പുതിയ ജ്ഞാനാധികാരങ്ങളും ദലിത് പ്രതിരോധവും
എന്‍.എം.സിദ്ദിഖ്
വരാനിരിക്കുന്ന കേരളത്തിന്റെ മുഖ്യധാര രാഷ്ട്രീയ കര്‍ത്തൃത്വം രൂപപ്പെടുക കീഴാളസ്ത്രീകള്‍ , ദലിതര്‍ , മുസ്ലീംങ്ങള്‍ , ക്രിസ്ത്യാനികള്‍ , അവര്‍ണ്ണരിലേയും സവര്‍ണ്ണരിലേയും ജാതിവിരുദ്ധരായ ഒരു ഉല്‍ബുദ്ധവിഭാഗം എന്നിവരുടെ ഇടയില്‍ നടക്കുന്ന സോഷ്യല്‍ എഞ്ചിനീയറിംഗിലൂടെയാവും. ഈാഷ്ട്രീയ കര്‍ത്തൃത്വം സംജാതമാകുമ്പോഴാവും യഥാര്‍ത്ഥമായ മാക്രോലെവല്‍ പരിവര്‍ത്തനങ്ങള്‍ നടക്കുക. ഇതിന്റെ സൂചനകളാണ് സാഹിത്യത്തിലും, വിജ്ഞാനത്തിലും, സിനിമയിലും, അക്കാദമിക് മേഖലയിലും സൈബര്‍സ്‌പെയ്‌സിലും ദൃശ്യമാകുന്ന പുതിയ ജ്ഞാനാധികാരം.
________________________________
സംഭാഷണം:- കെ.കെ.ബാബുരാജ്
- കുത്തിനിറച്ചമാറാപ്പിന്റെഅവസ്ഥയിലാണ് ദലിത് പ്രതിരോധം. കല്ലേല്‍ പൊക്കുടനും പാപ്പിലിയോബുദ്ധയും കെ.കെ.കൊച്ചും മുത്തങ്ങായും ഡി.എച്ച്.ആര്‍.എമ്മും. അംബേദ്കറും അയ്യങ്കാളിയുമൊക്കെ ചേര്‍ന്ന മാര്‍ക്വേസിന്റെ മക്കണ്ടോ പോലൊരു അസംബന്ധസ്ഥലി. ദയവായി ഒന്നു വിയോജിക്കാമോ?
മുന്‍വിധികളെയും വരേണ്യമായ ആദര്‍ശവാദത്തെയും ബോധപൂര്‍വ്വം പിന്‍പറ്റികൊണ്ടുള്ളതാണ് ചോദ്യമെന്നു മനസ്സിലാക്കുന്നു.
നമ്മുടെ സമൂഹത്തിലെ വരേണ്യര്‍ ഇപ്പോഴും ആദര്‍ശബോധത്തിന്റെ മഹത്തായ മാതൃകകളായി അംഗീകരിക്കുന്നത് ദേശീയ പ്രസ്ഥാനകാലത്തെ സവര്‍ണ്ണനേതൃത്വങ്ങളെയാണ്. അക്കാലത്തിന് സമാനമായി ഇനിമറ്റൊന്നും ഉണ്ടാവുകയില്ലെന്ന് അവര്‍ വിശ്വസിക്കുന്നു. നമ്മുടെ പാഠപുസ്തകങ്ങളും ജനപ്രിയസാഹിത്യവും സിനിമകളുമെല്ലാം ദേശീയപ്രസ്ഥാനഘട്ടത്തെ മഹാപരിത്യാഗം പോലെ സമകാലീനമാക്കി മാറ്റുന്നതിനൊപ്പം അതിന്റെ പിന്‍തുടര്‍ച്ചയില്ലാത്ത യാതൊന്നിനെയും
പ്രവേശിപ്പിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നതായി കാണാം.
ഇതേപോലെ ജനപ്രിയ ആദര്‍ശബോധത്തിന്റെ യോഗ്യതാപത്രം കിട്ടിയിട്ടുള്ള മറ്റൊരു പ്രതീകമണ്ഡലമാണ് മാര്‍ക്‌സിസത്തിന്റേത്. തങ്ങള്‍ അക്രമപ്രവര്‍ത്തനം നടത്തുമ്പോള്‍ ചരിത്രത്തിന്റെ സുഖപ്രസവംനടക്കുന്നുവെന്നു അവകാശപ്പെടുന്ന ഒരു യൂറോപ്യന്‍ സിദ്ധാന്തമാണിത്. മാര്‍ക്‌സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം തെളിവിലും ഒളിവിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പാര്‍ട്ടിസംവിധാനവും ഉറച്ച അച്ചടക്കവും അത്യാവശ്യമാണ്. ഇത്തരം സംവിധാനങ്ങളുടെ അകമ്പടിയോടെ ചരിത്രത്തിന്റെ ഗര്‍ഭമിറക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ ഇന്ത്യയില്‍ ബ്രാഹ്മണരും കേരളത്തില്‍ മേല്‍ജാതി തറവാട്ടുകാരണവരുമായിരുന്നുവെന്നു നമുക്കറിയാം. ദേശീയപ്രസ്ഥാനകാലത്തെ സുവര്‍ണ്ണ ഓര്‍മ്മകളുമായോ മാര്‍ക്‌സിസ്റ്റ് തറവാടിത്തവുമായോ പൊരുത്തപ്പെടാത്തതിനാലാണ് ദലിത് രാഷ്ട്രീയത്തെ അസംബന്ധങ്ങള്‍ കുത്തിനിറച്ച ഒരു മാറാപ്പായി പൈങ്കിളിവല്‍ക്കരിച്ച ആദര്‍ശബോധങ്ങള്‍ കാണുന്നതെന്ന് ഒറ്റവാക്കില്‍ പറയാം.
ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ടത്, ആധുനികദേശരാഷ്ട്രങ്ങള്‍ രൂപപ്പെടുകയും ദേശീയപൗരത്വം മുഖ്യമാവുകയും ചെയ്ത ഘട്ടത്തില്‍ നിരവധി സമുദായങ്ങളും ന്യൂനപക്ഷവിഭാഗങ്ങളും മൊത്തമായോ ഭാഗീകമായോ പുറന്തള്ളപ്പെട്ടു എന്നതാണ്. ഇത്തരം വിഭാഗങ്ങളെ അന്യങ്ങളായി ((others)) കണക്കാക്കിക്കൊണ്ടാണ് നമ്മുടെ നാട്ടിലും ദേശീയത വ്യവഹാരങ്ങളും പോപ്പുലര്‍കള്‍ച്ചറും വികസിച്ചിട്ടുള്ളത്. ദലിത്‌രാഷ്ട്രീയം മേല്‍പ്പറഞ്ഞ അന്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്. ‘തിരസ്‌കൃതരുടെ തിരിച്ചുവരവ്’ എന്നാണ് സണ്ണി എം കപിക്കാട് ഈ രാഷ്ട്രീയത്തെ വിലയിരുത്തിയിട്ടുള്ളത്. ‘തിരസ്‌കരിക്കപ്പെട്ടവ തിരിച്ചുവരുന്നു’ എന്ന സങ്കല്പനം യാഥാസ്ഥിതിക ഭരണവര്‍ഗ്ഗങ്ങളെയും ഭാവുകത്വങ്ങളെയും ഭ്രാന്തുപിടിപ്പിക്കുന്നതാണ്. മനഃശാസ്ത്രത്തില്‍ പറയുന്ന return of the repressed എന്നത് പോലുള്ള അവസ്ഥ. അതിനാല്‍; തിരസ്‌കൃതമായതിന്റെ തിരിച്ചുവരവിനെ പ്രതിനിധാനം ചെയ്യുന്നതായ എല്ലാം ഒരു ദുഃസ്വപ്നം മാത്രമാണെന്നും അവ എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണണമെന്നും വരേണ്യര്‍ ആഗ്രഹിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍; ദലിത് രാഷ്ട്രീയം കുറെ ‘അയോഗ്യതകളും’ ‘അനാരോഗ്യതകളും’ മാത്രമാണെന്ന് ഒരാള്‍ പറയുമ്പോള്‍ , തങ്ങള്‍ അകപ്പെട്ട ദുഃസ്വപ്നങ്ങളില്‍നിന്നും വിടുതല്‍ നേടണമെന്ന വരേണ്യരുടെ വികാരത്തെ പൈങ്കിളി ആദര്‍ശവാദത്തിന്റെ ഭാഷയിലും ഭാവനയിലും അയാള്‍ ഏറ്റുവിളിക്കുന്നതായേ കണക്കാക്കേണ്ടതായിട്ടുള്ളൂ.
ദലിത് രാഷ്ട്രീയം മാത്രമല്ല, തിരസ്‌കൃതമായതിന്റെ തിരിച്ചുവരവിനെ പ്രതിനിധാനം ചെയ്യുന്നതായ എല്ലാംതന്നെ അധികാരവ്യവസ്ഥയെ സമ്മര്‍ദ്ദപ്പെടുത്തുന്നതാണ്. ഇതിന്റെ പ്രകടിതരൂപം പ്രത്യക്ഷതയും ശബ്ദവുമാണ്. അതായത്, കീഴാളരാഷ്ട്രീയം നിലനില്ക്കുന്ന അധികാരവ്യവസ്ഥയെ അതിവര്‍ത്തിക്കുന്നതും അഴിച്ചുപണികള്‍ക്ക് നിര്‍ബന്ധംചൊലുത്തുന്നതും presence കൊണ്ടും voice കൊണ്ടുമാണ്. വരേണ്യര്‍ക്ക് ഭൂതകാലസ്മരണകളും കമ്മ്യൂണിസ്റ്റുകള്‍ക്ക് പാര്‍ട്ടിഅച്ചടക്കവുമാണ് പ്രധാനമെങ്കില്‍ കീഴാളര്‍ക്ക് പ്രത്യക്ഷതയും ശബ്ദവുമാണ് നിര്‍ണ്ണായകം. ഇങ്ങിനെ നോക്കുമ്പോള്‍ , താങ്കള്‍ സൂചിപ്പിച്ച അംബേദ്ക്കറും അയ്യങ്കാളിയും മുത്തങ്ങയും മറ്റുപലതും ഇന്ത്യയിലെ കീഴാളരാഷ്ട്രീയത്തിന്റെ പ്രത്യക്ഷതയും ശബ്ദവുമാണെന്ന് കാണാന്‍ കഴിയും. ഇവ വലിയൊരു അലോസരമായി കുറേപ്പേര്‍ക്ക് തോന്നുന്നത് സ്വാഭാവികമല്ലേ? മാത്രമല്ല; മേല്‍പ്പറഞ്ഞ പ്രത്യക്ഷതകളും ശബ്ദങ്ങളും പരസ്പരം വിഭിന്നവും വ്യത്യസ്തവുമായ ആശയധാരകളെ ഉള്‍ക്കൊള്ളുന്നതുമാണ്. ഇവയെല്ലാം ഒറ്റച്ചരടില്‍ കോര്‍ക്കുന്നതും കേവലമായി ആദര്‍ശവല്‍ക്കരിക്കുന്നതും യുക്തിയില്ലായ്മയാണ്.
- ജ്ഞാനാധികാരം അവര്‍ണ്ണരിലേക്ക് സാവകാശം വരികയാണ്. എന്നാലും എവിടെയുമെത്താത്ത പ്രതിനിധാനം സൂചിപ്പിക്കുന്നതെന്താണ്? സെക്രട്ടറിയേറ്റില്‍, സര്‍വ്വകലാശാലയില്‍, സിനിമയില്‍, സാഹിത്യത്തില്‍, സൈബര്‍ സ്‌പേസില്‍ ദലിത് സാന്നിധ്യമേറുന്നു. ഇത് മാക്രോലെവലില്‍ അനുഭവപ്പെടുന്നുണ്ടോ? പുതിയ തലമുറയെ മുന്‍നിറുത്തി ഒന്നുപറഞ്ഞുതരാമോ?
പുതിയജ്ഞാനാധികാരങ്ങള്‍ മാക്രോ ലെവലില്‍ അനുഭവപ്പെടുന്നില്ലെന്ന് പറയാന്‍ കഴിയില്ല. മുകള്‍ത്തട്ടില്‍ രൂപപ്പെടുന്ന ചിലസമവാക്യങ്ങള്‍മൂലം അവ മറഞ്ഞുപോവുകയോ അട്ടിമറിക്കപ്പെടുയോ ചെയ്യുന്നു എന്നുപറയുന്നതാകും കൂടുതല്‍ ശരി.
കേരളത്തെ സംബന്ധിച്ചിടത്തോളം പലതും അടഞ്ഞ അധ്യായങ്ങളായിരുന്നു. ജാതിവ്യവസ്ഥ, ഭൂപരിഷ്‌കരണം, ഇടത്-വലതുമുന്നണിരാഷ്ടീയം, കേരളവികസനമാതൃക, സവര്‍ണ്ണ മതേതരസങ്കല്പനങ്ങള്‍ മുതലായവയിലെല്ലാം ഇനിയൊരു പുനഃപരിശോധനയും വേണ്ടിവരില്ലെന്ന മട്ടിലുള്ള തീര്‍പ്പുകള്‍ കല്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതേ തീര്‍പ്പുകളെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ട് ദലിത്പരിപ്രേക്ഷ്യങ്ങള്‍ രൂപപ്പെട്ടതോടെ ആദ്യം നിശബ്ദതകൊണ്ട് അവഗണിച്ച മുഖ്യധാരാ രാഷ്ട്രീയകക്ഷികളും ജാതിസംഘടനകളും പതുക്കെ വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങി. ഇടതു-വലതു ഗവണ്‍മെന്റുകള്‍ നടത്തുന്ന ഭൂരഹിതരുടെ പാര്‍പ്പിടപദ്ധതിയും സീറോലാന്റ്‌ലെസ്സ് പ്രോഗ്രാമും മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ ആദിവാസി-ദലിത് സമിതികളും
അരികുവല്‍കൃതസമുദായങ്ങള്‍ നടത്തുന്ന സമരങ്ങളെയും സംവാദങ്ങളെയും അപഹരിക്കുന്ന മുഖ്യധാര തന്ത്രങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ അമ്പതു വര്‍ഷങ്ങളായി ലോകമാസകലം ഈ പ്രക്രിയ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലും കീഴാള-സ്ത്രീ-സിവില്‍ സമുദായസമരങ്ങളില്‍നിന്നും രൂപപ്പെടുന്ന ബഹുജനഉണര്‍വ്വുകള്‍ ഇടതു-വലതുമുന്നണികളുടെ കളത്തിലാണല്ലോ എത്തുന്നത്.
തീര്‍ച്ചയായും; വരാനിരിക്കുന്ന കേരളത്തിന്റെ മുഖ്യധാര രാഷ്ട്രീയ കര്‍ത്തൃത്വം രൂപപ്പെടുക കീഴാളസ്ത്രീകള്‍ , ദലിതര്‍ , മുസ്ലീംങ്ങള്‍ , ക്രിസ്ത്യാനികള്‍ , അവര്‍ണ്ണരിലേയും സവര്‍ണ്ണരിലേയും ജാതിവിരുദ്ധരായ ഒരു ഉല്‍ബുദ്ധവിഭാഗം എന്നിവരുടെ ഇടയില്‍ നടക്കുന്ന സോഷ്യല്‍ എഞ്ചിനീയറിംഗിലൂടെയാവും. ഈാഷ്ട്രീയ കര്‍ത്തൃത്വം സംജാതമാകുമ്പോഴാവും യഥാര്‍ത്ഥമായ മാക്രോലെവല്‍ പരിവര്‍ത്തനങ്ങള്‍ നടക്കുക. ഇതിന്റെ സൂചനകളാണ് സാഹിത്യത്തിലും, വിജ്ഞാനത്തിലും, സിനിമയിലും, അക്കാദമിക് മേഖലയിലും സൈബര്‍സ്‌പെയ്‌സിലും ദൃശ്യമാകുന്ന പുതിയ ജ്ഞാനാധികാരം.
- 80കളില്‍ തുടങ്ങിയ ദലിത് സമുദായവല്‍ക്കരണം വെള്ളാപ്പിള്ളി-നാരായണപണിക്കര്‍മാരുടെ നമ്പൂതിരിമുതല്‍ നായാടിവരെയുള്ള തിയറത്തിന്റെ ഉട്ട്യോപ്യന്‍ അനുസ്യൂതിയിലാണോ ഇന്നും? നിങ്ങള്‍ ദലിതുകളെന്നെങ്കിലും ഒന്നിച്ചുനില്‍ക്കുമോ?
നിങ്ങള്‍ ദലിതുകളെന്നെങ്കിലും ഒന്നിച്ചുനില്‍ക്കുമോ എന്നൊക്കെ കേള്‍ക്കുമ്പോള്‍, താന്‍ ഭാവനയില്‍ കാണുന്ന മുഖ്യശത്രുവിനോടെതിരിടാന്‍ അണികളോടാഹ്വാനം ചെയ്യുന്ന ഒരു ക്വിക്‌സോട്ടിക് നക്‌സലൈറ്റിനെയാണ് ഓര്‍മ്മവരുന്നത്.
ഇവിടെ വിഷയം സമുദായവല്‍ക്കരണം എന്ന പദം ആധുനികതയിലെ ചില സംഘടനകള്‍ ഉന്നയിച്ചതിന് സമാനമാണോ എന്നതാണ്. ഞാന്‍ ആദ്യമേ സൂചിപ്പിച്ചതുപോലെ, ദേശരാഷ്ട്രം പുറന്തള്ളിയ വിഭാഗങ്ങള്‍ തങ്ങളുടേതായ ഇടം കണ്ടെത്തുന്നതും അവരുടെ സമരങ്ങളും സംവാദങ്ങളും വികസിപ്പിക്കുന്നതും സമുദായത്തില്‍ നിന്നുമാണ്. ഇന്ന് ദേശരാഷ്ട്രങ്ങളെയും സോഷ്യലിസ്റ്റ്പ്രസ്ഥാനങ്ങളെയും കവിഞ്ഞുനില്‍ക്കുന്ന വൈജ്ഞാനികതയും പാരസ്പര്യ ഇടങ്ങളും കമ്മ്യൂണിറ്റേറിയന്‍ രാഷ്ട്രീയത്തിനുണ്ട്. ആധുനികോത്തരമായ സമുദായവാദത്തെ ചില ജാതിനേതാക്കന്മാരും പ്രമാണിമാരും പറയുന്നതുമായി കൂട്ടിക്കെട്ടുന്നത് തിരുത്തപ്പെടേണ്ട ഒരു തെറ്റിദ്ധാരണയാണ്. ഇതിനര്‍ത്ഥം, സമുദായമെന്ന പരികല്പന ചരിത്രബാഹ്യമാണെന്നല്ല.
- ദലിതര്‍ക്ക് നേതൃത്വപെരുപ്പം അഥവാ നേതൃരാഹിത്യം, സംഘാടകമികവില്ലായ്മ, വിഭവദാരിദ്രം, പിളര്‍പ്പന്‍മാര്‍, എന്താണ് സംഭവിക്കുന്നത്? പരസ്പരം റെനിഗേഡുകളെന്നും വിളിക്കുന്ന കൂപമണ്ഡൂകങ്ങളുടേതാണ് ദലിത് രാഷ്ട്രീയമെന്നത് സത്യം മാത്രമല്ലേ? ഇതൊരു സാമ്പ്രദായിക വിമര്‍ശനമാണെന്ന് തഴയുമോ?
ദലിത് രാഷ്ട്രീയം, ന്യൂനപക്ഷരാഷ്ട്രീയം, സ്ത്രീരാഷ്ട്രീയം എന്നിവ കഴിഞ്ഞകാല സാര്‍വ്വത്രിക യുക്തികളുടെ ഘടകങ്ങളാണെന്ന മട്ടിലുള്ള വിചാരമാണ് ആദ്യം മാറ്റേണ്ടത്. ഇല്ലായ്മകളും വല്ലായ്മകളും ഒരുപാടുണ്ടെന്നറിഞ്ഞുകൊണ്ടാണ് നിരവധിപേര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. താങ്കള്‍ പറഞ്ഞ പലകാര്യങ്ങളും ഇത്തരം ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും പട്ടികയില്‍ വരുന്നതിനാല്‍ നിഷേധിക്കാനാവുകയില്ല. ദലിതരുടെ നേതൃത്വപെരുപ്പം എന്ന തോന്നല്‍ ഒരു പരിധി വരെ ജാതിസംഘടനകളെയും ദലിത് രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കുന്നത് മൂലമാണ്. മുസ്ലീം സംഘടനകളും ഇസ്ലാമിക രാഷ്ട്രീയവും ഒന്നല്ലല്ലോ. സാമാന്യ ജേര്‍ണലിസ്റ്റ് യുക്തികള്‍ ഇവയെ ഒന്നാക്കി ചിത്രീകരിച്ച് ഒരു പാട് തെറ്റിദ്ധാരണകള്‍ പരത്തുന്നുണ്ട് എന്നതാണ് പ്രശ്‌നം.
പരസ്പരം പോരടിക്കുന്ന കൂപമണ്ഡൂകങ്ങളുടേതാണ് ദലിത് രാഷ്ട്രീയമെന്ന വിലയിരുത്തല്‍ ചെറുതുകളുടെ സാന്നിധ്യത്തെ ഉല്‍ക്കൊള്ളാത്ത ജനാധിപത്യവിരുദ്ധമനോഭാവമായാണ് കണക്കാക്കേണ്ടത്.
ഇന്ത്യയില്‍, ദേശീയപ്രസ്ഥാനകാലത്ത് തന്നെ അംബേദ്കറെപ്പോലുള്ളവര്‍ ഒരു സമാന്തര ദേശീയപ്രസ്ഥാനത്തെപ്പറ്റി വിഭാവനചെയ്തിരുന്നതായി ഗെയ്ല്‍ ഓം വേദ്ത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട് . ഇന്ത്യയിലെ സ്ത്രീകള്‍ , ആദിവാസികള്‍ , ന്യൂനപക്ഷങ്ങള്‍ , തൊഴിലാളികള്‍ മുതലായ വ്യത്യസ്തതകളോട് അന്നത്തെ സാഹചര്യത്തില്‍ സാധ്യമായ ഏറ്റവും നീതിയുക്തമായ സമീപനം പുലര്‍ത്തിയത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. 1980 -കളില്‍ ഉത്തരേന്ത്യയില്‍ ഉണ്ടായ ദലിത് രാഷ്ട്രീയത്തെ ജാതിരാഷ്ട്രീയമെന്ന് വിളിച്ച് പുശ്ചിക്കുകയായിരുന്നല്ലോ നമ്മുടെ സോഷ്യലിസ്റ്റുകളും സകലമാന ലിബറലുകളും. ഇന്ത്യന്‍ ജനാധിപത്യത്തിന് പുതിയ ദിശമാറ്റം നല്‍കിയത് ആ രാഷ്ട്രീയമാണെന്ന് മണ്ഡല്‍ അനന്തര കാലത്തെ കീഴാളയുവജനങ്ങളും ബഹുജനങ്ങളും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ രാഷ്ട്രീയം സ്ഥാപിക്കപ്പെട്ടതോടുകൂടിയല്ലേ ഉത്തര്‍പ്രദേശിലും ബീഹാറിലും മറ്റും വര്‍ഗ്ഗീയകലാപങ്ങളെന്ന പേരില്‍ നടന്നിരുന്ന മുസ്ലീംവംശഹത്യകള്‍ക്ക് അറുതിവന്നത്. ഉദാഹരണങ്ങള്‍ക്ക് അധികംപോകേണ്ട; കേരളത്തിലേക്ക് വരാം. സംവരണത്തിന്റെ/ന്യൂനപക്ഷ അവകാശങ്ങളുടെ സിംഹഭാഗവും കൈപ്പറ്റുന്നവര്‍ പ്രബലപിന്നാക്കസമുദായവും മതന്യൂനപക്ഷങ്ങളുമായിരുന്നിട്ടും അതൊരുരാഷ്ട്രീയവിഷയവും ജനാധിപത്യകരാറുമാണെന്നും വാദിക്കാന്‍ ദലിത് രാഷ്ട്രീയം വേണ്ടിവന്നു. ആദിവാസിഭൂപ്രശ്‌നം, കേരളമോഡല്‍ ഭൂപരിഷ്‌കരണം, കോളനിവല്‍ക്കരണം, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പേരിലുള്ള ജാതി-മത കൊള്ള മുതലായവയെല്ലാം നിലനിന്നിരുന്ന മുഖ്യധാര സമവാക്യങ്ങളെ താളം തെറ്റിച്ചതും കേരളത്തിലെ ദലിത് രാഷ്ട്രീയമാണ്. ഇന്നത്തെ ഇസ്ലാമിക രാഷ്ട്രീയത്തെ ദേശവിരുദ്ധതയായി ചിത്രീകരിച്ചുകൊണ്ട് മാധ്യമങ്ങളും പൊതുബോധവും ഊരാക്കുടുക്കില്‍ അകപ്പെടുത്തിയപ്പോള്‍ ജനാധിപത്യപരമായി പക്ഷംചേര്‍ന്നതും ദലിത് രാഷ്ട്രീയമാണ്. ഏതായാലും ആര്‍ക്കാണ് കൂപമണ്ഡുകങ്ങളുടെ രാഷ്ട്രീയപദവി ചേരുകയെന്നത് ആലോചിച്ച് ഉറപ്പിക്കേണ്ട കാര്യമാണ്.
- ദലിത് തീവ്രവാദമെന്നൊക്കെ ഭരണകൂടഭാഷ്യമാണെങ്കിലും അവര്‍ണ്ണരുടെ പ്രതികരണം ശുഷ്‌കമല്ലേ? ഡി.എച്ച്.ആര്‍.എം.പകപ്പിലാണ് ഗീതാനന്ദനും സണ്ണി കപിക്കാടിനുമിനി മുത്തങ്ങായിലെത്താനാവുമോ? ദണ്ഡകാരണ്യത്തിലെ മാവോയിസ്റ്റ് ദലിതുകളുടെ ചടുലതപോലും സവര്‍ണ നേതൃത്വത്തിന്റെ മാര്‍ക്‌സിസ്റ്റ് പരീക്ഷണമാണെന്ന് വന്നാല്‍?
വീണ്ടും നമ്മള്‍ ഗ്രാന്റ്‌നരേറ്റീവുകളെ പറ്റിതന്നെയാണോ സംസാരിക്കുന്നത് എന്ന സംശയമുണ്ട്. ഗീതാനന്ദനും സണ്ണിക്കുമൊക്കെ ഇനി മുത്തങ്ങയിലെത്താന്‍ കഴിയുമോ എന്ന ചോദ്യം അസ്ഥാനത്താണ്. മുത്തങ്ങയെ മറ്റുള്ള എല്ലാമായി താരതമ്യംചെയ്യുന്നത് സെക്‌ടേറിയന്‍ ഇടപാടാണ്. നമ്മള്‍ കാണേണ്ടത്, ദലിതരും ആദിവാസികളും നടത്തുന്നത് അതിജീവന സമരമാണെന്ന വസ്തുതയാണ്. ജീവിതം മെച്ചപ്പെടുത്താനുള്ള ദൈനംദിന ഇടപെടലുകള്‍ മുതല്‍ ഇപ്പോള്‍ നടക്കുന്ന ഭൂസമരങ്ങളും സാംസ്‌കാരികരംഗത്തെ ഇടപെടലുകളും വരെ ഇതിന്റെ ഭാഗമാണ്. ദലിതര്‍ക്കും ആദിവാസികള്‍ക്കും മാര്‍ക്‌സിസ്റ്റ്-മാവോയിസ്റ്റ് അജണ്ടകള്‍ സ്വീകാര്യമല്ലെന്ന കാര്യത്തെ മുത്തങ്ങ സമരം ബോദ്ധ്യപ്പെടുത്തി എന്നതാണ് വ്യത്യാസം. സിദ്ദിഖ് പറയുന്ന ദണ്ഡകാരണ്യത്തിലും മറ്റിടങ്ങളിലും മാവോയിസത്തില്‍നിന്നും കുതറിമാറാനാണ് കീഴാളര്‍ ശ്രമിക്കുന്നത്. ഡി.എച്ച്.ആര്‍.എമ്മിനെ അനാവശ്യമായി ഐതീഹ്യവല്‍ക്കരിക്കുകയാണെന്നതാണ് എന്റെ അഭിപ്രായം.
- സ്വത്വവാദത്തിന്റെ ദലിത് വായനയെന്താണ്?
ഞാന്‍ മുമ്പേ സൂചിപ്പിച്ച കമ്മ്യൂണിറ്റേറിയന്‍ ജ്ഞാനവ്യവഹാരങ്ങളെയാണ് കേരളത്തില്‍ സ്വത്വവാദമെന്ന് വിളിക്കുന്നത്. ഇന്നത്തെ ലോകത്തെ ഏറ്റവും സജീവമായ ഈ ജ്ഞാന-രാഷ്ട്രീയ മണ്ഡലത്തെ ശാസ്ത്രീയ വംശീയവാദ യുക്തികള്‍ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് മാര്‍ക്‌സിസ്റ്റ് സവര്‍ണ്ണരാണെന്നത് യാദൃശ്ചികമല്ല.
- ഒരു തലമുറ ദലിതരെ അയ്യങ്കാളിയില്‍നിന്നും പൊയ്കയിലപ്പച്ചനില്‍നിന്നും അതേ ഗതിവേഗത്തില്‍ മുന്നോട്ട് നയിക്കാനായില്ലെന്നതില്‍ കുറ്റബോധം തോന്നുന്നുണ്ടോ?
കുറ്റബോധം, ആത്മസംതൃപ്തി മുതലായ വാക്കുകള്‍ ഒഴിവാക്കുകയാണ്. മറിച്ച്, എനിക്ക് സൂചിപ്പിക്കാനുള്ളത് ദലിത്‌വാദം പുതുജനാധിപത്യ ചിന്തയേയും ജ്ഞാനാവബോധത്തേയും സൂചിപ്പിക്കുന്ന ഒരു രൂപകമായി, നമ്മുടെ കാലഘട്ടത്തില്‍ നിലവില്‍വന്നു എന്നതാണ്.
(കടപ്പാട് : തേജസ് ദ്വൈവാരിക )