കെ. കെ. കൊച്ച്

ഇനിയും വികസിക്കേണ്ട ഫാസിസ്റ്റ് വിരുദ്ധ സമരങ്ങൾ: ലോകസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കെ.കെ.കൊച്ച് സംസാരിക്കുന്നു

ജനങ്ങളുടെ നിലപാടു തീര്‍ച്ചയായും മോദിക്ക് എതിരായിട്ടായിരിക്കണം. അതില്‍ യാതൊരു സംശയവുമില്ല. ദലിതരും മതന്യൂനപക്ഷങ്ങളുമാണു മോദി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ യാതന അനുഭവിച്ചത്. ഈ അഞ്ചുവര്‍ഷം രാജ്യത്തെ ഏറ്റവും പ്രധാന പ്രതിപക്ഷമായി ഉയര്‍ന്നുവന്നിട്ടുള്ളത് വിദ്യാര്‍ഥികളും കര്‍ഷകരുമൊക്കെയാണ്. എന്നാല്‍ അവരെയൊരു സംഘടിത ശക്തിയായിട്ട് ഉള്‍ക്കൊള്ളാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. മറിച്ച് സാമ്പ്രദായിക രീതിയിലുള്ള ഒരു തെരഞ്ഞെടുപ്പു പ്രചരണമാണ് മുഖ്യധാരാ രാഷ്ട്രീയ സംഘടനകള്‍ നടത്തുന്നത്. പൊരുതുന്ന വിഭാഗങ്ങളെയൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു ജനമുന്നേറ്റമായിട്ടു മാറാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ഇതാണ് ഇപ്പോഴത്തെ അവസ്ഥ.

രാജ്യം പുതിയൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം എല്ലാ നിലയ്ക്കും രാജ്യത്തെ കുട്ടിച്ചോറാക്കി. ന്യൂനപക്ഷങ്ങളായ ദലിത്-മുസ്‌ലിം വിഭാഗങ്ങള്‍ ഇവിടെ ജീവിക്കാന്‍ കഴിയാത്ത വിധം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. ഫാസിസത്തെ തടയുന്നതില്‍ പ്രതിപക്ഷവും പരാജയപ്പെട്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ രാജ്യത്തിന്റെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ചുമായി ഷിയാസ് ബിന്‍ ഫരീദ് നടത്തിയ അഭിമുഖം.

കെ.കെ.കൊച്ച്

സംഘപരിവാര്‍ ഫാസിസം രാജ്യമാകെ പടര്‍ന്നുപിടിച്ചിരിക്കുകയാണ്. മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണകൂടം രാജ്യത്തിന്റെ സാമൂഹിക – സാമ്പത്തിക മേഖലകളെയാകെ തകര്‍ത്തു തരിപ്പണമാക്കി. രാജ്യത്തിന്റെ നിലവിലെ അവസ്ഥയെ കുറിച്ച് എന്താണു പറയാനുള്ളത്?

സംഘപരിവാറിന്റെ സാമ്പത്തിക നയം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടരുന്ന സാമ്പത്തിക നയത്തിന്റെ തുടര്‍ച്ചയാണ്. അവര്‍ക്കു പ്രത്യേകമായൊരു സാമ്പത്തിക നയമൊന്നുമില്ല. സ്വദേശിവല്‍ക്കരണം പോലൊരു നയത്തിലേക്ക് അവര്‍ക്കു പോകാന്‍ കഴിയുന്നില്ല. അവരും സാമ്രാജ്യത്വ അനുകൂലവും കോര്‍പറേറ്റ് അനുകൂലവുമായ ഒരു നയത്തിന്റെ പ്രചാരകരാണ്. അതുപോലെ തന്നെ അവരുടെ വിദേശനയം പോലും നെഹ്രു മുന്നോട്ടുവച്ച ചേരിചേരാ നയം പോലെയുള്ളതൊന്നുമല്ല. മറിച്ച് കോണ്‍ഗ്രസിന്റെ നയത്തിന്റെ തുടര്‍ച്ചാണ് അവര്‍ പിന്തുടരുന്നത്. കോണ്‍ഗ്രസ് നയത്തിനു വ്യത്യസ്തമായൊരു നയം സ്വീകരിക്കാന്‍ സംഘപരിവാറിനു കഴിഞ്ഞിട്ടില്ല.

അതുപോലെ തന്നെ, 1991 മുതല്‍ നടന്ന ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും നയങ്ങളെ തുടര്‍ന്നുണ്ടായ സാമ്പത്തിക താല്‍പര്യങ്ങളാണ് അവര്‍ക്കും ഉള്ളത്. ഇതിന്റെയടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സമ്പദ്ഘടന വലിയ തകര്‍ച്ചയെ നേരിട്ടിരിക്കുകയാണ്. അതായത് ഏറ്റവും അടിത്തട്ടിലെ ജനങ്ങള്‍ക്കു പ്രയോജനപ്പെടാതെ, ന്യൂനപക്ഷം വരുന്ന സമ്പന്നര്‍ക്കു മാത്രമാണ് ഈ സമ്പദ്ഘടന കൊണ്ടു പ്രയോജനം ലഭിച്ചിട്ടുള്ളത്. ഈയൊരു സാഹചര്യത്തില്‍ അടിത്തട്ടിലെ ജനവിഭാഗങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കുന്ന, മതപരവും സാമുദായികപരവുമായി വേര്‍തിരിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണു സംഘപരിവാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി രാജ്യത്തു ഹിന്ദുത്വം മുസ്‌ലിം വിരോധം കാത്തുസൂക്ഷിക്കുന്നു. ഈ മുസ്‌ലിം വിരോധം പലപ്പോഴും തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ അവരെ സഹായിച്ചിട്ടുണ്ട്. ഉദാഹരണമായി ഗുജറാത്തില്‍ നടന്ന മുസ്‌ലിം വംശഹത്യക്കു ശേഷവും തുടര്‍ച്ചയായി ബി.ജെ.പിക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞു. അതുപോലെ യു.പിയിലെ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റ് പോലും മുസ്‌ലിംകള്‍ക്കു കൊടുക്കാതെ തെരഞ്ഞെടുപ്പിനിറങ്ങിയപ്പോള്‍ അവര്‍ക്കു വലിയ വിജയം നേടാന്‍ കഴിഞ്ഞു.

ഇത്തരത്തില്‍ മുസ്‌ലിം വിരോധത്തിലൂടെ ഒരു ഹിന്ദു ഏകീകരണം ഉണ്ടാക്കാമെന്നും (ഹിന്ദു ജാതികള്‍ ഏകീകരിച്ച്) അതിലൂടെ വിജയം കൊയ്യാന്‍ കഴിയുമെന്നുമാണ് സംഘപരിവാറിന്റെ രാഷ്ട്രീയ കാഴ്ചപ്പാട്.

ഇത്തരമൊരു സാഹചര്യത്തില്‍ പുതിയൊരു തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ച്?

നിലവില്‍ രാജ്യത്തു സംഘപരിവാര്‍ സംഘടിതരാണ്. ബി.ജെ.പിയെ നയിക്കുന്നതു സംഘപരിവാറാണ്. അവര്‍ ഇന്ത്യയിലെല്ലായിടത്തും സംഘടിതമായൊരു ശക്തിയാണ്. അതുകൊണ്ട് അടിത്തട്ടില്‍ ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കാനും ആളുകളെ സംഘടിപ്പിക്കാനും അവര്‍ക്കു കഴിയുന്നുണ്ട്. മാത്രമല്ല, വമ്പിച്ച രീതിയില്‍ സാമ്പത്തിക ശേഷിയുള്ള ഒരു പ്രസ്ഥാനം കൂടിയാണു സംഘപരിവാര്‍. ഇതിനെതിരായി ശരിയായൊരു പ്രതിപക്ഷം ഇവിടെ നിലനില്‍ക്കുന്നില്ല. ഇന്ത്യയില്‍ കോണ്‍ഗ്രസാണു ദീര്‍ഘകാലം ഭരിച്ചത്. എന്നാല്‍ ശരിയായ രീതിയിലുള്ളൊരു പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു ആ ഭരണം. എന്നാല്‍ കോണ്‍ഗ്രസിനെതിരായി ബി.ജെ.പി ഒരു സംഘടിത ശക്തിയായി മാറിക്കഴിഞ്ഞപ്പോഴാണ് അവരുടെ ഭരണം അവസാനിച്ചത്. അപ്പോള്‍ സംഘപരിവാറിന്റെ ഭരണം അവസാനിപ്പിക്കണമെങ്കില്‍ ഇവിടെ ശരിയായൊരു പ്രതിപക്ഷം ആവശ്യമാണ്. ബി.ജെ.പിയില്‍ നിന്നു വ്യത്യസ്തമായൊരു നയം സ്വീകരിക്കാതെ രാഹുല്‍ ഗാന്ധിയെന്ന ഒറ്റ വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പ്രചരണ പരിപാടികളാണ് അവര്‍ നടത്തുന്നത്. അതാണ് അവരുടെ പ്രശ്‌നം. മാത്രമല്ല, നിരവധി സാമൂഹിക വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ പോലൊരു രാജ്യത്ത് രാഹുല്‍ ഗാന്ധിക്ക് അവരെയൊക്കെ നയിക്കാന്‍ ഉതകുന്ന തരത്തില്‍ നല്ലൊരു നേതൃത്വമായി മാറാന്‍ കഴിഞ്ഞിട്ടില്ല.

പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിക്കുന്ന നിരവധി നേതാക്കള്‍ പ്രതിപക്ഷ നിരയിലുണ്ട്. അപ്പോള്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്താതെ തെരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നൊരു ആശയം മുന്നോട്ടുവച്ചുകൊണ്ട് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ഒരു മുന്നണി ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. മറിച്ച് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാനുള്ളൊരു നീക്കമാണു കോണ്‍ഗ്രസ് നടത്തുന്നത്. അതു മാറേണ്ടതുണ്ട്.

ഈ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഓരോ വോട്ടര്‍മാരും സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം?

ജനങ്ങളുടെ നിലപാടു തീര്‍ച്ചയായും മോദിക്ക് എതിരായിട്ടായിരിക്കണം. അതില്‍ യാതൊരു സംശയവുമില്ല. ദലിതരും മതന്യൂനപക്ഷങ്ങളുമാണു മോദി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ യാതന അനുഭവിച്ചത്. എന്നാല്‍ അവരെയൊരു സംഘടിത ശക്തിയായിട്ട് ഉള്‍ക്കൊള്ളാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. മറ്റു ചില കാര്യങ്ങളുണ്ട്. ഈ അഞ്ചുവര്‍ഷം രാജ്യത്തെ ഏറ്റവും പ്രധാന പ്രതിപക്ഷമായി ഉയര്‍ന്നുവന്നിട്ടുള്ളത് വിദ്യാര്‍ഥികളും കര്‍ഷകരുമൊക്കെയാണ്. ഇവര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ രാജ്യം കണ്ടതാണ്. എന്നാല്‍ ഇവരെയൊന്നും ഉള്‍ക്കൊള്ളാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. മറിച്ച് സാമ്പ്രദായിക രീതിയിലുള്ള ഒരു തെരഞ്ഞെടുപ്പു പ്രചരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഈ വിഭാഗങ്ങളെയൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു ജനമുന്നേറ്റമായിട്ടു മാറാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ഇതാണ് ഇപ്പോഴത്തെ അവസ്ഥ.

ഭൂരിപക്ഷ താല്‍പര്യ സംരക്ഷണത്തിനാണു മാറിമാറി വരുന്ന സര്‍ക്കാരുകളെല്ലാം ഊന്നല്‍ നല്‍കുന്നത്. മുസ്‌ലിംകളും ദലിതരും അടങ്ങുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അവഗണന മാത്രമാണുള്ളത്. സര്‍ക്കാരുകളുടെ ഈയൊരു നിലപാടിനെ പറ്റി?

ഈ നിലപാടുകളിലൂടെ ഇന്ത്യ വേറൊരു ചരിത്രഘട്ടത്തിലേക്കു മാറിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ സമൂഹത്തെ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പ്പത്തിനു വലിയ പങ്കുണ്ടായിരുന്നു. 1980കളിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ദേശീയതാ സങ്കല്‍പ്പം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്.

അഖണ്ഡഭാരതം എന്നതായിരുന്നു സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന മുദ്രാവാക്യം. ഇതു തീവ്രഹിന്ദുത്വമാണു മുന്നോട്ടുവച്ചത്. ഇതിനു ബദലായി കോണ്‍ഗ്രസ് അന്ന് ‘ഒരൊറ്റ ജനത, ഒരൊറ്റ ഇന്ത്യ’ എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിയത്. ഇതു സംഘപരിവാറിന്റെ ദേശീയതാ സങ്കല്‍പ്പത്തിന്റെ ഒരു അനുബന്ധം മാത്രമായിരുന്നു.

അതുകൊണ്ടു നമുക്കു നഷ്ടപ്പെട്ടു പോയതു സ്വാതന്ത്ര്യസമരകാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പ്പമാണ്. സാര്‍വദേശീയമായി പറഞ്ഞാല്‍ ഇന്ന് അടിത്തട്ടില്‍ കിടക്കുന്ന ജനവിഭാഗങ്ങളുടെ രാഷ്ട്രീയ അധികാരത്തിലെ പ്രാതിനിധ്യത്തെ ഇതു ബാധിക്കുന്നുണ്ട്.

അതുപോലെ ദലിതര്‍, പിന്നോക്കക്കാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടങ്ങിയ ഒട്ടേറെ പാര്‍ശ്വവല്‍കൃത ജനതകളെല്ലാം തന്നെ രാഷ്ട്രീയമേഖലകളിലേക്കു കടന്നുവന്നിട്ടുണ്ട്. ഇവര്‍ക്കൊക്കെ ആവശ്യം ഭരണകൂടത്തില്‍ പ്രാതിനിധ്യമാണ്. ഇത് ഉറപ്പാക്കാന്‍ കോണ്‍ഗ്രസിനു കഴിയാത്ത സാഹചര്യത്തില്‍ എല്ലാ വൈവിധ്യങ്ങള്‍ക്കും ഇടംകൊടുക്കുന്ന, അതിന്റെ സഹവര്‍ത്തിത്വത്തില്‍ അധിഷ്ടിതമായ ഒരു പുതിയ ദേശീയപ്രസ്ഥാനത്തിനു മാത്രമേ ഫാസിസത്തേയും തീവ്ര-മൃദു ഹിന്ദുത്വത്തേയും തോല്‍പ്പിക്കാന്‍ കഴിയുകയുള്ളൂ.

മുസ്‌ലിം – ദലിത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ജനാധിപത്യവും സമത്വവും തുല്യതയും വിഭാവനം ചെയ്യുന്ന ഭരണഘടനയാണല്ലോ രാജ്യത്തിനുള്ളത്. എന്നാല്‍ ഇതു പാലിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ്?

മുസ്‌ലിംകളുടെ പ്രശ്‌നം പറയുമ്പോള്‍, അംബേഡ്കറുടെ ജാതി ഉന്മൂലനം എന്നൊരു പുസ്തകമുണ്ട്. അതില്‍ അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ട്- ഇന്ത്യയിലെ ഹിന്ദുക്കള്‍ ഒരു സമൂഹമോ സമുദായമോ ആയിട്ടു മാറിയിട്ടില്ല. അവരിപ്പോഴും ജാതികളായി വേര്‍തിരിഞ്ഞു കിടക്കുകയാണ്. ഒരു ഫെഡറേഷന്‍ ആയി ഏകീകരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ഹിന്ദുക്കള്‍ക്ക് ഏകോപിതരാവാനുള്ള മാര്‍ഗം ഹിന്ദു-മുസ്‌ലിം ലഹളകളാണ്. മുസ്‌ലിംകളെ അപരവല്‍ക്കരിച്ചു കൊണ്ട്, അവരെ ശത്രുപക്ഷത്തു നിര്‍ത്തിക്കൊണ്ടു മാത്രമേ ഹിന്ദുക്കള്‍ക്കു ജാതീയതയെ അതിജീവിച്ചുകൊണ്ടൊരു ഏകോപനം സാധ്യമാവുകയുള്ളൂ. അതുകൊണ്ട് ഹിന്ദുക്കളുടെ അധീശത്വം നിലനിര്‍ത്തുന്നതിനു വേണ്ടി മുസ്‌ലിം വിരോധം സ്ഥായിയായി നിലനിര്‍ത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മുസ്‌ലിംകളെ സമൂഹത്തിന്റെ കീഴാളത്തട്ടിലുള്ള ജനതയുമായി, സമാന ദുരിതം അനുഭവിക്കുന്ന പിന്നാക്കക്കാരുമായി ഐക്യപ്പെടുത്തുന്ന ഒരു ദേശീയ കാഴ്ചപ്പാടാണ് ഉയര്‍ന്നുവരേണ്ടത്. അതിലൂടെ മാത്രമേ മുസ്‌ലിംകള്‍ക്കു രാഷ്ട്രീയ പ്രാതിനിധ്യം സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ.

നമ്മുടെ ഭരണഘടന മികച്ചതാണെന്നു പറയുമ്പോള്‍ പോലും മതപരമായ പല കാര്യങ്ങളിലും ഒട്ടേറെ തകരാറുകളുണ്ട്. അതായത് ഭരണഘടനയുടെ 26ാം വകുപ്പ് അനുസരിച്ച് ബുദ്ധ-ജൈന-സിഖ് മതങ്ങളെയെല്ലാം ഹിന്ദുക്കളില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അങ്ങനെ ഹിന്ദുക്കള്‍ക്കൊരു ഭൂരിപക്ഷം ഭരണഘടനാപരമായി നല്‍കിയിട്ടുണ്ട്. ഇതോടെ, ഹിന്ദുമതത്തില്‍പ്പെടാത്ത വ്യത്യസ്ത മതങ്ങളുടെ ഐഡന്റിറ്റി ഭരണഘടനാപരമായി നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സിഖ്-ബുദ്ധ-ജൈന മതങ്ങളെ (ഇവ അടിസ്ഥാനപരമായി ജാതികളും കൂടിയാണ്) എല്ലാം കൂടി ഹിന്ദുക്കളായി മാറ്റിയെടുത്തതിനെ ചോദ്യം ചെയ്യത്തക്കവണ്ണമുള്ള ഒരു രാഷ്ട്രീയ ചെറുത്തുനില്‍പ്പിലൂടെ മാത്രമേ, അതു മുസ്‌ലിംകളുമായി ഐക്യപ്പെടുമ്പോള്‍ മാത്രമേ മുസ്‌ലിംകളുടെ പ്രാതിനിധ്യം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ.

മോദിയുടെ നാടായ ഗുജറാത്തിലടക്കം ദലിത് രാഷ്ട്രീയം ശക്തമായ തിരിച്ചുവരവിലൂടെ വിപ്ലവകരമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. ദലിത് നേതാവ് ജിഗ്നേഷ് മേവാനി വദ്ഗാമില്‍ നിന്നും മത്സരിച്ച് നിയമസഭയിലെത്തിയിരിക്കുന്നു. മാത്രമല്ല, ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മിയും ശക്തമായ ദലിത് പോരാട്ടമാണു നടത്തുന്നത്. ഈയൊരു മുന്നേറ്റത്തെ കുറിച്ച് എന്തു തോന്നുന്നു?

ദലിതരുടെ സ്വത്വ സ്ഥാപനത്തിനു വേണ്ടിയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ല. അതേസമയം, ദലിതര്‍ അടിച്ചമര്‍ത്തപ്പെട്ടതു കൂടുതലായും മോദി ഭരണത്തിനു കീഴിലായതിനാല്‍ സ്വാഭാവികമായും അവര്‍ കോണ്‍ഗ്രസിനു പിന്തുണ കൊടുത്തു. അതു കോണ്‍ഗ്രസിനു നേട്ടമായി. കാരണം, വര്‍ഷങ്ങളായി നിലനിന്ന സംഘപരിവാര്‍ മേധാവിത്വത്തെ ദുര്‍ബലപ്പെടുത്താനായി ദലിതരുടെ മുന്നേറ്റത്തിനു കഴിയുകയും ജിഗ്നേഷ് മേവാനിയെ പോലൊരു നേതാവ് ഉയര്‍ന്നുവരികയും ചെയ്തു. പക്ഷേ, ഈ ദലിത് വിഭാഗങ്ങള്‍ക്കു മതിയായ പ്രാതിനിധ്യം കോണ്‍ഗ്രസ് കൊടുക്കുന്നുണ്ടോ എന്നിടത്താണു പ്രശ്‌നം കിടക്കുന്നത്.

മുസ്‌ലിംകള്‍ ആവശ്യപ്പെടുന്നത് ഒരു പരിരക്ഷ അല്ല, പ്രാതിനിധ്യമാണ്. ഈ പ്രാതിനിധ്യം നല്‍കാന്‍ അവര്‍ക്കു കഴിയുന്നുണ്ടോ എന്നുള്ളതാണ് പ്രശ്‌നം. ഇന്നല്ലെങ്കില്‍ നാളെ ദലിതര്‍ക്ക് അവരുടെ തനതായ രാഷ്ട്രീയത്തിലേക്കു പോവേണ്ടിവരും.

കോണ്‍ഗ്രസിനെ കഴിഞ്ഞതവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചതില്‍ അല്‍പേഷ് ധാക്കൂറിന് പങ്കുണ്ട്. അല്‍പേഷ് ധാക്കൂറും മൂന്ന് എം.എല്‍.എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നിട്ടും കോണ്‍ഗ്രസ് അവര്‍ക്കു മതിയായ പ്രാതിനിധ്യം കൊടുക്കുന്നില്ല. അര്‍ഹിക്കുന്ന പ്രാതിനിധ്യം ദലിത് ജനവിഭാഗങ്ങള്‍ക്കു കൊടുക്കാത്തത് സവര്‍ണ താല്‍പര്യം കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നു എന്നതുകൊണ്ടാണ്.

അതേസമയം, ദലിതരില്‍ ഒരു വിഭാഗവും അവസരവാദത്തില്‍ നിന്നും മുക്തമല്ല. മണ്ഡല്‍ പ്രക്ഷോഭം വന്ന സമയം ഹിന്ദുത്വത്തെ ശക്തമായി എതിര്‍ത്തയാളാണ് രാംവിലാസ് പാസ്വാന്‍. അയാളിപ്പോള്‍ ബി.ജെ.പിക്കൊപ്പമാണ്. അതുപോലെ സംഘപരിവാറിനെതിരെ ഒരു കാലത്ത് ശക്തമായ പോരാട്ടത്തിനു നേതൃത്വം കൊടുത്ത ഉദിത് രാജ് ഇന്നു ബി.ജെ.പിയുടെ ഭാഗമാണ്. അപ്പോള്‍ ദലിത് പ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ തനതായ സംഘപരിവാര്‍ വിരുദ്ധത പിന്തുടരുക, ബി.ജെ.പിയിലേക്കു പോവാതിരിക്കുക എന്നീ കാര്യങ്ങളില്‍ വലിയ ഉറപ്പൊന്നുമില്ല. കാരണം, ദലിതരിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ മുന്നണികളോ ഇത്തരം വ്യാമോഹങ്ങളില്‍ നിന്നു മുക്തരല്ല. അതിനാല്‍ മതിയായ രാഷ്ട്രീയ പ്രാതിനിധ്യം നല്‍കി അവരെ ഏകോപിപ്പിക്കുക എന്ന കടമ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉണ്ട്.

ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്

മുസ്‌ലിം-ദലിത് ഐക്യം എന്ന സങ്കല്‍പ്പം നിലവിലെ കലുഷിതമായ ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയില്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നു. അത്തരമൊരു ഒന്നിച്ചുപോകല്‍ പ്രായോഗികമാണോ? എന്തു തോന്നുന്നു?

ദലിത്-മുസ്‌ലിം ഐക്യം എന്ന സങ്കല്‍പ്പം സ്വാതന്ത്ര്യ സമരകാലത്തു തന്നെ ഉയര്‍ന്നുവന്നതാണ്. ദലിതരുടെ രാഷ്ട്രീയ പ്രാതിനിധ്യം ഇവിടെ സ്ഥാപിക്കപ്പെട്ടതു സംവരണത്തിലൂടെയാണ്. അതിലൂടെ അവര്‍ക്കു ഭരണപങ്കാളിത്തവും ലഭിച്ചിട്ടുണ്ട്. ഇതേസമയം ജനസംഖ്യാനുപാതമായ പ്രാതിനിധ്യമാണ് സംവരണത്തിലൂടെ സ്ഥാപിക്കപ്പെട്ടത്. ഇത്തരമൊരു അവസ്ഥ മുസ്‌ലിംകള്‍ക്ക് ഇല്ലാത്തതിനാല്‍ ന്യൂനപക്ഷ അവകാശങ്ങളിലൂടെയാണ് അവര്‍ക്കു പ്രാതിനിധ്യം ലഭിക്കുന്നത്. അതുകൊണ്ട് സംവരണം പോലുള്ള ജനാധിപത്യ-ഭരണഘടനാ അവകാശത്തെ അംഗീകരിക്കുന്നവര്‍ക്ക് ന്യൂനപക്ഷ അവകാശത്തെയും അംഗീകരിക്കേണ്ടിവരും. ഇതിന്റെ അടിസ്ഥാനത്തിലാണു ദലിത്-മുസ്‌ലിം ഐക്യം സ്ഥാപിക്കപ്പെടുന്നത്. അല്ലാതെ കേവലമായ സാമൂഹിക കാരണങ്ങളാല്‍ അല്ല, മറിച്ച് രാഷ്ട്രീയ കാരണങ്ങള്‍ തന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ദലിതരും പിന്നോക്കക്കാരും മുസ്‌ലിംകളും തമ്മില്‍ ഭരണഘടനാപരമായ ഒരു രാഷ്ട്രീയ ഐക്യം അനിവാര്യമാണ്. അതു മുന്നോട്ടുകൊണ്ടുപോവുക എന്നത് ദലിതരുടേയും ന്യൂനപക്ഷങ്ങളുടേയും കടമയാണ്.

ദലിത് പാര്‍ട്ടികള്‍ പല സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ അവര്‍ക്കു നടത്താന്‍ കഴിയുന്ന അടിസ്ഥാനപരമായ പരിഷ്‌കാരങ്ങള്‍ നടത്താനായിട്ടില്ല. ഉദാഹരണമായി ഭൂപരിഷ്‌കരണം. ഇതു നടപ്പാക്കേണ്ട അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. എന്നാല്‍ ബീഹാറിലും ഉത്തര്‍പ്രദേശിലും അധികാരത്തില്‍ വന്ന ദലിത് സര്‍ക്കാരുകള്‍ക്ക് ഇതു നടപ്പാക്കാനായിട്ടോ ഭരണഘടനാപരമായ സാമൂഹിക നീതി ഈ ജനവിഭാഗങ്ങള്‍ക്കു കൊടുക്കാനോ കഴിഞ്ഞിട്ടില്ല; മായാവതി ഉള്‍പ്പെടെ. അതുകൊണ്ട് അവര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുടെ അതേ ശൈലി തന്നെ തുടര്‍ന്നു. ഇതില്‍ നിന്നു മാറി, ഭൂപരിഷ്‌കരണം ഉള്‍പ്പെടെയുള്ള സാമൂഹിക നീതിക്കു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുകയാണു വേണ്ടത്. അതേസമയം, ദലിത് – മുസ്‌ലിം വിഭാഗങ്ങള്‍ക്കു സാമൂഹികമായ പരിരക്ഷ നടപ്പാക്കാന്‍ ഇവര്‍ക്കായിട്ടുണ്ട്. ഉദാഹരണമായി, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹിന്ദു-മുസ്‌ലിം ലഹളകള്‍ നടക്കുന്ന, നിരവധി മുസ്‌ലിംകള്‍ പലപ്പോഴായി കൊല്ലപ്പെട്ടിട്ടുള്ള, മുസ്‌ലിംകളെ കൊല്ലാന്‍ ടി.എ.സി എന്ന പ്രത്യേക സേന തന്നെ നിലവിലുണ്ടായിരുന്ന യു.പിയില്‍ മായാവതി അധികാരത്തില്‍ എത്തിയതോടെ വര്‍ഗീയ കലാപങ്ങള്‍ ഏകദേശം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്, പൂര്‍ണമായും ഇല്ലാതാക്കിയിട്ടില്ലെങ്കിലും ഒരു പരിധിവരെ. അവര്‍ ഇറങ്ങിയതോടെ അതു വീണ്ടും ശക്തിയാര്‍ജിച്ചു. അതുപോലെ ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്ത് ബീഹാറിലും വര്‍ഗീയ ലഹളകളെ ഒരു പരിധിവരെ ഇല്ലാതാക്കാനായിട്ടുണ്ട്. അതായത് ദലിതര്‍ക്കും മുസ്‌ലിംകള്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. അതൊരു നേട്ടമായി നിലനില്‍ക്കെ തന്നെ, അവര്‍ക്കു ചെയ്യാന്‍ കഴിയുന്ന സാമ്പത്തിക – സാമൂഹിക പരിഷ്‌കരണങ്ങള്‍ ഒന്നും നടപ്പാക്കാതെ കേവലമായ സാമുദായിക കാര്യം മാത്രമാണു നോക്കിയത്. ഈ സാമുദായിക പ്രശ്‌നങ്ങളെ രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. അതിന്റെ ഫലമായി അവര്‍ പിന്നീട് പരാജയപ്പെടുകയാണു ചെയ്തത്. അവര്‍ ജനങ്ങളുടെ മനസ്സില്‍ നിന്നും പുറന്തള്ളപ്പെടുകയാണുണ്ടായത്. പിന്നീട് കോണ്‍ഗ്രസുമായിട്ടോ ബി.ജെ.പിയുമായിട്ടോ സഖ്യത്തിലേര്‍പ്പെട്ട് അവരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഇതാണ് അവരുടെ പ്രശ്‌നം.

മായാവതി

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ദലിതര്‍ക്കു സ്ഥാനാര്‍ഥിത്വത്തില്‍ എത്രത്തോളം പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് നിരീക്ഷിച്ചിരുന്നോ?

മുഖ്യധാരാ പാര്‍ട്ടികള്‍ എന്നും ദലിതര്‍ക്കു ഭരണഘടനാപരവും ജനസംഖ്യാനുപാതികവുമായ പ്രാതിനിധ്യമേ നല്‍കിയിട്ടുള്ളൂ. അല്ലെങ്കില്‍ സംവരണ സീറ്റില്‍ മാത്രമേ അവര്‍ക്കു സ്ഥാനാര്‍ഥിത്വം നല്‍കിയിട്ടുള്ളൂ. എന്നാല്‍ മറ്റു പല സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാതത്തിനും മുകളില്‍ പ്രാതിനിധ്യം ലഭിക്കാറുണ്ട്. ഉദാഹരണമായി നായന്മാര്‍ 12 ശതമാനമേ ഉള്ളൂ. അവര്‍ക്ക് ഇതിന്റെ ഇരട്ടി ലഭിക്കാറുണ്ട്. അതുപോലെ ക്രിസ്ത്യാനികള്‍ക്കു കിട്ടാറുണ്ട്. അതേസമയം, മുസ്‌ലിംകള്‍ക്കു മുസ്‌ലിം ലീഗ് കൊടുക്കുന്നതിനൊപ്പം കോണ്‍ഗ്രസും കൊടുക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇത്തവണ വളരെ പരിമിതമായ സീറ്റുകള്‍ മാത്രമേ മുസ്‌ലിംകള്‍ക്കു നല്‍കിയിട്ടുള്ളൂ, ഷാനിമോള്‍ ഉസ്മാനു മാത്രം. യഥാര്‍ഥത്തില്‍ മുസ്‌ലിംകള്‍ക്കു ജയിച്ചുവന്നാല്‍ തന്നെ മൂന്നു സീറ്റിനപ്പുറത്തേക്ക് അര്‍ഹതയുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അതു നല്‍കിയിട്ടില്ല. ദലിതര്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കാനായി മുഖ്യധാരാ പാര്‍ട്ടികളിലെ ദലിത് നേതാക്കളോ ദലിത് സംഘടനകളോ ആവശ്യപ്പെടാറുമില്ല. ജനറല്‍ സീറ്റുകളില്‍ ദലിതര്‍ക്കു പ്രാതിനിധ്യം നല്‍കിയാല്‍ ജയിക്കുമെന്ന കാര്യം മായാവതി തെളിയിച്ചിട്ടുണ്ട്. അപ്പോള്‍ അങ്ങനെ നിര്‍ത്തിയാലും ജയിക്കും. എന്നാല്‍ അതിനു വേണ്ടി വാദിക്കാന്‍ ദലിത് നേതാക്കള്‍ക്കോ സംഘടനകള്‍ക്കോ കഴിയുന്നില്ല. ഇതാണ് അവഗണനയ്ക്കു കാരണം.

കേരളത്തില്‍ പാലാ അടക്കമുള്ള 40 നിയമസഭാ മണ്ഡലങ്ങളില്‍ ദലിതര്‍ നിര്‍ണായക ശക്തിയാണ്. എന്നാല്‍ ഇന്നുവരെ കേരളാ കോണ്‍ഗ്രസ് ദലിത് സമുദായത്തില്‍ നിന്ന് ഒരാളെ സ്ഥാനാര്‍ഥിയാക്കിയിട്ടില്ല. അതുപോലെ ആരും ആദിവാസികള്‍ക്ക് ഇതുവരെ ഒരു ലോക്‌സഭാ സീറ്റ് നല്‍കിയിട്ടില്ല.

അവര്‍ക്ക് രണ്ടു നിയമസഭാ സീറ്റുകള്‍ മാത്രമാണു നല്‍കിയിട്ടുള്ളത്. അതു തന്നെ വയനാട്ടില്‍ മാത്രമാണ്. ഇടുക്കി, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലൊന്നും കൊടുത്തിട്ടില്ല. ഇതൊക്കെ പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളാണ്.

പാര്‍ലമെന്റില്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന സവര്‍ണ സംവരണ ബില്ലിനെ കോണ്‍ഗ്രസും സി.പി.എമ്മും മാത്രമല്ല, കീഴാള രാഷ്ട്രീയം പറയുന്ന ബി.എസ്.പി പോലും പിന്തുണച്ചു. രാഷ്ട്രീയപാര്‍ട്ടികളുടെ ഈ ഇരട്ടത്താപ്പിനെ പറ്റി എന്താണു പറയാനുള്ളത്?

ഇരട്ടത്താപ്പെന്നല്ല, ഇതിനെ പറയേണ്ടത്. ഇതൊരു വഞ്ചനയാണ്. കാരണം ആദിവാസികള്‍, ദലിതര്‍, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരടങ്ങുന്ന 85 ശതമാനം ജനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യമാണ് വാസ്തവത്തില്‍ സംവരണം. അത് അട്ടിമറിക്കുകയാണ് ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബി.ജെ.പി തൊട്ട് ബി.എസ്.പി വരെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ളത് സവര്‍ണരാണ്. സവര്‍ണര്‍ക്കെതിരായ ദലിത്-ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങളുടെ ഒരു ഐക്യപ്രസ്ഥാനമായിരുന്നു ബി.എസ്.പി. എന്നാല്‍ അവിടെ നിന്ന് അവര്‍ മുഴുവന്‍ പേരുടേയും പ്രസ്ഥാനമായി മാറി. ഇന്ന് ബി.എസ്.പിയുടെ നേതൃത്വത്തിലെ നിര്‍ണായക സ്ഥാനത്തിലുള്ളത് സവര്‍ണരാണ്. ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 15 ശതമാനം സവര്‍ണര്‍ക്കേ സീറ്റ് കൊടുക്കാന്‍ പാടുള്ളൂ. എന്നാല്‍ ബി.എസ്.പിയുടെ സ്ഥാനാര്‍ഥികളില്‍ 45 ശതമാനം പേരും സവര്‍ണരാണ്. ബ്രാഹ്മണ-ക്ഷത്രിയ വിഭാഗങ്ങള്‍ അടക്കമുള്ളവരാണ്. അംബേഡ്കറിസം ഒക്കെ പറയുമെങ്കിലും അതുമായി യാതൊരു ബന്ധവുമില്ലാത്ത രാഷ്ട്രീയമാണ് അവര്‍ പിന്തുടരുന്നത്. അതുകൊണ്ടാണ് ഈ സവര്‍ണ സംവരണ ബില്ലിനെ ബി.എസ്.പി പിന്തുണച്ചത്.

മറ്റൊരു കാര്യം, ദലിതരും പിന്നോക്ക വിഭാഗങ്ങളും തങ്ങള്‍ക്ക് അന്ധമായി വോട്ട് ചെയ്യുന്നവരാണെന്നുള്ള ധാരണ കമ്യൂണിസ്റ്റ് പാര്‍ട്ടി അടക്കമുള്ള മുഖ്യധാരാ പാര്‍ട്ടികള്‍ക്കുണ്ട്. വിവേചനപരമായി അവരുടെ വോട്ടവകാശം അവര്‍ വിനിയോഗിക്കില്ലെന്നും പരമ്പരാഗതമായ മനോധര്‍മത്തില്‍ അവര്‍ വോട്ടു ചെയ്യുമെന്നുമുള്ള ഒരു ധാരണ അവര്‍ക്കുണ്ട്. കോണ്‍ഗ്രസില്‍ ഒരുപാട് ക്രിസ്ത്യാനികളും മുസ്‌ലിംകളുമുണ്ട്. എന്നാല്‍ മുസ്‌ലിം വിരുദ്ധ നിലപാടു സ്വീകരിച്ചാലും മുസ്‌ലിംകളുടെ വോട്ടുകൊണ്ടു തന്നെ ജയിച്ചുപോകുമെന്ന ഒരു ധാരണ അവര്‍ക്കുണ്ട്.

കണക്കുപറഞ്ഞുള്ള രാഷ്ട്രീയം പറയാന്‍ മുസ്‌ലിംകള്‍ക്കാവുന്നില്ല, പക്ഷേ നായന്‍മാര്‍ക്കു കഴിയുന്നുണ്ട്. നായര്‍ സമുദായം ഹിന്ദുക്കളിലെ ന്യൂനപക്ഷമാണ്. എന്നാല്‍ അവര്‍ അവരുടെ കാര്യങ്ങള്‍ നേടും.

ഉദാഹരണമായി കേരളത്തിലെ കോണ്‍ഗ്രസിന്റെ താക്കോല്‍സ്ഥാനത്തു നായരെ കൊണ്ടുവരണമെന്നു പറഞ്ഞപ്പോള്‍ രമേശ് ചെന്നിത്തലയെ കൊണ്ടുവന്നു. അഞ്ചാം മന്ത്രി ലീഗിന് അര്‍ഹതപ്പെട്ടതായിരുന്നു. എന്നാല്‍ ആ സമയം ഇവിടെയൊരു ഹിന്ദു വികാരം ഉയര്‍ത്തിയെടുത്തു.

മലബാറിനെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകള്‍ നിര്‍ണായക ശക്തിയാണ്. മുസ്‌ലിംകളുടെ വോട്ടു കൊണ്ടാണ് അവിടെ കോണ്‍ഗ്രസ് ജയിക്കുന്നത്. പക്ഷേ, പാര്‍ലമെന്റില്‍ രണ്ടു സീറ്റുകള്‍ക്കു മാത്രമാണോ അവര്‍ക്ക് അര്‍ഹതയുള്ളത്? അവര്‍ക്കു കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ട്. എന്നാല്‍ ഇതൊരു ആവശ്യമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ മുസ്‌ലിം ലീഗും തയ്യാറാവുന്നില്ല. പാണക്കാട് കുടുംബവും അവിടുത്തെ നേതാക്കന്മാരും പറയുന്നതു കേട്ടാണ് മുസ്‌ലിം സമുദായം കഴിയുന്നതെന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ടു തന്നെ കൂടുതല്‍ സീറ്റിനു വേണ്ടിയുള്ള ആവശ്യങ്ങളെ അവര്‍ മാനിക്കുന്നില്ല.

മുസ്‌ലിംകള്‍ക്കിടയില്‍ തന്നെയുള്ള മറ്റു വികസിത വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സംഘടനയെ പുനഃസംഘടിപ്പിക്കാന്‍ മുസ്‌ലിം ലീഗിനു കഴിയുന്നില്ല. യഥാര്‍ഥത്തില്‍ അവര്‍ ആ വിധേയത്വത്തിനു വിധേയമാണ്. ഇതിനിടെ വെല്‍ഫെയര്‍ പാര്‍ട്ടിയെ പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ന്നുവന്നു. ദലിത് – മുസ്‌ലിം – പിന്നോക്ക ഐക്യം പറഞ്ഞ് ഒരു പുതിയ രാഷ്ട്രീയമാണ് അവര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ അതിനു ശേഷം അവര്‍ക്ക് ആ നിലപാടു തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. യഥാര്‍ഥത്തില്‍ പാര്‍ലമെന്റിലെ സവര്‍ണ പ്രാതിനിധ്യം മാത്രമാണ് അവര്‍ ഫാസിസമായി കാണുന്നത്. എന്നാല്‍ ഫാസിസമെന്നത് അടിത്തട്ടില്‍ തന്നെ പരിഹരിക്കേണ്ടൊരു കാര്യമാണ്. അതിനാല്‍ കേവലമായ അര്‍ഥത്തില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയാല്‍ മാത്രം അതു തുടച്ചുനീക്കപ്പെടില്ല. കാരണം, ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലും അവരും തുടരാന്‍ പോവുന്നത് ഈ ഹിന്ദുത്വ താല്‍പര്യം തന്നെയാണ്.

മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകളേയും സംഘപരിവാറിനേയും എതിര്‍ക്കുന്ന മുസ്‌ലിംകളെ തീവ്രവാദികളും രാജ്യദ്രോഹികളും ദലിതരെ മാവോയിസ്റ്റുകളുമൊക്കെയാക്കുന്നു. എന്നാല്‍ ഇതിനെ എതിര്‍ക്കുന്നതിലും പ്രതിരോധിക്കുന്നതിലും പ്രതിപക്ഷമെന്നു പറയുന്ന പാര്‍ട്ടികളൊക്കെയും പരാജയപ്പെട്ടിരിക്കുകയാണല്ലോ? അതുകൊണ്ടു തന്നെ അത് ആവര്‍ത്തിക്കുന്നു. എന്തുകൊണ്ടാണ് ഇവര്‍ പ്രതിരോധിക്കാന്‍ മടിക്കുന്നത്?

പ്രതിരോധം തീര്‍ക്കാന്‍ മടിക്കുന്നതിനു കാരണം, ഇവിടുത്തെ ഹിന്ദു ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്താനാണ് എല്ലാ പാര്‍ട്ടികളും ശ്രമിക്കുന്നത് എന്നതുകൊണ്ടാണ്. അതു നിര്‍ണായക വോട്ടാണ്. ഉദാഹരണമായി നായന്‍മാര്‍ക്കാണെങ്കില്‍ ഇവിടെ വലിയ പിടിപാടുണ്ട്. അപ്പോള്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ പാര്‍ട്ടികളൊന്നും രൂപപ്പെട്ടത് എന്തെങ്കിലും ഉത്തമമായ ദേശീയസങ്കല്‍പ്പത്തില്‍ ഊന്നിയൊന്നുമല്ല. കോണ്‍ഗ്രസ് രംഗത്തുവരുന്നത് തന്നെ ഒരു ഹിന്ദു പ്രസ്ഥാനമായിട്ടാണല്ലോ. അതിന്റെ ചുവടുപിടിച്ചാണു മറ്റു പ്രസ്ഥാനങ്ങളും വന്നത്. അല്ലാതെ വ്യത്യസ്തമായ നയത്തിലൂന്നി വന്നതല്ല. അതുകൊണ്ടു തന്നെ മുസ്‌ലിംകളെ വിഘടനവാദികളായും തീവ്രവാദികളായും മുദ്ര കുത്തിയാല്‍ മാത്രമേ അവര്‍ക്കു നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ.

തീവ്രവാദ മുദ്രകുത്തല്‍ എന്നത് അവരുടെ പോളിസി തന്നെയാണ്. കാരണം സവര്‍ണരോടൊപ്പം തന്നെ പല സാമ്പത്തിക ശക്തികളേയും പിന്താങ്ങിക്കൊണ്ടാണ് ഈ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം നിലനില്‍ക്കുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പോലും അങ്ങനെയാണ്. അവര്‍ക്ക് ഇവിടുത്തെ സവര്‍ണരുടേയും സമ്പന്നരുടേയും താല്‍പര്യം സംരക്ഷിച്ചുകൊണ്ടേ നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. മാത്രമല്ല, ഇവര്‍ക്കു വ്യത്യസ്തമായൊരു രാഷ്ട്രീയ നയവും ഇല്ല. അതുകൊണ്ടു തന്നെ ഭരണകൂടത്തെ നിലനിര്‍ത്തിക്കൊണ്ടുപോവുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. ഈ സാഹചര്യത്തില്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരായ ഏതൊരു നീക്കത്തേയും അവര്‍ സംശയദൃഷ്ടിയോടെ നോക്കുകയും അപകടകമായി കണക്കാക്കുകയും ചെയ്യുന്നു. അതേസമയം, സമൂഹത്തെ ജനാധിപത്യപരമായിട്ടു പരിഷ്‌കരിക്കാനുള്ളൊരു ശ്രമം തീവ്രവാദികളെന്നു മുദ്രകുത്തപ്പെടുന്നവരും നടത്തുന്നില്ല. മുസ്‌ലിംകള്‍ക്ക് ഇനിയിവിടെ ഒരു പാക്കിസ്ഥാന്‍ ഉണ്ടാക്കാന്‍ കഴിയുമോ, ഇല്ല. അപ്പോള്‍ അവര്‍ വിശാലമായൊരു ജനാധിപത്യ മുന്നണിയിലേക്കു വരികയാണു വേണ്ടത്. ആ മുന്നണിയിലൂടെ അവര്‍ക്ക് അര്‍ഹതപ്പെട്ട രാഷ്ട്രീയ പ്രാതിനിധ്യം നേടിയെടുക്കുകയാണു വേണ്ടത്.

Top