‘പാരമ്പര്യ’ത്തിന്റെ അടി പൊളിക്കുന്ന സിനിമാറ്റിക് ഡാന്‍സ്

സവർണ/വരേണ്യ കലാവ്യഹാരങ്ങളെയും ഇപ്പുറത്ത് എസെൻഷ്യലിസ്റ്റ് (essentialist )ആയ അവര്‍ണ വ്യവഹാരങ്ങളെയും സിനിമാറ്റിക് ഡാൻസ് കുഴയ്ക്കുന്നു. അത്തരം ശുദ്ധമായ രണ്ടു ലോകങ്ങള്‍ ഉണ്ടെന്ന ബോധത്തെ അതു മറികടക്കുന്നു. ശാസ്ത്രീയം/നാടന്‍ എന്ന തനിമകളില്‍ അല്ല അതു നില്ക്കുന്നത്. അത്തരം സങ്കല്പങ്ങളെ മലിനപ്പെടുത്തിക്കൊണ്ട് ചില പുതിയ സാധ്യതകള്‍ സിനിമാറ്റിക് ഡാൻസ് തരുന്നു.

‘നൃത്തം ശരീരത്തിന്റെ ആനന്ദമോ?’ എന്ന കവര്‍ സ്റ്റോറിയുടെ ഭാഗമായി കപില വേണു, രാജശ്രീ വാര്യര്‍, നീന പ്രസാദ്, ശ്രീലക്ഷ്മി ഗോവര്‍ധന്‍ ഈ നാലു നര്‍ത്തകരുമായി സൌമ്യ ആര്‍ കൃഷ്ണ നടത്തിയ അഭിമുഖങ്ങള്‍ ഈ ലക്കം (ജൂണ്‍ 25 ) മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി,മോഹിനിയാട്ടം എന്നീ നൃത്തരൂപങ്ങളില്‍ പ്രശസ്തരാണിവര്‍. ഈ അഭിമുഖങ്ങളോടു പ്രതികരിച്ചു കൊണ്ട്  ഫേസ്ബുക്ക് പോസ്റ്റിടുകയും ചര്‍ച്ച ചെയ്യുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.  ഒരു സമഗ്ര ലേഖനത്തേക്കാളുപരി, വിശദമായി ആലോചിക്കുകയും വികസിപ്പിക്കുകയും പഠിക്കുകയും ചെയ്യേണ്ട ചില പോയിന്റുകള്‍ സൂചിപ്പിക്കാനാണു ശ്രമിക്കുന്നത്.

നൃത്തത്തെക്കുറിച്ചുള്ള പ്രസ്തുത സംഭാഷണങ്ങള്‍ അത്രയൊന്നും ആഴത്തില്‍ ഒരു വിഷയവും പറയുന്നില്ലെങ്കിലും ചില പ്രത്യേക വ്യവഹാരങ്ങളെ ഊട്ടിയുറപ്പിക്കുകയും ചില ‘ഒഴിവാക്കലുകള്‍’ നടത്തുന്നതായും ചെയ്യുന്നുണ്ടെന്നു തോന്നി. ഒഴിവാക്കലുകള്‍ എന്നുദ്ദേശിച്ചത് ഈ സംഭാഷണങ്ങള്‍, ‘ശ്രേഷ്ഠകല’ എന്ന  ശുദ്ധമായ ഒരിടം നിര്‍മിക്കാന്‍,  ‘എക്സ്ക്ലൂസീ’വായ ഒരിടം നിര്‍മിക്കാന്‍ വളരെ കൃത്യമായ  തെരഞ്ഞെടുപ്പു നടത്തുന്നുണ്ട് എന്നതാണ്. ഈ ഒഴിവാക്കല്‍, വാസ്തവത്തിൽ ഈ ശ്രേഷ്ഠകലകളുടെ ധര്‍മസങ്കടമാണു സൂചിപ്പിക്കുന്നത്; അല്ലാതെ ഒഴിവാക്കപ്പെടുന്നവയ്ക്ക് ഒരു നഷ്ടവും അതുണ്ടാക്കുന്നില്ല. സിനിമാറ്റിക് ഡാന്‍സ് എന്തുകൊണ്ട് ഇതില്‍ ഇടം പിടിച്ചില്ല എന്നതായിരുന്നു ഉന്നയിക്കാന്‍ ശ്രമിച്ച ഒരു ചോദ്യം. ഉത്തമ നൃത്തങ്ങള്‍ എന്നവകാശപ്പെടുന്ന മേല്പറഞ്ഞ നൃത്തങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ക്ക് സിനിമാറ്റിക് ഡാന്‍സിനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടു തന്നെയാണ് സിനിമാറ്റിക് ഡാന്‍സ് പേടിയുണ്ടാക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  നിരോധിക്കുന്നതിലേക്കും  ഒക്കെ എത്തുന്നത്. സിനിമാറ്റിക് ഡാന്‍സ് നിരോധനം, പാരമ്പര്യ കലകളെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നു സര്‍ക്കാര്‍ പറയുന്നതില്‍ നിന്നുതന്നെ വ്യക്തമാണ് , ഈ പറയുന്ന “ശ്രേഷ്ഠ/പാരമ്പര്യ/ശാസ്‌ത്രീയ” കലകളുടെ സംരക്ഷണം ആണ് നിരോധനത്തിലൂടെ സര്‍ക്കാര്‍/ഭരണകൂടം ലക്‌ഷ്യം വെക്കുന്നതെന്ന്. അതിനൊരു കാരണമുണ്ട്.  കൊട്ടാരങ്ങള്‍ അടക്കമുള്ള പരമ്പരാഗത രക്ഷാധികാരത്തിനു പുറത്തേക്കു വന്നതിനു ശേഷം, ബ്രാഹ്മണ സഭകളും മദ്രാസ് മ്യൂസിക് അക്കാദമിയും കലാക്ഷേത്രയും പുണെ ഭാരത് ഗായന്‍ സമാജും ആയിരുന്നല്ലോ “സംഗീത”ത്തിന്റെയും “നൃത്ത”ത്തിന്റെയും ആധുനിക രക്ഷാധികാരികള്‍. എന്നാല്‍ ഏറ്റവും വലിയ രക്ഷാധികാരികള്‍ സര്‍ക്കാര്‍ തന്നെയായിരുന്നു. ദേശീയവാദ പ്രസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട വിഷയമായിരുന്നല്ലോ ഈ കലകളുടെ സംരക്ഷണം. ജാതിയും ദേശീയവാദവും “വിശുദ്ധ/കുടുംബ/ദേശീയ സ്ത്രീ” സങ്കല്‍പ്പങ്ങളുമെല്ലാം ചേര്‍ന്ന ഈ കലകളുടെ ചരിത്രത്തിന്റെ തുടര്‍ച്ച  സര്‍ക്കാര്‍ രക്ഷാധികാരത്തിലും കാണാം. അതവിടെ നില്‍ക്കട്ടെ.

ഈ ശ്രേഷ്ഠകലകളുടെ ചരിത്രമോ അതിന്റെ ധാര്‍മിക മൂല്യങ്ങളോ ഒന്നും സിനിമാറ്റിക് ഡാന്‍സിനു വിഷയമല്ല. ഈ ചരിത്രത്തിന്റെ എതിര്‍സ്ഥാനത്തു നില്‍ക്കാന്‍ അതിനു താല്പര്യമില്ല. അതിനു് അതിന്റേതായ ചരിത്രമുണ്ട്, വര്‍ത്താനമുണ്ട്.  സമകാലീനതയാണ് അതിന്റെ കരുത്തു്.
നൃത്തത്തെക്കുറിച്ചു സംസാരിക്കുന്നതിന്റെ ഫോകസ് മാറ്റാന്‍ പറ്റുമോ എന്നാണു ഞാന്‍ നോക്കുന്നത്. “ശാസ്ത്രീയ” നൃത്തങ്ങളുടെ കാര്യത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടു സിനിമാറ്റിക് ഡാന്‍സിനെക്കുറിച്ചു സംസാരിക്കുന്നതിനു പകരം അതിനെക്കുറിച്ചു സംസാരിച്ചു കൂടെ?

ഒന്ന്) സിനിമാറ്റിക് ഡാന്‍സ് എന്ന നൃത്തരൂപം
അങ്ങനെ കൃത്യമായി അടയാളപ്പെടുത്താന്‍ പറ്റുന്ന, പൂര്‍ണമായി നിര്‍മിക്കപ്പെട്ട അടഞ്ഞ (ഒറ്റ) രൂപമല്ല അത്. പല നൃത്തഗണങ്ങളെ കൂട്ടിക്കുഴക്കുന്ന,  അയഞ്ഞ, സ്വതന്ത്ര ശൈലിയാണ് അതിനുള്ളത്. മൈക്കില്‍ ജാക്സന്റെ നൃത്ത ശൈലിമുതല്‍, ഭരതനാട്യം, ഭാങ്ഗ്ര, ലാവണി, ട്വിസ്റ്റ്‌, ഹിപ് ഹോപ്‌ എന്നിങ്ങനെ പല തരം നൃത്തരൂപങ്ങള്‍ ഇടകലര്‍ത്തപ്പെടുന്നു അതില്‍. പല രീതിയിലുള്ള പങ്കുവെക്കലുകള്‍ സാധ്യമായ  സാംസ്കാരിക ഇടപെടലായി അതിനെ കാണാം. അതേസമയം തന്നെ മറ്റു നൃത്ത രൂപങ്ങളെപ്പോലെ സ്വതന്ത്ര രൂപവുമാണ്.

അഞ്ചു മിനിറ്റിനടുത്തു വരുന്ന  സിനിമാപ്പാട്ട് ഡാന്‍സിനുള്ളില്‍ ചിലപ്പോള്‍  ഇരുപത്തഞ്ചു നൃത്ത ശൈലികള്‍ /സ്റ്റെപ്പുകള്‍ കാണും. ആ മൂവ്മെന്റുകള്‍ക്കു പല പേരുകളും കാണും. ആ നൃത്ത ശൈലികളെ പ്രത്യേകം തിരിക്കേണ്ട കാര്യമില്ല. അവ പല ക്രമത്തിൽ വരാം. സ്റ്റെപ്പുകളും അതിന്റെ മൂവ്മെന്റുകളും  ഉണ്ടാക്കുന്ന ദൃശ്യ ഭംഗിയാണു പ്രധാനം.

രണ്ട്) നൃത്ത ശൈലികളുടെ അതിരു ഭേദിക്കുന്നു.

അഞ്ചു മിനിറ്റിനടുത്തു വരുന്ന  സിനിമാപ്പാട്ട് ഡാന്‍സിനുള്ളില്‍ ചിലപ്പോള്‍  ഇരുപത്തഞ്ചു നൃത്ത ശൈലികള്‍ /സ്റ്റെപ്പുകള്‍ കാണും. ആ മൂവ്മെന്റുകള്‍ക്കു പല പേരുകളും കാണും. ആ നൃത്ത ശൈലികളെ പ്രത്യേകം തിരിക്കേണ്ട കാര്യമില്ല. അവ പല ക്രമത്തിൽ വരാം. സ്റ്റെപ്പുകളും അതിന്റെ മൂവ്മെന്റുകളും  ഉണ്ടാക്കുന്ന ദൃശ്യ ഭംഗിയാണു പ്രധാനം.

മൂന്ന്) മുദ്രകളുടെ ആശയഭാരമില്ല; ശരീരം ആണു പ്രധാനം
മുദ്രകളിലൂടെ ആശയത്തെ സംവദിക്കേണ്ട ബാധ്യത അതിനില്ല. ശരീരത്തിന്റെ ചലന സാധ്യതകളും ബീറ്റുമാണു പ്രധാനം.

നാല്) ലിംഗപരമായ അതിരുകളെ ഭേദിക്കുന്നു
മറ്റു പല നൃത്ത രൂപങ്ങളില്‍ നിന്നു വ്യത്യസ്തമായി ആണുങ്ങള്‍/ പെണ്ണുങ്ങള്‍/ ട്രന്‍സ്ജെൻഡറുകള്‍ ഇവരെല്ലാം ഒന്നിച്ചു നൃത്തം ചെയ്യുന്നു, ക്രോസ് ഡ്രസ്സിങ് ചെയ്യുന്നു. പെണ്‍കുട്ടികളുടെ വേഷത്തില്‍ത്തന്നെ ഒരുപാടു വ്യത്യസ്തതകള്‍ ഉണ്ട്.

അ‍ഞ്ച്) സദാചാര സങ്കല്‍പ്പങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നു
സ്റ്റെപ്പുകളും വസ്ത്രങ്ങളും സദാചാരത്തിന്റെ പരിധികളില്‍ ഒതുങ്ങാൻ ശ്രമിക്കുന്നില്ല. അതുകൊണ്ടു തന്നെയാണ് ഇതിനെ ‘വള്‍ഗര്‍’ എന്ന്  ആക്ഷേപിക്കാന്‍ പലരും ശ്രമിക്കുന്നത്.

ആറ്) ചരിത്രത്തിന്റെ ഭാരമില്ല.
കലകളുടെ ചരിത്രത്തോടോ പാരമ്പര്യത്തോടോ കൂറു പുലര്‍ത്തേണ്ട ബാധ്യത അതിനില്ല. ഭരതനാട്യമോ കുച്ചിപ്പുടിയോ കഥകളിയോ- എന്തായാലെന്ത്? ആവശ്യമെങ്കില്‍ അവയുടെ സ്റ്റെപ്പ് എടുക്കും, അവയിലെ മുദ്രകള്‍ ആ അര്‍ഥങ്ങളില്‍ നിന്നു മാറ്റി മൂവ്മെന്റിന്റെ രസത്തിനു് ഉപയോഗിക്കും. പാരമ്പര്യ/ശ്രേഷ്ഠ കല എന്ന  തേജോവലയം ഇല്ലാതെ തന്നെയാണ് ആസ്വാദനം സാധ്യമാക്കുന്നത്.

ഏഴ്) ദൃശ്യപരമായ/ശ്രവ്യപരമായ പൊലിപ്പിക്കല്‍
തിളങ്ങുന്ന വസ്ത്രങ്ങള്‍, മിന്നുന്ന ലൈറ്റുകള്‍, അടിപൊളി പാട്ടും സൌണ്ടുമായി ഓരോ പെര്‍ഫോര്‍മനസും ഓരോ ഇവന്റ് ആയി മാറ്റുന്നു. “നൃത്തം” എന്നു പറയുന്ന  ശാരീരിക/ദൃശ്യ ഇടപെടലില്‍ മാത്രമല്ല അതു നില്‍ക്കുന്നത്. ഒരു അടിപൊളി അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്.

സിനിമാറ്റിക് ഡാന്‍സ്  നല്‍കുന്ന സാധ്യതകള്‍ അനേകമാണ്. പ്രൊഫഷനല്‍ ഡാൻസുകാര്‍ തീവ്രമായ പരിശീലനം ചെയ്തു് പലതരം സ്റ്റെപ്പുകള്‍ ആഴത്തില്‍ മനസിലാക്കി, ഒരു കലാമേഖലയായി കണ്ടുകൊണ്ടു നില്‍ക്കുന്നു. എന്നാല്‍ അതേസമയം, സ്കൂളിലോ സ്ഥാപനങ്ങളിലോ നൃത്തം ചെയ്യാന്‍ കഴിയുന്നവരും അല്ലാത്തവരും, അഭ്യസിച്ചിട്ടുള്ളവരും അല്ലാത്തവരും ഒക്കെ ചേര്‍ന്ന് പെട്ടന്നൊരു ഐറ്റം കമ്പോസ് ചെയ്തു കളിക്കുന്നുമുണ്ട്. ഫ്ലാഷ് മോബ് പോലുള്ള സാധ്യതകളുമുണ്ട്.

എട്ട്) സ്വായത്തമാക്കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍

സിനിമാറ്റിക് ഡാന്‍സ്  നല്‍കുന്ന സാധ്യതകള്‍ അനേകമാണ്. പ്രൊഫഷനല്‍ ഡാൻസുകാര്‍ തീവ്രമായ പരിശീലനം ചെയ്തു് പലതരം സ്റ്റെപ്പുകള്‍ ആഴത്തില്‍ മനസിലാക്കി, ഒരു കലാമേഖലയായി കണ്ടുകൊണ്ടു നില്‍ക്കുന്നു. എന്നാല്‍ അതേസമയം, സ്കൂളിലോ സ്ഥാപനങ്ങളിലോ നൃത്തം ചെയ്യാന്‍ കഴിയുന്നവരും അല്ലാത്തവരും, അഭ്യസിച്ചിട്ടുള്ളവരും അല്ലാത്തവരും ഒക്കെ ചേര്‍ന്ന് പെട്ടന്നൊരു ഐറ്റം കമ്പോസ് ചെയ്തു കളിക്കുന്നുമുണ്ട്. ഫ്ലാഷ് മോബ് പോലുള്ള സാധ്യതകളുമുണ്ട്.സൂപ്പര്‍ ഡാന്‍സര്‍ ആയി വിജയിച്ച പ്രശാന്ത്‌ പറയുന്ന പോലെ, ഒരു സിനിമാറ്റിക് ഡാന്‍സ് കളിക്കുമ്പോള്‍ സ്റ്റെപ്പ് തെറ്റിയാല്‍ മറ്റൊരു സ്റ്റെപ്പ് ഇട്ടു കളിക്കും . ആ സ്പോട്ടില്‍ പുതിയ സ്റ്റെപ്പ് ഇടും . എന്നാല്‍ ക്ലാസിക്കലിലാണെങ്കില്‍ സ്റ്റെപ്പ് തെറ്റിയാല്‍ ഉടൻ ടീച്ചറിന്റെ അടിയാണ്  (3d stereo caste ,2012). എളുപ്പത്തില്‍ സമീപിക്കാനുള്ള ഈ സാധ്യത പോപ്പുലര്‍ സംസ്കാരത്തിന്റെ സാധ്യതയാണ്. പങ്കുവെക്കലും പല തരത്തിലുള്ള കൂടി ച്ചേരലും അതിന്റെ സവിശേഷതയാണ്.

ഒമ്പത്) ‘ശുദ്ധി’ സങ്കല്‍പ്പത്തെ തകര്‍ക്കുന്നു.
ഭരതനാട്യവും ഡപ്പാംകുത്തും കരകാട്ടവും ലാവണിയും മോഹിനിയാട്ടവും ഡിസ്കോയും ഹിപ് ഹോപ്പും എല്ലാം ചേരുന്നതോടു കൂടി, ജാതി-വംശ-ലിംഗ  ശുദ്ധി സങ്കല്പങ്ങള്‍ ഉടയ്ക്കപ്പെടുന്നു. ഭരതനാട്യത്തിന്റെ ഇടങ്ങള്‍ തന്നെ മാറ്റപ്പെടുന്നതും അതിന്റെ ശ്രേഷ്ഠതയും ഗൌരവവുമൊക്കെ പരിഗണിക്കാതെ, പല സ്റ്റെപ്പുകളുടെ ഇടയ്ക്ക് അതേ പോലുള്ള സ്റ്റെപ് ആക്കി മാറ്റപ്പെടുന്നതും ശുദ്ധകലാവാദികള്‍ക്കു സഹിക്കില്ല.

സിനിമാറ്റിക് ഡാന്‍സ് വെറും ജീവനോപാധിയാണെന്നും നീണ്ടകാലത്തെ സപര്യ ആവശ്യമില്ലാത്തതാണെന്നും ഉള്ള വാദങ്ങള്‍ കണ്ടു. കല ,നൃത്തം എന്നവകാശപ്പെടാന്‍ ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും മോഹിനിയാട്ടത്തിനും കഥകളിക്കും മാത്രമേ അവകാശമുള്ളൂ എന്ന അധീശ ബോധമാണ് ഇത്തരം വാദങ്ങളെ സാധ്യമാക്കുന്നത്.”നാടന്‍ പാട്ടു”കളെക്കുറിച്ചു പറയാറുണ്ടല്ലോ, അവ ജീവിതത്തിന്റെ ഭാഗമാണെന്നു്; അതിനെ കലയായി അംഗീകരിക്കില്ലല്ലോ. അതുപോലുള്ള  വരേണ്യബോധമാണിത്.

പത്ത്) സവർണ/അവർണ എന്ന ശുദ്ധമായ വിഭജനത്തിന്റെ ഇടത്തല്ല അതു നില്ക്കുന്നത്.
സവർണ/വരേണ്യ കലാവ്യഹാരങ്ങളെയും ഇപ്പുറത്ത് എസെൻഷ്യലിസ്റ്റ് (essentialist )ആയ അവര്‍ണ വ്യവഹാരങ്ങളെയും അതു കുഴക്കുന്നു. അത്തരം ശുദ്ധമായ രണ്ടു ലോകങ്ങള്‍ ഉണ്ടെന്ന ബോധത്തെ അതു മറികടക്കുന്നു. ശാസ്ത്രീയം/നാടന്‍ എന്ന തനിമകളില്‍ അല്ല അതു നില്ക്കുന്നത്. അത്തരം സങ്കല്പങ്ങളെ മലിനപ്പെടുത്തിക്കൊണ്ട് ചില പുതിയ സാധ്യതകള്‍ അതു തരുന്നു.

Top