ബഹുജനങ്ങൾ ഭരണഘടന കത്തിക്കേണ്ടതുണ്ടോ ?

December 5, 2018

നവംബർ 26നു ഭരണഘടനാ ദിനം ആഘോഷിക്കുന്നതിനും അതിനെ അന്ധമായി അംബേഡ്കറിന്‍റെ ഭരണഘടനയെന്നു വിളിക്കുന്നതിനും മുൻപ് ഭരണഘടനയെ സംബന്ധിച്ച ഒരു പുനർവിചിന്തനമാണ് ഈ എഴുത്തിന്റെ ലക്ഷ്യം. അതിനായി ബഹുജൻ ചരിത്രത്തിലെ വിഖ്യാത വ്യക്തിത്വങ്ങളായ അംബേഡ്കറിന്‍റെയും പെരിയാറിന്റെയും പ്രഭാഷണങ്ങള്‍ വായിക്കാൻ എസ്. കുമാർ ആവശ്യപ്പെടുന്നു.

ആളുകളെ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾക്കു പ്രേരിപ്പിക്കുവാനോ, നിയമങ്ങൾ ലംഘിക്കാനോ ഈ ലേഖനത്തിനു ഉദ്ദേശമില്ല. നവംബർ  26നു ഭരണഘടനാ ദിനം ആഘോഷിക്കുന്നതിനും അതിനെ അന്ധമായി അംബേഡ്കറിന്‍റെ ഭരണഘടനയെന്നു വിളിക്കുന്നതിനും മുൻപ് ഭരണഘടനയെ സംബന്ധിച്ച ഒരു പുനർവിചിന്തനമാണ് ഈ എഴുത്തിന്റെ ലക്ഷ്യം. അതിനായി ബഹുജൻ ചരിത്രത്തിലെ വിഖ്യാത വ്യക്തിത്വങ്ങളായ അംബേഡ്കറിന്‍റെയും പെരിയാറിന്റെയും പ്രഭാഷണങ്ങള്‍ വായിക്കാൻ ഞാൻ ആവശ്യപ്പെടുകയാണ്.

പെരിയാറും ഭരണഘടനയും

യുക്തിവാദിയും ഇന്ത്യയുടെ ദക്ഷിണഭാഗങ്ങളെ വിപ്ലവാത്മക മാറ്റങ്ങളിലേക്കു നയിച്ച നേതാവുമായ ജനങ്ങളുടെ പ്രിയപ്പെട്ട പെരിയാർ ഇ.വി.ആർ, 03.08. 1952-ന് തിരുവല്ലികേണിയിലെ ചെന്നൈ ബീച്ചില്‍  വെച്ച് ഭരണഘടനയെക്കുറിച്ചുള്ള തൻ്റെ ചിന്തകൾ പങ്കുവെക്കുകയുണ്ടായി.

നാം ഭരണഘടന കത്തിക്കും. എന്തുകൊണ്ട്?

സുഹൃത്തുക്കളെ,

ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് ഇന്ത്യ ഒരൊറ്റ ഐക്യരാഷ്ട്രമായിരുന്നു എന്ന് ആര്‍ക്കെങ്കിലും പറയാൻ കഴിയുമോ? ദ്രാവിഡരുടെ മണ്ണ് ദ്രാവിഡരല്ലാതെ ആരെങ്കിലും ഭരിച്ചിട്ടുണ്ടോ? ബ്രിട്ടീഷുകാർ അവർ വെട്ടിപ്പിടിച്ച പ്രദേശങ്ങളെല്ലാം തങ്ങളുടെ സൗകര്യാനുസരണം ഒന്നായി കൂട്ടിച്ചേർക്കുകയായിരുന്നു. മുസ്‌ലിംകൾ നൽകിയ പേരാണ് അവര്‍ ഉപയോഗിച്ചത്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ രാഷ്ട്രം ഇന്നൊരു യാഥാർഥ്യമായിരിക്കുകയാണ്. മുഗൾ രാജാക്കന്മാരും ബ്രിട്ടീഷുകാരും ഭരിച്ചതിനേക്കാൾ മോശമായ രീതിയിൽ രാജ്യഭരണം കയ്യാളുന്നതും വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതും എങ്ങനെയാണു നിങ്ങളെ സംബന്ധിച്ച് മികച്ച ഒന്നാകുന്നത്? അവർ അവരുടെ ഭാഷ ഞങ്ങള്‍ക്കുമേൽ അടിച്ചേല്‍പ്പിച്ചു പോലെയാണ് നിങ്ങൾ നിങ്ങളുടെ ഭാഷയും ഞങ്ങൾക്കുമേൽ അടിച്ചേല്‍പ്പിക്കുന്നത്.

നിങ്ങൾ നിങ്ങൾക്കു വേണ്ടി ഭരണഘടനയുണ്ടാക്കി. ഇത് ഏറെക്കുറെ മനുസ്മൃതി പോലൊരു പുസ്തകം മാത്രമാണ്. എല്ലാത്തരം ഇടപെടലുകളെയും മാറ്റങ്ങളെയും പാടെ നിരാകരിക്കുന്ന നിയമ പുസ്തകമാണ് മനുസ്മൃതി. ഈ ഗ്രന്ഥത്തിന്‍റെ പേരിൽ നിങ്ങൾ ഞങ്ങളെ നിയന്ത്രിക്കാനും അടിച്ചമർത്താനും തുടങ്ങി. ഭരണഘടന പ്രകാരം ഒരാൾക്കും ചൂഷണങ്ങളെ എതിർക്കാനാകില്ല; ആർക്കും സ്വതന്ത്രരാജ്യം ആവശ്യപ്പെടാൻ കഴിയില്ല, സംവരണം ആവശ്യപ്പെടാനാകില്ല. അവ ആവശ്യപ്പെട്ടു കൊണ്ടുള്ള എല്ലാ ഉദ്യമങ്ങളും ‘നിയമപ്രകാരം ശിക്ഷിക്കപ്പെടാവുന്ന കുറ്റകൃത്യങ്ങള്‍’ ആയി നിങ്ങൾ മാറ്റി.

ഈ ഭരണഘടന ഞങ്ങള്‍ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ ഞാനിന്ന് ആഗ്രഹിക്കുകയാണ്. ഇതു ഞങ്ങളെ സാരമായി ബാധിക്കുന്ന ഒന്നാണ്. ഞങ്ങളെ പ്രതിനിധീകരിച്ചവർ രൂപം നൽകിയ ഭരണഘടനയല്ലിത്. ഞങ്ങളിതു കത്തിക്കും.

ആരുടെ സമ്മതപ്രകാരമാണ്, ആര്‍ക്കൊപ്പം ചേര്‍ന്നാണ് നിങ്ങള്‍ ഈ ഭരണഘടന ഉണ്ടാക്കിയത്? പണക്കാരനും വിദ്യാസമ്പന്നനും മാത്രം വോട്ടവകാശം എന്ന ബ്രിട്ടീഷുകാരുടെ സംവിധാനം നിലനിർത്തിക്കൊണ്ടാണു നിങ്ങൾ തെരഞ്ഞെടുപ്പു നടത്തിയത്. ആ തിരഞ്ഞെടുപ്പ് വിജയിച്ചവരാണ് ഈ ഭരണഘടന നിർമിച്ചത്. ഓർക്കുക, നിങ്ങൾ തന്നെയായിരുന്നു ബ്രിട്ടീഷുകാരുടെ ഈ സംവിധാനത്തിലെ എല്ലാ നിയമങ്ങളെയും ബഹിഷ്കരിച്ചത്.

നാലിൽ രണ്ടേമുക്കാൽ ബ്രാഹ്മണന്‍മാരും അഞ്ചു ധനികരും അവരുടെ സേവകരുമാണോ ഈ രാജ്യത്തെ പ്രതിനിധീകരിക്കേണ്ടത്? ഈ രാജ്യത്തിൻറെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങളെ ഉൾപെടുത്തിയാണോ ഭരണഘടന നിർമിച്ചത്? ഈ രാജ്യത്തെ 21 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവരും വോട്ടു ചെയ്തതിനു ശേഷം തെരഞ്ഞെടുക്കപ്പെടുന്നവര്‍ ചേർന്നു ഭരണഘടന നിർമിക്കും എന്ന് 1946-ല്‍ നിങ്ങള്‍ പ്രഖ്യാപിച്ചിരുന്നു, അതു പ്രാവര്‍ത്തികമാക്കാന്‍ നിങ്ങള്‍ക്കു സാധിച്ചോ?

ബ്രിട്ടീഷുകാർ നിങ്ങള്‍ക്കു തിരക്കിട്ട് രാജ്യം കൈമാറി ഇവിടംവിട്ടു പോയെന്നു കരുതി എന്തും ചെയ്യാമെന്നാണോ നിങ്ങള്‍ വിശ്വസിക്കുന്നത്? ഞങ്ങളെ എന്നെന്നേക്കുമായി അടിച്ചമർത്താനും എളുപ്പം ചൂഷണം ചെയ്യാനും കഴിയുംവിധമുള്ള ഒരു ഭരണഘടനയ്ക്കാണ് നിങ്ങള്‍ രൂപംനല്‍കിയിരിക്കുന്നത്. എന്നിട്ട് നിങ്ങള്‍ ഈ ഭരണഘടന ഞങ്ങൾക്കുമേൽ അടിച്ചേല്‍ക്കുന്നു? നിങ്ങൾ ഇതാണ് ചെയ്യാനുദ്ദേശിക്കുന്നതെന്നു സ്വാതന്ത്രത്തെപ്പറ്റി സംസാരിക്കുമ്പോൾ ബ്രിട്ടീഷുകാരോട് പറഞ്ഞിരുന്നോ?

അതുകൊണ്ട്, എപ്രകാരമാണോ ഞങ്ങള്‍ രാമായണവും മഹാഭാരതവും ഗീതയും മറ്റും കത്തിച്ചത്, അപ്രകാരം ഈ ഭരണഘടനയും ഞങ്ങള്‍ കത്തിക്കും. പ്രസ്തുത ഗ്രന്ഥങ്ങള്‍ ഞങ്ങളുടെ ദൈനംദിന ജീവിതത്തെ സംബന്ധിച്ചിടത്തോളം വിനാശകരവും അപ്രായോഗികവും ആണെന്ന് പ്രഖ്യാപിച്ച് അവ അഗ്നിക്കിരയാക്കിയു പോലെ, ഈ രാജ്യത്തെ ജനങ്ങളെ ചൂഷണം ചെയ്യാനും അടിമകളാക്കാനും അധികാരത്തിലിരിക്കുന്നവരെ സഹായിക്കുംവിധം രൂപംകൊടുത്ത ഈ ഭരണഘടനയും ഞങ്ങള്‍ അഗ്നിക്കിരയാക്കും. അതെ, തീർച്ചയായും ഞങ്ങളിതു കത്തിക്കുക തന്നെ ചെയ്യും.

ഈ പ്രഭാഷണം മുന്നോട്ടുവയ്ക്കുന്ന യുക്തി ഇന്നും പ്രസക്തമാണ്. ചൂഷണങ്ങളെ ചോദ്യം ചെയ്യുന്നതിനെതിരെ ശിക്ഷകൾ കടുപ്പിച്ചു കൊണ്ട് ഭരണഘടന പിന്നെയും ഭേദഗതി ചെയ്യപ്പെട്ടു. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായി, ഭരണഘടനയുടെ ബലത്തിൽ, കേവലം കോടതി വിധിയിലൂടെ സംവരണം 50 ശതമാനമായി ചുരുക്കപ്പെട്ടു. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാറുകള്‍ക്കു പോലും ഇതിലൊരു മാറ്റം കൊണ്ടുവരാന്‍ സാധ്യമല്ല.

യുക്തിയിൽ അധിഷ്ഠിതമായ ഒരു സമൂഹനിർമിതി ലക്ഷ്യംവെച്ചു കൊണ്ട് പെരിയാർ തന്റെ അണികളെ മുന്നില്‍നിന്നും നയിക്കുകയും ജാതീയതയെ അനുകൂലിക്കുന്ന അനുച്ഛേദങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെയുള്ള പ്രതിഷേധമെന്ന നിലക്ക് ഭരണഘടനാ വകുപ്പുകളുടെ ഉദ്ധരണികള്‍ കത്തിക്കാന്‍ 3-11-1957-ന് പ്രമേയം പാസാക്കുകയും ചെയ്തു. പതിനായിരത്തോളം ആളുകളാണ് ഇതിന്റെ ഭാഗമായി ഭരണഘടന കത്തിച്ചത്. അതിൽ ഏകദേശം 3000 ആളുകൾ അറസ്റ്റു ചെയ്യപ്പെടുകയും 6 മാസം മുതൽ 3 വർഷം വരെയുള്ള കഠിനതടവിനു വിധിക്കപ്പെടുകയും ചെയ്തു. കഠിനതടവു കാരണമായി ജയിലിനകത്തും പുറത്തുവെച്ച് 15 മുതൽ 18 വരെ ആളുകൾ മരിക്കുകയും ചെയ്തു.

ഭരണഘടനയിലെ അനീതികള്‍ക്കെതിരെ പെരിയാറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ പ്രഥമ ഭരണഘടനാ ഭേദഗതിക്കു വഴിയൊരുക്കുകയും സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ, ഇപ്പോൾ വ്യാപകമായി പറയപ്പെടുന്നതു പോലെ അംബേഡ്കറിന്റെ ഭരണഘടനയെന്നതിനു പകരം, ബ്രാഹ്മണരുടെ ഭരണഘടനയെന്നാണ് പെരിയാർ ഭരണഘടനയെ വിളിച്ചത്. 1952-ൽ പെരിയാറും അംബേഡ്കറും തമ്മിൽ ഊഷ്മള ബന്ധം നിലനിന്നിരുന്നു. ജാതിവ്യവസ്ഥയുടെ അനീതികള്‍ക്കെതിരെയായിരുന്നു രണ്ടുപേരുടെയും പോരാട്ടം. ഭരണഘടനാ ശില്‍പിയെന്ന നിലയില്‍  അംബേഡ്കറെ അംഗീകരിക്കാതിരിക്കാന്‍ പെരിയാറിന്റെ പക്കൽ മറ്റൊരു കാരണവും ഇല്ലായിരുന്നു.

ഭരണഘടനയിലെ അനീതികള്‍ക്കെതിരെ പെരിയാറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ പ്രഥമ ഭരണഘടനാ ഭേദഗതിക്കു വഴിയൊരുക്കുകയും സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ, ഇപ്പോൾ വ്യാപകമായി പറയപ്പെടുന്നതു പോലെ അംബേഡ്കറിന്റെ ഭരണഘടനയെന്നതിനു പകരം, ബ്രാഹ്മണരുടെ ഭരണഘടനയെന്നാണ് പെരിയാർ ഭരണഘടനയെ വിളിച്ചത്.

യഥാര്‍ഥത്തില്‍ അംബേ‍ഡ്കര്‍ ഭരണഘടനയുടെ രചയിതാവല്ല. 1951-ലെ ഭരണഘടനയുടെ അസ്സല്‍ പകർപ്പ് നോക്കുക. 222-ാമത്തെ പേജില്‍ ആദ്യത്തെ കയ്യൊപ്പ് ഭരണഘടന സമിതിയുടെ പ്രസിഡന്‍റെന്ന നിലയില്‍  രാജേന്ദ്ര പ്രസാദിന്റേതാണ്. ശേഷം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെന്ന നിലയിൽ ജവഹർ ലാൽ നെഹ്‌റുവിന്റെയും. തുടർന്ന് സഭയിലെ 284 അംഗങ്ങളും ഒപ്പുവെച്ചിരിക്കുന്നു. ഭരണഘടനാ നിര്‍മാണ സഭയിലെ അംഗങ്ങള്‍ക്കിടയില്‍ ഏകകണ്ഠേന അംഗീകരിക്കപ്പെട്ട ഒരു രേഖയായിരുന്നു അതെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ഒരു ജനാധിപത്യ രാജ്യത്തിൻറെ ഭരണഘടന ഏതെങ്കിലുമൊരു വ്യക്തിയുടെ സ്വതന്ത്രരചനയാവാന്‍ തരമില്ല, അതിനി അംബേഡ്കറെ പോലെ മഹാനായ ഒരാളാണെങ്കിലും ശരി. സമവായത്തിൽ അധിഷ്ഠിതമായി സാമൂഹിക നിയമങ്ങൾ അംഗീകരിക്കലാണ് ഒരു ജനാധിപത്യ സമൂഹം  ഭരണഘടന അംഗീകരിക്കുന്നു എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഭരണഘടന തന്റെ സ്വതന്ത്ര്രചനയല്ല എന്ന വസ്തുത ആവർത്തിച്ചുറപ്പിക്കാൻ അംബേഡ്കര്‍ തന്നെ 1949 നവംബർ 26-നു ഭരണഘടനാ നിര്‍മാണ സഭയിൽ പറയുന്നുണ്ട്,

“ഭരണഘടനയില്‍ അന്തര്‍ലീനമായ തത്വങ്ങള്‍ ഇന്നത്തെ തലമുറയുടെ വീക്ഷണങ്ങളാണെന്ന് ഞാന്‍ അടിവരയിട്ടു പറയുന്നു. അഥവാ ഇപ്പറഞ്ഞത് അതിശയോക്തി കലര്‍ന്ന പ്രസ്താവനയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, പ്രസ്തുത തത്വങ്ങള്‍ ഭരണഘടനാ സമിതിയിലെ അംഗങ്ങളുടെ വീക്ഷണങ്ങളാണെന്ന് ഞാന്‍ പറയും.”

ഭരണഘടന തയ്യാറാക്കുന്ന കരടു സമിതിയുടെ (ഡ്രാഫ്റ്റിങ് കമ്മിറ്റി) അധ്യക്ഷനായിരുന്നു അംബേഡ്കര്‍. ഭരണഘടനാ നിര്‍മാണ സഭയുടെ ലക്ഷ്യപ്രാപ്തിക്കായി ഒന്നിലധികം സമിതികൾ രൂപീകരിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു നെഹ്‌റുവിന്‍റെ നേതൃത്വത്തിലുള്ള യൂണിയൻ ഭരണഘടനാ സമിതി. മൗലികാവകാശങ്ങൾക്കു വേണ്ടി രൂപംകൊടുത്ത ഉപസമിതിയുടെ നേതൃത്വം ജെ.പി കൃപലാനിയായിരുന്നു. മൗലികാവകാശങ്ങൾ, ന്യൂനപക്ഷം, ഗോത്രവിഭാഗങ്ങൾ, പാർശ്വവത്കൃത വിഭാഗങ്ങള്‍ തുടങ്ങിയവക്കു വേണ്ടിയുണ്ടായിരുന്ന സമിതിയുടെ അധ്യക്ഷൻ സർദാർ വല്ലഭായ് പട്ടേൽ ആയിരുന്നു. ഇവരെ മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ ശില്‍പികളെന്നു വിളിക്കുന്നത് എത്രത്തോളം തെറ്റാണോ അതുപോലെ തന്നെ തെറ്റായ ഒരു കാര്യമാണ് അംബേ‍‍ഡ്കറെ ഭരണഘടനയുടെ കർത്താവെന്ന് വിശേഷിപ്പിക്കുന്നതും.

കരടു ഭരണഘടനയിൽ തങ്ങളുടെ ഉപദേശ നിര്‍ദേശങ്ങള്‍ ഉൾപ്പെടുത്താൻ അതാതു സമിതികൾ ശുപാർശ ചെയ്തിരുന്നു എന്നതാണ് വസ്തുത. 1947 ആഗസ്റ്റ് 29-നു ഭരണഘടനാ കരടു സമിതി രൂപീകരിക്കപ്പെടുകയും 1948 ജനുവരിയോടെ പ്രഥമ കരടുരേഖ തയ്യാറാവുകയും ചെയ്തു. എല്ലാ സമിതികളുടെയും ശിപാർശകൾ പരിഗണിച്ചു തയ്യാറാക്കിയ ഭരണഘടന ശേഷം സഭയിൽ  ചർച്ചക്കു വയ്ക്കുകയുണ്ടായി. കരടു ഭരണഘടനയില്‍ 7635 ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെടുകയും അതില്‍ നിന്ന് 2437 ഭേദഗതികള്‍ തീരുമാനിക്കപ്പെടുകയും ചെയ്തു.

സുപ്രധാനമായ വസ്തുത എന്തെന്നാൽ, നെഹ്‌റു നേതൃത്വം നൽകുന്ന കോൺഗ്രസിനായിരുന്നു സഭയിൽ ഭൂരിപക്ഷം. കോണ്‍ഗ്രസിനും നെഹ്റുവിനും എന്തായിരുന്നോ ആവശ്യമായിരുന്നത് അവയെല്ലാം ഭരണഘടനയില്‍ ഉൾക്കൊള്ളിക്കപ്പെട്ടു എന്നതിൽ യാതൊരു സംശയവുമില്ല. മാത്രമല്ല, അംബേ‍‍ഡ്കർ ഉൾപ്പെടുത്തണമെന്ന് കരുതിയ പല കാര്യങ്ങളും ഭരണഘടനയിൽ കൊണ്ടുവരാനും കഴിഞ്ഞില്ല.

നെഹ്‌റു നേതൃത്വം നൽകുന്ന കോൺഗ്രസിനായിരുന്നു സഭയിൽ ഭൂരിപക്ഷം. കോണ്‍ഗ്രസിനും നെഹ്റുവിനും എന്തായിരുന്നോ ആവശ്യമായിരുന്നത് അവയെല്ലാം ഭരണഘടനയില്‍ ഉൾക്കൊള്ളിക്കപ്പെട്ടു എന്നതിൽ യാതൊരു സംശയവുമില്ല. മാത്രമല്ല, അംബേ‍‍ഡ്കർ ഉൾപ്പെടുത്തണമെന്ന് കരുതിയ പല കാര്യങ്ങളും ഭരണഘടനയിൽ കൊണ്ടുവരാനും കഴിഞ്ഞില്ല.

പൂണെ പാക്‌ടിലൂടെ അംഗീകരിക്കപ്പെട്ട തെരഞ്ഞെടുപ്പു രീതി ഉപേക്ഷിക്കാനും പട്ടികജാതി വിഭാഗങ്ങൾക്കായി പ്രത്യേക നിയോജക മണ്ഡലങ്ങള്‍  വേണമെന്നും അംബേഡ്കർ വാദിച്ചു. കൂടാതെ, ജനസംഖ്യടിസ്ഥാനത്തിൽ എക്സിക്യൂട്ടീവില്‍ അതായത് മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്നും അംബേഡ്കര്‍ ആവശ്യപ്പെട്ടു. മന്ത്രിസഭകളിലെ പട്ടികജാതി പ്രതിനിധികളെ പട്ടികജാതിക്കാർ തന്നെ തെരഞ്ഞെടുക്കണമെന്നും അംബേഡ്കർ ആവശ്യപ്പെട്ടു. ഇതടക്കം മറ്റു പല ആശയങ്ങളും ഉള്‍പ്പെടുത്തിയ ‘സംസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളും’ (States and Minorities) എന്ന പത്രിക 1947-ൽ ഭരണഘടനാ നിര്‍മാണ സഭയ്ക്കു മുമ്പാകെ അംബേഡ്കര്‍ സമർപ്പിച്ചു.

അതിലുമുപരി, അംബേഡ്കർ ഉൾപ്പെടുത്തേണ്ടതില്ല എന്നു കരുതിയിരുന്ന പലതും സഭയിലെ അംഗങ്ങളുടെ ആഗ്രഹപ്രകാരം അവസാന രൂപരേഖയിൽ ഉൾപ്പെടുത്തപ്പെട്ടു. രാഷ്ട്രപതി ഭരണത്തിനു വേണ്ടിയുള്ള ആർട്ടിക്കിൾ 356-നെ ഒരിക്കലും ഉപയോഗിക്കപ്പെടരുതെന്ന അര്‍ഥത്തില്‍ ‘ചാവക്ഷരം’ (a dead letter) എന്നാണ് അംബേഡ്കർ വിശേഷിപ്പിച്ചത്. എന്നാൽ അതു ഭരണഘടനയിൽ ഉൾപ്പെടുത്തപ്പെട്ടു.

ഭരണഘടനയെ കുറിച്ച് അംബേഡ്കര്‍

ഭരണഘടന കത്തിക്കുന്നതുമായി ബന്ധപ്പെട്ട് അംബേഡ്കർ എന്താണു പറഞ്ഞതെന്നു കൂടി നാം പഠിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്. 1953 സെപ്റ്റംബർ 2നു രാജ്യസഭയിൽ അംബേഡ്കർ പറയുകയുണ്ടായി,

“സർ, എന്റെ സുഹൃത്തുക്കൾ പറയുന്നു ഞാനാണ് ഭരണഘടന ഉണ്ടാക്കിയതെന്ന്. എന്നാൽ ഞാനായിരിക്കും ഭരണഘടന കത്തിക്കുന്ന ആദ്യത്തെ വ്യക്തിയെന്ന് പറയാനും ഞാന്‍ തയ്യാറാണ്. എനിക്കത് ആവശ്യമില്ല. അതാർക്കും ചേരുന്നതുമല്ല. പക്ഷേ അതെന്തുമായിക്കൊള്ളട്ടെ, നമ്മുടെ ജനങ്ങൾക്ക്  ഇതുമായി മുന്നോട്ടു പോകാനാണ് ആഗ്രഹമെങ്കില്‍, ഇവിടെ ഭൂരിപക്ഷവും ന്യൂനപക്ഷവും ഉണ്ടെന്ന കാര്യം അവര്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ല. ന്യൂനപക്ഷത്തെ അവഗണിക്കാന്‍ അവര്‍ക്ക് എളുപ്പം കഴിയില്ല.”

ശേഷം, 1955 മാർച്ച് 19-ന്, ഭരണഘടന കത്തിക്കുന്നതുമായി ബന്ധപെട്ടു രാജ്യസഭയില്‍ നടന്ന ചർച്ചയിൽ തന്റെ ഭാഗം അംബേഡ്കർ വീണ്ടും വിശദീകരിക്കുകയുണ്ടായി,

“ഭരണഘടന കത്തിക്കാന്‍ എനിക്കാഗ്രഹമുണ്ടെന്നു ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അന്നത്തെ തിരക്കിൽ അതിന്‍റെ കാരണം പറയാൻ വിട്ടുപോയി. ഇന്നെന്റെ സുഹൃത്തുക്കൾ അതിനവസരം തന്നിരിക്കുകയാണ്. കാരണം വ്യക്തമാക്കേണ്ടതുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു. കാരണം ഇതാണ്: ദൈവത്തിനായി പണിത അമ്പലത്തിൽ ദൈവത്തെ പ്രതിഷ്ഠിക്കും മുൻപ് പിശാച് കേറിയിരുന്നാൽ അമ്പലം തന്നെ പൊളിച്ചു കളയാതെ നിവർത്തിയില്ലലോ…. ഇതുകൊണ്ടാണ് ഞാൻ ഭരണഘടന കത്തിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞത്.”

സ്വാതന്ത്രം, സമത്വം, സാഹോദര്യം എന്നിവ പുലരാന്‍ നിര്‍മിച്ചതെന്നു പറയപ്പെടുന്ന ഭരണഘടന ഒരു തരത്തിലും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയോ അരികുവത്കരിക്കപ്പെട്ട ജനതയെയോ സഹായിക്കുന്നില്ല എന്ന കാരണത്താല്‍ അംബേഡ്കര്‍ ഭരണഘടന കത്തിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന കാര്യം മുകളില്‍ കൊടുത്ത അദ്ദേഹത്തിന്‍റെ പ്രസ്താവനകളില്‍ നിന്നു തന്നെ വളരെ വ്യക്തമാണ്.

സ്വാതന്ത്രം, സമത്വം, സാഹോദര്യം എന്നിവ പുലരാന്‍ നിര്‍മിച്ചതെന്നു പറയപ്പെടുന്ന ഭരണഘടന ഒരു തരത്തിലും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയോ അരികുവത്കരിക്കപ്പെട്ട ജനതയെയോ സഹായിക്കുന്നില്ല എന്ന കാരണത്താല്‍ അംബേഡ്കര്‍ ഭരണഘടന കത്തിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന കാര്യം മുകളില്‍ കൊടുത്ത അദ്ദേഹത്തിന്‍റെ പ്രസ്താവനകളില്‍ നിന്നു തന്നെ വളരെ വ്യക്തമാണ്. അദ്ദേഹം ഭരണഘടനയുടെ ഭാവി ജനങ്ങൾക്കു വിട്ടുനൽകുകയും അതേസമയം തന്നെ ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നതിനെതിരെ മുന്നറിയിപ്പു നൽകുകയും ചെയ്തു.

ഉപസംഹാരം

ഭരണഘടനാ രൂപീകരണത്തില്‍ അംബേഡ്കര്‍ മുഖ്യ സംഭാവന അര്‍പ്പിച്ചിട്ടുണ്ടെങ്കിലും അത് അംബേഡ്കറുടെ ഭരണഘടനയാണെന്നു പറയുന്നത് അദ്ദേഹത്തോടു ചെയ്യുന്ന അനീതിയാണ്. 68 വർഷങ്ങൾക്കിടയിൽ നൂറിലേറെ ഭരണഘടനാ ഭേദഗതികളിലൂടെ ഭരണഘടന വലിയ മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ടെന്നതിനു ധാരാളം തെളിവുകളുണ്ട്. ഈ ഭേദഗതികളില്‍ പലതും ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തന്നെ മാറ്റിയിട്ടുണ്ട്.

ജുഡീഷ്യറി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ സംരക്ഷിക്കുന്നു എന്ന് പലരും വാദിക്കും. എന്നാൽ ഭരണഘടനയെ മറികടന്ന് കൊളീജിയം പ്രോസസ്സ് വഴിയാണ് ജുഡീഷ്യറി തന്നെ ന്യായാധിപന്‍മാരെ നിയമിക്കുന്നത്. അസ്സല്‍ രേഖയില്‍ ഇരുന്നൂറിലധികം പേജുകൾ ഉണ്ടായിട്ടും ജനാധിപത്യത്തിന്‍റെ മൂന്നു തൂണുകളെ കുറിച്ചു മാത്രമാണ് ഭരണഘടനയുടെ അസ്സല്‍ രേഖ പരാമര്‍ശിക്കുന്നത് (അനൗദ്യോഗിക നാലാം തൂണായി മാധ്യമങ്ങളും). പരാമർശിക്കപ്പെട്ട മൂന്നു തൂണുകളും ബ്രഹ്മണർ എന്ന ഒരൊറ്റ ജാതിയാല്‍ അപഹരിക്കപ്പെട്ടു.

അംബേഡ്കർ വിഭാവനം ചെയ്ത സമൂഹം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയില്‍ അധിഷ്ഠിതമായതും ന്യൂനപക്ഷങ്ങളുടെയും  പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങളെ സംരക്ഷിക്കുന്നതുമായിരുന്നു. എന്തൊക്കെയാണ് ഭരണഘടനയിൽ വേണ്ടതെന്നുള്ള അദ്ദേഹത്തിന്റെ ആശയങ്ങൾ ‘സംസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളും’ എന്ന പത്രികയില്‍ അദ്ദേഹം വേറെ തന്നെ അവതരിപ്പിച്ചിരുന്നു.

26 നവംബർ ആഘോഷിക്കുന്നവർ പ്രിയപ്പെട്ട ബാബ സാഹേബ് അംബേഡ്കറിന് ആദരവർപ്പിക്കേണ്ടത് ‘സംസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളും’ എന്ന അദ്ദേഹത്തിന്‍റെ തനതായ ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ട പത്രിക വായിച്ചുകൊണ്ടാകണം. അല്ലാതെ നിലവിലെ ഭരണഘടനയെ വായിച്ചുകൊണ്ടാകരുത് എന്നാണ് ഈയുള്ളവനു പറയാനുള്ളത്. ഭരണഘടന കത്തിച്ചില്ലെങ്കിലും, ‘സംസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളും’ എന്ന പത്രികയിലെ ആശയങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടുകൊണ്ട് ബാബ സാഹേബ് അംബേഡ്കറിന്റെ ആഗ്രഹങ്ങൾ പ്രാവർത്തികമാക്കാനാണ് ബഹുജനങ്ങൾ ശ്രമിക്കേണ്ടത്.

മൊഴിമാറ്റം: ഹസീന. ടി
അവലംബം: roundtableindia https://goo.gl/NQov2N

Top