ഫാസിസ്റ്റ് വിരുദ്ധ വ്യവഹാരത്തിലെ മുസ്‌ലിം

ഫാസിസത്തിന്റെ പ്രത്യക്ഷ ഇരകളായ മുസ്‌ലിംകളുടെ രാഷ്ട്രീയ സംഘാടനത്തെപ്പറ്റി ഇടതു മതേതര വ്യവഹാരങ്ങൾ നിർമിച്ച ഭയത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഈ ലേഖനം. സമകാലിക ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങൾ മതപരതയും സംഘാടന ശേഷിയുമുള്ള മുസ്‌ലിമിനെ ഒഴിവാക്കാൻ ആവശ്യപ്പെടുന്നതിന്റെ യുക്തി ഈ അർഥത്തിൽ പഠിക്കപ്പെടേണ്ടതുണ്ട്. കെ.അഷ്റഫ് എഴുതുന്നു.

ഫാസിസം ഇന്നത്തെ സാഹചര്യത്തില്‍ അതിന്റെ പ്രാഥമികവും പ്രത്യക്ഷവുമായ ലക്ഷ്യമായ മുസ്‌ലിമിനെ എങ്ങനെ കാണുന്നുവെന്ന ചര്‍ച്ചകള്‍ ധാരാളം നടക്കുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടു മുതല്‍ ഇന്ത്യയില്‍ വളരെ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ മുസ്‌ലിം വിരുദ്ധ ഹിംസകള്‍ എല്ലാവര്‍ക്കും അറിയാം.

ഉദാഹരണമായി ഇന്ത്യയില്‍ ആര്‍.എസ്.എസിനു നേരിട്ടു പങ്കുള്ള – എന്നാല്‍ വളരെ ന്യൂട്രല്‍ ആയി നാം വര്‍ഗീയ കലാപങ്ങള്‍ എന്നു വിളിക്കുന്ന – ഹിംസയുടെ പ്രധാന സ്വഭാവം തന്നെ മുസ്‌ലിം വിരുദ്ധതയാണെന്ന് ഒമര്‍ ഖാലിദി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയില്‍ വര്‍ഗീയ കലാപമെന്ന പേരില്‍ നടന്ന ഹിംസകളില്‍ കൊല്ലപ്പെട്ടവരില്‍ അധികവും മുസ്‌ലിംകള്‍ തന്നെയാണ് എന്ന് ഖാലിദി കണക്കുകള്‍ സഹിതം തന്റെ ‘Indian Muslims Since Independence (Vikas Publication 1995)’ എന്ന കൃതിയില്‍ 1995–ല്‍ തന്നെ കാണിച്ചു തരുന്നുണ്ട്. എന്നിട്ടും അതു പ്രത്യേകിച്ച് നിര്‍വാഹകര്‍ ഒന്നുമില്ലാത്ത വാക്കായ ‘വര്‍ഗീയ സംഘര്‍ഷം’ എന്ന വാക്കിലൂടെയാണു നാം വിശദീകരിക്കുന്നത്. തീര്‍ച്ചയായും ഗുജറാത്തും ആസാമും മുസഫര്‍ നഗറും അടങ്ങുന്ന കഴിഞ്ഞ ഇരുപതു വര്‍ഷത്തെ ചരിത്രം കൂടി വായിച്ചാല്‍ ഉമര്‍ ഖാലിദി തൊണ്ണൂറുകളുടെ മധ്യത്തില്‍ നടത്തിയ ആ നിരീക്ഷണത്തിനു വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നു കാണാം. ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളെ കുറിച്ചു പഠിച്ച അസ്ഗര്‍ അലി എഞ്ചിനീയറും ഈ കണക്കുകള്‍ ശരിവെക്കുന്നുണ്ട്.

അസ്‌ഗർ അലി എൻ‌ജിനീർ

ഇന്നത്തെ സാഹചര്യത്തില്‍ ഫാസിസം ഒരു ഭരണകൂടമായി മാറിയിരിക്കുന്നു. അതിനാല്‍ രാഷ്ട്രീയമായും സാമൂഹികമായും മതപരമായും അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗം എന്ന നിലക്കു പക്ഷേ മുസ്‌ലിംകള്‍ എങ്ങനെയാണു സ്വയം സംഘടിക്കേണ്ടത്? എന്തുതരം രാഷ്ട്രീയമാണു ഫാസിസ്റ്റ് വിരുദ്ധരായ മുസ്‌ലിംകള്‍ മുന്നോട്ടുവെക്കേണ്ടത്? ഈ ചര്‍ച്ചക്കു പല മാനങ്ങള്‍ ഉണ്ട്. ഈ ചര്‍ച്ചയുടെ ഒരു തലമാണ് ഇന്നിവിടെ ഉന്നയിക്കാന്‍ പോകുന്നത്. അതാവട്ടെ ചില രാഷ്ട്രീയ അനുഭവങ്ങളെ മുന്‍നിര്‍ത്തിയാണു ചെയ്യുന്നത്.

ഫാസിസ്റ്റ് വിരുദ്ധതയിലെ മുസ്‌ലിം

ഇന്നത്തെ സാഹചര്യത്തില്‍ ഫാസിസ്റ്റ് കാലത്തെ മുസ്‌ലിം എല്ലാവരും ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ഈ കുറിപ്പു ചര്‍ച്ച ചെയ്യുന്നതു മറ്റൊരു കാര്യത്തിനെപ്പറ്റിയാണ്‌. എന്താണ് ഈ ഫാസിസ്റ്റ് വിരുദ്ധ വ്യവഹാരത്തിലെ മുസ്‌ലിം ? ഫാസിസം മുസ്‌ലിംകളുടെ മേല്‍ നടത്തുന്ന നീക്കങ്ങള്‍ നമുക്കറിയാം. ആ ചര്‍ച്ചയുടെ പ്രസക്തി തള്ളിക്കളയാതെ തന്നെ, എന്നാല്‍ ഒട്ടും വീഴ്ച്ച സംഭവിക്കാതെ നടത്തേണ്ട മറ്റൊരു അന്വേഷണത്തിന്റെ മേഖലയാണ് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിലെ മുസ്‌ലിം.

ഇതിനു അടിയന്തിരമായ രണ്ടു തലമുണ്ട്‌. ഒന്നാമതായി ഫാസിസത്തെക്കുറിച്ചുള്ള ചര്‍ച്ച ഒരു വ്യവഹാരമെന്ന നിലയില്‍ ഫാസിസ്റ്റ് വിരുദ്ധതയെ കുറിച്ചുള്ള ചര്‍ച്ച കൂടിയാണ്. വിശകലനോപാധിയെന്ന നിലയില്‍ ഒരു വ്യവഹാരം സാധ്യമാക്കുന്നതും അസാധ്യമാകുന്നതും ആയ ഘടകങ്ങള്‍ എന്താണ് എന്ന ചോദ്യത്തെ നാം അഭിമുഖീകരിച്ചാല്‍ ഫാസിസത്തെപ്പോലെ പ്രധാനപ്പെട്ട ഒരു വ്യവഹാരിക പ്രശ്നമാണ് ഫാസിസ്റ്റ് വിരുദ്ധത. രണ്ടാമതായി മുസ്‌ലിം എന്നതു കേവല ഇരയായി മാത്രം സങ്കല്‍പ്പിക്കുന്ന ചർച്ചകൾക്ക് ഈ ചോദ്യത്തില്‍ വലിയ കാര്യമൊന്നും തോന്നണമെന്നില്ല. കാരണം ഇര പതിത്വത്തിന്‍റെയും നിസ്സഹായതയുടെയും രൂപമാണ്‌. അതിനാല്‍ തന്നെ അത്തരം സമീപനങ്ങള്‍ക്കും ഫാസിസത്തിലെ മുസ്‌ലിം എന്ന ചര്‍ച്ചയിലേക്കു മാത്രം ചുരുങ്ങിയാല്‍ മതി.

എന്നാല്‍ മുസ്‌ലിം എന്നത് ഒരു വിമര്‍ശനാത്മക കർതൃത്വം സാധ്യമാക്കുന്നു എന്ന സമീപനത്തിനു ഫാസിസ്റ്റ് വിരുദ്ധ വ്യവഹാരത്തിലെ മുസ്‌ലിം എന്ന പ്രശ്നം വളരെ പ്രധാനമാണ്. അത്തരമൊരു മുസ്‌ലിം പ്രശ്നത്തിന്റെ സാധ്യതയെ കാണാനുള്ള ശ്രമമാണ് ഈ ഇടപെടലിലൂടെ നടത്തുന്നത്.

ഉദാഹരണം : മാധ്യമ വിമര്‍ശനവും മുസ്‌ലിംകളും

ഫാസിസ്റ്റ് വിരുദ്ധ ചേരിയിലെ മുസ്‌ലിം എന്താണ് എന്ന ചോദ്യത്തിന്റെ സങ്കീര്‍ണത വളരെ വ്യത്യസ്തമാണ്. ഒരു സമകാലിക ഉദാഹരണം പറയാം. സിനിമ മേഖലയില്‍ ഈ അടുത്തു നടന്ന വിവാദം എടുക്കുക. മാധ്യമ വ്യവസായത്തിലെ സ്ത്രീ വിരുദ്ധത തുറന്നു കാട്ടി മുന്നേറിയ പുരോഗമന മതേതര സ്ത്രീപക്ഷ ചര്‍ച്ച, സിനിമ എന്ന മാധ്യമത്തിന്റെ ഉള്ളടക്കത്തെപ്പറ്റിയുള്ള ചര്‍ച്ചയായി മാറുന്നതു കാണാം. എന്നാല്‍ കേരളത്തിലെ സെക്കുലര്‍ അല്ലെങ്കില്‍ പുരോഗമന രാഷ്ട്രീയത്തിന്റെ മേലങ്കിയുള്ള ലിബറല്‍ ഹിന്ദു ജാതി സമൂഹങ്ങളുടെ ഭാഗമായ സിനിമ പ്രവര്‍ത്തകരുടെ മുന്‍കയ്യില്‍ നടക്കുന്ന ഹിംസയായി സിനിമയിലെ സ്ത്രീവിരുദ്ധത തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്. അതു ഭയം കൊണ്ടോ വസ്തുനിഷ്ഠതയുടെ പ്രശ്നം കൊണ്ടോ ഇരട്ടത്താപ്പു കൊണ്ടോ അല്ല. മറിച്ച് പ്രസ്തുത വ്യവഹാരത്തിന്റെ തന്നെ പരിധിയാണ്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള മാധ്യമത്തിന്റെ സ്ത്രീവിരുദ്ധമായ ചില നിലപാടുകള്‍ വിമര്‍ശിക്കുമ്പോള്‍ ‘മാധ്യമം’ എന്ന മാധ്യമത്തിനു മാധ്യമ ഉള്ളടക്കത്തിന്റെ സ്വാഭാവിക പ്രശ്നം എന്ന പദവി നഷ്ടപ്പെടുകയും അത് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയും മൊത്തം കുഴപ്പമായി മാറുകയും ചെയ്യുന്നു.

കേരളത്തിലെ സിനിമ വിമര്‍ശനമായാലും സ്ത്രീ രാഷ്ട്രീയമായാലും മാധ്യമ വിമര്‍ശനമായാലും പൊതുവേ പുരോഗമനം/മതേതരമെന്ന് പറയുമ്പോഴും മുസ്‌ലിം എന്ന ഇടത്തോടുള്ള സവിശേഷമായ നീക്കുപോക്കുകള്‍ നടത്തുന്നുണ്ട്. അതു സൂക്ഷ്മവായന അര്‍ഹിക്കുന്ന ഒരു ഇടപാടാണ്. ആ സവിശേഷത കേരളത്തിലെ ഫാസിസത്തിന്റെയുള്ളില്‍ മാത്രമല്ല ഉള്ളത്. അതില്‍ നിന്നു വ്യത്യസ്തമായിട്ടുള്ള എന്നാല്‍ ഇന്നും ആലോചിക്കാതെ കിടക്കുന്ന നിരവധി കാര്യങ്ങള്‍ ഫാസിസ്റ്റ് വിരുദ്ധതയിലും അതിന്റെ പുരോഗമന/മതേതര വ്യാഖ്യാനങ്ങളിലും ഉണ്ട്. അതാണു ഫാസിസ്റ്റ് വിരുദ്ധതയിലെ മുസ്‌ലിം എന്ന ചര്‍ച്ചയുടെ ഒരു സാധ്യത.

മുസ്‌ലിംകളും ബഹിഷ്കരണങ്ങളും

കേരളത്തിലെ ഇടതു രാഷ്ട്രീയത്തിന്റെ മേഖലയില്‍ നിന്നുള്ള ഫാസിസ്റ്റ്–വിരുദ്ധ സമീപനങ്ങളുടെ അടിസ്ഥാനപരമായ ചില പരിമിതികളെ കുറിക്കാനാണ് ഫാസിസ്റ്റ് വിരുദ്ധതയിലെ മുസ്‌ലിം എന്ന ഈ ചര്‍ച്ച വികസിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ടു ദശകങ്ങളായി കേരളത്തിലെ സാമൂഹ്യ/രാഷ്ട്രീയ മേഖലയില്‍ ഉണ്ടായ മാറ്റം എന്നത്, വര്‍ഗം എന്ന ഏകശാസനയെ മറികടക്കുന്ന വ്യത്യസ്തമായ ഘടകങ്ങളുടെ കൂടി ആവിര്‍ഭാവമാണ്. ഈ ഘടകങ്ങളില്‍ പ്രധാനമാണു കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍, ലൈംഗിക ന്യൂനപക്ഷ പ്രസ്ഥാനങ്ങള്‍, ദലിത് പ്രസ്ഥാനങ്ങള്‍, മതന്യൂനപക്ഷ പ്രസ്ഥാനങ്ങള്‍ ഒക്കെ കൈവരിച്ച ദൃശ്യത. അതിനാല്‍ മാറിയ സാഹചര്യത്തില്‍ ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളിലെ മുസ്‌ലിം പ്രതിനിധാനത്തിന്റെ ചില പ്രശ്നങ്ങള്‍ അന്വേഷിക്കാനാണ് ഇനി ശ്രമിക്കുന്നത്.

കേരളത്തില്‍ വളരെ നേരത്തെ തന്നെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഫാസിസ്റ്റ് വിരുദ്ധ സമീപനങ്ങളുമായി ബന്ധപ്പെട്ടു ചില മുന്‍വിധികള്‍ നിലനിന്നിരുന്നു. ഈ വിഷയങ്ങളില്‍ വളരെ നാളായി മുസ്‌ലിം സാമൂഹ്യ/രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റും നിലനിര്‍ത്തിയ സംവാദത്തെ ഒരൊറ്റ ബിന്ദുവില്‍ കൊണ്ടുവന്നു നിര്‍ത്തിയത് 2016 ഡിസംബര്‍ മാസം എറണാകുളത്തു നടന്ന ‘ഫാസിസത്തിനെതിരെ മനുഷ്യ സംഗമം’ എന്ന പരിപാടിയിലാണ്. പിന്നീട് അധികം മുന്നോട്ടുപോകാതെ, അകാല ചരമം പ്രാപിച്ച ആ സംഗമം ഉയർത്തിയ ചര്‍ച്ചകള്‍, ഒരുപക്ഷേ മുസ്‌ലിം രാഷ്ട്രീയത്തിന്റെ മേഖലയിലെ പ്രധാനപ്പെട്ട ഒരു മേല്‍ക്കോയ്മ വിരുദ്ധ ഏടായിരുന്നു. ഈ പരിപാടിയില്‍ കേരളം ഇതുവരെ ഉണ്ടാക്കിയ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ബലഹീനതകള്‍ തുറന്നുകാട്ടപ്പെട്ടു. അതിന്റെ ചില വശങ്ങള്‍ ഇവിടെ ഒരിക്കല്‍ കൂടി ആലോചനയ്ക്കു വിധേയമാക്കാന്‍ ആഗ്രഹിക്കുന്നു.

മുസ്‌ലിം രാഷ്ട്രീയ/സാമൂഹിക പ്രസ്ഥാനങ്ങളെ പൂര്‍ണമായും ബഹിഷ്കരിച്ചാണ് പ്രസ്തുത പരിപാടി സംഘടിപ്പിക്കപ്പെട്ടത്. അതില്‍ തന്നെ മുസ്‌ലിംകള്‍ക്കു പൂര്‍ണമായും വിലക്കില്ല. മുസ്‌ലിംകള്‍ക്കു വ്യക്തികളായി വരാം. രാഷ്ട്രീയ/മത/സാമുദായിക സംഘടനകളായും അതുമായി ബന്ധപ്പെട്ട വ്യക്തികളായും അല്ലെങ്കില്‍ അതിനെ പിന്തുണയ്ക്കുന്ന വ്യക്തികളായും വരാന്‍ പറ്റില്ല എന്നതായിരുന്നു ഉപാധി. ഇതിനെതിരെ കോഴിക്കോട്ടു മുസ്‌ലിം രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാതലായ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അന്നേ ദിവസം തന്നെ ‘അമാനവ സംഗമം’ എന്ന പരിപാടി അരങ്ങേറി. ഈ ചര്‍ച്ചക്കും രാഷ്ട്രീയ സംവാദങ്ങള്‍ക്കും ചില സന്ദര്‍ഭങ്ങള്‍ കൂടിയുണ്ട്.

കേരളത്തിലെ എല്ലാവിധ രാഷ്ട്രീയ/സാമൂഹിക പ്രസ്ഥാനങ്ങളുമായും സംവാദ ബന്ധം കാത്തുസൂക്ഷിക്കാനും ആ അര്‍ഥത്തില്‍ സ്വന്തം ഇടങ്ങളില്‍ പ്രാതിനിധ്യം നല്‍കാനും തയ്യാറുള്ളവരാണ് കേരളത്തിലെ മുസ്‌ലിം സംഘടനകള്‍. മുസ്‌ലിം സംഘടനകളും അവയുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളും ഈ അര്‍ഥത്തില്‍ മറ്റു ഇടതു/വലതു/ഹിന്ദു സംഘടനകളെക്കാളും ബഹുസ്വരത കാത്തുസൂക്ഷിക്കുന്നവര്‍ ആണ്. വ്യത്യസ്ത വീക്ഷണങ്ങള്‍ കേള്‍ക്കാന്‍ തയ്യാറുള്ളവരാണ് മുസ്‌ലിം സംഘടനകള്‍. എന്നാല്‍ ഇതേ മുസ്‌ലിം സംഘടനകളുടെ വേദിയിലും ഇടങ്ങളിലും വരുന്നവര്‍ തന്നെയാണ് മനുഷ്യ സംഗമത്തിന്റെ പേരില്‍ ഈ മുസ്‌ലിം ബഹിഷ്കരണങ്ങള്‍ നടത്തിയത്. ഇതിനു നേതൃത്വം നല്‍കിയവരില്‍ മുസ്‌ലിം സംഘടനകളുടെ പരിപാടികളില്‍ സ്ഥിരമായി വന്നുപോകുന്നവരും ഉണ്ടായിരുന്നു. മുസ്‌ലിം സംഘടനകളുടെ സാമുദായിക സ്വഭാവമുള്ള പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നവര്‍ ഉണ്ടായിരുന്നു. മുസ്‌ലിം നേതാക്കളുമായി ബന്ധപ്പെട്ടു നിരന്തരം തങ്ങളുടെ പബ്ലിക് റിലേഷന്‍ നെറ്റ്‌വര്‍ക്ക് സജീവമാക്കി നിലനിര്‍ത്തുന്നവരും ഉണ്ടായിരുന്നു.

കഴിഞ്ഞ ഒരു ദശകമായി ഉന്നയിക്കുന്ന പരാതി മുസ്‌ലിംകള്‍ പൊതുഇടങ്ങളില്‍ വരുന്നില്ല എന്നല്ല, മറിച്ച് മുസ്‌ലിംകളെ എങ്ങനെ പൊതുഇടങ്ങളില്‍ നിന്നു ബഹിഷ്കരിക്കാം എന്നതാണ്. മുസ്‌ലിംകള്‍ പൊതുഇടങ്ങളെ ഹൈജാക്ക് ചെയ്യുന്നുവെന്നാണു വ്യാപകമായി പ്രചരിക്കപ്പെടുന്നത്. മാത്രമല്ല ഫണ്ടിങ് പോലുള്ള ആരോപണങ്ങളും ഉയര്‍ന്നു വരുന്നു. ഇതൊക്കെ പുതിയ കാലത്തെ മുസ്‌ലിം വിരുദ്ധതയായി തിരിച്ചറിയപ്പെടേണ്ടതുണ്ട്.

ചരിത്രപരമായ മറ്റൊരു കാര്യം കേരളത്തില്‍ തൊണ്ണൂറുകളുടെ അവസാനം വരെ മുസ്‌ലിം സംഘടനകളുടെ മേലെ ഉണ്ടായിരുന്ന പരാതി അവര്‍ ഇസ്‌ലാമികമോ മുസ്‌ലിംകളുടെതോ ആയ സംഘടനകള്‍ ആണെന്നും മറ്റു മതേതര/വിശ്വാസ/ആദർശത്തിലുള്ളവർക്ക് അതില്‍ ഒട്ടും ഇടമില്ലെന്നുമായിരുന്നു. എന്നാല്‍ പിന്നീടു നാം കാണുന്നത് ചില മുസ്‌ലിം പ്രസ്ഥാനങ്ങള്‍ക്കെങ്കിലും മറ്റു ആദർശത്തിലുള്ളവരുമായി പൊതുവായ വിഷയങ്ങളില്‍ യോജിക്കാനും കര്‍തൃത്വപരമായും അല്ലാതെയും പ്രാധാന്യമുള്ള നീക്കുപോക്കുകള്‍ സാധ്യമാക്കാനും അതില്‍ വളരെയേറെ മുന്നോട്ടുപോവുകയും ചെയ്തുവെന്നാണ്. ഈ സാഹചര്യത്തിലാണു നേരത്തെ മുസ്‌ലിം പ്രശ്നം മാത്രം നോക്കുന്നുവെന്നു പരാതി പറഞ്ഞ അതേ വിമര്‍ശകര്‍ മുസ്‌ലിം സംഘടനകളെ പൊതുഇടങ്ങളില്‍ നിന്നു ബഹിഷ്കരിക്കാന്‍ ശ്രമിക്കുന്നത്.

പക്ഷേ കഴിഞ്ഞ ഒരു ദശകമായി ഉന്നയിക്കുന്ന പരാതി മുസ്‌ലിംകള്‍ പൊതുഇടങ്ങളില്‍ വരുന്നില്ല എന്നല്ല, മറിച്ച് മുസ്‌ലിംകളെ എങ്ങനെ പൊതുഇടങ്ങളില്‍ നിന്നു ബഹിഷ്കരിക്കാം എന്നതാണ്. മുസ്‌ലിംകള്‍ പൊതുഇടങ്ങളെ ഹൈജാക്ക് ചെയ്യുന്നുവെന്നാണു വ്യാപകമായി പ്രചരിക്കപ്പെടുന്നത്. മാത്രമല്ല ഫണ്ടിങ് പോലുള്ള ആരോപണങ്ങളും ഉയര്‍ന്നു വരുന്നു. ഇതൊക്കെ പുതിയ കാലത്തെ മുസ്‌ലിം വിരുദ്ധതയായി തിരിച്ചറിയപ്പെടേണ്ടതുണ്ട്.

ദൃശ്യതയും വിലക്കും

ഇതിന്റെ മറ്റൊരു സാഹചര്യമുണ്ട്. രണ്ടായിരമാണ്ടിന്‍റെ ആദ്യദശകങ്ങളുടെ അവസാനം മുതല്‍ക്കെങ്കിലും ജനകീയ സമരങ്ങളിലും സാമൂഹിക സംവാദങ്ങളിലും മുസ്‌ലിംകള്‍ക്കു കര്‍തൃത്വപരമായ പങ്കാളിത്തം ലഭിക്കുന്ന തരത്തില്‍ മുസ്‌ലിം രാഷ്ട്രീയം സജീവമായി. അത്തരം നിരവധി പോരാട്ടങ്ങള്‍ സവിശേഷമായ സൈബര്‍ മുസ്‌ലിം യൂത്ത് കള്‍ച്ചറിന്റെ ഭാഗമായി ഉയര്‍ന്നുവന്നു. ലൈംഗികത, ഫെമിനിസം, ജാതി, മതം, മതേതരത്വം എന്നിവയെക്കുറിച്ചുള്ള പുതു സമീപനങ്ങള്‍ മാറിയ മുസ്‌ലിം രാഷ്ട്രീയത്തിന്റെ രാഷ്ട്രീയമായി മാറി. മുസ്‌ലിം രാഷ്ട്രീയത്തിന്റെ മേഖലയില്‍ ഇതൊരു ‘politics of immanent critique’ ആയി തന്നെ വികസിച്ചു. ഉദാഹരണമായി, സോളിഡാരിറ്റി അടക്കമുള്ള മുസ്‌ലിം പ്രസ്ഥാനങ്ങളുടെ സ്ത്രീവിരുദ്ധതയും മുസ്‌ലിം കക്ഷിരാഷ്ട്രീയ പാപ്പരത്തവും ഈ പുതിയ യൂത്ത് കള്‍ച്ചര്‍ പരിശോധയ്ക്കു വിധേയമാക്കി. ഇതാവട്ടെ പരമ്പരാഗത സെക്കുലര്‍/ഇടതു വ്യാകരണത്തെ മറികടക്കുന്ന വിമര്‍ശനമായിരുന്നു. സ്വയംവിമര്‍ശനത്തിന്റെ ഈ പുതിയ ഭാഷ മുസ്‌ലിം രാഷ്ട്രീയത്തെ കൂടുതല്‍ ശക്തിപ്പെടുത്തി.

ഇത്തരം മാറ്റങ്ങള്‍ കേരളത്തിലെ പരമ്പരാഗത ബൗദ്ധിക അധികാരങ്ങളുടെ മേല്‍ സാധ്യമാക്കിയ വിമര്‍ശനങ്ങള്‍ കൂടി മനുഷ്യ സംഗമം പോലുള്ള പരിപാടികളിലൂടെ മുസ്‌ലിംകളെ രാഷ്ട്രീയമായി അന്യവത്കരിക്കുന്നതിന് ആക്കം കൂട്ടി. നല്ല മുസ്‌ലിം/ചീത്ത മുസ്‌ലിം എന്ന ബൈനറി ഈ പുതിയ മുസ്‌ലിം രാഷ്ട്രീയ പ്രക്രിയയില്‍ പ്രതിസന്ധിയിലായി. ചുരുക്കിപ്പറഞ്ഞാല്‍ പുതിയ കാലത്തെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ദൃശ്യതയാണ് അതിനെ ബഹിഷ്കരിക്കാനുള്ള കാരണം. ദൃശ്യതയും വിലക്കും തമ്മിലെ ഈ ബന്ധം ഏറെ പ്രധാന്യമുള്ളതാണ്.

ഇതു തന്നെ പല രീതിയിലാണു നടക്കുന്നത്. ഇതില്‍ തന്നെ ശ്രദ്ധേയമായ മറ്റൊരു കാര്യമാണ് ദലിത്‌ മുസ്‌ലിം ഐക്യം പോലുള്ള രാഷ്ട്രീയ പ്രമേയങ്ങളെ മനുഷ്യ സംഗമം സ്വായത്തമാക്കുന്ന രീതി. അതുമല്ലെങ്കില്‍ നല്ല മുസ്‌ലിം/മോശം മുസ്‌ലിം എന്ന ബൈനറി കൊണ്ടുവന്ന് ഒരു പ്രത്യേക രീതിയിലുള്ള മുസ്‌ലിം രാഷ്ട്രീയത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍. മുസ്‌ലിം/ഇസ്‌ലാം എന്ന മുഖ്യസൂചകത്തെ പ്രതിയുള്ള ആശങ്ക ഈ ഫാസിസ്റ്റ് വിരുദ്ധ വ്യവഹാരത്തിന്റെ മൊത്തം പ്രതിസന്ധിയാണ്. മുസ്‌ലിമിന്‍റെ മതപരതയെയും അതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെയും നേരിട്ട് അഭിസംബോധന ചെയ്യാന്‍ കഴിയാത്ത ഫാസിസ്റ്റ് വിരുദ്ധ വ്യവഹാരങ്ങള്‍ അതുകൊണ്ടു തന്നെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ പുതിയ ആവിഷ്കാരങ്ങളിലൂടെ വെല്ലുവിളിക്കപ്പെടുന്നുണ്ട്.

മുസ്‌ലിമിനെ ത്യജിക്കുന്ന നവസാമൂഹിക പ്രസ്ഥാനങ്ങള്‍

ഇതിന്റെ മറ്റൊരു വശം നവസാമൂഹിക പ്രസ്ഥാനങ്ങള്‍ വികസിച്ചുവന്ന രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ജാതി, ലിംഗം, മതം ഇവയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇടതുപക്ഷം ആദ്യഘട്ടത്തില്‍ ഉന്നയിച്ച വിമര്‍ശനം അവ ലിബറല്‍/സാമ്രാജ്യത്വ/വിഭാഗീയ സമരങ്ങള്‍ ആണെന്നായിരുന്നു. കെ.ടി കുഞ്ഞിക്കണ്ണനും കെ.ഇ.എന്നും എം.എന്‍ വിജയനും സുനില്‍ പി. ഇളയിടവും ഒക്കെ ഈ പ്രവണതയുടെ ഭാഗമായിരുന്നു. എന്നാല്‍ മനുഷ്യ സംഗമം ഈ വ്യത്യസ്തമായ രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാനുള്ള ശ്രമം ആയിരുന്നു. പതിനഞ്ചു കൊല്ലം മുന്‍പുവരെ ഇവര്‍ക്കൊക്കെ മുസ്‌ലിം രാഷ്ട്രീയം പെട്രോഡോളര്‍ ഫണ്ടമെന്‍റലിസം ആയിരുന്നപ്പോള്‍ മറ്റു പുതുസാമൂഹിക സമരങ്ങള്‍ സി.ഐ.എ പിന്തുണയുള്ള എന്‍.ജി.ഓ സമരങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ മാറിയ കാലത്ത് ഈ വിമര്‍ശനങ്ങള്‍ കയ്യൊഴിഞ്ഞ ഇടതുപക്ഷം പക്ഷേ കാതലായ രണ്ടു ഉപാധികള്‍ വെച്ചായിരുന്നു ഈ മാറ്റത്തിലേക്കു വന്നത്.

ഒന്നാമതായി മതപരതയുള്ളതും രണ്ടാമതായി സ്വയം സംഘടിക്കുന്നതും ആയ മുസ്‌ലിമിനെ ത്യജിക്കുക. ഈ ഒരു ഡിമാന്‍ഡ് അംഗീകരിച്ചതോടെയാണ്‌ സ്റ്റാലിനിസ്റ്റ് ഇടതുപക്ഷവും പുതിയ സാമൂഹിക പ്രസ്ഥാനങ്ങളും വിശിഷ്യ ഫെമിനിസ്റ്റ്/പരിസ്ഥിതി/ദലിത് പ്രസ്ഥാനങ്ങള്‍ തമ്മില്‍ ഒരു സംവാദം സാധ്യമായത്. മാത്രമല്ല സാംസ്കാരിക മുസ്‌ലിമിനും ലിബറല്‍ സെക്കുലര്‍ മുസ്‌ലിമിനും വ്യക്തികളായി കടന്നുവരാന്‍ കഴിയുമ്പോള്‍ അതു രാഷ്ട്രീയപരമായി ആര്‍ക്കും ഒരു നഷ്ടവും ഉണ്ടാക്കില്ല. രാഷ്ട്രീയമുള്ള മുസ്‌ലിമിന്റെ സംഘടിത സ്വഭാവത്തെ അകറ്റി നിര്‍ത്തിയാല്‍ മാത്രമെ സി.പി.എം അടക്കമുള്ള സമഗ്രാധിപത്യ പ്രസ്ഥാനങ്ങള്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന സംഘടനാ സമൂഹത്തിനു (party society) ഏതെങ്കിലും അര്‍ഥത്തില്‍ താല്‍പ്പര്യ സംരക്ഷണം സാധിക്കൂ. ഇതു കേരളത്തിലെ സ്ത്രീവാദ/പരിസ്ഥിതി/ദലിത് പ്രസ്ഥാനങ്ങളിലെ പ്രബല ആഖ്യാനങ്ങളും പരമ്പരാഗത ഇടതുപക്ഷവും മാറിയ സാഹചര്യത്തില്‍ പങ്കിടുന്ന മുസ്‌ലിം വിരുദ്ധതയുടെ ബാക്കിപത്രമാണ്. മുസ്‌ലിംകളുടെ മതപരതയെയും രാഷ്ട്രീയ സംഘാടനത്തിന്റെ സംസ്കാരത്തെയും ഉൾക്കൊള്ളാൻ തന്നെ സാധിക്കാത്ത ഈ സമീപനം പുത്തന്‍ എക്സ്ക്ളൂഷന്‍റെ യുക്തികള്‍ മുന്നോട്ടുവെക്കുന്നത് കാണാം.

പോസ്റ്റ്‌ലെഫ്റ്റ്/പോസ്റ്റ്‌സെക്കുലര്‍ തിരിവുകള്‍

ഇടതുപക്ഷത്തിനകത്തും സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്കകത്തും മുസ്‌ലിം പ്രശ്നത്തിനു മേല്‍ സാധ്യമായ വിള്ളലുകള്‍ എന്താണ്? ഏണസ്റ്റോ ലക്ലോയും ശാന്‍ടല്‍ മൂഫും Hegemony and Socialist Strategy (Verso 1985) എഴുതുന്ന രാഷ്ട്രീയ സാഹചര്യം നോക്കുക. പ്രധാനമായും ബ്രിട്ടീഷ് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സാഹചര്യത്തില്‍ എഴുതപ്പെട്ട ആ പഠനം മാർക്സിസത്തിന്റെ സാമൂഹികതയുമായി ബന്ധപ്പെട്ട സമഗ്രാധിപത്യ വീക്ഷണങ്ങളെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ സന്ദര്‍ഭത്തെ കാണിക്കുന്നുണ്ട്. മതം, ജാതി, ലിംഗം, വര്‍ഗം തുടങ്ങിയ സംവര്‍ഗങ്ങള്‍ രാഷ്ട്രീയമായി വികസിച്ച ഈ കാലം കേരളത്തിലും വ്യത്യസ്തമാണെങ്കിലും ഉണ്ടാക്കിയ മാറ്റങ്ങള്‍ ചില്ലറയല്ല. ചിലരെങ്കിലും ഒരു പോസ്റ്റ്‌ലെഫ്റ്റ് കാലം എന്ന് പിന്നീട് ഇതിനെ വിളിക്കുന്നുണ്ട്. തീര്‍ച്ചയായും 80-കളില്‍ നിന്നു വ്യത്യസ്തമായി ഇപ്പോള്‍ കേരളത്തില്‍ ഒരു പോസ്റ്റ്‌ലെഫ്റ്റ് ലോകം മാത്രമല്ല പോസ്റ്റ്സെക്കുലര്‍ ലോകം തന്നെ സാധ്യമാണ് എന്ന സമീപനം കേരളീയ രാഷ്ട്രീയത്തിന്റെ നവീനധാരകള്‍ വികസിപ്പിക്കുന്നതാണെന്ന അര്‍ഥത്തില്‍ വളരെ പ്രധാനമാണ്.

ഇവിടെ ഇതുന്നയിക്കുന്നത് ഇടതുപക്ഷത്തോടുള്ള ഒരു പരാതി ആയിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളും അതുമായി ബന്ധപ്പെട്ടവരും അന്തിമ വിശകലനത്തില്‍ വര്‍ഗരാഷ്ട്രീയത്തിന്റെ സര്‍വാധിപത്യം ലക്ഷ്യം വെക്കുന്ന ഒരു സഖ്യം തന്നെയാണു ലക്ഷ്യം വെക്കുന്നതും. മറ്റു സമരങ്ങള്‍ അവര്‍ക്കു താല്‍കാലിക സമരങ്ങള്‍ തന്നെയാണ്. ഈ കാഴ്ചപ്പാടിനു പാകമാകുന്ന പ്രസ്ഥാനങ്ങള്‍ തന്നെയാണ് അവര്‍ ഇത്തരം അലയന്‍സുകളുടെ ഭാഗമായി ഒന്നിപ്പിക്കുക. മുസ്‌ലിംകള്‍ അതിനു പാകമാവില്ലായെന്നു പാര്‍ട്ടിക്കറിയാം.

ആഗോള ചര്‍ച്ചകളുടെ രണ്ടു സാധ്യതകള്‍

സാധാരണ അര്‍ഥത്തില്‍ ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ എങ്ങനെ മുസ്‌ലിംകളെ കാണുന്നുവെന്ന ചര്‍ച്ച നടത്തുമ്പോള്‍ ആ ചര്‍ച്ച ആര്‍.എസ്.എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളെ കുറിച്ചായിരിക്കും. എന്നാല്‍ ഫാസിസ്റ്റ് വിരുദ്ധര്‍ ആരാണ്? അവര്‍ മുസ്‌ലിംകളെ എങ്ങനെ കാണുന്നുവെന്ന ചര്‍ച്ച നടത്തുമ്പോള്‍ നാം ആരെക്കുറിച്ചാണു ചര്‍ച്ച ചെയ്യുന്നത്? തീര്‍ച്ചയായും കേരളത്തിന്റെ സാഹചര്യത്തില്‍ ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളും മുസ്‌ലിംകളും തമ്മിലെ ബന്ധം ഈ ചര്‍ച്ചയുടെ മർമ്മത്തെ നിര്‍ണയിക്കുന്നുണ്ട്.

ഇന്നത്തെ ആഗോള സാഹചര്യത്തില്‍ ഈ ചര്‍ച്ചക്കു ആഗോള മാനങ്ങളുണ്ട്. പ്രസ്തുത സാഹചര്യവുമായി ബന്ധപെട്ട ചില നിരീക്ഷണങ്ങള്‍ നാം ശ്രദ്ധിക്കണം. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ചര്‍ച്ചകളെ ആഗോള രാഷ്ട്രീയവുമായും ആഗോള പ്രസ്ഥാനങ്ങളുമായും ബന്ധപ്പെടുത്തി നാം കാണണം. ഇതിന്റെ ചില സാധ്യതകള്‍ രണ്ടു പ്രധാന അന്വേഷണ മേഖലകളില്‍ ഊന്നി സൂചിപ്പിക്കാന്‍ ശ്രമിക്കാം.

ഇസ്‌ലാമോഫോബിയയും ഇടതുപക്ഷവും

ഈയടുത്ത് ഹൂറിയ ബൂതല്‍ജ എഴുതിയ Whites, Jews and Us : Towards a Politics of Revolutionary Love (Semiotext(e) 2017) എന്ന പുസ്തകം യുറോപ്പിലെ വിശിഷ്യ ഫ്രഞ്ച് ഇടതുപക്ഷവും മുസ്‌ലിംകളുമായി ഉള്ള ബന്ധം വിശകലനം ചെയ്യുന്ന പഠനമാണ്. ആ പുസ്തകം യുറോപ്പിലെ വന്‍നഗരങ്ങളില്‍ വികസിക്കുന്ന വംശീയതക്കെതിരായും ഇസ്‌ലാമോഫോബിയക്കെതിരായും മുന്നോട്ടുവന്ന അപകോളനീകരണ പ്രസ്ഥാനങ്ങളുടെയും ചിന്താമുന്നേറ്റങ്ങളുടെയും ഭാഗമാണ്. ഹൂറിയ ബൂതല്‍ജ ഫ്രഞ്ച് അള്‍ജീരിയന്‍ മുസ്‌ലിം ചിന്തകയാണ്. ഫ്രാന്‍സില്‍ ഒരു അള്‍ജീരിയന്‍ മുസ്‌ലിം കുടിയേറ്റ കുടുംബത്തില്‍ ജനിച്ച അവര്‍ ഇപ്പോള്‍ ഇന്‍ഡിജിനസ് റിപ്പബ്ലിക്ക് ഓഫ് ഫ്രാന്‍സിന്‍റെ വക്താവാണ്‌.

ഫ്രാന്‍സില്‍ ഇപ്പോള്‍ ഇടതും വലതും വംശീയതയുടെയും ഇസ്‌ലാമോഫോബിയയുടെയും കാര്യത്തില്‍ വലിയ വ്യത്യാസം ഇല്ലാതായിരിക്കുന്നുവെന്നാണ് ഹൂറിയ വാദിക്കുന്നത്. ഘെറ്റോകളിലെയും നഗരപ്രാന്തങ്ങളിലെയും മുസ്‌ലിംകള്‍ അടക്കമുള്ള കുടിയേറ്റ/വംശീയ/മതന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളെ രാഷ്ട്രീയമായി അഭിമുഖീകരിക്കാന്‍ ഫ്രഞ്ച് ഇടതുപക്ഷം പരാജയപ്പെട്ടുവെന്നു മാത്രമല്ല അവര്‍ ഈ പാര്‍ശ്വവല്‍കൃത സമൂഹങ്ങളെക്കുറിച്ചു വലതുപക്ഷ ധാരണകളുമായി ഒത്തുപോവുകയും ചെയ്യുന്നു. ഉദാഹരണമായി ഫ്രാന്‍സില്‍ നടക്കുന്ന പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നവരില്‍ തൊണ്ണൂറു ശതമാനവും മുസ്‌ലിംകളും കറുത്ത വംശജരും ആണ്. ഇവര്‍ തന്നെ എഴുപത്തഞ്ചു ശതമാനം തൊഴിലില്ലായ്മ അനുഭവിക്കുന്നു. ഇതൊന്നും അഭിമുഖീകരിക്കാന്‍ ഫ്രഞ്ച് ഇടതുപക്ഷത്തിനു സാധിച്ചിട്ടില്ല.

രണ്ടാമതായി, ഫ്രാന്‍സിലെ സയണിസ്റ്റ് ലോബി നടത്തുന്ന പ്രചാരവേലകള്‍ അവിടുത്തെ ഇടതുപക്ഷത്തെ നന്നായി സ്വാധീനിച്ചിരിക്കുന്നു. ഇന്നു മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തെ സെമിറ്റിക് വിരുദ്ധതയായും ഇസ്രായേലിനോടുള്ള എതിര്‍പ്പ് സയണിസ്റ്റ് വിരുദ്ധതയായും ഫ്രഞ്ച് ഇടതുപക്ഷം കരുതുന്നു.

മൂന്നാമതായി, ഫ്രാന്‍സില്‍ ഭരണകൂട വംശീയതയുടെ നടത്തിപ്പുകാരും അതിന്റെ കാലാളുകളുമായി ഇടതുപക്ഷം മാറിയിരിക്കുന്നു. വലതുപക്ഷത്തെപ്പോലെ ഫ്രാന്‍സില്‍ ഇടതുപക്ഷവും ഹിജാബ് (Head scarf) നിരോധനത്തെ അനുകൂലിച്ചത് ഉദാഹരണമായി ഹൂറിയ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിലാണ് വ്യവസ്ഥാപിത ഇടതു–വലതുരാഷ്ട്രീയത്തിന്റെ വെളുത്ത വംശീയ സ്വഭാവത്തെ തുറന്നുകാട്ടി ഇന്‍ഡിജിനസ് റിപ്പബ്ലിക് എന്ന പാര്‍ട്ടിയുമായി ഹൂറിയ അടക്കമുള്ളവര്‍ രംഗത്തു വരുന്നത്. ഇതു ഫ്രാന്‍സില്‍ മാത്രമല്ല മറ്റു യൂറോപ്പ്യന്‍ നഗരങ്ങളിലും വലിയ സ്വാധീനം ചെലുത്തുകയുണ്ടായി.

പ്രസ്തുത പഠനത്തിന്റെ ആദ്യ വായനയില്‍ തോന്നിയ പ്രധാന കാര്യം യൂറോപ്പില്‍ ഇടതുപക്ഷം ചരിത്രപരമായി തന്നെ ആന്‍റി കൊളോണിയല്‍ ആവുമ്പോള്‍ തന്നെ സയണിസ്റ്റ് അനുകൂലമാവുന്നത് സാര്‍ത്രെ അടക്കമുള്ളവരുടെ കാലം മുതലേ കാണുന്ന രീതിയാണ്. ഇന്നിപ്പോള്‍ വെളുത്ത രാഷ്ട്രീയമുള്ള ഇടതു ബുദ്ധിജീവികള്‍ക്കു സ്വന്തം ഇസ്‌ലാമോഫോബിയ പ്രകടിപ്പിക്കാന്‍ കുടിയേറ്റ മുസ്‌ലിംകളിലെ സെമിറ്റിക് വിരുദ്ധത ചികഞ്ഞെടുത്താല്‍ മതി.

ഇതുപോലെ ഒരേസമയം ഫാസിസ്റ്റ് വിരുദ്ധരും ഇസ്‌ലാമോഫോബിക്കും ആവുന്ന രീതി അഥവാ വിദ്യ ഇന്ത്യയിലെ ഇടതുപക്ഷത്തിലെ ഒരു വിഭാഗം വികസിപ്പിച്ചിട്ടുണ്ട്. ആലോചിക്കാന്‍ എളുപ്പത്തിനു ചില സൂചനകള്‍ മാത്രം ഇപ്പോള്‍ പറയാം. ഇന്ത്യയിലെ പ്രധാനപെട്ട ഒരു ഇടതുകക്ഷിയായ സി.പി.എമ്മിനു സ്വന്തം രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ അവരുടെ മുസ്‌ലിം രാഷ്ട്രീയ എതിരാളികളെ തീവ്രവാദ/ഭീകരവാദ മുദ്ര ചാര്‍ത്തിയാല്‍ മതി. അതുപോലെ മുസ്‌ലിംകളെ ‘സുരക്ഷാ വ്യവഹാര’ത്തിന്റെ (security discourse) ഭാഗമാക്കുന്ന ആഗോള വലതുപക്ഷ ഫാസിസ്റ്റ്‌ തന്ത്രം കേരളത്തില്‍ മുസ്‌ലിം പ്രസ്ഥാനങ്ങള്‍ നടത്തുന്ന സമരങ്ങള്‍ക്കു നേരെ ഉപയോഗിക്കുന്നതു നാം കാണുന്നു. കിനാലൂര്‍ സമരം, കോഴിക്കോട്ടെ ഗെയില്‍ വിരുദ്ധ സമരം തുടങ്ങിയവ ഇങ്ങനെ സി.പി.എം തീവ്രവാദ/ഭീകരവാദ മുദ്ര പതിച്ചുനല്‍കിയ സമരങ്ങള്‍ ആണ്.

ഇന്ത്യയിലെ പ്രധാനപെട്ട ഒരു ഇടതുകക്ഷിയായ സി.പി.എമ്മിനു സ്വന്തം രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ അവരുടെ മുസ്‌ലിം രാഷ്ട്രീയ എതിരാളികളെ തീവ്രവാദ/ഭീകരവാദ മുദ്ര ചാര്‍ത്തിയാല്‍ മതി. അതുപോലെ മുസ്‌ലിംകളെ ‘സുരക്ഷാ വ്യവഹാര’ത്തിന്റെ (security discourse) ഭാഗമാക്കുന്ന ആഗോള വലതുപക്ഷ ഫാസിസ്റ്റ്‌ തന്ത്രം കേരളത്തില്‍ മുസ്‌ലിം പ്രസ്ഥാനങ്ങള്‍ നടത്തുന്ന സമരങ്ങള്‍ക്കു നേരെ ഉപയോഗിക്കുന്നതു നാം കാണുന്നു. കിനാലൂര്‍ സമരം, കോഴിക്കോട്ടെ ഗെയില്‍ വിരുദ്ധ സമരം തുടങ്ങിയവ ഇങ്ങനെ സി.പി.എം തീവ്രവാദ/ഭീകരവാദ മുദ്ര പതിച്ചുനല്‍കിയ സമരങ്ങള്‍ ആണ്.

മുസ്‌ലിംകള്‍ ഉള്‍പ്പെട്ട ന്യായമായ രാഷ്ട്രീയ സമരങ്ങള്‍ സാമൂഹികവും രാഷ്ട്രീയവുമായ സമാധാനത്തിനും സുസ്ഥിരതക്കും ഭീഷണിയാണെന്നു വരുത്തിതീര്‍ക്കാന്‍ ഈ സുരക്ഷാ വ്യവഹാരത്തിനു സാധിക്കുന്നുണ്ട്. ആഗോള തലത്തില്‍ ഇതു കഴിഞ്ഞ ഏതാനും ദശകങ്ങളായി കാണുന്ന രീതിയാണ്. ആഗോളതലത്തിലെ ഇസ്‌ലാമോഫോബിയ സവിശേഷമായ ഇന്ത്യന്‍ സുരക്ഷാ വ്യവഹാരവുമായി സ്ഥാപിച്ച ഈ സൗഹൃദം മുസ്‌ലിംകളുമായി ബന്ധപെട്ട പൊതുവിവാദത്തിന്റെ പശ്ചാത്തലത്തില്‍ നിരന്തരം പുറത്തു വന്നു കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ നിലവില്‍ ഫാസിസ്റ്റ് വിരുദ്ധ വ്യവഹാരങ്ങളുടെ ഭാഗമായ സാമൂഹ്യപ്രസ്ഥാനങ്ങളുടെ ഈ ഇരട്ട സമീപനത്തെ വിമര്‍ശിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. മാത്രമല്ല വംശീയതയോടും ഇസ്‌ലാമോഫോബിയയോടും സൗഹൃദം സാധ്യമാക്കിയ ഇടതുരാഷ്ട്രീയത്തിന്റെ വിമര്‍ശനം ലോകവ്യാപകമായി പുതുസാമൂഹ്യ പ്രസ്ഥാനങ്ങളും മുസ്‌ലിംകള്‍ അടക്കം ഉള്‍പ്പെടുന്ന അപകോളനീകരണ പ്രസ്ഥാനങ്ങളും പ്രാക്ടീസ് ചെയ്യുന്ന രാഷ്ട്രീയ ഇടപാടിന്റെ രീതി ശാസ്ത്രമാണ്.

തൊഴില്‍ രാഷ്ട്രീയവും ഇടതുപക്ഷവും

ആഗോള തലത്തിൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സങ്കല്‍പ്പനങ്ങള്‍ മുസ്‌ലിംകള്‍ അടക്കമുള്ളവരുടെ തൊഴിലാളി രാഷ്ട്രീയത്തെ എത്ര കണ്ടു അഭിമുഖീകരിച്ചിട്ടുണ്ട് എന്നത് ഒരു ചോദ്യമാണ്. കാരണം, പലപ്പോഴും വിശദീകരിക്കപ്പെട്ടതു പോലെ തൊഴിലാളി വര്‍ഗ രാഷ്ട്രീയമാണല്ലോ ഇടതുരാഷ്ട്രീയത്തിന്റെ കാതല്‍. തീര്‍ച്ചയായും മതം, വംശം, ലിംഗം തുടങ്ങിയ ഘടനകളെ മാത്രമല്ല തൊഴിലിന്റെ സാംസ്കാരിക രാഷ്ട്രീയത്തെയും ആ അര്‍ഥത്തില്‍ അഭിമുഖീകരിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ശ്രമിച്ചിട്ടില്ല എന്നതാണു വസ്തുത. ലബനീസ് അമേരിക്കന്‍ ഗവേഷകനായ ജോസഫ് മാസടിന്റെ Islam in Liberalism ( University of Chicago Press 2015) എന്ന പഠനത്തിലെ ചോദ്യങ്ങള്‍ ഈ അര്‍ഥത്തില്‍ പ്രധാനമാണ്.

ഫ്രാന്‍സില്‍ അടക്കം ഏറെ പ്രബലമായ ‘മുസ്‌ലിം സ്ത്രീ അടിച്ചമര്‍ത്തപ്പെട്ടവളാണ്, എന്നാൽ പാശ്ചാത്യ ലോകത്തെ സ്ത്രീകൾ വിമോചിപ്പിക്കപ്പെട്ടവരാണ്’ എന്ന രീതിയിലുള്ള സമവാക്യ നിര്‍മിതി മസദിന്റെ പഠനമനുസരിച്ച് കൊളോണിയൽ കാലം മുതലേ ഇസ്‌ലാമിനെ കുറിച്ചുള്ള ഒരു ലിബറൽ നിര്‍മിതിയാണ് എന്നാണ്. ഇതു പക്ഷേ ശീതയുദ്ധാനന്തരം ഇടതുപക്ഷത്തിനകത്തും ശക്തിയും പ്രചാരവും നേടിയ ഒരു ലിബറൽ നിര്‍മിതിയാണ്. അതോടെ മുസ്‌ലിം ലോകത്തെ ലിംഗബന്ധങ്ങളുടെ വൈവിധ്യത്തെ നിഷേധിക്കാനും സ്വാതന്ത്ര്യവും മാനുഷികപദവിയും നിരാകരിക്കപ്പെട്ട് അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിം സ്ത്രീയെ സങ്കല്‍പ്പിക്കാനും ഇടതു/വലതു ഭേദമന്യേ കഴിയുന്നു. ഇതിലൂടെ അക്രമിയും അമിത ലൈംഗികവൽക്കരിക്കപ്പെട്ടവരുമായ മുസ്‌ലിം ആണുങ്ങളിൽ നിന്നു സംരക്ഷണം കിട്ടാൻ കാത്തിരിക്കുന്ന ഒരു മുസ്‌ലിം സ്ത്രീ ഉണ്ടായിവരുന്നു. അങ്ങനെ ലിബറല്‍ സെക്കുലര്‍ സമൂഹം എന്നതു സ്വാതന്ത്ര്യത്തിന്റെ ചിഹ്നമായും ഇസ്‌ലാം എന്നത് അടിച്ചമർത്തലിന്റെ ചിഹ്നമായും മാറുന്നു. അതിലൂടെ യുദ്ധങ്ങൾ, സാമ്പത്തിക ഉപരോധങ്ങൾ, രാഷ്ട്രീയ ബഹിഷ്കരണങ്ങള്‍ ഒക്കെ സ്ത്രീ സ്വാതന്ത്ര്യവും വിമോചനവും കൊണ്ടുവരുന്നു എന്ന പ്രതീതി സൃഷ്ടിച്ചു മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കു മേല്‍ അധിനിവേശം ചെലുത്താൻ എളുപ്പം കഴിയുന്നു. കേരളത്തില്‍ ഹിലരി ക്ലിന്‍റന്‍റെ സാമ്രാജ്യത്വ പ്രചാരണത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന സ്ത്രീ അവകാശ ഐക്കണായ മലാല യൂസുഫ് സായിക്കു വേണ്ടി കാമ്പയിന്‍ ചെയ്തതു ലിബറല്‍ പക്ഷം മാത്രമല്ല, ഡി.വൈ.എഫ്.ഐ അടക്കമുള്ള ഇടതുകക്ഷികള്‍ ആണെന്നോര്‍ക്കുക.

2002-ല്‍ നടന്ന അഫ്ഗാൻ അധിനിവേശം ഈ ലിബറൽ നിര്‍മിതിയുടെ ഏറ്റവും തികവുറ്റ അധിനിവേശ പ്രയോഗമായിരുന്നുവെന്നു കാണാം. പക്ഷേ അതിൽ കൊല്ലപെട്ട രണ്ടു മില്ല്യണ്‍ മനുഷ്യരിൽ എഴുപത്തഞ്ചു ശതമാനം സ്ത്രീകളും കുട്ടികളുമായിരുന്നു. എന്നാൽ ഈ മനുഷ്യക്കുരുതി ലിബറൽ ലിംഗരാഷ്ട്രീയത്തിന്റെ ഭാഗമായി കാണാൻ കഴിയാത്ത വിധം സാമൂഹിക ചിന്തയെ അടക്കി ഭരിക്കാൻ ലിബറൽ ആധിപത്യചിന്തക്കു കഴിഞ്ഞിരിക്കുന്നു.

2002-ല്‍ നടന്ന അഫ്ഗാൻ അധിനിവേശം ഈ ലിബറൽ നിര്‍മിതിയുടെ ഏറ്റവും തികവുറ്റ അധിനിവേശ പ്രയോഗമായിരുന്നുവെന്നു കാണാം. പക്ഷേ അതിൽ കൊല്ലപെട്ട രണ്ടു മില്ല്യണ്‍ മനുഷ്യരിൽ എഴുപത്തഞ്ചു ശതമാനം സ്ത്രീകളും കുട്ടികളുമായിരുന്നു. എന്നാൽ ഈ മനുഷ്യക്കുരുതി ലിബറൽ ലിംഗരാഷ്ട്രീയത്തിന്റെ ഭാഗമായി കാണാൻ കഴിയാത്ത വിധം സാമൂഹിക ചിന്തയെ അടക്കി ഭരിക്കാൻ ലിബറൽ ആധിപത്യചിന്തക്കു കഴിഞ്ഞിരിക്കുന്നു.

എന്താണ് മുസ്‌ലിം സ്ത്രീകളെ കുറിച്ച നേരത്തെ സൂചിപ്പിച്ച ലിബറൽ നിര്‍മിതികളിൽ മസദ് കാണുന്ന പ്രശ്നങ്ങൾ? ഈയൊരു ചര്‍ച്ചയെ ലിബറലിസത്തിന്റെ പ്രത്യയശാസ്ത്രം (Ideology of Liberalism) എന്നാണു മസദ് വിളിക്കുന്നത്. ലിബറലിസത്തിലൂടെ സവിശേഷമായ ഒരു സ്വത്വ നിര്‍മിതിയാണു നടക്കുന്നത്. ലിബറല്‍ സെക്കുലര്‍ ലോകത്തെ സ്ത്രീകൾ സ്വാതന്ത്ര്യത്തിന്റെ ഉന്നതങ്ങളിൽ ജീവിക്കുന്നവരായും മുസ്‌ലിം ലോകത്തെ സ്ത്രീകള്‍ അടിച്ചമര്‍ത്തലിന്റെ ആഴങ്ങളിൽ പെട്ടവരായും സമീകരിച്ചു നടക്കുന്ന പ്രത്യയശാസ്ത്ര നിർമിതിയിൽ നിയോ ലിബറൽ രാഷ്ട്രീയത്തെ കുറിച്ചുള്ള വിമര്‍ശനങ്ങൾ സാംസ്കാരിക പ്രശ്നമായി ചുരുക്കപ്പെടുന്നു.

അതായത്, ലിബറല്‍ സെക്കുലര്‍ സമൂഹങ്ങളിൽ നടക്കുന്ന മുസ്‌ലിം സ്ത്രീയെ കുറിച്ചുള്ള സംവാദങ്ങൾ വസ്ത്രം ധരിക്കാനുള്ള അവകാശത്തെ വിലക്കുന്നതിന്റെയും വ്യത്യസ്ത വസ്ത്രമാതൃകകളിലേക്ക് അവളെ വിമോചിപ്പിക്കുന്നതിന്റെയും സംവാദമായി മാറുന്നു. പക്ഷേ കഴിഞ്ഞ കാലങ്ങളിൽ പാശ്ചാത്യ ലോകവും പൗരസ്ത്യ ലോകത്തെ അവരുടെ ദല്ലാളുകളും നടത്തിയ അധിനിവേശത്തിന്റെ ഭാഗമായി നടക്കുന്ന കുടിയേറ്റങ്ങളും കൂട്ടപാലായനങ്ങളും സൃഷ്ടിക്കുന്ന തൊഴില്‍ പ്രതിസന്ധിയും തൊഴിലാളികളുടെ ചൂഷണവും ലിബറൽ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള വസ്ത്ര ചര്‍ച്ച മറച്ചുപിടിക്കുന്നു. അതേസമയം സവിശേഷമായ ഒരു തൊഴില്‍ ശക്തി എന്ന നിലിയിൽ മുസ്‌ലിം സ്ത്രീകൾ പാശ്ചാത്യ ലോകത്തെ തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന പ്രശ്നങ്ങളും ലിബറൽ രാഷ്ട്രീയത്തിന്റെ സാംസ്കാരിക യുക്തിയിൽ മുങ്ങിപോവുന്നു. അതോടെ പാശ്ചാത്യ രാജ്യങ്ങളുടെ മുൻകയ്യോടെ നടക്കുന്ന നിയോലിബറൽ സാമ്പത്തിക രാഷ്ട്രീയം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ തൊഴിലിടത്തിലെ പ്രതിസന്ധി എന്നതിൽ നിന്നു മാറ്റി തൊഴിലാളിയുടെ വസ്ത്രത്തിന്റെ പ്രതിസന്ധി എന്നതിലേക്കു വഴിതിരിച്ചു വിടാന്‍ ലിബറൽ രാഷ്ട്രീയത്തിനാവുന്നു.

ഇതിന്റെ ഒരു പ്രാദേശിക സാഹചര്യത്തിലേക്കു ചില സൂചനകള്‍ ഇപ്പോള്‍ നല്‍കാം. കേരളത്തിലും പര്‍ദ്ദ അടക്കമുള്ള വസ്ത്രങ്ങളുടെ സ്വാധീനമാണു ഗള്‍ഫു കുടിയേറ്റം സൃഷ്‌ടിച്ച പ്രധാന ആശങ്ക. മുസ്‌ലിംകള്‍ തൊഴിലാളികള്‍ എന്ന നിലയില്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ വളരെ കുറച്ചേ ചര്‍ച്ച ചെയ്യാറുള്ളൂ. കേരളത്തില്‍ നിന്നും മറ്റു സമുദായങ്ങളെ അപേക്ഷിച്ചു മുസ്‌ലിംകള്‍ കടല്‍ കടന്നു പോയത് എന്തുകൊണ്ട് എന്ന സാംസ്കാരികവും രാഷ്ട്രീയവുമായ ചോദ്യം തൊഴില്‍ രാഷ്ട്രീയത്തിന്റെ തലത്തില്‍ ഉന്നയിക്കാന്‍ ഇവിടുത്തെ പുരോഗമന ഇടതു ചേരിക്കോ അവരുടെ തൊഴിലാളി രാഷ്ട്രീയ പ്രമേയങ്ങള്‍ക്കോ ഒരു ഘട്ടത്തിലും സാധ്യമായിട്ടില്ല. മാത്രമല്ല ഈ തൊഴിലാളികളെ കേരളത്തിന്റെ സാമൂഹിക/സാംസ്കാരിക/പാരിസ്ഥിതിക ദുഷിപ്പിന്റെ പ്രതീകമായി അവതരിപ്പിക്കാനും ഇവിടുത്തെ വലതുപക്ഷ ഹിന്ദുത്വത്തെപ്പോലെ തന്നെ ഒരു വിഭാഗം ഇടതു പുരോഗമനകാരികളും ശ്രമിച്ചിരുന്നു.

ഇവിടെ ആരാണു രാഷ്ട്രീയ പ്രശ്നത്തെ സാംസ്കാരികവല്‍ക്കരിക്കുന്ന ലിബറല്‍ രാഷ്ട്രീയ യുക്തിക്ക് കീഴ്പ്പെടുന്നത്? മസദ് സൂചിപ്പിച്ച ലിബറൽ പ്രത്യയശാസ്ത്രം ഇന്ന് ഇന്ത്യയടക്കമുള്ള ലിബറൽ ജനാധിപത്യ രാഷ്ട്രങ്ങളിലെ വലതുപക്ഷ/ഇടതുപക്ഷ മതേതര ചിന്തകരുടെ മുന്‍കയ്യില്‍ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമാവുകയും മുസ്‌ലിമിന്റെ ലോക അപരത്വത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ മസദ് നല്‍കുന്ന ലിബറൽ വിമര്‍ശനം അതിന്റെ ഗൗരവത്തിൽ തന്നെ നമ്മുടെ പ്രാദേശിക സാഹചര്യങ്ങളിൽ പുന:വായനക്കു വിധേയമാക്കേണ്ടതുണ്ട്. സാംസ്കാരിക രാഷ്ട്രീയത്തിന്റെ മേഖലയില്‍ അതുകൊണ്ടു തന്നെ നിലവിലുള്ള ഫാസിസ്റ്റ് വിരുദ്ധ വ്യവഹാരങ്ങള്‍ സങ്കല്‍പ്പിക്കുന്ന മുസ്‌ലിം ഭാവനകളെ പൊളിച്ചെഴുതാന്‍ നാം തയ്യാറാവേണ്ടതുണ്ട്. ഇത്തരമൊരു രീതിശാസ്ത്രപരമായ പൊളിച്ചെഴുത്ത് മുസ്‌ലിം സമുദായത്തിന്റെ തൊഴില്‍ രാഷ്ട്രീയത്തെക്കുറിച്ച് ഉണ്ടാവേണ്ടത് പുതിയ ഫാസിസ്റ്റ് വിരുദ്ധ വ്യവഹാരങ്ങളുടെ മുന്നോട്ടുപോക്കിന് അത്യാവശ്യമാണ്.

ഇതുവരെ സൂചിപ്പിക്കാന്‍ ശ്രമിച്ചത് ഫാസിസ്റ്റ് വിരുദ്ധ വ്യവഹാരങ്ങളിലെ മുസ്‌ലിം പ്രശ്നത്തിന്റെ രണ്ടു ആഗോള പ്രത്യേകതകളാണ്. കേരളത്തില്‍ പക്ഷേ സാധ്യമായ ചില തന്ത്രങ്ങള്‍ (strategies) കൂടി ഈ സാഹചര്യത്തില്‍ സൂചിപ്പിക്കാന്‍ ശ്രമിക്കട്ടെ.

ഫാസിസവും ബൈനറികളും

തീര്‍ച്ചയായും ഫാസിസ്റ്റ് വിരുദ്ധ വ്യവഹാരത്തിന്റെ ഈ വിമര്‍ശനം ചില പുതിയ തിരിച്ചറിവുകള്‍ തേടുന്നുണ്ട്. സാധാരണ അര്‍ഥത്തില്‍ പുരോഗമനം/പിന്തിരിപ്പന്‍, മതം/മതേതരത്വം, ഇടതുപക്ഷം/വലതുപക്ഷം തുടങ്ങിയ ബൈനറികള്‍ പ്രതിസന്ധിയിലായ കാലത്താണു കേരളം കടന്നു പോകുന്നത്. അതായത്, കേരളത്തില്‍ ഫാസിസ്റ്റ് വിരുദ്ധ വ്യവഹാരവുമായി ബന്ധപ്പെട്ടു വികസിപ്പിച്ച പല ബൈനറികളും പുതിയ വായനകള്‍ തേടുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിലെ മുസ്‌ലിമിനെ ഇരയായും ശിശുവല്‍ക്കരിച്ചും (infantalise) മാത്രമേ ഈ ബൈനറികള്‍ക്കു കാണാന്‍ കഴിയൂ.

2017 ഏപ്രില്‍ മാസം തിരുവനന്തപുരത്തു മുനിസിപ്പല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു ദേവസ്വം ചുമതലയുള്ള ഒരു പുരോഗമന ഇടതുപക്ഷ മതേതര മന്ത്രി മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണ് എന്നു പ്രസംഗിക്കുമ്പോള്‍ സംഭവിക്കുന്നതു നേരത്തെ പറഞ്ഞ ഇടതു, പുരോഗമന, മതേതരത്വ രാഷ്ട്രീയത്തിന്റെ വ്യതിയാനം അല്ല. പ്രസ്തുത കാറ്റഗറിക്കുള്ള നോര്‍മാറ്റീവ് (normative) ആയ ചില പ്രശ്നങ്ങള്‍ തന്നെയാണ്.

ഉദാഹരണമായി 2017 ഏപ്രില്‍ മാസം തിരുവനന്തപുരത്തു മുനിസിപ്പല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു ദേവസ്വം ചുമതലയുള്ള ഒരു പുരോഗമന ഇടതുപക്ഷ മതേതര മന്ത്രി മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണ് എന്നു പ്രസംഗിക്കുമ്പോള്‍ സംഭവിക്കുന്നതു നേരത്തെ പറഞ്ഞ ഇടതു, പുരോഗമന, മതേതരത്വ രാഷ്ട്രീയത്തിന്റെ വ്യതിയാനം അല്ല. പ്രസ്തുത കാറ്റഗറിക്കുള്ള നോര്‍മാറ്റീവ് (normative) ആയ ചില പ്രശ്നങ്ങള്‍ തന്നെയാണ്. ഈ സംവര്‍ഗം ഉള്‍വഹിക്കുന്ന ഹിംസയെ മറ്റൊന്നിലേക്കു ചുരുക്കാതെ, എന്നാല്‍ അതിന്റെ സാധ്യതയെ നിരാകരിക്കാതെ തന്നെ ഇന്നു വിമര്‍ശിക്കാന്‍ കഴിയുന്ന തരത്തില്‍ അധികാര വിമര്‍ശനം കേരളത്തിലെ പുതിയ ജനാധിപത്യ/സാമൂഹിക പ്രസ്ഥാനങ്ങള്‍ പരിമിതികളോടെയെങ്കിലും സാധ്യമാക്കിയിട്ടുണ്ട്. ഈ സാധ്യത മതേതരത്വം, ഇടതുപക്ഷം തുടങ്ങിയ സംവർഗങ്ങളുടെ ഉപചർച്ചയാക്കി ഫാസിസ്റ്റ് വിരുദ്ധ ചര്‍ച്ചകളെ മാറ്റുന്ന പ്രവണതയെ എതിര്‍ക്കുകയും അത്തരം പ്രശ്നങ്ങളെ മറികടക്കാൻ സഹായകമായ ചില ചോദ്യങ്ങള്‍ ഫാസിസ്റ്റ് വിരുദ്ധ വ്യവഹാരങ്ങളുടെ തലത്തില്‍ ഉയര്‍ത്താനുമാണു ശ്രമിക്കുന്നത്.

ഐക്യദാർഢ്യത്തിന്റെ രാഷ്ട്രീയം

ഇതു വേറെ രീതിയില്‍ കുറേകൂടി ലളിതമായി പറഞ്ഞാല്‍ ഐക്യദാർഢ്യത്തിന്റെ രാഷ്ട്രീയത്തെ പറ്റിയാണ് സംസാരിക്കുന്നത്. ഒരു പൊതുവായ രാഷ്ട്രീയ ലക്ഷ്യത്തിനും സമരത്തിനും ഒത്തുചേരുമ്പോള്‍ തന്നെ അധികാരത്തിലും പദവിയിലും ആനുകൂല്യങ്ങളിലും ഉള്ള വ്യത്യാസങ്ങളെ എങ്ങനെ പരസ്പര വിമര്‍ശനത്തിലൂടെ അഭിമുഖീകരിക്കാം എന്ന ചര്‍ച്ചയാണിത്‌. ഈ ചര്‍ച്ച മേല്‍പ്പറഞ്ഞ ഐക്യത്തെ കൂടുതല്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കുകയും കൂടുതല്‍ നിർമാണാത്മകമായ രാഷ്ട്രീയമായി ഇതിനെ മാറ്റുകയും ചെയ്യും. ഉദാഹരണമായി, ഒരു ഫെമിനിസ്റ്റ് പ്രസ്ഥാനവും മുസ്‌ലിം പ്രസ്ഥാനവും തമ്മില്‍ നടക്കുന്ന രാഷ്ട്രീയമായ ഐക്യങ്ങള്‍ രണ്ടു രാഷ്ട്രീയ സ്ഥാനങ്ങള്‍ നടത്തുന്ന സ്വയം മാറ്റത്തിന്റെ ഭാഗമാണ്. മുന്‍നിശ്ചയങ്ങളില്‍ നിന്ന് ഈ ഐക്യം സാധ്യമാകുന്നില്ല. ഇതു കൂടുതല്‍ വിമര്‍ശനപരമായി രാഷ്ട്രീയ ബന്ധങ്ങളെ കാണാന്‍ പ്രേരിപ്പിക്കുന്നു. ഇതാവട്ടെ ഏകപക്ഷീയമായ ഒന്നല്ല. അത്തരമൊരു വിമര്‍ശനാത്മക ഐക്യത്തിന്റെ സാധ്യതയിലാണ് ഇവിടുത്തെ ഫാസിസ്റ്റ് വിരുദ്ധ വ്യവഹാരങ്ങളിലെ മുസ്‌ലിമിനെ നാം കാണേണ്ടത്.

(2017 ഡിസംബര്‍ മാസം സോളിഡാരിറ്റി നടത്തിയ ഫാസിസ്റ്റ് വിരുദ്ധ പഠന സംഗമത്തില്‍ നടത്തിയ പ്രഭാഷണം)

Top