കടലിലെ ഓളവും കരയിലെ സമരങ്ങളും: ടി. പീറ്റർ അനുസ്മരണ കുറിപ്പ്

പീറ്ററിന്റെ രാഷ്ട്രീയ ബോധം തെളിമയുള്ളതായിരുന്നു. അധികാര രാഷ്ട്രീയത്തിൽ നിന്നും, വിഭവങ്ങൾ പങ്കിട്ടെടുക്കുന്ന നവലിബറൽ മുതലാളിത്തത്തിന്റെ കെട്ടുപാടുകളിൽ നിന്നും അകന്ന്, ജനങ്ങളുടെ പ്രശ്നത്തെ തെരുവിൽ അഭിസംബോധന ചെയ്യുക എന്ന ‘നവരാഷ്ട്രീയമാണ്’ പീറ്റർ ജീവിതത്തിലുടനീളം പ്രയോഗിച്ചത്. അടുത്തിടെ അന്തരിച്ച മത്സ്യത്തൊഴിലാളി നേതാവ് ടി. പീറ്ററിനെ അനുസ്മരിച്ചു കൊണ്ട് ജോസ് പീറ്റർ എഴുതുന്നു.

1980കളിലാണ് കേരളാ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ രൂപീകരിക്കപ്പെടുന്നത്. പതിവിനു വിപരീതമായി ളോഹയിട്ട അച്ചന്മാർ, കന്യാസ്ത്രീകൾ എന്നിവരുടെ നേതൃത്വത്തിലാണ് ഇത്‌ നടന്നത്. പുതുമയുള്ള കാഴ്ചയായിരുന്നു അത്. അൾത്താരയിൽ നിന്നും തെരുവിലേക്കെത്തുന്ന ഈ സമരത്തിന് ദൈവശാസ്ത്രത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പിൻബലമുണ്ടായിരുന്നു.

ലോക ക്രൈസ്തവ സഭയെ സംബന്ധിച്ചിടത്തോളം, രണ്ടാം വത്തിക്കാൻ കൗൺസിൽ പല വിഛേദങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കും ഇടവരുത്തി. വ്യത്യസ്ത ധ്രുവങ്ങളിലൂടെയോ, അല്ലെങ്കിൽ ശത്രുതയോടെയോ വീക്ഷിച്ചിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സഹവർത്തിത്വത്തിന്റെ പുതിയ തുറസ്സുകളിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിൽ രണ്ടാം വത്തിക്കാൻ കൗൺസിലിന് നിർണായക പങ്കുണ്ട്. കുറഞ്ഞത്, ആഗോള കത്തോലിക്കാ സമൂഹത്തിനെങ്കിലും. പൊരുതുന്ന ജനതക്ക് വിശ്വാസത്തിന്റെ അടിത്തറ പാകാൻ വിമോചന ദൈവശാസ്ത്രം കൂടെയുണ്ടായിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്. അതിൽ പ്രചോദിതരായ അനേകം പുരോഹിതർ ഉണ്ടായിരുന്നു. ഫാ. സെബാസ്റ്റ്യൻ കാപ്പൻ, ഫാ. സാമുവൽ രായൻ, ഫാ. സെബാസ്റ്റ്യൻ തൊട്ടുകപ്പള്ളി എന്നിവർ മുൻനിരയിലും, മറ്റനവധി പേർ പിന്നിലുമുണ്ടായിരുന്നു. അവരുടെ പ്രായോഗിക വിശ്വാസ പ്രവർത്തനമായിരുന്നു മത്സ്യത്തൊഴിലാളി സമരമെന്ന് വേണമെങ്കിൽ പറയാം. ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിന്ന് അന്യമായി നിൽക്കുന്ന ഒന്നല്ല ക്രൈസ്തവ വിശ്വാസം എന്ന കാഴ്ചപ്പാടായിരുന്നു ഇതിന് പിന്നിൽ.

ടി. പീറ്റർ

കൊച്ചുവേളി എന്ന കടലോര ഗ്രാമത്തിൽ നിന്ന്, ഇൻഡ്യയുടെ വിവിധ സംസ്ഥാനങ്ങളിലെ മത്സ്യബന്ധന ഗ്രാമങ്ങളെയും ജനതകളെയും കോർത്തിണക്കുന്ന പ്രസ്ഥാനമാണ് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം (എൻ.എഫ്.എഫ്). അതിന്റെ ജനറൽ സെക്രട്ടറിയായി പീറ്റർ ഉയർന്നത് ചെറിയ കാര്യമല്ല. ഒരു ഘട്ടത്തിൽ പള്ളിയുടെയും വിശ്വാസത്തിന്റെയും കടൽച്ചുഴിയിൽ പെട്ടുകിടന്നിരുന്ന ജനങ്ങളെ വിശാലമായ ചക്രവാള സീമയിലേക്ക് ഉയർത്തിയത് പീറ്റർ എന്ന സാഗര പുത്രന്റെ കർമകുശലതയും സംവേദനക്ഷമതയും കറകളഞ്ഞ ആത്മാർഥതയും കൊണ്ടാണ്.

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏതൊരു വ്യക്തിയുമായും പ്രസ്ഥാനവുമായും കൈകോർക്കുന്നതിന് അദ്ദേഹം മടിച്ചിരുന്നില്ല. മത്സ്യബന്ധന മേഖലയുടെ പ്രശനങ്ങളെ അതിനോട് ചേർന്നുനിൽക്കുന്നവരുടെ മാത്രം പ്രശ്നമായി അവതരിപ്പിക്കാതെ, അവക്ക് സൈദ്ധാന്തികമായും പ്രായോഗികമായും കുറേക്കൂടി ശാസ്ത്രീയമായ അടിത്തറ പാകുന്നതിൽ പീറ്ററിന്റെ ദർശന ഗരിമ സഹായകരമായി എന്ന് പറയാതെ വയ്യ.

സംഘടിത ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ തലങ്ങും വിലങ്ങും വിഛേദിച്ചുകൊണ്ടാണ് അവർ സ്വതന്ത്ര ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ വളർത്തിയെടുത്തത്. ആ ദൃഢവിശ്വാസത്തിന്മേലാണ്, ജീവിതം കരയിലിട്ട മത്സ്യത്തെ പോലെ പിടയുമ്പോഴും ദാരിദ്ര്യത്തിന്റെ മേഘക്കീറുകൾക്ക് കീഴിലിരുന്ന് മത്സ്യ പ്രജനന സമയമായ ജൂൺ മുതൽ ആഗസ്റ്റ്‌ മാസം വരെയെങ്കിലും ട്രോളിംഗ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മത്സ്യത്തൊഴിലാളികൾ സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തിയത്. ഇന്നും കേരളത്തിലെ ഏതൊരു പ്രസ്ഥാനത്തെക്കാളും സായുധമായ സമരം നടത്താൻ കഴിയുന്നത് മത്സ്യബന്ധന സമൂഹത്തിന് മാത്രമാണ്. കാരണം, അവർക്ക് ജീവിതമെന്നാൽ തിരയൊടുങ്ങാത്ത കടലാണ്! ഏതൊരു പ്രതിസന്ധിയെയും അവർക്ക് മറികടക്കാൻ സാധിക്കുന്നത്, വമ്പൻ തിരമാലകളെ മുറിച്ച് തട്ടമരത്തിൽ കടന്നുപോകുന്ന ജീവിതാവേശത്തിൽ നിന്നാണ്.

ഏത് പുതിയ കാര്യങ്ങളെയും സാകൂതം വീക്ഷിക്കുകയും, അത് പഠിച്ചെടുക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്ത ആളാണ് പീറ്റർ. ഇംഗ്ലീഷ്, കമ്പ്യൂട്ടർ എന്നിവ സ്വയം പഠിക്കാനും, ‘അലകൾ’ എന്ന ദ്വൈവാരികയുടെ ആദ്യാവസാനമുള്ള എല്ലാ പ്രവർത്തനങ്ങളും നിർവഹിക്കാനും അദ്ദേഹത്തിന് സാധിച്ചു.

1990കളിൽ ജനകീയ സംഘങ്ങൾ തകർച്ച നേരിട്ടു. ആഗോള തലത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ തിരിച്ചടി നേരിടുന്നു. ഇത്തരം ദശാസന്ധികൾ മത്സ്യത്തൊഴിലാളി പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ആഗോളവത്കരണത്തിലേക്ക് ഇൻഡ്യയിലെ അടിസ്ഥാന ജനവിഭാഗങ്ങൾ എടുത്തെറിയപ്പെട്ടു. പുത്തൻ മൂലധന ശക്തികൾ കടലും കായലും കാടുമെല്ലാം കയ്യേറുന്നത് ഈ കാലഘട്ടത്തിലാണ്. ജനങ്ങളുടെ കൂട്ടായ്മകൾ പൊതുവേ കുറഞ്ഞുവന്നു. ടി.വിയുടെ കടന്നുവരവും, ശാസ്ത്ര-സാങ്കേതിക വികാസങ്ങളുമെല്ലാം അടിസ്ഥാന ജനവിഭാഗങ്ങളുടെ മേൽ ഇടിത്തീ വീഴ്ത്തുകയാണുണ്ടായത്. നേതൃത്വത്തെ കുറിച്ചുള്ള പുതിയ പരികൽപ്പനകൾ ജനകീയ സമരങ്ങളുടെ കെട്ടുറപ്പിനെ ബാധിക്കുന്നതും, നിലനിൽക്കുന്ന അധികാര ഘടനയുടെ സമവാക്യങ്ങളിൽ മാറ്റം വരുത്തുന്നതുമായിരുന്നു എന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.

പീറ്ററിന്റെ രാഷ്ട്രീയ ബോധം തെളിമയുള്ളതായിരുന്നു. എന്നാൽ, വമ്പിച്ച ജനപിന്തുണ ഉണ്ടായിട്ടും രാഷ്ട്രീയക്കാരനാകാൻ അദ്ദേഹം ആഗ്രഹിച്ചില്ല. അധികാര രാഷ്ട്രീയത്തിൽ നിന്നും, വിഭവങ്ങൾ പങ്കിട്ടെടുക്കുന്ന നവലിബറൽ മുതലാളിത്തത്തിന്റെ കെട്ടുപാടുകളിൽ നിന്നും അകന്ന്, ജനങ്ങളുടെ പ്രശ്നത്തെ തെരുവിൽ അഭിസംബോധന ചെയ്യുക എന്ന ‘നവരാഷ്ട്രീയമാണ്’ പീറ്റർ ജീവിതത്തിലുടനീളം പ്രയോഗിച്ചത്.

അദ്ദേഹം കേവലമൊരു ട്രേഡ് യൂണിയൻ നേതാവ് മാത്രമായിരുന്നില്ല. ‘വേൾഡ് ഫോറം ഫോർ ഫിഷർ പീപ്പിൾ’സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, കേരള യൂണിവേഴ്സിറ്റിയുടെ ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ സിൻഡിക്കേറ്റ് മെമ്പർ തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. മത്സ്യബന്ധന തീരങ്ങളിലെ പ്രശ്നങ്ങളിൽ മാത്രം മുഴുകിയ നേതാവല്ല അദ്ദേഹം. മറിച്ച്, കേരളത്തിലെ വിവിധ ജനകീയ സമരങ്ങളിലും പങ്കെടുത്ത നേതാവ് കൂടിയാണ് അദ്ദേഹം. ദേശീയ തലത്തിൽ നർമദാ ബചാഓ ആന്ദോളൻ, കൊക്കക്കോള വിരുദ്ധ സമരം, കൂടംകുളം ആണവ നിലയത്തിനെതിരെ നടന്ന സമരം എന്നിവ അദ്ദേഹം പങ്കെടുത്ത സമരങ്ങളിൽ ചിലത് മാത്രം.

കൂടംകുളം ആണവ നിലയത്തിനെതിരെ നടന്ന സമരം

മാധ്യമങ്ങളോട് വളരെ സൗഹൃദപരമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ജനകീയ വിഷയങ്ങളെ അവതരിപ്പിക്കുന്നതിലും, അവ ജനങ്ങൾക്കിടയിലും അധികാര ഘടനയിലും സ്വാധീനം ചെലുത്തുന്നത് മനസ്സിലാക്കുകയും അതിനെ വേണ്ടവിധത്തിൽ ഉപയോഗിക്കുന്നതിലും സദാ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. അവസാന നാളുകളിൽ ആയിരകണക്കിന് മത്സ്യബന്ധന സമൂഹങ്ങളെ നാശത്തിലേക്ക് തള്ളിവിടുന്ന ‘സാഗർവാല’ പദ്ധതിക്കെതിരായ സമരങ്ങളെയും പ്രായോഗിക പരിപാടികളെയും കുറിച്ചുള്ള ആലോചനകളിലുമായിരുന്നു അദ്ദേഹം. 40 വർഷം നീണ്ടുനിന്ന കർമ മേഖലയിൽ നിന്നും, കോവിഡ് ബാധിതനായി അദ്ദേഹം അകാലത്തിൽ പൊലിഞ്ഞു. കഴിഞ്ഞ 30 വർഷത്തിലേറെ കാലം പീറ്ററിനെ അകന്നും അടുത്തും കാണാൻ കഴിഞ്ഞിട്ടുണ്ട്. നല്ലൊരു സുഹൃത്തും നേതാവും അകാലത്തിൽ വിട്ടുപോയി എന്നതല്ല, കരയെടുക്കുന്ന ഫാഷിസ്റ്റ് തിരകളെ പ്രതിരോധിക്കാൻ എക്കാലവും മുന്നിൽ നിന്ന അപ്രതിരോധ്യനായ ഒരു പോരാളിയെയാണ് നഷ്ടപ്പെട്ടത്.

പീറ്റർ എന്ന പ്രതിഭാസം നമുക്കിടയിൽ ഇല്ലെങ്കിൽ, അദ്ദേഹം തുടങ്ങിവെച്ച ഒട്ടനവധി സമരങ്ങളും പോരാട്ടങ്ങളും എങ്ങനെ മുന്നോട്ട് നയിക്കും എന്നതാണ് നമ്മുടെ മുൻപിലുള്ള ഒരേയൊരു ചോദ്യം. അതിനുള്ള ഉത്തരമാണ് പീറ്ററിന്റെ ജീവിതവും സ്മരണയും നമ്മോടാവശ്യപ്പെടുന്നത്. പീറ്റർ അടങ്ങാത്ത കടലും ഒടുങ്ങാത്ത തിരയുമായി എന്നും നമ്മിലുണ്ടാകും. വിട.

Top