കനയ്യ കുമാർ എന്ന സവര്‍ണ ഇടതു കള്‍ട്ട്: ബീഹാറില്‍ നിന്നൊരു വീക്ഷണം
ഇടതു ലിബറലുകള്‍ കൊട്ടിഘോഷിക്കുന്നത് പോലെയുള്ള ഒരു മോദി വിരുദ്ധ അഗ്നിപര്‍വത പ്രഭാവമാണു കനയ്യയെങ്കില്‍, ഭൂമിഹാര്‍ മേല്‍ജാതി വിഭാഗത്തിനു തീരെ ക്ഷാമമില്ലാത്ത ബനാറസില്‍ നിന്ന് മോദിക്കെതിരെ എന്തുകൊണ്ടാണു കനയ്യ മത്സരിക്കാത്തത്? ഇനി ജാതിയുടെ അസ്‌ക്യതയൊന്നും തീരെ ഇല്ലാത്ത ആളാണെങ്കില്‍, തനിക്ക് ഒരുപാടു പ്രസിദ്ധി നേടിത്തന്ന തന്‍റെ സര്‍വകലാശാല സ്ഥിതി ചെയ്യുന്ന ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് എന്തുകൊണ്ടാണ് അദ്ദേഹം മത്സരിക്കാത്തത്? എസ്. സരസ്വതി എഴുതുന്നു.
ചില കണക്കുകൾ
2011ലെ സെന്‍സസ് പ്രകാരം ബെഗുസരായ് ജില്ലയിലെ ജനസംഖ്യ ഏതാണ്ട് 30 ലക്ഷത്തോളം വരും. 2018-ഓടെ സംസ്ഥാന ജനസംഖ്യയിലുണ്ടായ 25 ശതമാനം വര്‍ധനവ് കണക്കിലെടുത്താല്‍, ഇപ്പോഴത് ഏകദേശം 38 ലക്ഷം ആയിട്ടുണ്ടാകും. ഇതില്‍, 19 ലക്ഷം പേരാണു വോട്ടര്‍ പട്ടികയില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്, അതായത് ജനസംഖ്യയുടെ 50 ശതമാനം.
പാര്‍ശ്വവത്കൃത വിഭാഗങ്ങളെ അപേക്ഷിച്ച്, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കപ്പെട്ടരില്‍ അധികവും വിദ്യാസമ്പന്നരായ മേല്‍ജാതി വിഭാഗക്കാരാണ്. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 6 ലക്ഷം പേര്‍ മേല്‍ജാതികളാണ്, അതില്‍ തന്നെ ഭൂമിഹാര്‍ വിഭാഗമാണ് ആള്‍ബലത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്:
ഭൂമിഹാർ: 4 ലക്ഷം
ബ്രാഹ്മണര്‍: 80,000
രജപുത്രര്‍: 75,000
കായസ്ത: 50,000
ആകെ മേല്‍ജാതികള്‍: ഏകദേശം 6 ലക്ഷം.
മറ്റു വിഭാഗങ്ങള്‍:
മുസ്‌ലിം: 3 ലക്ഷം
കീഴ്ജാതികള്‍: 10 ലക്ഷം
യാദവ്: 2.25 ലക്ഷം
കുര്‍മി: 1.5 ലക്ഷം
കുശ്‌വഹ: 1 ലക്ഷം
മല്ല: 1.5 ലക്ഷം
പാസ്‌വാന്‍: 1 ലക്ഷം
മുസഹര്‍: 75,000
ബാക്കി വരുന്നത് 2 ലക്ഷം പിന്നാക്ക വിഭാഗങ്ങളാണ്. ബനിയകള്‍ (ഏകദേശം 70,000) പിന്നാക്ക വിഭാഗത്തിലാണ്. ഇതില്‍ തേലി, സൂരി, ഗുപ്ത, ധനുക്, നയിസ് തുടങ്ങിയ വിഭാഗങ്ങളും (1.25 ലക്ഷം) ഉള്‍പ്പെടും. ദലിതരില്‍ ദോം, ചമാര്‍, പാസി ജാതി വിഭാഗങ്ങള്‍ ഏകദേശം 75,000 വരും.
ജാതിയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍, ഭൂമിഹാറുകളെ വെറുക്കുന്ന രജപുത്രരെ ഒഴിച്ചു നിര്‍ത്തിയുള്ള മേല്‍ജാതി വോട്ടുകള്‍ മേല്‍ജാതി സ്ഥാനാര്‍ഥികളില്‍ തന്നെ കേന്ദ്രീകരിക്കും, അഥവാ ഏറെക്കുറെ ബി.ജെ.പി/എന്‍.ഡി.എ സ്ഥാനാര്‍ഥിക്കായിരിക്കും ആ വോട്ടുകള്‍ ലഭിക്കുക (മൊത്തം ആറു ലക്ഷം വോട്ടുകള്‍). അങ്ങനെയെങ്കില്‍, രജപുത്രരുടെ പകുതി വോട്ടുകള്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് കൂട്ടായ്മയായ മഹാസഖ്യത്തിനായിരിക്കും (മഹാഗഡ്ബന്ധന്‍) പോവുക. അതോടെ, മേല്‍ജാതി വോട്ടുകളുടെ ഏകീകരണം 5.75 ലക്ഷമായി താഴും. 3 ലക്ഷത്തോളം വരുന്ന മുസ്‌ലിം വോട്ടുകള്‍ മഹാസഖ്യത്തിനു ലഭിക്കുന്ന കാര്യം ഉറപ്പാണ്. 75 മുതല്‍ 80 ശതമാനം യാദവ വോട്ടുകള്‍ ആര്‍.ജെ.ഡിക്ക് ലഭിക്കും (2 ലക്ഷം വോട്ടുകള്‍). മഹാസഖ്യത്തിലെ മഞ്ചി, മുകേഷ് സാഹ്നി എന്നിവരുടെ കൂടെ, മുസഹര്‍, മല്ല വിഭാഗങ്ങളുടെ വോട്ടുകളില്‍ ഭൂരിഭാഗവും മഹാസഖ്യത്തിനു തന്നെ ലഭിക്കും (75,000 + 150000 = 2.25 ലക്ഷം വോട്ടുകള്‍).
ഉപേന്ദ്ര കുശ്‌വഹക്ക് തന്റെ ജാതി വോട്ടുബാങ്കിനു മേല്‍ പൂര്‍ണമായ നിയന്ത്രണമില്ലെങ്കില്‍ പോലും, തന്റെ ആര്‍.എല്‍.എസ്.പി പാര്‍ട്ടിയിലൂടെ മഹാസഖ്യത്തിനു വേണ്ടി കുശ്‌വഹ വിഭാഗത്തില്‍ നിന്നും ഏറ്റവും ചുരുങ്ങിയത് 50 ശതമാനം വോട്ടുകള്‍ (50,000) നേടി കൊടുക്കാന്‍ കഴിയും. അതോടെ മഹാസഖ്യത്തിനു ലഭിക്കാവുന്ന വോട്ടുകളുടെ എണ്ണം 8 ലക്ഷമായി ഉയരും.
നിതീഷ് കുമാറിന്റെ ജെ.ഡി.യു-വിനു ലഭിക്കുന്ന കുര്‍മി വിഭാഗത്തിന്റെ വോട്ടുകളും (1.5 ലക്ഷം), ആര്‍.വി പാസ്‌വാന്റെ എല്‍.ജെ.പിയുടെ പാസ്‌വാന്‍ വോട്ടുകളും (1 ലക്ഷം) ചേര്‍ത്ത് എന്‍.ഡി.എ-ക്കു ലഭിക്കുക 2.5 ലക്ഷം വോട്ടുകളാണ്. ഇതിലേക്ക് കുശ്‌വഹ വിഭാഗത്തിന്റെ 50000 വോട്ടുകളും ചേര്‍ത്താല്‍ എന്‍.ഡി.എക്കു ലഭിക്കുന്ന വോട്ടുകളുടെ എണ്ണം 5.75 ലക്ഷത്തില്‍ നിന്നും 8.75 ലക്ഷമായി ഉയരും.
ശേഷിക്കുന്ന 2 ലക്ഷം വോട്ടുകളില്‍, ആര്‍.ജെ.ഡിയെ പിന്തുണക്കുന്ന ധനുക്ക് വിഭാഗത്തെ ഒഴിവാക്കിയാല്‍, സാമ്പത്തിക പിന്നോക്ക വര്‍ഗത്തില്‍ (ഇ. ബി.സി) പിന്നെ ബാക്കിയുള്ള ബനിയ ജാതി വിഭാഗങ്ങളുടെ ഒരു ലക്ഷത്തോളം വോട്ടുകള്‍ എന്‍.ഡി.എ-ക്കു പോകും. അതേസമയം പട്ടികവര്‍ഗ വിഭാഗങ്ങളുടെ വോട്ടുകളില്‍ ഭൂരിഭാഗവും (1 ലക്ഷത്തോളം) മഹാസഖ്യത്തിനു അനുകൂലമായിരിക്കും. ഇതോടു കൂടി എന്‍.ഡി.എക്കും മഹാസഖ്യത്തിനും ലഭിക്കുന്ന വോട്ടുകളുടെ എണ്ണം യഥാക്രമം 9.75 ലക്ഷവും 9.25 ലക്ഷവുമായി ഉയരും.
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഭൂമിഹാര്‍ മേല്‍ജാതി സഖ്യത്തിന് മുസ്‌ലിം കീഴ്ജാതി സഖ്യത്തിനു മേല്‍ നേരിയ മുന്‍തൂക്കമുണ്ടെന്നു സാരം. ആരുടെ വോട്ടുകളാണ് ഭിന്നിച്ചു പോവുക എന്നതിനെ ആശ്രയിച്ചായിരിക്കും തെരഞ്ഞെടുപ്പു ഫലങ്ങള്‍ നിര്‍ണയിക്കപ്പെടുക.
മഹാസഖ്യം കനയ്യയെ പിന്തുണക്കുകയാണെങ്കില്‍, ഏറ്റവും വലിയ വോട്ടുബാങ്കായ ഭൂമിഹാര്‍ വിഭാഗത്തിന്റെ മൊത്തം വോട്ടുകള്‍ എന്‍.ഡി.എ-ക്കു ലഭിക്കുന്നതിന് അത് ഇടയാക്കും. അങ്ങനെ, ബെഗുസാരായ് ജില്ലയില്‍ ജാതി വോട്ടു ബാങ്കിന്റെ കാര്യത്തില്‍ അല്‍പം പിന്നാക്കം നില്‍ക്കുന്ന മഹാസഖ്യം, അന്തിമ വിശകലനത്തില്‍ തോല്‍ക്കുകയും ചെയ്യും. ഗിരിരാജും കനയ്യയും ചേര്‍ന്ന് ഭൂമിഹാര്‍ വോട്ടുബാങ്ക് ഭിന്നിപ്പിക്കുന്നപക്ഷം, മഹാസഖ്യത്തിന്റെ പോരാട്ട സാധ്യതയും നിലനില്‍ക്കും.
ബെഗുസാരായിലെ ഇടതുപക്ഷം
എന്താണ് ഇടതുപക്ഷ വോട്ടുകളുടെ അവസ്ഥ? അവയ്‌ക്കൊരു മാറ്റമുണ്ടാക്കാന്‍ സാധിക്കില്ലേ? ഇടതു വോട്ടുകള്‍ മഹാസഖ്യത്തെ സഹായിക്കില്ലേ?
എന്താണു യഥാര്‍ഥത്തില്‍ ബീഹാറിലെ ഇടതുപക്ഷ പ്രസ്ഥാനം എന്ന് അറിയാത്തവരാണ് അത്തരം ദയനീയ ചോദ്യങ്ങള്‍ ചോദിക്കുന്നത്. സി.പി.ഐ അഥവാ ഇടതുപക്ഷം ബെഗുസാരായില്‍ ശക്തരായിരുന്നെങ്കില്‍, അവിടത്തെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കു വേണ്ടിയാണു യഥാര്‍ഥത്തില്‍ അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെങ്കില്‍, പിന്നെന്തുകൊണ്ടാണ് ലോകമുണ്ടായ കാലം മുതല്‍ക്കേ അവിടെ കൃഷ്ണ സാഹി, മുന്‍ ഡി.ജി.പി ലളിത് വിജയ് സിങ് മുതല്‍ വിഷം വമിക്കുന്ന നാവിനുടമയായ ബോലാ സിങ് വരെയുള്ള മേല്‍ജാതി ഭൂമിഹാര്‍ വിഭാഗക്കാര്‍ മാത്രം ജയിച്ചു പോരുന്നത്? (നിതീഷ് കുമാറിന്റെ പാവയായ മൊനസിര്‍ ഹസന്‍ (മഞ്ചു) മാത്രമാണ് ഒരു അപവാദം. അദ്ദേഹം ഒരിക്കല്‍ അവിടെ നിന്നും ജയിച്ചിട്ടുണ്ട്).
യാഥാര്‍ഥ്യമെന്താണെന്നാല്‍ ബീഹാറിലെ, പ്രത്യേകിച്ച് ബെഗുസാരായിലെ വരേണ്യ ഇടതുനേതൃത്വം, ദരിദ്രരില്‍ ദരിദ്രരായ സാമൂഹിക വിഭാഗങ്ങളില്‍ നിന്നും തങ്ങളുടെ ചൊല്‍പ്പടിക്കു കീഴില്‍ നില്‍ക്കുന്ന ആശ്രിതസംഘങ്ങളെ ഉണ്ടാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
ഇന്ത്യയില്‍ തന്നെ ഏറ്റവും കൊടിയ മര്‍ദ്ദകസ്വഭാവം വെച്ചുപുലര്‍ത്തുന്ന മേല്‍ജാതി ഭൂജന്‍മികളായ ഭൂമിഹാര്‍ വിഭാഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ പ്രസ്ഥാനത്തില്‍ നിന്നും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളെ അകറ്റി നിര്‍ത്തുക എന്ന പണിയാണ് ബീഹാറിലെ വരേണ്യ ഇടതുനേതൃത്വം ഇതുവരെ ചെയ്തുപോരുന്നത്.
നക്‌സല്‍ബാരി പ്രസ്ഥാനത്തെ നേരിടാന്‍ ഭൂമിഹാര്‍ വിഭാഗത്തിനു വളരെ പെട്ടെന്നു തന്നെ സംഘടിക്കേണ്ടതായ ഒരവസ്ഥ വന്നു. അതിനു വേണ്ടി അവര്‍ ശത്രുക്കളോടൊപ്പം ചേരുകയും, ഭൂമിക്കു വേണ്ടിയുള്ള സമരം തങ്ങളുടേതാക്കി മാറ്റി ഏറ്റെടുക്കുകയും, അഷ്ടിക്കു വകയില്ലാത്ത മുസഹര്‍, മല്ല, ദോം, നായിസ് വിഭാഗങ്ങളെ രജപുത്രര്‍ക്കും മറ്റു ഭൂജന്മികള്‍ക്കും എതിരെ ആയുധങ്ങളുമായി തുറന്നുവിടുകയും അങ്ങനെ തങ്ങളുടെ ഭൂസ്വത്തുക്കള്‍ സംരക്ഷിക്കുകയും ചെയ്തു.
ലാലു പ്രസാദ് യാദവ് എപ്പോഴും പറയാറുള്ളതു പോലെ, അവരുടെ മുദ്രാവാക്യം ഇതായിരുന്നു:
‘സാരീ ജമീന്‍ ബന്ദ് കേ രഹേഗി / എല്ലാ ഭൂമിയും വിതരണം ചെയ്യപ്പെടും,
അപന്‍ അപന്‍ ചോഡ് കര്‍/ നമ്മുടെ സ്വന്തം ഭൂമിയൊഴിച്ചുള്ളതെല്ലാം’
നിരന്തരം സ്വയം പരിവര്‍ത്തനത്തിനു വിധേയനാകുന്ന, മനുഷ്യരൂപം പൂണ്ട ഒരു വിപ്ലവപ്രസ്ഥാനമാണ് ലാലു പ്രസാദ് യാദവ് എന്ന മനുഷ്യന്‍. അതുകൊണ്ടാണു ബീഹാറിലെയും ഇന്ത്യയിലെ തന്നെയും വരേണ്യവര്‍ഗം അദ്ദേഹത്തെ അത്രമേല്‍ ഭയപ്പെടുന്നത്. വിപ്ലവം എന്ന പദത്തിന് ഒരു മനുഷ്യരൂപമുണ്ടെങ്കില്‍ ഇന്ന് ഇന്ത്യയില്‍ അതു ലാലു പ്രസാദ് യാദവ് ആണ്. എല്‍.കെ അദ്വാനി നയിച്ച രക്തരൂക്ഷിതമായ ‘രഥ യാത്ര’ തടഞ്ഞത് മുലായം സിങോ നിതീഷ് കുമാറോ കമ്യൂണിസ്റ്റുകളോ അല്ല, ലാലു പ്രസാദ് യാദവ് മാത്രമാണ് അദ്വാനിയെ തടയാനും അറസ്റ്റു ചെയ്യാനും ചങ്കൂറ്റം കാണിച്ചത്, അദ്ദേഹത്തിനു മാത്രമേ അതിനു സാധിക്കുകയുമുള്ളു. തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കാത്ത, വിലയ്ക്കു വാങ്ങാന്‍ കഴിയാത്ത, വിട്ടുവീഴ്ച്ചക്കു തയ്യാറല്ലാത്ത വിപ്ലവകാരിയാണു ലാലുവെന്ന് വരേണ്യ വര്‍ഗം തിരിച്ചറിഞ്ഞു.
ബീഹാറിലെ അടിച്ചമര്‍ത്തപ്പെടുന്ന പാര്‍ശ്വവത്കൃത ജനവിഭാഗം തങ്ങളുടെ രക്ഷകനെ കണ്ടെത്തുകയായിരുന്നു. അതിനേക്കാളുപരി അവര്‍ക്കദ്ദേഹം യഥാര്‍ഥ കോമ്രേഡു കൂടിയാണ്. കല്ലുകൊത്തിയിരുന്ന ഒരു സ്ത്രീയെ, ഒരു മുസ്‌ലിം പൂന്തോട്ടക്കാരനെ, ഒരുപാടു വീട്ടമ്മമാരെ, പശുക്കളെയും ആടുകളെയും മറ്റും പരിപാലിച്ചു ജീവിച്ചിരുന്ന ഒരുപാടു ഇടയന്‍മാരെ ഡല്‍ഹിയിലെയും പാട്‌നയിലെയും നിയമനിര്‍മാണസഭകളിലേക്കു കൈപിടിച്ചെത്തിക്കുകയും, അധികാര വ്യവസ്ഥയില്‍ അവര്‍ക്കുകൂടി ഉചിതമായ പങ്കുനല്‍കുകയും ചെയ്ത സ്വന്തം സഹോദരനാണ് അവരെ സംബന്ധിച്ചിടത്തോളം ലാലു.
ഇടതുപക്ഷത്തെ ലാലു അകറ്റിനിര്‍ത്തുകയായിരുന്നില്ല, മറിച്ച് ലാലുവിനാല്‍ തങ്ങള്‍ പൂര്‍ണമായും അരികുവത്കരിക്കപ്പെട്ടുവെന്ന് ഇടതുപക്ഷത്തിന് അനുഭവപ്പെടുകയായിരുന്നു. അവർ വിപ്ലവം വാഗ്ദാനത്തിലൊതുക്കിയപ്പോള്‍, ലാലു വിപ്ലവം നടത്തി കാണിച്ചു. അവര്‍ വിപ്ലവം പ്രസംഗിച്ചു നടന്നപ്പോള്‍, ലാലു വിപ്ലവത്തിന്റെ ആള്‍രൂപമായി മാറി.
ബീഹാറിലെ ഇടതുപക്ഷ ഭൂമിക പൂര്‍ണമായും ലാലു പിടിച്ചെടുത്തു, അതുപക്ഷേ ബോധപൂര്‍വ്വമായിരുന്നില്ല. ദരിദ്രജനവിഭാഗങ്ങള്‍ക്കു സര്‍ക്കാറിന്റെയും ഭരണത്തിന്റെയും അധികാരഘടനയുടെയും ഭാഗമാകാന്‍ സ്വയം കഴിയുമ്പോള്‍, ആവശ്യപ്പെടാതെ തന്നെ തങ്ങളുടെ അവകാശങ്ങളും സര്‍ക്കാറിന്റെ ക്ഷേമ-വികസന പദ്ധതികളും ലഭിക്കുമ്പോള്‍, പറയുന്നതിനു മുന്‍പു തന്നെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കിട്ടുമ്പോള്‍, അവകാശങ്ങള്‍ക്കു വേണ്ടി പ്രതിഷേധമുയര്‍ത്തി തെരുവിലിറങ്ങി ലാത്തിയടിയും വെടിയുണ്ടകളും ഏറ്റുവാങ്ങേണ്ടി വരുന്ന അവസ്ഥ എങ്ങനെ ഉണ്ടാവാനാണ്? ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇടതുപക്ഷം ലാലുവിനെ എതിര്‍പക്ഷത്തു നിര്‍ത്തിയത്. അദ്ദേഹം കോടതിയും കേസുകളുമായി ബുദ്ധിമുട്ടിയപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ഇടതുപക്ഷമാണ്. അദ്ദേഹം ജയിലില്‍ അടക്കപ്പെട്ടതിന്റെ യഥാര്‍ഥ കാരണം എന്താണ്? കാലിത്തീറ്റ മോഷ്ടിച്ചതോ, അതോ ബീഹാറിലെ ചൂഷക വരേണ്യ വര്‍ഗത്തിന്റെ കൈയ്യില്‍ നിന്നും അധികാരം പിടിച്ചെടുക്കുകയും ഇന്ത്യയിലെ ലിബറല്‍, ഇടതുപക്ഷ ബുദ്ധിജീവികളുടെ കാപട്യം തുറന്നുകാട്ടുകയും ചെയ്തതോ?
മഹാസഖ്യമെങ്ങാനും കനയ്യയെ കളത്തിലിറക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കില്‍, തങ്ങളുടെ പങ്ക് ആവശ്യപ്പെടാതെ ബീഹാറിലെ ഇടതുപക്ഷം മഹാസഖ്യത്തിനൊപ്പം നില്‍ക്കുകയില്ലെന്ന കാര്യം ഉറപ്പാണ്. ബെഗുസാരായില്‍ അതു ഭൂമിഹാറുകളുടെ പണി എളുപ്പമാക്കുകയും ചെയ്യുമായിരുന്നു. അവരും അവരുടെ സാമ്പത്തിക സാമൂഹിക ആശ്രിതസംഘങ്ങളും കൂട്ടമായി എന്‍.ഡി.എക്കു വോട്ടു നല്‍കുകയും ചെയ്യും (ഭൂമിഹാറുകള്‍ ബെഗുസാരായിലെ വലിയ ഭൂപ്രഭുക്കളും അധികാര കേന്ദ്രങ്ങളും പ്രാദേശിക ദബാംഗുകളുമാണെന്ന കാര്യം മറക്കരുത്. അവര്‍ക്കെതിരെ സാമ്പത്തികവും ശാരീരികവും രാഷ്ട്രീയവുമായി എതിരിട്ടു നില്‍ക്കാന്‍ കെല്‍പ്പുള്ളത് മുസ്‌ലിംകള്‍ക്കും ഒരുപരിധി വരെ ഇന്നത്തെ അവസ്ഥയില്‍ യാദവര്‍ക്കും മാത്രമാണ്). മുഖം രക്ഷിക്കാനും ആദര്‍ശധീരരെന്ന പ്രതിച്ഛായ കാത്തുസൂക്ഷിക്കാനും തുനിയുന്ന ഏതാനും ചില സി.പി.ഐ നേതാക്കളെ ഒഴിച്ചു നിര്‍ത്തിയാല്‍, ബാക്കിയുള്ള ഇടതുപക്ഷ സംഘാംഗങ്ങള്‍ ഏതെങ്കിലുമൊരു ഭൂമിഹാര്‍ സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടും. ഇതിനാണു ഭൂമിഹാറുകള്‍ ‘ചിട്ട് ബീ മേരീ, പട്ട് ബീ മേരീ/ ഹെഡ് വീണാല്‍ ഞങ്ങള്‍ ജയിക്കും, ടെയില് വീണാല്‍ നിങ്ങള്‍ തോല്‍ക്കും’ എന്നു പറയുന്നത്. ഇതാണ് അവര്‍ പരമ്പരാഗതമായി നടത്തിപോരുന്ന മത്സരരീതി. അതായത്, എങ്ങനെ പോയാലും ഭൂമിഹാര്‍ ജാതിവാദികള്‍ തോല്‍ക്കുന്ന പ്രശ്‌നമുദിക്കുന്നില്ല.
ഇക്കാരണം കൊണ്ടു മാത്രമാണ് ബെഗുസാരായില്‍ സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ കനയ്യ ആദ്യമൊന്നു മടിച്ചു നിന്നത്. മേല്‍ജാതി വരേണ്യ രാഷ്ട്രീയത്തിന്റെ ചാരനാണു കനയ്യയെന്ന് ബീഹാറിലെ ജനങ്ങള്‍ക്കു ബോധ്യപ്പെട്ട കാര്യമാണ്.
ഒരു സി.പി.ഐ അംഗമായതു കൊണ്ടു മാത്രമല്ല, ഒരു ഭൂമിഹാര്‍ മേല്‍ജാതിക്കാരനായതു കൊണ്ടുകൂടിയാണ് ബെഗുസാരായില്‍ കനയ്യ സ്ഥാനാര്‍ഥിയായി അവരോധിക്കപ്പെട്ടത്. ബീഹാറിനു പുറത്തുള്ളവര്‍ക്കു ഇതു ചിലപ്പോള്‍ മനസ്സിലാവണമെന്നില്ല.
കനയ്യയുടെ സ്ഥാനാര്‍ഥിത്വത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ജാതി ഘടകം തെറ്റിദ്ധാരണക്കിടയില്ലാത്ത വിധം ബീഹാറിലെ ജനങ്ങള്‍ക്കു വളരെ വ്യക്തമായി തന്നെ കാണാന്‍ കഴിയും.
കനയ്യ ആരാധകര്‍ക്കുള്ള ചില പാഠങ്ങള്‍
മോദി അനുകൂല, മോദി വിരുദ്ധ മീഡിയകളും, ബി.ജെ.പി, കോണ്‍ഗ്രസ്, ഇടതു, എ.എ.പി പാര്‍ട്ടികളും ഉയര്‍ത്തിപിടിക്കുന്ന ചിത്രത്തിനു വിരുദ്ധമായി, മഹാസഖ്യത്തിന്റെ പേരില്‍ ബെഗുസാരായ് സീറ്റില്‍ മത്സരിക്കാന്‍ കനയ്യയെ അനുവദിച്ചിരുന്നുവെങ്കില്‍ രാജ്യത്തുടനീളം ആര്‍.ജെ.ഡിക്കു ഒരുപാട് പബ്ലിസിറ്റി നേടാന്‍ കഴിയുമായിരുന്നു. അങ്ങനെ ചെയ്യുന്ന കാര്യം അവര്‍ പരിഗണിച്ചിരുന്നതുമാണ്. പക്ഷേ സീറ്റിനു വേണ്ടി കോണ്‍ഗ്രസ്സില്‍ നിന്നുണ്ടായ സമ്മര്‍ദ്ദവും, അവരുടെ വിദ്യാര്‍ഥി സംഘടനയില്‍ നിന്നുള്ള സമ്മര്‍ദ്ദവും, ബെഗുസാരായിലെ ന്യൂനപക്ഷ വോട്ടര്‍മാരെയും പരിഗണിച്ചു കൊണ്ട് അവര്‍ക്കങ്ങനെ ചെയ്യാന്‍ കഴിയുമായിരുന്നില്ല. അതിനേക്കാളുപരി, കനയ്യ കുമാറിന്റെ ചാരദൗത്യം അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതുമാണ്. ബീഹാറിലും രാജ്യത്തുടനീളവും, പ്രത്യേകിച്ച് കഴിഞ്ഞ കാലങ്ങളില്‍ ബെഗുസാരായില്‍, ഭൂമിഹാറുകളും ഇടതു വരേണ്യ നേതാക്കളും പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ക്കെതിരെ നടത്തിയ കളികള്‍ അവര്‍ ഒരുപാടു കണ്ടതുമാണ്.
ബീഹാറിലെ തന്ത്രശാലികളായ വരേണ്യ ഭൂമിഹാര്‍ വിഭാഗം ഒരുക്കിയ കെണിയില്‍ രാജ്യത്തെ എല്ലാ മധ്യവര്‍ഗ ഇടതു ലിബറല്‍ മാധ്യമങ്ങളും വീഴുന്ന കാഴ്ച അസഹനീയമാണ്. ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്തൊഴിച്ച്, മറ്റാരുടെ ഭരണകാലത്തും ഭൂമിഹാറുകള്‍ക്കു തങ്ങളുടെ അധികാരവും ശക്തിയും നഷ്ടപ്പെട്ടിട്ടില്ല.
മോദിയെയും ഹിന്ദുത്വയെയും ചങ്ങാത്ത മുതലാളിത്വത്തെയും കോര്‍പറേറ്റ്‌വൽക്കരണത്തെയും ദലിത് ന്യൂനപക്ഷ വേട്ടയെയും എതിര്‍ക്കുന്നവര്‍ പോലും മുഖ്യധാര മാധ്യമങ്ങളുമായി കൈകോര്‍ത്തു കൊണ്ട്, തേജശ്വി യാദവിനും ലാലുവിനും കനയ്യ കുമാറിനെ ഭയമാണെന്നും, തേജശ്വിക്കു കനയ്യയോട് അസൂയയാണെന്നും, തേജശ്വിയേക്കാള്‍ വിദ്യാഭ്യാസവും പ്രസംഗപാടവവും യോഗ്യതയും ഉള്ള കനയ്യ ബീഹാറിന്റെ ഭാവി മുഖ്യമന്ത്രിയാവുമെന്നും വിളിച്ചൂകൂവുകയാണ്.
കഴിഞ്ഞ മുപ്പതു വര്‍ഷക്കാലം ആര്‍.ജെ.ഡിക്കു വേണ്ടി ആത്മാര്‍ഥമായി പണിയെടുത്ത, ബെഗുസാരായിലെ ജനകീയ എം.എല്‍.എ ആയ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റുപോയെങ്കിലും മികച്ച വോട്ടുകള്‍ നേടിയ, ബെഗുസാരായിലെ ശ്വാസംമുട്ടിക്കുന്ന ഭൂമിഹാര്‍ അധീശത്വത്തിനെതിരെ കീഴ്ജാതികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി നിരന്തരം പടപൊരുതിയ, ബീഹാറിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്കു വേണ്ടി എല്ലാം സമര്‍പ്പിച്ച തന്‍വീര്‍ ഹസ്സന്‍ എന്ന വ്യക്തിക്ക്, പാര്‍ട്ടിക്കു വേണ്ടി നീണ്ടകാലം സ്വജീവിതം സമര്‍പ്പിച്ചു നേടിയെടുത്ത തന്റെ സ്ഥാനാര്‍ഥിത്വം, മാധ്യമങ്ങള്‍ക്ക് ഒരു റോക്ക് സ്റ്റാറിനെ വേണമെന്ന കാരണം കൊണ്ടുമാത്രം ഒരു പുതുക്കക്കാരനു വേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ടി വന്നത് എന്തുകൊണ്ടാണ്?
കനയ്യയെ മഹത്വവത്കരിക്കുന്നതിനും ലാലു പ്രസാദ് യാദവിനെയും തേജശ്വിയെയും അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടി സര്‍ക്കാറിനു പാദസേവ ചെയ്യുന്ന മുഖ്യധാര മാധ്യമങ്ങളും ഇടതു ലിബറല്‍ പുരോഗമന മാധ്യമങ്ങളും തമ്മിലുള്ള കൈകോര്‍ക്കല്‍ സത്യത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്.
‘ആരാണ് തന്‍വീര്‍ ഹസ്സന്‍? എന്താണ് അദ്ദേഹത്തിന്റെ പ്രാധാന്യം?’ എന്നു ചോദിക്കുന്നതിനു മുന്‍പ്, വായനക്കാരെ ഒരു കാര്യം ഓര്‍മപ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്. ജെ.ഡി.യു അടക്കമുള്ള എന്‍.ഡി.എ മുന്നണി ബീഹാറില്‍ ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെയാണു നിര്‍ത്തിയിട്ടുള്ളത്, മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ കിഷന്‍ഗഞ്ചില്‍ നിന്നുള്ള മുഹമ്മദ് അഫ്‌റോസ് എന്ന വ്യക്തിയെ, കൂട്ടത്തില്‍ ഷാനവാസ് ഹുസൈനെ ഒതുക്കുകയും ചെയ്തു. മഹാസഖ്യത്തിലെ എച്ച്.എ.എം (എസ്), വി.ഐ.പി, ആര്‍.എല്‍.എസ്.പി എന്നിവര്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താതിനാല്‍, ഭൂരിപക്ഷവാദത്തിന്റെ ഇക്കാലത്ത്, ന്യൂനപക്ഷങ്ങളെ തുല്ല്യമായി പരിഗണിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം ആര്‍.ജെ.ഡിയുടെ ചുമലിലാവും. മുപ്പതു വര്‍ഷക്കാലത്തെ പാര്‍ട്ടി പ്രവര്‍ത്തന പരിചയവും പ്രാദേശികതലത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന നേതാവുമായ തന്‍വീര്‍ ഹസ്സനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നലത്തെ മഴയില്‍ മുളച്ചു പൊങ്ങിയ കനയ്യ കുമാര്‍ ആരാണ്?
സോഷ്യല്‍ മീഡിയയും കീഴാള ബുദ്ധിജീവികളും നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുന്ന വളരെ പ്രസക്തമായ ഒരു ചോദ്യമിതാണ്: ഇടതു ലിബറലുകള്‍ കൊട്ടിഘോഷിക്കുന്നത് പോലെയുള്ള ഒരു മോദി വിരുദ്ധ അഗ്നിപര്‍വത പ്രഭാവമാണു കനയ്യയെങ്കില്‍, ഭൂമിഹാര്‍ മേല്‍ജാതി വിഭാഗത്തിനു തീരെ ക്ഷാമമില്ലാത്ത ബനാറസില്‍ നിന്ന് മോദിക്കെതിരെ എന്തുകൊണ്ടാണു കനയ്യ മത്സരിക്കാത്തത്? ഇനി ജാതിയുടെ അസ്‌ക്യതയൊന്നും തീരെ ഇല്ലാത്ത ആളാണെങ്കില്‍, തനിക്ക് ഒരുപാടു പ്രസിദ്ധി നേടിതന്ന തന്‍റെ സര്‍വകലാശാല സ്ഥിതി ചെയ്യുന്ന ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും എന്തുകൊണ്ടാണ് അദ്ദേഹം മത്സരിക്കാത്തത്?
ആയതിനാല്‍, നാനാവിധ മാധ്യമങ്ങളോടും അര്‍ബന്‍ മധ്യവര്‍ഗത്തോടും ഇടതു ലിബറലുകളോടും പറയാനുള്ളത് എന്താണെന്നാല്‍, കനയ്യയെ മഹത്വവത്കരിക്കുന്ന ഏര്‍പ്പാടുകളുമായി നിങ്ങള്‍ക്കു തോന്നുംപോലെ മുന്നോട്ടുപോകാം, പക്ഷേ നിങ്ങള്‍ പറയുന്ന പോലെ തന്നെ ബീഹാറിലെ ജനങ്ങളും, പ്രത്യേകിച്ച് ബെഗുസാരായിലെ ജനങ്ങള്‍, കനയ്യയെ കാണണമെന്നു മാത്രം വാശിപിടിക്കരുത്; അവര്‍ തങ്ങളുടെ ഇഷ്ടത്തിനും പ്രായോഗിക മുന്‍ഗണനകള്‍ക്കും അനുസൃതമായി തങ്ങള്‍ക്കിഷ്ടമുള്ളവരെ സ്വയം തെരഞ്ഞെടുത്തുകൊള്ളും, അവര്‍ക്കതിനു കഴിയുകയും ചെയ്യും. ദയവു ചെയ്തു കനയ്യയുടെ സ്ഥാനാര്‍ഥിത്വം ഒരു വടിയായി ഉപയോഗിച്ച് തേജശ്വിയെയും ലാലു പ്രസാദ് യാദവിനെയും ആര്‍.ജെ.ഡിയെയും അടിക്കുന്നതു നിര്‍ത്തണം. വ്യത്യസ്തമായ അഭിപ്രായങ്ങളും മുന്‍ഗണനകളും അവര്‍ വെച്ചുപുലര്‍ത്തുന്നു എന്നത് അവരെയോ, മറ്റേതെങ്കിലും പാര്‍ട്ടിയേയോ അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സ് നിങ്ങള്‍ക്കു നല്‍കുന്നില്ല. അടിത്തട്ടിലെ പ്രവര്‍ത്തകരുടെ പ്രതികരണങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ തങ്ങളുടെ സ്വന്തം മുന്‍ഗണനങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം തീര്‍ച്ചയായും മഹാസഖ്യത്തിനുണ്ട്. തങ്ങളുടെ നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവരുടെ മുന്‍ഗണനാ പട്ടികയില്‍ ഇല്ലെന്ന ഒറ്റകാരണത്താല്‍ അവരെല്ലാം സ്വാര്‍ഥരും അധിക്ഷേപാര്‍ഹരും ആകുന്നുമില്ല. എന്നിരുന്നാലും, ഈ വിഷയവും കനയ്യയുടെ ആസന്നമായ തോല്‍വിയും ലാലു പ്രസാദ് യാദവിനെയും അദ്ദേഹത്തിന്റെ മകനും രാഷ്ട്രീയ പിന്‍ഗാമിയുമായ തേജശ്വിയെയും അടിക്കാനുള്ള വടിയായി നിക്ഷിപ്ത തല്‍പരരായ മാധ്യമങ്ങള്‍ ഉപയോഗിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.
ചരിത്രം കനയ്യയെയും തേജശ്വിയെയും വിചാരണ ചെയ്യും, അവര്‍ രണ്ടു പേരും യുവതലമുറയില്‍പ്പെട്ടവരാണ്. പക്ഷേ മതേതരത്വ സംരക്ഷണ പോരാട്ടത്തിന്റെയും സാമൂഹിക നീതിയുടെയും ചരിത്രത്തില്‍ സുപ്രധാന സ്ഥാനം നല്‍കി ആദരിക്കപ്പെടേണ്ടിയിരുന്ന മഹദ് വ്യക്തിത്വങ്ങളില്‍ ഒരാളാണ് ലാലു പ്രസാദ് യാദവ്. രാജ്യത്തെ ഓര്‍ത്തെങ്കിലും, നിങ്ങളുടെ തന്നെ നന്മക്കു വേണ്ടിയെങ്കിലും, ഫാസിസ്റ്റുകളില്‍ നിന്നും ഈ രാജ്യത്തെ രക്ഷിക്കുന്നതിനു വേണ്ടി കടുത്ത രോഗാവസ്ഥയിലും ജയിലറക്കുള്ളില്‍ നിന്നും പൊരുതികൊണ്ടിരിക്കുന്ന ജനങ്ങളുടെ പടത്തലവനായ ഈ വന്ദ്യവയോധികനെ നിന്ദിക്കാനും അപമാനിക്കാനും എളുപ്പം കഴിയുമെന്ന ധാര്‍ഷ്ട്യം നിങ്ങള്‍ അവസാനിപ്പിക്കണം.
നിങ്ങള്‍ക്കു നിങ്ങളുടെ കനയ്യയുമായി മുന്നോട്ടു പോകാം, ഞങ്ങളുടെ ലാലു പ്രസാദ് യാദവിനെ വെറുതെവിടുക. ബീഹാറിലെ പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ക്ക് ഇതാണു നിങ്ങളോടു പറയാനുള്ളത്.
അദ്വാനിയുടെ രഥയാത്ര തടയാന്‍ ചങ്കൂറ്റം കാണിച്ച ലാലു പ്രസാദ് യാദവ് എന്ന ഇതിഹാസം ഗ്രാമീണ ഇന്ത്യയുടെ പുറംലോകമറിയാത്ത ഓരോ മുക്കിലും മൂലയിലും സുപരിചിതനാണ്, അതേസമയം അവര്‍ കനയ്യ കുമാര്‍ എന്ന പേര്‍ കേട്ടിട്ടു പോലുമുണ്ടാകില്ല.
കനയ്യക്കു നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു, പക്ഷേ അദ്ദേഹം ഇനിയും ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട്, തെളിയിക്കാനുമുണ്ട്. ലാലു പ്രസാദ് യാദവിനു തെളിയിക്കാനായി ഒന്നും തന്നെ ബാക്കിയില്ല. ബീഹാറിനും രാജ്യത്തിനും വേണ്ടി ഒരുപാട് അനുഭവിക്കുകയും സഹിക്കുകയും സംഭാവന ചെയ്യുകയും പൂര്‍ത്തീകരിക്കുകയും ചെയ്ത തേജസ്വിയുമായി കനയ്യയെ ഒരിക്കലും താരതമ്യം ചെയ്യരുത്. കനയ്യ ആവര്‍ത്തിച്ചാവശ്യപ്പെടും പോലെ ആര്‍.ജെ.ഡിക്കു വേണമെങ്കില്‍ കനയ്യയെ പിന്തുണക്കുന്ന കാര്യം ഇപ്പോഴും പരിഗണിക്കാം, പക്ഷേ വളരെ സുപ്രധാനമായ ഒരു തെരഞ്ഞെടുപ്പില്‍, തങ്ങളുടെ അണികളോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍, അതിനു വലിയ വില കൊടുക്കേണ്ടി വരുമായിരുന്നു. അവര്‍ കനയ്യയെ പിന്തുണച്ചിരുന്നുവെങ്കില്‍, അത് അപകടം സ്വയം ക്ഷണിച്ചുവരുത്തുന്നതിനു തുല്ല്യമാകുമായിരുന്നു. അപശ്രുതി പരത്തി ജനശ്രദ്ധ തിരിച്ചുവിടുന്ന മാധ്യമങ്ങളെ അവഗണിക്കുകയും അടിത്തട്ടിലെ തങ്ങളുടെ സ്വന്തം മുന്‍ഗണനാക്രമങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യലാണ് ആര്‍.ജെ.ഡിയെയും അവരുടെ അണികളെയും സംബന്ധിച്ച് ഈ അവസരത്തില്‍ ഏറ്റവും നല്ലത്.
കനയ്യ ബനാറസില്‍ മോദിക്കെതിരെ മത്സരിക്കട്ടെ. എന്തിനാണ് ബീഹാറുകാര്‍ എല്ലായ്‌പ്പോഴും കഷ്ടപ്പാടുകള്‍ സഹിക്കുന്നത്? ചരിത്രം രചിക്കാന്‍ ബനാറസിനും ഒരവസരം നല്‍കൂ.
മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍
കടപ്പാട്: റായ്ഒട്ട്.ഇൻ
- Begusarai Blues of Kanhaiya Kumar
https://bit.ly/2UJ7FXU