സംവരണം പ്രാതിനിധ്യത്തിനാണ്; ദാരിദ്ര്യ നിർമാർജനത്തിനല്ല

സാമൂഹിക പിന്നാക്കാവസ്ഥയിലാണ് ഊന്നൽ. ഇൻഡ്യൻ പശ്ചാത്തലത്തിൽ, സാമൂഹികമായ പിന്നാക്കാവസ്ഥ, വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയിലേക്കും ഇവ രണ്ടും ചേർന്നു ദാരിദ്ര്യത്തിലേക്കും നയിക്കുന്നുവെന്നു പറയാതെ വയ്യ. അതു തിരിച്ച് സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ വളർത്തുകയും ശാശ്വതമാക്കുകയും ചെയ്യുന്നു.

സംവരണപ്പട്ടികകൾ പരിഷ്ക്കരിക്കുന്നതു സംബന്ധിച്ച് സുപ്രീംകോടതിയുടെ സമീപകാല ‘അഭിപ്രായം’, സംവരണം ദലിതരുടെ സാമ്പത്തികോന്നമനത്തിനായി ഉദ്ദേശിച്ചുള്ളതാണെന്നും അതിനാൽ സംവരണത്തിന്റെ ഗുണഫലങ്ങൾ നേടിയ ശേഷം സാമ്പത്തികമായി ‘അഭിവൃദ്ധി’ പ്രാപിച്ചവരെ സംവരണ വിഭാഗത്തിൽ നിന്നു മാറ്റിനിർത്തേണ്ടതാണെന്നും, അങ്ങനെയേ അവരിലെ പാവപ്പെട്ടവർക്ക് ഈ വ്യവസ്ഥകൾ പ്രയോജനപ്പെടൂവെന്നുമുള്ള ധാരണ ജനങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ട്. കോടതി തീരുമാനത്തിന്റെ പ്രസക്തമായ ഭാഗം ചുവടെ ഉദ്ധരിക്കുന്നു:

“ഇപ്പോൾ സംവരണ വിഭാഗങ്ങൾക്കുള്ളിൽ ഒരു മുറവിളിയുണ്ട്. പട്ടികജാതി–പട്ടികവർഗക്കാർക്കുള്ളിൽ അഭിവൃദ്ധി പ്രാപിച്ച, സാമൂഹികമായും സാമ്പത്തികമായും പുരോഗമിച്ച വിഭാഗങ്ങളുണ്ടിപ്പോൾ. സാമൂഹികമായ ഉയർച്ചക്കുവേണ്ടി ചില എസ്.സി–എസ്.റ്റിക്കാരുടെ ഇടയിലുള്ള അവശതക്കാരുടെ ശബ്ദം ഉയരുന്നുണ്ട്. എന്നാൽ, നേട്ടങ്ങൾ ആവശ്യക്കാരിലേക്കെത്താൻ മറ്റുള്ളവർ സമ്മതിക്കുന്നില്ല. യോഗ്യതകൾ കരസ്ഥമാക്കുന്നതിനുവേണ്ടിയുള്ള പോരാട്ടം, സംവരണവിഭാഗങ്ങളായ എസ്.സി–എസ്.ടിക്കാരുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും അകത്തു നടക്കുന്നുണ്ടെന്നർഥം”

പട്ടികകൾ സർക്കാർ പരിഷ്കരിക്കേണ്ടതുണ്ടെന്ന് ഡോ. രാജീവ് ധവാൻ ശരിയായി ആവശ്യപ്പെട്ടിരുന്നുവെന്നാണു ഞങ്ങളുടെ അഭിപ്രായം. സംവരണ ശതമാനത്തെ ബാധിക്കാതെതന്നെ ഇപ്പോളിതു ചെയ്യാൻ കഴിയും. അങ്ങനെ പട്ടികയിലുൾപ്പെട്ട് കഴിഞ്ഞ എഴുപതു വർഷമായി ആനുകൂല്യങ്ങൾ നേടി മുന്നിലായ വിഭാഗങ്ങൾ തട്ടിക്കൊണ്ടുപോകാതെ, ആവശ്യക്കാരിലേക്കു നേട്ടങ്ങളെത്തിക്കാനാവും”.

ചെബ്റോളു ലീല പ്രസാദ് റാവു ആൻഡ് അദേഴ്സ് വേഴ്സസ് സ്റ്റേറ്റ് ഓഫ് ആന്ധ്രപ്രദേശ് ആൻഡ് അദേഴ്സ് എന്ന കേസിൽ, 2020 ഏപ്രിൽ 22ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. സംവരണത്തിന്റെ സാമ്പത്തിക വീക്ഷണം ഈ നിരീക്ഷണത്തിൽ സ്പഷ്ടമാണ്. ഈ വീക്ഷണം, ഭരണഘടനാ നിർമാതാക്കളുടെ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നു നമുക്കു പരിശോധിക്കാം.

സംവരണമനുവദിക്കുന്ന ഇൻഡ്യൻ ഭരണഘടനയുടെ അനുഛേദം 16 (4) പറയുന്നത് ഇതാണ്:

“ഈ അനുഛേദത്തിലെ യാതൊന്നും, സ്റ്റേറ്റിന്റെ അഭിപ്രായത്തിൽ, സ്റ്റേറ്റിനു കീഴിലുള്ള സർവീസുകളിൽ മതിയായ പ്രാതിനിധ്യമില്ലാത്ത ഏതെങ്കിലും പിന്നാക്ക വിഭാഗത്തിലെ പൗരന്മാർക്ക് അനുകൂലമായി, നിയമനങ്ങളിലോ തസ്തികകളിലോ സംവരണം ഏർപ്പെടുത്തുന്നതിൽ നിന്ന് സ്റ്റേറ്റിനെ തടയുന്നില്ല. 

പൊതു സർവീസുകളിൽ പിന്നാക്ക വിഭാഗങ്ങൾക്കു മതിയായ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനാണു സംവരണം ഏർപ്പെടുത്തിയതെന്ന് അനുഛേദം 16 (4) വ്യക്തമായി പറയുന്നുണ്ട്. മതിയായ പ്രാതിനിധ്യം എന്നതുകൊണ്ടർഥമാക്കുന്നത് ‘അധികാര പങ്കാളിത്തം’ എന്നതാണ്. 1992ലെ ഇന്ദിര സാഹ്നി കേസിന്റെ വിധിയിൽ  സംവരണ വ്യവസ്ഥയുടെ ലക്ഷ്യമായി ഇക്കാര്യമാണു സ്വീകരിക്കപ്പെട്ടിരിക്കുന്നത്. മർദിതരുമായി അധികാരം പങ്കിടൽ അനിവാര്യമാണ്; കാരണം, അംബേഡ്കർ ഭരണഘടനാ നിർമാണ സഭയ്ക്കു മുന്നിൽ ചൂണ്ടിക്കാണിച്ചതുപോലെ, സ്വാതന്ത്ര്യം നേടുന്ന കാലത്ത് ഭരണസംവിധാനം നിയന്ത്രിച്ചിരുന്നത് ഒരു സമുദായം അല്ലെങ്കിൽ ചില സമുദായങ്ങൾ ​​മാത്രമായിരുന്നു. എന്നിരുന്നാലും, മറ്റ് ഉദ്യോഗാർഥികൾക്ക് എന്തുകൊണ്ടാണു പൊതു സർവീസിൽ ചേരാൻ സാധിക്കാതെ വന്നത്?

കോൺസാംബ്ലിയിൽ ഹാജരുണ്ടായിരുന്ന പ്രതിനിധികൾ അതിനു വിഭിന്നങ്ങളായ കാരണങ്ങൾ നിരത്തുകയുണ്ടായി. ഉദാഹരണത്തിന്, ആർഎം നലാവഡെയും പി കക്കനും അവരുടെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ‘ഹരിജനങ്ങളും മറ്റ് അധസ്ഥിത വിഭാഗങ്ങളിലെ ഉദ്യോഗാർഥികളും തെരഞ്ഞെടുക്കപ്പെടുന്നില്ലെന്നു’ പറയുകയുണ്ടായി. വിവേചനത്തിന്റെ കഥ വിശദീകരിച്ചുകൊണ്ട് എച്ച്ജെ ഖാണ്ഡേക്കർ പ്രസ്താവിച്ചു: “ഈ അവസ്ഥ വളരെ പരിതാപകരമാണ്. ചില സർക്കാർ തസ്തികകളിലേക്കു പട്ടികജാതി ഉദ്യോഗാർഥികൾ അപേക്ഷിക്കുന്നുണ്ടെങ്കിലും അവർ തെരഞ്ഞെടുക്കപ്പെടുന്നില്ല. കാരണം ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്ന ആളുകൾ ആ സമുദായത്തിലോ ആ വിഭാഗത്തിലോ പെട്ടവരല്ല.”

പി. കക്കൻ

സർക്കാർ ജോലികൾ നഷ്ടപ്പെടുന്നതിന്റെ കാരണം സാമ്പത്തിക ദാരിദ്ര്യമല്ല, ജാതിയാണ്. അത്തരമൊരു സാഹചര്യത്തിൽ, ഭരണസംവിധാനത്തിൽ പട്ടികജാതി–പട്ടികവർഗ ഉദ്യോഗാർഥികളുടെ പ്രവേശനവും മതിയായ പ്രാതിനിധ്യവും ഉറപ്പാക്കാനുള്ള ഏക മാർഗം സംവരണമായിരുന്നു. സംവരണത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞുകൊണ്ട്, എ.എ ഖാൻ ഭരണഘടനാ നിർമാണ സഭയിൽ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: “സർക്കാർ സർവീസ് ഒരു പ്രത്യേക വിഭാഗം കുത്തകയാക്കുകയാണെങ്കിൽ, തങ്ങളുടെ നിലനിൽപ്പുതന്നെ അവഗണിക്കപ്പെടുകയാണെന്നു മറ്റുള്ളവർ വിചാരിച്ചേക്കാം. ആ ആശയം തന്നെ രാജ്യത്ത് അസന്തുഷ്ടി സൃഷ്ടിക്കുന്ന സ്രോതസ്സായി മാറിത്തീരും.”

അതിനാൽ, സംവരണത്തെ ഒരു കാരണവശാലും ദാരിദ്ര്യ നിർമാർജനത്തിനുള്ള ഉപാധിയായോ സാമ്പത്തിക ദരിദ്രർക്ക് അനുകൂലമായ പരിപാടിയായോ കാണാൻ സാധിക്കില്ല.

സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടന്ന സമരം

നിശ്ചിത എണ്ണം തസ്തികകൾ സംവരണം ചെയ്യാതെ, മേൽജാതിക്കാരെന്നു വിളിക്കപ്പെടുന്നവരുടെ കുത്തകയുള്ള തിരഞെടുപ്പു സംവിധാനങ്ങൾ, അവരിൽ രൂഢമൂലമായ ജാതിപക്ഷപാതിത്വം മൂലം ദലിതരെ തിരഞ്ഞെടുക്കാൻ പോകുന്നില്ല.

ആരാണ് പിന്നാക്ക വിഭാഗങ്ങൾ?

ഈ സന്ദർഭത്തിൽ, അനുഛേദം 16 (4) പ്രകാരം സംവരണം നൽകിയിട്ടുള്ള ‘പിന്നാക്ക വിഭാഗത്തെ’ എങ്ങനെ നിർവചിക്കാമെന്നതു സംബന്ധിച്ച മറ്റൊരു ചോദ്യം ഉയർന്നുവരുന്നുണ്ട്. ‘സ്റ്റേറ്റിന്റെ അഭിപ്രായത്തിൽ’ എന്നു പ്രയോഗിച്ചുകൊണ്ട് അനുഛേദം 16(4) ഇക്കാര്യം സ്റ്റേറ്റിനു നിർണയിക്കാനായി വിട്ടുകൊടുക്കുന്നുണ്ടെങ്കിലും ‘പിന്നാക്ക വിഭാഗം’ എന്ന പ്രയോഗത്തിന്റെ അർഥം എന്താണെന്നു വ്യാഖ്യാനിക്കുന്നതിനു പറ്റിയ സ്രോതസ്, ആ വ്യവസ്ഥയുടെ കരടു നിർമാണത്തിന്റെ ചരിത്രം തന്നെയായിരിക്കും.

എസ്.സി, എസ്.റ്റിവിഭാഗങ്ങളും ഹരിജനങ്ങളും ‘പിന്നാക്ക വിഭാഗങ്ങളാണെന്നു’ ചില അംഗങ്ങൾ ഭരണഘടനാ നിർമാണ സഭയിൽ വാദിക്കയുണ്ടായി. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിവില്ലായ്മ, സാമൂഹിക–വിദ്യാഭ്യാസ–സാംസ്കാരിക പിന്നാക്കാവസ്ഥ മുതലായ ചില മാനദണ്ഡങ്ങൾ മറ്റു ചിലർ മുന്നോട്ടു വെച്ചു. കുറച്ചുപേർ, സാമ്പത്തികവും മതപരവുമായ പിന്നോക്കാവസ്ഥക്ക് ഊന്നൽ നൽകുകയുണ്ടായി. എന്തായാലും അനുഛേദം 16(4)ന്റെ കൂടിയാലോചനാ ചരിത്രം മൊത്തത്തിൽ വായിച്ചാൽ, മുകളിൽ വിശദമാക്കിയതുപോലെ, സംവരണത്തിനുള്ള യോഗ്യത നേടാനുള്ള പ്രബലമോ സ്വഛന്ദമോ ആയ ഘടകമായി സാമ്പത്തിക പിന്നോക്കാവസ്ഥയെ കാണാൻ കഴിയില്ലെന്നതു സ്പഷ്ടമാണ്. ഇതിനോടു ബന്ധപ്പെട്ട് അനുഛേദം 16 (4)ന്റെ രൂപപ്പെടുത്തലിനെ സംബന്ധിച്ച് ഇന്ദിരാ സാഹ്നി (1992) കേസിലെ ഒമ്പതംഗ ബെഞ്ചിന്റെ വിധി ഉറപ്പിച്ചു പറഞ്ഞിട്ടുള്ളത് ഇതാണ്:

“സാമൂഹിക പിന്നാക്കാവസ്ഥയിലാണ് ഊന്നൽ. ഇൻഡ്യൻ പശ്ചാത്തലത്തിൽ, സാമൂഹികമായ പിന്നാക്കാവസ്ഥ, വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയിലേക്കും ഇവ രണ്ടും ചേർന്നു ദാരിദ്ര്യത്തിലേക്കും നയിക്കുന്നുവെന്നു പറയാതെ വയ്യ. അതു തിരിച്ച് സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ വളർത്തുകയും ശാശ്വതമാക്കുകയും ചെയ്യുന്നു.”

ബെഞ്ച് ഇങ്ങനെ കൂട്ടിച്ചേർത്തു: “സ്റ്റേറ്റിനു കീഴിലെ സർവീസുകളിൽ മതിയായ പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗത്തിൽപ്പെട്ട പൗരൻമാരുടെ വിഭാഗം’ എന്നതു കൊണ്ടർഥമാക്കുന്നത് ‘സാമൂഹികമായ പിന്നോക്കാവസ്ഥ കാരണം അങ്ങനെ പ്രാതിനിധ്യം ലഭിക്കാതെ പോയ വിഭാഗങ്ങളിൽപ്പെട്ട പൗരൻമാർ’ എന്നാണെന്ന് ഡോ അംബേഡ്കറുടെയും ശ്രീ. കെഎം മുൻഷിയുടെയും പ്രസംഗങ്ങളിലൂടെ സ്പഷ്ടമാക്കപ്പെട്ടിട്ടുള്ളതാണ്.”

ദരിദ്രരെ സമ്പന്നരാക്കുക എന്നതു സംവരണത്തിന്റെ ലക്ഷ്യമല്ല.

അങ്ങനെ, സംവരണത്തെക്കുറിച്ചുള്ള മുഴുവൻ ചർച്ചയും സാമൂഹിക പിന്നാക്കാവസ്ഥയേയും വ്യത്യസ്ത രൂപത്തിലുള്ള ജാത്യാധിഷ്ഠിത വിവേചനത്തിന്റെ ഇരകളെയും കേന്ദ്രീകരിച്ചായിരുന്നു. ദുഖകരമെന്നു പറയട്ടെ, അത്തരം ആളുകൾ ദരിദ്രരാകാനും ബാധ്യസ്ഥരായിരുന്നു. അതുകൊണ്ട്, ദരിദ്രരുടെ സാമ്പത്തിക ശാക്തീകരണം ഒരിക്കലും സംവരണത്തിന്റെ ലക്ഷ്യമായിരുന്നില്ല. പൊതുമേഖലയിലെ ജാതിക്കുത്തക തകർക്കുക എന്നതായിരുന്നു ആശയം.

സാമ്പത്തിക മാനദണ്ഡത്തിനുപുറമെ, സംവരണത്തിനു കാലപരിധി നിശ്ചയിക്കണമെന്നുള്ള നിർദേശങ്ങളും ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങൾ തള്ളിക്കളയുകയും സാമൂഹിക പിന്നാക്കാവസ്ഥയ്ക്കു കാരണമാകുന്ന ഘടകങ്ങൾ, ഉദാഹരണത്തിന്, സർക്കാർ സർവീസിലെ പ്രാതിനിധ്യമില്ലായ്മ അല്ലെങ്കിൽ വളരെ കുറഞ്ഞ പങ്കാളിത്തം, അവസാനിക്കുന്നതുവരെ അതിന്റെ തുടർച്ച വിഭാവനം ചെയ്യുകയും ചെയ്തു.

സാമൂഹിക പിന്നാക്കാവസ്ഥ അവസാനിച്ചു എന്ന വിഷയം, സംവരണപ്പട്ടികകൾ പരിഷ്കരിക്കുന്നതിനെക്കുറിച്ച് സുപ്രീംകോടതി സമീപകാലത്തു നടത്തിയ അഭിപ്രായവുമായി ബന്ധപ്പെട്ടു വിശകലനം നടത്തേണ്ടതുണ്ട്. പ്രയോഗക്ഷമമായ യാതൊരു വിവരവും സമർപ്പിക്കാതെയാണ് എസ്.സി–എസ്.റ്റി വിഭാഗങ്ങളിൽ അഭിവൃദ്ധി പ്രാപിച്ച ആളുകൾ ഇപ്പോളുണ്ടെന്നും, സംവരണം ഇനിമേൽ അവർക്ക് അനുവദിക്കരുതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടത്. ഈ അഭിപ്രായത്തിന്റെ വസ്തുനിഷ്ഠത പരിശോധിക്കേണ്ടതുണ്ട്.

സിവിൽ സർവീസിലെ മേൽത്തട്ടുകൾ, അക്കാദമിക മേഖല, ജുഡീഷ്യറി-സുപ്രീംകോടതിയും ഹൈക്കോടതിയും, പൊലീസ്, നയരൂപവത്കരണം, മറ്റു പബ്ലിക് സർവീസുകൾ, ഇവയിൽ  പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്കു വേണ്ടത്ര പ്രാതിനിധ്യമുണ്ടോ? താഴ്ന്ന കേഡറുകളിലെ തൊഴിൽ, സാമ്പത്തിക ഉന്നതിയെയും സാമൂഹിക പിന്നാക്കാവസ്ഥയുടെ അന്ത്യത്തെയുമാണോ സൂചിപ്പിക്കുന്നത്? ജാത്യാധിഷ്ഠിത വിവേചനം ഇൻഡ്യൻ സമൂഹത്തിൽ നിന്നു പൂർണമായും തുടച്ചുമാറ്റപ്പെട്ടോ? പൊതു സ്ഥാപനങ്ങളിലെ മേൽജാതിക്കുത്തക മുഴുവനായും അപ്രത്യക്ഷമായെന്നോ?

ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം വലിയൊരു ‘ഇല്ല’ ആണ്. വാസ്തവത്തിൽ, ഏതാണ്ടൊരു ദശാബ്ദത്തിനുശേഷം സുപ്രീംകോടതിയിൽ ഒരു ദലിത് ജഡ്ജിയെ നിയമിച്ചതും സംവരണത്തെക്കുറിച്ചു തീരുമാനിക്കുന്ന അഞ്ചംഗ ജഡ്ജിമാരുടെ ബെഞ്ചിൽ അദ്ദേഹത്തിന്റെ നിർണായക അഭാവവും പൊതുസ്ഥാപനങ്ങളിലെ പ്രാതിനിധ്യത്തിന്റെ സ്വഭാവത്തിന്റെയും അഭിവൃദ്ധിയുടെയും ദുരന്തം എന്താണെന്നു പറയുന്നുണ്ട്.

ഇതുപോലുള്ള നിർണായക നിമിഷങ്ങളിലാണ്, അധസ്ഥിത വിഭാഗങ്ങൾ വെറും പ്രതിനിധികൾ  മാത്രമല്ലാതിരുന്ന, മറിച്ച് അവരുടെ ഉത്കണ്ഠകൾ പറയാൻ അധികസമയം പോലും അനുവദിച്ചു കിട്ടിയിരുന്ന, ഭരണഘടനാ നിർമാണ സഭയുടെ സമ്പന്നമായ പാരമ്പര്യം ഓർമിപ്പിക്കാൻ നാം നിർബന്ധിതമാകുന്നത്. സംവരണവുമായി ബന്ധപ്പെട്ട കരട് അനുഛേദം ചർച്ച ചെയ്യുന്നതിനിടെ ഖാണ്ഡേക്കർ എഴുന്നേറ്റുനിന്ന് ഉദ്ബോധിപ്പിച്ചു: “ഇവിടെ സംസാരിക്കുന്നവർ കൂടുതലും ഹരിജൻ പ്രഭാഷകരാണ്. സാഹചര്യം വിശദീകരിക്കാൻ അവർക്കു കുറച്ചു സമയം ആവശ്യമാണ്. അതുകൊണ്ട് ഞാൻ ചെയറിനോട് ആവശ്യപ്പെടുന്നത് സമയപരിധി വർധിപ്പിക്കാനാണ്. അങ്ങനെ അവർക്ക് ഈ അനുഛേദത്തെ വിശദീകരിക്കാനും പിന്തുണക്കാനും സാധിക്കും.” ഉപരാഷ്ട്രപതി ആ ആവശ്യം അംഗീകരിക്കയും ചെയ്തു. (അനുമേഹ മിശ്ര, ഹരിസ് ജാമിൽ, സുജിത്ത് കെ. ഇവരുടെ നിർദ്ദേശങ്ങൾക്കു ഞാൻ നന്ദി പറയുന്നു.)

ഡൽഹി സർവകലാശാലയിലെ കാമ്പസ് ലോ സെന്റർ, ഫാക്കൽറ്റി ഓഫ് ലോയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് കൈലാശ് ജീൺഗർ.)

ഈ ലേഖനം ‘ദി വയർ’ ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിച്ചതാണ്.

വിവർത്തനം: ആബിദ് ഹുസൈൻ പി. എ, സഫീർ എ. കെ.

  • https://thewire.in/law/supreme-court-bench-reservation
Top