ലിംഗസ്വത്വത്തിന്റെ ദ്വന്ദ്വഭാവനകള്‍

ലൈംഗികതയെയും ലിംഗസ്വത്വത്തെയും കുറിച്ചുള്ള ചര്‍ച്ചകളിലും ചിന്തകളിലും നിരന്തരം കടന്നു കയറുന്ന ഇത്തരമൊരു ദ്വന്ദ്വഭാവന ഏറെ പ്രതിലോമകരമായൊരു ദൗത്യമാണ് പാലിക്കുന്നത്. എന്തിനെയും കറുപ്പും വെളുപ്പുമായോ ഹോമോയും ഹെറ്റ്‌റോയുമായോ ആണും പെണ്ണുമായോ തരംതിരിക്കാനുള്ള വ്യഗ്രത സൃഷ്ടിച്ചെടുക്കുന്നത് വിരുദ്ധ ദ്വന്ദ്വങ്ങളായി വര്‍ത്തിക്കുന്ന വാര്‍പ്പുമാതൃകകളെയാണ്. അവ പിന്നെ മോചനമില്ലാത്ത കാരാഗൃഹങ്ങളായി മാറി സ്വത്വ സങ്കല്പങ്ങളെയും മോഹഭാവനകളെയും തടവിലാക്കുന്നു. അതുകൊണ്ട് വിവേചനപരമായ നിയമങ്ങള്‍ക്കും സാമൂഹ്യനീതികള്‍ക്കുമെതിരായ സമരങ്ങളോടൊപ്പംതന്നെ പോകേണ്ടവയാണ് ദ്വന്ദ്വ ധ്രുവീകരണങ്ങളെ ചെറുക്കുന്ന ബൗദ്ധികാന്വേഷണങ്ങളും പരീക്ഷണങ്ങളും. ഒരു പക്ഷേ, ദില്ലി ഹൈക്കോടതി വിധിയുടെ തണലില്‍ അണഞ്ഞു പോകുമായിരുന്ന ഇത്തരം അന്വേഷണങ്ങളെ പുനര്‍ജീവിപ്പിക്കാനുള്ള ഊര്‍ജ്ജവുമായെത്തിയതാണ് സുപ്രീം കോടതിയുടെ ഇടപെടല്‍ എന്നു നമുക്കു വിശ്വസിക്കാം. എങ്കിലിത് ആരോഗ്യകരമായൊരു തുടക്കം തന്നെയാകും.

____________________

ഡോ. മുരളീധരന്‍ തറയിൽ
_____________________
ന്ത്യന്‍ പീനല്‍കോഡിലെ സെക്ഷന്‍ 377നെതിരെ നാലു വര്‍ഷമായി നിലനിന്നിരുന്ന ദില്ലി ഹൈക്കോടതി വിധിയെ സുപ്രീം കോടതി അസാധുവായി പ്രഖ്യാപിച്ചതോടെ ലൈംഗികത, പ്രത്യേകിച്ച് സ്വവര്‍ഗ ലൈംഗികത, ഇന്ത്യയില്‍ വീണ്ടും വിവാദവിഷയമായി തീര്‍ന്നിരിക്കുന്നു. ഇതിനിടെ അമേരിക്കയിലെയും യൂറോപ്പിലെയും പല പ്രവിശ്യകളിലും സ്വവര്‍ഗവിവാഹത്തിനു നിയമസാധുത ലഭിക്കുകയുണ്ടായി. നാളിതുവരെ സ്വവര്‍ഗ ലൈംഗികതയ്‌ക്കെതിരെ ഏറ്റവും കര്‍ക്കശമായ നിലപാടെടുത്തിരുന്ന ക്രിസ്തീയ സഭയുടെ മനോഭാവത്തില്‍ വന്നുചേര്‍ന്ന അനുഭാവപൂര്‍ണ്ണമായ മാറ്റങ്ങളുടെ സൂചനകള്‍ പുതുതായി അധികാരമേറ്റ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വാക്കുകളായി പുറത്തുവന്നു. യു.എന്‍. ജനറല്‍ അസംബ്ലിയില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെക്കുറിച്ചും ലോകത്തിന്റെ വിവിധകോണുകളില്‍ അവര്‍ നേരിടുന്ന വിവേചനങ്ങളെക്കുറിച്ചും ഹിലാരി ക്ലിന്റണ്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം ലോകത്താകമാനമുള്ള സ്വവര്‍ഗപ്രണയികള്‍ക്കു പ്രചോദനവും പ്രതീക്ഷയുമായി. ഇന്ത്യയില്‍തന്നെ തമിഴ്‌നാടുപോലെ ചില സംസ്ഥാനങ്ങള്‍ മൂന്നാം ലിംഗക്കാരെന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിജഡകളുടെ മൗലികാവകാശങ്ങള്‍ ചെറിയ തോതിലെങ്കിലും അംഗീകരിക്കാനാരംഭിച്ചതും ഇക്കാലയളവില്‍ തന്നെയാണ്. പാസ്‌പോര്‍ട്ട്, ആധാര്‍ തുടങ്ങിയ തിരിച്ചറിയല്‍ രേഖകളില്‍ മൂന്നാം ലിംഗമെന്ന് അടയാളപ്പെടുത്താനുള്ള സ്വാതന്ത്ര്യം ലഭിച്ചതിനു പുറമേ ചില സംസ്ഥാനങ്ങള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംവരണം ഏര്‍പ്പെടുത്തുകയുണ്ടായി. നിര്‍ണ്ണായകമായ ഈ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സെക്ഷന്‍ 377 നെ കുറിച്ചുള്ള സുപ്രീം കോടതിയുടെ നിരീക്ഷണം കൂടുതല്‍ വിചിത്രവും വിവാദപരവുമായി തീര്‍ന്നിരിക്കുന്നത്.

എന്താണ് സെക്ഷന്‍ 377? 1861-ല്‍ ബ്രിട്ടീഷ് ഭരണകൂടം പ്രധാനമായും പ്രകൃതിവിരുദ്ധമായ ലൈംഗികബന്ധങ്ങളെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ഈ നിയമം നടപ്പിലാക്കിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രകൃതിയുടെ ചിട്ടയ്‌ക്കെതിരായി, സ്വന്തം ഇഷ്ടപ്രകാരം, പുരുഷനോടോ സ്ത്രീയോടോ മൃഗത്തോടോ ശാരീരികമായി ബന്ധപ്പെടുന്ന ഏതൊരാളും ശിക്ഷാര്‍ഹരാണെന്നു നിഷ്‌കര്‍ഷിക്കുന്ന ഈ നിയമം, പ്രവേശനം (penetration) നടന്നുവെന്നത് ഇത്തരം ഒരു കുറ്റം നടന്നുവെന്നതിനു മതിയായ തെളിവാണെന്നു വിശദീകരിക്കുന്നുമുണ്ട്. മുഖ്യമായും സ്വവര്‍ഗലൈംഗികതയ്‌ക്കെതിരായ ഒരു നിയമമായാണു വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതെങ്കിലും ഉഭയസമ്മതത്തോടെ സ്ത്രീപുരുഷ ബന്ധങ്ങളില്‍ നടക്കാനിടയുള്ള പല ലൈംഗിക പ്രവൃത്തികളെയും ഈ നിയമം കുറ്റകൃത്യമായി നിര്‍വചിക്കുന്നുണ്ടെന്നതു വ്യക്തമാണ്. അതേ സമയം, ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വ്യക്തികളുടെ ലിംഗസ്വത്വത്തെക്കുറിച്ചു പ്രകടമായ സൂചനകളൊന്നും ഈ നിയമം നല്‍കുന്നില്ല എന്നതും ശ്രദ്ധയര്‍ഹിക്കുന്നു. അതുകൊണ്ടുതന്നെ ഈ നിയമം സ്വവര്‍ഗ ലൈംഗികതയ്‌ക്കെതിരെയാണെന്ന വാദംപോലും ചിലര്‍ നിരാകരിക്കുന്നുണ്ട്. 150 വര്‍ഷത്തോളം നിലനിന്ന ഈ നിയമം 1960-കള്‍ക്കുശേഷം ഒരാളെയും ശിക്ഷിക്കുന്നതിനു കാരണമായിട്ടില്ല എന്നും പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ക്കു നേരെ നടന്ന ബലാല്‍സംഗങ്ങള്‍ക്കെതിരായി മാത്രമേ ഉപയോഗിക്കപ്പെട്ടിട്ടുള്ളൂ എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സ്വകാര്യമായി ഉഭയസമ്മതപ്രകാരം പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ നടക്കുന്ന ശാരീരികബന്ധങ്ങള്‍ ഈ നിയമത്തിന്റെ കാര്‍ക്കശ്യത്തിനു കീഴില്‍ വരില്ല എന്നതാണ് പൊതുവെ ഉള്ള അനുമാനം. ദില്ലി ഹൈക്കോടതി വിധിയെ അസാധുവാക്കി പ്രഖ്യാപിച്ച സുപ്രീം കോടതിയും ഈ രീതിയിലുള്ള ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അതോടൊപ്പം സ്വവര്‍ഗ ലൈംഗികതയെ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുകയല്ല, മറിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നടത്തേണ്ടതും സര്‍ക്കാരാണെന്നൊരു നിര്‍ദ്ദേശം മുന്നോട്ടു വെക്കുക മാത്രമാണ് സുപ്രീം കോടതി ചെയ്തിട്ടുള്ളതെന്നൊരു സൂചനയും ഉണ്ട്.

______________________________
നിയമങ്ങളുടെ അധികാരപരിധിക്കു പുറത്താണ് പ്രണയത്തിന്റെയും ലൈംഗികതയുടെയും ലോകം. ആളുകള്‍ പരസ്പരം സ്‌നേഹിക്കുന്നതും ശാരീരികമായി ബന്ധപ്പെടുന്നതും നിയമസാധുതയുണ്ടോ എന്നു പരിശോധിച്ചുകൊണ്ടല്ലല്ലോ. താരതമ്യേന ദുര്‍ബലരായ വ്യക്തികളെ ചൂഷണത്തിനും വിവേചനത്തിനും വിധേയമാക്കുന്ന രീതിയിലുള്ളൊരു സാമൂഹ്യ സാഹചര്യം നിര്‍മ്മിക്കാമെന്നതില്‍ കവിഞ്ഞ ഇടപെടലുകളൊന്നും തന്നെ ഇത്തരം ഒരു നിയമംകൊണ്ടു സാധ്യമല്ല എന്നതും വ്യക്തമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സെ. 377 നോടു ബന്ധപ്പെട്ട കോടതിവിധികള്‍ക്കും അവയോടുള്ള പ്രതികരണങ്ങള്‍ക്കും വലിയ സാമൂഹ്യ-രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഏതെല്ലാം ഘടകങ്ങളാണ് പൗരത്വത്തെ നിര്‍വചിക്കുന്നതില്‍ നിര്‍ണ്ണായകമാകുന്നതെന്നും സ്റ്റേറ്റിനു വ്യക്തി ജീവിതത്തിന്റെ ഏതു തലം വരെ കടന്നുചെല്ലാനുള്ള അധികാരം ലഭിക്കുന്നുവെന്നതുമൊക്കെയാണ് ഇത്തരം ഒരു നിയമത്തിലൂടെ തെളിയുന്നത്.  
______________________________

നിയമങ്ങളുടെ അധികാരപരിധിക്കു പുറത്താണ് പ്രണയത്തിന്റെയും ലൈംഗികതയുടെയും ലോകം. ആളുകള്‍ പരസ്പരം സ്‌നേഹിക്കുന്നതും ശാരീരികമായി ബന്ധപ്പെടുന്നതും നിയമസാധുതയുണ്ടോ എന്നു പരിശോധിച്ചുകൊണ്ടല്ലല്ലോ. താരതമ്യേന ദുര്‍ബലരായ വ്യക്തികളെ ചൂഷണത്തിനും വിവേചനത്തിനും വിധേയമാക്കുന്ന രീതിയിലുള്ളൊരു സാമൂഹ്യ സാഹചര്യം നിര്‍മ്മിക്കാമെന്നതില്‍ കവിഞ്ഞ ഇടപെടലുകളൊന്നും തന്നെ ഇത്തരം ഒരു നിയമംകൊണ്ടു സാധ്യമല്ല എന്നതും വ്യക്തമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സെ. 377 നോടു ബന്ധപ്പെട്ട കോടതിവിധികള്‍ക്കും അവയോടുള്ള പ്രതികരണങ്ങള്‍ക്കും വലിയ സാമൂഹ്യ-രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഏതെല്ലാം ഘടകങ്ങളാണ് പൗരത്വത്തെ നിര്‍വചിക്കുന്നതില്‍ നിര്‍ണ്ണായകമാകുന്നതെന്നും സ്റ്റേറ്റിനു വ്യക്തി ജീവിതത്തിന്റെ ഏതു തലം വരെ കടന്നുചെല്ലാനുള്ള അധികാരം ലഭിക്കുന്നുവെന്നതുമൊക്കെയാണ് ഇത്തരം ഒരു നിയമത്തിലൂടെ തെളിയുന്നത്. ഇതിനെതിരെ സ്വവര്‍ഗ സ്‌നേഹികളും ജനാധിപത്യ വിശ്വാസികളും നടത്തുന്ന സമരങ്ങള്‍ ഏതാനും ആളുകള്‍ക്കു സ്‌നേഹിക്കാനോ ഇണചേരാനോ ഉള്ള അവസരത്തിനു വേണ്ടിയുള്ളവയല്ല, മറിച്ച് വ്യക്തി സ്വാതന്ത്ര്യവും സ്വയം നിര്‍ണ്ണയാവകാശവും സംരക്ഷിക്കാന്‍വേണ്ടിയുള്ള സമരങ്ങളായിട്ടാണവ തിരിച്ചറിയപ്പെടേണ്ടത്. ഇവിടെ നിലനില്‍ക്കുന്നു എന്നു നമ്മളെല്ലാം വിശ്വസിക്കാന്‍ ശ്രമിക്കുന്ന സെക്കുലര്‍ സിവില്‍ സമൂഹത്തിന്റെ ഘടനയിലും യുക്തിയിലും വന്നുകൊണ്ടിരിക്കുന്ന, വരാനിരിക്കുന്ന നിര്‍ണ്ണായകമായ ചില പരിവര്‍ത്തനങ്ങള്‍ക്കു നേരെയാണിവ വെളിച്ചം വീശുന്നത്.

പ്രണയത്തിനും ലൈംഗികതയ്ക്കുമെല്ലാം ചരിത്രങ്ങളുണ്ട്. ഇവയൊന്നും തന്നെ മനുഷ്യരാശിയുടെ ഉത്ഭവം മുതല്‍ ഇന്നുവരെ വ്യതിയാനങ്ങളില്ലാതെ ഒരുപോലെ തുടരുന്നവയല്ല. അതേസമയം ലൈംഗികതയുടെ ചരിത്രലേഖനം താരതമ്യേന ദുഷ്‌കരമായൊരു കര്‍ത്തവ്യമാണ്. മിക്കവാറും വ്യക്തികള്‍ സ്വകാര്യതയില്‍ മാത്രം നിര്‍വഹിക്കാനാഗ്രഹിക്കുന്നൊരു പ്രക്രിയയെന്നതിലുപരി ലൈംഗികത എന്ന ഭാവനയെ ചുറ്റി നിലനില്‍ക്കുന്ന വൈവിധ്യങ്ങളും അനിശ്ചിതത്വവും ഇത്തരമൊരു ശ്രമത്തിനു മുന്നില്‍ വിലങ്ങുതടിയാകുന്നുണ്ട്. വിശപ്പ് ഒരു സാര്‍വലൗകികാനുഭവമാണെങ്കിലും ഭക്ഷണമായി നിര്‍വചിക്കപ്പെടുന്നതു പലപ്പോഴും പലതാണെന്നു ചരിത്രം തെളിയിച്ചിട്ടുണ്ട്. ഒരാളുടെ ഭക്ഷണം മറ്റൊരാള്‍ക്ക് അനുചിതവും ചിലപ്പോള്‍ ജുഗുപ്‌സാവഹവുമായി അനുഭവപ്പെടുന്നതും അസാധാരണമല്ലല്ലോ. അതുകൊണ്ടു തന്നെ രേഖീയമായൊരു ഭക്ഷണചരിത്രമെഴുതുവാനെളുപ്പമല്ല. ലൈംഗികതയുടെ കാര്യവും ഇതില്‍ നിന്നേറെ വ്യത്യസ്തമല്ല. സ്ഥല-കാലാധിഷ്ഠിതമായ മറ്റു പല വ്യവഹാരങ്ങളോടും സംവദിച്ചുകൊണ്ടാണ് പ്രണയഭാവനകളും ലൈംഗികാകര്‍ഷണങ്ങളും ഉരുത്തിരിയുന്നത്. വിഖ്യാത അമേരിക്കന്‍ സൈദ്ധാന്തികനായ ഡേവിഡ് ഹാല്‍പെരിന്റെ അഭിപ്രായത്തില്‍, ലൈംഗികതയുടെ ചരിത്രം അന്വേഷിക്കേണ്ടത് ശരീരങ്ങളിലോ അംഗീകൃതമായ സാമൂഹ്യാചാരങ്ങളിലോ അല്ല. മറിച്ച് ആവാസ വ്യവസ്ഥകള്‍, സാമൂഹ്യ ചലനക്ഷമത, പ്രവാസശൈലികള്‍ എന്നിവയിലൊക്കെയാണ്. പ്രണയത്തിന്റെയും ശരീരാനന്ദങ്ങളുടെയും ചരിത്രം വിനിമയങ്ങളുടെ പരിണാമങ്ങള്‍ മാത്രമല്ല രേഖപ്പെടുത്തുന്നതെന്നും നമ്മള്‍ മറന്നുകൂടാ. അധികാര ബന്ധങ്ങളുടെയും സാമൂഹ്യ/സമ്പദ് ഘടനകളുടെയും നിറം പകര്‍ന്ന പേജുകളില്‍ മാത്രമേ ഇത്തരം ചരിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെടുന്നുള്ളുവെന്നതും പ്രാധാന്യമര്‍ഹിക്കുന്നു.

സ്വവര്‍ഗലൈംഗികത എന്ന പദപ്രയോഗം തന്നെ നിലവില്‍ വരുന്നതു പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രമാണെന്ന് മിഷെല്‍ ഫൂക്കോ വാദിച്ചിട്ടുണ്ട്. ഇതു പൂര്‍ണ്ണമായും ശരിയല്ലെങ്കില്‍ക്കൂടി, 18-ാം നൂറ്റാണ്ടു വരെ ലൈംഗികത സ്വത്വബോധത്തിന്റെ മുഖ്യഘടകമായിരുന്നുവെന്നു കരുതാന്‍ തക്കവണ്ണമുള്ള സൂചനകളൊന്നും നിലവിലുള്ള ചരിത്രം നല്‍കുന്നില്ല എന്നതാണു പൊതുവെ ഉള്ള അനുമാനം. വ്യവസായ വിപ്ലവാനന്തരം നിലവില്‍ വന്ന ആധുനിക നാഗരികതയുടെ അവിഭാജ്യഘടകമായിത്തീര്‍ന്ന ഉഭയവര്‍ഗ്ഗ ലൈംഗികതയിലൂന്നിയ അണുകുടുംബവ്യവസ്ഥയും അതിലൂടെ സാദ്ധ്യമായ പെണ്ണദ്ധ്വാനത്തിന്റെ ചൂഷണവും എംഗല്‍സ് വിശദമായി പ്രതിപാദിച്ചിട്ടുണ്ടല്ലോ. ഏതാണ്ടിതേ പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കപ്പെട്ട ആധുനിക മനശ്ശാസ്ത്രത്തിന്റെ ആഖ്യാന യുക്തികളിലൂടെയാണ് സ്വവര്‍ഗം/ഉഭയവര്‍ഗം എന്ന ദ്വന്ദ്വം സാമൂഹ്യ വ്യവഹാരങ്ങളില്‍ ചിരപ്രതിഷ്ഠതമാകുന്നത്. പ്രജനനത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്ന പ്രാചീന സംസ്‌കൃതികളില്‍ ഇതരലൈംഗികതകള്‍ക്കെതിരെ ചെറുതോ വലുതോ ആയ എതിര്‍പ്പുകള്‍ സാമൂഹ്യജീവിതത്തിന്റെ ആവിര്‍ഭാവം മുതല്‍ നിലനിന്നിരിക്കാം. അതേസമയം അക്കാലങ്ങളിലെ ഭരണാധികാരികളും സാമൂഹ്യപ്രമുഖരുമായവര്‍ തന്നെ ഇത്തരം ബന്ധങ്ങളില്‍ രഹസ്യമായോ പരസ്യമായോ ഏര്‍പ്പെട്ടിരുന്നതിനുള്ള ധാരാളം തെളിവുകളും ഇന്നു ലഭ്യമാണ്. ഇതര ലൈംഗികതകള്‍ക്കെതിരെ വ്യാപകവും സംഘടിതവുമായ വിവേചനം ആരംഭിച്ചത് അണുകുടുംബാധിഷ്ഠിത സാമ്പത്തിക സാമൂഹിക ഘടനകള്‍ സ്ഥാപനവത്കരിക്കപ്പെട്ടതിനു ശേഷമാണെന്ന വാദം ഇന്നു ശക്തമാണ്.

ലിംഗസ്വത്വത്തിലെയും ലൈംഗികതയിലെയും നിര്‍ബന്ധിത ദ്വന്ദ്വവത്കരണത്തിനും അതിലധിഷ്ഠിതമായ വിവേചനത്തിനും എതിരെയുള്ള ആദ്യത്തെ സംഘടിതമായ ചെറുത്തു നില്പ് നടന്നത് 1968-ല്‍ ന്യൂയോര്‍ക്കിലെ സ്റ്റോണ്‍ വോള്‍ എന്ന പൊതു മദ്യശാലയ്ക്കു മുന്നില്‍നിന്നാണ്. അപ്പോഴേക്കും ന്യൂയോര്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ വാണിജ്യനഗരങ്ങളില്‍ ഒന്നായി തീര്‍ന്നിരുന്നു. തൊഴില്‍ തേടിയും അഭയം തേടിയും ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ഈ സ്വപ്ന നഗരിയിലെത്തിച്ചേര്‍ന്നവര്‍ക്ക് സാമ്പ്രദായികരീതികളില്‍നിന്ന് വ്യത്യസ്തമായ അഭിരുചികളും ജീവിതശൈലികളും പരീക്ഷിക്കാനുള്ള ഇടവും ആത്മവിശ്വാസവും നല്‍കാന്‍ പര്യാപ്തമായൊരു നഗരാന്തരീക്ഷം ഇതിനകം അവിടെ നിലവില്‍ വന്നിരുന്നു എന്നു വേണം കരുതാന്‍.

_________________________________
 സുപ്രീം കോടതിവിധി പുനഃപരിശോധിക്കാനാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ആവശ്യം വരികയാണെങ്കില്‍ വിവേചനങ്ങള്‍ നീക്കുന്ന രീതിയിലുള്ള നിയമനിര്‍മാണം നടത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചതായി അറിയുന്നു. എന്നാല്‍ നിയമപരമായ സാധുത വലിയൊരു യുദ്ധത്തിന്റെ ആരംഭം മാത്രമേ ആകുന്നുള്ളൂ. ഏതാനും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന കടുത്ത അദൃശ്യതയാണ് ഇതര ലൈംഗികതകള്‍ ഇന്ത്യന്‍ സമൂഹത്തില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും ശക്തമായ പ്രതിബന്ധം. പ്രകടമായ ‘എതിര്‍ലിംഗ’ ഭാവങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ മാത്രമാണ് സ്വവര്‍ഗസ്‌നേഹികള്‍ എന്നൊരു തെറ്റിദ്ധാരണയും വ്യാപകമായി നിലവിലുണ്ട്. സ്വവര്‍ഗബന്ധങ്ങളെ അനുഭാവത്തോടെ പിന്താങ്ങുന്ന ചിലര്‍ പോലും സ്വവര്‍ഗസ്‌നേഹിയായ പുരുഷന് ആണ്‍ശരീരവും പെണ്‍മനസ്സുമാണെന്നു വിശ്വസിക്കുന്നതായി കാണാം. ഇത്തരം അജ്ഞതകള്‍ തന്നെയാണ് അതിനിസ്സാരമായൊരു ന്യൂനപക്ഷം മാത്രമാണ് ഇന്ത്യയില്‍ സ്വവര്‍ഗസ്‌നേഹികള്‍ എന്നു പ്രസ്താവിക്കാന്‍ ന്യായാധിപരെ പ്രേരിപ്പിച്ചത്. 

_________________________________

ഏതാണ്ട് നൂറുവര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ വോള്‍റ്റ് വിറ്റ്മാനെപോലുള്ള കവികള്‍ രചിച്ച സ്വന്തം സ്വവര്‍ഗപ്രണയം ആഘോഷിച്ച കവിതകള്‍ ആദരാവേശങ്ങളോടെ ഏറ്റുവാങ്ങിയ അമേരിക്കന്‍ സമൂഹം, ദരിദ്രരാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരും കറുത്ത വര്‍ഗക്കാരും പാര്‍പ്പിടമില്ലാത്തവരും തൊഴിലാളികളുമടങ്ങുന്ന ന്യൂയോര്‍ക്കിലെ സ്വവര്‍ഗസ്‌നേഹികള്‍ക്കും മൂന്നാം ലിംഗക്കാര്‍ക്കും മനുഷ്യാവകാശങ്ങള്‍ ഉള്ളതായി തിരിച്ചറിഞ്ഞിരുന്നില്ല എന്നനുമാനിക്കേണ്ടി വരുന്നു. ഇത്തരക്കാര്‍ സന്ധ്യകളില്‍ ഒത്തുകൂടാറുള്ള സ്റ്റോണ്‍ വോള്‍ എന്ന താഴേക്കിടയിലുള്ള മദ്യശാലയില്‍ പെട്ടെന്നുള്ള പോലീസ് റെയ്ഡുകള്‍ പതിവു സംഭവങ്ങളായിരുന്നു. മുന്നറിയിപ്പോ വാറന്റോ കൂടാതെ കടന്നുവന്നു കുറേ പോരെ തല്ലിച്ചതയ്ക്കുന്നതും പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുന്നതും പോലീസുകാരുടെ നിത്യവിനോദമായിരുന്നു. എതിര്‍ക്കുന്നവരെ പൊതുവേദിയിലെ ആഭാസപ്രകടനത്തിനെതിരായി നിലവിലിരുന്ന നിയമമനുസരിച്ചു കുറ്റം ചുമത്തി ജയിലിലടക്കുകയും ചെയ്യും. ഈ നിയമത്തിനു നമ്മുടെ സെക്ഷന്‍ 377 നോടുള്ള സാദൃശ്യം വ്യക്തമാണല്ലൊ.

ഏതായാലും 1968 ജൂണ്‍ 28-ന് ഇതുപോലൊരു റെയ്ഡുനടന്നപ്പോള്‍ സ്റ്റോണ്‍ വോളില്‍ കൂടിയിരുന്നവര്‍ മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെ തന്നെ പ്രതികരിക്കാന്‍ തയാറാവുകയും പോലീസിനോടേറ്റുമുട്ടി അറസ്റ്റുചെയ്യപ്പെട്ടവരെ മോചിപ്പിക്കുകയും ചെയ്തുവത്രെ. പിന്നീടു നാലഞ്ചു ദിവസത്തോളം നീണ്ടുനിന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി സംഘര്‍ഷവും പ്രകടനങ്ങളും നിരവധി ഏറ്റുമുട്ടലുകളും നടന്നു. നിരായുധരായി പാട്ടുകള്‍ പാടിക്കൊണ്ട് സമാധാനപരമായാണ് സ്റ്റോണ്‍വോള്‍ വിപ്ലവകാരികള്‍ പ്രതിരോധത്തിലേര്‍പ്പെട്ടതെന്നു പറയപ്പെടുന്നു. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും സ്റ്റോണ്‍ വോള്‍ പ്രതിരോധത്തില്‍ പ്രകടമായ ദുര്‍ബലരുടെ ശാക്തികരണം സര്‍ക്കാരിനെയും ലോകജനതയെയും ഞെട്ടിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ സമരങ്ങളും പ്രകടനങ്ങളും അമേരിക്കയിലെയും യൂറോപ്പിലെയും മറ്റു നഗരങ്ങളിലേക്കും വ്യാപിച്ചുവെന്നും ഒടുവിലതു സ്വവര്‍ഗസ്‌നേഹികളുടെയും മൂന്നാം ലിംഗക്കാരുടെയും അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കാനുതകുന്ന ഒട്ടേറെ പുതിയ നിയമ നിര്‍മാണങ്ങള്‍ക്കു കാരണമായിത്തീര്‍ന്നുവെന്നുമാണ് ചരിത്രം.

യൂറോപ്പിലും അമേരിക്കയിലും നടന്ന ഇത്തരം ശാക്തീകരണങ്ങളാണ് ഇതരലൈംഗികതകള്‍ പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന തെറ്റിദ്ധാരണ ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ പ്രചരിക്കുന്നതിനു പ്രധാന കാരണമായതെന്നു തോന്നുന്നു. എന്തുകൊണ്ട് ഇതുപോലുള്ള ശാക്തീകരണങ്ങളും ദൃശ്യതയും ഇന്ത്യയില്‍ അടുത്ത കാലം വരെ ഉണ്ടായില്ല എന്ന ചോദ്യം പ്രസക്തമാണ്. ഭാഗികവും ശകലീകൃതവുമായ നഗരവത്കരണങ്ങള്‍ മാത്രമാണ് അടുത്തകാലം വരെ ഇന്ത്യയില്‍ നടന്നിട്ടുള്ളതെന്നത് ഇതര ലൈംഗികാഭിരുചികളുള്ളവരുടെ കൂട്ടായ്മകള്‍ ഉണ്ടാകുന്നതിനു പ്രധാന വിഘാതമായി വര്‍ത്തിച്ചിരിക്കാം. എന്നാല്‍ ഇവിടത്തെ സ്ത്രീ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ തന്നെയാണ് നിലവിലുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ളതെന്നതില്‍ സംശയമില്ല. ആണധികാരത്തിലൂന്നിയ നമ്മുടെ സമൂഹത്തില്‍ പെണ്ണാനന്ദങ്ങള്‍ക്കും സ്ത്രീ ജീവിതത്തിനു തന്നെയും യാതൊരു വിലയും കല്‍പിക്കപ്പെടുന്നില്ലെന്നതുകൊണ്ട് നിലവിലുള്ള കുടുംബ സംവിധാനങ്ങളെ വെല്ലുവിളിക്കുകയോ അലോസരപ്പെടുത്തുകയോ ചെയ്യാതെതന്നെ തങ്ങളുടെ വൈവിധ്യമാര്‍ന്ന താല്‍പര്യങ്ങളില്‍ അഭിരമിക്കാനുള്ള അവസരം ഇവിടത്തെ ആണുങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്നു. എല്ലാത്തരം സ്വാതന്ത്ര്യ നിഷേധങ്ങളിലൂടെയും ജീവിക്കുന്ന ഇവിടുത്തെ ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കും ആനന്ദാന്വേഷണങ്ങള്‍ ഒളിവിലും മറവിലും മാത്രം നടത്താനാകുന്ന സാഹസങ്ങള്‍ മാത്രമാണ്. ഇതെല്ലാം കൂടിയാണ് ലൈംഗികവൈവിധ്യങ്ങളുടെ ഏറെക്കുറെ പരിപൂര്‍ണ്ണമായ അദൃശ്യത നമ്മുടെ സമൂഹത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജനാധിപത്യമെന്നവകാശപ്പെടുന്നുണ്ടെങ്കിലും യൂറോപ്പിലെയോ അമേരിക്കയിലെയോ പോലുള്ള പബ്ലിക് വെല്‍ഫയര്‍ സംവിധാനങ്ങള്‍ ഇവിടെ വിരളമാണെന്നതും നമ്മുടെ സമൂഹത്തില്‍ വിവാഹത്തിന്റെ അനിവാര്യത വര്‍ദ്ധിപ്പിക്കുന്നു. വാര്‍ധക്യകാല പരിചരണം, രോഗകാല പരിചരണം എന്നിവ കുടുംബാംഗങ്ങളുടെ മാത്രം ബാദ്ധ്യതയായിട്ടുള്ളൊരു സമൂഹത്തില്‍ മനുഷ്യബന്ധങ്ങളിലെ ഇതര മാതൃകകള്‍ക്കു വലിയ നിലനില്പു സാദ്ധ്യവുമല്ലല്ലോ.

__________________________________
ആഗോളവത്കരണവും പുതിയ നാഗരികതകളും പുനര്‍നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നൊരു ഇന്ത്യന്‍ സമൂഹത്തിന്റെ ഉത്പന്നങ്ങള്‍ തന്നെയാണ് ആധുനിക ഗേ-ലെസ്ബിയന്‍ സ്വത്വങ്ങളും പ്രസ്ഥാനങ്ങളും. സൈബര്‍ ലോകം തുറന്നു തരുന്ന പുതിയ സ്വാതന്ത്ര്യങ്ങളും അവബോധങ്ങളും ഇവരുടെ ശാക്തീകരണത്തില്‍ സുപ്രധാനമായ പങ്കുവഹിക്കുന്നുമുണ്ട്. ഇക്കാരണങ്ങള്‍ ഒന്നും തന്നെ അവയുടെ രാഷ്ട്രീയ സാമൂഹ്യപ്രസക്തിക്കു യാതൊരു കുറവും വരുത്തുന്നില്ല. കാലഹരണപ്പെട്ട വിശ്വാസങ്ങളല്ല കാലികമായ യാഥാര്‍ത്ഥ്യങ്ങളാണ് സമൂഹങ്ങള്‍ക്കു ദിശാബോധം നല്‍കേണ്ടത്. ഇത്തരമൊരു സാഹചര്യത്തില്‍ സെക്ഷന്‍ 377 നു വീണ്ടുകിട്ടുന്ന സാധുത പ്രധാനമായും ബാധിക്കാന്‍ പോകുന്നതു വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവരെ തന്നെയാണ്. ദൈനംദിന ജീവിതത്തിന്റെ മുക്കാല്‍ പങ്കും സൈബര്‍ ലോകത്തു വിഹരിക്കുന്ന, നിരന്തരം വിദേശയാത്രകള്‍ നടത്തുന്ന, വിദ്യാസമ്പന്നനായ, ഉപരിതല മദ്ധ്യവര്‍ത്തിയും സവര്‍ണനുമായ പുതിയ ഇന്ത്യന്‍ യുവത്വത്തിന്റെ സ്വതന്ത്ര്യസീമകള്‍ ഇത്തരം നിയമങ്ങള്‍ക്കു വെളിയിലായിരിക്കുമല്ലോ.
__________________________________ 

ഇത്തരം ഒട്ടേറെ പരിമിതികളും നിയന്ത്രണങ്ങളും ഉണ്ടെങ്കിലും കാലാകാലങ്ങളായി ഏറെ ദൃശ്യതയുള്ളൊരു മൂന്നാം ലിംഗ സമൂഹം ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ നിലനിന്നു വരുന്നുവെന്നത് ശ്രദ്ധേയമാണ്. ഒന്നുരണ്ടു നൂറ്റാണ്ടു മുന്‍പുവരെ സമ്പന്നമായ മാളികകളിലും രാജകൊട്ടാരങ്ങളിലും സ്വാഗതം ചെയ്യപ്പെട്ടിരുന്ന ഇക്കൂട്ടര്‍ ആധുനിക നാഗരികതയുടെ ആവിര്‍ഭാവത്തോടെ പൊതുസമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു തള്ളിവിടപ്പെട്ടു. വിദ്യാഭ്യാസവും സാമൂഹിക ജീവിതവും നിഷേധിക്കപ്പെട്ടപ്പോള്‍ ഇവരില്‍ പലരും യാചകരും ലൈംഗികതൊഴിലാളികളുമായി കഴിഞ്ഞുകൂടാന്‍ നിര്‍ബന്ധിതരായി. എന്നിരിക്കിലും സാമ്പ്രദായിക ലിംഗസ്വത്വങ്ങളുടെ നിഷേധത്തിലൂന്നി രൂപം കൊണ്ട ഇന്ത്യയിലെ ആദ്യ കൂട്ടായ്മകളായി ഇവിടത്തെ ഹിജഡ സമൂഹങ്ങളെ കണക്കാക്കേണ്ടതാണ്.

ആഗോളവത്കരണവും പുതിയ നാഗരികതകളും പുനര്‍നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നൊരു ഇന്ത്യന്‍ സമൂഹത്തിന്റെ ഉത്പന്നങ്ങള്‍ തന്നെയാണ് ആധുനിക ഗേ-ലെസ്ബിയന്‍ സ്വത്വങ്ങളും പ്രസ്ഥാനങ്ങളും. സൈബര്‍ ലോകം തുറന്നു തരുന്ന പുതിയ സ്വാതന്ത്ര്യങ്ങളും അവബോധങ്ങളും ഇവരുടെ ശാക്തീകരണത്തില്‍ സുപ്രധാനമായ പങ്കുവഹിക്കുന്നുമുണ്ട്. ഇക്കാരണങ്ങള്‍ ഒന്നും തന്നെ അവയുടെ രാഷ്ട്രീയ സാമൂഹ്യപ്രസക്തിക്കു യാതൊരു കുറവും വരുത്തുന്നില്ല. കാലഹരണപ്പെട്ട വിശ്വാസങ്ങളല്ല കാലികമായ യാഥാര്‍ത്ഥ്യങ്ങളാണ് സമൂഹങ്ങള്‍ക്കു ദിശാബോധം നല്‍കേണ്ടത്. ഇത്തരമൊരു സാഹചര്യത്തില്‍ സെക്ഷന്‍ 377 നു വീണ്ടുകിട്ടുന്ന സാധുത പ്രധാനമായും ബാധിക്കാന്‍ പോകുന്നതു വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവരെ തന്നെയാണ്. ദൈനംദിന ജീവിതത്തിന്റെ മുക്കാല്‍ പങ്കും സൈബര്‍ ലോകത്തു വിഹരിക്കുന്ന, നിരന്തരം വിദേശയാത്രകള്‍ നടത്തുന്ന, വിദ്യാസമ്പന്നനായ, ഉപരിതല മദ്ധ്യവര്‍ത്തിയും സവര്‍ണനുമായ പുതിയ ഇന്ത്യന്‍ യുവത്വത്തിന്റെ സ്വതന്ത്ര്യസീമകള്‍ ഇത്തരം നിയമങ്ങള്‍ക്കു വെളിയിലായിരിക്കുമല്ലോ. അതേ സമയം സ്വന്തം അഭിരുചികളെയും സ്വത്വത്തെയും കുറിച്ചാശങ്കകള്‍ പേറിനടക്കുന്നവരെ കൂടുതല്‍ ചിന്താക്കുഴപ്പത്തിലാക്കാനും പലവിധത്തിലുള്ള ചൂഷണങ്ങള്‍ക്കു വിധേയരാക്കാനും ഈയൊരു കോടതിവിധിക്കു സാധിക്കും. ഇനിയും ഒട്ടേറെ സ്ത്രീകള്‍ സ്വവര്‍ഗസ്‌നേഹികളായ പുരുഷന്മാരുടെ ഭാര്യമാരായി നിത്യനിരാശയില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകും. സ്വവര്‍ഗസ്‌നേഹികളായ സ്ത്രീകളുടെ ആത്മഹത്യകള്‍ തുടരും. ഇത്തരമൊരു സാമൂഹ്യാവസ്ഥ ആരോഗ്യകരമാണെന്നു സുപ്രീംകോടതി കരുതുന്നുണ്ടോ എന്നറിയില്ല.

സുപ്രീം കോടതിവിധി പുനഃപരിശോധിക്കാനാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ആവശ്യം വരികയാണെങ്കില്‍ വിവേചനങ്ങള്‍ നീക്കുന്ന രീതിയിലുള്ള നിയമനിര്‍മാണം നടത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചതായി അറിയുന്നു. എന്നാല്‍ നിയമപരമായ സാധുത വലിയൊരു യുദ്ധത്തിന്റെ ആരംഭം മാത്രമേ ആകുന്നുള്ളൂ. ഏതാനും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന കടുത്ത അദൃശ്യതയാണ് ഇതര ലൈംഗികതകള്‍ ഇന്ത്യന്‍ സമൂഹത്തില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും ശക്തമായ പ്രതിബന്ധം. പ്രകടമായ ‘എതിര്‍ലിംഗ’ ഭാവങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ മാത്രമാണ് സ്വവര്‍ഗസ്‌നേഹികള്‍ എന്നൊരു തെറ്റിദ്ധാരണയും വ്യാപകമായി നിലവിലുണ്ട്. സ്വവര്‍ഗബന്ധങ്ങളെ അനുഭാവത്തോടെ പിന്താങ്ങുന്ന ചിലര്‍ പോലും സ്വവര്‍ഗസ്‌നേഹിയായ പുരുഷന് ആണ്‍ശരീരവും പെണ്‍മനസ്സുമാണെന്നു വിശ്വസിക്കുന്നതായി കാണാം. ഇത്തരം അജ്ഞതകള്‍ തന്നെയാണ് അതിനിസ്സാരമായൊരു ന്യൂനപക്ഷം മാത്രമാണ് ഇന്ത്യയില്‍ സ്വവര്‍ഗസ്‌നേഹികള്‍ എന്നു പ്രസ്താവിക്കാന്‍ ന്യായാധിപരെ പ്രേരിപ്പിച്ചത്. എന്നാല്‍ നേരിയ ദൃശ്യതയാര്‍ജ്ജിച്ചിട്ടുള്ള ഈ ന്യൂനപക്ഷം ഒഴുകുന്ന മഞ്ഞുമലയുടെ പുറത്തുകാണുന്ന തുമ്പുമാത്രമാണ്. ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ പുരുഷന്മാരില്‍ 60 ശതമാനത്തിലധികം ഒരിക്കലെങ്കിലും സ്വവര്‍ഗബന്ധങ്ങള്‍ പരീക്ഷിച്ചിട്ടുള്ളവരാണെന്നും, സജീവമായി സ്വവര്‍ഗബന്ധങ്ങളിലേര്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും വിവാഹിതരും മുഖ്യധാരാ കുടുംബസ്ഥാപനങ്ങള്‍ക്കകത്തുനിലനില്‍ക്കുന്നവരും ആണെന്നും അടുത്തുകാലത്തു നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളുടെ കാര്യത്തില്‍ ഇത്തരം കണക്കുകള്‍ ലഭ്യമല്ല എന്നത് ഇവിടെ ശക്തമായി തുടരുന്ന ആണധികാരഘടനയുടെ സൂചകവും ആണ്.

ലൈംഗികതയെയും ലിംഗസ്വത്വത്തെയും കുറിച്ചുള്ള ചര്‍ച്ചകളിലും ചിന്തകളിലും നിരന്തരം കടന്നു കയറുന്ന ഇത്തരമൊരു ദ്വന്ദ്വഭാവന ഏറെ പ്രതിലോമകരമായൊരു ദൗത്യമാണ് പാലിക്കുന്നത്. എന്തിനെയും കറുപ്പും വെളുപ്പുമായോ ഹോമോയും ഹെറ്റ്‌റോയുമായോ ആണും പെണ്ണുമായോ തരംതിരിക്കാനുള്ള വ്യഗ്രത സൃഷ്ടിച്ചെടുക്കുന്നത് വിരുദ്ധ ദ്വന്ദ്വങ്ങളായി വര്‍ത്തിക്കുന്ന വാര്‍പ്പുമാതൃകകളെയാണ്. അവ പിന്നെ മോചനമില്ലാത്ത കാരാഗൃഹങ്ങളായി മാറി സ്വത്വ സങ്കല്പങ്ങളെയും മോഹഭാവനകളെയും തടവിലാക്കുന്നു. അതുകൊണ്ട് വിവേചനപരമായ നിയമങ്ങള്‍ക്കും സാമൂഹ്യനീതികള്‍ക്കുമെതിരായ സമരങ്ങളോടൊപ്പംതന്നെ പോകേണ്ടവയാണ് ദ്വന്ദ്വ ധ്രുവീകരണങ്ങളെ ചെറുക്കുന്ന ബൗദ്ധികാന്വേഷണങ്ങളും പരീക്ഷണങ്ങളും. ഒരു പക്ഷേ, ദില്ലി ഹൈക്കോടതി വിധിയുടെ തണലില്‍ അണഞ്ഞു പോകുമായിരുന്ന ഇത്തരം അന്വേഷണങ്ങളെ പുനര്‍ജീവിപ്പിക്കാനുള്ള ഊര്‍ജ്ജവുമായെത്തിയതാണ് സുപ്രീം കോടതിയുടെ ഇടപെടല്‍ എന്നു നമുക്കു വിശ്വസിക്കാം. എങ്കിലിത് ആരോഗ്യകരമായൊരു തുടക്കം തന്നെയാകും.

(കടപ്പാട് പച്ചക്കുതിര മാസിക)

Top