ബിഫ് നിരോധനം: ഒരു ഹൈറേഞ്ചുകാരന്റെ ആലോചനകള്‍

കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് വേണം മാംസാഹാരത്തെ കാണേണ്ടത്. മൃഗങ്ങളുടെ മാംസം രുചികരമായി തുടരുന്നിടത്തോളം കാലം അതിനെ കൊന്ന് തിന്നുക എന്നതാണ് എളുപ്പമുള്ള കാര്യം. ഗോമാംസം ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ കഴിയ്ക്കുന്നുവെന്നതാണ് ഇതിനെ ഇപ്പോള്‍ പൊതുവേദിയില്‍ എത്തിച്ചതിനു പിറകിലെ രാഷ്ട്രീയ രസതന്ത്രം. വിഘടിതവായ ഹിന്ദുമതത്തിന്റെ ഐക്യത്തിനുവേണ്ടി, ന്യൂനപക്ഷങ്ങളുടെ ഭക്ഷണരീതിയെ, വസ്ത്രത്തെ എല്ലാം നിഷേധിക്കുകയാണ്. ഇതൊരു ഭക്ഷണത്തിന്റെ ഭീകരതാവാദമാണ്. എന്തുകഴിയ്ക്കണമെന്ന് ഒരു കൂട്ടം ആള്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ നാളെ എന്തുടുക്കണമെന്നും, അത് കഴിഞ്ഞാല്‍ ആരോടൊത്ത് ശയിക്കണമെന്നും തീരുമാനിക്കുന്നിടത്തു കാര്യങ്ങള്‍ എത്തിച്ചേരും. ഇതൊരു വിദ്വേഷരാഷ്ട്രീയമാണുന്നയിക്കുന്നത്. അപരത്വത്തെ സൃഷ്ടിക്കുന്ന ഒരു പദ്ധതി. ഒരു മതത്തിന്റെ, സംസ്‌ക്കാരത്തിന്റെ അധികാരം ഇതരവിഭാഗങ്ങളിലേയ്ക്ക് അടിച്ചേല്പിക്കുന്ന പ്രതിലോമപരതയാണ് ഇതിന്റെ പിറകിലുള്ളത്.

ഇഷ്ടഭോജ്യങ്ങള്‍ വിലക്കപ്പെട്ടിരുന്ന ഒരു ഇരുണ്ടകാലം കേരളീയര്‍ക്കുണ്ടായിരുന്നു. കുഴികുത്തി ഇലയില്‍ ആഹാരംകഴിച്ച ഒരു ജനതയുടെ ചരിത്രം. അതില്‍ നിന്നും മോചനം നേടിയതിന് ദീര്‍ഘചരിത്രമൊന്നുമില്ല. ‘തമ്പുരാനെന്ന് വിളിപ്പിക്കും. പാളേയില്‍ കഞ്ഞികുടിപ്പിക്കും’ എന്നൊരു മുദ്രാവാക്യം തന്നെ കേരളം മൊത്തം മുഴങ്ങികേട്ടതാണല്ലോ.

ഭക്ഷണത്തിന്റെ ശ്രേണീബദ്ധത ജാതിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ‘എന്ത് തിന്നും’ ‘എന്ത് ഉടുക്കും’ എന്നൊന്നും ഏതെങ്കിലും വ്യക്തിയുടെ ആശങ്കയുടെ പരിസരത്ത് പോലുമുണ്ടായിരുന്നില്ല. കാരണം ജന്മംപോലെ അതും പൂര്‍വ്വ നിശ്ചിതമായിരുന്നു. ഉടുക്കാന്‍ നല്ലൊരു മുണ്ടില്ലാത്ത ജനതയ്ക്ക് അതൊന്നും സ്വപ്നം കാണാന്‍ കഴിയുമായിരുന്നില്ല.

ഭക്ഷണം, അതിന്റെ പ്രശ്‌നങ്ങള്‍ എല്ലാം രൂപപ്പെട്ടുവരുന്നത് സമീപകാലത്താണ്. അതായത്, വൈവിധ്യമാര്‍ന്ന തരത്തിലുള്ള ഭക്ഷണം നമ്മുടെ മേശമേല്‍ നിരക്കാന്‍ തുടങ്ങിയിട്ട് അധികവര്‍ഷങ്ങള്‍ ആയില്ല എന്ന് ചുരുക്കം. ആഗോളീകരണത്തിന്റെ മറ്റൊരു ഉത്പന്നമെന്ന നിലയിലാണെങ്കിലും വൈദേശിക ഭക്ഷണം നമ്മുടെയൊക്കെ സഹ്യന്‍ കടന്നു വന്നത് ഒരു പക്ഷേ; ഗള്‍ഫ് പണവുമായി ബന്ധപ്പെട്ടാണ്. കപ്പയും മീനും പുട്ടും കടലയും പൊറോട്ടയ്ക്കും തണ്ടൂരി ചിക്കനും വഴിമാറി. നമ്മള്‍ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഭക്ഷണ വൈവിധ്യങ്ങളാണ് ഇപ്പോഴുളളത്. ഒരു ജന്മം എടുത്താല്‍ പോലും തീരാത്തത്ര വൈവിധ്യങ്ങള്‍.

ജാതിയുടെ പിടിയിലമര്‍ന്ന ജനതയ്ക്ക്, ഭക്ഷണ വൈവിധ്യത്തിന്റെ തുറസായ ഭൂമികയിലേക്കുള്ള ആദ്യചുവടുവെയ്പുകളായി പന്തീഭോജനത്തെ വിലയിരുത്താവുന്നതാണ്. ജാതിയുടെയും മതത്തിന്റെയും ഉള്ളില്‍ കിടക്കുന്ന ഭക്ഷണസംസ്‌കാരത്തെ മതനിരപേക്ഷതയുടെയും ജാതിവിമുക്ത സമൂഹത്തിന്റെയും പ്രതിനിധാനങ്ങളായി മാറാന്‍ കഴിഞ്ഞുവെന്നതാണ് പന്തിഭോജനത്തിന്റെ രാഷ്ട്രീയം.

ഒന്‍പതുവയസ്സ് വരെ കാടിന്നകത്ത് ജീവിച്ചതുകൊണ്ട് പച്ചക്കറിയേക്കാള്‍ ഇഷ്ടം മാംസത്തോടായിരുന്നു. വേട്ടയാടല്‍ നിരോധിക്കാതിരുന്നതുകൊണ്ട് കാട്ടുപോത്തിന്റേയും മാനിന്റേയും ഇറച്ചി സുലഭമായിരുന്നു. അന്നൊക്കെ വേട്ടയാടാന്‍ പോകുന്നവര്‍ ഒന്നും രണ്ടും ആഴ്ചകള്‍ കഴിഞ്ഞ് ഉണക്കയിറച്ചി തലച്ചുമടായിട്ടാണ് കൊണ്ടുവന്നിരുന്നത്. വിശാലമായ കാട്ടിലെ പാറപ്പുറത്തിട്ടായിരുന്നു ഇറച്ചി ഉണക്കുന്നത്. അന്നന്നത്തെ ആവശ്യത്തിനുള്ള ഇറച്ചി എടുത്തതിന്‌ശേഷം വലിയ പാള തുന്നി അടുപ്പിന്റെ ഇരുവശങ്ങളിലായി വെച്ചിരിക്കും. സ്‌കൂളില്‍നിന്ന് വന്നാല്‍ കപ്പയോടൊപ്പം ഒരു കഷണം ഇറച്ചി ചുട്ടതും, കാന്താരിചമ്മന്തിയും ഉണ്ടാവും. മാടിനെ കൊല്ലുന്നത് വളരെ അപൂര്‍വ്വദിവസങ്ങളിലായിരുന്നു. ഈസ്റ്റിനും ക്രിസ്തുമസ്സിനും പങ്ക്കൂടി പശുവിനെ- അല്ലെങ്കില്‍ മൂരിയെവെട്ടുമായിരുന്നു. നാടന്‍മൂരിയെ കൊല്ലാന്‍ കൊണ്ടുവന്നാല്‍ നല്ല ഭക്ഷണമൊക്കെ കൊടുത്ത് ‘മെഴുപ്പിച്ച്’ എടുക്കും. അയല്‍വീട്ടിലേയും, സമീപപ്രദേശത്ത് നിന്നുള്ളവരും മൂരിവെട്ടു കാണാന്‍ വരും. ‘ഒരു ചൊട്ട എണ്ണകൊണ്ട് ശരീരംമുഴുവനും തേച്ച് പിടിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ഉടവ് തട്ടാത്ത ഉരു ആയിരിക്കണം മൂരി എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. പലപ്പോഴും ഞങ്ങളുടെ വിശാലമായ പറമ്പിന്റെ ഏതെങ്കിലുമൊരു കോണിലായിരിക്കും കശാപ്പ് നടത്തുക. വലിയ മൂരിയാണെങ്കില്‍ ഇറച്ചി വാങ്ങാന്‍ നല്ല തിരക്കായിരിക്കും.
കണക്കറിയാവുന്ന ഒരാള്‍ ഇറച്ചിവാങ്ങുന്നവരുടെ പേരും, ഇറച്ചിയുടെ തൂക്കവും കുറിച്ചുവയ്ക്കും. എല്ല് വരെ വീതംവയ്ക്കും. നാക്കിലെ തൊലിപോകുന്നത് അന്നു മിക്ക കുട്ടികള്‍ക്കും ഉണ്ടാകുന്ന ഒരു രോഗമാണ്. അതിനായി മൂരിയുടെ കരള്‍ കാടിയില്‍ കഴുകി പുഴുങ്ങുന്ന ഒരു വിദ്യ വല്യമ്മച്ചിക്കറിയാമായിരുന്നു. അതുപോലെ, കശാപ്പ്‌ചെയ്ത മൃഗത്തിന്റെ പതവ് (ശ്വാസകോശം) എണ്ണയൊന്നുംചേര്‍ക്കാതെ, കുരുമുളകും ഉപ്പും ചേര്‍ത്തു തരുമായിരുന്നു. രുചിയില്ലാത്ത, കടലാസ്തിന്നുന്നതുപോലെ തോന്നും അത് കഴിയ്ക്കുമ്പോള്‍. എന്നാലും കുട്ടികളെ നിര്‍ബന്ധിച്ച് അവരുടെ മാതാപിതാക്കള്‍ അത് തീറ്റിയ്ക്കുമായിരുന്നു.

മറ്റൊരുവിഭവം; വാരിയെല്ല് ഉണക്ക് കപ്പയില്‍ പുഴുങ്ങി എടുക്കുന്ന പണിയാണ്. ഇന്നത്തെ കപ്പ ബിരിയാണി എന്ന പേരിലറയപ്പെടുന്ന വസ്തുവിന്റെ ആദ്യരൂപം. വലിയ തടി മുട്ടിയില്‍ നല്ല മൂര്‍ച്ചയുള്ള വാക്കത്തികൊണ്ട് വെട്ടിചെറുതാക്കിയാണ് കപ്പയിലിടുന്നത്. നല്ല ചൂടോടെ വേണമായിരുന്നു ഇത് കഴിക്കാന്‍. തണുത്താല്‍ നെയ് ഉറഞ്ഞ് കഴിക്കാനാവാത്ത അവസ്ഥയുണ്ടാവും. ഹൈറേഞ്ചിന്റെ തണുപ്പന്‍ അന്തരീക്ഷത്തില്‍ നാലോ അഞ്ചോ പ്രാവശ്യം ചൂടാക്കിയാലും കുഴപ്പമില്ലായിരുന്നു. അതൊക്കെ വീട്ടില്‍വരുന്നവര്‍ക്കും കൊടുക്കുമായിരുന്നു. ഇതൊക്കെ കുട്ടിക്കാലത്തെ ഓര്‍മ്മകളാണ്.

പിന്നീട് വനത്തില്‍നിന്നും നഗരത്തിലേക്ക് ഇറങ്ങിയപ്പോഴാണ് ഗോമാംസം സ്ഥിരമായി ഭക്ഷണത്തിലേക്ക് വരുന്നത്. ഞായറാഴ്ചകളില്‍ പള്ളിയില്‍പോയി തിരികെവരുമ്പോള്‍ 2 കിലോ ഇറച്ചിയുമായിട്ടാണ് ഗൃഹനാഥന്മാര്‍ എത്തിയിരുന്നത്. ഞായറാഴ്ചകളില്‍ എന്തെങ്കിലും കാരണവശാല്‍ ഇറച്ചിവാങ്ങാന്‍ കഴിയാതെവന്നാല്‍ ‘ഇറച്ചി വാങ്ങിക്കാത്ത അപ്പന്‍ ഞങ്ങളുടേതല്ല” എന്ന മുദ്രാവാക്യം പോലും ഞങ്ങള്‍ വിളക്കുമായിരുന്നു. അപ്പന്റെ അസാന്നിധ്യത്തിലാണെന്ന്മാത്രം.

____________________________
ചത്ത പശുവിനെ തിന്നേണ്ടത് ഒരു പ്രത്യേകവിഭാഗത്തിന്റെ അവകാശമായി ചാര്‍ത്തുന്നതിലൂടെ അതിനെ നിഷേധിക്കുന്നത് നിലനില്‍ക്കുന്ന വ്യവസ്ഥിതിയോട് കലഹിക്കുന്നതായി പരിഗണിക്കപ്പെടുന്നു. അതായത്, ഭക്ഷണത്തിന് സര്‍വ്വവ്യാപനമുണ്ടെന്ന് പറയുമ്പോഴും അതിലന്തര്‍ഭവിച്ചുകിടക്കുന്ന ഭരണകൂടത്തിന്റെ അദൃശ്യഹസ്തങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നില്ലെന്ന് ചുരുക്കം.
____________________________

ബോയിലര്‍കോഴി ഹൈറേഞ്ചിന്റെ ഗ്രാമങ്ങളില്‍പോലുമെത്തിയെങ്കിലും ഞായറാഴ്ചകളിലെ ഇറച്ചിക്കച്ചവടത്തിന് ഒരു ഉടവും തട്ടിയിട്ടില്ല. ഒരു നിശ്ചിത വലുപ്പത്തില്‍ മുറിക്കുന്ന കോഴിക്കഷണത്തേക്കാള്‍ കുറേക്കൂടി ഒത്തിരി ആള്‍ക്കാര്‍ക്ക്‌കൊടുക്കാന്‍ കഴിയും പോത്തിറച്ചി. കാരണം അതിനോടൊപ്പം സവാളയും ഉരുളക്കിഴങ്ങും ചേര്‍ക്കാം.
കോഴിയിറച്ചിയില്‍ അത് നടക്കാത്തതുകൊണ്ട് ഞങ്ങല്‍ക്ക് ഇന്നും ബീഫിനോടാണ് താല്പര്യം.
സമൂഹം ജാതി ഉപജാതികളായി വിഭജിതമാവുമ്പോള്‍ അവര്‍ കഴിക്കുന്ന ഭക്ഷണത്തിനും ജാതിയുണ്ടാകുന്നു. കപ്പ തീനി, കഞ്ഞികുടി എന്നി പദങ്ങള്‍ ഇന്ന് പൊതുസമൂഹത്തില്‍ ഒരു കീഴാളസ്വഭാവമാര്‍ജ്ജിക്കുകയും ചപ്പാത്തിയും ചിക്കനും ന്യൂഡില്‍സും വരേണ്യനാവുകയും ചെയ്തു, ഒരു കാലത്തെ ദലിതദൈവങ്ങള്‍ ആര്യവത്ക്കരണത്തിന് വിധേയമായതുപോലെ. അങ്ങനെയാണ് ഗോമാംസം ഒരു കീഴാളസ്വഭാവമാര്‍ജ്ജിക്കുന്നത്.

ചത്ത പശുവിനെ തിന്നേണ്ടത് ഒരു പ്രത്യേകവിഭാഗത്തിന്റെ അവകാശമായി ചാര്‍ത്തുന്നതിലൂടെ അതിനെ നിഷേധിക്കുന്നത് നിലനില്‍ക്കുന്ന വ്യവസ്ഥിതിയോട് കലഹിക്കുന്നതായി പരിഗണിക്കപ്പെടുന്നു. അതായത്, ഭക്ഷണത്തിന് സര്‍വ്വവ്യാപനമുണ്ടെന്ന് പറയുമ്പോഴും അതിലന്തര്‍ഭവിച്ചുകിടക്കുന്ന ഭരണകൂടത്തിന്റെ അദൃശ്യഹസ്തങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നില്ലെന്ന് ചുരുക്കം.

കീഴാള ജനതയുടെ അവശ്യഘടകമായി അവര്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്ന, വില കുറഞ്ഞ പ്രോട്ടീനാണ് ഇറച്ചി. പശുവിനെ മാതാവായി, ദൈവമായി കാണുന്ന അതേ ആള്‍ക്കാര്‍ക്ക് ദളിതനെ ചുട്ടുകൊല്ലുന്നതില്‍ ഒരു പ്രശ്‌നവും തോന്നുന്നില്ല. അവരാരും ഗോമാംസ ഭക്ഷണക്കാരല്ല. തികച്ചും സാത്വികമെന്ന് വിളിയ്ക്കപ്പെടുന്ന സസ്യാഹാരികള്‍!

ആര്യന്മാര്‍ ആദികാലങ്ങളില്‍ ഗോമാംസം കഴിച്ചിരുന്നുവെന്ന് തെളിവുകളുണ്ട്. ബ്രാഹ്മണര്‍ മത്സ്യവും മാംസവും കഴിക്കുമായിരുന്നുവെന്നു ഡി.ഡി.കോസാംബിയും അംബേദ്ക്കറും എഴുതിയിട്ടുണ്ട്. ഭക്ഷണമെന്നത് ഓരോ ഭൂപ്രദേശം, കാലാവസ്ഥ, സാംസ്‌കാരിക പശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതാണ്. ഒരു കാലത്ത് ഹൈറേഞ്ച് മേഖലയില്‍ പച്ചമീന്‍ കിട്ടുന്നത് വളരെ അപൂര്‍വ്വമായിരുന്നു. ഏതൊരു കോണിലും ഉണക്കമീന്‍ ലഭിക്കുന്ന കടകളുണ്ടായിരുന്നു, ഇപ്പോഴും ഇതുപോലെ ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങള്‍ നമ്മുടെ ഭക്ഷണശീലങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതെന്ന് പറയാനാണ് മുകളില്‍ കാണിച്ച ഉദാഹരണങ്ങള്‍ കൊണ്ട് വ്യക്തമാക്കിയത്. സസ്യാഹാരത്തിന്റെ വ്യാപനത്തിന് കാരണം കേരളത്തിലെ ബൗദ്ധ-ജൈന പാരമ്പര്യങ്ങളായിരിക്കാം.

ഹൈന്ദവത്ക്കരണത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ടാണ് ദേശീയ പ്രസ്ഥാനത്തിന്റെ വികാസം ഉണ്ടാകുന്നത്. ഗാന്ധിജി ഒരു സവര്‍ണ്ണഹിന്ദുഎന്നതിലുപരിയായി ചാതുര്‍വര്‍ണ്യ പാരമ്പര്യം നിലനിന്ന് കാണുന്നതില്‍ വളരെ ആഗ്രഹം പ്രകടിപ്പിച്ചയാളാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിരവധി ആശ്രമങ്ങള്‍ ഉണ്ടായപ്പോള്‍ അവിടുത്തെ ഭക്ഷണം സസ്യാഹാരമായി മാറിയതും കേവലം യാദൃശ്ചികതയായിരുന്നില്ല. ഗാന്ധിജി മാംസഭക്ഷണം കഴിക്കുന്നതിനെ എതിര്‍ത്തപ്പോള്‍, ഇത്തരമൊരു ചെറിയ കാര്യത്തില്‍പ്പോലും ഉദാരസമീപനം കൈക്കൊള്ളാന്‍ കഴിയാത്ത ദുര്‍ബ്ബല മനുഷ്യന്‍ എങ്ങനെയാണ് ദേശീയ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതെന്ന ചോദ്യം നേരിടേണ്ടിവന്നിട്ടുണ്ട്. ഏറ്റവുംവലിയ ഹിന്ദുനേതാവായ സവര്‍ക്കര്‍ ഗോമാംസം കഴിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍; ശ്രേണീബദ്ധമായ ഭക്ഷണസംസ്‌ക്കാരം ആവിര്‍ഭവിച്ചതോട്കൂടിയാണ് ഗോമാംസത്തില്‍ അവര്‍ണത്വവും സസ്യാഹാരത്തില്‍ സവര്‍ണ്ണത്വവും ദര്‍ശിക്കപ്പെട്ടത് പില്ക്കാലത്ത് അതിനെ മതവുമായി ബന്ധപ്പെടുത്തുകയാണ് ചെയ്തതും.

കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് വേണം മാംസാഹാരത്തെ കാണേണ്ടത്. മൃഗങ്ങളുടെ മാംസം രുചികരമായി തുടരുന്നിടത്തോളം കാലം അതിനെ കൊന്ന് തിന്നുക എന്നതാണ് എളുപ്പമുള്ള കാര്യം.

___________________________
കാളയിറച്ചി കയറ്റുമതി ചെയ്യുന്ന 2-ാം രാജ്യമാണ് ഇന്ത്യ. പലരുടെയും ജീവിതം വഴിമുട്ടുകയാണ്. എങ്കില്‍പോലും തൊഴില്‍പ്രശ്‌നം മാത്രമായി ഇതിനെ കാണാന്‍ പറ്റില്ല. നമ്മുടെ അടുക്കളയെങ്കിലും ഫാസിസത്തില്‍ നിന്ന് വിടുവിയ്‌ക്കേണ്ടതുണ്ട്. അതിന്റെ പ്രതിഫലനമാണ് ബീഫ് നിരോധനത്തിന് എതിരെയുള്ള ശബ്ദമായി മുഴങ്ങുന്നത്. അത്തരം നീക്കങ്ങളെ ഏതാനും ആള്‍ക്കാരുടെ ഭക്ഷണശീലമായി, അവരുടെ ആഹാരം കഴിക്കാനുളള സ്വാതന്ത്ര്യം മാത്രമായി ചുരുക്കികാണാതിരിക്കാന്‍ ശ്രമിക്കുക.
___________________________ 

ഗോമാംസം ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ കഴിയ്ക്കുന്നുവെന്നതാണ് ഇതിനെ ഇപ്പോള്‍ പൊതുവേദിയില്‍ എത്തിച്ചതിനു പിറകിലെ രാഷ്ട്രീയ രസതന്ത്രം. വിഘടിതവായ ഹിന്ദുമതത്തിന്റെ ഐക്യത്തിനുവേണ്ടി, ന്യൂനപക്ഷങ്ങളുടെ ഭക്ഷണരീതിയെ, വസ്ത്രത്തെ എല്ലാം നിഷേധിക്കുകയാണ്. ഇതൊരു ഭക്ഷണത്തിന്റെ ഭീകരതാവാദമാണ്. എന്തുകഴിയ്ക്കണമെന്ന് ഒരു കൂട്ടം ആള്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ നാളെ എന്തുടുക്കണമെന്നും, അത് കഴിഞ്ഞാല്‍ ആരോടൊത്ത് ശയിക്കണമെന്നും തീരുമാനിക്കുന്നിടത്തു കാര്യങ്ങള്‍ എത്തിച്ചേരും. ഇതൊരു വിദ്വേഷരാഷ്ട്രീയമാണുന്നയിക്കുന്നത്. അപരത്വത്തെ സൃഷ്ടിക്കുന്ന ഒരു പദ്ധതി. ഒരു മതത്തിന്റെ, സംസ്‌ക്കാരത്തിന്റെ അധികാരം ഇതരവിഭാഗങ്ങളിലേയ്ക്ക് അടിച്ചേല്പിക്കുന്ന പ്രതിലോമപരതയാണ് ഇതിന്റെ പിറകിലുള്ളത്. മഹാരാഷ്ട്രയില്‍ അടുത്ത കാലത്ത് മുസ്ലീങ്ങള്‍ക്കുള്ള സംവരണം എടുത്ത് കളഞ്ഞതും ഇതിന്നോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ബി.ജെ.പി. ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നു.

കാളയിറച്ചി കയറ്റുമതി ചെയ്യുന്ന 2-ാം രാജ്യമാണ് ഇന്ത്യ. പലരുടെയും ജീവിതം വഴിമുട്ടുകയാണ്. എങ്കില്‍പോലും തൊഴില്‍പ്രശ്‌നം മാത്രമായി ഇതിനെ കാണാന്‍ പറ്റില്ല. നമ്മുടെ അടുക്കളയെങ്കിലും ഫാസിസത്തില്‍ നിന്ന് വിടുവിയ്‌ക്കേണ്ടതുണ്ട്. അതിന്റെ പ്രതിഫലനമാണ് ബീഫ് നിരോധനത്തിന് എതിരെയുള്ള ശബ്ദമായി മുഴങ്ങുന്നത്. അത്തരം നീക്കങ്ങളെ ഏതാനും ആള്‍ക്കാരുടെ ഭക്ഷണശീലമായി, അവരുടെ ആഹാരം കഴിക്കാനുളള സ്വാതന്ത്ര്യം മാത്രമായി ചുരുക്കികാണാതിരിക്കാന്‍ ശ്രമിക്കുക.

Top