്റെ ചലനം സ്ഥലകാലങ്ങളെ ഗുണാത്മകമായി പരിവർത്തിപ്പിക്കുന്നു. അതായത് ശരീരം സ്ഥലകാലങ്ങളിൽ ചലിക്കുകയല്ല, അതിനെ നിർമിക്കുകയാണ്. ശരീരത്തിന്റെ ചലനത്തിന് മുന്നോടിയായി സ്ഥലകാലങ്ങൾ ഇല്ല.

ശരീരത്തെയും  അതിന്റെ രാഷ്ട്രീയത്തെയും സംബന്ധിച്ച അന്വേഷണങ്ങൾക്ക് അനിവാര്യമായും ‘ചലനത്തെ’ സ്പർശിക്കാതിരിക്കാൻ കഴിയില്ല. ഇവിടെ ശരീര രാഷ്ട്രീയം  തെരുവിൽ സംഘടിച്ചു സമരം ചെയ്യുന്ന ശരീരം മാത്രമല്ല. നമ്മുടെ കൺവെട്ടത്തിനുമപ്പുറം തടവറകളിലും ഓൺലൈൻ ഇടങ്ങളിലും ശരീരത്തിന്റെ ഒന്നിക്കലും സഞ്ചാരവും സമരവും ആനന്ദവും ഒക്കെ എങ്ങനെ നിരീക്ഷിക്കുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു എന്നുള്ളത് കൂടിയാണ്.

കോവിഡ് വ്യാപനത്തോടെ ‘ശാരീരിക അകലം’ എന്നത് പൊതുവെ അംഗീകൃതവും ഫലപ്രദവുമായ രോഗപ്രതിരോധ മാർഗമാകുമ്പോൾ ശരീരത്തിന്റെ സമ്മേളനവും രാഷ്ട്രീയവും അസാധ്യമാവുകയല്ലേ? അപ്പോഴും രോഗവ്യാപന  ഭീഷണിപോലും വകവെയ്ക്കാതെ വിലക്ക് ലംഘിച്ചു പുറത്തിറങ്ങുന്ന ശരീരങ്ങൾ അതിന്റെ നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയത്തെ സംബന്ധിച്ച നിർണായക ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.

എലിയാസ് കനേറ്റി

ബയോപൊളിറ്റിക്സ് സംസാരിക്കുന്നത് ശരീരമാകും മുമ്പേയുള്ള ശരീരത്തെപ്പറ്റിയാണ്, രാഷ്ട്രീയം എന്താണെന്ന് നിർണിതമാകും മുൻപ് ശരീരം അതിനെ ബാധിക്കുകയും മാറ്റിത്തീർക്കുകയും ചെയ്യുന്നുണ്ട്.

വിലക്കുകൾക്ക് നടുവിൽ സ്പർശനം എങ്ങനെ സാധ്യമാകും എന്നത് ചിന്തയുടെ  മാത്രം വിഷയമല്ല, ശരീരത്തിന്റെയും ഇന്ദ്രിയാനുഭവങ്ങളുടെയും കൂടിയാണ്. സ്പർശനബാഹ്യമായ/പൂർവമായ ഒരു ശരീരം തന്നെ അസാധ്യതയാണ്. ശരീരം തന്നെ സ്പർശനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒന്നായി മനസ്സിലാക്കണം (sensual and sensing bodies). ശരീരത്തിന്റെ ചലനത്തിൽ ഇടപെടുന്നതിലൂടെ ശരീരത്തെ തന്നെ മാറ്റിത്തീർക്കുകയാണ് ഭരണകൂടങ്ങൾ. തെരുവുകളിൽ ഒത്തുകൂടിയ ശരീരങ്ങളെ വീടുകളിലേക്ക് തിരിച്ചയച്ചു ‘ക്വാറന്റൈൻ’ ചെയ്യപ്പെടുകയോ അല്ലെങ്കിൽ നിയമലംഘനത്തിന് ജയിലിൽ അടക്കപ്പെടുകയോ ചെയ്യുമ്പോൾ ശരീരത്തിന്റെ സാധ്യതകൾക്കുതന്നെ വിലങ്ങുവീഴുകയാണ്.

ശരീരം സ്വയം കണ്ടെത്തുന്നത് നിരവധി പരീക്ഷണങ്ങളിൽ കൂടിയാണ്. ശരീരത്തിന് സാധ്യമായത് എന്തെന്ന് മുൻകൂർ പ്രവചിക്കാൻ സാധ്യമല്ല എന്നു പറഞ്ഞത് സ്പിനോസയാണ്. നീത്ഷേയുടെ വാക്കുകളിൽ ‘മനസ്സല്ല, ശരീരമാണ് നമ്മെ നിരന്തരം വിസ്മയിപ്പിക്കുന്നത്’. സ്പർശനം അനുഭവവേദ്യമാകാൻ സ്പർശിക്കുകയല്ലാതെ നിവൃത്തിയില്ല; അതാകട്ടെ എപ്പോഴും ഒരിക്കലും അവസാനിക്കാത്ത വർത്തമാനത്തിലാണ് സംഭവിക്കുന്നത്.

  • Judith Butler, "We, the People": Thoughts on Freedom of Assembly.
  • Erin Manning, Politics of Touch: Sense, Movement, Sovereignty.
  • Elias Canetti, Crowds and Power.
Top