ബീഹാര്‍: നമ്മുടെ പരീക്ഷണ വിജയം

ജാതിയെ കള്ളികളാക്കി, ചൂഷണത്തിന്റെ ഉപാധിയാക്കി, അതിന് വെളിയിലുള്ള ഒന്നിനോടും സ്പര്‍ശിക്കാതെ നിറുത്തിയോടുത്തുനിന്നും:- ജാതി സ്വത്വത്തില്‍ നിന്നുകൊണ്ട് മതേതരത്വത്തിന്റെ പുത്തന്‍ ഭൂമിക കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട് ഈ ഫലം. അതായത്, ജാതി-മത- ഭാഷാ മൂല്യ ബോധങ്ങളെ ജാതി ബോധത്തിന്റെ കള്ളികളില്‍ നിന്നും മോചിപ്പിച്ചുകൊണ്ട് മതനിരപപേക്ഷമായ കാഴ്ചപ്പാടുകളിലേക്ക് എത്താന്‍ ശ്രമിക്കുന്നുവെന്നതാണ് അവര്‍ണ്ണ-മുസ്ലീം വോട്ടുകള്‍ ക്രോഡീകരിക്കുന്നതിലൂടെ സംഭവിച്ചിരിക്കുന്നത്. ദലിത് നേതാക്കന്മാരില്‍ പലര്‍ക്കും പുതുകാലഘട്ടം ആവശ്യപ്പെടുന്ന ചരിത്രബോധത്തിലേക്ക് ഉയരാനാവാത്തതിന്റെ സൂചനകളും ഈ ഫലത്തിലുണ്ട്. ഏതായാലും നമ്മുടെ പരീക്ഷണ വിജയം തന്നെയാണ് ബീഹാര്‍ നല്കുന്നത്. പലര്‍ക്കും ഇതില്‍ നിന്നും പലതും പഠിക്കാനുണ്ട്.

ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ രാഷ്ട്രീയ വിശദീകരണമല്ല ഇത്. ഒരു തെരഞ്ഞെടുപ്പ്, അതിന്റെ ഫലത്തിന്റെ പരിസമാപ്തിയിലെത്തുന്നതിലൂടെ അതെല്ലാം അവസാനിക്കുകയും, വിശകലനത്തിന്റെയും പഠനത്തിന്റെയും വാതായനങ്ങള്‍ തുറന്നിടുകയുമാണ് പതിവ്. ഇന്ത്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന, ബീഹാര്‍- യു.പി തെരഞ്ഞെടുപ്പുകളാകുമ്പോള്‍, അത് ചില സൂചനകള്‍ നല്കുന്നുണ്ട്. അത്തരമൊരു ചിന്തയില്‍ നിന്നാണ് ഈ കുറിപ്പ്.

മറ്റു പല തെരഞ്ഞെടുപ്പുകളിലെന്നോണം ഇപ്രാവശ്യവും വികസനമായിരുന്നു മുദ്രാവാക്യം. വികസനമെന്ന വാക്ക് ഒരമൃതോ എല്ലാത്തിനും ഒറ്റമൂലിയോ ആകുന്ന, ”തിളങ്ങുന്ന ഇന്ത്യ’യേയും’ ‘അച്ഛാ ദീന്‍”നെ സംബന്ധിച്ചും ഇതുതന്നെയാണ് യാഥാര്‍ത്ഥ്യം. വികസനം കോര്‍പ്പറേറ്റുകള്‍ക്കും മാധ്യമഭീമന്മാര്‍ക്കുമായി വഴിപിരിഞ്ഞപ്പോള്‍, ജനത്തിന്റെ അധികാരം, അഞ്ചു വര്‍ഷത്തിലൊരിക്കല്‍ അവന്‍/ അവള്‍ രാജാവാകുന്ന സമയത്തെ വിധിയെഴുത്തായി. ഇത് തങ്ങളെ ആര് ഭരിക്കണമെന്ന് എക്‌സിറ്റ് പോളുകളെപ്പോലും നിഷ്പ്രഭമാക്കി അവര്‍ പറഞ്ഞു.

ജനങ്ങള്‍ എന്ത് കേള്‍ക്കണമെന്നും, എന്തു വായിക്കണമെന്നും, എന്തും കഴിക്കണമെന്നും ഒക്കെ തീരുമാനിക്കുന്ന ഒരു ഘട്ടത്തിലായിരുന്നു ബീഹാര്‍ തെരഞ്ഞെടുപ്പ് വന്നത്. പശുവിറച്ചി തിന്നു, അല്ലെങ്കില്‍ അത് കച്ചവടം നടത്തി എന്നൊക്കെയുള്ള ആരോപണം ഉന്നയിച്ചുകൊണ്ട് ജനക്കൂട്ടം ആള്‍ക്കാരെ തല്ലിക്കൊല്ലുന്ന, അസഹിഷ്ണതയെക്കുറിച്ച് ഇന്ത്യന്‍ പ്രസിഡന്റിന് തന്നെ താക്കീതുനല്‌കേണ്ടി വന്ന ഒരവസരമായിരുന്നു അത്. വിയോജിക്കുന്നവര്‍ക്ക് പാക്കിസ്ഥാന്‍ സംവരണം ചെയ്യപ്പെട്ടു. മാത്രമല്ല സംവരണം നിറുത്തുന്നതിനെക്കുറിച്ചുള്ള സംഘപരിവാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ബി.ജെ.പിയുടെ പതനം. തിരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ബീഹാറില്‍ നിന്നും വന്ന ഈ രാഷ്ട്രീയ ഫലങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും സഹിഷ്ണതയുടെയും മതനിരപേക്ഷതയുടെയും കൊടികള്‍ ഒരിക്കല്‍ക്കൂടി പറപ്പിച്ചു. സാംസ്‌കാരികമായും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്ക്കുന്നുവെന്നു പറയുന്ന ബീഹാറി ജനതയ്ക്ക് ഇത് കഴിഞ്ഞെന്ന് ഓര്‍ക്കണം.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, ജാതിയെപ്പറ്റിയുള്ള നമ്മുടെ പരമ്പരാഗത സങ്കല്പത്തിനുതന്നെ വെല്ലുവിളി ഉയര്‍ത്തി അവര്‍ണ്ണ രാഷ്ട്രീയത്തിന്റെ വിശാല ഭൂമികയില്‍ മുസ്ലീം ജനവിഭാഗങ്ങള്‍ കൂടി അണിചേര്‍ന്നതിന്റെ ഫലമാണ് മഹാസംഖ്യത്തിന്റെ വിജയം. എക്കാലത്തും ഇന്ത്യയുടെ ഗതിവിഗതികള്‍ നിയന്ത്രിച്ചതിന്റെ പിന്നില്‍ ഇത്തരം രാഷ്ട്രീയ രസതന്ത്രങ്ങള്‍ ഉണ്ടായിരുന്നു. എപ്പോഴും പിന്നോക്കം നില്ക്കുന്ന ജനവിഭാഗങ്ങള്‍ക്കാണ് വിഭാഗീയതയും മതശത്രുതയുമില്ലാതെ ഒന്നിക്കാനാവുന്നതെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. നമ്മള്‍ ഓര്‍ക്കണം, വി.പി.സിംഗിന്റെ ഭരണകാലത്ത് കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്ക് എല്‍.കെ അദ്വാനി രഥയാത്ര നടത്തുമ്പോള്‍ മുഖ്യമന്ത്രി ഇ.കെ. നയനാരായിരുന്നു. അന്ന് അതിനെ തടയണമെന്ന് അഭിപ്രായം വന്നപ്പോള്‍, അത് തടയേണ്ടതില്ലെന്നും തടഞ്ഞാലാണ് ‘വര്‍ഗ്ഗീയത’ രൂക്ഷമാകുന്നുവെന്നതായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്. രഥമുരണ്ട സ്ഥലങ്ങളിലെല്ലാം വംശീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ അദ്വാനിയുടെ രഥയാത്ര തടഞ്ഞത് ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവായിരുന്നു. ഇതേ മുഖ്യമന്ത്രിയെ കാലിത്തീറ്റ കുംഭകോണം വന്നപ്പോള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു. അഴിമതി നിറഞ്ഞ യു.പി. എ ഗവണ്‍മെന്റിനെ മാറ്റിയാണ് ബി.ജെ.പിയെ ഇന്ത്യയിലെ ജനങ്ങള്‍ പരീക്ഷിച്ചത്. എന്നാല്‍ ഒന്നര വര്‍ഷം കൊണ്ട് ബീഹാറിലെ ജനങ്ങള്‍ മാത്രമല്ല ഇന്ത്യയിലെ മൊത്തം ജനങ്ങളും അവരുടെ കയ്യിലിരിപ്പ് തിരിച്ചറിഞ്ഞു.

ഒരുകാര്യം, മണ്ഡല്‍ കമ്മീഷന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം അപ്രസക്തം ആകുന്നതിന്റെ ശിരോലിഖിതം മൂലധനത്തിന്റെ താളുകള്‍ മറിച്ച് അന്വേഷിക്കേണ്ടതില്ല. മറിച്ച് ജനങ്ങളായിരിക്കണം അവരുടെ മൂലധനം എന്ന് അവര്‍ തിരിച്ചറിയേണ്ടതുണ്ട്. അംബേദ്കര്‍ തെളിച്ച മണ്ണിലും, വിരിച്ചിട്ട ഭരണഘടനാ ഭൂമികയിലുമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് അനന്ത വിസ്തൃതമായി ചിറകടിക്കാന്‍ കഴിയുന്നത്. അതുകൊണ്ടാണ് അവര്‍ണര്‍ക്ക് ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെപ്പറ്റി ചിന്തിക്കാനും തീരുമാനിക്കാനും കഴിയുന്നത്.

സാംസ്‌കാരികമായും, വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലുമെല്ലാം ‘ഒന്നാം ലോകരാജ്യമായി’ മാറിയ കേരളത്തില്‍ രാഷ്ട്രീയ സാക്ഷരത പൂജ്യമാണെന്ന് പലവട്ടം തെളിഞ്ഞതാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പിന്നോക്കമെന്നു വിളിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞപ്പോള്‍ അതിന്റെ മാലിന്യം കേരളം ഏറ്റെടുത്തു.

___________________________________________

ഏറ്റവും പ്രധാനപ്പെട്ട കാര്യം, ജാതിയെപ്പറ്റിയുള്ള നമ്മുടെ പരമ്പരാഗത സങ്കല്പത്തിനുതന്നെ വെല്ലുവിളി ഉയര്‍ത്തി അവര്‍ണ്ണ രാഷ്ട്രീയത്തിന്റെ വിശാല ഭൂമികയില്‍ മുസ്ലീം ജനവിഭാഗങ്ങള്‍ കൂടി അണിചേര്‍ന്നതിന്റെ ഫലമാണ് മഹാസംഖ്യത്തിന്റെ വിജയം. എക്കാലത്തും ഇന്ത്യയുടെ ഗതിവിഗതികള്‍ നിയന്ത്രിച്ചതിന്റെ പിന്നില്‍ ഇത്തരം രാഷ്ട്രീയ രസതന്ത്രങ്ങള്‍ ഉണ്ടായിരുന്നു. എപ്പോഴും പിന്നോക്കം നില്ക്കുന്ന ജനവിഭാഗങ്ങള്‍ക്കാണ് വിഭാഗീയതയും മതശത്രുതയുമില്ലാതെ ഒന്നിക്കാനാവുന്നതെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. നമ്മള്‍ ഓര്‍ക്കണം, വി.പി.സിംഗിന്റെ ഭരണകാലത്ത് കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്ക് എല്‍.കെ അദ്വാനി രഥയാത്ര നടത്തുമ്പോള്‍ മുഖ്യമന്ത്രി ഇ.കെ. നയനാരായിരുന്നു. അന്ന് അതിനെ തടയണമെന്ന് അഭിപ്രായം വന്നപ്പോള്‍, അത് തടയേണ്ടതില്ലെന്നും തടഞ്ഞാലാണ് ‘വര്‍ഗ്ഗീയത’ രൂക്ഷമാകുന്നുവെന്നതായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്. രഥമുരണ്ട സ്ഥലങ്ങളിലെല്ലാം വംശീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ അദ്വാനിയുടെ രഥയാത്ര തടഞ്ഞത് ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവായിരുന്നു. ഇതേ മുഖ്യമന്ത്രിയെ കാലിത്തീറ്റ കുംഭകോണം വന്നപ്പോള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു. അഴിമതി നിറഞ്ഞ യു.പി. എ ഗവണ്‍മെന്റിനെ മാറ്റിയാണ് ബി.ജെ.പിയെ ഇന്ത്യയിലെ ജനങ്ങള്‍ പരീക്ഷിച്ചത്. എന്നാല്‍ ഒന്നര വര്‍ഷം കൊണ്ട് ബീഹാറിലെ ജനങ്ങള്‍ മാത്രമല്ല ഇന്ത്യയിലെ മൊത്തം ജനങ്ങളും അവരുടെ കയ്യിലിരിപ്പ് തിരിച്ചറിഞ്ഞു.
___________________________________________

കഴിഞ്ഞ യു.പി.എ ഗവണ്‍മെന്റിന്റെ അഴിമതിക്ക് ഇന്ത്യയിലെ ജനങ്ങള്‍ കണക്കു ചോദിച്ചപ്പോള്‍ നമുക്ക് അതൊരു പ്രശ്‌നമായില്ല. അതാണ് മലയാളിയുടെ ഉന്നതമായ രാഷ്ട്രീയ സാക്ഷരത. കേരളത്തിലെ മാര്‍ക്‌സിസം എന്നത് ചുവപ്പില്‍ നിന്നും കാവിയിലേക്ക് മാറാവുന്ന ഒരത്ഭുത രസതന്ത്ര വിദ്യായാണെന്ന് അവര്‍ണ്ണ പക്ഷത്തുള്ള പലരും നേരത്തെതന്നെ തിരിച്ചറിഞ്ഞതും പറഞ്ഞിട്ടുള്ളതുമാണ്. ഈ പശ്ചാത്തലത്തിലാണ് ഇവിടുത്തെ ബി.ജെ.പിയുടെ വളര്‍ച്ചയും കാണേണ്ടത്.

ഗുജറാത്തിലെ മോദിയുടെ രണ്ടാംവട്ട സ്ഥാനലബ്ധിയെത്തുടര്‍ന്ന് അവിടുത്തെ സിവില്‍ പൗരസമൂഹങ്ങള്‍ തകര്‍ന്നുവെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിട്ടുണ്ട്. ആ സംസ്ഥാനത്ത് സുദീര്‍ഘ കാലമായി നിലനിന്നിരുന്ന ദലിത്- മുസ്ലീം സാഹോദര്യത്തെ പിളര്‍ന്നാണ് സംഘപരിവാര്‍ വളര്‍ന്നതെന്നും, എങ്കില്‍പോലും അവര്‍ക്ക് ഏറ്റവും അടിത്തട്ടിലേക്ക് അവരുടെ വംശീയ വിഷം പടര്‍ത്താനായിട്ടില്ലെന്നും ഗുജറാത്തില്‍ നിന്നുള്ള പല ദലിത് പ്രവര്‍ത്തകരും സൂചിപ്പിക്കുന്നു. എതിര്‍ ശബ്ദങ്ങളെ ശബ്ദങ്ങളായി കാണാതെ, ശത്രു സംഹാരം നടത്തുകയാണ് സംഘപരിവാറിന്റെ പരിചിതമായ പരിപാടി. കല്‍ബുര്‍കിക്കും പാന്‍സാരെയ്ക്കും രക്തസാക്ഷിത്വം, കെ. എസ്. ഭഗവാനും പെരുമാള്‍ മുരുകനും ഭീഷണി. പശുവിറച്ചി തിന്നുമെന്നു പറഞ്ഞ മുഖ്യമന്ത്രിയെപ്പോലും കൈകാര്യം ചെയ്യുമെന്ന വെല്ലുവിളി, എഴുതുന്ന, പൊരുതുന്ന ദലിത് എഴുത്തുകാരെയും സ്ത്രീ എഴുത്തുകാരെയും കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി. ഈ അന്തരീക്ഷം ഉണ്ടാക്കിയതില്‍ നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും പങ്കില്ലെന്നും പറഞ്ഞ് കയ്യൊഴിയാനാവില്ല. ഇക്കാര്യങ്ങളിലെവിടെയാണ് ‘ലോകാസമസ്‌തോ സുഖേനോ ഭവന്തു’

Top