കൂള്‍ സ്‌പേയ്‌സ് : സമകാലീന യുവജനങ്ങളുടെ പ്രശ്‌ന അജണ്ടകള്‍

കെ. കെ. ബാബുരാജ്

________________________________
”ഇന്നത്തെ യുവജനങ്ങള്‍ ആകെ തകരാറാണ്” എന്നുപറയുന്ന അതേ യാഥാസ്ഥിതിക യുക്തി തന്നെയാണ് യുവത്വത്തെ കേവലമായി കാല്പനികവല്‍ക്കരിക്കുന്നതിലുമുള്ളത്. ഇങ്ങിനെ രണ്ട് അറ്റങ്ങളായി കാണാതെ; സമകാലീന സമൂഹത്തിലെ പല കര്‍ത്തൃത്വസ്ഥാനങ്ങളിലും യുവത്വം സന്നിഹിതമാണെന്ന് പറയുന്നതാവും നല്ലത്. ഈ കര്‍ത്തൃത്വസ്ഥാനങ്ങളില്‍ , സവര്‍ണ്ണരും ഉപരിമധ്യവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടവരുമായ യുവതി യുവാക്കള്‍ക്കാണ് ദൃശ്യതയും ശബ്ദിക്കാനുള്ള അവസരവും സ്ഥാപനങ്ങളുടെ പരിഗണനയും കൂടുതലായി കിട്ടുന്നത്. ഇവര്‍ക്ക് കിട്ടുന്ന കൂടിയ പ്രാതിനിധ്യത്തിന്റെ അതേ അനുപാതത്തില്‍ അപരരും അവര്‍ണ്ണരുമായ യുവതീയുവാക്കള്‍ തരം താഴ്ത്തലിന് വിധേയരാകുന്നു. ഇതേസമയം നവ മുതലാളിത്തമാകട്ടെ, ഉപരിവര്‍ഗ്ഗകാമനകളുടെ ‘കരുതല്‍ സേന’യായി യുവത്വത്തെ പരിവര്‍ത്തനപ്പെടുത്താനുള്ള സര്‍വ്വ സന്നാഹങ്ങളാണ് അണിനിരത്തിയിട്ടുള്ളത്. അതിന്റെ ഹിംസാത്മകമായ വിപണി തന്ത്രങ്ങള്‍ക്കൊപ്പം നിരന്തരമായി പ്രക്ഷേപിക്കുന്ന സെക്‌സ്- ഏയ്ജ് സര്‍വ്വേകള്‍ , സെലിബ്രിറ്റി ജീവിതശൈലികളോടുള്ള ആസക്തി, കോര്‍പ്പറേറ്റ് ഉദാരവാദം, അതിരുകളില്ലാത്ത സുഖാനുഭവങ്ങളെപ്പറ്റിയുള്ള വാഗ്ദാനങ്ങള്‍ എന്നിവയെല്ലാം വ്യവസ്ഥക്ക് അനുകൂലമായി യുവത്വത്തെ തരംതിരിക്കുന്ന കെണികളായി മാറിയിരിക്കുന്നു. 

________________________________

യുവത്വത്തെപ്പറ്റിയുള്ള പ്രധാനപ്പെട്ട ധാരണകള്‍ രൂപപ്പെട്ടിട്ടുള്ളത് രണ്ടുതരത്തിലുള്ള സമീപനരീതികളെ അവലംബമാക്കിയാണ്. ആദ്യത്തേത് ജീവശാസ്ത്രപരമാണ്. ഇതുപ്രകാരം യുവത്വമെന്നത് കൗമാരത്തിന്റെ നിശ്ചിതഘട്ടത്തിലാരംഭിക്കുകയും യൗവ്വനത്തോടെ വികാസം കൊള്ളുകയും മധ്യവയസ്സില്‍ പിന്‍വാങ്ങുകയും ചെയ്യുന്ന ഒരു ശാരീരിക-മാനവികാവസ്ഥയാണ്. കൗമാരകാലത്തിന് പ്രത്യേകമായ ഊന്നല്‍ കൊടുക്കുന്നുണ്ട് ഈ വീക്ഷണം. മനുഷ്യവ്യക്തിയില്‍ അതിസങ്കീര്‍ണ്ണമായ മനോവ്യാപാരങ്ങളും തൃഷ്ണകളും ബോധ്യങ്ങളുമെല്ലാം രൂപപ്പെടുന്നത് ഈ പ്രായത്തിലാണെന്നതാണ് കാരണം.

യുവത്വത്തെ നിര്‍ണ്ണയിക്കാന്‍ ജീവശാസ്ത്രപഠനങ്ങളെ ഉപയോഗപ്പെടുത്തിയ പ്രമുഖ അമേരിക്കന്‍ മന:ശാസ്ത്രജ്ഞനായിരുന്ന സ്റ്റാന്‍ലിഹാള്‍ . അദ്ദേഹം എഴുതിയ ‘കൗമാരത്തിന്റെ മന:ശാസ്ത്രം’ (1904) എന്ന പുസ്തകത്തില്‍ രണ്ടുവിരുദ്ധ അറ്റങ്ങളെ വട്ടം ചുറ്റുന്ന പ്രതിഭാസമായിട്ടാണ് കൗമാരമനസ്സിനെ വര്‍ണ്ണിച്ചിട്ടുള്ളത്. മനുഷ്യവംശത്തിന്റെ പിന്തള്ളപ്പെട്ട അവസ്ഥയായ അപരിഷ്‌കൃതത്വവും മുന്നേറിയ സ്ഥിതിയായ പുരോഗമനത്വവുമാണ് ഈ അററങ്ങള്‍.
ഈ വീക്ഷണത്തിലൂടെ നോക്കുമ്പോള്‍ യുവത്വമെന്നത് ഒരു ശാരീരിക-മാനസികാവസ്ഥ മാത്രമല്ല, ഒരു ഭീഷണിയും കൂടിയാണ്. നിരന്തരമായ ശിക്ഷണങ്ങളിലൂടെയും കരുതല്‍ നടപടികളിലൂടെയും അതിനെ വരുതിയിലാക്കി നിറുത്തേണ്ടതുണ്ട്. പരുവ പ്പെടുത്താന്‍ ഉപയോഗിക്കുന്ന പാഠ്യങ്ങളാവട്ടെ

സ്റ്റാന്‍ലിഹാള്‍

”പരിഷ്‌കൃതി” എന്ന പേരിലറിയപ്പെടുന്ന പടിഞ്ഞാറന്‍ വ്യക്തിവാദമാണെന്നത് നിസ്സംശയമാണ്. ഇതിലൂടെ വ്യവസ്ഥയും അതിനെ ചൂഴ്ന്നു നില്ക്കുന്ന ആശയലോകങ്ങളും അപ്രധാനമാവുകയും ‘തലമുറകള്‍ തമ്മിലുള്ള വിടവ്’ പോലുള്ള സാമാന്യയുക്തികള്‍ക്ക് വലിയ പ്രാധാന്യം കിട്ടുകയുമാണ് ഫലം.
പതിനെട്ടാം നൂറ്റാണ്ടിന്റെ നടുവില്‍ പടിഞ്ഞാറന്‍ നാടുകളിലും ഇന്ത്യപോലുള്ള കോളനിനാടുകളിലും ഉണ്ടായ പലതരത്തിലുള്ള സാമൂഹികചലനങ്ങളും വ്യക്തി/സമുദായ അനുഭവങ്ങളും വ്യാഖ്യാനിക്കപ്പെട്ടത് ‘തലമുറകള്‍ തമ്മിലുള്ള അന്തരം’അല്ലെങ്കില്‍ ‘വിടവ്’ എന്ന അര്‍ത്ഥത്തിലാണ് ‘ ‘ഇന്ദുലേഖ’പോലുള്ള കൃതികളില്‍ കോളോണിയല്‍ ആധുനികതയുടെ പ്രമേയങ്ങള്‍ വെളിപ്പെടുന്നത് സൂരിനമ്പൂതിരിപ്പാടിന്റെ പഴയതലമുറയും മാധവന്റെ പുതുതലമുറയും തമ്മിലുള്ള വിടവിന്റെ പശ്ചാത്തലത്തിലാണല്ലോ?
1960 -കളില്‍ വ്യവസ്ഥയോടുള്ള എതിര്‍പ്പുകള്‍ക്കൊപ്പം പ്രചരിക്കപ്പെട്ട വാക്കാണ് ‘ഡേര്‍ട്ടി ഓള്‍ഡ് ഫെല്ലോസ്’. ലൈംഗീക വിപ്ലവകാലത്ത് വൃദ്ധജനങ്ങളോട് കാട്ടിയ അകൽച്ചയും അപരത്വവല്‍ക്കരണവും അതിരൂക്ഷമായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ മുന്നണിയിലുണ്ടായിരുന്ന ചില സ്ത്രീപക്ഷചിന്തകര്‍, അക്കാലത്തെ തങ്ങളുടെ നിലപാടുകള്‍ പലതും പ്രായമായവരോട് കാണിച്ച അനീതിയായിരുന്നുവെന്നു ഏറ്റുപറഞ്ഞിട്ടുണ്ട്.
ജീവശാസ്ത്രപരമായ നിര്‍ണ്ണയന വാദങ്ങളുടെ മറ്റൊരു വശമെന്നത് ‘സോഷ്യല്‍ ഡാര്‍വിനിസ’വുമായി ആധുനിക വൈദ്യശാസ്ത്രപഠനങ്ങളും മന:ശാസ്ത്രസങ്കല്പനങ്ങളും കണ്ണിചേരുന്നതാണ്. മൃഗാവസ്ഥയിലേയ്‌ക്കോ മനുഷ്യാവസ്ഥയിലേയ്‌ക്കോ വഴുതിവീണേക്കാവുന്ന അപകടം പിടിച്ച അവസ്ഥയായി യുവത്വത്തെ കാണുന്ന പാഠങ്ങള്‍ നിയോക്ലാസ്സിക് സാഹിത്യരൂപകങ്ങളുടെ ചിറകുകള്‍വെച്ച് വ്യാപകമായി പ്രചരിക്കപ്പെട്ടതിന്റെ കാരണമതാണ്. ഇവ ഒരു വശത്ത് കോളനികളിലെ നാട്ടുകാരെപ്പറ്റിയും പടിഞ്ഞാറന്‍ നാടുകളിലെ അപര-വേലക്കാരായ ജനങ്ങളെപ്പറ്റിയും വരേണ്യര്‍ പുലര്‍ത്തിയ ഭയാശങ്കകളെ പുതുക്കിയെടുക്കുകയായിരുന്നുവെന്നു പറയാം.

___________________________
ജീവശാസ്ത്രപരമായ നിര്‍ണ്ണയന വാദങ്ങളുടെ മറ്റൊരു വശമെന്നത് ‘സോഷ്യല്‍ ഡാര്‍വിനിസ’വുമായി ആധുനിക വൈദ്യശാസ്ത്രപഠനങ്ങളും മന:ശാസ്ത്രസങ്കല്പനങ്ങളും കണ്ണിചേരുന്നതാണ്. മൃഗാവസ്ഥയിലേയ്‌ക്കോ മനുഷ്യാവസ്ഥയിലേയ്‌ക്കോ വഴുതിവീണേക്കാവുന്ന അപകടം പിടിച്ച അവസ്ഥയായി യുവത്വത്തെ കാണുന്ന പാഠങ്ങള്‍ നിയോക്ലാസ്സിക് സാഹിത്യരൂപകങ്ങളുടെ ചിറകുകള്‍വെച്ച് വ്യാപകമായി പ്രചരിക്കപ്പെട്ടതിന്റെ കാരണമതാണ്. ഇവ ഒരു വശത്ത് കോളനികളിലെ നാട്ടുകാരെപ്പറ്റിയും പടിഞ്ഞാറന്‍ നാടുകളിലെ അപര-വേലക്കാരായ ജനങ്ങളെപ്പറ്റിയും വരേണ്യര്‍ പുലര്‍ത്തിയ ഭയാശങ്കകളെ പുതുക്കിയെടുക്കുകയായിരുന്നുവെന്നു പറയാം. 

___________________________

രണ്ടാമത്തെ വീക്ഷണ പ്രകാരം,യുവത്വമെന്നത് ജീവശാസ്ത്രപരവും ശാരീരികശാസ്ത്രപരവും ആയ മാനദണ്ഡങ്ങള്‍ കൊണ്ട് മാത്രം നിര്‍വ്വചിക്കപ്പെടാവുന്നതല്ല. ചരിത്രപരമായ സംഘര്‍ഷങ്ങളും ജ്ഞാന- മൂല്യകല്പനകളും അതിനെ നിര്‍മ്മിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഏതു പ്രായത്തിലുള്ള ആരിലും യുവത്വം ഉണ്ടാവാനോ ഇല്ലാതായിരിക്കാനോ സാധ്യതയുണ്ട്. തന്മൂലം, യുവത്വത്തെപ്പറ്റിയുള്ള ആലോചനകളില്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ് ആശയങ്ങളും അനുഭവങ്ങളും. ഈ വീക്ഷണമാണ് നമ്മുടെ യുവജന പ്രസ്ഥാനങ്ങള്‍ക്ക് ഏറിയോ കുറഞ്ഞോ ബാധകമായിട്ടുള്ളത്. അതിനാല്‍, നമ്മുടെ പൊതുധാരയുവജനപ്രസ്ഥാനങ്ങളുടെ ആശയങ്ങളെയും പ്രവര്‍ത്തനരീതികളെയും പുന:പരിശോധിക്കുന്നതിനൊപ്പം വിടവുകളെപ്പറ്റി സൂചിപ്പിക്കുകയും ചെയ്യുമ്പോഴാവും അവയുടെ വര്‍ത്തമാനകാല ദിശ നിര്‍ണ്ണയിക്കപ്പെടുക.

നാളത്തെ പൗരന്റെ പരുവപ്പെടല്‍

ദേശീയപ്രസ്ഥാന കാലത്താണ് ഇന്ത്യയില്‍ സംഘടിത യുവജനപ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നത്. യുവജനങ്ങളെ നാളത്തെ പൗരന്മാരായി കണ്ടുകൊണ്ട്, പിറക്കാനിരിക്കുന്ന പരമാധികാരരാഷ്ട്രത്തിന്റെ നടത്തിപ്പുകാരും ഉത്തമ പൗരപ്രജകളുമായി വാര്‍ത്തെടുക്കാനാണ് ദേശീയപ്രസ്ഥാന നേതാക്കള്‍ ശ്രമിച്ചത്. യാഥാസ്ഥിതികരും ഉല്‍പ്പതിഷ്ണുകളും തീവ്രവാദികളും സാംസ്‌കാരികദേശീയവാദികളും ഒക്കെയായ നിരവധി വിഭാഗങ്ങള്‍ ദേശീയ പ്രസ്ഥാനത്തിലുണ്ടായിരുന്നു. എങ്കിലും ഭാവിയിലെ പൗരപ്രജയുടെ കടമകള്‍ എന്താണെന്നതില്‍ ഈ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ഭിന്നതകള്‍ ഉണ്ടായിരുന്നില്ല.
ദേശീയപ്രസ്ഥാനം ഇന്ത്യക്ക് മൊത്തം ബാധകമായ വിധത്തില്‍ വികസിച്ചുവന്നഘട്ടത്തില്‍ , സാമൂഹികപരിഷ്‌ക്കരണ പക്ഷത്തുള്ളവരെ (social conference) ബലം പ്രയോഗിച്ചു പുറന്തള്ളുകയുണ്ടായി. തല്‍സ്ഥാനത്ത്, രാഷ്ട്രീയ പരിഷ്‌ക്കരണ പക്ഷത്തുള്ളവരുടെ (Politcal conference) സര്‍വ്വാധിപത്യം സ്ഥാപിക്കപ്പെടുകയും ചെയ്തു. പില്‍ക്കാലത്ത്, ഇന്ത്യയിലെ കീഴാളബഹുജനങ്ങളുടെ നിശബ്ദീകരണത്തിനു വഴിയൊരുക്കുക മാത്രമല്ല, പൗരത്വം എന്ന പ്രമേയം തന്നെ ന്യൂനീകരിക്കപ്പെടാനും ഈ സംഭവങ്ങള്‍ കാരണമായി. തന്മൂലം, നമ്മുടെ ആദര്‍ശാത്മക പൗരത്വമെന്നത് (Ideal citizenship) സവര്‍ണ്ണകേന്ദ്രീകൃതം മാത്രമായി മാറി. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഭൂരിപക്ഷം വരുന്ന കീഴാള- ന്യൂനപക്ഷജനതയെ ദേശീയ അപരരാക്കിമാറ്റിക്കൊണ്ടാണ് നമ്മുടെ ആദര്‍ശാത്മക പൗരത്വം ഭാവന ചെയ്യപ്പെട്ടിട്ടുള്ളത്.
ഇന്ത്യയുടെ ഭാവി ഭരണകര്‍ത്താവായി മാറുമെന്ന് എല്ലാവര്‍ക്കും ഉറപ്പുണ്ടായിരുന്ന, യുവത്വത്തിന്റെയും പുരോഗമന ചിന്തയുടെയും പ്രതീകവുമായിരുന്ന നെഹ്‌റുവിന്റെ കാഴ്ചപ്പാടുകള്‍ക്കും പദ്ധതികള്‍ക്കും കീഴിലാണ് ഭാവി പൗരന്റെ ആദര്‍ശമാതൃക നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ജാതിവ്യവസ്ഥപോലുള്ള ഇന്ത്യയുടെ ആഭ്യന്തര ക്രമങ്ങളെ അവഗണിക്കുകമാത്രമല്ല, കീഴാള സമുദായങ്ങളെ ‘പൂര്‍വ്വ ആധുനികത’യോട് കണ്ണിചേര്‍ത്തു കാണുന്ന ബൗദ്ധിക നിലപാടുകളും നെഹ്‌റുവിയന്‍ ‘ഉല്‍ബുദ്ധത’യുടെ പ്രധാനപ്പെട്ടവശമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് മുന്നോട്ടുവെച്ച യുവജനസംഘടനയും നെഹ്‌റുവിയന്‍ പ്രോജക്ടിന്റെ കീഴിലാണ് സംഘടിക്കപ്പെട്ടത്.
”നാനാത്വത്തില്‍ ഏകത്വം” ദേശീയോല്‍ഗ്രഥനം” മുതലായ ആദര്‍ശങ്ങളെ മുന്‍നിറുത്തി ഇന്ത്യയിലെ മൊത്തം യുവജനങ്ങളിലും വിശാലമായ ദേശീയബോധവും പുരോഗമനചിന്തയും ഉണ്ടാക്കാനാണ് കോണ്‍ഗ്രസ്സിന്റെ യുവജനപ്രസ്ഥാനം ലക്ഷ്യം വെച്ചത്. എന്നാല്‍ പ്രായോഗികതലത്തില്‍ , പാശ്ചാത്യഭ്രമക്കാരായ സവര്‍ണ്ണ ഉല്‍പ്പതിഷ്ണുക്കളുടെ രാഷ്ട്രീയാധികാരപ്രവേശനത്തെ സഹായിക്കുകയെന്നതാണ് അതിന്റെ മുഖ്യ അജണ്ടയായത്. പ്രാദേശിക ജാതിമേധാവിത്വ വിഭാഗങ്ങളില്‍നിന്നും വികസിച്ചുവന്ന ഈ സംഘടനക്ക് ഉത്തരാധുനികകാലത്തെ അതിജീവന സമരങ്ങളെയോ ലിംഗ വൈവിധ്യങ്ങളെയോ ഉള്‍ക്കൊള്ളാന്‍ ഘടനാപരമായ പരിമിതിയുണ്ട്.

സോഷ്യലിസ്റ്റ് യുവജന പ്രസ്ഥാനം
ദേശീയപ്രസ്ഥാനത്തില്‍നിന്നും സോഷ്യലിസ്റ്റുകള്‍ വേര്‍പിരിഞ്ഞതോടെ യുവജനപ്രസ്ഥാനത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകളിലും മാറ്റം സംഭവിച്ചു. ദേശീയ സ്വാതന്ത്ര്യത്തോടൊപ്പം മുതലാളിത്ത-സാമ്രാജ്യത്വവിരുദ്ധതയും തൊഴിലാളി കര്‍ഷകാദി ജനതയോടുള്ള ആഭിമുഖ്യവും സോഷ്യലിസ്റ്റ് യുവജനപ്രസ്ഥാനത്തിന്റെ പരിഗണനകളായി മാറി. ഇവിടെ ഓര്‍ക്കേണ്ടത്, ”ദേശീയ ആദര്‍ശ പുരുഷനെ” സംശയിക്കുകയോ, പുരോഗമനത്തെപ്പറ്റിയുള്ള പൊതുധാരവീക്ഷണത്തില്‍ ഉള്ളടങ്ങിയ കീഴാളഹിംസകളെ ബോധ്യപ്പെടുകയോ ചെയ്തുകൊണ്ടല്ല സോഷ്യലിസ്റ്റ് യുവജനപ്രസ്ഥാനത്തിന്റെ അജണ്ടകള്‍ ഉണ്ടായതെന്ന കാര്യമാണ്. സോവിയറ്റ് യൂണിയനിലെ യുവജനങ്ങളുടെ കടമകളെപ്പറ്റി ലെനില്‍ എഴുതിയ തീസ്സിസുകളാണ് സോഷ്യലിസ്റ്റ് യുവജനപ്രസ്ഥാനത്തിന്റെ മാര്‍ഗ്ഗരേഖകളായി കണക്കാക്കപ്പെട്ടത്. സമൂഹത്തില്‍ നിലനില്ക്കുന്ന വര്‍ഗ്ഗപരമായ കെട്ടുപാടുകള്‍ക്ക് വിധേയരല്ലാത്തവരും പുതുമയോട് പെട്ടെന്നു ഇണങ്ങിച്ചേരുന്നവരും യാഥാസ്ഥിതികത്വത്തിന്റെ ദോഷങ്ങള്‍ കുറച്ചുമാത്രം പേറുന്നവരുമായ ഒരു ‘പൊതുവിഭാഗ’മായിട്ടാണ് (General catagory) ലെനിന്‍ യുവജനങ്ങളെ കണ്ടത്. ലെനിന്റെ തീസ്സിസുകളിലെ ‘പൊതുവിഭാഗം’ എന്ന സൂചന തുറന്നരീതിയിലാണ് മാര്‍ക്‌സിസം യുവജനങ്ങളെ ഉള്‍ക്കൊള്ളുന്നതെന്ന ധാരണ പരത്താന്‍ സഹായിച്ചിട്ടുണ്ട്. മാതൃസംഘടനയില്‍നിന്നും ഉപാധികളില്ലാത്ത സ്വാതന്ത്ര്യം തങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നു ഇടതുപക്ഷ യുവജനസംഘടനകള്‍ പറയുന്നത് ഈ അടിസ്ഥാനത്തിലാണ്.

_____________________________ 
സോവിയറ്റ് യൂണിയനിലെ യുവജനങ്ങളുടെ കടമകളെപ്പറ്റി ലെനില്‍ എഴുതിയ തീസ്സിസുകളാണ് സോഷ്യലിസ്റ്റ് യുവജനപ്രസ്ഥാനത്തിന്റെ മാര്‍ഗ്ഗരേഖകളായി കണക്കാക്കപ്പെട്ടത്. സമൂഹത്തില്‍ നിലനില്ക്കുന്ന വര്‍ഗ്ഗപരമായ കെട്ടുപാടുകള്‍ക്ക് വിധേയരല്ലാത്തവരും പുതുമയോട് പെട്ടെന്നു ഇണങ്ങിച്ചേരുന്നവരും യാഥാസ്ഥിതികത്വത്തിന്റെ ദോഷങ്ങള്‍ കുറച്ചുമാത്രം പേറുന്നവരുമായ ഒരു ‘പൊതുവിഭാഗ’മായിട്ടാണ് (General catagory) ലെനിന്‍ യുവജനങ്ങളെ കണ്ടത്. ലെനിന്റെ തീസ്സിസുകളിലെ ‘പൊതുവിഭാഗം’ എന്ന സൂചന തുറന്നരീതിയിലാണ് മാര്‍ക്‌സിസം യുവജനങ്ങളെ ഉള്‍ക്കൊള്ളുന്നതെന്ന ധാരണ പരത്താന്‍ സഹായിച്ചിട്ടുണ്ട്. മാതൃസംഘടനയില്‍നിന്നും ഉപാധികളില്ലാത്ത സ്വാതന്ത്ര്യം തങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നു ഇടതുപക്ഷ യുവജനസംഘടനകള്‍ പറയുന്നത് ഈ അടിസ്ഥാനത്തിലാണ്. 

_____________________________


എന്നാല്‍ സോഷ്യലിസം പോലുള്ള അന്ത്യവിധികളിലുള്ള പ്രതിബദ്ധത, കമ്മ്യൂണിസ്റ്റ് സദാചാരം, സമൂഹത്തിലെ ലുംബന്‍ (അപരര്‍ ?) ഘടകങ്ങളോടുള്ള ശത്രുത, ബൂര്‍ഷ്വാജീര്‍ണ്ണതകളില്‍നിന്നുള്ള ഒഴിഞ്ഞുമാറല്‍ തുടങ്ങിയ അരിപ്പകള്‍കൊണ്ട് ‘പൊതുവിഭാഗം’ എന്ന പരികല്പനയെതന്നെ തകിടം മറിക്കുകയാണ് ലെനിന്‍ ചെയ്തത്. പാര്‍ട്ടിസംഘടനയിലേക്കും അച്ചടക്കത്തിലേക്കും അണികളെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമായി യുവജനപ്രസ്ഥാനത്തെ കാണാന്‍ മാത്രമേ മാര്‍ക്‌സിസം സന്നദ്ധമാ യിട്ടുള്ളൂ.
സോഷ്യല്‍ ഡാര്‍വിനിസ്റ്റുകള്‍ വിഭാവന ചെയ്ത യുവത്വത്തിന്റെ ‘അടക്കിനിറുത്തലും’ ‘തെളിച്ചുനടത്തലും’ പോലുള്ള കാര്യങ്ങളും മാര്‍ക്‌സിസ്റ്റുകള്‍ യുവജനവിഷയങ്ങളില്‍ ഉന്നയിക്കുന്ന ശുദ്ധിവാദങ്ങളും തമ്മില്‍ ഫലത്തില്‍ വ്യത്യാസമില്ല. ഇവര്‍ പരമ പ്രധാനമായി കാണുന്ന കമ്മ്യൂണിസ്റ്റ് സദാചാരംപോലുള്ളവ ഇന്ത്യയിലെ ബഹുജന ഉയര്‍ത്തെഴുന്നേല്പുകളില്‍ നിന്നോ ആധുനികവല്‍ക്കരണത്തിനുവേണ്ടി നടന്ന മുന്നേറ്റങ്ങളില്‍ നിന്നോ ഉരിത്തിരിഞ്ഞവയല്ല. പാശ്ചാത്യവ്യക്തിവാദത്തെ പ്രതിസ്ഥാനത്ത് കാണുന്ന കേവല സങ്കല്പനങ്ങളാണിവയെല്ലാം. എന്നാല്‍ ജാതിയെയും ലിംഗത്തെയും പ്രദേശങ്ങളെയും അദൃശ്യമാക്കുകവഴി സവര്‍ണ്ണ ഉദാരവാദികള്‍ക്ക് സ്വീകാര്യമായ ഒരു വ്യാജപൊതുബോധത്തെ നിര്‍മ്മിക്കാന്‍ ഇത്തരം കേവല സങ്കല്പനങ്ങള്‍ സഹായകരമായി മാറുകയും ചെയ്തു.
കീഴാളഏജന്‍സി നിരസിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ചില വന്‍നഗരങ്ങളിലും കലാലയങ്ങളിലുമാണ് കമ്മ്യൂണിസ്റ്റ് യുവജനപ്രസ്ഥാനത്തിന് വേരോട്ടമുള്ളത്. ലാറ്റിനമേരിക്കന്‍ മോഡല്‍ പാര്‍ട്ടിസേച്ഛാധിപത്യങ്ങള്‍ നിലനില്ക്കുന്ന കേരളം, ബംഗാള്‍ മുതലായ പ്രദേശങ്ങളിലും ഇതിന്റെ സാന്നിധ്യം ശക്തമാണ്. ഇവിടെങ്ങളില്‍ കോണ്‍ഗ്രസ്സ്- ബി. ജെ. പി- മുസ്ലീം ലീഗ് മുതലായ പ്രസ്ഥാനങ്ങളോട് കിടമത്സരത്തിലേര്‍പ്പെട്ടുകൊണ്ട് തങ്ങളുടെ ഭരണപക്ഷ/പ്രതിപക്ഷസ്ഥാനത്തെ നിലനിറുത്താന്‍ യുവജനങ്ങളെ അണിനിരത്തുകയാണ് ഈ സംഘടന ചെയ്യുന്ന പ്രാഥമിക കര്‍മ്മം.

മതേതരസംഭ്രമങ്ങളും ജാതിദുര്‍ഭൂതങ്ങളും
എണ്‍പതുകളോടെ ഇന്ത്യയൊട്ടാകെ സാംസ്‌കാരിക ദേശീയവാദത്തിനു പുതിയതരത്തിലുള്ള സ്വീകാര്യത കിട്ടുകയുണ്ടായി. സ്വാതന്ത്ര്യത്തിനുശേഷം എപ്പോഴും ആവര്‍ത്തിക്കുന്ന ദലിത്കൂട്ടക്കൊലകള്‍ , മുസ്ലീംങ്ങള്‍ക്ക് എതിരെ നടക്കുന്ന വംശീയ കലാപങ്ങള്‍ , മധ്യകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന സ്ത്രീപീഡനങ്ങള്‍ , ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ-പൗരാവകാശ ധ്വംസനങ്ങള്‍ , അധികാരത്തിന്റെ സര്‍വ്വതലങ്ങളിലും തഴച്ചുവളര്‍ന്ന അഴിമതി എന്നിവ നിലനില്ക്കുന്ന മതേതര ഭരണവര്‍ഗ്ഗത്തിന്റെ ബഹുജനസ്വീകാര്യതയ്ക്ക് ഇടിവ് തട്ടാന്‍ കാരണമായി. ഈ ഭരണവര്‍ഗ്ഗം ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ സ്വന്തം ജനാധിപത്യ വിരുദ്ധമുഖത്തെ വെളിപ്പെടുത്തുകയും ചെയ്തു. അടിയന്തിരാവസ്ഥയെ ദേശീയമായി പ്രതിരോധിച്ചതാണ് ഹിന്ദുത്വശക്തികള്‍ക്കും സാംസ്‌കാരിക ദേശീയവാദികള്‍ക്കും പുതുതായി സ്വീകാര്യത കിട്ടാന്‍ സഹായകരമായത്.
ഇതേസമയം, സാംസ്‌കാരിക ദേശീയവാദത്തെ പ്രമാണീകരിച്ച വരേണ്യമദ്ധ്യവര്‍ഗ്ഗം വലിയശക്തിയായി മാറിയത് യാദൃശ്ചികമായി സംഭവിച്ചതല്ല. സ്വാതന്ത്ര്യത്തിനുശേഷം നടപ്പിലായ വികസന പദ്ധതികളും പരിഗണനകളും ഈ മധ്യവര്‍ഗ്ഗത്തെ പരിപോഷിപ്പിക്കുന്നതായിരുന്നു. 80 കളിലെ സാമ്പത്തിക ഉദാരവല്‍ക്കരണവും ബ്യൂറോക്രസിയുടെ വളര്‍ച്ചയും ഭരണകൂടപിന്തുണയോടെ പ്രക്ഷേപിച്ച പോപ്പുലര്‍ കള്‍ച്ചറും ഇതിനു കരുത്തുനല്‍കി.
ഈ മധ്യവര്‍ഗ്ഗത്തില്‍നിന്നും ഉയര്‍ന്നുവന്ന യുവജനങ്ങളാണ് 80 കളിലെ സാമ്പത്തിക- സാമൂഹികമാറ്റങ്ങളുടെ കേന്ദ്രവും പ്രചോദനവുമായിരുന്നത്. സ്വാഭാവികമായും ഇവരില്‍ ഭൂരിപക്ഷം പേരും സവര്‍ണ്ണരും മേല്‍ജാതിക്കാരുമായിരുന്നു. ഉദാരവല്‍ക്കരണത്തിനുശേഷമുണ്ടായ പുത്തന്‍ തൊഴിലിടങ്ങളിലേയ്ക്കും സാങ്കേതിക- മാധ്യമ രംഗത്തേയ്ക്കും വലിയതോതില്‍ കടന്നുവന്ന ഇവരില്‍ ഒരു വിഭാഗം ‘മെറിറ്റിനെ’പറ്റിയുള്ള വലിയ ആകാംക്ഷകള്‍ ഉന്നയിച്ചുകൊണ്ട് സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ തകിടം മറിച്ചു കാണാന്‍ ശ്രമിക്കുകയുണ്ടായി. സംവരണത്തെ എതിര്‍ക്കുന്നവരും ന്യൂനപക്ഷവിദ്വേഷം പുലര്‍ത്തുന്നവരുമായ ഒട്ടേറെ പേര്‍ ഈ ഘട്ടത്തില്‍ രാഷ്ട്രീയത്തിലും ബ്യൂറോക്രസിയിലും പോപ്പുലര്‍ കള്‍ച്ചറിലും പ്രാധാന്യമുള്ളവരായി മാറി. ചുരുക്കിപ്പറഞ്ഞാല്‍, ഭരണകൂടനയങ്ങളുടെയും സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെയും ആനുകൂല്യം പറ്റിയവര്‍ മെറിറ്റിന്റെ പേരു പറഞ്ഞ് പൊതുമണ്ഡലത്തെ കയ്യടക്കുന്നതാണ് എണ്‍പതുകളില്‍ സംഭവിച്ചത്. ഈ വിധത്തില്‍ സവര്‍ണ്ണീകരിക്കപ്പെട്ട പൊതുമണ്ഡലത്തെ ഉപാധിയാക്കിയാണ് ഹിന്ദുത്വവും സാംസ്‌കാരിക ദേശീയവാദവും അരങ്ങിലെത്തിയത്.
സാംസ്‌കാരിക ദേശീയവാദത്തിന്റെ രാഷ്ട്രീയധ്വനികള്‍ വരേണ്യമധ്യവര്‍ഗ്ഗയുവത്വത്തിലെ ഒരു വിഭാഗത്തെ ശക്തമായി സ്വാധീനിച്ചപ്പോള്‍ സമാന്തരമായി ഇന്ത്യയിലെ അപര-അവര്‍ണ്ണ-അംബേദ്ക്കറിസ്റ്റ് ധാരകളുടെ പുനര്‍നിര്‍മ്മിതി കീഴാളയുവത്വത്തിന്റെ ഇടപെടലുകളിലൂടെ സജീവമാകാന്‍ തുടങ്ങി. ഏറ്റവും പുറമ്പോക്കുകളില്‍ നിന്നു മാരംഭിച്ച ഈ പ്രക്രിയ അതിവിപുലവും ബഹുജനവല്‍കൃതവുമായ ഒരു ബദല്‍ ചിഹ്നവിന്യാസത്തിലൂടെ ഹിന്ദുത്വത്തെ പിളര്‍ത്തി.
എന്നാല്‍ ഇതേകാലത്ത് പുത്തന്‍ ബ്രാഹ്മണിസ്റ്റുകളായി സ്വയം അവരോധിതരായ ഇന്ത്യയിലെ ലിബറലുകളും മാര്‍ക്‌സിസ്റ്റ് യാഥാസ്ഥിതികരും മേല്‍പ്പറഞ്ഞ സാമൂഹിക ചലനങ്ങളെ ദുര്‍വ്യാഖ്യാനിക്കാനാണ് രംഗത്തുവന്നത്. അവര്‍ സാംസ്‌കാരിക ദേശീയതയെ ഭൂരിപക്ഷ വര്‍ഗ്ഗീയതയായും കീഴാളബദല്‍ചലനങ്ങളെ ന്യൂനപക്ഷ വര്‍ഗ്ഗീയതയായും തരംതിരിച്ചു. ഈ രണ്ടുവര്‍ഗ്ഗീയതകള്‍ മൂലം ഇന്ത്യയുടെ മതേതരത്വം അപകടത്തിലായെന്നും പണ്ടേ പടിയിറങ്ങിപോയ മതവും ജാതിയും തിരിച്ചുവന്നു ജനാധിപത്യത്തെ കളങ്കപ്പെടുത്തുകയാണെന്നും സിദ്ധാന്തിച്ചു. എണ്‍പതുകളിലെ മുഖ്യധാര യുവജനപ്രസ്ഥാനങ്ങളെല്ലാം തന്നെ ജാതിദുര്‍ഭൂതത്തിന്റെ തിരിച്ചുവരവിനെ പറ്റിയുള്ള ലിബറല്‍ മുറവിളികള്‍ ഏറ്റുവിളിക്കുകയായിരുന്നുവെന്നു കാണാം.

____________________________
മതേതരത്വം, ജനാധിപത്യം മുതലായ കാര്യങ്ങളെ ഗവണ്‍മെന്റാലിറ്റിയുടെ ഭാഗമായി മാത്രം കണ്ടതാണ് ഈ യുവജനപ്രസ്ഥാനങ്ങള്‍ക്ക് പറ്റിയ അബദ്ധം. കീഴാളര്‍ രാഷ്ട്രീയകര്‍ത്തൃത്വം നേടുകയും ദേശത്തിനുമേല്‍ തങ്ങള്‍ക്കുള്ള അവകാശവാദമുന്നയിക്കുകയും ചെയ്യുന്നതിനെ അധ:പതനമായും ജാതിവാദമായും മെറിറ്റിന്റെ അഭാവമായും ചിത്രീകരിക്കുകയാണ് അവര്‍ ചെയ്തത്. ഇതിലൂടെ സമൂഹത്തിലെ അരികുവല്‍കൃതസമുദായങ്ങളുടെ കടന്നുവരവിലൂടെ പുതുക്കപ്പെടുന്ന ജീവിത രീതിയായി മതേതരത്വത്തെയും ജനാധിപത്യത്തെയും തിരിച്ചറിയാന്‍ ഇവര്‍ വൈകി.
____________________________


മതേതരത്വം, ജനാധിപത്യം മുതലായ കാര്യങ്ങളെ ഗവണ്‍മെന്റാലിറ്റിയുടെ ഭാഗമായി മാത്രം കണ്ടതാണ് ഈ യുവജനപ്രസ്ഥാനങ്ങള്‍ക്ക് പറ്റിയ അബദ്ധം. കീഴാളര്‍ രാഷ്ട്രീയകര്‍ത്തൃത്വം നേടുകയും ദേശത്തിനുമേല്‍ തങ്ങള്‍ക്കുള്ള അവകാശവാദമുന്നയിക്കുകയും ചെയ്യുന്നതിനെ അധ:പതനമായും ജാതിവാദമായും മെറിറ്റിന്റെ അഭാവമായും ചിത്രീകരിക്കുകയാണ് അവര്‍ ചെയ്തത്. ഇതിലൂടെ സമൂഹത്തിലെ അരികുവല്‍കൃതസമുദായങ്ങളുടെ കടന്നുവരവിലൂടെ പുതുക്കപ്പെടുന്ന ജീവിത രീതിയായി മതേതരത്വത്തെയും ജനാധിപത്യത്തെയും തിരിച്ചറിയാന്‍ ഇവര്‍ വൈകി.
ഇന്ത്യയിലെ കീഴാളസ്ഥലികളില്‍ നിന്നും ഉയര്‍ന്നുവന്ന പുത്തന്‍ രാഷ്ട്രീയ- വൈജ്ഞാനിക ബോധ്യങ്ങളെ അപമാനവീകരിച്ചതിനൊപ്പം; ന്യൂനപക്ഷമേഖലയില്‍ ഉണ്ടായ തുടര്‍ചലനങ്ങള്‍ , സിവില്‍സമുദായ രൂപീകരണം, ഫെമിനിസത്തിന്റെ വളര്‍ച്ച, യുവജനങ്ങള്‍ക്കിടയിലെ വിവിധതരം സബ്കള്‍ച്ചറുകള്‍, സംവരണത്തോടും മണ്ഡല്‍ കമ്മീഷനോടുമുള്ള സമീപനം, ബാബ്‌റി മസ്ജീദിന്റെ തകര്‍ക്കല്‍ , വി. പി. സിംഗ് ഗവണ്‍മെന്റിന്റെ പതനം വരെയുള്ള പ്രശ്‌നങ്ങളോട് വഞ്ചനാത്മകമായ ഇരട്ടത്താപ്പാണ് ഹിന്ദുത്വ-വലതു-ഇടതുപക്ഷ യുവജനപ്രസ്ഥാനങ്ങള്‍ കാണിച്ചതെന്ന് എല്ലാവര്‍ക്കു മറിയാം.

ഇടതുപൊതുബോധം-അരാഷ്ട്രീയത-സ്വത്വവാദം

സമകാലീന യുവത്വം അരാഷ്ട്രീയതയ്ക്കും സ്വത്വവാദത്തിനും അടിപ്പെട്ടു എന്നാണ് സ്ഥിരമായി കേള്‍ക്കുന്ന കുറ്റാരോപണം. കേരളത്തില്‍ അതിശക്തമായി നിലനില്ക്കുന്ന ഇടതുപക്ഷപൊതുബോധത്തില്‍ നിന്നുമാണ് ഇതേപോലുള്ള കുറ്റപ്പെടുത്തലുകള്‍ ഉയരുന്നതെന്നത് യാദൃശ്ചികമാണോ?
ഭരണപക്ഷത്തിന്റെയോ പ്രതിപക്ഷത്തിന്റെയോ അനുബന്ധമല്ലാത്ത ചെറുസംഘനകളെയും കൂട്ടായ്മകളെയും നിരാകരിക്കാനാണ് നമ്മുടെ ഇടതുപക്ഷപൊതുബോധം പൊതുവേ പരിശീലിക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായി ദലിത് ഗ്രൂപ്പുകള്‍ , സ്വതന്ത്ര ഫെമിനിസ്റ്റ് കൂട്ടായ്മകള്‍, കീഴാളസ്ത്രീ ഉണര്‍വ്വുകള്‍ , സിവില്‍ സമുദായം, ഇസ്ലാമിക യുവജന-വിദ്യാര്‍ത്ഥിസംഘടനകള്‍ , സബ്കള്‍ച്ചറുകള്‍ , വിമതബുദ്ധിജീവികള്‍ എന്നിവയെല്ലാം സ്വത്വവാദങ്ങളും ‘ഹൊററു’കളുമായി ചിത്രീകരിക്കപ്പെടുന്നു. ഇങ്ങിനെ നിരാകരിക്കപ്പെടുന്നവയില്‍ പലതും പുതിയകാലത്തെ സാമൂഹിക വിഷയികളാണെന്നതാണ് വസ്തുത.
പുറത്തു ”മുതലാളിത്തം” എന്ന ഹൊറര്‍ . അകത്ത് ”സ്വത്വവാദം” എന്ന ഹൊറര്‍ . ഈ രണ്ടു ഹൊററുകളും ഉണ്ടാക്കുന്ന അപചയങ്ങളിലേക്ക് വഴുതി വീഴാതെ, ഇന്ത്യയിലേയും കേരളത്തിലേയും യുവജനങ്ങളെ നേര്‍വഴിക്ക് തെളിക്കുന്ന രക്ഷകര്‍ തങ്ങളാണെന്ന അവകാശവാദമാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി-യുവജനസംഘടനകള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള രക്ഷക ഭാവത്തിന്റേതായ ആന്തരിക ഫാഷിസത്തെ സംവഹിക്കുന്നത് മൂലമാണ് തങ്ങളുടെ രാഷ്ട്രീയാവബോധത്തിന് പുറത്തുള്ളവരെല്ലാം അരാഷ്ട്രീയരാണെന്നു ഇവര്‍ കുറ്റപ്പെടുത്തുന്നത്. കീഴാളരില്‍നിന്നോ ന്യൂനപക്ഷങ്ങളില്‍ നിന്നോ രൂപപ്പെടുന്ന കൂട്ടായ്മകളും പ്രസ്ഥാനങ്ങളും പൂര്‍വ്വ ആധുനികതയെ മടക്കിക്കൊണ്ടുവരാനുള്ള ഏര്‍പ്പാടുകളായി മനസ്സിലാക്കുന്നതും ഇതേ കാരണത്താലാണ്. ചുരുക്കിപ്പറഞ്ഞാല്‍ സമകാലീന യുവത്വത്തിന്റെ വൈവിധ്യങ്ങളെപ്പറ്റി തിരിച്ചറിവില്ലാത്തതിനാല്‍ , പഴയ ശാസ്ത്രീയ വംശീയവാദ യുക്തികളിലും അഗ്രഹാര മാര്‍ക്‌സിസത്തിന്റെ കല്പനകളിലും തപ്പിത്തടയുകയാണ് നമ്മുടെ ഇടതുപക്ഷയുവജനപ്രസ്ഥാനങ്ങള്‍ .
ഇതേ തപ്പിത്തടയലിന്റേയും ജ്ഞാനശാസ്ത്രപരമായ അന്ധാളിപ്പിന്റെയും പ്രതിഫലനമായാണ് ഇവര്‍ വാഴിച്ചിട്ടുള്ള ചിഹ്നങ്ങളെയും കാണേണ്ടത്. നാട്ടിലെ മുക്കിലും മൂലയിലും കലാലയങ്ങളിലും വ്യാപകമായി പ്രതിഷ്ഠിച്ചിട്ടുള്ളതും ജനപ്രിയസിനിമകളിലൂടെ നിരന്തരമായി പ്രക്ഷേപിക്കപ്പെടുന്നതുമായ ഇടതുപക്ഷയുവജനഐക്കണുകളായ ചെഗുവാരെ, ഷാവോസ് മുതലായവരുടെ ചിഹ്നവല്‍ക്കരണത്തെ ഈ അര്‍ത്ഥത്തില്‍ പുന:പരിശോധിക്കേണ്ടതാണ്.
മുന്‍കാലത്ത് സോവിയറ്റ് നാട്ടിലെ ഭരണാധികാരികളുടെ ഫോട്ടോഗ്രാഫുകളും ഉദ്ധരണികളും പ്രദര്‍ശിപ്പിക്കുകമാത്രമല്ല കുട്ടികള്‍ക്ക് ലെനിന്‍ , സ്റ്റാലിന്‍ മുതലായ പേരുകള്‍ നല്‍കിയും വിചിത്രമായൊരു സോഷ്യലിസ്റ്റ് സ്വപ്നസമൂഹത്തെപ്പറ്റിയുള്ള കെട്ടുകഥ ഇവിടുത്തെ അടിത്തട്ടിലെത്തിച്ചിരുന്നു. ജാതിവിരുദ്ധസമരങ്ങളിലൂടെ നമ്മുടെ നാട്ടിലെ മനുഷ്യപദവിയിലും ലിംഗപദവിയിലും ഉണ്ടായ അഴിച്ചുപണികളെ അദൃശ്യമാക്കാനാണ് ഈ ചിഹ്നങ്ങള്‍ ഉപകരിച്ചത്. അതിന്റെ തുടര്‍ അനുഷ്ഠാനമാണ് ഇപ്പോള്‍ നടക്കുന്നത്.

_____________________________
ചെഗുവാരെ എന്ന ”യൂത്തു ഐക്കണ്‍ ” ഏതുപ്രകാരത്തിലാണ് നമ്മുടെ നാട്ടിലെ അടിത്തട്ടിലെ യുവജനങ്ങളോട് സംവദിക്കുന്നതെന്ന് നോക്കാം. ലാറ്റിനമേരിക്കയിലെ സാമ്രാജ്വത്വ വിരുദ്ധ മിലിറ്റന്റ് ദേശീയതയുടെ ഭാഗമായ നേതാവായിരുന്നു ചെഗുവാരെ. ക്യൂബല്‍ വിപ്ലവത്തിനുശേഷം മന്ത്രിസ്ഥാനത്തെത്തിയെങ്കിലും സായുധമായ ദേശീയവിമോചനയുദ്ധത്തിന്റെ തുടര്‍ച്ച നിലനിറുത്തനായി അദ്ദേഹം ബൊളീവിയായിലേക്ക് പോവുകയും അവിടെ വെച്ചു രക്തസാക്ഷിയാവുകയുമായിരുന്നു. സായുധമായ ദേശീയവിമോചന സമരങ്ങളെ ഭാവനകൊണ്ടുപോലും അംഗീകരിക്കാത്തവരാണ് നമ്മുടെ നാട്ടിലെ വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഇവരുടെയുവജനഅണികള്‍ , അത്യന്തം സൈനികവല്‍കൃതമായ ചെഗുവാരെയുടെ ജീവചരിത്രവും ഛായ ചിത്രങ്ങളും ഇത്രമാത്രം ഉന്മാദത്തോടെ പുനര്‍വിന്യസിക്കുന്നതിന്റെ കാരണമെന്താണ്? സാമ്രാജ്യത്വത്തോടുള്ള വിദ്വേഷമോ ‘അമൂല്‍ ബേബി’ മാരോടുള്ള പ്രതിഷേധമോ എന്നതിനുപരി, ചെഗുവാരെയിലൂടെ പ്രതിനിധാനപ്പെടുന്ന ലാറ്റിനമേരിക്കന്‍ വെളുത്ത ആണത്തത്തിന്റെ യുദ്ധോത്സുകതയോടും സെക്‌സിസത്തോടും താരാരാധന വളര്‍ത്തി അടിത്തട്ടിലെ യുവജനങ്ങളെ പുനര്‍ കോളനീകരിക്കുകയാണിവര്‍ ചെയ്യുന്നത്.
_____________________________


ചെഗുവാരെ എന്ന ”യൂത്തു ഐക്കണ്‍ ” ഏതുപ്രകാരത്തിലാണ് നമ്മുടെ നാട്ടിലെ അടിത്തട്ടിലെ യുവജനങ്ങളോട് സംവദിക്കുന്നതെന്ന് നോക്കാം. ലാറ്റിനമേരിക്കയിലെ സാമ്രാജ്വത്വ വിരുദ്ധ മിലിറ്റന്റ് ദേശീയതയുടെ ഭാഗമായ നേതാവായിരുന്നു ചെഗുവാരെ. ക്യൂബല്‍ വിപ്ലവത്തിനുശേഷം മന്ത്രിസ്ഥാനത്തെത്തിയെങ്കിലും സായുധമായ ദേശീയവിമോചനയുദ്ധത്തിന്റെ തുടര്‍ച്ച നിലനിറുത്തനായി അദ്ദേഹം ബൊളീവിയായിലേക്ക് പോവുകയും അവിടെ വെച്ചു രക്തസാക്ഷിയാവുകയുമായിരുന്നു. സായുധമായ ദേശീയവിമോചന സമരങ്ങളെ ഭാവനകൊണ്ടുപോലും അംഗീകരിക്കാത്തവരാണ് നമ്മുടെ നാട്ടിലെ വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ . ഇവരുടെ യുവജനഅണികള്‍ , അത്യന്തം സൈനികവല്‍കൃതമായ ചെഗുവാരെയുടെ ജീവചരിത്രവും ഛായ ചിത്രങ്ങളും ഇത്രമാത്രം ഉന്മാദത്തോടെ പുനര്‍വിന്യസിക്കുന്നതിന്റെ കാരണമെന്താണ്? സാമ്രാജ്യത്വത്തോടുള്ള വിദ്വേഷമോ ‘അമൂല്‍ ബേബി’ മാരോടുള്ള പ്രതിഷേധമോ എന്നതിനുപരി, ചെഗുവാരെയിലൂടെ പ്രതിനിധാനപ്പെടുന്ന ലാറ്റിനമേരിക്കന്‍ വെളുത്ത ആണത്തത്തിന്റെ യുദ്ധോത്സുകതയോടും സെക്‌സിസത്തോടും താരാരാധന വളര്‍ത്തി അടിത്തട്ടിലെ യുവജനങ്ങളെ പുനര്‍ കോളനീകരിക്കുകയാണിവര്‍ ചെയ്യുന്നത്.
1960-കള്‍ക്ക് ശേഷം ലോകത്തുണ്ടായ പുതുസാമൂഹിക/ ലിംഗകര്‍ത്തൃത്വങ്ങള്‍ വംശീയതയെയും യുദ്ധപരതയെയും സെക്‌സിസത്തെയും പ്രതിനിധാനം ചെയ്യുന്ന ചിഹ്നങ്ങളെ ഉപേക്ഷിക്കാന്‍ താത്പര്യപ്പെടുകയുണ്ടായി. പകരം തങ്ങളുടെ സ്വത്വത്തെയും സമുദായത്തെയും ഹിംസിക്കാത്ത തരത്തിലുള്ള ഇന്റിമേറ്റ് ഐക്കണുകളെ സ്വീകരിക്കാന്‍ തുടങ്ങി. ഉത്തരമുതലാളിത്ത ഘട്ടത്തില്‍ പുറമ്പോക്കുകളില്‍ നിന്നും ഉയര്‍ന്നുവരികയും ആഗോളതലത്തില്‍ പ്രവാസികളാവുകയും ചെയ്ത പുതുതലമുറ യുവജനങ്ങള്‍ക്ക് ചെഗുവാരെയേക്കാള്‍ അടുപ്പം ബോബ്മാര്‍ളിയോടായത് പാരസ്പര്യാനുഭവം മൂലമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്.
പൊതുധാരപ്രസ്ഥാനങ്ങളുടെ പ്രമേയങ്ങള്‍ക്ക് പുറത്താണ് ഇന്നത്തെ യുവജനങ്ങള്‍ എന്നതാണ് വസ്തുത. അനേകം ചെറുസ്വത്വഘടകങ്ങളായി വിഭജിക്കപ്പെട്ടാണിവര്‍ നിലനില്ക്കുന്നത്. അതിനാല്‍തന്നെ യുവജനങ്ങളെ പൊതുകാറ്റഗറിയായി കാണുന്നതില്‍ അപാകതയുണ്ട്. ഈ ചെറുസ്വത്വഘടകങ്ങള്‍ക്ക് അതിന്റേതായ ലിംഗപരതയും, ജാതീയതയും, വിശ്വാസതലങ്ങളുമുണ്ട്. സംഘടനാപരമായി സ്വയം നിര്‍മ്മിക്കുന്നതിനുപരി, വ്യക്തികളായുള്ള കൂട്ടായ്മകളിലൂടെ സമാന്തര വ്യവഹാരങ്ങള്‍ ഉണ്ടാക്കുകയാണ് ഇവരില്‍ ഏറെപ്പേരും. വേറിട്ട അഭിരുചികളും അടുപ്പങ്ങളും മൂലം ഇവരുടേത് ”കൂള്‍സ്‌പേയ്‌സ് ” ആയി ചിത്രീകരിക്കപ്പെടാറുണ്ട്. ഇതിനര്‍ത്ഥം, ഉത്തരാധുനിക ദിശയിലെ വ്യക്തി/ സമുദായ അനുഭവങ്ങളെയും അറിവുകളെയും യുവത്വം അഭിമുഖീകരിക്കുന്നില്ലെന്നല്ല. കൂടുതല്‍ സങ്കീര്‍ണ്ണവും ഉഭയസ്വഭാവത്തിലും അവസ്ഥയെ അനുഭവിക്കുകയും അറിയുകയുമാണവര്‍.
ജ്ഞാനബോധം, സൗഹൃദം, സംഭാഷണം, യാത്ര, സോഷ്യല്‍ നെറ്റുവര്‍ക്ക്, സാഹിത്യം, സിനിമ എന്നിവയെലെല്ലാം നിരവധി തലങ്ങളുള്ള വിമതങ്ങളെയും കലര്‍പ്പുകളെയുമാണ് ഇന്നത്തെ യുവത്വം സാധ്യമാക്കിയിട്ടുള്ളത്. ഇവ നമ്മുടെ സംസ്‌കാരത്തെയും കാഴ്ച- കേഴ്‌വി ബോധത്തെയും മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. ഭാഷയിലും വിനിമയങ്ങളിലും അതിരുകള്‍ മറികടക്കാനുള്ള ശ്രദ്ധേയമായ ശ്രമങ്ങളാണ് യൂത്തുകള്‍ച്ചറിനുള്ളത്.
സമകാലീന ലോകത്തിലെ സാങ്കേതിക വികാസത്തില്‍ എന്നപോലെ സാമൂഹിക ചലനങ്ങളിലും യുവത്വത്തിന്റെ സാന്നിധ്യം നിര്‍ണ്ണായകമാണ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലീംപേരുകാരനായ ഒരു ആഫ്രോ-അമേരിക്കക്കാരന്‍ കടന്നുവന്നത് മുതല്‍ ആഫ്രോ- അറബ് ഉയര്‍ത്തെഴുന്നേല്പുകള്‍ വരെയുള്ളവയില്‍ യുവജനങ്ങള്‍ സജീവമായ പങ്കാളിത്തം വഹിച്ചു. ഇന്നു ലാറ്റിനമേരിക്കയിലും പൂര്‍വ്വ യൂറോപ്പിലും ഏഷ്യയുടെ പല പ്രദേശങ്ങളിലും സമാനമായ തരത്തിലുള്ള ഇടപെടലുകള്‍ നടക്കുന്നുണ്ട്. ഇത്തരം മുന്നേറ്റങ്ങള്‍ , മാര്‍ക്‌സിസം പോലുള്ള പാശ്ചത്യ സാര്‍വ്വത്രിക സത്യവാദങ്ങളെ ബദലായി ഉന്നയിക്കാത്തതിനാല്‍ അവയെല്ലാം കുറച്ചുകാണുകയാണ് നമ്മുടെ മതേതര പുരോഗമന യുക്തികള്‍. ഇന്ത്യയിലും കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. അടഞ്ഞതെന്ന് കരുതിയ നിരവധി കീഴാളവ്യവഹാരങ്ങള്‍ക്ക് പുതുജീവന്‍ കിട്ടിയത് യുവത്വത്തിന്റെ ആപല്‍ക്കരമായ ഇടപെടലുകളിലൂടെയാണ്.
”ഇന്നത്തെ യുവജനങ്ങള്‍ ആകെ തകരാറാണ്” എന്നുപറയുന്ന അതേ യാഥാസ്ഥിതിക യുക്തി തന്നെയാണ് യുവത്വത്തെ കേവലമായി കാല്പനികവല്‍ക്കരിക്കുന്നതിലുമുള്ളത്. ഇങ്ങിനെ രണ്ട് അറ്റങ്ങളായി കാണാതെ; സമകാലീന സമൂഹത്തിലെ പല കര്‍ത്തൃത്വസ്ഥാനങ്ങളിലും യുവത്വം സന്നിഹിതമാണെന്ന് പറയുന്നതാവും നല്ലത്.

ഈ കര്‍ത്തൃത്വസ്ഥാനങ്ങളില്‍ , സവര്‍ണ്ണരും ഉപരിമധ്യവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടവരുമായ യുവതി യുവാക്കള്‍ക്കാണ് ദൃശ്യതയും ശബ്ദിക്കാനുള്ള അവസരവും സ്ഥാപനങ്ങളുടെ പരിഗണനയും കൂടുതലായി കിട്ടുന്നത്. ഇവര്‍ക്ക് കിട്ടുന്ന കൂടിയ പ്രാതിനിധ്യത്തിന്റെ അതേ അനുപാതത്തില്‍ അപരരും അവര്‍ണ്ണരുമായ യുവതീയുവാക്കള്‍ തരം താഴ്ത്തലിന് വിധേയരാകുന്നു. ഇതേസമയം നവ മുതലാളിത്തമാകട്ടെ, ഉപരിവര്‍ഗ്ഗകാമനകളുടെ ‘കരുതല്‍ സേന’യായി യുവത്വത്തെ പരിവര്‍ത്തനപ്പെടുത്താനുള്ള സര്‍വ്വ സന്നാഹങ്ങളാണ് അണിനിരത്തിയിട്ടുള്ളത്. അതിന്റെ ഹിംസാത്മകമായ വിപണി തന്ത്രങ്ങള്‍ക്കൊപ്പം നിരന്തരമായി പ്രക്ഷേപിക്കുന്ന സെക്‌സ്- ഏയ്ജ് സര്‍വ്വേകള്‍ , സെലിബ്രിറ്റി ജീവിതശൈലികളോടുള്ള ആസക്തി, കോര്‍പ്പറേറ്റ് ഉദാരവാദം, അതിരുകളില്ലാത്ത സുഖാനുഭവങ്ങളെപ്പറ്റിയുള്ള വാഗ്ദാനങ്ങള്‍ എന്നിവയെല്ലാം വ്യവസ്ഥക്ക് അനുകൂലമായി യുവത്വത്തെ തരംതിരിക്കുന്ന കെണികളായി മാറിയിരിക്കുന്നു.
ഈ അവസ്ഥയില്‍, യുവതലമുറയിലെ ഏറ്റവും നിശബ്ദീകരിക്കപ്പെട്ടവരും അദൃശ്യരായവരും അതിജീവനത്തിന് വേണ്ടി സമരം നടത്തേണ്ടിവരുന്നവരും ആരാണോ; അവരിലൂടെയാവും ഭാവിയുടെ പ്രത്യാശകളും ദിശാസൂചകങ്ങളും ഉരിത്തിരിയുകയെന്ന് വിശ്വസിക്കാം.
(കടപ്പാട് : മാതൃഭൂമി ആഴ്ചപ്പതിപ്പ്)

 

Top