ഒരു ചൂലിന്റെ രാഷ്ട്രീയ സ്വരൂപങ്ങള്‍

നിലനില്ക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെ കൊള്ളരുതായ്മകള്‍ മാത്രമല്ല, അനിയന്ത്രിതമായ നഗരവല്‍ക്കരണത്തിന്റെ ഫലമായ തനിമാനഷ്ടം, വൈദേശിക സംസ്‌കാരങ്ങളുടെ പകര്‍ച്ചവ്യാധിപോലുള്ള കടന്നുകയറ്റം, ഒരു ഉത്തമസമുദായത്തില്‍ ഒരിക്കലും കണ്ടുകൂടാത്ത പിന്നോട്ടടിയുടെ ചിഹ്നങ്ങളായ ”ജാതി-മത-വര്‍ഗ്ഗീയ” ശക്തികളുടെ അപരസാന്നിധ്യം എന്നിവയും ദേശത്തെ ജീവശാസ്ത്രപരമായി ദ്രവിപ്പിക്കുന്നതായി പലരും മുറവിളിയുയര്‍ത്താന്‍ തുടങ്ങി. പുറത്തെ ശത്രുക്കളുടെ കടന്നുകയറ്റവും അകത്തുള്ളവരുടെ കുത്തിത്തിരിപ്പുകള്‍ മൂലവും നമ്മുടെ മഹത്തായ ദേശം ആകെ തകരാറിലായിരിക്കുന്നു. അതിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കാന്‍ കടുത്ത നടപടികള്‍ തന്നെ ആവിശ്യമാണ്. ഇത്തരം പൊതുധാരണകള്‍ പെരുത്തുകയറിയപ്പോഴാണ് ചില വിഭാഗങ്ങളുടെ ഉന്മൂലനം എന്ന പരിഹാരക്രിയ ഫാഷിസ്റ്റുകളില്‍ നിന്നുമുണ്ടായത്. ‘ആം ആദ്മി’ പോലുള്ള ശുദ്ധീകരണ പാര്‍ട്ടികള്‍ വലിയ തോതില്‍ ആഘോഷിക്കപ്പെടുമ്പോള്‍ പഴയതും പുതിയതുമായ ഫാഷിസ്റ്റ് അന്തര്‍ധാരകളെ പറ്റിയും ഓര്‍ക്കുന്നത് നന്നായിരിക്കും എന്നു മാത്രമേ ഇവിടെ സൂചിപ്പിക്കുന്നുള്ളു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണവര്‍ഗ്ഗം അതിന്റെ മൗലിക കടമകള്‍ മറന്നുപോയെന്നും, അത് അഴിമതിയിലും സ്വജനപക്ഷപാതത്വത്തിലും ഉപഭോഗാസക്തിയിലും ആഴ്ന്നുമുങ്ങിയെന്നും ഉല്‍ക്കണ്ഠപ്പെടുന്ന സാഹിത്യരൂപകങ്ങളും വൈജ്ഞാനികപ്രമേയങ്ങളും ജനപ്രിയ സിനിമകളും നമുക്കെല്ലാം പരിചിതമാണ്. 1960-കളിലെ കുലീനരായ വ്യക്തിവാദികളില്‍നിന്നും രൂപപ്പെട്ട ഇത്തരം ആശങ്കകള്‍ 1970-കളിലെ തീവ്രഇടതുപക്ഷ ആഖ്യാനങ്ങളിലൂടെയും ആര്‍ട്ട്‌സിനിമകളിലൂടെയും ശക്തിപ്പെട്ടു. രണ്ടായിരമാണ്ടോടുകൂടി പോപ്പുലര്‍കള്‍ച്ചറില്‍ ഇത്തരം പ്രതിപാദനങ്ങള്‍ക്ക് വലിയ ഇടം കിട്ടിയതിനൊപ്പം ലിബറലുകളും സോഷ്യലിസ്റ്റുകളുമടക്കമുള്ള മുഖ്യധാരയിലെ ഒരുപാടുപേര്‍ ദേശത്തിന്റെ ”അധഃപതനത്തില്‍ ” കടുത്ത ആശങ്കയുള്‍ക്കൊള്ളുന്നവരായി മാറി.

നിലനില്ക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെ കൊള്ളരുതായ്മകള്‍ മാത്രമല്ല, അനിയന്ത്രിതമായ നഗരവല്‍ക്കരണത്തിന്റെ ഫലമായ തനിമാനഷ്ടം, വൈദേശിക സംസ്‌കാരങ്ങളുടെ പകര്‍ച്ചവ്യാധിപോലുള്ള കടന്നുകയറ്റം, ഒരു ഉത്തമസമുദായത്തില്‍ ഒരിക്കലും കണ്ടുകൂടാത്ത പിന്നോട്ടടിയുടെ ചിഹ്നങ്ങളായ ”ജാതി-മത-വര്‍ഗ്ഗീയ” ശക്തികളുടെ അപരസാന്നിധ്യം എന്നിവയും ദേശത്തെ ജീവശാസ്ത്രപരമായി ദ്രവിപ്പിക്കുന്നതായി പലരും മുറവിളിയുയര്‍ത്താന്‍ തുടങ്ങി.
പുറത്തെ ശത്രുക്കളുടെ കടന്നുകയറ്റവും അകത്തുള്ളവരുടെ കുത്തിത്തിരിപ്പുകള്‍ മൂലവും നമ്മുടെ മഹത്തായ ദേശം ആകെ തകരാറിലായിരിക്കുന്നു. അതിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കാന്‍ കടുത്ത നടപടികള്‍ തന്നെ ആവിശ്യമാണ്. ഇത്തരം പൊതുധാരണകള്‍ പെരുത്തുകയറിയപ്പോഴാണ് ചില വിഭാഗങ്ങളുടെ ഉന്മൂലനം എന്ന പരിഹാരക്രിയ ഫാഷിസ്റ്റുകളില്‍ നിന്നുമുണ്ടായത്. ‘ആം ആദ്മി’ പോലുള്ള ശുദ്ധീകരണ പാര്‍ട്ടികള്‍ വലിയ തോതില്‍ ആഘോഷിക്കപ്പെടുമ്പോള്‍ പഴയതും പുതിയതുമായ ഫാഷിസ്റ്റ് അന്തര്‍ധാരകളെ പറ്റിയും ഓര്‍ക്കുന്നത് നന്നായിരിക്കും എന്നു മാത്രമേ ഇവിടെ സൂചിപ്പിക്കുന്നുള്ളു. ഏതായാലും ദേശത്തെ തുരങ്കം വെക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും അവരുടെ സേവകരായ ഉദ്യോഗസ്ഥരെയും ഉന്മൂലനത്തിലൂടെ ശുദ്ധീകരിക്കണമെന്ന് ആം ആദ്മി പറയുന്നില്ല. പകരം; ഒരു ചൂല് ഉപയോഗിച്ചു വ്യവസ്ഥയെ അടിച്ചുതെളിച്ചു വൃത്തിയാക്കാം, അല്ലെങ്കില്‍ ചില ഒറ്റമൂലികള്‍ പ്രയോഗിച്ച് കാര്യങ്ങളെ മികച്ചനിലയിലാക്കാം എന്നവര്‍ വിശ്വസിക്കുന്നു. അശുദ്ധവസ്തുക്കളും അപരസാന്നിധ്യങ്ങളും വല്ലാതെ പെരുകിയതുമൂലം ദ്രവിക്കാന്‍ തുടങ്ങുന്ന ദേശമെന്ന ജൈവപിണ്ഡത്തെ പുതുക്കിയെടുക്കാന്‍ രണ്ടുതരത്തിലുള്ള ഔഷധപ്രയോഗങ്ങളാണ് ലിബറല്‍ വ്യക്തിവാദത്തിന്റെ മുമ്പിലുള്ളത്. ആദ്യത്തേത്, ഗാന്ധിയന്‍ സ്വാശ്രയ ജീവിതമാണ്. രണ്ടാമത്തേത് ഇടതുപക്ഷ നൈതീകതയാണ്. ഈ രണ്ടു ഒറ്റമൂലികളും രൂപപ്പെട്ടത് ഇന്ത്യയിലെ അപരരുടെയും സ്ത്രീകളുടെയും അനുഭവസീമകള്‍ക്കും അറിവുകള്‍ക്കും പുറത്തുനിന്നാണെന്ന കാര്യം ശ്രദ്ധേയമാണ്. ഇവയില്‍ ഗാന്ധിയന്‍ സ്വാശ്രയമെന്നത് ആന്തരികമായ ബലപ്രയോഗത്തിലൂടെ ഉറപ്പിയ്ക്കപ്പെടേണ്ടതാണ്.

_______________________________
 അശുദ്ധവസ്തുക്കളും അപരസാന്നിധ്യങ്ങളും വല്ലാതെ പെരുകിയതുമൂലം ദ്രവിക്കാന്‍ തുടങ്ങുന്ന ദേശമെന്ന ജൈവപിണ്ഡത്തെ പുതുക്കിയെടുക്കാന്‍ രണ്ടുതരത്തിലുള്ള ഔഷധപ്രയോഗങ്ങളാണ് ലിബറല്‍ വ്യക്തിവാദത്തിന്റെ മുമ്പിലുള്ളത്. ആദ്യത്തേത്, ഗാന്ധിയന്‍ സ്വാശ്രയ ജീവിതമാണ്. രണ്ടാമത്തേത് ഇടതുപക്ഷ നൈതീകതയാണ്. ഈ രണ്ടു ഒറ്റമൂലികളും രൂപപ്പെട്ടത് ഇന്ത്യയിലെ അപരരുടെയും സ്ത്രീകളുടെയും അനുഭവസീമകള്‍ക്കും അറിവുകള്‍ക്കും പുറത്തുനിന്നാണെന്ന കാര്യം ശ്രദ്ധേയമാണ്. ഇവയില്‍ ഗാന്ധിയന്‍ സ്വാശ്രയമെന്നത് ആന്തരികമായ ബലപ്രയോഗത്തിലൂടെ ഉറപ്പിയ്ക്കപ്പെടേണ്ടതാണ്. ഇടതുപക്ഷ നൈതീകതയാവട്ടെ ഭൗതികമായ ബലപ്രയോഗത്തിലൂടെ നടപ്പില്‍ വരുത്തേണ്ടതാണ്. പൊതുബോധത്തിന്റെ കനത്ത സുരക്ഷിതത്വമുള്ളതും അധികമാരും ചോദ്യം ചെയ്തിട്ടില്ലാത്തതുമായ മേല്‍പ്പറഞ്ഞ ഒറ്റമൂലികളെയാണ് ആം ആദ്മി പാര്‍ട്ടി പ്രമാണവല്‍ക്കരിച്ചിട്ടുള്ളത്.  
_______________________________

ഇടതുപക്ഷ നൈതീകതയാവട്ടെ ഭൗതികമായ ബലപ്രയോഗത്തിലൂടെ നടപ്പില്‍ വരുത്തേണ്ടതാണ്. പൊതുബോധത്തിന്റെ കനത്ത സുരക്ഷിതത്വമുള്ളതും അധികമാരും ചോദ്യം ചെയ്തിട്ടില്ലാത്തതുമായ മേല്‍പ്പറഞ്ഞ ഒറ്റമൂലികളെയാണ് ആം ആദ്മി പാര്‍ട്ടി പ്രമാണവല്‍ക്കരിച്ചിട്ടുള്ളത്. അവരുടെ മാനിഫെസ്റ്റോ, പാര്‍ട്ടി പരിപാടി, നേതാക്കളുടെ പ്രസ്താവനകള്‍, അഭിമുഖങ്ങള്‍ എന്നിവയിലൂടെ കടന്നുപോയാല്‍ ഇക്കാര്യം ബോധ്യപ്പെടും. എന്നാല്‍ ഈ പ്രമാണങ്ങള്‍ നടപ്പില്‍ വരുത്താന്‍ വേണ്ടിവരുന്ന ബലപ്രയോഗം എങ്ങനെയായിരിക്കും എന്നതിനെപറ്റി മൗനം പാലിക്കുകയും ചെയ്യുന്നു.

പ്രത്യയശാസ്ത്രാനന്തര പ്രസ്ഥാനമോ?

ആം ആദ്മി പാര്‍ട്ടിയെ ഒരു ”പ്രത്യയശാസ്ത്രാനന്തര” ബഹുജന മുന്നേറ്റമായി ചിലര്‍ വിലയിരുത്തുന്നു. മറ്റുചിലര്‍ മുഖ്യധാര രാഷ്ട്രീയകക്ഷികളെ ”അരാഷ്ട്രീയത” കൊണ്ട് പൊളിക്കുന്ന സിവില്‍സമുദായ ഇടപെടലായി ഇതിനെ ചിത്രീകരിക്കുന്നു. ”സാമ്രാജ്യ”ത്തെ പ്രശ്‌നവല്‍ക്കരിക്കുന്ന ജനസഞ്ചയത്തിന്റെ സാന്നിധ്യമായിട്ടാണ് ഇതിനെ കുറേപ്പേര്‍ വ്യാഖ്യാനിക്കുന്നത്. ഈ പാര്‍ട്ടിയുടെ മതേതര മുസ്ലീം മുഖത്തെ പ്രതിനിധാനം ചെയ്യുന്ന ഷാസിയ ഇല്‍മ എന്ന ടെലിവിഷന്‍ ജേര്‍ണലിസ്റ്റ് അവകാശപ്പെടുന്നത് അഴിമതിയെന്ന ”പ്ലേഗി”ല്‍ നിന്നും നാടിനെ രക്ഷിക്കാനുറച്ച; അറബ് വസന്തത്തിന്റെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശികളാണ് തങ്ങളെന്നാണ്.
എന്നാല്‍ ”പ്രത്യയശാസ്ത്രാനന്തരത” ”ജനസഞ്ചയം” ”അറബ് വസന്തം” മുതലായ കാര്യങ്ങളൊന്നും തന്നെ ശുദ്ധിവാദത്തിന്റെ പ്രമേയങ്ങളല്ല. നേരെമറിച്ച്, വ്യവസ്ഥയില്‍ നിന്നും പുറന്തള്ളപ്പെട്ടവരും അരികുവല്‍ക്കരിക്കപ്പെട്ടവരുമായ ജനസഞ്ചയം തങ്ങളുടെ ”പ്രത്യേകത” (particularity) ഉറപ്പിക്കാന്‍ പൊതുമണ്ഡലത്തെ ഉപാധിയാക്കുന്ന ആധുനികാനന്തര പ്രതിഭാസങ്ങളാണിവ. ‘പ്ലേഗു’കളെ തുരത്തിയോടിക്കുന്നവരോ രക്ഷാകര്‍ത്തൃത്വങ്ങള്‍ എന്ന പദവി കയ്യാളുന്നവരോ ആയി സ്വയം പ്രഖ്യാപിക്കുകയല്ല ജനസഞ്ചയം ചെയ്യുന്നത്. തങ്ങളുടെ അതിജീവനത്തിനുവേണ്ടി സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പുതുസാധ്യതകള്‍ ആരായുകയാണ് അവര്‍. ആം ആദ്മി പാര്‍ട്ടി പുറന്തള്ളപ്പെട്ടവരുടെയോ അരികുവല്‍ക്കരിക്കപ്പെട്ടവരുടെയോ സാമുദായികതയെയും പാരസ്പര്യാനുഭവങ്ങളെയും നിര്‍ണ്ണായകമായി കാണുന്നില്ല. നേരെമറിച്ച്, ഇത്തരം ”കമ്മ്യൂണിറ്റേറിയന്‍” വ്യവഹാരങ്ങളെ ‘ഹൊററാ’യി കാണുന്നവരുടെ കൂട്ടായ്മയാണ് അതെന്നതാണ് വാസ്തവം. ഈ അര്‍ത്ഥത്തില്‍ , ഈ പാര്‍ട്ടി പ്രത്യയശാസ്ത്രാനന്തര പ്രതിഭാസമല്ല. അടിമുടി പ്രത്യയശാസ്ത്രവല്‍ക്കരിക്കപ്പെട്ട പ്രതിഭാസമാണ്.
ഈ പ്രസ്ഥാനം ജാതി-മത-ലിംഗ-പ്രാദേശിക സ്വത്വമണ്ഡലങ്ങളുടെ അതിര്‍ത്തിമുറിച്ചു കടന്നു എന്ന പ്രചാരണവും അസ്ഥാനത്താണ്. ഈ പാര്‍ട്ടിയുടെ മേല്‍ജാതി പശ്ചാത്തലങ്ങളേയും, ഉപരിവര്‍ഗ്ഗ കെട്ടുപാടുകളേയും സംബന്ധിച്ച ആദ്യസൂചനകള്‍ സമൂഹത്തിന് നല്‍കിയത് ഡല്‍ഹിയിലെ ദലിത് സംഘടനകളും വിദ്യാര്‍ത്ഥികളുമാണ്. ഇവരുടെ ആചാര്യസ്ഥാനീയനായ അന്നാഹസാരെയുടെ സ്വപ്നഗ്രാമമെന്നത് ജാതിമേധാവിത്വത്തിന്റെയും പ്രാദേശിക സങ്കുചിതത്വത്തിന്റെയും കുപ്പത്തൊട്ടിയാണെന്ന് സവര്‍ണ്ണരായ പത്രപ്രവര്‍ത്തകര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള സ്വാശ്രയഗ്രാമങ്ങളെ ബദല്‍ മാതൃകകളായി കൊണ്ടാടാന്‍ മനുഷ്യപ്പറ്റില്ലാത്ത വ്യക്തിവാദികളെ മാത്രമേ കിട്ടുകയുള്ളൂ.
മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭണങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നവരുടെ നിരയിലുണ്ടായിരുന്നയാളാണ് അരവിന്ദ് കെജ്‌റവാല്‍. ആ പ്രക്ഷോഭണം നയിച്ചവര്‍ പുലര്‍ത്തിയിരുന്ന ജാതിമേധാവിത്വ മനോഭാവം പോലെ തന്നെ തീവ്രമാണ് അവര്‍ രൂപപ്പെടുത്തിയ ലിംഗാധിപത്യ ബോധ്യങ്ങളുമെന്ന് ഉമാചക്രവര്‍ത്തി വിശദീകരിച്ചിട്ടുണ്ട്.^1
ജനലോക്പാല്‍ബില്‍ അവതരിപ്പിക്കാന്‍ അന്നാഹസാരെ നടത്തിയ സത്യാഗ്രഹത്തിനും ഡെല്‍ഹിയിലെ ബലാല്‍സംഗ വിരുദ്ധ പ്രക്ഷോഭണത്തിനും കിട്ടിയ മാധ്യമ ശ്രദ്ധ മുഴുവന്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിഞ്ഞതാണ് ആം ആദ്മിയുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചത്. ജനലോക്പാല്‍ ബില്‍ പൊതുസമ്മതിയുടെ സുരക്ഷിതത്വമുള്ള നിരവധി മേഖലകളെ ഒഴിവാക്കിയതാണെന്നും, അതുതന്നെ മറ്റൊരു അഴിമതി സ്ഥാപനമാകാനുള്ള സാധ്യതയുള്ളതാണെന്നും അക്കാലത്ത് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മണ്ഡല്‍വിരുദ്ധ സമരകാലത്തെന്നപോലെ കീഴാള ആണുങ്ങളെ അപരവല്‍ക്കരിക്കുന്നതിലേക്ക് നോട്ടം പായിച്ച നാഗരിക സവര്‍ണ്ണ സ്ത്രീപുരുഷന്മാരുടേയും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടേയും ആശങ്കകളാണ് ഡല്‍ഹി പ്രക്ഷോഭണത്തില്‍ നിര്‍ണ്ണായകമായതെന്ന് അനുരാംദാസ്, ജെനി റൊവീന മുതലായ കീഴാള ഫെമിനിസ്റ്റുകള്‍ വിശദീകരിക്കുകയുണ്ടായി. വധശിക്ഷ മുതലായ നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമായും വിപുലമായും നടപ്പിലാക്കണമെന്നാണ് ഈ പ്രക്ഷോഭണത്തിന്റെ മുമ്പിലുണ്ടായിരുന്നവര്‍ വാദിച്ചിരുന്നതെന്നതും ഓര്‍മ്മിക്കുക.

_______________________________
ജനലോക്പാല്‍ബില്‍ അവതരിപ്പിക്കാന്‍ അന്നാഹസാരെ നടത്തിയ സത്യാഗ്രഹത്തിനും ഡെല്‍ഹിയിലെ ബലാല്‍സംഗ വിരുദ്ധ പ്രക്ഷോഭണത്തിനും കിട്ടിയ മാധ്യമ ശ്രദ്ധ മുഴുവന്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിഞ്ഞതാണ് ആം ആദ്മിയുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചത്. ജനലോക്പാല്‍ ബില്‍ പൊതുസമ്മതിയുടെ സുരക്ഷിതത്വമുള്ള നിരവധി മേഖലകളെ ഒഴിവാക്കിയതാണെന്നും, അതുതന്നെ മറ്റൊരു അഴിമതി സ്ഥാപനമാകാനുള്ള സാധ്യതയുള്ളതാണെന്നും അക്കാലത്ത് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മണ്ഡല്‍വിരുദ്ധസമരകാലത്തെന്നപോലെ കീഴാള ആണുങ്ങളെ അപരവല്‍ക്കരിക്കുന്നതിലേക്ക് നോട്ടം പായിച്ച നാഗരിക സവര്‍ണ്ണസ്ത്രീപുരുഷന്മാരുടേയും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടേയും ആശങ്കകളാണ് ഡല്‍ഹി പ്രക്ഷോഭണത്തില്‍ നിര്‍ണ്ണായകമായതെന്ന് അനുരാംദാസ്, ജെനി റൊവീന മുതലായ കീഴാള ഫെമിനിസ്റ്റുകള്‍ വിശദീകരിക്കുകയുണ്ടായി. വധശിക്ഷ മുതലായ നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമായും വിപുലമായും നടപ്പിലാക്കണമെന്നാണ് ഈ പ്രക്ഷോഭണത്തിന്റെ മുമ്പിലുണ്ടായിരുന്നവര്‍ വാദിച്ചിരുന്നതെന്നതും ഓര്‍മ്മിക്കുക. 

_______________________________

ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളില്‍ നടപ്പിലായ നവ ഉദാരീകരണ നടപടികളുടെ ഗുണഭോക്താക്കളായ ഒരു വിഭാഗം ഉപരിമധ്യവര്‍ഗ്ഗങ്ങള്‍ ഇന്ത്യയില്‍ പ്രാമാണ്യം നേടുകയുണ്ടായി. പുതുതായി ഉയര്‍ന്നുവന്ന മാധ്യമങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, ഉന്നത ബ്യൂറോക്രസി, അക്കാദമിക് വരേണ്യത, പോപ്പുലര്‍ കള്‍ച്ചര്‍ എന്നിവയിലെല്ലാം നെടുനായകത്വം നേടിയ ഈ മധ്യവര്‍ഗ്ഗം അവിടെതന്നെ നില്‍ക്കാതെ, ഭരണനിര്‍വ്വഹണത്തിലേക്ക് നേരിട്ടു പ്രവേശിക്കാന്‍ തുടങ്ങുന്നതിനെയാണ് ആം ആദ്മി സാക്ഷ്യപ്പെടുത്തുന്നത്. മുന്‍കാലത്ത് ‘യൂത്ത് ഫോര്‍ ഇക്വാളിറ്റി’ തുടങ്ങിയ സംഘടനകള്‍ക്ക് രഹസ്യപിന്തുണ നല്‍കിയ കോണ്‍ഗ്രസ്സിലെയും ബിജെപിയിലെയും കമ്മ്യൂണിസ്റ്റുപാര്‍ട്ടികളിലെയും ഒരു വിഭാഗവും കോര്‍പ്പറേറ്റ് മാധ്യമങ്ങളുമാണ് ഇവരെ പിന്തുണയ്ക്കുന്നത്.
സാധാരണക്കാരുടെ പേരുപറയുന്ന ഈ സംഘടനക്ക് വലിയ തോതില്‍ വിദേശഫണ്ട് കിട്ടുന്നതായും, എന്‍.ജി.ഒ കളുടെയും കോര്‍പ്പറേറ്റ് മേലധികാരികളുടെയും പിന്തുണ ആവോളമുള്ളതായും എല്ലാവര്‍ക്കുമറിയാം. ഇവയ്‌ക്കൊപ്പം ഉത്തരേന്ത്യന്‍ താന്‍പോരിമയും ഹിന്ദിഭാഷ സങ്കുചിതത്വവും കൂടിയാണ് ആം ആദ്മിയെ നിര്‍മ്മിച്ചതെന്ന് കാഞ്ച ഐലയ്യ വിലയിരുത്തുന്നു.

ഒരു ഗവണ്‍മെന്റിന്റെ ഓര്‍മ്മയ്ക്കായി

ഇന്ത്യയിലെ ചെറുതും വലുതുമായ പട്ടണങ്ങളില്‍ ശുചിത്വജോലി ചെയ്യുന്ന ദലിതരായ സ്ത്രീപുരുഷന്മാരെ പെട്ടെന്നു പ്രത്യക്ഷപ്പെടുത്തുന്ന ഒരു അടയാളമാണ് ചൂല് . അംബേദ്ക്കറെ പോലുള്ളവര്‍ ഇന്ത്യയുടെ ജനാധിപത്യവല്‍ക്കരണത്തിന്റെ യഥാര്‍ത്ഥ തടസ്സമായി കണ്ട ജാതിവ്യവസ്ഥയെന്നത് സ്ഥലപരമായ പ്രതിനിധാനമുള്‍ക്കൊള്ളുന്നതാണ്. ഗോപാല്‍ഗുരു എഴുതുന്നു. ”അംബേദ്ക്കറിന്റെയും ഗാന്ധിയുടെയും പോലും കാര്യത്തില്‍ സ്ഥലത്തിന് ചിന്തയുടെ രൂപീകരണത്തെയും ഫലദായകത്വത്തെയും നിര്‍ണ്ണയിക്കുന്നതില്‍ പങ്കുണ്ടെന്നതാണ് എന്റെ വാദം. അംബേദ്ക്കറിന്റെ സാമൂഹിക സ്ഥാനം- ചരിത്രപരമായി ഉല്‍പ്പാദിപ്പിക്കപ്പെടുകയും പുനരുല്‍പ്പാദിക്കപ്പെടുകയും ചെയ്ത സാമൂഹികമായി വേര്‍തിരിക്കപ്പെട്ട ഒരു ഇടം (Ghetto) അദ്ദേഹത്തെ വിവേചനങ്ങള്‍, അപമാനം, വേര്‍തിരിവ്, അസമത്വം, അനീതി എന്നിവയുടെ ഭാഷയോട് സംവേദിപ്പിക്കാനാണ് ശ്രമിച്ചത്”^2.
ആം ആദ്മി പാര്‍ട്ടി ചൂല് എന്ന രൂപകം കയ്യാളുമ്പോള്‍ വിവേചനം, അനീതി, വേര്‍തിരിവ് മുതലായ സ്ഥലപരത മാഞ്ഞുപോകുന്നു. പകരം മേല്‍ജാതിക്കാരായ രക്ഷാകര്‍ത്തൃത്വങ്ങള്‍ കയ്യിലെടുത്ത ശൂദ്ധീകരണ ഉപകരണമായത് മാറ്റപ്പെടുന്നു.
ഇതേ പ്രകാരത്തിലുള്ള ഒരു വഞ്ചനാത്മകമായ തിരിച്ചിടലാണ് ”സാധാരണക്കാരന്‍” എന്ന പ്രയോഗവും. തെറ്റിദ്ധരിപ്പിക്കുന്ന സാര്‍വ്വലൗകികത കൊണ്ട് വൈവിധ്യങ്ങളെ നിരാകരിക്കുകയെന്നത് ആധുനികതയുടെ അധീശത്വഭാവമാണ്. ഇന്ത്യയിലെ ഗ്രാമീണ ജനതയെ വിശേഷിപ്പിക്കാന്‍ ഗാന്ധിജി ഉപയോഗിച്ച ‘ദരിദ്രനാരായണന്മാര്‍ എന്ന പ്രയോഗത്തിന്റെ പുതുരൂപമാണ് സാധാരണക്കാരന്‍ എന്നത്. അവസ്ഥയെ തന്ത്രപൂര്‍വ്വം വ്യതിചലിപ്പിക്കുന്ന ഇത്തരം സാര്‍വ്വലൗകിക പദങ്ങള്‍കൊണ്ട് ജാതികള്‍, മതങ്ങള്‍, വര്‍ഗ്ഗങ്ങള്‍, പ്രദേശങ്ങള്‍, പൗരത്വം, പദവികള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന സംഘര്‍ഷങ്ങളെയും അസന്തുലിതാവസ്ഥകളെയും മായ്ച്ചുകളയാന്‍ എളുപ്പമാണ്.
ചേരികളിലും കീഴാള ഇടങ്ങളിലും ആം ആദ്മി പാര്‍ട്ടി സ്വാധീനമുറപ്പിച്ചതിന് പിന്നില്‍ മേല്‍സൂചിപ്പിച്ച രീതിയിലുള്ള മായ്ച്ചുകളയലിന്റെ രാഷ്ട്രീയമാണ് പ്രവര്‍ത്തിച്ചത്. മറ്റൊരു സുപ്രധാനമായ കാര്യം, മണ്ഡല്‍ പ്രക്ഷോഭണഘട്ടത്തില്‍ കീഴാളവിഭാഗങ്ങളുടെ ഉറച്ച പ്രതിനിധിയായിരുന്ന യോഗേന്ദ്ര യാദവിന്റെ സാന്നിധ്യം വലിയ മുതല്‍ക്കൂട്ടായതാണ്. അടിത്തട്ടിലേയ്ക്കും ചേരികളിലേയ്ക്കും ഇറങ്ങിചെല്ലാന്‍ മുന്‍പ് കാന്‍ഷിറാം നടത്തിയ പല പ്രായോഗിക രീതികളും പുനരാവിഷ്‌ക്കരിച്ചതാണ് തങ്ങള്‍ക്ക് ഗുണം ചെയ്തതെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞതായി സുരേഷ്മാനെ ചൂണ്ടിക്കാട്ടുന്നു.3 എന്നാല്‍ കാന്‍ഷിറാമിന്റെ പ്രായോഗിക നിലപാടുകള്‍ കീഴാളരുടെ ശാക്തീകരണത്തിലൂന്നുന്നതാണെങ്കില്‍ ആം ആദ്മിയുടേത് അവരെ നിര്‍ശാക്തീകരിക്കുന്നതാണെന്നത് നിസ്സംശയമാണ്.
ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഭരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സൗജന്യ വെളള വിതരണം, ഇലക്ട്രിസിറ്റി ചാര്‍ജിന്റെ കുറയ്ക്കല്‍ മുതലായ നടപടികള്‍ കണ്ട് മയങ്ങുന്നതിന് മുമ്പ് നമ്മള്‍ മറ്റൊരു ഗവണ്‍മെന്റിനെ പറ്റി ഓര്‍മ്മിക്കേണ്ടതായിട്ടുണ്ട്. പ്രാചീന ഇന്ത്യയുടെ ചരിത്രത്തില്‍ ശൂദ്രര്‍ ഭരണപദവി കയ്യാളിയിരുന്ന മൗര്യസാമ്രാജ്യകാലമാണ് അടിത്തട്ടിലെ ജനതയുടെ അവിസ്മരണീയ ഘട്ടമെന്ന് അംബേദ്ക്കര്‍ എഴുതുകയുണ്ടായി. സമാനമായ സ്മരിക്കപ്പെടേണ്ടതാണ് വി.പി. സിംഗിന്റെ ഭരണകാലം.
അഴിമതിയുടെ വിഷയത്തില്‍, കോണ്‍ഗ്രസ്സ് കുടുംബവാഴ്ചയുമായി ഭിന്നിച്ച വി.പി.സിംഗ് അക്കാലത്തെ കീഴാളരാഷ്ട്രീയധാരകളോടും ജെ.പി. പ്രസ്ഥാനത്തിന്റെ മൂല്യങ്ങളോടും കണ്ണിചേര്‍ന്നുകൊണ്ട് അതുല്യമായ ഭരണനടപടികളാണ് കാഴ്ചവെച്ചത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക മാത്രമല്ല, സാമൂഹിക നീതിയെ കീഴാളരുടെ സോഷ്യല്‍ മൊബിലിറ്റിയുമായി കണ്ണിചേര്‍ത്തതും ആ ഗവണ്‍മെന്റാണ്. മറവിയില്‍ ആഴ്ന്നുപോയ അംബേദ്ക്കര്‍ കൃതികള്‍ പ്രസാധനം ചെയ്തതും, ലക്ഷക്കണക്കിന് സംവരണ ഒഴിവുകള്‍ നികത്തിയതും, ഇന്ത്യയിലെ ദശലക്ഷക്കണക്കിനായ ദരിദ്ര കര്‍ഷകരെ ആത്മഹത്യയില്‍ നിന്നും മോചിപ്പിച്ചുകൊണ്ട് കാര്‍ഷിക കടങ്ങള്‍ റദ്ദുചെയ്തതും ആ ഗവണ്‍മെന്റിന്റെ കാലത്താണ്.
വി.പി.സിംഗിന്റെ ഗവണ്‍മെന്റ് നല്‍കിയ സോഷ്യല്‍മൊബിലിറ്റിക്ക് തുല്യമായ വിധം നിരവധി പ്രാദേശിക ഗവണ്‍മെന്റുകളും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബീഹാറിലെ കര്‍പ്പൂരിതാക്കൂര്‍ സര്‍ക്കാര്‍, യു.പി.യിലെ മായാവതി സര്‍ക്കാര്‍, തമിഴ്‌നാട്ടിലെ ദ്രാവിഡപാര്‍ട്ടികളുടെ സര്‍ക്കാരുകള്‍ എന്നിവയും കേരളത്തിലെ കമ്മ്യൂണിസ്റ്റ്ഭരണവും, എസ്.പി., ആര്‍.ജെ.ഡി, എസ്. ജെ.ഡി ഭരണവും കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പി.യുടെയും ചിലകൂട്ടുകക്ഷി ഭരണങ്ങളും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് പ്രതിപ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതപ്പെട്ടവയാണ്. അത്തരം വിഷയങ്ങളെ ഒട്ടും പരിഗണിക്കാതെ പൊതുബോധത്തിന്റെ തൃപ്തിപ്പെടുത്തലുകളെ പുകഴ്ത്തുമ്പോള്‍ മാഞ്ഞുപോകുന്നത് സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെന്നതാണ് വസ്തുത.
ഇന്ന് ആം ആദ്മി പാര്‍ട്ടിയെ വിലയിരുത്തുകയും വി.പി. സിംഗ് സര്‍ക്കാരിനെ ഓര്‍ക്കുകയും ചെയ്യുമ്പോള്‍, ദലിതര്‍ അടക്കമുള്ള പാര്‍ശ്വവല്‍കൃത സമുദായങ്ങള്‍ സോഷ്യല്‍മൊബിലിറ്റിയില്‍ മാത്രം ഒതുങ്ങി നിന്നാല്‍ മതിയാവില്ല. അവര്‍ സോഷ്യല്‍ മൊബിലിറ്റിയില്‍ നിന്നും സാമൂഹിക സംഘാടകത്വത്തിലേക്ക് വികസിക്കേണ്ടതുണ്ട്. അതായിരിക്കും ജനാധിപത്യത്തെ സമകാലീനവല്‍ക്കരിക്കുന്നത്.

  • സൂചനകള്‍
  • 1. ജാതിയെ ലിംഗവല്‍ക്കരിക്കുമ്പോള്‍ – ഉമ ചക്രവര്‍ത്തി (പരിഭാഷ പി.എസ്. മനോജ് കുമാര്‍ – മാതൃഭൂമി കോഴിക്കോട്)
  • 2. The Idea of India: ‘Derivative, Desi and Beyond’- Gopal Guru (EPW-Sept 10, 2011)
  • 3. Who is the ‘Aaam Aadmi’ in APP ? – Dr. Suresh Mane (Round table India co.in 11 Jan. 2014)
  • (കടപ്പാട്: മാതൃഭൂമി ആഴ്ച്ചപതിപ്പ്)
Top