പ്രൊഫ.ഹാനി ബാബുവിനെതിരായ ഭരണകൂട വേട്ടയുടെ രാഷ്ട്രീയം
ദൽഹി സർവകലാശാലയിലെ പ്രൊഫസറായ ഹാനി ബാബുവിന്റെ വീട്ടിൽ പോലീസ് അതിക്രമം. സെർച്ച് വാറന്റില്ലാതെ അദ്ദേഹത്തെയും ഭാര്യയെയും മക്കളെയും ആറു മണിക്കൂർ തടഞ്ഞുവെച്ചു. ഒന്നര വർഷം മുൻപ് നടന്ന ഭീമ കൊറെഗാവ് കേസിന്റെ പേരിൽ ഭരണകൂടം നടത്തുന്ന യക്ഷിവേട്ടയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സാമൂഹിക നീതിക്കായുള്ള ദലിത് ബഹുജൻ മനുഷ്യാവകാശ സമരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ജെനി റൊവീനയുടെയും ഹാനി ബാബുവിന്റെയും വീട്ടിൽ നടന്ന ഈ റെയ്ഡ്. വിനയകല കോർവി എഴുതുന്നു.
ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ദല്‍ഹി സര്‍വകലാശാല വരെയുള്ള യാത്രയില്‍ എനിക്കു പരിചയമുള്ള രണ്ടു പേരാണ് ഹാനി ബാബുവും ജെനി റൊവീനയും. സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട അക്കാദമിക മികവും ഉയര്‍ന്ന ബൗദ്ധിക ജീവിതവുമുള്ള രണ്ടു വ്യക്തികളാണ് അവര്‍. ഭരണകൂട വേട്ടയുടെ ഈ പശ്ചാത്തലത്തില്‍ അവരുടെ കൂടെ നില്‍ക്കേണ്ടത് അത്യാവശ്യമാണ്.
ഇന്നലെ (2019 സെപ്തംബര്‍ 10) ജെനി റൊവീന തന്റെ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ ഇങ്ങിനെ പറയുന്നു. “ഇന്ന് രാവിലെ ആറേ മുപ്പതിന് പൂനെ പോലീസ് [ദല്‍ഹി നോയിഡയിലെ] ഞങ്ങളുടെ വസതിയില്‍ കയറി. ദല്‍ഹി സര്‍വ്വകലാശാലയില്‍ പഠിപ്പിക്കുന്ന എന്റെ ഭര്‍ത്താവ് ഹാനി ബാബു ഭീമ കൊറെഗാവ് കേസില്‍ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. ഇതും പറഞ്ഞ് യാതൊരു സെര്‍ച്ച് വാറന്റും ഇല്ലാതെ ഞങ്ങളുടെ വീട്ടില്‍ ആറു മണിക്കൂറോളം അവര്‍ തിരച്ചില്‍ തുടര്‍ന്നു. മൂന്നു പുസ്തകങ്ങളും ലാപ്ടോപും ഫോണും ഹാര്‍ഡ് ഡിസ്കുകളും പെന്‍ഡ്രൈവും എടുത്തു കൊണ്ടുപോയി”.
ജെനി റൊവീനയുടെ ഈ കുറിപ്പ് ആദ്യം കണ്ട വ്യക്തിയായിരുന്നു ഞാന്‍. ഉടനെ ഞാന്‍ അവരോടൊപ്പം നിൽക്കുമെന്ന് മറുപടി എഴുതി. “ഞാന്‍ നിങ്ങളോടൊപ്പം നില്‍കുന്നു. അഡ്മിഷന്‍ രംഗത്തും നിയമന രംഗത്തും നിലനില്‍കുന്ന ജാതി മേധാവിത്വത്തെ തുറന്ന് എതിര്‍ത്ത വ്യക്തിയാണ് ഹാനി ബാബു. സമര്‍പ്പിതനായ അധ്യാപകനാണ് അദേഹം. തന്റെ സേവനങ്ങള്‍ തുടരാനായി നിയമത്തില്‍ ബിരുദം എടുത്ത വ്യക്തയാണ് അദേഹം”. ഇതുമാത്രമല്ല, ഹാനി ബാബുവിനോടു വ്യക്തിപരമായി ഞാന്‍ കടപ്പെട്ടിരിക്കുന്നു. എനിക്ക് റിസര്‍ച്ച് മെതടോളജി പഠിപ്പിച്ചത് അദ്ദേഹമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഇന്നൊരു റിസര്‍ച് സ്കോളറായി മാറിയത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് കണ്ടയുടനെ ഞാന്‍ ജെനി റൊവീനയെ വിളിച്ചു. പോലീസ് എങ്ങിനെയാണ് വീട്ടില്‍ ഇരച്ചു കയറിയതെന്നും ആരെയും ഫോണ്‍ വിളിക്കാൻ അനുവദിക്കാതെ തടഞ്ഞു നിർത്തിയതെന്നും അവര്‍ വിശദീകരിച്ചു. വാഷ്റൂമിലേക്ക് പോലും ഒപ്പം പിന്തുടര്‍ന്ന് മകളെയും അവരെയും ബുദ്ധിമുട്ടിക്കാനാണ് അവരുടെ കൂടെയുണ്ടായിരുന്ന വനിതാ പോലീസുകാര്‍ ശ്രമിച്ചത്.
എനിക്കേറെ വിഷമം തോന്നി. എസ് സി / എസ് റ്റി / ഓബിസി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വിദ്യാര്‍ഥി കാലം മുതലേ തങ്ങളുടെ ആയുസ് നീക്കിവെച്ച രണ്ടു അധ്യാപകര്‍ക്ക് സംഭവിക്കുന്നതോര്‍ത്ത് ശരിക്കും ദേഷ്യവും സങ്കടവും വരുന്നുണ്ട്.
നാം ഒരോരുത്തരും ഈ നീക്കത്തെ എതിര്‍ക്കുകയും അപലപിക്കുകയും വേണം. കേന്ദ്ര / സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു മര്യാദയും ഇല്ലാതെ വിയോജിക്കുന്നവരെ വേട്ടയാടാനും തങ്ങളുടെ രഹസ്യ അജണ്ടയും രാഷ്ട്രീയ പരിപാടികളും നടപ്പിലാക്കാനും പോലീസിനെ ഉപയോഗിക്കുകയാണ്. എവിടെയാണ് ജനാധിപത്യവും ആവിഷ്കാര സ്വാതന്ത്ര്യവുമൊക്കെ? ഇങ്ങിനെയാണോ ഇന്ത്യ ഒരു സൂപ്പര്‍ പവര്‍ ആകുന്നത്? രാഷ്ട്രീയ കുറ്റവാളികള്‍ വിലസുകയും നിഷ്കളങ്കരായ അധ്യാപകര്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് ഈ രാജ്യത്തുള്ളത്.
പ്രൊഫസര്‍ ഹാനി ബാബു ആരാണ്? ഭാഷാശാസ്ത്രത്തിൽ ചോംസ്കിയന്‍ വ്യാകരണവുമായി ബന്ധപ്പെട്ട സവിശേഷ പഠനം നടത്തിയ വ്യക്തിയാണ് അദ്ദേഹം. എസ് സി / എസ് റ്റി / ഓബിസി വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയായ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന പ്രസ്ഥാനത്തിന്റെ സെക്രട്ടറിയാണ് അദ്ദേഹം. ഓബിസി സംവരണം നടത്താത്തതിനെതിരെ ദല്‍ഹി സര്‍വ്വകലാശാലയില്‍ സമരം നടത്തിയ സംഘടനയാണിത്. ഡിഗ്രിതലം മുതല്‍ ഗവേഷണതലം വരെ സംവരണം നടപ്പാക്കാൻ അദ്ദേഹം തന്റെ സംഘടനയിലൂടെ ധാരാളം പോരാട്ടങ്ങള്‍ നടത്തി.
വിവരാവകാശ നിയമം ഉപയോഗിച്ചും മറ്റു നിയമ പോരാട്ടത്തിലൂടെയും അദ്ദേഹം ദല്‍ഹി സര്‍വ്വകലാശാലയില്‍ സാമൂഹിക നീതിക്കായി പോരാടി. അധ്യാപക / അനധ്യാപക നിയമനങ്ങളിലെ റോസ്റ്റര്‍ പ്രശ്നം പരിഹരിക്കാന്‍ അദ്ദേഹം നടത്തിയ പോരാട്ടം ദല്‍ഹി സര്‍വ്വകലാശാലയിലെ ദലിത് ബഹുജന്‍ ന്യൂനപക്ഷ വിരുദ്ധ പൊതുസമ്മിതിയെ വെല്ലുവിളിച്ചു.
ഇപിഡബ്ലിയുവില്‍ (Economic and Political Weekly) എഴുതിയ Breaking the Chaturvarnya System of Languages എന്ന ലേഖനം എത്രത്തോളം പ്രധാനപ്പെട്ട ജാതിവിരുദ്ധ പ്രക്ഷോഭകനും പോരാളിയും അധ്യാപകനുമാണ് ഹാനി ബാബുവെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നുണ്ട്.
(ദല്‍ഹി സര്‍വ്വകലാശാല ഇംഗ്ലീഷ് പഠന വകുപ്പില്‍ റിസര്‍ച് സ്കോളറാണ് ലേഖിക)