പാസ്വാന്റെ രാഷ്ട്രീയം: കാൻഷിറാമിന്റെ തിരുത്ത്
ഒരുകാലത്ത് ദലിത് ബഹുജൻ ചിന്തയുടെ രാഷ്ട്രീയ മുഖമായിരുന്ന രാം വിലാസ് പാസ്വാൻ പിന്നീട് ബിജെപി പാളയത്തിൽ എത്തിപ്പെട്ടു. അത്ര ലളിതമല്ല പാസ്വാന്റെ രാഷ്ട്രീയ പരിണാമങ്ങൾ. ബീഹാറിൽ നിന്നുയർന്നു വന്ന ദലിത് ബഹുജൻ രാഷ്ട്രീയക്കാരനായ പാസ്വാന് ഒരിക്കലും ഇൻഡ്യയിലെ ലിബറൽ സവർണ പക്ഷം രാഷ്ട്രീയ മാന്യതയോ അർഹമായ ഇടമോ നൽകിയിരുന്നില്ല. മറുവശത്ത്, യുപിയിൽ കാൻഷിറാം നയിച്ച സാമൂഹിക വിപ്ലവത്തിനു സമാനമായ ഒരു മുന്നേറ്റം ബീഹാറിൽ വികസിപ്പിക്കാൻ ദലിത് ബഹുജൻ രാഷ്ട്രീയത്തിനു കഴിഞ്ഞതുമില്ല. ഈ രണ്ടു കാര്യങ്ങളും കണക്കിലെടുക്കാതെ പാസ്വാന്റെ രാഷ്ട്രീയ ജീവിതത്തെയും അതിന്റെ ജയപരാജയങ്ങളെയും വിലയിരുത്താൻ കഴിയില്ല. വിദ്യാ ഭൂഷൺ റാവത്ത് എഴുതുന്നു.
കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ അകാല മരണം ഒരു വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്; പ്രത്യേകിച്ചും ബീഹാർ രാഷ്ട്രീയത്തിൽ. വ്യക്തി പ്രഭാവമുള്ള നേതാവും, പ്രാസംഗികനും, ജനനായകനുമായ അദ്ദേഹത്തിന്റെ പാർലമെന്റ് പ്രവേശനം പല റെക്കോർഡുകളും ഭേദിച്ചുകൊണ്ടായിരുന്നു. ഹസീപുരിലെ അദ്ദേഹത്തിന്റെ റെക്കോർഡ് വിജയമുൾപ്പടെ ബീഹാറിലെ പല മണ്ഡലങ്ങളിലെയും പ്രകടനങ്ങൾ തെളിയിച്ചത് അദ്ദേഹത്തിന്റെ ജനസമ്മതിയാണ്.
മണ്ഡലിന്റെ പോരാളിയും അംബേഡ്കറൈറ്റ് അജണ്ടകളും
പാസ്വാന്റെ മികച്ച വര്‍ഷങ്ങളായി പറയാൻ കഴിയുക അദ്ദേഹത്തിന്റെ തുടക്ക കാലഘട്ടമായ 1989-90കളാണ്. അന്ന് വി.പി.സിങ് സർക്കാരിന് കീഴിലെ സാമൂഹിക നീതി ക്യാമ്പയിന് ചുക്കാൻ പിടിച്ചത് പാസ്വാനായിരുന്നു. ഒപ്പം മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന് വേണ്ടി ശക്തമായി ക്യാമ്പയിൻ നടത്തിയ അന്നത്തെ കേന്ദ്രമന്ത്രിമാരായ ശരദ് പവാറിനെ പോലുള്ളവർക്കൊപ്പം പാസ്വാന്റെ സാനിധ്യവും ഉണ്ടായിരുന്നു. സംവരണ വിരുദ്ധരുടെ അധിക്ഷേപങ്ങൾ ഏറ്റവും കൂടുതൽ ലഭിച്ചത് വി.പി.സിങ്, ശരദ് പവാർ, രാം വിലാസ് പാസ്വാൻ എന്നിവർക്കാണ്. മാത്രവുമല്ല, പ്രധാനമന്ത്രി വി.പി.സിങ് ഉപദേശങ്ങൾക്കായി ആശ്രയിച്ചിരുന്നത് പസ്വാനെയായിരുന്നു. അതിന്റെ ഫലമായാണ് അംബേഡ്കർ ശതാബ്ദി ആഘോഷങ്ങൾക്കായി കമ്മിറ്റികൾ രൂപീകരിച്ചതും ഏപ്രിൽ 14 പൊതു അവധിയായി പ്രഖ്യാപിച്ചതും പാർലമെന്റിൽ ബാബാ സാഹേബ് അംബേഡ്കറുടെ ഛായാചിത്രം സ്ഥാപിച്ചതും നവബുദ്ധമതക്കാർക്ക് സംവരണം അനുവദിച്ചതും ബാബാ സാഹേബിന് ഭാരത് രത്‌ന പ്രഖ്യാപിച്ചതുമൊക്കെ. പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും സ്വാധീനിച്ചതിൽ പാസ്വാന്റെ പങ്ക് മറക്കാൻ കഴിയുന്നതല്ല.
രാഷ്ട്രീയ പരീക്ഷണങ്ങൾ
ജെപി കാലഘട്ടത്തിലാണ് പാസ്വാൻ രാഷ്ട്രീയം തുടങ്ങിയതെങ്കിലും അദ്ദേഹം കരുത്താർജിച്ചത് 1989-90കളിലാണ്. ജനതാദളുമായി സഖ്യം അവസാനിപ്പിച് പ്രത്യേക പാർട്ടി തുടങ്ങുന്നതിലും അതിനു ശേഷം കോൺഗ്രസ് സഹായത്തോടെ സർക്കാർ ഉണ്ടാക്കുന്നതിലും വി.പി.സിങ്ങിനും ചന്ദ്രശേഖറിനുമൊപ്പം പാസ്വാൻ ശക്തമായി നിന്നു.
പാസ്വാന് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയുണ്ടായിരുന്നെകിലും ഇൻഡ്യയിൽ സ്വതന്ത്ര ദലിത് രാഷ്ട്രീയ സ്വത്വം രാഷ്ട്രീയ നേതാക്കൾക്ക് അംഗീകരിക്കാനാകാത്തതായിരുന്നു. അദ്ദേഹം ന്യായചക്ര എന്ന മാസിക ആരംഭിക്കുകയും ഇൻഡ്യയിൽ അങ്ങോളമിങ്ങോളം ഉള്ള ആളുകൾക്കൊപ്പം ‘ഭീം സേന’ രൂപീകരിക്കുകയും ചെയ്തു. നിരവധി അംബേഡ്കറൈറ്റുകളെയും ബുദ്ധിജീവികളെയും വളർത്തുകയും ഇൻഡ്യക്കകത്തും പുറത്തുമായി ദലിത്, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവയെ കുറിച്ച് നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങൾ നടത്തുകയും ചെയ്തു. ഈ സമയത്താണ് വിദേശങ്ങളിലെ സമാനചിന്താഗതിക്കാരായ അംബേഡ്കറൈറ്റുകളുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചത്. എന്നാൽ ജെപി മൂവ്മെന്റിലെ മുൻ നേതാക്കൾ ആധിപത്യം പുലർത്തിയിരുന്ന ബീഹാറിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹം അവരുമായി പൊരുത്തപ്പെടാതെ നിന്നു.
അദ്ദേഹത്തിന്റെ നിരവധി അണികൾക്കും എന്നെ പോലുള്ളവർക്കും അദ്ദേഹം പ്രധാനമന്ത്രി പദത്തിന് അർഹനാണെന്ന് തോന്നിയിരുന്നെങ്കിലും മണ്ഡലാനന്തര ബീഹാർ രാഷ്ട്രീയം അദ്ദേഹത്തെ ഒരിക്കലും അതിനനുവദിച്ചില്ല. ദലിത് ഓബിസി വിഭാഗങ്ങൾക്കായി നിലനിന്നപ്പോഴും സ്വന്തം സംസ്ഥാനത്തെ രാഷ്ട്രീയം അദ്ദേഹത്തെ എഴുതിത്തള്ളി. ബ്രാഹ്മണിക്കൽ ആധിപത്യത്തിനെതിരെ ശബ്ദം ഉയർത്തിയവരാരും പാസ്വാന് സ്ഥലം നൽകാൻ തയ്യാറായില്ല.
ഒരു വിഭാഗത്തിനൊപ്പം മാത്രം നിൽക്കുന്ന രാഷ്ട്രീയത്തിന് നിലനിൽപ്പ് സാധ്യമല്ലെന്ന് മനസിലാക്കിയ പാസ്വാൻ ഒരുപിടി രജപുത്ര നേതാക്കളെയും വളർത്തിക്കൊണ്ട് വന്നു. പിന്നീടങ്ങോട്ട് അധികാരം മാത്രമേ രാഷ്ട്രീയ പ്രസക്തി നേടിത്തരികയുള്ളു എന്ന് മനസിലാക്കി പാസ്വാൻ തന്റെ പ്രത്യശാസ്ത്രത്തിൽ പലയിടങ്ങളിലും സന്ധി ചെയ്തു. എന്നാൽ 2002ലെ ഗുജറാത്ത് വംശഹത്യയെ എതിർത്തുകൊണ്ട് എൻഡിഎയിൽ നിന്ന് പുറത്തു വന്ന് യുപിഎയിൽ ചേർന്നെങ്കിലും ആർജെഡിയും ജെഡിയും പസ്വാനിൽ അസന്തുഷ്ടരായിരുന്നു. യുപിഎയിൽ നിന്ന് ഏറെക്കുറെ പുറത്തു നിർത്തപ്പെട്ട പാസ്വാൻ പിന്നീട് വീണ്ടും എൻഡിഎയിൽ ചേർന്നു.
എന്തുകൊണ്ട് ബിജെപിക്കൊപ്പം?
ഈ സാഹചര്യത്തിൽ ഒരു കാര്യം നാമിവിടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ദലിത് രാഷ്ട്രീയക്കാർ അവരുടെ പ്രത്യയശാസ്ത്രം പണയം വച്ച് ബിജെപിയുമായി കൈകോർക്കുന്നുവെന്ന ആരോപണം പലപ്പോഴും ശക്തമായി ആരോപിക്കപ്പെടാറുണ്ട്.
ബിജെപിയിൽ ബ്രാഹ്മണരും ഠാക്കൂറുകളും ഭൂമിഹാറുകളും ഓബിസികളും ബനിയകളും മറ്റുള്ളവരും ഒക്കെയുണ്ടെങ്കിലും എപ്പോഴും ദലിതരും ദലിത് രാഷ്ട്രീയ നേതാക്കളുമാണ് പ്രത്യേകമായി വിമർശനം ഏറ്റുവാങ്ങുന്നത്. എല്ലാത്തരം രാഷ്ട്രീയ ഇടങ്ങളിലും മാധ്യമങ്ങളുമടക്കം സമ്പൂർണ കുത്തകാധികാരം കയ്യാളുന്ന മതേതര ബ്രാഹ്മണിക്കൽ ശക്തികളിൽ നിന്ന് ഈ വിമർശനം ശക്തിയോടെ ഉയർന്നു വരുന്നുണ്ട്. സ്വതന്ത്ര അംബേഡ്കറൈറ്റുകൾ ഈ മതേതര ബ്രാഹ്മണിക് ഇടങ്ങളിലെല്ലാം അന്യവൽക്കരിക്കപ്പെടുകയാണ് എന്ന വസ്തുത വിമർശകർ ഒരിക്കലും പരിഗണിക്കാറില്ല.
ഈ മതേതര സവർണ അധികാരങ്ങളിൽ ഇടം പിടിക്കുന്ന ഒന്നോ രണ്ടോ ദലിതുകൾ ഉണ്ടാകാം. എന്നാൽ അവിടെയെല്ലാം മതേതര ബ്രാഹ്മണിസത്തിന്റെ രക്ഷാധികാരം അവർക്കു മേലെ ഉണ്ടായിരിക്കും. ഇത്തരമൊരു സാഹചര്യം ദലിത് രാഷ്ട്രീയത്തിനുണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. ഞാനിത് പറയാൻ കാരണം രാം വിലാസ് പസ്വാനെന്ന കഠിനാധ്വാനിയായ, സ്വയം ഉയർന്നുവന്ന നേതാവിനെ ഇത്തരക്കാർക്ക് അംഗീകരിക്കാനാകില്ല. അർഹമായ സ്ഥാനം അവർ അദ്ദേഹത്തിനു നൽകിയിട്ടില്ല. ഇതാണ് അധികാര രാഷ്ട്രീയത്തിന്റെ ആത്യന്തികമായ പ്രശ്നം.
കാൻഷിറാമിന്റെ വഴി
ഇത് മുന്നോട്ടു വെക്കുന്ന മറ്റൊരു കാര്യം ഇടത്തും വലത്തുമുള്ള മറ്റു സവർണ രാഷ്ട്രീയ പാർട്ടികളുടെ വാലുകൾ മാത്രമാകാതെ സ്വതന്ത്ര അംബേഡ്കർ രാഷ്ട്രീയം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ്. ഈ ബ്രാഹ്മണിക്കൽ ബൗദ്ധികതയെയും രാഷ്ട്രീയത്തെയും ഇടതു-വലതു ചേരിതിരിവിനപ്പുറം കൈകാര്യം ചെയ്യാൻ കഴിഞ്ഞ ഒരാൾ മാന്യവർ കാൻഷിറാമാണ്. അദ്ദേഹമൊരിക്കലും നിലനിൽപിനായി മനുവാദി മാധ്യമങ്ങളുടെയോ പാർട്ടിയുടെയോ പിന്നാലെ നടന്നിട്ടില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവനും സ്വന്തമായി പാർട്ടിയും അതിനൊരു കേഡറും ഉണ്ടാകുന്നതിലായിരുന്നു.
ഓരോ അംബേഡ്കറൈറ്റും ഇങ്ങനെ ചിന്തിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. തീർച്ചയായും നമുക്ക് സഖ്യങ്ങൾ ആവശ്യമാണ്. എന്നാൽ ദലിതർ സ്വതന്ത്രമായി അവരുടെ ഭാവിയെ കുറിച്ച് തീരുമാനമെടുക്കുന്നത് നിരാകരിക്കുന്ന മതേതര പാർട്ടികളുടെ കൂടെ സഖ്യം സാധ്യമല്ല. സഖ്യ സാധൂകരണത്തിനു ദലിത് രാഷ്ട്രീയത്തിന്റെ സ്വതന്ത്രമായ നിലനിൽപ്പിനെ അംഗീകരിക്കേണ്ടതുണ്ട്.
കാൻഷിറാമിന്റെ തന്ത്രങ്ങളും ജനങ്ങളോടുള്ള ഇടപെടലും പ്രധാനമാണ്. അദ്ദേഹം അർപ്പണ മനോഭാവമുള്ള അംബേഡ്കറൈറ്റുകളിൽ നിന്ന് നേതാക്കളെ സൃഷ്ടിച്ചു. നമുക്ക് സ്വാതന്ത്ര്യവും ശക്തിയും ഇല്ലാത്തപക്ഷം മറ്റാരും നമ്മളെ മുഖവിലക്കെടുക്കില്ല എന്ന് അദ്ദേഹത്തിന് തീർച്ചയായിരുന്നു.
പാസ്വാന് മാധ്യമങ്ങളുമായും വരേണ്യ ബ്രാഹ്മണിക്കൽ വർഗവുമായും നല്ല ബന്ധമുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിലെ നേതാവിനെ നിലവിലെ നേതൃത്വം അംഗീകരിച്ചില്ല. വിരോധാഭാസമെന്തെന്നാൽ റെക്കോർഡ് മാർജിനിലാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയങ്ങളൊക്കെ തന്നെ. ഗിന്നസ് ബുക്കിൽ പോലും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് മാർജിൻ ഇടം പിടിച്ചിരുന്നു.
പാസ്വാൻ മായാവതിയുമായും കാൻഷിറാമുമായും അപൂർവമായേ സംസാരിച്ചിരുന്നുള്ളു. അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യത്യസ്തമായിരുന്നു. പ്രധാനമന്ത്രിയാകാൻ ശേഷിയുണ്ടായിരുന്നിരിക്കെ സ്വന്തം നിലക്ക് ബീഹാറിൽ ഇടപെടാൻ തുടങ്ങിയപ്പോൾ ബീഹാർ മുഖ്യമന്ത്രിയാക്കാൻ പോലും ആരും കണക്കിലെടുത്തില്ല. രാഷ്ട്രീയത്തിന്റെ താക്കോൽ സ്ഥാനങ്ങൾ ദലിതർക്ക് അപ്രാപ്യമാകുന്ന ഇന്ത്യൻ രാഷ്ട്രീയ സംവിധാനത്തിന്റെ ഘടനയെയാണ് ഇത് പ്രതിഫലിപ്പിച്ചത്.
യുപിയിൽ സുശക്തമായ ഒരു അംബേദ്കറൈറ് രാഷ്ട്രീയം ഉണ്ടായിരുന്നതിനാൽ സ്ഥിതി മറ്റൊന്നായിരുന്നു. എന്നാൽ ബീഹാറിലെ ദലിത് രാഷ്ട്രീയം അതിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്നു. ബ്രാഹ്മണ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ മറ്റു സമുദായങ്ങൾക്ക് ആധിപത്യം സ്ഥാപിക്കാനും ശേഷം ജാതിയിൽ താഴ്ന്നവരുടെ അവസരങ്ങൾ നിഷേധിക്കാനുമുള്ള ഒരു കേവല മാതൃകയാവരുത്.
നമുക്ക് പ്രധാനപ്പെട്ടത് ഫൂലെ-അംബേദ്‌കർ-പെരിയാർ പ്രത്യശാസ്ത്രത്തിലൂന്നിയ ഒരു വിശാല ബഹുജന സഖ്യമാണ്. പാസ്വാന് ദലിത് ബഹുജൻ പ്രത്യശാസ്ത്രത്തിലൂന്നിയ സഖ്യം രൂപീകരിക്കാനായില്ല. യുപിയിൽ രാഷ്ട്രീയപരമായി അത്രത്തോളം ശക്തരല്ലെങ്കിലും ബിഎസ്‌പിക്ക് അംബേഡ്കർ രാഷ്ട്രീയത്തിലൂന്നിയ മുന്നേറ്റം കൊണ്ടുവരാൻ കഴിഞ്ഞു.
പാസ്വാൻ നൽകുന്ന പാഠമിതാണ്: രാഷ്ട്രീയ പാർട്ടികൾ വന്നും പോയുമിരിക്കും. പക്ഷേ സാമൂഹിക സാംസ്‌കാരിക മുന്നേറ്റങ്ങൾ എന്നും നിലനിൽക്കും. ഏതൊരു രാഷ്ട്രീയ പാർട്ടിയെയും പോലെ പ്രത്യശാസ്ത്രത്തിലൂന്നിയ ഒന്നല്ല പാസ്വാന്റെ രാഷ്ട്രീയം. ഇക്കാരണത്താൽ ഇതിന്റെ ഭാവി എന്താണെന്ന് പറയുക ശ്രമകരമാണ്. മറ്റു സാമൂഹിക നീതി പാർട്ടികളിലെന്ന പോലെ സ്വജനപക്ഷപാതിത്വം പസ്വാനെതിരെയും ആരോപിക്കപ്പെട്ടിട്ടുണ്ട്.
ഇവിടെയാണ് കാൻഷിറാം നമുക്കെല്ലാം മാതൃകയാവുന്നതെന്നാണ് ഞാൻ പറയുക. അദ്ദേഹം തന്റെ എല്ലാം ഒരു മുന്നേറ്റത്തിനായി ചെലവഴിക്കുകയും അവസാനം വരെ വിനയാന്വിതനായിരിക്കുകയും ചെയ്തു. ഒരു പ്രബുദ്ധ അംബേഡ്കർ രാഷ്ട്രീയത്തിന് സമ്മിതി കിട്ടുകയും സഖ്യങ്ങളെയും കൂട്ടുകക്ഷികളെയും കണ്ടെത്തുകയും വേണം. ഒരു രാജ്യം, ഒരു സമുദായം, ഒരു മതം എന്ന രീതിയിൽ ഇൻഡ്യക്ക് മുന്നോട്ട് പോകാനാകില്ല. സഖ്യങ്ങൾ ഉണ്ടാവുകയും വിവിധ സംഘടനകളിൽ നിന്ന് നേതാക്കളെ സൃഷ്ടിക്കുകയും ചെയ്യുക മാത്രമാണ് വിജയത്തിലേക്കുള്ള വഴി. അംബേഡ്കർ രാഷ്ട്രീയത്തിന്റെ പ്രസക്തി പാർട്ടികൾ അശക്തമായാലും സമയത്തിനൊത്ത ജനങ്ങൾ ഉയരുമെന്നുള്ള പ്രതീക്ഷയാണ്. ഇതുകൊണ്ടാണ് കാൻഷിറാം ആദരിക്കപ്പെടേണ്ടത്. അദ്ദേഹം ഒരു സ്വതന്ത്ര അംബേഡ്കർ രാഷ്ട്രീയം കെട്ടിപ്പടുക്കുകയും സമാന ചിന്താഗതിക്കാരുമായി ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
ഒരു മന്ത്രിയെന്ന നിലയിൽ പാസ്വാൻ ഫലപ്രദമായിരുന്നു. എന്നാൽ അംബേഡ്കർ രാഷ്ട്രീയത്തിന് പിൻപറ്റാൻ വലുതായി ഒന്നും അദ്ദേഹം ബാക്കിവെച്ചില്ല. ഒരു മൂവ്മെന്റ് ഉണ്ടാക്കാൻ ശേഷിയുണ്ടായിരിക്കെത്തന്നെ പാസ്വാൻ അതിനായി സവിശേഷമായിട്ടൊന്നും ചെയ്തില്ല. പക്ഷേ കാൻഷിറാം ഒരു കേഡർ ഉണ്ടാക്കി. അതുകൊണ്ടാണ് ബിസ്‌പി അധികാരത്തിൽ ഇല്ലാതിരുന്നിട്ട്കൂടി അദ്ദേഹത്തിന്റെ സംഭാവനകൾ ഒരു പ്രതീക്ഷയായി, സ്വതന്ത്രമായി, രാഷ്ട്രീയ ബദലായി ഇന്നും സ്മരിക്കപ്പെടുന്നത്.
◆
ഉത്തരേന്ത്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകനാണ് ലേഖകൻ.
കടപ്പാട്: കൗണ്ടർ കറന്റ്സ്
വിവർത്തനം: ഹസീന ടി.
- https://countercurrents.org/2020/10/the-failure-to-accomodate-ram-vilas-paswan-by-social-justice-parties-in-bihar-weakened-secular-movement/