കൊറോണ വൈറസിന്റെ അന്ത്യവും പ്ലേഗ് സാഹിത്യവും

ഭരണാധികാരികളുടെ അനാസ്ഥയും ഒഴിഞ്ഞുമാറലും മൂലം പ്ലേഗ് രൂക്ഷമായതിനെ ‘ഡിഫോ’ നിശിതമായി വിമർശിക്കുന്നു. “യഥാർഥത്തിൽ ആദ്യമായി ഇത്തരം അസാധാരണ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് ആവശ്യമായിരുന്നത് ഗവൺമെൻ്റിന്റെയോ ഇതര കക്ഷികളുടെയോ സമയോചിത തീരുമാനങ്ങളും അവയുടെ നിർവഹണവുമായിരുന്നു. അതിന്റെ അഭാവം മൂലം ധാരാളം പേർ രോഗത്തിനടിമകളായി. എന്നല്ല അവ നിർവഹിക്കപ്പെട്ടിരുന്നെങ്കിൽ അനേകം പേർ രക്ഷപ്പെട്ടേനേ” എന്നും അദ്ദേഹം കുറിച്ചിടുന്നു.

തുസീഡസ് മുതലുള്ള പ്ലേഗ് സാഹിത്യത്തിന്റെ പ്രാഥമിക പാഠം, മാനവർ അവയോട് എങ്ങനെ പ്രതികരിച്ചു എന്നതാണ്. പൂഴ്ത്തിവെപ്പ്, പരിഭ്രാന്തി, ഭയം, ആക്ഷേപം, അന്ധവിശ്വാസങ്ങൾ, സ്വാർഥത, ഹീറോയിസം, മരണസംഖ്യകളിലുള്ള കൃത്രിമത്വം, ക്വാറന്റീനിലെ മുഷിപ്പ് തുടങ്ങിയ മനുഷ്യന്റെ സ്ഥായിയായ പെരുമാറ്റങ്ങളാണ് സംവൽസരങ്ങളായി പകർച്ചവ്യാധി സമയങ്ങളിൽ ഉണ്ടാകാറുള്ളത്.

‘എ ജേണൽ ഓഫ് പ്ലേഗ് ഇയർ’ എഴുതിയ ‘ഡാനിയൽ ഡിഫോ’ മധ്യ ലണ്ടനിലെ മഹാമാരി കാലത്തെ മനുഷ്യജീവിതങ്ങളുടെ നിശ്ചല ദൃശ്യങ്ങളെ തിരിച്ചറിയുന്നു. അതിനുദാഹരണമായി അദ്ദേഹം പറയുന്നത്, പെട്ടെന്ന് അടക്കേണ്ടി വന്ന ബാറുകളിൽ നിന്ന് ഉരുകിയൊലിക്കുന്ന ഐസു കട്ടകളും ഉന്നത കുലജാതരുടെ വീടുകളിൽ കൊണ്ടുവന്നിറക്കുന്ന ജിം ഉപകരണങ്ങളുമാണ്. ആ കൃതിയിൽ അദ്ദേഹം അക്കാലത്തെ ചില കുടുംബങ്ങളെക്കുറിച്ച് ഇപ്രകാരം കുറിച്ചിടുന്നു: “ചില കുടുംബങ്ങൾ ഈ പ്രതിസന്ധികൾ മുന്നിൽ കണ്ട് അവർക്കാവശ്യമുള്ള മുഴുവൻ സാധനങ്ങളും സൂക്ഷിച്ച് സ്വയം സമൂഹത്തിൽ നിന്ന് മാറിനിന്നിരുന്നു”.

പ്രതിസന്ധി ഘട്ടങ്ങളിൽ ഇനിയെന്തു വരാൻ പോകുന്നു എന്നത് പ്രവചനസാധ്യമാണ്. അവ എങ്ങനെയാകുമെന്ന് ചരിത്രസാക്ഷ്യങ്ങൾ നമുക്കു വിശദീകരിച്ച് തരും. ‘ഡിഫോ’ തന്റെ ‘എ ജേണൽ ഓഫ് പ്ലേഗ് ഇയർ’ രചിക്കാൻ കാരണം ‘മാർസീലിയയിൽ’ എഴുന്നൂറ്റി ഇരുപതുകളിൽ പടർന്നുപിടിച്ച പ്ലേഗായിരുന്നു. അതിന്റെ വ്യാപനം മുന്നിൽ കണ്ട് വായനക്കാർക്ക് അറിയേണ്ടിയിരുന്നത് 1665ൽ പ്ലേഗ് ഉണ്ടായപ്പോൾ എന്തെല്ലാം ചെയ്തു എന്നതാണ്. അവരുടെ ആവശ്യങ്ങൾക്കു മറുപടിയെന്നോണമാണ് പെട്ടന്ന്‌ അദ്ദേഹം ഈ കൃതി രചിക്കുന്നത്. താൻ സാക്ഷിയാകാൻ ഇടയില്ലാഞ്ഞിട്ടും അദ്ദേഹം കുറിച്ചിട്ട ചില സംഭവങ്ങൾ ഈ കൃതിയെ കൂടുതൽ മനോഹരമാക്കുന്നു. “താൻ കടന്നുപോകുമ്പോൾ പെട്ടെന്നൊരു സ്ത്രീ ജനൽ തുറന്ന് ഉറക്കെ മൂന്നു വാചകം ഉരുവിട്ട് അട്ടഹസിക്കുന്നു. അവ മരണമേ മരണമേ മരണമേ എന്നായിരുന്നു”. ഇത് ഒരുദാഹരണം.

1665ൽ ലണ്ടനിൽ പടർന്നുപിടിച്ച പ്ലേഗിന്റെ പെയിന്റിങ്

ഇങ്ങനെയെല്ലാമാണെങ്കിലും ഇന്നീ കൃതിക്കു വേദനാജനകമായ പ്രാധാന്യമുണ്ട്. ഭരണാധികാരികളുടെ അനാസ്ഥയും ഒഴിഞ്ഞുമാറലും മൂലം പ്ലേഗ് രൂക്ഷമായതിനെ ‘ഡിഫോ’ നിശിതമായി വിമർശിക്കുന്നു. “യഥാർഥത്തിൽ ആദ്യമായി ഇത്തരം അസാധാരണ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് ആവശ്യമായിരുന്നത് ഗവൺമെൻ്റിന്റെയോ ഇതര കക്ഷികളുടെയോ സമയോചിത തീരുമാനങ്ങളും അവയുടെ നിർവഹണവുമായിരുന്നു. അതിന്റെ അഭാവം മൂലം ധാരാളം പേർ രോഗത്തിനടിമകളായി. എന്നല്ല അവ നിർവഹിക്കപ്പെട്ടിരുന്നെങ്കിൽ അനേകം പേർ രക്ഷപ്പെട്ടേനേ” എന്നും അദ്ദേഹം കുറിച്ചിടുന്നു.

‘ഡിഫോ’യെ പലപ്പോഴും സാധാരണ എഴുത്തുകാരനായാണ് കാണാറുള്ളത്. എന്നാൽ സ്വന്തം രചനയെക്കുറിച്ച് അഹമ്മതി ഇല്ലായ്മ ഈ കൃതിയെ ഉന്നതമാക്കുന്നു. മരണനിരക്ക് പോലുള്ള വലുതും ചെറുതുമായ കാര്യങ്ങൾ അതിനെ മികവുറ്റതുമാക്കുന്നു. പതിനേഴാം നൂറ്റാണ്ടിലെ കിഴക്കേ ലണ്ടനിലെ ആളുകളുടെ സ്വഭാവം സുപരിചിതമാണ്. നഗരത്തിൻ്റെ പടിഞ്ഞാറൻ ഭാഗത്ത് പ്ലേഗ് വീശിയടിക്കുമ്പോഴും, തങ്ങൾ മുക്തരും സുരക്ഷിതരുമാണെന്ന മിഥ്യാധാരണയിൽ അവർ അഭിരമിച്ചു. പക്ഷേ കാലം അവരുടെ ധാരണ തെറ്റാണെന്നു തെളിയിച്ചു. “അവർക്കു രോഗം വന്നത് ഒരു സർവായുധ വിഭൂഷിതനെപ്പോലെയാണ്” എന്നാണ് ‘ഡിഫോ’ എഴുന്നത്.

രോഗാണുക്കളെക്കുറിച്ചുള്ള പഠനങ്ങൾ വരുന്നതിനു മുൻപേ ‘ഡിഫോയുടെ’ സാമാന്യബുദ്ധി അരുളിയത് ആധുനിക മെഡിക്കൽ വിദഗ്ധർ പോലും അംഗീകരിക്കും. “രോഗ ബാധിത പ്രദേശങ്ങളിൽ വ്യവഹരിച്ച വസ്തുക്കളോടും ആളുകളോടും അവരുമായി അക്കാര്യമറിയാത്തവർ ഇടപഴകുകയും, അവർ പിന്നീട് രണ്ടാം കക്ഷികളുമായി ഇടപഴകുകയും ചെയ്താൽ പ്ലേഗ് ഒഴിവായിപ്പോവുകയില്ല” എന്ന് അദ്ദേഹം രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നു.

മനുഷ്യചേഷ്ഠകൾ സ്ഥായിയാണെങ്കിലും അവനിൽ കാര്യമായ ചലനമുണ്ടാക്കിയവയാണ് ശാസ്ത്രവും അതിനെക്കുറിച്ചുള്ള അവൻ്റെ അവബോധവും. എന്നാൽ എഴുന്നൂറു വർഷങ്ങൾക്കു മുൻപ് ശാസ്ത്രം സ്ഥാപനവൽക്കരിക്കപ്പെട്ടിട്ടില്ലാത്ത കാലത്ത്, ‘ബൊക്കാച്ചിയോ’ ഫ്ലോറൻസിലുണ്ടായ പ്ലേഗിന്റെ വ്യാപനത്തെക്കുറിച്ച് വിവരിച്ചത് ചിന്തനീയമാണ്. അതിപ്രകാരമാണ്: “തീ ഉണങ്ങിയ തടിയിലോ എണ്ണയിലോ കത്തിപ്പടരും പോലെ, ആരോഗ്യവാൻ പ്ലേഗ് ബാധിതൻ്റെ അടുത്തുണ്ടായാൽ അവനും രോഗം പിടിപെടും. എന്നു മാത്രമല്ല രോഗിയോടു സംസാരിക്കുന്നതോ സമയം ചെലവഴിക്കുന്നതോ അവൻ്റെ വസ്ത്രം തെടുന്നതോ മറ്റു വല്ല ഇടപഴകൽ ഉണ്ടായാലോ രോഗവ്യാപനത്തിന് ഇടയാക്കും”. ഇതിൽ നിന്നും അദ്ദേഹത്തിൻ്റെ നിരീക്ഷണ പാടവം എത്രത്തോളമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.

എല്ലാ രചയിതാക്കളും രോഗത്തിൻ്റെ കണക്കുകൾ വെച്ച് അതിനെ വിലയിരുത്തിക്കോളണം എന്നില്ല. ദുരന്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുക (Escapist Response) എന്നതായിരിക്കും ചിലർ സ്വീകരിക്കുന്ന നടപടി. അപ്രകാരമാണ് ‘ബൊക്കാച്ചിയോ’ ‘ഡെക്കാമെറോണിൽ’ ചെയ്തിട്ടുള്ളത്. രോഗത്തെക്കുറിച്ച് മുകളിൽ പറഞ്ഞ വിശദീകരണത്തിനു ശേഷം ‘ബൊക്കാച്ചിയോ’ തൻ്റെ കഥാപാത്രങ്ങളെ ക്വാറന്റീനിലാക്കുകയാണ് ചെയ്യുന്നത്. ശേഷം കഥയിൽ പ്ലേഗ് കടന്നുവരുന്നതായി കാണുന്നില്ല.

‘തോമസ് മാനും’ ‘ആൽബർട്ട് കാമുവും’ പ്ലേഗിനെ സാധാരണ നിലയിലേ കാണുന്നുള്ളൂ. ‘തോമസ് മാൻ’ തൻ്റെ ‘ഡെത്ത് ഇൻ വെനീസിൽ’ പ്ലേഗിനെ മരണത്തിൻ്റെയും പ്രയാസങ്ങളുടേയും പൊതു അവതാരമായാണ് പരിചയപ്പെടുത്തുന്നത്. ഈ നോവെല്ലയിൽ പ്ലേഗ് ‘വോൺ ആശൻ ബാച്ചിൻ്റെ’ (ഒരു കഥാപാത്രം) സ്വനശീകരണത്തിലേക്കുള്ള ഘടകം മാത്രമാണ്. എന്നാൽ കോളറയെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത് ഇന്നത്തെ സാഹചര്യത്തോടു യോജിച്ചതായാണു കാണുന്നത്. എന്നു മാത്രമല്ല, അവിടെ അദ്ദേഹം ഭരണകൂടത്തിനെതിരിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾ ഇന്നും പരിഗണനാർഹമാണ്.

‘കാമു’ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. അദ്ദേഹത്തിൻ്റെ ‘ദി പ്ലേഗ്’ എന്ന കൃതി പലപ്പോഴും ഫ്രഞ്ച് അധിനിവേശത്തിൻ്റെ വാങ്മയ ചിത്രങ്ങളായാണ് വായിക്കപ്പെടാറുള്ളത്. എന്നാൽ അതിനു മറ്റൊരു വശമുണ്ട്. ഡോ. റ്യൂക്സ് എന്ന കഥയിലെ നായകൻ പ്രതിസന്ധി ഘട്ടങ്ങളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകനായാണ് ചിത്രീകരിക്കപ്പെടുന്നത്. എന്നുമാത്രമല്ല, ജനങ്ങൾ മരുന്നായി കാണുന്ന പുതിന ഇല ഉപഭോഗം, മുൻസിപ്പൽ ജയിലുകളിലെ ഉയർന്ന മരണനിരക്ക്, ക്ഷീണിതരായ ആരോഗ്യ പ്രവർത്തകർ, ക്വാറന്റീനിലെ നിശ്ചലഭാവങ്ങൾ തുടങ്ങിയവ കാമു വിവരിക്കുകയും ചെയ്യുന്നു

ചുരുക്കത്തിൽ, ഇത്തരം പുസ്തകങ്ങൾ പൊതുവായി നൽകുന്ന പാഠങ്ങൾ പ്ലേഗ് പോലുള്ള പകർച്ചവ്യാധികൾ കടന്നുപോകും എന്നും, ഭൂരിഭാഗം ജനങ്ങളും അവയെ അതിജീവിക്കും എന്നുമാണ്. ‘തൂസിഡസ്’ അതു നേരിട്ടവനും മറികടന്നവനുമാണ്. എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ‘ഏതൻസിലുണ്ടായ’ പ്ലേഗിനെക്കുറിച്ച് അദ്ദേഹം പറയുന്നത് കാണുക: “ഞാൻ രോഗത്തിൻ്റെ യഥാർഥ വശം വിശദീകരിക്കാം. അതിനെക്കുറിച്ചു മനസ്സിലാക്കുന്നവർക്ക് ആ രോഗം വീണ്ടും വന്നാൽ എടുക്കേണ്ട നടപടികൾ എടുക്കാമല്ലോ”.

‘രോഗം വീണ്ടും വന്നാൽ’ എന്ന് അദ്ദേഹം പറയുന്നത് നമ്മുടെ അഹങ്കാര മാനസങ്ങളെ വിളിച്ചുണർത്തുന്നതാണ്. എന്നാലും അവരെല്ലാം സംസാരിച്ചത് അവർക്കു സുപരിചിതമായ കാര്യങ്ങളെക്കുറിച്ചാണ്. നമുക്കും അവ അൽപമെങ്കിലും പരിചിതമാണ്. ഇത്തരം പകർച്ചവ്യാധികൾ ചരിത്രത്തിൻ്റെ ഭാഗമായി മാറും. എന്നുമാത്രമല്ല, ഇത്തരം വിപത്തുകൾ സംഭവിക്കുമ്പോൾ ഡിഫോയും കാമുവും തൂസീഡസും നമ്മെ ചിലത് ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കും.

‘മാസൽ തെറൂ’ (Marcel Theroux) ആധുനിക ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രമുഖ നോവലിസ്റ്റും ലേഖകനും ടെലിവിഷൻ അവതാരകനുമാണ്.

വിവർത്തനം: മുസ്തഫ ടി. വി. കവന്നൂർ

കടപ്പാട്: ദി ഗാർഡിയൻTop