ഇടശ്ശേരി മാവും ഉമ്മാന്‍റെ അടുക്കളയും

പൊന്നാനിയുടെ പൊതു/മുഖ്യധാരാ സാംസ്കാരിക വ്യവഹാരം ഇടശ്ശേരി മാവും പൊന്നാനിക്കളരിയും വയലും ആയിരിക്കെ, മഖ്ദൂമിനെയും തുഹ്ഫയെയും പ്രദേശത്തിന്‍റ കടലുമായും മത്സ്യബന്ധനവുമായുമുള്ള ഇഴയടുപ്പങ്ങളെയും ആധുനിക പൊന്നാനിയുടെ വക്താക്കൾക്ക് എങ്ങനെ വ്യവഹരിക്കാനാവും? എം.കെ.സാനു പറഞ്ഞതു പോലെ, ‘സനാതന മൂല്യങ്ങളിൽ’ മുന്നോട്ട് പോകേണ്ട സാംസ്കാരിക പൊന്നാനിക്ക് തുഹ്ഫയും ജിഹാദും എങ്ങനെ ഉൾക്കൊള്ളാനാകും? ഇടശ്ശേരി മാവിന്‍റെ ചുവട്ടിൽ പൊന്നാനിയുടെ സാംസ്കാരിക ആണ്ട് നേർച്ച കൊണ്ടാടപ്പെടട്ടെ. ആ ആലയിൽ കെട്ടാവുന്ന പയ്ക്കളെ ആല തന്നെ തീരുമാനിക്കട്ടെ.

“1992ലും അതിനു ശേഷവും മലബാറിൽ മതംമാറ്റം നടത്തിയവരെ പുണ്യാഹം ചെയ്യാനായി നടത്തപ്പെട്ട നിരവധി ശുദ്ധിയുടെയും സംഗതനത്തിന്‍റെയും നീക്കങ്ങൾ മലബാർ ശുചീകരിക്കേണ്ടതും തുടച്ചു വൃത്തിയാക്കപ്പെടേണ്ടതും ബുദ്ധിസ്ഥിരതയിലേക്ക് തിരിച്ചു വരേണ്ടതുമായ ഒരു പ്രദേശമായി രൂപവൽക്കരിക്കപ്പെട്ടു എന്ന സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു.”

(എം.ടി അൻസാരി, ‘മലബാർ; ദേശീയതയുടെ ഇടപാടുകൾ’)

പൊന്നാനി നഗരസഭ ഔദ്യോഗികമായി നടത്തിയ സംസ്കാരികോത്സവവും അതേത്തുടർന്നു നടന്ന ചർച്ചകളും ആണ് ഈയൊരു തലക്കെട്ടിലേക്കും തുടർന്നുള്ള എഴുത്തിന്‍റെ ആലോചനയിലേക്കും നയിച്ചതെന്ന് ആമുഖമായി പറയട്ടെ. ജനുവരിയിൽ നടന്ന ഒരു ഇവന്‍റിനെ ഫോക്കസ് ചെയ്ത് എഴുതുന്നതു കൊണ്ടു തന്നെ കാലത്തേക്കാൾ പിറകിൽ സഞ്ചരിക്കുന്ന ലേഖനം എന്ന ആത്മവിമർശനം കൂടി മുന്നോട്ടു വെക്കുന്നു.

എം.ടി. അൻസാരി

എം.ടി. അൻസാരി

ഇത്തരമൊരു ചർച്ചയിലേക്കു കടക്കും മുൻപ് ‘സാംസ്കാരികം’ എന്ന വാക്കിന് എന്തിനെ എല്ലാം ഉൾക്കൊള്ളാനും ഉൾക്കൊള്ളതിരിക്കാനുമുള്ള ശേഷിയുണ്ട്,  അല്ലെങ്കിൽ പരിമിതിയുണ്ട് എന്ന ചോദ്യം ഉയരുന്നുണ്ട്. ഒരു പ്രദേശത്തിന്‍റെ സംസ്കാരം എന്നത് ഏകശിലാത്മകമായ ഒന്നല്ല എന്നും മറിച്ച് അവിടെ നിലനിൽക്കുന്ന സമുദായങ്ങളുടെ പരസ്‌പരമുള്ള ഇടപെടലുകളുടെയും ഒരുമിച്ചു ചേരലിന്‍റെയും കലഹങ്ങളുടെയും കൊടുക്കൽ വാങ്ങലിന്‍റെയും ഒക്കെ ശ്രേണീബദ്ധമായ അധികാരബന്ധങ്ങളുടെ ആകെത്തുകയാണ് എന്നും മനസ്സിലാക്കേണ്ടതുണ്ട്. അത്തരത്തിൽ ചിന്തിക്കുമ്പോൾ, പൊന്നാനി ഒരു Melting Pot /മെൽറ്റങ് പോയന്റ്(എല്ലാം ഇഴുകിച്ചേര്‍ന്ന് ഒന്നാകുന്ന ഇടം) അല്ല എന്നു കാണാൻ കഴിയും. ഭൂമിശാസ്ത്രപരമായും സാമൂഹികമായും ഇവിടെ സമുദായങ്ങൾ ആയി തന്നെയാണ് ആളുകൾ താമസിച്ചും ജീവിച്ചും വരുന്നത്. അതിൽ, കടലുമായി ബന്ധപ്പെട്ടു കഴിയുന്ന മത്സ്യത്തൊഴിലാളികളുണ്ട്, മുസ്‌ലിംകളുണ്ട്, ദലിതരുണ്ട്, ഹിന്ദുക്കളുണ്ട്, ചെറുതെങ്കിലും ക്രൈസ്തവ സമുദായവുമുണ്ട്.

സാംസ്കാരിക പൊന്നാനിയും നാലപ്പാട്ട് തറവാടും

പൊന്നാനിയുടെ സാംസ്കാരികോത്സവം എന്നു പറഞ്ഞു് കുറിയടിച്ചു വിളിച്ച് പന്തലിട്ട് ആഘോഷിക്കപ്പെടുന്നത് ഒരു സവർണ സാഹിത്യോത്സവം മാത്രമാണ് എന്ന പ്രതിഷേധം ഉയർന്നിരുന്നു. ഇവിടെ, ‘ദേശം’ എന്ന സാമൂഹിക രാഷ്ട്രീയ ആശയത്തെ (Socio Political Concept) വിരലിലെണ്ണാവുന്ന സാഹിത്യ സൃഷ്ടികളിലേക്കും അതിന്‍റെ രചയിതാക്കളിലേക്കും ഒതുക്കി, നിലനിൽക്കുന്ന വാർപ്പു മാതൃകകളെ ഉറപ്പിക്കുന്നതായി കാണാം.

1906 ഡിസംബർ 23 നു (ധനു 8) ജനിച്ച് കച്ചേരിയിലെ ഗുമസ്തനായി ജീവിച്ച് 1974 ഒക്ടോബർ 16 നു (കന്നി 30) മരിച്ച ഇടശ്ശേരി ഗോവിന്ദൻ നായർ എന്ന സാഹിത്യ കുലപതിയും അദ്ദേഹത്തിന്‍റെ ജീവിക്കുന്ന സ്മാരകമായ മാവും ആണു മേൽപ്പറഞ്ഞ ഉത്സവക്കമ്മറ്റിയുടെ ഊർജ സ്രോതസ്. ഇത്തരത്തിൽ, ഈ മാവും അതിന്‍റെ തറയും നിലനിൽക്കുന്ന പൊന്നാനി എ. വി ഹൈസ്‌കൂളിന്‍റെ മതിൽക്കെട്ടിനുള്ളിൽ തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന ഒന്നാകുന്നു പൊന്നാനിയുടെ മൊത്തം സാംസ്‌കാരിക വ്യവഹാരവും.

ഹാൻസ് ഹാ‍ഡര്‍(Hans Harder), തോമസ് ത്രോട്മാൻ(Thomas Trotman) എന്നിവരുടെ പഠനങ്ങളെ മുൻനിർത്തി, സാഹിത്യ ചരിത്രം സമം ദേശത്തിന്‍റെ ചരിത്രം എന്ന  ആഗോള മാതൃക ദേശീയതയുടെ രൂപവത്കരണവുമായും ചരിത്ര നിര്‍മിതിയുമായും ബന്ധപ്പെട്ടു കിടക്കുന്നു എന്നു ഹുദൈഫ റഹ്മാൻ അഭിപ്രായപ്പെടുന്നുണ്ട്. അക്കിത്തം നാരായണ നമ്പൂതിരി രചിച്ച ‘അക്കിത്തം പൊന്നാനി കളരിയിൽ ‘ എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ എം. കെ സാനു എഴുതിയതു വായിക്കുമ്പോൾ ദേശത്തിന്‍റെ ചരിത്രം സമം സാഹിത്യ ചരിത്രം സമം കുടുംബത്തിന്‍റെ ചരിത്രം എന്ന രസകരമായ ഫോര്‍മുല കാണാം.

“സാഹിത്യത്തിൽ നാലപ്പാട്ട് നാരായണ മേനോൻ മുതൽ മാധവിക്കുട്ടി വരെ പൊന്നാന്നി സംസ്കാരത്തിന്‍റെ അഭിമാന ഭാജനങ്ങളാണെന്ന് അവിതർക്കിതമായി പറയാം” നാലപ്പാട്ട് തറവാടിന്‍റെ കാരണവരായ നാലപ്പാട്ട് നാരായണ മേനോനിൽ നിന്ന് സഹോദരീപുത്രി മാധാവിക്കുട്ടിയിലേക്കു (കമലാ സുരയ്യ) നീളുന്നു പൊന്നാനിയുടെ ‘വിശാല’മായ സംസ്കാരം. അങ്ങനെ പൊന്നാനിയുടെ ചരിത്രം/സംസ്കാരം എന്നത് 10-20 കിലോമീറ്റർ അപ്പുറം പുന്നയൂർക്കുളത്തുള്ള നാലപ്പാട്ട് തറവാടെന്ന കേൾവി കേട്ട നായർ കുടുംബത്തിന്‍റെ ചരിത്രം കൂടിയാവുന്നു.

മുസ്‌ലിം ജീവിതങ്ങളും ഉമ്മാന്‍റെ അടുക്കളയും

സാംസ്കാരികോത്സവവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രധാനമായും പ്രശ്നവത്കരിക്കപ്പെട്ടത് പൊന്നാനിയിലെ മുസ്‌ലിം ജീവിതങ്ങളുടെ, ചരിത്രത്തിന്‍റെ, ഇടപെടലുകളുടെ പൂർണമായ നിരാസമാണ്. എന്തുകൊണ്ടായിരിക്കും പൊന്നാനിയുടെ സംസ്കാരത്തെ പരിചയപ്പെടുത്താൻ/പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് മലയാള സാഹിത്യത്തെ മാത്രം മുന്നിൽ വെക്കേണ്ടി വരുന്നത്?

എം.ടി അൻസാരി മലബാറിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “മലബാർ എന്ന പേര് ഒരു കാലത്തെയും സമുദായത്തെയും പേറുന്ന വാക്കെന്ന പോലെ, വിഭജനവാദപരമായ നിലപാടുകൾ പുലർത്തുന്ന ഒരു സമുദായത്തിന്‍റെ പ്രാദേശികവും മതപരവുമായ ഉത്കര്‍ഷേച്ഛകളെ ദ്യോതിപ്പിക്കുന്നു. അങ്ങനെ, ഒന്നിലേറെ മാർഗങ്ങളിലൂടെ മലബാർ ‘നമ്മുടെ’ രാഷ്ട്രത്തെ അകത്തു നിന്നും പുറത്ത് നിന്നും ഭീഷണിപ്പെടുത്തുന്ന ഒന്നായി തുടരുകയാണ്”.

പൊന്നാനി എന്നാൽ, നാഴികക്കു നാല്പതു വട്ടം സിനിമയിലൂടെയും സാഹിത്യത്തിലൂടെയും ആവർത്തിച്ച് ഉറപ്പിക്കുന്നത് ‘മാർക്കം കൂടി തൊപ്പിയിടീക്കുന്ന ഇടം’ എന്നാണല്ലോ! പൊന്നാനിയുടെ മറ്റെല്ലാ സാധ്യതകളെയും സവിശേഷതകളെയും ഈ മുദ്രകുത്തല്‍ (Tagging) റദ്ദു ചെയ്യുന്നു. അതുകൊണ്ടു തന്നെ മുകളിലെ ‘ മലബാർ’ എന്നതിനെ ഇവിടെ ‘പൊന്നാനി’ എന്നു വായിക്കാം.

ഹുദൈഫ റഹ്മാൻ

ഹുദൈഫ റഹ്മാൻ

നോമ്പുകാലത്തെ  പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ സാഹിത്യമാണ് ‘മലപ്പുറത്തു കിട്ടാത്ത ഉപ്പിട്ട ഷോഡാവെള്ള’ത്തിന്‍റെ കഥകൾ. ലിബറൽ ആഖ്യാന പരിസരങ്ങളിൽ നിന്നുള്ള പല ആളുകൾ പല രീതിയിൽ അത്തരം രചന നടത്തുന്നതും കണ്ടിട്ടുണ്ട്. ഇത്തരം കഥകൾക്കു കിട്ടുന്ന സ്വീകാര്യത നേരത്തെ ചർച്ച ചെയ്ത സാഹിത്യ സൃഷ്ടികൾ ഉണ്ടാക്കി വെച്ച മാതൃകാപരമായ ആഖ്യാനങ്ങളുടെ പിന്തുടർച്ച മാത്രമാണ്. ഈയടുത്ത് എടപ്പാളിലെ തിയേറ്ററിൽ  പെൺകുട്ടി പീഡനത്തിന് ഇരയായപ്പോൾ ‘എടപ്പാൾ’ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ‘മലപ്പുറം’ ആയിരുന്നു പ്രതി. മലപ്പുറം ജില്ലയുടെ തെക്കേ അറ്റത്തു കിടക്കുന്ന ഈ പ്രദേശത്തിന് മലപ്പുറത്തേക്കാളധികം സാംസ്കാരിക/ഭാഷ വ്യവഹാരങ്ങളുടെ ചൂടും ചൂരും ഉള്ളത് പാലക്കാടിന്‍റെയും തൃശ്ശൂരിന്‍റെയുമാണ്. എങ്കിലും മുഖ്യധാരാ മാധ്യമങ്ങൾ അടക്കം ഉള്ളവർക്ക്, പ്രതിയുടെ സാമുദായിക പരിസരത്തോടു ചരിത്രപരമായി (ആഖ്യാനങ്ങളുടെ) യോജിക്കുന്നത്  എടപ്പാൾ എന്നതിനേക്കാൾ മലപ്പുറം ആണ്.

ഇത്തരം ചീത്തപ്പേരുകളിൽ നിന്നു പ്രദേശത്തെ രക്ഷിക്കാനും ‘കേരളം’/’മലയാളി’ എന്ന വലിയ ദേശീയ ഭാവനയിലേക്കു പ്രദേശത്തെ ഉൾപ്പെടുത്താനും പൊതു സാംസ്‌കാരിക ഭൂപടത്തിലേക്കു ലയിപ്പിക്കാനും മുഖ്യധാരാ ആഖ്യാനങ്ങളുടെ ഭാഗമായ മഹത്തായ സാഹിത്യ സൃഷ്ടികൾ ദേശത്തിന്‍റെ ചരിത്രത്തിലും സംസ്കാരത്തിലും ആധാരമാകുന്നു. പ്രസ്തുത കൃതികളുടെ സൃഷ്ടാക്കള്‍ ദേശീയതയുടെ പ്രതീകങ്ങളായി അവരോധിക്കപ്പെടുകയും ചെയ്യുന്നു.

1900 മുതൽ പൊന്നാനിയുടെ സാംസ്‌കാരിക പരിസരത്ത് ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനം ആയ മഊനത്തുൽ ഇസ്‌ലാം സഭ സംസ്കാരികോത്സവത്തിൽ എവിടെയും കണ്ടില്ല. ആലങ്കോട് ലീലാകൃഷ്ണനാണെങ്കിൽ (വൈഖരി) സഭ ഇപ്പോഴും മതപരിവർത്തനത്തിനു നേതൃത്വം കൊടുക്കുന്ന സ്ഥാപനം മാത്രമാണ്. ആ അർഥത്തിൽ ‘ഹാദിയയുടെ മതപരിവർത്തനം’ എന്ന വ്യവഹാരം ഏറെ ചർച്ച ചെയ്യപ്പെട്ട സാഹചര്യത്തിൽ നടന്ന പരിപാടി എന്ന നിലക്ക് പൊന്നാനിക്കു മതേതര സര്‍ട്ടിഫിക്കറ്റ് കിട്ടാൻ തീർച്ചയായും മഊനത്തുൽ ഇസ്‌ലാം സഭ മറച്ചു വെക്കപ്പെടേണ്ടതുണ്ട്.

ഇടതുപക്ഷ ലിബറൽ യുക്തിക്കു ദഹിക്കാത്ത മതകീയ ജീവിതങ്ങൾക്കു ബദലായി മതം ഇല്ലാത്ത, അല്ലെങ്കിൽ മത നിരാസം മുഖ്യ ലക്ഷ്യമാക്കിയ, ലിബറൽ കാഴ്ചപ്പാടുള്ള മതേതര സമൂഹം പൊന്നാനിയുടേതായി സൃഷ്ടിക്കപ്പെടുന്നു എന്നാണു വെപ്പ്. ഇതോടു ചേർത്തു വായിക്കുമ്പോൾ എം.കെ സാനുവിന്‍റെ അവതാരികയിലെ (അക്കിത്തം പൊന്നാനി കളരിയിൽ)  മറ്റൊരു വാക്യം കൂടി രസകരമാകുന്നു; “പരസ്പര സ്പർദ്ധ കൂടാതെ കുറ്റാരോപണങ്ങൾ ഉന്നയിക്കാതെ പൊന്നാനി സാഹിത്യ സംഘം പുലർത്തിയ സൗഹൃദം ജീവിതത്തിന്‍റെ ‘സനാതന മൂല്യങ്ങളി’ലൊന്നായി ഭാവി തലമുറകൾ തലോലിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.”

ഇവിടെയാണ് ‘ഉമ്മാന്‍റെ അടുക്കള’ കൂടുതല്‍ താല്‍പര്യജനകമാവുന്നത്. സംസ്കാരികോത്സവത്തിലെ ഒരേയൊരു മുസ്‌ലിം സാന്നിധ്യമായിരുന്നു ഭക്ഷണ ശാലകൾക്കായുള്ള ഇടം. പൊന്നാനിയുടെ വ്യത്യസ്‌ത രുചികൾ എന്ന പേരിൽ മാർക്കറ്റ് ചെയ്യപ്പെട്ടതിൽ ഭൂരിഭാഗവും മുസ്‌ലിം ജീവിത പരിസരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭക്ഷണ പദാർഥങ്ങളാണെന്നു പറയാതെ വയ്യ. മുട്ടമാലയും പഴം നിറച്ചതും മുതൽ പൊന്നാനി അറേബ്യൻ ഫ്യൂഷനുകള്‍ വരെ.

മുസ്‌ലിം ജീവിതത്തിന്‍റെ ചിഹ്നങ്ങളെ അല്ലെങ്കിൽ ഐഡന്‍റിഫിക്കേഷനുകളെ (ഭക്ഷണം, വസ്ത്രം, സംഗീതം) വിപണിയുടെ യുക്തിയിലൂടെ ജനകീയവത്കരിച്ചു ലാഭം കൊയ്യുകയും മുസ്‌ലിം ജീവിതങ്ങളുടെ  ദൃശ്യപരതയെ (visibility)  ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നത് അപകടകരമായ പ്രവണതയാണ്.

മുസ്‌ലിം ജീവിതത്തിന്‍റെ ചിഹ്നങ്ങളെ അല്ലെങ്കിൽ ഐഡന്‍റിഫിക്കേഷനുകളെ (ഭക്ഷണം, വസ്ത്രം, സംഗീതം) വിപണിയുടെ യുക്തിയിലൂടെ ജനകീയവത്കരിച്ചു ലാഭം കൊയ്യുകയും മുസ്‌ലിം ജീവിതങ്ങളുടെ  ദൃശ്യപരതയെ (visibility)  ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നത് അപകടകരമായ പ്രവണതയാണ്. ഇതേ കാരണങ്ങൾ കൊണ്ടു തന്നെയാണ്  സൂഫി സംഗീതം കൊണ്ടും ഖവാലികൾ കൊണ്ടും പണവും പ്രശസ്‌തിയും ഉണ്ടാക്കിയ ഷഹബാസ് അമനെക്കൊണ്ടു പാട്ടു പാടിക്കാനും സിനിമ നടിയായ സമീറയെ സെക്കന്‍റിന്‍റെ ഒരംശത്തിൽ പൊക്കിള്‍ച്ചുഴി കണ്ടതിന് ഗൾഫിലുള്ള ‘ഇക്കാക്കാനെ’ നാട്ടിൽ വരുത്തി തല്ലിക്കാനും ആഷിഖ് അബുവിന് ഒരേ സിനിമയിൽ (മായാനദി) തന്നെ കഴിയുന്നതും. ഇന്ത്യൻ സമൂഹികാവസ്ഥയിൽ നിന്നു മുസ്‌ലിം ജീവിതത്തിന്‍റെ ഐഡന്‍റിഫിക്കേഷനുകളെ മാറ്റി നിർത്തിയാൽ പൂർണാര്‍ഥത്തില്‍  ശൂന്യത മാത്രമാകും ബാക്കിയാവുക. പൊന്നാനിയുടെ സംസ്കാരത്തിന്റെ ദേഹണ്ണക്കാർക്ക് മഊനത്തുൽ ഇസ്‌ലാം സഭ മറച്ചു വെക്കുന്നതിനും ഉമ്മാന്‍റെ അടുക്കള ഇടശ്ശേരി മാവിന്‍റെ ചുവട്ടിൽ കെട്ടിയുണ്ടാക്കി കച്ചവടം ചെയ്യുന്നതിനും മറ്റു കാരണങ്ങൾ ഒന്നും തേടേണ്ടതില്ല.

കമല സുരയ്യ

കമല സുരയ്യ

കടലും വയലും; പൊന്നാര്യം കൊയ്യുന്ന പൊന്നാനി

സാംസ്കാരികോത്സവത്തിലെ കൃഷി, ജൈവ കൃഷി, പച്ചപ്പ്, നെൽവയൽ എന്നീ ഐഡന്‍റിഫിക്കേഷനുകള്‍ വളരെ കൗതുകത്തോടെയേ കാണാൻ കഴിയൂ. അതിന് ഒന്നിലധികം കാരണങ്ങളുണ്ടു താനും. ‘പൊന്നാര്യം കൊയ്യുന്ന പൊന്നാനി’ എന്നത് സാംസ്കാരികോത്സവത്തിലെ പ്രധാന മുദ്രാവാക്യമായിരുന്നു. പക്ഷേ, പൊന്നാനി എന്ന തീരദേശ നഗരവുമായി കൃഷിയെ ഇത്രയേറെ ബന്ധപ്പെടുത്തേണ്ടതിന്‍റെ ആവശ്യം എന്താണ് എന്നു ചിന്തിക്കുമ്പോഴാണു രസം.

പൊന്നാനിയുടെ ഏറ്റവും പ്രധാനപ്പെട്ട  സവിശേഷത കടലുമായി ബന്ധപ്പെട്ട കൊടുക്കൽ വാങ്ങലുകളുടെയും ഇടപാടുകളുടെയും ആണെന്നു നിസ്സംശയം പറയാം. എന്നാൽ, കടലുമായോ മത്സ്യ ബന്ധനവുമായോ ഉള്ള പ്രദേശത്തിന്‍റെ പ്രതിനിധാനം സാംസ്കാരികോത്സവത്തിലെ ചുരുക്കം ചില ചിത്രങ്ങളിലേക്കു മാത്രമായി ഒതുങ്ങുന്നു. പൊന്നാനി പുഴ(നിള)ക്കും പുതുപൊന്നാനി പുഴക്കും ഇടയിൽ അഴീക്കൽ മുതൽ പുതുപൊന്നാനി വരെ നീണ്ടു കിടക്കുന്ന കടൽത്തീരം പൊന്നാനിയിലെ വലിയ വിഭാഗം ജനസംഖ്യയുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരുടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ഏറ്റക്കുറച്ചിലുകൾ തീരുമാനിക്കുന്നതും കടല്‍ തന്നെ. അതു പോലെതന്നെ, കച്ചവടവുമായി ബന്ധപ്പെട്ടു് പൊന്നാനിയുടെ പാരമ്പര്യവും അറബികളിലൂടെ ലോകത്തിന്‍റെ മറ്റു തുറമുഖ നഗരങ്ങളുമായി ഉണ്ടായിരുന്ന ബന്ധങ്ങളും മറവിക്കു വിട്ടു കൊടുക്കുകയാണ് സാംസ്കാരികോത്സവത്തിന്‍റെ സംവിധായകർ ചെയ്തത്. കടലിനെക്കാളും കരക്കു പ്രാധാന്യം ഉള്ള സാംസ്കാരിക പൊന്നാനിയാണ് ‘പൊതു’വിന് ഇഷ്ടം എന്ന് ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നു.

കൃഷി, നെൽവയൽ, പച്ചപ്പ്, ഇടക്ക കൊട്ടി ഉണരുന്ന നിഷ്കളങ്ക ഗ്രാമഭംഗി എന്നിവ മലയാളി ഗൃഹാതുരതയുടെ ഐഡിയല്‍ ഇടങ്ങൾ ആണല്ലോ. സത്യൻ അന്തിക്കാടിനെ പോലുള്ള സംവിധായകൻ തൂശനിലയിട്ട് സിനിമ വിളമ്പുമ്പോൾ പ്രഥമ ഊട്ട് കേരളത്തിലെ ലിബറൽ ഇടതുപക്ഷങ്ങളുടെ ഒരു പ്രധാന ആഘോഷമായി ‘ജൈവകൃഷി’ തുടർന്നുള്ള ‘കാർഷികോത്സവങ്ങൾ’ എന്നിവയെ കാണാൻ കഴിയും. പുലരും വരെയുള്ള കഥകളി, നാടകം പരിപാടികൾ കൊണ്ട് സമൃദ്ധമായ ആധുനിക കാർഷികോത്സവങ്ങളുടെ ചങ്ങലയിലേക്കു് പൊന്നാനിയെ കൂടി ഉൾപ്പെടുത്തേണ്ടതിന്‍റെ ജൈവികമായ ചേതോവികാരം കൂടുതൽ പറയേണ്ടതില്ലല്ലോ.

പക്ഷേ, രസകരം എന്തെന്നാൽ ഉത്സവത്തിന് ആകമാനം കണ്ട പച്ച മയമാണ്. ചുമരും സ്‌റ്റേജും ഫ്ളക്സുകളും ബാനറുകളും എല്ലാം പച്ച. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തെങ്ങാനും ആയിരുന്നു ഇതെന്നു വെറുതെ ഒന്ന് ആലോചിച്ചപ്പോൾ ഒരുപാടു വിഷ്വലുകള്‍ മിന്നിമറഞ്ഞു. പൊന്നാനി സമം ലീഗ് സമം പച്ച സമം പാക്കിസ്ഥാൻ സമം പ്രദേശത്തിന്‍റെ മുഴുവൻ സാമുദായികതയെയും പ്രതിക്കൂട്ടിൽ നിർത്തി ന്യൂസ് അവർ ചര്‍ച്ചകളില്‍ കുറ്റപത്രങ്ങൾ നിരത്തിയേനെ.

കോണ്‍ഗ്രസ്സും തുഫ്ഹയും സ്വാതന്ത്ര്യസമരവും

മുസ്‌ലിം ജീവിതങ്ങളുടെ എന്ന പോലെ തന്നെ ഒരു കാലത്തിന്റെ അല്ലെങ്കിൽ ചില കാലങ്ങളുടെ സെലക്ടീവ് നെഗേഷന്‍ (selective negation) സാംസ്കാരികോത്സവം നേരിട്ട മറ്റൊരു വിമർശനമാണ്. പൊന്നാനിയുടെ കൊളോണിയൽ അനുഭവത്തെ (കാലഘട്ടത്തെ), അതിനെതിരെ നടന്ന ചെറുത്തു നിൽപ്പുകളെ മുൻപറഞ്ഞ സാംസ്കാരിക ഭൂപടത്തിൽ രേഖപ്പെടുത്തുന്നതും രസമാണ്. ബ്രിട്ടീഷ് കാലഘട്ടവും കെ.കേളപ്പനും (കേരള ഗാന്ധി), കെ.വി രാമ മേനോനും(പൊന്നാനി ഗാന്ധി) കോൺഗ്രസ്സും ഒക്കെ ഇതിനകത്തു വരുന്നു. മറ്റു പലതും വരാതിരിക്കുകയും ചെയ്യുന്നു.

2015 ൽ പുറത്തിറങ്ങിയ പൊന്നാനി തൃക്കാവ് സ്‌കൂൾ വാർഷിക സുവനീരിൽ (വൈഖരി) കവി ആലങ്കോട് ലീലാകൃഷ്ണൻ പൊന്നാനിയുടെ  ലഘു ചരിത്രം വിവരിക്കുന്നുണ്ട്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ദേശീയ ബോധത്തിൽ ഊന്നിക്കൊണ്ടാണ് അദ്ദേഹം പൊന്നാനിയെ സങ്കൽപിക്കുന്നത്. “കേളപ്പജിയും ഇടശ്ശേരിയും ഉറൂബുമൊക്കെ നയിച്ച സാമൂഹിക-സാംസ്കാരിക-നവോത്ഥാന കാലങ്ങളിലാണ് പൊന്നാനി വിശാലമായൊരു മാനവികതയുടെ തിരിച്ചറിവിലേക്കുയർന്നത്”. സാഹിത്യത്തിലൂടെ മലയാളി ദേശീയതയിലേക്ക് പൊന്നാനിയെ ചേർത്ത പോലെ, സ്വതന്ത്ര സമരത്തിലൂടെ (കോൺഗ്രസ്സിലൂടെ) പൊന്നാനിയെ ഇന്ത്യൻ ദേശീയ സങ്കൽപത്തിലേക്കും ചേർക്കുന്നു.

‘പൊന്നാനി പൗര സമൂഹ സഭ’ പ്രദേശത്തു നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ചുകൊണ്ട് ‘പൊന്നാനിയുടെ സമര പ്രഖ്യാപന രേഖ’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ ലഘുലേഖ തുടങ്ങുന്നത് ഇങ്ങനെയാണ്.  “സഹോദരന്മാരെ, ഞങ്ങൾ നിങ്ങളുടെ ശത്രുക്കളല്ല. ഞങ്ങൾ പറയുന്നത് ദയവായി കേൾക്കൂ. അക്രമവും കൊള്ളയും കൊള്ളി വെപ്പും പൊന്നാനിയിലേക്കു കടക്കാൻ ഞങ്ങൾ സമ്മതിക്കില്ല. നിരായുധരായി ജീവൻ കൊടുത്തും ഞങ്ങൾ നിങ്ങളെ പ്രതിരോധിക്കും. ഞങ്ങളുടെ ശവശരീരത്തിൽ ചവിട്ടിയല്ലാതെ നിങ്ങൾക്കിനി മുന്നോട്ടു പോകാനാകില്ല.” 1921 ൽ മലബാർ കലാപ കാലത്ത് പൊന്നാനിയിലേക്കു പ്രവേശിച്ച 400 ലഹളക്കാരെ ചന്തപ്പടിയിൽ വെച്ചു മുഖാമുഖം തടഞ്ഞുകൊണ്ട് ‘പൊന്നാനി ഗാന്ധി’ കെ.വി രാമൻ മേനോന്‍റെ തോളിൽ കയറിയിരുന്നു ‘കേരള ഗാന്ധി’ കെ. കേളപ്പജി പറഞ്ഞ അഹിംസയുടെ വീര വചനങ്ങളാണിത്.

രാഷ്ട്രീയ കൊലപാതകങ്ങളെ പ്രതിരോധിക്കാൻ, അതിന്‍റെ ഹിംസയിൽ നിന്നു പൊന്നാനിയെ സംരക്ഷിക്കാൻ ചരിത്രത്തിൽ നിന്നു് എടുത്തു തുലനം ചെയ്യുന്നത് മലബാർ സമരത്തെ കണ്ട കൊളോണിയൽ-ഹിന്ദുത്വ ആഖ്യാനങ്ങളിലൂടെയാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ സമം മലബാർ സമരം/ലഹള. അക്രമികൾ സമം സമരക്കാർ/ലഹളക്കാർ. കേളപ്പജി സമം അഹിംസയുടെ പ്രവാചകൻ.

 

“മലബാറിൽ പലയിടത്തും സാമുദായിക കലാപമായി മാറിയ ഖിലാഫത് പൊന്നാനിയെ ബാധിക്കുകയുണ്ടായില്ല. ഏറനാട്ടിൽ നിന്നും ഇവിടെയെത്തിയ ലഹളക്കാരെ കേളപ്പജിയുടെയും കെ. വി നൂറുദ്ദീൻ സാഹിബിന്‍റെയും നേതൃത്വത്തിൽ ഇവിടുത്തെ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ച് തിരിച്ചയക്കുകയായിരുന്നുവത്രെ.” ഇതേ കഥ കവി ആലങ്കോടിന്‍റെ കാഴ്ച്ചയിൽ ഒരു മതേതര ചുവ കൊടുക്കാൻ മറന്നില്ല.

ഭാഷ/സാഹിത്യം എന്നിവ ദേശീയതക്കായി അപരനെ നിർമിക്കുന്ന ‘മഹത്തായ’ പദ്ധതി, എം.ടി അൻസാരി ‘ദേശീയതയുടെ ഇടപാടുകളി’ൽ വിവരിക്കുന്നത് ഇതോടു ചേർത്തു വായിക്കാവുന്നതാണ്.

എൻ.എസ് മാധവന്‍റെ ഹിഗ്വിറ്റയിലെ ജബ്ബാർ പൈശാചിക സ്വഭാവമുള്ളവൻ മാത്രമല്ല, രൂപഭാവങ്ങൾക്കു കൂടി ഉടമയാണ്. ഗീവർഗീസച്ചന്‍ ഹിഗ്വിറ്റയുടെ ഭാവം പൂണ്ട ‘ശൈവരൂപവും’ ജാർഖണ്ഡിൽ നിന്നുള്ള ലൂസി മിറാണ്ടിയെന്ന ആദിവാസി യുവതിയെ ജബ്ബാറെന്ന ക്രൂരമുസ്‌ലിമിൽ നിന്നു രക്ഷിക്കുന്ന ഗീവർഗീസെന്ന ഹിഗ്വിറ്റയെന്ന ശിവൻ.

ചന്തുമേനോൻ ആകട്ടെ ഇന്ദുലേഖയെ കൊണ്ട് തന്‍റെ കാമുകൻ  മുസ്‌ലിമിനാൽ കൊല്ലപ്പെടുമെന്നു സ്വപ്നം കാണിക്കുന്നു. മാധവൻ, താൻ മുസ്‌ലിമാണെന്നു സ്വയം പരിചയപ്പെടുത്തുന്ന ഷിയർ അലി ഖാനാൽ ചതിക്കപ്പെടുന്നു. പരിഭാഷകനായ ഡ്യൂമാർഗ്ഗ് സായിപ്പും ഇന്ദുലേഖയിൽ പഠനം നടത്തുന്ന ഭാഷാ ആധുനികരും ഷിയർ അലി ഖാൻ മുസ്‌ലിം തന്നെയെന്ന് ഉറപ്പിക്കുന്നു.

ഇതേ ഒറിയന്‍റേഷന്‍ (orientation) തന്നെയുള്ള സാംസ്കാരിക പൊന്നാനിക്കും മഖ്ദൂമിനെയോ തുഹ്ഫയെയോ, കടലിൽ പോയി പോർച്ചുഗീസുകാരോടു യുദ്ധം ചെയ്ത കുഞ്ഞാലി മരക്കാർമാര്‍, ‘അല്ലാഹുവിന്റെ ഭൂമിക്കു കപ്പം ചുമത്താൻ സായിപ്പിന് എന്ത് അധികാരം” എന്നു ഫത്‌വ കൊടുത്ത ഉമർ ഖാളി എന്നിവരെയോ, ‘മതം പേറികളായ’ മുസ്‌ലിംകളെയോ ഉലമാക്കളെയോ ഒന്നും തന്നെ ‘സാംസ്കാരികോത്സവ’ത്തിന്റെ ഭാഗമായി വിഭാവനം ചെയ്യാൻ കഴിയുന്നില്ല എന്നതാണു സത്യം.

1600 കളിൽ ജീവിച്ച പൊന്നാനിയുടെ ഖാളിയായിരുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂമാണ് മലബാറിന്‍റെ എഴുതപ്പെട്ട ആദ്യ ചരിത്രത്തിന്റെ രചയിതാവ്. പോർച്ചുഗീസുകാര്‍ക്കെതിരെ മുസ്‌ലിംകളോട് ‘ജിഹാദി’ന് അഹ്വാനം ചെയ്യുക എന്നതായിരുന്നു ‘തുഹ്ഫത്തുൽ മുജാഹിദീൻ’ രചിക്കാൻ അദ്ദേഹത്തിന്റെ പ്രചോദനം. കൊളോണിയൽ-നാഷണലിസ്റ്റ്-ഓറിയന്‍റല്‍ ആഖ്യാനങ്ങളെ മാത്രം ചരിത്ര പഠനത്തിന്റെ സ്രോതസായി എടുക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ക്കും മറ്റും ഇന്നും ‘തുഹ്ഫയോ’ മഖ്ദൂമിനെയോ കാണാൻ കഴിയില്ല. ഇതേ ഒറിയന്‍റേഷന്‍ (orientation) തന്നെയുള്ള സാംസ്കാരിക പൊന്നാനിക്കും മഖ്ദൂമിനെയോ തുഹ്ഫയെയോ, കടലിൽ പോയി പോർച്ചുഗീസുകാരോടു യുദ്ധം ചെയ്ത കുഞ്ഞാലി മരക്കാർമാര്‍, ‘അല്ലാഹുവിന്റെ ഭൂമിക്കു കപ്പം ചുമത്താൻ സായിപ്പിന് എന്ത് അധികാരം” എന്നു ഫത്‌വ കൊടുത്ത ഉമർ ഖാളി എന്നിവരെയോ, ‘മതം പേറികളായ’ മുസ്‌ലിംകളെയോ ഉലമാക്കളെയോ ഒന്നും തന്നെ ‘സാംസ്കാരികോത്സവ’ത്തിന്റെ ഭാഗമായി വിഭാവനം ചെയ്യാൻ കഴിയുന്നില്ല എന്നതാണു സത്യം.

എന്നാൽ ഇതിനെ വേറൊരു തരത്തിൽ കണ്ടുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്. മുൻപു പറഞ്ഞുപോയ തരത്തിൽ ആഘോഷിക്കപ്പെടുന്ന പൊന്നാനിയുടെ പൊതു/മുഖ്യധാരാ സാംസ്കാരിക വ്യവഹാരം എന്നത് ഇടശ്ശേരി മാവും പൊന്നാനിക്കളരിയും വയലും ആയിരിക്കെ മഖ്ദൂമിനെയും തുഹ്ഫയെയും ഇതിനത്ത് എവിടെ ആയിരിക്കും ആധുനിക പൊന്നാനിയുടെ വാക്താക്കൾക്കു ഫിറ്റ് ചെയ്യാനാവുക?

പൊന്നാനിക്കളരി എന്ന പേരിൽ ഇടശ്ശേരിയെ മുൻനിർത്തി ‘മതേതര ബോധത്തിൽ’ നിന്നുകൊണ്ട് സാനു മാഷ് പറഞ്ഞ പോലെ സനാതന മൂല്യങ്ങളിൽ മുന്നോട്ടു പോകേണ്ട സാംസ്കാരിക പൊന്നാനിക്ക് തുഹ്ഫയും ജിഹാദും എങ്ങനെ ഉൾക്കൊള്ളാനാകും? ഉൾപ്പെടുത്തിയാൽത്തന്നെ, ഈ പുരോഗമന സാംസ്കാരിക സ്വതത്തിന്‍റെ ഏത് അറ്റത്തെ വാലാകാനാകും മഖ്ദൂമിനും തുഹ്ഫക്കും ആ കാലത്തിനും വിശ്വാസത്തിനും ഭാഗ്യം ലഭിക്കുക? അതുകൊണ്ടു തന്നെ, ഇടശ്ശേരി മാവിന്‍റെ ചുവട്ടിൽ പൊന്നാനിയുടെ സാംസ്കാരിക ആണ്ടു നേർച്ച കൊണ്ടാടപ്പെടട്ടെ. ആ ആലയിൽ കെട്ടാവുന്ന പയ്ക്കളെ ആല തന്നെ തീരുമാനിക്കട്ടെ.

  • എം.ടി അൻസാരി, മലബാർ ദേശീയതയുടെ ഇടപാടുകൾ
  • ഹുദൈഫ റഹ്മാൻ, പണിതീരാത്ത ഭാവന ദേശം
  • അക്കിത്തം, അക്കിത്തം പൊന്നാനി കളരിയിൽ
  • ആലങ്കോട് ലീലകൃഷ്ണൻ, വൈഖരി, G.H.S.S തൃക്കാവ് സുവനീർ, 2015
  • പൊന്നാനി പൗര സഭ, പൊന്നാനിയുടെ സമര പ്രഖ്യാപന രേഖ
Top