ടിസ്സ് മുംബൈയിലെ വിദ്യാർഥി രാഷ്ട്രീയവും, മുസ്‌ലിം വിദ്യാർഥികളുടെ ഇടപാടുകളും

മലയാളി വിദ്യാർഥികൾ എല്ലാം ഇടതുപക്ഷക്കാരാണെന്ന ചിന്താഗതിയാണ്‌ ടിസ്സിലെ മറ്റു വിദ്യാർഥികൾക്കും അധ്യാപകർക്കുമിടയിൽ പൊതുവായി നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ ക്ലാസുകളിൽ മാർക്സിസം സംബന്ധിച്ച ചോദ്യങ്ങൾക്കൊക്കെ ഉത്തരം പറയുക എന്നുള്ളത് എല്ലാ മലയാളി വിദ്യാർഥികളുടെയും ബാധ്യതയാണ്. കീഴാള, ദലിത്, ക്വിയർ, മുസ്‌ലിം രാഷ്ട്രീയ ബോധമുള്ള വിദ്യാർഥികളെ ടാർഗറ്റ് ചെയ്യുന്നതും ഒറ്റപ്പെടുത്തുന്നതും ഇടത് മേൽകോയ്മയുള്ള മലയാളി ഇടങ്ങളിൽ പതിവാണ്. ഷബാസ് ഫാത്തിമ എഴുതുന്നു.

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ മുംബൈ കാമ്പസിൽ 2012 മുതലാണ് വിദ്യാർഥി രാഷ്ട്രീയം സജീവമാകുന്നത്. അംബേഡ്ക്കറൈറ്റ് സ്റ്റുഡൻറ്സ് അസോസിയേഷൻ (എഎസ്‌എ), പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം (പിഎസ്എഫ്) എന്ന ഇടതു വിദ്യാർത്ഥി കൂട്ടായ്മ, റാഡിക്കൽ സ്റ്റഡി സർക്കിൾ എന്നിവയൊക്കെ കാമ്പസിൽ രൂപീകരിക്കുന്നത് രണ്ടാം മണ്ഡലിനു ശേഷം എസ്.സി/എസ്.റ്റി, ഓബിസി വിദ്യാർഥികളുടെ കടന്നുവരവ് കാമ്പസിലേക്കു സാധ്യമായി തുടങ്ങിയപ്പോഴാണ്. അതിനു മുൻപുവരെ സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് മാത്രമാണ് ടിസ്സിൽ ഒക്കെ പഠിക്കാൻ കഴിഞ്ഞിരുന്നത്. സംഘടനാ സ്വാതന്ത്ര്യം ഇല്ലാതിരുന്ന ടിസ്സിന്റെ കാമ്പസ് ഇടങ്ങളിൽ ഇന്ന് എഎസ്‌എ, പിഎസ്എഫ് എന്നിവയ്ക്കു പുറമേ ആദിവാസി സ്റ്റുഡന്റസ് ഫോറവും, നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഫോറവും, ഫ്രറ്റേർണിറ്റിയും, എംഎസ്എഫും, തമിഴ് ഫോറവും, ക്വിയർ കലക്ടീവും, അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ പഠിച്ചു വന്ന വിദ്യാർഥികളുടെ കൂട്ടായ്മയും, മുസ്‌ലിം സ്റ്റുഡൻറ്സ് കലക്ടീവ് (മസ്ക്ക്) എന്ന മലയാളി മുസ്‌ലിം വിദ്യാർഥികളുടെ കൂട്ടായ്മയും പ്രാദേശിക വിദ്യാർഥി കൂട്ടായ്മകളും എല്ലാം വളരെ സജീവമാണ്. 

ഫെബ്രുവരി 2018ൽ ടിസ്സിലെ എസ്.സി/എസ്.റ്റി, ഓബിസി വിദ്യാർഥികളുടെ സാമ്പത്തിക സഹായം നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിദ്യാർഥി സമരത്തോടു കൂടി ഉണ്ടായി വന്ന ഒരു സഖ്യ സംഘടനയാണ് ആണ് തേർഡ് ഫ്രണ്ട് (third front). കഴിഞ്ഞ വർഷം ഞാൻ കാമ്പസിൽ അഡ്മിഷൻ എടുത്ത സമയത്തൊക്കെ തേർഡ് ഫ്രണ്ടിന്റെ കൂടെയാണ് ഭൂരിപക്ഷ വിദ്യാർഥികളും നിലനിന്നിരുന്നത്. നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഫോറം, ആദിവാസി സ്റ്റുഡന്റ്സ് ഫോറം, ക്വിയർ കലക്ടീവ് എല്ലാം തേർഡ് ഫ്രണ്ടിൽ ലയിച്ചിരുന്നു. 2018-2019 ടിസ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് തേർഡ് ഫ്രണ്ട് വിജയിച്ചത്. അന്ന് സ്വന്തമായി രാഷ്ട്രീയ ഇടങ്ങൾ ഇല്ലാതിരുന്ന മുസ്‌ലിം വിദ്യാർഥികളും തേർഡ് ഫ്രണ്ടിനെ പിന്തുണച്ചിരുന്നു. ടിസ്സ് കാമ്പസിൽ വളരെ സജീവമായിരുന്ന സോഷ്യൽ വർക്കിലെ മലയാളി വിദ്യാർഥി മുഹമ്മദ് നിദാലിനെ തേർഡ് ഫ്രണ്ട് ആദ്യം വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആക്കിയിരുന്നു. അതിനു ശേഷം മറ്റു കക്ഷികൾ നിദാലിന്റെ സ്ഥാനാർഥിത്വത്തിനെതിരെ രംഗത്തു വരികയും വ്യത്യസ്ത സ്വത്വ വിഭാഗങ്ങളുടെ മുന്നണിയായ തേർഡ് ഫ്രണ്ടിലെ ഏക മുസ്‌ലിം സ്ഥാനാർഥിയായ മുഹമ്മദ് നിദാലിനെ പിന്തള്ളുകയും ചെയ്തു. ടിസ്സിലെ മുസ്‌ലിം വിദ്യാർഥികൾക്ക് ഒരു രാഷ്ട്രീയ ഇടം ഇല്ലാത്തതു കൊണ്ട് തന്നെ ഇലക്ഷനിൽ മത്സരിക്കുമ്പോഴും സ്വത്വത്തെ സംബന്ധിച്ച പ്രശ്നങ്ങൾ വരുമ്പോഴുമെല്ലാം ഒറ്റപ്പെട്ടു പോകാറുണ്ട്. 

ടിസ്സിലെ വലതുപക്ഷം

ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിലാണ് ഹിന്ദു വലതുപക്ഷ വിദ്യാർഥി സംഘടന ഡെമോക്രാറ്റിക്‌ സെക്കുലർ സ്റ്റുഡന്റ്സ് ഫോറം (ഡിഎസ്എസ്എഫ്) എന്ന പേരിൽ പുറത്തു വരുന്നത്. അതുവരേയ്ക്കും ഹിന്ദുത്വക്ക് ടിസ്സിൽ ഒട്ടുംതന്നെ ദൃശ്യത ഉണ്ടായിരുന്നില്ല. കഴിഞ്ഞ 2019 ഫെബ്രുവരിയിൽ ഉണ്ടായ പുൽവാമ അക്രമത്തിനു ശേഷം സംഘടിപ്പിച്ച ഒരു സൈനിക അനുസ്മരണത്തോടെയാണ് അവർ കാമ്പസിൽ ഇടം പിടിക്കുന്നത്. ടിസ്സിലെ ക്വിയർ കലക്ടീവിന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ടു നടന്ന ചർച്ചയിലെ സ്ക്രീൻഷോട്ടുകൾ ഹിന്ദുത്വ രാഷ്ട്രീയമുള്ള വിദ്യാർഥികൾ പ്രചരിപ്പിക്കുകയും ആ ചർച്ചയിൽ വിയോജിച്ചു സംസാരിച്ച രണ്ടു പെൺകുട്ടികൾക്ക് പല സ്ഥലങ്ങളിൽ നിന്നും വധഭീക്ഷണി വരുകയും അവരെ ദേശവിരുദ്ധർ ആയി മുദ്രകുത്തുകയും ചെയ്തു. കാമ്പസിലെ ഒരു ചെറിയ ഗ്രൂപ്പായി ഇതുവരെ നിലനിന്നിരുന്ന ഇവർക്ക് അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള സഹായവും സവർണ വിദ്യാർഥികളുടെ പിന്തുണയും നന്നായി ലഭിക്കുന്നുണ്ട്.

മുസ്‌ലിം സ്റ്റുഡന്റസ് കലക്ടീവ്

മസ്ക്ക് (മുസ്‌ലിം സ്റ്റുഡന്റ്സ് കലക്ടീവ്) എന്ന മലയാളി മുസ്‌ലിം വിദ്യാർഥികളുടെ കൂട്ടായ്മ ടിസ്സിൽ തുടങ്ങുന്നത് മൂന്നു നാലു വർഷങ്ങൾക്ക് മുൻപാണ്. കേരളത്തിലെ സാധാരണ കുടുംബങ്ങളിൽ നിന്നും വരുന്ന മുസ്‌ലിം വിദ്യാർഥികൾക്ക് കമ്മ്യൂണിറ്റി സപ്പോർട്ട് കൊടുക്കുവാനും, അവർക്ക് അർഹതപ്പെട്ട സ്കോളര്‍ഷിപ്പുകൾ ഉറപ്പുവരുത്തുവാനും, അവരിൽ വ്യത്യസ്തമായ വായനകളും അക്കാഡമിക സംവാദങ്ങളും കൊണ്ടുവരാനും, മുസ്‌ലിം വിദ്യാർഥികളുടെ അദൃശ്യത അവസാനിപ്പിച്ചുകൊണ്ട്, മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥയെ കുറിച്ചു പഠിക്കുവാനും ഇടപെടാനും ഒക്കെ ലക്ഷ്യമിട്ടാണ് ഈ കലക്ടീവ് ഉണ്ടാക്കിയത്. ഇന്ന് കേരളത്തിലുള്ള അലുംനികളുമായി നല്ല നെറ്റ്‌വർക്ക്  ഉള്ളതുകൊണ്ട് നാട്ടിലും കൂട്ടായ്മ പ്രവർത്തിക്കുന്നുണ്ട്. അവധിക്കാലങ്ങളിലും മറ്റും വിദ്യാർഥികൾ നാട്ടിൽ വരുമ്പോൾ അലുംനികളുമായി ഒരുമിച്ച് കൂടുകയും നോമ്പ്തുറകൾ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. നാട്ടിലെ വിവിധ സ്കൂളുകളിലും കോളേജുകളിലും മസ്ക്കിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷ പിന്നോക്കാവസ്ഥയിൽ ഉള്ള വിദ്യാർഥികളെ കേന്ദ്രീകരിച്ച് ഓറിയന്റേഷൻ ക്ലാസുകളും നടത്തി വരുന്നു. വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങളുള്ള വിദ്യാർഥികൾ ഈ മുസ്‌ലിം കൂട്ടായ്മയുടെ ഭാഗമായതിനാൽ അതിന് പൊതുവായ ഒരു രാഷ്ട്രീയ സ്വഭാവമില്ല. അതുകൊണ്ട് തന്നെ മസ്‌ക്കിൽ നിന്നുകൊണ്ട്  രാഷ്ട്രീയം സംസാരിക്കുവാനോ ഇടപെടലുകൾ നടത്തുവാനോ മുസ്‌ലിം വിദ്യാർഥികൾക്ക് കഴിയാതെ വന്നു.

മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി ഈ വർഷം 27 ഓളം മലയാളി മുസ്‌ലിം വിദ്യാർഥികളാണ് ടിസ്സിൽ അഡ്മിഷൻ നേടിയത്. അവർക്കുള്ള ഓറിയന്റേഷൻ കൊടുക്കുവാനായി ഈ വർഷം കൂടിയ മസ്ക്കിന്റെ ആദ്യത്തെ മീറ്റിങിൽ തന്നെ, യൂണിയൻ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സാധാരണ വിട്ടുനിൽക്കാറുള്ള ഇടത് അനുകൂലികളായ മുസ്‌ലിം മലയാളി വിദ്യാർഥികൾ കടന്നുവരികയും മീറ്റിങ് തന്നെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ഇതൊന്നും കൂടാതെ പൊളിറ്റിക്കൽ മുസ്‌ലിം ആയി നിന്നിരുന്ന ക്വിയർ കലക്ടീവിന്റെയും എഎസ്എയുടെയും പ്രവർത്തകനായ ഒരു ഒന്നാം വർഷ വിദ്യാർഥിയെ മസ്ക്കിന്റെ ഗ്രൂപ്പിൽ ചേർത്തതിനു ഇടത് അനുകൂലികൾ പ്രശ്നമുണ്ടാകുകയും അവനെ റിമൂവ് ചെയ്യാൻ വേണ്ടി മസ്ക്കിന്റെ പ്രതിനിധികളെ വല്ലാതെ ബുദ്ധിമുട്ടിക്കുകയും ചെയ്തു. 

ഇടത് ഇടങ്ങൾ, അഥവാ മലയാളി ഇടങ്ങൾ! 

മലയാളി വിദ്യാർഥികൾ എല്ലാം ഇടതുപക്ഷക്കാരാണെന്ന ചിന്താഗതിയാണ്‌ ടിസ്സിലെ മറ്റു വിദ്യാർഥികൾക്കും അധ്യാപകർക്കുമിടയിൽ പൊതുവായി നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ ക്ലാസുകളിൽ മാർക്സിസം സംബന്ധിച്ച ചോദ്യങ്ങൾക്കൊക്കെ ഉത്തരം പറയുക എന്നുള്ളത് എല്ലാ മലയാളി വിദ്യാർഥികളുടെയും ബാധ്യതയാണ്.

മലയാളി വിദ്യാർഥികളുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പോലും ഇടതു വിദ്യാർഥികളുടെ മേൽകോയ്മ വളരെ പ്രകടമാണ്. കീഴാള, ദലിത്, ക്യുയർ, മുസ്‌ലിം രാഷ്ട്രീയ ബോധമുള്ള വിദ്യാർഥികളെ ടാർഗറ്റ് ചെയ്യുന്നതും ഒറ്റപ്പെടുത്തുന്നതും ഈ ഗ്രൂപ്പുകളിൽ പതിവാണ്. 2017-18 ബാച്ചിലെ ഒരു എഎസ്എകാരനായ മലയാളി ദലിത് വിദ്യാർഥിയെ ഓണാഘോഷത്തിന് എതിരെ പോസ്റ്റർ ഇറക്കിയതിന് ഈ മലയാളി ഇടത് മേൽകോയ്മയുള്ള വിദ്യാർഥി ഗ്രൂപ്പുകളിൽ നിന്നൊക്കെ ഒറ്റപ്പെടുത്തുകയും ബഹിഷ്ക്കരണം നേരിടുകയും ചെയ്തു.

ടിസ്സിലേക്ക് പുതുതായി വരുന്ന വിദ്യാർഥികൾക്കായുള്ള മലയാളി ഫ്രഷേഴ്‌സ് പാർട്ടിയിലും, മലയാളികളുടെ കൾചറൽ ഫെസ്റ്റായ ‘പപ്പട’ത്തിലുമെല്ലാം ഇടത് അനുകൂല വിദ്യാർഥികൾ ആയിരിക്കും കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ബാക്കി ഉള്ള ഗ്രൂപ്പുകൾ എല്ലാം അതിൽ നിശബ്ദരായിരുന്നു. ഈ ഗ്രൂപ്പിൽ ഉള്ള വിവേചനകൾ മൂലം ദലിത്, ക്വിയർ രാഷ്ട്രീയ ബോധമുള്ള വിദ്യാർഥികൾ ആദ്യമേ തന്നെ മാറിനിന്നിരുന്നു. വിരലിലെണ്ണാവുന്ന മലയാളി മുസ്‌ലിം വിദ്യാർഥികളാണ് ടിസ്സിലേക്ക് അഡ്‌മിഷൻ എടുത്ത് വരാറുള്ളത്. അവർ ഇത്തരം പൊതു ഗ്രൂപ്പുകളിൽ നിന്നും വിട്ടുനിൽക്കാതെ തന്നെ അതിൽ നിലനിൽക്കുന്ന ഇടതു മേൽക്കോയ്മയെ ചോദ്യം ചെയ്തുകൊണ്ട് ഒപ്പം തുടരുകയാണ് ചെയ്തിരുന്നത്.

2018-19 ടിസ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതു കൂട്ടായ്മയായ പിഎസ്എഫിൽ നിന്നും ഒരു മുസ്‌ലിം വിദ്യാർഥിനി മത്സരിക്കുകയും ഡബ്ലൂജിഡിസി (women and gender development cell) മെമ്പറായി നല്ല ഭൂരിപക്ഷത്തോടുകൂടി വിജയിക്കുകയും ചെയ്തു. സ്വതന്ത്രനായി മത്സരിച്ച നിദാലിന് വേണ്ടി പ്രവർത്തിച്ചിരുന്ന പോലെത്തന്നെ ഈ മുസ്‌ലിം വിദ്യാർഥിനിക്ക് വേണ്ടിയുള്ള കാമ്പയിനിങിലും മുസ്‌ലിം വിദ്യാർഥികൾ വളരെ സജീവമായിരുന്നു. ഇടതിന്റെ പാനലിൽ നിന്നും മത്സരിക്കുന്ന മതേതര മുസ്‌ലിം വിദ്യാർഥിനിക്കുള്ള പ്രിവിലേജൊന്നും ന്യൂനപക്ഷ മുസ്‌ലിം രാഷ്ട്രീയമുള്ള മുഹമ്മദ് നിദാലിന് കാമ്പസിൽ ലഭിച്ചിരുന്നില്ല. പോരാത്തതിന് വേറൊരു മലയാളിയെ തന്നെ നിദാലിന് എതിരെ നിർത്തി വോട്ട് വിഭജിക്കുകയാണ് ഇടതു രാഷ്ട്രീയമുള്ള പിഎസ്എഫ് അന്ന് ചെയ്തത്‌.

തെരഞ്ഞെടുപ്പും ബഹിഷ്കരണങ്ങളും

ഈ വർഷം യൂണിയൻ തെരഞ്ഞെടുപ്പിനോട് അടുത്ത വേളയിൽ മലയാളി വിദ്യാർഥികളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഇടതു അനുകൂല സംഘമായ പിഎസ്എഫിന്റെ കഴിഞ്ഞ വർഷത്തെ മാനിഫെസ്‌റ്റോയിൽ ഉണ്ടായ പാലിക്കപ്പെടാത്ത വാഗ്ദാനകളെ കുറിച്ചും അവരുടെ സ്ഥാനാർഥിയായി നിന്ന് വിജയിച്ച ഇടത് അനുഭാവിയായ മുസ്‌ലിം വിദ്യാർഥിനി നൽകിയ പൊള്ളയായ ഉറപ്പുകളെ കുറിച്ചുമുള്ള വിമർശന കുറിപ്പ് ഒരു വിദ്യാർഥി പോസ്റ്റ് ചെയ്യുകയുണ്ടായി. അതിനു പിന്നാലെ ഇടതുപക്ഷ വിദ്യാർഥികൾ പ്രസ്തുത വിദ്യാർഥിക്കെതിരെ കൂട്ടത്തോടെ (സൈബർ അറ്റാക്ക് പോലെ) രംഗത്തു വരികയും പിന്നീട് അത് ഇടതു അനുകൂലികളല്ലാത്ത വിദ്യാർഥികളിലേക്കുള്ള ടാർഗറ്റിങ് ആയി മാറുകയും ചെയ്തു. 

എന്റെ ബാച്ചിലെ ഇടത് അനുകൂലികളല്ലാത്ത, മറ്റു രാഷ്ട്രീയ ബോധമുള്ള വിദ്യാർഥികൾ വിരലിൽ എണ്ണാവുന്നവരെ കാണൂ. ഇങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ ഞങ്ങൾ ഒറ്റപ്പെടലും ബഹിഷ്കരണവും നേരിടേണ്ടി വന്നു. ഇടതു ചായ്വുള്ള വിദ്യാർഥികൾ ഞങ്ങളോട് സംസാരിക്കാതെയായി. ന്യൂ കാമ്പസിലെ ഡൈനിങ് ഹാളിൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്ന മലയാളി ഇടങ്ങളിൽ നിന്നൊക്കെ ഞങ്ങൾ മാറ്റിനിർത്തപ്പെട്ടു. കാമ്പസിലും സൈബർ ഇടത്തിലും ഇടതിന്റെ അല്ലെങ്കിൽ പിഎസ്എഫിന്റെ ടാർഗറ്റിങ്‌ ശ്രമങ്ങൾ തുടർന്നു കൊണ്ടിരുന്നു. ഈ ഒറ്റപ്പെടുത്തലുകളിൽ ഒക്കെ ഇരയാക്കപ്പെട്ടത് ഭൂരിപക്ഷവും മുസ്‌ലിം വിദ്യാർഥികൾ തന്നെയായിരുന്നു.

ഈ വർഷവും ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി പ്രസ്തുത മുസ്‌ലിം വിദ്യാർഥിനിയെ തന്നെ നിർത്തിയ പിഎസ്എഫ് അതിലൂടെ ലക്ഷ്യം വെച്ചത് അവരെ പിന്തുണക്കാത്ത മുസ്‌ലിം വിദ്യാര്ഥികളോടുള്ള പകരംവീട്ടൽ കൂടിയാണ്. ഒപ്പം ഞങ്ങളുടെ വിയോജിപ്പുകളെയും വിമർശനങ്ങളെയും ‘സ്ക്രൂഡ് ‘, ‘ഫണ്ടമെന്റലിസ്റ്റ് ‘, ‘ഓപർച്യൂണിസ്റ്റിക്ക് കമ്മ്യൂണൽ’ പോലുള്ള വാക്കുകൾ ഉപയോഗിച്ചു കൊണ്ട് ആക്രമിക്കുകയും ‘സെക്കുലർ മുസ്‌ലിം സ്ത്രീയെ ആക്രമിക്കുന്നേ..’ എന്നു കാമ്പസിൽ പറഞ്ഞു പരത്തുകയും ചെയ്തു.

ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ ഒന്നാം വർഷ വിദ്യാർഥിയായ ജിഷ്ണുനാഥ് പി.സി എന്ന സ്വതന്ത്ര സ്ഥാനാർഥിയെ പിഎസ്എഫ് അനുകൂലികൾ അല്ലാത്ത മലയാളി വിദ്യാർഥികൾ പ്രസ്തുത മുസ്‌ലിം വിദ്യാർഥിനിക്ക് എതിരെ നിർത്തുകയും എല്ലാ മലയാളി വിദ്യാർഥികളും ഇടതു ചായ്വുള്ളവർ ആണെന്ന കാമ്പസിലെ പൊതുധാരണ മാറ്റിയെടുക്കുകയും ചെയ്തു.

ജിഷ്‌ണുനാഥ് എന്ന ഓബിസി വിദ്യാർഥിയായ സ്ഥാനാർഥിക്കെതിരെ ‘മുസ്‌ലിം പുരുഷന്മാർ മുസ്‌ലിം സ്ത്രീക്ക് എതിരെ നിർത്തുന്നതാണ് ജിഷ്‌ണുവിനെ’ എന്ന ആരോപണമുന്നയിക്കുകയും ‘ഒന്നാം വർഷ വിദ്യാർഥിക്ക് നമുക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല’, ‘ജിഷ്‌ണു കാരണം വലതുപക്ഷ സ്ഥാനാർഥികൾ വിജയിക്കും’ തുടങ്ങിയ വാദങ്ങളുയർത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ടാർഗറ്റിങ്ങും സൈബർ ഇടത്തിലൂടെയുള്ള വ്യാജ പ്രചരണവും പിഎസ്എഫുകാർ തുടരുകയാണുണ്ടായത്. മുസ്‌ലിം വിദ്യാർഥികളെ ഗ്രീൻ അംബേഡ്ക്കറൈറ്റ്സ്, മൂരികൾ, കമ്മ്യൂണലുകൾ തുടങ്ങിയ പദപ്രയോഗങ്ങൾ നടത്തി ആക്ഷേപിച്ചുകൊണ്ട് അവർ വീണ്ടും രംഗത്തുവന്നു. 

പിന്നീടും ജെഎൻയുവിലെയും, എച്ച്സിയുവിലെയും വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ സമയത്ത് വീണ്ടും പിഎസ്എഫിലെ സവർണ ബോധമുള്ള ഇടതുപക്ഷക്കാർ ഫ്രറ്റേർണിറ്റിയെയും എസ്ഐഒവിനേയും ടാർഗറ്റ്‌ ചെയ്‌തുകൊണ്ട് അവർ സിനോഫോബിക്കും (xenophobic), ക്വിയർഫോബിക്കും (queerphobic) ആണെന്നൊക്കെ പറഞ്ഞുകൊണ്ട് പോസ്റ്റുകൾ ഇറക്കിയിരുന്നു. ഹോമോഫോബിയ വിരുദ്ധർ എന്നവകാശപ്പെടുന്ന ഇടതുപക്ഷം പക്ഷേ ആ ബാനറിൽ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്വത്വ രാഷ്ട്രീയത്തെ എതിർക്കുന്ന ഇവർ പക്ഷേ ക്യുയർ സ്വത്വ രാഷ്ട്രീയത്തിന്റെ മൊത്തക്കുത്തക ഏറ്റെടുത്ത് മുസ്‌ലിം സ്വത്വ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിലൂടെ വിവിധ സ്വത്വ രാഷ്ട്രീയങ്ങൾ തമ്മിലുള്ള സ്വതന്ത്ര സംവാദങ്ങൾ ഇല്ലാതാവുകയാണ് ചെയ്യുന്നത്. 

പുതിയ രാഷ്ട്രീയ പരീക്ഷണങ്ങൾ

അഞ്ചാറു തട്ടമിട്ട മുസ്‌ലിം വിദ്യാർഥിനികൾ ഒന്നിച്ചു കൂടിനിന്ന് സംസാരിക്കുന്നതു കണ്ടാൽ അസ്വസ്ഥമാവുന്ന സെക്യുരിറ്റികൾ ഉള്ള ടിസ്സ് കാമ്പസിൽ മുസ്‌ലിം വിദ്യാർഥികൾക്ക് ഒന്നിച്ചിരിക്കുവാനും ചർച്ചകൾ നടത്താനും ഒക്കെ പരിമിതികളുണ്ട്. മറ്റൊരു വിദ്യാർഥികളോടും ചോദിക്കാത്ത ചോദ്യങ്ങളൊക്കെ  ടിസ്സിലെ സെക്യുരിറ്റി ജോലിക്കാർ മുസ്‌ലിം വിദ്യാർഥികളെ ഒന്നിച്ചു കണ്ടാൽ നിരന്തരം ചോദിക്കുക പതിവാണ്. ഇങ്ങനെയുള്ള ഒരു കാമ്പസിൽ മുസ്‌ലിം ചോദ്യങ്ങൾ ഉന്നയിക്കാനും പുതിയ രാഷ്ട്രീയ പരീക്ഷണങ്ങൾ നടത്തുവാനും മുസ്‌ലിം വിദ്യാർഥികൾക്ക് ആശങ്കകൾ ഉണ്ടായിരുന്നു.

ന്യൂനപക്ഷ സമുദായങ്ങളിൽ നിന്ന് ഉന്നത വിദ്യഭ്യാസ മേഖലയിലേക്കുള്ള കടന്നുവരവ് അധികരിക്കുകയും ടിസ്സ് പോലെയുള്ള കാമ്പസുകൾ അവരുടെ തിരഞ്ഞെടുപ്പ് ആവുകയും ചെയ്യുമ്പോൾ ഇടതുപക്ഷ സംഘടനകൾ മുസ്‌ലിം വിദ്യാർഥികളെ തീവ്രവാദവൽക്കരിച്ചും ഇസ്‌ലാമോഫോബിയ പരത്തിയും അന്യവൽക്കരിക്കുന്ന കേരളത്തിലെ അതേ തന്ത്രം തന്നെയാണ് ഇവിടെയും പയറ്റുന്നത്. ഇതിനെ പ്രതിരോധിച്ചുകൊണ്ടാണ് ഫ്രറ്റേർണിറ്റി ടിസ്സ്, മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ (എംഎസ്എഫ്) പോലുള്ള മുസ്‌ലിം വിദ്യാർഥി സംഘടനകൾ ഈ അടുത്ത മാസങ്ങളിലായി ടിസ്സിൽ രൂപീകരിക്കുന്നത്. 

ഷബാസ് ഫാത്തിമ

ഇനിയുള്ള കാലമെങ്കിലും മുസ്‌ലിം വിദ്യാർഥികൾക്ക് ഒരു രാഷ്ട്രീയ ഇടം ഇല്ലാത്തതിന്റെ പ്രശ്നം പരിഹരിക്കലും ദലിത്, പിന്നാക്ക പ്രശ്നങ്ങളെ കാമ്പസ് ഇടത്തിലേക്ക് കൂടുതലായി കൊണ്ടുവരിക എന്നതുമാണ് ഈ സംഘടനകൾ രൂപീകരിച്ചതിന്റെ പ്രധാന ലക്ഷ്യം. ഇതിന് ടിസ്സിലെ എഎസ്എ നൽകുന്ന പിന്തുണ വലിയ പ്രതീക്ഷ നൽകുന്നതാണ്. 

നജീബ് വിഷയത്തിലും എസ്എആർ ഗീലാനിയുടെ മരണത്തെ സംബന്ധിച്ചും, ബാബരി വിധിയുമായി ബന്ധപ്പെട്ടും ഫാത്തിമ ലത്തീഫിന്റെ സ്ഥാപനവൽകൃത കൊലപാതകത്തെയും അതിലെ ഇസ്‌ലാമോഫോബിയയെയും കുറിച്ച് ഫ്രറ്റേർണിറ്റി ടിസ്സ് തുറന്ന പ്രസ്താവനകൾ നടത്തുകയും ടിസ്സിലെ വിദ്യാർഥി ഗ്രൂപ്പുകളിലെല്ലാം പോസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഇതുവഴി ഇത്രയും കാലം ടിസ്സിലെ വിദ്യാർഥികൾ സംസാരിക്കാത്ത, മറച്ചുവെച്ച രാഷ്ട്രീയത്തെയാണ് ഫ്രറ്റേർണിറ്റി ടിസ്സ് പുറത്തു കൊണ്ടുവന്നത്. ഫ്രറ്റേർണിറ്റി ടിസ്സിന്റെ നിലപാടുകളെ പിന്താങ്ങിക്കൊണ്ട് കാമ്പസിലെ എഎസ്എയും എംഎസ്എഫും മറ്റു ദലിത്-ബഹുജൻ-ക്വിയർ രാഷ്ട്രീയമുള്ള വിദ്യാർഥികളും കൂടെത്തന്നെയുണ്ട്. വരും കാലങ്ങളിൽ മുസ്‌ലിം ന്യൂനപക്ഷാവകാശങ്ങളുടെ തലത്തിലും കീഴാള രാഷ്ട്രീയ മുന്നേറ്റത്തിലും വലിയ മാറ്റങ്ങളുണ്ടാക്കാൻ ടിസ്സിൽ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

(മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ എംഎ സോഷ്യൽ വർക്ക് രണ്ടാം വർഷ വിദ്യാർഥിയാണ് ലേഖിക)

Top